Sunday 5 May 2019

റമളാൻ നോമ്പിന്‌ ഓരോ ദിവസവും രാത്രിയിൽ തന്നെ നിയ്യത്ത്‌ ചെയ്യേണ്ടതുണ്ടല്ലോ. ഇത്‌ ഒരു രാത്രി മറന്നാൽ അതിന്റെ വിധിയെന്ത്‌?



രാത്രിയിൽ നിയ്യത്ത്‌ സംഭവിച്ചില്ലെങ്കിൽ അന്നത്തെ നോമ്പ്‌ സാധുവാകുകയില്ല. ആ നോമ്പ്‌ പിന്നീടൊരു ദിവസം ഖളാ വീട്ടണം. എങ്കിലും നിയ്യത്തു മറന്ന ദിനത്തിലും അവൻ നോമ്പുകാരനെ പോലെ പൂർണ്ണമായും അന്നപാനീയങ്ങളും മറ്റും വെടിഞ്ഞ്‌ 'ഇംസാക്ക്‌' ചെയ്യണം.

എന്നാൽ റമളാനിന്റെ ആദ്യത്തെ രാത്രിയിൽ റമളാൻ മുഴുവൻ നോമ്പനുഷ്ടിക്കുന്നതായി കരുതിയാൽ എല്ലാ നോമ്പിനും ആ നിയ്യത്ത്‌ മതിയെന്നാണ്‌ മാലിക്കീ മദ്‌ഹബ്‌. നിയ്യത്ത്‌ രാത്രിയിൽ മറന്ന ദിവസങ്ങളിൽ ഈ മദ്‌ഹബനുസരിച്ച്‌ നോമ്പനുഷ്ടിക്കാനും നോമ്പു ലഭിക്കാനും സൗകര്യപ്പെടാൻ വേണ്ടി റമളാനിന്റെ അദ്യരാത്രി തന്നെ മാസം മുഴുവൻ നോമ്പനുഷ്ടിക്കുന്നതായി കരുതൽ ശക്തമായ സുന്നത്താണെന്ന് ഇമാം ഇബ്‌നുഹജർ(റ) പ്രസ്താവിച്ചിട്ടുണ്ട്‌.

അതുപോലെ ഓരോ നോമ്പിനും പകലിന്റെ ആദ്യത്തിൽ നിയ്യത്തു മതിയെന്നാണ്‌ ഇമാം അബൂഹനീഫയുടെ പക്ഷം. രാത്രിയിൽ നിയ്യത്തു മറന്നാൽ ഈ അഭിപ്രായം അനുകരിച്ചു കൊണ്ടു നോമ്പു നോൽക്കാനും നോമ്പു ലഭിക്കാനും വേണ്ടി മറന്ന ദിനത്തിന്റെ തുടക്കത്തിൽ അന്നു നോമ്പനുഷ്ടിക്കുന്നതായി കരുതൽ സുന്നത്താണെന്നും ഫുഖഹാഉ പ്രസ്താവിച്ചിട്ടുണ്ട്‌. (ഫത്‌ഹുൽ മുഈൻ).

ഇതനുസരിച്ചു രാത്രിയിൽ നിയ്യത്തു മറന്നയാൾ, പകലിന്റെ ആരംഭത്തിൽ ഇമാം അബൂഹനീഫ(റ)യെ അനുകരിച്ച്‌ അന്നു നോമ്പു പിടിക്കുന്നതായി കരുതി വ്രതമനുഷ്ടിച്ചാൽ അവന്‌ അന്നത്തെ നോമ്പു ലഭിക്കുമെന്നും അതു പിന്നെ ഖളാ വീട്ടേണ്ടതില്ലെന്നും മനസ്സിലാക്കാം.

(മൗലാനാ നജീബ്‌ ഉസ്താദിന്റെ  ഫത്‌വാകളിൽ നിന്നും)

No comments:

Post a Comment