Monday 6 May 2019

മഴ നീങ്ങിപ്പോകാനുള്ള പ്രാർത്ഥന



മഴക്കു വേണ്ടി പ്രാർത്ഥിക്കാൻ ജനങ്ങളെ ഒരുമിച്ചു കൂട്ടൽ സുന്നത്തുള്ളതുപോലെ മഴ ഒഴിഞ്ഞുപോകാൻ ദുആ ചെയ്യാനും ജനങ്ങളെ സമ്മേളിപ്പിക്കൽ സുന്നത്തുണ്ടോ ? മഴ വർദ്ധിച്ചു ബുദ്ധിമുട്ടുമ്പോൾ 'അല്ലാഹുമ്മ ഹവലൈനാ ലാ അലൈനാ' എന്നു പ്രാർത്ഥിക്കേണ്ടതുണ്ടല്ലോ.ഇതെങ്ങനെയാണു നടത്തേണ്ടതെന്നാണു ചോദ്യം. മഴ നിൽക്കാനാവശ്യപ്പെടുന്ന പ്രാർത്ഥനയിൽ ചുറ്റുഭാഗവും മഴ വർഷിപ്പിക്കാൻ പ്രാർത്ഥിക്കുന്നതെന്തിന് ?


മഴ കൊണ്ടു ബുദ്ധിമുട്ടുകയും നാശങ്ങൾ ഭയപ്പെടുകയും ചെയ്യുമ്പോൾ മഴ ഉയർത്തുവാനായി പ്രാർത്ഥിക്കേണ്ടത് ജുമുഅ: ഖുതുബ, ഖുനൂത്ത്, നിസ്കാരാനന്തരമുള്ള പ്രാർത്ഥനകൾ എന്നിവയിലാണ്. അങ്ങനെയാണു നബി തങ്ങളെത്തൊട്ടു വന്നിട്ടുള്ളത്. ഇതിലപ്പുറം ജനങ്ങളെ സമ്മേളിപ്പിച്ച് പ്രത്യേക സ്ഥലത്തേക്കു പുറപ്പെടലോ നമസ്കാരമോ ഒന്നും ഇതിനായി സുന്നത്തില്ല.

എന്നാൽ, ഇതിനായി തനിച്ചു നമസ്കരിക്കാവുന്നതാണ്.
മഴ വർദ്ധിച്ച അളവിൽ പെയ്യുന്നത് നമുക്കു ബുദ്ധിമുട്ടാണെങ്കിലും മലയോരപ്രദേശങ്ങളിലോ കൃഷിയിടങ്ങളിലോ ഇത് ഉപകാരപ്രദമാകുമല്ലോ.ഇതുകൊണ്ടാണ് 'അല്ലാഹുമ്മ ഹവാലൈനാ...' എന്നു പ്രാർത്ഥിച്ചു കൊണ്ട് മഴയുടെ ഉപദ്രവം തടുക്കാനും പ്രയോജനം നിലനിറുത്താനും ദുആ ചെയ്യണമെന്ന് നബി(സ) തങ്ങൾ പഠിപ്പിച്ചത്.അല്ലാഹുവിൽ നിന്നു വരുന്ന നിഅ്‌മത്തുകൾ കൊണ്ട് എന്തെങ്കിലും വിഷമങ്ങൾ നേരിടുമ്പോളേക്കും അല്ലാഹുവിന്റെ നടപടിയിൽ വെറുപ്പും ദേഷ്യവും തോന്നാതെ അനുഗ്രഹം നിലനിറുത്താനും ബുദ്ധിമുട്ട് ഉയർത്താനും പ്രാർത്ഥിക്കുകയാണു വേണ്ടതെന്നും നബി (സ) ഇതിലൂടെ നമ്മെ പഠിപ്പിക്കുന്നു. തുഹ്ഫ: 3-83.

(മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം ഭാഗം :നാല്, പേജ്: 165.)

No comments:

Post a Comment