Monday 6 May 2019

ഏടുകളിലെ സ്വലാത്ത്‌



നൂറുവക ഏടിലുള്ള 'അഅ്ളമുസ്സ്വലാത്ത്‌' 'കൻജുൽ അർഷ്‌' തുടങ്ങിയവ പതിവായി ചൊല്ലാറുള്ള എന്നോട്‌ ഇതിനൊന്നും യാതൊരു തെളിവുമില്ലെന്ന് ഒരാൾ പറഞ്ഞു. എന്നാൽ ഈ സ്വലാത്തുകളും ഏടിൽ പറഞ്ഞ ഇവയുടെ പോരിശകളും ശരിയായ ഹദീസുകൊണ്ടു സ്ഥിരപ്പെട്ടതാണോ? ഇതിൽ പറഞ്ഞ ഗുണങ്ങൾ കിട്ടുമെന്നു കരുതി ഈ സ്വലാത്തു ചൊല്ലിക്കൂടെയോ?

സ്വലാത്തുകളും മറ്റു ദിക്‌റുകളും ഏതു പദം കൊണ്ടായാലും പ്രതിഫലാർഹവും പുണ്യവുമാണ്‌. നബിയെതൊട്ടു ഹദീസുകളിൽ വന്ന പദങ്ങളാകുന്നതു കൂടുതൽ പുണ്യമാണെന്നു മാത്രം. എന്നാൽ ഏടുകളിലും മറ്റുമുള്ള മിക്ക സ്വലാത്തുകളും ദിക്‌റുകളും ഹദീസുകളിൽ നിന്നോ മഹാന്മാരുടെ വിർദു(പതിവായി ചൊല്ലി വരുന്ന ദിക്‌ർ, ദുആ മുതലായ) കളിൽ നിന്നോ ക്രോഡീകരിക്കപ്പെട്ടവയാണ്‌. തിരുനബി(സ്വ)യുടെയോ മറ്റു പുണ്യാത്മാക്കളുടെയോ തിരുനാവുകളിൽ നിന്നു പുറത്തുവന്ന പദം എന്ന നിലയ്ക്ക്‌ അവയ്ക്കു പ്രത്യേക സ്ഥാനമുണ്ട്‌. നബി(സ്വ) പറഞ്ഞുകൊടുത്ത ഒരു ദിക്‌റിൽ അവിടന്നു പറഞ്ഞുകൊടുത്ത പദം മാറ്റംവരുത്തിയ സ്വഹാബിയോട്‌ അതു തിരുത്താനാവശ്യപ്പെട്ടതായി ഹദീസിലുണ്ട്‌. അത്തരം പദം ശ്രദ്ധിക്കണമെന്ന് ഈ ഹദീസു പഠിപ്പിക്കുന്നു. ഇതുപ്രകാരം തന്നെയാണു മറ്റു പുണ്യാത്മാക്കളുടെ നാവിൽനിന്നു വീണ ദിക്‌റിന്റെയും സ്വലാത്തിന്റെയും പദം മാറ്റാതെ ശ്രദ്ധിക്കുന്നതാണു നല്ലത്‌.
ഇന്ന പദം കൊണ്ടെന്നു വ്യക്തമാക്കാതെ നബി(സ)യുടെ മേൽ സ്വലാത്തു ചൊല്ലാനും അല്ലാഹുവിനെ ദിക്‌റു ചെയ്യാനും വിശുദ്ധ ഖുർആനിലും ഹദീസുകളിലും വ്യക്തമായി കൽപ്പിക്കപ്പെട്ടിരിക്കെ, ഏതുതരം സ്വലാത്തിന്റെയും ദിക്‌റിന്റെയും പദങ്ങൾക്കു തെളിവില്ലെന്നു പറയുന്നതു വിവരക്കേടാണ്‌. ഇത്തരം സ്വലാത്തുകളിൽ നിന്നും മറ്റും സ്ത്രീകളുടെ ശ്രദ്ധ തിരിച്ചു, വ്യർത്ഥമായ കഥകളും നോവലുകളും വായിക്കാൻ പ്രോത്സാഹനം നൽകുന്ന മനുഷ്യപിശാചുക്കളിൽപ്പെട്ട ആരോ ആണ്‌ നിങ്ങളോട്‌ അങ്ങനെ പറഞ്ഞയാൾ എന്നു മനസ്സിലാക്കണം. അത്തരക്കാരെ സൂക്ഷിക്കുക.

(പുസ്തകം: പ്രശ്നോത്തരം ഭാഗം 1, പേജ്‌:33-34)

No comments:

Post a Comment