Thursday 23 May 2019

ഇനി പറയൂ, പ്രപഞ്ചത്തിന് സ്രഷ്ടാവില്ലെന്ന്!

 

പ്രപഞ്ചത്തിന് സ്രഷ്ടാവുണ്ടോ എന്ന സംശയത്തിന് മൂസാനബി(അ) ഒറ്റവാക്കില്‍ ഉത്തരം പറഞ്ഞിട്ടുണ്ട്. നിര്‍ണായകമായിരുന്നു ആ സംസാരവും അവസരവും. മൂസാനബി(അ)യും യഥാര്‍ത്ഥ ദൈവത്തെ നിഷേധിക്കുകയും സ്വയം ദൈവാഭിനയം നടത്തുകയും ചെയ്യുന്ന ഫറോവയും തമ്മില്‍ നടന്ന ചരിത്ര പ്രസിദ്ധമായ വാദപ്രതിവാദം. ആ സംവാദത്തിന്‍റെ പശ്ചാത്തലവും മൂസാ നബി(അ)ന്‍റെ ഒരുക്കവും മുന്‍കരുതലുകളും ഫറോവയുടെ ചോദ്യവും മൂസാ നബിയുടെ മറുപടിയും പ്രേക്ഷകരുടെ നിലപാടും ഖുര്‍ആന്‍ ആധികാരികമായി വ്യക്തമാക്കുന്നുണ്ട്. ഏത് നാസ്തികനെയും നിലംപരിശാക്കാനും സാധാരണക്കാര്‍ മുതല്‍ വലിയ ബുദ്ധിശാലികള്‍ വരെയുള്ളവര്‍ക്കെല്ലാം ദൈവാസ്തിക്യം ബോധ്യപ്പെടാനും സരളവും സമ്പൂര്‍ണവുമായ രീതിയിലുള്ള ആവിഷ്കാരമാണ് ഖുര്‍ആന്‍ നടത്തുന്നത്.

അല്ലാഹു മൂസാ നബി(അ)നെ പ്രവാചകനായി തിരഞ്ഞെടുത്ത ശേഷം സ്രഷ്ടാവിനെ നിഷേധിക്കുകയും സ്വന്തമായി ദിവ്യത്വം വാദിച്ച് അഹങ്കരിക്കുകയും ചെയ്യുന്ന ഫറോവയുടെ അടുക്കലേക്ക് സത്യത്തിന്‍റെ വെളിച്ചം പകരാന്‍ മൂസാ(അ)നോട് അവന്‍ കല്‍പിച്ചു. ഫറോവയെ അഭിമുഖീകരിക്കുന്നതിന് മുമ്പുതന്നെ ആവശ്യമായതെല്ലാം മൂസാ നബി(അ) അല്ലാഹുവിനോട് ചോദിച്ചുവാങ്ങിയിട്ടുണ്ട്. ഹൃദയ വിശാലത, സരളമായി സംസാരിക്കാനുള്ള കഴിവ്, സംസാര വൈഭവം കൂടുതലുള്ള സഹോദരനെ കൂട്ടിന് അയച്ചുതരിക എന്നിവയായിരുന്നു അവ.

‘എന്‍റെ രക്ഷിതാവേ, നീ എനിക്ക് ഹൃദയവിശാലത നല്‍കേണമേ, എനിക്കെന്‍റെ കാര്യം നീ എളുപ്പമാക്കിത്തരേണമേ, ജനങ്ങള്‍ എന്‍റെ സംസാരം മനസ്സിലാക്കുന്നതിനായി  നാവില്‍ നിന്ന് വിക്ക് മാറ്റിത്തരേണമേ, എന്‍റെ കുടുംബത്തില്‍നിന്ന് സഹോദരന്‍ ഹാറൂനെ എനിക്ക് നീ സഹായിയായി ഏര്‍പ്പെടുത്തുകയും ചെയ്യേണമേ’ (വി.ഖു 20:2530).

സമ്പൂര്‍ണ ഒരുക്കത്തോടെയാണ് മൂസാനബി(അ) കടന്നുചെല്ലുന്നത്. ഫറോവയുടെ അടുത്തേക്ക് ചെല്ലുമ്പോള്‍ പ്രതീക്ഷിക്കാവുന്ന ഏറ്റവും ആദ്യത്തെ ചോദ്യം ‘നിങ്ങളുടെ റബ്ബ് ആരാണ്?’ എന്നതുതന്നെയായിരിക്കും. പ്രതീക്ഷിച്ച പോലെ ഫറോവ ചോദ്യം തുടങ്ങി. ‘നിങ്ങളുടെ രക്ഷിതാവ് ആരാണ്? ഫറോവക്ക് മാത്രമല്ല, സകല നിരീശ്വരവാദികള്‍ക്കും മതമില്ലാത്തവര്‍ക്കും മതവിശ്വാസികളില്‍ തന്നെ സ്രഷ്ടാവിന് സ്ഥലം, കാലം, അവയവങ്ങള്‍, അവതാരങ്ങള്‍ തുടങ്ങിയവ സങ്കല്‍പ്പിക്കുന്നവര്‍ക്കും സമ്പൂര്‍ണ മറുപടി മൂസാ(അ) നല്‍കുകയുണ്ടായി.

നിശ്ചിതസ്ഥലത്ത് ഇരിക്കുന്നവനെന്നോ മറ്റേതെങ്കിലും സൃഷ്ടികളുടെ രൂപം പ്രാപിച്ച് പ്രത്യക്ഷപ്പെടുന്നവനെന്നോ അല്ല. മറിച്ച് ‘എല്ലാ സൃഷ്ടികള്‍ക്കും അവയ്ക്ക് അനുയോജ്യമായ സൃഷ്ടിപ്പ് നല്‍കുകയും തുടര്‍ന്ന് വഴി കാണിക്കുകയും ചെയ്തവനാണ് ഞങ്ങളുടെ രക്ഷിതാവ്’ (വി.ഖു 20:50).

ഏതു സ്ഥലത്തും ധിക്കാരത്തോടെ പ്രതികരിക്കുന്ന ഫറോവയുടെ മുഖത്തടിച്ചു ഈ മറുപടി. ഒരക്ഷരം മിണ്ടാതെ അയാള്‍ അടുത്ത ചോദ്യം ചോദിച്ചു: ‘എങ്കില്‍ മുന്‍ഗാമികളുടെ അവസ്ഥ?’ ഫറോവയുടെ രണ്ടാം ചോദ്യത്തില്‍ ലക്ഷ്യമാക്കുന്നത് ഉത്തരമല്ല, മറിച്ച് ആദ്യ മറുപടിയിലെ വിഷയത്തില്‍ നിന്നുള്ള ഒഴിഞ്ഞു മാറ്റമാണ്. ഖുര്‍ആന്‍ വ്യാഖ്യാതാക്കളിലെ കുലപതി ഇമാം റാസി(റ) വിശദീകരിക്കുന്നതിങ്ങനെ: പ്രാപഞ്ചിക ലക്ഷ്യങ്ങളെ നിരത്തി അവതരിപ്പിച്ച മൂസാ(അ)ന്‍റെ സുവ്യക്തമായ മറുപടിയില്‍ സ്പര്‍ശിച്ചാല്‍ ചുറ്റും കൂടിയ ആളുകള്‍ക്കിടയില്‍ ഇളിഭ്യനാവേണ്ടിവരുമെന്ന് ബോധ്യമായപ്പോള്‍ വിഷയം മാറ്റി അടുത്ത ചോദ്യം കൊളുത്തി ചരിത്രത്തിലേക്ക് വഴിതിരിച്ചുവിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ച ഫറോവയെ മൂസാ(അ) മറുപടിയില്‍ വീണ്ടും പിടികൂടി (22/58).

ചരിത്രം ചോദിച്ചതിന് മറുപടിയായി പ്രതികരിച്ചത് പ്രാപഞ്ചിക രഹസ്യങ്ങളില്‍ നിന്ന് സ്രഷ്ടാവിലേക്ക് എന്ന ആശയത്തിലൂന്നിയ മറുപടി തന്നെ: ‘അവരെക്കുറിച്ച് എന്‍റെ രക്ഷിതാവിനറിയാം. അവന്‍ മറക്കുകയോ പിഴക്കുകയോ ഇല്ല. നിങ്ങള്‍ക്കുവേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും നിങ്ങള്‍ക്ക് അതില്‍ വഴികള്‍ ഏര്‍പ്പെടുത്തിത്തരികയും ആകാശത്തില്‍ നിന്ന് വെള്ളം ഇറക്കിത്തരികയും ചെയ്തവനാണ് അവന്‍’ (വി.ഖു 20:52,53).

ദൈവാസ്തിക്യത്തെ തെളിയിക്കുന്ന കിടിലന്‍ മറുപടിയാണ് ആദ്യത്തേത്. അഥവാ  ഓരോന്നിനും അനുയോജ്യമായ ശാരീരിക ഘടനയില്‍ സൃഷ്ടിച്ച് ആവശ്യമായവയിലേക്കെല്ലാം വഴി കാണിച്ചുനല്‍കുന്നവനെന്ന പരിചയപ്പെടുത്തല്‍.

പ്രപഞ്ചത്തിലെ അഖില വസ്തുക്കളിലും ഇവ വ്യക്തമായി ദര്‍ശിക്കാനാകും. ഇവയെ മനസ്സിരുത്തി ചിന്തിക്കുന്ന ഏതൊരാള്‍ക്കും സ്രഷ്ടാവിനെ നിഷേധിക്കാനുമാവില്ല. മൂസാ(അ) പരിചയപ്പെടുത്തിയ, ഓരോ വസ്തുവിനും യോജിച്ച സൃഷ്ടിപ്പ് നല്‍കുന്നതും  വഴികാണിക്കുന്നതും വ്യത്യസ്തവും അത്ഭുതകരവുമായ മഹാസംഭവമായി നമുക്ക് മനസ്സിലാക്കാനാവും.


 ബീജങ്ങള്‍ പറയുന്ന സ്രഷ്ടാവ്

ഒരു പുരുഷന്‍റെ ശുക്ല സ്രാവത്തില്‍ 150 മുതല്‍ 600 മില്ല്യന്‍ വരെ ബീജങ്ങള്‍ അടങ്ങിയിട്ടുണ്ട്. സ്ത്രീകള്‍ക്കുള്ളില്‍ തയ്യാറാക്കിയ അണ്ഡത്തെ സമയമാകുമ്പോള്‍ ഓടിപ്പിടിക്കുക എന്നതാണ് അല്ലാഹു അവയ്ക്ക് നല്‍കിയ ചുമതല. ചുമതല നല്‍കുക മാത്രമല്ല ചെയ്തത്, നിര്‍വഹണത്തിന് പാകമായ രീതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഘടനയും നല്‍കുകയുണ്ടായി. മണിക്കൂറില്‍ 28 മൈല്‍ വേഗതയില്‍ പുറത്തേക്കെറിയപ്പെടുന്ന  ജീവഹേതുവായ  ബീജങ്ങള്‍ക്ക്   മാതാവിന്‍റെ ജനനേന്ദ്രിയത്തിലൂടെ മത്സരിച്ച് നീന്താന്‍ പറ്റിയ രീതിയില്‍ തല, കഴുത്ത്, മധ്യഭാഗം, വാല്‍ എന്നിവ നല്‍കി. ആത്മാവ് ലഭിച്ചിട്ടില്ലാത്ത ഈ ബീജങ്ങള്‍ക്ക് മത്സരിച്ചു നീന്താന്‍ പറ്റിയ കഴുത്തും വാലും തല്‍സമയം ജനനേന്ദ്രിയത്തില്‍ ആവശ്യത്തിന്  ജലകണികകളും സൃഷ്ടിച്ചവനാണ് മൂസാ നബി(അ) പറഞ്ഞ നമ്മുടെ രക്ഷിതാവ്. മാത്രമല്ല, കണ്ണോ മൂക്കോ ചെവിയോ ഇല്ലാതെ ഇരുട്ടില്‍ തപ്പി അണ്ഡത്തെ തേടിപ്പിടിക്കാനും തുടര്‍ന്ന് ആ അണ്ഡവുമായി ഗര്‍ഭാശയത്തിലേക്ക് നീങ്ങാനും ആരാണ് വഴി കാണിച്ചു കൊടുത്തത്? മറുപടി മൂസാ നബി(അ) പറഞ്ഞുകഴിഞ്ഞു.

150 മുതല്‍ 600 മില്ല്യന്‍ വരെയുള്ള ബീജങ്ങളില്‍ ബാക്കിയുള്ളവരെവിടെ? സ്വാഭാവികമായും സംശയമുണ്ടാകും. അവരെല്ലാം മത്സരയോട്ടത്തില്‍ പിറകിലായി അണ്ഡത്തെ ലഭിക്കാതെ അവസാനം രക്തത്തില്‍ കലര്‍ന്നു. അവര്‍ക്കെല്ലാം ഓരോരോ അണ്ഡത്തെ സ്രഷ്ടാവ് നല്‍കിയിരുന്നെങ്കിലോ? ഒരു ദിവസം കൊണ്ട് ഭൂമി നിറഞ്ഞുകവിയും. ഈ ജീവഹേതുവിന് ആവശ്യാനുസരണം അത്ഭുതകരമായ സൃഷ്ടിപ്പ് നല്‍കി പരിപൂര്‍ണ ശിശുവാകുന്നത് വരെ പ്രത്യേക കുഴലിലൂടെ ആഹാരം നല്‍കി വളര്‍ത്തിക്കൊണ്ടുവന്ന സ്രഷ്ടാവിനെ എങ്ങനെ അംഗീകരിക്കാതിരിക്കും?

പ്രസവസമയത്തെ രക്ഷിതാവിന്‍റെ വഴികാട്ടല്‍ അതിലേറെ ആശ്ചര്യപ്പെടുത്തുന്നതാണ്. വളര്‍ച്ചയെത്തിയ ഭ്രൂണത്തിന്  പുറത്തു ചാടണം. ആര് വഴി കാണിക്കും? വഴികാണിച്ചാല്‍ മാത്രം പോരാ, ആവരണങ്ങള്‍ തള്ളിമാറ്റണം, പോകുന്ന വഴിയിലുടനീളം സകല ഗൈറ്റുകളും തുറന്നിടണം, തല കീഴ്പ്പോട്ടാക്കി കുത്തനെ ഇറങ്ങണം, വഴി മുഴുവനായും മിനുസപ്പെടുത്തണം. രാഷ്ട്രപതിയുടെ വരവിനുള്ള ഒരുക്കത്തെക്കാള്‍ ഗംഭീരമായ സജ്ജീകരണം തന്നെ വേണം.

എല്ലാറ്റിനുമൊടുവില്‍ പടച്ചവന്‍ പുറത്തേക്ക് വിളിക്കുമ്പോള്‍ ഗര്‍ഭാശയത്തിലേയും വഴിയിലേയും പേശികള്‍ ഒത്തുപിടിച്ച് കുട്ടിയെ പുറത്തേക്ക് തള്ളിവിടുന്നു. ഇതെല്ലാം ആകസ്മികമാണെന്ന് പറയാനാര്‍ക്ക് കഴിയും?!


പ്രജനന പ്രക്രിയയിലെ വഴികാട്ടല്‍

മൂസാ നബി(അ)യുടെ സംഭവം വിവരിച്ച പ്രസ്തുത ആയത്തില്‍ വഴികാണിക്കുന്നവനായ രക്ഷിതാവ് എന്നതിന് ഏതൊരു ഇണക്കും അവയുടെ തുണയിലേക്ക് വഴി കാണിക്കുന്നവന്‍ എന്ന പ്രത്യേക അര്‍ത്ഥമാണ് ഇബ്നു അബ്ബാസ്(റ) നല്‍കിയത്.

മനുഷ്യനും ഇതര ജീവികളും വംശനാശം വന്നുഭവിക്കാതെ തലമുറകളായി ഭൂമിയില്‍ അവശേഷിക്കാന്‍ അല്ലാഹുവിന്‍റെ സമഗ്രമായ വഴികാട്ടല്‍ പ്രക്രിയയിലെ പ്രധാന ഭാഗമാണ് ആണ്‍-പെണ്‍ വര്‍ഗങ്ങള്‍ തമ്മിലുള്ള ലൈംഗിക ആകര്‍ഷണം. അതിനാല്‍ സന്താനോല്‍പാദനത്തിന് വേണ്ടി സ്വജീവി വര്‍ഗത്തോട് കടപ്പാട് നിറവേറ്റാന്‍ മനസ്സ് വെക്കാത്തവനും അല്ലെങ്കില്‍ അതറിയാത്ത ജീവികളും ലൈംഗിക താല്‍പര്യങ്ങള്‍ക്ക് അടിമപ്പെട്ട് പ്രജനനം സുഖമമാക്കുന്നു.

ആ വഴിയൊരുക്കല്‍ പദ്ധതിയുടെ ഭാഗമായി ശരീരം പക്വതയെത്തുമ്പോള്‍ പ്രത്യേക ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുകയും എതിര്‍ലിംഗത്തെ സ്വന്തം കണ്ണില്‍ സൗന്ദര്യമായി തോന്നുകയും ചെയ്യുന്നു. സ്രഷ്ടാവിന്‍റെ പദ്ധതി ഇക്കാലം വരെ പാളിയിട്ടില്ല. പരസ്പരം ആകര്‍ഷണം നല്‍കി ഇണകളെ കഷ്ടപ്പെടുത്തുകയല്ല ചെയ്തത്. അവരുടെ ഇണചേരല്‍ കര്‍മത്തിന് ഉചിതമായ കേന്ദ്രങ്ങളും അവക്കൊപ്പിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ അവയവങ്ങളും നല്‍കി.

ജനിച്ച ഉടനെ നാല് കാലില്‍ നില്‍ക്കാനും ഇണയുടെ മേല്‍ കയറാനും ശ്രമിക്കുന്ന ആട്ടിന്‍കുട്ടിയെ കണ്ടിട്ടില്ലേ. ആരു പറഞ്ഞുകൊടുത്തു ഇവിടെയാണ് ലൈംഗിക ഇടപെടലുകളുടെ മേഖലയെന്ന്? സസ്യങ്ങളിലെ വഴികാട്ടല്‍ രീതി ഇതിലേറെ അതിശയിപ്പിക്കുന്നതാണ്. വേരുകള്‍ക്ക് ജലാംശമുള്ള സ്ഥലത്തേക്കും ഇലകള്‍ക്ക് സൂര്യ പ്രകാശത്തിലേക്കും വഴികാണിച്ച സ്രഷ്ടാവ്, സസ്യങ്ങളില്‍ പ്രജനന പദ്ധതി ആസൂത്രണം ചെയ്തത് വിസ്മയിപ്പിക്കുന്ന രീതിയിലാണ്.

പ്രജനനത്തിന് പ്രധാനമായും വിത്ത് വേണം. വിത്ത് നിര്‍മിക്കാന്‍ കായ വേണം. കായ ലഭിക്കാന്‍ പരാഗണം നടക്കണം. പരാഗണം നടത്താന്‍ സസ്യജാലങ്ങള്‍ മാത്രം കരുതിയത് കൊണ്ടായില്ല. പിന്നെ? ചലിക്കാന്‍ കഴിവുള്ളവര്‍ മനസ്സുവെക്കണം, പൂമ്പൊടി കൊണ്ടുപോകാന്‍ തയ്യാറാകണം. ശ്രദ്ധ പിടിച്ചുവാങ്ങുന്ന ഭംഗിയില്‍ പൂക്കള്‍ നിര്‍മിച്ച് അവകളില്‍ തേനൊഴിച്ച് തേനീച്ച പോലുള്ള പ്രാണികളെ ആകര്‍ഷിക്കണം. തേന്‍ അന്വേഷിച്ചു വരുന്നവരുടെ കയ്യിലും കാലിലും പൂമ്പൊടി കയറ്റി മറ്റു പുഷ്പങ്ങളിലേക്കയക്കണം. താളം പിഴക്കാത്ത പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ പരാഗണം നടന്ന് വിത്ത് രൂപാന്തരപ്പെടുന്നു.

മരത്തേക്കാള്‍ വലിയ അത്ഭുതങ്ങളടങ്ങിയിരിക്കുന്നത് വിത്തുകളുടെ ഘടനയിലും അവയുടെ വിതരണത്തിലുമാണ്. വിത്തുകള്‍ക്ക് അല്ലാഹു നല്‍കിയ രൂപങ്ങളും അവരുടെ വിതരണത്തിന് സസ്യങ്ങള്‍ക്ക് കാണിച്ചുകൊടുത്ത വ്യത്യസ്ത മാര്‍ഗങ്ങളും മനസ്സിലാക്കുമ്പോഴാണ് കണ്ണും കാതും ഖല്‍ബും നല്‍കി നമ്മെ ഭൂമിയിലേക്ക് പറഞ്ഞുവിട്ടതിന്‍റെ അര്‍ത്ഥം കണ്ടെത്തുക. അതായത്, അത്യത്ഭുത ആസൂത്രണത്തിന്‍റെ പിന്നാമ്പുറങ്ങളിലെ അതുല്യ ശക്തിയെ അറിയാനും ആരാധിക്കാനും തന്നെയാണ് ഈ ജന്മമെന്നത് ആരും സമ്മതിച്ചുപോകും.

മാമ്പഴം തിന്നാത്തവരും കാണാത്തവരുമുണ്ടാകില്ല. മണം, നിറം, രുചി ഇവ മൂന്നുകൊണ്ടും മാമ്പഴം ആകര്‍ഷണീയംതന്നെ. വില്‍ക്കാന്‍ വച്ച മാമ്പഴത്തിന് സമീപത്തുകൂടെ കടന്നുപോകുമ്പോള്‍ അതിന്‍റെ മണവും നിറവും മാത്രം മനസ്സിലാക്കിയതിനാല്‍ വായില്‍ വെള്ളമൂറി അടക്കാനാവാത്ത ആഗ്രഹത്താല്‍ നാം അത് വാങ്ങിപ്പോകുന്നു. ഒരു വാഹനത്തില്‍ വില്‍ക്കാന്‍ വച്ച മാമ്പഴങ്ങള്‍ മണിക്കൂറുകള്‍ക്കകം വിറ്റഴിഞ്ഞ് വിവിധ പ്രദേശങ്ങളിലെ നിരവധി വീടുകളില്‍ എത്തിച്ചേരുന്നു. മാമ്പഴത്തിന്‍റെ ഉള്ളിലൊളിപ്പിച്ച വിത്തും മാങ്ങയോടൊപ്പം സഞ്ചരിക്കുന്നുണ്ട്. മാമ്പഴം കേടുവന്നാലും നിലത്തുവീണ് പൊട്ടിപ്പൊളിഞ്ഞാലും മാങ്ങയണ്ടിക്ക് കേടുപാടുകളൊന്നും സംഭവിക്കില്ല. കാരണം മാങ്ങ വിത്ത് വിതരണമാണ് മാവിന്‍റെ പ്രധാനപ്പെട്ട ഒരു ലക്ഷ്യം.

പഴുത്ത് തുടുത്ത് നില്‍ക്കുന്ന ഒരു മാമ്പഴം കിലോമീറ്ററുകള്‍ക്കപ്പുറത്ത് നിന്ന് പക്ഷികളെ ആകര്‍ഷിക്കുന്നു. മാമ്പഴം എടുത്തു കൊണ്ടുപോകാന്‍ അവ വരുന്നു. കൊത്തുമ്പോള്‍ തന്നെ മാങ്ങയുടെ കണ്ണി അറ്റു കൊടുക്കുന്നു. എവിടെ വച്ചെങ്കിലും തിന്ന് അണ്ടി തിന്നാനാവാതെ ഒഴിവാക്കുന്നു. എല്ലാം ആസൂത്രിതം! വളര്‍ച്ചയെത്തിയ മാവ് അതിന്‍റെ സന്താനോല്‍പാദനത്തിന് ആരൊക്കെയാണ് പണിയെടുപ്പിച്ചത്? തേനീച്ചകള്‍, പൂമ്പാറ്റകള്‍, വീട്ടുടമസ്ഥന്‍, കച്ചവടക്കാര്‍, മാങ്ങ വഹിച്ചു കൊണ്ടുപോകുന്ന വാഹനങ്ങള്‍, തൊഴിലാളികള്‍, അത് വാങ്ങി വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്ന സാധാരണക്കാര്‍, സ്ത്രീകള്‍, കുട്ടികള്‍, പണ്ഡിതന്മാര്‍, പ്രധാനമന്ത്രി, ജഡ്ജിമാര്‍… ഇങ്ങനെ പോകുന്നു ഈ നിര. കൂടാതെ പക്ഷികളും മറ്റു ജീവികളും.

ഇളകാനാവാത്ത, പ്രതികരിക്കാനാവാത്ത മാവ് ഭൂമിയിലെ സകലരെയും പണിയെടുപ്പിച്ചത് വെറുതെയല്ല. അര്‍ഹമായ കൂലി, പ്രവര്‍ത്തന കഴിവും മികവും തോതുമനുസരിച്ച് ഓരോരുത്തര്‍ക്കും നല്‍കിയിട്ടുമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, കായ്ഫല പ്രായമെത്തിയ ഒരു മാവിന് ഏകദേശം പത്തു വര്‍ഷംകൊണ്ട് ഒരു നാടിന്‍റെ മുഴുവന്‍ ഭാഗങ്ങളിലും തന്‍റെ സന്താനങ്ങളെ നിരത്തി ചാരിതാര്‍ത്ഥ്യത്തോടെ തലയുയര്‍ത്തി നില്‍ക്കാനാകും. അര നൂറ്റാണ്ടു കാലം പ്രജനനം തുടര്‍ന്ന മുത്തശ്ശി മരങ്ങളുടെ അഭിമാനം കുറച്ചൊന്നുമായിരിക്കില്ല.

മാമ്പഴത്തില്‍ ചേര്‍ത്ത രുചിയും മണവും നിറവും മറ്റു പോഷകങ്ങളും ജീവജാലങ്ങളെ ആകര്‍ഷിക്കാന്‍ പര്യാപ്തമാണെന്ന് കണ്ണോ മൂക്കോ നാക്കോ ഇല്ലാത്ത ഈ വൃക്ഷങ്ങള്‍ തിരിച്ചറിഞ്ഞതെങ്ങനെ? എല്ലാ വൃക്ഷങ്ങളും പങ്കു ചേര്‍ന്ന ചര്‍ച്ചയില്‍ ഉള്‍ത്തിരിഞ്ഞ് വന്ന അഭിപ്രായമാണോ ഇത്? ഉയര്‍ന്ന വിദ്യാഭ്യാസമുള്ളയാള്‍ക്കു തന്നെ ഇങ്ങനെ കുറ്റമറ്റ രീതിയില്‍ ഒരു വിതരണ ശൃംഖല സ്ഥാപിക്കാനാകുമോ? ഇത് മാവിന് സ്രഷ്ടാവ് പഠിപ്പിച്ചുകൊടുത്ത തന്ത്രം മാത്രം!

സ്രഷ്ടാവ് കാണിച്ചുകൊടുത്ത വ്യത്യസ്തങ്ങളായ വിത്ത് വിതരണ രീതികള്‍ ഫറോവക്ക് നല്‍കിയ മൂസാ നബി(അ)യുടെ മറുപടി കൂടുതല്‍ ചിന്തിപ്പിക്കുന്നു. പുളിയും മധുരവും നല്‍കി മാത്രമല്ല വിത്തുവിതരണം. മനുഷ്യന്‍ പഴയതും പുതിയതുമായി കണ്ടെത്തിയ എല്ലാ യാത്രാ മാര്‍ഗങ്ങളും സ്വീകരിക്കുന്നുണ്ട്. അപ്പൂപ്പന്‍താടിയും ഉന്നക്കായയില്‍ നിന്നു തെറിക്കുന്ന പഞ്ഞിയും ഒരു വിത്തും വഹിച്ചു പറന്നു പോകുന്നത് കണ്ടിട്ടില്ലേ? ഇതാണ് വിത്തു വിതരണത്തിലെ വ്യോമയാന മോഡല്‍.

തേങ്ങയുടെ നിര്‍മാണത്തിലെ എഞ്ചിനീയറിങ് ചിന്തിച്ചാല്‍ പതിനായിരങ്ങള്‍ വിലയുണ്ടതിന്. തേങ്ങ വെള്ളത്തിലാണ്ടു പോകാതെ ഏറെ ദിവസം സഞ്ചരിക്കും. വെള്ളത്തില്‍ വച്ച് മുളക്കുകയുമില്ല. എവിടെയെങ്കിലും കരക്കടുത്താല്‍ ദിവസങ്ങള്‍ക്കകം മുളക്കും.

ജോലിക്ക് വേണ്ടി വിദേശത്തേക്ക് പോകുന്ന മകന്‍റെ കയ്യില്‍ ചെലവിനെന്ന് പറഞ്ഞ് പിതാവ് അല്‍പം തുക കൊടുക്കാറുണ്ട്. ജോലി ലഭിച്ച് നിശ്ചിത ദിവസം കഴിയണമല്ലോ വേതനമെന്തെങ്കിലും ലഭിക്കാന്‍. അത് പോലെ ഭൂമിയില്‍ നിന്ന് ആഹാരം സമ്പാദിക്കാന്‍ കഴിവുണ്ടാകും വരെ മുളച്ച് പൊങ്ങിയ തെങ്ങിന്‍ തൈക്ക് ജീവിതം കഴിയാന്‍ കുറച്ച് ആഹാരം സ്രഷ്ടാവ് പൊതിഞ്ഞ് കൊടുത്തതാണ് തേങ്ങക്കുള്ളിലുള്ളത്. തുല്ല്യതയില്ലാത്ത തേങ്ങക്കുള്ളിലുള്ള വഴികാട്ടല്‍! തേങ്ങയുടെ ചകിരിയാണ് ഭൂമിയില്‍ വെക്കുന്നത്. അപ്പോഴേക്കും ഉള്‍ഭാഗത്ത് നിന്ന് ഭൂമിയന്വേഷിച്ച് വേരും സൂര്യപ്രകാശമന്വേഷിച്ച് കാണ്ഡവും പുറപ്പെട്ടു. വഴികാണിക്കല്‍ പദ്ധതിയിലെ വ്യത്യസ്ത മോഡലുകള്‍ എന്നല്ലാതെ ഇതിനെ യൊക്കെ എങ്ങനെ നിര്‍വചിക്കും?


പക്ഷികളുടെ സഞ്ചാരം

ആരെയും ആശ്ചര്യപ്പെടുത്തുന്നതും നിരീശ്വരവാദികള്‍ക്ക് ഒരു കീറാമുട്ടിയുമാണ് പക്ഷികളുടെ ദേശാടനം. ദേശാടനക്കിളികളുടെ ശാരീരിക സ്വഭാവങ്ങളും ദേശാടന മികവും തിരിച്ചറിഞ്ഞ ഒരാള്‍ക്ക് ദൈവനിഷേധം സാധ്യമല്ല. ഉദാഹരണത്തിന് ചില ദേശാടനപക്ഷികളെ നമുക്ക് പരിചയപ്പെടാം.


വരവാലന്‍ ഗോഡ്വീറ്റ് (Bartailed God Wit)

അലാസ്കയില്‍ ജനിച്ചുവളരുന്ന ഈ പക്ഷി വിശ്രമമില്ലാതെ ലോകത്തേറ്റവും കൂടുതല്‍ പറക്കുന്ന സഞ്ചാരിയാണ്. അലാസ്കയില്‍ നിന്ന് ന്യൂസിലാന്‍റിലേക്ക് പതിനൊന്നായിരം കിലോമീറ്റര്‍ പരന്നുകിടക്കുന്ന ശാന്തസമുദ്രം വിട്ടുകടന്നെത്തുന്നു. ലക്ഷ്യസ്ഥാനത്തെത്താന്‍ അവയ്ക്ക് വേണ്ട സമയം ആറ് മുതല്‍ എട്ട് വരെ ദിവസങ്ങള്‍. ശാന്തസമുദ്രത്തില്‍ വഴിയറിയാന്‍ എന്ത് അടയാളമാണ് നമ്മുടെ അറിവിലുള്ളത്. അഞ്ചാറു ദിവസങ്ങള്‍ കരയോ വാഹനങ്ങളോ ഒന്നുമില്ലാതെ ഊണും ഉറക്കവും ത്യജിച്ച് സഞ്ചരിക്കാന്‍ ആരോ നിര്‍ദേശം നല്‍കുന്നുണ്ട്.

പത്തും പതിനഞ്ചും മണിക്കൂര്‍ നിര്‍ത്താതെ പറക്കുന്ന വിമാനങ്ങള്‍ വലിയ തോതില്‍ ഇന്ധനം സ്റ്റോക്ക് ചെയ്യാറുണ്ടല്ലോ. എന്നാല്‍ ഈ പക്ഷികളുടെ എഞ്ചിനീയര്‍ പരമ നിപുണനാണ്. അവ യാത്ര തിരിക്കുന്നതിനു മുമ്പ് ധാരാളം ആഹരിച്ച് ശരീരഭാരം ഇരട്ടിയാക്കുന്നു. യാത്രയിലുടനീളം ആവശ്യം വരുന്ന ആഹാരം സ്റ്റോക്ക് ചെയ്യുന്ന പക്ഷിക്ക് ആറ് മുതല്‍ എട്ട് വരെ ദിവസങ്ങള്‍ താണ്ടണമെന്ന്, അതിനാവശ്യമായ ഭക്ഷണം ശേഖരിക്കണമെന്ന് ആരാണ് നിര്‍ദേശം നല്‍കിയത്!

ആവശ്യങ്ങള്‍ ഉണ്ടായപ്പോള്‍ വേണ്ടരീതിയില്‍ ശരീരാകൃതി പരിണമിച്ചതാണെന്ന ഡാര്‍വിന്‍റെ ജീവനില്ലാത്ത പരിണാമസിദ്ധാന്തത്തെ ഈ പക്ഷികള്‍ തകര്‍ത്തെറിയുന്നു. പരിണാമം പറഞ്ഞ് പെട്ട ഡാര്‍വിന് ഇത്തരം പക്ഷികള്‍ക്ക് പതിനൊന്നായിരം കിലോമീറ്റര്‍ അപ്പുറത്ത് സുഖമമായ വാസസ്ഥലമുണ്ടെന്ന അറിവ് ലഭിച്ചതിനെക്കുറിച്ച് ആലോചിക്കാന്‍ പോലുമാവില്ല.


ആര്‍ട്ടിക് ടേണ്‍ (Artictern)

ലോകത്തില്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്ന ദേശാടകരിലെ സമര്‍ത്ഥനാണ് ആര്‍ടിക് ടേണ്‍ എന്ന കടല്‍പക്ഷി. വര്‍ഷത്തില്‍ ഇരുപത്തയ്യായിരം മൈലുകള്‍ (40325 കി.മി) സഞ്ചരിക്കുന്നു. ആര്‍ട്ടിക് (ഉത്തര ധ്രുവം) പ്രദേശങ്ങളായ ഐസ്ലാന്‍ഡ്, ബ്രിട്ടന്‍റെ വടക്കു ഭാഗം തുടങ്ങിയ സ്ഥലങ്ങളില്‍ മുട്ടയിട്ട് കുഞ്ഞുങ്ങളെ വളര്‍ത്തി വേനല്‍ അവസാനിക്കാറാകുമ്പോള്‍ അന്‍റാര്‍ട്ടിക്ക(ദക്ഷിണ ധ്രുവം)യിലേക്ക് യാത്ര തിരിക്കും. അപ്പോഴേക്കും അന്‍റാര്‍ട്ടിക്കയില്‍ കാലാവസ്ഥ ഗ്രീഷ്മമായിരിക്കും. ആര്‍ടിക് ടേണുകള്‍ ഏതു കാലത്തും ഗ്രീഷ്മ കാലാവസ്ഥ ആസ്വദിക്കുന്നവരാണ്. അതിസാഹസിക യാത്രക്കനുയോജ്യമായ നീണ്ട ചിറകുകള്‍, പ്രത്യേകതരം വാലുകള്‍ തുടങ്ങിയവ സജ്ജീകരിച്ച ആര്‍ടിക് ടേണ്‍ അന്‍റാര്‍ട്ടിക്കയിലെത്തിയാല്‍ തൂവലുകള്‍ പൊഴിച്ച് പുതിയ ചിറകുകള്‍ക്ക് കാത്തിരിക്കുന്നു. ഭൂമിയുടെ രണ്ടറ്റവും ഇവര്‍ക്ക് സ്വന്തം!

ഭൂമിയുടെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സഞ്ചരിക്കാന്‍  ആവശ്യമായതെല്ലാം ഉണ്ടെങ്കിലും ജനിച്ച നാടിന്‍റെ പേരോ ജനസംഖ്യയോ വിലപിടിപ്പുള്ള വസ്തുക്കളെക്കുറിച്ചോ രത്നങ്ങളെ സംബന്ധിച്ചോ മറ്റു പക്ഷികള്‍ വിദഗ്ധമായി വീടുവെക്കുന്ന പോലെ വീടുണ്ടാക്കാനോ അവയ്ക്കറിയില്ല. ലോക സഞ്ചാരപഥങ്ങളും ദിശകളും അവര്‍ ചിന്തിച്ചെടുത്തതോ വായിച്ചു മനസ്സിലാക്കിയതോ അല്ലെന്ന് സുവ്യക്തം. ലളിതമായ വിഷയങ്ങളില്‍ വിഡ്ഢികളായ ഇവര്‍ സങ്കീര്‍ണമായ വിഷയങ്ങളില്‍ വിദഗ്ധരാണ്. ഉറക്കം പോലും പറക്കലിനിടയിലായിട്ടും വഴി തെറ്റാതെ ലക്ഷ്യസ്ഥാനത്തെത്തുന്നവര്‍.


ബാര്‍ഹെഡഡ് ഗൂസ് - (Barheaded Goose)

മധ്യേഷ്യയില്‍ മുട്ടയിട്ട് കുഞ്ഞുങ്ങളെ വളര്‍ത്തി തണുപ്പുകാലത്ത് ഹിമാലയത്തിന് മുകളിലൂടെ പറന്ന് ഇന്ത്യയിലെത്തുന്ന താറാവിന്‍റെ ആകൃതിയിലുള്ള ഈ പക്ഷിക്ക് ആറ് കിലോമീറ്റര്‍ ഉയരത്തില്‍ പറക്കാന്‍ കഴിയും. ഹിമാലയത്തിന് മുകളിലൂടെ കടന്നുവരാന്‍ സാധിക്കണമെങ്കില്‍ അത്തരത്തില്‍ പറക്കണമല്ലോ.

കര്‍ണാടക, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിലേക്കാണ് തണുപ്പുകാലങ്ങളില്‍ ഇവ വരുന്നത്. ഹിമാലയം താണ്ടാതെ തന്നെ ഏഷ്യയിലെ മറ്റു രാജ്യങ്ങളിലേക്കും ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലേക്കും  വഴിയുണ്ടായിട്ടും സാഹസികമായി ഈ വഴി കണ്ടെത്തി ഇന്ത്യയില്‍ വരുന്നതിനു പിന്നിലെ വഴികാട്ടല്‍ വ്യക്തമാണ്.

കറുപ്പ് വാലന്‍ ഗോഡ് വിറ്റ് (Black tiled God wit), ബ്രാന്‍ഡ്  ഗൂസ് (Brant Goose),  പവിഴക്കാലി, നാക മോഹന്‍ (Paradise Fly Catcher), ടര്‍ക്കിക്കഴുകന്‍ (Turkey Vatture), ഹമ്മിങ് പക്ഷി (Humming Bird) തുടങ്ങിയ ലോകസഞ്ചാരികളായ ദേശാടകരെ കുറിച്ചും  പഠിക്കണം.


ദേശാടകരുടെ ചോദ്യങ്ങള്‍

ഇത്തരം പക്ഷികള്‍ നിരീശ്വരവാദിയോട് ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്.

ഒന്ന്, പതിനായിരക്കണക്കിന് കിലോമീറ്റര്‍ അപ്പുറത്തുള്ള സ്ഥലങ്ങളില്‍ അഥവാ ഭൂമിയുടെ മറുഭാഗത്ത് ഭക്ഷണവും മറ്റു വ്യവഹാര സാധ്യതയുമുണ്ടെന്ന് ഈ പക്ഷികള്‍ എങ്ങനെ അറിഞ്ഞു?

രണ്ട്, ഇത്ര ദൂരത്തേക്കുള്ള വഴികള്‍ കൃത്യമായി വരച്ച് നിര്‍ണയിച്ച് കൊടുത്തതാര്?

മൂന്ന്, പതിനായിരത്തിലധികം കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ആവശ്യമായ പ്രത്യേക ശരീരപ്രകൃതിയും ഭക്ഷണം സ്റ്റോക്ക് ചെയ്യാനുള്ള വ്യത്യസ്തമായ കഴിവും അവ നേടിയെടുത്തതെങ്ങനെ?

നാല്, ഉറക്ക് പോലും പറക്കലിനിടയിലായിട്ടും അന്തരീക്ഷത്തില്‍ അവയെ പിടിച്ചുനിര്‍ത്തുന്നതാരാണ്?

നാസ്തികര്‍ക്ക് ഉത്തരം മുട്ടുന്ന ഈ  ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ‘ഓരോ വസ്തുവിനും അവര്‍ക്ക് അനുയോജ്യമായ സൃഷ്ടിപ്പ് നല്‍കുകയും തുടര്‍ന്ന് വഴി കാണിക്കുകയും ചെയ്തവനാണ് ഞങ്ങളുടെ രക്ഷിതാവ്’ (20:50) എന്ന ഖുര്‍ആന്‍ സൂക്തം.


പ്രാണികളിലെ വഴികാട്ടല്‍

കൂട് വെക്കാനും യാത്ര ചെയ്യാനും തേനീച്ചകള്‍ക്ക് സ്രഷ്ടാവായ അല്ലാഹു നിര്‍ദേശം നല്‍കിയത് ഖുര്‍ആനിലൂടെ പ്രത്യേകമെടുത്തു പറഞ്ഞിട്ടുണ്ട്: ‘മലമുകളിലും മരങ്ങളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്നവയിലും നീ പാര്‍പ്പിടങ്ങള്‍ ഉണ്ടാക്കുക. എന്നിട്ട് നിന്‍റെ രക്ഷിതാവ് സൗകര്യപ്രദമായി ഒരുക്കിത്തന്നിട്ടുള്ള വഴികളില്‍ നീ പ്രവേശിച്ചുകൊള്ളുക’ (16:68).

തേനീച്ചകളുടെ വീട് നിര്‍മാണവും തേനിനു വേണ്ടിയുള്ള യാത്രയും  പരിശോധിച്ചാല്‍ അവയ്ക്ക് ലഭിച്ച വൈദഗ്ധ്യം നമുക്ക് മനസ്സിലാകും. തേനീച്ചകള്‍ തേന്‍ ശേഖരിക്കാനുള്ള അറകള്‍ നിര്‍മിക്കുന്നത് ഷഡ്ഭുജാകൃതിയിലാണ്. കാരണം ഒട്ടും സ്ഥലം പാഴാകാതെ കൂടുതല്‍ തേന്‍ ഉള്‍ക്കൊള്ളാന്‍ സഹായകമാകുന്ന ആകൃതിയാണ് ഇത്.  ഗണിതശാസ്ത്രത്തില്‍ തെളിയിക്കപ്പെട്ട സത്യമാണിത്. മാത്രമല്ല ഓരോ അറയും 13 ഡിഗ്രി ഉള്ളിലേക്ക് ചെരിച്ചാണ് നിര്‍മിക്കുന്നത്. തേന്‍ പുറത്തേക്ക് ഉതിര്‍ന്ന് പോകാതിരിക്കാനാണ് ഈ സൂത്രം. വിദഗ്ധരായ തൊഴിലാളികള്‍ ദിവസങ്ങള്‍ പണിയെടുത്ത് ഒട്ടും കൈപ്പിഴയില്ലാതെ നിര്‍മിക്കുന്ന തേനീച്ചക്കൂട് പരിണാമസിദ്ധാന്തത്തെ എടുത്തെറിയാന്‍ പര്യാപ്തമാണ്.

നാലു ദിശയില്‍ നിന്ന് തുടങ്ങി കേന്ദ്രബിന്ദുവില്‍ സമാപിക്കുന്ന രീതിയിലാണ് നിര്‍മാണം  തുടങ്ങുന്നത്. എന്നിട്ടുപോലും അറകളില്‍ സ്ഥാന വ്യത്യാസം കാണുന്നില്ല. തേനീച്ചകള്‍ മാതാവിന്‍റെ പ്രവര്‍ത്തനം കണ്ട് പരിശീലനം  നേടിയിട്ടോ എഞ്ചിനീയറിങ് പഠിച്ചിട്ടോ അല്ല ഇത്തരം കഴിവുകള്‍ പ്രകടിപ്പിക്കുന്നത്. ജനിച്ചുവീഴുന്നത് തന്നെ കഴിവുള്ളവരായാണ്. ലോകത്തെ എല്ലാ സ്ഥലത്തുമുള്ള തേനീച്ചകളും ഈ വിദ്യയും കഴിവും പ്രകടിപ്പിക്കുന്നുവെന്നത് ഇത്തരം ജന്മവാസന അവയ്ക്ക് നല്‍കിയത് തന്ത്രജ്ഞനായ സ്രഷ്ടാവാണെന്ന് വിളിച്ചോതുന്നു. അവന്‍ തേനീച്ചക്ക് വഴി കാണിച്ചത് ധാരാളം സങ്കീര്‍ണമായ ജീവിതരീതികള്‍ പഠിപ്പിച്ച് കൊണ്ടാണ്. തേന്‍ ശേഖരിക്കാന്‍ തേനീച്ചകള്‍ ദൂരദിക്കുകളിലെ പൂക്കളിലും ഇലകളിലും പോകേണ്ടി വന്നാലും വഴിതെറ്റാതെ തേനുമായി കൂട്ടിലണയുന്നു. ഒരു ലിറ്റര്‍ തേന്‍ സ്വരൂപിക്കണമെങ്കില്‍ എഴുപതിനായിരം പൂക്കളെയോ ഇലകളെയോ സമീപിക്കേണ്ടതുണ്ടത്രെ. അതിന് ഭൂഗോളത്തെ വലയം വെക്കുന്ന ദൂരത്തേക്കാളേറെ സഞ്ചരിക്കേണ്ടിവരുന്നു.

തേനീച്ചയുടെ ശരീര പ്രകൃതം ആകസ്മികതാ വാദം തൂത്തെറിയുന്നു.  തേനീച്ച ഒരു സഞ്ചാരിയാണല്ലോ? ചലിക്കുന്നവക്ക് അല്ലാഹു കണ്ണു കൊടുത്തു. എന്നാല്‍ ഒരേ സ്ഥാനത്ത് നില്‍ക്കുന്ന മരങ്ങള്‍ക്ക് കണ്ണ് നല്‍കിയതുമില്ല. ദീര്‍ഘ ദൂരം സഞ്ചരിക്കേണ്ട തേനീച്ചകള്‍ക്ക് സ്രഷ്ടാവ് നല്‍കിയത് രണ്ട് സംയുക്ത ലെന്‍സുകളുള്ള കണ്ണുകള്‍ക്ക് പുറമേ ഓസല്ലി (Ocelli) എന്നറിയപ്പെടുന്ന നേത്രമാണ്. കൂടാതെ മണംപിടിച്ചെത്താന്‍ പ്രത്യേക ഘ്രാണസംവിധാനങ്ങളും തേന്‍ എടുത്തുകൊണ്ടുവരാന്‍ പറ്റിയ ഭാഗങ്ങളും. എല്ലാത്തിനും പുറമേ അവയുടെ പിന്‍കാലുകളില്‍ തിങ്ങിനിറഞ്ഞ രോമങ്ങളും കാണാം. സസ്യകോടികളുടെ പ്രജനനത്തിന് സ്രഷ്ടാവ് സംവിധാനിച്ച പരാഗണത്തിന്‍റെ സൂക്ഷ്മ വഴിയാണത്. കാലുകളില്‍ പറ്റിപ്പിടിച്ച പൂമ്പൊടികള്‍ വിവിധ പൂക്കളിലേക്ക് ഇവകളെത്തിക്കുന്നു. പൂമ്പൊടി എടുത്തുകൊണ്ടുപോകണമെങ്കില്‍ തേന്‍ തരണമെന്ന രീതിയില്‍ തേനീച്ചകളും സസ്യങ്ങളും തമ്മില്‍ ധാരണയായത് പോലെയുണ്ട് ഈ വഴികാട്ടല്‍.

നമ്മുടെ ജീവിതവഴികളില്‍ ഏറെ പരിചയമുള്ള പ്രാണികളാണല്ലോ മിന്നാമിന്നികള്‍. കറന്‍റ് കണ്ടെത്തിയ ശാസ്ത്രജ്ഞനെ കുറിച്ച് നാം പഠിച്ചിട്ടുണ്ടെങ്കിലും സ്വയം പ്രകാശിക്കുന്ന ഈ പ്രാണിവര്‍ഗത്തെ കുറിച്ച് കൂടുതല്‍ ചിന്തിച്ചിട്ടുണ്ടോ? മിന്നാമിന്നിയുടെ ശരീരത്തില്‍ ലൂസിഫെറിന്‍ എന്ന പദാര്‍ത്ഥം അല്ലാഹു നല്‍കിയിട്ടുണ്ട്. ഇത് ഓക്സീകരിക്കപ്പെടുമ്പോഴാണ് വെളിച്ചം വരുന്നത്. അവകള്‍ ആശയവിനിമയം നടത്തുന്നത് ഈ തിളക്കം ഉപയോഗിച്ചാണത്രെ. ഇരയെയും ഇണയെയും ഇതുപയോഗിച്ച് കൈവശപ്പെടുത്തുന്നു.

ചാള്‍സ് ഡാര്‍വിന്‍ പറഞ്ഞതുപോലെ ആവശ്യങ്ങള്‍ക്കനുസരിച്ച് ശരീരത്തിലെ വിവിധ ഭാഗങ്ങള്‍ പരിണമിച്ചതാണെങ്കില്‍ ഏറ്റവും കൂടുതല്‍ ലൂസിഫെറിന്‍ ഉണ്ടാകേണ്ടത് മനുഷ്യശരീരത്തിലായിരുന്നു. കാരണം ഇരുട്ടിനെ അതിജയിക്കാന്‍ മനുഷ്യന്‍ ഭൂമിയില്‍ വന്നതു മുതല്‍ ശ്രമിക്കുന്നുണ്ട്. തീ തിരഞ്ഞും തീ കത്തിക്കാനുള്ള ഇന്ധനങ്ങള്‍ കണ്ടെത്താന്‍ അന്വേഷണം നടത്തിയും ആയിരക്കണക്കിന് ആണ്ടുകള്‍ കഴിഞ്ഞു. ഏറെ ചിന്തകള്‍ക്ക് ശേഷം ശരീരത്തിലല്ലെങ്കിലും പ്രകാശം സൃഷ്ടിക്കാനുള്ള  വൈദ്യുതി കണ്ടെത്തി. അതുതന്നെ ഭൂമിയില്‍ പുതുതായി സൃഷ്ടിച്ചതുമല്ല. ഇടിമിന്നലുകള്‍ അടക്കം മനുഷ്യന്‍ പിറവികൊണ്ടത് മുതല്‍ കാണാന്‍ തുടങ്ങിയ പലതിലും ഈ വൈദ്യുതി ഉണ്ടുതാനും.

അന്വേഷിച്ച് കണ്ടെത്താന്‍ മനുഷ്യന് അല്ലാഹു ബുദ്ധി നല്‍കിയപ്പോള്‍ അത്രമേല്‍ ബുദ്ധി ശേഷിയില്ലാത്ത മിന്നാമിന്നികള്‍ക്ക് പ്രകാശിക്കാന്‍ ലൂസിഫെറിന്‍ നല്‍കി. ദൈവനിഷേധികള്‍ ഇതിനെ എങ്ങനെ വ്യാഖ്യാനിക്കും?! മിന്നാമിന്നികള്‍ പ്രകാശമാണ് സൃഷ്ടിക്കുന്നതെങ്കില്‍ ഇലക്ട്രിക് ഈല്‍ മത്സ്യം ഉണ്ടാക്കുന്നത് വൈദ്യുതിയാണ്. രണ്ടര മീറ്റര്‍ നീളവും ഇരുപത് കിലോ ഭാരവുമുള്ള ഈല്‍ മത്സ്യം 600 വാട്ട് വൈദ്യുതിയാണ് നിര്‍മിക്കുന്നത്. കമ്പിയില്ല, കാന്തമില്ല, മറ്റു യന്ത്രസംവിധാനങ്ങള്‍ ഒന്നുമില്ല. ഇരയെ പിടിക്കാന്‍ സ്രഷ്ടാവ് കാണിച്ചുകൊടുത്ത വിദ്യയാണിത്. വൈദ്യുതി ഉല്‍പാദിപ്പിച്ച് ഇരകളെ ഷോക്കേല്‍പ്പിക്കും. ഷോക്കേറ്റ് മയങ്ങുന്നവയെ പിടികൂടും.

കരയിലെയും കടലിലെയും ജീവികള്‍ക്ക് വഴികാട്ടുന്നതില്‍ അല്ലാഹു ഒരു പിശുക്കും കാണിച്ചിട്ടില്ല. ഈ സ്രഷ്ടാവിനെ കണ്ടെത്താന്‍ വേണ്ടി ഇത്തരം കാര്യങ്ങളില്‍ മനുഷ്യര്‍ നടത്തുന്ന ചിന്തകള്‍ക്കാണ് പിശുക്ക്. മനുഷ്യര്‍ ആനയെ പിടികൂടുന്നത് കുഴി കുഴിച്ചാണ്. കുഴിയാന ഇരയെ  പിടികൂടുന്നതും കുഴികള്‍ നിര്‍മിച്ചുതന്നെ.  ആനക്ക് അറിയാത്ത വിദ്യ അര സെന്‍റീമീറ്റര്‍ മാത്രം വലുപ്പമുള്ള കുഴിയാനക്ക് അല്ലാഹു പഠിപ്പിച്ചുകൊടുത്തു.

ബുള്‍ബുള്‍ പക്ഷിയും തുന്നാരന്‍ പക്ഷിയും കൂട് നിര്‍മിക്കുന്നത് കണ്ടാലും  പൂച്ചയെ പോലുള്ള ചെറുജീവികളായ ബീവറുകള്‍ ഡാം നിര്‍മിക്കുന്നത് കണ്ടാലും മൂസാ(അ) അവതരിപ്പിച്ച മറുപടിയിലെ സ്രഷ്ടാവിന്‍റെ വഴികാട്ടല്‍ ആര്‍ക്കും ബോധ്യപ്പെടും. സ്രഷ്ടാവിന്‍റെ സൃഷ്ടിവൈഭവവും വഴികാട്ടലും ബോധ്യപ്പെടാന്‍ ഒട്ടകങ്ങള്‍, ഉറുമ്പുകള്‍, ചിലന്തികള്‍ തുടങ്ങി പല ജീവികളെയും ഖുര്‍ആന്‍ എടുത്തുപറഞ്ഞിട്ടുണ്ട്. ഒരു വിശ്വാസിക്ക് അവകളെ കുറിച്ചുള്ള ചിന്തകള്‍  വിശ്വാസത്തിന്‍റെ ഭാഗം കൂടിയാണ്. ഇങ്ങനെ ചിന്തിക്കാനും രക്ഷിതാവിനെ കണ്ടെത്താനും ഖുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ നിര്‍ദേശിക്കുന്നുണ്ട്. പുതിയ ലോകത്തെ കണ്ടെത്തലുകളും സംവിധാനങ്ങളും ഉപയോഗിച്ച് കൂടുതല്‍ ചിന്തിക്കുന്നത് വിശ്വാസിയുടെ ബാധ്യതയാണ്.


അബ്ദുല്ല അമാനി അല്‍അര്‍ശദി

No comments:

Post a Comment