Saturday 25 April 2020

റമളാൻ സംശയ നിവാരണം - നജീബ് മൗലാനയുടെ ഫത്വയിലൂടെ



റമളാൻ നോമ്പിന്‌ ഓരോ ദിവസവും രാത്രിയിൽ തന്നെ നിയ്യത്ത്‌ ചെയ്യേണ്ടതുണ്ടല്ലോ. ഇത്‌ ഒരു രാത്രി മറന്നാൽ അതിന്റെ വിധിയെന്ത്‌?.


രാത്രിയിൽ നിയ്യത്ത്‌ സംഭവിച്ചില്ലെങ്കിൽ അന്നത്തെ നോമ്പ്‌ സാധുവാകുകയില്ല. ആ നോമ്പ്‌ പിന്നീടൊരു ദിവസം ഖളാ വീട്ടണം. എങ്കിലും നിയ്യത്തു മറന്ന ദിനത്തിലും അവൻ നോമ്പുകാരനെ പോലെ പൂർണ്ണമായും അന്നപാനീയങ്ങളും മറ്റും വെടിഞ്ഞ്‌ 'ഇംസാക്ക്‌' ചെയ്യണം.

എന്നാൽ റമളാനിന്റെ ആദ്യത്തെ രാത്രിയിൽ റമളാൻ മുഴുവൻ നോമ്പനുഷ്ടിക്കുന്നതായി കരുതിയാൽ എല്ലാ നോമ്പിനും ആ നിയ്യത്ത്‌ മതിയെന്നാണ്‌ മാലിക്കീ മദ്‌ഹബ്‌. നിയ്യത്ത്‌ രാത്രിയിൽ മറന്ന ദിവസങ്ങളിൽ ഈ മദ്‌ഹബനുസരിച്ച്‌ നോമ്പനുഷ്ടിക്കാനും നോമ്പു ലഭിക്കാനും സൗകര്യപ്പെടാൻ വേണ്ടി റമളാനിന്റെ അദ്യരാത്രി തന്നെ മാസം മുഴുവൻ നോമ്പനുഷ്ടിക്കുന്നതായി കരുതൽ ശക്തമായ സുന്നത്താണെന്ന് ഇമാം ഇബ്‌നുഹജർ(റ) പ്രസ്താവിച്ചിട്ടുണ്ട്‌.

അതുപോലെ ഓരോ നോമ്പിനും പകലിന്റെ ആദ്യത്തിൽ നിയ്യത്തു മതിയെന്നാണ്‌ ഇമാം അബൂഹനീഫയുടെ പക്ഷം. രാത്രിയിൽ നിയ്യത്തു മറന്നാൽ ഈ അഭിപ്രായം അനുകരിച്ചു കൊണ്ടു നോമ്പു നോൽക്കാനും നോമ്പു ലഭിക്കാനും വേണ്ടി മറന്ന ദിനത്തിന്റെ തുടക്കത്തിൽ അന്നു നോമ്പനുഷ്ടിക്കുന്നതായി കരുതൽ സുന്നത്താണെന്നും ഫുഖഹാഉ പ്രസ്താവിച്ചിട്ടുണ്ട്‌. (ഫത്‌ഹുൽ മുഈൻ).

ഇതനുസരിച്ചു രാത്രിയിൽ നിയ്യത്തു മറന്നയാൾ, പകലിന്റെ ആരംഭത്തിൽ ഇമാം അബൂഹനീഫ(റ)യെ അനുകരിച്ച്‌ അന്നു നോമ്പു പിടിക്കുന്നതായി കരുതി വ്രതമനുഷ്ടിച്ചാൽ അവന്‌ അന്നത്തെ നോമ്പു ലഭിക്കുമെന്നും അതു പിന്നെ ഖളാ വീട്ടേണ്ടതില്ലെന്നും മനസ്സിലാക്കാം.


പരിശുദ്ധ റമളാൻമാസത്തിൽ പ്രായപൂർത്തിയായ മുതഅല്ലിംകൾ സ്ത്രീകൾക്ക് ഇമാമത്ത് നില്ക്കുന്നതിന്റെ നിലയെന്ത്? ഇതു ജമാഅത്തെ ഇസ്ലാമി പോലുളള പുത്തൻ പ്രസ്ഥാനക്കാരെ അനുകരിക്കലല്ലേ? ഒരു വിശദീകരണം?

കേരളത്തിലെ ജമാഅത്തെ ഇസ്ലാമിയടക്കമുളള പുത്തൻ പ്രസ്ഥാനക്കാർ യുവതികളടക്കമുളള സ്ത്രീകളെ പുരുഷന്മാർ പങ്കെടുക്കുന്ന ജമാഅത്തുകളിലേക്കും പളളികളിലേക്കും കൊണ്ടുപോകുന്നവരാണല്ലോ. വീടുകളിൽ സ്ത്രീകളുടെ ജമാഅത്ത് പുത്തൻവാദികളുടെ ആഗമനത്തിനു മുൻപേ പലയിടങ്ങളിലും നടപ്പുളളതാണ്. പുത്തൻവാദികളുടെ നിലപാടിനോടു വിരോധമുളള സുന്നികളാണ് ഇങ്ങനെ വീടുകളിൽ തറാവീഹിനും മറ്റും സ്ത്രീജമാഅത്തിനു സൗകര്യമൊരുക്കുന്നത്.  സ്ത്രീകൾക്കും തറാവീഹ് നമസ്കാരവും  അതിൽ ജമാഅത്തുമെല്ലാം പുണ്യമുളളതാണല്ലോ. സ്ത്രീകളുടെ ജമാഅത്തു വീട്ടിൽ വച്ചു നടത്തുന്നതും സ്ത്രീ അതിന് ഇമാമത്തു നിൽക്കുന്നതിനെക്കാൾ പുരുഷൻ ഇമാമത്തു നിൽക്കുന്നതുമാണ് ഏറ്റവും ശ്രേഷ്ഠവും പുണ്യവും. മഹല്ലി:1-222.

നമസ്കാരത്തിന്റെ നിയമങ്ങളും ഖിറാഅത്തിന്റെ നിയമങ്ങളുമെല്ലാം അറിയുന്ന മുതഅല്ലിമുകളാണ് അറിവില്ലാത്തവരെക്കാൾ അഭികാമ്യമായിട്ടുളളത്. ഇതു കൊണ്ടാകാം മുതഅല്ലിമുകളെ നിർത്തുന്നത്. ഇതു പൊതുവിൽ നല്ല വഴക്കമാണ്. പുത്തൻവാദികളോടുളള അനുകരണമല്ല.

☘മൗലാനാ നജീബുസ്താദിന്റെ ഫത്‌'വാകളുടെ സമാഹാരമായ പ്രശ്നോത്തരം: ഭാഗം - 4☘


തറാവീഹ് നിസ്കാരത്തിൽ ഓരോ രണ്ടു റക്അത്തിന്റെയും ആദ്യത്തെ റക്അത്തിൽ തക്ബീറത്തുൽ ഇഹ്റാമിനു ശേഷം വജ്ജഹ്തു ഓതലും ഫാതിഹക്കു ശേഷം എല്ലാ റക്അത്തുകളിലും പൂർണ്ണമായ സൂറത്തോതലും സുന്നത്തുണ്ടോ? അതുപോലെ അത്തഹിയ്യാത്തിൽ തവർറുകിന്റെ ഇരുത്തം ഇരിക്കലും സുന്നത്തുണ്ടോ?


ഉണ്ട്. മയ്യിത്തു നിസ്കാരമല്ലാത്ത ഫർളോ സുന്നത്തോ ആയ എല്ലാ നിസ്കാരങ്ങളിലും ഇഫ്തിതാഹിന്റെ ദുആ- വജ്ജഹ്തുവോ മറ്റോ- സുന്നത്താണ്. തുഹ്ഫ: 2-21.

അതുപോലെ വുളുവോ തയമ്മുമോ ചെയ്യാൻ കഴിയാത്ത ജനാബത്തുകാരന്റെ നമസ്കാരവും, മയ്യിത്തു നമസ്കാരവുമല്ലാത്ത എല്ലാ നമസ്കാരങ്ങളിലും ഫാതിഹക്കു ശേഷം സൂറത്തോതൽ സുന്നത്തുണ്ട്. ഇതു പരിപൂർണ്ണമായ ഒരു സൂറത്തായി നിർവ്വഹിക്കലാണ് ഏറ്റവും ശ്രേഷ്ടം. എന്നാൽ, തറാവീഹിൽ ഖുർആൻ മുഴുവൻ ഖത്മ് ചെയ്ത് ഓതാൻ ഉദ്ദേശിക്കുന്നയാൾക്ക് സൂറത്ത് പൂർത്തിയാക്കൽ പ്രത്യേകം ശ്രേഷ്ടതയില്ല. ഖുർആനിന്റെ ക്രമത്തിൽ അൽപാല്പമായി ഓതലാണ് ഈ രൂപത്തിൽ ശ്രേഷ്ടം. തുഹ്ഫ: ശർവാനി സഹിതം 2-51,52.

ഇപ്രകാരം തന്നെ ഫർളോ സുന്നത്തോ ആയ ഏതു നമസ്കാരത്തിലും അവസാനം വരുന്ന അത്തഹിയ്യാത്തിൽ - അനന്തരം സലാം വരുന്ന തശഹ്ഹുദിൽ - തവർറുകിന്റെ ഇരുത്തമാണ് സുന്നത്ത്. തുഹ്ഫ: 2-79. ഈ സുന്നത്തുകളെല്ലാം തറാവീഹിന്നും ബാധകമാണെന്ന് ഇതിൽ നിന്നും വ്യക്തമാണല്ലോ.

☘മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം - ഭാഗം: 4☘


കുളി, ബ്രഷിംഗ്‌ പോലുള്ള സുന്നത്തായ കർമ്മങ്ങൾക്കിടയിൽ വെള്ളം അകത്തേക്ക്‌ പോയാൽ നോമ്പ്‌ മുറിയുമോ?

നിർദ്ദേശിക്കപ്പെട്ട പരിധിക്കപ്പുറമുള്ള അതിരു കവിഞ്ഞ ചെയ്തികൾ മൂലമല്ലാതെയാണ്‌ അകത്തേക്ക്‌ പ്രവേശിച്ചതെങ്കിൽ നോമ്പ്‌ മുറിയുകയില്ല. അതിരു കവിഞ്ഞ പ്രവൃത്തികൾ ചെയ്തതു കൊണ്ടാണ്‌ വെള്ളം ഉള്ളിൽ പ്രവേശിച്ചതെങ്കിൽ നോമ്പ്‌ മുറിയുകയും ചെയ്യും. നോമ്പുണ്ടെന്ന ഓർമ്മയും ആ പ്രവൃത്തി നിയമപരമല്ലെന്ന അറിവുമുണ്ടെങ്കിൽ. തുഹ്ഫ 3-406.


വലിയ അശുദ്ധിക്കാരൻ നോമ്പിന്റെ നിയ്യത്ത് ചെയ്തു നേരം വെളുത്തിട്ട് കുളിച്ചാൽ മതിയെന്ന് പ്രശ്നോത്തരത്തിൽ വായിച്ചു. എന്നാൽ കുളിക്കുമ്പോൾ ദ്വാരങ്ങളിൽ (ചെവി, മൂക്ക്, കൺകുഴി, പൊക്കിൾ എന്നിവ) വെളളം കയറ്റണം എന്നുണ്ടല്ലോ. അപ്പോൾ നോമ്പ് മുറിയുകയില്ലേ?


വെളളം കയറിയാൽ നോമ്പ് മുറിയുന്ന ദ്വാരങ്ങളിൽ (ഉദാ: ചെവി, മൂക്ക്) നോമ്പ് മുറിയുന്ന ഭാഗത്തേക്ക് വെളളം കയറ്റണമെന്ന് ജനാബത്തു കുളിയിൽ നിർബന്ധമില്ല. കുളിക്കുന്നതിനിടയിൽ പ്രസ്തുത ദ്വാരങ്ങളിൽ നിന്ന് കഴുകൽ നിർബന്ധമായ ഭാഗം കഴുകുമ്പോൾ നോമ്പ് മുറിയുന്ന ഭാഗത്തേക്ക് വെളളം കയറിയാൽ അതുകൊണ്ടു നോമ്പ് മുറിയുകയുമില്ല. ഫത്ഹുൽ മുഈൻ.

☘മൗലാനാ നജീബ് ഉസ്താദിന്റെ ഫത്'വ സമാഹാരമായ 'പ്രശ്നോത്തരം' എന്ന പുസ്തകത്തിന്റെ 4 ആം വാള്യം☘



തറാവീഹ്‌ നമസ്‌കാരത്തിൽ എല്ലാ രണ്ടു റക്‌അത്തുകളുടെയും ആദ്യത്തിൽ ഇഫ്‌തിതാഹിന്റെ ദുആ ഓതേണ്ടതുണ്ടോ? അതോ ആദ്യത്തെ രണ്ടു റക്‌അത്തിൽ മാത്രം ഓതിയാൽ മതിയോ? ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു.

മയ്യിത്തു നമസ്‌കാരമല്ലാത്ത ഫർളും സുന്നത്തുമായ എല്ലാ നമസ്‌കാരത്തിലും തക്ബീറത്തുൽ ഇഹ്‌റാമിനു ശേഷം ഇഫ്‌തിതാഹിന്റെ ദുആ സുന്നത്താണ്‌. തുഹ്ഫ: 2-29. തറാവീഹു നമസ്‌കാരത്തിൽ ഓരോ ഈ രണ്ടു റക്‌അത്തുകൾക്കും തക്‌ബീറതുൽ ഇഹ്‌റാം ഉണ്ടല്ലോ. ആദ്യത്തെ രണ്ടു റക്‌അത്തിൽ മാത്രമുള്ളതല്ലല്ലോ തക്ബീറത്തുൽ ഇഹ്‌റാം. അതിനാൽ ഓരോ രണ്ടു റക്‌അത്തിലെയും തക്ബീറതുൽ ഇഹ്‌റാമിനു ശേഷം പ്രാരംഭ പ്രാർത്ഥന സുന്നത്താണ്‌. ☘മൗലാനാ നജീബ്‌ ഉസ്താദിന്റെ ഫത്‌'വാകളുടെ സമാഹാരമായ പ്രശ്നോത്തരം, മൂന്നാം ഭാഗം, പേജ് :63,64☘


നോമ്പിന് അത്താഴം കഴിക്കും മുമ്പ് നിയ്യത്ത് ചെയ്തയാൾ അത്താഴശേഷം വീണ്ടും നിയ്യത്തു മടക്കൽ സുന്നത്താണെന്നു ഒരു മുസ്‌ലിയാർ പ്രസംഗിച്ചു കേട്ടു. ശരിയാണോ? ശരിയാണ്. നിയ്യത്തിനുശേഷം ആഹാരം കഴിക്കൽ പോലുള്ള നോമ്പു മുറിയുന്ന കാര്യങ്ങൾ കൊണ്ടുവന്നാൽ ആ നിയ്യത്ത് സാധുവാകുമോ എന്നതിൽ അഭിപ്രായ വ്യത്യാസമുള്ളതുകൊണ്ട് അത്താഴം കഴിച്ച ശേഷം വീണ്ടും നിയ്യത്ത് ചെയ്യൽ സുന്നത്തുതന്നെയാണ്. തർശീഹ് പേ: 165 ☘മൗലാനാ നജീബ് ഉസ്താദിന്റെ ഫത്‌'വാ സമാഹാരമായ പ്രശ്നോത്തരം: ഭാഗം 4☘


ഗ്യാസുള്ള വിക്‌സ്‌ മൂക്കിൽ വലിച്ചാൽ നോമ്പു മുറിയുമോ? അതിന്റെ ഗ്യാസു മാത്രം മൂക്കിലേക്കു വലിച്ചു കയറ്റിയതു കൊണ്ടു നോമ്പു മുറിയുകയില്ല. തടിയുള്ള വല്ലതും മൂക്കിനുള്ളിൽ കയറ്റുന്നുണ്ടെങ്കിലേ മുറിയൂ. ഫത്‌ഹുൽ മുഈൻ പേ:192. ☘മൗലാനാ നജീബ്‌ ഉസ്താദിന്റെ ഫത്‌'വാകളുടെ സമാഹാരമായ പ്രശ്നോത്തരം - ഭാഗം 1, പേജ്‌: 50☘ 


ഞാൻ ഏകദേശം ഒമ്പതു വർഷത്തെ നമസ്‌കാരം ഖളാഉള്ള ആളാണ്‌. ഞാൻ ഖളാഅ് വീട്ടുന്നുമുണ്ട്‌. എനിക്കു തറാവീഹ്‌ നമസ്‌കരിക്കാൻ പറ്റുമോ?

പ്രസ്തുത നമസ്‌കാരം തീരും വരെ, നിങ്ങളുടെ ജീവിതത്തിന്റെ അനിവാര്യ കാര്യങ്ങൾക്കുള്ള സമയം കഴിച്ചു ബാക്കി മുഴുവൻ സമയവും ആ നമസ്‌കാരങ്ങൾ ഖളാഅ് വീടുന്നതിലാണുപയോഗപ്പെടുത്തേണ്ടത്‌. തുഹ്ഫ: 1-440. അതിനാൽ തറാവീഹു നമസ്‌കരിക്കുന്ന സമയം കൂടി പ്രസ്തുത ഫർളുകൾ ഖളാഅ് വീട്ടുവാൻ ഉപയോഗപ്പെടുത്തുക.

☘മൗലാനാ നജീബ്‌ ഉസ്താദിന്റെ ഫത്‌'വാകളുടെ സമാഹാരമായ പ്രശ്നോത്തരം - ഭാഗം 1, പേജ്‌: 51☘


ലൈലത്തുൽ ഖദ്‌ർ ഒരു രാത്രിയിൽ ആണല്ലോ ഉണ്ടാവുക. എന്നാൽ ഇന്ത്യയിൽ രാത്രിയാകുമ്പോൾ അമേരിക്ക പോലുള്ള രാജ്യത്തു പകലും. അപ്പോൾ ലൈലത്തുൽ ഖദ്‌ർ എങ്ങനെ സംഭവിക്കും?

റമളാനിലെ നിർണ്ണിത രാത്രിയായിരിക്കുമല്ലോ ഖദ്‌റിന്റെ രാത്രി. ആ രാത്രി അമേരിക്കക്കാർക്ക്‌ എപ്പോളാണ്‌ വരുന്നതെങ്കിൽ അപ്പോളും, ഇന്ത്യക്കാർക്ക്‌ എപ്പോളെങ്കിൽ അപ്പോളും തന്നെ! ലൈലത്തുൽ ഖദ്‌ർ റമളാനിലെ ഒരു നിർണ്ണിത രാത്രി തന്നെയാണല്ലോ അപ്പോൾ.

☘മൗലാനാ നജീബ്‌ ഉസ്താദിന്റെ ഫത്‌'വാകളുടെ സമാഹാരമായ പ്രശ്നോത്തരം - ഭാഗം 1, പേജ്‌: 53☘


ഉറക്കത്തിൽ ഇന്ദ്രിയം സ്രവിച്ചാൽ നോമ്പു മുറിയുമോ? വലിയ അശുദ്ധിയോടുകൂടി കുളിക്കാതെ നിയ്യത്തുചെയ്ത നോമ്പു ലഭിക്കുമോ?.

ഉറക്കത്തിലെ ശുക്ലസ്രാവം കൊണ്ടു നോമ്പുമുറിയുകയില്ല. വലിയ അശുദ്ധിയോടെ നിയ്യത്തു ചെയ്തവന്റെ നോമ്പു സാധുവാകും. ഫത്‌ ഹുൽ മുഈൻ.

☘മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം,  ഒന്നാം ഭാഗം,  പേജ് : 34☘


വിത്‌റിന്റെ രണ്ട്‌ റക്‌അത്ത്‌ ഇശാഇനു ശേഷം നിസ്‌കരിച്ച്‌ ഒരു റക്‌അത്തിനെ തഹജ്ജുദിനു ശേഷം നിർവ്വഹിക്കുന്നതിനായി പിന്തിക്കുന്നത്‌ കറാഹത്തുണ്ടോ? അതോ നിരുപാധികം അനുവദനീയമാണോ? വിത്‌റിനെ അങ്ങനെ ഭാഗികമായി പിന്തിക്കാതെ മുഴുവനായിത്തന്നെ പിന്തിക്കലാണു സുന്നത്ത്‌. രാത്രിയിൽ ഉറക്കമുണരുമെന്നുറപ്പുള്ളവനു തഹജ്ജുദ്‌ നമസ്‌കാരം ഉദ്ദേശമുണ്ടെങ്കിലാണ്‌ ഇങ്ങനെ സുന്നത്തുള്ളത്‌. എന്നാൽ വിത്‌റിന്റെ അൽപ്പം ആദ്യം നമസ്‌കരിക്കുകയും ബാക്കിഭാഗം തഹജ്ജുദിനു ശേഷം നിർവ്വഹിക്കുന്നതിനായി പിന്തിക്കുകയും ചെയ്യൽ ഈ സുന്നത്തിനും ഏറ്റം ശ്രേഷ്ഠമായ രൂപത്തിനും എതിരാണെങ്കിലും അതു കറാഹത്തൊന്നുമില്ല. (തുഹ്ഫ: ശർവാനി സഹിതം 2-229 നോക്കുക). ☘പ്രശ്നോത്തരം: ഭാഗം 4, പേജ്‌: 125 - മൗലാനാ നജീബ്‌ ഉസ്താദ്‌☘


നോമ്പുകാരൻ/നോമ്പുകാരി കണ്ണിൽ മരുന്ന്, മുലപ്പാൽ മുതലായവ ഉപയോഗിക്കുന്നതിന്റെ വിധിയെന്ത്‌? അതുകൊണ്ട്‌ നോമ്പ്‌ നഷ്ടപ്പെടുമോ? 

ഇല്ല. കണ്ണിൽ മരുന്നോ മുലപ്പാലോ ഇറ്റിക്കുന്നത്‌ കൊണ്ട്‌ നോമ്പു നഷ്ടപ്പെടുകയില്ല. അത്‌ അനുവദനീയവുമാണ്‌.


☘മൗലാനാ നജീബ്‌ ഉസ്താദിന്റെ ഫത്‌വാ സമാഹാരമായ 'പ്രശ്നോത്തരം'  - ഭാഗം 3☘


ചിലേടങ്ങളിൽ റമളാനിൽ മഗ്‌രിബിന്നു വെടി പൊട്ടിക്കൽ പതിവുണ്ട്‌. ആ വെടി കേൾക്കുമ്പോൾ കേട്ടവർ നോമ്പു മുറിക്കലുമുണ്ട്‌. എന്നാൽ ചിലപ്പോൾ അതിനടുത്ത അമ്പലത്തിൽ നിന്നും വെടി പൊട്ടിക്കും. അതിനാൽ പള്ളിയിൽ നിന്ന് പൊട്ടിച്ച വെടി ഏതാണെന്ന് ജനങ്ങൾ അറിയിന്നില്ല. ഇനി പള്ളിയുടെ അടുത്തുനിന്ന് എപ്രകാരമാണ്‌ വെടി പൊട്ടിക്കേണ്ടത്‌?

അസ്തമിച്ചുവെന്ന് ഉറപ്പ്‌ കിട്ടിയോ അടയാളങ്ങൾ കൊണ്ട്‌ ഭാവനയുണ്ടാവുകയോ ചെയ്താൽ നോമ്പു തുറക്കാവുന്നതാണ്‌. തുഹ്ഫ: മുതലായ കിതാബുകളിൽ നിന്നും അവയുടെ ഹാശിയകളിൽ നിന്നും ഇത്‌ വ്യക്തമാകുന്നതാണ്‌. സൂര്യൻ അസ്തമിച്ചുവെന്നതിന്റെ അടയാളമായി ജനങ്ങളെ അറിയിക്കുവാനാണ്‌ പള്ളിയിൽ നിന്ന് വെടി പൊട്ടിക്കുന്നത്‌. അമ്പലത്തിൽ നിന്നോ മറ്റോ അതിനടുത്ത സമയം വെടി പൊട്ടിക്കുന്നുവെങ്കിൽ പള്ളിയിൽ നിന്നുള്ള വെടി അസ്തമയത്തിന്റെ അടയാളമായി മനസ്സിലാക്കാൻ പ്രയാസമായിരിക്കും. ഇത്‌ വേർതിരിച്ചറിയാൻ വേണ്ടി പള്ളിയിൽ നിന്ന് ഇരട്ടവെടിയോ മറ്റോ പൊട്ടിക്കാവുന്നതാണ്‌.



റമളാൻ മാസം മരണപ്പെട്ട ഒരാളിന്‌ പകൽ സമയം സുഗന്ധം പൂശൽ സുന്നത്തുണ്ടോ? തെളിവ്‌ സഹിതം മറുപടി തന്നാലും

കഫൻ പുടവയിലും മറ്റും വാസനദ്രവ്യം ഉപയോഗിക്കൽ സുന്നത്തുണ്ട്‌. ശർവാനി: 3-11


നോമ്പ്‌ തുറ ഉളരിപ്പിക്കൽ സുന്നത്താണല്ലോ. തൽസമയം ഒരാൾ ടൗണിലാണെങ്കിൽ എന്തു ചെയ്യണം? അങ്ങാടിയിൽ വച്ചു തിന്നൽ മുറുവ്വത്തിന്‌(മാനവികത) ഭംഗമാവുകയില്ലേ?

നോമ്പ്‌ തുറ ഉളരിപ്പിക്കാൻ നോമ്പ്‌ മുറിക്കുന്ന എന്തെങ്കിലും ഉപയോഗിക്കുകയേ വേണ്ടുള്ളൂ. റോഡിലൂടെ നടന്നുകോണ്ടിരിക്കുമ്പോളാണെങ്കിലും ഇതു സുന്നത്തു തന്നെയാണ്‌. ഇതുകൊണ്ട്‌ മുറുവ്വത്ത്‌ പൊളിയുകയില്ല. (ശർവാനി: 3-420).

☘മൗലാനാ നജീബുസ്താദിന്റെ ഫത്'വാകളുടെ സമാഹാരമായ പ്രശ്നോത്തരം: ഭാഗം 4 പേജ്‌: 192☘


തസ്‌ബീഹ്‌ നമസ്‌കാരത്തിൽ തസ്ബീഹ്‌ വിട്ടുപോവുകയും അതിനെ വീണ്ടെടുക്കാതിരിക്കുകയും ചെയ്താൽ ആ നിസ്‌കാരം സ്വഹീഹാകുമോ?

സ്വഹീഹാകും. തസ്ബീഹുകൾ മുഴുവനും ഒഴിവാക്കിയാൽ വെറും സുന്നത്തു നിസ്‌കാരമായാണ്‌ അത്‌ സംഭവിക്കുക. അൽപം തസ്ബീഹുകൾ കൊണ്ടു വന്നിട്ടുണ്ടെങ്കിൽ തസ്ബീഹു നിസ്‌കാരത്തിന്റെ അടിസ്ഥാന സുന്നത്ത്‌ ലഭിക്കും. (അലിയ്യുശബ്‌റാമില്ലിസി: -123).

☘ മൗലാനാ നജീബ്‌ ഉസ്താദ്‌ - പ്രശ്നോത്തരം ഭാഗം 3 - ചോദ്യം നമ്പർ: 1019☘


റമളാനിന്റെ പകലിൽ നോമ്പെടുക്കാത്ത നിലയിൽ ഒരാൾക്ക്‌ പ്രായപൂർത്തിയാവുകയോ ഭ്രാന്തു സുഖപ്പെടുകയോ ചെയ്താൽ ആ ദിവസത്തെ നോമ്പ്‌ ഖളാഅ് വീട്ടൽ നിർബന്ധമുണ്ടോ?

ഇല്ല. കാരണം, നോമ്പ്‌ അദാആയി നിർവ്വഹിക്കാൻ വിശാലമായത്ര സമയം ശർഇന്റെ ബാധ്യതയുള്ള മുകല്ലഫായി അയാൾക്കു ലഭിച്ചിട്ടില്ലല്ലോ. തുഹ്ഫ: 3-433.

☘☘ മൗലാനാ നജീബ്‌ ഉസ്താദ്‌ - പ്രശ്നോത്തരം ഭാഗം 3 - ചോദ്യം നമ്പർ: 1020☘


റമളാനു മുമ്പേ കൊല്ലം പൂർത്തിയായ മുതലിന്റെ സകാത്ത്‌ റമളാനിൽ കൊടുക്കാനായി പിന്തിക്കുന്നതിൽ പുണ്യമുണ്ടോ?

സകാത്ത്‌ നിർബന്ധമാവുകയും അതുകൊടുക്കാൻ സൗകര്യപ്പെടുകയും ചെയ്ത ശേഷം ചോദ്യത്തിൽ പറഞ്ഞ കാരണത്തിന്‌ അതിനെ പിന്തിക്കൽ ഹറാമാണ്‌. തുഹ്ഫ: 3-343 നോക്കുക.

☘സമ്പൂർണ്ണ ഫതാവ പേജ്‌:268 - താജുൽ ഉലമാ ശൈഖുനാ സ്വദഖത്തുല്ലാഹ്‌ മൗലവി(ന:മ:)☘


മൂന്നു റക്‌അത്ത്‌ വിത്‌റ് നമസ്‌കരിക്കുമ്പോൾ അതിനെ രണ്ടും ഒന്നുമായി വേർപ്പെടുത്തി നിർവ്വഹിക്കുകയാണല്ലോ പുണ്യം. എന്നാൽ, മൂന്നും ഒന്നിച്ചു ചേർത്തു നമസ്‌കരിച്ചാൽ വിത്‌റു പൂർണ്ണമായും സമയത്തിൽ തന്നെ ലഭിക്കുകയും പിരിച്ചു നമസ്‌കരിച്ചാൽ നമസ്‌കാരത്തിൽ നിന്ന് അൽപഭാഗം സമയത്തിനു പുറത്താവുകയും ചെയ്യുമെങ്കിൽ എങ്ങനെയാണു നമസ്‌കരിക്കേണ്ടത്‌? ചേർത്തു വേണോ? അതല്ല പിരിച്ചോ?

മൂന്നു റക്‌അത്തും ചേർത്തു നമസ്‌കരിക്കുകയാണ്‌ ഈ രൂപത്തിൽ ഏറ്റവും ശ്രേഷ്ടം. നമസ്‌കാരം പൂർണ്ണമായും അദാആയി ലഭിക്കുന്ന പുണ്യം ഇതിനുണ്ടല്ലോ. (ഹാശിയത്തു അബിള്ളിയാഅ്: 2-114).

📃മൗലാനാ നജീബ്‌ ഉസ്താദ്‌ - പ്രശ്നോത്തരം ഭാഗം 3 - ചോദ്യം നമ്പർ: 1035📃


ഒരാൾ നോമ്പു നോറ്റുകൊണ്ടു വികാരത്തിന്റെ ശക്തിയാൽ ആലോചിച്ച്‌ അവന്‌ ഇന്ദ്രിയ സ്ഖലനമുണ്ടായി എന്നാൽ അവന്റെ നോമ്പു മുറിയുമോ?

ആലോചിച്ചു ശുക്ലം പുറപ്പെട്ടതു കൊണ്ട്‌ നോമ്പ്‌ മുറിയുകയില്ല.

☘മൗലാനാ നജീബ്‌ ഉസ്താദിന്റെ ഫത്‌വാ സമാഹാരമായ *'പ്രശ്നോത്തരം'* - ഭാഗം 3☘


സ്ഖലിക്കണമെന്ന ഉദ്ദേശത്തോടെ നോക്കിയോ ചിന്തിക്കുകയോ ചെയ്തു സ്ഖലനം ഉണ്ടായാൽ നോമ്പു മുറിയുമോ!? പൂങ്കാവനം മാസിക വാല്യം:8, ലക്കം:12 റമളാൻ പതിപ്പിൽ എഴുതിയ അഭിപ്രായം മുറിയുമെന്നാണ്‌. ഇതു ശരിയാണോ?

തൊലി തമ്മിൽ ചേരലില്ലാതെ കേവലം നോട്ടം കൊണ്ടോ ആലോചന കൊണ്ടോ ശുക്ല സ്ഖലനമുണ്ടയാൽ നോമ്പ്‌ മുറിയുകയില്ലെന്നാണ്‌ ശാഫിഈ മദ്‌ഹബിലെ പ്രബലാഭിപ്രായം. തുഹ്ഫ: 3-410 നോക്കുക. സ്ഖലിക്കാൻ ഉദ്ദേശിച്ചു നോക്കിയാലും വിധി മാറ്റമില്ല.

☘മൗലാനാ നജീബ്‌ ഉസ്താദിന്റെ ഫത്‌വാ സമാഹാരമായ *'പ്രശ്നോത്തരം'* - ഭാഗം 3☘


ഫർളു നോമ്പിന്റെ രാത്രിയിൽ ഹൈള്‌ അവസാനിച്ചു. കുളിക്കാതെ പിറ്റേദിവസത്തെ നോമ്പിനു നിയ്യത്തു ചെയ്തു. നോമ്പോടു കൂടി പകലിൽ കുളിച്ചാൽ മതിയോ?

മതി. ആർത്തവം മുറിഞ്ഞതോടെ കുളിക്കും മുമ്പ്‌ നോമ്പിൽ പ്രവേശിക്കാം. തുഹ്ഫ 1-392.

☘മൗലാനാ നജീബ്‌ ഉസ്താദിന്റെ ഫത്‌വാ സമാഹാരമായ *'പ്രശ്നോത്തരം'* - ഭാഗം 3☘


കഅ്ബ: ത്വവാഫു ചെയ്യാൻ ശുദ്ധി നിർബന്ധമാണല്ലോ. അതിനു വേണ്ടി സ്ത്രീകൾ ഗുളിക കഴിച്ച് ആർത്തവം നിയന്ത്രിക്കാമോ? അതു പോലെ ഇങ്ങനെ നിയന്ത്രിച്ചു നോമ്പു നോൽക്കാമോ? നോറ്റാൽ ആർത്തവം ഉണ്ടാകേണ്ട ദിവസങ്ങളിലെ നോമ്പു സ്വീകരിക്കപ്പെടുമോ?.

ആർത്തവമുള്ളപ്പോൾ ത്വവാഫ്, നോമ്പു പോലുള്ളതു ഹറാമാണെന്ന വിധി ആർത്തവമില്ലാത്ത വേളയിൽ സ്ത്രീകൾക്കു ബാധകമല്ലെന്നു വ്യക്തമാണ്. ആർത്തവമില്ലാതാകാൻ കാരണം മരുന്നും ഗുളികയും കഴിച്ചതാണെന്നതു പ്രശ്നമല്ല. ആർത്തവ രക്തം പതിവു സമയത്തിനു മുമ്പു മരുന്നു കഴിച്ചു വരുത്തിയാൽ ആ ആർത്തവ രക്തം കണക്കിലെടുക്കുമെന്നും സ്ത്രീയുടെ ഇദ്ദ തീരുക, നമസ്കാരം ഖളാ വീട്ടാതെ ഒഴിവാക്കുക പോലുള്ള നിയമങ്ങൾ മരുന്നു കൊണ്ടുണ്ടായ പ്രസ്തുത ഹെെളിനും ബാധകമായിരിക്കുമെന്നും ഫുഖഹാഅ് വ്യക്തമാക്കിയിട്ടുണ്ട്. ഫതാവൽ കുബ്റ : 4 -200. ഇതിൽ നിന്നും മരുന്നുപയോഗിച്ചുവെന്നതു പ്രശ്നമല്ലെന്നും ആർത്തവ രക്തം ഉണ്ടോ ഇല്ലേ എന്നതാണു നിയമങ്ങളിൽ പരിഗണിക്കുന്നതെന്നും മനസ്സിലാക്കാമല്ലോ.

☘മൗലാനാ നജീബുസ്താദിന്റെ ഫത്‌'വാകളുടെ സമാഹാരമായ
*പ്രശ്നോത്തരം*, രണ്ടാം ഭാഗം, പേജ് :198☘


റമളാനിലെ വിത്‌റിലെ ഖുനൂത്തിൽ 'അസ്തഗ്ഫിറുക വഅതൂബു ഇലൈക്‌' എന്നതിന്റെ ശേഷം സ്വലാത്തിന്റെ മുമ്പായി നിസ്‌കാരത്തിന്റെ ശേഷമുള്ള ദുആ പോലെ നീണ്ട ദുആ തന്നെ ചില ഇമാമുകൾ നടത്തുന്നു. ഇതിന്റെ ഹുക്‌മ്‌ എന്താണ്‌? ഇങ്ങനെ ദുആ ചെയ്യാൻ പറ്റിയ സ്ഥലമാണോ ഇത്‌? ഖുനൂത്തിൽ ഇങ്ങനെ ദുആ കടത്തിക്കൂട്ടാൻ പറ്റുമോ?


ഇഅ്തിദാൽ എന്ന ദീർഘിപ്പിക്കാൻ പറ്റാത്ത ഫർളിലാണല്ലോ ഖുനൂത്ത്‌ നിർവ്വഹിക്കപ്പെടുന്നത്‌. അതിനാൽ, ഖുനൂത്തിൽ വാരിദായ ദുആക്കപുറം കൊണ്ടുവന്നാൽ ഇഅ്തിദാലിനെ ദീർഘിപ്പിക്കൽ വരുമെന്നും അതു നമസ്‌കാരത്തെ ബാത്വിലാക്കുമെന്നും ചില ഇമാമുകൾ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. പതിവിൽ കവിഞ്ഞ്‌ ദീർഘിപ്പിക്കൽ കറാഹത്താണെന്നഭിപ്രായപ്പെട്ടവരുമുണ്ട്‌. എന്നാൽ, അവസാന റക്‌അത്തിന്റെ ഇഅ്തിദാലിൽ ഖുനൂത്ത്‌ കൊണ്ട്‌ ദീർഘിപ്പിച്ചതായി ശാരിഇൽ നിന്ന് സ്ഥിരപ്പെട്ട സ്ഥിതിക്ക്‌ ദിക്‌റു കൊണ്ടോ ദുആ കൊണ്ടോ ദീർഘിപ്പിക്കൽ നമസ്‌കാരം ബാത്വിലാക്കുകയില്ലെന്നാണു പ്രബലം. തന്മൂലം ഹദീസിൽ വാരിദായ ഖുനൂത്തിന്റെ പദത്തിനു ശേഷം ദുആയെ വർദ്ധിപ്പിക്കാവുന്നതാണ്‌. അതുകൊണ്ട്‌ നമസ്‌കാരം അസാധുവാവുകയില്ല. എങ്കിലും ഇമാമുകളുടെ അഭിപ്രായവ്യത്യാസം കണക്കിലെടുത്ത്‌ ദീർഘമായ ദുആ കടത്തിക്കൂട്ടാതിരിക്കുകയാണു വേണ്ടത്‌. തുഹ്ഫ: 2-86.

☘മൗലാനാ നജീബ്‌ ഉസ്താദ്‌ - പ്രശ്നോത്തരം ഭാഗം 3 പേജ്‌: 104,105☘


നോമ്പിനു പകരം കൊടുക്കേണ്ട മുദ്ദരി തൊട്ടടുത്ത റമളാൻ കഴിഞ്ഞിട്ടും കൊടുത്തില്ലെങ്കിൽ മുദ്ദിന്റെ എണ്ണം കൂടുമോ? മുപ്പത്‌ നോമ്പിന്റെ മുദ്ദും റമളാൻ ഒന്നിനു തന്നെ നൽകിയാലോ?

പറ്റില്ല. ഓരോ ദിനത്തിലെ നോമ്പിന്റെ മുദ്ദും ആ ദിനത്തിന്റെ പകലോ രാത്രിയോ മുന്തിച്ചു നൽകാമെന്നല്ലാതെ രണ്ടു ദിനത്തിന്റെയോ അതിൽ കൂടുതൽ ദിനങ്ങളുടെയോ മുദ്ദുകൾ മുന്തിച്ചു നൽകാവതല്ല. ശർവാനി 3-440 പിന്തിച്ചതിന്റെ പേരിൽ വർഷാന്തം മുദ്ദിന്റെ എണ്ണം വർദ്ധിക്കുകയെന്നത്‌ റമളാൻ നോമ്പു ഖളാ വീട്ടലിനെ പിന്തിക്കുന്നതിന്റെ പേരിൽ വരുന്ന ഒരു നിയമമാണ്‌. വാർദ്ധക്യ മുദ്ദിനും മറ്റും അത്‌ ബാധകമല്ല. തുഹ്ഫ: 3-444, 445 നോക്കുക.

☘മൗലാനാ നജീബുസ്താദ് - നുസ്രത്തുൽ അനാം മാസിക. 2014 ജൂലൈ ☘


നോമ്പുകാരൻ ഉച്ചതിരിഞ്ഞ ശേഷം പല്ലുതേക്കൽ കറാഹത്താണെന്ന വിധി കൈവിരൽ കൊണ്ടു പല്ലുരക്കുന്നതിനും ബാധകമാണോ? നോമ്പിന്റെ പേരിലുള്ള വായ പകർച്ച നീക്കൽ വിരൽ കൊണ്ടു പല്ലുതേച്ചാലും സംഭവിക്കുമല്ലോ.

സംഭവിക്കാം. ഇതേ ന്യായം നോക്കുമ്പോൾ കൈ കൊണ്ടു പല്ലുതേക്കലും കറാഹത്താണെന്ന സാധ്യത പ്രബലമായി വരുകയും ചെയ്യും. പക്ഷേ ഫുഖഹാഇന്റെ മൊഴികൾ പ്രകാരം കൈ കൊണ്ടു പല്ലുരക്കൽ കറാഹത്തില്ലെന്നതാണു പ്രബലം. തുഹ്ഫ 1-224.

☘മൗലാനാ നജീബ്‌ ഉസ്താദ്‌ - പ്രശ്നോത്തരം നാലാം ഭാഗം പേജ്‌: 193☘


രോഗ കാരണം ഒമ്പതുമാസം രാവിലെ ഗുളിക കുടിക്കേണ്ടതു കൊണ്ട്‌ ഈ വർഷത്തെ നോമ്പ്‌ നോൽക്കാൻ പറ്റില്ല. കഴിഞ്ഞ വർഷത്തെ രണ്ടു നോമ്പും നോൽക്കാനുണ്ട്‌. ഖളാഉ വീട്ടേണ്ട നോമ്പിനും വരാനിരിക്കുന്ന നോമ്പിനും കൂടി എന്താണു ചെയ്യേണ്ടത്‌?

ഈ രോഗാവസ്ഥയിൽ ഒന്നും ചെയ്യാനില്ല. അതുകഴിഞ്ഞു ഖളാ വീട്ടണം. ഒമ്പതുമാസം രാവിലെ - പകലിൽ തന്നെ - മരുന്നു കഴിക്കൽ അനിവാര്യമായ അസുഖമുണ്ടെങ്കിൽ ആ ഒമ്പതുമാസത്തിനകത്തുള്ള റമളാനല്ലേ പിടിക്കാൻ കഴിയാതെ വരുന്നുള്ളൂ. തൊട്ടടുത്ത റമളാനിനു മുമ്പ്‌ തന്നെ ഗുളിക കഴിക്കേണ്ട നിർബന്ധം തീരുമല്ലോ. തൽസമയം ഖളാഉ വീട്ടുക. കഴിഞ്ഞ വർഷത്തിലെ രണ്ടു നോമ്പു ഖളാഉ വീട്ടുവാൻ ഈ വർഷം ഗുളിക കഴിച്ചു തുടങ്ങും മുമ്പ്‌ സാധ്യമായ ദിനം ലഭിക്കുകയും എന്നിട്ടും ഖളാ വീട്ടാതിരിക്കുകയും ചെയ്തതാണെങ്കിൽ, ഈ നോമ്പിനു മുമ്പ്‌ അത്‌ ഖളാ വീട്ടാത്തതിന്റെ പേരിൽ തൊട്ടടുത്ത റമളാനിനു മുമ്പ്‌ ഖളാ വീട്ടുമ്പോൾ നോമ്പൊന്നിന്‌ മുദ്ദൊന്നു വീതം പ്രായശ്ചിത്തം നൽകുകയും വേണം.

☘മൗലാനാ നജീബ്‌ ഉസ്താദ്‌ - പ്രശ്നോത്തരം ഭാഗം 3 പേജ്‌: 134☘


നോമ്പുകാരൻ മനഹോരം ചെയ്യുന്ന വേളയിൽ തന്റെ വിരൽ ഗുഹ്യഭാഗത്തിലേക്ക്‌  അൽപ്പം കടത്തിയാൽ നോമ്പ്‌ മുറിയുമോ? എത്രത്തോളം വിരൽ പ്രവേശിപ്പിച്ചാലാണ്‌ നോമ്പ്‌ മുറിയുക?.

മനോര കർമ്മത്തിൽ കഴുകൽ നിർബന്ധമാകുന്ന ഭാഗത്തിനപ്പുറം വിരലിന്റെ അഗ്രം പ്രവേശിപ്പിച്ചാലാണ്‌ നോമ്പ്‌ മുറിയുക. തുഹ്ഫ 3-403.


ഇമാമോടു കൂടി തറാവീഹ്‌ നമസ്‌കരിക്കുന്നുവെന്ന് ഒരാൾ നിയ്യത്തു ചെയ്താൽ അതു മതിയാകുമോ? ഉസ്വല്ലിത്തറാവീഹ എന്നാണല്ലോ ഏറ്റവും ചുരുങ്ങിയ നിയ്യത്തായി ഇമാമുകൾ വ്യക്തമാക്കിയത്‌. തറാവീഹിനെ ഞാൻ നിസ്‌കരിക്കുന്നുവെന്നാണല്ലോ ഇതിന്നർത്ഥം. അതിൽ ഞാൻ എന്നതിനെ ഒഴിവാക്കി നിസ്‌കരിക്കുന്നുവെന്നു കരുതിയാൽ മതിയാകുമോ?

തറാവീഹ്‌ നിസ്‌കരിക്കുന്നയാൾ തറാവീഹ്‌ നമസ്‌കരിക്കുന്നുവെന്നു കരുതിയാൽ അതു മതിയാകുന്നതാണ്‌. ഉസ്വല്ലിത്തറാവീഹ - തറാവീഹിനെ ഞാൻ നിസ്‌കരിക്കുന്നു എന്നത്‌ ഒരുദാഹരണം പറഞ്ഞതാണ്‌. തുഹ്ഫ: 2-5 നോക്കുക.

☘മൗലാനാ നജീബ്‌ ഉസ്താദ്‌ - പ്രശ്നോത്തരം നാലാം ഭാഗം പേജ്‌: 198☘


ഒരു പുരുഷനും സ്ത്രീയും ജമാഅത്തായി നമസ്കരിക്കുമ്പോൾ മഅ്മൂമായ സ്ത്രീ ഇമാമിന്റെ വലഭാഗത്തായി ഇമാമിന്റെ അടുത്തു തന്നെ നിൽക്കുകയാണോ വേണ്ടത്‌. അതല്ല അകന്നു നിൽക്കുകയോ? ഈ സ്ത്രീ കെട്ടുബന്ധം ഹറാമുള്ളവളായാലും അല്ലെങ്കിലും വിധി ഒന്നു തന്നെയാണോ?

മഅ്മൂമായ സ്ത്രീ ഇമാമിന്റെ പിന്നിൽ കുറെ അകന്നു നിൽക്കുകയാണ്‌ വേണ്ടത്‌. അടുത്തായി വലതു ഭാഗത്തു നിൽക്കുകയല്ല. കെട്ടുബന്ധം ഹറാമുള്ളവരും അല്ലാത്തവരുമെല്ലാം ഇങ്ങനെത്തന്നെയാണു നിൽക്കേണ്ടത്‌. തുഹ്ഫഃ: 2-301, 306.

(മുഫ്തി: മൗലാനാ നജീബ്‌ ഉസ്താദ്‌, നുസ്രത്തുൽ അനാം 2005 സപ്തംബർ)


ഞാൻ നോമ്പിന്റെ പേരിൽ 15 മുദ്ദ്‌ അരി നൽകാനുണ്ട്‌. ഇതെല്ലാം കൂടി ഒരു ബന്ധുവിന്‌ മാത്രമായി കൊടുക്കാമോ? അയാൾ മറുനാട്ടിലാണെങ്കിലോ?

*✅ഉത്തരം:* കൊടുക്കാം. നിങ്ങളുടെ മുദ്ദുകളെല്ലാം ഒന്നിച്ച്‌ ഒരാൾക്ക്‌ കൊടുക്കാവുന്നതാണ്‌. അയാൾ മറുനാട്ടിലാണെങ്കിൽ അങ്ങോട്ട്‌ കൊടുത്തയക്കുകയും ചെയ്യാം. മറുനാട്ടിലേക്കു കൊടുത്തയക്കാൻ പാടില്ലെന്ന സക്കാത്തിന്റെ നിയമം നോമ്പിന്റെ പ്രായശ്ചിത്തങ്ങൾക്കും ദണ്ഡങ്ങൾക്കും ബാധകമല്ല. തുഹ്ഫ: ശർവ്വാനി സഹിതം 3-446.

☘മൗലാനാ നജീബ്‌ ഉസ്താദ്‌ - പ്രശ്നോത്തരം നാലാം ഭാഗം പേജ്‌: 193☘


ഉറക്കത്തിൽ ഇന്ദ്രിയം സ്രവിച്ചാൽ നോമ്പ്‌ മുറിയുമോ? വലിയ അശുദ്ധിയോടു കൂടി കുളിക്കാതെ നിയ്യത്തു ചെയ്ത നോമ്പു ലഭിക്കുമോ?

ഉറക്കത്തിലെ ശുക്ലസ്രാവം കൊണ്ട്‌ നോമ്പു മുറിയില്ല. വലിയ അശുദ്ധിയോടു കൂടി കുളിക്കാതെ നിയ്യത്തു ചെയ്തവന്റെ നോമ്പു സാധുവാകും. (ഫത്‌ഹുൽ മുഈൻ).

☘മൗലാനാ നജീബ്‌ ഉസ്താദിന്റെ ഫത്‌വാ സമാഹാരമായ *'പ്രശ്നോത്തരം'* - ഭാഗം 3☘


സുന്നത്തു നമസ്‌കാരത്തിൽ സുജൂദിന്റെ സ്ഥാനം സാക്ഷി നിൽക്കും എന്ന അടിസ്ഥാനത്തിൽ തറാവീഹ്‌ നമസ്‌കാരത്തിൽ രണ്ട്‌ റക്‌അത്ത്‌ കഴിയുമ്പോൾ സ്ഥലം മാറൽ സുന്നത്തുണ്ടോ?

ഒന്നാം സ്വഫ്ഫിൽ നിൽക്കുന്ന ശ്രേഷ്ഠത നഷ്ടപ്പെടുക, സ്വഫ്ഫുകൾ മുറിച്ചു കടക്കൽ പോലത്തെ വിഷമങ്ങൾ സംഭവിക്കുക ആദിയായ കാര്യങ്ങൾ വന്നു ചേരാതിരിക്കുമ്പോൾ എല്ലാ നമസ്‌കാരത്തിനും സ്ഥലം മാറൽ സുന്നത്താണ്‌. (തുഹ്ഫ:2-106) തറാവീഹ്‌ നമസ്‌കാരത്തിൽ എല്ലാ ഈ രണ്ട്‌ റക്‌അത്തുകളിലും സ്ഥലം മാറി നിൽക്കൽ ഇത്തരം വിഷമങ്ങൾ സൃഷ്ടിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

☘താജുൽ ഉലമാ ശൈഖുനാ സ്വദഖത്തുല്ലാഹ്‌ മൗലവി(ന:മ) - സമ്പൂർണ്ണ ഫതാവാ പേജ്‌:322☘


റമളാനിലോ അല്ലാത്തപ്പോഴോ തസ്ബീഹ്‌ നമസ്‌കാരം ജമാഅത്തായി നമസ്‌കരിക്കുന്നതിന്റെ വിധിയെന്ത്‌? ലക്ഷ്യസഹിതം വ്യക്തമാക്കിയാലും?

തസ്ബീഹ്‌ നമസ്‌കാരം ജമാഅത്തായി നമസ്‌കരിക്കൽ മുബാഹ്‌ (അനുവദനീയം) ആണ്‌. ഇതരർക്ക്‌ പഠിപ്പിച്ചു കൊടുക്കണമെന്നോ പ്രേരണ നൽകണമെന്നോ കരുതിക്കൊണ്ടാണെങ്കിൽ പുണ്യമുണ്ട്‌. പക്ഷേ, ജമാഅത്തായി നമസ്കരിക്കുന്നതു കൊണ്ട്‌ സുന്നത്താണെന്ന് ജനങ്ങൾ ധരിക്കാനിടവരിക, മറ്റുള്ളവർക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുക തുടങ്ങിയ നാശങ്ങൾ ഇല്ലാതിരിക്കേണ്ടതാണ്‌. എന്നിങ്ങനെ ബിഗ്‌യ: പേജ്‌:67 ഇൽ ഉദ്ധരിച്ചിട്ടുണ്ട്‌.

☘താജുൽ ഉലമാ ശൈഖുനാ സ്വദഖത്തുല്ലാഹ്‌ മൗലവി(ന:മ) - സമ്പൂർണ്ണ ഫതാവാ പേജ്‌:286☘


നോമ്പ്‌ ഖളാഉള്ള ഒരാൾ മരണപ്പെട്ടു. അനന്തരാവകാശികൾ അതു നോറ്റു വീട്ടേണ്ടതുണ്ടോ? നോറ്റാൽ വീടുമോ? ശാഫിഈ മദ്‌ഹബിലെ പ്രബലമായ അഭിപ്രായം തെളിവു സഹിതം വ്യക്തമാക്കിയാലും.

നോൽക്കാൻ സൗകര്യപ്പെട്ട ശേഷം മരണപ്പെട്ടയാളെത്തൊട്ടു ബന്ധുക്കൾ നോമ്പനുഷ്ടിച്ചു വീട്ടണമെന്നില്ല. ഓരോ നോമ്പിനും ഓരോ മുദ്ദുവീതം ഭക്ഷണം നൽകിയാലും മതി. അതാണു നോമ്പു നോറ്റു വീട്ടുന്നതിനേക്കാൾ ശ്രേഷ്ടവും. ബന്ധുക്കൾ നോൽക്കുന്നതു കൊണ്ടും ബാധ്യത വീടുമെന്നാണ്‌ ശാഫിഈ മദ്‌ഹബിലെ പ്രബലാഭിപ്രായം. (തുഹ്ഫ 3-437).


തറാവീഹ്‌ നമസ്‌കാരത്തിൽ ചില സ്ഥലങ്ങളിൽ എല്ലാ ഈരണ്ട്‌ റക്‌അത്തുകൾക്കിടയിലും സ്വലാത്ത്‌ ചൊല്ലുന്ന പതിവുണ്ട്‌. ഇതിനു വല്ല അടിസ്ഥാനവുമുണ്ടോ?

നമസ്‌കാരത്തിൽ നിന്ന് സലാം വീട്ടിയ ഉടൻ 'ദുആ' സുന്നത്താണ്‌. ദുആക്ക്‌ മുമ്പ്‌ നബി(സ)യുടെ മേൽ സ്വലാത്ത്‌ ചൊല്ലൽ സുന്നത്താണെന്നത്‌ പണ്ഡിതന്മാർ ഏകോപിച്ച്‌ അഭിപ്രായപ്പെട്ടതുമത്രെ. ഇത്‌ തറാവീഹിന്റെ എല്ലാ ഈരണ്ടു റക്‌അത്തുകൾക്കിടയിലും നബി(സ)യുടെ മേൽ സ്വലാത്ത്‌ ചൊല്ലുന്നതിനുള്ള അടിസ്ഥാനമാണെന്ന് ഫതാവൽ കുബ്‌റായിൽ പ്രസ്താവിച്ചിട്ടുണ്ട്‌. പക്ഷെ, ആ സമയത്ത്‌ അത്‌ പ്രത്യേക നിലയിൽ സുന്നത്താണെന്ന ധാരണയോടെ ചൊല്ലൽ ബിദ്‌അത്താണ്‌. (ഫതാവ: 1-186 നോക്കുക).

☘താജുൽ ഉലമാ ശൈഖുനാ സ്വദഖത്തുല്ലാഹ്‌ മൗലവി(ന:മ) - സമ്പൂർണ്ണ ഫതാവ പേജ്‌:264☘


ഈയിടെയായി ചില ഇമാമുമാർ തറാവീഹ് നമസ്കാരത്തിൽ മുസ്ഹഫ് മുന്നിൽ വച്ച് നോക്കിയോതുന്നതായി കാണുന്നു. ഇങ്ങനെ ചെയ്യുമ്പോൾ മുസ്ഹഫിന്റെ പേജുകൾ മറിക്കേണ്ടതായും മറ്റും വരും. ഇതുകൊണ്ടു നമസ്കാരത്തിനു കുഴപ്പമുണ്ടോ?

ഇടക്കിടെ പേജ് മറിക്കേണ്ടി വന്നാലും അതുകൊണ്ട് നമസ്കാരം അസാധുവാകുകയില്ല. കാരണം, തുടർച്ചയായി മൂന്ന് അനക്കങ്ങൾ വരുമ്പോളാണ് നമസ്കാരം അസാധുവാകുകയുളളൂ. ഒന്നോ രണ്ടോ പേജ് ഓതിയ ശേഷം മുസ്ഹഫിന്റെ പേജ് മറിക്കുമ്പോൾ അവിടെ കുറഞ്ഞ പ്രവൃത്തിയാണല്ലോ സംഭവിക്കുന്നുളളൂ. ഇനി മൂന്നു പ്രാവശ്യം പേജ് മറിക്കുന്നുണ്ടെങ്കിൽ തന്നെ അത് ഇടതടവില്ലാതെ - തുടർച്ചയായി സംഭവിക്കുന്നില്ലല്ലോ. തന്മൂലം നമസ്കാരം ബാത്വിലാവുകയില്ല.

എങ്കിലും മുസ്ഹഫ് നോക്കിയോതുക പോലുളള ഇത്തരം പ്രവൃത്തികൾ നമസ്കാരത്തിൽ ഒഴിവാക്കുകയാണു നല്ലത്. കാരണം, നമസ്കാരം ബാത്വിലാകാത്ത കുറഞ്ഞ പ്രവൃത്തികളും നമസ്കാരത്തിൽ കറാഹത്താണ്. നിഹായ :2- 51.

☘മൗലാനാ നജീബ് ഉസ്താദ്‌ - പുസ്തകം: പ്രശ്നോത്തരം - ഭാഗം:4☘


നോമ്പുകാർ നേരമ്പോക്കിനു വേണ്ടി അനുവദനീയമായ കളി, ഗാനം കേൾക്കൽ, നോവലുകളും കഥകളും വായിക്കൽ തുടങ്ങിയ കാര്യങ്ങളിലേർപ്പെടുന്നതിനു വിരോധമുണ്ടോ? അതിന്റെ ശർഇയ്യായ വിധിയെന്ത്‌?

അനുവദനീയമായ അത്തരം സുഖാസ്വാദനങ്ങളെല്ലാം നോമ്പുകാരൻ ഒഴിവാക്കുകയാണു വേണ്ടത്‌. അതാണു സുന്നത്ത്‌. അത്തരം വിനോദങ്ങളിലേർപ്പെടുന്നതിന്റെ വിധി കറാഹത്തും. ശർഹു ബാഫള്‌ൽ: 2-186.

☘നജീബ്‌ ഉസ്താദിന്റെ *'പ്രശ്നോത്തരം'* പംക്തിയിലെ ഫത്‌വാകളിൽ നിന്നും☘


നോമ്പുകാരനെ ആരെങ്കിലും ചീത്ത പറഞ്ഞാൽ അവൻ ഞാൻ നോമ്പുകാരനാണെന്ന് പറഞ്ഞുകൊള്ളട്ടെയെന്ന് ഹദീസിലുണ്ടല്ലോ. അപ്പോൾ നോമ്പുകാരനെന്നു പറയുന്നതു കൊണ്ടു ലോകമാന്യം വന്നുകൂടുമെങ്കിലോ?

ചീത്ത പറയുന്നയാളോട്‌ ഞാൻ നോമ്പുകാരനാണെന്ന് പറയുന്നത്‌ കൊണ്ട്‌ ലോകമാന്യം ഉണ്ടാകുമെന്ന ധാരണയുണ്ടെങ്കിൽ അങ്ങനെ നാക്കുകൊണ്ടു പറയൽ സുന്നത്തില്ല. അപ്പോൾ ഹദീസിൽ അങ്ങനെ പറയാൻ കൽപ്പിച്ചതിന്റെ ഉദ്ദേശ്യം, സ്വന്തം ശരീരത്തെ അങ്ങനെ ഓർമ്മപ്പെടുത്തണമെന്നാണ്‌. തുഹ്ഫ: 3-424.

☘നജീബ്‌ ഉസ്താദിന്റെ *'പ്രശ്നോത്തരം'* പംക്തിയിലെ ഫത്‌വാകളിൽ നിന്നും☘


പള്ളികളിൽ നോമ്പു തുറക്കുമ്പോൾ ചായയും മറ്റും കൊടുക്കുന്നു. അങ്ങനെ നോമ്പു തുറന്നവരെ ചിലർ വീട്ടിൽ കൊണ്ടുപോയി ഭക്ഷണവും കൊടുക്കുന്നു. ഇതിൽ ആർക്കാണ്‌ നോമ്പ്‌ തുറപ്പിച്ചതിന്റെ പ്രതിഫലം?

നോമ്പു തുറപ്പിച്ചതിന്റെ പ്രതിഫലം തുറക്കാനുള്ളത്‌ നൽകിയവനും നോമ്പുകാരനു വയറു നിറച്ചു ഭക്ഷണം നൽകിയതിന്റെ പുണ്യം അതു നൽകിയവർക്കും ലഭിക്കും. രണ്ടിനും പ്രത്യേകം പ്രതിഫലവും പുണ്യവും ഹദീസിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ.

☘നജീബ്‌ ഉസ്താദിന്റെ *'പ്രശ്നോത്തരം'* പംക്തിയിലെ ഫത്‌വാകളിൽ നിന്നും☘


ഫർളായ നോമ്പിന്റെ നിയ്യത്താണല്ലോ രാത്രിയിൽ തന്നെ കൊണ്ടുവരൽ നിർബന്ധമാവുകയുള്ളൂ. പ്രായം തികയാത്ത ഒരു കുട്ടിയുടെ റമളാൻ നോമ്പ്‌ നിർബന്ധ നോമ്പല്ലല്ലോ. അതിൽ നിയ്യത്ത്‌ രാത്രി കൊണ്ടുവരൽ നിർബന്ധമുണ്ടോ?

\ഉണ്ട്‌. കുട്ടിയുടെ കാര്യത്തിൽ നോമ്പ്‌ സുന്നത്താണെങ്കിലും കുട്ടിയുടെ റമളാൻ നോമ്പ്‌ - ഫർളിന്റെ രൂപത്തിലുള്ളതാണല്ലോ. അതുകൊണ്ട്‌ നിയ്യത്ത്‌ രാത്രിയിൽ തന്നെ കൊണ്ടുവരൽ അനിവാര്യമാണ്‌. തുഹ്ഫ 3-187

☘മൗലാനാ നജീബ്‌ ഉസ്താദിന്റെ ചോദ്യോത്തരം പംക്തി - നുസ്രത്തുൽ അനാം 2011 ജൂലായ്‌ - ആഗസ്റ്റ്‌☘


തറാവീഹിൽ സ്വഹാബത്തിന്റെ ഇജ്‌മാഉണ്ടെന്ന് പറയപ്പെടാറുണ്ട്‌. പക്ഷേ, അതു ജമാഅത്തിലോ അതോ റക്‌അത്തുകളുടെ എണ്ണത്തിലോ?

തറാവീഹ്‌ നമസ്‌കാരം ശർഇൽ തേടപ്പെട്ട സുന്നത്താണെന്നത്‌ 'മുജ്‌മഅ് അലൈഹി'യായ - സ്വഹാബികൾ മുതൽ മുജ്തഹിദുകളെല്ലാം ഏകോപിച്ച വസ്തുതയാണ്‌. അതിൽ ജമാഅത്ത്‌ സുന്നത്താണോ അല്ലേ എന്നതിൽ നമ്മുടെ മദ്‌ഹബിൽ തന്നെ അഭിപ്രായവ്യത്യാസമുണ്ട്‌. സുന്നത്താണെന്നാണു പ്രബലം. അതുപോലെ റക്‌അത്തുകളുടെ എണ്ണം മദീനക്കാരല്ലാത്തവർക്ക്‌ 20 റക്‌അത്തും മദീനയിലുള്ളവർക്കുമാത്രം 36 റക്‌അത്താകുമെന്നുമാണ്‌ നമ്മുടെ മദ്‌ഹബ്‌.

ഖലീഫ ഉമർ(റ)വിന്റെ ഭരണകാലത്ത്‌ പള്ളിയിൽ വേറിട്ടു നിസ്‌കരിക്കുന്നവരെ ഒരിമാമിന്റെ കീഴിൽ ഏകീകരിക്കണമെന്ന് ഖലീഫ തീരുമാനിച്ചപ്പോൾ സ്വഹാബത്ത്‌ 20 റക്‌അത്തിന്റെ മേൽ ഒത്തൊരുമിച്ചുവെന്നതാണ്‌ 20 റക്‌അത്താണെന്നതിന്‌ നമ്മുടെ തെളിവ്‌. ഓരോ നാലു റക്‌അത്തു കഴിഞ്ഞുള്ള വിശ്രമസമയത്തും മക്കയിലെ മസ്ജിദുൽ ഹറാമിലുള്ളവർ ത്വവാഫു ചെയ്യുന്നതിനു പകരം മദീനാ നിവാസികൾ 16 റക്‌അത്ത്‌ വർദ്ധിപ്പിക്കുന്ന നടപടി ഒന്നാം ഖർനിന്റെ അവസാന കാലത്തു തന്നെ ആരംഭിക്കുകയും അതു പിന്നീട്‌ പ്രചാരപ്പെടുകയും ചെയ്തിട്ടും പണ്ഡിതന്മാരാരും അതിനെ എതിർത്തിട്ടില്ലെന്നത്‌ സുകൂതിയായ ഇജ്മാഇന്റെ സ്ഥാനത്തു വരുമെന്നതാണ്‌ മദീനക്കാർക്കു മാത്രം 36 റക്‌അത്താകുമെന്നതിനു നമ്മുടെ തെളിവ്‌. എന്നാൽ, അവർക്കും ഇരുപതിന്മേൽ ചുരുക്കലാണ്‌ ഏറ്റം ശ്രേഷ്ടം. ഇമാം ശാഫിഈ(റ) അങ്ങനെ പ്രസ്താവിച്ചിട്ടുണ്ട്‌. തുഹ്ഫ 2-240,241

റക്‌അത്തുകളുടെ എണ്ണത്തിൽ മദ്‌ഹബുകൾക്കിടയിലും അഭിപ്രായവ്യത്യാസമുണ്ട്‌. അതേസമയം, ഇരുപത്‌ റക്‌അത്തുണ്ടെന്നതിൽ നാലു മദ്‌ഹബും ഏകോപിച്ചിട്ടുള്ളതിനാൽ അത്‌ ഇജ്മാഇന്റെ സ്ഥാനത്താണ്‌. ശർഹുൽ മുഹദ്ദബ്‌: 3-527 നോക്കുക

☘മൗലാനാ നജീബ്‌ ഉസ്താദിന്റെ ചോദ്യോത്തരം പംക്തി - നുസ്രത്തുൽ അനാം മാസിക 2014 ഏപ്രിൽ☘


തറാവീഹ്‌ നമസ്കാരം നഷ്ടപ്പെട്ടാൽ അത്‌ ഖളാ വീട്ടൽ സുന്നത്തുണ്ടോ? ഉണ്ടെങ്കിൽ അത്‌ റമസാനിൽ മാത്രമാണോ സുന്നത്ത്‌? രാത്രിയിൽ തന്നെ ആവണമെന്നുണ്ടോ?

തറാവീഹ്‌ നമസ്കാരം ഖളാ വീട്ടൽ സുന്നത്തുണ്ട്‌. സമയം നിർണ്ണയിക്കപ്പെട്ട ഏത്‌ സുന്നത്ത്‌ നമസ്കാരവും നഷ്ടപ്പെട്ടാൽ അത്‌ ഖളാ വീട്ടൽ സുന്നത്താണ്‌. ഈ ഖളാ റമളാനിലോ അല്ലാത്തപ്പോഴോ രാത്രിയോ പകലോ എപ്പോഴും ആകാം. തുഹ്ഫ: 2-237.


ഉത്തരധ്രുവത്തിലെ ഫിൻലാന്റ്‌ രാഷ്ട്രത്തിൽ വസന്തകാലം 45 ദിവസം സൂര്യൻ അസ്‌തമിക്കാറില്ല. ശൈത്യകാലത്ത്‌ 45 ദിവസം രാത്രിയുമായിരിക്കും. ഇവിടുത്തെ മുസ്ലിംകൾ നോമ്പ്‌ തുറക്കുന്നതും അത്താഴം കഴിക്കുന്നതും ഏതടിസ്ഥാനത്തിലായിരിക്കും?

അവർ സാധാരണ രാപ്പകലുകളുടെ സമയ പരിധിപ്രകാരം കണക്ക്‌ പിടിക്കുകയും ഒരു പകലിന്റെ സമയ പരിധി അവസാനിക്കും വരെ പകലാണെന്ന് ഗണിച്ച്‌ നോമ്പ്‌ പിടിക്കുകയും ശേഷം രാത്രിയുടെ സമയപരിധി തുടങ്ങുമ്പോൾ നോമ്പ്‌ മുറിക്കുകയും രാവിന്റെ പകുതിയുടെ പരിധി മുതൽ രാവ്‌ തീരുന്ന സമയപരിധിക്ക്‌ മുമ്പായി അത്താഴം കഴിക്കുകയും ചെയ്യുക. തുഹ്ഫ: 1-428.

☘മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം ഭാഗം രണ്ട്‌, പേജ്: 180☘


ഞാൻ ഗർഭിണിയാണ്‌. ഈ നോമ്പുകാലത്ത്‌ എന്റെ ഭർത്താവ്‌ പറഞ്ഞു. നീ നോമ്പു പിടിക്കരുത്‌. മുദ്ദു കൊടുത്താൽ മതിയെന്ന്. നോമ്പു പിടിക്കുന്നതിനു പകരം മുദ്ദു കൊടുത്താൽ മതിയോ? പിന്നീടു ഖളാ വീട്ടേണ്ടതില്ലേ? ഈ മുദ്ദു റമളാൻ കഴിഞ്ഞു കൊടുത്താൽ മതിയോ?.

കുട്ടിയുടെ കാര്യത്തിൽ മാത്രം ഭയം തോന്നി ഗർഭിണി നോമ്പു മുറിച്ചാൽ നോമ്പു ഖളാ വീട്ടുകയും മുദ്ദു നൽകുകയും വേണം. സ്വന്തം ശരീരത്തിന്റെ കാര്യത്തിൽ അപകട ഭയം ഉണ്ടായി മുറിച്ചതെങ്കിൽ മുദ്ദ്‌ വേണ്ടതില്ല. ഖളാഅ് വീട്ടൽ ഏതായാലും വേണം. തുഹ്ഫ: 3-441. നിർബന്ധമായ മുദ്ദ്‌ റമളാൻ കഴിഞ്ഞ്‌ കൊടുത്താലും മതി.


എനിക്കു ഖളാവീട്ടാനുള്ള റമളാൻ നോമ്പ്‌ ബറാഅത്ത്‌ നോമ്പ്‌, മിഅ്റാജ്‌ നോമ്പ്‌, സുന്നത്തുകളുടെ കൂടെ ഖളാ വീട്ടിക്കൂടെയോ?

തീർച്ചയായും. റമളാനിലെ ഫർള്‌ നോമ്പ്‌ ഖളാഉ വീട്ടുകയാണെന്നു കരുതി നിർവ്വഹിച്ചാൽ മതി. പ്രത്യേകം സുന്നത്തുള്ള നോമ്പാണെങ്കിൽ (അറഫ, ആശൂറാഅ് എന്നിവപോലെ) അതും കൂടെ കരുതിയാലേ അതിന്റെ പുണ്യവും ലഭിക്കുകയുള്ളൂ.


തറാവീഹ്‌ പോലുള്ള സുന്നത്ത്‌ നമസ്കാരങ്ങൾക്ക്‌ "അസ്വലാത്തു ജാമിഅ:" എന്ന് പറയാറുണ്ടല്ലോ. ബാങ്ക്‌ കേട്ടവർ അതിനുത്തരം നൽകുന്നത്‌ പോലെ ഈ വിളി കേട്ടവർ വല്ലതും ഉത്തരം നൽകേണ്ടതുണ്ടോ? ഉണ്ടെങ്കിൽ എന്ത്‌?

ഉത്തരം നൽകേണ്ടതുണ്ട്‌. "അസ്വലാത്തു ജാമിഅ:" എന്ന് വിളി കേട്ടവർ "ലാ ഹൗല വലാ ഖുവ്വത്ത..." എന്ന് പറയൽ സുന്നത്തുണ്ട്‌. ശർവാനി: 1-461.

☘ഫതാവാ നുസ്രത്തുൽ അനാമിൽ നിന്നും - മൗലാനാ എൻ.കെ മുഹമ്മദ്‌ മൗലവി & മൗലാനാ നജീബ്‌ ഉസ്താദ്‌☘


ഗൾഫിലുള്ള എന്റെ ഭർത്താവ്‌ എന്റെയും കുട്ടികളുടെയും ഫിത്‌റു സകത്തിനുള്ളത്‌ അയച്ചു തന്നില്ലെങ്കിൽ ഞാൻ കൊടുക്കേണ്ടതുണ്ടോ? ഇനി എങ്ങനെയെങ്കിലും ഞാൻ കടം മേടിച്ച്‌ എന്റെ ഫിത്‌റു സകാത്തു യഥാസമയം കൊടുത്താൽ കടമ വീടുമോ? ഭർത്താവ്‌ അയച്ചുതന്ന ശേഷം വീണ്ടും കൊടുക്കേണ്ടി വരുമോ?

ഭർത്താവ്‌ ഏൽപ്പിക്കുയോ അയക്കുകയോ ചെയ്യാതെ നിങ്ങൾ കൊടുക്കേണ്ടതില്ല. പ്രായപൂർത്തിയുള്ള നിങ്ങൾ നിങ്ങളുടേത്‌ എങ്ങനെയെങ്കിലും കൊടുത്തിട്ടുണ്ടെങ്കിൽ അതോടെ കടമവീടും. ഇനി വീണ്ടും കൊടുക്കേണ്ടി വരില്ല. തുഹ്ഫ: 3-310,317.

📚മൗലാനാ നജീബ് ഉസ്താദിന്റെ ഫത്'വാ സമാഹാരമായ 'പ്രശ്നോത്തരം' എന്ന പുസ്തകത്തിന്റെ ഭാഗം 1, പേജ്‌: 28📚


ഫിത്വ്‌ർ സകാത്ത്‌, നോമ്പിന്റെ ഫിദ്‌യ മുതലായവ കൊടുക്കുമ്പോൾ അതു വാങ്ങുന്നയാളെ അറിയിച്ചു കൊടുക്കേണ്ടതുണ്ടോ? കൊടുക്കുന്നയാൾ തന്നെ മനസ്സിൽ കരുതിയാൽ മതിയോ?

കൊടുക്കുന്നയാളെ അറീക്കണമെന്നില്ല. നിയ്യത്തു നിർബന്ധമാകുന്ന ദാനങ്ങൾക്ക്‌ മനസ്സിൽ കരുതിയാൽ മതിയാകും. അതാണു നിയ്യത്തും. (തുഹ്ഫ: 3-346 നോക്കുക).

📚മൗലാനാ നജീബ് ഉസ്താദിന്റെ ഫത്'വാ സമാഹാരമായ 'പ്രശ്നോത്തരം' എന്ന പുസ്തകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും📚


ഫിത്‌ർ സകാത്തായി അരിപ്പൊടിയോ അരിയുടെ വിലയോ കൊടുക്കാൻ പറ്റുമോ?

നാട്ടിലെ മികച്ച ഭക്ഷ്യധാന്യം ധാന്യമായി തന്നെ ഫിത്‌ർ സകാത്ത്‌ നൽകണം. അതിന്റെ വിലയോ പൊടിയോ മതിയാവുന്നതല്ല. തുഹ്ഫ: 3-324, 325.


ഒരാളുടെ ഫിത്വ്‌ർ സകാത്ത്‌ ചുരുങ്ങിയതു മൂന്നാൾക്കെങ്കിലും വിതരണം ചെയ്യണമെന്നു പറഞ്ഞു കേൾക്കുന്നു. ഇതു ശരിയാണോ?

ശരിയാണ്‌. ഫിത്വ്‌ർ സകാത്തും ഇതര സകാത്ത്‌ പോലെ അവകാശികളിലെ എല്ലാ ഗണക്കാർക്കും ചുരുങ്ങിയത്‌ മൂന്നു പേർക്കു വീതമെങ്കിലും കൊടുക്കണമെന്നാണു നിയമം. എന്നാൽ ഫുഖറാഅ്, മിസ്‌കീൻ പോലുള്ള ഒരു വിഭാഗത്തിൽ നിന്നു മാത്രം മൂന്നുപേർക്കെങ്കിലും കൊടുത്താലും മതിയാകുമെന്നു നമ്മുടെ മദ്‌ഹബിൽ ഒരു വിഭാഗം പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഇതനുസരിച്ച്‌ ഒരാൾ നൽകുന്ന ഫിത്വ്‌ർ സകാത്ത്‌ മൂന്നു പേർക്കെങ്കിലും നൽകണം. അതേസമയം, ഒരാൾക്കു മാത്രം നൽകിയാലും മതിയാകുമെന്നു മറ്റൊരു കൂട്ടം പണ്ഡിതർക്ക്‌ അഭിപ്രായമുണ്ട്‌. (ഫത്‌ഹുൽ മുഈൻ തർശ്ശീഹ്‌ സഹിതം പേജ്‌:154).


പത്തോ പതിനഞ്ചോ മൈൽ ദൂരമുള്ള ഒരു മഹല്ലിൽ ജോലി ചെയ്യുന്ന ഇമാം, മുഅദ്ദിൻ തുടങ്ങിയവർ അവരുടെ ഫിത്വ്‌ർ സകാത്ത്‌ ജോലി ചെയ്യുന്ന സ്ഥലത്ത്‌ തന്നെ കൊടുക്കണമോ? സ്വന്തം നാട്ടിൽ കൊടുത്താൽ മതിയാകുമോ?

പെരുന്നാൾ രാവിന്റെ പ്രാരംഭമായ അസ്തമയ വേളയിൽ ഒരാൾ എവിടെയാണോ അന്നാട്ടിലാണ്‌ അയാളുടെ ഫിത്വ്‌ർ സകാത്തു കൊടുക്കേണ്ടത്‌. അതിനാൽ ചോദ്യത്തിൽ പറഞ്ഞവർ തത്സമയം ജോലിയുള്ള നാട്ടിലാണെങ്കിൽ അവിടെ തന്നെ കൊടുക്കണം. കുടുംബം താമസിക്കുന്ന ദേശത്തു കൊടുത്താൽ മതിയാവുകയില്ല (ഫത്‌ഹുൽ മുഈൻ).


ഫിത്വ്‌ർ സകാത്തും സകാത്തും കടം കഴിച്ചാണോ കൊടുക്കേണ്ടത്‌? കടം ഉള്ളപ്പോൾ കൊടുക്കേണ്ടതുണ്ടോ?

മുതലിന്റെ സകാത്ത്‌ നിർബന്ധമാകുന്നയാൾ കടക്കാരനാണെങ്കിലും ബാധ്യത ഒഴിവാകുകയില്ല. ഫിത്വ്‌ർ സകാത്ത്‌ പെരുന്നാൾ രാത്രിയിലെയും പകലിലെയും തന്റെയും ബാധ്യതപ്പെട്ടവരുടെയും ചെലവുകളാദിയും തന്റെ കടവും കഴിച്ചു മിച്ചമുണ്ടെങ്കിലേ നിർബന്ധമാകുകയുള്ളൂ. ഫത്‌ഹുൽ മുഈൻ പേ: 172,173.


വീട്ടിൽ വച്ചു ഫിത്വ്‌ർ സകാത്തിനുള്ള അരി അളന്നുവച്ച്‌ അതിൽ നിന്നു ചെറിയ കുട്ടികളുടെ കൈവശം അവകാശികളിലേക്കു കൊടുത്തയക്കാറുണ്ടല്ലോ. ഈ കുട്ടി ആരുടെ റോളിലാണു നിലകൊള്ളുന്നത്‌? വക്കീലാണോ? അതോ മറ്റേതെങ്കിലും പേരിലോ?

ഫിത്വ്‌ർ സകാത്ത്‌ അവകാശികൾക്ക്‌ നൽകുന്നതിന്‌ കുട്ടികളെ ഏൽപ്പിക്കാവുന്നതാണ്‌. അപ്പോൾ അവർ വകീലുകൾ തന്നെയാണ്‌. പക്ഷേ, കുട്ടികളെ നിരുപാധികം വക്കീലാക്കാൻ പറ്റുകയില്ല. കൊടുക്കേണ്ട അവകാശിയെ നിർണ്ണയിച്ചു കൊടുത്ത്‌ ആ നിർണ്ണിത അവകാശിക്ക്‌ കൊടുക്കാൻ വ്വേണ്ടി മാത്രമേ ഏൽപിക്കാവൂ. സകാത്തിന്റെ നിയ്യത്ത്‌ ഉടമ തന്നെ നിർവ്വഹിക്കുകയും വേണം. നിയ്യത്തും ഈ കുട്ടിയെ ഏൽപിച്ച്‌ അവനെ സ്വതന്ത്ര വക്കീലാക്കാവതല്ല. ശർഹുബാഫള്‌ൽ: 2-155, ഫത്‌ഹുൽ മുഈൻ പേ: 117.


തറാവീഹ്‌ എന്ത്‌ കൊണ്ട്‌ ഒന്നിച്ച്‌ പറ്റുന്നില്ല

രണ്ടിലധികം റക്‌അത്തുള്ള ളുഹാ, വിത്‌റ്‌ പോലുള്ള സുന്നത്തു നമസ്കാരങ്ങൾ അവസാനം ഒരത്തഹിയ്യാത്തോതി ചേർത്തി നമസ്കരിക്കാമല്ലോ. തറാവീഹ്‌ നമസ്കാരത്തിൽ ഇതെന്തുകൊണ്ട്‌ പറ്റുന്നില്ല. തറാവീഹിൽ എല്ലാ ഈരണ്ടു റക്‌അത്തിലും സലാം വീട്ടണമെന്നാണല്ലോ. തറാവീഹും മറ്റുള്ളതും തമ്മിൽ വ്യത്യാസം വരാൻ കാരണം?.

തറാവീഹു നമസ്കാരം ഫർളു നമസ്കാരങ്ങളോട്‌ സദൃശതയുള്ള ഒരു സുന്നത്തു നമസ്കാരമാണ്‌. അതിൽ ജമാഅത്ത്‌ പ്രത്യേകം തേടപ്പെട്ട കാര്യമാണെന്നത്‌ ശ്രദ്ധേയമാണ്‌. തറാവീഹിൽ ഈരണ്ടു റക്‌അത്തിനേക്കാൾ അധികമായി ചേർത്തു നമസ്കരിച്ചതായി നബി(സ്വ)യെ തൊട്ട്‌ ഉദ്ധരിക്കപ്പെട്ടിട്ടുമില്ല. വിത്‌റ്‌ നമസ്കാരത്തിന്റെ നില ഇതല്ല. വിത്‌റിൽ ചേർത്തു നമസ്കരിച്ചതായി നബി(സ്വ) തങ്ങളെ തൊട്ട്‌ വന്നിട്ടുണ്ട്‌. ഇതാണു നിയമം വ്യത്യാസപ്പെടാൻ കാരണം. തുഹ്ഫ: 2-232.


നോമ്പുതുറക്കുമ്പോൾ ചൊല്ലൽ സുന്നത്തായ ദിക്‌റിൽ 'ദഹബ ള്ളമഉ...' എന്നത്‌ പറയൽ വെള്ളം കൊണ്ടു നോമ്പു തുറന്നവർക്കു മാത്രമല്ലേ സുന്നത്തുള്ളൂ? എല്ലാവർക്കും സുന്നത്താണെന്ന് പറഞ്ഞു കേട്ടു. ശരിയാണോ? ആണെങ്കിൽ ആ പ്രാർത്ഥന നിരർത്ഥകമല്ലേ?.

എല്ലാവർക്കും സുന്നത്താണെന്നു കേട്ടതു ശരിയാണ്‌. അത്‌ നോമ്പുതുറന്നശേഷം നബിതങ്ങൾ(സ്വ) ചൊല്ലിയതായി റിപ്പോർട്ടു ചെയ്യപ്പെട്ടതാണ്‌. നബിതങ്ങളെത്തൊട്ട്‌(സ്വ) അങ്ങനെ വാരിദായ ദിക്‌റ്‌ നോമ്പുതുറന്ന ഉടനെ പറയൽ എല്ലാവർക്കും സുന്നത്താണ്‌. വെള്ളം കൊണ്ടു തുറന്നാലും അല്ലെങ്കിലും ദാഹമുണ്ടായാലും ഇല്ലെങ്കിലും സുന്നത്തുതന്നെ.

വെള്ളം കൊണ്ടല്ലാതെ നോമ്പുതുറക്കുന്ന സമയത്തും പ്രസ്തുത ദിക്‌റ്‌ അർത്ഥശൂന്യമല്ല. 'ദാഹം പോയി' എന്നാൽ 'ദാഹം പോകാൻ സമയമായി' എന്നുദ്ദേശിച്ചാൽ മതിയല്ലോ. സംഭവിക്കാനിരുന്ന അഥവാ സംഭവിക്കേണ്ടതിനെ നിലവിൽ സംഭവിച്ചതായി ഭാഷയിൽ ഉപയോഗിക്കാറുണ്ടല്ലോ. തർശീഹ്‌ പേ:165.


നോമ്പുതുറക്കാൻ നേരം കൈവശമുള്ളത്‌ വെള്ളമാണ്‌. കാത്തിരുന്നാൽ ഈത്തപ്പഴം ലഭിക്കും. ഈ സാഹചര്യത്തിൽ വെള്ളം കൊണ്ടു വേഗം തുറക്കലോ ഈത്തപ്പഴം കൊണ്ടു തുറക്കുന്ന സുന്നത്ത്‌ ലഭിക്കാൻ പിന്തിക്കലോ നല്ലത്‌?.

വെള്ളം കൊണ്ട്‌ വേഗം തുറക്കുകയാണു വേണ്ടത്‌. കാരണം വേഗമാക്കുക എന്ന സുന്നത്തിനാണ്‌ ഈത്തപ്പഴം കൊണ്ടു തുറക്കുകയെന്ന സുന്നത്തിനേക്കാൾ പ്രാധാന്യമുള്ളത്‌. വേഗം തുറക്കുന്ന സുന്നത്തിൽ അതു പ്രവർത്തിക്കുന്നയാൾക്കു പുറമേ മനുഷ്യസമൂഹത്തിനു മൊത്തമായി നേട്ടമുണ്ട്‌. ഇതു ഹദീസിൽ സൂചിപ്പിച്ചിട്ടുള്ളതാണ്‌. തുഹ്ഫ: 3-321.


റമളാനിന്റെ തുടക്കനാൾ എന്നാണെന്നു നോക്കിയാൽ ലൈലത്തുൽ ഖദ്'റിന്റെ രാവ് റമളാൻ എത്രാം രാവാണെന്നു കണ്ടുപിടിക്കാമെന്നു ചിലർ പറയുന്നു. അങ്ങനെ വല്ല കണക്കുമുണ്ടോ? ഉണ്ടെങ്കിൽ അതൊന്നു വിവരിക്കാമോ?

ഇമാം ഗസ്സാലിയുടെ  പ്രസ്താവനയിൽ അങ്ങനെ വിവരിച്ചതായുണ്ട്. റമളാൻ ഒന്ന് ഞായർ, ബുധൻ എന്നീ നാളുകളെങ്കിൽ ലൈലത്തുൽ ഖദ്ർ ഇരുപത്തൊമ്പതാം രാവും ഒന്ന് തിങ്കളെങ്കിൽ ഇരുപത്തൊന്നാം രാവും ചൊവ്വയോ വെള്ളിയോ എങ്കിൽ ഇരുപത്തേഴാം രാവും വ്യാഴമെങ്കിൽ ഇരുപത്തഞ്ചാം രാവും ശനിയെങ്കിൽ ഇരുപത്തി മൂന്നാം രാവും എന്നിങ്ങനെയാണ് ആ വിവരണം. ശർവാനി 3:463.

നജീബുസ്താദിന്റെ ഫത്'വാകളുടെ സമാഹാരമായ 'പ്രശ്നോത്തര'ത്തിൽ നിന്നും

നേർച്ച നോമ്പു സംഭോഗം കൊണ്ടു നഷ്ടപ്പെടുത്തിയാൽ കഫ്ഫാറത്തു നിർബന്ധമാകുമോ?

ഇല്ല. റമളാനല്ലാത്ത നിർബന്ധ നോമ്പുകൾ നഷ്ടപ്പെടുത്തിയതിന്റെ പേരിൽ പ്രായശ്ചിത്തം നിർബന്ധമില്ല. തുഹ്ഫ: 3-447.


ഒരു റക്‌അത്ത്‌ മാത്രം വിത്‌റു നമസ്കരിക്കുന്നവൻ ആ റക്‌അത്തിൽ ഇഖ്ലാസും ഫലഖും നാസും ഓതൽ സുന്നത്തുണ്ടോ? ഇല്ലെങ്കിൽ പിന്നെ ഏതു സൂറത്താണ്‌ ഓതേണ്ടത്‌?

ഒറ്റ റക്‌അത്തിന്മേൽ ചുരുക്കുന്നയാൾ മൂന്നു റക്‌അത്തിൽ വാരിദായ സബ്ബിഹിസ്മയും കാഫിറൂനയും ഇഖ്ലാസും മുഅവ്വിദതൈനിയുമെല്ലാം ഒന്നിച്ച്‌ ആ റക്‌അത്തിൽ ഓതുകയാണു വേണ്ടതെന്ന് ഫതാവാബ്നിസിയാദ്‌ പേ:182ൽ പറഞ്ഞിട്ടുണ്ട്‌.

തറാവീഹ്‌ 4 റക്‌അത്തു കരുതിക്കൂട്ടിയോ മറന്നോ ഒന്നിച്ചു നിസ്കരിച്ചാൽ അതിന്റെ വിധി എന്ത്‌?

തറാവീഹ്‌ രണ്ട്‌ റക്‌അത്തു വീതമായി നമസ്കരിക്കൽ നിർബന്ധമാണ്‌. നാലു റക്‌അത്ത്‌ ഒന്നിച്ച്‌ ഒരൊറ്റ സലാമിലായി നിർവ്വഹിക്കാൻ പാടില്ല. ഹറാമാണ്‌. ഇത്‌ അറിഞ്ഞുകൊണ്ട്‌ ബോധപൂർവ്വം ഒരാൾ നമസ്കരിച്ചാൽ ആ നമസ്കാരം അസാധുവാണ്‌. അറിഞ്ഞുകൊണ്ടും ബോധപൂർവ്വവുമല്ലെങ്കിൽ ആ നമസ്കാരം കേവലം സുന്നത്ത്‌ (നഫ്‌ല്‌ മുത്വ്‌ലഖ്‌) ആയി സംഭവിക്കും. നിഹായ: 2-127.

യാത്ര കാരണം ഒഴിവാക്കിയ ഫർളു നോമ്പുകൾ പെട്ടെന്നു തന്നെ ഖളാഅ് വീട്ടേണ്ടതുണ്ടോ?

സമയം ഇടുങ്ങുമ്പോളല്ലാതെ പെട്ടെന്നു തന്നെ നിർവ്വഹിക്കണമെന്നില്ല. ന്യായമായ കാരണത്താൽ ഒഴിവാക്കിയതാണല്ലോ. തുഹ്‌ഫ 3-432

ഒരുവൻ മുപ്പതു നോമ്പും പൂർത്തിയാക്കി വിദേശത്തു നിന്നു യാത്ര ചെയ്ത് സുബ്ഹിന് - അത്താഴത്തിനു മുമ്പേ നാട്ടിലെത്തി. നാട്ടിലിപ്പോൾ മുപ്പതാമത്തെ നോമ്പാണ്. അവൻ മുപ്പത്തിയൊന്നാം നോമ്പനുഷ്ഠിക്കുകയാണോ അതല്ല ഇംസാക്ക് ആണോ നിർബന്ധം? നോമ്പാണ് നിർബന്ധമെങ്കിൽ ഉപേക്ഷിക്കൽ കുറ്റമുണ്ടോ? ഖളാഅ് നിർബന്ധമാണോ?

വിദേശത്തു നിന്ന് അവൻ മുപ്പതും നോറ്റെങ്കിലും നാട്ടിലെത്തിയതോടെ അവൻ ഇവിടുത്തുകാരനായി. ഇവിടുത്തുകാരോടൊപ്പം നോമ്പു തന്നെ അവന് നിർബന്ധമാണ്. നിർബന്ധം ഉപേക്ഷിച്ചാൽ കുറ്റമുണ്ടാകുമെന്ന് പറയേണ്ടതില്ലല്ലോ. ഖളാഉം നിർബന്ധമാകും. തുഹ്‌ഫ: ശർവാനി സഹിതം 3:383.

ലൈലത്തുൽ ഖദ്‌റിന്‌ ഖുർആൻ അവതരിച്ചത്‌ കൊണ്ട്‌ മഹത്വമുണ്ടായതാണോ? അതോ നേരത്തേ മഹത്വമുള്ള രാത്രിയിലാണ്‌ ഖുർആൻ അവതരിച്ചത്‌ എന്നോ?.

ലൈലത്തുൽ ഖദ്‌റിലാണ്‌ നാം ഖുർആനിറക്കിയതെന്ന അല്ലാഹുവിന്റെ പ്രഖ്യാപനത്തിൽ തന്നെ ഖുർആനിറക്കും മുമ്പേ ആ രാത്രി മഹത്വമുള്ളതാണെന്ന് സൂചനയുണ്ടല്ലോ. 'ലൈലത്തുൽ ഖദ്‌ർ' എന്ന നാമം ഖുർആനിറക്കും മുമ്പേ പ്രസ്തുത രാത്രിക്കുണ്ടെന്ന് ഈ വാക്യത്തിൽ വ്യക്തമാണ്‌. ഒരു വർഷത്തിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെല്ലാം രേഖപ്പെടുത്തുവാനും തങ്ങളുടെ ദൗത്യം നിറവേറ്റാനും മലക്കുകൾക്ക്‌ നിർദ്ദേശം നൽകപ്പെടുന്ന രാത്രിയെന്ന് വിശുദ്ധ ഖുർആൻ മറ്റൊരായത്തിൽ വിശേഷിപ്പിച്ചത്‌ ഈ രാത്രിയെക്കുറിച്ചാണ്‌. അപ്പോൾ ഖുർആനവതരിച്ചത്‌ മാത്രമല്ല ഈ രാത്രിയുടെ മഹത്വമെന്ന് വ്യക്തമായല്ലോ.

☘മൗലാനാ നജീബുസ്താദിന്റെ ഫത്'വാകളിൽ നിന്നും - നുസ്രത്തുൽ അനാം 2011 ജൂലായ്‌ - ആഗസ്റ്റ്‌☘

നമസ്കാരത്തിന്റെ ഫർളുകളും ശർത്വുകളും വിവേചിച്ചറിയാതെ നമസ്കരിക്കുന്ന ഒരു സാധാരണക്കാരൻ റമസാൻ മാസപ്പിറവി കണ്ടതായി സാക്ഷി നിന്നാൽ അയാളെ സ്വീകരിക്കപ്പെടാമോ?

സ്വീകരിക്കപ്പെടാം. ഫർളുകളും ശർത്വുകളും തിരിച്ചറിയാതിരിക്കുക സാക്ഷി സ്വീകരിക്കുന്നതിന് തടസ്സമല്ല. തുഹ്‌ഫ 10:237

☘ഫതാവാ നുസ്രത്തുൽ അനാം - താജുൽ മുഹഖിഖീൻ മൗലാനാ എൻ.കെ മുഹമ്മദ് മൗലവി & നജീബ് മൗലവി☘


രോഗ കാരണം ഒമ്പതുമാസം രാവിലെ ഗുളിക കഴിക്കേണ്ടതു കൊണ്ട്‌ ഈ വർഷത്തെ നോമ്പ്‌ നോൽക്കാൻ പറ്റില്ല. കഴിഞ്ഞ വർഷത്തെ രണ്ടു നോമ്പും നോൽക്കാനുണ്ട്‌. ഖളാഉ വീട്ടേണ്ട നോമ്പിനും വരാനിരിക്കുന്ന നോമ്പിനും കൂടി എന്താണു ചെയ്യേണ്ടത്‌?

ഈ രോഗാവസ്ഥയിൽ ഒന്നും ചെയ്യാനില്ല. അതു കഴിഞ്ഞു ഖളാ വീട്ടണം. ഒമ്പതുമാസം രാവിലെ - പകലിൽ തന്നെ - മരുന്നു കഴിക്കൽ അനിവാര്യമായ അസുഖമുണ്ടെങ്കിൽ ആ ഒമ്പതുമാസത്തിനകമുള്ള റമളാനല്ലേ പിടിക്കാൻ കഴിയാതെ വരുന്നുള്ളൂ. തൊട്ടടുത്ത റമളാനിനു മുമ്പു തന്നെ ഗുളിക കഴിക്കേണ്ട നിർബന്ധം തീരുമല്ലോ. തൽസമയം ഖളാഉ വീട്ടുക. കഴിഞ്ഞ വർഷത്തിലെ രണ്ടു നോമ്പു ഖളാഉ വീട്ടുവാൻ ഈ വർഷം ഗുളിക കഴിച്ചു തുടങ്ങും മുമ്പ്‌ സാധ്യമായ ദിനം ലഭിക്കുകയും എന്നിട്ടും ഖളാ വീട്ടാതിരിക്കുകയും ചെയ്തതാണെങ്കിൽ, ഈ നോമ്പിനു മുമ്പ്‌ അത്‌ ഖളാ വീട്ടാത്തതിന്റെ പേരിൽ തൊട്ടടുത്ത റമളാനിനു മുമ്പ്‌ ഖളാ വീട്ടുമ്പോൾ നോമ്പൊന്നിന്‌ മുദ്ദൊന്നു വീതം പ്രായശ്ചിത്തം നൽകുകയും വേണം.

[മൗലാനാ നജീബ് ഉസ്താദിന്റെ ഫത്‌'വാ സമാഹാരമായ പ്രശ്നോത്തരം: ഭാഗം 3/134]


നോമ്പ് ഖളാ ഉള്ള ഒരാൾ മരണപ്പെട്ടു. അനന്തരവകാശികൾ അതു നോറ്റു വീട്ടേണ്ടതുണ്ടോ? നോറ്റാൽ വീടുമോ? ശാഫിഈ മദ്ഹബിലെ പ്രബലമായ അഭിപ്രായം തെളിവുസഹിതം വ്യക്തമാക്കിയാലും?


നോൽക്കാൻ സൗകര്യപ്പെട്ട ശേഷം മരണപ്പെട്ടയാളെ തൊട്ടു ബന്ധുക്കൾ നോമ്പനുഷ്ടിച്ചു വീട്ടണമെന്നില്ല. ഓരോ നോമ്പിനും ഓരോ മുദ്ദു വീതം ഭക്ഷണം നല്കിയാലും മതി. അതാണു നോമ്പു നോറ്റു വീട്ടുന്നതിനേക്കാൾ ശ്രേഷ്ടവും. ബന്ധുക്കൾ നോല്ക്കുന്നതുകൊണ്ടു ബാദ്ധ്യത വീടുമെന്നാണു ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായം. തുഹ്ഫ:3-437.

[മൗലാനാ നജീബ് ഉസ്താദിന്റെ ഫത്‌'വാ സമാഹാരമായ പ്രശ്നോത്തരം - ഭാഗം 1/109]


റമളാനിൽ നിർവ്വഹിക്കാൻ നേർച്ചയാക്കിയ ഇഅ്തികാഫ്‌ ഇതര സമയങ്ങളിൽ നിർവ്വഹിച്ചാൽ വീടുമെന്ന് നുസ്രത്ത്‌ 2010 ജൂലൈ-ആഗസ്‌ത്‌ ലക്കത്തിലെ ചോദ്യോത്തരത്തിലുണ്ട്‌. ശ്രേഷ്‌ടത കുറഞ്ഞത്‌ കൊണ്ട്‌ കൂടിയതിനെ വീട്ടാൻ പറ്റുമോ?

പറ്റും. ശ്രേഷ്‌ടത കൂടിയ റമളാൻ മാസത്തിലെ നോമ്പിനെ ഇതര സമയങ്ങളിൽ ഖളാ വീട്ടാൻ അല്ലാഹു തന്നെ ഖുർആനിൽ നിർദ്ദേശിച്ചിട്ടുണ്ടല്ലോ.  ശ്രേഷ്‌ടതയുടെ കാര്യത്തിൽ മറ്റു മാസങ്ങൾ റമളാനിനു കിടയൊക്കുകയില്ലെന്നത്‌ വ്യക്തവുമാണ്‌.

മൗലാനാ നജീബുസ്താദ് - നുസ്രത്തുൽ അനാം മാസിക. 2014 ആഗസ്ത്


കൊല്ലംതോറും കഴിച്ച് വരാറുള്ള ബദ്'രീങ്ങളുടെ ആണ്ടു നേർച്ചയെപ്പറ്റി ബദ്റിൽ രക്തസാക്ഷികളായവരുടെ സ്മരണാർത്ഥമാണ് അതെന്നും, റസൂലും സ്വഹാബത്തും അത്തരം ആണ്ടുനേർച്ച കൊണ്ടാടിയതായി തെളിഞ്ഞിട്ടില്ലെന്നും സ്വഹാബികളും താബിഉകളുമെല്ലാം ബദ്റിൽ രക്തസാക്ഷികളായവരുടെ സ്മരണ നിലനിർത്തിയത് ഇസ്ലാമിന് വേണ്ടി ത്യാഗ പരിശ്രമങ്ങൾ ചെയ്തുകൊണ്ടാണെന്നും നാം അവരെ സ്മരിക്കുന്നത് മൂക്കറ്റം തിന്നുകൊണ്ടാണെന്നും പറഞ്ഞ് ഒക്ടോബർ 20 നു പുറത്തിറങ്ങിയ പ്രബോധനം വാരികയിൽ ബദ്'രീങ്ങളുടെ ആണ്ടു നേർച്ചയെ ആക്ഷേപിച്ചതായി കണ്ടു. നുസ്രത്തെന്തു പറയുന്നു? 


ബദ്റിൽ രക്തസാക്ഷികളായവരുടെ (14 പേർ) സ്മരണ നിലനിർത്താനാണ് ബദ്'രീങ്ങളുടെ ആണ്ടുനേർച്ച കഴിക്കുന്നതെന്ന് പറയുന്നതു ശരിയല്ല. ഇസ്ലാം പരസ്യമായതും ശക്തിയാർജ്ജിച്ചതും ബദ്ർ യുദ്ധം കൊണ്ടാണ്. ബദ്റിൽ സംബന്ധിച്ചവരെ അല്ലാഹു നശിപ്പിക്കുകയാണെങ്കിൽ അല്ലാഹുവിന് ഇബാദത്തെടുക്കപ്പെടുകയില്ലെന്ന് റസൂൽ(സ) അല്ലാഹുവിനോട് പറഞ്ഞതും നിങ്ങൾ നിന്ദ്യരായതോടു കൂടെ ബദ്റിൽവച്ചു അല്ലാഹു നിങ്ങളെ സഹായിച്ചു എന്ന് അല്ലാഹു പറഞ്ഞതും സ്മരണീയമാണ്. അത് അല്ലാഹു ചെയ്ത വലിയ ഒരനുഗ്രഹമാണ്. നിഅ്മത്തിന് നന്ദി ചെയ്യണമെന്ന അല്ലാഹുവിന്റെ കൽപനയനുസരിച്ച് പ്രസ്തുത നിഅ്മത്തിനു നന്ദിയായിട്ടാണ് ബദ്'രീങ്ങളുടെ ആണ്ടുനേർച്ച എന്ന പേരിൽ ഭക്ഷ്യധാന്യങ്ങളും മറ്റും നാം ധർമ്മം ചെയ്യുന്നത്.

നിങ്ങൾ നന്ദിയുള്ളവരായിരിക്കണമെന്ന അല്ലാഹുവിന്റെ കൽപ്പനക്കു വഴിപ്പെടാൻ റസൂലും സ്വഹാബത്തും ചെയ്ത രൂപത്തിൽ തന്നെ നന്ദി പ്രകടിപ്പിക്കണമെന്നില്ല. മതപ്രബോധനം ചെയ്യാൻ അല്ലാഹു കല്പിച്ചതാണ്. റസൂലും സ്വഹാബത്തും താബിഉകളും മതപ്രബോധനം ചെയ്തിരുന്നതും അതിന് കൽപിച്ചിരുന്നതും മാസിക-വാരികകൾ മുഖേനയായിരുന്നില്ലല്ലോ. നിങ്ങൾ നന്ദി ചെയ്താൽ നിങ്ങൾക്ക് ഞാൻ കൂടുതലാക്കി തരുമെന്ന വിശുദ്ധ വാക്യത്തിന്റെ വെളിച്ചത്തിൽ ബദ്'രീങ്ങളുടെ ആണ്ടുനേർച്ച കഴിക്കുന്നവർക്ക് പല നേട്ടങ്ങളും കൈവരാൻ അവകാശമുണ്ട്. പലർക്കും അങ്ങനെ കൈവന്നതായി പറയപ്പെടാറുമുണ്ട്. നിങ്ങളിൽ നിന്ന് മരണപ്പെട്ടവരുടെ ഗുണങ്ങളെ നിങ്ങൾ പറയണമെന്ന് റസൂൽ (സ)ആജ്ഞാപിച്ചതിന്റെ അടിസ്ഥാനത്തിൽ ചിലയിടങ്ങളിൽ ബദ്'രീങ്ങളുടെ മൗലിദ് പാരായണം ചെയ്യാറുമുണ്ട്.

[താജുൽ ഉലമാ ശൈഖുനാ കെ. കെ. സ്വദഖത്തുല്ലാഹ് മൗലവി (ന:മ)യുടെ സമ്പൂർണ്ണ ഫതാവാ - 85]


ബദ്ർ യുദ്ധം നടന്ന അവസരത്തിൽ റംസാൻ വ്രതം നിർബ്ബന്ധമായിരുന്നോ?

നിർബന്ധമായിരുന്നു. കാരണം, ഹിജ്റ: വർഷം രണ്ടിലെ ശഅ്ബാനിലാണ് റമസാൻ നിർബന്ധമായതെന്ന് തുഹ്ഫ:5-370ൽ പ്രസ്താവിച്ചിട്ടുണ്ട്. ഹിജ്റ: വർഷം രണ്ടിലെ റമസാനിലായിരുന്നല്ലോ ബദ്ർ യുദ്ധം.

[താജുൽ ഉലമാ ശൈഖുനാ കെ. കെ. സ്വദഖത്തുല്ലാഹ് ഉസ്താദ് (ന:മ) യുടെ സമ്പൂർണ്ണ ഫതാവാ - 271]


ബദറുൽ കുബ്റാ യുദ്ധത്തിൽ റസൂലും സ്വഹാബത്തും പോയത് കാഫിരീങ്ങളുടെ സ്വത്ത് പിടിച്ചു പറ്റാൻ മാത്രമാണോ? അതല്ല കാഫിരീങ്ങളെ നശിപ്പിക്കാനാണോ? അല്ലെങ്കിൽ രണ്ടും ഉദ്ദേശിച്ചാണോ? എന്ന് വ്യക്തമാക്കുക. ഏത് കിതാബിൽ ഏത് ഭാഗത്ത് എന്നും വിവരിക്കുക.

റസൂൽ (സ) ഖുറൈഷികളുടെ ഒട്ടകം ഉദ്ദേശിച്ചു കൊണ്ടു മാത്രമാണ് ബദ്റിലേക്കു പുറപ്പെട്ടതെന്ന് സ്വഹീഹുൽ ബുഖാരിയിൽ പലയിടത്തുമുണ്ട്. ആ സ്ഥലങ്ങളിൽ 'ഇന്നമാ' എന്ന അവ്യയമാണുപയോഗിച്ചിട്ടുള്ളത്. അതിൽ നിന്ന് വ്യക്തമാകും, റസൂൽ (സ) പുറപ്പെട്ടത് ഖുറൈഷികളുടെ ഒട്ടകത്തിനു വേണ്ടിയല്ലാതെ മറ്റൊന്നിനുമല്ലെന്ന്. കൂടാതെ ആ ഹദീസിന്റെ വ്യാഖ്യാനത്തിൽ റസൂൽ (സ) യുദ്ധമുദ്ദേശിച്ചിട്ടില്ല എന്ന് പറഞ്ഞ ശേഷം ആ ഒട്ടകം ആയിരമൊട്ടകമാണ് എന്ന് ഫത്ഹുൽ ബാരി 7-229ൽ പ്രസ്താവിച്ചിട്ടുണ്ട്.

[താജുൽ ഉലമാ ശൈഖുനാ കെ. കെ. സ്വദഖത്തുല്ലാഹ് ഉസ്താദ് (ന:മ)യുടെ സമ്പൂർണ്ണ ഫതാവാ]


കളി തൊഴിലാക്കിയ ആളുകൾക്ക്‌ ആവശ്യ സന്ദർഭങ്ങളിൽ നോമ്പ്‌ ഒഴിവാക്കാമോ?

ഒഴിവാക്കാം. വിഷമകരമായ തൊഴിലുകാർക്ക്‌ പകൽ നോമ്പനുഷ്ടിച്ചാൽ തൊഴിൽ ചെയ്യാൻ പറ്റാതെ വരുകയും വേതനം നഷ്ടപ്പെടുകയും ചെയ്യുമെന്നു കണ്ടാലും രാത്രി തൊഴിൽ ചെയ്യാൻ സൗകര്യമില്ലാതെ വന്നാലും നോമ്പൊഴിവാക്കാവുന്നതാണ്‌. തുഹ്ഫ: ശർവാനി സഹിതം 3:430. അനുവദനീയമായ കളി തൊഴിലാക്കാമല്ലോ.

☘മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം പംക്തി  - ബുൽബുൽ മാസിക 2019 മെയ്‌☘


സംഭോഗം കൊണ്ടു നഷ്പ്പെടുത്തിയാൽ കഫ്ഫാറത്ത്‌ നിർബന്ധമാവുക ഭർത്താവിന്റെ മേൽ മാത്രമാണോ? ഭാര്യയുടെ മേലിലും നിർബന്ധമാകുമോ?

ഇല്ല. സംഭോഗത്തിന്റെ കഫ്ഫാറത്ത്‌ (പ്രായശ്ചിത്തം) ഭർത്താവിന്റെ മേലിലാണു നിർബന്ധമാകുക. അതവനെ തൊട്ടു മാത്രമാണു താനും. ഭാര്യക്കോ ഭാര്യയെ തൊട്ടോ അതിന്റെ ബാധ്യതയില്ല. തുഹ്ഫ: 3-450.

☘മൗലാനാ നജീബുസ്താദിന്റെ ഫത്‌'വാ സമാഹാരമായ പ്രശ്നോത്തരം എന്ന പുസ്തകത്തിൽ നിന്നും☘


ശത്രുക്കളുടെ ബുദ്ധിമുട്ടിൽ നിന്നു രക്ഷ പ്രാപിക്കുന്നതിനു വേണ്ടി ബദ്‌രീങ്ങളുടെയോ ഔലിയാക്കന്മാരുടെയോ പേരിൽ നേർച്ചയാക്കുന്നത്‌ അനുവദനീയമാണോ?

അനുവദനീയവും ഫലപ്രദവുമാണ്‌. പ്രസ്തുത നേർച്ച കൊണ്ടുദ്ദേശ്യം അവരുടെ പേരിൽ സ്വദഖ ചെയ്യുകയാണല്ലോ. മരണപ്പെട്ടവരുടെ പേരിൽ സ്വദഖ ചെയ്യൽ പുണ്യം ലഭിക്കുന്ന ഖുർബത്താണ്‌. അതു നേർച്ചയാക്കിയാൽ സാധുവാകുകയും ചെയ്യും. തുഹ്ഫ: 10-100. സ്വദഖ, ബലാഅ്-മുസ്വീബത്തിൽ നിന്ന് രക്ഷ കിട്ടുന്ന പുണ്യകർമ്മമാണെന്നതു പരക്കെ പ്രസിദ്ധമാണല്ലോ. ശത്രുക്കളുടെ ബുദ്ധിമുട്ട്‌ പോലുള്ളത്‌ അല്ലാഹുവിന്‌ അനിഷ്ടകരമായ പ്രവൃത്തികൾ കൊണ്ടുണ്ടാകാം. സ്വദഖ, അല്ലാഹുവിന്റെ ക്രോധത്തെയും അനിഷ്ടത്തെയും കെടുത്തിക്കളയുമെന്നും പുണ്യകർമ്മങ്ങളും ദാനങ്ങളും ബലാഅ്-മുസ്വീബത്തുകളെ കാക്കുമെന്നും സ്വീകാര്യമായ ഹദീസിൽ വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്‌. തുഹ്ഫ: 7-179 നോക്കുക.

(മൗലാനാ നജീബ്‌ ഉസ്താദിന്റെ ഫത്‌'വാ സമാഹാരമായ പ്രശ്നോത്തരം | ഭാഗം 4 - പേജ്‌: 133


ഞങ്ങൾ ഒരു നോമ്പുതുറയിൽ പങ്കെടുത്തവരിൽ ചിലർ കാരക്ക തിന്ന ശേഷം അതിന്റെ കുരു കാരക്കപ്പാത്രത്തിൽ തന്നെ ഇട്ടപ്പോൾ വിവരമുള്ള ഒരു പണ്ഡിതൻ അതു ശരിയല്ലെന്നു വിലക്കി. പഴങ്ങളുടെ കുരു അതേപാത്രത്തിൽ തന്നെയിടുന്നത് ശരിയല്ലെന്നാണ് അയാൾ പറയുന്നത്. ഇതു ശരിയാണോ? അടിസ്ഥാനമുണ്ടോ?

ആ പണ്ഡിതൻ പറഞ്ഞത് ശരിയാണ്. കാരക്ക പോലുള്ള പഴവർഗ്ഗങ്ങളും അതിന്റെ കുരുകളും ഒന്നിച്ച് ഒരേ പാത്രത്തിൽ വയ്ക്കുന്നത് ശരിയല്ല. പഴം തിന്ന ശേഷം അതിന്റെ കുരുകൾ ഇടംകൈയിന്റെ പുറത്തു കളയുകയാണു വേണ്ടത്. ഇതാണു സുന്നത്ത്. തർശീഹ് പേ:327.

[മൗലാനാ നജീബ് ഉസ്താദിന്റെ ഫത്‌'വാ സമാഹാരമായ പ്രശ്നോത്തരം ഭാഗം 4/195]


ഇക്കഴിഞ്ഞ റമളാനിൽ അവസാനത്തെ പത്തിൽ തുടർച്ചയായി ഇഅ്തികാഫിരിക്കുന്ന ഒരാൾക്ക് ഒന്നു രണ്ടു മണിക്കൂർ സമയം ബോധക്കേടുണ്ടായി. ഇതുകൊണ്ട് അയാളുടെ ഇഅ്തികാഫിന്റെ തുടർച്ച മുറിയുമോ? ആ സമയം ഇഅ്തികാഫിൽ എണ്ണപ്പെടുമോ? പകലിലാണെങ്കിൽ അതുകൊണ്ട് നോമ്പു മുറിയുമോ?:

ഉത്തരം: മുറിയില്ല. അബോധാവസ്ഥ വരുന്നതു  കൊണ്ട് നോമ്പ് മുറിയുകയില്ല. അതുപോലെ അബോധാവസ്ഥ മൂലം അയാൾ പള്ളിയിൽ നിന്ന് പുറത്തു പോയിട്ടില്ലെങ്കിൽ ഇഅ്തികാഫിന്റെ തുടർച്ചയും മുറിയുകയില്ല. പള്ളിയിലായി രിക്കെയുള്ള അബോധാവസ്ഥ ഇഅ്തികാഫിലെണ്ണപ്പെടുകയും ചെയ്യും തുഹ്ഫ: 3-457, 476.

[മൗലാ നാ നജീബ് ഉസ്താദിന്റെ ചോദ്യോത്തരം പംക്തി നുസ്രത്തുൽ അനാം
ആഗസ്റ്റ് 2015]


ഒരാൾ തറാവീഹ് നമസ്കരിക്കുമ്പോൾ "ഉസ്വല്ലീ സുന്നത്തത്തറാവീഹീ റക്അതൈനി ലില്ലാഹി തആല" എന്ന് നിയ്യത്ത് ചെയ്താൽ ശരിയാകുമോ? 

ശരിയാകും. ഈ വസ്തുത തുഹ്ഫ: 2-241ൽ നിന്നും ബിഗ്'യ പേ:40ൽ നിന്നും വ്യക്തമാകുന്നതാണ്.

▶️താജുൽ ഉലമാ ശൈഖുനാ കെ. കെ. സ്വദഖത്തുല്ലാഹ് മൗലവി (ന:മ)യുടെ സമ്പൂർണ്ണ ഫതാവാ - 170◀️


തറാവീഹു നമസ്കരിക്കുമ്പോൾ തറാവീഹിന്റെ സുന്നത്ത് കരുതി രണ്ടു റക്അത്തു വീതം നമസ്കരിച്ചാൽ മതിയാകുമോ? അതല്ല, തറാവീഹിൽ നിന്നു രണ്ടു റക്അത്ത് എന്നുതന്നെ കരുതേണ്ടതുണ്ടോ?

തറാവീഹു നമസ്കരിക്കുന്നതായി കരുതിയാൽ മതി. തറാവീഹിൽ നിന്നുള്ള രണ്ടു റക്അത്ത് എന്നിങ്ങനെത്തന്നെ കരുതൽ നിർബന്ധമില്ല. തുഹ്ഫ :2-241.

▶️നജീബ് ഉസ്താദിന്റെ ഫത്‌'വാ സമാഹാരമായ പ്രശ്നോത്തരം ഭാഗം: 3, പേജ്‌:71◀️


തയമ്മും ചെയ്ത്‌ നമസ്കരിക്കുന്നവർക്ക്‌ ഒരു തയമ്മും കൊണ്ട്‌ ഒന്നിലധികം ഫർള്‌ നമസ്കാരം അനുവദനീയമല്ലല്ലോ. സുന്നത്ത്‌ നമസ്കാരം നേർച്ചയാക്കിയാൽ അത്‌ ഫർള്‌ നമസ്കാരമായി ഗണിക്കപ്പെടുമോ? ഗണിക്കപ്പെടുമെങ്കിൽ തറാവീഹ്‌ നമസ്കാരം ഒരാൾ നേർച്ചയാക്കിയാൽ അത്‌ എത്ര നമസ്കാരമായി ഗണിക്കപ്പെടും? തയമ്മും ചെയ്ത്‌ നമസ്കരിക്കുകയാണെങ്കിൽ അതിന്‌ എത്ര തയമ്മും വേണ്ടി വരും?

✅ ഉത്തരം: ഒരു തയമ്മും കൊണ്ട്‌ ഒന്നിലധികം ഫർള്‌ നമസ്കാരം അനുവദനീയമല്ല. സുന്നത്ത്‌ നമസ്കാരം നേർച്ചയാക്കിയാൽ അത്‌ ഫർള്‌ നമസ്കാരമായി ഗണിക്കപ്പെടുന്നതാണ്‌. തറാവീഹ്‌ നമസ്കാരം നേർച്ചയാക്കിയാൽ അത്‌ പത്ത്‌ ഫർള്‌ നമസ്കാരമായി ഗണിക്കപ്പെടുന്നതും അതിന്‌ പത്ത്‌ തയമ്മും നിർബന്ധമാകുന്നതുമാണ്‌. ബാജൂരി: 1-101.

☘ഫതാവാ നുസ്രത്തുൽ അനാം - താജുൽ മുഹഖിഖീൻ മൗലാനാ എൻ.കെ മുഹമ്മദ് മൗലവി &  നജീബ് മൗലവി☘


ലൈലതുൽ ഖദ്ർ മനസ്സിലാക്കുന്നതിനുള്ള അടയാളമായി അതിന്റെ പ്രഭാതസൂര്യനു രശ്മി കുറവായിരിക്കുക, പകൽ, ചൂടും തണുപ്പും മിതമായിരിക്കുക പോലുള്ള കാര്യങ്ങൾ ഇമാമുകൾ പറഞ്ഞു കാണുന്നുണ്ടല്ലോ. ഈ അടയാളങ്ങൾ കൊണ്ടെന്തു നേട്ടം? ആ പുണ്യരാത്രി കഴിഞ്ഞ ശേഷമല്ലേ ഇവ വെളിപ്പെടുകയുള്ളൂ. കഴിഞ്ഞുപോയ രാത്രിയെപ്പറ്റി അതിന്റെ പകലിൽ മനസ്സിലാക്കിയതുകൊണ്ടെന്തു പ്രയോജനം?.

ലൈലതുൽ ഖദ്റിന്റെ രാവിൽ മാത്രമല്ല, അതിന്റെ പകലിലും പുണ്യകർമ്മങ്ങൾ കൊണ്ട് സജീവമാകൽ സുന്നത്താണ്. രാത്രി പിന്നിട്ട ശേഷം ലൈലതുൽ ഖദ്റിനെ മനസ്സിലാക്കിയാലും ഈ പകലിൽ സുകൃതങ്ങൾ വർദ്ധിപ്പിക്കാൻ കഴിയുമെന്നത് നേട്ടം തന്നെയല്ലേ. തുഹ്ഫ: 3-463.

[മൗലാനാ നജീബ് ഉസ്താദിന്റെ ഫത്‌'വാ സമാഹാരമായ പ്രശ്നോത്തരം, ഭാഗം 4, പേജ്‌ 193]

ലൈലത്തുൽ ഖദ്ർ ബോദ്ധ്യപ്പെട്ട ആൾ അതു മറച്ചു വയ്ക്കണമെന്ന് പറയാൻ കാരണമെന്താണ്? മറ്റുള്ളവർക്കു പങ്കാളികളാവാൻ അതറിയിച്ചു കൊടുക്കുകയല്ലേ വേണ്ടത്?.

ലൈലത്തുൽ ഖദ്റിനെ കണ്ടു ബോദ്ധ്യപ്പെടുന്നത് ഒരസാധാരണ കാര്യമായ കറാമത്താണല്ലോ. കറാമത്തുകൾ മറച്ചു വയ്ക്കേണ്ടതാണെന്നതിൽ സൂഫീ സരണിയിലെ ഇമാമുകൾ ഏകാഭിപ്രായക്കാരാണ്. ശരിയായ ലക്ഷ്യമോ ആവശ്യമോ ഇല്ലാതെ കറാമത്തുകൾ വെളിപ്പെടുത്താവതല്ല. താൻ ഉയർന്ന പദവിയിലാണെന്നും സമശീർഷരെക്കാളെല്ലാം ഉയർന്ന സ്ഥാനത്താണെന്നും ധരിക്കുക പോലുള്ള അപകടങ്ങൾക്ക് അതു വഴിവയ്ക്കുമെന്നതാണു കാരണം. ഇപ്രകാരം ഇമാം സുബ്കി (റ) പ്രസ്താവിച്ചിട്ടുണ്ട്. അൽമവാഹിബുൽ മദനിയ്യ 4-251.

മൗലാനാ നജീബ് ഉസ്താദിന്റെ പ്രശ്നോത്തരം പംക്തി | ബുൽബുൽ 2019 മെയ്


പുത്തനത്താണി സലഫീ മസ്ജിദ് ദഅ്'വാ വിഭാഗം പുറത്തിറക്കിയ വ്രതചൈതന്യം എന്ന പുസ്തകത്തിൽ (പേ:8) ഖിയാമുല്ലൈൽ എന്ന രാത്രി നമസ്കാരമാണ് റമദാനിൽ തറാവീഹ് (വിശ്രമനമസ്കാരം) എന്ന പേരിലറിയപ്പെടുന്നത്. രാത്രി ഉറങ്ങി എഴുന്നേറ്റ് നമസ്കരിക്കുന്ന ഈ നമസ്കാരത്തിന് തഹജ്ജുദ് എന്നും പേരുപറയുന്നുണ്ട്. റമദാനിലെ രാത്രിയിലാവുമ്പോൾ ഖിയാമു റമദാൻ എന്നും ഒറ്റയായി അവസാനിപ്പിക്കുന്നത് കൊണ്ട് വിത്റ് എന്നും പറയാറുണ്ട്.... തറാവീഹ് നമസ്കാരം വിത്റ് അടക്കം 11 റക്അത്താണ്. എന്നു കാണുന്നു. ബുൽബുലിന്റെ പ്രതികരണം?

നബി(സ) തങ്ങളുടെ വിത്റ് നമസ്കാരത്തെക്കുറിച്ചു ഹദീസിലുള്ള പതിനൊന്നു റക്അത്ത്, തറാവീഹിന്റെ മേൽ വച്ചുകെട്ടുന്നതിനായി വഹ്ഹാബികൾ നടത്തുന്ന ആട്ടക്കളിയാണു താങ്കൾ ആ പുസ്തകത്തിൽ കണ്ടത്. റമളാനിൽ മാത്രം സുന്നത്തുള്ള ഒരു പ്രത്യേക നമസ്കാരമാണു തറാവീഹ്. ഖിയാമുല്ലൈൽ (രാത്രിയിലെ സുന്നത്തുനമസ്കാരം) എന്നു ഭാഷാപരമായി അതിനുപയോഗിക്കാമെങ്കിലും വിത്റ് എന്ന് അതിനെ വിശേഷിപ്പിക്കുന്നത് ശുദ്ധവിവരക്കേടാണ്. ഉറങ്ങി എഴുന്നേറ്റു നമസ്കരിക്കുമ്പോൾ തഹജ്ജുദ് എന്ന പ്രയോഗവും തറാവീഹിനെക്കുറിച്ചു പറയാമെങ്കിലും തഹജ്ജുദും തറാവീഹും ഒന്നല്ല. കാരണം തഹജ്ജുദ് എല്ലാ രാത്രിയിലും സുന്നത്തുണ്ട്. തറാവീഹ് റമളാനിൽ മാത്രമേയുള്ളൂ. വിത്റ്, ഖിയാമുല്ലൈൽ, തഹജ്ജുദ് എന്നീ നമസ്കാരങ്ങളും തറാവീഹും വ്യത്യസ്തമാണെന്നതിന് ഒരു ഉദാഹരണം മാത്രം മതി.

തറാവീഹ് ഈരണ്ടു റക്അത്തു കഴിഞ്ഞാൽ സലാംവീട്ടൽ നിർബന്ധമാണ്. തുഹ്ഫ 2-241. നാലു റക്അത്ത് ഒന്നിച്ച് ഒരു സലാമിൽ നമസ്കരിക്കാൻ പാടില്ല. അതേസമയം, വിത്റോ രാത്രിയിലെ നിരുപാധിക സുന്നത്തു നമസ്കാരമോ (ഖിയാമുല്ലൈൽ) ഉറങ്ങി എഴുന്നേറ്റ ശേഷമുള്ള സുന്നത്തു നമസ്കാരമോ (തഹജ്ജുദ്) നാലു റക്അത്തു വീതമായി നമസ്കരിക്കാവുന്നതാണ്. തുഹ്ഫ:2- 232. അതുപോലെ തറാവീഹു നിസ്കാരത്തിന്, തറാവീഹ് എന്നോ ഖിയാമുറമളാൻ എന്നോ മാത്രമാണു നിയ്യത്തു ചെയ്യേണ്ടത്. വിത്റ് എന്നോ മറ്റോ കരുതിയാൽ തറാവീഹ് ലഭിക്കുന്നതല്ല. തുഹ്ഫ:2-241 നോക്കുക.

അപ്പോൾ തറാവീഹിന് ഖിയാമു റമളാൻ എന്നു പേരുണ്ടെന്നു മനസ്സിലായല്ലോ. ഇതല്ലാതെ, വിത്റ് എന്നും ഖിയാമുല്ലെൽ എന്നും തറാവീഹിനു പറയുന്ന പേരാണെന്നതു തെളിവില്ലാത്ത ശുദ്ധ അസംബന്ധമാണ്. തറാവീഹ് ഇരുപതു റക്അത്തുണ്ടെന്ന ഇജ്മാഇനെ നിഷേധിക്കുമ്പോലെ തന്നെ തറാവീഹ് എന്ന പ്രത്യേക സുന്നത്തു നമസ്കാരമുണ്ടെന്ന ഇജ്മാഇനെയും നിഷേധിക്കുകയാണ് ആധുനിക വഹ്ഹാബികൾ ഈ ആട്ടക്കളിയിലുടെ ചെയ്യുന്നത്!

[മൗലാനാ നജീബ് ഉസ്താദിന്റെ പ്രശ്നോത്തരം, ഭാഗം 2 പേജ്‌: 224, 225]

വെള്ളത്തിലും മരത്തിന്റെ മറവിലും മാസപ്പിറവി കാണാൻ പാടില്ല എന്നു പറയുന്നതു ശരിയാണോ?

ശരിയാണ്‌. വെള്ളത്തിലും മരത്തിന്റെ മറവിലും മാസപ്പിറവി കാണുന്നില്ലെന്നാകാം അപ്പറഞ്ഞത്‌. അറിയാത്ത കാര്യങ്ങളെപ്പറ്റി 'എനിക്കറിയാൻ പാടില്ല' എന്നു പറയുന്നതു കേട്ടിട്ടില്ലേ.

വെള്ളത്തിൽ കാണുന്നതു പിറചന്ദ്രനെയല്ല, അതിന്റെ പ്രതിരൊപ്പമാണ്‌. (ശർവാനി) അതുകൊണ്ടു മാസപ്പിറവി കാണുന്നില്ലെന്നു പറഞ്ഞതു ശരി. മരത്തിന്റെ മറവിൽ ഏതായാലും കാണുകയുമില്ലല്ലോ. ഇതിലെന്താണിത്ര ശരികേട്‌?!.

☘മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം. ഭാഗം:1 പേജ്‌: 35☘

ഫിത്ർ സകാത്ത് വാങ്ങുന്നവർക്ക് തൃപ്തിയുള്ളതേ കൊടുക്കാവൂ എന്നുണ്ടോ? അവകാശികൾ നോമ്പും നമസ്കാരവും ഇല്ലാത്തവരായത് കൊണ്ട് അവരുടെ അവകാശം ബാത്വിലാകുമോ?

വാങ്ങുന്നവർക്ക് തൃപ്തിയുള്ളതേ ഫിത്ർ സകാത്തായി കൊടുക്കാവൂ എന്നില്ല. പക്ഷേ, അരി കൊടുക്കേണ്ട  സ്ഥലങ്ങളിൽ അരിക്കുപകരം ഗോതമ്പു കൊടുക്കുന്നതായാൽ അതു വാങ്ങുന്നവരും ഇഷ്ടപ്പെടേണ്ടതാണ്. (തുഹ്ഫ:3-322). അവകാശികൾ നോമ്പും നമസ്കാരവും ഇല്ലാത്തവരായതുകൊണ്ട് അവരുടെ അവകാശം ബാത്വിലാകുന്നതല്ല.

[താജുൽ ഉലമാ ശൈഖുനാ കെ.കെ.സദഖത്തുല്ല മൗലവിയുടെ സമ്പൂർണ്ണ ഫതാവാ; പേജ് 164]

ഒരാൾ തന്റെയും ആശ്രിതരുടെയും ഫിത്‌ർ സകാത്തിനുള്ള അരി ഒന്നിച്ച്‌ വാങ്ങിയാൽ വിതരണ സമയത്ത്‌ ഓരോരുത്തരുടേതും വേറെ നീക്കിവെക്കേണ്ടതുണ്ടോ? എല്ലാം ഒന്നിച്ച്‌ തന്നെ കൊടുത്ത്‌ കൂടയോ? അതുപോലെതന്നെ ഫിത്‌ർ സകാത്ത്‌ കടമപ്പെട്ട രണ്ട്‌ വ്യക്തികൾ (ഒരേ വീട്ടിലെ രണ്ട്‌ കുടുംബ നാഥന്മാർ) അവരുടെ ഫിത്‌ർ സകാത്തിനുള്ള അരി ഒന്നിച്ചു വാങ്ങാൻ പറ്റുമോ?  പറ്റുമെങ്കിൽ തന്നെ അവകാശികൾക്ക്‌ കൊടുക്കുന്ന സമയത്ത്‌ രണ്ട്‌ പേരുടേതും വേർതിരിക്കേണ്ടതുണ്ടോ?

ഒരാൾ തന്റെയും താൻ ഫിത്‌ർ സകാത്ത്‌ കൊടുക്കാൻ കടമപ്പെട്ട ആശ്രിതരുടെയും ഫിത്‌റത്തിനായി ഒന്നിച്ച്‌ വാങ്ങിയ അരി വിതരണ സമയത്ത്‌ ഓരോരുത്തരുടേതും വേറെ വേറെ നീക്കിവെക്കേണ്ടതില്ല. തന്നെ തൊട്ടും തന്റെ ആശ്രിതരെ തൊട്ടുമുള്ള ഫിത്‌റത്തെന്ന് കരുതി വിതരണം ചെയ്താൽ മതി. ഫിത്‌ർ സകാത്ത്‌ കടമപ്പെട്ട രണ്ട്‌ വ്യക്തികൾക്ക്‌ അതിനാവശ്യമായ അരി ഒന്നിച്ച്‌ വാങ്ങാവുന്നതാണ്‌. വിതരണ സമയത്ത്‌ വേർതിരിക്കാതെ തന്നെ രണ്ട്‌ പേരും നിയ്യത്ത്‌ ചെയ്ത്‌ വിതരണം ചെയ്യാവുന്നതുമാണ്‌. ഇനി ഒരാൾക്ക്‌ അപരനെ നിയമപ്രകാരം വക്കാലത്താക്കുകയും ചെയ്യാം. ബിഗ്‌യ: 102 ആം പേജ്‌ നോക്കുക.

_[ഫതാവാ നുസ്രത്തുൽ അനാം - ശൈഖുൽ ഉലമാ എൻ. കെ. മുഹമ്മദ് മൗലവി & മൗലാനാ നജീബ് മൗലവി]

പെരുന്നാളിന്നു ചൊല്ലുന്ന തക്ബീറുകൾക്കിടയിൽ 'അല്ലാഹു അക്ബർ കബീറാ വൽഹംദുലില്ലാഹി കഥീറാ'   എന്നതിനു ശേഷം ' സുബ്ഹാനല്ലാഹി ബുക്റതൻ വഅസ്വീലാ' എന്നാണോ അതല്ല, 'സുബ്ഹാനല്ലാഹി വബിഹംദിഹീ ബുക്റതൻ വ അസ്വീലാ' എന്നാണോ ചൊല്ലേണ്ടത്? 

'വസുബ്ഹാനല്ലാഹി ബുക്റതൻ വഅസ്വീലാ' എന്നാണ് തുഹ്ഫയിലും മറ്റുമുള്ളത്. (3- 54).

മൗലാനാ നജീബ് ഉസ്താദിന്റെ ഫത്'വാ സമാഹാരമായ 'പ്രശ്നോത്തരം' എന്ന പുസ്തകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും

പെരുന്നാൾ സുദിനത്തിൽ  എല്ലാവരും പരസ്പരം മുസ്വാഫത്തും ആലിംഗനവും നടത്തുന്ന പതിവ് പല ഭാഗങ്ങളിലും കാണാം. ഇതിനു വല്ല അടിസ്ഥാനവുമുണ്ടെങ്കിൽ വിവരിച്ചാലും. 

കഅബുബ്നു മാലികിന്റെ തൗബ സ്വീകരിച്ചതായുള്ള ആയത്തിറങ്ങുകയും നബി (സ) ഈ സന്തോഷവാർത്ത അറിയിക്കുകയും ചെയ്തപ്പോൾ ത്വൽഹത്തുബ്നു ഉബൈദില്ലാ(റ) എഴുന്നേറ്റു നിന്ന് അദ്ദേഹത്തെ അഭിനന്ദിക്കുകയും നബി (സ) അതംഗീകരിക്കുകയും ചെയ്ത സംഭവം അടിസ്ഥാനമാക്കികൊണ്ട് പെരുന്നാളാശംസകൾ കൈമാറലും പരസ്പരം മുസ്വാഫഹത് ചെയ്യലും സദാചാരമാണെന്ന് ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. (ശർവാനി 3- 56 നോക്കുക) 

ആലിംഗനവും ചുംബനവും പക്ഷേ, യാത്രയിൽ നിന്നു വരുന്നവരുടെ കാര്യത്തിലല്ലാതെ കറാഹത്താണ് (ശർവാനി 9- 230).

എന്റെ പിതാവിന്‌ ജോലി ചെയ്യാൻ കഴിയുമെങ്കിലും ജോലിക്ക്‌ പോവില്ല. നിർദ്ദനരായ അവരുടെ ഫിത്‌ർ സകാത്ത്‌ ഞാൻ നൽകേണ്ടതുണ്ടോ?

നൽകേണ്ടതുണ്ട്‌. പെരുന്നാൾ ദിവസത്തെ ചെലവിന്‌ വകയില്ലാത്ത നിങ്ങളുടെ പിതാവിന്റെ അന്നത്തെ ചെലവിന്റെ ബാധ്യത നിങ്ങളുടെ മേലിലായതു കൊണ്ട്‌ അവരുടെ ഫിത്‌ർ സകാത്ത്‌ നിങ്ങൾ കൊടുക്കേണ്ടതാണ്‌. തൊഴിൽ ചെയ്യാൻ കഴിയുമെങ്കിലും അതവർക്ക്‌ നിർബന്ധമില്ല. ഹാശിയത്തുൽകുർദി 2-152

☘മൗലാനാ നജീബുസ്താദ് - നുസ്രത്തുൽ അനാം മാസിക. 2014 ജൂലൈ

ചെറിയ പെരുന്നാളിന്റെ നിലാവ് കണ്ടെന്നറിഞ്ഞാൽ ഇവിടെയുള്ള പള്ളികളിൽ നിസ്കാരശേഷം തക്ബീർ ചൊല്ലാറുണ്ട്. ചെറിയപെരുന്നാൾ രാത്രിയിലെ മഗ്‌രിബ്, ഇശാഅ്, പെരുന്നാൾ ദിനത്തിലെ സുബ്ഹ് എന്നീ നിസ്കാരങ്ങൾക്ക് ശേഷം ഇങ്ങനെ തക്ബീർ സുന്നതുണ്ടോ?  

നിസ്കാര ശേഷമെന്ന നിലക്ക് പ്രത്യേകം സുന്നത്തില്ലെങ്കിലും പെരുന്നാൾ രാത്രിയിലും പകലിലും പെരുന്നാൾ നിസ്കാരം വരേയും മൊത്തം തക്ബീർ സുന്നത്തുണ്ട്. ഇതിൽ പ്രശ്നത്തിലുന്നയിച്ച മഗ്‌രിബ്, ഇഷാഅ, സുബ്ഹ് എന്നീ നമസ്കാരാനന്തരമുള്ള സമയങ്ങളും ഉൾപ്പെടുമല്ലോ. അതിനാൽ പ്രസ്തുത നമസ്‌കാരങ്ങൾക്ക് ശേഷം തക്ബീർ ചൊല്ലുന്നത് പൊതുവെ സുന്നത്ത് തന്നെയാണ്. എന്നാൽ, നമസ്കാരാനന്തരം പ്രത്യേകമായുള്ള സുന്നതല്ലാത്തത് കൊണ്ട് നിസ്കാരത്തിന്റെ ദിക്റുകൾക്കും ദുആകൾക്കും ശേഷമാണ് ഈ തക്ബീറുകൾ നിർവഹിക്കേണ്ടത്. (തുഹ്ഫ : ശർവാനി സഹിതം 3- 52)

പെരുന്നാൾ നമസ്കാരം അടുത്തടുത്ത ഏതാനും മഹല്ലുകൾ സംഘടിച്ച് ഒന്നിച്ച് ഒരു മൈതാനിയിൽ നമസ്കരിക്കുന്നത് ശ്രേഷ്ഠമായ കാര്യമാണോ? 

അടുത്തടുത്ത മഹല്ലുകളിൽ നമസ്കരിക്കുന്നത് പള്ളികളിൽ വച്ചാണെങ്കിൽ മൈതാനിയിൽ ഒന്നിച്ച് സംഘടിക്കുന്നതിനേക്കാൾ അതാണ് ഏറ്റവും ശ്രേഷ്ഠമായത്. ആവശ്യത്തിനനുസരിച്ച് ഒരു നാട്ടിൽ പല നമസ്കാരങ്ങൾ നടക്കുന്നത് കൊണ്ട് കുഴപ്പമില്ലല്ലോ. പള്ളിയിൽ നമസ്കരിക്കുന്ന പുണ്യവുമുണ്ടാകും. (ശർവാനി: 3- 48).


ഫിത്‌ർ സകാത്ത്‌ കൊടുക്കുന്നവൻ ഒരു നാട്ടിലും അവൻ സകാത്ത്‌ കൊടുക്കേണ്ട ആശ്രിതർ മറ്റൊരു സ്ഥലത്തുമായാൽ അവരുടെ ഫിത്‌ർ വാങ്ങാൻ ആവശ്യമായ സംഖ്യ അയച്ചു കൊടുത്താൽ മതിയാകുമോ? അതല്ല നേരിൽ അവിടെ ചെന്ന് കൊടുക്കേണ്ടതുണ്ടോ? മാസം കണ്ട സ്ഥലത്തെ മികച്ച ഭക്ഷണ സാധനമാണ്‌ കൊടുക്കേണ്ടതെന്ന് ചിലർ പറയുന്നു. അങ്ങനെയെങ്കിൽ ഇരു സ്ഥലങ്ങളിലെയും മികച്ച ഭക്ഷണസാധനങ്ങൾ വ്യത്യസ്ഥമായാൽ എന്ത്‌ ചെയ്യണം?

മറ്റൊരു സ്ഥലത്തുള്ള അവന്റെ ആശ്രിതരുടെ ഫിത്‌ർ സകാത്ത്‌ നിയമപ്രകാരം നൽകുവാനായി അവരുടെ ഫിത്‌റത്ത്‌ വാങ്ങുവാനുള്ള സംഖ്യ കുടുംബ നാഥൻ അയച്ചു കൊടുത്താൽ മതി. നേരിൽ വന്ന് കൊടുക്കേണ്ടതില്ല. മാസം കാണുമ്പോൾ താൻ നിലകൊള്ളുന്ന നാട്ടിലെ മികച്ച ഭക്ഷണ ധാന്യത്തിൽ നിന്ന് തന്നെയാണ്‌ ഒരാൾ തന്റെ ഫിത്‌ർ സകാത്ത്‌ കൊടുക്കേണ്ടത്‌. ഇരു നാട്ടിലേയും ഭക്ഷണ ധാന്യങ്ങൾ വ്യത്യസ്ഥമാകുന്നത്‌ കൊണ്ട്‌ കുഴപ്പമില്ല. കുടുംബ നാഥൻ തന്റെ ഫിത്‌റത്ത്‌ താൻ നിലകൊള്ളുന്ന നാട്ടിലെ മികച്ച ധാന്യം തദ്ദേശീയർക്കും ആശ്രിതരുടെ ഫിത്‌റത്ത്‌ അവർ നിലകൊള്ളുന്ന സ്ഥലത്തെ മികച്ച ധാന്യം അവരുടെ ദേശത്തും നൽകിയാൽ മതിയല്ലോ. ഇത്‌ ഫിഖ്ഹ്‌ ഗ്രന്ഥങ്ങളിൽ നിന്ന് മനസ്സിലാകും.

[ഫതാവാ നുസ്രത്തുൽ അനാം - ശൈഖുൽ ഉലമാ എൻ. കെ. മുഹമ്മദ് മൗലവി & മൗലാനാ നജീബ് മൗലവി]


ഫിത്വ്‌ർ സകാത്തും സകാത്തും കടം കഴിച്ചാണോ കൊടുക്കേണ്ടത്‌? കടം ഉള്ളപ്പോൾ കൊടുക്കേണ്ടതുണ്ടോ?

മുതലിന്റെ സകാത്ത്‌ നിർബന്ധമാകുന്നയാൾ കടക്കാരനാണെങ്കിലും ബാധ്യത ഒഴിവാകുകയില്ല. ഫിത്വ്‌ർ സകാത്ത്‌ പെരുന്നാൾ രാത്രിയിലെയും പകലിലെയും തന്റെയും ബാധ്യതപ്പെട്ടവരുടെയും ചെലവുകളാദിയും തന്റെ കടവും കഴിച്ചു മിച്ചമുണ്ടെങ്കിലേ നിർബന്ധമാകുകയുള്ളൂ. ഫത്‌ഹുൽ മുഈൻ പേ: 172,173.

[മൗലാനാ നജീബ് ഉസ്താദിന്റെ ഫത്'വാ സമാഹാരമായ 'പ്രശ്നോത്തരം' എന്ന പുസ്തകത്തിന്റെ ഭാഗം 3, പേജ്‌: 104ൽ നിന്നും]


പെരുന്നാൾ ദിനത്തിലെ കുളിയുടെ സമയം അവസാനിക്കുന്നത് എപ്പോഴാണ്? തുടങ്ങുന്നത് രാത്രി പകുതിയായേടം മുതൽക്കാണെന്ന് കാണുന്നുണ്ട്. 

അവസാനിക്കുന്നത് പെരുന്നാൾദിനത്തിലെ സൂര്യാസ്തമയം മുതൽക്കാണെന്ന് കാണുന്നുണ്ട്. ശർവാനി 3- 47 നോക്കുക.

[മൗലാനാ നജീബ് ഉസ്താദിന്റെ ഫത്'വാ സമാഹാരമായ 'പ്രശ്നോത്തരം' എന്ന പുസ്തകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും]


ഗൾഫിലുള്ള എന്റെ ഭർത്താവ്‌ എന്റെയും കുട്ടികളുടെയും ഫിത്‌റു സകത്തിനുള്ളത്‌ അയച്ചു തന്നില്ലെങ്കിൽ ഞാൻ കൊടുക്കേണ്ടതുണ്ടോ? ഇനി എങ്ങനെയെങ്കിലും ഞാൻ കടം മേടിച്ച്‌ എന്റെ ഫിത്‌റു സകാത്തു യഥാസമയം കൊടുത്താൽ കടമ വീടുമോ? ഭർത്താവ്‌ അയച്ചുതന്ന ശേഷം വീണ്ടും കൊടുക്കേണ്ടി വരുമോ?

ഭർത്താവ്‌ ഏൽപ്പിക്കുയോ അയക്കുകയോ ചെയ്യാതെ നിങ്ങൾ കൊടുക്കേണ്ടതില്ല. പ്രായപൂർത്തിയുള്ള നിങ്ങൾ നിങ്ങളുടേത്‌ എങ്ങനെയെങ്കിലും കൊടുത്തിട്ടുണ്ടെങ്കിൽ അതോടെ കടമവീടും. ഇനി വീണ്ടും കൊടുക്കേണ്ടി വരില്ല. തുഹ്ഫ: 3-310,317.

[മൗലാനാ നജീബ് ഉസ്താദിന്റെ ഫത്'വാ സമാഹാരമായ 'പ്രശ്നോത്തരം' എന്ന പുസ്തകത്തിന്റെ ഭാഗം 1, പേജ്‌: 28]

No comments:

Post a Comment