Sunday 5 May 2019

പെരുന്നാൾ പോലുള്ള ആഘോഷ വേളകളിൽ പടക്കം പൊട്ടിക്കൽ പോലോത്തത്‌ പറ്റുമോ? അതിന്റെ വിധി എന്ത്‌?



അത്‌ അനുവദനീയമാണ്‌. അതിന്റെ ഒച്ച കേട്ട്‌ ആസ്വദിക്കാൻ വേണ്ടി നടത്തുന്നതാണല്ലോ.

മൗലാനാ നജീബ്‌ ഉസ്താദിന്റെ ഫത്‌വാ സമാഹാരമായ 'പ്രശ്നോത്തരം': ഭാഗം 3, പേജ്‌: 35


ആഘോഷവേളകളിൽ പടക്കം പൊട്ടിക്കൽ അനുവദനീയമാണെന്ന മൗലാനാ നജീബ്‌ ഉസ്താദിന്റെ ഫത്‌വയുടെ ന്യായത്തെ പറ്റി തൊട്ടടുത്ത ലക്കം ബുൽബുലിൽ വന്ന ചോദ്യത്തിന്റെ മൗലാനയുടെ തന്നെ മറുപടിയുടെ ചില ഭാഗങ്ങൾ.

ഈ ലോകത്തും പരലോകത്തും യാതൊരുപകാരവുമില്ലാതെ ധനം നശിപ്പിക്കുന്നതാണു നിഷിദ്ധമായ ഇളാഅത്തുൽ മാൽ. 'ധനം വെറുതെ കൊണ്ടുപോയി സമുദ്രത്തിലെറിയുക' എന്നാണ്‌ ഇതിന്‌ ഫുഖഹാഅ് ഉദാഹരണം പറഞ്ഞത്‌. കാണാനും കേൾക്കാനും കൗതുകമുള്ള അനുവദനീയമായ - വിലക്കപ്പെടാത്ത - ആസ്വാദനങ്ങൾക്കും ഉല്ലാസത്തിനും ചെലവഴിക്കുന്നത്‌ ഇതിൽപെട്ടതല്ല. അതുകൊണ്ട്‌ ഈ ലോകത്ത്‌ അങ്ങനെയൊരു നേട്ടമുണ്ടല്ലോ. വീട്‌, വാഹനം, പോലുള്ളവ പലതരം ചിത്രപ്പണികൾ കൊണ്ട്‌ അലങ്കരിക്കുന്നതും മറ്റും ഇതിൽപെട്ടതാണ്‌.

കാണാൻ കൗതുകത്തിനു വേണ്ടി മാത്രമാണെങ്കിലും ഇതനുവദനീയമാണ്‌. ഇതിനു ധനം ചെലവഴിക്കൽ ധനം നശിപ്പിക്കലെന്ന ഇളാഅത്തുൽ മാലല്ല. ഇമാം ഇബ്നു ഹജറി(റ)ന്റെ ഈആബിൽ ഇതു വിശദീകരിച്ചിട്ടുണ്ട്‌. ഒരാളുടെ നിലയ്ക്കും അവസ്ഥക്കും എത്രയോ മീതെയാണെങ്കിൽ പോലും വാഹനം, വസ്ത്രം, ഭക്ഷണം പോലുള്ളവയിൽ ആസ്വാദനത്തിനു വേണ്ടി ധനം ചെലവഴിക്കൽ ഇളാഅത്തുൽ മാലിൽ പെടില്ലെന്നു വ്യക്തമാക്കിയ ഇമാമവർകൾ, മുബാഹായ ആസ്വാദനത്തിനു വേണ്ടി - അതു കേൾക്കാനോ കാണാനോ രുചിക്കാനോ ആവട്ടെ - ചെലവഴിക്കുകയെന്നതു ധനത്തിന്റെ നിലയാണെന്നാണു കാരണം പറയുന്നത്‌.

ഇതേ ന്യായമാണു 'ബുൽബുലിൽ' പടക്കം പൊട്ടിക്കൽ അനുവദനീയമാണെന്നതിനു വ്യക്തമാക്കിയതും, ഒച്ച കേട്ട്‌ ആസ്വദിക്കാൻ വേണ്ടി നടത്തുന്നതാണല്ലോ അതെന്ന്...

ഫത്‌വാ തുടരുന്നു - അവസാന ഭാഗം

19ഉം 20 ഉം നൂറ്റാണ്ടുകളിലെ ഉലമാക്കൾ 'കേരള ഇബ്നുഹജറെ'ന്നു വിശേഷിപ്പിച്ച പൊന്നാനിയിലെ പ്രസിദ്ധരായ വെളിയങ്കോട്‌ തട്ടാങ്കര കുട്ട്യാമു മുസ്ലിയാരുടെ(റ) ഇതു സംബന്ധിച്ച ഫത്‌വായുടെ പ്രസക്തഭാഗം ഇങ്ങനെ വായിക്കാം:

"കദീന, വാണം, ചക്രം, കമ്പം മുതലായ കരിമരുന്നുകൾ കത്തിക്കൽ ജാഇസാണ്‌. ഇളാഅത്തുൽമാൽ എന്നു പറയണമെങ്കിൽ ദുൻയവിയ്യായും ഉഖ്‌റവിയ്യായും യാതൊരു നഫ്‌ഉം ഇല്ലാതിരിക്കണം. ക ഇൽഖാഇഹീ ഫിൽ ബഹ്‌രി ബിലാഗറളിൻ (യാതൊരാവശ്യവുമില്ലാതെ ധനം സമുദ്രത്തിലെറിയൽ പോലെ). മരുന്നു കത്തിക്കുന്നതിൽ, ഹലാലായ അതിശയങ്ങളെ കാണൽ എന്നയും നോക്കൽ എന്നയും ഒരു മൻഫഅത്ത്‌(നേട്ടം) ഉണ്ട്‌. അപ്പോൾ ഇത്‌ വീട്‌, പുര മുതലായതിനെ നഖ്‌ശ്‌ (ചിത്രം) കൊത്തുക, വെള്ള വലിക്കുക എന്നിതു പോലെ കാഴ്ചക്കു വേണ്ടി മുതൽ ചെലവാക്കി ഉണ്ടാക്കപ്പെടുന്ന മുബാഹാത്തിൽ (അനുവദനീയങ്ങൾ) പെട്ടതാണ്‌".

ബുൽബുൽ പ്രശ്നോത്തരത്തിൽ കഴിഞ്ഞ ലക്കം വ്യക്തമാക്കിയിട്ടുള്ളതും ഈ ഉലമാക്കളെല്ലാം മുമ്പേ വ്യക്തമാക്കിയിട്ടുള്ളതും ശരിയുമാണ്‌.

(മൗലാനാ നജീബ്‌ ഉസ്താദിന്റെ ഫത്‌വാ സമാഹാരമായ 'പ്രശ്നോത്തരം' ഭാഗം 3 - 40 മുതൽ 42 വരെ പേജിൽ നിന്നും)

No comments:

Post a Comment