Monday 6 May 2019

ജംഅ് സാധുവാകാൻ ബസ്സിറങ്ങണോ



പിന്തിച്ച്‌ ജംആക്കുമ്പോൾ രണ്ടാമത്തെ നിസ്‌കാരം കഴിയുന്നത്‌ വരെ യാത്രയിലാകണമെന്ന് പറയപ്പെടുന്നു. അപ്പോൾ സ്വന്തം നാട്ടിലേക്ക്‌ ബസ്സിൽ കയറി നമസ്‌കാരം ജംആക്കിയ ആൾ യാത്ര അവസാനിക്കുന്നതിന്റെ മുമ്പായി വഴിയിൽ ഇറങ്ങി ജംആക്കി നമസ്‌കരിക്കണമെന്നാണോ? വിശദീകരിച്ചാലും.


പിന്തിച്ചു ജംആക്കുമ്പോൾ രണ്ടാം നമസ്‌കാരം കഴിയുന്നത്‌ വരെ യാത്രയിലാകണമെന്ന് പറയപ്പെടുന്നത്‌ ശരിയാണ്‌. പക്ഷേ, രണ്ട്‌ നമസ്‌കാരവും സാങ്കേതികമായി ജംഉം അദാഉം ആയി സംഭവിക്കുന്നതിന്നാണ്‌ ഈ ഉപാധി. രണ്ടാം നമസ്‌കാരം നിസ്‌കരിച്ചു തീരും മുമ്പ്‌ യാത്ര മുറിഞ്ഞാൽ ജംആക്കാനുള്ള കാരണം ഇല്ലാതാകുമല്ലോ. അതിനാൽ, ഒന്നാം നമസ്‌കാരം ജംആക്കപ്പെട്ട നമസ്‌കാരമല്ലാതായി മാറും. അതു ഖളാആവുകയും ചെയ്യും. തുഹ്ഫ: 2-401.

എന്നാൽ, യാത്രയിലായിരിക്കെ ന്യായമായ കാരണത്തിന്റെ പേരിൽ ജംആക്കി ബസ്സിൽ കയറി നാട്ടിലേക്ക്‌ പോകുന്നയാൾ വഴിയിലിറങ്ങി ജംആക്കി നമസ്‌കരിക്കേണ്ട ആവശ്യമൊന്നുമില്ല. അയാൾക്ക്‌ നേരെ നാട്ടിൽ ചെന്നിറങ്ങാം. ഒന്നാം നമസ്‌കാരത്തിന്റെ സമയത്ത്‌ തന്നെ അയാൾ നാട്ടിലെത്തിയെങ്കിൽ ആ നമസ്‌കാരം അതിന്റെ സമയത്തും രണ്ടാം നമസ്‌കാരം അതിന്റെ സമയത്തുമായി വേറിട്ട്‌ നിസ്‌കരിക്കാമല്ലോ. അതല്ല, ഒന്നാം നമസ്‌കാരത്തിന്റെ സമയം കഴിഞ്ഞാണ്‌ അയാൾ നാട്ടിലെത്തുന്നതെങ്കിലോ, ആ നമസ്‌കാരം അയാൾക്കു ഖളാആകുമെന്നേയുള്ളൂ. സമയം കഴിഞ്ഞ്‌ നിർവ്വഹിക്കുന്നത്‌ കൊണ്ട്‌ സാങ്കേതികമായി ഇതു ഖളാആകുമെങ്കിലും നമസ്‌കാരം ഖളാആക്കിയ കുറ്റം അയാൾക്കുണ്ടാകുന്നതല്ല. അയാൾ ന്യായമായ കാരണത്താൽ ജംആക്കിയതാണല്ലോ. ശർവാനി 2-401 നോക്കുക.

(മൗലാനാ നജീബ്‌ നജീബ്‌ ഉസ്താദിന്റെ ചോദ്യോത്തരം പംക്തി, നുസ്രത്തുൽ അനാം മാസിക. 2012 ജനുവരി)

No comments:

Post a Comment