Wednesday 15 May 2019

പരിഹാരമെന്ത് - നിത്യ ജീവിതത്തിൽ മനസ്സിലാക്കേണ്ടുന്ന ഇസ്‌ലാമിക മസ്അലകൾ



യഥാർത്ഥ വിശ്വാസികൾ ആരാണ് ?

സാധാരണക്കാരായ പലരും ചോദിക്കുന്ന ചോദ്യമാണിത് ഇന്ന് നമ്മുടെ ഇടയിൽ ധാരാളം പ്രസ്ഥാനങ്ങൾ ഉണ്ട് സുന്നികൾ അഥവാ അഹ്ലുസ്സുന്നത്തി വൽ ജമാഅത്ത്, മുജാഹിദ്, ജമാഅത്തെ ഇസ്ലാമി, തബ്ലീഗ്, ഖാദിയാനികൾ, നൂരിഷ, ശംസിയ്യ തുടങ്ങിയ അനേകം അനേകം...... പലരുടെയും ക്ലാസുകളും പ്രസംഗങ്ങളും കേട്ടും സത്യം ഏതെന്ന് മനസ്സിലാവാതെ ഉഴലുന്നവർ പലപ്പോഴും മേൽ ചോദ്യം ചോദിക്കാറുണ്ട് 

പരിശുദ്ധ ദീൻ മാറ്റത്തിരുത്തലുകൾക്ക് വിധേയമാവാതെ ലോകാവസാനം വരെ നിലനിൽക്കുമെന്ന യാഥാർത്ഥ്യം വിശ്വസിക്കുന്നവരാണ് മുസ്ലിംകൾ 

ഇമാംനവവി(റ) രേഖപ്പെടുത്തുന്നു: നബി (സ) തങ്ങൾ പറഞ്ഞു: എന്റെ സമുദായത്തിലെ ഒരു വിഭാഗമാളുകൾ സത്യത്തിന്മേൽ പ്രത്യക്ഷ നിലയിൽ നിലകൊണ്ടേയിരിക്കും വഞ്ചകരുടെ വഞ്ചന അവരെ പ്രയാസത്തിലാക്കുകയില്ല ഈ ഹദീസ് ബുഖാരി, മുസ്ലിംമിൽ ഉള്ളതാണ് 

പ്രത്യക്ഷ നിലയിൽ നിലകൊള്ളുന്ന ആ വിഭാഗം പണ്ഡിതന്മാരാകുന്നു (തഹ്ദീബുൽ അസ്മാഇ വല്ലുഗാത്ത്: 1/45) 

അതുകൊണ്ടു തന്നെ സ്വഹാബത്തിന്റെ കാലം മുതൽ ഇന്നേവരെയുള്ള മഹത്തുക്കളായ പണ്ഡിതർ എന്താണ് ചെയ്തതെന്നും പറഞ്ഞതെന്നും നോക്കിയാൽ മതി സത്യം നമുക്ക് മനസ്സിലാവും ഖുർആനും സുന്നത്തും അവർക്കാണല്ലോ നമ്മേക്കാൾ കൂടുതൽ മനസ്സിലാവുക ഇമാം  ശഅ്റാനി (റ) എഴുതുന്നു: പണ്ഡിതരെ സംബന്ധിച്ചോ അവരെ പിൻതുടരുന്നവരെ സംബന്ധിച്ചോ ചീത്ത വിചാരം നീ സൂക്ഷിക്കുക അതു കാരണമായി നിനക്ക് നാശമുണ്ടാവും (അൽ അജ് വിബത്തുൽ മർളിയ്യ: അൽ അഇമ്മത്തിൽ ഫുഖഹാഇ വസ്സൂഫിയ്യ: 68)


നിസ്കാരം ഖളാഅ് ആയാൽ

ഭൗതിക പ്രസരിപ്പിന് പിന്നാലെ ഓടിയ പലരും പിന്നീട് കുറേക്കാലം കഴിഞ്ഞതിന് ശേഷം നഷ്ടപ്പെട്ട ജീവിതത്തെ കുറിച്ചോർത്ത് ദുഃഖിക്കാറുണ്ട്. പിന്നോട്ട് തിരിഞ്ഞുനോക്കുമ്പോൾ പ്രായപൂർത്തിയായത് മുതൽ ധാരാളം നിസ്കാരം നഷ്ടപ്പെടുത്തിയിട്ടുണ്ട്. എത്രയാണ് ഖളാഅ് ആയതെന്ന് അറിയുകയില്ല. അതുകൊണ്ട് തന്നെ ഇതൊക്കെ എങ്ങനെ നിസ്കരിക്കുമെന്നറിയാതെ വിഷമിക്കുന്നവർ പലരും ഖളാഅ് ആയത് നിസ്കരിക്കാതെ ജീവിതത്തിന്റെ ബാക്കിയുള്ളതിൽ കൃത്യത പുലർത്തുന്നു. അതുകൊണ്ട്മാത്രം പരിഹാരമുണ്ടോ? നാം ആഖിറത്തിൽ രക്ഷപ്പെടുമോ? 

വിശുദ്ധ ഖുർആനിലെ 107-മത്തെ സൂറത്ത് അൽ മാഊനിലെ നിസ്കരിക്കുന്നവർക്ക് ശിക്ഷയുണ്ട് എന്ന ആയത്തിന്റെ വ്യാഖ്യാനത്തിൽ ഇമാം ഖുർത്വുബി (റ ) എഴുതുന്നു: ഇബ്നു അബ്ബാസ് (റ) പറഞ്ഞു: നിസ്കരിച്ചാൽ പ്രതിഫലം ആഗ്രഹിക്കാത്തവനും ഉപേക്ഷിച്ചാൽ ശിക്ഷയെ പേടിക്കാതെ നിസ്കരിക്കുന്നവനാണവൻ അബുൽ ആലിയ (റ) പറഞ്ഞു: സമയത്ത് നിസ്കരിക്കാത്തവനും റുകൂഉം സുജൂദും പൂർത്തിയാക്കാതെ നിസ്കരിക്കുന്നവനാണവൻ (തഫ്സീർ ഖുർത്വുബി: 20/21)

ശാഫിഈ മദ്ഹബിലെ അസ്ഹാബിൽ പെട്ട ഇമാം മുഹമ്മദുബ്നു ജരീരിത്വബ്റി (റ) എഴുതുന്നു: പ്രസ്തുത സൂക്തത്തെ സംബന്ധിച്ച് നബി (സ) യോട് ചോദിക്കപ്പെട്ടപ്പോൾ പറഞ്ഞു: നിസ്കാരം സമയത്ത് നിസ്കരിക്കാത്തവനാണവൻ (തഫ്സീറു ത്വബ്റി 30/203) 

ചുരുക്കത്തിൽ നിസ്കാരം ഖളാഅ് ആക്കുന്നവന് വൈൽ എന്ന ശിക്ഷയുണ്ടെന്ന് ഖുർആൻ വ്യക്തമായി ഉണർത്തുമ്പോൾ നാം ഭയപ്പെടണം .


നിസ്കരിച്ചില്ലെങ്കിൽ വധശിക്ഷ

നിസ്കാരം ഖളാഅ് ആയാൽ ഖളാഅ് വീട്ടൽ നിർബന്ധം തന്നെയാണ്. ഖളാഅ് ആക്കിയതിനാൽ ഇസ്ലാമിക ഭരണകൂടത്തിൽ വധശിക്ഷ നടപ്പാക്കണം. 

ഇമാം ശഅ്റാനി (റ) എഴുതുന്നു: പ്രായപൂർത്തിയും ബുദ്ധിയുമുള്ള എല്ലാ മുസ്ലിമിനും സ്ത്രീയാണെങ്കിൽ ഹൈള് നിഫാസിൽ നിന്ന് ശുദ്ധിയായിരിക്കുകയും ചെയ്താൽ അഞ്ചു നേരത്തെ നിസ്കാരം നിർബന്ധമാണെന്നതിൽ മുസ്ലിമീങ്ങൾ ഒരേ സ്വരക്കാരാണ്. ഇത് ആരെങ്കിലും നിഷേധിച്ചാൽ അവൻ കാഫിറാണ്. മടി കാരണം ഒരുത്തൻ നിസ്കാരം ഉപേക്ഷിച്ചാൽ മതപരമായ ശിക്ഷയെന്ന നിലക്ക് അവനെ വാളുകൊണ്ട് വധിക്കണം. ശേഷം അവനെ കുളിപ്പിക്കണം, നിസ്കരിക്കണം, മറമാടുകയും വേണം (അൽ മീസാനുൽ കുബ്റാ 1/95) 

ഇമാം നവവി(റ) എഴുതുന്നു: ആരെങ്കിലും നിസ്കാരത്തിന്റെ നിർബന്ധതയെ നിഷേധിക്കുകയോ അല്ലെങ്കിൽ നിർബന്ധത്തെ നിഷേധിച്ച് നിസ്കരിക്കുകയും ചെയ്യും എങ്കിൽ അവൻ മുസ്ലിമീങ്ങളുടെ ഇജ്മാഅ് അനുസരിച്ച് കാഫിറും മുർതദ്ദുമാണ്. അവൻ മുസ്ലിമായിട്ടില്ലെങ്കിൽ ഇസ്ലാമിക ഭരണാധികാരിക്ക് അവൻ മതത്തിൽ നിന്ന് പുറത്തു പോയ കാരണം കൊണ്ട് വധിക്കൽ നിർബന്ധമാണ്. മതത്തിൽ നിന്ന് പുറത്തു പോയവന്റെ എല്ലാ നിയമങ്ങളും അവന് ബാധകമാണ്. ഇതിൽ പുരുഷനും സ്ത്രീയും സമമാണ് .

മുസ്ലിമീങ്ങൾക്കിടയിൽ ജീവിക്കുന്നവനാണ് ഈ നിയമം ബാധകം. അടുത്ത് മുസ്ലിമായവനോ മുസ്ലിമീങ്ങളിൽ നിന്നകന്ന് ദൂരെ മലഞ്ചെരുവിൽ താമസിക്കുന്നവനോ ആണെങ്കിൽ അവന്റെ അവസ്ഥ ഈ നിയമം അറിയാതിരിക്കുകയുമാണെങ്കിൽ അവൻ നിസ്കാരത്തെ നിഷേധിച്ചത് കൊണ്ട് കാഫിറാണെന്ന് പറയരുത് , മറിച്ച് നിസ്കാരത്തിന്റെ നിർബന്ധത അവന് മനസ്സിലാക്കിക്കൊടുക്കണം. അറിഞ്ഞതിനു ശേഷം നിഷേധിച്ചാൽ അവന് ഇസ്ലാമിൽ നിന്ന് പുറത്താണ്. ഇനി ഒരാൾ നിസ്കാരത്തിന്റെ നിർബന്ധത അംഗീകരിച്ച് നിസ്കരിക്കാതിരുന്നാൽ അതു രണ്ടു നിലക്കാവാം, 

ഒന്ന്: മറവിയോ ഉറക്കമോ പോലോത്ത കാരണം കൊണ്ട് നിസ്കാരം ഖളാഅ് ആവൽ ഇവന് നിസ്കാരം ഖളാഅ് വീട്ടലേ നിർബന്ധമുള്ളൂ ഇനി ഒരു കാരണവുമില്ലാതെ മടിയനായി ഉപേക്ഷിച്ചാൽ (ഇന്ന് പലരും ചെയ്യുന്നത് പോലെ) അവനെ കൊല്ലൽ നിർബന്ധമാണ് അവൻ കാഫിറാണോ അല്ലയോ എന്നതൽ അഭിപ്രായ വ്യത്യാസമുണ്ട് നമ്മുടെ അസ്ഹാബിൽപ്പെട്ട ഇമാം മൻസ്വൂർ (റ) പറയുന്നത് അവൻ കാഫിറാണെന്നാണ് എന്നാൽ ഭൂരിപക്ഷം പണ്ഡിതർ പറഞ്ഞതും സ്വഹീഹായതും അവൻ കാഫിറല്ലെന്നാണ് 

ളുഹ്ർ ഒരാൾ നിസ്കരിക്കാതിരുന്നാൽ സൂര്യൻ അസ്തമിക്കുന്നത് വരേയും മഗ്രിബ് നിസ്കരിക്കാതിരുന്നാൽ സുബ്ഹി വരേയും അവനെ വധിക്കരുത് അവനെ വധിച്ചാൽ കുളിപ്പിക്കുകയും നിസ്കരിക്കുകയും മുസ്ലിംമീങ്ങളുടെ ഖബ്ർസ്ഥാനിൽ മറമാടുകയും വേണം മറ്റുള്ളവരെ പോലെ തന്നെ അവന്റെ ഖബ്റും ഉയർത്തണം (ശർഹുൽ മുഹദ്ദബ് 3/15,16) 

മേൽ ഉദ്ധരണിയിൽ നിന്ന് നിസ്കാരം ഖളാആക്കിയാലുള്ള ഭയാനകമായ ഭവിഷത്ത് മനസ്സിലാക്കാം ദുനിയാവിലും ആഖിറത്തിലും അവൻ നിന്ദ്യൻ തന്നെയാണ്  

ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: നിശ്ചയം പ്രായപൂർത്തിയും ബുദ്ധിയുമുള്ളവനും വിവരമുള്ളവനും അഞ്ചു നേരത്തെ നിസ്കാരം നിർബന്ധമാണെന്നതിനെ നിഷേധിച്ചാൽ അവൻ കാഫിറാണെന്ന് ഇജ്മാഅ് ആകുന്നു നിസ്കാരം നിർബന്ധമാണെന്ന വിശ്വാസത്തോടെ മടിയനായി നിസ്കരിക്കാതിരുന്നാൽ അവനേയും വധിക്കണം (തുഹ്ഫ: 3/84) 

ഇത് ഇസ്ലാമിക ശിക്ഷയാണ് അതുകൊണ്ട് തന്നെ ഇസ്ലാമിക ശിക്ഷ നടപ്പാക്കേണ്ടത് ഇസ്ലാമിക ഭരണാധികാരിയോ അല്ലെങ്കിൽ പകരം നിശ്ചയിക്കപ്പെട്ട ആളോ ആയിരിക്കണം (തുഹ്ഫ: 9/96) 

ഇമാം സൈനുദ്ദീൻ മഖ്ദൂം (റ) എഴുതുന്നു: പ്രായപൂർത്തിയും ബുദ്ധിയും ശുദ്ധിയുമുള്ള മുസ്ലിം മനഃപൂർവ്വം ജംഇന്റെ സമയവും കഴിഞ്ഞ് നിസ്കാരം മടിയനായി പിന്തിപ്പിച്ചാൽ മതപരമായ ശിക്ഷ എന്ന നിലക്ക് അവനെ പിരടി വെട്ടി വധിക്കേണ്ടതാണ് (ഫത്ഹുൽ മുഈൻ: 5) ഫത്ഹുൽ മുഈൻ വ്യഖ്യാനിച്ച് ഇമാം ബക്രി (റ) എഴുതുന്നു: പിരടി വെട്ടി വധിക്കുകയെന്നാൽ വാള് പോലോത്തത് കൊണ്ട് വെട്ടി വധിക്കലാണ് അതല്ലാത്തത് കൊണ്ട് വധിക്കൽ അനുവദനീയമല്ല (ഇആനത്തുത്വാലിബീൻ: 1/42) 

എന്നാൽ നിസ്കാര നിർബന്ധതയെ നിഷേധിച്ചവനെ വധിച്ചതിനുശേഷം കുളിപ്പിക്കുകയോ അവന്റെ മേൽ മയ്യിത്ത് നിസ്കാരം നിർവ്വഹിക്കുകയോ ചെയ്യരുത് (ഫത്ഹുൽ മുഈൻ:6) 


ഖളാഅ് വിട്ടൽ നിർബന്ധം തന്നെ

നിസ്കാരം മനഃപൂർവമോ അല്ലാതെയോ ഖളാഅ് ആയാൽ ഖളാഅ് വീട്ടൽ നിർബന്ധം തന്നെയാണ് ഇമാം നവവി(റ) എഴുതുന്നു: അനസ് (റ) ൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: ആരെങ്കിലും നിസ്കാരം മറന്നാൽ ഓർമ വന്നാൽ നിസ്കരിക്കട്ടെ ജാബിർ (റ) ൽ നിന്ന് നിവേദനം: ഖൻദഖ് ദിനത്തിൽ ഉമർ (റ) അവിശ്വാസികളായ ഖുറൈശികളേയും ആക്ഷേപിച്ച് നബി (സ) യുടെ അടുക്കൽ വന്ന് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, സൂര്യൻ അസ്തമിച്ചു ഞാൻ അസർ നിസ്കരിച്ചിട്ടില്ല നബി (സ) പറഞ്ഞു: ഞാനും നിസ്കരിച്ചിട്ടില്ല അങ്ങനെ ഞങ്ങൾ ബുത്വ് ഹാനിലേക്ക് മാറി വുളൂഅ് ചെയ്ത് അസർ നിസ്കരിച്ചു ശേഷം മഗ്രിബും (ശർഹുൽ മുഹദ്ദബ് 3/75) 

മേൽപറഞ്ഞ നിസ്കാരം മതപരമായ കാരണത്തോടുകൂടി ഖളാആയതാണ് അതിനു കുറ്റമില്ല ഇമാം നവവി(റ)  എഴുതുന്നു: കാരണത്തോട്  കൂടിയും അല്ലാതെയും ഖളാആയ നിസ്കാരം ഖളാഅ് വീട്ടൽ നിർബന്ധം തന്നെയാണ് കാരണത്തോട് കൂടിയല്ലെങ്കിൽ (ഇന്നധികപേരും ഖളാആയാൽ ഇങ്ങനെയാണ്) പ്രസ്തുത നിസ്കാരം വേഗത്തിൽ ഖളാഅ് വീട്ടൽ നിർബന്ധമാണ് (മജ്മൂഅ്: 3/75)

ഇമാം സൈനുദ്ദീൻ അഹ്മദ് മഖ്ദൂം (റ) എഴുതുന്നു: പ്രായപൂർത്തിയും ബുദ്ധിയും ശുദ്ധിയുമുള്ള മുസ്ലിം കാരണമില്ലാതെ നിസ്കാരം നഷ്ടപ്പെടുത്തിയാൽ പ്രസ്തുത നിസ്കാരം ഉടനെ തന്നെ ഖളാഅ് വീട്ടൽ നിർബന്ധമാണ് എന്റെ ഗുരുവര്യൻ  അഹ്മദ് ബ്നു ഹജർ (റ) പറഞ്ഞു: അത്തരക്കാർ ഒഴിച്ചുകൂടാൻ പറ്റാത്ത എല്ലാ സമയവും നഷ്ടപ്പെട്ട നിസ്കാരം നിസ്കരിക്കാൻ നീക്കിവെക്കേണ്ടതാണ് അവന് സുന്നത്ത് നിഷിദ്ധമാണ് (ഫത്ഹുൽ മുഈൻ: 6, തുഹ്ഫ: 1/439) 

മേൽ ഉദ്ധരണികളിൽ നിന്ന് വ്യക്തമായത്

1. നിസ്കാരം ഖളാഅ് രണ്ടു തരത്തിൽ, കാരണത്തോടെ കാരണമില്ലാതെ

2. രണ്ടു തരത്തിലും ഖളാഅ് ആയ നിസ്കാരങ്ങൾ നിർബന്ധമായും ഖളാഅ് വീട്ടണം 

3. കാരണമില്ലാതെ ഖളാഅ് ആയവന് ഒഴിച്ചുകൂടാൻ പറ്റാത്ത ഉറക്കം, നിർബന്ധമായ മറ്റു കാര്യങ്ങൾ എന്നിവക്ക് വേണ്ടിയല്ലാതെ മുഴു സമയവും ഖളാഇന് വേണ്ടി വിനിയോഗിക്കൽ നിർബന്ധമാണ് 

4.ഇത്തരക്കാർക്ക് സുന്നത്തായ ഏത് കാര്യവും ഹറാമാണ് 
 
5. ഫർള് ഖളാഅ് ഉള്ളവർ സുന്നത്ത് ഹറാമാണെന്ന് കരുതി ഖളാഅ് വീട്ടാതെ സുന്നത്തും ചെയ്യാതെ സമയം വെറുതെ ചെലവഴിക്കലും ഹറാമാണ് ഇവർക്ക് സുന്നത്ത് ഹറാമാണെങ്കിലും സുന്നത്ത് ചെയ്താൽ സ്വഹീഹാവുമെന്നാണ് പണ്ഡിത അഭിപ്രായം ഖളാഅ് ആയതിൽ നിന്ന് രക്ഷപ്പെടാൻ ഖളാഅ് വീട്ടലേ പോം വഴിയുള്ളൂ .



ഖളാഅ് എങ്ങനെ വീട്ടും

പ്രായപൂർത്തിയായതിനുശേഷം എത്രയോ നിസ്കാരങ്ങൾ ഖളാഅ് ഉണ്ട് ചിലർ ചിലപ്പോഴൊക്കെ നിസ്കരിച്ചിട്ടുണ്ട് ചിലപ്പോൾ നിസ്കരിച്ചിട്ടില്ല മറ്റു ചിലർ തീരെ തന്നെ നിസ്കരിച്ചിട്ടില്ല എത്ര നിസ്കാരങ്ങൾ ഖളാഅ് വീട്ടാനുണ്ടെന്ന് എത്ര ചിന്തിച്ചിട്ടും വ്യക്തമായ കണക്ക് കിട്ടുന്നില്ല എന്നാൽ എന്ത് ചെയ്യും 

തീരെ തന്നെ നിസ്കരിക്കാത്തവരാണെങ്കിൽ പ്രായപൂർത്തിയായതിനു ശേഷമുള്ള എല്ലാ നിസ്കാരവും നിർബന്ധമായും ഖളാഅ് വീട്ടണം 

നാലുവിധേന പ്രായപൂർത്തിയാവും (1) ഇന്ദ്രിയ സ്ഖലനം (2) ഹൈള് (ആർത്തവ രക്തം) ഉണ്ടാവൽ (3)മദ് യ്  പുറപ്പെടൽ (മനിയ്യ് അല്ല) (4) പതിനഞ്ച് വയസ്സ് എന്നിവ കൊണ്ടെല്ലാം പ്രായപൂർത്തിയാവും(ഇആനത്തുത്വാലിബീൻ 1/41, ശബ്റാമല്ലിസി: 1/243)

എന്നാൽ ഇടക്കിടക്ക് നിസ്കരിക്കുന്നവർ ഏകദേശം എത്ര നിസ്കാരം നിസ്കരിച്ചിട്ടുണ്ട്, നിസ്കരിച്ചിട്ടില്ല എന്ന് കണക്കാക്കുക എന്നാൽ ഏകദേശം ഒരു കണക്ക് കിട്ടും കൃത്യത വരുത്താൻ സംശയമില്ലാത്ത വിധം ഒരു എണ്ണം തയ്യാറാക്കുക ഇതിനായി അടുത്ത പള്ളി മദ്റസയിലെ ഉസ്താദുമാരെ സമീപിക്കാവുന്നതാണ് നന്നാവാൻ ശ്രമിക്കുന്നവർക്ക് വഴികാട്ടികളാണല്ലോ അവർ എല്ലാം നിസ്കരിച്ച് കഴിഞ്ഞാൽ തെറ്റിൽ നിന്ന് തൗബ ചെയ്ത് മടങ്ങണം നിസ്കാരം ഖളാഅ് ആക്കൽ അല്ലാഹുവുമായി ബന്ധപ്പെട്ട തെറ്റാണ് അല്ലാഹുവുമായി ബന്ധപ്പെട്ട തെറ്റാണെങ്കിൽ തൗബയുടെ നിബന്ധനകൾ മൂന്നെണ്ണമാണെന്ന് ഇമാം നവവി(റ ) രിയാളുസ്സ്വാലിഹീനിൽ രേഖപ്പെടുത്തിയിട്ടുണ്ട് 

(1) തെറ്റിൽ നിന്ന് പൂർണമായി മാറി നിൽക്കൽ -നിസ്കാരം ഖളാആക്കാതിരിക്കലാണ് 

(2) ചെയ്ത തെറ്റിൽ ഖേദിക്കൽ -ഖളാആയിപ്പോയതിൽ ദുഃഖമുണ്ടാകണം 

(3) ഇനി ഒരിക്കലും തെറ്റ് ആവർത്തിക്കില്ലെന്ന് ഉറപ്പിക്കൽ -ഇനി ഒരിക്കലും നിസ്കാരം ഖളാആക്കില്ലെന്ന് ഉറച്ച തീരുമാനമെടുക്കണം ഈ മൂന്ന് നിബന്ധനകളും ഒരുമിച്ചാൽ തൗബ സ്വഹീഹാവുന്നതാണ് 


ഖളാഅ് ഉള്ളവൻ മരിച്ചാൽ

നിസ്കാരം ഖളാഅ് ഉള്ളവൻ മരിച്ചാൽ എന്താണ് പ്രായശ്ചിത്തം അവന് വേണ്ടി വേറെ ആരെങ്കിലും ഖളാഅ് വീട്ടി നിസ്കരിച്ചാൽ പരിഹാരമാവുമോ? പരിശോധിക്കാം ഇമാം മഖ്ദൂം (റ) എഴുതുന്നു: നിസ്കാരം ഖളാഅ് ഉള്ളവൻ മരിച്ചാൽ ആ നിസ്കാരം ഖളാഅ് വീട്ടേണ്ടതില്ല അതിന് ഫിദ് യ (പ്രായശ്ചിത്തം) നൽകേണ്ടതുമില്ല നിസ്കാരം ഖളാഅ് വീട്ടാമെന്ന ഒരഭിപ്രായം ഇമാം അബ്ബാദി (റ) ഇമാം ശാഫിഈ (റ) യെ തൊട്ട് ഉദ്ധരിച്ചിട്ടുണ്ട് തന്റെ ചില കുടുംബക്കാർ നിസ്കാരം ഖളാആയി മരിച്ചപ്പോൾ അവരുടെ നിസ്കാരം ഇമാം സുബ്കി (റ) നിസ്കരിച്ചിട്ടുണ്ട് (ഫത്ഹുൽ മുഈൻ: 6) 

ഇമാം ബക്രി (റ) എഴുതുന്നു: നമ്മുടെഅസ്ഹാബിൽപ്പെട്ട ധാരാളം പേരുടെ അഭിപ്രായം ഖളാആയ ഓരോ നിസ്കാരത്തിനും ഒരു മുദ്ദ് (750 ഗ്രാം) ഭക്ഷിപ്പിക്കണം എന്നാണ് ഇമാം മുഹിബ്ബുത്വിബ്രി (റ) പറഞ്ഞു: നിർബന്ധവും സുന്നത്തുമായ എല്ല ഇബാദത്തിന്റെ പ്രതിഫലവും മയ്യിത്തിലേക്ക് ചേരും അഹ്ലുസുന്നഃയുടെ മദ്ഹബനുസരിച്ച് മനുഷ്യന്റെ പ്രവർത്തനങ്ങളുടെയും നിസ്കാരത്തിന്റെയും പ്രതിഫലം മയ്യിത്തിലേക്ക് ചേർത്താൽ ചേരുമെന്നാണ് (ഇആനത്ത്:1/45) 

ഇവിടെ ചില കാര്യങ്ങൾ സ്പഷ്ടമായി: 
 
1. പ്രബല അഭിപ്രായമനുസരിച്ച് നിസ്കാരം ഖളാഉള്ളവൻ മരിച്ചാൽ അവന്റെ നിസ്കാരം ഖളാഅ് വീട്ടേണ്ടതില്ല 

2. നിസ്കാരം ഖളാഅ് വീട്ടാമെന്നത് പ്രബലമില്ല 

3. ബലഹീനമാണെങ്കിലും ലോക പ്രശസ്തനായ ഇമാം സുബ്കി (റ) തന്റെ മാതാവിന് അഞ്ചു നേരത്തെ നിസ്കാരം ഖളാആയി മരിച്ചപ്പോൾ ഖളാഅ് വീട്ടിയിട്ടുണ്ട്

4. അങ്ങനെ നിസ്കരിച്ച് പ്രതിഫലം ഹദ് യ ചെയ്താൽ മയ്യിത്തിന് ഖബ്റിൽ ഉപകാരം ലഭിക്കും  

5. ഇങ്ങനെ നിസ്കരിച്ചെന്നു കരുതി നിസ്കരിക്കാത്ത തെറ്റിൽ നിന്ന് മയ്യിത്ത് രക്ഷപ്പെടുകയില്ല .


ഭാര്യ നിസ്കരിച്ചില്ലെങ്കിൽ അടിക്കാമോ

ഭർത്താവ് നിസ്കരിച്ചില്ലെങ്കിൽ ഭാര്യക്ക് ഒരു നിലക്കും അടിക്കൽ അനുവദനീയമല്ല മറച്ച് ഉപദേശിക്കാം എന്നാൽ ഭാര്യ നിസ്കരിച്ചില്ലെങ്കിൽ ഭർത്താവിന് അടിക്കാമോ? അടിക്കാമെങ്കിൽ തന്നെ എങ്ങനെ അടിക്കണം? 

ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: ഭാര്യ നിസ്കരിച്ചില്ലെങ്കിൽ അവളെ അടിക്കൽ നിർബന്ധം അവളുടെ മാതാപിതാക്കൾക്കാണ് അവർ രണ്ടുപേരും ഇല്ലെങ്കിലോ വീഴ്ച വരുത്തുകയോ ചെയ്താൽ അടിച്ചത് കൊണ്ട് അവൾ പിണങ്ങുമോ എന്ന് ഭയമില്ലെങ്കിൽ നിസ്കരിക്കാത്ത പക്ഷം ഭർത്താവിന് അവളെ അടിക്കൽ നിർബന്ധമാണ് (തുഹ്ഫ 1/452)

അല്ലാമാ ശർവാനി (റ) എഴുതുന്നു: ഭാര്യയോട് നിസ്കരിക്കാൻ കൽപ്പിക്കലും നിസ്കരിച്ചില്ലെങ്കിൽ അവളെ അടിക്കലും ഭർത്താവിന് നിർബന്ധമാണ് ഇതുതന്നെ പിണക്കമോ അതിന്റെ ലക്ഷണങ്ങളോ അവളിലില്ലെന്ന് അറിയുമെങ്കിലാണ് (ശർവാനി: 1/451) 

മുറിയാത്ത വിധമേ അടിക്കാവൂ ആവശ്യമനുസരിച്ച് എണ്ണം കൂട്ടാം എന്നാൽ ആധുനിക ഭർത്താക്കന്മാർ ഇത്തരം കടമകളൊന്നും ഓർക്കാതെ വിവാഹവും വിവാഹാനന്തരം ജീവിതവും എന്താണെന്നറിയാതെ ഭൗതിക പ്രസരിപ്പിൽ എല്ലാം മറക്കുകയാണ് ചിന്തിക്കുക ഐഹിക ജീവിതം നശ്വരമാണ് ഭൂമിയും ഭാര്യയും കൃഷി സ്ഥലങ്ങളാണ് മതത്തിന്റെ നിയമങ്ങളനുസരിച്ചായിരിക്കണം നാം ഒരോരുത്തരും ജീവിക്കേണ്ടത് ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും റബ്ബിന്റെ അടുക്കൽ ചോദ്യം ചെയ്യപ്പെടും ഭൗതികതയുടെ പിന്നാലെ ചിരിച്ചും കളിച്ചും സമയം നഷ്ടപ്പെടുത്താതെ അല്ലാഹുവിന്റെ പൊരുത്തത്തിൽ ജീവിക്കാൻ തയ്യാറാവുക അതിനായി അദ്ധ്വാനിക്കാൻ മനസ്സിനേയും ശരീരത്തെയും തയ്യാറാക്കുക .


കുട്ടികൾ നിസ്കരിച്ചില്ലെങ്കിൽ

കുട്ടികളെ സംബന്ധിച്ച് രക്ഷിതാക്കൾക്ക് എന്നും പരാതികളാണ് ആവശ്യമുള്ളതും ഇല്ലാത്തതും അതിലുണ്ട് തന്റെ മകൻ നിസ്കരിക്കാറില്ലെന്ന് പലപ്പോഴും പല രക്ഷിതാക്കളും അവരുടെ ഉസ്താദുമാരോട് പരാതിപ്പെടാറുണ്ട് പരാതി പറയുമ്പോഴുള്ള പരിഭവം കണ്ടാൽ തോന്നും ഇതൊക്കെ ഉസ്താദുമാരാണ് ശ്രദ്ധിക്കേണ്ടതെന്നും രക്ഷിതാക്കളാവുന്ന നമ്മുടെ ഉത്തരവാദിത്വത്തിൽ പെട്ടതല്ലെന്നും എന്നാൽ യാഥാർത്ഥ്യം തിരിച്ചാണ് കുട്ടികളുടെ രക്ഷിതാക്കൾക്കാണ് ഇത്തരം കാര്യങ്ങളുടെ ചുമതല  

പ്രായപൂർത്തിയെത്തിയതിന് ശേഷമേ മുസ്ലിമിന് നിസ്കാരം നിർബന്ധമുള്ളൂ എന്നാൽ ഏഴ് വയസ്സായാൽ കുട്ടികളോട് നിസ്കരിക്കാൻ കൽപ്പിക്കൽ രക്ഷിതാക്കൾക്ക് നിർബന്ധമാണ് പത്ത് വയസ്സായിട്ട് നിസ്കരിച്ചില്ലെങ്കിൽ അതിന്റെ പേരിൽ അവരെ അടിക്കണം നബി (സ) യുടെ ഈ കൽപ്പന നാം പ്രാവർത്തികമാക്കിയില്ലെങ്കിൽ രക്ഷിതാക്കൾ കുറ്റക്കാരാവും ഇമാം ബൈഹഖി (റ) രേഖപ്പെടുത്തി: നബി (സ) പറഞ്ഞു: നിങ്ങൾ മക്കളോട് ഏഴ് വയസ്സായാൽ നിസ്കരിക്കാൻ കൽപ്പിക്കുക പത്ത് വയസ്സായാൽ നിസ്കരിക്കാതിരുന്നാൽ അടിക്കുകയും ചെയ്യുക (സുനനുൽ കുബ്റാ 2/14, മുസ്തദ്റക് 1/258)
 
ഈ ഹദീസ് വ്യാഖ്യാനിച്ച് ഇമാം നവവി(റ) എഴുതുന്നു: ഈ കൽപ്പന കുട്ടിയോടല്ല,  നിശ്ചയമായും കുട്ടിയുമായി അടുത്ത ആളോടാണ് അതിനാൽ അവർ കുട്ടിയോട് നിസ്കരിക്കാൻ കൽപ്പിക്കൽ നിർബന്ധമാണ് ഈ കൽപ്പനയും അടിയും അവർക്ക് നിർബന്ധമാണ് ഇമാം ശാഫിഈ (റ) മുഖ്തസ്വറിൽ പറഞ്ഞു: മാതാപിതാക്കൾക്ക് നിർബന്ധമാണ് മക്കളെ അറബിയും, ശുദ്ധീകരണവും, നിസ്കാരവും പഠിപ്പിക്കലും അവർക്ക് ബുദ്ധിയുണ്ടെങ്കിൽ ഇതെല്ലാം ഉപേക്ഷിച്ചാൽ അടിക്കലും ഇതെല്ലാം ഏഴാം വയസ്സിൽ പഠിപ്പിക്കണം പത്ത് വയസ്സായിട്ട് ചെയ്തില്ലെങ്കിൽ അടിക്കണം നിർബന്ധ കാര്യങ്ങൾ പഠിപ്പിക്കാനുള്ള കൂലി കുട്ടിയുടെ മുതലിൽ നിന്നെടുക്കണം കുട്ടിക്ക് മുതലില്ലെങ്കിൽ അവന്റെ പിതാവിന്റെ മുതലിൽ നിന്നും പിതാവിന് മുതലില്ലെങ്കിൽ മാതാവിന്റെ മുതലിൽ നിന്നുമാണ് (ശർഹുൽ മുഹദ്ദബ്: 3/12)

ഇമാം മഖ്ദൂം (റ) എഴുതുന്നു: സ്വയം തിന്നുക, ശുദ്ധീകരണം നടത്തുക, കുടിക്കുക എന്ന നിലക്ക് വകതിരിവെത്തിയ ആൺ പെൺ കുട്ടിയോട് ഏഴ് വയസ്സായതിനുശേഷം പിതാവോ വല്യുപ്പയോ അല്ലെങ്കിൽ വസ്വിയ്യത്ത് കൽപ്പിക്കപ്പെട്ടവനോ രക്ഷിതാവോ നിസ്കരിക്കാൻ കൽപ്പിക്കണം അത് ഖളാആയതാണെങ്കിലും ഭയപ്പെടുത്തുന്ന വാചകത്തോടു കൂടി തന്നെ പറയൽ അത്യാവശ്യമാണ് പത്ത് വയസ്സ് പൂർത്തിയായതിനു ശേഷം നിസ്കരിച്ചില്ലെങ്കിൽ  മുറിയാവാത്ത നിലക്ക് അടിക്കൽ നിർബന്ധമാണ് (ഫത്ഹുൽ മുഈൻ:7)

അപ്പോൾ കുട്ടികളോട് നിസ്കരിക്കാൻ കൽപ്പിക്കൽ അവർക്ക്  പ്രായപൂർത്തിയാവണമെന്നില്ല മറിച്ച് വകതിരിവ് ഉണ്ടായാൽ മതി വകതിരിവായി എന്നതിന്റെ അടയാളമാണ് സ്വയം തിന്നുക, സ്വയം ശുദ്ധീകരണം ചെയ്യുക ഇത്തരം നിർബന്ധമായ കാര്യങ്ങളിൽ നിന്ന് പുറം തിരിഞ്ഞ് നിൽക്കുന്ന ഒരവസ്ഥയാണ് ഇന്ന് മിക്ക രക്ഷിതാക്കളിലും കണ്ടുവരുന്നത്.


നിസ്കരിക്കാത്തവരോട് നാം ചെയ്യേണ്ടത്

നിസ്കാരം ഖളാആക്കൽ തന്നെ വലിയ തെറ്റാണ് നാം കണ്ടു പിന്നെ നിസ്കരിക്കാത്തവനെ കുറിച്ച് എത്രത്തോളമുണ്ടാകുമെന്ന് ചിന്തിച്ചാൽ തന്നെ അറിയാം ദുനിയാവിലും ആഖിറത്തിലും അവന് നിരവധി ശിക്ഷകൾ ഉണ്ട് 

ഇമാം ശഅ്റാനി (റ) എഴുതുന്നു: നബി (സ) പറഞ്ഞു: എന്റെ സമുദായത്തിന്റെ മേൽ ഞാൻ ഭയപ്പെടുന്നത് സമയത്തിനെയും വിട്ടവർ നിസ്കാരം പിന്തിക്കലും സമയത്തിനേയും വിട്ടവർ നിസ്കാരം വേഗത്തിലാക്കലുമാണ് (കശ്ഫുൽഗുമ്മ: അൻജമീഇൽ ഉമ്മ: 1/90) 

ഇമാം ശഅ്റാനി (റ) തന്നെ എഴുതുന്നു: നിസ്കാരം ഉപേക്ഷിക്കുന്നവരോട് അഞ്ചു നേരത്തെ നിസ്കാരത്തിന്റെ മഹത്വവും പതിവായി നിസ്കരിച്ചാലുള്ള ഗുണവും നാം വ്യക്തമാക്കി കൊടുക്കണം ഈ വിഷയത്തിൽ അധിക പേരും അശ്രദ്ധരാണ് അവർ നിസ്കരിക്കാത്തവരോടൊപ്പം ഭക്ഷണം കഴിക്കുന്നു, ചിരിക്കുന്നു, ജോലികളിൽ ഏർപ്പെടുന്നു തീരെ തന്നെ നിസ്കാരം ഉപേക്ഷിച്ചാലുള്ള ശിക്ഷയും വിവരിച്ചുകൊടുക്കുന്നില്ല ഈ പ്രവർത്തനം ദീനിനെ നശിപ്പിക്കലാണ് അതിനാൽ സഹോദരാ, ദീനിന്റെ നിർബന്ധമായ കാര്യത്തിൽ വീഴ്ച വരുത്തുന്ന അറിവില്ലാത്ത എല്ലാവരോടും അതിന്റെ ഗൗരവം നീ അറിയിക്കുക അല്ലെങ്കിൽ നീയും അവരോടൊപ്പം നരകത്തിലേക്കായിരിക്കും ഈ കാര്യം നീ പ്രവർത്തിച്ചില്ലെങ്കിൽ അറിവനുസരിച്ച് പ്രവർത്തിക്കാത്തവന്റെ കൂട്ടത്തിൽ നീയും പെടും നിനക്ക് പണ്ഡിതൻ എന്ന പേരൊന്നും വേണമെന്നില്ല 

സഹോദരാ, നീ അറിയുക, നിസ്കരിക്കുന്നവർ ഉള്ള എല്ലാ സ്ഥലത്തു നിന്നും നാശം ഉയർന്നുപോവും നിസ്കരിക്കാത്തവർ ഉള്ള സ്ഥലത്തെല്ലാം നാശമുണ്ടാകും നിസ്കരിക്കാത്തവരുടെ മേഖലയിൽ ഭൂമികുലുക്കം, ഭൂമി വിഴുങ്ങൽ, നാശങ്ങൾ എന്നിവയൊന്നും ഉണ്ടാവില്ലെന്ന് നിനക്കേണ്ട ഞാൻ നിസ്കരിക്കുന്നത് കൊണ്ട് അതൊന്നും എന്റെ മേൽ ഉണ്ടാവില്ലെന്നും നീ പറയേണ്ട കാരണം നാശം മൊത്തത്തിലാണിറങ്ങുക നല്ലവനും അതെത്തും അവൻ അവരോട് കൽപ്പിച്ചില്ല, വിരോധിച്ചില്ല, തടഞ്ഞില്ല എന്നതുകൊണ്ട് (ലവാഖിഉൽ അൻവാരിൽ ഖുദ്സിയ്യ:50) 
 

ദജ്ജാൽ ദിനങ്ങളിലെ നിസ്കാരം

ലോകാവസാനത്തിന്റെ അടയാളങ്ങളിലായി നബി (സ) എണ്ണിയ ഒരു പ്രധാന അടയാളമാണ് ദജ്ജാൽ പുറപ്പെടൽ നിസ്കാരത്തിൽ അത്തഹിയ്യാത്ത് സ്വലാത്ത് എന്നിവക്ക് ശേഷമുള്ള ദുആയിൽ നാം കാവൽ തേടുന്ന ഒരു പ്രധാന കാര്യമാണ് ദജ്ജാലിന്റെ ഫിത്ന ദജ്ജാലിന്റെ ഫിത്നയെ സംബന്ധിച്ച് നബി (സ) സമുദായത്തിന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട് ദീർഘമായ ഹദീസുകളിൽ ഇതിന്റെ വിവരണങ്ങൾ കാണാം  

ഇമാം നവവി(റ) രേഖപ്പെടുത്തുന്നു: രിബ്ഇയ്യിബ്നു ഹിറാശ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അബൂ മസ്ഊദുൽ അൻസ്വാരി (റ) യോടൊപ്പം ഹുദൈഫതുബ്നുൽ യമനി (റ) യുടെ അരികിലേക്ക് ചെന്നു അബൂമസ്ഊദ് (റ) മഹാനോട് പറഞ്ഞു: ദജ്ജാലിനെ സംബന്ധിച്ച് നബി (സ) യിൽ നിന്ന് കേട്ടത് എനിക്ക് പറഞ്ഞു തരിക ഹുദൈഫത്ബ്നുൽ യമനി (റ) പറഞ്ഞു: നിശ്ചയം ദജ്ജാൽ പുറപ്പെടും അവന്റെ കൂടെ തീയും വെള്ളവും ഉണ്ടായിരിക്കും ജനങ്ങൾ വെള്ളമായി കാണുന്നത് കരിച്ചുകളയുന്ന തീയായിരിക്കും തീയായി കാണുന്നത് തെളിഞ്ഞ തണുത്ത വെള്ളമായിരിക്കും അതിനാൽ നിങ്ങളിൽ നിന്ന് ആരെങ്കിലും ദജ്ജാലിനെ എത്തിച്ചാൽ തീയാണെന്ന് കാണുന്നതിൽ അവൻ ചെന്ന് പെടട്ടെ കാരണം അത് നൽ തണ്ണീരാകുന്നു (രിയാളുസ്സ്വാലിഹീൻ:686) 

അനസ് (റ) ൽ നിന്ന് നിവേദനം: റസൂലുല്ലാഹി (സ) പറഞ്ഞു: അസ്ബഹാനിലെ യഹൂദികളിൽ നിന്ന് എഴുപതിനായിരം പേർ ദജ്ജാലിനെ അനുഗമിക്കും  

ഉമ്മു ശരീക്കി (റ) ൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: ജനങ്ങൾ ദജ്ജാലിൽ നിന്ന് പർവ്വതങ്ങളിൽ അഭയം തേടും 

ഇംറാനുബ്നു ഹുസൈൻ (റ) ൽ നിന്ന് നിവേദനം ആദം (അ) മിന്റെ സൃഷ്ടിപ്പ് മുതൽ ലോകാവസാനം വരെ ദജ്ജാലിനേക്കാൾ വലിയതായ ഒരു കാര്യവുമില്ല (രിയാളുസ്വാലിഹീൻ:688)

ദജ്ജാലിന്റെ ഭയാനകതയെ സംബന്ധിച്ച് ഹദീസുകളിൽ ധാരാളമായി കാണാം നാൽപ്പത് ദിവസമാണവൻ ഭൂമിയിൽ വിഹരിക്കുക 

നവ്വാസ് ബ്നു സംആൻ (റ) ൽ നിന്ന് നിവേദനം: സ്വഹാബികൾ നബി (സ) യോടു ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ദജ്ജാൽ എത്രയാണ് ഭൂമിയിൽ താമസിക്കുക നബി (സ) പറഞ്ഞു: നാൽപ്പത് ദിവസം ഒരു ദിവസം ഒരു വർഷം പോലെയും മറ്റൊരു ദിവസം ഒരു മാസം പോലെയും മറ്റൊരു ദിവസം ഒരാഴ്ച പോലെയും മറ്റു ദിവസങ്ങൾ നിങ്ങളുടെ ദിനങ്ങൾ പോലെയുമായിരിക്കും ഞങ്ങൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഒരു വർഷം പോലോത്ത ഒരു ദിവസത്തെ നിസ്കാരം മതിയോ? നബി (സ) പറഞ്ഞു: പോര, ഒരു വർഷത്തേത് നിങ്ങൾ തിട്ടപ്പെടുത്തിക്കോ (രിയാളുസ്വാലിഹീൻ:683) 

ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: ദജ്ജാലിന്റെ ആദ്യദിനം ഒരു വർഷം പോലെയും രണ്ടാം ദിനം ഒരു മാസം പോലെയും മൂന്നാം ദിനം ഒരാഴ്ച പോലെയുമാണ് ആ ദിനങ്ങളിൽ ഒരു വർഷത്തേയും ഒരു മാസത്തേയും ആഴ്ചയിലേയും നിസ്കാരം നിർവ്വഹിക്കണം (തുഹ്ഫ 1/428, നിഹായ: 1/362)



കസേരയിൽ ഇരുന്നൊരു നിസ്കാരം

നമ്മുടെ നാടുകളിൽ അധിക പള്ളികളിലും കണ്ടുവരുന്ന ഒരു കാഴ്ചയാണ് കസേരയിൽ ഇരുന്ന് നിസ്കരിക്കൽ ഗൾഫിൽ നിന്ന് കുടിയേറിയതാണിത് ഗൾഫിൽ ചെയ്യുന്നതെല്ലാം ശരിയെന്നാണ് ചിലരുടെ ധാരണ ഇത് തീർത്തും തെറ്റാണ് ഗൾഫിൽ ചെയ്ത് വരുന്നതോ ഉത്തരേന്ത്യയിൽ കണ്ടുവരുന്നതോ നമുക്കവലംബിക്കാൻ മാതൃകയില്ല നമുക്ക് നമ്മുടെ മദ്ഹബിന്റെ ഇമാമുകൾ തന്നെ പറയണം ഹജ്ജിന്റെ സമയത്ത് മക്കയിലെ സാധാരണക്കാർ ചെയ്യുന്നത് മാത്രം ആധാരമാക്കി ഹജ്ജ് ചെയ്യുന്നവനെ പറ്റി ഇമാം നവവി(റ)  എഴുതുന്നു: ഹജ്ജ് കർമ്മങ്ങൾ അറിയാമെന്ന നിലക്ക് മക്കയിലെ സാധാരണക്കാരെ നിരവധിയാളുകൾ പിൻപറ്റാറുണ്ട് അതിനാൽ അവർ വഞ്ചിതരായിപ്പോയിരിക്കുന്നു (അൽ ഈളാഹു ഫിൽ മനാസിക്: 57) 

അതുകൊണ്ട് തന്നെ കർമ്മശാസ്ത്രത്തിൽ (ഫിഖ്ഹ്) അതാത് മദ്ഹബുകൾ അവരുടെ മദ്ഹബനുസരിച്ചാണ് ഇബാദത്തുകൾ നിർവ്വേഹിക്കേണ്ടത് നാം ശാഫിഈ മദ്ഹബുകാരായത് കൊണ്ട് ആ മദ്ഹബനുസരിച്ച് ഇബാദത്തുകൾ നിർവ്വഹിക്കണം 

ശരീരം കൊണ്ട് നിർവ്വഹിക്കുന്ന ഇബാദത്തുകളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠം നിസ്കാരമാണ് പതിനാല് നിർബന്ധ ഘടകങ്ങൾ സമ്മേളിക്കുമ്പോഴും നിസ്കാര ഘടനയെ ഇല്ലാതാക്കുന്ന ബാത്വിലാവുന്ന കാര്യങ്ങളൊന്നും ഇല്ലാതിരിക്കുമ്പോഴുമാണ് നിസ്കാരമെന്ന മഹത്തായ ഇബാദത്ത് നിലനിൽക്കുന്നത് ഇതിലേതെങ്കിലുമൊന്നിന് ഭംഗം വന്നാൽ നിസ്കാരം നിഷ്ഫലമാകും 

നിസ്കാരത്തിന്റെ പതിനാല് ഫർളുകളിൽപ്പെട്ട ഒന്നാണ് ഫർള് നിസ്കാരത്തിൽ നിൽക്കാൻ കഴിവുള്ളവൻ നിന്ന് നിസ്കരിക്കൽ നബി (സ) യും സ്വഹാബത്തും നിന്നാണ് നിസ്കരിച്ചിരുന്നത് 

ഇമാം നവവി(റ)  എഴുതുന്നു: ഇംറാനുബ്നു ഹുസൈൻ (റ) ൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: 'നീ നിന്ന് നിസ്കരിക്കുക നിനക്കതിന് കഴിയുകയില്ലെങ്കിൽ ഇരുന്നും അതിനും കഴിയില്ലെങ്കിൽ ഒരു ഭാഗത്തിൻ മേലായും നിസ്കരിക്കുക ഫർള് നിസ്കാരത്തിൽ നിൽക്കൽ ഫർളാണെന്നതിൽ ഇജ്മാഅ് ഉണ്ട് നിൽക്കാൻ കഴിവുള്ളവൻ നിന്ന് നിസ്കരിച്ചാലേ നിസ്കാരം സ്വഹീഹാവുകയുള്ളൂ ഒരു കാരണവുമില്ലാതെ എനിക്ക് ഫർള് നിസ്കാരത്തിൽ ഇരിക്കൽ അനുവദനീയമാണെന്നോ അല്ലെങ്കിൽ ഫർള് നിസ്കാരത്തിൽ നിൽക്കൽ ഫർളല്ലെന്നോ ഒരു മുസ്ലിം പറഞ്ഞാൽ അടുത്ത് മുസ്ലിംമായവനല്ലെങ്കിൽ അവൻ കാഫിറായിരിക്കുന്നു (ശർഹുൽ മുഹദ്ദബ്: 3/229) 

'നിൽക്കുക' എന്ന ഫർളിന്റെ ഗൗരവം മേൽ ഉദ്ധരണിയിൽ നിന്ന് വ്യക്തമായി മനസ്സിലാക്കാം ഇമാം ശഅ്റാനി (റ) എഴുതുന്നു: നബി (സ) നിസ്കാരത്തിലേക്ക് നിന്നാൽ നിർത്തത്തിൽ ഒന്നിനേയും അവലംബിക്കാറില്ല എന്നാൽ പ്രായമായപ്പോൾ നിർത്തത്തിൽ തൂൺ തടിയെ അവലംബിച്ചിരുന്നു (കശ്ഫുൽ ഗുമ്മ: അൽ ജമീഇൽ ഉമ്മ 1/114) 

ചുരുക്കത്തിൽ നബി (സ) നിൽക്കാൻ പ്രയാസമുള്ളപ്പോൾ വരെ ഇരിക്കാതെ നിൽക്കാൻ സഹായത്തിന് മരം കൊണ്ടുള്ള തൂണിനെ ആശ്രയിച്ചിരുന്നു ഇമാം സൈനുദ്ദീൻ മഖ്ദൂം (റ) എഴുതുന്നു: നിസ്കാരത്തിന്റെ മൂന്നാമത്തെ ഫർള് സ്വയമോ അല്ലാതെയോ ഫർള് നിസ്കാരത്തിൽ നിൽക്കാൻ കഴിവുള്ളവൻ നിൽക്കലാണ് '(ഫത്ഹുൽ മുഈൻ: 53) 

സ്വയം നിൽക്കാൻ കഴിവുള്ളവൻ മാത്രമല്ല, സ്വയമല്ലാതെ നിൽക്കാൻ കഴിവുള്ളവനും ഫർളിൽ നിൽക്കൽ നിർബന്ധം തന്നെയാണ് ഈ നിബന്ധനക്ക് വീഴ്ച വരുത്തിയാൽ നിസ്കാരം ബാത്വിലാണ് സ്വയം നിൽക്കാൻ കഴിയാത്തവൻ എങ്ങനെ നിൽക്കും ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: സ്വയം നിൽക്കാൻ കഴിയാത്തവൻ വടിയുടെയോ മറ്റൊരാളുടെയോ സഹായത്തോടെയോ നിൽക്കാൻ കഴിയുമെങ്കിൽ നിൽക്കണം സഹായിക്ക് കൂലി കൊടുത്തിട്ടാണെങ്കിലും ശരി അവനും അവൻ ചിലവ് കൊടുക്കേണ്ടവർക്കും അന്നേ ദിവസത്തെ രാത്രിയിലേയും പകലിലേയും ചെലവ് കഴിച്ച് വല്ലതും മിച്ചമുണ്ടെങ്കിൽ അതുകൊണ്ട് കൂലി നൽകിയാൽ ആളെ കിട്ടുമെങ്കിൽ അങ്ങനെ ചെയ്യേണ്ടതാണ് (ശർഹുൽ ബാ ഫള്ൽ 1/237, ശർവാനി 2/20)

ചുരുക്കത്തിൽ ഇന്നു കാണുന്ന കസേര നിസ്കാരക്കാർ സ്വയമോ അല്ലാതെയോ നിൽക്കാൻ കഴിവുള്ളതോടൊപ്പം ഫർളോ നേർച്ചയാക്കപ്പെട്ട സുന്നത്തിലോ ഇരുന്ന് നിസ്കരിച്ചാൽ നിസ്കാരത്തിന്റെ മൂന്നാമത്തെ ഫർളിന് വിഘ്നം സംഭവിച്ചതിനാൽ നിസ്കാരം ബാത്വിലാണ് 


ഇരുന്ന് നിസ്കരിക്കാൻ പറ്റുന്ന കാരണങ്ങൾ

നിൽക്കാൻ കഴിയില്ലെങ്കിൽ ഇരിക്കാം നിൽക്കൽ എങ്ങനെയാണെന്ന് കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞു നിൽക്കാൻ കഴിയാത്ത കാര്യങ്ങൾ ഫിഖ്ഹിന്റെ ഗ്രന്ഥങ്ങളിൽ ഇമാമുകൾ തന്നെ എഴുതിയിട്ടുണ്ട് ആ കാരണങ്ങൾ ഉണ്ടെങ്കിലേ നാം ഇരിക്കാവൂ 

നിൽക്കാൻ കഴിയാതിരിക്കൽ, സാധാരണയിൽ നിൽക്കുമ്പോൾ സഹിക്കാൻ പറ്റാത്ത പ്രയാസം ഉണ്ടെങ്കിൽ ഇരുന്ന് നിസ്കരിക്കാം കപ്പൽ യാത്രയിൽ നിന്ന് നിസ്കരിച്ചാൽ തലകറക്കം വരുമെങ്കിൽ ഇരുന്ന് നിസ്കരിക്കാം (തുഹ്ഫ 2/23) 

നിന്ന് നിസ്കരിച്ചാൽ മൂത്രം  വരുമെങ്കിൽ ആ നിസ്കാരം സ്വഹീഹല്ല അൻ നിർബന്ധമായും ഇരുന്ന് നിസ്കരിക്കണം ആ നിസ്കാരം പിന്നീട് മടക്കേണ്ടതില്ല (ഇബ്നു ഖാസിം 2/20, ശർവാനി 2/20) 

നിന്ന് നിസ്കരിച്ചാൽ നാശം ഭയപ്പെടുക, രോഗം കൂടുതലാവുക, ശക്തിയായ ബുദ്ധിമുട്ട് ഉണ്ടാവുക, എന്നീ കാരണങ്ങൾ കൊണ്ടെല്ലാം ഇരുന്ന് നിസ്കരിക്കൽ അനുവദനീയമാവും (ഇആനതുത്വാലിബീൻ 1/215)

വിശ്വസ്തനായ ഡോക്ടർ കണ്ണിന് രോഗമുള്ളവനോട് നീ മലർന്ന് കിടന്ന് നിസ്കരിച്ചാൽ ചികിത്സിക്കാൻ സൗകര്യപ്രദമാവും എന്നു പറഞ്ഞാൽ മലർന്ന് കിടന്ന് നിസ്കരിക്കാം ആ നിസ്കാരം പിന്നീട് മടക്കേണ്ടതില്ല (ശർവാനി 2/20) 

മേൽപ്പറഞ്ഞ കാരണങ്ങൾ ഉണ്ടെങ്കിൽ ഇരുന്ന് നിസ്കരിക്കാം ഇരിക്കുമ്പോൾ തന്നെ കസേരയുടെ ആവശ്യം വരുന്നതേയില്ല എന്തിനാണീ കസേര പള്ളിയിലേക്ക് വലിച്ചിഴക്കുന്നത് .


ഇരിക്കുമ്പോൾ തന്നെ കസേരയുടെ ആവശ്യം വരുന്നില്ല

ഇരിക്കുകയാണെങ്കിൽ തന്നെ കസേരയുടെ ആവശ്യം വരുന്നില്ല ഇരിക്കേണ്ട രൂപം ഇമാമുകൾ രേഖപ്പെടുത്തിയിട്ടുണ്ട് ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: ഏറ്റവും ശ്രേഷ്ഠമായത് ഒന്നാം അത്തഹിയ്യാത്തിൽ ഇരിക്കുന്ന ഇഫ്തിറാശിന്റെ ഇരുത്തവും പിന്നെ ചമ്രം പടിഞ്ഞ് ഇരിക്കുന്ന തബർറുഇന്റെ ഇരുത്തവും പിന്നെ അവസാനത്തെ അത്തഹിയ്യാത്തിലെ തവർറുക്കിന്റെ ഇരുത്തവുമാണ് (തുഹ്ഫ 2/24)

കസേരയിൽ ഇരുന്ന് നിസ്കരിക്കുമ്പോൾ ഈ ശ്രേഷ്ഠതകളെല്ലാം നഷ്ടപ്പെടും പള്ളിയിലേക്ക് നടന്നുവരുന്നവർ തന്നെ നിസ്കരിക്കുമ്പോൾ കസേര ഉപയോഗിക്കുന്നത് എന്തിനാണാവോ? 

നിർത്തത്തിൽ നിൽക്കുകയും റുകൂഇലും സുജൂദിലും കസേരയിൽ ഇരുന്ന് റുകൂഉം സുജൂദും നിർവ്വഹിക്കുകയും  ചെയ്യുന്നവർ ഉണ്ട് നിലത്ത് ഇരുന്നാൽ കാൽമുട്ടുകളിലും സന്ധിയിലും വേദനയും കടച്ചിലും ഉണ്ടാവുമെന്നവർ പറയും എന്നാൽ ഈ സന്ദർഭത്തിലും കസേരയുടെ ആവശ്യം വരുന്നില്ല അവർ റുകൂഉം സുജൂദും കഴിയുന്നമാതിരി ചെയ്യുക റുകൂഇനേക്കാളും സുജൂദിനു വേണ്ടി കുനിയണം അത്തഹിയ്യാത്ത്, സലാം വീട്ടിൽ എന്നിവ നിന്നുകൊണ്ട് ചെയ്യുക (ശർവാനി 2/22,23) 

മേൽപ്പറഞ്ഞ രൂപത്തിൽ നിസ്കരിക്കണമെങ്കിൽ റുകൂഇനും സുജൂദിനും പ്രയാസമുണ്ടാവണം കസേരയിൽ ഇരുന്ന് നിസ്കരിക്കുന്നവരിൽ അധികപേർക്കും പറയാനുള്ള പ്രയാസം സുജൂദാണ് സുജൂദ് ചെയ്യാൻ പ്രയാസമുള്ളവർ കസേരയിൽ ഇരുന്ന് റുകൂഅ് ചെയ്യരുത് അവർക്കതിന്റെ ആവശ്യമില്ലല്ലോ സൂജൂദ് എന്നാൽ നെറ്റിത്തടം നിലത്ത് വെച്ച് ചെയ്യുന്ന ഒരു കർമ്മമാണ് 

ഇമാം സൈനുദ്ദീൻ മഖ്ദൂം (റ) എഴുതുന്നു: രണ്ട് കാലിന്റെ വിരലുകളുടെ പള്ളയിൽ നിന്നും രണ്ട് കൈകളുടെ പള്ളയുടെയും രണ്ട് കാൽ മുട്ടുകളുടെയും അൽപ്പഭാഗം നെറ്റിയുടെ അൽപഭാഗം വെളിവാക്കിയും തലയുടെ ഭാരം നിലത്ത് ഊന്നി ചന്തിയുടെ ഭാഗം ഉയർത്തി തല താഴ്ത്തി തന്റെ അനക്കം  കൊണ്ട് അനങ്ങിയാലും താൻ വഹിച്ചിട്ടുള്ളതല്ലാത്തതിന്മേൽ എല്ലാ റക്അത്തിലും സുജൂദ് ചെയ്യൽ ഇതാണ് സുജൂദിന്റെ രൂപം (ഫത്ഹുൽ മുഈൻ:68)

കസേരയിൽ ഇരുന്ന് സുജൂദ് ചെയ്യുമ്പോൾ ഈ വിധത്തിലാവുകയില്ലല്ലോ തൻകീസ് അഥവാ ചന്തി ഭാഗം ഉയർത്തി തല താഴ്ത്തൽ സുജൂദിൽ നിർബന്ധമാണ് ഇതിന് വിഘാതം വന്നാൽ സുജൂദ് നിഷ്ഫലമാകും എന്നാൽ ഇരിക്കാൻ പ്രയാസമാണെങ്കിലോ

ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: ചന്തിഭാഗം ഉയർത്തി തല താഴ്ത്തിയിട്ട് സുജൂദ് ചെയ്യൽ നിർബന്ധമാണ് ഇതിന് തൻകീസ് എന്നാണ് പറയുക എന്നാൽ ഇതിന് വിഘാതം നിൽക്കുന്ന കാരണമുണ്ടെങ്കിൽ അവൻ കഴിയുന്ന മാതിരി സുജൂദ് ചെയ്യൽ നിർബന്ധമാണ് എന്നാൽ തലയണ പോലോത്തത് വെച്ചാൽ തൻകീസ് ഉണ്ടാവുന്നില്ലെങ്കിൽ വെക്കൽ നിർബന്ധമില്ല അവൻ കഴിയുന്നത്ര കുനിയണം (തുഹ്ഫ 2/74) 

ഇരുന്ന് നിസ്കരിക്കാൻ കഴിയാത്തവൻ എങ്ങനെ നിസ്കരിക്കണം ഇമാം സൈനുദ്ദീൻ മഖ്ദൂം (റ) എഴുതുന്നു: ഇരുന്ന് നിസ്കരിക്കുവാൻ സാധിക്കാത്തവൻ നെഞ്ചും മുഖവും ഖിബ് ലയിലേക്ക് തിരിച്ചു വലത് ഭാഗത്തിന്മേൽ ചരിഞ്ഞ് കിടന്ന് നിസ്കരിക്കണം കാരണം കൂടാതെ ഇടത് ഭാഗത്തിന്മേൽ ചരിഞ്ഞ് കിടന്ന് നിസ്കരിക്കൽ കറാഹത്താണ് ചരിഞ്ഞ് കിടക്കാൻ കഴിയാത്തവൻ കാൽ രണ്ടും ഖുബ് ലയിലേക്ക് തിരിച്ചു മലർന്നു കിടന്ന് നിസ്കരിക്കണം മുഖം ഖിബ് ലയിലേക്കാവാൻ വേണ്ടി തലയിണ പോലോത്തെ എന്തെങ്കിലും തലയുടെ അടിയിൽ വെക്കൽ നിർബന്ധമാണ് റുകൂഇനും സുജൂദിനും തല കൊണ്ട് ആംഗ്യം കാണിക്കണം റുകൂഇനേക്കാൾ അധികമായിരിക്കണം സുജൂദിൽ ആംഗ്യം കാണിക്കേണ്ടത് തല കൊണ്ട് ആംഗ്യം കാണിക്കാൻ കഴിയില്ലെങ്കിൽ കൺപോളകൾ കൊണ്ട് ആംഗ്യം കാണിക്കണം അതിനും കഴിയില്ലെങ്കിൽ നിസ്കാരത്തിന്റെ പ്രവർത്തനങ്ങൾ ഖൽബിൽ നടത്തണം ബുദ്ധിക്ക് സ്ഥിരതയുള്ള കാലത്തോളം നിസ്കാരം ഒഴിവാക്കാൻ പറ്റുന്നതല്ല (ഫത്ഹുൽ മുഈൻ 34)

നിസ്കാരത്തിന്റെ പ്രവർത്തനങ്ങളെ പോലെ വാക്കുകളും ഖൽബിൽ നടത്തണം നിർബന്ധമായതിൽ നിർബന്ധമായും സുന്നത്തായതിൽ സുന്നത്തായും നടത്തണം (തുഹ്ഫ 2/26) 

ഇമാം നവവി(റ)  എഴുതുന്നു: ഇരുന്ന് നിസ്കരിക്കുന്നവന് നിൽക്കുന്നവന്റെ പകുതി പ്രതിഫലമാണുണ്ടാവുക ഇംറാന് ബ്നു ഹുസൈൻ (റ) നിവേദനം ചെയ്ത ഹദീസാണിതിനാധാരം നബി (സ) പറഞ്ഞു: ആരെങ്കിലും നിന്ന് നിസ്കരിക്കുകയാണെങ്കിൽ (സുന്നത്തിൽ) അതാണ് ഏറ്റവും ശ്രേഷ്ഠം ഇരുന്ന് നിസ്കരിക്കുന്നവന് നിൽക്കുന്നവന്റെ പകുതി പ്രതിഫലമാണുള്ളത് (ശർഹുൽ മുഹദ്ദബ്: 3/275) 

എന്നാൽ നിൽക്കാൻ കഴിവില്ലാത്തവൻ ഇരുന്ന് നിസ്കരിച്ചാൽ പ്രതിഫലം കുറയുന്നതല്ല (മുഗ്നി, ശർവാനി 2/27) 

നബി (സ) നിൽക്കാൻ  കഴിവുള്ളതോടെ ഇരുന്ന് നിസ്കരിച്ചാൽ നിന്ന് നിസ്കരിച്ചതിന്റെ പ്രതിഫലമാണ് ലഭിക്കുക ഇത് നബി (സ) യുടെ പ്രത്യേകതകളിൽ പെട്ടതാണ് (തുഹ്ഫ: 2/27) 

ചുരുക്കത്തിൽ കസേര ഒഴിവാക്കി തന്നെ നിസ്കരിക്കാൻ കഴിയും ഈ അടുത്ത കാലത്താണല്ലോ കസേരയിലിരുന്ന് നിസ്കാരം കടന്നുവന്നത് അതിന് മുമ്പും കാൽമുട്ട് വേദനയും സന്ധി വേദനയുമുള്ള എത്രയോ മഹാന്മാർ കസേരയില്ലാതെ തന്നെ നിസ്കരിച്ചില്ലേ പള്ളിപ്പണം കൊണ്ട് പള്ളികളിലേക്ക് കസേരകൾ വാങ്ങിയിടുന്ന കമ്മിറ്റിക്കാരും ഇതൊക്കെ ആലോചിക്കുന്നത് നന്ന് ഇതൊക്കെ അനുവദനീയമാണോ അല്ലേ .


നമ്മുടെ ഫാതിഹ

നിസ്കാരത്തിന്റെ നാലാമത്തെ ഫർളാണ് ഫാതിഹ ഓതൽ വിശുദ്ധ ഖുർആനിന്റെ പ്രാരംഭത്തിലുള്ള ഏഴ് സൂക്തങ്ങളുടെ പേരാണ് ഫാതിഹ ഫാതിഹ നമ്മൾ പറയാറെങ്കിലും ഇതിന് നിരവധി പേരുകൾ ഉണ്ട് ഫാതിഹയുടെ പത്ത് പേരുകൾ ഇമാം നവവി(റ) എഴുതുന്നു: (1) ഫാതിഹത്തുൽ കിതാബ് (2) സൂറത്തുൽ ഹംദ് (3) ഉമ്മുൽ ഖുർആൻ (4) ഉമ്മുൽ കിതാബ് (5) അസ്സ്വലാത്ത് (6) അസ്സബ്ഉൽ മസാനി (7) അൽ വാഫിയ (8) അൽ അസാസ് (9) അശ്ശിഫാഅ് (ശർഹുൽ മുഹദ്ദബ് 3/331) 

ഫാതിഹ ഓതാതെ നിസ്കാരം സ്വഹീഹാവില്ല ഇമാം ശഅ്റാനി (റ) എഴുതുന്നു: നബി (സ) പറഞ്ഞു: ഇമാമിനും ഇമാമല്ലാത്തവനും ഫാതിഹയില്ലാതെ നിസ്കാരമില്ല 

നബി (സ) പറഞ്ഞു: ഫർളോ സുന്നത്തോ ആയ നിസ്കാരം നിർവ്വഹിക്കുന്നവൻ ഫാതിഹയും കൂടെ സൂറത്തും ഓതട്ടെ  

അബൂഉമാമ: അൽബാഹിലി (റ) പറഞ്ഞു: എല്ലാ നിസ്കാരത്തിലും ഫാതിഹ നിർബന്ധമാണോയെന്ന് നബി (സ) യോട് ചോദിക്കപ്പെട്ടപ്പോൾ പറഞ്ഞു അതെ, നിർബന്ധമാണ് (കശ്ഫുൽ ഗുമ്മ: 1/117) 

ഇമാം നവവി(റ)  എഴുതുന്നു: പിന്നീടവൻ ഫാതിഹ ഓതണം നിസ്കാരത്തിന്റെ ഫർളുകളിൽ ഒരു ഫർളാണത് ഉബാദത്ത് ബ്നു സ്വാമിത്ത് (റ) ഉദ്ധരിച്ച ഹദീസാണാധാരം നിശ്ചയം നബി (സ) പറഞ്ഞു: ഫാതിഹ ഓതാത്തവന് നിസ്കാരമേ ഇല്ല (ശർഹു മുഹദ്ദബ്: 3/272) 

ഇമാം ശഅ്റാനി (റ) എഴുതുന്നു: ഇമാം ശാഫിഈ (റ), ഇമാം മാലിക് (റ) ഇമാം അഹ്മദ് (റ) തുടങ്ങിയവർ എല്ലാ നിസ്കാരത്തിലും ഫാതിഹ തന്നെ വേണമെന്നും ഫാതിഹ അല്ലാത്തത് ഓതിയാൽ പോരെന്നും പറഞ്ഞതാണ് (അൽ മീസാനുൽ കുബ്റാ 1/102) 

ഫാതിഹ ഓതാതെ നിസ്കാരം സ്വഹീഹാവാത്തത് കൊണ്ട് നിർബന്ധമായും നിസ്കാരം ശരിയാവുന്ന രൂപത്തിൽ നിയമങ്ങൾ പാലിച്ച് ഫാതിഹ  ഓതൽ നമുക്ക് നിർബന്ധമാണ് ഫതിഹയടക്കം ഖുർആൻ പാരായണം നിയമങ്ങൾക്ക് വിധേയമല്ലാതെയാണ് പലരും ഓതുന്നത് ഫാതിഹയിൽ 14 ശദ്ദുകൾ ഉണ്ട് (ഇരട്ടിപ്പ്) ഈ ശദ്ദുകൾ ശദ്ദായിട്ടു തന്നെ ഓതേണ്ടതാണ് ശദ്ദുകൾ ഏതെങ്കിലും ഇരട്ടിപ്പിക്കാതിരുന്നാൽ നിസ്കാരം ബാത്വിലാകും 142 അക്ഷരങ്ങൾ ഫാത്വിഹയിൽ ഉണ്ട് ഈ അക്ഷരങ്ങളിൽ നിന്ന് ഒന്നും തന്നെ വിട്ടുപോവാൻ പാടുള്ളതല്ല അക്ഷരങ്ങൾ മഖ്റജുകൾ (അക്ഷരങ്ങൾ പുറപ്പെടീക്കുന്ന സ്ഥലം) അനുസരിച്ചായിരിക്കണം ഓതേണ്ടത് ഹർകത്തുകൾ (ഫത്ഹ്, കസ്റ്, ളമ്മ്) മാറ്റം വരുത്തരുത് ആയത്തുകൾ മുസ്ഹഫിൽ ഉള്ളതുപോലെ ഒന്നിന് പിറകെ മറ്റൊന്നായി ഓതണം രണ്ട് ആയത്തുകൾക്കിടയിൽ കാരണമില്ലാതെ ദീർഘനേരം മൗനമുണ്ടാവരുത് എന്നീ കാര്യങ്ങൾ ശ്രദ്ധിച്ചു കൊണ്ടായിരിക്കണം ഫാതിഹ ഓതേണ്ടത് ഈ കാര്യങ്ങളെല്ലാം തുഹ്ഫ, ഫത്ഹുൽ മുഈൻ തുടങ്ങിയ ഗ്രന്ഥങ്ങളിൽ കാണാം  

ഫാതിഹ ശരിയാവാതെ നിസ്കാരം സ്വീകാര്യമല്ലാത്തതിനാൽ സ്വന്തമായും ഇമാമായും നിസ്കരിക്കുന്നവർ അവനവന്റെ ഫാതിഹ ശരിയായ രീതിയിൽ ഓതുവാനുള്ള ഇജാസത്ത് ഉസ്താദുമാരിൽ നിന്ന് സ്വായത്തമാക്കേണ്ടതാണ്  

തറാവീഹ് നിസ്കാരമടക്കമുള്ള ചില നിസ്കാരങ്ങളിൽ ചില ഇമാമുകളും മഅ്മൂമുകളും ഒറ്റ ശ്വാസത്തിൽ  തന്നെ ഫാതിഹ ഓതി തീർക്കാൻ ശ്രമിക്കാറുണ്ട് അല്ലെങ്കിൽ ഈ രണ്ട് ആയത്തുകളെങ്കിലും കൂട്ടി ഓതാറുണ്ട് ഇത് സുന്നത്തിനെതിരാണ് ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: ഫാതിഹയിലെ ഓരോ ആയത്തിന്റേയും അവസാനത്തിൽ വഖ്ഫ് ചെയ്യൽ (വിരാമം) സുന്നത്താണ് (തുഹ്ഫ: 2/58) 

ചിലർ ഫാതിഹയിൽ ആവശ്യമില്ലാതെ നീട്ടി വലിച്ച് രാഗത്തോടെ ഓതും ഇതും ശരിയല്ല ഫിഖ്ഹിൽ അറിവില്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം പരിഹാരം ഫിഖ്ഹ് പഠിക്കൽ തന്നെ ഇമാം നവവി(റ) എഴുതുന്നു: ഖുർആൻ കണക്കിലധികം വലിച്ചുനീട്ടി നിയമാനുസൃതമല്ലാതെ ഓതൽ ഹറാമാണ് (അത്ത്ബ് യാൻ: 119)

പ്രായപൂർത്തിയും ബുദ്ധിയുമുള്ള മുസ്ലിംമിന് നിസ്കാരം നിർബന്ധമാണെന്ന് പറഞ്ഞല്ലോ നിസ്കാരത്തിൽ ഫാതിഹയും നിർബന്ധം എന്നാൽ പത്ത് മണിക്ക് മുസ്ലിമായവനും നിസ്കാരം നിർബന്ധമാവുമല്ലോ; ഫാതിഹ അറിയില്ലെങ്കിൽ അവൻ എന്തു ചെയ്യണം പരിഹാരമെന്ത്? ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: ഫാതിഹ അറിയാത്തവൻ ഖുർആനിൽ നിന്ന് ഫാതിഹയുടെ അക്ഷരങ്ങളുടെ എണ്ണമനുസരിച്ച് എട്ട് ആയത്തുകൾ ഓതണം അതും അറിയാത്തവൻ ഫാതിഹയിലെ അക്ഷരങ്ങളുടെ എണ്ണമനുസരിച്ച് ഏഴ് ഇനം ദിക്റോ ദുആയോ ചൊല്ലണം ഇതൊന്നുമറിയാത്തവൻ ഫാതിഹ ഓതുന്നത്ര സമയം നിൽക്കണം ഖുർആനിന്റെ ഇഅ്ജാസ് (അമാനുഷികത) നഷ്ടപ്പെടുന്നതിനാൽ ഖുർആനിൽ നിന്ന് ഒന്നും തന്നെ പരിഭാഷപ്പെടുത്തൽ അനുവദനീയമല്ല (ശർഹുൽ ബാ ഫള്ൽ 1/237) 

നിസ്കാരത്തിലും അല്ലാത്തപ്പോഴും നാം ധാരാളമായി ഒറ്റയ്ക്കും കൂട്ടമായും ഓതുന്ന സൂറത്താണ് ഫാതിഹ നമ്മുടെ കുട്ടികൾ, ഭാര്യമാർ, തുടങ്ങിയവരുടെ ഫാതിഹ തെറ്റില്ലാതെയാണവർ ഓതുന്നതെന്ന് നാം ഉറപ്പ് വരുത്തണം ഉമ്മുൽ ഖുർആനാണത് (ഖുർആന്റെ മാതാവ്) ഇമാം ശഅ്റാനി (റ) എഴുതുന്നു: ഫാതിഹ കൂടാതെ നിസ്കാരം സ്വഹീഹാവുകയില്ല എന്ന ഹദീസ് നിരവധി സനദിലൂടെ നിഷേധിക്കാൻ പറ്റാത്ത വിധം ഉദ്ധരിക്കപ്പെട്ടതിനോട് അടുത്തതാണ് ഖുർആനിന്റെ മുഴുവിധികളും അത് ഉൾക്കൊണ്ടിട്ടുണ്ട് അതിനാൽ ഫാതിഹ ഓതിയവൻ ഖുർആൻ മുഴുവൻ ഓതിയവനെ പോലെയും ഖുർആൻ വിധികൾ അറിഞ്ഞവനെ പോലെയുമായി ഈ കാരണത്തിനു വേണ്ടിയാണ് ഫാതിഹക്ക് ഉമ്മുൽ ഖുർആൻ എന്ന് പേര് നൽകപ്പെട്ടത് (അൽ മീസാനുൽ ഖള് രിയ്യ:102)



ഖുർആൻ പാരായണം

ഖുർആൻ പാരായണം മഹത്തായ ഒരു ഇബാദത്താണ് പുണ്യങ്ങൾ വാരിക്കൂട്ടാനും അല്ലാഹുവിലേക്ക് എളുപ്പത്തിൽ അടുക്കുവാനും സാധിക്കുന്ന ഖുർആൻ പാരായണം പതിവാക്കിയവരായിരുന്നു സലഫുസ്വാലിഹീങ്ങൾ നബി (സ) ക്ക് അവതരിപ്പിച്ച ഈ പരിശുദ്ധ ഗ്രന്ഥം ദിനേന പാരായണം ചെയ്യൽ പുണ്യകർമ്മമാണെന്ന് മുസ്ലിമീങ്ങളോട് പ്രത്യേകം പറയേണ്ടതില്ല വിശുദ്ധ റമളാൻ ഖുർആൻ അവതരിപ്പിച്ച മാസമാണ് പള്ളികളും വീടുകളും പ്രസ്തുത മാസത്തിൽ ഖുർആൻ പാരായണത്താൽ ശബ്ദമുഖരിതമാണ് ഖേദകരമെന്ന് പറയട്ടെ, ചെറുപ്പക്കാരും ചെറുപ്പക്കാരികളും ഖുർആൻ പാരായണത്തിൽ നിന്ന് പിന്നോട്ടടിക്കുകയും തൽസ്ഥാനത്ത് മൊബൈൽ വിളികളും ഗൈമുകളും വാട്ട്സപ്പും ഫെയ്സ് ബുക്കുകളെ കൊണ്ടും അരങ്ങ് തകർക്കുകയാണ് 

അല്ലാഹു പറഞ്ഞു: 'നിശ്ചയം അല്ലാഹുവിന്റെ കിതാബ് പാരായണം ചെയ്യുന്നവരും നിസ്കാരം നിലനിർത്തുന്നവരും നാം നൽകിയതിൽ നിന്ന് രഹസ്യവും പരസ്യവുമായി ചിലവഴിക്കുന്നവരും നഷ്‌ടമില്ലാത്ത കച്ചവടം ഉദ്ദേശിക്കുന്നവരാണ് അല്ലാഹു അവർക്ക് പ്രതിഫലങ്ങൾ പൂർത്തിയാക്കി നൽകുകയും അവന്റെ ഔദാരത്യത്തിൽ നിന്ന് കൂടുതലാക്കുകയും ചെയ്യും നിശ്ചയം അല്ലാഹു ധാരാളമായി പൊറുക്കുന്നവനും  നന്ദി ചെയ്യുന്നവനുമാണ് 

ഉസ്മാനുബ്നു അഫ്ഫാൻ (റ) ൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: നിങ്ങളിൽ ഉത്തമൻ ഖുർആൻ പഠിക്കുന്നവനും പഠിപ്പിക്കുന്നവനുമാകുന്നു 

അബൂ ഉലാമ: ബാഹിലി (റ) യിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: നിങ്ങൾ ഖുർആൻ ഓതുക കാരണം അന്ത്യദിനത്തിൽ അതിന്റെ ആളുകൾക്ക് ശുപാർശകനായി വരും 

അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) ൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: നിങ്ങൾ ഖുർആൻ ഓതുക നിശ്ചയം അല്ലാഹു ഖുർആൻ മനഃപാഠമാക്കിയ ഹൃദയത്തെ ശിക്ഷിക്കുകയില്ല ഇമാം നവവി(റ)  എഴുതുന്നു: അറിയുക, നിശ്ചയം ഖുർആൻ പാരായണം ദിക്റുകളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായതാണ് അർത്ഥം ചിന്തിച്ച് കൊണ്ടുള്ള പാരായണമാണ് ഉദ്ദേശിക്കപ്പെടുന്നത് രാത്രിയിലും പകലിലും യാത്രയിലും താമസ സ്ഥലത്തുമെല്ലാം ഖുർആൻ  പാരായണത്തിൽ ശ്രദ്ധിക്കൽ അത്യാവശ്യമാണ് (അൽ അദ്കാർ:95) 

ഖുർആൻ പാരായണം ദിനചര്യയാക്കി നാം മാറ്റണം ഖുർആൻ പാരായണമില്ലാത്ത ഒരു ദിവസവും നമുക്കുണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം സ്ത്രീകൾക്ക് ഹൈള്, നിഫാസ്, ജനാബത്ത് എന്നീ സമയങ്ങളിൽ പാരായണം നിഷിദ്ധമാണ് പാരായണം രാത്രിയിലും പകലിലും എല്ലാ സമയത്തും അനുവദനീയമാണെങ്കിലും ചില പ്രത്യേക സമയങ്ങൾ ഇമാമുകൾ പറഞ്ഞിട്ടുണ്ട് 

ഇമാം സൈനുദ്ദീൻ മഖ്ദൂം (റ) എഴുതുന്നു: ഖുർആൻ പാരായണത്തിന് ഏറ്റവും ശ്രേഷ്ഠമായ സമയങ്ങൾ പകലിലാണെങ്കിൽ സുബ്ഹിക്ക് ശേഷവും രാത്രിയിലാണെങ്കിൽ അത്തായ സമയത്തും മഗ്രിബ് ഇശാഇനിടയിലുമാണ് രാത്രിയിലെ പാരായണമാണ് വളരെ നല്ലത് പാരായണം ചെയ്യുന്നവൻ അർത്ഥം ചിന്തിച്ചായിരിക്കൽ ശക്തിയായ സുന്നത്താണ് (ഫത്ഹുൽ മുഈൻ:200)


അദബ്

ഖുർആൻ പാരായണം ചെയ്യുമ്പോൾ ധാരാളം അദബുകൾ പാലിക്കേണ്ടതുണ്ട് മദ്റസാ തലം മുതൽ അത് ചിട്ടയിലായി കൊണ്ട് വരേണ്ടതാണ് അദബിന് വലിയ സ്ഥാനം ഇസ്ലാമിലുണ്ട് ഇമാം നവവി(റ) എഴുതുന്നു: ഖുർആൻ പാരായണം ഉദ്ദേശിക്കുന്നവൻ മിസ് വാക് കൊണ്ടോ അല്ലാതെയോ വായ ശുദ്ധിയാക്കണം അറാക് കൊണ്ടാവലാണ് നല്ലത് ഭക്തിയും താഴ്മയും അർത്ഥ ചിന്തയും പാരായണം ചെയ്യുമ്പോൾ ഉണ്ടാവണം ഇതാണ് പാരായണത്തിന്റെ ലക്ഷ്യം അതു കാരണം ഹൃദയം പ്രകാശ  പൂരിതമാവുകയും വിശാലതയുണ്ടാവുകയും ചെയ്യും ഖുർആൻ പാരായണത്തിൽ അർത്ഥ വിശാലത ചിന്തിച്ച് പൂർവ്വിക മഹത്തുക്കൾ ചിലർ പരിസരം മറന്ന് അട്ടഹസിക്കുകയും ചിലർ മരിക്കുകയും ചെയ്തിട്ടുണ്ട് 

പാരായണ വേളയിൽ കരയിലും കരച്ചിലില്ലാത്തവൻ ഉണ്ടാക്കിക്കരയിലും സുന്നത്താണ് പാരായണ വേളയിൽ കരയിൽ ആരിഫീങ്ങളുടെ വിശേഷണവും സജ്ജനങ്ങളുടെ മുഖവുരയുമാണ് ഹൃദയ രോഗത്തിന്റെ ഔഷധങ്ങളിലൊന്നാണ് അർത്ഥ ചിന്തയോടെയുള്ള പാരായണം (അദ്കാർ: 100) 

ഇമാം നവവി(റ) എഴുതുന്നു: നബി (സ) പറഞ്ഞു: 'നിങ്ങൾ ഖുർആൻ ഓതുക, കരയുക, കരച്ചിലില്ലെങ്കിൽ കരച്ചിൽ വരുത്തി കരയുക' ഉമർ (റ) ജമാഅത്തായി സുബ്ഹി നിസ്കരിച്ചു യൂസുഫ് സൂറത്താണോതിയത് മഹാൻ കരഞ്ഞു കണ്ണുനീർ ഒഴുകി 

അബൂസ്വാലിഹ് (റ) ൽ നിന്ന് നിവേദനം: അബൂബക്കർ സിദ്ദീഖ് (റ) വിന്റെ അരികിലേക്ക് യമനിൽ നിന്ന് കുറച്ചാളുകൾ വന്നു അവർ ഖുർആൻ പാരായണം തുടങ്ങി അവർ കരഞ്ഞു അപ്പോൾ സിദ്ദീഖ് (റ) പറഞ്ഞു: ഞങ്ങളും ഇങ്ങനെയാണ് ഇമാം ഗസാലി (റ) പറഞ്ഞു: ഖുർആൻ പാരായണത്തോടൊപ്പം കരയൽ സുന്നത്താണ് (അത്തിബ് യാൻ:92)

നാം ഇത്തരം സുന്നത്തുകളിൽ നിന്നെല്ലാം ബഹുദൂരം പിന്നിലാണ് മടങ്ങാം നമുക്ക് സുന്നത്തുകളിലേക്ക് ഖുർആൻ പാരായണത്തിന് ധാരാളം അദബുകൾ ഉണ്ട് ചിലത് മുകളിൽ പറഞ്ഞു ചിലത് കൂടി താഴെ പറയുന്നു: 

1. ശുദ്ധിയോട് കൂടി മാത്രമേ ഖുർആൻ സ്പർശിക്കാവൂ 

2. സുഗന്ധം ഉപയോഗിക്കണം, മിസ് വാക്ക് ചെയ്യണം 

3. ചാരിയിരിക്കരുത് നല്ലപോലെ ഇരിക്കണം 

4. ഭംഗിയുള്ള വസ്ത്രം ധരിക്കണം

5. ഖിബ് ലയിലേക്ക് തിരിഞ്ഞിരിക്കണം 

6. കോട്ടു വായയിടുമ്പോൾ പാരായണം നിർത്തണം 

7. അഊദും ബിസ്മിയും ഓതണം 

8. സംസാരിക്കാൻ വേണ്ടി പാരായണം നിർത്തരുത് അത്യാവശ്യമാണെങ്കിൽ നിർത്താം 

9. അർത്ഥം ചിന്തിച്ച് സാവധാനത്തിൽ ഓതുക 

10. പാരായണം അവസാനിച്ചാൽ 
അവസാനിച്ചാൽ صدق الله العظيم എന്ന് ചൊല്ലണം 

11. ഖുർആനിൽ ഉള്ളത് പോലെ വഴിക്ക് വഴിയായി ഓതണം 

12. മുസ്ഹഫ് ശുദ്ധിയുള്ള ഉയർന്ന സ്ഥലത്തോ അതിന്റെ പെട്ടിയിലോ വെക്കണം 

13. മുസ്ഹഫ് എഴുതിയത് തുപ്പൽ കൊണ്ട് മായ്ക്കരുത് വെള്ളം കൊണ്ട് കഴുകണം കഴുകിയത് ശിഫ തേടി കുടിക്കാം അല്ലെങ്കിൽ ശുദ്ധിയുള്ള (മനുഷ്യൻ നടക്കാത്ത) സ്ഥലത്ത് ഒഴിക്കാം 

14. അങ്ങാടികളിൽ വെച്ചും അപശബ്ദങ്ങളുള്ളിടത്ത് വെച്ചും ഓതരുത് 
 
15. മുസ്ഹഫിനെ ചെറുതായി കാണരുത് 

16. ചുമരിലും ഭൂമിക്ക് മേലും ഖുർആൻ എഴുതരുത് പള്ളികളിൽ എഴുതുന്നതു പോലെ ഭൂമിക്ക് മേലെ ഖുർആൻ എഴുതിവെച്ച സ്ഥലത്ത് കൂടെ നബി (സ) നടന്ന് പോയപ്പോൾ ഹുദൈലിൽ പെട്ട ഒരു യുവാവിനോട് ചോദിച്ചു ഇതെന്താണ്? യുവാവ് പറഞ്ഞു: അല്ലാഹുവിന്റെ  കിതാബ് യഹൂദിയാണ് എഴുതിയത് നബി (സ) പറഞ്ഞു: ഇത് ചെയ്തവനെ അല്ലാഹു ശപിക്കട്ടെ അല്ലാഹുവിന്റെ കിതാബ് അതിന്റെ സ്ഥലത്തല്ലാതെ നിങ്ങൾ വെക്കരുത് തന്റെ മകൻ ചുമരിന്മേൽ ഖുർആൻ എഴുതുന്നത് കണ്ടപ്പോൾ ഉമറുബ്നു അബ്ദുൽ അസീസ് (റ) മകനെ അടിച്ചു  

17. ഖുർആൻ ഓതി പൂർത്തിയാക്കി ഖത്തം തീർത്താൽ നിർത്തി വെക്കാതെ അപ്പോൾതന്നെ പുതിയ ഖത്തം തുടങ്ങണം 

18. ഖുർആൻ ഖത്തം തീർത്താൽ കുടുംബക്കാരെ വിളിച്ചു ദുആ ചെയ്യണം 



ഒരു പള്ളിയിൽ ഒന്നിലധികം ജമാഅത്ത് നിസ്കാരം

പള്ളികൾ നാം നിർമ്മിക്കുന്നതിന്റെ അടിസ്ഥാന കാരണം നിസ്കാരമാണ് ഒറ്റക്കായിട്ടും ജമാഅത്തായിട്ടും നിസ്കാരം പള്ളിയിൽ വെച്ച് നിർവ്വഹിക്കുമ്പോൾ അതിന് മറ്റുള്ള സ്ഥലത്ത് വെച്ച് നിസ്കരിക്കുന്നതിനേക്കാൾ മഹത്വവും ബഹുമാനവുമുണ്ട് 

അല്ലാഹുവിന്റെ പൊരുത്തവും പ്രീതിയും കാംക്ഷിച്ച് പള്ളി നിർമ്മിക്കലും പരിപാലിക്കലും വലിയ പുണ്യമാണ് ഇമാം ശഅ്റാനി (റ) എഴുതുന്നു: ഇമാം അഹ്മദ് (റ) ഉം ഇമാം ത്വബ്റാനി (റ) യും ഉദ്ധരിച്ചു നബി (സ) പറഞ്ഞു: നിസ്കരിക്കാൻ വേണ്ടി ഒരാൾ പള്ളി പണിതാൽ ആ പള്ളിയേക്കാൾ ശ്രേഷ്ഠമായൊരു വിട് അല്ലാഹു അവന് വേണ്ടി സ്വർഗത്തിൽ പണി കഴിപ്പിക്കും  

ഇമാം ത്വബ്റാനി (റ) ഉദ്ധരിച്ചു: നബി (സ) പറഞ്ഞു: അല്ലാഹുവിനെ ആരാധിക്കുവാൻ വേണ്ടി ഹലാലായ സമ്പത്തിൽ നിന്നൊരാൾ ഒരു വീട് (പള്ളി) നിർമ്മിച്ചാൽ അല്ലാഹു സ്വർഗത്തിൽ മുത്ത് മാണിക്യം കൊണ്ടൊരു വീട് അവനുവേണ്ടി പണിയുന്നതാണ് (ലവാഖിഉൽ അൻവാരിൽ ഖുദ്സിയ്യ:40)

ഹദീസിന്റെ വിശദീകരണമായി ഇമാം നവവി(റ)  എഴുതുന്നു: ഒരു കണ്ണും കാണാത്തതും ഒരു ചെവിയും കേൾക്കാത്തതും ഒരു മനുഷ്യന്റെ ഖൽബിലും ഉദിക്കാത്തദുമാണ് സ്വർഗത്തിലുണ്ടാവുക (ഫതാവാന്നവവി;42) 

ഈ മഹത്തായ പള്ളി, വീട് പരിപാലിക്കുന്നത് പോലെ പരിപാലിച്ചാൽ പോരാ അതിന് നിയമങ്ങളും നിർദ്ദേശങ്ങളും ഉണ്ട് ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ അവയെല്ലാം സവിസ്തരം വിശദീകരിച്ചിട്ടുണ്ട് മത്റൂഖായ പള്ളി ഗൈറു മത്റൂഖായ പള്ളി എന്നിങ്ങനെ രണ്ട് വിധം പള്ളികളുണ്ട് ഗൈറു മത്റൂഖായ പള്ളിയിൽ നിശ്ചിത ഇമാമുണ്ടെങ്കിൽ ആ ഇമാമിന്റെ സമ്മതമില്ലാതെ സ്ഥിരമായി നടക്കുന്ന ജമാഅത്തിന് മുമ്പോ പിമ്പോ കൂടെയോ വേറെ ഒരു ജമാഅത്ത് നടത്തൽ കറാഹത്താണ് ഇമാമിന്റെ സമ്മതമില്ലാതെ ജമാഅത്തായി നിസ്കരിച്ചാൽ ജമാഅത്തിന്റെ പ്രതിഫലം ലഭിക്കില്ല, കാരണം കറാഹത്ത് കടന്നുവന്നത് ജമാഅത്തിന്റെ, ഭാഗത്തിലൂടെയാണ് ജമാഅത്തിന്റെ ഭാഗത്ത് കൂടിയുള്ള കറാഹത്ത് ജമാഅത്തിന്റെ പ്രതിഫലം നഷ്ടപ്പെടുത്തും 

ഗൈറു മത്റൂഖായ പള്ളിയിലെ ജമാഅത്ത് കഴിഞ്ഞതിനു ശേഷവും ജമാഅത്ത് നടത്തണമെങ്കിൽ നിശ്ചിത ഇമാമിന്റെ സമ്മതം വേണം സമ്മതമില്ലെങ്കിൽ കറാഹത്ത് തന്നെ  

എന്നാൽ മത്റൂഖായ പള്ളിയിൽ ഈ വിധി ബാധകമല്ല അവിടെ സ്ഥിരമായി നിശ്ചയിക്കപ്പെട്ട ഇമാമിന്റെ നേതൃത്വത്തിലുള്ള ജമാഅത്തിന് മുമ്പും പിമ്പും കൂടെയും ശേഷവും ജമാഅത്ത് നടത്തുവാൻ ആ ഇമാമിന്റെ സമ്മതത്തിന്റെ ആവശ്യമില്ല ചില പള്ളികളിൽ എഴുതിവെച്ചതു കാണാം അല്ലെങ്കിൽ അവിടുത്തെ മുഅദ്ദിനോ മറ്റോ വന്നു പറയും പള്ളിയിലെ ജമാഅത്തിന് മുമ്പ് വേറെ ജമാഅത്ത് നടത്തരുതെന്ന് ഈ എഴുത്തും പറയലും ശാഫിഈ മദ്ഹബല്ല, മറിച്ച് മദ്ഹബിനെതിരാണ് ഫിഖ്ഹ്  അറിയാത്തവർ കമ്മിറ്റിയിലോ നാട്ടിലോ ഇല്ലെങ്കിൽ ഭവിഷ്യത്ത് വളരെ വലുതാണ്  

ഇമാം ശാഫിഈ (റ) പറഞ്ഞു: നിശ്ചയം അറിവ് രണ്ടെണ്ണമാണ് ഒന്ന്: മതപരമായ അറിവ് രണ്ട് ഭൗതികമായ അറിവ് മതപരമായ അറിവ് ഫിഖ്ഹ് ആകുന്നു ഭൗതികപരമായ അറിവ് വൈദ്യശാസ്ത്രവും നിന്റെ മതപരമായ പ്രശ്നത്തിൽ ഫത് വ തരുന്ന പണ്ഡിതനോ നിന്റെ ശാരീരിക പ്രയാസങ്ങൾക്ക് പ്രതിവിധി നൽകുന്ന വൈദ്യനോ ഇല്ലാത്ത നാട്ടിൽ നീ താമസിക്കരുത് (ആദാബുശ്ശാഫിഇയ്യ്:321) 

മത്റൂഖായ പള്ളി ഏതാണ്? നമുക്ക് നോക്കാം ഇമാം ശിഹാബുദ്ദീൻ അഹ്മദ് ഖൽയൂബി (റ) എഴുതുന്നു: ഒറ്റക്കായിട്ടാണെങ്കിലും നിസ്കാരം തവണകളായി നടന്നുക്കൊണ്ടിരിക്കുന്ന പള്ളികളാണ് മത്റൂഖായ പള്ളികൾ ആദ്യ വഖ്തിൽ ഒരു പ്രാവശ്യം നിസ്കാരം നടക്കും പിന്നെ അടുത്ത വഖ്ത് വരെ പള്ളി അടച്ചിടും ഇത്തരം പള്ളികൾക്ക് ഗൈറു മത്റൂഖായ പള്ളികൾ എന്ന് പറയും (ഖൽയൂബി 1/226) 

അപ്പോൾ നമ്മുടെ നാടുകളിൽ മത്റൂഖായ പള്ളികളാണെന്ന് മനസ്സിലായി ഇമാം ഇബ്നു ഹജർ  ഹൈതമി (റ) എഴുതുന്നു: ഗൈറു മത്റൂഖായ പള്ളിയിൽ നിശ്ചയിച്ച ഇമാമിന്റെ സമ്മതമില്ലാതെ അവിടെ നിർത്തപ്പെട്ട ജമാഅത്തിനു മുമ്പോ കൂടെയോ ശേഷമോ ജമാഅത്ത് കറാഹത്താകുന്നു (തുഹ്ഫ 2/253)

അപ്പോൾ മത്റൂഖായ പള്ളിയിൽ അവിടുത്തെ ജമാഅത്തിന് മുമ്പോ കൂടെയോ ശേഷമോ നിശ്ചിത ഇമാമിന്റെ സമ്മതമില്ലാതെ ജമാഅത്ത് കറാഹത്തില്ല (ശർവാനി: 2/253) 

നമ്മുടെ നാടുകളിലെ പള്ളികളിൽ സ്ഥിരമായി നടക്കുന്ന ജമാഅത്തിന് മുമ്പ് അല്ലെങ്കിൽ അവിടെ നടക്കുന്ന ജമാഅത്തിനെ തുടരാൻ പ്രയാസമുണ്ടെങ്കിൽ വേറെ ജമാഅത്ത് നടത്താം അപ്പോൾ ഒരേ സമയം രണ്ട് ജമാഅത്ത് നടക്കുന്നതുകൊണ്ട് പ്രശ്നമില്ല പള്ളികൾ അല്ലാഹുവിന്റേതാണ് അവിടെ ഇസ്ലാമിക മതവിധികൾ അനുസരിച്ചായിരിക്കണം കാര്യങ്ങൾ നിയന്ത്രിക്കേണ്ടത് അല്ലാതെ സ്വന്തം യുക്തിക്കും കാര്യലാഭത്തിനും വേണ്ടിയല്ല 



മുജാഹിദ് പള്ളിയിലെ ജുമുഅഃയും ജമാഅത്തും

അഹ്ലുസ്സുന്നത്തി  വൽജമാഅത്തിന്റെ ആശയാദർശങ്ങൾക്ക് എതിരിലുള്ള കക്ഷികളെല്ലാം പിഴച്ചവരാണ് അവർ തന്നെയാണ് പുത്തൻവാദികൾ ഖുർആനിന്റേയും സുന്നത്തിന്റേയും പിൻബലമില്ലാത്ത വാദങ്ങളാണവരുടേത് അന്ധവിശ്വാസം വെച്ചുപുലർത്തുന്ന ഈ കക്ഷികൾ പല പേരുകളിലായിട്ടാണ് നമ്മുടെ നാടുകളിൽ അറിയപ്പെടുന്നത് മുജാഹിദ്, ജമാഅത്തെ ഇസ്ലാമി, തബ്ലീഗ് ജമാഅത്ത്, ഖാദിയാനികൾ തുടങ്ങിയവ അതിൽ പെടും ഫിഖ്ഹിലും അഖീദഃയിലും ഒരു മദ്ഹബും അവർക്കില്ല നമ്മൾ കർമ്മശാസത്രത്തിൽ ശാഫിഈ മദ്ഹബുകാരാണ് അഖീദഃയിൽ അശ്അരീ മദ്ഹബും 

മനുഷ്യർ പല വിധേനയാണ് മതത്തിൽ കൃത്യനിഷ്ഠ പാലിക്കുന്നവരും പാലിക്കാത്തവരും അവരിൽ ഉണ്ട് ചിലർക്ക് നിസ്കരിച്ചാൽ മതി അത് എവിടുന്നായാലും പള്ളി ആരുടേതായാലും പ്രശ്നമില്ല ചിലർക്ക് ജമാഅത്തായിട്ട് നിസ്കരിക്കണം, ഇമാം ആരായാലും പ്രശ്നമില്ല ഈ രീതിയിലുള്ള സമീപനം അപകടകരമാണ് നമ്മുടെ ഇബാദത്തുകൾ സ്വീകാര്യമാവണമെങ്കിൽ അതിന്റെ നിയമങ്ങൾ അനുസരിച്ചായിരിക്കണം ഓരോന്നിനും അതിന്റേതായ വിധിവിലക്കുകൾ ഉണ്ട് ഇവകൾ പാലിക്കാതെയുള്ള ആരാധനകൾ നിഷ്ഫലമായിരിക്കും 

ബിദ്അത്തുകാരായ മുജ-ജമകളുടെ പള്ളികളിൽ സുന്നികൾക്ക് പ്രവേശിക്കേണ്ട ആവശ്യമില്ല അവരുടെ  പള്ളികളിലുള്ള ജുമുഅഃ ജമാഅത്തുകൾക്ക് പങ്കെടുക്കരുതെന്ന് പണ്ഡിതന്മാർ പറഞ്ഞതാണ് ഇമാം സുയൂത്വി (റ) അവരുടെ പള്ളികളിൽ പ്രവേശിക്കരുതെന്ന് പ്രത്യേകം വ്യക്തമാക്കിയതാണ് 

മാത്രമല്ല, നിസ്കാരത്തിൽ ഇമാമ് നിൽക്കാനുള്ള അർഹത തന്നെ ഇവർക്കില്ല ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: ബിദ്അത്തുകാരനും ഫാസിഖും പോലോത്തവരല്ലാത്തവരെല്ലാം ഇമാമത്തിന് അർഹരാണ് (തുഹ്ഫ 3/155)

ഇമാം റംലി (റ) എഴുതുന്നു: തെമ്മാടിയും ബിദ്അത്തുകാരനും ഇമാമത്തിൽ ഒരവകാശവും ഇല്ല (നിഹായ: 2/490)

ഇമാമത്തിന് അർഹത ഇല്ലാത്തവരെ തുടരാനോ അവരെ ഇമാമത്ത് ഏൽപ്പിക്കാനോ പാടില്ല ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: അധികമാളുകളും വെറുക്കുന്നവന്റെ ഇമാമത്ത് കറാഹത്താണ് (തുഹ്ഫ 2/294) 

അവർ ഇമാമായി നിൽക്കൽ ഹറാമാണ് (ശർവാനി 2/295) ചുരുക്കത്തിൽ ഹറാമും കറാഹത്തുമുള്ളവരെ നാം നിസ്കാരത്തിൽ തുടർന്നാൽ ജമാഅത്തിന്റെ പ്രതിഫലം ലഭിക്കില്ലെന്നുറപ്പാണ് ചിലപ്പോൾ നിസ്കാരം തന്നെ നഷ്ടപ്പെട്ടുപോയേക്കാം അതിനാൽ ബിദ്അത്തുകാരുടെ ജുമുഅ; ജമാഅത്തിന് നാം പങ്കെടുക്കരുത് 


മയ്യിത്ത് സുന്നി, ഇമാം മുജാഹിദ്

നമ്മുടെ നാടുകളിൽ പലപ്പോഴും സംഭവിക്കുന്ന ഒന്നാണ് മരിച്ച വ്യക്തി അഹ്ലുസ്സുന്നത്തി വൽ ജമാഅത്തുകാരൻ ഇമാമോ വഹാബിയോ മൗദൂദിയോ തബ്ലീഗോ തുടങ്ങിയ പ്രസ്ഥാനക്കാർ നാം എന്ത് ചെയ്യും? മയ്യിത്തിനെ വിചാരിച്ച് തുടരാതിരിക്കാനും ഇമാമിനെ വിചാരിക്കുമ്പോൾ തുടരാനും തോന്നുന്നില്ല മയ്യിത്ത് നിസ്കരിക്കേണ്ടന്ന് കരുതി പോവാതിരുന്നാൽ കുടുംബത്തിൽ നിന്ന് പിണക്കവും എന്താണ് പരിഹാരം 

മയ്യിത്ത്,നിസ്കാരം ഫർള് കിഫായ - അഥവാ സമൂഹത്തിന്റെ മേൽ നിർബന്ധമായതാണ് ഒറ്റക്ക് നിസ്കരിച്ചാലും ഫർളിന്റെ പ്രതിഫലം ലഭിക്കുകയും നിസ്കാരം സ്വഹീഹാവുകയും ചെയ്യും ജമാഅത്തായി നിസ്കരിക്കൽ സുന്നത്താണ്  ബിദ്അത്തുകാരൻ ഇമാമത്തിന് അർഹനല്ല എന്ന് ഇമാമുകൾ പറഞ്ഞതിൽ മയ്യിത്ത് നിസ്കാരവും പെടും മാത്രമല്ല, അവനെ തുടർന്നാൽ ജമാഅത്തിന്റെ പ്രതിഫലവും ലഭിക്കില്ല ചില പണ്ഡിതർ പറഞ്ഞത് ബിദ്അത്ത്കാരെ തുടർന്നാൽ നിസ്കാരം സ്വഹീഹാവില്ലെന്നാണ് (ഫത്ഹുൽ മുഈൻ 132) 

അതുകൊണ്ട് തന്നെ ഒരിക്കലും ഒരു നിസ്കാരത്തിലും ഒരു ബിദ്അത്തുകാരനേയും തുടർന്ന് നിസ്കരിക്കരുത് ഇമാം എന്നാൽ പിൻതുടരാൻ പറ്റിയവൻ എന്നാണ് ബിദ്അത്തുക്കാരെ ഏത് വിഷയത്തിലാണ് പിൻതുടരാൻ പറ്റുക മുസ്ലിം സമുദായത്തിൽ അനൈക്യം സൃഷ്ടിച്ചവരും അനൈക്യമുള്ള മനസ്സുമാണവരുടേത് അതിനാൽ ഒറ്റക്ക് നിസ്കരിക്കുക ഇമാം നവവി(റ)എഴുതുന്നു: തർക്കമന്യേ മയ്യിത്ത് നിസ്കാരം ഒറ്റക്ക് നിസ്കരിക്കൽ അനുവദനീയമാണെങ്കിലും ജമാഅത്തായി നിസ്കരിക്കൽ സുന്നത്താണ് (ശർഹുൽ മുഹദ്ദബ് 5/214)

ഇമാം സൈനുദ്ദീൻ മഖ്ദൂം (റ) എഴുതുന്നു: നിസ്കാരം തഹ്രീമിന്റെ കറാഹത്തായ സമയങ്ങളിലും മയ്യിത്ത് നിസ്കാരവും മറഞ്ഞ മയ്യിത്തിന്റെ മേലിലുള്ള നിസ്കാരവും നിർവ്വഹിക്കാം (ഫത്ഹുൽ മുഈൻ: 47)

ജമാഅത്തായി ആളുകളെ കിട്ടുമെങ്കിൽ അങ്ങനെ നിസ്കരിക്കണം അല്ലെങ്കിൽ ഒറ്റക്ക് നിസ്കരിക്കണം നാം എന്തുകൊണ്ടാണ് ബിദ്അത്തുകാരെ തുടർന്ന് നിസ്കരിക്കാത്തതെന്ന് നമ്മോട് ആരെങ്കിലും ചോദിച്ചാൽ മറുപടി ഒന്നാണ് നമ്മുടെ ഇമാമുകൾ അതു വിലക്കിയിട്ടുണ്ട് ഇത് ഫത്ഹുൽ മുഈൻ, തുഹ്ഫ തുടങ്ങിയ ഗ്രന്ഥങ്ങളിൽ വ്യക്തമായി കാണാം 


ബിദ്അത്തുകാരന്റെ മേൽ മയ്യിത്ത് നിസ്കരിക്കൽ

നമ്മുടെ നാടുകളിൽ അറിയപ്പെട്ട ബിദ്അത്തുകാരനായ മുജാഹിദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയവരിൽ ആരെങ്കിലും മരിച്ചാൽ അവരുടെ മേൽ മയ്യിത്ത് നിസ്കാരം നിർബന്ധമാണ് അവർ ബിദ്അത്ത് കൊണ്ട് കാഫിറായില്ലെങ്കിലാണിത് എന്നാൽ സുന്നികൾക്ക് അവരുടെ മയ്യിത്തിന്റെ മേൽ നിസ്കരിക്കേണ്ടതുണ്ടോ? 

ആരാണ് മുബ്തദിഅ്? ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: വിശ്വാസത്തിൽ നബി (സ), സ്വഹാബത്ത് ശേഷക്കാർ എന്നിവർ നിലകൊള്ളുന്ന അഹ്ലുസ്സുന്നയോട് എതിരായവനാണ് മുബ്തദിഅ് പിൽക്കാലത്ത് അഹ്ലുസ്സുന്ന എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഇമാം അബുൽ ഹസൻ അശ്അരി (റ), ഇമാം അബൂ മൻസ്വൂരിൽ മാതുരിദി (റ) യും അവരെ പിൻപറ്റിയവരേയുമാണ് (തുഹ്ഫ: 10/235) 

നമ്മുടെ നാടുകളിലെ ബിദ്അത്തുകാർ മേൽ പറഞ്ഞ രണ്ടു ഇമാമുകളേയും അംഗീകരിക്കുന്നില്ല അതോടൊപ്പം അവരെ പിൻപറ്റിയവരെ എതിർക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നു എന്നാൽ ഇസ്ലാമിൽ നിന്ന് പുറത്തുപോവുന്ന വാദം അവരിലുണ്ടായാൽ അവരുടെ മേൽ മയ്യിത്ത് നിസ്കാരം നിർബന്ധമേ അല്ല അതല്ലാത്ത ബിദ്അത്തുകാരുടെ മേൽ മയ്യിത്ത് നിസ്കാരം നിർബന്ധമാണ് ഇമാം ഹജർ ഹൈതമി (റ) എഴുതുന്നു: ശഹീദല്ലാത്ത മുസ്ലിം മരിച്ചാൽ മയ്യിത്ത് നിസ്കരിക്കൽ ഫർള് കിഫായ ആകുന്നു ഇതിൽ ഇജ്മാഅ് ഉണ്ട് (തുഹ്ഫ: 3/98) 

ഇമാം നവവി(റ) എഴുതുന്നു: മുസ്ലിമീങ്ങളിൽ നിന്ന് ആരെങ്കിലും അത് നിർവ്വഹിച്ചാൽ എല്ലാവരും കുറ്റത്തിൽ നിന്ന് രക്ഷപ്പെടുകയും ആരും നിർവ്വഹിച്ചില്ലെങ്കിൽ എല്ലാവരും കുറ്റക്കാരാവുകയും ചെയ്യും ഇതിനാണ് ഫർള് കിഫായ: എന്ന് പറയുന്നത് (ശർഹുൽ മുഹദ്ദബ്: 5/128) 


മേൽപ്പറഞ്ഞതിൽ നിന്ന് സ്പഷ്ടമായത് 

1. ബിദ്അത്തുകൊണ്ട് കാഫിറാവാത്തവന്റെ മേൽ മയ്യിത്ത് നിസ്കാരം ഫർള് കിഫായ 

2. ഫർള് കിഫായ നിറവേറാൻ മുസ്ലിമീങ്ങളിൽ നിന്ന് ആരെങ്കിലും ഒരാൾ  നിർവ്വഹിച്ചാൽ മതി എല്ലാവരും വേണമെന്നില്ല അതിന് അവരിൽ തന്നെ ആളുകളുണ്ടല്ലോ 

ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: ഒരാൾ നിസ്കരിക്കൽ കൊണ്ട് മയ്യിത്ത് നിസ്കാരത്തിന്റെ ഫർള് വീടും പുരുഷനുള്ളതോട് കൂടെ വകതിരിവുള്ള കുട്ടി നിസ്കരിച്ചാലും മതിയാകും (തുഹ്ഫ 3/147, നിഹായ: 2/483)

അതുകൊണ്ട് തന്നെ ബിദ്അത്തുകാരന്റെ മയ്യിത്ത് നിസ്കാരത്തിന് സുന്നികളാരും പങ്കെടുക്കേണ്ടതില്ല അവരുമായി വെടിഞ്ഞ് നിൽക്കാനാണ് നമ്മോടുള്ള കൽപ്പന ഇമാം റംലി (റ) എഴുതുന്നു: ബിദ്അത്തുകാരുമായി വെടിഞ്ഞ് നിൽക്കാൻ നാം ആജ്ഞാപിക്കപ്പെട്ടിരിക്കുന്നു (നിഹായ 2/435, മുഗ്നി 1/330) 

ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: മയ്യിത്തിനെ മറ്റുള്ള സ്ഥലത്ത് മറമാടുന്നതിനേക്കാൾ ഏറ്റവും ഉത്തമം ഖബ്ർസ്ഥാനിൽ മറമാടലാണ് കാരണം സിയാറത്ത് ചെയ്യുന്നവരുടേയും ഖബ്ർസ്ഥാനിലൂടെ നടക്കുന്നവരുടേയും ആവർത്തനം കൊണ്ട് മയ്യിത്തിന് ധാരാളം ദുആ ലഭിക്കും എന്നാൽ ഖബ്ർസ്ഥാനിലെ ഭൂമി ഹറാമ് കലർന്നതോ നനവുള്ളതോ കിളിർക്കുന്നതോ ബിദ്അത്തുകാരനേയോ പ്രത്യക്ഷമായ ഫിസ്ഖ് ഉള്ള ഫാസിഖിനേയോ മറവ് ചെയ്തിട്ടുണ്ടെങ്കിൽ ഖബ്ർസ്ഥാനം അല്ലാത്ത സ്ഥലത്ത് മറമാടൽ സുന്നത്താണ് (തുഹ്ഫ: 3/193)

ബിദ്അത്തുകാരോട് ഇസ്ലാം കൈകൊണ്ട കർക്കശ നിലപാട് മേൽപ്പറഞ്ഞതിൽ നിന്ന് മനസ്സിലാക്കാം 

ശാഫിഈ മദ്ഹബിലെ കർമ്മശാസ്ത്ര പണ്ഡിതൻ ഇമാം അബ്ദുൽ ഖാഹിരിൽ ബഗ്ദാദി (റ) എഴുതുന്നു: ഖദ് രിയ്യാ പ്രസ്ഥാനം ചില പുത്തൻ ചിന്താഗതികളുമായി രംഗത്തു വന്നു അബ്ദുല്ലാഹിബ്നു ഉമർ (റ), ജാബിർ (റ), അബൂഹുറൈറ(റ), ഇബ്നു അബ്ബാസ് (റ), അനസ് (റ), അബ്ദുല്ലാഹിബ്നു ഔഫ് (റ), ഉഖ്ബതുബ്നു ആമിർ (റ) തുടങ്ങിയ പ്രമുഖ സ്വഹാബികളും അവരുടെ കാലക്കാരും ആ പ്രസ്ഥാനവുമായി പൂർണ്ണമായും ബന്ധവിഛേദം നടത്താനും അവരെ വെടിഞ്ഞ് നിൽക്കാനും അവർക്ക് സലാം പറയുക, അവരുടെ മേൽ മയ്യിത്ത് നിസ്കരിക്കുക, അവരിൽ നിന്നുള്ള രോഗികളെ സന്ദർശിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാതിരിക്കാനും പിൻഗാമികളോട് വസ്വിയ്യത്ത് ചെയ്തിരുന്നു (അൽ ഫർഖ് ബൈനൽ ഫിറഖ് 78)

ശൈഖ് മുഹ്‌യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി (റ) എഴുതുന്നു: അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിനെ പിൻപറ്റൽ വിശ്വാസിക്ക് നിർബന്ധമാണ് ബിദ്അത്ത്കാരോട് സലാം പറയരുത് അവരുടെ സദസ്സുകളിൽ ഇരിക്കുകയോ പെരുന്നാൾ ദിനങ്ങളിലും സന്തോഷ വേളകളിലും അവരോട് സന്തോഷം പങ്കിടരുത് അവർ മരിച്ചാൽ നിസ്കരിക്കരുത് മറിച്ച് അവരോട് എതിരാവുകയും അവരുടെ പ്രസ്ഥാനം പിഴച്ചതാണെന്ന് വിശ്വസിച്ച് അല്ലാഹുവിൽ നിന്ന് പ്രതിഫലം പ്രതീക്ഷിച്ചു അവരോട് അല്ലാഹുവിന്റെ മാർഗത്തിൽ ശത്രുത പുലർത്തണം (അൽ ഗുൻയതു ലി ത്വാലിബീ ത്വരീഖിൽ ഹഖ് 1/80) 

ഇമാം നവവി(റ) എഴുതുന്നു: പുത്തൻ പ്രസ്ഥാനക്കാരും വൻദോഷം ചെയ്ത് തൗബ ചെയ്യാത്തവനും അവരോട് സലാം പറയാതിരിക്കലും അവർ പറഞ്ഞാൽ മടക്കാതിരിക്കലും അത്യാവശ്യമാണ് (അൽ അദ്കാർ: 228) 

ചുരുക്കത്തിൽ മഹാന്മാരായ പണ്ഡിതന്മാർ ബിദ്അത്തുകാരോട് വെടിഞ്ഞ് നിൽക്കാൻ പ്രത്യേകം തന്നെ മുസ്ലിം സമുദായത്തെ ഉണർത്തിയിട്ടുണ്ട് എന്നിട്ടും അവരുടെ പിന്നാലെ പോകുന്നവർ ആഖിറം ഓർത്തുകൊള്ളുക 



ഡോക്ടർ നജസുള്ള മരുന്ന് നിർദ്ദശിച്ചാൽ

രോഗമുണ്ടായാൽ ചികിത്സിക്കൽ സുന്നത്താണ് ചികിത്സ ഇസ്ലാം അനുകൂലിക്കുന്ന മാർഗത്തിലായിരിക്കൽ നിർബന്ധവുമാണ് ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: രോഗമുണ്ടായാൽ ചികിത്സിക്കൽ സുന്നത്താണ് (തുഹ്ഫ: 3/182) 

ഇമാം നവവി(റ) എഴുതുന്നു: അബൂഹുറൈറ(റ) യിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: നിശ്ചയം അല്ലാഹു ഒരു രോഗവും ഇറക്കിയിട്ടില്ല അതിനു ശിഫ ഇറക്കിയിട്ടല്ലാതെ 

ജാബിർ (റ) ൽ നിന്ന് നിവേദനം നബി (സ) പറഞ്ഞു: എല്ലാ രോഗത്തിനും മരുന്നുണ്ട് രോഗത്തിന്റെ മരുന്ന് രോഗത്തിനെത്തിയാൽ അല്ലാഹുവിന്റെ തീരുമാന പ്രകാരം രോഗം ഭേദമാവും 

ഉസാമത്തുബ്നു ശരീക് (റ) ൽ നിന്ന് നിവേദനം: ഞാൻ നബി (സ) യുടെ അടുക്കൽ ചെന്ന് സലാം ചൊല്ലി അവിടെ ഇരുന്ന് അപ്പോൾ അഅ്റാബികൾ അങ്ങോട്ട് കടന്നുവന്നു ചോദിച്ചു അല്ലാഹുവിന്റെ റസൂലേ, ഞങ്ങൾ ചികിത്സിക്കട്ടെ നബി (സ) പറഞ്ഞു: നിങ്ങൾ ചികിത്സിക്കുക വാർദ്ധക്യത്തിനല്ലാത്ത എല്ലാ രോഗത്തിനും മരുന്നുണ്ട്  

അബൂദ്ദർദാഅ് (റ) ൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: നിങ്ങൾ ചികിത്സിക്കുക ഹറാമുകൊണ്ട് ചികിത്സിക്കരുത് (ശർഹുൽ മുഹദ്ദബ് 5/106,107) 

രോഗിക്ക് രോഗം ചികിത്സിക്കൽ സുന്നത്താണ് അതോടൊപ്പം ക്ഷമിക്കലും സുന്നത്താണ് രോഗത്തിന്റെ വിഷമങ്ങൾ എണ്ണിപ്പറഞ്ഞ് കൊണ്ടേയിരിക്കരുത് അത് കറാഹത്താണ് ഇമാം നവവി(റ) എഴുതുന്നു: രോഗിക്ക് ക്ഷമിക്കൽ സുന്നത്താണ് 

ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: ഒരിക്കൽ നബി (സ) യുടെ അടുക്കൽ ഒരു സ്ത്രീ വന്നു പറഞ്ഞു: നിശ്ചയം, ഞാൻ ബോധക്ഷയം ഉണ്ടാവുന്ന ആളാണ് തങ്ങൾ എനിക്ക് വേണ്ടി ദുആ ചെയ്യണം നബി (സ) പറഞ്ഞു: നീ ക്ഷമിച്ചാൽ നിനക്ക് സ്വർഗ്ഗമുണ്ട് നീ ഉദ്ദേശിച്ചാൽ നിന്റെ രോഗം ശിഫയാകാൻ ഞാൻ അല്ലാഹുവിനോട് ദുആ ചെയ്യാം ആ സ്ത്രീ പറഞ്ഞു: ഞാൻ ക്ഷമിച്ചു (ശർഹുൽ മുഹദ്ദബ് 5/106) 

ഇമാം റംലി (റ) എഴുതുന്നു: രോഗി തന്റെ വിഷമങ്ങൾ എണ്ണിപ്പറയൽ കറാഹത്താണ് ഡോക്ടറോ സ്നേഹിതനോ അടുത്ത ബന്ധുക്കളോ തന്റെ അവസ്ഥ ചോദിച്ചാൽ പൊറുതികേട് കൂടാതെ പറയുന്നതിൽ കുഴപ്പമില്ല (നിഹായ: 2/435) 

ചികിത്സിക്കാൻ ഡോക്ടർ നിർദ്ദേശിച്ച മരുന്ന് നജസാണോ അല്ലയോ എന്ന് സംശയിച്ചാൽ പ്രശ്നമില്ല നജസാണെന്ന് ഉറപ്പുണ്ടായാലോ നാം എന്ത് ചെയ്യും രോഗം ശിഫയാകാൻ ആ മരുന്ന് ഉപയോഗിക്കാമോ? അല്ലെങ്കിൽ രോഗവുമായി കഴിഞ്ഞുകൂടുകയോ പരിഹാരമെന്തെന്ന് നമുക്ക് നോക്കാം 

ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: വൈദ്യശാസ്ത്രത്തിലുള്ള അറിവ് കൊണ്ടോ നീതിമാനായ വൈദ്യനോ നജസുകളെകൊണ്ട് ചികിത്സിച്ചാൽ രോഗം ശിഫയാകുമെന്ന് പറയുകയും ശുദ്ധിയുള്ളതൊന്നും തൽസ്ഥാനത്ത് ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ നജ്സുകൾ ചികിത്സാവശ്യാർത്തം ഉപയോഗിക്കൽ അനുവദനീയമാണ് (തുഹ്ഫ:9/170) 

ഇമാം റംലി (റ) എഴുതുന്നു: നബി (സ) ഇർനിയിനോട് ഒട്ടകത്തിന്റെ മൂതരം കുടിക്കാൻ കൽപ്പിച്ചത് ചികിത്സാവശ്യാർത്ഥമായിരുന്നു മദ്യം (കള്ള്) അല്ലാത്ത നജ്സുകൾ ചികിത്സാവശ്യാർത്ഥം ഉപയോഗിക്കൽ അനുവദനീയമാണ് (നിഹായ: 1/242)

ഇമാം മുഹമ്മദ് ശീർബീനി (റ) എഴുതുന്നു: 'നബി (സ) പറഞ്ഞു: എന്റെ സമുദായത്തിന് ഹറാമുകളിൽ അല്ലാഹു ശിഫ വെച്ചിട്ടില്ല' ഈ ഹദീസിനെ സംബന്ധിച്ച് ഇമാമുകൾ പറഞ്ഞത് കള്ളിൽ അല്ലാഹു ഒരു രോഗത്തിനും ശിഫ വെച്ചിട്ടില്ല എന്നാണ് (മുഗ്നി: 1/79)

മുകളിൽ പറഞ്ഞതിന്റെ രത്നചുരുക്കം ഇങ്ങനെ 

1. രോഗത്തിന് ചികിത്സിക്കൽ സുന്നത്താണ് 

2. ചികിത്സിക്കാതെ ക്ഷമിക്കലും സുന്നത്താണ്

3. അനുവദനീയ മാർഗത്തിലെല്ലാം ചികിത്സകൾ തേടാം 

4. നജസുകളെ കൊണ്ട് ചികിത്സിക്കണമെങ്കിൽ രോഗം ഭേദമാവുന്ന ശുദ്ധിയുള്ള മരുന്നില്ലാതിരിക്കണം ഉണ്ടെങ്കിൽ നജസ് കൊണ്ട് ചികിത്സ പാടില്ല 

5. മദ്യം ഒരു രോഗത്തിനും ശിഫയല്ല ഡോക്ടർ മദ്യം രോഗത്തിന് ശിഫയായി നിർദ്ദേശിച്ചാൽ പോലും ഒരിക്കലും മദ്യം ഉപയോഗിക്കരുത് ഉപയോഗിക്കൽ ഹറാം തന്നെ 


മരിക്കാൻ ആഗ്രഹിക്കാമോ?

മരിക്കാൻ പൊതുവെ മനുഷ്യന് ഭയമാണ്,മനുഷ്യരാരും മരണത്തെ ആഗ്രഹിക്കാറില്ല എന്നാൽ താങ്ങാൻ കഴിയാത്ത വിഷമങ്ങളും ശക്തമായ വേദനയുള്ള രോഗങ്ങളും ചിലപ്പോൾ മനുഷ്യനെ ജീവിതം അവസാനിപ്പിക്കാൻ പ്രേരിപ്പിക്കാറുണ്ട് 

ആത്മഹത്യ വലിയ പാപവും പാരത്രിക ജീവിതം നശിപ്പിക്കുന്നതിനാലും മുസ്ലിമീങ്ങളിൽ ഈ മഹാപാപം മറ്റുള്ളവരെ അപേക്ഷിച്ച് കുറവാണ് എന്നാൽ എങ്ങനെയെങ്കിലും മരിച്ചുകിട്ടിയാൽ എന്നാഗ്രഹിക്കാമോ? 

ഇമാം നവവി(റ) എഴുതുന്നു: ദുനിയാവിലുള്ള പ്രയാസംകൊണ്ടോ ശാരീരിക പ്രയാസം കൊണ്ടോ അതു പോലുള്ള കാരണങ്ങൾക്ക് വേണ്ടിയോ മലണത്തെ ആഗ്രഹിക്കൽ കറാഹത്താണ് ദീനിൽ നാശം ഭയപ്പെട്ടതിന് വേണ്ടി കറാഹത്തില്ല ഇനി അവന് മരണത്തിന് കീഴ്പ്പെട്ടേ പറ്റൂവെങ്കിൽ അല്ലാഹുവേ, ജീവിതം ഖൈറാണെങ്കിൽ നീ എന്നെ ജീവിപ്പിക്കേണമേ, മരണം ഖൈറാണെങ്കിൽ മരിപ്പിക്കേണമേ എന്ന് പറയാം (ശർഹുൽ മുഹദ്ദബ്: 5/106) 

ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: ശരീരത്തിലോ സമ്പത്തിലോ ഇറങ്ങിയ നാശം കാരണം മരണത്തെ ആഗ്രഹിക്കൽ കറാഹത്താണ് ദീനിലിറങ്ങിയ നാശത്തിന് വേണ്ടി മരണത്തെ ആഗ്രഹിക്കൽ സുന്നത്താണ്  (ഇമാം നവവി(റ) അപ്രകാരം ഫത് വ കൊടുത്തിട്ടുണ്ട് (തുഹ്ഫ  3/181)

ചുരുക്കത്തിൽ കേവലം ഭൗതിക സമ്മർദ്ദങ്ങൾ കാരണം മരണത്തെ ആഗ്രഹിക്കുകയോ ചിന്തിക്കുകയോ ദുആ ചെയ്യുകയോ ചെയ്താൽ അത് കറാഹത്താണ് മറിച്ച് ദീനിയായി ജീവിക്കാൻ പ്രയാസം നേരിടുകയും ജീവിതത്തേക്കാൾ മരണം ഖൈറാവുകയും ചെയ്താൽ മരിക്കാൻ വേണ്ടി ദുആ ചെയ്യൽ സുന്നത്താണ് അല്ലാതെ ആത്മഹത്യ ചെയ്യാനോ അതുപോലോത്ത മറ്റു മാർഗങ്ങൾ സ്വീകരിക്കാനോ പാടില്ല 



ഗൾഫിൽ മരിച്ചാൽ

മരണം എവിടെ നിന്നും എപ്പോഴും ഏത് നിമിഷവും സംഭവിക്കാം അതിന്റെ വിശദാംശങ്ങൾ അല്ലാഹുവിന് മാത്രമറിയാം പെട്ടെന്നുള്ള മരണം സജ്ജനങ്ങൾക്ക് അനുഗ്രഹവും തെമ്മാടികൾക്കുള്ള ശിക്ഷയുമാണ് നമ്മുടെ നാടുകളിൽ നിന്ന് ധാരാളം പേർ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ലോകത്തിന്റെ നാനാ ഭാഗത്തും പല പല പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാണ് എപ്പോഴും ജീവിത യാത്രയിൽ മരണം അവരെ തേടിയെത്താറുണ്ട് മരണവാർത്ത കേൾക്കുമ്പോൾ നാം അറിഞ്ഞോ അറിയാതെയോ ചോദിക്കാറുണ്ട്, മയ്യിത്ത്, എപ്പോഴാണ് നാട്ടിലേക്ക് കൊണ്ടുവരുന്നതെന്ന് ഹജ്ജിനോ ഉംറക്കോ പോയി മരിച്ചാൽ അവിടെ തന്നെയാണ് മറവു ചെയ്യാറ് അല്ലാതെ മരിച്ചാൽ മയ്യിത്തുകളിലധികവും നാട്ടിലേക്ക് തന്നെ കൊണ്ടു വരുന്ന ഒരു പ്രവണതയാണ് അധികവും കണ്ടുവരുന്നത്  

വിദേശ നാടുകളിൽ നിന്ന് മരിച്ചാൽ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടു വരാമോ? കൊണ്ടുവരാൻ പാടില്ലെങ്കിൽ കൊണ്ടുവരാവുന്ന വല്ല വകുപ്പുമുണ്ടോ? പരിഹാരമെന്തെന്ന് നോക്കാം 

ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: മറ മാടുന്നതിനു മുമ്പ് ഒരു നാട്ടിൽ നിന്ന് മറ്റൊരു നാട്ടിലേക്ക് മയ്യിത്ത് നീക്കം ചെയ്യൽ ഹറാമാണ് ഇങ്ങനെ നീക്കാൻ വസ്വിയ്യത്ത് ചെയ്താലും അത് നടപ്പിൽ വരുത്താൻ പാടില്ല എന്നാൽ  മക്ക, മദീന, ബൈത്തുൽ മുഖദ്ദസ്, സ്വാലിഹീങ്ങൾ മറപ്പെട്ടു കിടക്കുന്ന സ്ഥലം എന്നിവിടങ്ങളിലേക്ക് മയ്യിത്ത് നീക്കം ചെയ്യൽ ഹറാമില്ല മരിച്ച നാട്ടിലെ കുടുംബക്കാരുടെ അടുത്ത് മറവു ചെയ്യുന്നതിനേക്കാളും ഏറ്റവും നല്ലത് സ്വാലിഹീങ്ങളുടെ അടുത്ത് മറവ് ചെയ്യലാണ് കാരണം സ്വാലിഹീങ്ങളെ കൊണ്ട് മയ്യിത്തിന് ലഭിക്കുന്ന ഉപകാരം കുടുംബക്കാരുടെ അടുത്ത് മറവ് ചെയ്യന്നതിനേക്കാൾ വലുതാണ് ഇങ്ങനെ മയ്യിത്ത് നീക്കം ചെയ്ത് മറമാടൽ ഹറാമോ കറാഹത്തോ ഇല്ല മറിച്ച് പ്രസ്തുത സ്ഥലങ്ങളുടേയും സ്വാലിഹീങ്ങളുടെയും ബഹുമാനം കാരണമായി സുന്നത്താണ് 

എന്നാൽ ഇങ്ങനെ മയ്യിത്ത് നീക്കം ചെയ്യണമെങ്കിൽ പകർച്ചയാകുന്നത് ഭയപ്പെടാതിരിക്കുകയും മരിച്ച സ്ഥലത്ത് വെച്ച് കുളിപ്പിച്ച് കഫൻ ചെയ്ത് നിസ്കരിക്കുകയും വേണം അല്ലാത്ത പക്ഷം നീക്കം ചെയ്യൽ ഹറാമാണ് കാരണം ഫർളിന്റെ ബാധ്യത ബന്ധപ്പെട്ട് കിടക്കുന്നത് മരിച്ച നാട്ടിലെ ആളുകളോടാണ് (തുഹ്ഫ 3/202,203) 

ഇമാം നവവി(റ) എഴുതുന്നു: ജാബിർ (റ) ൽ നിന്ന് നിവേദനം: ഉഹദ് യുദ്ധത്തിൽ കൊല്ലപ്പെട്ടവരെ മറ്റൊരു സ്ഥലത്തേക്ക് മറമാടാൻ കൊണ്ടുപോയപ്പോൾ അവർ കൊല്ലപ്പെട്ട സ്ഥലത്ത് തന്നെ മറമാടാൻ നബി (സ) യുടെ ഭാഗത്തുനിന്ന് കൽപ്പന വന്നു (ശർഹുൽ മുഹദ്ദബ്: 5/303) 

ശാഫിഈ മദ്ഹബിലെ പ്രബല അഭിപ്രായമാണ് മയ്യിത്ത് ഒരു നാട്ടിൽ നിന്ന് മറ്റൊരു നാട്ടിലേക്ക് നീക്കം ചെയ്യൽ ഹറാമെന്നത് എന്നാൽ ഹറാമില്ല, കറാഹത്താണെന്നഭിപ്രായം ഉണ്ട് ഇമാം നവവി(റ) എഴുതുന്നു: മയ്യിത്ത് നീക്കം ചെയ്യൽ കറാഹത്താണെന്നാണ് ഇമാം ബഗ് വി (റ) ഇമാം അബൂന്നസ്റിൽ ബുൻദനൈജി (റ) തുടങ്ങിയവർ പറഞ്ഞത് (ശർഹുൽ മുഹദ്ദബ്: 5/303) 

ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: ഇതൊരഭിപ്രായമാണ് പ്രബലമല്ല ഈ അഭിപ്രായമനുസരിച്ച് മയ്യിത്ത് നീക്കം ചെയ്യുകയാണെങ്കിൽ തന്നെ കുളി, കഫൻ, നിസ്കാരം എന്നിവയ്ക്ക് ശേഷമേ പറ്റൂ (തുഹ്ഫ 3/203) 

ചില കാര്യങ്ങൾ ശ്രദ്ധിക്കാം 

1. ഹറാമായാലും കറാഹത്തായാലും വിദേശ നാടുകളിൽ നിന്നോ മറ്റോ മയ്യിത്ത് സ്വന്തം നാട്ടിലെത്തിക്കൽ ഗുണകരമല്ല

2. നീക്കം ചെയ്യൽ സുന്നത്തായ സ്ഥലത്തേക്ക് തന്നെ മയ്യിത്ത് പകർച്ചയായില്ലെങ്കിലാണ് സുന്നത്ത് അല്ലെങ്കിൽ അതും സുന്നത്തില്ല 

3. മയ്യിത്ത് നാട്ടിലെത്തിക്കാൻ സഹായിക്കുന്നവരും കടലാസ് രേഖകൾ തയ്യാറാക്കുവാൻ കൂട്ടുനിൽക്കുന്നവരും നല്ല കാര്യത്തിനാണെന്ന് കരുതി ഇതൊന്നും ചെയ്യണ്ട കാരണം അതെല്ലാം ഹറാമിന് വേണ്ടിയായതുകൊണ്ട് പുണ്യമില്ല മറിച്ച് കുറ്റകരമാണ് 

4. പിതാവോ മറ്റോ മരിക്കുമ്പോഴോ മറ്റ് ദൂര നാടുകളിലേക്ക് മയ്യിത്ത് നീക്കം ചെയ്യാൻ പറഞ്ഞിട്ടുണ്ടെങ്കിൽ ഹറാമാണോ സുന്നത്താണോ എന്ന് ചിന്തിക്കണം ഹറാമാകുന്ന രൂപമാണെങ്കിൽ വസ്വിയ്യത്തിന് പരിഗണനയില്ല ഇനി കറാഹത്താണെന്ന അഭിപ്രായം മാനിച്ചാലും ആ വസ്വിയ്യത്തിന് പരിഗണനയില്ല 

5. മത നിയമങ്ങൾ ഇമാമുകൾ ഗ്രന്ഥങ്ങളിൽ പറഞ്ഞപോലെ ചെയ്തില്ലെങ്കിലും പ്രത്യേകിച്ചും പൊതുമേഘലയിൽ അതിന്റെ പ്രത്യാഘാതം ആഖിറത്തിൽ വലുതായിരിക്കും 


മയ്യിത്ത് സ്വയം കുളിച്ചാൽ

മയ്യിത്ത് സ്വയം കുളിച്ചാലോ നമുക്ക് സങ്കൽപ്പിക്കാൻ  ചിലപ്പോൾ പ്രയാസമായിരിക്കും എന്നാൽ അങ്ങനെ സംഭവിച്ചിട്ടുണ്ട് കറാമത്ത് മുഖേന ചില ഔലിയാക്കൾ മരിച്ചതിന് ശേഷം സ്വന്തം തന്നെ കുളി നിർവ്വഹിച്ചിട്ടുണ്ട് അങ്ങനെ ഒരു മയ്യിത്ത് കറാമത്ത് മുഖേന കുളിച്ചാൽ പിന്നീട് നാം കുളിപ്പിക്കണമോ വേണ്ടയോ? ഈ മസ്അല പറഞ്ഞപ്പോൾ ചില പ്രമുഖർക്ക് പിഴവ് പറ്റിയത് ശ്രദ്ധയിൽപെട്ടിട്ടുണ്ട് 

മയ്യിത്ത് സ്വയം കുളിച്ചാലും നിർബന്ധ ബാധ്യത അഥവാ ഫർള് കിഫായ: നമ്മോടാണ് മയ്യിത്തിനോടല്ല അതുകൊണ്ട് മയ്യിത്ത് സ്വയം കുളിച്ചാലും നാം കുളിപ്പിക്കൽ നിർബന്ധമാണ് കുളിപ്പിക്കാതെ മറമാടൽ ഹറാമാണ് ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: മയ്യിത്ത് കുളി കൊണ്ടുള്ള കൽപ്പന നമ്മോടാണ് അതിനാൽ നമ്മുടെ പ്രവർത്തനം കൊണ്ട് മാത്രമേ നമ്മോടുള്ള കൽപ്പന ഒഴിവാകുകയുള്ളൂ (തുഹ്ഫ 3/99)

ഇമാം റംലി (റ) യുടെ നിഹായ 2/142 ലും ഇമാം മുഹമ്മദ് ശിർബീനി (റ) യുടെ മുഗ്നി 1/332 ലും ഇമാം സൈനുദ്ദീൻ മഖ്ദൂം (റ)മിന്റെ ഫത്ഹുൽ മുഈൻ 151 ലും ഇത് കാണാം 

ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: മലക്കുകളും ജിന്നുകളും മയ്യിത്ത് കുളിപ്പിക്കുന്നതിന് നമ്മൾ സാക്ഷിയായാൽ ആ കുളി കൊണ്ട് മയ്യിത്ത് കുളിപ്പിക്കുന്ന ബാധ്യത വീടുന്നതല്ല മറിച്ച് നമ്മൾ തന്നെ കുളിപ്പിക്കേണ്ടതാണ് തുഹ്ഫ 3/99)

അപ്പോൾ മയ്യിത്ത് കുളി സ്വഹീഹാവണമെങ്കിൽ നമ്മൾ തന്നെ കുളിപ്പിച്ചാലെ മതിയാവുകയുള്ളൂവെന്ന് ഇമാമുകളുടെ മേൽ ഉദ്ധരണികളിൽ നിന്ന് വ്യക്തമായി  


ജനാബത്തുകാരനായി മരിച്ചാൽ എത്ര കുളി കുളിപ്പിക്കണം

മരിച്ചാൽ നിർബന്ധമായും ഒരു കുളി വേണം എന്നാൽ ജനാബത്തുകാരനായോ ഹൈളുകാരിയായോ മരിച്ചാൽ എത്ര കുളി വേണം ഒന്നോ, രണ്ടോ? നമുക്ക് പരിശോധിക്കാം 

ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: ഒരാൾ ജനാബത്തുകാരനായോ അല്ലെങ്കിൽ ഹൈളുകാരിയായോ നിഫാസുകാരിയായോ മരിച്ചാൽ മയ്യിത്തിന് ഒരു കുളിയേ നിർബന്ധമുള്ളൂ മരണത്തോടു കൂടി ജനാബത്ത്, ഹൈള്, നിഫാസ് കുളികളുടെ നിർബന്ധ ബാധ്യത ഒഴിവായി (തുഹ്ഫ: 3/184) 

യുദ്ധത്തിൽ ശഹീദായി മരിച്ചാൽ കുളിപ്പിക്കലും അവന്റെ മേൽ നിസ്കരിക്കലും ഹറാമാണ് ശഹീദായാവൻ ജനാബത്തുകാരനായി മരിച്ചാലും കുളിപ്പിക്കൽ ഹറാമ് തന്നെ ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: ശഹീദായി മരിച്ചവനെ കുളിപ്പിക്കലും അവന്റെ മേൽ നിസ്കരിക്കലും ഹറാമാകുന്നു ജനാബത്തുകാരനായ അവസ്ഥയിൽ മരിച്ചാലും കുളിപ്പിക്കൽ ഹറാം തന്നെയാണ് (തുഹ്ഫ; 3/164) 

എന്നാൽ ഉഹ്ദ് യുദ്ധത്തിൽ ജനാബത്തുകാരനായി മരിച്ച ഹൻളലത്ത് ബ്നു റബാഹ് (റ) നെ മലക്കുകൾ കുളിപ്പിക്കുന്നത് നബി (സ) കണ്ടതോ? ഇമാം നവവി(റ) എഴുതുന്നു: കാണുക: ഉഹ്ദ് യുദ്ധത്തിൽ ജനാബത്തുകാരനായി ശഹീദായ ഹൻളലത്ത് ബ്നു റബാഹ് (റ) നെ മലക്കുകൾ  കുളിപ്പിക്കുന്നതായി ഞാൻ കണ്ടു എന്ന് നബി (സ) പറഞ്ഞ ഹദീസ് ദുർബലമായ ഹദീസാകുന്നു (ശർഹുൽ മുഹദ്ദബ് 5/263)



രക്തം വന്നുകൊണ്ടിരിക്കുന്ന മയ്യിത്ത്

രക്തം നിലക്കുകയും നിലക്കാതിരിക്കുകയും ചെയ്യും പ്രത്യേകിച്ചും അപകടങ്ങളിൽ രക്തം വാർന്ന് മരിക്കാറുണ്ട് രക്തം ശുദ്ധിയുള്ളതല്ല മറിച്ച് നജ്സാണ് വസ്ത്രത്തിൽ രക്തമായാൽ നിസ്കാരം സ്വഹീഹാവുന്നതല്ല ശരീരം, വസ്ത്രം, സ്ഥലം എന്നിവ നജസുകളിൽ നിന്ന് ശുദ്ധിയാവൽ നിസ്കാരത്തിന്റെ ശർത്വാണ് ശർത്വ് ശരിയാം വിധമായാലേ മശ്റൂത്വായ നിസ്കാരമുണ്ടാവുകയുള്ളൂ എല്ലാ നിസ്കാരത്തിനും ഈ നിബന്ധന ബാധകമായതുകൊണ്ട് മയ്യിത്ത് നിസ്കാരത്തിനും ഈ നിയമം ബാധകമാണ് മയ്യിത്ത് നജ്സിൽ നിന്ന് ശുദ്ധിയാവാതെ നിസ്കാരം സ്വഹീഹല്ല 

ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: മയ്യിത്ത് കുളിപ്പിച്ചതിനുശേഷം നജസ് പുറപ്പെട്ടാൽ അതു ഗുഹ്യസ്ഥാനത്ത് നിന്നാണെങ്കിലും നജസ് നീക്കം ചെയ്യൽ നിർബന്ധമാണ് കുളി മടക്കേണ്ടതില്ല ശുദ്ധമായ മനിയ്യ് പുറപ്പെട്ടാൽ ഒന്നും തന്നെ നിർബന്ധമില്ല കഫൻ ചെയ്തതിന് ശേഷമാണെങ്കിൽ മയ്യിത്തിന്റെ ശരീരത്തിൽ നിന്നും കഫൻ തുണിയിൽ നിന്നും നജ്സിനെ നീക്കം ചെയ്ത് ശുദ്ധിയാക്കൽ നിർബന്ധമാണ് (തുഹ്ഫ: 3/106, നിഹായ: 2/448)

എന്നാൽ മയ്യിത്ത് കുളിപ്പിച്ച് കഫൻ ചെയ്തിട്ടും രക്തം നിൽക്കുന്നില്ലെങ്കിലോ? പരിഹാരമെന്താണെന്ന് നോക്കാം മയ്യിത്തിൽ നിന്ന് പുറപ്പെടുന്ന രക്തം കഴുകിയിട്ടും നിൽക്കുന്നില്ലെങ്കിൽ മയ്യിത്ത് കുളിപ്പിക്കലും നിസ്കാരവും സ്വഹീഹാവും രക്തം വരുന്ന ഭാഗം കുളിപ്പിച്ച ഉടനെ പഞ്ഞികൊണ്ട് വെച്ച് കെട്ടുകയും വളരെ പെട്ടെന്ന് തന്നെ നിസ്കരിക്കുകയും ചെയ്യൽ നിർബന്ധമാണ് നിസ്കാരത്തിന്റെ മസ്വ് ലഹത്തിന് വേണ്ടിയല്ലാതെ താമസിപ്പിച്ചാൽ മേൽപ്പറഞ്ഞത് മടക്കി ചെയ്യേണ്ടത് വരുന്നതാണ് നിസ്കാരക്കാരുടെ ആധിക്യം മസ്വ് ലഹത്തിൽ പെട്ടതാണ് (ശർവാനി: 3/106) 


മയ്യിത്ത് കത്തിക്കരിഞ്ഞാൽ

തീപിടിത്തം പോലോത്ത അപകടമുണ്ടാകുമ്പോൾ ചിലപ്പോൾ മയ്യിത്ത് തിരിച്ചറിഞ്ഞെന്ന് വരില്ല മറ്റു ചിലപ്പോൾ മയ്യിത്ത് കത്തിക്കരിഞ്ഞെന്ന് വരാം എന്നാൽ എങ്ങനെ കുളിപ്പിക്കും? കുളിപ്പിച്ചാൽ പൊടിഞ്ഞുപോകും കുളിപ്പിക്കാതെ നിസ്കരിക്കാമോ? കാരണം നിസ്കാരത്തിന് ശുദ്ധീകരണം ആവശ്യമാണല്ലോ ഇമാം നവവി(റ) എഴുതുന്നു: വെള്ളം ലഭിക്കാത്തത്  കൊണ്ടോ അല്ലെങ്കിൽ മയ്യിത്ത് കത്തിക്കരിഞ്ഞു കുളിപ്പിച്ചാൽ പൊടിഞ്ഞു പോവുകയോ ചെയ്യുമെങ്കിൽ കുളിപ്പിക്കരുത് മറിച്ച് തയമ്മും ചെയ്യൽ നിർബന്ധമാണ് (ശർഹുൽ മുഹദ്ദബ് 5/137) 

ഈ തയമ്മുമിന് ശേഷം നിസ്കരിക്കാം എന്നാൽ തയമ്മുമിനു സാധ്യമല്ലെങ്കിലോ? ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: കെട്ടിടം തകർന്നോ സമുദ്രത്തിൽ ആഴ്ന്നുപോയിട്ടോ കിണറിൽ വീണോ മരിക്കുകയും മയ്യിത്ത് പുറത്തെടുത്ത് കുളിപ്പിക്കാനോ തയമ്മും ചെയ്യാനോ കഴിയാതെ പ്രയാസപ്പെട്ടാൽ മയ്യിത്തിന്റെ മേൽ നിസ്കരിക്കരുത് നിസ്കാരത്തിനുള്ള നിബന്ധനകളായ കുളി, തയമ്മും നഷ്ടപ്പെട്ടതാണ് കാരണം (തുഹ്ഫ 3/189, മുഗ്നി: 1/360) 

തയമ്മും ചെയ്തു കൊടുക്കുമ്പോൾ നിയ്യത്ത് നിർബന്ധമില്ല വെള്ളം കിട്ടാത്ത കാരണത്താൽ മയ്യിത്തിന് തയമ്മും ചെയ്തു കൊടുത്ത് നിസ്കരിക്കുകയും ശേഷം മറമാടുന്നതിന് മുമ്പായി വെള്ളം ലഭിച്ചാൽ നിർബന്ധമായും മയ്യിത്തിനെ കുളിപ്പിക്കുകയും നിസ്കാരം മടക്കുകയും വേണം (ശർവാനി 3/387)

തയമ്മും സ്വഹീഹാവാൻ മയ്യിത്തിന്റെ ശരീരത്തിലുള്ള നജസ് നീക്കം ചെയ്യണം എന്നാൽ നജസ് നീക്കാൻ പ്രയാസമുണ്ടെങ്കിൽ തയമ്മും ചെയ്ത് നിസ്കരിക്കണം (തുഹ്ഫ 3/109)


പോസ്റ്റുമോർട്ടവും മയ്യിത്ത് പുറത്തെടുക്കലും

മയ്യിത്തിന്റെ ആദരവിനെ ഹനിക്കുന്ന ഒരു തരത്തിലുള്ള പ്രവർത്തനവും നമ്മളിൽ നിന്ന് ഉണ്ടാവരുത് മയ്യിത്ത് കുളിപ്പിക്കുമ്പോൾ കൊഴിഞ്ഞുവീണ മുടികൾ പോലും കഫൻ പുടവയിൽ വെക്കണം കുളിപ്പിക്കുമ്പോൾ മയ്യിത്തിനെ കമിഴ്ത്തി കിടത്തൽ പോലും ഹറാമാണ് ചേലാകർമ്മം ചെയ്യൽ നിർബന്ധമാണ് എന്നാൽ മരിച്ച വ്യക്തി ചേലാകർമ്മം ചെയ്യാത്തവനാണെങ്കിൽ അവനെ ചേലാകർമ്മം ചെയ്യരുത് 

ഇമാം ഇബ്നു ഹജർ ഹൈമതമി (റ) എഴുതുന്നു: ചേലാകർമ്മം ചെയ്യാത്തവൻ (മയ്യിത്ത്) പിന്തിച്ചതിന് കുറ്റക്കാരനാവുമെങ്കിലും അവനെ ചേലാകർമ്മം ചെയ്യൽ ഹറാമാണ് (തുഹ്ഫ: 3/113) 

മയ്യിത്തിന്റെ ആദരവിന് കോട്ടം തട്ടുന്നതൊന്നും ചെയ്യാൻ പാടില്ല ശരീരത്തിന്റെ ചില ഭാഗം കീറി മുറിക്കലാണ് പോസ്റ്റ് മോർട്ടം ഇത് ഹറാമാണെന്നതിൽ സംശയമേ ഇല്ല എന്നാൽ നമ്മുടെ രാജ്യത്ത് അപകട മരണങ്ങൾ ഉണ്ടായാൽ പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ഭരണകൂടം അനുശാസിക്കുന്നുണ്ട് ഈ നിയമ വ്യവസ്ഥക്ക് ഈ രാജ്യത്തെ ഓരോ പൗരനും കീഴ്പ്പെട്ടേ മതിയാവൂ ഇത് ളറൂറത്തായതിന് വേണ്ടിയായതിനാൽ ഹറാമില്ലാതെ വരും 

ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: മയ്യിത്ത് മറമാടിയതിന് ശേഷം മുഴുവൻ ഭാഗങ്ങളും നുരുമ്പിപ്പോകുന്നതിന് മുമ്പ് മക്ക പോലോത്ത സ്ഥലത്തേക്ക് നീക്കം ചെയ്യാൻ വേണ്ടിയോ കഫൻ ചെയ്യാനോ നിസ്കരിക്കാനോ ഖബ്ർ മാന്തൽ ഹറാമാണ് ളറൂറത്തിന് വേണ്ടി ഒഴികെ (തുഹ്ഫ: 3/203)

ഖബ്ർ മാന്തൽ ഹറാമാണ്  എന്നാൽ ളറൂറത്തിന് വേണ്ടിയായപ്പോൾ ഹാറാമില്ലാതെയായി മയ്യിത്ത് മറമാടി ഖബ്ർ മാന്തി മയ്യിത്ത് പുറത്തെടുക്കൽ ഹറാമാണ് എന്നാൽ ചില സന്ദർഭങ്ങളിൽ  ഖബ്ർ മാന്തലും മയ്യിത്ത് പുറത്തെടുക്കലും നിർബന്ധമാവും 

ഇമാം ഇബ്നു ഹജർ ഹൈതമി (റ) വും ഇമാം റംലി (റ) യും എഴുതുന്നു: മയ്യിത്ത് മറമാടിയതിനു ശേഷം മക്ക പോലോത്ത സ്ഥലത്തേക്ക് മാറ്റി മറവു ചെയ്യാൻ വേണ്ടിയോ നിസ്കരിക്കാനോ കഫൻ ചെയ്യാൻ പോലോത്തതിനോ (മയ്യിത്ത് നിസ്കരിക്കാത്തതും കഫൻ ചെയ്യാത്തതുമാണെങ്കിൽ) ഖബ്ർ മാന്തൽ ഹറാമാണ് കുളിപ്പിക്കാതെയോ തയമ്മും ചെയ്യാതെയോ മയ്യിത്ത് മറമാടിയാൽ മയ്യിത്ത് പകർച്ചയായിട്ടില്ലെങ്കിൽ നിർബന്ധമായും മാന്തണം കവർച്ച ചെയ്ത വസ്ത്രത്തിലോ ഭൂമിയിലോ മറമാടിയ മയ്യിത്ത് അതിന്റെ ഉടമ അതാവശ്യപ്പെടുകയും ചെയ്താൽ മയ്യിത്ത് പകർച്ചയായാലും ളറൂറത്തിന് വേണ്ടി നിർബന്ധമായും ഖബ്ർ മാന്തണം 

എന്നാൽ മയ്യിത്ത് മറമാടൽ ഇതല്ലാതെ വേറെ ഭൂമി ഇല്ലെങ്കിലും വസ്ത്രമില്ലെങ്കിലും മാന്തൽ നിർബന്ധമില്ല അല്ലെങ്കിൽ വിലമതിക്കാവുന്ന സമ്പത്ത് അതെത്ര ചെറുതാണെങ്കിലും ഖബ്റിൽ വീണാൽ, ഖിബ് ലയിലേക്കല്ലാതെ   മയ്യിത്ത് മറമാടിയാൽ മയ്യിത്ത് പകർച്ചയായിട്ടില്ലെങ്കിൽ ഖബ്ർ മാന്തൽ നിർബന്ധമാണ് (തുഹ്ഫ 3/203, നിഹായ: 3/39 ഖബ്ർ മാന്തൽ വേറെയും കുറെ കാരണങ്ങൾ മുഗ്നി 1/367 ൽ കാണാം 



തിരിച്ചറിയാത്ത മയ്യിത്തുകൾ

വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, തീപിടുത്തം പോലോത്ത പ്രകൃതി ദുരന്തങ്ങളിൽ പെട്ട് മരിക്കുന്ന പലരേയും വിലാസം അറിയാത്തതു കൊണ്ടോ മറ്റേതെങ്കിലും കാരണത്താലോ മുസ്ലിമാണോ അല്ലയോ എന്ന് വേർതിരിച്ചറിയാതെ വരാറുണ്ട് ഈ സന്ദർഭങ്ങളിൽ നാം എന്തു ചെയ്യും? കാരണം മരിച്ചവരുടെ കൂട്ടത്തിൽ മുസ്ലിമീങ്ങൾ ഉണ്ടെന്ന് നമുക്കറിയാം എന്നാൽ ആരാണ് മുസ്ലിമെന്ന് വേർതിരിച്ചറിയുന്നില്ല മുസ്ലിമാണെന്നറിഞ്ഞാൽ അവരെ കുളിപ്പിക്കുകയും കഫൻ ചെയ്യുകയും നിസ്കരിച്ച് മറമാടുകയും ചെയ്യൽ നിർബന്ധമാണല്ല? പരിഹാരമെന്തെന്ന് നോക്കാം 

ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: മുസ്ലിമിനേയും കാഫിറിനേയും തിരിച്ചറിയാൻ പറ്റാത്ത വിധം ധാരാളം മയ്യിത്തുകൾ കൂടിക്കലർന്നാൽ എല്ലാവരുടേയും മേൽ ഒറ്റയടിക്ക് നിസ്കരിക്കുകയാണെങ്കിൽ മുസ്ലിമിന്റെ മയ്യിത്തിന്റെ മേൽ നിസ്കരിക്കുന്നുവെന്ന് കരുതണം ഓരോരുത്തരുടേയും മേൽ സ്വന്തം നിസ്കരിക്കുകയാണെങ്കിൽ മുസ്ലിമാണെങ്കിൽ നിസ്കരിക്കുന്നുവെന്ന് കരുതണം ശഹീദിനേയും അല്ലാത്തവനേയും തിരിച്ചറിയാതെ വന്നാലും മേൽ പ്രകാരം ചെയ്യണം നിയ്യത്തിൽ ശഹീദല്ലാത്തവന്റെ മേൽ നിസ്കരിക്കുന്നുവെന്ന് കരുതണം (തുഹ്ഫ 3/187, മുഗ്നി 1/360)

ഇമാം നവവി(റ )എഴുതുന്നു: കുളിപ്പിക്കപ്പെടുകയും നിസ്കരിക്കുകയും ചെയ്യാത്ത ശഹീദ് കാഫിരീങ്ങളോട് യുദ്ധം നടന്ന് കൊണ്ടിരിക്കുമ്പോൾ യുദ്ധം കാരണമായി മരിച്ചവരാണ് മുസ്ലിമിനെ (യുദ്ധത്തിൽ) കാഫിർ വധിക്കുകയും മുസ്ലിമിന്റെ ആയുധം അബദ്ധം മൂലം മുസ്ലിമിന് കൊണ്ട് മരിക്കുകയോ സ്വന്തം ആയുധം തന്നെ തിരിച്ചു വന്ന് അതു കാരണം മരിക്കുകയോ കുതിരയുടെ മുകളിൽ നിന്ന് വീണ് മരിക്കുകയോ, മൃഗം കുത്തി പരിക്കേൽപ്പിച്ചതു മൂലം മരിക്കുകയോ മുസ്ലിമീങ്ങളുടേയോ അല്ലാത്തവരുടേയോ മൃഗങ്ങളുടെ ചവിട്ടേൽക്കുക, മുസ്ലിമിന്റേതാണോ കാഫിറിന്റേതാണോ എന്നറിയാത്ത അമ്പേൽക്കുക, യുദ്ധം വെളിവായപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുക മരണ കാരണം അറിയുകയുമില്ല, രക്തത്തിന്റെ അടയാളം  ഉണ്ടാവട്ടെ ഇല്ലാതിരിക്കട്ടെ ഇവരെല്ലാം ശഹീദായി മരിച്ചവരാണ് (ശർഹുൽ മുഹദ്ദബ് 5/261)


പ്രസവിച്ച കുട്ടി മരിച്ചാൽ

പ്രസവിച്ച കുട്ടി മരിച്ചാൽ അത് കരയുകയോ അനങ്ങുകയോ ചെയ്തിരുന്നുവെങ്കിൽ അതിന് ജീവനുണ്ടായിരുന്നുവെന്ന് മനസ്സിലാക്കേണ്ടതാണ് അതിനെ കുളിപ്പിക്കുകയും കഫൻ ചെയ്യുകയും നിസ്കരിക്കുകയും മറമാടുകയും ചെയ്യൽ നിർബന്ധമാണ്  പ്രസവിക്കുമ്പോൾ ജീവിനുള്ള ഒരടയാളവും ദൃശ്യമായില്ലെങ്കിൽ മനുഷ്യരൂപം ഉണ്ടെങ്കിൽ നിസ്കാരമല്ലാത്ത എല്ലാം നിർബന്ധമാണ് മനുഷ്യരൂപം ഇല്ലെങ്കിൽ ഒന്നും തന്നെ നിർബന്ധമില്ല എങ്കിലും അതിനെ ഒരു ശീലയിൽ പൊതിഞ്ഞ് മറവു ചെയ്യൽ സുന്നത്താണ് (തുഹ്ഫ ശർവാനി 3/162)



വീടും സ്ഥലവും വിറ്റ് ഹജ്ജിന് പോവണമോ?

ശവ്വാൽ, ദുൽഖഅദ:, ദുൽഹിജ്ജ: തുടങ്ങിയ മാസങ്ങൾ ഹജ്ജിന്റെ മാസങ്ങളാണ് ഹജ്ജിന്റെ മഹത്വങ്ങൾ പള്ളികളിൽ നിന്ന് വെള്ളിയാഴ്ച പ്രഭാഷണങ്ങളിൽ നിന്ന് ഉയർന്നു കേൾക്കാം ഹജ്ജിന്റെ ക്ലാസുകൾ പല ഭാഗത്തും നടക്കുന്നു അപ്പോഴും നമ്മളിൽ പലരും ഹജ്ജ് നിർബന്ധമായിട്ടില്ലെന്ന മട്ടിലാണ് നടത്തവും ഭാവവും കൂട്ടത്തിൽ പള്ളി ഖത്വീബിന്റെ ശബ്ദം നമ്മുടെ കാതുകളിൽ പതിഞ്ഞുകൊണ്ടിരിക്കുന്നു വീടും സ്ഥലവും വിറ്റാൽ ഹജ്ജിന് പോവാനുള്ള കാശ് കിട്ടുമെങ്കിൽ അങ്ങനെ ചെയ്യണം 

ആരാധനകളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായ ഇബാദത്ത് നിസ്കാരമാണ് നിസ്കാരത്തേക്കാൾ ശ്രേഷ്ഠത ഹജ്ജിനാണെന്നാണ് ഇമാം ഖാളീ ഇയാള് (റ) ന്റെ അഭിപ്രായം പ്രബലമെങ്കിലും ഇങ്ങനെയൊരു അഭിപ്രായമുണ്ടെന്നറിയുന്നത് നല്ലതാണ് മഹത്തായ ഹജ്ജ്, ഉംറ നിർബന്ധമാവാൻ നിബന്ധനകളുണ്ട് ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: ഇസ്ലാം പ്രായപൂർത്തി, ബുദ്ധി, സ്വതന്ത്രൻ, കഴിവുണ്ടാവുക എന്നിവ ഹജ്ജ് നിർബന്ധമാവുന്നതിനുള്ള നിബന്ധനകളാണ് (തുഹ്ഫ 4/12)

മേൽപറഞ്ഞ നിബന്ധനകൾ ഒരാളിൽ ഉണ്ടായാൽ അവന് ഹജ്ജ് നിർബന്ധമാണ് മുസ്ലിമാവുക, പ്രായപൂർത്തിയെത്തുക, ബുദ്ധിയുണ്ടാവുക, നമ്മളിലധിക പേർക്കുമുള്ള യോഗ്യതകളാണ് എന്നാൽ മേൽ നിബന്ധകളിലൊന്നായ കഴിവുണ്ടാവൽ (ഇസ്തിത്വാഅത്) ന് കുറേ നിബന്ധനകൾ ഉണ്ട് അതും ഉണ്ടായാലേ വാസ്തവത്തിൽ ഒരു മുസ്ലിമിന് ഹജ്ജ് നിർബന്ധമാവൂ 

1. യാത്രയിൽ പോയിവരാനും ഹജ്ജിന്റെ കാലയളവിൽ അവിടെ താമസിക്കാനുമുള്ള ചിലവും ഭക്ഷണവും ഉണ്ടായിരിക്കൽ കൂടെ സംരക്ഷകനുണ്ടെങ്കിൽ അവന്റെ ചിലവിനും കഴിവുണ്ടായിരിക്കൽ 

2. മക്കയിലേക്ക് രണ്ട് മർഹല (132 കി. മീറ്റർ) ഉണ്ടെങ്കിൽ പറ്റിയ വാഹനമോ അതിന്റെ വിലയോ ഉണ്ടായിരിക്കൽ വാഹനത്തിൽ യാത്ര ചെയ്യാൻ കഴിയാത്തവനാണെങ്കിൽ ചുമക്കുന്നവൻ വേണം രണ്ട് മർഹല ഇല്ലെങ്കിൽ വാഹനം നിബന്ധനയില്ല എങ്കിലും നടക്കാൻ പ്രയാസമുണ്ടെങ്കിൽ വാഹനമോ ചുമക്കുന്നവനോ വേണം ഇതിനെല്ലാം ചിലവഴിക്കാനുള്ള തുക എടുക്കുന്നത് അവന്റെ കടം വീട്ടിയതിനു ശേഷവും അവൻ പോയിവരുന്നത്  വരെ ചിലവ് കൊടുക്കേണ്ടവർക്ക് ചിലവ് കൊടുക്കാനുള്ള തുകയും അവനോ വീട്ടുകാർക്കോ സേവകരുണ്ടെങ്കിൽ അവന്റെ ചിലവും കഴിച്ച് സംഖ്യ ബാക്കിയുണ്ടെങ്കിലാണ് 

3. യാത്ര ചെയ്യാനുള്ള വഴിയിലൂടെ ശരീരം, ധനം എന്നിവക്ക് ഒന്നും സംഭവിക്കാതെ നിർഭയത്വം യാത്ര ചെയ്യാൻ കഴിയുക കടലിലൂടെയുള്ള യാത്രയാണെങ്കിൽ കടൽ ക്ഷോപം ഉണ്ടാവാതിരിക്കണം കടൽ പ്രക്ഷുപ്തമുള്ളപ്പോൾ യാത്ര ഹറാമാണ്  

4. യാത്രയിൽ ഭക്ഷണ സൗകര്യം ഉണ്ടായിരിക്കൽ 

5. പ്രയാസമില്ലാത്ത വാഹനത്തിൽ സഞ്ചരിക്കൽ കഴിയൽ 
(ബുശ്റൽ കരീം 2/87, ഫത്ഹുൽ മുഈൻ:206) 

ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: ഹജ്ജ് ഉംറക്കു പോകുന്നവന്റെ ചെലവിൽ ജീവിക്കുന്ന ഭാര്യ, സന്താനങ്ങൾ തുടങ്ങിയവരുടെ ഭക്ഷണം, വസ്ത്രം തുടങ്ങിയ മുഖ്യാവശ്യങ്ങൾ മടങ്ങിവരുന്നത് വരെ നിർവ്വഹിക്കാനുള്ള വകയും കടമുണ്ടെങ്കിൽ അതു വീട്ടുവാനുള്ള വകയും അനുയോജ്യമായ പാർപ്പിടവും തൊഴിൽ ചെയ്യുന്നവന്റെ തൊഴിലുപകരണങ്ങളും കഴിച്ച് തന്റെ യാത്രാ ചെലവുകൾക്കുള്ള സംഖ്യ ബാക്കിയുള്ളവനാണ് സാമ്പത്തികമായി കഴിവുള്ളവൻ (തുഹ്ഫ:4/13)  

മേൽ നിബന്ധനകൾക്ക് പുറമെ അന്ധനായ വ്യക്തിക്ക് ഹജ്ജ് നിർബന്ധമാവണമെങ്കിൽ കൂടെ സഹായത്തിന് ആരെങ്കിലും വേണം സാധാ കൂലി കൊടുത്തിട്ട് സഹായത്തിന് ആളെ കിട്ടുമെങ്കിൽ കൂലി കൊടുക്കണം (ബുശ്റൽ കരീം: 2/89) 

ഇമാം നവവി(റ) യോടൊരു ചോദ്യം: ഒരാൾക്ക് സ്വന്തമായി ഭൂമിയുണ്ട് ഓരോ വർഷവും അദ്ദേഹത്തിനും മക്കൾക്കും മതിയാവുന്ന വരുമാനം അതിൽ നിന്ന് ലഭിക്കും ബാക്കി വെക്കാൻ മിച്ചം ഒന്നും ഉണ്ടാവില്ല ആ ഭൂമി വിറ്റാൽ അതിന്റെ വില കൊണ്ട് അദ്ദേഹത്തിന് ഹജ്ജ് ചെയ്യാനും മടങ്ങിവരുന്നത് വരെ മക്കൾക്ക് ചെലവിന് കൊടുക്കാനുമുണ്ടാവും ഈ അവസ്ഥയിൽ അദ്ദേഹത്തിന് ഹജ്ജ് നിർബന്ധമുണ്ടോ? ഉത്തരം: ഈ അവസ്ഥയിൽ അദ്ദേഹത്തിന് ഹജ്ജ് നിർബന്ധമാണ് (ഫത്താവാന്നവവി:56)


സ്ത്രീകൾ- കുട്ടികളുടെ ഹജ്ജ്

സ്ത്രീകൾ പുരുഷന്മാരെ പോലയല്ലെന്ന് ഖുർആൻ പറഞ്ഞതാണ് ആരാധനകളിലും സ്ത്രീ പുരുഷ വ്യത്യാസം കാണാം ജുമുഅഃ നിർബന്ധമാവുന്ന കൂട്ടത്തിൽ സ്ത്രീകളില്ലെന്ന് ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതാണെന്ന് ഇമാം ഇബ്നുൽ മുൻദിർ (റ) തന്റെ അൽ ഇജ്മാഅ് 1/40 ൽ പറയുന്നുണ്ട് ഖബ്ർ സിയാറത്ത് പുരുഷന്മാർക്ക് സുന്നത്താണ് സ്ത്രീകൾക്ക് കറാഹത്തും ഔലിയാക്കൾ, ഉലമാക്കൾ, നബിമാർ തുടങ്ങിയവരുടെ ഖബ്റുകൾ ചില നിബന്ധനകളനുസരിച്ച് സ്ത്രീകൾക്കും സുന്നത്താവും 

അതുകൊണ്ട് തന്നെ മേൽപ്പറഞ്ഞ നിബന്ധനകൾക്ക് പുറമെ സ്ത്രീകൾക്ക് ഹജ്ജ് നിർബന്ധമാവണമെങ്കിൽ വേറെയും ചില നിബന്ധനകൾ ഉണ്ട് ഇമാം നവവി(റ) എഴുതുന്നു: സ്ത്രീ നിർബന്ധമായ ഹജ്ജ് ഉദ്ദേശിച്ചാൽ ഭർത്താവ്, വിവാഹ ബന്ധം ഹറാമായവർ, വിശ്വസ്തരായ സ്ത്രീകൾ എന്നിവരോടൊപ്പം പോവണം (ശർഹുൽ മുഹദ്ദബ് 8/340) 

ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: സുന്നത്തായ ഹജ്ജിന് അവൾക്ക് സ്ത്രീകളോടൊപ്പം പുറപ്പെടൽ അനുവദനീയമല്ല ഭർത്താവോ, തൊട്ടാൽ വുളൂഅ് മുറിയാത്ത പുരുഷനോ കൂടെയുണ്ടാവണം ഇവരില്ലാതെ സ്ത്രീ സുന്നത്തായ ഹജ്ജ് കർമ്മത്തിനായി യാത്ര പുറപ്പെടൽ ഹറാമാണ് (തുഹ്ഫ 4/25) 

ഇമാം നവവി(റ) എഴുതുന്നു: ഭർത്താവിന്റെ സമ്മതമില്ലാതെ സ്ത്രീ ഹജ്ജിന് ഉദ്ദേശിച്ചാൽ ഭർത്താവിന് അവളെ ഹജ്ജ് ചെയ്യുന്നതിൽ നിന്ന് വിലക്കാം ഭർത്താവിന്റ ഹഖിനാണ് മുൻഗണന ഹജ്ജ് പിന്തിച്ചും ചെയ്യാമല്ലോ (ശർഹുൽ മുഹദ്ദബ്: 8/328)

പ്രായപൂർത്തിയെത്താത്ത കുട്ടിക്ക് ഹജ്ജ് നിർബന്ധമില്ല അതുകൊണ്ട് കുട്ടി ഹജ്ജ് ചെയ്താൽ ആ ഹജ്ജ് സുന്നത്തായി സംഭവിക്കും കുട്ടിക്ക് വകതിരിവെത്തിയില്ലെങ്കിൽ രക്ഷിതാവ് കുട്ടിക്ക് വേണ്ടി ഇഹ്റാമിൽ പ്രവേശിക്കണം വകതിരിവെത്തിയിട്ടുണ്ടെങ്കിൽ കുട്ടിക്ക് സ്വന്തമായോ കുട്ടിക്ക് വേണ്ടി രക്ഷിതാവിനോ ഇഹ്റാമിൽ പ്രവേശിക്കാം കുട്ടിക്ക് വേണ്ടിയുള്ള ഇഹ്റാമാണെങ്കിൽ ഹജ്ജിന്റെ ഓരോ പ്രവർത്തനവും രക്ഷിതാവ് ചെയ്തതിനു ശേഷമാണ് കുട്ടിക്ക് വേണ്ടി ചെയ്യേണ്ടത് (ഇആനത്വുത്വാലിബീൻ 2/439) 

കുട്ടി സ്വന്തമായിട്ടോ ചെയ്യിപ്പിച്ചിട്ടോ ചെയ്ത നന്മയുടെ പ്രതിഫലം രക്ഷിതാവിനാണ് എഴുതപ്പെടുക ദോഷം ചെയ്തത് എഴുതപ്പെടുകയില്ല ഇതിൽ പണ്ഡിത സമൂഹത്തിന്റെ ഏകോപനമുണ്ട് (തുഹ്ഫ 4/6)


പകരം ആളെ അയക്കാമോ?

ഹജ്ജ് ചെയ്യാൻ സാമ്പത്തികമായി കഴിവുണ്ട് എന്നാൽ രോഗം കാരണം പോകാൻ കഴിയില്ല, സമൂഹത്തിലെ ഒരു കൂട്ടരാണിവർ ഹജ്ജിന് സാമ്പത്തികമായും ശാരീരികമായും കഴിവുണ്ടായിരുന്നു എന്നാൽ വിട്ടുമാറാത്ത രോഗം കാരണം ഇപ്പോൾ സാമ്പത്തിക കഴിവേ ഉള്ളൂ ശാരീരികമില്ല ഇവർ മറ്റൊരു കൂട്ടർ ഹജ്ജ് നിർബന്ധമായ അവസരത്തിൽ ചെയ്തില്ല എന്നാൽ ആള് മരിച്ചുപോയി ഇവർക്കൊക്കെ ഇവരുടെ ഹജ്ജിന് വേണ്ടി പകരം ആളെ അയക്കാമോ? ഈ പ്രശ്നത്തിന് പരിഹാരമെന്ത്? 

ഇമാം ഇബ്നു ഹജർ ഹൈതമി (റ ) എഴുതുന്നു: വാർദ്ധക്യമോ വിട്ടുമാറാത്ത രോഗം കാരണമോ സ്വയം ഹജ്ജിന് കഴിയാത്തവൻ സാദാ കൂലി നൽകി പകരമായി ആളെ പറഞ്ഞയക്കാൻ കഴിയുമെങ്കിൽ നിർബന്ധമായി ഹജ്ജിന് ആളെ പറഞ്ഞയക്കണം ഹജ്ജിന് സൗകര്യപ്പെട്ടതിന് ശേഷമാണ് മേൽ കാരണങ്ങൾ ഉണ്ടായതെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഹജ്ജ് ചെയ്യിപ്പിക്കണം ഹജ്ജ് നിർബന്ധമാവുന്നതിന് മുമ്പോ കൂടെയോ ശേഷമോ മേൽ കാരണങ്ങൾ ഉണ്ടാവുകയും ചെയ്യാൻ  സൗകര്യപ്പെടുകയും ചെയ്തില്ലെങ്കിൽ താമസിച്ച് ചെയ്താലും മതി കാരണം അവൻ കഴിവുള്ളവനാണ് സാമ്പത്തിക കഴിവ് ശാരീരിക കഴിവ് പോലെയാണ് സ്വഹീഹൈനിയിലെ ഹദീസാണിതിനാധാരം അല്ലാഹുവിന്റെ അടിമയിൽ അവൻ നിർബന്ധമാക്കിയ ഹജ്ജ് വളരെ വാർദ്ധക്യവാനായി എന്റെ പിതാവ് എത്തിച്ചിരിക്കുന്നു പിതാവിന് പകരമായി എനിക്ക് ഹജ്ജ് ചെയ്യാമോ എന്ന് ചോദിച്ചയാളോട് നബി (സ) പറഞ്ഞു: അതേ.... പകരം ഹജ്ജ് ചെയ്തതിന് ശേഷം രോഗം ശിഫയായാൽ ചെയ്ത ഹജ്ജ് ഫസാദാകും (തുഹ്ഫ 4/29)

ഹജ്ജിന് കഴിവുണ്ടായിട്ടും ഹജ്ജ് ചെയ്യാതെ മരിച്ചവർക്ക് വേണ്ടി പകരം ആളെ അയക്കൽ നിർബന്ധമാണ് അതിനുള്ള ചെലവ് മയ്യിത്തിന്റെ അനന്തര സ്വത്തിൽ നിന്നെടുക്കണം ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: ഹജ്ജ്, ഉംറ നിർബന്ധമായി ചെയ്യാൻ സൗകര്യപ്പെട്ടതിന് ശേഷം പ്രസ്തുത വ്യക്തി മരിച്ചാൽ പകരമായി അവൻ വസ്വിയ്യത്ത് ചെയ്ത വ്യക്തിയോ അനന്തരവകാശികളോ അവരില്ലെങ്കിൽ ഭരണാധികാരിയോ അവന്റെ അനന്തര സ്വത്തിൽ നിന്നെടുത്ത് പെട്ടെന്ന് തന്നെ ഹജ്ജ് ചെയ്യൽ നിർബന്ധമാണ് (തുഹ്ഫ 4/28) 

പുരുഷന് സ്ത്രീക്കും സ്ത്രീക്ക് വേണ്ടി പുരുഷനും ഹജ്ജ് ചെയ്യാം (ശർവാനി: 4/28) മയ്യിത്തിന് അനന്തര സ്വത്തില്ലെങ്കിൽ അനന്തരവകാശികൾക്ക് പകരം ഹജ്ജ് നിർവ്വഹിക്കൽ സുന്നത്താണ് സമ്മതമില്ലാതെ അന്യോന്യം ഹജ്ജ് നിർവ്വഹിക്കാം ശാരീരിക പ്രയാസം കാരണം ഹജ്ജ് ചെയ്യാതെ ജീവിച്ചിരിക്കുന്നവന്റെ സമ്മതമില്ലാതെ ഹജ്ജ് ചെയ്താൽ സ്വഹീഹാവുന്നതല്ല കാരണം ഹജ്ജ് നിയ്യത്തിലേക്കാവശ്യമാണ് പ്രയാസമനുഭവിക്കുന്നവൻ നിയ്യത്ത് അർഹനുമാണ് (ഫത്ഹുൽ മുഈൻ: 207) 

ഹജ്ജ് ചെയ്യാതെ മരിച്ചവരുടെ അനന്തര സ്വത്തിൽ നിന്ന് ഹജ്ജിനുള്ളത് മാറ്റിവെച്ച് അവനു പകരമായി ഹജ്ജ് ചെയ്തതിനു ശേഷമേ സ്വത്തിൽ നിന്ന് അനന്തരവകാശികൾക്കും കടക്കാർക്കും വസ്വിയ്യത്ത് നൽകിയവനും നൽകാവൂ (തർശീഹ്:175)


ഹജ്ജിന്റെ പ്രതിഫലമായ സ്വർഗ്ഗം കിട്ടാൻ

ഹജ്ജിന്റെ പ്രതിഫലം സ്വർഗമാണ് സ്വർഗം പ്രതിഫലമായി ലഭിക്കണമെങ്കിൽ ചെയ്യുന്ന ഹജ്ജ് മബ്റൂറായിരിക്കണം അബൂഹുറൈറ(റ) യിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: മബ്റൂറായ ഹജ്ജിന് സ്വർഗം മാത്രമേ പ്രതിഫലമുള്ളൂ (ബുഖാരി, മുസ്ലിം) 

ഇമാം നവവി(റ)എഴുതുന്നു: ഒരു തെറ്റും കലരാത്ത ഹജ്ജിനാണ് മബ്റൂറായ ഹജ്ജന്ന് പറയുന്നത് ഒരഭിപ്രായ പ്രകാരം മബ്റൂർ എന്നാൽ സ്വീകരിക്കപ്പെട്ട ഹജ്ജന്നാണ് അതിന്റെ അടയാളം അവൻ മുമ്പത്തേതിനേക്കാളും നന്നാവലും പാപങ്ങളിലേക്ക് മടങ്ങാതിരിക്കലുമാണ് (ശർഹു മുസ്ലിം 9/122) 

അതിനാൽ ഹജ്ജിൽ ഒരു ഹറാമും കറാഹത്തും വരാതിരിക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കണം അതിനുള്ള പരിഹാരം ഹജ്ജ് സംബന്ധമായി നല്ല അറിവ് നേടലാണ് മാത്രമല്ല, ഹജ്ജിനുള്ള സമ്പത്ത് ഹറാമ് കലരാത്തതാവുകയും വേണം ഇമാം നവവി(റ) എഴുതുന്നു: തീരെ ഹറാമ് കലരാത്ത നല്ല സമ്പത്ത് കൊണ്ടേ ഹജ്ജ് ചെയ്യാവൂ ഹറാമ് കലർന്ന ധനം കൊണ്ട് ഹജ്ജ് ചെയ്താൽ സ്വഹീഹാവുമെങ്കിലും ആ ഹജ്ജ് മബ്റൂറാവുകയില്ല അതിന്റെ സ്വീകാര്യത വിദൂരമാണ് ഇതാണ് ഇമാം ശാഫിഈ (റ), ഇമാം അബൂഹനീഫ (റ), മറ്റു പൂർവ്വസൂരികളായ ഭൂരിപക്ഷം പണ്ഡിതന്മാരുടെയും മദ്ഹബ് ഇമാം അഹ്മദുബ്നു ഹമ്പൽ (റ) വിന്റെ അഭിപ്രായം ആ ഹജ്ജ് സ്വഹീഹല്ലെന്നാണ് (അൽ ഈളാഹ്: 51) 

ഭൗതിക ലോകത്തിന്റെ പ്രസരിപ്പിൽപ്പെട്ട് ഇത്തരം കാര്യങ്ങളൊന്നും നാം ശ്രദ്ധിക്കാതായിരിക്കുന്നു ഹജ്ജ് മബ്റൂറാവാനും സ്വർഗം ലഭിക്കാനും പരിഹാരമായി പരിശുദ്ധദീൻ നമുക്ക് പറഞ്ഞുതന്ന മാർഗ്ഗങ്ങൾ മുറുകെപിടിക്കലല്ലാതെ നമുക്ക് വേറെ മാർഗ്ഗങ്ങളില്ല 


മൃഗത്തെ കാണാതെ  പോയാൽ

മൃഗ സ്നേഹികളാണ് നാം ആട്, പശു എന്നിങ്ങനെ ധാരാളം മൃഗങ്ങളെ നാം വളർത്താറുണ്ട് നമ്മെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന മൃഗങ്ങൾക്ക് ചെലവ് കൊടുക്കൽ പോലും നിർബന്ധമാണ് എന്നാൽ നാം പോറ്റിവളർത്തുന്ന മൃഗങ്ങളെ നഷ്ടപ്പെട്ടാൽ നാം എന്ത് ചെയ്യണം 

ഇമാം നവവി(റ) എഴുതുന്നു: അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) ൽ നിന്ന് നിവേദനം നബി (സ) പറഞ്ഞു: 'മരുഭൂമിയിൽ വെച്ച് നിങ്ങളിലൊരാളുടെ മൃഗത്തെ കാണാതായാൽ അവൻ വിളിച്ചു പറയട്ടെ, അല്ലാഹുവിന്റെ അടിമകളേ, നിങ്ങളതിനെ തടഞ്ഞുവെക്കുക അല്ലാഹുവിന്റെ അടിമകളേ, നിങ്ങളിതിനെ തടഞ്ഞു വെക്കുക അതിനെ തടഞ്ഞു വെക്കുന്ന ചില അടിമകൾ ഭൂമിയിൽ അല്ലാഹുവിനുണ്ട് ' ഞാൻ പറയട്ടെ എന്റെ ചില ഗുരുവര്യന്മാർ എന്നോട് പറഞ്ഞു: അവരുടെ മൃഗത്തെ നഷ്ടപ്പെട്ടപ്പോൾ ഇങ്ങനെ വിളിച്ചു പറഞ്ഞപ്പോൾ അവർക്കതിനെ തിരിച്ചുകിട്ടി ഞാനൊരിക്കൽ ഒരു കൂട്ടം ആളുകളോടൊപ്പമായിരുന്നു അപ്പോൾ ഒരു മൃഗത്തെ നഷ്ടപ്പെട്ടു ഞാനിങ്ങനെ വിളിച്ചു പറഞ്ഞു അപ്പോൾ തന്നെ ആ മൃഗത്തെ തിരിച്ചു കിട്ടി (അൽഅദ്കാർ: 201) 

'യാ ഇബാദല്ലാഹി അഹ്ബിസൂ' എന്ന് വിളിച്ചു പറയാനാണ് നബി (സ) പറഞ്ഞത് ഈ അടിമകൾ ആരാണ്? ഔലിയാക്കളോ, ജിന്നുകളോ? നമുക്ക് പരിശോധിക്കാം ഇമാം മുഹമ്മദുബ്നു അല്ലാൻ (റ) എഴുതുന്നു: ഈ ഹദീസിൽ പ്രസ്താവിച്ച അല്ലാഹുവിന്റെ അടിമകൾ മലക്കുകളോ മുസ്ലിമീങ്ങളോ ജിന്നുകളോ അബ്ദാലുകൾ എന്ന പേരിലറിയപ്പെടുന്ന ഔലിയാക്കളിലെ അദൃശ്യ മനുഷ്യരോ (രിജാലുൽ ഗൈബ്) ആണ് (അൽ ഫുതുഹാതുർറബ്ബാനിയ്യ: 5/151)


ചീത്ത സ്വഭാവം മാറാൻ

ചീത്ത സ്വഭാവം ആരും ഇഷ്ടപ്പെടാത്തതാണ് അത് മനുഷ്യനിൽ നിന്നും മൃഗത്തിൽ നിന്നും സമമാണ് ഭർത്താവിന്റെ സ്വഭാവം ചീത്തയായതിനാൽ ഭാര്യക്ക് പരാതി ഭാര്യയുടെ സ്വഭാവം ചീത്തയായത് ഭർത്താവിന് വേവലാതി സുഹൃത്തിന്റെ സ്വഭാവം ചീത്തയാണെന്ന് മറ്റൊരു സുഹൃത്തിന് പരാതി എല്ലാറ്റിനും പരിഹാരം കാണുക 

ഇമാം സൈനുദ്ദീൻ മഖ്ദൂം (റ) എഴുതുന്നു: നിസ്കാരത്തിന് വേണ്ടിയല്ലാതെ വിഷമത്തിലകപ്പെട്ടവൻ, ബോധം കെട്ടവൻ, ദേഷ്യക്കാരൻ, സ്വഭാവം മോശമായ മനുഷ്യൻ, ജിന്ന്, തീ പിടിച്ചാൽ, ജിന്ന് കൂടിയാൽ തുടങ്ങിയ സന്ദർഭങ്ങളിൽ ബാങ്ക് കൊടുക്കൽ സുന്നത്താണ് (ഫത്ഹുൽ മുഈൻ:97)

മേൽപറഞ്ഞതിനു വേണ്ടി ബാങ്ക് കൊടുക്കേണ്ടത് പുരുഷന്മാരാണ് എന്നത് നിബന്ധനയാണ് (ശർവാനി: 1/461) 

ഈ ചികിത്സ വീട്ടുകാരായ നാം സ്വീകരിക്കേണ്ടതാണ് കുട്ടികൾ വികൃതി സ്വഭാവം പ്രകടിപ്പിക്കുമ്പോൾ പറഞ്ഞത് കേൾക്കാതിരിക്കുമ്പോൾ അവരുടെ വലത് ചെവിയിൽ  നാം ബാങ്ക് കൊടുക്കണം 

എല്ലാറ്റിനും ഡോക്ടറേയും ആശുപത്രിയും മറ്റു പ്രൊഡക്ടും തേടിപ്പോകുന്ന സമ്പ്രദായം ഈ കാലത്ത് മുസ്ലിംകളിൽ കൂടിവരുന്നുണ്ട് പഴമക്കാർ ചെയ്തതുപോലെ ബുർദ ബൈത്ത്,മുഹ്‌യിദ്ദീൻ മാല, നഫീസത്ത് മാല, ബദ്ർ ബൈത്ത്, അസ്മാഉൽ ഹുസ്ന, ഹദ്ദാദ് റാതിബ്, വിർദുലത്വീഫ്, വിർദുന്നവവി തുടങ്ങിയവ നാം മാറ്റി നിർത്തിയപ്പോൾ രോഗങ്ങളും പൈശാചിക പ്രേരണകളും ചിന്തകളും, ദുർമരണങ്ങളും, അപകടങ്ങളും, തീരാത്ത വിഷമങ്ങളും, നമ്മളിൽ സ്ഥലം പിടിച്ചു ഇതിനുള്ള പരിഹാരം പഴമയിലേക്ക് മടങ്ങലാണ് 



സുന്ദരന്മാരായ ആൺകുട്ടികളെ നോക്കലും സ്നേഹിക്കലും

സുന്ദരന്മാരായ താടി മുളക്കുന്ന പ്രായമെത്താത്ത ആൺകുട്ടികൾക്കാണ് അംറദുകൾ എന്നു പറയുന്നത് ഇത്തരം ആൺകുട്ടികളെ ശർഇയ്യായ ആവശ്യത്തിനല്ലാതെ നോക്കൽ ഹറാമാണെന്ന് ഇമാമുകൾ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയത് അതുകൊണ്ട് തന്നെ ഇവരെ ശർഇയായ നിലക്കല്ലാതെ സ്നേഹിക്കലും പെരുമാറലും ശിക്ഷാർഹമാണെന്ന് നാം മനസ്സിലാക്കണം 

ഇത്തരം സുമുഖന്മാരായ ആൺകുട്ടികളെ പല നിഷിദ്ധ കാര്യങ്ങൾക്കും വേണ്ടി ഉപയോഗിക്കൽ സമൂഹത്തിൽ നടമാടിക്കൊണ്ടിരിക്കുന്ന ദുഷ്പ്രവൃത്തികളിൽ പ്രധാനമായ ഒന്നായിരിക്കുന്നു 

ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: വികാരമുണ്ടെങ്കിലും ഇല്ലെങ്കിലും അംറദിന്റെ ശരീരത്തിലെവിടെ നോക്കലും ഹറാമാണ് സാധാരണയിൽ താടി മുളക്കുന്ന പ്രായമെത്താത്തവനാണ് അംറദ് (തുഹ്ഫ: 7/198) 

ഈ വിഷയമായി ഇമാം നവവി(റ) യോട് ചോദിക്കുന്ന ചോദ്യവും ഉത്തരവും കാണുക ചോദ്യം: സുന്ദരനായ അന്യ അംറദുമായി ഒറ്റക്ക് ഒരു സ്ഥലത്ത് ഒരുമിക്കാമോ? ആവശ്യമില്ലാതെ അവനെ നോക്കാമോ? ഉത്തരം: ഇതൊന്നും അനുവദനീയമല്ല നാശത്തിന്റെ കാര്യത്തിൽ അംറദുകൾ സ്ത്രീയെ പോലെയാണ് അവരേക്കാൾ നാശത്തിലേക്ക് കൂടുതൽ അടുപ്പിക്കാനാവുക ഇവരേയാണ് (ഫതാവന്നവവി:96) 

ഇമാം നവവി(റ) തന്നെ  എഴുതുന്നു: ആവശ്യമില്ലാതെ സുന്ദരന്മാരായ അംറദുകളെ നോക്കൽ ഹറാമാണ് വികാരത്തോടെയും അല്ലാതെയും ഫിത്ന ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇതു തന്നെയാണ് മതവിധി എന്നാൽ വാങ്ങൽ, വിൽക്കൽ, ചികിത്സ, പഠിപ്പിക്കൽ അതുപോലോത്ത ആവശ്യങ്ങൾക്കായി നോക്കൽ അനുവദനീയമാണ് അപ്രകാരം തന്നെ മതവിജ്ഞാനം പഠിപ്പിക്കുന്ന അധ്യാപകനും ആവശ്യത്തിന് നോക്കാം (അത്തിബ് യാൻ: 101) 

ചുരുക്കത്തിൽ അംറദുകളുമായുള്ള ചങ്ങാത്തവും സഹവാസവും വളരെ വലിയ അപകടങ്ങളാണ് ക്ഷണിച്ചു വരുത്തുന്നത് സമൂഹത്തിൽ ഇത്തരം ആൺകുട്ടികൾ ലൈംഗിക ചൂഷണത്തിന് വിധേയമാകുന്നത് പരസ്ത്രീകളുമായുള്ള ലൈംഗിക വേഴ്ചയേക്കാൾ കൂടുതലും ഞെട്ടിപ്പിക്കുന്നതുമാണ് 

ഒരു സ്ത്രീയുമായി ഒരു പുരുഷൻ ലൈംഗിക ബന്ധത്തിലേർപ്പെടാൻ ഒത്തുവരുന്ന സാഹചര്യത്തേക്കാൾ ചെറിയ സാഹചര്യം മതി ഇത്തരം ആൺകുട്ടികളുമായി ലൈംഗിക ബന്ധത്തിന്, അതുകൊണ്ടാണ് ഇമാം നവവി(റ) തന്റെ ഫത് വയിൽ ഇക്കാര്യം പരാമർശിച്ചത് മാത്രമല്ല ഇതിനാലുള്ള ഭവിഷത്ത് ഭാവി ജീവിതത്തെ ഭയങ്കരമായിത്തന്നെ ബാധിക്കും 

ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: പൂർവ്വിക മഹത്തുക്കൾ ഇത്തരം അംറദുകളെ 'അൻതാൻ' (ദുർഗങ്ങൾ) എന്നാണ് പറഞ്ഞിരുന്നത് കാരണം ശർഇൽ ഇവർ നോക്കൽ മ്ലേഛമായത് കൊണ്ട് അവരിൽ ചിലർ ഇത്തരം കുട്ടികളെ നോക്കിയപ്പോൾ ഇഷ്ടപ്പെട്ടുപോയി ഇതവരുടെ ഉസ്താദിനോടു പറഞ്ഞപ്പോൾ ഉസ്താദ് പറഞ്ഞു: അതിന്റെ നാശം പിന്നീട് നീ കാണും ഇരുപതു വർഷങ്ങൾക്കു ശേഷം അവർ ഖുർആൻ മറന്നുപോയി (തുഹ്ഫ: 7/199)

ശാഫിഈ മദ്ഹബിലെ ഇമാമുകളായ ഇമാം നവവി(റ), ഇമാം ഇബ്നു ഹജർ ഹൈതമി (റ) തുടങ്ങിയവർ പ്രബലപ്പെടുത്തിയത് വികാരമുണ്ടെങ്കിലും ഇല്ലെങ്കിലും അംറദുകളെ നോക്കൽ ഹറാമാണെന്നാണ് ഇതാണ് ശാഫിഈ മദ്ഹബിലെ പ്രബലം 

ഇമാം മഖ്ദൂം (റ) എഴുതുന്നു: സുന്ദരന്മാരായ അംറദുകൾക്ക് കൈ കൊടുക്കൽ ഹറാമാണ് (ഫത്ഹുൽ മുഈൻ: 342) 

ഇമാം ബക്രി (റ) എഴുതുന്നു: ഈ വിഷയത്തിൽ ഇമാം നവവി(റ) രേഖപ്പെടുത്തിയതാണ് പ്രബലം (ഇആനത്ത്:3/417) 



വഖ്തിന്റെ അവസാനത്തിലെ നിസ്കാരം

മനുഷ്യൻ പൊതുവെ തിരക്കുകാരനാണ് തിരക്കുകൾ മാറ്റിവെച്ച് മതരംഗത്ത് സജീവമാകുന്നവർ വിരളമാണ് പലരും ആത്മീയതയേക്കാൾ ഭൗതികത്തിനാണ് പ്രാധാന്യം നൽകുന്നത് തിരക്കുകൾക്കിടയിൽ നിസ്കാരം ഖളാആക്കുന്നവരും ഖളാആവാൻ നേരം തിരക്കു പിടിച്ച് വുളൂഅ് ചെയ്ത് നിസ്കരിക്കുന്നവരും ഭൗതിക പ്രസരിപ്പിന് പിന്നാലെ പോവുന്നവരാണ് 

എന്നാൽ അഞ്ച് നേരത്തെ നിസ്കാരങ്ങളിൽ ഏതെങ്കിലും ഖളാആവാൻ നേരത്ത് നിസ്കരിക്കുകയാണെങ്കിൽ എങ്ങനെ നിസ്കരിക്കണം? ഫർളുകൾ മാത്രം എടുത്ത് സുന്നത്ത് കൂടാതെ നിസ്കരിച്ചാൽ നിസ്കാരം മുഴുവൻ വഖ്തിൽ തന്നെയാവും സുന്നത്തും കൂടിയാണെങ്കിൽ ഒന്നോ രണ്ടോ റക്അത്ത് വഖ്തിന് പുറത്തുമാവും എന്നാൽ എങ്ങനെ നിസ്കരിക്കണം? പരിഹാരമെന്തെന്ന് നോക്കാം
ഇമാം സൈനുദ്ദീൻ അഹ്മദ് മഖ്ദൂം  (റ) എഴുതുന്നു: നിസ്കാരം മുഴുവൻ വഖ്തിൽ തന്നെയാവാൻ ഫർളുകളിൽ നിസ്കാരം ചുരുക്കൽ സുന്നത്തില്ല (ഫത്ഹുൽ മുഈൻ: 46)

കഴിവതും നിസ്കാരം ബാങ്ക് കൊടുത്ത അദ്യവഖ്തിൽ തന്നെ നിസ്കരിക്കാൻ ശ്രമിക്കണം ജമാഅത്തായി നിസ്കരിക്കലാണ് ശ്രേഷ്ഠത ഇനി ജമാഅത്ത് കിട്ടിയില്ലെങ്കിലും പിന്നീട് ജമാഅത്ത് കിട്ടുമെന്ന് ഉറപ്പില്ലെങ്കിലും ഒറ്റാക്കായിട്ട് തന്നെ ആദ്യ വഖ്തിൽ നിസ്കരിക്കാൻ ശ്രമിക്കണം 
എന്നാൽ ജനങ്ങൾക്കിടയിൽ വ്യാപിച്ച ഒരു വർത്തമാനമുണ്ട് ഇശാഅ് നിസ്കാരം പിന്തിപ്പിച്ച് നിസ്കരിക്കലാണ് ശ്രേഷ്ഠമെന്ന് ഇത് പ്രബല അഭിപ്രായത്തിനെതിരാണ് 

ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: ഇശാഉം ആദ്യവഖ്തിൽ നിസ്കരിക്കലാണ് സുന്നത്ത് (തുഹ്ഫ: 1/430) 

ഇശാഇനെ രാത്രിയുടെ മൂന്നിലൊരു സമയത്തേക്കോ പകുതിയിലേക്കോ പിന്തിക്കൽ നല്ലതിനെതിരാണ് (ഫതാവാ ഇബ്നുസിയാദ്: 173) ഇനി ആദ്യ വഖ്തിൽ നിസ്കരിക്കാതെ നിസ്കാരം പിന്തിപ്പിക്കൽ അനുവദനീയമാണ് എങ്കിലും വഖ്ത് ഖളാഇന് മുമ്പ് നിസ്കരിക്കുമെന്ന് മനസ്സിൽ ഉറപ്പിക്കൽ നിർബന്ധമാണ് അതുകൊണ്ട് തന്നെ ഓരോ നിസ്കാരത്തിന്റെയും ആദ്യ വഖ്ത് ഖളാഅ് ആവുന്ന സമയവും നാം അറിഞ്ഞിരിക്കണം 


അവ്വല് വഖ്തും സുബ്ഹിന്റെ ജമാഅത്തും

അഞ്ച് വഖ്ത് നിസ്കാരങ്ങളിൽ ഏതും അതിന്റെ ആദ്യ സമയത്ത് തന്നെ നിസ്കരിക്കലാണ് ഉത്തമമെന്ന് പറഞ്ഞു ഇമാം നവവി(റ) എഴുതുന്നു: അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) ഉദ്ധരിക്കുന്നു: ഞാൻ നബി (സ) യോട് ചോദിച്ചു: കർമ്മങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത് ഏതാണ്? നബി (സ)പറഞ്ഞു: നിസ്കാരം അതിന്റെ ആദ്യ വഖ്തിൽ നിർവ്വഹിക്കലാണ് നിശ്ചയം അല്ലാഹു നിസ്കാരത്തിന്റെ മേൽ സൂക്ഷിക്കാൻ കൽപ്പിച്ചിട്ടുണ്ട് ഇമാം ശാഫിഈ (റ) പറഞ്ഞു: ആ സൂക്ഷിക്കുന്നതിൽ പെട്ടതാണ് ആദ്യസമയത്ത് നിസ്കാരം നിർവ്വഹിക്കൽ (ശർഹുൽ മുഹദ്ദബ് 3/52) 

അതുകൊണ്ട് തന്നെ ജമാഅത്തായിട്ടാണെങ്കിലും ആദ്യ വഖ്തിൽ തന്നെ  നിസ്കാരം നിർവ്വഹിക്കണം ആദ്യ വഖ്ത് എങ്ങനെ കണക്കാക്കും ഇമാം സഈദ് ബാ അശ്ൻ (റ) എഴുതുന്നു: സമയം ആയ ഉടനെ ശുദ്ദീകരണം, ഔറത്ത് മറക്കൽ, ബാങ്ക് എന്നിവക്ക് ശേഷം നിസ്കരിക്കൽ കൊണ്ട് ആദ്യ വഖ്ത് ലഭിക്കും (ബുശ്റൽ കരീം: 1/56) 

അതുകൊണ്ട് തന്നെ പള്ളികളിൽ ജമാഅത്തിന് സമയം നിശ്ചയിച്ച് ബോർഡിൽ തൂക്കുമ്പോൾ അവ്വലുവഖ്തിന്റെ സമയം എപ്പോഴാണ് അവസാനിക്കുക എന്ന് ശ്രദ്ധിക്കണം അല്ലാതെ കമ്മിറ്റിക്കാർ തീരുമാനിക്കുന്ന സമയമല്ല ആദ്യ വഖ്ത്  

ഫിഖ്ഹിന്റെ മസ്അലകൾക്ക് ഫിഖ്ഹിന്റെ കിതാബുകൾ നോക്കുക തന്നെ വേണം പല പള്ളികളിലും ജനങ്ങളുടെ സൗകര്യത്തിന് വേണ്ടി അവ്വലുവഖ്ത് കഴിഞ്ഞതിന് ശേഷമാണ് ആദ്യ ജമാഅത്ത് നടക്കുന്നത് പ്രത്യേകിച്ചും സുബ്ഹിക്ക് അഞ്ച് വഖ്ത് ജമാഅത്തുകളിൽ ഏറ്റവും ശ്രേഷ്ഠം വെള്ളിയാഴ്ച ജുമുഅഃയിലെ ജമാഅത്ത് കഴിഞ്ഞാൽ അന്നത്തെ സുബ്ഹിക്കാണ് പിന്നെ ബാക്കി ദിവസങ്ങളിലെ സുബ്ഹി ജമാഅത്തിന് അതുപോലും ശരീര ഇച്ഛക്ക് വഴിപ്പെട്ട് നാം പിന്തിപ്പിക്കുന്നു 

ഇമാം സൈനുദ്ദീൻ മഖ്ദൂം (റ),എഴുതുന്നു: എല്ലാ നിസ്കാരവും ആദ്യ വഖ്തിൽ തന്നെ നിസ്കരിക്കാൻ ധൃതിപ്പെടൽ സുന്നത്താണ് ഇശാ ആണെങ്കിലും ആദ്യ വഖ്തിലെ ചെറിയ ജമാഅത്താണ് വഖ്തിന്റെ അവസാനത്തിലെ വലിയ ജമാഅത്തിനേക്കാളും ശ്രേഷ്ഠമായത് (ഫത്ഹുൽ മുഈൻ: 46) 

ചുരുക്കത്തിൽ പള്ളികളിൽ നടക്കുന്ന ജമാഅത്തിന് സമയം നിശ്ചയിക്കുമ്പോൾ പ്രത്യേകിച്ചും ആദ്യ വഖ്തിൽ തന്നെ ജമാഅത്ത് കിട്ടുന്ന രൂപത്തിലാവാൻ നാം പ്രത്യേകം ശ്രദ്ധിക്കണം ഇത്തരം ദീനീ കാര്യങ്ങളെല്ലാം ഉസ്താദുമാരുടെ സാന്നിധ്യത്തിലാവാൻ നാം പ്രത്യേകം ശ്രദ്ധിക്കണം 
മഹല്ലുകളിലെ ഭരണ സംവിധാനം ഇമാമുകൾ ഗ്രന്ഥങ്ങളിൽ പറഞ്ഞതു പോലെയായിരിക്കണം ഭൗതികതക്ക് മുന്നിൽ ആത്മീയത മാറ്റി വെക്കരുത് 



മഗ്രിബിലെ തസ്ബീഹും മുമ്പുള്ള സുന്നത്തും

എല്ലാ ഫർള് നിസ്കാരങ്ങൾക്ക് മുമ്പും റവാതിബ് സുന്നത്ത് നിസ്കാരങ്ങളുണ്ട്  സുബ്ഹ്, അസ്വർ നിസ്കാരങ്ങളൊഴികെ മറ്റെല്ലാ ഫർളുകൾക്ക് ശേഷവും റവാതിബ് സുന്നത്ത് നിസ്കാരങ്ങളുണ്ട് എന്നാൽ ചില പള്ളികളിൽ മഗ്രിബ് ബാങ്ക് കൊടുത്ത ഉടനെ തന്നെ സുന്നത്ത് നിസ്കാരത്തിന് പോലും സമയം നൽകാതെ ഇഖാമത്ത് കൊടുക്കുന്നത് കേൾക്കാം ഇതു കാണുന്ന പല സാധാരണക്കാരും വിശ്വസിക്കുന്നത്  മഗ്രിബിന് മുമ്പ് റവാതിബ് സുന്നത്ത് നിസ്കാരമില്ലെന്നാണ് 

ഈയൊരു മാറ്റത്തിന് പരിഹാരമെന്താണ്? ഇമാമുകൾ മഗ്രിബിന് മുമ്പുള്ള സുന്നത്ത് നിസ്കാരത്തെ സംബന്ധിച്ച് എന്താണ് പറഞ്ഞതെന്ന് പരിശോധിക്കാം 

ഇമാം നവവി(റ) എഴുതുന്നു: മഗ്രിബിന് മുമ്പ് രണ്ട് റക്അത്ത് നിസ്കാരം സുന്നത്താണ് അബ്ദുല്ലാഹിബ്നു മഗ്ഫൽ (റ) ൽ നിന്ന് നിവേദനം: നബി (സ)  പറഞ്ഞു നിങ്ങൾ മഗ്രിബിന് മുമ്പ് നിസ്കരിക്കുക ഈ ഹദീസ് ഇമാം  ബുഖാരി (റ) തന്റെ സ്വഹീഹിൽ ചില സ്ഥലങ്ങളിൽ ഉദ്ധരിച്ചിട്ടുണ്ട് 

അനസ് (റ) ൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: നബി (സ) യുടെ കാലത്ത് ഞങ്ങൾ സൂര്യാസ്തമനത്തിന് ശേഷം മഗ്രിബിന് മുമ്പായി രണ്ട് റക്അത്ത് നിസ്കരിക്കാറുണ്ടായിരുന്നു (ശർഹുൽ മുഹദ്ദബ്: 4/10,11)

ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: മഗ്രിബിന് മുമ്പ് ലഘുവായ രണ്ട് റക്അത്ത് നിസ്കാരം സുന്നത്താണ് (തുഹ്ഫ: 2/223) 
ശൈഖുൽ ഇസ്ലാം സകരിയ്യൽ അൻസ്വാരി (റ) എഴുതുന്നു: മഗ്രിബിന് മുമ്പ് ലഘുവായ രണ്ട് റക്അത്ത് നിസ്കാരം സുന്നത്താണ് (ഫത്ഹുൽ വഹ്ഹാജ്: 1/101) 

ചുരുക്കത്തിൽ മഗ്രിബിന് മുമ്പ് രണ്ട് റക്അത്ത് സുന്നത്ത് നിസ്കരിക്കാൻ നബി (സ) കൽപ്പിച്ചതാണ് സ്വഹാബത്ത് അപ്രകാരം നിസ്കരിച്ചിരുന്നു ശാഫിഈ മദ്ഹബിലെ ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ മഗ്രിബിന് മുമ്പ് രണ്ട് റക്അത്ത് നിസ്കാരം സുന്നത്താണെന്ന് ഇമാമുകൾ രേഖപ്പെടുത്തിയിട്ടുണ്ട് എന്നിട്ടും നമ്മുടെ പല പള്ളികളിലും ഈ സുന്നത്ത് നടപ്പിലില്ല എന്തിനാണ് നാം സുന്നത്ത് നിസ്കാരങ്ങളിൽ നിന്ന് പിറകോട്ടടിക്കുന്നത് 

അതുപോലെ നാം എടുത്തു മാറ്റുന്ന മറ്റൊരു സുന്നത്താണ് മഗ്രിബ് നിസ്കാരത്തിന് ശേഷം  സുബ്ഹാനല്ല, അൽ ഹംദുലില്ല, അല്ലാഹു അക്ബർ മുപ്പത്തി മൂന്ന് തവണ ചൊല്ലുന്ന മഹത്തായ തസ്ബീഹും തഹ്മീദും തക്ബീറും സുബ്ഹി, ളുഹ്ർ, അസ്വർ, ഇശാഇലൊക്കെ എല്ലാ ഫർളുകളിലും തസ്ബീഹ് പതിവാണ് എന്നാൽ മഗ്രിബിന് മാത്രം മിക്ക പള്ളികളിലും തസ്ബീഹ് ഇല്ല പ്രത്യേകിച്ചും അങ്ങാടിപ്പള്ളികളിൽ പള്ളി ഇമാം, ഖത്വീബ്, മുദരിസ്, ഖാളിമാർ ഇതിലൊക്കെ പ്രത്യേകം ശ്രദ്ധിക്കണം ജനങ്ങളുടെ സൗകര്യം നോക്കി മുത്ത് നബി (സ) യുടെ ഒരു സുന്നത്ത് തിരസ്കരിക്കാൻ മാത്രം നാം വളർന്നോ? 

നിസ്കാരത്തിന് ശേഷം തസ്ബീഹ് ചൊല്ലിയാലുള്ള മഹത്വം അറിയിക്കുന്ന ഇമാം ബുഖാരി (റ) , ഇമാം മുസ്ലിം (റ) അവരുടെ സ്വഹീഹുകളിൽ ഉദ്ധരിച്ച ഒരു ഹദീസ് ഹദീസ് ഫിഖ്ഹ് സാമ്രാജ്യ തലവൻ ഇമാം നവവി(റ) രേഖപ്പെടുത്തുന്നു: 

അബൂഹുറൈറ(റ) യിൽ നിന്ന് നിവേദനം: മുഹാജിറുകളായ ഫഖീറുമാർ നബി (സ) യോടു പറഞ്ഞു: ഉന്നത സ്ഥാനങ്ങളും അനുഗ്രഹങ്ങളും പണക്കാർ കൊണ്ടുപോയി ഞങ്ങൾ നിസ്കരിക്കുന്നതുപോലെ അവർ നിസ്കരിക്കുന്നു ഞങ്ങൾ നോമ്പ് നോൽക്കുന്നതുപോലെ അവരും നോമ്പ് നോൽക്കുന്നു അവർക്ക് സമ്പത്തിനാൽ ശ്രേഷ്ഠതയുണ്ട് അവർ ഹജ്ജ് ചെയ്യുന്നു  നബി (സ) പറഞ്ഞു: ഞാൻ നിങ്ങൾക്കൊരു കാര്യം പഠിപ്പിച്ചു തരട്ടെ, അതു കാരണമായി നിങ്ങളെ മുൻകടന്നവരെ നിങ്ങളെത്തിക്കും നിങ്ങൾ പ്രവർത്തിക്കുന്നതു പോലെ അവർ ചെയ്താലല്ലാതെ നിങ്ങളേക്കാൾ ഒരാൾക്കും ശ്രേഷ്ഠത ഉണ്ടാവുകയില്ല 

അവർ പറഞ്ഞു: അതേ തിരുദൂതരേ, നബി (സ) പറഞ്ഞു: എല്ലാ നിസ്കാരത്തിനു ശേഷവും നിങ്ങൾ തസ്ബീഹും, തഹ്മീദും, തക്ബീറും മുപ്പത്തിമൂന്ന് തവണ ചൊല്ലുക പിന്നീട് മുഹാജിറുകളായ ഫഖീറുമാർ നബി (സ) യുടെ സന്നിധിയിലെത്തിക്കൊണ്ട് പറഞ്ഞു: ഞങ്ങൾ പ്രവർത്തിക്കുന്നതറിഞ്ഞ് പണക്കാരും അതുപോലെ പ്രവർത്തിക്കുന്നു? നബി (സ) പറഞ്ഞു: അത് അല്ലാഹുവിന്റെ ഔദാര്യമാണ് അവനുദ്ദേശിച്ചവർക്കവൻ അതു നൽകും (രിയാളുസ്വാലിഹീൻ:536) 

ഇത്തരം പ്രധാനപ്പെട്ട സുന്നത്തുകൾ നഷ്ടപ്പെടുത്താത്ത പള്ളികളും മഹല്ലുകളും നാം സംസ്കരിച്ചെടുക്കണം പ്രത്യേകിച്ചും പണ്ഡിതർ, ഉമറാക്കൾ എന്നിവരുടെ സദുദ്ദേശ്യവും ഐക്യവും ഉണ്ടെങ്കിൽ ഈ സമുദായം കെട്ടുറപ്പോടെ മുന്നോട്ടുള്ള ഗമനം തുടർന്നുകൊണ്ടിരിക്കും 


നോമ്പ് അനുഷ്ഠിക്കൽ 

ഇസ്ലാം കാര്യങ്ങളിൽ നാലാമത്തേതാണ് റമളാൻ മാസം നോമ്പ് നോൽക്കൽ ഇമാം നവവി(റ) എഴുതുന്നു: മത നിയമത്തിൽ റമളാൻ നോമ്പല്ലാതെ നിർബന്ധമില്ലെന്ന് ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതാണ് ചിലപ്പോൾ നേർച്ച, പ്രായശ്ചിത്തം പോലോത്തത് കൊണ്ടും നോമ്പ് നിർബന്ധമാകും റമളാൻ നോമ്പല്ലാതെ നോമ്പ് നിർബന്ധമുണ്ടോ എന്ന് അഅ്റാബി നബി (സ) യോട് ചോദിച്ചപ്പോൾ ഇല്ല എന്നായിരുന്നു മറുപടി (ശർഹുൽ മുഹദ്ദബ്: 6/246) 

ഒരു വ്യക്തിയിൽ മറ്റു നോമ്പ് നിർബന്ധമാവണമെങ്കിൽ ആ വ്യക്തിയുമായി ബന്ധപ്പെട്ട കാരണങ്ങൾ ഉണ്ടാകണം ഖളാഅ് വീട്ടൽ, നേർച്ച, കഫ്ഫാറത്ത് (പ്രായശ്ചിത്തം) തുടങ്ങിയ അതിൽ പെടും ഒരാൾക്ക് റമളാൻ നോമ്പ് നിർബന്ധമാവാനുള്ള യോഗ്യത കാണുക ഇമാം സൈനുദ്ദീൻ മഖ്ദൂം (റ) എഴുതുന്നു: നിശ്ചയമായും പ്രായപൂർത്തിയും ബുദ്ധിയും നോമ്പ് നോൽക്കാൻ കഴിവുള്ളവനും റമളാനിൽ നോമ്പ് നിർബന്ധം തന്നെയാണ് എന്നാൽ കുട്ടി, ഭ്രാന്തൻ, വാർദ്ധക്യം കാരണമോ അല്ലെങ്കിൽ ഭേദമാവാത്ത രോഗം കാരണമോ നോമ്പിന് കഴിയാത്തവന് നോമ്പ് നിർബന്ധമില്ല അവർക്ക് ഓരോ ദിവസത്തിനും മുദ്ദാണ് നിർബന്ധം പ്രസവ രക്തം, ആർത്തവ രക്തം ഉള്ളവർക്കും നോമ്പ് നിർബന്ധമില്ല (ഫത്ഹുൽ മുഈൻ: 188)  

മുകളിൽ പറഞ്ഞതിൽ നിന്ന് വ്യക്തമായത് ഇങ്ങനെ വായിക്കാം: 

1. റമളാൻ നോമ്പ് നിർബന്ധമാവണമെങ്കിൽ പ്രായപൂർത്ത, ബുദ്ധി, നോമ്പ് നോൽക്കാനുള്ള കഴിവ് എന്നിവ ഉണ്ടായിരിക്കണം ഇതിൽ ഏതെങ്കിലും ഒന്ന് ഇല്ലെങ്കിൽ അവന് നോമ്പ് നിർബന്ധമില്ല 

2. കുട്ടികൾ, ഭ്രാന്തന്മാർ എന്നിവർക്ക് നോമ്പോ മുദ്ദോ ഒന്നും നിർബന്ധമില്ല 

3. വാർദ്ധക്യം, ഭേദമാവാത്ത രോഗം എന്നിവ കാരണം നോമ്പിന് കഴിയാത്തവർക്ക് റമളാൻ ആഗതമായാൽ നോമ്പ് നിർബന്ധമില്ല മറിച്ച് മുദ്ദാണവർക്ക് നിർബന്ധം നോമ്പിന് പകരമായിട്ടല്ല  മുദ്ദ് നിർബന്ധമാവുന്നത്, മറിച്ച് അവർക്ക് ആദ്യമേ കാരണമുണ്ടായാലേ മുദ്ദ് നിർബന്ധമുള്ളൂ 

4. ഹൈള്, നിഫാസ് (ആർത്തവ രക്തം, പ്രസവ രക്തം) ഉള്ളവർക്ക് ആ സമയത്ത് നോമ്പ് നിർബന്ധമില്ലെങ്കിലും പിന്നീട് ആ നോമ്പുകൾ അടുത്ത റമളാനിന് മുമ്പ് നോറ്റു വീട്ടണം 

5. മേൽ കാരണങ്ങളില്ലാതെ റമളാൻ നോമ്പ് ഉപേക്ഷിക്കൽ ഹറാമാണ് 



നോമ്പ് ഖളാഅ് ആയാൽ

റമളാൻ മാസം ആഗതമായാൽ കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞ നിബന്ധനകൾ സമ്മേളിച്ചാൽ നോമ്പ് നിർബന്ധമാണ് നോമ്പ്  നോൽക്കാത്തവർക്ക് ഹറാമിന്റെ ശിക്ഷയുണ്ട് എന്നാൽ കേവലം നോമ്പ് ഒഴിവാക്കിയത് കൊണ്ട് ആ കുറ്റത്തിൽ നിന്ന് അവൻ രക്ഷപ്പെടണമെങ്കിൽ പ്രസ്തുത നോമ്പ് ഖളാഅ് വീട്ടിയേ പറ്റൂ അത് ഒരു നോമ്പാണെങ്കിലും ശരി 

ഉദാഹരണം പതിനാറാം വയസ്സിൽ ഒരു നോമ്പോ, ഒരു മാസത്തെ നോമ്പോ ഒഴിവാക്കിയത് നാൽപ്പതാം വയസ്സിലാണ് ഓർമ്മ വരുന്നതെങ്കിൽ ആ നോമ്പുകൾക്ക് ഖളാഅ് വീട്ടി അതിന്റെ മുദ്ദുകളും നൽകി തൗബ ചെയ്തു മടങ്ങിയാലേ പ്രസ്തുത കുറ്റത്തിൽ നിന്ന് അവൻ രക്ഷപ്പെടുകയുള്ളൂ 

നിസ്കാരത്തിന്റെ ഭാഗത്തിൽ പറഞ്ഞപോലെ തന്നെ ഭൗതിക ജീവിതത്തിലെ മത്സരയോട്ടത്തിൽ പലർക്കും വർഷങ്ങളിലായി മുഴുവൻ നോമ്പുകളും അല്ലെങ്കിൽ ചില നോമ്പുകളും നഷ്ടപ്പെട്ടിട്ടുണ്ടാവും പ്രായം പിന്നിടുമ്പോഴാണ് കഴിഞ്ഞുപോയ കാലത്തെ നഷ്ടങ്ങൾ ഓർത്ത് പലരും ദുഃഖിക്കുക കേവലം ദുഃഖം കൊണ്ടോ പാപമോചനം കൊണ്ടോ നഷ്ടപ്പെട്ട നോമ്പിന്റെ ബാധ്യത ഒഴിവായിപ്പോകില്ല നഷ്ടപ്പെട്ട നോമ്പുകൾ ഖളാഅ് വീട്ടുക തന്നെ വേണം ആ നോമ്പുകൾക്ക് മുദ്ദ്  കൊടുക്കണമെങ്കിൽ നിർബന്ധമായും കൊടുക്കുക തന്നെ വേണം 

എന്നാൽ നഷ്ടപ്പെട്ട നോമ്പുകളുടെ കണക്ക് കൃത്യമായി അറിയില്ലെങ്കിൽ നിസ്കാരത്തിന്റെ ഭാഗത്തിൽ കണക്കറിയാത്ത നിസ്കാരങ്ങൾ എങ്ങനെ കണക്കാക്കാൻ പറഞ്ഞുവോ അത് ഇവിടെയും ബാധകമാണ് നിസ്കാരം ഖളാഅ് വീട്ടിയാൽ ബാധ്യതയിൽ നിന്ന് ഒഴിവാകും എന്നാൽ നോമ്പ് ഖളാഅ് വീട്ടിയതു കൊണ്ടു മാത്രം ചിലപ്പോൾ ബാധ്യതയിൽ നിന്ന് ഒഴിവായിക്കൊള്ളണമെന്നില്ല ചിലപ്പോൾ മുദ്ദ് കൊടുക്കേണ്ടിവരും 


മുദ്ദ് നിർബന്ധമുള്ളവർ

നോമ്പ് നിർബന്ധമില്ലാത്തവർക്കും, നോമ്പ് നിർബന്ധമുള്ളവർ തന്നെ ചില വീഴ്ചകൾ വരുത്തിയത് കാരണവും ചില സന്ദർഭങ്ങളിലെല്ലാം മുദ്ദ് നിർബന്ധമാവുന്നതാണ് 

ഇമാം സൈനുദ്ദീൻ മഖ്ദൂം (റ) എഴുതുന്നു: വാർദ്ധക്യം കൊണ്ടോ ഭേദമാവാത്ത രോഗം കാരണമോ നോമ്പ് മുറിച്ചവന് ഓരോ  നോമ്പിനും ഓരോ മുദ്ദ് അവൻ മുദ്ദിന് കഴിവുള്ളവനാണെങ്കിൽ ഖളാആവാതെ കൊടുക്കൽ നിർബന്ധമാണ് കാരണം അവനോട് പ്രാരംഭത്തിലെ നോമ്പ് കൊണ്ട് കൽപ്പനയില്ല പ്രായശ്ചിത്തം കൊണ്ടാണ് കൽപ്പന നോമ്പിന് പകരമായിട്ടല്ലിത് 

ഗർഭിണിയും മുലയൂട്ടുന്നവളും കുട്ടിയുടെ മേൽ പേടിച്ചതിന് വേണ്ടി നോമ്പ് മുറിച്ചാൽ ഖളാഅ് വീട്ടലോടു കൂടി തന്നെ ഓരോ മുദ്ദ് നിർബന്ധമാവും 
ഖളാആയ നോമ്പിനെ കാരണമില്ലാതെ അടുത്ത റമളാൻ ആഗതമാകുന്നത് വരെ പിന്തിച്ചവനും മുദ്ദ് നിർബന്ധമാവും ഓരോ കൊല്ലം കഴിയുംതോറും മുദ്ദും ആവർത്തിക്കും (ഫത്ഹുൽ മുഈൻ: 196) 


മുദ്ദ് നിർബന്ധമുള്ളവർ ഒറ്റ നോട്ടത്തിൽ

1. വാർദ്ധക്യം മൂലം നോമ്പ് നോൽക്കാൻ കഴിയാത്തവൻ 

2. മാറുമെന്ന് പ്രതീക്ഷയില്ലാത്ത രോഗമുള്ളവൻ

3. ഇങ്ങനെ രോഗമുള്ളവന് നോമ്പ് നോറ്റാൽ സാധാരണയിൽ സഹിക്കാൻ പറ്റാത്തത്ര പ്രയാസമുണ്ടായിരിക്കണം (തുഹ്ഫ:3/439)

4. ഗർഭിണിയും മുലയൂട്ടുന്നവളും കുട്ടിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന് ഭയന്ന് നോമ്പ് നോൽക്കാതിരിക്കൽ ഇവർ കുട്ടിക്ക് വേണ്ടി നോമ്പ് മുറിച്ചു എന്ന ഒറ്റ കാരണത്തിന് വേണ്ടി മുദ്ദ് കൊടുക്കൽ നിർബന്ധമാണ് 

5. നോമ്പ് ഖളാഅ് ഉള്ളവർ അടുത്ത റമളാൻ ആഗതമാകുന്നതിന് മുമ്പ് പ്രസ്തുത നോമ്പ് നോൽക്കാൻ സാധിച്ചിട്ടും നോൽക്കാത്തവർ ഇവർ എത്ര വർഷത്തോളം നോമ്പ് പിന്തിക്കുന്നുവോ അത്രയും മുദ്ദ് കൊടുത്തു വീട്ടണം 

ഉദാഹരണം ഇരുപതാം വയസ്സിൽ ഒരു നോമ്പ് ഖളാആയി അത് പിന്നീട് ഖളാഅ് വീട്ടുന്നത് മുപ്പതാം വയസ്സിലാണെങ്കിൽ പ്രസ്തുത നോമ്പ് ഖളാഅ് വീട്ടുന്നതോടൊപ്പം പത്ത് വർഷം പിന്തിപ്പിച്ചതിന് ഒരു നോമ്പിനു തന്നെ പത്ത് മുദ്ദ് കൊടുക്കണം 

എന്താണ് മുദ്ദ് കൊടുക്കേണ്ടത് ഇമാം നവവി(റ) എഴുതുന്നു: നാട്ടിലെ മുഖ്യാഹാരമാണ് മുദ്ദിൽ പരിഗണിക്കപ്പെടുക മുദ്ദ് നൽകേണ്ടത് പാവപ്പെട്ടവർക്കാണ്  (ഫഖീർ, മിസ്കീൻ) ഒരു വ്യക്തിയുടെ ധാരാളം മുദ്ദുകളോ ഒരു മാസത്തെ മുദ്ദോ ഒരു മിസ്കീനിനോ ഫഖീറിനോ കൊടുക്കൽ അനുവദനീയമാണ് (ശർഹുൽ മുഹദ്ദബ്: 6/394)

നമ്മുടെ നാട്ടിലെ മുഖ്യാഹാരം അരിയാണ് അതുകൊണ്ട് നാം അരിയാണ് മുദ്ദായി നൽകേണ്ടത് മുദ്ദ് കൊടുക്കുമ്പോൾ പ്രധാനമായി ശ്രദ്ധിക്കേണ്ടത് മുദ്ദ്  അതിന് അവകാശപ്പെട്ടവർക്കെ നൽകാവൂ എന്നതാണ് രണ്ടോ അതിൽ കൂടുതലോ പേർക്ക് വീതിച്ച് മുദ്ദ് നൽകുമ്പോൾ ഒരാൾക്ക് ഒന്നര മുദ്ദ് ഒന്നേകാൽ മുദ്ദ് എന്നിങ്ങനെ എത്താത്ത വിധം ഓരോ മുദ്ദായിട്ട് തന്നെ എത്തുന്ന വിധത്തിലായിരിക്കണം സംശയമുള്ളത് പണ്ഡിതന്മാരോട് ചോദിച്ചു ചെയ്യാൻ മറക്കരുത് 


അറഫാ സംഗമവും അറഫാ നോമ്പും

അറഫാ ദിനത്തിലും അറഫാ നോമ്പിനും പുണ്യങ്ങളേറെയുണ്ട് ഇമാം നവവി(റ) എഴുതുന്നു: ഇമാം ബഗ് വി (റ) യും മറ്റു പണ്ഡിതരും പറഞ്ഞു: വർഷത്തിലെ ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ഠത അറഫാ ദിനത്തിനാണ് (ശർഹുൽ മുഹദ്ദബ്: 6/404) 

അതുകൊണ്ട് അന്നേ ദിവസത്തെ നോമ്പിനും വലിയ പ്രാധാന്യമുണ്ട് ഇമാം മാവർദി (റ) എഴുതുന്നു: ഹജ്ജ് ചെയ്യുന്നവർക്കൊഴികെ അറഫാ നോമ്പ് സുന്നത്താണ് നബി (സ) പറഞ്ഞു: അറഫാ നോമ്പ് രണ്ട് വർഷത്തിന് പ്രായശ്ചിത്തമാണ് അബൂഖതാദ (റ) നിവേദനം ചെയ്തു: ഈ വർഷത്തേയും മുമ്പത്തെ വർഷത്തേയും, രണ്ട് നിലയിൽ ഇതിനെ വ്യാഖ്യാനിക്കാം ഒന്ന്: നിശ്ചയം അല്ലാഹു രണ്ടു വർഷത്തെ തെറ്റുകൾ പൊറുത്ത് കൊടുക്കും രണ്ട്: ഈ രണ്ട് വർഷം അല്ലാഹു തെറ്റിൽ നിന്ന് സംരക്ഷിക്കും (അൽ ഹാവി: 3/472) 

എന്നാൽ പ്രശ്നം ഇതൊന്നുമല്ല കേരളത്തിൽ എന്നല്ല ലോകത്തെമ്പാടും വലിയ പെരുന്നാൾ (ഈദുൽ അള്ഹ) ദുൽഹിജ്ജ പത്തിനാണ് ഗൾഫു നാടുകളിൽ ദുൽഹിജ്ജ പത്ത് ചൊവ്വാഴ്ചയാണെങ്കിൽ അറഫാ സംഗമം തിങ്കളാഴ്ചയായിരിക്കും കേരളത്തിൽ ദുൽഹിജ്ജ പത്ത് ബുധനാഴ്ചയാണെങ്കിൽ അറഫാ ദിനം ചൊവ്വാഴ്ചയായിരിക്കും 

ചിലർക്ക് സംശയം അതെങ്ങനെയാണെന്നാണ് , സഊദി അറേബ്യയിൽ തിങ്കളാഴ്ച അറഫാ സംഗമമാണെങ്കിൽ അന്നല്ലേ നമ്മളും അറഫ കൊണ്ടാടേണ്ടത് അതുകൊണ്ട് തന്നെ ചിലർ കേരളത്തിൽ തിങ്കളാഴ്ചയാണ് അറഫാ നോമ്പ് നോൽക്കേണ്ടതെന്ന് പ്രചരിപ്പിക്കുന്നു മുജ-ജമാഅത്തുകാരാണ് ഇതിന് ചുക്കാൻ പിടിച്ചു സാധാരണക്കാരെ കബളിപ്പിക്കുന്നത് പരിഹാരമെന്തെന്ന് നോക്കാം 

കേരളത്തിൽ എന്നല്ല ലോകത്തെവിടെയും വലിയ പെരുന്നാൾ ദുൽഹിജ്ജ പത്തിനും അറഫാ നോമ്പ് ദുൽഹിജ്ജ ഒമ്പതിനുമായിരിക്കും തിങ്കളാഴ്ച അറഫാ കഴിക്കുന്ന മുജകൾ ചൊവ്വാഴ്ച പെരുന്നാൾ എന്തുകൊണ്ട് കഴിക്കുന്നില്ല? വിവരക്കേടോ? അതോ തട്ടിപ്പോ? 
അതാത് ദേശത്തുള്ളവർക്ക് അറഫയും പെരുന്നാളും അവരുടെ ഖാസി ഉറപ്പിക്കുന്നതിനനുസരിച്ചാണെന്ന് ശാഫിഈ മദ്ഹബിന്റെ ഗ്രന്ഥങ്ങളിലെല്ലാമുണ്ടല്ലോ പിന്നെയെന്തിനാ ഗൾഫിലേക്ക് നോക്കുന്നത് മതഗ്രന്ഥങ്ങൾ നോക്കാൻ അറിയാത്തവനാണ് ഗൾഫിലേക്ക് മത വിഷയങ്ങൾ നോക്കി ചെയ്യുന്നവർ ഇവർ അന്ധവിശ്വാസികളാണ് 

ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: അറഫാ നോമ്പ് ദുൽഹിജ്ജ ഒമ്പതിനാകുന്നു (തുഹ്ഫ: 3/454) 

ഇമാം മുഹമ്മദ് ശീർബീനി (റ) എഴുതുന്നു: അറഫാ നോമ്പ് ദുൽഹിജ്ജ ഒമ്പതിനാകുന്നു (ഇഖ്നാഅ്: 1/245) 

ഹമ്പലീ മദ്ഹബുകാരനായ ഇമാം ഇബ്നു ഖുദാം (റ) എഴുതുന്നു: അറഫാ നോമ്പ് ദുൽഹിജ്ജ ഒമ്പതിനാണ് (മുഗ്നി: 3/112)

ചുരുക്കത്തിൽ അറഫാ നോമ്പ് ദുൽഹിജ്ജ ഒമ്പതിന് അതാത് ദേശങ്ങളിലെ ഖാസിമാർ ഉറപ്പിക്കുന്നതിനനുസരിച്ചാണ് പ്രസ്തുത സ്ഥലങ്ങളിൽ നോമ്പ് നോൽക്കേണ്ടത് മാന്യവായനക്കാർ ഇത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.


പ്രേമ വിവാഹം

വിവാഹം നബി (സ) യുടെ സുന്നത്താണ് മുസ്ലിമായ ഒരു വ്യക്തിയുടെ ജീവിതത്തിന്റെ പ്രധാന കവാടങ്ങളിലൊന്നാണത് വിവാഹം അല്ലാഹുവും റസൂലും പൊരുത്തപ്പെട്ട രൂപത്തിലായില്ലെങ്കിൽ തുടർ ജീവിതത്തിൽ ബറകത്തിന്റെ കുറവ് പ്രകടമാവുന്നതാണ് 

ദിശാബോധം നഷ്ടപ്പെട്ട കുറെ ചെറുപ്പക്കാരിലും ചെറുപ്പക്കാരികളിലും പ്രകടമാവുന്ന ഒരു ചീത്ത മാർഗമാണ് ഇസ്ലാമിന് നിരക്കാത്ത രീതിയിലുള്ള പ്രേമ വിവാഹവും കാര്യം സാധിച്ചില്ലെങ്കിൽ ഒളിച്ചോട്ടവും അതും വിജയിച്ചില്ലെങ്കിൽ ആത്മഹത്യയും 

ഈ ജീവിതം പേക്കൂത്തുകൾക്കുള്ള ഒരവസരമായിട്ടാണ് ഇവർ കാണുന്നത് ഇത്തരം പ്രവർത്തനങ്ങൾ കാരണം എത്രയോ നല്ല ജീവിതങ്ങൾ ദുരിതത്തിലായിട്ടുണ്ട് മാതാപിതാക്കൾ നല്ല നിലയിൽ വളർത്തുന്ന പല പെൺകുട്ടികളും  ഇത്തരം വലയിൽ കുടുങ്ങി ദുരിതക്കയത്തിൽ മുങ്ങിപൊങ്ങി ചക്രശ്വാസം വലിക്കുന്നവരുണ്ട് എന്തിനാണ് ഈ ദുരിതക്കയത്തിലേക്ക് നാം ചാടുന്നത്? ചാടിയാലുള്ള അനന്തര ഫലവും നാം വ്യക്തമായി അറിഞ്ഞിരിക്കണം 


ദൂഷ്യ ഫലങ്ങൾ

1. അന്യസ്ത്രീ പുരുഷ ദർശനം: പ്രേമത്തിലൂടെ ഉണ്ടായിത്തീരുന്ന ഹറാമാണ് അന്യ സ്ത്രീ പുരുഷ ദർശനം ഇത് ഒരു പ്രാവശ്യമല്ല കാമുകീ കാമുകന്മാർ പരസ്പരം കാണുമ്പോഴെല്ലാം ഈ ഹറാമും അവരുടെ അക്കൗണ്ടിൽ മലക്കുകൾ എഴുതിവെക്കും 

'നബിയേ, താങ്കൾ വിശ്വാസികളായ സ്ത്രീകളോടു പറയുക: അവർ അവർക്ക് കാണൽ അനുവദനീയമല്ലാത്തതിൽ നിന്ന് കണ്ണിനെ അടച്ചുകളയുകയും അവരുടെ ഗുഹ്യങ്ങളെ അനുവദനീയമല്ലാത്തതിൽ നിന്ന് സൂക്ഷിക്കുകയും ചെയ്യുക (തഫ്സീറുൽ ജലാലൈനി: 2/410) 

ഈ ആയത്തിന്റെ വിശദീകരണത്തിൽ ഇമാം റാസി (റ) എഴുതുന്നു: ഈ ആയത്തിൽ  ഗുഹ്യങ്ങളെ സൂക്ഷിക്കുക എന്ന് പറയുന്നതിന് മുമ്പേ കണ്ണുകളെ സൂക്ഷിക്കാൻ പറയാനുള്ള കാരണം നോട്ടമാണ് വ്യഭിചാരത്തിനും തെമ്മാടിത്തരത്തിനും തുടക്കമിടുന്നത് ഇതിനാലുള്ള നാശം അധികരിച്ചതും അപകടവുമാണ് (തഫ്സീറുൽ കബീർ: 23/205) 

ഇമാം ഇബ്നു ഹജർ (റ) എഴുതുന്നു: അന്യ സ്ത്രീ പുരുഷന്മാർ അന്യോന്യം നോക്കൽ ഹറാമാണ് (ഫതാവൽ കുബ്റാ: 1/203) 

ഇമാം ബക്രി (റ) എഴുതുന്നു: അറിയുവിൻ, സ്വതന്ത്ര സ്ത്രീക്ക് നാല് ഔറത്തുണ്ട് ഒന്ന്, അന്യപുരുഷന്മാരുടെ അടുക്കൽ അവരുടെ മുന്നിൽ ശരീരം മുഴുവൻ മറക്കൽ നിർബന്ധമാണ് 

രണ്ട്: നികാഹ് ബന്ധം ഹറാമായവരുടെ അടുക്കൽ അത് മുട്ട് പൊക്കിളിന്റെ ഇടയിലുള്ള സ്ഥലമാണ് 

മൂന്ന്: അവിശ്വാസികളായ സ്ത്രീകളുടെ അടുക്കൽ അത് ജോലി ചെയ്യുമ്പോൾ വെളിവാകുന്ന സ്ഥലം 

നാല് നിസ്കാരത്തിൽ അത് മുഖവും മുൻകൈയ്യും ഒഴികെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളാണ് (ഇആനത്തുത്വാലിബീൻ: 1/113)

2. വ്യഭിചാരത്തിനോടുള്ള താൽപര്യം: സൗന്ദര്യമുള്ള പെൺകുട്ടികളെ പ്രത്യേകം നോട്ടമിട്ട് തന്റെ വലയിലാക്കുന്ന വിരുതന്മാരുടെ ഉദ്ദേശ്യം ആ കുട്ടിയുടെ ചാരിത്രശുദ്ധി നശിപ്പിക്കലാണ് ഇതിനായി മൊബൈലും, മൊബൈലുള്ളവർക്ക് സൗജന്യ നെറ്റ് റീചാർജ്ജും, പണവും, ഡ്രസ്സുകളും, ആഡംബര കാറുകളിൽ വിനോദ സഞ്ചാരവും, ഹോട്ടലുകളിലെ വില കൂടിയ ഭക്ഷണങ്ങളുമെല്ലാം ഇവർ വാഗ്ദാനങ്ങളായും അല്ലാതെയും നൽകാറുള്ളതാണ് ചതിക്കുഴികളുടെ ആഴവും വീതിയുമൊന്നും ഇത്തരം പെൺകുട്ടികൾ പലപ്പോഴും ചിന്തിക്കാറില്ല 

ജീവിതഗതി നല്ലപോലെ തിരിച്ചുവിടേണ്ട പ്രായത്തിൽ ഗതികിട്ടാ പ്രേതങ്ങളെ പോലെ മധുരിച്ചിട്ട് തുപ്പാനും വയ്യ കയ്യ്ച്ചിട്ട് ഇറക്കാനും വയ്യ എന്ന പോലെ പല കുട്ടി ജീവിതങ്ങളും കാമ്പസ് വിചാരങ്ങളും ബസ് സ്റ്റോപ്പ്  ചിന്തകളുമായി കഴിഞ്ഞുകൂടുകയാണ് ഓർക്കുക, ഈ ജീവിതം അല്ലാഹുവിനുള്ളതാണ് അവന്റെ നിയമങ്ങൾ മാത്രം മുറുകെ പിടിക്കുക 

അസന്മാർഗിക ലൈംഗിക മോഹങ്ങളുമായി നടക്കുന്നവർ ഒരു കാലത്തും രക്ഷപ്പെടുകയില്ല ആരാധനകളിൽ ഭക്തിയോ മുത്ത് നബി (സ) യോടുള്ള യഥാർത്ഥ സ്നേഹമോ അവരുടെ ഹൃദയാന്തരങ്ങളിൽ ഉണ്ടാവുകയില്ല വ്യഭിചാരം ചീത്ത മാർഗമാണെന്ന് ഖുർആൻ പറഞ്ഞതാണ് അതിനാൽ അത്തരം ചിന്തകൾ നമ്മുടെ ആത്മീയ തലങ്ങളെ തകർക്കും 

ഇമാം ശഅ്റാനി (റ) എഴുതുന്നു: ശൈഖ് ഇബ്റാഹീമുൽ ഖവ്വാസ് (റ) പറഞ്ഞു: ആത്മീയ മാർഗമവലംബിക്കുന്നവന്റെ ആപത്തുകൾ മൂന്നെണ്ണമാണ് പണക്കൊതി, സ്ത്രീകളോടുള്ള അനുരാഗം, സ്ഥാനമോഹം, പണക്കൊതി മാറാൻ സൂക്ഷ്മത കൈക്കൊണ്ടാൽ മതി സ്ത്രീകളോടുള്ള അനുരാഗം മാറാൻ വയർ നിറയെ ഭക്ഷണം കഴിക്കലും വികാര വിചാരങ്ങളും ഉപേക്ഷിക്കുക സ്ഥാഥമോഹം ഇല്ലായ്മ ചെയ്യാൻ അറിയപ്പെടാതിരിക്കാൻ ശ്രമിക്കുക (ത്വബഖാത്തുൽ കുബ്റാ 1/97) 

3. നിഷിദ്ധ കാര്യത്തിൽ അമൂല്യമായ സമയം ചെലവഴിക്കൽ: സമയം വാളാണെന്നാണ് മഹാന്മാർ പഠിപ്പിച്ചത് അത് വേണ്ട വിധത്തിൽ ഉപയോഗിച്ചില്ലെങ്കിൽ ജീവിത യാത്രയിൽ നിരവധി മുറിവുകൾ ഏൽക്കേണ്ടി വരും അമൂല്യമായ സമയം  ചെലവഴിക്കേണ്ടത് ദീൻ കാര്യങ്ങളിലാണ് രക്തം തുളുമ്പുന്ന പ്രായത്തിൽ നിഷിദ്ധമായ കാര്യങ്ങൾ പ്രവർത്തിച്ചും ചിന്തിച്ചും സമയം ചെലവഴിക്കൽ കുറ്റകരമാണ് ആരോഗ്യവും ഒഴിവ് സമയവും മനുഷ്യനെ വഞ്ചിച്ചെന്ന് നബി (സ) പഠിപ്പിച്ചതാണ് ഇമാം നവവി(റ) എഴുതുന്നു: ഇൽമുമായി ബന്ധപ്പെട്ട് കഴിയലാണ് പുണ്യങ്ങളിൽ ശ്രേഷ്ഠതയും അമൂല്യമായ സമയം ചെലവഴിക്കാൻ ഏറ്റവും ഉചിതവും (മിൻഹാജുത്വാലിബീൻ) 

ഇത്തരം അനാവശ്യ കാര്യങ്ങളിൽ ചിന്തിച്ചും  രസിച്ചും സമയം പാഴാക്കാതെ ഖുർആൻ പാരായണം, ദിക്ർ, സ്വലാത്ത് എന്നിവയിലായി ചെറുപ്പത്തിലെ സമയങ്ങൾ ചെലവഴിക്കുക, നമ്മുടെ ചുറ്റുപാടിലായി നടക്കുന്ന ഇത്തരം പേക്കൂത്തുകളിൽ മനസ്സിന് ഇടം നൽകാതെ നിയന്ത്രിക്കുക എന്നാൽ രക്ഷപ്പെടും 

4. മാതാപിതാക്കളുടെ ഗുരുത്വക്കേട്: മാതാപിതാക്കളെ ബഹുമാനിക്കേണ്ട വിധം ഒരു മുസ്ലിമിനോട് കൂടുതൽ പറയേണ്ടതില്ല അത്രയും വിശാലമായി ഇസ്ലാം ആ കാര്യം നമ്മെ പഠിപ്പിച്ചിട്ടുണ്ട് ഉമ്മമാരുടെ കാലിൻ ചുവട്ടിലാണ് സ്വർഗമെന്ന് നബി (സ) പറഞ്ഞത് മദ്റസയിൽ പഠിക്കുന്ന കാലത്തേ ഉസ്താദുമാർ നമുക്ക് പറഞ്ഞുതന്നതാണ് 

പ്രായപൂർത്തിയെത്തുന്നത് വരെ വളരെ ശ്രദ്ധാപൂർവ്വം അവർ നമ്മെ പരിപാലിച്ചവരാണ് സ്വന്തമായി പഠനവും യാത്രയും നാം ആരംഭിച്ചപ്പോൾ ഒരു ഇണയെ നമുക്ക് തിരഞ്ഞെടുത്തുതരുവാൻ ബദ്ധശ്രദ്ധ അവർ കാണിക്കുകയും ചെയ്യാറുണ്ട് പ്രേമത്തിലൂടെ പലരിൽ നിന്നും നമ്മുടെ വഴിവിട്ട പ്രവർത്തനങ്ങൾ അവർ അറിയുമ്പോൾ അവരുടെ വേദനകൾ പറഞ്ഞറിയിക്കാൻ സാധ്യമല്ല പ്രസവിച്ച് പോറ്റി വളർത്തിയ മാതാവിന്റെ മനോവിഷമമറിയണമെങ്കിൽ നീയും മാതാവാകണം 

ആഖിറം നഷ്ടപ്പെടുത്തുന്ന ഇത്തരം ദുർവിചിര വികാരങ്ങൾക്കടിമപ്പെടാതെ, നല്ലൊരു ജീവിതം ഉദ്ദേശിച്ച് അതു ഉറപ്പാക്കാനും സംരക്ഷിക്കാനും നാം കരുതിയിറങ്ങുക


രക്ഷിതാക്കളോട്

ദുനിയാവിലും ആഖിറത്തിലും നമ്മുടെ മക്കൾ നമുക്ക് ഉപകരിക്കുന്നവരായിരിക്കണം അതിനുപകരിക്കുന്ന രീതിയിലേ സന്താനങ്ങളെ വളർത്താവൂ ചെറുപ്രായത്തിൽ തന്നെ കുട്ടികൾ വഴിതെറ്റുന്ന കാഴ്ചകളാണ് നാം നമ്മുടെ ചുറ്റുപാടിൽ കാണുന്നത് കമ്പ്യൂട്ടറും, മൊബൈലും, ഇന്റർനെറ്റ് സൗകര്യങ്ങളും പല കുട്ടികളെയും സെക്സിന്റെ ലോകത്തെത്തിച്ചിട്ടുണ്ട് നെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത മൊബൈൽ വഴി മൊബൈൽ വഴി വാട്ട്സപ്പിൽ സെൻഡ് ചെയ്ത് പല കുട്ടികളെയും അശ്ലില ചിത്രങ്ങളുടെ പിന്നാലെയായിരിക്കുന്നു 

സുന്ദരന്മാരായ അംറദുകളെ പല മോഹങ്ങളും വാഗ്ദാനം ചെയ്ത് സെക്സിന്റെ അടിമകളാക്കി തീർക്കുന്ന റാക്കറ്റുകൾ രാത്രിയിലെ രാജാക്കന്മാരായി വിലസുകയാണ് നമ്മുടെ കുട്ടികളെ സംരക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ് കല്യാണ വീടുകളിലും മറ്റു പൊതു പരിപാടികളിലും കുട്ടികളെ രാത്രി അയക്കുന്നവരും വിനോദ സഞ്ചാരങ്ങൾക്കായി ഊരു ചുറ്റലുകൾക്കും സുഹൃത്തുക്കളുടെ കൂടെ ആവശ്യമില്ലാതെ പറഞ്ഞയക്കുന്നവരും ശ്രദ്ധിക്കുക ആഖിറു സമാനാണ് മക്കൾ നന്നായിത്തീരുവാൻ പ്രയാസമാണ് 

കുട്ടികളിൽ ആത്മീയമായ ഒരു ലോകം ഉണ്ടാക്കിത്തീർക്കുകയാണ് ഇതിനുള്ള പോംവഴി മതപരമായ ഇൽമുകൾ സ്വാലിഹായ ഒരു ഉസ്താദിൽ നിന്ന് നല്ലപോലെ പഠിക്കണം കേവലം ഇൽമ് പഠിച്ചത് കൊണ്ടുമാത്രം ആരും നന്നായിക്കൊള്ളണമെന്നില്ല നല്ലവരോടു കൂടി സഹവാസം വേണം അതിന് ഏറ്റവും നല്ല മാർഗം പള്ളി ദർസുകളും ദിക്റ്, സ്വലാത്ത് മജ്ലിസുകളും, സിയാറത്തുകളും, നബി (സ), മഹാന്മാർ തുടങ്ങിയവരുടെ മദ്ഹുകളും പാരായണം ചെയ്യലാണഭികാമ്യം.


അറബിപ്പണം അപഹരിക്കൽ

പണം ആരുടേതായാലും അപഹരിക്കൽ തെറ്റുതന്നെയാണ് കടയിൽ ജോലി ചെയ്യുമ്പോൾ മുതലാളിയുടെ പണം മോഷ്ടിക്കൽ, ബിസിനസിൽ പങ്കാളിയായ സുഹൃത്തിന് തെറ്റായ കണക്ക് കാണിച്ച് കൊള്ളലാഭമെടുക്കൽ പോലോത്തവ വഞ്ചനയും കളവുമാണ് ഐഹികലോക ജീവിതസുഖം മുന്നിൽകണ്ട് പണക്കൊതിയന്മാർ ചെന്നുചാടുന്ന ചതിക്കുഴികളാണിതെല്ലാം 

ഗൾഫിൽ പോയി അറബിയുടെ പണം അപഹരിക്കലും മോഷണം തന്നെയാണ് മാത്രമല്ല, ഇത് വിശ്വാസ വഞ്ചനയുമാണ് മോഷണം ഹറാമാണെന്നറിയുന്നവരാണ് മുസ്ലിംകൾ മോഷ്ടിച്ച പണംകൊണ്ട് നാം എന്ത് ചെയ്യലും ഹറാമാണ് ഗൃഹോപകരണങ്ങൾ വാങ്ങിക്കൂട്ടിയാലും, പുതിയ വീടുണ്ടാക്കിയാലും എല്ലാമെല്ലാം നിഷിദ്ധം തന്നെ നമ്മുടെ ഭാര്യമാർക്കും കുട്ടികൾക്കും ആ പണം കൊണ്ട് ആഹാര സാധനങ്ങൾ വാങ്ങിക്കൊടുത്താൽ നാം അവരെ ഹറാം തീറ്റിച്ചവരും അവർ ഹറാം ഭക്ഷിച്ചവരുമായി ആ പണം കൊണ്ട് ഉണ്ടാക്കിയ മണിമാളികയിൽ താമസിക്കലും വാഹനത്തിൽ യാത്ര ചെയ്യലും നിഷിദ്ധം തന്നെ 

ചുരുക്കത്തിൽ നമ്മുടെ ജീവിതം മുഴുസമയവും ഹറാമിൽ തന്നെ ദുനിയാവിൽ അതിന്റെ പ്രത്യാഘാതവും ആഖിറത്തിൽ ഭയാനകരമായ ശിക്ഷകളും നമ്മെ കാത്തിരിക്കുന്നുണ്ടെന്ന് നാം ഓർക്കണം ഈ ഊരാക്കുടുക്കിൽ നിന്ന് നാം എങ്ങനെ തലയൂരും? 

പണം എന്നല്ല മോഷ്ടിച്ച സാധനമെല്ലാം നമുക്ക് ഹലാലാവണമെങ്കിൽ അതിന്റെ ഉടമയെ കണ്ട് പൊരുത്തപ്പെടീക്കണം അല്ലെങ്കിൽ സാധനം തിരിച്ചു കൊടുക്കുകയും അപഹരിച്ച തെറ്റിൽ നിന്ന് രക്ഷപ്പെടാൻ മാപ്പ് ചെയ്തുതരുവാൻ  അപേക്ഷിക്കുകയും വേണം പണം മറ്റൊരാളുടേതായതിനാൽ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ ഉപയോഗിക്കാൻ പാടില്ല സാമ്പത്തിക ഇടപാടുകൾ വ്യക്തമായി പറഞ്ഞുതന്നെ പൊരുത്തപ്പെടീക്കണം ചുളുവിൽ രക്ഷപ്പെടാവുന്ന കാര്യമല്ലിതെന്ന് ഓർക്കണം 

അതുകൊണ്ട് അറബിയുടെ (ഉദാഹരണം) പണം മോഷ്ടിച്ചാൽ അറബിയെ നേരിട്ട് കണ്ടോ നേരിട്ട് കാണാൻ ധൈര്യമില്ലെങ്കിൽ മറ്റൊരാൾ മുഖേനയോ പൊരുത്തപ്പെടീക്കണം പ്രസ്തുത വ്യക്തി മരിച്ചാൽ അനന്തരാവകാശികളോട് പൊരുത്തപ്പെടീക്കണം എന്നാൽ വ്യക്തിയെയോ സ്ഥലമോ അറിയില്ലെങ്കിലും കണ്ടുപിടിക്കാൻ സാധ്യമല്ലെങ്കിലും അദ്ദേഹത്തിന് പ്രതിഫലം ലഭിക്കാൻ അതെല്ലാം ധർമം ചെയ്യണം എന്നാലും അത് സ്വന്തമാക്കൽ അനുവദനീയമല്ല ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ വിശാലമായി ചർച്ചചെയ്ത ഈ വിഷയം കൂടുതലായി മനസ്സിലാക്കാൻ പണ്ഡിതന്മാരുമായി ബന്ധപ്പെടാവുന്നതാണ് .



മരിച്ച മാതാവിന്റെ പൊരുത്തം കിട്ടാൻ

മാതാപിതാക്കളോട് കാരുണ്യം കാണിക്കണമെന്നും അവരോട് അനാവശ്യമായി സംസാരിക്കുകയോ പെരുമാറുകയോ ചെയ്യരുതെന്നും ഖുർആനിന്റെ കൽപ്പനയുണ്ടെന്നും വ്യക്തമായി വിശ്വസിക്കുന്നവരാണ് നാമെല്ലാം എന്നാൽ സാഹചര്യ സമ്മർദ്ദംകൊണ്ടോ വേണ്ടത്ര അറിവില്ലായ്മ കൊണ്ടോ അറിവ് ഉപകാരപ്രദമാവാത്തത് കൊണ്ടോ പലരും മാതാപിതാക്കളോട് അന്യായമായി പെരുമാറുകയും ശകാരിക്കുകയും മാനസികവും ശാരീരികവുമായി വേദനിപ്പിക്കുകയും ചെയ്യാറുണ്ട് ഇതു കടുത്ത തെറ്റാണെന്ന് ഖുർആനും ഹദീസും നമ്മെ പഠിപ്പിച്ചത് 

ഇമാം നവവി(റ) രേഖപ്പെടുത്തിയ ചില ഹദീസകൾ കാണുക: അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) വിൽ നിന്ന് നിവേദനം ഞാൻ നബി (സ) യോടു ചോദിച്ചു: അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട പുണ്യകർമമേതാകുന്നു? നബി (സ) പറഞ്ഞു: നിസ്കാരം അതിന്റെ സമയത്ത് നിർവഹിക്കൽ ഞാൻ ചോദിച്ചു: പിന്നെ ഏതാണ്? നബി (സ) പറഞ്ഞു: മാതാപിതാക്കൾക്ക് ഗുണം ചെയ്യൽ ഞാൻ ചോദിച്ചു: പിന്നെ ഏതാണ്? നബി (സ) പറഞ്ഞു: അല്ലാഹുവിന്റെ മാർഗത്തിൽ ജിഹാദ് 

അബൂഹുറൈറ(റ) വിൽ നിന്ന് നിവേദനം ഒരാൾ വന്ന് നബി (സ) യോട് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ജനങ്ങളിൽവെച്ച് ആരോടാണ് ഞാൻ സഹവസിക്കാൻ ഏറ്റവും കടമപ്പെട്ടത്? നബി (സ) പറഞ്ഞു: നിന്റെ മാതാവ് അദ്ദേഹം ചോദിച്ചു: പിന്നെ ആരാണ്? നബി (സ) പറഞ്ഞു: നിന്റെ മാതാവ് വീണ്ടും അദ്ദേഹം ചോദിച്ചു: പിന്നെ ആരാണ്? നബി (സ) പറഞ്ഞു: നിന്റെ മാതാവ് പിന്നെയും ചോദിച്ചു നബി (സ) പറഞ്ഞു: നിന്റെ മാതാവ് പിന്നെയും ചോദിച്ചു നബി (സ) പറഞ്ഞു: നിന്റെ പിതാവ് (രിയാളുസ്വാലിഹീൻ:155) 

നബി (സ) നാലു പ്രാവശ്യം മാതാവിനെത്തന്നെ പറഞ്ഞതിനു ശേഷം അഞ്ചാമതയാണ് പിതാവിനെ പറയുന്നതെന്ന് നാം ഗൗരവത്തിൽ ചിന്തിക്കേണ്ടതാണ് വാർദ്ധക്യത്തിലെത്തിയ മാതാപിതാക്കളോട് പരുക്കൻ സ്വഭാവത്തിൽ പെരുമാറുന്ന മക്കൾ ശ്രദ്ധിക്കേണ്ട ഒരു ഹദീസുണ്ട് 
അബൂഹുറൈറ(റ) വിൽ നിന്ന് നിവേദനം നബി (സ) പറഞ്ഞു: വാർദ്ധക്യത്തിലെത്തിയ മാതാപിതാക്കൾ അല്ലെങ്കിൽ രണ്ടിലൊരാൾ ഒരാൾക്ക് ഉണ്ടായി അവർ കാരണമായി അവൻ സ്വർഗത്തിൽ കടന്നില്ലെങ്കിൽ അവന് നാശം (രിയാളുസ്വാലിഹീൻ:157) 

വാർദ്ധക്യത്തിലെത്തിയ മാതാപിതാക്കൾക്ക് നിർബന്ധമായും മക്കൾ ഖിദ്മത്ത് ചെയ്തു കൊടുക്കണമെന്നാണ് നബി (സ) കൽപിക്കുന്നത് ആ ഖിദ്മത്ത് കാരണമായി സ്വർഗം അവർ സമ്പാദിച്ചില്ലെങ്കിൽ നാശമാണ് വന്നുപെടുന്നതെങ്കിൽ അതിന്റെ ഗൗരവം എത്രത്തോളമുണ്ടെന്ന കാര്യം നാം ഭയപ്പെടണം അതുകൊണ്ടുതന്നെ മാതാപിതാക്കളോട് അപമര്യാദയായോ അവർക്കിഷ്ടമില്ലാത്ത രീതിയിലോ നാം അവരോട് പെരുമാറിയിട്ടുണ്ടെങ്കിൽ നിർബന്ധമായും അവരോട് പൊരുത്തപ്പെടീക്കണം 

മാതാപിതാക്കളെ ബുദ്ധിമുട്ടിക്കൽ വൻദോഷങ്ങളിൽ പെട്ടതാണെന്ന് ഫത്ഹുൽ മുഈനിൽ പറഞ്ഞ വാചകത്തെ വ്യാഖ്യാനിച്ചു കൊണ്ട് അല്ലാമാ ബക്രി (റ) എഴുതുന്നു: മാതാപിതാക്കൾ അവിശ്വാസികളാണെങ്കിലും ബുദ്ധിമുട്ടിക്കൽ വൻദോഷങ്ങളിൽ പെട്ടതാണ് നബി (സ) പറഞ്ഞു: മാതാപിതാക്കളെ ബുദ്ധിമുട്ടിച്ചവൻ അല്ലാഹുവിനോടും റസൂലിനോടും എതിർ പ്രവർത്തിച്ചവനാണ് അവനെ ഖബ്റിൽ വെച്ചാൽ വാരിയെല്ലുകൾ കോർത്തുപോവുന്നവിധം അവനെ ഖബ്ർ ഇടുക്കും നരകത്തിൽ വലിയ ശിക്ഷയനുഭവിക്കുന്നവരാണ് മാതാപിതാക്കളെ ബുദ്ധിമുട്ടിച്ചവനും, വ്യഭിചാരിയും മുശ്രിക്കും (ഇആനത്ത്: 4/433) 

മാതാപിതാക്കളോ അല്ലെങ്കിൽ രണ്ടിലൊരാളാണോ മരിച്ചവരാണെങ്കിൽ എന്താണ് പരിഹാരം? പ്രധാനമായും വേണ്ടത് നിബന്ധനയൊത്ത തൗബയാണ് അവർക്ക് പാരത്രിക ലോകത്ത് പ്രതിഫലമുള്ള കാര്യങ്ങൾ ചെയ്യുക അവരുടെ സ്നേഹിതരോട് അവർക്കിഷ്ടപ്പെടുന്ന രീതിയിൽ പെരുമാറുക

മാതാപിതാക്കളുടെ പേരിൽ ഖുർആൻ ഓതുക, അവരെ ധാരാളമായി സിയാറത്ത് ചെയ്യു, അവരുടെ ഖബ്റിന്നരികിൽ ദീർഘനേരം നിൽക്കുക തുടങ്ങിയ സൽകർമ്മങ്ങൾ അവർക്കുവേണ്ടി ധാരാളം ചെയ്യുക 

അബൂഹുറൈറ(റ) യിൽ നിന്ന് നിവേദനം നബി (സ) പറഞ്ഞു: ആരെങ്കിലും തന്റെ മാതാപിതാക്കളെയോ രണ്ടിലൊരാളെയോ എല്ലാ വെള്ളിയാഴ്ചയും സിയാറത്ത് ചെയ്താൽ അവന്റെ പാപം പൊറുക്കപ്പെടുകയും അവനെ നല്ലവരിൽ ഏഴുതപ്പെടുകയും ചെയ്യും (ത്വബ്റാനി)



അലി അഷ്‌കർ : 95267 65555   

No comments:

Post a Comment