Thursday 16 April 2020

മറ്റുള്ളവരെ നിസ്സാരരായി പരിഗണിക്കരുത്



ശീറാസി എന്ന പണ്ഡിതന്‍ പറയുന്നു.

ഞാൻ ഒരു രാത്രി  ഉറക്കൊഴിച്ചു കൊണ്ട്, രോഗ ശയ്യയിലായിരുന്ന എന്റെ പിതാവിനെ പരിചരിക്കുകയായിരുന്നു. അടുത്തുള്ളവരെല്ലാം നല്ല ഉറക്കിലാണ്. അന്നേരം ഞാൻ പറഞ്ഞു:

എന്തേ, ഇവരിൽ നിന്നൊരുത്തനെങ്കിലും എഴുന്നേറ്റ് രണ്ട് റകഅത്ത് നമസ്ക്കരിച്ചു കൂടാ?!

അന്നേരം വന്ദ്യ പിതാവ് എന്നോട് പറഞ്ഞു:

മോനേ,
ബാക്കിയുള്ളവരെപ്പറ്റി അവജ്ഞയോടെ സംസാരിക്കുന്നതിനേക്കാൾ നിനക്ക് നല്ലത് അവരെപ്പോലെ നീയും കിടന്നുറങ്ങുന്നതാണ്, നീ നല്ല നടപ്പുള്ളവനാണ് എന്നുള്ളത് മറ്റുള്ളവരെ പരിഹസിക്കാനുള്ള അവകാശം നിനക്ക് നൽകുന്നില്ല. അതിനാൽ തെറ്റ് ചെയ്യുന്നവരിലേക്ക് നീ ഔന്നത്യത്തിന്റെയും  അഹന്തയുടെയും കണ്ണുകൊണ്ട് നോക്കരുത്. ഹൃദയങ്ങൾ അല്ലാഹുവിന്റെ വിരലുകൾക്കിടയിലാണ്, താനിഛിക്കുന്നത് പോലെ അതിനെ മാറ്റിമറിക്കാൻ അവൻ വിചാരിച്ചാൽ കഴിയും.

നിന്നെയവൻ സന്മാർഗത്തിലാക്കി എന്നത് നീയെന്തോ ഒരു വലിയ സംഭവമായതിനാലോ, നിന്റെ സൽകർമ്മങ്ങളുടെ മഹിമ കൊണ്ടോ അല്ല. പ്രത്യുത അത് നിന്നോടുള്ള അവന്റെ കാരുണ്യവും നിന്നോടുള്ള ഔദാര്യവും ഒന്ന് കൊണ്ട് മാത്രമാണ്. ഏത് നിമിഷവും നിന്നിൽ നിന്നത് ഊരിയെടുക്കാൻ അല്ലാഹു വിചാരിച്ചാൽ കഴിയും.

അതിനാൽ നിന്റെ ആരാധനകളും നിന്റെ കർമ്മങ്ങളും നിന്നെ വഞ്ചിതനാക്കാതിരിക്കട്ടെ. അതിന്റെ പേരിൽ നീ കവിഞ്ഞ ആത്മ വിശ്വാസം പുലർത്തുകയും വേണ്ടാ. അൽപ്പം വ്യതിചലിച്ചവരിലേക്ക് നീ നിസ്സാര ഭാവത്തിൽ നോക്കണ്ടാ. ദിവ്യകാരുണ്യത്തിന്റെ ശീതളഛായയില്ലാരുന്നെങ്കിൽ നീയും അവരുടെ കൂടെയുണ്ടായേനെ.

വഴിപിഴക്കാതെ, സൽപൻഥാവിൽ, നിനക്ക് ചരിക്കാൻ  സാധിച്ചത് നിന്റെ വ്യക്തിപരമായ മേന്മ ആണെന്ന് നീ ധരിക്കണ്ടാ. സാക്ഷാൽ റസൂലിനോട് പോലും അല്ലാഹു പറഞ്ഞത് നോക്കൂ:

''നിന്നെ നാം ഉറപ്പിച്ചു നിര്‍ത്തിയില്ലായിരുന്നെങ്കില്‍ നീ അവരുടെ പക്ഷത്തേക്ക് അല്‍പസ്വല്‍പം ചാഞ്ഞുപോകുമായിരുന്നു''  (17: 74). 

No comments:

Post a Comment