Monday 6 May 2019

ഇബ്രാഹിം നബി(അ)യുടെ പിതാവല്ലേ ആസർ



ഇബ്രാഹിം നബി(അ)ന്റെ പിതാവിനെ സംബന്ധിച്ചുള്ള ചോദ്യത്തിന് സുന്നിടൈംസ് പു:9, ല:39ൽ 'ഇബ്രാഹിം നബിയുടെ പിതാവിനെ കുറിച്ച് സീറയുടെ ഉലമാക്കൾ പറയുന്നത് അദ്ദേഹം കാഫിറല്ലെന്നാകുന്നു. എന്ന് മറുപടി പറഞ്ഞു കണ്ടു. എന്നാൽ, ഖുർആനിൽ നിന്നും ബുഖാരിയുടെ ഹദീസിൽ നിന്നും മനസ്സിലാവുന്നത് ഇബ്രാഹിം നബിയുടെ പിതാവ് 'ആസർ' ആണെന്നും അദ്ദേഹം കാഫിറാണെന്നുമാണ്. അതുകൊണ്ട് ടൈംസിൽ പറഞ്ഞതിനെ സംബന്ധിച്ച് പത്രാധിപരെന്ത് പറയുന്നു?

സുന്നിടൈംസിൽ നൽകിയ മറുപടി യഥാർത്ഥ മറുപടിയാണ്. വിവിധ തെളിവുകളുടെയും പ്രാബല്യം അതിനുണ്ട്. ആദം(അ)മുതൽ റസൂലിന്റെ(സ)ന്റെ പിതാവ് അബ്ദുല്ല എന്നവർവരെയുള്ള പിതാക്കളുടെ പരമ്പര ഖൈറായ പരമ്പരയാണെന്ന് ബുഖാരി നിവേദനം ചെയ്ത ഒരു ഹദീസിൽ നിന്ന് വ്യക്തമാണ്. ആ പരമ്പരയിൽപ്പെട്ട ഒരു വ്യക്തിയാണല്ലോ ഇബ്രാഹിം നബിയുടെ പിതാവും.

അതിനാൽ ഇബ്രാഹിം നബിയുടെ പിതാവും ഖൈറായ ആളാണെന്ന് ആ ഹദീസ് കൊണ്ട് സ്ഥിരപ്പെട്ടുകഴിഞ്ഞു. ഖൈറായ വ്യക്തി കാഫിറല്ലാത്തത് കൊണ്ട് ഇബ്രാഹിം നബിയുടെ പിതാവ് കാഫിറാല്ലെന്ന് സ്പഷ്ടമായി. എന്നാൽ, ആസർ കാഫിർ തന്നെയാണ്. പക്ഷേ, അയാൾ ഇബ്രാഹിം നബിയുടെ പിതാവല്ല. പിതൃവ്യനാണ്. ആസറിനെ സംബന്ധിച്ച് ഖുർആനിലും ഹദീസിലും ഇബ്റാഹീം നബിയുടെ 'അബ്' എന്ന് പറഞ്ഞിട്ടുണ്ട്. അതിൽ നിന്നും മറ്റുമായിരിക്കാം ആസർ ഇബ്രാഹീം നബിയുടെ പിതാവാണെന്ന് ചോദ്യകർത്താവിന് മനസ്സിലായത്. എന്നാൽ, 'അബ്' എന്ന പദം പിതാവിന് ഉപയോഗിക്കുന്നതിന്റെ പുറമെ പിതൃവ്യനും ഉപയോഗിക്കാറുണ്ട്. ഖുർആനിലും ഹദീസിലും ആ ഉപയോഗം കാണാം. ആസറിനെ സംബന്ധിച്ച് പറഞ്ഞതും ആ ഉപയോഗത്തിൽ പെട്ടതാണ്. ബഹു: ഇമാമീങ്ങൾ വ്യക്തമാക്കിയതാണിതെല്ലാം. ഒന്നുരണ്ടുദാഹരണങ്ങൾ കാണുക!

ഇബ്നുഹജറിനിൽ ഹൈതമി(റ)പറയുന്നു: "ആദ(അ)മുതൽ അബ്ദുല്ല എന്നിവർവരെ റസൂലി (സ)നുള്ള പിതാക്കളെല്ലാം അല്ലാഹു തിരഞ്ഞെടുത്ത പരിശുദ്ധന്മാരാണ്." ആദം സന്തതികളിലെ ഓരോ തലമുറയിൽ നിന്നും ഖൈറായ തലമുറകളിലായി എന്നെ അയക്കപ്പെട്ടു. അങ്ങനെ ഞാൻ നിലകൊള്ളുന്ന ഈ തലമുറയിൽ ഞാൻ എത്തിച്ചേർന്നു." എന്ന നബിവചനം ബുഖാരിയിലുള്ളത് അതിന് തെളിവാണ്. 'ഹവ്വാ' വരെയുള്ള മാതാക്കൾ റസൂലി(സ)നുണ്ട്.

ആദം (അ) വരെയുള്ള പിതാക്കളിൽ പ്രവാചകന്മാരല്ലാത്തവരുമുണ്ട്. കാഫിറായ ഒറ്റ വ്യക്തിയും കൂട്ടത്തിലില്ല തന്നെ. കാരണം, കാഫിറിനെ സംബന്ധിച്ച് തിരഞ്ഞെടുക്കപ്പെട്ടവനെന്നോ, ഖൈറായവനെന്നോ, പരിശുദ്ധനെന്നോ പറയാവതല്ല. റസൂലി(സ)ന്റെ മാതാപിതാക്കളുടെ പരമ്പര അങ്ങനെയുള്ള മഹാൻമാരും മഹതികളുമാണെന്ന് മേൽഹദീസുകൾ വ്യക്തമാക്കിയിട്ടുണ്ട്...കാഫിറായ ആസറിനെ സംബന്ധിച്ച് ഖുർആനിൽ ഇബ്രാഹിം നബിയുടെ 'അബ്' (വാപ്പ)എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും മുകളിൽ പറഞ്ഞതിനോട് അത് വിരുദ്ധമല്ല. കാരണം, ആസർ ഇബ്രാഹീം നബിയുടെ യഥാർത്ഥ വാപ്പയല്ല. പിതൃവ്യനാണ്. ഈ കാര്യത്തിൽ പൂർവ്വവേദക്കാർ ഏകോപിച്ചിട്ടുണ്ട്. കൂടാതെ അറബികൾ പിതൃവ്യനെ സംബന്ധിച്ചും അബ് (വാപ്പ)എന്ന് പറയാറുണ്ട്. ഖുർആനിലും അങ്ങനെയുണ്ട്. "അങ്ങയുടെയും അങ്ങയുടെ വാപ്പാന്മാരായി ഇബ്രാഹിം, ഇസ്മായിൽ, ഇസ്ഹാഖ് എന്നിവരുടെയും ഇലാഹിന്" എന്ന് യഅ്ഖൂബ് നബിയോട് സന്താനങ്ങൾ പറഞ്ഞതു ഖുർആനിലുണ്ട്. ഇസ്മായിൽ നബിയെ യാഅ്ഖൂബ് നബിയുടെ വാപ്പമാരിലാണല്ലോ ഇവിടെ എണ്ണിയത്. ഇസ്മായിൽ നബിയാവട്ടെ യഅ്ഖൂബ് നബിയുടെ പിതൃവ്യനുമാണ്. പൂർവ്വവേദക്കാരൊന്നും അങ്ങനെ ഏകോപിച്ചിട്ടില്ലെങ്കിൽ തന്നെ ആസറിനെ സംബന്ധിച്ച് ഇബ്രാഹിം നബിയുടെ പിതൃവ്യൻ എന്ന് വ്യാഖ്യാനിക്കേണ്ടത്. തെളിവുകളിൽ തോന്നുന്ന വൈരുദ്ധ്യം ഇല്ലാതാവണമെങ്കിൽ അത് അനിവാര്യമാണ്. ഇങ്ങനെയല്ലാതെ ബാഹ്യരൂപത്തിൽ ബൈസാവിയും മറ്റും വ്യാഖ്യാനിച്ചത് ആലോചനക്ക് വിശ്രമം കൊടുത്ത സന്ദർഭത്തിലാണ്. ശറഹുൽ ഹംസിയ്യ: പേജ്:20.

മുഹമ്മദുസ്സുർഖാനി ഉദ്ധരിക്കുന്നു; "ആസർ ഇബ്രാഹീം നബിയുടെ പിതൃവ്യനാണ്. പിതാവല്ല എന്നതാണ് പ്രബലമായ അഭിപ്രായം. അങ്ങനെ തന്നെയാണ് ഇമാം റാസിയും പറഞ്ഞത്. സലഫിൽ നിന്ന് ഒരു വിഭാഗം റാസിയുടെ മുമ്പുതന്നെ ഈ അഭിപ്രായത്തിലാണുള്ളത്. ഇബ്നുഅബ്ബാസ്, മുജാഹിദ്, ഇബ്നുറൈജ് സുദ്ദി(റ)എന്നിവർ പറഞ്ഞതായി പരമ്പര സഹിതം നിവേദനം ചെയ്യപ്പെടുകയാണ്. ആസർ ഇബ്രാഹീം നബിയുടെ പിതാവല്ല. താറഖിന്റെ പുത്രനാണ്. ഇബ്റാഹീം (അ)എന്ന്." ശറഹുൽ മവാഹിബ്:1-176.

No comments:

Post a Comment