Thursday 16 April 2020

മുഹമ്മദ് നബി (സ)യെ പറ്റി ബൈബിളും , ഹൈന്ദവ ഗ്രന്ഥങ്ങളും



മുഹമ്മദ് നബി (സ) ഹൈന്ദവ വേദങ്ങളില്‍

ലോകത്തുള്ള ഇതര മതഗ്രന്ഥങ്ങളെയെല്ലാം പോലെ ഹിന്ദു മതഗ്രന്ഥങ്ങളും വരാനിരിക്കുന്ന ഒരു മഹാചാര്യനെ സംബന്ധിച്ച പ്രവചനങ്ങളുള്‍ക്കൊള്ളുന്നുണ്ട്.


ഭവിഷ്യല്‍ പുരാണം:

“ആ സന്ദര്‍ഭത്തില്‍ മഹാമദ് എന്ന സ്ഥാനപ്പേരുള്ള ഒരു വിദേശി തന്റെ അനുചരന്മാരോട് കൂടി പ്രത്യക്ഷ്യപ്പെടും” (പ്രതിസര്‍ഗ്ഗപര്‍വ്വം 3: 3. 58)

തുടര്‍ന്ന് ഒരു ഇന്ത്യന്‍ രാജാവ് അദ്ദേഹത്തെ ഇങ്ങനെ അഭിസംബോധന ചെയ്യുമെന്ന് പറയുന്നുണ്ട്: “അല്ലയോ മനുഷ്യരാശിയുടെ അഭിമാനമേ, അറബ്യേനിവാസീ, ഞാന്‍ നിന്നെ വന്ദിക്കുന്നു. പിശാചിനെ തകര്‍ക്കാന്‍ നീ മഹത്തായ ശക്തി സംഭരിച്ചിരിക്കുന്നു. മ്ലേച്ഛന്മാരായ ശത്രുക്കളില്‍ നിന്നെല്ലാം നീ സുരക്ഷിതനായിരിക്കുന്നു. അല്ലയോ സച്ചിദാനന്ദസ്വരൂപമേ, ഞാന്‍ അവിടുത്തെ എളിയ ദാസനാണ്, അങ്ങയുടെ പാദചരണങ്ങളില്‍ പതിച്ച ഈയുള്ളവനേ സ്വീകരിച്ചനുഗ്രഹിച്ചാലും” (ഭവിഷ്യല്‍ പുരാണം പ്രതിസര്‍ഗ്ഗപര്‍വ്വം)

ഈ പ്രവചനങ്ങളില്‍ ചില കാര്യങ്ങള്‍ നമുക്ക് വിശകലനം ചെയ്യാം.

മുഹമ്മദ് നബിയെ മഹാമദ് എന്ന് വളരെ വ്യക്തമായി തന്നെ ഇവിടെ പേര്‍ വിളിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ സ്വദേശം മരുഭൂനിവാസി അഥവാ അറബ്യേന്‍ മരുഭൂമിയിലാണെന്നും പറഞ്ഞിരിക്കുന്നു.

അദ്ദേഹത്തിന്റെ അനുയായികളെ കുറിച്ചും ഇവിടെ പ്രതിപാദിക്കുന്നു. ശത്രുക്കള്‍ പ്രവാചകനെ വധിക്കാന്‍ ഭക്ഷണ പാനീയങ്ങളില്‍ വിഷം കലര്‍ത്തുകയും, ഭാരമേറിയ കല്ലെടുത്ത് തലയിലിട്ട് വധിക്കാനും, ഉറങ്ങിക്കിടക്കെ വധിച്ചുകളയുവാനും, യുദ്ധത്തില്‍ ചതിക്കുഴിയില്‍ വീഴ്ത്തി കൊല്ലുവാനുമെല്ലാം ശ്രമിക്കുകയുണ്ടായി. പക്ഷേ ദൈവം അദ്ദേഹത്തിന് അതില്‍ നിന്നെല്ലാം പൂര്‍ണ്ണമായും സംരക്ഷണം നല്‍കി.

കല്‍ക്കിപുരാണം:

കല്‍ക്കിപുരാണത്തില്‍ അവസാനമായി വരാന്‍ പോകുന്ന ഒരു അവതാരത്തെ (ഋഷി) യെക്കുറിച്ച് പറയുന്നുണ്ട്. ഈ ഋഷിയുടെ ഒരുപാട് ലക്ഷണങ്ങള്‍ കല്‍ക്കിപുരാണത്തില്‍ പറയുന്നുണ്ട്. ഇവ അന്തിമ പ്രവാചകനായ മുഹമ്മദ് (സ) യുമായി എങ്ങനെ യോജിക്കുന്നുവെന്ന് നോക്കാം.

“അദ്ദേഹം വിഷ്ണുയാഷ് എന്നയാളുടെ ഭവനത്തിലാണ് ജനിക്കുക” (കല്‍ക്കിപുരാണം 2:4)

വിഷ്ണുയാഷ് എന്ന സംസ്‌കൃത വാക്കിന്റെ അര്‍ത്ഥം വിഷ്ണു (ദൈവം)ത്തെ ആരാധിക്കുന്നവന്‍ എന്നാണ്. മുഹമ്മദ് (സ)യുടെ പിതാവിന്റെ പേര് ദൈവത്തെ ആരാധിക്കുന്ന അടിമ എന്ന അറബി വാക്കായ ‘അബ്ദുള്ള’ എന്നായിരുന്നു.

“മതപ്രചാരണത്തിന് നാല് അനുചരന്മാരാല്‍ അദ്ദേഹം സഹായിക്കപ്പെടും” (കല്ക്കിപുരാണം 2:5)

ഇസ്ലാമിലെ നാല് ഖലീഫമാരായിരുന്നു അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി എന്നിവർ.

“വിഷ്ണുയാഷിന്റെ ഭവനത്തില്‍ സുമതിയുടെ ഗര്‍ഭപാത്രത്തിലാണ് അദ്ദേഹം (ഋഷി) ജനിക്കുക” (കല്‍ക്കിപുരാണം 2:11)

സുമതി (സൗമ്യവതി) എന്ന സംസ്‌കൃത വാക്കിന്റെ അര്‍ത്ഥം ശാന്തി എന്നാണ്. ഇത് അറബിയിലേക്ക് ഭാഷാര്‍ത്ഥം നടത്തിയാല്‍ ‘ആമിന’ എന്നാണ്. മുഹമ്മദ് (സ)യുടെ മാതാവിന്റെ പേര് ആമിന എന്നായിരുന്നു.

“മാധവ മാസത്തിന്റെ ആദ്യപകുതിയിലായിരിക്കും അദ്ദേഹം ജനിക്കുക” (കല്‍ക്കിപുരാണം 2:15)

ചന്ദ്രമാസം റബീഉല്‍ അവ്വലിലെ ആദ്യപകുതിയിലാണ് മുഹമ്മദ് (സ) ജനിച്ചത് എന്ന് നമുക്ക് മനസ്സിലാക്കാം.

“യുദ്ധക്കളത്തില്‍ മാലാഖമാരാല്‍ അദ്ദേഹം സഹായിക്കപ്പെടും” (കല്‍ക്കിപുരാണം 2:7)

ഇസ്ലാമിലെ ബദര്‍ യുദ്ധമുള്‍പ്പടെ നിരവധി യുദ്ധങ്ങളില്‍ മാലാഖമാരാല്‍ ദൈവ സഹായം അദ്ദേഹത്തിന് ലഭിക്കുകയുണ്ടായിട്ടുണ്ട്. (വിശുദ്ധ ഖുർആൻ 8: 89, 3: 123-125 എന്നീ ഭാഗങ്ങളില്‍ അവ വിവരിക്കുന്നുണ്ട്)

കൂടാതെ കല്‍ക്കി അവതാരത്തിന് ദൈവമായ പരശുറാമില്‍ നിന്ന് പര്‍വ്വതത്തില്‍വെച്ച് ജ്ഞാനം ലഭിക്കും എന്നാണ് പ്രവചനം. മുഹമ്മദ് നബിക്ക് ആദ്യമായി വെളിപാട് ലഭിച്ചത് ജബല്‍ നൂര്‍ എന്ന പര്‍വ്വതത്തിലെ ഹിറാ ഗുഹയില്‍ വെച്ചായിരുന്നു. അദ്ദേഹം വടക്ക് ഭാഗത്തേക്ക് പാലായനം ചെയ്യുമെന്നും തുടര്‍ന്ന് തിരിച്ച് വരികയും ചെയ്യുമെന്ന് കൂടി പ്രവചനത്തില്‍ കാണം. മുഹമ്മദ് നബി മക്കയുടെ വടക്ക് ഭാഗത്തുള്ള മദീനയിലേക്ക് പാലായനം ചെയ്യുകയും വിജയശ്രീലാളിതനായി മക്കയിലേക്ക് തിരിച്ചു വരികയും ചെയ്തു.


ചതുര്‍വേദങ്ങള്‍:

“അഹ്മ്മദിന് അനശ്വരമായ നിയമങ്ങള്‍ നല്‍കപ്പെടും” (സാമവേദം. ഉത്തര്‍ചിക മന്ത്ര 1500)

ഇവിടെ അഹ്മ്മദ് എന്ന് പ്രത്യേകം പേര് പരാമര്‍ശിക്കുന്നു. അദ്ദേഹത്തിന് നല്‍കപ്പെടുന്ന അനശ്വരമായ (കാലഘട്ടത്തെ അതിജീവിച്ച) നിയമസംഹിതയാണ് വിശുദ്ധ ഖുർആൻ.

ഹൈന്ദവ മത ഗ്രന്ഥങ്ങളില്‍ മറ്റു സ്ഥലങ്ങളിലും അഹ്മ്മദ് എന്ന നാമം പ്രസ്ഥാവിക്കപ്പെട്ടിട്ടുണ്ട്:

സാമവേദം (2:152)
യജുര്‍വേദം (31:18)
ഋഗ്വേദം (8:6: 10)
അഥര്‍വ്വവേദം (8:5: 16)
അഥര്‍വ്വവേദം (20:126: 14)

 

മുഹമ്മദ് നബി (സ) ബൈബിളില്‍


പഴയ നിയമത്തില്‍: മനുഷ്യപുത്രന്‍:

ദാനിയേല്‍ 7-ാം ഖണ്ഡം നോക്കുക. കിടക്കയില്‍ വെച്ചുണ്ടായ ദര്‍ശനത്തിലൂടെ ദാനിയേല്‍, പ്രവാചകത്വ ശൃംഖലയിലെ അവസാനത്തെ കണ്ണിയെപ്പറ്റി പ്രവചിക്കുകയായിരുന്നു.

“സകല വംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിനു അവനു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു” (ദാനിയേല്‍ 7:14)

ആരാണ് ഈ ‘മനുഷ്യ പുത്രന്‍’?

യേശുക്രിസ്തുവല്ല എന്ന് വ്യക്തമാണ്. ക്രിസ്തുവിനല്ല, മുഹമ്മദ് നബിക്കായിരുന്നു ലഭിച്ചത്.

നാലാം മൃഗത്തെ-റോമന്‍ സാമ്രാജ്യത്തെ- ഹനിക്കുകയാണ് മനുഷ്യപുത്രന്റെ മറ്റൊരു ദൗത്യമായി ബൈബിള്‍ നിര്‍ദേശിക്കുന്നത്. യേശു അത് ചെയ്തില്ല. മുഹമ്മദ് നബിയുടെ അനുയായികള്‍ക്കാണ് അത് സാധിച്ചത്.

മനുഷ്യപുത്രന്‍ വരാനിരിക്കുന്നേയുള്ളൂ എന്ന വസ്തുത യേശു ഇങ്ങനെ വ്യക്തമാക്കുന്നു: “എന്നാല്‍ ഏലിയാവു വന്നു കഴിഞ്ഞു …. അവ്വണ്ണം മനുഷ്യപുത്രനു അവരാല്‍ കഷ്ടപ്പെടുവാനുണ്ട്” (മത്തായി 17:12).

വിഷയം ഇവിടെ വരാനിരിക്കുന്ന ഒരാളാണ്. പറയുന്നത് ക്രിസ്തുവാണ്. ഒരര്‍ഥത്തിലും അത് ക്രിസ്തുവിനെ പറ്റിയാവില്ല. “മനുഷ്യപുത്രന്‍’ തന്റെ പിതാവിന്റെ മഹത്വത്തില്‍ തന്റെ ദൂതന്മാരുമായി വരും” (മത്തായി 16:27)

പുതിയ നിയമത്തില്‍:ആ പ്രവാചകന്‍:

പുതിയ നിയമത്തില്‍ യോഹന്നാന്‍ 1:19-22 വായിക്കുക. ആരാണ് ബൈബിള്‍ പറഞ്ഞ ‘ആ പ്രവാചകന്‍’?

അത് ക്രിസ്തുവാണോ? ‘എന്റെ പിന്നാലെ വരുന്നവനോ’ എന്ന യോഹന്നാന്റെ പ്രയോഗത്തില്‍തന്നെ ഇതിനു നിഷേധാത്മക മറുപടിയുണ്ട്. ക്രിസ്തുവും യോഹന്നാനും സമകാലികരായിരുന്നു.

യോഹന്നാന്‍ കാരാഗൃഹത്തില്‍ വെച്ചു ക്രിസ്തുവിന്റെ പ്രവൃത്തികളെക്കുറിച്ചു കേള്‍ക്കുന്നതുവരെ യോഹന്നാന്‍ ക്രിസ്തുവിനെ അറിഞ്ഞിരുന്നില്ല (മത്തായി 11:2-3) വചനത്തിൽ നിന്നും മനസ്സിലാക്കാം.

ഏറ്റവും ചെറിയവന്‍:

“സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ യോഹന്നാന്‍ സ്‌നാപകനേക്കാള്‍ വലിയവന്‍ ആരും എഴുന്നേറ്റിട്ടില്ല. സ്വര്‍ഗരാജ്യത്തില്‍ ഏറ്റവും ചെറിയവനോ അവനിലും വലിയവന്‍ എന്നു ഞാന്‍ സത്യമായിട്ട് നിങ്ങളോടു പറയുന്നു” (മത്തായി 11:11).

യേശുവല്ല ‘ഏറ്റവും ചെറിയവന്‍’. കാരണം അന്നു ദൈവരാജ്യം സ്ഥാപിക്കപ്പെട്ടിട്ടില്ലല്ലോ. യേശു-അതിന്റെ സ്ഥാപകന്‍- അതിലേറ്റവും ചെറിയവനാവുകയും വയ്യ. പ്രവാചകകുടുംബത്തില്‍ അവസാനം ജനിക്കുന്നവനല്ലേ ഏറ്റവും ചെറിയവനാവുക? ഏറ്റവും ചെറിയവന്‍ എന്ന പ്രയോഗം ഇണങ്ങുക മുഹമ്മദ് നബിക്കാവും.

സത്യത്തിന്റെ ആത്മാവ്:

അപൂര്‍ണമായ ഒരു ദൗത്യമാണ് ക്രിസ്തുവിന് നിര്‍വഹിക്കാനുണ്ടായിരുന്നത്. അതിന്റെ പരിപൂര്‍ത്തിക്കായി മറ്റൊരു കാര്യസ്ഥന്‍ വരും എന്നാണ് ക്രിസ്തു നിരൂപിച്ചത്:

“… എന്നാല്‍ ഞാന്‍ പിതാവിനോട് ചോദിക്കും: അവന്‍ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിനു നിങ്ങള്‍ക്കു തരും” (യോഹന്നാന്‍ 14: 15,16)

“…ഞാന്‍ പോകുന്നത് നിങ്ങള്‍ക്ക് പ്രയോജനം; ഞാന്‍ പോകാഞ്ഞാല്‍ കാര്യസ്ഥന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല; ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയക്കും” (യോഹന്നാന്‍ 16:7)

യോഹന്നാന്‍ 14:26, യോഹന്നാന്‍ 15:26 വചനങ്ങളും വായിക്കുക:

ഇവിടെ കാര്യസ്ഥന്‍ എന്നു വ്യവഹരിക്കപ്പെട്ടത് ഗ്രീക്കിലെ ‘പെരിക്ലിറ്റോസ്’ എന്ന പദമാണ്. ‘ഉത്തമന്‍, പ്രശസ്തന്‍, പ്രശംസനീയന്‍’ എന്നൊക്കെ അര്‍ഥം കല്‍പിക്കാവുന്ന പെരിക്ലിറ്റോസ് അറബിയിലെ ‘മുഹമ്മദ്’ എന്നതിന്റെ സമാനപദം തന്നെ.

ദൈവത്തെയും അവന്റെ മതത്തെയും സംബന്ധിക്കുന്ന ‘സകലതും ഉപദേശിക്കുക’ എന്നുള്ള കൃത്യം ഭംഗിയായും പൂര്‍ണമായും നിര്‍വഹിച്ചത് മുഹമ്മദ് നബിയാണ്. ‘ഹജ്ജത്തുല്‍ വിദാഇ’ലെ ആയിരങ്ങളുടെ സാക്ഷ്യം ചരിത്രസംഭവമാണ്.

‘ന്യായവിധി’ എന്നതിനു ഹിബ്രു ബൈബിളുകളില്‍ ‘ദീനാ’ എന്നാണു കാണുക. അറബിയിലെ ‘ദീന്‍’ തന്നെ. പക്ഷേ ‘ന്യായവിധി’ എന്നുള്ളതിനേക്കാള്‍ ‘മതം’ എന്ന അര്‍ഥമാണ് അതിനു അനുയോജ്യമായിരിക്കുക. ക്രിസ്തുവിനുശേഷം മതോന്മുഖമായ ഒരു പരിണാമഗതിക്ക് നേതൃത്വം നല്‍കിയത് മുഹമ്മദ് നബിയാണ്. ഖുർആന്‍ സ്വന്തമായ ഒരു നീതിശാസ്ത്രമുണ്ട്. ഖുർആന് മാത്രമേ അതുള്ളൂ എന്ന് പറഞ്ഞാലും തെറ്റില്ല. ചുരുക്കത്തില്‍, അവന്‍ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിനു ബോധം വരുത്തും എന്ന ബൈബിള്‍ പ്രവചനം മുഹമ്മദ് നബിയിലേ നിവൃത്തിക്കപ്പെടുന്നുള്ളൂ.

പെരിക്ലിറ്റോസിന്റെ മറ്റൊരു ഗുണമായി ബൈബിള്‍ എണ്ണിപ്പറഞ്ഞത് ‘അവന്‍ സ്വയമായി സംസാരിക്കില്ല എന്നാണ്’ (യോഹന്നാന്‍ 16:13). മുഹമ്മദ് നബി സ്വയമായി ഒന്നും സംസാരിക്കുന്നില്ല. ജിബ്രീല്‍ എന്ന മലക്ക് വഴി അല്ലാഹുവില്‍നിന്നും കേട്ടത് അപ്പടി പറയുക മാത്രമാണദ്ദേഹം.

No comments:

Post a Comment