Sunday 19 April 2020

കള്ളു കുടിച്ചവന്‍റെ വായയില്‍ നിന്ന് തുപ്പല്‍ ശരീരത്തിലേക്ക് തെറിച്ചാല്‍ നജസാകുമോ



കള്ള് നജസാണ്. അത് കുടിച്ചവന്‍ തന്‍റെ വായ ശുദ്ധമായ വെള്ളം കൊണ്ട് കഴുകി ശുദ്ധിയാക്കല്‍ നിര്‍ബന്ധമാണ്. അങ്ങനെ കഴുകാത്തവന്‍റെ തുപ്പലും നജസ് തന്നെ. അത് അവന്‍ സംസാരിക്കുമ്പോള്‍ മറ്റുള്ളവന്‍റെ ശരീരത്തിലേക്ക് തെറിച്ചാല്‍ അത് സാധാരണ കാഴ്ചശക്തിയുള്ള കണ്ണ് കൊണ്ട് കാണാന്‍ സാധിക്കുന്ന വിധമുണ്ടെങ്കില്‍ അത് തട്ടിയ ഭാഗം നജസാണ്. അവിടെ ശുദ്ധിയാക്കല്‍ നിര്‍ബന്ധവുമാണ്. കാണാന്‍ സാധിക്കുന്ന വിധത്തിലുള്ളതല്ലെങ്കില്‍ അത് പൊറുക്കപ്പെടുന്ന നജസാണ്. 


കള്ളു കുടിക്കുന്നുവെന്ന് കരുതി അവന്‍റെ വായ ഏത് സമയത്തും നജസാണെന്ന് പറയാന്‍ പറ്റില്ല. അവന്‍ കഴുകിയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതാണ്. കഴുകി ശുദ്ധിയാക്കിയിട്ടില്ലെങ്കില്‍ മാത്രമാണ് നജസായി പരിഗണിക്കേണ്ടത്. അവന്‍റെ വായ വാസനിക്കുന്നുണ്ടെങ്കിലും നജസാണെന്ന് പറയാന്‍ പറ്റില്ല. കഴുകി നീക്കാന്‍ പ്രയാസമായ നിറമോ അല്ലെങ്കില്‍ വാസനയോ മാത്രം കഴുകിയതിനു ശേഷവും ബാക്കിയായി നില്‍കുന്നുവെങ്കില്‍ അത് പൊറുക്കപ്പെടുന്നതാണ് എന്നാണ് നിയമം. ഒരാളുടെ ശരീരത്തില്‍ നജസായി ശേഷം അല്‍പസമയം അയാളെ കാണാതിരിക്കുകയും ആ സമയത്തിനിടക്ക് അയാള്‍ ശുദ്ധിയാക്കാന്‍ സാധ്യതയുണ്ടെങ്കില്‍ അദ്ദേഹം ശുദ്ധിയുള്ളവനായി പരിഗണിക്കപ്പെടണം.

No comments:

Post a Comment