Friday 17 April 2020

കളവു പറയലും , ആരോപണം ഉന്നയിക്കലും




ബ്രിട്ടീഷ് കുറ്റാന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന സര്‍ സിറില്‍ബര്‍ട്ട് കളവിനെ എട്ടായി തരം തിരിച്ചിരിക്കുന്നു.

1. ഫലിതത്തിന് പറയുന്ന കളവുകള്‍ (Playful lies),

2. ആശയക്കുഴപ്പത്തിലാക്കുന്ന കളവുകള്‍ (Confusing lies),

3. വിചിത്രകല്‍പ്പനകളവുകള്‍ (Fantasy lies),

4. രോഗസംബന്ധമായ കളവുകള്‍ (Pathological lies),

5. കൂറു പുലര്‍ത്താനുള്ള കളവുകള്‍ (lies of loyalty),

6. സ്വാര്‍ത്ഥതാപരമായ കളവുകള്‍ (Selfish lies),

7. പൊങ്ങച്ചം ഉയര്‍ത്തിക്കാണിച്ചുകൊണ്ടുള്ള കളവുകള്‍ (Vanity arousing lies),

8. പ്രതികാരേച്ഛാപരമായ കളവുകള്‍ (Revengeful lies).


നബി(സ) ഒരിക്കല്‍ പറഞ്ഞു: ”സത്യസന്ധത നന്മയിലേക്കും നന്മ സ്വര്‍ഗത്തിലേക്കും നയിക്കുന്നു. സത്യസന്ധത പാലിക്കുന്ന ഒരു വ്യക്തി അല്ലാഹുവിന്റെയടുക്കല്‍ ‘സത്യസന്ധന്‍’ എന്നെഴുതപ്പെട്ടിരിക്കുന്നു. കളവ് തെറ്റിലേക്കും തെറ്റ് നരകത്തിലേക്കും നയിക്കുന്നു. ഒരു വ്യക്തി സദാ കളവ് പറയുന്നുവെങ്കില്‍ അല്ലാഹുവിന്റെ അടുക്കല്‍ അയാളെ കുറിച്ച് ‘കള്ളം പറയുന്നവന്‍’ എന്നെഴുതപ്പെട്ടിരിക്കും.” (മുത്തഫഖുന്‍ അലൈഹി)

നബി(സ) തന്റെ അനുയായികളോട് ചോദിക്കുമായിരുന്നു- നിങ്ങളില്‍ ആരെങ്കിലും സ്വപ്നം കാണാറുണ്ടോ? അല്ലാഹു ഉദ്ദേശിച്ച ചില വ്യക്തികള്‍ തങ്ങള്‍ ദര്‍ശിച്ച സ്വപ്നം പ്രവാചകര്‍ക്ക് വിവരിച്ചുകൊടുക്കും.

ഒരിക്കല്‍ മുഹമ്മദ് നബി(സ) പറഞ്ഞു: കഴിഞ്ഞ രാത്രി രണ്ടുപേര്‍ എന്റെയടുത്തുവന്ന് ഞാന്‍ അവരുടെ കൂടെ യാത്ര ചെയ്യണമെന്ന് പറഞ്ഞു. ഞങ്ങള്‍ യാത്രയായി. പല അത്ഭുതസംഭവങ്ങളും ആ യാത്രയില്‍ കണ്ടു. ഞാന്‍ കണ്ട സംഭവങ്ങളെ കുറിച്ചെല്ലാം അവരോട് ചോദിച്ചു. അപ്പോള്‍ അവരെന്നോട് പറഞ്ഞു. ”നടക്കൂ. നടക്കൂ…” ആ യാത്രയില്‍ പ്രവാചകന്‍ കണ്ട സംഭവം ഇപ്രകാരമായിരുന്നു.

ഒരാള്‍ മലര്‍ന്നുകിടക്കുന്നു. അടുത്ത് തന്നെ ഇരുമ്പിന്റെ കൊളുത്തുമായി വേറെ ഒരാള്‍ നില്‍ക്കുന്നു. അയാള്‍ മലര്‍ന്നുകിടക്കുന്നവന്റെ കവിളില്‍ കൂടി അവന്റ വായ പിരടി വരെ വലിച്ചുകീറുന്നു. പിന്നീട് മുഖത്തിന്റെ മറുഭാഗത്തേക്ക് നീങ്ങി ആദ്യഭാഗത്ത് ചെയ്തതുപോലെ അവിടെയും ചെയ്യുന്നു. ഒരു ഭാഗത്ത് നിന്നയാള്‍ ഒഴിവാകുമ്പോഴേക്കും മറുഭാഗം പൂര്‍വസ്ഥിതി പ്രാപിച്ചിരിക്കും. ഈ പ്രവൃത്തി ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

ഞാന്‍ എന്റെ കൂടെയുള്ള ഇരുവരോടും ചോദിച്ചു: ‘ആരാണിവര്‍?’ അവര്‍ പറഞ്ഞു: ”നടക്കൂ.. നടക്കൂ..” അവസാനം ഈ അനുഭവത്തെ കുറിച്ച് അവരെന്നോട് പറഞ്ഞു: ”യാത്രയില്‍ കണ്ട വായും മുഖവും പിരടി വരെ കുത്തിക്കീറപ്പെട്ടവന്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് പോയാല്‍ ലോകം മുഴുവന്‍ കേള്‍ക്കുമാറ് കളവ് കെട്ടിപ്പറയുന്നവനാണ്.”

കള്ളം പറയുന്നവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. (വി.ഖു: 51:10)


ഇനി രണ്ടാമത്തെ വിഷയത്തിലേക്ക് വരാം


ഈ വിഷയം ഇവിടെ സൂചിപ്പിക്കാൻ കാരണം ഇപ്പോൾ അങ്ങോട്ടും , ഇങ്ങോട്ടും കാഫിർ ആക്കൽ പതിവാക്കിയിരിക്കുകയാണ് , കൂടാതെ മുസ്ലിമിന് എന്തെങ്കിലും പാക പിഴവുകൾ അല്ലെങ്കിൽ തെറ്റ് പറ്റിപ്പോയാൽ സ്വന്തം തെറ്റുകൾ ഒട്ടനവധി ഉണ്ടെങ്കിലും അതെല്ലാം കാറ്റിൽ പറത്തി ഇവനെ ചെറുതാക്കാൻ നോക്കുന്ന ഏർപ്പാട് നമ്മുടെ സമുധായത്തിൽ തന്നെ കണ്ടു വരുന്നുണ്ട് . അവർ ഇതൊന്നു മനസ്സിലാക്കുക

ഉസാമ ബിന്‍ സൈദ്(റ)നെ തൊട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒരു സംഭവമുണ്ട്. പോര്‍ക്കളത്തില്‍ മുസ്‌ലിംകളോട് പോരടിച്ചു കൊണ്ടിരിക്കുന്ന ഒരാളെ അദ്ദേഹത്തിന് ലഭിച്ചു. വെട്ടാന്‍ വാളോങ്ങിയ വേളയില്‍ അയാള്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് ഉച്ചരിച്ചു. രക്ഷപ്പെടാനുള്ള അവസാന അടവാണ് അവന്‍ പയറ്റുന്നതെന്ന് മനസ്സിലാക്കിയ സൈദ് (റ) അയാളെ വെട്ടി വീഴ്ത്തി. സംഭവം നബി (സ) തങ്ങളോട് പറഞ്ഞപ്പോള്‍ തങ്ങളുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നു പറഞ്ഞവനെ നീ വധിച്ചുവോ?’ സൈദ് പറഞ്ഞു: ആയുധം പേടിച്ചാണ് അവന്‍ അങ്ങനെ പറഞ്ഞത് തിരുദൂതരേ’. തങ്ങള്‍ ചോദിച്ചു: അയാള്‍ ശരി പറഞ്ഞതാണോ അല്ലയോ എന്നറിയാന്‍ നീ ഹൃദയം കീറി നോക്കിയോ? (മുസ്‌ലിം).

സത്യസാക്ഷ്യം ഉച്ചരിച്ചവന്റെ വിശ്വാസത്തില്‍ സംശയിക്കാന്‍ അവന്റെ സാഹചര്യം വിശകലനം ചെയ്യേണ്ടതില്ലെന്ന് ഉപര്യുക്ത സംഭവം പഠിപ്പിക്കുന്നു. സത്യസാക്ഷ്യം ഉച്ചരിക്കലെന്നാല്‍ അതിലൂടെ വിശ്വാസത്തിന്റെ വിവിധങ്ങളില്‍ അതിമഹത്തരമായ സംഗതിയാണ് നിര്‍വഹിക്കപ്പെടുന്നത്. നബി തങ്ങള്‍ പറഞ്ഞു: വിശ്വാസമെന്നാല്‍ എഴുപതില്‍ ചില്വാനമോ അറുപതില്‍ ചില്വാനമോ പദവികളുണ്ട്. അതില്‍ അത്യുത്തമം ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന വചനമാണ് (ബുഖാരി, മുസ്‌ലിം).

ഹജ്ജത്തുല്‍ വിദാഇല്‍ തങ്ങള്‍ പറഞ്ഞു: എനിക്ക് ശേഷം നിങ്ങള്‍ അന്യോന്യം പിരടികള്‍ വെട്ടുന്നവരായി കാഫിറുകളായി മടങ്ങരുത് (ബുഖാരി, മുസ്‌ലിം റഹ്).

ഈ വചനം ഇമാം നവവി (റ) വ്യാഖ്യാനിച്ചു: നിങ്ങള്‍ അന്യോന്യം കുഫ്‌റ് ആരോപണം നടത്തരുത്. അത് നിങ്ങള്‍ പരസ്പരം പട വെട്ടാന്‍ ഇട വരുത്തും (ശറഹ് മുസ്‌ലിം).

ഇബ്‌നു അബ്ദുല്‍ ബര്‍റ് പറയുന്നു: പാപം ചെയ്തത് നിമിത്തമോ വ്യാഖ്യാനം കൊണ്ടോ മുസ്‌ലിം സഹോദരനെ മറ്റൊരു മുസ്‌ലിം കുഫ്‌റ് ആരോപിക്കലാണ് ഇവിടെ നിരോധിച്ചിരിക്കുന്നത്.

നബി (സ) പറഞ്ഞു: ഒരാള്‍ ഒരു വിശ്വാസിയെ കുഫ്ര്‍ ആരോപിച്ചാല്‍ അത് അവനെ കൊല്ലുന്നതിന് തുല്യമാണ് (അല്‍ബുഖാരി). ‘വല്ല ഒരുത്തനും തന്റെ സഹോദരനെ ‘കാഫിറേ’, എന്നു വിളിച്ചാല്‍ രണ്ടിലൊരാള്‍ ആ വിശേഷണം കൊണ്ട് മടങ്ങുക തന്നെ ചെയ്തിരിക്കുന്നു. വിളിക്കപ്പെട്ടവന്‍ അത് അര്‍ഹിക്കുന്നുവെങ്കില്‍ അങ്ങനെത്തന്നെ. അല്ലാത്ത പക്ഷം അത് വിളിച്ചവനിലേക്ക് തിരിച്ചടിക്കുന്നതാണ് (ബുഖാരി, മുസ്‌ലിം).


അബൂ സ്ഫ്‌യാനെ തൊട്ട് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാന്‍ ജാബിര്‍ ബിന്‍ അബ്ദുല്ല (റ)നോട് ചോദിച്ചു: നിങ്ങള്‍ ഖിബ്‌ലയുടെ അവകാശികളായ അഥവാ മുസ്‌ലിംകളായ ആരെയെങ്കിലും കാഫിര്‍ എന്നു വിളിച്ചിരുന്നുവോ? അദ്ദേഹം പറഞ്ഞു: ഇല്ല. ഞാന്‍ ചോദിച്ചു: മുശ്‌രിക് എന്നോ? അദ്ദേഹം പറഞ്ഞു: അല്ലാഹുവാണ് കാവല്‍ (ത്വബ്‌റാനി).

വ്യക്തിപരമായ ശാഠ്യങ്ങളോ മാനസികമായ ഊഹങ്ങളോ സംഘടനാപരമായ കടുംപിടിത്തങ്ങളോ തന്റെ സഹോദരനെ സത്യനിഷേധം ആരോപിക്കാന്‍ പ്രേരകമാവരുത്. അല്ലാഹുവിലും പ്രവാചകരിലും വിശ്വസിക്കുന്നവനെ കാഫിര്‍, മുശ്‌രിക് എന്ന് ആരോപിക്കാന്‍ നിനക്ക് അധികാരമില്ല.


നാവിനെ സൂക്ഷിക്കാത്തവര്‍ക്കുള്ള ശിക്ഷ ഭയാനകം തന്നെ..!!


ഖാലിദ്(റ) പറയുന്നു: ലുഖ്മാനുല്‍ ഹക്കീം(റ) ആശാരിപ്പണി എടുക്കുന്ന അടിമയായിരുന്നു. ലുഖ്മാനുല്‍ ഹക്കീം(റ) നോട് തന്റെ യജമാനന്‍ ഒരാടിനെ അറുത്ത് കൊണ്ടുവരാന്‍ പറഞ്ഞു. മഹാനവര്‍കള്‍ അപ്രകാരം ചെയ്തു. അതില്‍ നിന്നും ചവക്കാന്‍ പറ്റിയ നല്ല രണ്ട് ഭാഗങ്ങള്‍ കൊണ്ടുവരണമെന്നായി യജമാനന്‍. മഹാനവര്‍കള്‍ ആ ആടിന്റെ നാവും ഹൃദയവും കൊണ്ടുവന്നു. ഇതിനേക്കാള്‍ നല്ല ഭാഗങ്ങളില്ലേ?-യജമാനന്‍ തിരക്കി. മഹാനവര്‍കള്‍ ഇല്ലെന്ന് പറഞ്ഞു. യജമാനന്‍ മൗനം ഭുജിച്ചു.

പിന്നീട് യജമാനന്‍ ആടിനെ അറുത്ത് അതില്‍ നിന്നും ചവക്കാന്‍ പറ്റുന്ന മോശപ്പെട്ട രണ്ടു അവയവങ്ങള്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. മഹാനവര്‍കള്‍ അപ്പോഴും നാവും ഹൃദയവുമാണ് കൊണ്ട് വന്നത്. യജമാനന്‍ തിരക്കി, ഞാന്‍ നിന്നോട് നല്ല ഭാഗങ്ങള്‍ കൊണ്ടുവരാന്‍ പറഞ്ഞപ്പോഴും മോശപ്പെട്ട ഭാഗങ്ങള്‍ കൊണ്ടുവരാന്‍ പറഞ്ഞപ്പോഴും നീ നാവും ഹൃദയവുമാണല്ലോ കൊണ്ടുവന്നത്?

മഹാനവര്‍കള്‍ പറഞ്ഞു: ഇത് നന്നായാല്‍ ഇതിനേക്കാള്‍ നല്ല മറ്റൊന്നില്ല, കേടുവന്നാല്‍ ഇതിനേക്കാള്‍ മോശപ്പെട്ട മറ്റൊന്നും ഇല്ല.
( ഇബ്‌നു അബീ ശൈബ, അഹ്മദ് ബ്‌നു ഹമ്പല്‍, ഇബ്‌നു ജരീര്‍ എന്നീ പ്രമുഖ പണ്ഡിതര്‍ ഈ സംഭവം ഖാലിദ്(റ)നെ ഉദ്ധരിച്ച് പറഞ്ഞിട്ടുണ്ട്.)

 ( الدر المنثور / الإمام السيوطي )

അപ്പോള്‍ മനുഷ്യന്റെ നാവും ഹൃദയവും അവന്റെ സത് സ്വഭാവത്തെ അളക്കുന്ന അവയവങ്ങളാണ്.

അനസ്(റ)നെ ഉദ്ധരിച്ച് പറയുന്ന ഹദീസ്, നബി(സ്വ) പറയുന്നു: ഞാന്‍ ആകാശാരോഹണം നടത്തിയ സന്ദര്‍ഭത്തില്‍ ചെമ്പിനാലുള്ള നഖങ്ങളുള്ളവരെ കണ്ടു. അവര്‍ അവരുടെ മുഖങ്ങള്‍ മാന്തിപൊളിക്കുന്നു. ആ കൂട്ടര്‍ ആരാണെന്ന് ജിബ് രീല്‍(അ) നോട്  ചോദിച്ചപ്പോള്‍ പറഞ്ഞു: ജനങ്ങളുടെ മാംസം ഭക്ഷിക്കുന്നവരും അവരുടെ അഭിമാനം പിച്ചിച്ചീന്തുന്നവരുമാണ്.  
(سنن أبي داود )     
     

ഒരു മനുഷ്യൻ നബി(സ്വ)യുടെ സമക്ഷം വന്നു ചോദിച്ചു: "യാ..റസൂലള്ളാ..ഞാൻ 5 നേരം നിസ്കരിക്കുകയും റമളാൻ മാസം നോമ്പ് നോൽകുകയും ചെയ്യും.. ഇതിനേക്കാൾ ഒന്നും ഞാൻ കൂട്ടില്ല. സ്വദഖ ചെയ്യാൻ പറ്റിയ സമ്പത്ത് എന്റെ കയ്യിൽ ഇല്ല. ഹജ്ജ് ചെയ്യാനുള്ള സമ്പത്തും ഇല്ല. ഈ നിലയിൽ  മരണപ്പെട്ടാൽ ഞാൻ എവിടെ ആയിരിക്കും നബിയേ.. നബി(സ്വ) പറഞ്ഞു: "നീ സ്വർഗത്തിലാണ്." അദ്ദേഹം വീണ്ടും ചോദിച്ചു: അങ്ങയോട് കൂടെയാണോ? നബി തങ്ങൾ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു: "അതെ, പക്ഷെ ഒരു ഡിമാന്റ് ഉണ്ട്, നീ നിന്റെ ഹൃദയത്തെ സൂക്ഷിക്കുകയും നാവിനെ കളവിൽ നിന്നും സൂക്ഷിക്കുകയും അല്ലാഹു ഹറാമാക്കിയ കാര്യങ്ങളിലേക്ക് നോക്കുന്നതിൽ നിന്നും കണ്ണിനെ സംരക്ഷിക്കുകയും മുസ്ലീമിനെ നിസാരപ്പെടുത്താതിരിക്കുകയും ചെയ്യണം.

(شرح صحيح البخاري لشمس الدين السفيري )



നബി(സ്വ)യുടെ ഉപദേശം; അല്ലാഹു തആല ഒരു അടിമയെ തൊട്ട് തിരിഞ്ഞു കളഞ്ഞതിന്റെ അടയാളം, ആ അടിമ മുഖ്യമായ വിഷയമല്ലാത്തത് കൊണ്ട് ജോലിയാവലാണ്. ഏതെങ്കിലും ഒരു മനുഷ്യന്റെ  സമയത്തിൽ നിന്ന് അവനെ സൃഷ്ടിക്കപ്പെട്ട വിഷയത്തിലല്ലാതെ സമയം  നഷ്ടപ്പെട്ടാൽ   നീണ്ട ഖേദം അവന് ബന്ധപ്പെട്ടതാണ്. ഒരാൾക്ക് 40 വയസ്സായിട്ടും നന്മയേക്കാൾ കൂടുതൽ തിന്മയാണ് ഉള്ളത് എങ്കിൽ അവൻ നരകത്തിലേക്ക് തയ്യാറായി കൊള്ളട്ടേ.

( أيها الولد / الإمام الغزالي )

നീ നിന്റെ നാവിനെ 8 കാര്യങ്ങളിൽ നിന്ന് സൂക്ഷിക്കുക.

1.കളവ് പറയുക.
2.വാഗ്ദത്വം ലംഘിക്കുക.
3.പരദൂഷണംപറയുക.
4.അനാവശ്യമായി തർക്കിക്കുക.
5.സ്വന്തം ശരീരത്തെ പുകഴ്ത്തുക.
6.ശാപ വാക്കുകൾ പറയുക.
7.സൃഷ്ടികൾക്കെതിരിൽ പ്രാർത്ഥിക്കുക.
8.ജനങ്ങളെ പരിഹസിക്കുക.

( بداية الهداية /   الامام الغزالي )

No comments:

Post a Comment