ആദ്യമായി പറയാനുള്ളത് റജബ് മാസം എല്ലാദിവസവും നോമ്പ് അനുഷ്ഠിക്കൽ മുസ്തഹബ്ബാണ്. എന്നാൽ റജബിലെ ഏതെങ്കിലും പ്രത്യേകദിവസം സുന്നത്തോ മുസ്തഹബ്ബോ ആയ നോമ്പ് സ്ഥിരപ്പെട്ടിട്ടില്ല.
കാരണം വിശദീകരിക്കാം
ചോദ്യത്തിൽ പറയപ്പെട്ട ഹദീസ് അത്യന്തം ദുർബലമാണ്. കേവലം സാധാരണ ദുർബലതയല്ല. ഈ സാഹചര്യത്തിൽ നബി ﷺ തങ്ങളിലേക്ക് ചേർത്ത് പറയുന്നതിന് തന്നെ സൂക്ഷിക്കണം.
ഹദീസ് പരിശോധിക്കാം
അബ്ബാസ് (റ) ൽ നിന്ന് രിവായത് നബി ﷺ അരുളി റജബ് മാസത്തിലെ ആദ്യ ദിവസത്തെ നോമ്പ് മൂന്നു വർഷത്തെ പാപങ്ങൾക്ക് കഫാറയാണ്. രണ്ടാമത്തെ ദിവസത്തെ നോമ്പ് രണ്ട് വർഷത്തെ കഫാറയും മൂന്നാമത്തെ ദിവസത്തെ നോമ്പ് ഒരു വർഷത്തിന്റെ കഫാറയും ആകുന്നു. തുടർന്ന് ഓരോ ദിവസത്തെ നോമ്പും ഒരു മാസത്തിന്റെ കഫാറയായിരിക്കും.(ഫളായിൽ ശഹ്റു റജബ്, ഹദീസ് നമ്പർ: 10)
ആരാണ് രിവായത് ചെയ്തത്
ഹാഫിള് അബൂ മുഹമ്മദ് അല്‍ ഹസന്‍ ബിന്‍ മുഹമ്മദ് അല്‍ ഖല്ലാല്‍ തന്റെ ഫളായിൽ ശഹ്റു റജബ് (പേജ് 64, ഹദീസ് നമ്പർ: 10) എന്ന ഗ്രന്ഥത്തിൽ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.
എന്താണ് ഈ ഹദീസിന്റെ പ്രശ്നം
ഇമാമീങ്ങൾ തന്നെ പറയട്ടെ
അല്ലാമാ മുനാവി (റ) അൽ-ജാമിഉസ് സഗീർ എന്ന ഗ്രന്ഥത്തിന്റെ വിശദീകരണമായ ഫൈളുൽ ഖദീറിൽ ഈ ഹദീസ് ഉദ്ധരിച്ചതിന് ശേഷം എഴുതുന്നു
حديث ضعيف جدا قال ابن الصلاح وغيره : لم يثبت في صوم رجب نهي ولا ندب وأصل الصوم مندوب في رجب وغيره وقال ابن رجب : لم يصح في فضل صوم رجب بخصوصه شئ عن النبي صلى الله عليه وسلم ولا عن أصحابه
فیض القدیر للمناوي:(4/277)
ഈ ഹദീസ് വളരെ ദുർബലമാണ്. അല്ലാമാ ഇബ്നു സലാഹ് തുടങ്ങിയവർ പറഞ്ഞത്: റജബ് മാസത്തിലെ നോമ്പിന്റെ പ്രത്യേക ശ്രേഷ്ഠതയെക്കുറിച്ച് (പ്രത്യേകമായി) നിരോധനമൊ മുസ്തഹബ്ബോ ഒന്നും സ്ഥിരപ്പെട്ടിട്ടില്ല. എന്നാൽ പൊതുവെ നോമ്പ് നോൽക്കൽ റജബ് മാസത്തിലും മറ്റു മാസങ്ങളിലും മുസ്തഹബ്ബാണ്.
അല്ലാമാ മുനാവി (റ) വീണ്ടും അൽ-ജാമിഉസ് സഗീർ എന്ന ഗ്രന്ഥത്തിന്റെ മറ്റൊരു വിശദീകരണമായ അത്തയ്സീറിൽ പറയുന്നു.
أورد هذا الحديث وقال :وإسناده ساقط
(التيسير بشرح الجامع الصغير: 2/95)
ഈ ഹദീസിന്റെ സനദ് സാഖിത് (വളരെ ദുർബലവും അംഗീകരിക്കാൻ കഴിയാത്തതുമായത്) ആണ്.
ഇബ്നു ഹജർ അസ്ഖലാനി (റ) തന്റെ തബ്യീനുൽ അജബ് എന്ന ഗ്രന്ഥത്തിൽ എഴുതുന്നു.
لم يرد في فضل شهر رجب، ولا في صيا مه ، ولا في صيام شيء منه معين، ولا في قيام ليلة مخصوصة فيه.. حديث صحيح يصلح للحجة
(تبیین العجب مما ورد فی فضل رجب ص:۲۳)
റജബ് മാസത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ചോ, അതിലെ നോമ്പുകളുടെ ശ്രേഷ്ഠതയെക്കുറിച്ചോ, അതിലെ ഏതെങ്കിലും ഒരു പ്രത്യേക ദിവസത്തിൽ പ്രത്യേകമായി നോമ്പ് പിടിക്കുന്നതിന്റെ ശ്രേഷ്ഠതയെക്കുറിച്ചോ, അതിലെ ഏതെങ്കിലും പ്രത്യേക ഖിയാമുല്ലൈൽ (രാത്രി നിസ്കാരം) നിർവഹിക്കുന്നതിനെക്കുറിച്ചോ തെളിവായി സ്വീകരിക്കാൻ പര്യാപ്തമായ ഹദീസൊന്നും തന്നെ ലഭ്യമല്ല.
ഇബ്നുൽ ഖയ്യിം (റ) പറയുന്നു:
وكل حديث في ذكر صوم رجب وصلاة بعض الليالي فيه فهو كذب مفترى
(المنار المنیف لابن القیم الجوزية 96)
റജബ് മാസത്തിലെ നോമ്പിനെയും, അതിലെ ചില രാത്രികളിലെ നിസ്കാരത്തെ സംബന്ധിച്ച് ഉദ്ധരിക്കപ്പെടുന്ന എല്ലാ ഹദീസുകളും മുഴുവനായും കളവും വ്യാജവുമാണ്.
അല്ലാമ ശൗകാനി (റ) പറയുന്നു:
لم يرد في رجب على الخصوص سنة صحيحية ولا حسنة ولا ضعيفة ضعفا خفيفا بل جميع ما روى فيه على الخصوص أما موضوع مكذوب أو ضعيف شديد الضعف وغاية ما يصلح للتمسك به في استحباب صومه ما ورد في حديث الرجل البأهلي ان النبي صلى الله عليه وسلم قال له: صم أشهر الحرم ورجب من الاشهر الحرم بلا خلاف وهذا الحديث أخرجه أحمد وابو دأود وابن ماجه ولكنه لا يدل على شهر رجب على الخصوص (السيل الجرار للشوكاني: 297 )
പ്രത്യേകിച്ച് റജബ് മാസത്തെ സംബന്ധിച്ച് സഹീഹ്, ഹസൻ, അല്ലെങ്കിൽ അതിലും താഴ്ന്ന നിലയിലുള്ള ദുർബല ഹദീസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ വിഷയത്തിൽ വരുന്ന എല്ലാ ഹദീസുകളും ഒന്നുകിൽ പൂർണ്ണമായും കെട്ടിച്ചമച്ചതും കളവുമാണ് അല്ലെങ്കിൽ അത്യന്തം ദുർബലവുമാണ്.
ഈ വിശദീകരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്, റജബ് മാസത്തിനായി പ്രത്യേകമായ യാതൊരു ശ്രേഷ്ഠതയും സ്ഥിരമായി തെളിയപ്പെട്ടിട്ടില്ല എന്നതാണ്. അതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ശ്രേഷ്ഠത പറഞ്ഞുവരുന്ന എല്ലാ ഹദീസുകളും ദുർബലമോ, അത്യന്തം ദുർബലമോ, മുൻകർ (അംഗീകരിക്കാനാവാത്തതോ) അല്ലെങ്കിൽ മൗളു ʿ (കെട്ടിച്ചമച്ചതോ) ആയവയാണ്. അതിനാൽ പരാമർശിച്ചിരിക്കുന്ന ഹദീസിന്റെ സനദ് സാഖിത് ആയതിനാലും (അത്യന്തം ദുർബലമായതിനാലും) അതിനെ ഉദ്ധരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കേണ്ടതാണ്.
റജബിൽ പൊതുവായ നോമ്പ് വെക്കൽ പ്രോത്സാഹിപ്പിക്കപ്പെടുന്നു എന്നതിനപ്പുറത്തേക്ക് ഇത്രയും പ്രശ്നങ്ങളുള്ള അത്യന്തം ദുർബലമായ ഈ ഹദീസുകൾ വെച്ച് കൊണ്ട് റജബിലെ ആദ്യ ദിവസങ്ങളിൽ നോമ്പ് സുന്നത്താണെന്നോ മുസ്‌തഹബ്ബാണന്നോ പറയാൻ ഒരു ന്യായവും ഇല്ല. ഈ ഹദീസുകൾ അതിനു പര്യാപ്തവുമല്ല.
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment