Friday, 31 May 2019
ഖിയാമുല്ലൈലും ഖിയാമുറമളാനും
അബൂബക്കര്‍ സിദ്ദീഖ്(റ)
സിദ്ധീക്ക് അഥവാ സത്യസന്ധൻ എന്ന വിശേഷണത്തിനുടമ. പ്രവാചകന്റെ ഉറ്റ ചങ്ങാതി. ആദ്യ ഖലീഫ .സ്വർഗ്ഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കപ്പെട്ട സ്വഹാബികളിൽ പ്രമുഖൻ. ഖൈറിന്റെ ഇനങ്ങള്‍ 360 ആണ്. അതെല്ലാം താങ്കളിലുണ്ടെന്ന് തിരുനബി(സ) പറഞ്ഞ സ്വഹാബി വര്യൻ.
പുരുഷൻമാർക്കിടയിൽനിന്നും ഇസ്‌ലാം മതം സ്വീകരിച്ച ആദ്യ വ്യക്തി അങ്ങനെ വിശേഷണങ്ങൾ ഏറെയുള്ള സ്വഹാബി. ആ മഹാന്റെ ജീവിത ചരിത്രം നാം അറിഞ്ഞിരിക്കണ്ടേ .
ജനനം
അന്ധകാര യുഗത്തിന്റെ കാളിമകളൊന്നുമേശാത്ത പൊതു സ്വീകാര്യനായിരുന്നു മുമ്പേ തന്നെ അദ്ദേഹം. പ്രസിദ്ധമായ ആനക്കലഹ സംഭവം നടന്നു രണ്ടു വര്‍ഷത്തിനു ശേഷം എഡി 573ലാണ് അദ്ദേഹം മക്കയില്‍ ജനിക്കുന്നത്.
മരുക്കാട്ടിന്റെ മുഴുവന്‍ വന്യതയും മനസ്സിലേക്കു കൂടി പകര്‍ത്തിവെച്ചവരാണ് അജ്ഞാന കാലത്തെ അറേബ്യന്‍ ജനത. എന്നാല്‍ കരുതലും കാരുണ്യവും കൊണ്ട് സഹജീവികള്‍ക്ക് മരുപ്പച്ച തീര്‍ത്ത ചിലരും അവരിലുണ്ടായിരുന്നു. അനാഥകളെ സംരക്ഷിച്ചവര്‍, അബലര്‍ക്ക് ആലംബമേകിയവര്‍, ദുരന്തങ്ങളില്‍ കൈപിടിച്ചവര്‍. ഇസ്‌ലാമികാശ്ലേഷണത്തിനു മുമ്പുതന്നെ ഇത്തരം സദ്കൃത്യങ്ങള്‍ ജീവിതവ്രതമാക്കിയ അപൂര്‍വം ചിലരില്‍ അദ്വിതീയനാണ് അബൂബക്കര്‍ സിദ്ദീഖ്(റ).
അബൂഖുഹാഫ ഉസ്മാന്‍(റ), സല്‍മ ഉമ്മുല്‍ഖൈര്‍(റ) എന്നിവരാണു മാതാപിതാക്കള്‍. ഖുറൈശി ഗോത്രത്തിലെ ബനൂതൈം വംശത്തില്‍ സമ്പന്നരായ വസ്ത്ര വ്യാപാരി കുടുംബത്തിലാണ് അദ്ദേഹത്തിന്റെ പിറവി. പ്രവാചകരുടെ ഗോത്രവും ഖുറൈശ് തന്നെയാണല്ലോ.
തിരുദൂതരുടെ അഞ്ചാം പിതാമഹനായ കിലാബും സിദ്ദീഖ്(റ)ന്റെ അഞ്ചാം പിതാമഹനായ തൈമും സഹോദരങ്ങളാണ്. മുര്‍റത്താണ് ഇരുവരുടെയും പിതാവ്. പില്‍ക്കാലത്തെ ഉറ്റ ബന്ധത്തെ സാധൂകരിക്കുംവിധം വംശപരമായും സാഹോദര്യം പുലര്‍ത്തി നബി(സ്വ)യും സിദ്ദീഖ്(റ)വുമെന്നര്‍ത്ഥം.
ഇസ്‌ലാമിനു മുമ്പേ അബൂബക്കര്‍(റ) പുലര്‍ത്തിയ സാംസ്കാരിക ജീവിതത്തെ കുറിച്ച് ചരിത്രം ഏറെ വാചാലമാണ്. പൊതുസമൂഹത്തെ ഗ്രസിച്ചിരുന്ന അജ്ഞാനത്തിന്റെ ദുശ്ശീലങ്ങളൊന്നും അദ്ദേഹത്തെ ദീക്ഷിച്ചിരുന്നില്ല. അക്കാലത്ത് സാര്‍വത്രികമായിരുന്നു മദ്യപാനവും ബിംബാരാധനയും മറ്റു അശ്ലീലങ്ങളും. ഇവയില്‍ നിന്നെല്ലാം അദ്ദേഹം പാടെ അകന്നുനിന്നു. ചീത്ത കൂട്ടുകെട്ടുകളുണ്ടായിരുന്നില്ല. പ്രവാചകരായിരുന്നു ഉറ്റ സുഹൃത്ത്. അതുകൊണ്ടുതന്നെ നന്മയാണ് ബാല്യം മുതല്‍ ശീലിച്ചത്.
കുടുംബ വ്യാപാരമായ വസ്ത്രക്കച്ചവടം എഡി 591ല്‍ തന്റെ പതിനെട്ടാം വയസ്സില്‍ ഏറ്റെടുത്തു.
സിറിയയിലേക്കും മറ്റു ദേശങ്ങളിലേക്കും ഈ ആവശ്യാര്‍ത്ഥം ദീര്‍ഘ യാത്രകള്‍ തുടര്‍ച്ചയായി നടത്തി. അദ്ദേഹത്തിന്റെ അധ്വാനശീലവും സമ്പാദ്യശീലവും മറ്റുള്ളവര്‍ക്കു മാതൃകയായിരുന്നു. ഉത്തമായ ഈ പശ്ചാത്തലം കാരണം ചെറുപ്പകാലത്തേ ഖുറൈശി പ്രമുഖരിലൊരാളായി പേരെടുത്തു. ഗോത്രത്തര്‍ക്കങ്ങളിലും പൊതു പ്രശ്നങ്ങളിലും മധ്യസ്ഥനായി. വിധിതീര്‍പ്പുകള്‍ സ്വീകാര്യവുമായിരുന്നു. പാവങ്ങളോടുള്ള ദയാവായ്പ്, സേവന സന്നദ്ധത, ദുര്‍ബലരെ സഹായിക്കാനുള്ള മനഃസ്ഥിതി തുടങ്ങിയ സാമൂഹിക പ്രവര്‍ത്തനങ്ങള്‍മൂലം പിതാവ് ജീവിച്ചിരിക്കെ തന്നെ അദ്ദേഹം കുടുംബത്തില്‍ പ്രാമുഖ്യം നേടി. ഇസ്‌ലാമിനു മുമ്പും ശേഷവും അദ്ദേഹത്തിന്റെ ഈ ഔന്നിത്യം ശ്രദ്ധേയമാണ്.
ബാല്യം,യൗവനം
കൃസ്താബ്ദം 573 ൽ മക്കയിലെ ഖുറൈശി ഗോത്രത്തിലെ ബനൂതൈം വംശത്തിലാണ് അബൂബക്‌റിന്റെ ജനനം. അദ്ദേഹത്തിന്റെ പിതാവിന്റെ നാമം ഉഥ്‌മാൻ അബൂ ഖുഹാഫ എന്നും മാതാവിന്റെ പേര് സൽമ ഉമ്മുൽ ഖൈർ എന്നുമായിരുന്നു. അബൂബക്‌ർ ജനിച്ചപ്പോൾ അദ്ദേഹത്തിന് നൽകിയ നാമം അബ്ദുല്ല (ദൈവത്തിന്റെ ദാസൻ) എന്നായിരുന്നു. വെളുത്ത് മെലിഞ്ഞ ശരീര പ്രകൃതമായിരുന്നു അബൂബക്ക്റിനുണ്ടായിരുന്നത്. ഒരു സമ്പന്നകുടുംബത്തിലാണണ് അബൂബക്റിന്റെ ജനനം.
മറ്റു അറബ് കുട്ടികളെപ്പോലെ തന്നെ അദ്ദേഹം തന്റെ കുട്ടിക്കാലം ചെലവഴിച്ചത് ബദുക്കളുടെ ഇടയിലായിരുന്നു. അഹ്‌ൽ-ഇ- ബഈർ (ഒട്ടകങ്ങളുടെ ആളുകൾ-ഒട്ടകങ്ങളോട് പ്രത്യേകമായ ഒരു പ്രിയം സൂക്ഷിക്കുന്നവർ) എന്നായിരുന്നു ബദുക്കൾ സ്വയം വിശേഷിപ്പിച്ചിരുന്നത് ഇമാം സുയൂത്തിയുടെ "തഹ്‌രീക്കെ ഖുലുഫ" എന്നഗ്രന്ഥത്തിലെ വിവരണമനുസരിച്ച് ചെറുപ്രായത്തിലേ അബൂബക്‌ർ വിഗ്രഹാരാധനയിൽ താല്പര്യമില്ലാത്ത ആളായിരുന്നു.
പത്ത് വയസ്സായപ്പോൾ പിതാവിന്റെ കൂടെ കച്ചവടസംഘമായിച്ചേർന്ന് അബൂബക്‌ർ സിറിയയിലേക്ക് പോയി. ആ സമയം 12 വയസ്സുള്ള മുഹമ്മദും കച്ചവടസംഘത്തോടൊപ്പം ഉണ്ട്. മക്കയിലെ മറ്റു സമ്പന്ന കച്ചവടകുടുംബത്തിലെ കുട്ടികളെപ്പോലെ അബുബക്‌റും സാക്ഷരനും കവിതകളോട് താല്പര്യം പ്രകടിപ്പിച്ചിരുന്ന വ്യക്തിയുമായിരുന്നു.
വർഷാവർഷം ഉക്കാസിൽ നടക്കുന്ന കാവ്യസദസ്സിലും അദ്ദേഹം പങ്കെടുക്കുമായിരുന്നു. ഓർമ്മശക്തിയിൽ മികച്ചു നിന്നിരുന്ന അബൂബക്‌റിന് അറബ് ഗോത്രങ്ങളുടെ വംശപരമ്പരകൾ കൃത്യമായി അറിയാമായിരുന്നു.
കൃസ്താബ്ദം 591 ൽ തന്റെ 18-ആം വയസ്സിൽ അദ്ദേഹം വ്യാപാരത്തിലേക്ക് തിരിയുകയും കുടുംബവ്യാപാരമായ വസ്ത്രവ്യാപാരം ഒരു തൊഴിലായി സ്വീകരിക്കുകയും ചെയ്തു.
പിന്നീടുള്ള വർഷങ്ങളിൽ അബൂബക്‌ർ നിരന്തരം വ്യാപാരയാത്രകൾ നടത്തി. യെമൻ, സിറിയ കൂടാതെ മറ്റിടങ്ങളിലും അദ്ദേഹം ഈ ആവശ്യാർഥം സഞ്ചരിച്ചു. കൂടുതൽ സമ്പാദ്യവും അനുഭവങ്ങളും ഈ യാത്രകൾ അദ്ദേഹത്തിന് സമ്മാനിച്ചു. നല്ല വ്യാപാരോന്നതി കൈവന്ന് അബൂബക്‌റിന് സാമൂഹ്യ പദവിലും പ്രാധാന്യം ലഭിച്ചു. പിതാവ് ജീവിച്ചിരിക്കെ തന്നെ അബൂബക്‌ർ തന്റെ ഗോത്രത്തിന്റെ പ്രധാനിയായി അംഗീകാരം നേടി. ഗോത്രത്തിലെ തർക്കങ്ങൾക്ക് പരിഹാരം തേടി അദ്ദേഹത്തെയാണ് ആളുകൾ സമീപിച്ചിരുന്നത്.
അബൂബക്കര്‍ സിദ്ധീഖ്(റ)ന്റെ ആദ്യകാല ജീവിതം
അബൂബക്കര്‍(റ)വിന്റെ ഭരണത്തെപറ്റിയും ഭരണകാലത്തുണ്ടായ വികസനങ്ങളെപറ്റിയും പറയുന്നതിന്ന് മുമ്പ് അദ്ദേഹത്തിന്റെ ആദ്യകാല ജീവിതത്തെപറ്റി അല്‍പം പരാമര്‍ശിക്കുന്നത് സമുചിതമായിരിക്കും. അദ്ദേഹത്തിന്റെ ആദ്യപേര്‍ അബ്ദുല്ലാ എന്നായിരുന്നു. പിതാവിന്റെ പേര്‍ അബൂഖുഹാഫഃ എന്നും. അബൂബക്കര്‍ എന്നത് അദ്ദേഹത്തിന്റെ ഓമനപ്പേരാണ്. എല്ലാവിധ എതിര്‍പ്പുകളെയും തൃണവല്‍ഗണിച്ചുകൊണ്ട് പുരുഷന്മാരില്‍വെച്ച് ആദ്യം ഇസ്‌ലാംമതം സ്വീകരിച്ചത് അദ്ദേഹമാണ്. നബി(സ) മിഅ്‌റാജിന്റെ സംഭവം വിവരിച്ചുകൊടുത്തപ്പോള്‍ അല്‍പ്പംപോലും അലോചിച്ച് നില്‍ക്കാതെ അത് അംഗീകരിക്കുകയാണ് അബൂബക്കര്‍(റ) ചെയ്തത്. ഇക്കാരണങ്ങളാല്‍ നബി(സ) അദ്ദേഹത്തെ സിദ്ധീഖ് (സത്യവാന്‍) എന്ന് വിളിച്ചു. നബി(സ)യുടെ ഗോത്രമായ ഖുറൈശ് തന്നെയായിരുന്നു അദ്ദേഹത്തിന്റെയും ഖബീല.
നബി(സ)യുടെ മുര്‍റത്ത് എന്ന പിതാമഹനില്‍ അദ്ദേഹത്തിന്റെ പിതൃബന്ധം ചെന്ന്മുട്ടുന്നു. നബി ജനിച്ച് രണ്ട് വര്‍ഷവും അല്‍പം മാസങ്ങളും കഴിഞ്ഞ ശേഷമാണ് അബൂബക്കര്‍ സിദ്ധീഖ(റ) ഭൂജാതനായത്. നബി(സ)യെപ്പോലെ മക്കയില്‍ തന്നെയാണ് ജനിച്ചത്. അദ്ദേഹത്തന്റെ കുടുംബതൊഴില്‍ കച്ചവടമായിരുന്നു. അതിനാല്‍ അദ്ദേഹവും ഒരു വ്യാപാരിയായിത്തീര്‍ന്നു. ധാരാളം ധനവും സമ്പാദിച്ചു.
സല്‍സ്വഭാവിയും സര്‍വ്വ സ്വീകാര്യനുമായിരുന്നു അദ്ദേഹം. മദ്യപാനികളുടെ മധ്യത്തില്‍ ജീവിച്ചിട്ടും ഒരു തുള്ളി മദ്യംപോലും അദ്ദേഹം കഴിച്ചില്ല. തന്റെ പിതാക്കന്മാരും പിതാമഹന്മാരും ബിംബാരാധകന്മാരായിരുന്നുവെങ്കിലും ചെറുപ്പം മുതല്‍ക്ക് തന്നെ അദ്ദേഹത്തിന് അതിനോട് കഠിന വെറുപ്പായിരുന്നു.
പുരുഷന്മാരില്‍വെച്ച് ആദ്യമായി ഇസ്‌ലാംമതം സ്വീകരിച്ചത് അദ്ദേഹമാണ്. തുടര്‍ന്ന് അദ്ദേഹം എപ്പോഴും നബി(സ)യോടൊപ്പം തന്നെ വര്‍ത്തിക്കുകയും എല്ലാവിധേനയും നബി(സ)യെ സഹായിച്ചുകൊണ്ടിരിക്കുകയും ചെയ്തു. നബി(സ) മദീനയിലേക്ക് പലായനം ചെയ്തപ്പോള്‍ എല്ലാം കൈവെടിഞ്ഞുകൊണ്ട് അബൂബക്കര്‍(റ) നബി(സ)യെ അനുഗമിച്ചു. അദ്ദേഹം ഒരു ധനികനായിരുന്നു.
എന്നാല്‍ തന്റെ ധനമെല്ലാം ഇസ്‌ലാമിന്ന് വേണ്ടി ചെലവഴിച്ചു. തന്റെ സ്വന്തം കുടുംബത്തിന് പോലും യാതൊന്നും ബാക്കിവെക്കുകയൂണ്ടായിരുന്നില്ല. പണക്കാരനായതോടുകൂടി തന്റെ എത്രയും ലളിതമായ ഒരു ജീവിതമാണ് അദ്ദേഹം സ്വീകരിച്ചത്. ഭരണത്തലവനായതിന്റെ ശേഷവും ഇതേനിലതന്നെ അദ്ദേഹം തുടര്‍ന്നു. ഭരണാധികാരം ഏറ്റെടുത്തതിന്റെ അടുത്ത ദിവസം തന്റെ കുറച്ച് വസ്ത്രങ്ങളുമായി കച്ചവടത്തിന്ന് വേണ്ടി പട്ടണത്തിലേക്ക് നടക്കുകയായിരുന്നു. വഴിയില്‍ വെച്ച് ഉമര്‍(റ) അദ്ദേഹത്തെ തടയുകയും അങ്ങ് മുസ്‌ലിംകളുടെ ഖലീഫയായി കഴിഞ്ഞിരിക്കുന്നതിനാല്‍ ഈ ജോലി പറ്റുകയില്ലെന്ന് അദ്ദേഹത്തെ ഉണര്‍ത്തുകയും ചെയ്തു. അപ്പോള്‍ അദ്ദേഹം ചോദിച്ചത് തന്റെ കുടുംബത്തിന്റെ ജീവിതത്തിന്ന് മറ്റെന്ത് മാര്‍ഗമാണ് സ്വീകരിക്കേണ്ടത് എന്നായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് സ്വഹാബികള്‍ അദ്ദേഹത്തിന് തുഛമായ ഒരു വേതനം നിശ്ചയിച്ചുകൊടുത്തു.
ഇസ്‌ലാമികാശ്ലേഷം
അറേബ്യയില്‍ ഖുറൈശികളില്‍ ഒരു പ്രവാചകന്‍ ആഗതനാവുമെന്ന് വേദജ്ഞാനികളില്‍ നിന്നും മറ്റുമായി ജനങ്ങള്‍ ഗ്രഹിച്ചിരുന്നു. ചില അടയാളങ്ങളില്‍ നിന്ന് ആ പ്രവാചകന്‍ തന്റെ കൂട്ടുകാരന്‍ മുഹമ്മദ്(സ്വ)യാണെന്ന് സിദ്ദീഖ്(റ) മനസ്സിലാക്കുകയുണ്ടായി.
ക്രൈസ്തവജൂത പുരോഹിതരില്‍ നിന്നു കേട്ട നബിവരവിനെക്കുറിച്ച് സൈദുബ്നു അംറും ഉമയ്യത്ത്ബ്നു അബിസ്വല്‍തും നടത്തിയ ഒരു സംഭാഷണം കഅ്ബയുടെ ചാരത്തിരിക്കുകയായിരുന്ന അബൂബക്കര്‍(റ) കേള്‍ക്കാനിടയായത് ഇക്കാര്യത്തെ പറ്റി അദ്ദേഹത്തിന് കൂടുതല്‍ ഉള്‍ക്കാഴ്ചയുണ്ടാക്കി.
ഉമയ്യത്ത് ചോദിച്ചു: എങ്ങനെയുണ്ട് പ്രഭാതം?
സൈദ്: നല്ലതു തന്നെ.
ഉമയ്യത്ത്: നീയറിഞ്ഞോ വല്ലതും…
.
സൈദ്: ഇല്ല, എന്തേ?
ഉമയ്യത്ത്: അല്ലാഹു നിശ്ചയിച്ചതല്ലാത്ത മതങ്ങളെല്ലാം അന്ത്യനാളില്‍ നിഷ്ഫലമാണെന്ന്. പ്രതീക്ഷിക്കുന്ന അന്ത്യദൂതന്‍ വരിക ഞങ്ങളില്‍ നിന്നോ, അതോ നിങ്ങളില്‍ നിന്നോ?
ഈ സംഭാഷണത്തിന്റെ നിജസ്ഥിതിയറിയാന്‍ വേദപണ്ഡിതനായ വറഖത്ബ്നു നൗഫലിനെ സിദ്ദീഖ്(റ) സമീപിച്ചു. എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ശരിയാണു സ്നേഹിതാ, ആ പ്രവാചകന്‍ അറബികളില്‍ ഉത്തമ വംശത്തിലാണു പിറക്കുകയെന്ന് ഞങ്ങള്‍ വേദജ്ഞാനികള്‍ക്കറിയാം (താരീഖു സുയൂഥി, പേ 34).
പിന്നെയും കുറച്ചു കാലം കഴിഞ്ഞാണ് പ്രവാചക നിയുക്തിയുണ്ടാവുന്നത്. ഉടന്‍തന്നെ ഇസ്‌ലാം സ്വീകരിച്ച് പുരുഷന്മാരിലെ ഒന്നാമത്തെ വിശ്വാസിയായി അദ്ദേഹം. ‘എന്റെ പ്രബോധിതരില്‍ ഒട്ടും സംശയിക്കാതെയും താമസം വരുത്താതെയും കേട്ടപാടെ വിശ്വാസിയായത് സിദ്ദീഖാണെന്ന് നബി(സ്വ) പ്രശംസിച്ചതു കാണാം. പ്രവാചകരോടുള്ള ഈ സമര്‍പ്പണവും വിശ്വസ്തതയും കാരണം അബ്ദുല്ല എന്ന സ്വന്തം നാമത്തെ നിഷ്പ്രഭമാക്കും വിധം സിദ്ദീഖ് (വിശ്വസ്തന്‍) എന്നും നരകമോചനം സ്ഥിരപ്പെട്ടതിനാല്‍ ‘അതീഖ്’ എന്നും അദ്ദേഹം വിളിക്കപ്പെട്ടു.
മക്കക്കാരുടെ പീഡന പര്‍വത്തില്‍ സത്യവിശ്വാസിയാവുന്നതും പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും ഒട്ടും എളുപ്പമായിരുന്നില്ല. എങ്കിലും തനിക്കു ബോധ്യമായ സത്യത്തെ അവഗണിച്ച് വെളിച്ചത്തിന്റെ ശത്രുവാകാന്‍ അദ്ദേഹം തുനിഞ്ഞില്ല. തിരുനബി(സ്വ) പരസ്യമായി പ്രബോധനം ആരംഭിച്ചിരുന്നില്ലെങ്കിലും ഒരു നാള്‍ സിദ്ദീഖ്(റ) ശത്രുക്കള്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തി പ്രസംഗം നടത്തി.
ക്രുദ്ധരായ അവര്‍ അദ്ദേഹത്തെ അടിച്ചുവീഴ്ത്തി, ബോധം കെട്ടു. ഓര്‍മ തെളിഞ്ഞപ്പോള്‍ അദ്ദേഹം തിരക്കിയത് തിരുദൂതരെ കുറിച്ചാണ്. തന്റെ അഭാവത്തില്‍ ശത്രുക്കള്‍ നബിയെ ഉപദ്രവിച്ചോ എന്ന് ആധി പൂണ്ട ആ പ്രവാചക സ്നേഹി അവിടുത്തെ നേരില്‍ കണ്ടപ്പോഴേ സമാധാനിച്ചുള്ളൂ. ഈ സംഭവം അദ്ദേഹത്തിന് ആദ്യത്തെ മതപ്രഭാഷകന്‍ എന്ന സ്ഥാനം നേടിക്കൊടുത്തു.
അബൂബക്റിന്റെ ഇസ്‌ലാമാശ്ലേഷം പ്രവാചകന്റെ പ്രബോധന ദൗത്യത്തിൽ ഒരു നാഴികക്കല്ലായിരുന്നു. അടിമ സമ്പ്രദായം മക്കയിൽ നടമാടിയിരുന്ന കാലമായിരുന്നു അത്. സ്വതന്ത്രനായ ഒരാൾ അക്കാലത്ത് ഇസ്ലാം സ്വീകരിക്കുകയാണെങ്കിൽ, അദ്ദേഹത്തിന് എതിർപ്പുണ്ടെങ്കിൽ പോലും, തന്റെ ഗോത്രത്തിന്റെ എല്ലാവിധ സംരക്ഷണവും കിട്ടിയിരുന്നു. അടിമകൾക്ക് പക്ഷേ അത്തരത്തിലുള്ള സംരക്ഷണം ലഭ്യമായിരുന്നില്ല. അവർ പീഡനങ്ങൾക്ക് വിധേയരായിരുന്നു. താൻ വിശ്വസിക്കുന്ന ആദർശത്തിനായി തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക് അദ്ദേഹം നൽകി.
സിദ്ദീഖ്(റ)ന്റെ പ്രബോധന ഫലമായി ഇസ്‌ലാമിലേക്ക് വന്ന പ്രധാനികള്‍ നിരവധിയാണ്.
ഉസ്മാനുബ്നു അഫ്ഫാന്‍, സുബൈറുബ്നു അവ്വാം, അബ്ദുറഹ്മാനുബ്നു ഔഫ്, അബൂ ഉബൈദതുല്‍ ജര്‍റാഹ്, സഅ്ദുബ്നു അബീ വഖാസ്, ത്വല്‍ഹതുബ്നു ഉബൈദില്ല (റ.ഹും) തുടങ്ങിയവര്‍ അവരില്‍പ്പെടുന്നു.
സത്യമതം സ്വീകരിച്ചതു കാരണം ഉടമസ്ഥരുടെ മര്‍ദ്ദനമേറ്റ ഏഴ് അടിമകളെ അദ്ദേഹം വിലകൊടുത്തുവാങ്ങി മോചിപ്പിച്ചിട്ടുണ്ട്. ഉള്ള സമ്പാദ്യമെല്ലാം സ്ത്രീകളും ദുര്‍ബലരുമായ ഈ അടിമകളുടെ മോചനത്തിനു ചെലവഴിക്കുന്നത് കണ്ട് അന്ന് വിശ്വാസിയല്ലാത്ത പിതാവ് ചോദിച്ചു: ‘മോനേ, ഈ ദുര്‍ബലരെ സ്വതന്ത്രരാക്കിയിട്ട് എന്തു കിട്ടാനാണ്. തടിമിടുക്കുള്ളവരെ മോചിപ്പിച്ചിരുന്നെങ്കില്‍ എതിരാളികളില്‍ നിന്ന് നിനക്കവരൊരു തുണയായേെന.’
അദ്ദേഹത്തിന്‍റ മറുപടി ഇതായിരുന്നു: ‘ഉപ്പാ, അല്ലാഹുവിന്റെ പക്കലുള്ളത് മതി എനിക്ക്.’ ബിലാല്‍, ആമിറുബ്നു ഫുഹയ്റ, സന്നീറ, നഹ്ദിയ, അവരുടെ മകള്‍, ബനൂ മുഅമ്മിലുകാരുടെ ഭൃത്യ, ഉമ്മു ഉബൈസ് (റ.ഹും) എന്നിവരെയാണ് ശത്രുക്കളുടെ മര്‍ദ്ദനമുറകളില്‍ നിന്ന് കനത്ത വിലയൊടുക്കി മഹാന്‍ സ്വാതന്ത്ര്യത്തിലേക്കു നയിച്ചത്.
മുഹമ്മദ് നബിയുമായുള്ള (സ) ബന്ധം
ചെറുപ്പം മുതലേ നബിയുടെ അടുത്ത കൂട്ടുകാരനായിരുന്നു അബൂബക്‌ർ. ഈ ബന്ധം അവസാനം വരെ നിലനിൽക്കുകയും ചെയ്തു. അബൂബക്‌റിന്റെ മകൾ ആഇശയെ നബി വിവാഹം കഴിക്കുകയുണ്ടായി. നബിയുടെ അഭാവത്തിൽ നമസ്കാരത്തിന് നേതൃത്വം നൽകാൻ അബൂബക്‌റിനെയാണ് ഏൽപ്പിച്ചിരുന്നത്. മുഹമ്മദ് നബി മദീനയിലേക്ക് പലായനം (ഹിജ്‌റ ) ചെയ്യുമ്പോൾ സഹയാത്രികനായി അബൂബക്‌റും ഉണ്ടായിരുന്നു.
താങ്കള്‍ക്ക് സ്വര്‍ഗമുണ്ട്
നിസ്കാരം കഴിഞ്ഞ് തിരിഞ്ഞിരുന്ന് സ്വഹാബികളുമായി സംവദിക്കുന്നതിനിടെ നബി(സ്വ) ചോദിച്ചു: ‘നിങ്ങളില്‍ ആരാണിന്ന് വ്രതമെടുത്തവര്‍?’ ഉമറി(റ)ന്‍റെ മറുപടി: ‘ഞാന്‍ എടുത്തിട്ടില്ല’. സിദ്ദീഖ്(റ) ഉവ്വെന്നു പറഞ്ഞു. രോഗിയെ സന്ദര്‍ശിച്ചവരുണ്ടോ? ചോദ്യം തുടരുകയാണ്. ഇല്ലെന്നു ഉമര്‍(റ) ആവര്‍ത്തിച്ചു. സിദ്ദീഖ്(റ) മുഖപ്രസന്നനായി: ‘അതേ, അബ്ദുറഹ്മാന്‍ ബിന്‍ ഔഫിന് സുഖമില്ലെന്നറിഞ്ഞപ്പോള്‍ ഇന്ന് ഞാനദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ പോയിരുന്നു.’ ‘ദരിദ്രന് ഭക്ഷണം നല്‍കി സഹായിച്ചവര്‍ ആരാണിന്ന്?’ ആര്‍ദ്രതയോടെ നബി(സ്വ) തിരക്കി.
സിദ്ദീഖ്(റ) വാചാലനായി: ‘നബിയേ, ഞാന്‍ നിസ്കരിച്ച് പള്ളിയിലിരിക്കുമ്പോള്‍ വിശക്കുന്ന ഒരു മിസ്കീനിനെ കാണാനിടയായി. എന്‍റെ പക്കല്‍ ഒന്നുമുണ്ടായിരുന്നില്ല. അപ്പോള്‍ എന്‍റെ മകന്‍ അബ്ദുറഹ്മാന്‍റെയടുത്തു നിന്ന് വല്ലതും സംഘടിപ്പിക്കാന്‍ ശ്രമിച്ചു. ഒരു റൊട്ടി കഷ്ണമാണ് കിട്ടിയത്. അത് ആ ദരിദ്രന് നല്‍കി.’ അബൂബക്കര്‍(റ)ന്‍റെ വാക്കുകളില്‍ ആത്മാര്‍ത്ഥത നിഴലിച്ചിരുന്നു. നബി(സ്വ)യുടെ അധരമിടറി. അവിടുന്ന് പറഞ്ഞു: ‘ഈ സദ്ഗുണങ്ങള്‍ ഒരാളില്‍ ഒത്തുചേര്‍ന്നാല്‍ അയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചതു തന്നെ’ (മുസ്ലിം).
ഖുറൈശികളുടെ പീഡനം.
ഇസ്‌ലാമിക പ്രബോധന കാലഘട്ടത്തിലെ ആദ്യ മൂന്ന് വർഷം , മുസ്‌ലിംകൾ തങ്ങളുടെ വിശ്വാസം രഹസ്യമാക്കി വെക്കുകയായിരുന്നു. പ്രാർത്ഥനകളും രഹസ്യമായിട്ടായിരുന്നു. എ.ഡി 613 ൽ പ്രവാചകൻ ജനങ്ങളെ ഇസ്‌ലാമിലേക്ക് പരസ്യമായി ക്ഷണിക്കാൻ തീരുമാനിച്ചു.
പ്രവാചകനോട് വിശ്വാസം പുലർത്തുന്നുവെന്ന പ്രഖ്യാപനം നടത്തുന്നതിനായി വിളിച്ചു ചേർത്ത ആദ്യ പൊതുയോഗത്തെ അഭിസംബോധന ചെയ്തത് അബൂബക്‌ർ ആയിരുന്നു. രോഷാകുലനായ ഒരു ഖുറൈശി യുവാവ് അബൂബക്‌റിന്റെ അടുത്തേക്ക് പാഞ്ഞടുക്കുകയും ബോധരഹിതനാവുന്നത് വരെ അദ്ദേഹത്തെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഈ സംഭവത്തെ തുടർന്ന് അബൂബക്‌റിന്റെ മാതാവും ഇസ്‌ലാം സ്വീകരിച്ചു. നിരവധി തവണ അബൂബക്‌ർ ഖുറൈശികളുടെ പീഡനത്തിനു വിധേയമായിട്ടുണ്ട്.
പുത്രധര്‍മം പിതാവിനംഗീകാരം
ഒരിക്കല്‍ അബൂബക്കര്‍(റ) പിതാവ് അബൂഖുഹാഫയെ കൂട്ടി നബിസന്നിധിയിലെത്തി. വൃദ്ധ പിതാവിനെ കണ്ടമാത്രയില്‍ നബി(സ്വ) പറഞ്ഞു: ‘ഇദ്ദേഹത്തെ വീട്ടിലിരുത്തിയാല്‍ മതിയായിരുന്നു. ഞാനങ്ങോട്ട് വരുമായിരുന്നല്ലോ.’ ‘അല്ല, ഇദ്ദേഹം അങ്ങയുടെ ചാരത്തേക്ക് വരേണ്ടയാളാണ്’- സിദ്ദീഖ്(റ)ന്‍റെ മറുപടി. തിരുദൂതര്‍ വീണ്ടും: ‘ഇദ്ദേഹത്തിന്‍റെ മകന്‍ നല്‍കുന്ന ദാനധര്‍മങ്ങളുടെ പുണ്യം കൊണ്ടാണ് പിതാവിനെ ഞങ്ങളംഗീകരിക്കുന്നത്.’ ഇമാം തുര്‍മുദി(റ) ഉദ്ധരിച്ച ഹദീസില്‍ വന്നതിങ്ങനെ: റസൂല്‍(സ്വ) പറഞ്ഞു: ‘നമുക്ക് ആര് ഉപകാരം ചെയ്താലും നാം പ്രത്യുപകാരം ചെയ്യാറുണ്ട്. പക്ഷേ, അബൂബക്കര്‍ നല്‍കുന്ന ഉപകാരങ്ങള്‍ക്ക് നാം നല്‍കിയാലാവില്ല. അതിന് അല്ലാഹു തന്നെ പരലോകത്ത് പ്രതിഫലം നല്‍കുന്നതാണ്. അതാണ് വലിയ പ്രത്യുപകാരം.’
സമ്പത്ത് മുഴുവന്‍ ദൈവിക മാര്‍ഗത്തില്‍
മക്കാജീവിതത്തില്‍ അബൂബകര്‍ തന്റെ സമ്പത്ത് നിര്‍ലോഭം വിനിയോഗം ചെയ്തിരുന്നു. തബൂഖ് യുദ്ധത്തിന് തയ്യാറെടുപ്പ് നടത്തുന്ന സമയം. സ്വഹാബികള്‍ ഓരോരുത്തരായി സംഭാവനകള്‍ കൊണ്ടുവന്നു തുടങ്ങി. അബൂബകര്‍ സിദ്ദീഖും സംഭാവന നല്‍കി. “ഇനിയും എന്താണ് വീട്ടിലുള്ളത്?” നബി ചോദിച്ചു. ‘അല്ലാഹുവും അവന്റെ റസൂലും’ എന്നായിരുന്നു അബൂബക്കറിന്റെ മറുപടി. ഇങ്ങനെ എത്രയോ ഉദാഹരണങ്ങള്‍ ആ ധന്യജീവിതത്തിലുടനീളം കാണാന്‍ കഴിയും.
ഒരു ചില്ലിക്കാശിന്‍റെ നീക്കിയിരിപ്പില്ലാതെ പരലോകം പൂകിയ ഖലീഫയായിരുന്നു സിദ്ദീഖ്(റ)വെന്ന് ചരിത്രം (ഖിലാഫത്തുറാശിദ: 29). ഇസ്ലാം പുല്‍കിയതിന്‍റെ പേരില്‍ അടിമകള്‍ മുതലാളിമാരുടെ കിരാത മര്‍ദനങ്ങള്‍ക്കിരയായി. പീഡനപര്‍വം അവരില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു. ഉടമകള്‍ക്ക് ആവശ്യമായ പണം കൊടുത്ത് ഇവരെ മോചിപ്പിക്കുന്നതിന് നന്മമരമായി അബൂബക്കര്‍(റ) നിലകൊണ്ടു. അങ്ങനെ സ്വാതന്ത്ര്യത്തിന്‍റെ സ്വര്‍ഗം അവരനുഭവിച്ചു. ദുരിതങ്ങളില്‍ ഞെരിഞ്ഞമര്‍ന്ന അവര്‍ക്ക് ആശയും ആവേശവും ആദര്‍ശവും നല്‍കി സിദ്ദീഖ്(റ) വളര്‍ത്തി. ബിലാല്‍, ആമിര്‍, സിന്നീറ, നഹ്ദിയ്യ(റ) തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം.
ഒരിക്കല്‍ അബൂബക്കര്‍(റ)ന്‍റെ പിതാവ് ചോദിച്ചു: ‘മോനേ, അതീവ ദുര്‍ബ്ബലരായ അടിമകള്‍ക്കാണല്ലോ നീ മോചനം നല്‍കി വിട്ടയക്കുന്നത്. അവരെ കൊണ്ട് നമുക്കൊരു ഉപകാരവും കിട്ടാനില്ലല്ലോ. അതിനാല്‍ എന്തെങ്കിലും പ്രത്യുപകാരം സിദ്ധിക്കുന്ന പ്രാപ്തരെ നോക്കി മോചിപ്പിച്ചുകൂടേ?’ പിതാവിനെ അടിമുടി ഒന്ന് നോക്കി അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു: ‘അല്ലാഹുവിന്‍റെ പ്രീതി മാത്രമാണ് എന്‍റെ ലക്ഷ്യം. പ്രത്യുപകാര പ്രതീക്ഷ വേണ്ട.’ വിശുദ്ധ ഖുര്‍ആനിലെ 92-ാം അധ്യായം 5-20 കൂടി ഈ പരാമര്‍ശമാണ് വന്നിട്ടുള്ളത്. അല്ലാഹുവിനെ സൂക്ഷിക്കുകയും ധര്‍മം കൊടുക്കുകയും ചെയ്യുന്നവര്‍ക്ക് അത്യന്തം എളുപ്പമായതിലേക്ക് നാം സൗകര്യം ചെയ്തുകൊടുക്കുന്നതാണ്. പിശുക്ക് കാട്ടുകയും ധന്യത നടിക്കുകയും ഏറ്റവും നല്ലതിനെ നിഷേധിക്കുകയും ചെയ്തവര്‍ക്ക് അത്യന്തം ഞെരുക്കത്തിലേക്ക് സൗകര്യം ചെയ്യുന്നതാണ്.
ദാനധര്‍മ-സാന്ത്വന അവസരങ്ങളിലെല്ലാം ഒന്നാം സ്ഥാനത്തെത്തുന്നത് അബൂബക്കര്‍(റ)വാണ്. എനിക്കദ്ദേഹത്തെ മറികടക്കാന്‍ കഴിയുന്നില്ല, എന്നെങ്കിലും അവസരമൊത്താല്‍ അന്ന് തനിക്ക് ഒന്നാം സ്ഥാനത്തെത്തണം. ഉമര്‍(റ) മനസ്സാ ശപഥം ചെയ്തു. ആയിടെയാണ് തിരുനബി(സ്വ)യുടെ അഭ്യര്‍ത്ഥന വന്നത്. എന്‍റെ കയ്യിലപ്പോള്‍ കുറച്ച് പണമുണ്ടായിരുന്നു. അതിന്‍റെ നേര്‍പാതിയുമായി ഞാന്‍ പ്രവാചക സദസ്സിലെത്തി സമര്‍പ്പിച്ചു. എന്‍റെ പിന്നാലെ അതാ വരുന്നു അബൂബക്കര്‍. അദ്ദേഹത്തിന്‍റെ വകയും സഭയില്‍ അര്‍പ്പിച്ചു. ‘ഉമര്‍, താങ്കള്‍ തന്നത് കഴിച്ചാല്‍ കൈയ്യില്‍ വല്ലതും ശേഷിപ്പുണ്ടോ?’ നബി(സ്വ) ആരാഞ്ഞു. ‘ഉണ്ട് നബിയേ, ഈ കൊണ്ടുവന്ന അത്ര കണ്ട് എന്‍റെയടുത്തുണ്ട്.’ ഞാന്‍ പറയുകയുണ്ടായി. റസൂല്‍ വീണ്ടും: ‘അബൂബക്കര്‍, താങ്കളുടെ പക്കലോ?’ ‘ഒന്നുമില്ല റസൂലേ, അല്ലാഹുവും തിരുനബിയും മാത്രമാണ് എന്‍റെ കുടുംബത്തിന് ശേഷിപ്പായിട്ടുള്ളത്.’ സിദ്ദീഖ്(റ) സന്തുഷ്ടനായി പറഞ്ഞു. ഇന്നും താന്‍ പരാജയപ്പെട്ടിരിക്കുന്നു. ഉമര്‍(റ) നിരാശനായി (തിര്‍മുദി).
മക്കയിലെ അവസാന വർഷങ്ങൾ
ക്രിസ്താബ്ദം 617 ൽ ബനൂ ഹാഷിം കുടുംബത്തിനെതിരെ ഖുറൈശികൾ ബഹിഷ്കരണം പ്രഖ്യാപിച്ചു. പ്രവാചകൻ മുഹമ്മദും ബനൂ ഹാഷിമിൽ പെടുന്ന അദ്ദേഹത്തിന്റെ അനുയായികളും മക്കയിൽ നിന്ന് ബഹിഷ്‌കൃതരായി. ബനൂ ഹാഷിം വിഭാഗവുമായുള്ള എല്ലാ സാമൂഹിക ബന്ധങ്ങളും വിഛ്ചേദിക്കപ്പെടുകയും അവർ ജയിലിലടക്കപ്പെട്ടവരെ പോലെ ആവുകയും ചെയ്തു. അതിനു മുമ്പ് തന്നെ ധാരാളം മുസ്‌ലിംകൾ അബീസീനിയയിലേക്ക് (ഇന്നത്തെ എത്യോപ്യ) പലായനം ചെയ്തു.
അസ്വസ്ഥനായ അബൂബക്‌ർ യെമനിലേക്കും അവിടെനിന്ന് അബീസിനിയയിലേക്കും പോയി. മക്കക്ക് പുറത്തുള്ള ഇബ്‌നുദ്ദുഗ്‌ന എന്ന തന്റെ സുഹൃത്തിനെ അബൂബക്‌ർ കണ്ടു.
ഖുറൈശികൾക്കെതിരെ, ഇബ്‌നുദുഗ്‌നയുടെ സഹായം തേടിയ അബൂബക്കർ മക്കയിലേക്ക് തിരിച്ചു വന്നു. പക്ഷേ ഖുറൈശികളുടെ സമ്മർദ്ദം കാരണം ഇബ്‌നുദുഗ്‌ന അബൂബക്കറിന് നൽകിവന്ന സംരക്ഷണം പിൻവലിക്കാൻ നിർബന്ധിതനായി.
ഒരിക്കൽ കൂടി ഖുറൈശികൾക്ക് അബൂബക്‌റിനെ മർദ്ദിക്കാനും പീഡിപ്പിക്കാനും സ്വാതന്ത്ര്യം ലഭിച്ചു. 620 ൽ പ്രവാചകന്റെ ഇസ്രാഅ് മിഅ്‌റാജ് (രാപ്രയാണം) സംഭവത്തെ ആദ്യമായി വിശ്വസിക്കുന്ന വ്യക്തി അബൂബക്കറായിരുന്നു. സത്യസന്ധൻ, നേരായവൻ എന്നീ അർഥങ്ങൾ വരുന്ന "സിദ്ദീഖ്" എന്ന നാമം പ്രവാചകന്റെ രാപ്രയാണത്തിൽ യാതൊരു സംശയവും പ്രകടിപ്പിക്കാതെ വിശ്വസിച്ചത് കൊണ്ട് നൽകപ്പെട്ടതാണെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.
റോമൻ-പേർഷ്യൻ യുദ്ധകാലഘട്ടത്തിൽ മക്കയിലെ ഖുറൈശികൾ അഗ്നിയാരാധകരായ പേർഷ്യക്കാരോടായിരുന്നു അനുഭാവം പ്രകടിപ്പിച്ചത്. എന്നാൽ മുസ്‌ലിംകൾ തങ്ങളുടെ അനുഭാവം കാട്ടിയത് അബ്രഹാമിക് ദൈവത്തിൽ വിശ്വസിക്കുന്ന വേദക്കാരായ (ക്രിസ്ത്യാനികൾ) ബൈസന്റൈൻ പക്ഷത്തോടായിരുന്നു.
അവസാനം പേർഷ്യക്കാർ ബൈസന്റൈനെതിരെ വിജയം വരിച്ചു. അതിനു ശേഷം ഖുർആനിലെ "അൽ-റൂം" എന്ന അദ്ധ്യായത്തിന്റെ ഭാഗമായി ഇറങ്ങിയ വചനങ്ങളിലൂടെ ബൈസന്റൈന്റെ (റോമക്കാരുടെ) വിജയം പ്രവചിക്കുകയുണ്ടായി. റോമക്കാർ തങ്ങളുടെ നഷ്ടം വീണ്ടെടുക്കുമെന്നും ഏതാനും വർഷങ്ങൾക്കുള്ളിൽ പേർഷ്യക്കാർ പരാജയം ഏറ്റുവാങ്ങുമെന്നുമായിരുന്നു ഖുർആന്റെ ആ പ്രവചനം.
ഈ വിഷയത്തിൽ ഉബയ്യു ഇബ്‌നു ഖൽഫുമായി അബൂബക്കർ പന്തയം വെക്കുകയും പന്തയം നഷ്ടപ്പെടുന്ന ആൾ നൂറു ഒട്ടകം നൽകണമെന്ന് തീരുമാനിക്കപ്പെടുകയും ചെയ്തു (പന്തയത്തിനു ഇസ്‌ലാമിൽ നിരോധനം വരുന്നതിനു മുമ്പാണ് ഈ സംഭവം).
627 ൽ പേർഷ്യക്കതിരെ റോമിന്റെ (ബൈസന്റൈൻ) നിർണ്ണായകമായ വിജയത്തോടെ അബൂബക്കർ പന്തയജേതാവായി പ്രഖ്യാപിക്കപ്പെട്ടു. ഉബയ്യ് ഇബ്‌നു ഖൽഫ് അപ്പോൾ ജീവിച്ചിരുന്നില്ലങ്കിലും അദ്ദേഹത്തിന്റെ അനന്തരവകാശികൾ കരാർ മാനിച്ചുകൊണ്ട് അബൂബക്കറിന് 100 ഒട്ടകങ്ങളെ നൽകി. അബൂബക്‌ർ ഈ 100 ഒട്ടകങ്ങളും ദാനം ചെയ്യുകയാണുണ്ടായത്.
കുടുംബം
സിദ്ദീഖ്(റ) നാലു വിവാഹം ചെയ്തിട്ടുണ്ട്. ഇസ്‌ലാമിനു മുമ്പ് ഖുതൈല, ഉമ്മുറുമാന്‍ എന്നിവരെ. ആദ്യഭാര്യയില്‍ അബ്ദുല്ല, അസ്മാഅ് എന്നിവരും രണ്ടാം ഭാര്യയില്‍ അബ്ദുറഹ്മാന്‍, ആഇശ എന്നീ സന്താനങ്ങളും പിറന്നു. ഇസ്‌ലാമിനു ശേഷം അസ്മാഅ് ബിന്‍ത് ഉമൈസ്, ഹബീബ ബിന്‍ത് ഖാരിജ എന്നിവരെയും നികാഹ് ചെയ്തു. അസ്മാഇല്‍ മുഹമ്മദും ഹബീബയില്‍ ഉമ്മുകുല്‍സൂമും (റ.ഹും) ജനിച്ചു.
രണ്ടുപേരിൽ ഒരാൾ
അവിശ്വാസികളുടെ അക്രമങ്ങള്‍ നിമിത്തം സ്വദേശത്തുനിന്ന് ഹിജ്‌റഃ പോകുവാന്‍ നബി (സ.അ) നിര്‍ബന്ധിതനായപ്പേള്‍, രാത്രിയില്‍ നബി (സ.അ) യും അബൂബക്‌ര്‍ സ്വിദ്ദീക്വും (റ) കൂടി പുറപ്പെട്ട് ഥൗര്‍ മലയിലെ ഗുഹയില്‍ പോയി ഒളിച്ചിരിക്കുകയും ഗുഹാമുഖത്ത് ചെന്ന് എത്തിനോക്കിയ ശത്രുക്കളുടെ ദൃഷ്‌ടിയില്‍ പെടാതെ അത്ഭുതകരമാം വണ്ണം അവര്‍ രക്ഷപ്പെടുകയും ചെയ്‌ത സന്ദര്‍ഭത്തെയാണ് അല്ലാഹു ഉദാഹരണമായി എടുത്തുകാട്ടിയത്. ആ സമയത്ത് നബി (സ.അ) യും അവിടുത്തെ ചങ്ങാതി അബൂബക്‌റും (റ) അല്ലാതെ മൂന്നാമതൊരാള്‍ ഉണ്ടായിരുന്നില്ലല്ലോ.
ഇസ്‌ലാം വിശ്വാസത്തെ അപരാധമായിക്കണ്ട മക്കയിലെ ശത്രുക്കള്‍ അക്കാരണത്താല്‍ മുസ്‌ലിംകളെ ആക്രമിച്ചുകൊണ്ടിരുന്നു. പ്രധാനിയായിരുന്നെങ്കിലും അബൂബക്കര്‍(റ)നെയും അവര്‍ വെറുതെവിട്ടില്ല. ഉപദ്രവം അസഹ്യമായപ്പോള്‍ എത്യോപ്യയിലേക്ക് ആത്മരക്ഷാര്‍ത്ഥം പുറപ്പെട്ടു.
വഴിമധ്യേ അദ്ദേഹത്തെ കണ്ട വര്‍ത്തകപ്രധാനിയും ഖാര്‍റ ഗോത്രത്തലവനുമായ ഇബ്നുദ്ദുഗുന്നത്ത് കാര്യമറിഞ്ഞപ്പോള്‍ പിന്തിരിപ്പിച്ചു, സംരക്ഷണമേറ്റു. വാക്കുലംഘിക്കാത്ത, ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുന്ന, ദുര്‍ബലര്‍ക്കത്താണിയായ താങ്കള്‍ മക്ക വിടരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം. ചില നിബന്ധനകളോടെ ഇബ്നുദ്ദുഗുന്നത്തിന്റെ സംരക്ഷണ പ്രഖ്യാപനം ഖുറൈശികള്‍ അംഗീകരിച്ചതിനാല്‍ അബൂബക്കര്‍(റ) തിരിച്ചുവന്നു.
എന്നാല്‍ സ്വന്തം വീടിനടുത്ത് പള്ളി നിര്‍മിച്ച് നിസ്കാരവും ഖുര്‍ആന്‍ പാരായണവും ദൈവ ഭയത്താലുള്ള കരച്ചിലുമൊക്കെ കണ്ട് അവിടെ മക്കയിലെ സ്ത്രീകളും കുട്ടികളും സംഘടിക്കാന്‍ തുടങ്ങിയപ്പോള്‍ ഖുറൈശികള്‍ അത് കരാര്‍ ലംഘനമായി പ്രഖ്യാപിച്ച് ഇബ്നുദ്ദുഗുന്നത്തിനെ ഭീഷണിപ്പെടുത്തി സംരക്ഷണം പിന്‍വലിപ്പിച്ചു. തനിക്ക് അല്ലാഹുവിന്റെ കാവല്‍ മതിയെന്നായിരുന്നു അപ്പോള്‍ മഹാന്റെ പ്രതികരണം.
തുടര്‍ന്നും ശത്രുപീഡനം രൂക്ഷമായപ്പോഴാണ് എഡി 622ല്‍ പ്രവാചകരും അദ്ദേഹവും മദീനയിലേക്ക് ഹിജ്റ പോവുന്നത്.
വഴിമധ്യേ സൗര്‍ ഗുഹയില്‍ അവര്‍ ഒളിച്ചുപാര്‍ത്തതും ശത്രുക്കള്‍ അവിടെ തിരഞ്ഞുവന്നതും പ്രസിദ്ധം. ആ രംഗം സൂചിപ്പിച്ചുകൊണ്ട് സ്വാഹിബ്, സാനിയസ്നൈനി (കൂട്ടുകാരന്‍, രണ്ടാമന്‍) എന്നാണ് ഖുര്‍ആന്‍ (തൗബ/40) വിശേഷിപ്പിച്ചത്. വ്യാഖ്യാതാക്കളുടെ അഭിപ്രായ പ്രകാരം ‘പരിശുദ്ധി നേടാനായി സ്വന്തം ധനം നല്‍കുന്ന ഏറ്റവും സൂക്ഷ്മതയുള്ള വ്യക്തി അതില്‍ നിന്ന് (നരകം) അകറ്റി നിറുത്തപ്പെടുന്നതാണ്’ (ലൈല്‍/17,18) എന്നു പരാമര്‍ശിച്ചതും സിദ്ദീഖ്(റ)നെ കുറിച്ചാണ്.
അബൂബക്‌ര്‍ (റ) തന്നോട് ഇപ്രകാരം പറഞ്ഞതായി അനസ് (റ) ഉദ്ധരിക്കുന്നു:
`ഞങ്ങള്‍ ഗുഹയിലായിരുന്നപ്പോള്‍ ഞാന്‍ നബി (സ.അ) യോട് പറഞ്ഞു: `അവരില്‍ (ശത്രുക്കളില്‍) ആരെങ്കിലും അവരുടെ കാലടിക്കു താഴോട്ടു നോക്കിയാല്‍ നമ്മെ കാണുമല്ലോ!' അപ്പോള്‍ നബി (സ.അ) പറഞ്ഞു: `അബൂബക്‌റേ, അല്ലാഹു മൂന്നാമനായിക്കൊണ്ടുള്ള രണ്ടുപേരെപ്പറ്റി താങ്കളുടെ വിചാരമെന്താണ്?!' (അ; ബു; മു.) അവരെ തേടിനടക്കുന്ന ശത്രുക്കള്‍ ഗുഹാമുഖത്ത് നില്‍ക്കുന്നത് കണ്ടപ്പോഴാണ് സ്വിദ്ദീക്വ് (റ) ഇതു പറഞ്ഞതും, നബി (സ.അ) അദ്ദേഹത്തെ സമാധാനിപ്പിച്ചതും.
അദ്ദേഹത്തിന്‍റെ വ്യസനം സ്വന്തം കാര്യത്തിലല്ല, നബി (സ.അ) യുടെ കാര്യത്തിലായിരുന്നു. ഈ സന്ദര്‍ഭത്തെപ്പറ്റിയാണ് `അദ്ദേഹം തന്‍റെ ചങ്ങാതിയോട്: വ്യസനിക്കേണ്ട; നിശ്ചയമായും അല്ലാഹു നമ്മുടെ കൂടെയുണ്ട് എന്ന് പറയുന്ന സന്ദര്‍ഭം' (…. إِذْ يَقُولُ لِصَاحِبِه) എന്ന് പറഞ്ഞത്.
`അപ്പോള്‍ അല്ലാഹു അദ്ദേഹത്തിനു തന്‍റെ വക മനസ്സമാധാനം ഇറക്കിക്കൊടുത്തു. (فَأَنْزَلَ اللهَّ سَكِينَتَهُ عَلَيْه) എന്നു പറഞ്ഞത്-ഇബ്‌നു കഥീര്‍ (റ) മുതലായവര്‍ ചൂണ്ടിക്കാട്ടിയതുപോലെ നബി (സ.അ) യെ ഉദ്ദേശിച്ചും, അബൂബക്‌ര്‍ (റ) നെ ഉദ്ദേശിച്ചും ആകാവുന്നതാണ്. എങ്കിലും, അബൂബക്‌ര്‍ (റ) നെ ഉദ്ദേശിച്ചായിരിക്കുവാനാണ് കൂടുതല്‍ ന്യായമെന്നും ചിലര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു. കാരണം, നബി (സ.അ) ക്കു മനസ്സമാധാനക്കുറവ് ഉണ്ടായിട്ടില്ല. അബൂബക്‌ര്‍ (റ) നായിരുന്നു നബി (സ.അ) യെ ഓര്‍ത്തു മനസ്സമാധാനമില്ലാതിരുന്നത്. രണ്ടു പ്രകാരത്തിലായാലും ഒരേ സാരത്തില്‍ തന്നെ അത് കലാശിക്കുന്നുതാനും.
ഇങ്ങനെ ഏതര്‍ത്ഥത്തിലും സമുദായത്തില്‍ റസൂലിനു പിറകെ രണ്ടാമനാണു സിദ്ദീഖ്(റ). പ്രവാചകരുമായി അത്രയേറെ ഹൃദയബന്ധം പുലര്‍ത്തുകയും സ്വയം സമര്‍പ്പണം നടത്തുകയും ചെയ്തു അദ്ദേഹം. നബി(സ്വ)യുടെ മന്ത്രിസ്ഥാനത്തായിരുന്നു അദ്ദേഹമെന്ന് സഈദുബ്നുല്‍ മുസ്വയ്യിബ്(റ). അദ്ദേഹം തുടരുന്നു: ‘എല്ലാ കാര്യങ്ങളിലും ദൂതര്‍ അദ്ദേഹത്തിന്റെ അഭിപ്രായമാരായും. ഇസ്‌ലാം സ്വീകരണത്തിലും സൗര്‍ ഗുഹയിലും ബദ്റിലെ കൂടാരത്തിലും ഖബ്റിലും അദ്ദേഹമാണ് രണ്ടാമന്‍.
സിദ്ദീഖ്(റ)നെക്കാള്‍ മറ്റാര്‍ക്കും നബി മുന്‍ഗണന നല്‍കിയിരുന്നില്ല. അന്ത്യനാളില്‍ ഹൗളുല്‍ കൗസറിലും റസൂല്‍(സ്വ)യുടെ കൂട്ടുകാരന്‍ മഹാന്‍ തന്നെ’ (തിര്‍മുദി).
ആ അടുപ്പം അവര്‍ പരസ്പരം പുലര്‍ത്തി. സ്വന്തം പണം ചെലവാക്കുന്ന സ്വാതന്ത്ര്യത്തോടെ സിദ്ദീഖ്(റ)ന്റെ സമ്പാദ്യമെടുത്തുപയോഗിക്കുമായിരുന്നു അവിടുന്ന്. ‘അബൂബക്കറിന്റെ സമ്പത്ത് ഉപകരിച്ചപോലെ മറ്റാരുടേതും എനിക്ക് പ്രയോജനം ചെയ്തിട്ടില്ലെന്ന്’
ഒരിക്കല്‍ മുഹമ്മദ്(സ്വ) അനുസ്മരിച്ചപ്പോള്‍ കണ്ണീര്‍ പൊഴിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘ഞാനും എന്റെ മുതലും അങ്ങേക്കുള്ളതല്ലേ നബിയേ…’ (അഹ്മദ്).
പണത്തോടടുക്കുമ്പോള്‍ ബന്ധങ്ങള്‍ മറക്കുകയും വിശ്വസ്തത നഷ്ടപ്പെടുത്തുകയും ചെയ്യുന്ന ആധുനിക പ്രവണതകള്‍ക്ക് ചരിത്രത്തിന്റെ തിരുത്ത്.
ഭരണാധികാരത്തെ സംബന്ധിച്ച് ഭിന്നിപ്പ്
നബി(സ)യുടെ നിര്യാണവാര്‍ത്ത കേട്ട ഉടനെ ഒരുകൂട്ടര്‍ മദീനാ പള്ളിയില്‍ ഒരുമിച്ചുകൂടി. മിക്കവാറും മുഹാജിറുകളായിരുന്നു അവിടെ സമ്മേളിച്ചത്. അതേ അവസരം അന്‍സാരികളുടെ ഒരു വന്‍ സമൂഹം (ബനൂസഅദ്കാരുടെ സമ്മേളന സ്ഥലത്തും) ഒരുമിച്ചു കൂടി. ഭരണാധികാരത്തിന്റെ കാര്യത്തില്‍ ചര്‍ച്ച ചെയ്യുവാനാണ് ഇങ്ങനെ ഒരുമിച്ച് കൂടിയത്. ഭരണാധികാരം അന്‍സാരികളുടെ ന്യായമായ അവകാശമാണെന്ന് അവരുടെ നേതാവായ സഅ്ദുബ്‌നു ഉബാദ(റ) ഈ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
സ്ഥലത്തുണ്ടായിരുന്ന ചിലര്‍ ഇതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അവിടെ പ്രക്ഷുബ്ധമായ ഒരു അന്തരീക്ഷം സംജാതമായി. വാളുകള്‍ ഊരപ്പെടുമോ എന്ന് ഭയമായി. പള്ളിയിലായിരുന്ന അബൂബക്കര്‍(റ)വിന്ന് ഈ വിവരം കിട്ടി. ഉത്കണ്ഠാകുലനായ അദ്ദേഹം തല്‍ക്ഷണം ബഹുമാന്യരായ ഉമര്‍, അബൂ ഉബാദ:(റ) എന്നിവരോടൊപ്പം അന്‍സാരികളുടെ സമ്മേളനസ്ഥലത്തെത്തി. അലി(റ)വിനെയും മറ്റും നബി(സ)യുടെ മയ്യത്ത് പരിപാലന ജോലിയില്‍ വിടുകയാണുണ്ടായത്.
അബൂബക്കര്‍(റ) അന്‍സാരികളുടെ സമ്മേളന സ്ഥലത്ത് എത്തിയ ഉടനെ ഇങ്ങിനെ പറഞ്ഞു: ”ഉടനടി ഒരു ഭരണാധിപതിയെ തെരഞ്ഞെടുക്കുകയാണ് നമുക്കാവശ്യം. അല്ലെങ്കില്‍ ദീനിന്റെ കാര്യങ്ങള്‍ മുടങ്ങിപ്പോകാന്‍ ഇടയുണ്ട്. അതിനാല്‍ വേണ്ടപോലെ ചിന്തിച്ച് ഉടനെ ഒരു നേതാവിനെ നമുക്ക് തെരഞ്ഞെടുക്കാം”. ഇത് കേട്ടപ്പോള്‍ സഅ്ദുബ്‌നു ഉബാദ(റ) ഇങ്ങനെ പ്രത്യുത്തരം നല്‍കി. ”ഈ കാര്യത്തില്‍ അന്‍സാരികള്‍ക്കുള്ള യോഗ്യത മറ്റാര്‍ക്കും ഇല്ല. നബിക്കും സ്വഹാബികള്‍ക്കും സംരക്ഷണം നല്‍കിയതും അവര്‍ക്ക് വേണ്ടി ധനവും ജീവനും കൊടുത്ത് ശത്രുക്കളോടുപോരാടിയതും അതുവഴി ദീനിന്റെ പുരോഗതിക്ക് കാരണമുണ്ടാക്കിയതും അന്‍സാരികളാണ്”.
ഇത് കേട്ടപ്പോള്‍ അബൂബക്കര്‍(റ) പറഞ്ഞത് അന്‍സാരികളുടെ മഹത്വങ്ങളും ഔദാര്യങ്ങളും ഞങ്ങള്‍ സമ്മതിക്കുന്നുവെന്നും എന്നാല്‍ നബി(സ)യുടെ സ്വന്തക്കാരായ ഖുറൈശികള്‍ക്ക് അറബികളില്‍ വെച്ച് ഏറ്റവും ഉന്നതമായ പദവിയുണ്ടെന്നും അതിനാല്‍ അവരില്‍ നിന്ന് ആരെങ്കിലും ഭരണ നേതൃത്വം ഏറ്റെടുക്കുവാന്‍ തയ്യാറുള്ള കാലത്തോളം മറ്റാര്‍ക്കും അത് നല്‍കാന്‍ അനുയോജ്യമല്ലെന്നുമാണ്. അബൂബക്കര്‍(റ)വിന്റെ ഈ അഭിപ്രായത്തിന്ന് ഒരു അന്‍സാരി നേതാവായ ബുശൈറുബ്‌നു നുഅ്മാന്‍(റ) പിന്തുണ പ്രഖ്യാപിക്കുകയും ഖുറൈശിയായ ഒരാളെ തന്നെ ഭരണത്തലവനാക്കണമെന്ന് ശക്തിയായി വാദിക്കുകയും ചെയ്തു. അതിന്ന് പിന്‍ബലമായി ‘നേതാക്കന്മാര്‍ ഖുറൈശികളില്‍ നിന്നാണ്’ എന്ന നബി വചനം അദ്ദേഹം ഉദ്ധരിക്കുകയും ചെയ്തു.
ഇതോടെ പ്രക്ഷുബ്ധമായ ആ അന്തരീക്ഷം ശാന്തമായി. ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തിക്കൊണ്ട് അബൂബക്കര്‍(റ) ഇങ്ങിനെ പറഞ്ഞു: ഖുറൈശി നേതാക്കന്മാരില്‍ പ്രധാനികളായ ഉമര്‍(റ), അബൂഉബൈദ(റ) എന്നിവര്‍ ഇതാ ഇവിടെ ഹാജറുണ്ട്. അവരില്‍ നിന്ന് ഒരാളെ നിങ്ങള്‍ക്ക് ഖലീഫയായി തെരഞ്ഞെടുക്കാമല്ലോ. പക്ഷേ അവര്‍ വിട്ടില്ല. നമ്മളില്‍വെച്ച് ഏറ്റവും വിശിഷ്ടനും യോഗ്യനും അബൂബക്കര്‍(റ) തന്നെയാണ് എന്ന് അവര്‍ ഇരുപേരും പറഞ്ഞു. മാത്രമല്ല, ഉമര്‍(റ) മുന്നോട്ട് വരികയും അബൂബക്കര്‍(റ)ന്റെ കൈപിടിച്ചു ബൈഅത്ത് (താങ്കളെ ഞാന്‍ ഖലീഫയായി അംഗീകരിക്കുന്നു) എന്ന് കരാര്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് അബൂഉബൈദ(റ), നുഅ്മാനുബ്‌നു ബഷീര്‍(റ) എന്നിവരും അവിടെയുണ്ടായിരുന്ന എല്ലാ മുഹാജിറുകളും അന്‍സാരികളും ബൈഅത്ത് ചെയ്തു. എന്നാല്‍ അന്‍സാരികളില്‍ നിന് സഅ്ദുബ്‌നു ഉബാദ ഇതില്‍ പങ്കുകൊണ്ടിരുന്നില്ല. മുഹാജിറുകളില്‍ നിന്ന് നബി(സ)യുടെ മയ്യത്ത് പരിപാലനത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്കും ആ സമയത്ത് ഇതില്‍ ചേരാന്‍ കഴിഞ്ഞിരുന്നില്ല.
പിറ്റേദിവസം മയ്യത്ത് പരിപാലന ക്രിയകളെല്ലാം കഴിഞ്ഞ ശേഷം അബൂബക്കര്‍(റ) മിന്‍ബറില്‍ കയറിയിരിക്കുകയും ജനങ്ങളില്‍ നിന്ന് പൊതുവായി ബൈഅത്ത് സ്വീകരിക്കുകയും ചെയ്തു. ജനങ്ങള്‍ കൂട്ടം കൂട്ടമായി ബൈഅത്ത് ചെയ്യുകയുണ്ടായി.
അലി(റ), സുബൈര്‍(റ), ത്വല്‍ഹ(റ), എന്നിവര്‍ നാല്‍പ്പത് ദിവസത്തോളം അബൂബക്കര്‍(റ)നെ ബൈഅത്ത് ചെയ്തില്ല. എന്നാല്‍ ഇതിന് കാരണം തനിക്ക് അധികാരം കിട്ടണമെന്ന് അലി(റ) ആഗ്രഹിച്ചതായിരുന്നില്ല.
മറിച്ച് സഖീഫത്തുബ്‌നു സഅ്ദില്‍വെച്ച് ഖലീഫയെ തെരഞ്ഞെടുക്കുമ്പോള്‍ തന്നോടുകൂടി ആലോചിച്ചില്ല എന്നതില്‍ അലി(റ)വിന്നുണ്ടായിരുന്ന ഖേദപ്രകടനവും പ്രതിഷേധവുമായിരുന്നു അത്. ഈ കാലത്ത് അബൂസുഫ്‌യാന്‍(റ) അലി(റ)ന്റെ അടുക്കല്‍ വരികയും അബൂബക്കര്‍(റ)വിന്നെതിരില്‍ അഭ്യന്തരയുദ്ധം അഴിച്ചുവിടാന്‍ ഒരു പരിശ്രമം നടത്തുകയുമുണ്ടായി. അലി(റ) അതിന്ന് വഴങ്ങിയില്ലെന്ന് മാത്രമല്ല, അദ്ദേഹത്തെ അതില്‍ നിന്ന് വിരട്ടുകകൂടി ചെയ്തു. അലി(റ)ന്ന് അധികാരമോഹം ഉണ്ടായിരുന്നില്ല എന്നതിന്ന് ഇത് എത്രയും വ്യക്തമായ തെളിവാണ്.
വാസ്തവത്തില്‍ അബൂബക്കര്‍(റ) ബനൂസഅ്ദ് സമ്മേളന സ്ഥലത്തേക്ക് പോയത് താന്‍ ഖലീഫയായി തെരഞ്ഞെടുക്കപ്പെടണമെന്ന ആഗ്രഹത്തോടുകൂടിയായിരുന്നില്ല. അവിടെയുണ്ടായിരുന്ന കുഴപ്പം സമാശ്വസിപ്പിക്കുക മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാല്‍ അവിടെ വെച്ച് സന്ദര്‍ഭവശാല്‍ അദ്ദേഹം ഭരണനേതാവായി തെരഞ്ഞെടുക്കപ്പെടുകയാണുണ്ടായത്. ആ അവസരത്തില്‍ ഇത് തള്ളിക്കളയുന്നത് മുസ്ലിംകള്‍ക്കിടയില്‍ അഭ്യന്തരകുഴപ്പത്തിനും രക്തച്ചൊരിച്ചിലിനും കാരണമായേക്കുമെന്ന് ന്യായമായും അദ്ദേഹം ഭയപ്പെട്ടു. വേണ്ടപ്പെട്ട എല്ലാവരോടും കൂടിയാലോചന നടത്തുവാന്‍ ഇത്തരം അവസരങ്ങളില്‍ സാധ്യമല്ലെന്നത് വ്യക്തമാണല്ലോ. ഈ സംഗതികള്‍ മനസ്സിലായപ്പോള്‍ അലി(റ) പള്ളിയില്‍ വരികയും പൊതുജനമദ്ധ്യത്തില്‍ വെച്ചുതന്നെ അബൂബക്കര്‍ സിദ്ധീഖ്(റ)വിന്റെ കൈപിടിച്ചു ബൈഅത്ത് ചെയ്യുകയും ചെയ്തു.
ബൈഅത്ത്
നബി(സ) വഫാത്തായ അന്ന് തന്നെ (ഹി.11 റബീഉല്‍ അവ്വല്‍ 12) അബൂബക്കര്‍(റ)നെ മുസ്ലിംകള്‍ തങ്ങളുടെ ഖലീഫ(ഭരണത്തലവന്‍)യായി തെരഞ്ഞെടുത്തു. ഇങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍ രാഷ്ട്രത്തില്‍ അഭ്യന്തര കുഴപ്പം പൊട്ടിപ്പുറപ്പെടുകയും രക്തപ്പുഴ ഒഴുകുവാന്‍ കപട വിശ്വാസികള്‍ക്ക് ഒരവസരം കിട്ടുകയും ചെയ്‌തേനെ. മുഴുവന്‍ സ്വഹാബികളില്‍ വെച്ച് ഖലീഫയാകുവാന്‍ ഏറ്റവും യോഗ്യനായ ആള്‍ അബൂബക്കര്‍ സിദ്ധീഖ്(റ) ആയിരുന്നു. അദ്ദേഹം ഖലീഫയാകണമെന്നത് നബി(സ)യുടെ അഭിലാശമായിരുന്നുവെന്നതിന്ന് വ്യക്തമായ സൂചനകളുണ്ട്. തന്റെ രോഗവേളയില്‍ നമസ്‌ക്കാരത്തിന്ന് നേതൃത്വം വഹിക്കുവാന്‍ നബി(സ) അദ്ദേഹത്തോട് കല്‍പ്പിച്ചതും ഒന്നിലധികം പ്രാവശ്യം നബി(സ) തങ്ങള്‍ അദ്ദേഹത്തെ തുടര്‍ന്ന് നമസ്‌ക്കരിച്ചതും അവയില്‍ ചിലതാണ്.
അബൂ സുഫ്‌യാന്‍ (റ)
നബി തങ്ങള്‍ വഫാത്തായപ്പോള്‍ അബൂ സുഫ്‌യാന്‍ മദീനയില്‍ ഉണ്ടായിരുന്നില്ല. സകാത്ത് പിരിവിനായി നബി അവരെ എങ്ങോട്ടോ അയച്ചതായിരുന്നു. തിരിച്ചുവരവെ വഴിയില്‍വെച്ചു നബിയുടെ വിയോഗ വാര്‍ത്ത അദ്ദേഹമറിഞ്ഞു. വാര്‍ത്ത അറിയിച്ച ആളോട് അദ്ദേഹം ചോദിച്ചു:
”ആരാണ് നേതൃസ്ഥാനത്തു വന്നത്?”
”അബൂബക്ര്‍” അയാള്‍ പറഞ്ഞു.
”അപ്പോള്‍ അലിയും അബ്ബാസും എന്തു ചെയ്യുന്നു?”
”അവര്‍ വീട്ടില്‍ തന്നെ”
”എനിക്ക് അവിടെയെത്തിയാല്‍ ചിലതെല്ലാം ചെയ്യാനുണ്ടായിരുന്നു”
മദീനയിലെത്തിയ ശേഷം തെരുവുകള്‍ ചുറ്റിത്തിരിഞ്ഞുകൊണ്ട് അബൂ സുഫ്‌യാന്‍ ഇങ്ങനെ പാടി:
”ഹാശിം സന്തതികളെ, ജനങ്ങള്‍ നിങ്ങളെ പിന്തുണക്കുമെന്ന് നിങ്ങള്‍ക്ക് ആളങ്ക വേണ്ട. പ്രത്യേകിച്ചും തൈം, അദീ എന്നീ ഗോത്രക്കാര്‍! (അബൂബക്‌റിന്റെ യും ഉമറിന്റെയും ഗോത്രങ്ങളാണ് സൂചന.) എന്നാല്‍, നിങ്ങളാണ് അധികാരത്തിന്റെ അവകാശികള്‍. അതിന് യോഗ്യനായി അബുല്‍ ഹസന്‍ അലി അല്ലാതെ മറ്റാരുമില്ല.”
ഇതു കേട്ടപ്പോള്‍ ഉമര്‍ (റ) ചെന്ന് അബൂബക്ര്‍ (റ) വനോട് പറഞ്ഞു: ”ഇതാ, ഇയാള്‍ വന്നിട്ടുണ്ട്. ഇയാള്‍ കുഴപ്പം സൃഷ്ടിച്ചേക്കും. ഇസ്‌ലാമിന് വേണ്ടി നബി തങ്ങള്‍ അയാളെ സംതൃപ്തി വരുത്തി നിര്‍ത്തറുണ്ടായിരുന്നു. അതിനാല്‍, അയാള്‍ കൊണ്ടുവന്ന ധനം അയാള്‍ക്കുതന്നെ അനുവദച്ചുകൊടുക്കുക.”
അബൂ ബക്ര്‍ (റ) സമ്മതിച്ചു. അബൂ സുഫ്‌യാന്‍ (റ) വിന് സംതൃപ്തിയായി. ഉടനെ വന്ന് ബൈഅത്ത് ചെയ്യുകയും ചെയ്തു.
സഖീഫത്തു ബനീ സാഇദ്
പ്രവാചകന്‍ വഫാത്തായ സമയം. മുഹാജിറുകളും അന്‍സ്വാറുകളും ആ വീട്ടില്‍ ഒരുമിച്ചുകൂടിയിട്ടുണ്. അന്നേരം രണ്ടാളുകള്‍ അവിടെ കയറി വന്നു. മഅ്‌നു ബ്‌നു അദിയ്യ് (റ), ഉവൈമു ബ്‌നു സാഇദ (റ) എന്നിവരായിരുന്നു ആ രണ്ടാളുകള്‍. അവര്‍ അബൂ ബക്ര്‍ (റ) വിനോട് ഇങ്ങനെ പറഞ്ഞു: ഇതാ കുഴപ്പത്തിന്റെ കവാടം. അങ്ങ് വഴിയായി അല്ലാഹു അത് അടച്ചുതന്നെങ്കില്‍ നന്നായിരുന്നു. ഇതാ, സഅദു ബ്‌നു ഉബാദ (റ) വിനെ ഖലീഫയാക്കാന്‍ അന്‍സ്വാറുകള്‍ ഉദ്ദേശിക്കുന്നു.
തല്‍ക്ഷണം, അബൂ ബക്ര്‍ (റ), ഉമര്‍ (റ), അബൂ ഉബൈദ (റ) എന്നിവര്‍ അങ്ങോട്ടു ചെന്നു. ബനൂ സാഇദ ഗോത്രക്കാരുടെ സഭാ മന്ദിരത്തിലെത്തി. അവിടെ സഅദു ബ്‌നു ഉബാദ (റ) ഒരു വിരിപ്പില്‍ ഇരിക്കുന്നു. ഒരു തലയണയുടെമേല്‍ ചാരിയിട്ടാണ് ഇരുത്തം. അല്‍പം പനി ബാധിച്ചിട്ടുണ്ട്. അബൂ ബക്ര്‍ (റ) ചെന്നപാട് അദ്ദേഹത്തോട് ചോദിച്ചു:
”അബൂ സാബിതേ, എന്താണ് അങ്ങയുടെ മനോഗതം?”
”ഞാന്‍ നിങ്ങളില്‍നിന്നുള്ള ഒരാള്‍..” അദ്ദേഹം പ്രതരികരിച്ചത് അങ്ങനെയാണ്.
എന്നാല്‍ കൂട്ടത്തില്‍നിന്ന് ഹുബാബു ബ്‌നു മുന്‍ദിര്‍ എഴുന്നേറ്റു നിന്നുകൊണ്ട് ഞങ്ങളില്‍നിന്നൊരു നേതാവ്, നിങ്ങളില്‍നിന്നൊരു നേതാവ് എന്നിങ്ങനെ രണ്ട് നേതാക്കന്മാര്‍ ആവശ്യമാണെന്ന വാദമുന്നയിച്ചു. കുഴപ്പത്തിന്റെ കവാടം! ഉമര്‍ (റ) മറുപടി പറയാന്‍ തിരക്കി.
പക്ഷെ, അബൂ ബക്ര്‍ (റ) വിട്ടില്ല. അദ്ദേഹം വേണ്ടപോലെ സംസാരിച്ചു. സംസാരത്തില്‍ മുഹാജിറുകള്‍ ഭരണാധികാരികളും അന്‍സ്വാറുകള്‍ അവരുടെ സഹായികളും ആയിരിക്കണമെന്നും ഖുറൈശികള്‍ക്കല്ലാതെ അറബ് ജനം അധീനപ്പെടുകയില്ലെന്നും ‘ഭരണത്തലവന്മാര്‍ ഖുറൈശികളില്‍നിന്നാണെന്ന്’ നബി തങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി. അനന്തരഫലം, ഉമര്‍ (റ) വിനെയും അബൂ ഉബൈദ (റ) വിനെയും ചൂണ്ടിക്കാണിച്ചുകൊണ്ട് ഇവരിലൊരാളെ ഖലീഫയാക്കൂ എന്ന് ആവശ്യപ്പെടുകയും ചെയ്തു.
പക്ഷെ, ഉമര്‍ (റ) അബൂ ബക്ര്‍ (റ) വിനോട് ഇങ്ങനെ പറഞ്ഞു: ‘അങ്ങ് ജീവിച്ചിരിക്കുമ്പോള്‍ ഇത് നടക്കില്ല. അല്ലാഹുവിന്റെ റസൂല്‍ അങ്ങയെ നിര്‍ത്തിയിരിക്കുന്ന സ്ഥാനത്തുനിന്നു ആരും അങ്ങയെ പിന്നോട്ടു നീക്കുകയില്ല.’ ഇതുപറഞ്ഞതോടൊപ്പം ഉമര്‍ (റ) തന്റെ കൈ നീട്ടി അബൂ ബക്ര്‍ (റ) വിനെ ബൈഅത്ത് ചെയ്തു. ഇതോടെ, ആളുകളെല്ലാം ബൈഅത്ത് ചെയ്യാന്‍ തുടങ്ങി. ബൈഅത്തിനു വേണ്ടി അവര്‍ തിക്കിത്തിരക്കി അബൂബക്ര്‍ (റ) വിന് നേരെ നീങ്ങി. അവര്‍ അദ്ദേഹത്തെ പള്ളിയില്‍ കൊണ്ടുപോയി. പരസ്യമായി എല്ലാവരും ബൈഅത്ത് ചെയ്തു. തക്ബീര്‍ ധ്വനികള്‍ മുഴക്കി.
ഉബയ്യു ബ്‌നു കഅബ് (റ)
ബനൂ സാഇദ സഭാ ഹാളില്‍ മുഹാജിറുകളും അന്‍സ്വാറുകളും തര്‍ക്കിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉബയ്യു ബ്‌നു കഅബുല്‍ അന്‍സ്വാരീ (റ) തന്റെ വീട്ടില്‍ വാതിലടച്ചു കഴിയുകയായിരുന്നു. നൂഅ്മാനു ബ്‌നു ബശീര്‍ (റ) അവിടെ വന്നു വാതില്‍ മുട്ടി. മൂടിപ്പുതച്ച നിലയില്‍ ഉബയ്യ് (റ) പുറത്തുവന്നു. നുഅ്മാന്‍ ചോദിച്ചു:
”സഖീഫത്തു ബനീ സാഇദയില്‍ നിങ്ങളുടെ ആളുകള്‍ മുഹാജിറുകളോട് തര്‍ക്കിച്ചുകൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ ഇവിടെ വീട്ടിനകത്ത് വാതിലടച്ച് കഴിയുകയാണോ? വേഗം നിങ്ങളുടെ ആളുകളെ സമീപിക്കുക.”
ഉബയ്യ് ഉടനെ അങ്ങോട്ടു ചെന്നു. അന്‍സ്വാറുകളെ അഭിസംബോധന ചെയ്തുകൊണ്ടു ഇങ്ങനെ പറഞ്ഞു: ‘നിങ്ങള്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു അവകാശവുമില്ല. ഇത് മുഹാജിറുകള്‍ക്ക് ഉള്ളതാണ്. മുഹാജിറുകളില്‍നിന്ന് രണ്ടാളുകള്‍ അധികാരം വഹിക്കും. മൂന്നാമത്തെ ആള്‍ വധിക്കപ്പെടും. പിന്നീട് ഭരണ കേന്ദ്രം ശാമിലേക്ക് നീക്കപ്പെടും. എന്റെ ഈ വാക്കുകള്‍ക്ക് പ്രവാചകരുടെ ഉമനീരിന്റെ നനവ് നിലനില്‍ക്കുന്നു.’
അനന്തരം അദ്ദേഹം തിരിച്ചുപോയി. വാതിലടച്ച് അകത്തു കൂടി.
ബൈഅത്ത് ചെയ്യാതെ മാറി നിന്നവർ
അലി (റ), അബ്ബാസ് (റ), സുബൈര്‍ (റ), സഅദു ബിന്‍ ഉബാദ (റ) തുടങ്ങിയവര്‍ ആദ്യഘട്ടത്തില്‍ അബൂ ബക്ര്‍ (റ) വിനെ ബൈഅത്ത് ചെയ്യാതെ മാറി നില്‍ക്കുകയായിരുന്നു. സഅദ് ഒഴികെയുള്ളവരെല്ലാം ഫാഥിമാ (റ) യുടെ വീട്ടിലാണുണ്ടായിരുന്നത്. ഖലീഫ അബൂ ബക്ര്‍ (റ) ഉമര്‍ (റ) വിനെ അങ്ങോട്ടയച്ച് കാര്യത്തിന്റെ ഗൗരവം അവരെ ധരിപ്പിച്ചു. അപ്പോള്‍, അലി (റ) പുറത്തുവന്നു. അബൂ ബക്ര്‍ (റ) വിനെ ബൈഅത്തു ചെയ്തു.
അനന്തരം അബൂ ബക്ര്‍ (റ) അലി (റ) വിനോട് ഇപ്രകാരം ചോദിച്ചു: ‘എന്റെ അധികാരം നിങ്ങള്‍ വെറുത്തുകളഞ്ഞതാണോ? അലി (റ) പറഞ്ഞു: ‘അല്ല, റസൂല്‍ വഫാത്തായ ശേഷം ഖുര്‍ആന്‍ മുഴുവന്‍ മന:പാഠമാക്കുന്നതുവരെ ഞാന്‍ മേലാധികാരിയാവുകയില്ലെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്തിരുന്നു. അതുകൊണ്ടാണ് ഞാന്‍ പുറത്തിറങ്ങാതിരുന്നത്.’
ഖിലാഫത്ത്
എഡി 632ല്‍ നബി(സ്വ) വഫാത്തായി. ഇസ്‌ലാമിക രാഷ്ട്രത്തെയും മുസ്‌ലിംകളെയും തുടര്‍ന്ന് ആര് നയിക്കുമെന്ന ആലോചനയില്‍ പ്രമുഖ സ്വഹാബിമാര്‍ ഏകകണ്ഠമായി അഭിപ്രായപ്പെട്ടത്
അബൂബക്കര്‍(റ)വിനെയാണ്. തന്റെ പ്രതിനിധി ആരാവണമെന്ന വ്യക്തമായ നിര്‍ദേശമില്ലെങ്കിലും സിദ്ദീഖ്(റ) ആകണമെന്നതിന്റെ നിരവധി സൂചനകള്‍ പ്രവാചകര്‍ നല്‍കിയിരുന്നു. ബനൂ മുസ്ഥലിഖ് ഗോത്രക്കാര്‍, അങ്ങേക്കു ശേഷം ഞങ്ങള്‍ സകാത്ത് ആരെ ഏല്‍പ്പിക്കണമെന്നു ചോദിച്ചപ്പോള്‍ അബൂബക്കറിനെന്നു പറഞ്ഞതും (ഹാകിം)
എല്ലാ വാതിലും അടക്കുക, അബൂബക്കറിന്‍റേതൊഴികെ (ഇബ്നു അദിയ്യ്) രോഗം മൂര്‍ഛിച്ചപ്പോള്‍ അബൂബക്കര്‍(റ)നോട് നിസ്കാരത്തിന് നേതൃത്വം കൊടുക്കാന്‍ പറയുക (ബുഖാരി, മുസ്‌ലിം) എന്നതെല്ലാം ഇത്തരം സൂചനകളായിരുന്നു.
തിരുവിയോഗത്തെ തുടര്‍ന്ന് ബനൂസാഇ ഗോത്രത്തിന്റെ പന്തലില്‍ സംഗമിച്ചാണ് അന്‍സ്വാരികളും പ്രമുഖ മുഹാജിറുകളും സിദ്ദീഖ്(റ)നെ ഖലീഫയായി തെരഞ്ഞെടുക്കുന്നത്. എന്നാല്‍ ഉമര്‍(റ)യോ അബൂഉബൈദ(റ)യോ ആകട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
എങ്കിലും സിദ്ദീഖ്(റ)ന് മറ്റു പ്രവാചകാനുയായികളേക്കാളുള്ള മഹത്ത്വങ്ങള്‍ എടുത്തുപറഞ്ഞ ശേഷം ഇരുവരും നിര്‍ദേശിച്ചു: ‘നിങ്ങള്‍ കൈ നീട്ടൂ, ഞങ്ങള്‍ ബൈഅത്ത് (അനുസരണ പ്രതിജ്ഞ) ചെയ്യട്ടെ’. തുടര്‍ന്ന് അവിടെ സന്നിഹിതരായവരെല്ലാം ബൈഅത്ത് ചെയ്തു. ഇത് ബൈഅതുസ്സഖീഫ എന്നും പിറ്റേന്നു നടന്ന പൊതുവായ ബൈഅത്ത് ബൈഅതുല്‍ കുബ്റാ എന്നും പ്രസിദ്ധമായി.
പൊതു ബൈഅത്തിനായി ഖലീഫ സിദ്ദീഖ്(റ)നെ മദീന പള്ളിയിലെ മിമ്പറില്‍ ഇരുത്തിയ ശേഷം ഉമര്‍(റ) ആമുഖ ഭാഷണം നടത്തി: ‘നിശ്ചയം അല്ലാഹു നിങ്ങളുടെ ഭരണം സാനിയസ്നൈനിയും നിങ്ങളില്‍ ഉത്തമനുമായ റസൂലിന്റെ കൂട്ടുകാരനില്‍ ചുമതലപ്പെടുത്തിയിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ എഴുന്നേറ്റ് അനുസരണ പ്രതിജ്ഞ ചെയ്യുക.’ എല്ലാവരും ബൈഅത്ത് ചെയ്ത ശേഷം ഖലീഫ പ്രസംഗമാരംഭിച്ചു:
ഖലീഫയായ ശേഷം ആദ്യംചെയ്ത പ്രസംഗം
ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം അബൂബക്ര്‍ (റ) ജനങ്ങളെ അഭിസംബോധന ചെയ്തു ഒരു ഉഗ്രന്‍ പ്രഭാഷണം നടത്തി. ഈ പ്രസംഗത്തില്‍ അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത, സത്യസന്ധത, വിശ്വാസദാര്‍ഢ്യം എന്നിവ തെളിഞ്ഞ് കാണുന്നുണ്ട്. അദ്ദേഹം പ്രസ്താവിച്ചു:
”മുസ്‌ലിംകളെ, ഞാന്‍ നിങ്ങളുടെ നേതാവായിരിക്കുകയാണ്. ഞാനാണെങ്കില്‍ നിങ്ങളില്‍വെച്ച് ഉത്തമനൊന്നുമല്ല. ഞാന്‍ നല്ലത് പ്രവര്‍ത്തിക്കുമ്പോള്‍ എന്നെ പിന്തുണക്കല്‍ നിങ്ങളുടെ കര്‍ത്തവ്യമാണ്.
ഞാന്‍ തെറ്റായ മാര്‍ഗം സ്വീകരിച്ചാല്‍ എന്നെ സന്മാര്‍ഗത്തിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുവരലും നിങ്ങളുടെ കടമയാണ്. നിങ്ങള്‍ ജിഹാദിനെ കൈവിട്ട് കളയരുത്. ജിഹാദിനെ കൈയ്യൊഴിക്കുന്ന ഏതൊരു ജനതയും പരാജിതരും നിന്ദ്യരുമായിത്തീരുകയാണ് ചെയ്യുന്നത്. ഞാന്‍ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്ന കാലത്തോളം എന്നെ നിങ്ങള്‍ അനുസരിക്കുക. ഞാന്‍ അല്ലാഹുവിന്നും റസൂലിന്നും നേരെ ധിക്കാരം കാണിക്കുകയാണെങ്കില്‍ നിങ്ങള്‍ എന്നെ കൈവിട്ട് കളയേണ്ടതാണ്. കാരണം പിന്നീട് എന്നെ അനുസരിക്കേണ്ട ബാധ്യത നിങ്ങള്‍ക്കില്ല”.
ഈ പ്രസംഗത്തിന്റെ അവസാനത്തില്‍ മര്‍ദ്ദിതരെ സഹായിക്കുകയും മര്‍ദ്ദകരെ അടിച്ചമര്‍ത്തുകയും ചെയ്യേണ്ട സംഗതി ഊന്നിപ്പറയുകയുണ്ടായി. ആയിരക്കണക്കായ സ്വഹാബികള്‍ ഈ പ്രസംഗം പള്ളിയില്‍വെച്ച് ശ്രവിച്ചു.
രണ്ടു വര്‍ഷവും മൂന്നു മാസവും പത്തുദിവസവും നീണ്ട ആ ഭരണം ഈ പ്രഖ്യാപനത്തിന്റെ പൂരണമായിരുന്നു. അനീതിയോട് രാജിയാവാതെ നീതിയുടെ പക്ഷത്തു നിലകൊണ്ടു ഖലീഫ. രാജ്യത്തിന്‍റ വിവിധ ഭാഗങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കുഴപ്പങ്ങള്‍ അടിച്ചമര്‍ത്തുകയായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍. ഖഹ്താനില്‍ അസ്വദുല്‍ അന്‍സി, ബനൂ അസദില്‍ തുലൈഹ (പിന്നീട് ഇസ്‌ലാമിലേക്കു മടങ്ങി), യമാമയില്‍ മുസൈലിമതുല്‍ കദ്ദാബ്, ബനൂയര്‍ബൂഇല്‍ സജാഹി ബിന്‍ത് ഹാരിസ് എന്ന വ്യാജ പ്രവാചകവാദികളും അനുയായികളും മതപരിത്യാഗികളും സകാത്ത് നിഷേധികളും കുഴപ്പങ്ങള്‍ സൃഷ്ടിച്ചു. ഇവയെല്ലാം നിഷ്കാസനം ചെയ്ത് വിശാലമായ ഇസ്‌ലാമിക സാമ്രാജ്യത്തില്‍ ശാന്തി വിളയിക്കാന്‍ ഹ്രസ്വമായ കാലയളവില്‍ അദ്ദേഹത്തിനായി.
പൊതുവെ മൃദുല സ്വഭാവിയായ ഖലീഫ അക്രമികളോട് കര്‍ക്കശ നിലപാടുതന്നെ കൈക്കൊണ്ടു. അക്കാലത്തെ മഹാ സാമ്രാജ്യത്വ ശക്തികളായ റോം, പേര്‍ഷ്യകളോട് എതിരിട്ടാണ് ഐതിഹാസികമായ പല വിജയങ്ങളും അദ്ദേഹം നേടിയതെന്നാണ് ശ്രദ്ധേയമായ കാര്യം.
യമാമ യുദ്ധത്തില്‍ ഖുര്‍ആന്‍ മനഃപാഠമുള്ള ധാരാളം സ്വഹാബിമാര്‍ ശഹീദായപ്പോള്‍ ഒരു ഗ്രന്ഥരൂപത്തിലാക്കി ഖുര്‍ആന്‍ സംരക്ഷിച്ചതും അതിന് മുസ്വ്ഹഫ് എന്നു നാമകരണം ചെയ്തതും ഒന്നാം ഖലീഫയുടെ പ്രധാന പ്രവര്‍ത്തനമായി ഗണിക്കുന്നു.
അബൂബക്കര്‍ സിദ്ദീഖിന്റെ ഭരണം
അബൂബക്കര്‍ സിദ്ദീഖ് ഭരണസാരഥ്യം ഏറ്റെടുത്തതിനു ശേഷം ആദ്യമായി ചെയ്തത് ആഭ്യന്തര രംഗം ഭദ്രമാക്കലായിരുന്നു. മുഹമ്മദ് നബിയുടെ കാലത്തുതന്നെ അറേബ്യ ഇസ്ലാമിക രാഷ്ട്രത്തിന്റെ വരുതിയിലായിക്കഴിഞ്ഞിരുന്നെങ്കിലും ചില പ്രദേശക്കാര്‍ ഇസ്ലാം സ്വീകരിച്ചിട്ടുണ്ടായിരുന്നില്ല. ഇസ്ലാമിനെ പൂര്‍ണമായി ഉള്‍ക്കൊള്ളാത്തവരും ഇസ്ലാം ആശ്ളേഷിച്ചവരില്‍ ഉണ്ടായിരുന്നു. ഇവര്‍ നബിയുടെ മരണശേഷം കലാപത്തിനു മുതിര്‍ന്നു. ചില ഗോത്രങ്ങള്‍ നബിയുടെ കാലത്ത് രാഷ്ട്രത്തിനു നല്‍കിയ സക്കാത്ത് നല്‍കുന്നതില്‍ വിമുഖത കാണിച്ചു. യമാമക്കാരനായ മുസൈലിമ പ്രവാചകത്വവാദവുമായി രംഗത്തുവന്നു. വ്യാജപ്രവാചകനായതുകൊണ്ട് മുസൈലിമത്തുല്‍കദ്ദാബ് എന്നാണ് ഇസ്ലാമിക ചരിത്രത്തില്‍ ഇയാള്‍ അറിയപ്പെടുന്നത്.
ഈ കലാപക്കാരെ നേരിടുകയാണ് അബൂബക്കറിന് ആദ്യമായി ചെയ്യാനുണ്ടായിരുന്നത്. സകാത്ത് നിഷേധികളെ ഖലീഫ കരുതലോടെ വീക്ഷിച്ചു. ഇസ്ലാമിക രാഷ്ട്രത്തിന്റ ബൈതുല്‍മാലിലേക്ക് സകാത് നല്‍കാതിരിക്കുന്നത് രാഷ്ട്രത്തില്‍നിന്ന് വേറിട്ടു പോകുന്നതിനു തുല്യമായിരുന്നു. അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ റസൂലിനു നല്‍കിയ ഒരു ഒട്ടകക്കയറാണ് എനിക്കു നിഷേധിക്കുന്നതെങ്കില്‍പോലും അതിന്റെ പേരില്‍ അവര്‍ക്കെതിരെ ഞാന്‍ യുദ്ധം ചെയ്യും.”
എത്ര ധീരമായ പ്രഖ്യാപനം! കലാപം മുളയിലേ നുള്ളിക്കളയുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. മുസൈലിമ, തുലൈഹ, അസ്വദുല്‍ അന്‍സി എന്നിവര്‍ കള്ളപ്രവാചക വാദവുമായി രംഗത്തുവന്നു. ഇവരില്‍ പ്രമുഖന്‍ അബൂഹനീഫ ഗോത്രക്കാരനായ മുസൈലിമയായിരുന്നു. വ്യാജപ്രവാചകത്വവാദവുമായി രംഗപ്രവേശനം ചെയ്ത ക്രിസ്ത്യന്‍ സ്ത്രീയായ സജാഹിനെ മുസൈലിമ വിവാഹം കഴിച്ചു.
മുസൈലിമ 40000 ത്തോളം വരുന്ന സൈന്യത്തെ സംഘടിപ്പിച്ചു. അവരെ നേരിടാന്‍ ഖാലിദുബ്നുല്‍ വലീദിന്റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ ഖലീഫ അയച്ചു. യമാമ എന്ന സ്ഥലത്തുവെച്ച് ഇരു സൈന്യങ്ങളും ഏറ്റുമുട്ടി. ധീരനായ ഖാലിദുബ്നുല്‍ വലീദിന്റെ നിര്‍ണായകവും തന്ത്രപരവുമായ നീക്കത്താല്‍ ശത്രുസൈന്യം പരാജയപ്പെട്ടു. മുസൈലിമ കൊല്ലപ്പെട്ടു. ഇരുപക്ഷത്തും വലിയ ആള്‍നാശമുണ്ടായ യമായ യുദ്ധത്തില്‍ ഖുര്‍ആന്‍ മനഃപാഠമുള്ള എഴുന്നൂറോളം സ്വഹാബികള്‍ രക്തസാക്ഷികളായതായി റിപ്പര്‍ട്ടുകളുണ്ട്.
ശാം വിജയം
റസൂലുല്ലാഹി(സ)യുടെ നേതൃത്വത്തില്‍ നടന്ന എല്ലാ സമരങ്ങളുടെയും ചരിത്രം അറേബ്യയുടെ അതിര്‍ത്തികള്‍ക്കുള്ളില്‍ പരിമിതങ്ങളായിരുന്നു. അതിന്നപ്പുറത്തേക്ക് കടക്കുവാന്‍ അവസരം ലഭിച്ചിരുന്നില്ല. അകത്തെ കാര്യങ്ങള്‍ തന്നെ വേണ്ടുവോളമുണ്ടയിരുന്നതാണ് അതിന്ന് കാരണം. എങ്കിലും അറേബ്യയുടെ അയല്‍ നാടുകളില്‍ ഭരണം നടത്തിക്കൊണ്ടിരുന്ന ശക്തികള്‍ മുസ്ലിംകള്‍ക്കെതിരില്‍ ഗൂഢാലോചനകള്‍ നടത്തി അറേബ്യക്കകത്ത് തന്നെ കുഴപ്പങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നതിനാല്‍ ആ പ്രദേശങ്ങളിലേക്ക് കൂടി തിരിയേണ്ടത് അത്യാവശ്യമാണെന്ന് റസൂല്‍(സ്വ) ആഗ്രഹിച്ചിരിക്കുന്നു.
ആറേബ്യയുടെ വടക്ക് സ്ഥിതിചെയ്യുന്ന ശാമിനെ കീഴടക്കിയില്ലെങ്കില്‍ ഹിറഖലിന്റെ നേതൃത്വത്തിലുള്ള റോമക്കാരുടെ വഞ്ചനാപരമായ ദ്രോഹങ്ങളില്‍ നിന്നും മോചനം കിട്ടുകയില്ലെന്ന് കണ്ടതിനാല്‍ തന്റെ രോഗശയ്യയില്‍വെച്ച് തന്നെ ശാം അക്രമിക്കുവാന്‍ നബി(സ)തീരുമാനിക്കുകയും ഇസാമത്തുബ്‌നു സൈദ്(റ) വിനെ നായകനാക്കിയും കൊണ്ട് ഒരു ഉഗ്രന്‍ സേനയെ അങ്ങോട്ടയക്കുകയും ചെയ്തിരുന്നു. ഈ സേന പുറപ്പെട്ടയുടനെ നബി(സ)യുടെ രോഗം മൂര്‍ഛിച്ചതിനാല്‍ മദീനക്ക് സമീപം ഒരിടത്ത് അവര്‍ തമ്പടിച്ചു നില്‍ക്കുകയാണ് ചെയ്തത്.
നബി(സ)യുടെ രോഗം കൂടുതല്‍ കഠിനതരമാവുകയും നബി(സ)യുടെ നിര്യാണത്തില്‍ അത് ചെന്നുതേരുകയും ചെയ്തതിനെ തുടര്‍ന്ന് ഈ യുദ്ധയാത്ര നിലച്ചുപോയി.
അബൂബക്കര്‍ സിദ്ധീഖ്(റ) ഖിലാഫത്ത് ഏറ്റെടുത്തയുടനെ ഈ സൈന്യത്തെ വീണ്ടും സംഘടിപ്പിക്കുവാന്‍ തുടങ്ങി. രാജ്യത്തിനകത്ത് തന്നെ മുര്‍തദ്ദുകളുടെയും മറ്റു കലാപകാരികളുടെയും പ്രവര്‍ത്തനങ്ങളുടെ ഫലമായി പലജാതി കുഴപ്പങ്ങള്‍ തലപൊക്കി കഴിഞ്ഞിരിക്കയാല്‍ ഈ സമയത്ത് ശാമിലേക്ക് യുദ്ധത്തിന് പോകുന്നത് ഉചിതമാവുകയില്ലെന്ന് പറഞ്ഞുകൊണ്ട് പല പ്രമുഖ സ്വഹാബികളും അബൂബക്കര്‍(റ) വിനെ ഈ ഉദ്യമത്തില്‍ നിന്നും വിലങ്ങുവാന്‍ ശ്രമിച്ചുനോക്കിയെങ്കിലും അദ്ദേഹം അതിന്ന് വഴങ്ങിയില്ല.
നബി(സ) തുടങ്ങിവെച്ച ഈ കാര്യം പൂര്‍ത്തിയാക്കേണ്ടത് തന്റെ കര്‍ത്തവ്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. അനന്തരഫലം എന്തുതന്നെയായാലും ഈ സൈന്യത്തെ താന്‍ ശാമിലേക്ക് അയക്കാതിരിക്കുകയില്ലെന്ന് അദ്ദേഹം ഉറച്ച സ്വരത്തില്‍ പ്രഖ്യാപിച്ചു.
ഉസാമത്തുബനു സൈദ്(റ) വിന്റെ കൊടിക്കൂറയിന്‍ കീഴില്‍ ഒരു മഹാ സേന സജ്ജീകൃതമായി.
ഈ സമയത്ത് ഉസാമ: (റ)വിന്റെ പ്രായം 17 വയസ്സ് മാത്രമായിരുന്നു. ഒരു വിമുക്ത അടിമയായിരുന്ന സൈദ് (റ)ന്റെ പുത്രനായ ഈ ചെറുപ്പക്കാരന്‍ ഉന്നതകുലജാതരും പ്രായംചെന്നവരുമായ നിരവധി പ്രമുഖന്മാരടങ്ങിയ ഒരു സൈന്യത്തിന്റെ തലവനാക്കുന്നത് ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവര്‍ അബൂബക്കര്‍(റ)വിനോട് ആവലാതി പറയുകയും ചെയ്തു. എന്നാല്‍ സമത്വസുന്ദരമായ ഇസ്ലാമിന്റെ പാവന ദര്‍ശനങ്ങള്‍ നടപ്പിലാക്കുവാന്‍ വേണ്ടി നബി(സ) കാണിച്ചുതന്ന മാതൃകയെ പരിപൂര്‍ണമായി പിന്തുടരുന്ന അബൂബക്കര്‍(റ)വുണ്ടോ ഇതിന്ന് വഴങ്ങുന്നു?
ഉസാമ:(റ) കയറിയ കുതിരയുടെ കടിഞ്ഞാണ്‍ പിടിച്ചുകൊണ്ട് കാല്‍നടയായി കുറേ ദൂരം വരെ അദ്ദേഹത്തെ അനുഗമിക്കുകയും അങ്ങിനെ മുസ്ലിംകള്‍ക്ക് മാതൃക കാണിക്കുകയാണ് സിദ്ദീഖ്(റ) ചെയ്തത്.
സേനാധിപധിയോട് ഖലീഫയുടെ ഉപദേശം
മുസ്ലിം സേനാധിപതിയായ ഉസാമ: തന്റെ സൈന്യത്തോട് കൂടി ശാമിലേക്ക് പുറപ്പെട്ടപ്പോള്‍ ഖലീഫ അബൂബക്കര്‍ സിദ്ദീഖ്(റ) ചരിത്രപ്രസിദ്ധമായ കുറേ ഉപദേശങ്ങള്‍ നല്‍കുകയുണ്ടായി. ഈ ഉപദേശങ്ങള്‍ പിന്നീട് ഇസ്ലാമിലെ യുദ്ധ നിയമങ്ങളുടെ രൂപം പ്രാപിക്കുകയും ചെയ്തു. മുസ്ലിംകളുടെ യുദ്ധമുറകള്‍ എത്ര ന്യായ യുക്തവും നീതിനിഷ്ഠങ്ങളുമാണെന്ന് ഈ ഉപദേശങ്ങള്‍ വ്യക്തമാക്കുന്നു. താഴെപറയുംപ്രകാരം അവയെ സംഗ്രഹിക്കാം.
1. ആരോടും ഒരിക്കലും കരാര്‍ ലംഘനം ചെയ്തുപോകരുത്.
2. കളവ്, വഞ്ചന എന്നിവയില്‍ നിന്ന് എപ്പോഴും അകന്നു നില്‍ക്കണം.
3. യുദ്ധവേളയില്‍ കുട്ടികള്‍, വൃദ്ധന്മാര്‍, സ്ത്രീകള്‍, രോഗികള്‍ എന്നിവരെ കൊല്ലരുത്.
4. ഫലദായക വൃക്ഷങ്ങള്‍ നശിപ്പിക്കരുത്, ധാന്യപ്പുരകളും വീടുകളും അഗ്നിക്കിരയാക്കരുത്.
5. ഭക്ഷ്യാവശ്യത്തിന് വേണ്ടിയല്ലാതെ നാല്‍ക്കാലികളെ വധിക്കരുത്.
6. വല്ലജനതയും കീഴടങ്ങിക്കഴിഞ്ഞാല്‍ സൗമ്യതയോടുകൂടി അവരെ സത്യദീനിലേക്ക് ക്ഷണിക്കണം. ഇതില്‍ യാതൊരുവിധ ക്രൂരതയും പാടില്ല.
7. കീഴടങ്ങിയ സമുദായാംഗങ്ങളുടെ സ്ഥാനമാനങ്ങള്‍ ശ്രദ്ധിക്കണം, മാന്യന്മാരെ മാനിക്കണം.
8. ഇഹലോക പരിത്യാഗികളായ ജൂത-ക്രൈസ്തവ സന്യാസിമാരെ ദ്രോഹിക്കുകയോ അവരുടെ മഠങ്ങള്‍ നശിപ്പിക്കുകയോ ചെയ്യരുത്.
9. സ്വന്തം സൈനികരോട് എപ്പോഴും ദയ കാണിക്കണം. അവരുടെ സകല ഇടപാടുകളിലും നീതി പാലിക്കണം.
10. ഈ കാര്യങ്ങളിലൊന്നും തന്നെ ഏറ്റക്കുറവുകള്‍ വരുത്തരുത്.
ആത്മാര്‍ത്ഥതയോടുകൂടി അല്ലാഹുവിന്ന് വേണ്ടി മാത്രം സമരം ചെയ്യണം. യാതൊരുവിധ സ്വാര്‍ത്ഥ താത്പര്യവും അതില്‍ കൂട്ടിക്കലര്‍ത്തുവാന്‍ പാടില്ല. ഇവയാണ് ചരിത്രപ്രസിദ്ധമായ ആ ഉപദേശങ്ങള്‍.
മദീനയില്‍ തനിക്ക് കൂടിയാലോചന നടത്തുവാന്‍ യോഗ്യരായ മറ്റാരും ഇല്ലാതിരുന്നതിനാല്‍ സേനാധിപതിയുടെ സമ്മതപ്രകാരം ഉസാമ തന്റെ സേനാധിപത്യത്തില്‍ ഉള്‍പ്പെട്ടുകഴിഞ്ഞിരുന്ന ഉമര്‍(റ) വിനെ അബൂബക്കര്‍(റ)ന്റെ കൂടെ മദീനയിലേക്കയച്ചു. ഉമര്‍(റ)വിനെ തിരിച്ചുവിളിക്കുന്നതില്‍ സ്വീകരിച്ച ഈ രീതി അന്നത്തെ ഇസ്ലാമിക ഭരണ വ്യവസ്ഥിതിയുടെ കാര്യക്ഷമതയെയും തികഞ്ഞ അച്ചടക്കത്തെയും വിളിച്ചോതുന്ന സംഭവമാണ്.
മുസ്ലിം പടനായകന്റെ പ്രശസ്ത വിജയം
അക്കാലത്ത് റോം ലോകത്തിലെ ഒരു വന്‍ശക്തിയായിരുന്നു. കിഴക്കേ അറ്റംമുതല്‍ പടിഞ്ഞാറെ അറ്റംവരെ അവരുടെ സാമ്രാജ്യം വ്യാപിച്ചുകിടന്നിരുന്നു. പക്ഷേ, മുസ്ലിംകളുടെ ഊഹാതീതമായ ധീരത ഈ ശക്തിയെപ്പോലും തകിടം മറിക്കുവാന്‍ പോരുന്നതായിരുന്നു. അവര്‍ നിര്‍ഭയരായിക്കൊണ്ട് ശാമിന്റെ അതിര്‍ത്ഥിയില്‍ ചെന്ന് ഹി: 11 ന് (ക്രി.പി.632) റോമാരാജ്യത്തെ അക്രമിക്കുവാന്‍ തുടങ്ങി.
റോമക്കാര്‍ക്ക് ഈ അക്രമത്തെ സംബന്ധിച്ച് മുന്‍കൂട്ടി വിവരമുണ്ടായിരുന്നതിനാല്‍ വേണ്ട ഒരുക്കങ്ങളെല്ലാം അവര്‍ ചെയ്തിരുന്നുവെങ്കിലും അംഗുലീപരിമിതമായിരുന്ന മുസ്ലിംസമര സാഹസികന്മാരുടെ മുമ്പില്‍ അവര്‍ ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. ഉസാമ:(റ) അളവറ്റ യുദ്ധമുതലുകളെയും തടവുകാരെയും സംഭരിച്ചുകൊണ്ട് നാല്‍പ്പത് ദിവസങ്ങള്‍ക്കുശേഷം മദീനയിലേക്കു മടങ്ങി.
അറബ് ഉപഭൂഖണ്ഡത്തിനകത്ത് അന്ത:ഛിദ്രതകളും അഭ്യന്തരകുഴപ്പങ്ങളും നടന്നുകൊണ്ടിരിക്കുന്ന സമയത്ത് മുസ്ലിംകള്‍ക്ക് കൈവന്ന ഈ വിജയം ശത്രുകള്‍ക്ക് അവരുടെ നേരെയുണ്ടായിരുന്ന പേടിയെ ഉറപ്പിച്ചു നിറുത്തി. ഇസ്ലാമിക ശക്തി ഒട്ടും ക്ഷയിച്ചിട്ടില്ലെന്ന് അവര്‍ക്ക് മനസ്സിലായി.
ഈ സംഭവത്തെ തുടര്‍ന്ന് മുസ്ലിംകളുടെ ഭാഗ്യനക്ഷത്രം ഉദയം ചെയ്തു. ചുരുങ്ങിയ കാലത്തിനുള്ളില്‍ ലോകത്തിന്റെ പകുതിഭാഗം അവര്‍ അധീനമാക്കി.
ഉസാമ:(റ) വിന്ന് ശാമില്‍ ലഭിച്ച അതുല്യമായ വിജയം റോമക്കാരെ മാത്രമല്ല ലോകത്തിലെ മറ്റൊരു വന്‍ ശക്തിയായ പേര്‍ഷ്യക്കാരെയും അമ്പരിപ്പിച്ചു. തങ്ങളുടെ അയല്‍പക്കത്ത് സുശക്തമായ ഒരു രാഷ്ട്രം വികസിച്ചു വരുന്നത് കണ്ടുസഹിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഈ പുതിയ ശക്തി തങ്ങളുടെ നിലനില്‍പ്പിന്ന് തന്നെ ഭീഷണിയാണെന്നു ആ രണ്ടു സാമ്രാജ്യങ്ങളും കരുതി. അക്കാരണത്താല്‍ ഈ മുസ്ലിം രാഷ്ട്രം തകര്‍ന്നുകിട്ടല്‍ പരസ്പരം ശത്രുതയില്‍ വര്‍ത്തിച്ചിരുന്ന ആ രണ്ടുശക്തികളുടെ പൊതുലക്ഷ്യമായി.
അക്കാലത്ത് ലോകത്തിലെ രണ്ടു മഹാശക്തികളായിരുന്നു റോമും പേര്‍ഷ്യയും. ലോകത്തിന്റെ പകുതി ഭാഗം റോമയുടേയും പകുതി പേര്‍ഷ്യയുടേയും കീഴില്‍ അമര്‍ന്നിരിക്കുകയായിരുന്നു. ഈ രണ്ടുമഹാ ശക്തികള്‍ പരസ്പരം പടപൊരുതിക്കൊണ്ടിരുന്നു. ചിലപ്പോള്‍ റോമക്കാര്‍ പേര്‍ഷ്യക്കാരുടെ രാജ്യത്തിന്റെ ചിലഭാഗങ്ങള്‍ പിടിച്ചെടുക്കും. ചിലപ്പോള്‍ പേര്‍ഷ്യക്കാര്‍ റോമക്കാരുടെയും.
ഇസ്ലാമിന്റെ ഉദയത്തോട്കൂടി അറബ് ഉപഭൂഖണ്ഡത്തില്‍ മൂന്നാമതൊരു ശക്തി തലപൊക്കിയപ്പോള്‍ ഈ രണ്ട് ശക്തികള്‍ക്കും സ്വാഭാവികമായും വെപ്രാളമായി. നബി(ശ)യുടെ നിര്യാണത്തെ തുടര്‍ന്ന് അറേബ്യയില്‍ അഭ്യന്തരകുഴപ്പമുണ്ടായപ്പോള്‍ ഈ രണ്ട് കൂട്ടരും കഴിയുന്നത്ര അതിനെ ഊതിവീര്‍പ്പിക്കുവാന്‍ ശ്രമിച്ചു. മാത്രമല്ല തഞ്ചംനോക്കി ആക്രമിക്കുവാനായി ശാമിന്റെ അതിര്‍ത്തികളില്‍ റോമന്‍ കൃസ്ത്യാനികള്‍ അവരുടെ സൈന്യത്തെയും ഇറാഖില്‍ ഇറാനികള്‍ (പേര്‍ഷ്യക്കാര്‍) തങ്ങളുടെ സൈന്യത്തെയും സജ്ജമാക്കി നിര്‍ത്തുകയും ചെയ്തു.
മുസ്ലിംകള്‍ ദുര്‍ബലരായിക്കഴിഞ്ഞിട്ടുണ്ടെന്നു മനസ്സിലാക്കികൊണ്ട് അറേബ്യയെ ആക്രമിക്കുവാന്‍ റോമയും ഇറാനും തയ്യാറായിരിക്കുകയാണെന്ന് ഖലീഫ: അബൂബക്കര്‍(റ) അറിഞ്ഞപ്പോള്‍ റോമക്കാരെ നേരിടുവാന്‍ ഉസാമത്തുബ്‌നു സാദ്(റ)നെ ശാമിലേക്കയച്ചു (അതിനെപറ്റി അല്‍പംമുമ്പ് വിവരിച്ചു). ഇതേ കാലത്ത് ഇറാനികളുടെ മുന്നേറ്റത്തെ ചെറുക്കുവാന്‍വേണ്ടി മശിയ്യു ബ്‌നു ഹാരിസ്(റ)വിനെ ഒരു ചെറുസൈന്യത്തോടുകൂടി അദ്ദേഹം ഇറാഖിലേക്കും അയച്ചു.
എന്നാല്‍ അറേബ്യയിലെ അഭ്യന്തര സ്ഥിതി ശാന്തമാകുന്നത് വരെ ഇറാനികളുമായി നേരിട്ടുള്ള ഒരു വന്‍ യുദ്ധം ചെയ്യരുതെന്നും ചെറുസംഘങ്ങളായി പിരിഞ്ഞു അവരെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് വേണ്ടതെന്നും ഖലീഫ(റ) മുസന്നയോട് നിര്‍ദ്ദേശിക്കുകയുണ്ടായി. അങ്ങിനെ അല്‍പകാലത്തിനകം അഭ്യന്തര സ്ഥിതി ശരിപ്പെടുകയും യാതൊരുവിധ ചിന്താകുഴപ്പവുമില്ലാതെ ബാഹ്യ രാഷ്ട്രങ്ങളെ നേരിടുവാന്‍ സാധിക്കുന്ന അവസ്ഥ കൈവരികയും ചെയ്തു.
അവസരം ഒട്ടും പാഴാക്കാതെ, റോമക്കാരെയും ഇറാനികളെയും നേരിടുവാന്‍ വേണ്ടി മദീനയ്ക്ക് പുറത്ത് വന്നു സമ്മേളിക്കുവാന്‍ അറബ് നേതാക്കള്‍ക്കും യോദ്ധാക്കള്‍ക്കും ഖലീഫ: അബൂബക്കര്‍(റ) അഹ്വാനം നല്‍കി. തല്‍ക്ഷണം മദീനയുടെ പരിസരം തമ്പുകള്‍കൊണ്ട് നിറഞ്ഞു. ഹി.പന്ത്രണ്ടാമാണ്ടില്‍ യസീദുബനു സുഫയാത്ത്(റ)ന്റെ നേതൃത്വത്തില്‍ ഒരു സേനയെ വീണ്ടും ശാമിലേക്കയച്ചു. കൈസറിന്റെ സുശക്ത സേനയുമായി ഏറ്റുട്ടി. അവരുടെ സൈനിക നായകനും ഒട്ടേറെ ഭടന്മാരും കൊല്ലപ്പെടുകയും അവര്‍ പരാജിതരാവുകയും ചെയ്തു. മുസ്ലിംകള്‍ക്ക് വളരെയധികം യുദ്ധമുതലുകള്‍ ലഭിച്ചു. ഇത് ശാമില്‍ മുസ്ലിംകളുടെ രണ്ടാമത്തെ പ്രശസ്ത വിജയമായിരുന്നു.
പിന്നീട് തുടര്‍ച്ചയായി പല മുസ്ലിം സൈനങ്ങളെയും ശാമിലേക്കയച്ചു. വിവിധ നേതാക്കന്മാരുടെ കീഴിലായിരുന്നു ഇങ്ങനെ അയച്ചത്. ഓരോരുത്തര്‍ക്കും ഓരോപ്രദേശം നിര്‍ദ്ദേശിച്ചുകൊടുക്കുകയും ചെയ്തു. എല്ലാവരുടെയും സര്‍വ്വ സൈന്യാധിപനായി അബൂഉബാദ(റ)വിനെയും നിയോഗിച്ചു.
കള്ളപ്രവാചകന്മാര്‍
തിരുനബി (സ്വ) യുടെ കാലത്ത് തന്നെ കപടവിശ്വാസികള്‍ ഉണ്ടായിരുന്നു. രഹസ്യമാക്കിവച്ചിരുന്ന അവരുടെ കാപട്യത്തെ അല്ലാഹു നബി(സ്വ) വെളിപ്പെടുത്തിക്കൊടുത്തു. വിശുദ്ധഖുര്‍ആനില്‍ അവരെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിപ്രകാരമാണ്. നബിയേ, താങ്കളുടെ അടുത്ത് കപടവിശ്വാസികള്‍ വരുമ്പോള്‍ അവര്‍ പറയും:“തീര്‍ച്ചയായും താങ്കള്‍ അല്ലാഹുവിന്‍റെ റസൂല്‍ തന്നെയാണെന്നു ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. താങ്കള്‍ അല്ലാഹുവിന്‍റെ റസൂല്‍ തന്നെയാണെന്ന് അല്ലാഹുവിനറിയാം. തീര്‍ച്ചയായും കപടവിശ്വാസികള്‍ (മുനാഫിഖുകള്‍) കള്ളം പറയുന്നവരാണെന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു. (സൂറത്തുല്‍ മുനാഫിഖൂന്‍).
തിരുനബി(സ്വയുടെ വഫാത്തിനു ശേഷം ഇത്തരം കപടവിശ്വസികള്‍ അവരുടെ വികല വിശ്വാസങ്ങള്‍ പരസ്യപ്പെടുത്താന്‍ തുടങ്ങി. ചിലര്‍ ഇസ്ലാമിന്‍റെ പഞ്ചസ്തംഭങ്ങളിലൊന്നായ സകാത്ത് കൊടുക്കാന്‍ വിസമ്മതിച്ചു. മറ്റു ചിലര്‍ പ്രവാചകത്വം വാദിച്ചു. ഇത്തരക്കാരുടെ വഞ്ചനയിലകപ്പെട്ട ചിലര്‍ മതഭ്രിഷ് ടരായിത്തീരുകയും ചെയ്തു. തിരുനബി(സ്വ) യുടെ സഹയാത്രികനും സന്തത സഹചാരിയുമായ ഇസ്ലാമിന്‍റെ ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖ്(റ) ഇത്തരക്കാരെ അടിച്ചമര്‍ത്തുക തന്നെ ചെയ്തു.
അവര്‍ക്കെതിരെ ശക്തമായ നടപടികളാണ് മഹാന്‍ നടപ്പിലാക്കിയത്. സകാത്ത് നിഷേധികളോട് മൃദുസമീപനം സ്വീകരിക്കാന്‍ ചില സ്വഹാബികള്‍ സിദ്ദീഖ്(റ) നോട് പറഞ്ഞപ്പോള്‍ അദ്ദേഹം അംഗീകരിച്ചില്ല. മറിച്ച് നബി(സ്വ) യുടെ ജീവി തകാലത്ത് സകാത്ത് കൊടുക്കുമ്പോള്‍ മൃഗത്തിന്‍റെ കഴുത്തിലെ കയറോട് കൂടെയാണ് നല്‍കിയതെങ്കില്‍ ഇപ്പോള്‍ ആ കയര്‍ നല്‍കാന്‍ വിസമ്മതിക്കുന്നവരോട് പോലും താന്‍ യുദ്ധം ചെയ്യുമെന്ന് മഹാന്‍ പ്രഖ്യാപിക്കുകയുണ്ടായി.
ഇതേ കര്‍ശന നടപടിയായിരുന്നു പ്രവാചകത്വവാദികളോടും അബൂബക്കര്‍ സിദ്ദീഖ്(റ) സ്വീകരിച്ചത്. ഒന്നാം ഖലീഫയുടെ ഭരണകാലത്ത് പ്രത്യക്ഷപ്പെട്ട പ്രവാചകത്വ വാദികളെ നമുക്ക് ഹൃസ്വ മായൊന്ന് പരിചയപ്പെടാം.
ത്വുലൈഹത് ബി൯ ഖുവൈലിദില്‍ അസദ്
ബനൂഅസദ് ഗോത്രത്തിലെ ജ്യോതിഷിയായ തുലൈഹ പ്രവാചകര്‍ (സ്വ) യുടെ കാലത്ത് ഇസ്ലാം സ്വീകരിച്ചിരുന്നു. നബി(സ്വ) ക്ക് രോഗം ബാധിച്ചപ്പോഴാണ് അധികാര മോഹത്തോടെ അയാള്‍ പ്രവാചകത്വ വാദവുമായി രംഗത്ത് വന്നത്. തന്‍റെ അടുക്കല്‍ ജിബ്രീല്‍(അ) വരുന്നുണ്ടെന്ന് വാദിച്ച തുലൈഹ നിസ്കാരത്തിലെ സുജൂദിനെ നിഷേധിച്ചു.
മുഖത്തെ നിലത്ത് വെക്കാന്‍ ദൈവം കൽപിക്കുകയില്ലെന്നായിരുന്നു ന്യായം. ഈ വ്യാജനെ നേരിടാന്‍ ളിയാറാറുബിന്‍ അസ്വദില്‍ അസദി(റ) യെ നബി(സ്വ) നിയോഗിച്ചുവെങ്കിലും തിരുനബി(സ്വ) യുടെ വഫാത്തിന്‍റെ വാര്‍ത്ത അറിഞ്ഞ സംഘം യുദ്ധം ആരംഭിക്കും മുമ്പ് മദീനയിലേക്ക് മടങ്ങി. പിന്നീടതു തുലൈഹ തന്‍റെ പ്രവാചകത്വ വാദപ്രചാരണം ശക്തമാക്കി. തത്ഫലമായി അസദ്,ഗത്ഫാന്‍, സയ്യിഅ ഗോത്രങ്ങള്‍ തുലൈഹക്ക് പിന്തുണ നല്‍കി.ഒന്നാംഖലീഫ അബൂബക്കര്‍ സിദ്ദീഖ്(റ) അധികാരമേറ്റപ്പോള്‍ തുലൈഹയെ നേരിടാന്‍ ഖാലിദ്ബ്നുവലീദ്(റ) നെ നിയോഗിച്ചു. അവരുമായി നേരിടുന്നതിനു മുമ്പ് തുലൈഹ ശാമിലേക്ക് രക്ഷപ്പെട്ടു. ഇസ്‌ലാംആശ്ലേഷിക്കുകയും ചെയ്തു.
സജാഹ് ബി൯ത് ഹാരിസ്
തമീം ഗോത്രത്തിലെ ബനു യര്‍ബൂഅ കുടുംബത്തിലെ ക്രിസ്ത്യാനിയായ സ്ത്രീയാണ് സജാഹ്. തിരുനബി(സ്വ) യുടെ വഫാത്തിനു ശേഷമാണ് ഇവള്‍ പ്രവാചകത്വവാദവുമായി രംഗത്തെത്തിയത്. ക്രിസ്ത്യാനികളില്‍ നിന്നൊരു സംഘം ഇവളെ പിന്തുണച്ചു. അങ്ങനെ ശക്തിയാര്‍ജിച്ചപ്പോള്‍ സിദ്ദീഖ് (റ) നോടും മുസ്‌ലിംകളോടും യുദ്ധം ചെയ്യാന്‍ മദീന ലക്ഷ്യമാക്കി പുറപ്പെട്ടു. പക്ഷേ സൈനികര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉണ്ടാവുകയും യുദ്ധ ശ്രമം ഉപേക്ഷിക്കുകയുമായിരുന്നു. പിന്നീട് അവള്‍ മറ്റൊരു പ്രവാചകത്വ വാദിയായ മുസൈലിമയെ വിവാഹം ചെയ്തു. ഇവരെ നേരിടാന്‍ ഖലീഫ അബൂബക്കര്‍ സിദ്ദീഖ്(റ) ഖാലിദ്ബിന്‍ വലീദ്(റ) യെ നിയോഗിച്ചു. സൈന്യംഅവരുടെ അനുയായികളെയെല്ലാം തുരത്തിയോടിച്ചു. പില്‍ക്കാലത്ത് സജാഹ് ഇസ്ലാം സ്വീകരിക്കുകയുണ്ടായി.
മുസൈലിമതുല്‍ കദ്ദാബ്
യമാമയിലെ ബനുഹനീഫ ഗോത്രത്തില്‍ പെട്ട പ്രവാചകത്വ വാദിയാണ് മുസൈലിമതുല്‍ കദ്ദാബ്. ബനൂഹനീഫ ഗോത്രക്കരോടൊപ്പംഹിജ്റ ഒമ്പതില്‍ മദീനയില്‍ വന്ന ഇയാള്‍ ഇസ്ലാം സ്വീകരിച്ചിരുന്നുവെങ്കിലും നാട്ടില്‍ തിരിച്ചെത്തി ഹിജ്റ പത്താം വര്‍ഷമാണ് പ്രവാചകത്വ വാദവുമായി രംഗത്ത് വന്നത്. ധാരാളം ആളുകള്‍ മുസൈലിമയുടെ ചതിയില്‍ അകപ്പെടുകയുംചെയ്തു.
നബി(സ്വ)യുടെവഫാത്തിന് ശേഷം പ്രചാരണം ശക്തമാക്കി കൂടുതല്‍ ആളുകളെ തന്നിലേക്ക് ആകര്‍ഷിക്കാന്‍ ഈ കള്ളപ്രവാചകനു സാധിച്ചു. അതിനായി വ്യാജ ഖുര്‍ആന്‍ വരെ നിര്‍മിച്ചു. മുഅ്ജിസതുകള്‍ക്ക് സമാനമായ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശ്രമം നടത്തി. എല്ലാം നേര്‍ വിപരീതമായാണ് സംഭവിച്ചതെന്ന് മാത്രം. കള്ള പ്രവാചകനായ മുസൈലിമയെ നേരിടാന്‍ ഖലീഫ അബൂബക്കര്‍ സിദ്ദീഖ്(റ) ഇകരി മത്തു ബിന്‍ അബീജഹല്‍ (റ) നെ നിയോഗിച്ചു. പിന്നീട സഹായിയായി ഹസന്‍ (റ) നെയും ഖാലിദ്ബിന്‍ വലീദ്(റ) നെയും നിയോഗിച്ചു. യമാമയില്‍വച്ച് ശക്തമായ യുദ്ധം അരങ്ങേറി. വഹ്ശിയുടെ കരങ്ങളാല്‍ മുസൈലിമ കൊല്ലപ്പെട്ടു.
അസ് വദുല്‍ അന്‍സി
നബി(സ്വയുടെ ജീവിത കാലതു തന്നെ യമനില്‍ നിന്നും പ്രവാചകത്വ വാദവുമായി കടന്നുവന്ന വ്യക്തിയാണ് അസ്വദുല്‍ അന്‍സി. ജ്യോതിഷിയായിരുന്ന ഇദ്ദേഹം അത്ഭുത പ്രവര്‍ത്തനങ്ങള്‍ നടത്തി ജനങ്ങളെ വശീകരിച്ചു. ശക്തിയാർജിച്ചു അസ്വദുല്‍ അന്‍സി മുസ്ലിം കള്‍ക്കെതിരെ അക്രമം അഴിച്ചു വിട്ടു. ഒടുവില്‍ അസ്വദിനെ നേരിടാന്‍ നബി(സ്വ) യുടെ അനുമതി ലഭിച്ചു. തുടര്‍ന്ന് ആയുധ സന്നാഹങ്ങളോടെ കാവല്‍ നില്‍ക്കുന്നവരുടെ കണ്ണുവെട്ടിച്ച അസ്‌വദിന്‍റെ വീട്ടില്‍ കയറിപ്പറ്റിയ മുസ്ലിം പ്രതിനിധികള്‍ അയാളുടെ തലയറുത്ത് അവര്‍ക്ക് മുന്നിലിട്ടുകൊടുത്തു. പക്ഷേ ഈ സന്തോഷവാര്‍ത്ത മദീനയിലെത്തു മ്പോഴേക്കും റസൂല്‍(സ്വ) വഫാത്താവുകയും സിദ്ദീഖ്(റ) അധികാരത്തിലെത്തുകയും ചെയ്തിരുന്നു.
ലഖിത്ബ് നു മാലികുല്‍ അസ്‌ദി
റസൂല്‍(സ്വ) യുടെ വഫാത്തിന് ശേഷം ഒമാനില്‍ നിന്നും പ്രവാചകത്വ വാദവുമായികടന്നുവന്ന വ്യക്തിയാണ് ലഖീത്. ഈ വിവരം അറിഞ്ഞ ഉടനെ സിദ്ദീഖ്(റ) ഈ വ്യാജ വാദിയെ വകവരുത്താന്‍ ഹുസൈഫത്ത് ബിന്‍ മിഹ്സനുല്‍ ഹമീരി(റ) യെ ഒമാനിലേക്കും ഒമാനിന്‍റെയും ഹളറമാത്തിന്‍റെയും ഇടയിലെ പ്രദേശമായ മഹ്റയിലെ മതഭ്രഷ്ടരെ തുരത്താന്‍ അര്‍ഫജതുല്‍ ബാരിഖി(റ) യെയും അയച്ചു. രണ്ട് പേരോടും ഒമാനില്‍ നിന്ന് ദൗത്യം ആരംഭിക്കാനായിരുന്നു നിര്‍ദേശിച്ചിരുന്നത്. വഴിയില്‍ വച്ച് മുസൈലിമയെ നേരിടാന്‍ നിയോഗിച്ച ഇക്രിമത്ത് ബിന്‍ അബൂജഹ്ലും അവരോട കൂടെ ചേര്‍ന്നു. ഇവരുടെ വരവറിഞ്ഞ ലഖിത് ദുബായില്‍ സംഘടിച്ചു. അവിടെ വച്ച് ഇരു സൈനൃവും ഏറ്റുമുട്ടി. മുസ്ലിംകള്‍ ആദ്യഘട്ടത്തില്‍ പിന്നാക്കം പോയെങ്കിലും ബനു അബ്ദുഖൈസ്, നാജിയത്ത് എന്നീ ഗോത്രക്കാരുടെ സഹായത്താല്‍ ആത്യന്തിക വിജയം കൈവന്നു.ലഖിതടക്കം പതിനായിരം ശത്രുക്കള്‍ കൊല്ലപ്പെട്ടു.
പ്രവാചകത്വ വാദികളോടും മത്രഭഷ്ടരോടും യാതൊരു വിട്ടുവീഴ്ചയും കാണിക്കാതെ ശക്തമായി അവരെ നേരിടുകയായിരുന്നു ഒന്നാം ഖലീഫ സിദ്ദീഖ്(റ)ചെയ്തത്. പ്രവാചകത്വ വാദികളില്‍ പലരും അല്ലാഹുവിലും തിരു നബി സ്വ യിലും വിശ്വസിച്ചവരായിരുന്നു. എന്നിട്ടും സിദ്ദീഖ്(റ) അവരെ പരാജയപ്പെടുത്തുകയാണുണ്ടായത്. അല്ലാഹുവിലും തിരു ദൂതര്‍(സ്വ) യിലും വിശ്വസിക്കുന്നവരാണ് ഞങ്ങള്‍ എന്ന് പറഞ്ഞും ശഹാദത്ത് കലിമയുടെ പടുകൂറ്റന്‍ ഫ്ളക്സുകള്‍ തങ്ങളുടെ പള്ളികള്‍ക്കും ഓഫീസുകള്‍ക്കും മുമ്പാകെ സ്ഥാപിച്ചും ഇസ്ലാമിന്‍റെ കുപ്പായമണിയാന്‍ ശ്രമിക്കുന്ന ആധുനിക പ്രവാചകത്വ വാദികളായ മീര്‍സായികള്‍ക്കുള്ള മുന്നറിയിപ്പാണ് പ്രവാചകത്വ വാദികളോട് സിദ്ദീഖ്(റ) സ്വീകരിച്ച ശക്തമായ നിലപാടുകള്‍.
തിരുനബി(സ്വയെ ശ്രേഷ്ഠ പ്രവാചകനായി മാത്രം കാണാതെ അന്ത്യ പ്രവാചകന്‍ കൂടിയാണെന്ന ഉറച്ച വിശ്വാസം സിദ്ദീഖ്(റ) ന് ഉണ്ടായിരുന്നത് കൊണ്ടാണല്ലോ തിരു ദൂതരില്‍ വിശ്വസിച്ച പ്രവാചകത്വവാദികളോട് പോലും യാതൊര വിട്ടുവീഴ്ചയും ചെയ്യാതിരുന്നത്. അവരെ തനി കാഫിറുകളായി കാണുകയും അവിശ്വാസികളോടുള്ള സമീപന രീതി സ്വീകരിക്കുകയുമാണ് സ്വഹാബികള്‍ ചെയ്തത്.
അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ്വ) ക്കു ശേഷം ഒരാളെ നബിയായി വേഷം കെട്ടിച്ച് എഴുന്നള്ളിക്കാന്‍ ഖുര്‍ആനിക സൂക്തങ്ങളും തിരു ഹദീസുകളും ദുര്‍വ്യാഖ്യാനം ചെയ്യുന്നമീര്‍സായികള്‍ മനസ്സിലാക്കേണ്ട ചരിത്ര വസ്തുതയാണിത്.
ഖൈസര്‍ കിസ്റ ഭരണങ്ങളുടെ അന്ത്യം
അറേബ്യയുടെ വടക്കന്‍ പ്രദേശങ്ങളില്‍ അക്കാലത്ത് വലിയ സാമ്രാജ്യങ്ങള്‍ നിലനിന്നിരുന്നു. അവയിലൊന്നായിരുന്നു പേര്‍ഷ്യന്‍ സാമ്രാജ്യം. പേര്‍ഷ്യന്‍ ഭരണാധികാരി കിസ്റ (ഖുസ്രു) എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. രണ്ടാമത്തെ ഭരണകൂടമായിരുന്നു റോം അഥവാ ബൈസന്റയിന്‍. റോമന്‍ ചക്രവര്‍ത്തി കൈസര്‍ അഥവാ സീസര്‍ എന്ന പേരിലാണറിയപ്പെട്ടിരുന്നത്.
രാജാക്കന്മാരെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് നബി വിവിധ നാടുകളിലേക്ക് കത്തുകളയച്ചിരുന്നു. പേര്‍ഷ്യന്‍ രാജാവായ കുസ്രുപര്‍വേശ് നബിയുടെ കത്ത് ചീന്തിക്കളയുകയാണുണ്ടായത്. ഈ വിവരമറിഞ്ഞ നബി ഖുസ്രുവിന്റെ രാജ്യവും ഇപ്രകാരം ചീന്തപ്പെടുമെന്ന് പ്രവചിക്കുകയുണ്ടായി. അഗ്നിയാരാധകരായ ഇവര്‍ അറബികളോട് കടുത്ത പകയും വിദ്വേഷവും ഉള്ളവരായിരുന്നു. ഖലീഫ പേര്‍ഷ്യക്കാരെയും റോമക്കാരെയും ഇസ്ലാമിലേക്കു ക്ഷണിച്ചു. ക്ഷണം നിരസിക്കപ്പെട്ടു. തുടര്‍ന്ന് ഇസ്ലാമിക രാഷ്ട്രത്തിന്റെ ആധിപത്യത്തിനു വഴങ്ങി കപ്പം നല്‍കുവാന്‍ ആവശ്യപ്പെട്ടു. ഈ ഉപാധിയും തിരസ്കരിക്കപ്പെട്ടു.
ഇസ്ലാമിക രാഷ്ട്രത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളില്‍ റോമന്‍ പേര്‍ഷ്യന്‍ സൈന്യങ്ങള്‍ ഇടക്കിടെ ആക്രമണം നടത്തിയിരുന്നു. അവരുടെ ആക്രമണത്തില്‍നിന്ന് മുസ്ലിംകള്‍ക്ക് സുരക്ഷിതത്വം നല്‍കാനും അടുത്ത പ്രദേശങ്ങളില്‍ നിര്‍ഭയമായി ഇസ്ലാമികപ്രബോധനം നിര്‍വഹിക്കനുള്ള സാഹചര്യം ഒരുക്കാനും ഇസ്ലാമിക രാഷ്ട്രം ബാധ്യസ്ഥമായിരുന്നു. ഇക്കാരണത്താല്‍ റോമാ പേര്‍ഷ്യന്‍ സൈന്യങ്ങളുമായി ഏറ്റുമുട്ടല്‍ അനിവാര്യമായിത്തീര്‍ന്നു.
നബി മരണപ്പെടുന്നതിനു തൊട്ടുമുമ്പ് അറേബ്യയുടെ വടക്കേ അതിര്‍ത്തിയില്‍ റോമന്‍ സൈന്യം നടത്തിക്കൊണ്ടിരുന്ന അക്രമങ്ങളെ ചെറുക്കുന്നതിന് 18 വയസ്സു മാത്രമുള്ള ഉസാമത് ബ്നു സൈദിന്റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ സജ്ജമാക്കിയിരുന്നു. അബൂബക്കര്‍ സിദ്ദീഖ് ഖലീഫയായ ശേഷവും റോമക്കാരുടെ അക്രമം തുടര്‍ന്നു. നബിയുടെ കല്‍പനപ്രകാരം സജ്ജമാക്കിയിരുന്ന സൈന്യത്തെ അദ്ദേഹം ലക്ഷ്യസ്ഥാനത്തേക്കയച്ചു.
അതിര്‍ത്തി പ്രദേശങ്ങളിലെ അറബികള്‍ മുസ്ലിംകളായതോടെ പേര്‍ഷ്യന്‍ ഉപദ്രവം പൂര്‍വാധികം ശക്തിപ്പെട്ടു. അറബികളുടെ സഹായാഭ്യര്‍ഥന പരിഗണിച്ച ഖാലിദുബ്നുല്‍ വലീദിന്റെ നേതൃത്വത്തില്‍ മുസ്ലിംസൈന്യം പേര്‍ഷ്യക്കാരുമായി ഏറ്റുമുട്ടി. പേര്‍ഷ്യക്കാര്‍ അടിമകളാക്കിയ മുസ്ലിംകളെ മോചിപ്പിച്ചു. നിരവധി പട്ടണങ്ങള്‍ കീഴടക്കി. പേര്‍ഷ്യന്‍ രാജാവായ ഖുസ്രുപര്‍വേസിന്റെ രാജ്യം ഛിന്നഭിന്നമാകത്തക്കവിധം കനത്ത ആഘാതമാണ് പേര്‍ഷ്യക്കാര്‍ക്കുണ്ടായത്. ധീരനായ ഖാലിദുബ്നുല്‍ വലീദിന്റെ നേതൃത്വത്തില്‍ മുസ്ലിംസൈന്യം പേര്‍ഷ്യക്കാരുടെ മേല്‍ നിര്‍ണായക വിജയം കൈവരിച്ചു. ഖുസ്രുവിന്റെ രാജ്യം ചീന്തപ്പെടുമെന്ന നബിയുടെ പ്രവചനം ഇവിടെ യാഥാര്‍ഥ്യമായി ഭവിച്ചു.
റോമക്കാരുടെ ആക്രമണങ്ങള്‍ക്ക് അറുതിവരുത്തുവാന്‍ പുറപ്പെട്ട സൈന്യം യര്‍മൂഖില്‍ വെച്ച് റോമന്‍ സൈന്യവുമായി ഏറ്റുമുട്ടി. ശുറഹ്ബീലുബ്നുഹസന, അബൂഉബൈദ, അംറുബ്നുല്‍ആസ്, യസീദുബ്നു അബൂസുഫ്യാന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചരിത്രപ്രസിദ്ധമായ യര്‍മൂഖ് യുദ്ധം ഒരു ഘട്ടത്തിലെത്തിയപ്പോള്‍ പേര്‍ഷ്യന്‍ സൈന്യത്തെ പരാജയപ്പെടുത്തി വിജയശ്രീലാളിതനായ ഖാലിദുബ്നുല്‍ വലീദ് ഖലീഫയുടെ നിര്‍ദേശപ്രകാരം യര്‍മൂഖിലെത്തി. ഇദ്ദേഹം സൈനിക നേതൃത്വം ഏറ്റെടുത്തു. ഒരു ലക്ഷത്തിലധികം വരുന്ന റോമന്‍ സൈന്യത്തെ നാല്‍പ്പതിനായിരത്തോളം വരുന്ന മുസ്ലിം സൈന്യം ദയനീയമായി പരാജയപ്പെടുത്തി. സൈന്യാധിപനായിരുന്ന ഖാലിദുബ്നുല്‍വലീദിന്റെ ധീരവും തന്ത്രപരവുമായ സൈനിക നീക്കങ്ങള്‍ യര്‍മൂഖ് യുദ്ധം വിജയിക്കുവാന്‍ പ്രധാന കാരണമായിരുന്നു. ഈ യുദ്ധത്തോടുകൂടി സിറിയ, ഫലസ്ഥീന്‍ പ്രദേശങ്ങളുടെ വാതിലുകള്‍ മുസ്ലിംകള്‍ക്കായി തുറക്കപ്പെട്ടു.
ഖുര്‍ആന്‍ ക്രോഡീകരണം
പരിശുദ്ധഖുര്‍ആന്‍ ക്രോഡീകരണമാണ് അബൂബകര്‍ സിദ്ദീഖിന്റെ മറ്റൊരു പ്രധാന നേട്ടം. നബിയുടെ കാലത്തുതന്നെ ഖുര്‍ആന്‍ ആയിരക്കണക്കിന് സ്വഹാബികള്‍ മനഃപാഠമാക്കിയിരുന്നെങ്കിലും ഒരു ഗ്രന്ഥത്തില്‍ ക്രോഡീകരിക്കപ്പെട്ടിരുന്നില്ല. ഖുര്‍ആന്‍ മനഃപ്പാഠമാക്കിയ നിരവധി സ്വഹാബികള്‍ യമാമായുദ്ധത്തില്‍ രക്തസാക്ഷികളായി. ഈ സംഭവത്തെത്തുടര്‍ന്ന് ഉമര്‍ നിര്‍ദേശിച്ചതനുസരിച്ച് നബിയുടെ വഹ്യ് എഴുത്തുകാരനായിരുന്ന സയ്ദുബ്നുസാബിതിന്റെ നേതൃത്വത്തില്‍ ഒരു സംഘത്തെ ഖുര്‍ആന്‍ ക്രോഡീകരിച്ച് ഗ്രന്ഥരൂപത്തിലാക്കുന്നതിന്റെ ചുമതല ഏല്‍പ്പിച്ചു. അവര്‍ സ്വഹാബികള്‍ മനഃപ്പാഠമാക്കിയിരുന്ന ഖുര്‍ആന്‍ സൂക്തങ്ങളും വഹ്യ് സമയത്ത് രേഖപ്പെടുത്തിയിരുന്ന മുഴുവന്‍ ലിഖിത രൂപങ്ങളും വളരെ സൂക്ഷമമായി പരിശോധിച്ച് പരിശുദ്ധഖുര്‍ആന്‍ ഗ്രന്ഥരൂപത്തില്‍ എഴുതിത്തയ്യാറാക്കി.
രണ്ടു ഘട്ടങ്ങളില്‍ ഖുര്‍ആന്റെ ക്രോഢീകരണം നടന്നിട്ടുണ്ട്. ഒന്നാം ഘട്ടം നുബുവ്വത്തിന്റെ കാലത്തും രണ്ടാം ഘട്ടം ഖുലഫാഉറാശിദുകളുടെ കാലത്തും. രണ്ട് ഘട്ട ക്രോഢീകരണങ്ങള്‍ക്കും അതിന്റെതായ പ്രാധാന്യവും പ്രസക്തിയുമുണ്ട്. ഗ്രന്ഥരൂപത്തിലുള്ള ക്രോഢീകരണം ഒന്നാം ഘട്ടത്തില്‍ നടന്നിട്ടില്ല. എങ്കിലും ഖുര്‍ആന്‍ ആദ്യം മുതല്‍ അവസാനം വരെ ക്രമരാഹിത്യം കൂടാതെ ഹൃദയങ്ങളില്‍ സംരക്ഷിക്കപ്പെട്ടു. ‘ജംഅ്’ എന്ന പദം ഈ ആശയത്തെയും ഉള്‍കൊള്ളുന്നുണ്ട്. മനഃപാഠമാക്കിയത് പോലെ ആദ്യാവസാനം പലസ്ഥലങ്ങളിലായി രേഖപ്പെടുത്തിവെക്കുകയും ചെയ്തിരുന്നു. രേഖപ്പെടുത്തിയതെല്ലാം ഒരു ഗ്രന്ഥത്തില്‍ സമാഹരിക്കാനുള്ള സാവകാശം നബി(സ)ക്ക് കിട്ടിയിരുന്നില്ല. വഫാത്തിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അവസാനസൂക്തം അവതരിച്ചത്.
എണ്ണമറ്റ ഹാഫിളുകളായ സ്വഹാബികളുടെ സാന്നിധ്യം അത്തരം ചിന്തകളെ അപ്രസക്തമാക്കിയിരുന്നു. നബി (സ)യില്‍ നിന്ന് ഖുര്‍ആന്‍ കേള്‍ക്കുന്ന മാത്രയില്‍ അവരത് ഹൃദിസ്ഥമാക്കി. വീടുകളില്‍ ചെന്ന് ഭാര്യമാര്‍ക്കും മക്കള്‍ക്കുമെല്ലാം അവരത് പരിശീലിപ്പിച്ചു. തേനീച്ചകളുടെ രാഗം പോലെ രാത്രികാലങ്ങളില്‍ സ്വഹാബികളുടെ വീടുകളില്‍ നിന്ന് ഖുര്‍ആന്‍ പാരായണം പതിവായിരുന്നു. വിവിധ നാടുകളിലേക്ക് ഖുര്‍ആന്‍ പഠിപ്പിക്കാന്‍ പലസ്വഹാബികളേയും നബി(സ) നിയോഗിച്ചിരുന്നു. ഹിജ്‌റക്ക് മുമ്പ് മുസ്അബുബ്‌നു ഉമൈര്‍ (റ), അബ്ദുല്ലാഹിബ്‌നു ഉമ്മു മക്തൂം(റ) എന്നിവരെ മദീനയിലേക്ക് അയച്ചത് അവര്‍ക്ക് ദീനും ഖുര്‍ആനും പഠിപ്പിക്കാനായിരുന്നു. ഹിജ്‌റക്കു ശേഷം മുആദുബ്‌നു ജബല്‍ (റ) നെ മക്കയിലേക്ക് പറഞ്ഞ് വിട്ടതും മറ്റൊരു ലക്ഷ്യത്തിലായിരുന്നില്ല.
ഖുര്‍ആന്‍ അറിയാത്തവര്‍ക്ക് പഠിപ്പിക്കാനായി ഒരാള്‍ക്ക് ഒരധ്യാപകന്‍ എന്ന വിധം നബി (സ) സ്വഹാബികളെ ചുമതലപ്പെടുത്തിയിരുന്നു. മസ്ജിദുന്നബവി സ്വഹാബത്തിന്റെ ഖുര്‍ആന്‍ പാരായണ ശബ്ദ മുഖരിതമായപ്പോള്‍ നബി (സ) ശബ്ദം താഴ്ത്തിയോതാന്‍ അവരോട് കല്‍പിച്ചു. കൂട്ടഓത്ത് അപശബ്ദമായി ശ്രോതാക്കള്‍ക്ക് അനുഭവപ്പെടാതിരിക്കാന്‍ വേണ്ടിയായിരുന്നു അപ്രകാരം കല്‍പിച്ചത്. ഖുര്‍ആനിന്റെ ഈ ജനകീയത അതൊരു ഗ്രന്ഥത്തില്‍ സമാഹരിക്കുക എന്ന ആലോചനകള്‍ക്കതീതമായിരുന്നു.
ഖുര്‍ആനിനെ ഹൃദയങ്ങളില്‍ സംരക്ഷിച്ച് നിര്‍ത്തുക എന്നത് മുഹമ്മദ് നബി(സ്വ) യുടെ ഉമ്മത്തിന്റെ ഏറ്റവും വലിയ സവിശേഷതയുമാണ്. മുന്‍ വേദക്കാര്‍ക്ക് ഈ ഗുണമുണ്ടായിരുന്നില്ല. അവര്‍ ഗ്രന്ഥങ്ങളെ ആശ്രയിച്ചും അവലംബിച്ചുമാണ് ജീവിച്ചത്. ജീവിക്കുന്ന തൗറാത്തുകളും ഇഞ്ചീലുകളുമില്ലാതിരുന്നപ്പോള്‍ നിര്‍ജീവമായ ഏടുകളില്‍ അവര്‍ കൈവെച്ചു. സൗകര്യം പോലെ അവര്‍ തിരുത്തിയെഴുതി. ഹലാലുകളെ ഹറാമുകളും ഹറാമുകളെ ഹലാലുകളുമാക്കി. അവരെ തടയാന്‍ ആര്‍ക്കുമായില്ല. ഖുര്‍ആനിലെ ഒരക്ഷരംപോലും തിരുത്താന്‍ കഴിയാത്തത് മനുഷ്യഹൃദയങ്ങളില്‍ അതെക്കാലത്തും സൂക്ഷിക്കപ്പെട്ടത് കൊണ്ടാണ്.
അബൂബക്ര്‍ (റ)ന്റെ കാലത്തെ ക്രോഢീകരണം
അബൂബക്ര്‍(റ) ഖലീഫയായി ബൈഅത്ത് ചെയ്യപ്പെട്ടത് പ്രതിസന്ധികളുടെ മധ്യത്തിലായിരുന്നു. നിരവധി പ്രശ്‌നങ്ങളിലൊന്നായിരുന്നു കള്ള പ്രവാചകന്മാരുടെ അരങ്ങേറ്റം. നിരവധിപേര്‍ പ്രവാചകത്വവാദവുമായി രംഗത്ത് വന്നു. അവരില്‍ ശക്തനായിരുന്നു മുസൈലിമത്തുല്‍ കദ്ദാബ്. നബി(സ്വ) യുടെ കാലത്തുതന്നെ മുസൈലിമ നുബുവ്വത്ത് വാദവുമായി രംഗത്തുണ്ടായിരുെന്നങ്കിലും ശക്തിപ്പെട്ടത് അവിടുത്തെ വഫാത്തിനുശേഷമായിരുന്നു. ഖുര്‍ആനിനുപകരം പലവ്യാജ ജല്‍പനങ്ങളും അയാള്‍ കെട്ടിയുണ്ടാക്കിയിരുന്നു.
നബി(സ്വ) യുടെ വഫാത്തിനു ശേഷം ബനൂഹനീഫുകാര്‍ മതഭൃഷ്ടരായി. മുസൈലിമ പ്രസ്തുത ഗോത്രക്കാരനായിരുന്നു. നബി(സ്വ); പ്രവാചകത്വത്തില്‍ നിന്ന് തനിക്ക് ഒരു പങ്ക് ഭാഗിച്ചുതന്നതായി അയാള്‍ വാദിച്ചു. നിര്‍ബന്ധപൂര്‍വ്വം തന്റെ കുടുംബത്തെ അയാളത് വിശ്വസിപ്പിച്ചു. അതുകാരണം ഹനീഫ ഗോത്രം അയാളുടെ വാദങ്ങള്‍ ശക്തിപ്പെടുത്തുന്ന സാക്ഷികളായി. ഈസന്ദര്‍ഭത്തില്‍ അവരുമായി ഏറ്റുമുട്ടാന്‍ ഇക്‌രിമ(റ) ന്റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ അബൂബക്ര്‍(റ) നിയോഗിച്ചു.
പ്രസ്തുത സൈന്യത്തില്‍ ഖാലിദുബ്‌നുല്‍ വലീദ്(റ) ന്റെ നേതൃത്വത്തിലുള്ള സൈന്യവും കൂടി ചേര്‍ന്നു ഇവരെ നേരിടാന്‍ നാല്‍പതിനായിരം പേര്‍ ഉള്‍കൊള്ളുന്ന ഒരു സൈന്യത്തെ മുസൈലിമ അഖ്‌രിബാഇല്‍ വിന്യസിച്ചു. ആദര്‍ശത്തിനപ്പുറം പക്ഷപാതിത്വം തലക്കുപിടിച്ചവരായിരുന്നു മുസൈലിമയുടെ അധിക സൈനികരും. മുസൈലിമ വ്യാജനാണെന്ന് അവര്‍ക്ക് ബോധ്യമുണ്ടായിരുന്നു. ‘മുളര്‍ഗോത്രത്തിലെ സത്യസന്ധനെക്കാള്‍ ഞങ്ങള്‍ക്ക് പ്രിയം റബീഅ ഗോത്രത്തിലെ വ്യാജനോടാണെന്നവര്‍ പറഞ്ഞിരുന്നു.
മുസ്‌ലിം സൈന്യത്തിന്റെയും മുസൈലിമയുടെയും ഇടയില്‍ ശക്തമായ പോരാട്ടം നടന്നു. റൗളാശരീഫില്‍ അന്ത്യവിശ്രമം കൊള്ളുന്ന നബി(സ്വ) യോട് സഹായമഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു സ്വഹാബിമാര്‍ യുദ്ധത്തില്‍ വിജയശ്രീലാളിതരായത്. ‘യാമുഹമ്മദാഹ്’ എന്ന വിളിയായിരുന്നു യമാമ യുദ്ധത്തിന്റെ അടയാളമെന്ന് പ്രബല ചരിത്രഗന്ഥങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അന്തിമ വിജയം മുസ്‌ലികള്‍ക്കായിരുന്നെങ്കിലും നിരവധി പ്രമുഖര്‍ യമാമയില്‍ രക്തസാക്ഷികളായി.
ഖുര്‍ആന്‍ മനഃപാഠമുള്ള എഴുപത് പേര് അക്കൂട്ടത്തിലുണ്ടായിരുന്നു. നബി(സ്വ) യുടെ കാല ഘട്ടത്തില്‍ നടന്ന ബിഅ്‌റ് ഉഊനാ സംഭവത്തിലും സമാന അനുഭവം മുസ്‌ലിംകള്‍ക്കുണ്ടായിട്ടുണ്ട്. അന്നും എഴുപത് ഹാഫിളുകള്‍ കൊല്ലപ്പെട്ടിരുന്നു.
യമാമയിലെ ഹാഫിളുകളുടെ രക്തസാക്ഷിത്വം ഉമര്‍(റ) നെ ആശങ്കപ്പെടുത്തി.
തന്റെ ആശങ്ക അദ്ദേഹം അബൂബക്ര്‍(റ) നെ അറിയിച്ചു. യമാമയിലെ ഹാഫിളുകളുടെ രക്തസാക്ഷിത്വം ഉമ്മത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. ഖുര്‍ആന്‍ മനഃപാഠമുള്ളവര്‍ മരണപ്പെടുന്നത് വിശുദ്ധഗ്രന്ഥം നമുക്ക് നഷ്ടപ്പെടാനുള്ള ഹേതുവാകും. അതുകൊണ്ട് ഖുര്‍ആന്‍ ഒരു ഗ്രന്ഥമായി ക്രോഢീകരിക്കണം. ആദ്യം ഉമര്‍ (റ) അഭിപ്രായത്തെ അബൂബക്ര്‍(റ) നിരസിച്ചു.
നബി(സ്വ) ചെയ്യാത്തകാര്യം നാമെങ്ങനെ ചെയ്യും? എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പിന്നെ കാര്യം അദ്ദേഹത്തിനും ബോധ്യപ്പെട്ടു. അങ്ങനെ ഖുര്‍ആന്‍ ക്രോഢീകരണ ചര്‍ച്ച സജീവമായി. നബി(സ്വ) യുടെ വഹ്‌യ് എഴുത്തുകാരനായിരുന്ന സൈദുബ്‌നു സാബിത്(റ) നെ വിളിച്ചുവരുത്തി.
അദ്ദേഹത്തിന്റെ മുമ്പില്‍ കാര്യം അവതരിപ്പിച്ചു. അബൂബക്ര്‍(റ) നെപോലെ ആദ്യം സൈദ്(റ) വും തന്റെ അനിഷ്ടം അറിയിച്ചു. പിന്നെ അദ്ദേഹത്തിനും കാര്യം ബോധ്യപ്പെട്ടു. അങ്ങനെ പ്രസ്തുത ദൗത്യത്തിന്റെ ഉത്തരവാദിത്വം സൈദ്(റ) നെ ഖലീഫ ഏല്‍പിച്ചു. ”ഒരു മല ചുമക്കാനാണ് കല്‍പിക്കപ്പെട്ടിരുന്നതെങ്കില്‍ എനിക്കിത്ര ഭാരം അനുഭവപ്പെടുമായിരുന്നില്ല”. താന്‍ ഏല്‍പിക്കപ്പെട്ട ചുമതലാനിര്‍വഹണത്തിലെ ത്യാഗത്തെ സൈദ്(റ) ഇങ്ങനെയാണ് പ്രകടിപ്പിച്ചത്.
അങ്ങനെ അദ്ദേഹം തന്റെ ദൗത്യം ആരംഭിച്ചു. ഖുര്‍ആന്‍ എഴുതപ്പെട്ട ഈത്തപ്പനമട്ടലുകള്‍, കല്‍പാളികള്‍, തോലുകള്‍ എല്ലാം സമാഹരിച്ചു. ഹാഫിളുകളുടെ സഹായവും തേടി. സൂറത്തുത്തൗബയുടെ അവസാന വാക്യങ്ങളുടെ ലിഖിതരേഖ പലയിടങ്ങളിലും അന്വേഷിച്ചു. അവസാനം അത്കിട്ടിയത് അന്‍സ്വാരി സ്വഹാബിയായ അബൂഖുസൈമ(റ) യില്‍ നിന്നായിരുന്നു. സൈദ്(റ) സമാഹരിച്ച പ്രസ്തുത മുസ്ഹഫ് അബൂബക്ര്‍(റ) തന്റെ സംരക്ഷണത്തില്‍ സൂക്ഷിച്ചു. പിന്നീട് ഉമര്‍(റ) ന്റെ കൈവശമായിരുന്നു. ഉമര്‍(റ) ന്റെ വഫാത്തിന് ശേഷം മകള്‍ ഹഫ്‌സ്വ (റ)യാണ് പ്രസ്തുത മുസ്ഹഫ് സൂക്ഷിച്ചിരുന്നത്.
അബൂബക്ര്‍(റ) ന്റെ മുസ്ഹഫിന്റെ പ്രത്യേകതകള്‍
1. അതിസൂക്ഷമ പരിശോധനകള്‍ക്കും സ്‌കലിത മുക്തമായ സാക്ഷ്യപ്പെടുത്തലുകള്‍ക്കും ശേഷമായിരുന്നു അത്.
2. പാരായണം ദുര്‍ബലപ്പെടുത്തപ്പെട്ട ഒന്നും അതില്‍ ചേര്‍ക്കപ്പെട്ടില്ല.
3. ഉമ്മത്തിന്റെ ഇജ്മാഅ് ഈ ക്രോഢീകരണത്തിനുണ്ട്.
4. സ്ഥിരപ്പെട്ട ഏഴ് പാരായണ ശൈലികളെയും അതുള്‍ക്കൊള്ളുന്നു.
ഈ സമാഹാരത്തെ ശ്ലാഘിച്ചുകൊണ്ട് അലി(റ) പറഞ്ഞു.”മുസ്ഹഫ് ക്രോഢീകരണത്തില്‍ ഏറ്റവും പ്രതിഫലം ലഭിക്കുന്നത് അബൂബക്ര്‍(റ)നാണ്. അവര്‍ക്ക് അല്ലാഹു അനുഗ്രഹം ചെയ്യട്ടെ. അവരാണ് ആദ്യം ഖുര്‍ആന്‍ ക്രോഢീകരിച്ചത്”.
കോട്ടിട്ട മാലാഖമാര്‍
ധനികനായിരുന്ന അബൂബക്കര്‍(റ) സമ്പാദ്യം മുഴുക്കെ ധര്‍മം ചെയ്ത് പരമദരിദ്രനായി മാറി. ഉടുതുണിക്ക് മറുതുണിയില്ലാതെ മൂന്ന് നാള്‍ കഴിയേണ്ടിവന്നു. ആ ദിവസങ്ങളില്‍ വീട്ടില്‍ തന്നെ കഴിഞ്ഞുകൂടി. നാണം മറക്കാനില്ലാതെ എങ്ങനെ പുറത്ത് പോകു? മൂന്ന് രാപ്പകലുകള്‍ നബി(സ്വ)യെ സന്ദര്‍ശിക്കാന്‍ സാധിക്കാത്ത അദ്ദേഹത്തിന്‍റെ മനസ്സ് നൊന്തു. മിഴികള്‍ തൂകി. വിവരമറിഞ്ഞപ്പോള്‍ ഫാത്വിമ ബീവി(റ) ഒരു വസ്ത്രം സമ്മാനിച്ചു. തുറന്ന ഒരു കോട്ടായിരുന്നു അത്. ബീവി സ്വന്തമായി നെയ്തുണ്ടാക്കിയത്. കിട്ടിയപാടേ ഉടുത്തിറങ്ങി. തുറന്ന മുന്‍ഭാഗം മറച്ചുവെക്കാനായി ഒരു മുള്ള് പറിച്ചെടുത്ത് തുന്നി.
പ്രവാചക സന്നിധിയില്‍ ആഗതനായ അബൂബക്കര്‍(റ)നെ ആപാദചൂടം തിരുനബി(സ്വ) കണ്ണോടിച്ചു. നഗ്നപാദനും തുന്നിച്ചേര്‍ത്ത ഓവര്‍കോട്ടും. അപ്പോഴതാ ജിബ്രീല്‍(അ) ആഗതനാകുന്നു. മലക്കിന്‍റെ വേഷം അബൂബക്കറി(റ)ന്‍റേത് തന്നെ. ‘അങ്ങയെ ഇതിന് മുമ്പ് ഇപ്രകാരം കണ്ടിട്ടില്ലല്ലോ’. മലക്കിനോട് നബി(സ്വ) പറഞ്ഞു. ജിബ്രീല്‍(അ)ന്‍റെ മറുപടി നബി(സ്വ) കോരിത്തരിപ്പിച്ചു: ‘ഞാന്‍ മാത്രമല്ല, വാനലോകത്തെ സകല മലക്കുകളും ഇന്ന് ഈ വേഷക്കാരാണ്. അബൂബക്കര്‍(റ)നോടുള്ള അനുഭാവം പ്രകടിപ്പിക്കാന്‍ (ദുറത്തുന്നാസിഹീന്‍: 163).
ജിസിയ
മുസ്ലിംകള്‍ക്ക് സകാത് നിര്‍ബന്ധമാക്കിയതുപോലെ അമുസ്ലിംകളില്‍നിന്നും ജിസ്യ പിരിച്ചെടുക്കുകയുണ്ടായി. മുസ്ലിംകളല്ലാത്തവര്‍ക്ക് രാഷ്ട്രം പൂര്‍ണസംരക്ഷണം ഉറപ്പുവരുത്തിയിരുന്നു. ഇവരില്‍ സൈനികസേവനത്തിന് തയ്യാറാകുന്നവരില്‍നിന്നും ജിസ്യ ഈടാക്കിയിരുന്നില്ല. സകാതും ജിസ്യയും രാഷ്ട്രനിവാസികളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുകയും ക്ഷേമരാഷ്ട്രത്തിന്റെ പദവിയിലേക്ക് ഇസ്ലാമിക രാഷ്ട്രത്തെ ഉയര്‍ത്തുകയും ചെയ്തു.
ജിസിയയും ചില വിമർശനങ്ങളും
തിരുനബിയുടെ രാഷ്ട്രത്തില്‍ അമുസ്‌ലിംകളെ ഹര്‍ബിയ്യ്, ദിമ്മിയ്യ് എന്നിങ്ങനെ വേര്‍തിരിക്കുകയും ജിസ്‌യഃ എന്ന പേരില്‍ മത നികുതി ചുമത്തുകയും ചെയ്യുന്നു എന്ന് ആരോപണമുണ്ട്. എന്താണ് വാസ്തവം?
ഹര്‍ബിയ്യ് അല്ലെങ്കില്‍ ദിമ്മിയ്യ് എന്ന് രണ്ടായി വിഭജിച്ചിട്ടുണ്ട് എന്നത് ശരിയാണ്. ആദ്യം ദിമ്മിയ്യ് എന്താണ് എന്ന് പറയാം. ഇസ്‌ലാമിക രാഷ്ട്രം മതനികുതി ചുമത്തിയെന്ന് ആരോപിക്കുന്നത് ഇവര്‍ക്കാണ്. എന്താണ് ആ പദത്തിന്റെ അര്‍ഥം?
മുസ്‌ലിം സമുദായത്തിന്റെ കൂടെ ജീവിക്കുന്നതിന്ന് തിരുനബി പ്രത്യേകം സംരക്ഷണം വാഗ്ദാനം ചെയ്ത വേദക്കാരാണ് ദിമ്മിയ്യ്. ദിമ്മത് എന്ന അറബി പദത്തില്‍ നിന്നാണീ വാക്ക് വരുന്നത്. അഹ്ദ്(കരാര്‍), അമാന്‍(നിര്‍ഭയത്വം), കഫാലത്(സംരക്ഷണം) എന്നൊക്കെയാണ് ഈ വാക്കിന്റെ വിവക്ഷ. വേദക്കാർക്ക് ഇസ്‌ലാമിക ഭരണകൂടം പ്രത്യേകമായി ഉറപ്പു വരുത്തിയിട്ടുള്ള സുരക്ഷയാണ് ഇതിന്റെ താത്പര്യമെന്ന് തിരുനബി ഓരോ ഗവര്‍ണര്‍മാര്‍ക്കും നല്‍കിയിരുന്ന നിര്‍ദ്ദേശങ്ങളില്‍ നിന്നു വ്യക്തമായി മനസ്സിലാക്കാം: ‘നിങ്ങളെ അഭയമായി കാണുന്ന ദിമ്മികള്‍ക്ക് നിങ്ങള്‍ അല്ലാഹുവിന്റെയും നബിയുടേതുമായ സംരക്ഷണം നല്‍കണം. നിങ്ങളുടെ അനുയായികളെ പോലെ അവരെയും കാണുക. സ്വന്തം അനുയായികളെ വഞ്ചിക്കുന്നതിലും ഗൗരവാര്‍ഹമാണ് അവരോട് അനീതി കാട്ടുന്നത്(മുസ്‌ലിം 2/1357).
ദിമ്മികളെ അടിച്ചമര്‍ത്തുകയോ അവരുടെ കഴിവിന്നതീതമായ ഭാരം അടിച്ചേല്പ്പിക്കുകയോ അവരോട് ക്രൂരമായി പെരുമാറുകയോ അവരുടെ അവകാശങ്ങള്‍ ഹനിക്കുകയോ ചെയ്താല്‍ അന്ത്യനാളില്‍ ഞാന്‍ അവര്‍ക്കെതിരെ പരാതി ഉന്നയിക്കുന്നതാണ് എന്ന് തിരുനബി പറഞ്ഞിട്ടുണ്ട്.
അബൂബക്ര്‍ (റ) പ്രഥമ ഖലീഫയായി അവരോധിതനായപ്പോള്‍ നജ്‌റാനിലെ ഗവര്‍ണര്‍ക്ക് അവിടെ താമസിച്ചിരുന്ന ക്രൈസ്തവ ന്യനപക്ഷത്തെ സംബന്ധിച്ച് അയച്ച കത്തും ശ്രദ്ധേയമാണ്:
അമുസ്‌ലിംകള്‍ക്ക് നബിതിരുമേനിയുടെ സംരക്ഷണം നല്‍കണം, അവരുടെ സ്ഥാരവ ജംഗമ സ്വത്തുക്കളും ആരാധാനാലയങ്ങളും പുരോഹിതരുമെല്ലാം സുരക്ഷിതരാകണം. അവര്‍ക്ക് പ്രയാസമോ നാശ നഷ്ടങ്ങളോ ഉണ്ടാകരുത് (കിതാബുല്‍ ഖറാജ് 79).
തഥൈവ, ഖലീഫാ ഉമര്‍(റ) മരണശയ്യയിലും തന്റെ പിന്‍ഗാമികളായ ഭരണാധികാരികള്‍ക്ക് നല്‍കിയ വസ്വിയ്യത്തില്‍ ദിമ്മികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം എന്നും ആവശ്യമെങ്കില്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി യുദ്ധം ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതേ പ്രകാരം അലി(റ)യുടെയും കത്തുകളുണ്ട്. ചുരുക്കത്തില്‍ അവര്‍ മറ്റു പൗരന്മാരെ പോലെ തന്നെയാണ്. ഇമാം ഔസാഈ പറയുന്നു: അവര്‍ അടിമകളല്ല. സുരക്ഷിതരായ സ്വതന്ത്ര പൗരന്മാര്‍ തന്നെയാണ് (കിതാബുല്‍ അംവാല്‍ 150).
വ്യാപകമായ ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് കാരണമായ ഒരു നടപടിയാണ് ദിമ്മികള്‍ ജിസ്‌യ നല്കണം എന്ന് നിര്‍ദേശിക്കപ്പെട്ടത്. തിരുനബി മുസ്‌ലിം, അമുസ്‌ലിം പ്രജകള്‍ക്കിടയില്‍ വിവേചനം കാണിക്കുകയാണെന്ന ചിലര്‍ വിചാരിച്ചു. വാസ്തവത്തില്‍ ഇതു രാഷ്ട്രത്തിന്റെ നികുതി സമ്പ്രദായത്തില്‍ സാമ്പത്തിക തുലനം ഉറപ്പ് വരുത്തുവാനുള്ള ചട്ടങ്ങളുടെ ഭാഗമത്രെ.
മുസ്‌ലിം പ്രജകള്‍ വര്‍ഷാവര്‍ഷം സമ്പാദ്യത്തിന്റെ രണ്ടര ശതമാനം സകാത് കൊടുക്കണമെന്ന് നിയമമുണ്ട്. അതു പിരിച്ചെടുക്കാന്‍ പ്രത്യേകം ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. ‘ആമില്‍’ എന്നാണ് ഈ ഉദ്യോഗസ്ഥര്‍ അറിയപ്പെടുന്നത്.
എന്നാല്‍, ദിമ്മികള്‍ക്ക് വിശ്വാസ സ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും വകവെച്ചു കൊടുത്തിട്ടുള്ളതിനാല്‍ അവരില്‍നിന്ന് സകാത് പിരിക്കുക എന്നത് അപ്രായോഗികമാണ്. അത് അവരുടെ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതും മുസ്‌ലിംകള്‍ക്ക് മാത്രം ബാധകമായ സിവില്‍ ചട്ടങ്ങള്‍ അവര്‍ക്ക് കൂടി അടിച്ചേല്പ്പിക്കുന്നതുമായി തീരും. ഈ സാഹചര്യത്തില്‍ പ്രജകളില്‍ നിന്ന് പിരിച്ചെടുക്കുന്ന ധനത്തിന്റെ വിഷയത്തില്‍ സന്തുലിതമായ നിലപാട് ഉണ്ടാകണമെങ്കില്‍ ഇതര മാര്‍ഗങ്ങള്‍ ആരായുകയാണ് പോംവഴി. അതിനാലത്രെ തിരുനബി സകാതില്‍ നിന്ന് അവരെ ഒഴിവാക്കി പകരം ജിസ്‌യഃ നടപ്പില്‍ വരുത്തിയത്.
സകാതിനെ അപേക്ഷിച്ചു പല ഇളവുകളും ജിസ്‌യയുടെ ഉപാധികളില്‍ ഉണ്ട് എന്നതും കാണാതിരുന്നുകൂടാ. സകാതിന്റെ കാര്യത്തില്‍ പ്രായഭേദമോ ലിംഗഭേദമോ ഇല്ല. നിശ്ചിത ധനരേഖയിലെത്തിയ എല്ലാവര്‍ക്കും അതു ബാധകമാണ്. എന്നാല്‍, ജിസ്‌യയില്‍ നിന്ന് സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നു. മാത്രമല്ല, അന്ധത, ബുദ്ധിഭ്രമം, മാറാരോഗങ്ങള്‍, വാര്‍ധക്യം തുടങ്ങിയവയാല്‍ പരീക്ഷിക്കപ്പെടുന്നവര്‍ക്കും ഇളവുണ്ട്. ചില കര്‍മ ശാസ്ത്രജ്ഞരുടെ വീക്ഷണത്തില്‍ മതപുരോഹിതരും ജിസ്‌യഃയില്‍ നിന്ന് ഒഴിവാണ്.
രാഷ്ട്രത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ദിമ്മികളെ ഒഴിവാക്കിയിട്ടുണ്ട്. ജിസ്‌യ നിയമമാക്കിയതില്‍ ഇക്കാര്യത്തിനും പരിഗണനയുണ്ട്. രാഷ്ട്രത്തിനു നേരെ ആക്രമണമുണ്ടായാല്‍ഓരോ മുസ്‌ലിമും നിര്‍ബന്ധിത സൈനിക സേവനത്തിനിറങ്ങണം. എന്നാല്‍, ദിമ്മികള്‍ക്ക് ഈ ബാധ്യത ഇല്ല.
അഥവാ, അവര്‍ പ്രതിരോധത്തിനു സ്വയം സന്നദ്ധമാകുന്ന പക്ഷം അവരെ ജിസ്‌യഃയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യും. ജിസ്‌യക്ക് പകരം അവരുടെ ജീവനും സ്വത്തിനും സംരക്ഷണം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു എന്നതു തന്നെ കാരണം. അതിനു സാധിക്കാതെ വന്ന സാഹചര്യങ്ങളില്‍ പിരിച്ചെടുത്ത ജിസ്‌യ തിരിച്ചു കൊടുത്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഇസ്‌ലാമിക രാഷ്ട്രത്തിന്റെ കിഴക്കന്‍ അതിര്‍ത്തികളില്‍ റോമന്‍ സൈന്യം ആക്രമണം നടത്തിയപ്പോള്‍ സേനാനായകനായിരുന്ന അബൂ ഉബൈദ(റ) മുഴുവന്‍ സിറിയന്‍ നഗരങ്ങളില്‍ നിന്നും പിരിച്ചെടുത്ത ജിസ്‌യ പണം തിരിച്ചേല്പ്പിക്കാന്‍ നിര്‍ദേശിച്ചു.കുരിശുയുദ്ധ കാലത്ത് ഇടയ്ക്ക് സിറിയന്‍ പ്രദേശങ്ങളില്‍ നിന്ന് പിന്‍വാങ്ങാന്‍ നിര്‍ബന്ധിതനായപ്പോള്‍ സ്വുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയും ജിസ്‌യ തിരിച്ചു കൊടുത്തിട്ടുണ്ട്.
ചുരുക്കത്തില്‍ ഇസ്‌ലാമിക രാഷ്ട്രത്തിലെ മതന്യനപക്ഷങ്ങളായിരുന്ന വേദക്കാരുടെ ജീവനും സ്വത്തിനും അഭിമാനത്തിനും സംരക്ഷണം നല്‍കാമെന്ന വ്യവസ്ഥയില്‍ രാഷ്ട്രത്തിന്റെ സാമ്പത്തിക സന്തുലനത്തില്‍ അവരുടെ കൂടി പങ്കാളിത്തം ഉറപ്പു വരുത്തുന്നതാണ് ജിസ്‌യ. ഈ സംരക്ഷണം വാഗ്ദാനം ചെയ്യപ്പെടാത്ത, കൂട്ടായ പൗരത്വ ഉത്തരവാദിത്തങ്ങളും ബാധ്യതകളും നില നിന്നിരുന്ന ഘട്ടത്തില്‍ ജിസ്‌യഃ ഉണ്ടായിരുന്നില്ലെന്നതും ഓര്‍മിക്കേണ്ടതാണ്. മദീനയിലെത്തിയ ആദ്യകാലത്ത് ജൂതന്‍മാരമായി ഉണ്ടാക്കിയ കരാറിലും നജ്‌റാനിലെ ക്രൈസ്തവരുമായി ഉണ്ടാക്കിയ കരാറിലും ജിസ്‌യ ഉണ്ടായിരുന്നില്ല. കാരണം രാഷ്ട്രത്തിന്റെ പ്രതിരോധമടക്കമുള്ള വിഷയങ്ങളില്‍ അവര്‍ക്ക് തുല്യമായ ഉത്തരവാദിത്തമാണ് ഉണ്ടായിരുന്നത്.
ഇനി, ഹര്‍ബിയ്യ്. തിരുനബി ഇവര്‍ക്ക് സംരക്ഷണം വാഗ്ദാനം ചെയ്തില്ലെന്ന് മാത്രമല്ല അവര്‍ക്കെതിരില്‍ സൈനിക നടപടികള്‍ക്ക് സമ്മതവും നല്‍കിയിരിക്കുന്നു എന്നാണ് ആക്ഷേപം. യുദ്ധം, കലാപം, കലഹം എന്നെല്ലാം അര്‍ഥമുള്ള ഹര്‍ബ് എന്ന പദത്തില്‍ നിന്നാണീ വാക്ക് വരുന്നത്. ദിമ്മികളല്ലാത്തവരെയാണ് ഹർബിയ്യ് എന്ന് പറയുന്നത്. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സിവില്‍ ചട്ടങ്ങള്‍ പാലിക്കാന്‍ കൂട്ടാക്കാതെ വിഘടിച്ചു നില്‍ക്കുകയും ആക്രമണ വാസന കാണിക്കുകയും ചെയ്യുന്ന അരാജകവാദികളാണ് ഈ വിഭാഗം.
ജിസ്‌യ നല്‍കി സാമ്പത്തിക സന്തുലന നടപടികളില്‍ സഹകരിക്കാനും ഇക്കൂട്ടര്‍ വിസമ്മതിക്കുന്നു. സ്വഭാവികമായും ഭരണമിഷണറിക്ക് നടപടികള്‍ സ്വീകരിക്കേണ്ടി വരും. ഇസ്‌ലാമികമോ അല്ലാത്തതോ ആയ ഏതു രാജ്യവ്യവസ്ഥയിലും ടാക്‌സ് കൊടുക്കാന്‍ കൂട്ടാക്കാത്ത അരാജകത്വ വാദികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കപ്പടുന്നതിന്ന് തുല്യമാണിതും. ഒന്നാം ഖലീഫ അധികാരമേറ്റ ഉടനെ സകാത്ത് കൊടുക്കാന്‍ വിസമ്മതിച്ച മുസ്‌ലിംകള്‍ക്കെതിരെയും സൈനിക നടപടികള്‍ ഉണ്ടായത് ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. സകാതായി കൊടുക്കുന്ന മൃഗത്തോടൊപ്പം നല്‍കിയിരുന്ന പിടിക്കയര്‍ നിഷേധിച്ചാല്‍ പോലും ഞാന്‍ അവനോട് യുദ്ധം ചെയ്യുമെന്നാണ് ഖലീഫ അന്ന് പറഞ്ഞത്.
അബൂബക്കർ (റ) ന്റെ വ്യക്തിത്വം
ഒരിക്കല്‍ ഉമര്‍ (റ) അബൂബക്ര്‍ (റ) വിനോട് പിണങ്ങി. അതറിഞ്ഞ പ്രവാചകന്‍ പറഞ്ഞു: എന്റെ കൂട്ടുകാരനെ നിങ്ങള്‍ എനിക്കുവേണ്ടി വിട്ടേക്കുക. കാരണം, അല്ലാഹു എന്നെ സത്യദീനുമായി നിയോഗിച്ചപ്പോള്‍ ആളുകളെല്ലാം ഞാന്‍ കള്ളം പറയുകയാണെന്നു പറഞ്ഞു. എന്നാല്‍, അബൂബക്ര്‍ (റ) പറഞ്ഞു; ഞാന്‍ സത്യമാണ് പറയുന്നതെന്ന്.
ഒരിക്കല്‍ ഉമറിനെയും അബൂബക്‌റിനെയും കുറിച്ച് അലി (റ) വിനോട് ആരോ അഭിപ്രായം ചോദിച്ചു. അലി (റ) പറഞ്ഞു: നിങ്ങള്‍ ചോദിക്കേണ്ട ആളോടു തന്നെയാണ് ചോദിച്ചിരിക്കുന്നത്. അല്ലാഹുവാണെ സത്യം; അവര്‍ രണ്ടു പേരും നമ്മുടെ നേതാക്കള്‍ ആയിരുന്നു. നല്ലവരും നന്നാക്കുന്നവരുമായിരുന്നു. വയര്‍ ഒട്ടിയവരായിട്ടാണ് അവര്‍ ഇരുവരും ഇഹലോകവാസം വെടിഞ്ഞത്.
അലി (റ) പറയുന്നു: എല്ലാ നന്മയില്‍ പ്രഥമ സ്ഥാനത്ത് നില്‍ക്കുന്നത് പ്രവാചകരാണ്. എന്നാല്‍, രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന അബൂബക്ര്‍ (റ) വാണ്. മൂന്നാം സ്ഥാനത്ത് ഉമറും. അനന്തരം, അന്ധമായ ഫിത്‌ന ഞങ്ങളെ കുഴപ്പത്തിലാക്കി. താനുദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു മാപ്പ് കൊടുക്കട്ടെ.
ഉമര്‍ (റ) പറയുന്നു: ‘അബൂബക്ര്‍ (റ) ഞങ്ങളുടെ നേതാവാണ്. അദ്ദേഹം ഞങ്ങളുടെ ഒരു നേതാവിനെ അടിമത്തത്തില്‍നിന്നും മോചിപ്പിച്ചിട്ടുമുണ്ട്.’ ബിലാല്‍ (റ) വിന്റെ മോചനമാണ് ഉദ്ദേശിച്ചിരിക്കുന്നത്. ഉമയ്യത്തിന്റെ അടിമയായിരുന്ന ബിലാലിനെ വില നല്‍കി മോചിപ്പിച്ചത് അദ്ദേഹമായിരുന്നു.
വിയോഗം
ആയിശ (റ) പറയുന്നു: ജുമാദുല്‍ ആഖിറ ഏഴ്. തിങ്കളാഴ്ച ദിവസം. കഠിനമായ ശൈത്യമുണ്ടായിരുന്ന ആ പകല്‍ സമയം അബൂബക്ര്‍ (റ) കുളിച്ചു. അതിനെ തുടര്‍ന്നു പതിനഞ്ചു ദിവസത്തോളം അദ്ദേഹം പനിച്ചു കിടന്നു. നിസ്‌കാരത്തിന് പോയില്ല. അതിന് നേതൃത്വം നല്‍കാന്‍ ഉമര്‍ (റ) വിനെ ചുമതലപ്പെടുത്തി. ജമാദുല്‍ ഉഖ്‌റ ഇരുപത്തിരണ്ട് ചൊവ്വാഴ്ച രാത്രി അദ്ദേഹം മരണപ്പെട്ടു. ഹിജ്‌റ പതിമൂന്നാം വര്‍ഷമായിരുന്നു ഇത്. ഉമര്‍ (റ) ജനാസ നിസ്‌കരിച്ചു.
മരണ ശയ്യയിലായിരുന്ന അബൂബക്ര്‍ (റ) ഇങ്ങനെ കല്‍പിച്ചു: പഴയ രണ്ടു പുടവകള്‍ കൊണ്ടുവന്ന് കഴുകി വൃത്തിയാക്കി വെക്കുക. അതിലാണ് എന്നെ കഫന്‍ ചെയ്യേണ്ടത്. കാരണം മരിച്ച ആളുകളെക്കാള്‍ പുതുവസ്ത്രം ആവശ്യമുള്ളത് ജീവിച്ചിരിക്കുന്ന ആളുകള്‍ക്കാണ്.
തന്നെ പ്രവാചകരുടെ അരികില്‍തന്നെ മറമാടണമെന്ന് അബൂബക്ര്‍ (റ) മകള്‍ ആയിശയോട് വസ്വിയ്യത്ത് ചെയ്തിരുന്നു. അതിനാല്‍, മരണപ്പെട്ടപ്പോള്‍ പ്രവാചരുടെ അടുത്തുതന്നെ അദ്ദേഹത്തെ മറമാടുകയുണ്ടായി. പിന്നീട് ഉമര്‍ (റ) വിനെയും അവിടെത്തന്നെയാണ് മറമാടിയത്.
ആയിശ (റ) യുടെ വീട്ടില്‍ ഒരു ഖബ്‌റിനു കൂടി സ്ഥലമുണ്ടായിരുന്നു. ഹസന്‍ (റ) മരണമാസന്നമായപ്പോള്‍ തന്നെ അവിടെ മറവു ചെയ്യണമെന്ന് വസ്വിയ്യത്തു ചെയ്യുകയുണ്ടായി. പക്ഷെ, അദ്ദേഹം മരണപ്പെട്ട സമയം. ഹാശിം കുടുംബാംഗങ്ങള്‍ അവിടെ ഖബ്ര്‍ വെട്ടാന്‍ തുനിഞ്ഞപ്പോള്‍ അന്നത്തെ മദീനാ ഗവര്‍ണ്ണര്‍ മര്‍വാന്‍ അവരെ തടയുകയായിരുന്നു. അപ്പോള്‍ അബൂ ഹുറൈറ (റ) മുന്നോട്ടു വന്ന് മര്‍വാനോട് ഇങ്ങനെ ചോദിച്ചു: ‘തന്റെ പിതാമഹനോടൊപ്പം ഹസനെ മറമാടുന്നതിനെ താങ്കള്‍ എന്തിനാണ് വിലക്കുന്നത്? ഹസനും ഹുസൈനും സ്വര്‍ഗവാസികളായ യുവാക്കളുടെ നേതാക്കളാണെന്ന് പ്രവാചകന്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.’ മര്‍വാന്‍ പറഞ്ഞു: ‘നിങ്ങളല്ലാതെ മറ്റാരും ഈ ഹദീസ് നിവേദനം ചെയ്യാത്ത സ്ഥിതിക്ക് അല്ലാഹു പ്രവാചകരുടെ ഹദീസിനെ പാഴാക്കിക്കളഞ്ഞിരിക്കുന്നു.’ മര്‍വാന്റെ ധിക്കാരമായിരുന്നു ഇത്.
മരണസമയം അബൂബക്ര്‍ (റ) വിന് 63 വയസ്സുണ്ടായിരുന്നു. അതിനുശേഷം അല്‍പം മാസങ്ങളോളം അദ്ദേഹത്തിന്റെ പിതാവ് അബൂ ഖുഹാഫ ജീവിക്കുകയുണ്ടായി.
ആയിശ (റ) നിവേദനം ചെയ്യുന്നു: ”നബി തങ്ങള്‍ രോഗിയായി കിടപ്പിലായപ്പോള്‍ ഇങ്ങനെ പറയുകയുണ്ടായി: നിങ്ങള്‍ അബൂ ബക്ര്‍ (റ) വിനോട് കല്‍പിക്കുക; അദ്ദേഹം നിങ്ങളുടെ നിസ്‌കാരത്തിന് നേതൃത്വം വഹിക്കട്ടെ. അന്നേരം ഞാന്‍ അഭിപ്രായപ്പെട്ടു: അല്ലാഹുവിന്റെ റസൂലെ, അങ്ങയുടെ സ്ഥാനത്ത് അദ്ദേഹം നിന്നാല്‍ വിലാപംകൊണ്ട് ജനങ്ങള്‍ക്ക് ശബ്ദം കേള്‍പ്പിക്കുവാന്‍ അദ്ദേഹത്തിന് കഴിയുകയില്ല. അതിനാല്‍, ഉമര്‍ (റ) വിനോട് കല്‍പിക്കുവിന്‍. അദ്ദേഹം ജനങ്ങളോടൊപ്പം നിസ്‌കരിക്കട്ടെ. അന്നേരം നബി തങ്ങള്‍ വീണ്ടും പറഞ്ഞു: നിങ്ങള്‍ അബൂബക്‌റിനോട് കല്‍പിക്കുക; അദ്ദേഹം ജനങ്ങളോടൊപ്പം നിസ്‌കരിക്കട്ടെ.”
ആയിശ (റ) ഇക്കാര്യത്തില്‍ സഹ പത്‌നിയായ ഹഫ്‌സ (റ) വിനെക്കൊണ്ട് ശുപാര്‍ശ പറയിപ്പിച്ചുനോക്കി. പക്ഷെ, ഫലമുണ്ടായില്ല. അബൂബക്ര്‍ തന്നെ തന്റെ അഭാവത്തില്‍ ജനങ്ങളുടെ നിസ്‌കാരത്തിന് നേതൃത്വം വഹിക്കണമെന്ന കാര്യത്തില്‍ നബി ഉറച്ചു നില്‍ക്കുകയാണുണ്ടായത്.
അനസ് (റ) വില്‍നിന്നു നിവേദനം: നബി തങ്ങള്‍ രോഗിയായപ്പോള്‍ അബൂബക്ര്‍ ആറു ദിവസം ജനങ്ങളോടൊപ്പം നിസ്‌കാരം നിര്‍വഹിക്കുകയുണ്ടായി.
ഒരിക്കല്‍ അലി (റ) ചോദിക്കപ്പെട്ടു: നിങ്ങള്‍ എന്തിനാണ് അബൂബക്ര്‍ (റ) വിനെ ബൈഅത്ത് ചെയ്തു അംഗീകരിച്ചത്? അലി (റ) പ്രതിവചിച്ചു: പ്രവാചകര്‍ പെട്ടെന്നല്ല നിര്യാതരായത്. രോഗകാലത്ത് എല്ലാ ദിവസവും ബിലാല്‍ (റ) വന്ന് നിസ്‌കാര സമയമായെന്ന് വിവരം നല്‍കാറുണ്ടായിരുന്നു. അന്നേരമൊക്കെ അബൂബക്ര്‍ (റ) വിനോടാണ് ജനങ്ങളോടൊപ്പം നിസ്‌കരിക്കാനാണ് പറഞ്ഞിരുന്നത്. എന്റെ സ്ഥാനം അറിഞ്ഞുകൊണ്ടുതന്നെ നബി തങ്ങള്‍ എന്നെ ഒഴിച്ചു നിര്‍ത്തുകയാണ് ചെയ്തത്.
നബി തങ്ങള്‍ വഫാത്തായപ്പോള്‍ താന്‍ ആരെയാണോ ജനങ്ങളുടെ ദീനിന്റെ കാര്യത്തില്‍ തൃപ്തിപ്പെട്ടിരിക്കുന്നത് അതേ ആളെത്തന്നെ ജനം തങ്ങളുടെ ദുന്‍യാവിന്റെ കാര്യത്തിലും തൃപ്തിപ്പെട്ടു. അങ്ങനെ അവര്‍ അബൂബക്ര്‍ (റ) വിനെ ബൈഅത്ത് ചെയ്തു. ഞാനും അദ്ദേഹത്തെ ബൈഅത്ത് ചെയ്തു.
പാല്‍ കറക്കുന്ന ഖലീഫ
സംഭവം വിവരിക്കുന്നത് ഹയ്യ് ഗോത്രത്തിലെ ഉനൈസ എന്ന സ്ത്രീരത്നം. റിപ്പോര്‍ട്ട് ചെയ്യുന്നത് ഇബ്നു സഅദിന്‍റെ തബഖാത്ത്. മൂന്ന് വര്‍ഷം നിരന്തരമായി അബൂബക്കര്‍(റ) ഹയ്യ് ഗോത്രത്തില്‍ സേവനത്തിനെത്തിയിരുന്നു. രണ്ട് വര്‍ഷം ഖലീഫയാകുന്നതിനു മുമ്പും ഒരു വര്‍ഷം ശേഷവും. ഹയ്യ് ഗോത്രത്തിലെ ആബാലവൃദ്ധം ജനങ്ങള്‍ ആ നല്ല മനുഷ്യന്‍റെ വരവ് കാത്തിരിക്കുമായിരുന്നു. അബൂബക്കര്‍(റ) എത്തുമ്പോള്‍ ഗ്രാമീണര്‍ ഉത്സവ പ്രതീതിയില്‍ വളര്‍ത്തു മൃഗങ്ങളായ ആടുകളെയുമായി വരിനില്‍ക്കും. അദ്ദേഹം സാകൂതം ആടുകളെ പാല്‍ കറന്ന് പാത്രങ്ങളില്‍ നിറച്ചുകൊടുക്കും. ഒരു നാള്‍ ഒരു സ്ത്രീയുടെ മുഖത്ത് വലിയ ആര്‍ദ്രത. കണ്ഠത്തില്‍ കുരുങ്ങിയ വാക്കുകളില്‍ അലര്‍ച്ച. അത് പറഞ്ഞൊപ്പിച്ചു: ‘മനുഷ്യാ, നിങ്ങളുടെ ഈ സേവനത്തെക്കാള്‍ വലുത് നിങ്ങളുടെ വിശാല മനസ്സാണ്. സന്തുഷ്ടമായ ഈ സേവനം ഇനി ഞങ്ങള്‍ക്ക് ലഭിക്കില്ലല്ലോ. കാരണം, താങ്കള്‍ ഖലീഫയായില്ലേ?’ സിദ്ദീഖ് മറുപടി അതിലേറെ അതിശയകരമായിരുന്നു: ‘എന്‍റെ സേവനം എന്‍റെ സ്ഥാനത്തിന് മകുടം ചാര്‍ത്തുന്നതാണ്. അതിനാല്‍ നിര്‍ത്തില്ല ഈ സേവനം.’
വിയോഗം
അതിലളിതമായ ജീവിതമാണ് ഖലീഫയും കുടുംബവും നയിച്ചത്. ഭരണേമറ്റ ശേഷവും കൈതൊഴിലും കച്ചവടവും ചെയ്തും ആടുകളെ മേയ്ച്ചുമൊക്കെയാണ് പുലര്‍ന്നത്. ജനസേവനത്തിന് സമയം തികയാതെ വന്നപ്പോള്‍ ആറുമാസത്തിനു ശേഷം പൊതു ഖജനാവില്‍ നിന്ന് ഖലീഫക്ക് വേതനം നിശ്ചയിച്ചുകൊടുത്തു. മാസം അഞ്ഞൂറ് ദിര്‍ഹം. തുടര്‍ന്ന് അദ്ദേഹം കച്ചവടവും മറ്റും ഉപേക്ഷിച്ചു.
എന്നാല്‍ രണ്ടു വര്‍ഷത്തിലേറെ ഭരിച്ചിട്ടും അദ്ദേഹം ആകെ വാങ്ങിയത് 8000 ദിര്‍ഹം മാത്രമാണ്. മരണമടഞ്ഞപ്പോള്‍, പൊതു ഖജനാവില്‍ നിന്നു ചെലവുവിഹിതം പറ്റിയതിനു പകരമായി സ്വന്തം ഭൂമി മുസ്‌ലിംകള്‍ക്ക് നിശ്ചയിക്കുകയും തന്റെ ഭൃത്യര്‍, വാഹനം, മറ്റു സാമഗ്രികള്‍ എന്നിവ ശേഷം വരുന്ന ഖലീഫക്ക് വിട്ടുകൊടുക്കാന്‍ ഏല്‍പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നിര്യാണാനന്തരം ഇതെല്ലാം തന്റെയടുക്കലേക്ക് കൊണ്ടുവന്നപ്പോള്‍ രണ്ടാം ഖലീഫ ഉമര്‍(റ) മുന്‍ഗാമിയുടെ മഹനീയ മാതൃകക്കു മുമ്പില്‍ വിതുമ്പി.
ഹിജ്റ 13 ജമാദുല്‍ ആഖര്‍ 7ന് പനി ബാധിച്ച ഖലീഫ നിസ്കാരത്തിന് നേതൃത്വം നല്‍കാന്‍ പോലുമാകാതെ 15 നാള്‍ രോഗശയ്യ പ്രാപിച്ചു. ഇമാമത്തിന് ഉമര്‍(റ)നെയാണദ്ദേഹം നിയോഗിച്ചത്. ചികിത്സകനെ കാണിക്കാന്‍ നിര്‍ദേശിച്ചവരോട് ഖലീഫ, തന്നെ വ്യൈന്‍ പരിശോധിച്ചുവെന്ന് പറഞ്ഞു. എന്താണ് അദ്ദേഹം നിര്‍ദേശിച്ചതെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞതിങ്ങനെ: ‘ഞാന്‍ ഉദ്ദേശിച്ചത് പ്രവര്‍ത്തിക്കും.’ അല്ലാഹുവിനെ സൂചിപ്പിച്ചാണിദ്ദേഹം പറഞ്ഞത്.
തന്റെ ശേഷം ഖിലാഫത്തിനെ ചൊല്ലി സമുദായം ഭിന്നിക്കാതിരിക്കാന്‍ സ്വഹാബി പ്രമുഖരോട് ചര്‍ച്ച നടത്തി ഉമര്‍(റ)നെ ഖലീഫയായി നിശ്ചയിച്ചുകൊണ്ട് അദ്ദേഹം വസ്വിയ്യത്ത് എഴുതി:
‘ബിസ്മില്ലാഹ്. റസൂലിന്റെ ഖലീഫ അബൂബക്കര്‍, ദുനിയാവിലെ അവസാനത്തെയും പരലോകത്തെ ആദ്യത്തേതുമായി ചെയ്യുന്ന ഉടമ്പടിയാണിത്. നിങ്ങളുടെ നന്മക്കായി ഞാന്‍ ഉമറിനെ സേവകനാക്കി നിയോഗിക്കുന്നു. അദ്ദേഹം ക്ഷമയും നീതിയും കൈകൊണ്ടാല്‍ അത് അദ്ദേഹത്തെക്കുറിച്ച് എനിക്കുള്ള അറിവിനോടും പ്രതീക്ഷയോടും യോജിച്ചു. ഇനിയദ്ദേഹം അക്ഷമയും അനീതിയും കാണിച്ചാല്‍ ഭാവി എന്റെ പക്കലല്ല. ഞാന്‍ നന്മയേ ഉദ്ദേശിച്ചുള്ളൂ. സ്വന്തം പ്രവൃത്തികള്‍ അവരവര്‍ക്കനുഭവിക്കാം. അക്രമികളുടെ മടക്കം എങ്ങോട്ടാണെന്ന് പിന്നീടവരറിയും.’ ഈ സന്ദേശം ഉമര്‍(റ) മുസ്‌ലിംകളെ വായിച്ചു കേള്‍പ്പിച്ചു. ഉമര്‍(റ)വിനോടും മഹാന്‍ അന്ത്യോപദേശം നല്‍കി.
ജനങ്ങളോട് അദ്ദേഹം ചോദിച്ചു: ‘എന്റ കുടുംബക്കാരായ ആരെയുമല്ല, ഉമറിനെയാണ് ഞാന്‍ ഖലീഫയാക്കിയിട്ടുള്ളത്. നിങ്ങള്‍ക്കതു സമ്മതം തന്നെയല്ലേ? ജനങ്ങള്‍ ഏകസ്വരത്തില്‍ അദ്ദേഹത്തിന്റെ തീരുമാനത്തോട് യോജിപ്പ് പ്രകടിപ്പിച്ചു.
എഡി 634 ആഗസ്ത് 23 (ജമാദുല്‍ ആഖിര്‍ 21). പനി കടത്തുകൊണ്ടിരുന്നു. സ്വഹാബികള്‍ ഖലീഫയുടെയടുത്തു തന്നെ കഴിഞ്ഞു. റസൂലിനു പിറകെ ഉറ്റ കൂട്ടുകാരനും യാത്രയാവുകയാണെന്ന് അവര്‍ ദുഃഖത്തോടെ തിരിച്ചറിഞ്ഞു. തിരുദൂതരുടെ വഫാത്തോടെ അശാന്തമായ അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ സമാധാനം പുനഃസ്ഥാപിച്ച് പടനായകന്‍ പിന്‍വാങ്ങുകയാണ്.
സ്നേഹിതന്‍ സ്നേഹിതനോട് ചേരുന്നു. ‘എന്നെ മുസ്‌ലിമായി മരിപ്പിക്കണേ, എന്നെ സജ്ജനങ്ങളോട് ചേര്‍ക്കണേ.’ അവസാനമായി ഖലീഫ പറഞ്ഞ വാചകം. ആത്മാവ് അകലുകയാണ്. മലക്കുകള്‍ ആദരവോടെ അതേറ്റുവാങ്ങി. റസൂലിന്റെ അതേ വയസ്സ് 63ല്‍ ഖലീഫയുടെ വിയോഗ വാര്‍ത്തയറിഞ്ഞപ്പോള്‍ മദീനാ മലര്‍വനി, ഒരിക്കല്‍ കൂടി ശോകാര്‍ദ്രമായി.
വസ്വിയ്യത്ത് പ്രകാരം ഭാര്യ അസ്മാഅ്(റ) തന്നെ ഭര്‍ത്താവിന്റെ ഭൗതിക ദേഹം കുളിപ്പിച്ചു; പുത്രന്‍ അബ്ദുറഹ്മാന്‍(റ)ന്റെ സഹായത്തോടെ.
പുതിയ ഖലീഫ ഉമര്‍(റ)ന്റെ നേതൃത്വത്തിലായിരുന്നു ജനാസ നിസ്കാരം. ഉമര്‍, ത്വല്‍ഹത്, ഉസ്മാന്‍, അബ്ദുറഹ്മാന്‍ (റ.ഹും) ചേര്‍ന്ന് മയ്യിത്ത് ഖബ്റിലേക്കു വെച്ചു. മകളും നബിപത്നിയുമായ ആഇശ(റ)യുടെ വീട്ടില്‍ നബിയുടെ ചാരത്ത് ആ പുണ്യപുരുഷന്‍ നിത്യനിദ്ര കൊള്ളുന്നു. നബി(സ്വ)യുടെ സമ്മതപ്രകാരമായിരുന്നു അത്. ഖലീഫയുടെ ജനാസയുമായി റൗളയെ സമീപിച്ച് സ്വഹാബികള്‍ പറഞ്ഞു: റസൂലേ, അബൂബക്കറിതാ കാത്തുനില്‍ക്കുന്നു.’ ഉടനെ തിരുദൂതരുടെ മറുപടിയുണ്ടായി: കൂട്ടുകാരനെ സ്നേഹിതന്റെ അടുത്തേക്ക് പ്രവേശിപ്പിക്കുക!
സംശയവും മറുപടിയും - ശുദ്ധീകരണം തെറ്റും ശരിയും
രണ്ടു ഖുല്ലത്ത് വെള്ളം എന്നതിന്റെ കൃത കണക്ക്?
ഇന്നു ലിറ്റർ പാത്രവും കിലോഗ്രാം കണക്കുമാണല്ലോ സർവ സാധാരണമായിട്ടുള്ളത് ലിറ്റർ പാത്രത്തിലെ അളവു പ്രകാരം രണ്ടു ഖുല്ലത്ത് വെള്ളം 191 ലിറ്റർ വരും വെള്ളം തെളിഞ്ഞതാണെങ്കിൽ തൂക്കവും 191 കിലോഗ്രാം വരും
ശുദ്ധീകരണത്തിനു പറ്റുന്ന വെള്ളമേത്?
തനിയെ ശുദ്ധിയുള്ളതും മറ്റൊന്നിനെ ശുദ്ധീകരിക്കാൻ പറ്റുന്നതുമായ വെള്ളം ത്വഹൂർ എന്നാണിതിനു പേര്
വെള്ളം മുസ്തഅ്മലാകൽ - ശുദ്ധീകരണത്തിനു യോഗ്യമല്ലാതിരിക്കൽ- എപ്പോഴാണ്?
നാലു ഉപാധികളോടെയാണ് വെള്ളം മുസ്തഅ്മലാകുക ഒന്ന്, വെള്ളം രണ്ടു ഖുല്ലത്തിൽ താഴെയാവുക രണ്ട്, നിർബന്ധ ശുദ്ധീകരണത്തിനു ഉപയോഗിച്ച വെള്ളമാവുക മൂന്ന്,വെള്ളം അവയവത്തിൽ നിന്നു പിരിയുക നാല്, വെള്ളം കോരിയെടുക്കുന്നുവെന്ന കരുത്തില്ലാതെ രണ്ടു ഖുല്ലത്തിൽ താഴെയുള്ള വെള്ളത്തിൽ അംഗീകൃത നിയ്യത്തിനു ശേഷം കൈയിടുക (ഇആനത്ത്: 1/48)
പകർച്ച വന്ന വെള്ളം ശുദ്ധീകരണത്തിനു പറ്റുമോ?
വെള്ളം എന്ന പേര് പറയലിനെ തടയുന്ന ശക്തമായ പകർച്ചയുള്ള വെള്ളം എത്ര കൂടുതലുണ്ടെങ്കിലും ശുദ്ധീകരണത്തിനു പറ്റില്ല
വെള്ളം എത്രവിധമുണ്ട്?
നാല് വിധം ഒന്ന്, സ്വയം ശുദ്ധീകരണ യോഗ്യതയുള്ള, ഉപയോഗം കറാഹത്തില്ലാത്ത ശുദ്ധമായ വെള്ളം രണ്ട്, ശുദ്ധീകരണ യോഗ്യതയുള്ള, എന്നാൽ ഉപയോഗിക്കൽ കറാഹത്തുള്ള ശുദ്ധിയുള്ള വെള്ളം മൂന്ന്, ശുദ്ധീകരണ യോഗ്യതയില്ലാത്ത ശുദ്ധിയുള്ള വെള്ളം നാല്, ശുദ്ധീകരണ യോഗ്യതയില്ലാത്തതും ശുദ്ധിയില്ലാത്തതുമായ വെള്ളം ഇതിനു നജസായ വെള്ളം എന്നു പറയും (ബുജൈരിമി: 1/69)
വെള്ളം പകർച്ചയായോ ഇല്ലയോയെന്നു സംശയിച്ചാൽ എന്താണു വിധി?
സംശയം കൊണ്ട് കുഴപ്പമില്ല പകർച്ചയുണ്ടെന്നു ഉറപ്പ് വേണം അപ്പോഴാണ് വെള്ളം ശുദ്ധീകരണത്തിനു പറ്റാതിരിക്കുക
ശക്തമായ തണുപ്പുവെള്ളം ഉപയോഗിക്കുന്നതുകൊണ്ട് വിരോധമുണ്ടോ?
ശുദ്ധീകരണത്തിനു വിരോധമൊന്നുമില്ല പക്ഷേ, ശക്തമായ തണുപ്പും ചൂടും ഉള്ള വെള്ളം ഉപയോഗിക്കൽ കറാഹത്താണ് സമ്പൂർണ ശുദ്ധീകരണത്തിനു പ്രസ്തുത വെള്ളങ്ങൾ തടസ്സമാകും (തുഹ്ഫ: 1/74)
സൂര്യതാപമേറ്റ വെള്ളം പ്രശ്നമാണോ?
നിരുപാധികം പ്രശ്നമില്ല കറാഹത്തുമില്ല എന്നാൽ ഉഷ്ണമേഖലയിൽ ഉഷ്ണമുള്ള കാലത്ത് മേട്ടുട്ടികൊണ്ട് മേടി നീട്ടാവുന്ന ഇരുമ്പ്, ചെമ്പ്, പോലെയുള്ള ലോഹപാത്രത്തിൽ സൂര്യതാപമേറ്റ വെള്ളം ശരീരത്തിലും ശരീരത്തിലെ ധരിച്ച വസ്ത്രത്തിലും ഉപയോഗിക്കൽ കറാഹത്താണ് (തുഹ്ഫ- ശർവാനി: 1/74)
ഉപയോഗം കറാഹത്തെന്നു പറഞ്ഞതിൽ കുടിക്കലും പെടുമോ?
അതേ, കുടിക്കലും കറാഹത്തുതന്നെ (ശർവാനി: 1/74)
ചൂടുവെള്ളം ഉപയോഗിക്കൽ രോഗത്തിനു കാരണമാകുമോ?
മുമ്പ് വിശദീകരിച്ച രീതിയിലുള്ള ചൂടുവെള്ളം ഉപയോഗിക്കൽ വെള്ളപ്പാണ്ടു വരാൻ കാരണമാകുമെന്ന് ഉമർ (റ) വിൽ നിന്നു ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്
ശക്തമായ മഴ കാരണം തോട്ടിലും കുളത്തിലും കലങ്ങിയ വെള്ളമുണ്ടാകാറുണ്ടല്ലോ അതു ശുദ്ധീകരണത്തിനു പറ്റുമോ?
പറ്റും പ്രസ്തുത പകർച്ച പ്രശ്നമില്ല വെള്ളം നിലകൊള്ളുന്നതും ഒലിച്ചുവരുന്നതുമായ സ്ഥലത്തുള്ളതുകൊണ്ട് സംഭവിക്കുന്ന പകർച്ച കുഴപ്പമില്ല (ഇആനത്ത്: 1/50)
കുളത്തിന്റെ അരികിലുള്ള വൃക്ഷത്തിൽ നിന്നു പൊഴിഞ്ഞു വീഴുന്ന ഇലകൾ മൂലം വെള്ളം പകർച്ചയായാലോ?
അതിനു വിരോധമില്ല ഇലകൾ വെള്ളത്തിലേക്ക് കൊണ്ടുപോയി ഇടുമ്പോഴാണു പ്രശ്നം (ഇആനത്ത്: 1/50)
ശുദ്ധീകരണ വെള്ളം ത്വഹൂറായിരിക്കണം എന്ന കൽപനയിലടങ്ങിയ യുക്തി?
പ്രസ്തുത നിർദേശമില്ലെങ്കിൽ ധനികന്മാർ വിലപിടിപ്പുള്ള പനനീർ പോലെയുള്ള വെള്ളം ഉപയോഗിച്ച് ശുദ്ധീകരിച്ച് അഹങ്കരിച്ച് ദരിദ്രരുടെ മനസ്സ് വേദനിപ്പിക്കും (ബിഗ് യ, പേജ്: 17)
രണ്ടു ഖുല്ലത്തിൽ താഴെയുള്ള വെള്ളത്തിൽ പാറ്റയെ കണ്ടു എന്നാൽ ആ വെള്ളം അശുദ്ധമാകുമോ?
ഇല്ല ശുദ്ധീകരണത്തിനുപയോഗിക്കാം (ശർഹു ബാഫള്ൽ: 1/29)
ഉപ്പുകൊണ്ട് വെള്ളം പകർച്ചയായാൽ പ്രശ്നമുണ്ടോ?
ഉപ്പ് വെള്ളത്തിൽ നിന്നു തന്നെ ഉണ്ടാകുന്നതുകൊണ്ട് അത്തരം ഉപ്പ് മൂലം ഉണ്ടായ പകർച്ച പ്രശ്നമില്ല (ഇആനത്ത്: 1/51)
ഒരു ബക്കറ്റ് വെള്ളത്തിൽ കാക്ക തലയിട്ടു വെള്ളം കുടിച്ചു ഇനി ആ വെള്ളം കൊണ്ട് ശുദ്ധീകരണം പറ്റുമോ?
വെള്ളം പകർച്ചയായിട്ടില്ലെങ്കിൽ പക്ഷികളുടെ വായിൽ ഉള്ളതിൽ നിന്നു വിട്ടുവീഴ്ചയുണ്ട് (തുഹ്ഫ: 1/98) അപ്പോൾ കാക്ക തലയിട്ട വെള്ളം ശുദ്ധീകരണം അനുവദനീയമാണ്
പുതുവസ്ത്രം ഉപയോഗിക്കുന്നതിനു മുമ്പ് അലക്കേണ്ടതുണ്ടോ?
നജസാകാൻ സാധ്യതയില്ലാതിരിക്കുമ്പോൾ അലക്കൽ അനാചാരമാണ് അലക്കേണ്ടതില്ല നജസുള്ളതായി സംശയം ഉണ്ടെങ്കിൽ അലക്കൽ സുന്നത്താണ് (തുഹ്ഫ: 2/131)
വുളൂഅ് എന്ന വാക്കിന്റെ അർത്ഥമെന്ത്?
ശോഭ, തിളക്കം, വൃത്തി എന്നൊക്കെയാണ് 'വുളൂഅ് ' എന്നതിന്റെ അർത്ഥം 'വളാഅത്ത് ' എന്ന ധാതുവിൽ നിന്നുയിർകൊണ്ടതാണ് വുളൂഅ് എന്ന പദം (മുഗ്നി: 1/47)
വുളൂഅ് ഫർളാക്കപ്പെട്ടതെന്ന്?
ഇസ്റാഇന്റെ രാത്രിയിൽ നിസ്കാരം ഫർളാക്കപ്പെട്ടതോടൊപ്പം തന്നെ വുളൂഉം ഫർളാക്കപ്പെട്ടത്
വുളൂഅ് ഈ സമുദായത്തിന്റെ പ്രത്യേകതയാണോ?
ഇന്നു നിലവിലുള്ള പ്രത്യേക രീതിയിലുള്ള വുളൂഅ് ഈ സമുദായത്തിന്റെ പ്രത്യേകതയാണ് (ബുജൈരിമി: 1/114)
വുളൂഅ് എന്നാലെന്ത്?
നിയ്യത്തോടെ ചില പ്രത്യേക അവയവങ്ങളിൽ വെള്ളം ഉപയോഗിക്കുന്നതിനു വുളൂഅ് എന്ന് പറയും (ഇആനത്ത്: 1/27)
വുളൂഅ് നിർബന്ധമാക്കപ്പെട്ടതിന്റെ യുക്തിയെന്ത്?
അല്ലാഹുവുമായുള്ള അഭിമുഖമാണ് നിസ്കാരം അതിനു പരമാവധി ശുദ്ധി വരുത്തുകയെന്നതാണ് വുളൂഇന്റെ ലക്ഷ്യം (ബുജൈരിമി: 1/144)
സോഡാവെള്ളം കൊണ്ട് വുളൂഅ് ചെയ്യാമോ?
അതു കൃത്യമായി പറയണമെങ്കിൽ സോഡാവെള്ളത്തിൽ എന്തെല്ലാം ചേർക്കുന്നുവെന്നറിയണം സാധാ ത്വഹൂറായ വെള്ളമാണെങ്കിൽ വുളൂഅ് ചെയ്യാമെന്നു പറയേണ്ടതില്ലല്ലോ
വുളൂഅ് ചെയ്യാൻ തയ്യാർ ചെയ്ത ഹൗളും ടാപ്പുമുണ്ടെങ്കിൽ ഏതിൽനിന്നു വുളൂഅ് ചെയ്യലാണ് പുണ്യം?
ടാപ്പിൽ നിന്ന് ശർവാനി: 1/237)
വുളൂഇന്റെ ശേഷിപ്പു വെള്ളത്തിൽ നിന്ന് അൽപം കുടിക്കൽ സുന്നത്തുണ്ടല്ലോ സമുദ്രം, ഹൗള് എന്നിവയിൽ നിന്നു കുടിക്കൽ സുന്നത്തുണ്ടോ?
മറുപടി: ഇല്ല വുളൂഇനായി ഒരുക്കപ്പെട്ട വെള്ളത്തിൽ നിന്നാണ് കുടിക്കൽ സുന്നത്തുള്ളത് ബക്കറ്റിലെ വെള്ളം പോലെ 'വുളൂഅ് ചെയ്യാൻ ഒരുക്കപ്പെട്ട വെള്ളം ' എന്നാണ് ഫുഖഹാഅ് പറഞ്ഞത് (ശർവാനി: 1/185)
സംസം വെള്ളം കൊണ്ട് വുളൂഅ് ചെയ്യാമോ?
അതേ, കറാഹത്തുപോലുമില്ല അതുകൊണ്ട് നജസ് ശുദ്ധിയാക്കുന്നതും തെറ്റല്ല (തുഹ്ഫ: 1/76)
രണ്ടു സംഭോഗങ്ങൾക്കിടയിൽ വുളൂഅ് ചെയ്യൽ സുന്നത്തുണ്ടോ?
അതേ, സുന്നത്തുണ്ട് (തുഹ്ഫ: 1/284)
വുളൂഅ് പുതുക്കൽ എപ്പോഴാണ് സുന്നത്തുള്ളത്?
എടുത്ത വുളൂഅ് കൊണ്ട് ഏതെങ്കിലും ഒരു നിസ്കാരം നിർവഹിച്ച ശേഷം അതിനു മുമ്പ് വുളൂഅ് ചെയ്യൽ കറാഹത്താണ് ഇതു പ്രത്യേക ഇബാദത്താണെന്നു കരുതികൊണ്ട് നിർവഹിക്കുന്നതാണെങ്കിൽ നിഷിദ്ധവുമാണ് (തുഹ്ഫ: 1/282)
സംയോഗശേഷം ഉറങ്ങാൻ വേണ്ടി വുളൂഅ് ചെയ്യുമ്പോൾ എന്താണു നിയ്യത്ത് ചെയ്യേണ്ടത്?
ഉറങ്ങാൻ വേണ്ടി സുന്നത്തായ വുളൂഅ് നിർവഹിക്കുന്നുവെന്നു കരുതിയാൽ മതി (ശർവാനി: 1/284)
ഐസ് കൊണ്ട് വുളൂഅ് ചെയ്യാമോ?
ഐസ് ഉരുകി വെള്ളം അവയവങ്ങളിൽ ഒലിക്കുന്ന നിലയിലാണെങ്കിൽ പ്രസ്തുത വുളൂഅ് ശരിയാകും (ഹാശിയതുൽ കുർദി: 1/91, ഫതാവന്നവവി, പേജ്: 201)
തർത്തീബ് നിർബന്ധമില്ലാത്ത വുളൂഉണ്ടോ?
ഉണ്ട് പുതുമഴ പെയ്താലുള്ള വരുവെള്ളത്തിൽ നിന്നു ചെയ്യുന്ന വുളൂവാണത് പുതുമഴ വെള്ളം വുളൂഇന്റെ അവയവങ്ങളിൽ ചേരൽ മാത്രമാണ് പ്രസ്തുത വുളൂഇന്റെ ഉദ്ദേശ്യം അതിനു തർതീബ് വേണ്ട (ശർവാനി: 3/81)
പ്രസ്തുത വുളൂകൊണ്ട് നിസ്കരിക്കാമോ?
പറ്റില്ല വുളൂഅ് ആവശ്യമായ ഒരു കാര്യവും ഈ വുളൂഅ് കൊണ്ട് നിർവഹിക്കാൻ പറ്റില്ല വെറും ബറകത്തിന്റെ വുളൂആണിത്
വുളൂഇൽ നാലു അവയവം നിർബന്ധമാക്കപ്പെട്ടതെന്തുകൊണ്ട്?
മനുഷ്യർ കൂടുതൽ തെറ്റ് ചെയ്യുന്നത് കൈകൾ, മുഖം, തല എന്നീ നാലു അവയവങ്ങളെക്കൊണ്ടാണ് അവ വുളൂഇലൂടെ ശുദ്ധീകരിക്കുകയാണ് ഇതാണ് നാലു അവയവങ്ങളെ തിരഞ്ഞെടുത്തതിലെ യുക്തി (ശർവാനി: 1/197)
തല കഴുകാൻ കൽപിക്കാതെ തടവാൻ കൽപിച്ചതെന്തുകൊണ്ട്?
മറ്റു അവയവങ്ങളെക്കൊള്ളെ ചേർത്തിയിട്ട് മിക്ക സമയത്തും മറഞ്ഞു കൊണ്ടിരിക്കുന്ന അവയവമാണ് തല അതിനാൽ ചുരുങ്ങിയ ശുദ്ധികൊണ്ട് തലയിൽ മതിയാക്കി (ബുജൈരിമി: 1/114)
ക്യൂട്ടക്സ് വിരലുകളിലുണ്ടെങ്കിൽ വുളൂഅ് സാധുവാകുമോ?
വെള്ളം ചേരാത്തതാണെങ്കിൽ വുളൂഅ് സ്വഹീഹാവില്ല കട്ടിയുള്ളതരം ക്യൂട്ടക്സാണ് ഇന്നു കാണപ്പെടുന്നത് അതു വെള്ളം ചേരുന്നതിനെ തടയും
നിസ്കാരത്തിലെ നിയ്യത്തിൽ 'ലില്ലാഹി തആല' (അല്ലാഹുവിനു വേണ്ടി) യെന്നു ചേർത്തിപ്പറയുംപോലെ വുളൂഇന്റെ നിയ്യത്തിൽ സുന്നത്തുണ്ടോ?
അതേ, സുന്നത്തുണ്ട് (മുഗ്നി: 1/49)
വുളൂഅ് ചെയ്യാൻ വേണ്ടി ഇരിക്കൽ സുന്നത്തുണ്ടോ?
അതേ, വെള്ളം ശരീരത്തിലേക്ക് തെറിക്കാത്ത സ്ഥലമാണെങ്കിൽ വുളൂഅ് ചെയ്യുന്നവനു ഇരിക്കൽ സുന്നത്തുണ്ട് (ഇആനത്ത്: 1/55, ഇഹ്‌യാഅ്: 1/132)
എത്ര വയസ്സുള്ള കുട്ടികളെ തൊട്ടാലാണ് വുളൂഅ് മുറിയുക?
അതിനു നിർണിത പ്രായപരിധിയില്ല സാധാരണയിൽ കണ്ടാൽ ആശിക്കപ്പെടുന്ന പ്രായം എത്തുക എന്നതാണ് പരിഗണന ഈ പ്രായം എത്തിയ ആൺകുട്ടിയെ അന്യ സ്ത്രീയും പെൺകുട്ടിയെ അന്യ പുരുഷനും തൊട്ടാൽ വുളൂഅ് മുറിയും (ഫത്ഹുൽ മുഈൻ, പേജ്: 25)
അശുദ്ധികൊണ്ട് മുറിയാത്ത വുളൂവുണ്ടോ?
ഉണ്ട്, സംയോഗം കഴിഞ്ഞാൽ ഇനിയും സംയോഗം ചെയ്യാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ചെയ്യുന്ന വുളൂഅ് ഈ വുളൂഅ് കൊണ്ടുള്ള ഉദ്ദേശ്യം ഇനിയും സൗയോഗത്തിനു കൂടുതൽ ഉന്മേഷമുണ്ടാക്കുകയാണ് ഇതു അശുദ്ധിയുടെ കാരണങ്ങൾ കൊണ്ട് മുറിയുന്നതല്ല (തുഹ്ഫ: 1/284)
വുളൂഇന്റെ നിയ്യത്തോടൊപ്പം തണുപ്പിക്കുക എന്നു കരുതുന്നതുകൊണ്ട് വിരോധമുണ്ടോ?
ഇല്ല, വുളൂഅ് ശരിയാകും (തുഹ്ഫ: 1/208)
കൃത്രിമമായി വെക്കപ്പെട്ട അവയവങ്ങൾ കഴുകൽ നിർബന്ധമാണോ?
അതേ, ശുദ്ധീകരണ വേളയിൽ കഴുകൽ നിർബന്ധമാണ് (നിഹായ: 1/199)
കൈ മുറിക്കപ്പെട്ടവൻ വുളൂഇൽ എന്തു ചെയ്യും?
കഴുകൽ നിർബന്ധമായതിന്റെ അൽപമാണു മുറിക്കപ്പെട്ടതെങ്കിൽ ബാക്കി ഭാഗം കഴുകൽ നിർബന്ധമാണ് മുട്ടു മുതൽക്കാണു മുറിക്കപ്പെട്ടതെങ്കിൽ തോളൻകൈയ്യിന്റെ താഴ്ഭാഗം കഴുകണം അതിനു മുകളിലാണ് മുറിക്കപ്പെട്ടതെങ്കിൽ തോളൻകൈയ്യിന്റെ ബാക്കി ഭാഗം കഴുകൽ നിർബന്ധമില്ല, സുന്നത്തുണ്ട് (ബുജൈരിമി: 1/132)
വുളൂഇൽ മുഖം കഴുകാൻ പറ്റാതെ വന്നാൽ എപ്പോഴാണ് നിയ്യത്ത് ചെയ്യേണ്ടത്?
മുഖത്തുള്ള രോഗം നിമിത്തം കഴുകാൻ സാധിക്കാതെ വന്നാൽ കഴുകുന്നതിനു പകരം വെള്ളം കൊണ്ട് തടവാനുള്ള കെട്ടുകൾ ഇല്ലെങ്കിൽ കൈ കഴുകുന്നതിന്റെ ആദ്യത്തിൽ നിയ്യത്ത് ചെയ്യണം (തുഹ്ഫ: 1/210)
വുളൂഇന്റെ നിയ്യത്തോടെ വെള്ളത്തിൽ മുങ്ങിയാൽ വുളൂഅ് ലഭ്യമാകുമോ?
അതേ, ലഭ്യമാകും (ഇആനത്ത്: 1/42)
വുളൂഇനു എത്ര നിയ്യത്തുകളുണ്ട്?
രണ്ടു നിയ്യത്ത് ഒന്ന്, മുൻകൈ കഴുകുമ്പോഴുള്ള സുന്നത്തായ നിയ്യത്ത് രണ്ട് മുഖം കഴുകുമ്പോഴുള്ള ഫർളായ നിയ്യത്ത് (ഫത്ഹുൽ മുഈൻ)
സുന്നത്തായ നിയ്യത്തിന്റെ രീതി?
'നവൈതു സുനനൽ വുളൂഇ' (വുളൂഇന്റെ സുന്നത്തുകളെ ഞാൻ കരുതി) എന്ന നിയ്യത്ത് മതി
പാത്രത്തിൽ നിന്നു കോരിയെടുത്തു വുളൂഅ് ചെയ്യുമ്പോൾ അതു ഏതു ഭാഗത്ത് വെക്കണം?
കോരിയെടുക്കുന്ന പാത്രം വുളൂഅ് ചെയ്യുന്നവന്റെ വലതു ഭാഗത്തും ചൊരിച്ചു കഴുകുന്ന പാത്രം ഇടതു ഭാഗത്തും വെക്കൽ സുന്നത്താണ്
പലരും വുളൂഇൽ രണ്ടു കാലുകളും ഒരുമിച്ചു കഴുകുന്നതു കണാം അങ്ങനെയാണോ വേണ്ടത്?
അല്ല വലതു കാൽ മൂന്നു പ്രാവശ്യം കഴുകിയ ശേഷം ഇടതു കാൽ കഴുകാൻ ആരംഭിക്കണം ഇതാണ് സുന്നത്ത് (ഫത്ഹുൽ മുഈൻ)
വുളൂഅ് ചെയ്യുന്നവനോട് സലാം പറയാമോ?
പറയാം വുളൂഅ് ചെയ്യുന്നവനോട് സലാം പറയലും വുളൂഅ് ചെയ്യുന്നവൻ സലാം പറയലും സുന്നത്താണ് മടക്കൽ നിർബന്ധവുമാണ് ഒന്നുംതന്നെ കറാഹത്തില്ല (ഫത്ഹുൽ മുഈൻ: പേജ് :20)
വുളൂഇന്റെ വേളയിലല്ലാതെ സാധാരണ മിസ് വാക്ക് ചെയ്യുമ്പോൾ നിയ്യത്തു വേണോ?
അതേ, നിയ്യത്ത് അനിവാര്യമാണ് എങ്കിലേ സുന്നത്തിന്റെ പ്രതിഫലം ലഭിക്കുകയുള്ളൂ (ഇആനത്ത്: 1/78)
പല്ലില്ലാത്തവർക്ക് മിസ് വാക്ക് ചെയ്യൽ സുന്നത്തുണ്ടോ?
അതേ, സുന്നത്തുണ്ട് (ഫത്ഹുൽ മുഈൻ, പേജ്:17)
കൃത്രിമ പല്ല് തേച്ചാൽ മിസ് വാക്ക് ചെയ്ത പുണ്യം ലഭിക്കുമോ?
വായയിൽ വയ്ക്കാനും എടുത്തുവയ്ക്കാനും സൗകര്യമുള്ള കൃത്രിമ പല്ലുകൾക്ക് സാക്ഷാൽ പല്ലുകളുടെ വിധിയില്ല (ഫതാവൽ കുബ്റാ: 1/69) അതിനാൽ ആ പല്ലു മാത്രം എടുത്തു ഉരച്ചതുകൊണ്ട് മിസ് വാക്ക് ചെയ്ത സുന്നത്തു ലഭിക്കുകയില്ല എന്നാൽ അതു വായയിൽ ഫിറ്റ് ചെയ്ത ശേഷം മിസ് വാക്ക് ചെയ്താൽ പല്ലിന്റെ ചുറ്റുഭാഗത്തുള്ള വായയിലെ സ്ഥലത്ത് മിസ് വാക്ക് തട്ടിയാൽ സുന്നത്ത് ലഭിക്കും (തുഹ്ഫ: 1/214 നോക്കുക)
വുളൂഇൽ വായിൽ വെള്ളം കൊപ്ലിക്കുമ്പോൾ മൂന്നു തവണ വെള്ളം വായിൽ ആക്കി ഒരു തവണ വെള്ളം പുറത്തേക്ക് തുപ്പിയാൽ പോരെ?*
പൂർണ സുന്നത്ത് ലഭിക്കാൻ ഓരോ പ്രാവശ്യവും വായിലാക്കിയ വെള്ളം കൊപ്ലിച്ച് തുപ്പിക്കളയണം ഇങ്ങനെ മൂന്നു പ്രാവശ്യം ചെയ്യണം (ഫത്ഹുൽ മുഈൻ, പേജ്: 18)
വുളൂഇലും കുളിയിലും കണ്ണിന്റെ പീളക്കുഴി ശ്രദ്ധിച്ചു കഴുകൽ നിർബന്ധമുണ്ടോ?
അതേ, വെള്ളം ചേരുന്നതിനെ തടയുന്നവ 'പീള' പീളക്കുഴിയിലുണ്ടെങ്കിൽ അതു നീക്കൽ നിർബന്ധമാണ് (ഫത്ഹുൽ മുഈൻ, പേജ്: 20)
വലിയ അശുദ്ധിക്കാരൻ മേനി തേക്കാതെ കുളിച്ചാൽ മതിയാകുമോ?
അതേ, നിയ്യത്തോടെ ഒരു പ്രാവശ്യം വെള്ളം ശരീരത്തിന്റെ പുറംഭാഗങ്ങളെ മുഴുവൻ കഴുകിയിട്ടുണ്ടെന്ന ധാരണ വന്നാൽ തന്നെ കുളിയുടെ ഫർളു വീടും മേലു തേച്ചുരക്കൽ സുന്നത്തുള്ളൂ (ഫത്ഹുൽ മുഈൻ, പേജ്: 29)
പല്ല് തേക്കൽ നേർച്ചയാക്കിയാൽ എത്ര പല്ലുകൾ തേക്കണം?
മിക് വാക്ക് ചെയ്യൽ (പല്ല് തേക്കൽ) എന്നതിന്റെ മതപരമായ ഉദ്ദേശ്യം, ഉരമുള്ള ബ്രഷു പോലെയുള്ള വസ്തുക്കൾ പല്ലുകളിലും അതിനു ചുറ്റുഭാഗത്തും ഒരു പ്രാവശ്യമെങ്കിലും ഉരക്കുകയെന്നതാണ് (തുഹ്ഫ: 1/214) അതുകൊണ്ടു തന്നെ പല്ല് തേക്കാൻ നേർച്ചയാക്കിയാൽ സാധിക്കുന്ന എല്ലാ പല്ലുകളും അനിവാര്യമായ ചുറ്റുവട്ടവും ഉരക്കൽ നിർബന്ധമാണ് എങ്കിൽ മാത്രമേ നേർച്ച വീട്ടുകയുള്ളൂ (ഹാശിയത്തുന്നിഹായ; 1/182)
മഗ്രിബിനു ശേഷം കുളിക്കാൻ പാടില്ലേ?
രാത്രി ഇശാഇന്റെ ആദ്യ സമയത്ത് കുളിക്കാതിരിക്കൽ സുന്നത്താണെന്ന് ഹാഫിളുകളായ ഹദീസു പണ്ഡിതർ പലരും പ്രസ്താവിച്ചിട്ടുണ്ട് മഗ്രിബിനു മുമ്പും ഇശാമഗ്രിബിനിടയിലും പിശാചുക്കൾ പരന്നു നടക്കുന്ന സമയമായതുകൊണ്ട് കുളിപ്പുരയിൽ പ്രവേശിക്കൽ കറാഹത്താണ് (നിഹായ, ശർവാനി: 1/284)
വുളൂഇൽ മറ്റൊരാൾ വെള്ളം ചൊരിച്ചുകൊടുക്കാമോ?
ന്യായമായ കാരണമില്ലാതെ വുളൂഇൽ അന്യന്റെ സഹായം തേടൽ സുന്നത്തിനു എതിരാണ് അവയവങ്ങൾ കഴുകുന്നതിൽ ഇതരന്റെ സഹായം തേടൽ കറാഹത്തുമാണ് (തുഹ്ഫ: 1/237)
വലിയ അശുദ്ധിക്കാരൻ ശരീരത്തിന്റെ അൽപഭാഗം നിയ്യത്തോടെ കഴുകി മറ്റു ജോലിയിൽ ഏർപ്പെട്ടു പിന്നെ കുളിക്കുമ്പോൾ വീണ്ടും നിയ്യത്ത് ചെയ്യണോ?
വേണ്ട നിയ്യത്ത് ശരീരത്തിന്റെ അൽപം കഴുകിയപ്പോൾ ചെയ്തിട്ടുണ്ടല്ലോ അതുമതി ഒരു കുളിക്ക് ഒരു നിയ്യത്തേ നിർബന്ധമുള്ളൂ
വലിയ അശുദ്ധിക്കാരൻ കുളിച്ചു നിസ്കരിച്ചശേഷം ശരീരത്തിന്റെ ഒരു ഭാഗത്ത് വെള്ളം ചേരാത്ത നിലയിലുള്ള 'കറ' കണ്ടു എന്നാൽ ഇനി ആ ഭാഗം മാത്രം കഴുകിയാൽ മതിയോ?*
അതേ, അവിടെ കഴുകിയാൽ മതി കുളി പുതുക്കേണ്ടതില്ല പ്രസ്തുത ഭാഗം കഴുകലോടെ കുളി പൂർണമായി പ്രസ്തുത നിസ്കാരം മടക്കണം
കുളിയിൽ തലയിലൊഴിച്ച വെള്ളം നെഞ്ചിലേക്ക് ഇറങ്ങിയാൽ നെഞ്ച് കഴുകിയതായി പരിഗണിക്കുമോ? അതോ പ്രസ്തുത വെള്ളം തലയിൽ തട്ടലോടെ ഫർളിൽ ഉപയോഗിച്ച വെള്ളമായോ?
കുളിയിൽ തലയിലൊഴിച്ച വെള്ളം തലയിൽനിന്നു നെഞ്ചിലേക്ക് പെട്ടെന്നു ഒലിച്ചിറങ്ങുമല്ലോ ഈ വെള്ളം തല ശുദ്ധീകരിച്ച ശേഷമാണ് നെഞ്ചിലേക്ക് വന്നതെന്നതുകൊണ്ട് വെള്ളം മുസ്തഅ്മലാകുന്നില്ല തല കഴുകിയതായും നെഞ്ച് കഴുകിയതായും പരിഗണിക്കും (ഫത്ഹുൽ മുഈൻ, പേജ്: 9)
വലിയ അശുദ്ധിയുള്ളപ്പോൾ നഖം, മുടി എന്നിവ നീക്കൽ തെറ്റാണോ?
തെറ്റില്ലെങ്കിലും നീക്കാതിരിക്കലാണ് നല്ലത് നീക്കപ്പെട്ട വസ്തുക്കൾ വലിയ അശുദ്ധിയോടെ പരലോകത്ത് വരുമെന്ന് ഇമാം ഗസ്സാലി (റ) പ്രസ്താവിച്ചിട്ടുണ്ട് (തുഹ്ഫ: 1/284)
ആർത്തവകാരിയിൽ നിന്നു കൊഴിഞ്ഞ മുടി സൂക്ഷിച്ചു വെച്ച് കുളിക്കുന്ന വേളയിൽ അവ കഴുകുന്ന രീതി ചില സ്ത്രീകളിൽ കാണുന്നുണ്ട് അതിന്റെ ആവശ്യമുണ്ടോ?*
ഇല്ല, ശരീരത്തിൽ നിന്നു വേർപ്പെട്ടത് കഴുകിയാലും അതിന്റെ അശുദ്ധി ഉയരില്ല വേർപ്പെട്ട മുടികൾ കുഴിച്ചുമൂടിയാൽ മതി കഴുകേണ്ടതില്ല പ്രസ്തുത മുടികൾ അന്യരിൽ നിന്ന് മറക്കൽ നിർബന്ധമാണ്
അലി അഷ്ക്കർ - 9526765555
-
ആദം നബി (അ) മനുഷ്യവർഗ്ഗത്തിന്റെ പിതാവ് ആദ്യ മനുഷ്യൻ ആ മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചു മണ്ണിൽ നിന്നാണ് സൃഷ്ടിച്ചത് ഇന്നും മനുഷ്യ പുത്രന്‍...
-
ഖിള്ർ നബി (അ) എന്ന നാമം സുപരിചിതമാണ്. പക്ഷെ ആ മഹത് വ്യക്തിത്വത്തെക്കുറിച്ചു പലർക്കും അറിയില്ല. അത് മലയാളികളിലേക്ക് എത്തിക്കാനായി നി...
-
സർവ്വലോക രക്ഷിതാവായ അള്ളാഹു ഈ പ്രപഞ്ചം സൃഷ്ടിച്ചത് മുതൽ പല പല കാലഘട്ടങ്ങളിലായി അനേകായിരം പ്രവാചകൻമാരെ ഈ ഭൂമിയിൽ ഇറക്കിയിട്ടുണ്ട്....
-
ലോകപ്രശസ്ത പ്രവാചക പ്രകീർത്തന കാവ്യമാണ് ഖസീദത്തുൽ ബുർദ.അറബിയിൽ ഉള്ള ഈ കാവ്യം രചിച്ചത് ഈജിപ്തിലെ ബൂസ്വീർ എന്ന ഗ്രാമത്തിൽ 1212 (ഹിജ്റ...
-
ഒരു മുസ്ലിമിനെ സംബന്ധിച്ചടുത്തോളം ഒഴിവാക്കാൻ കഴിയാത്ത ഒരു നിർബന്ധിത കർമ്മമാണ് നിസ്കാരം.ശരീരംകൊണ്ടു ചെയ്യുന്ന ആരാധനകളിൽ ഏറ്റവും ശ്രേ...
-
സത്യം കണ്ടെത്തി ലോക ചരിത്രത്തിലെ മഹാത്ഭുതം ആ വിശേഷണത്തിന്നർഹനായ ജനനായകൻ അമീറുൽ മുഅ്മിനീൻ ഉമറുൽ ഫാറൂഖ് (റ) ചരിത്രത്തിൽ വെട്ടിത്തിള...
-
അനസ്(റ) നിവേദനം: നബി(സ) അരുളി: സദ് വൃത്തനായ മനുഷ്യൻ കാണുന്ന നല്ല സ്വപ്നങ്ങൾ പ്രവാചകത്വത്തിന്റെ നാൽപ്പത്തിയാറിൽ ഒരംശമാണ്. (ബുഖാരി റഹ്...