Thursday 16 April 2020

യാസീൻ സൂറത്തിന്റെ മഹത്വം






ഖുര്‍ആന്റെ ഹൃദയ ഭാഗമെന്നറിയപ്പെടുന്ന സൂറത്താണ് വി ശുദ്ധ ഖുര്‍ആനിലെ 36ാം അധ്യായമായ സൂറത്ത് യാസീന്‍. അനസ്(റ) നിവേദനം: നബി(സ്വ) തങ്ങള്‍ പറയുന്നു: “”ഏതൊരു വസ്തുവിനും ഹൃദയമുണ്ട്. ഖുര്‍ആന്റെ ഹൃദയം യാസീനാകുന്നു”“ (തിര്‍മദി).

ശരീരത്തിന്റെ പ്രധാന ഭാഗമാണ് ഹൃദയമെന്നതുപോലെ ഖുര്‍ആന്റെ പരമ പ്രധാനമായ ഭാഗമാണ് എണ്‍പത്തിമൂന്ന് സൂക്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന മക്കയില്‍ അവതരിച്ച ഈ അധ്യായം. ഖുര്‍ആന്‍ മൊത്തം പരാമര്‍ശിക്കുന്ന കാര്യങ്ങളുടെയെല്ലാം ആകെത്തുക യാസീനില്‍ അടങ്ങിയിരിക്കുന്നു.

“”യാസീന്‍ ഒരാള്‍ ഓതിയാല്‍ പത്ത് പ്രാവശ്യം ഖുര്‍ആന്‍ മുഴുവനും ഓതുന്നതിന്റെ പ്രതിഫലം അവന് ലഭിക്കുമെന്ന്”“നബി(സ്വ) തങ്ങള്‍ പറഞ്ഞതായി അനസ്(റ) ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം.
യാസീന്‍ സൂറത്തിന്റെ ശ്രേഷ്ഠതകള്‍ നിരവധി ഗ്രന്ഥങ്ങളിലായി പാരാവാരം പോലെ പരന്ന് കിടക്കുന്നു. അവയില്‍ ചിലത് മാത്രമാണ് താഴെ കുറിക്കുന്നത്.


ഉദ്ദേശ്യങ്ങള്‍ പൂര്‍ത്തിയാവാന്‍:

ഏതുതരം ഉദ്ദേശ്യങ്ങളും നിറവേറാന്‍ ഉപയോഗപ്പെടുത്താവുന്ന സൂറത്താണ് യാസീന്‍. നബി(സ്വ) തങ്ങള്‍ പറയുന്നു: “”നിങ്ങള്‍ കൂടുതലായി യാസീന്‍ പാരായണം ചെയ്യുക. കാരണം അതില്‍ പത്ത് വിധം അനുഗ്രഹങ്ങളുണ്ട്. യാസീന്‍ വിശന്നവന്‍ ഓതിയാല്‍ ഭക്ഷണം ലഭിക്കും, ദാഹിച്ചവന്‍ ഓതിയാല്‍ ദാഹം ശമിക്കും. വസ്ത്രമില്ലാത്തവന്‍ ഓതിയാല്‍ വസ്ത്രം ലഭിക്കും. ഇണയെത്തേടുന്നവന്‍ ഓതിയാല്‍ ഇണയെ ലഭിക്കും. ഭയന്നവന്‍ ഓതിയാല്‍ നിര്‍ഭയത്വവും സമാധാനവും ലഭിക്കും. തടവുകാരന്‍ ഓതിയാല്‍ മോചനം ലഭിക്കും. യാത്രക്കാരന്‍ ഓതിയാല്‍ യാത്രയില്‍ അല്ലാഹുവിന്റെ സഹായമുണ്ടാവും. നഷ്ടപ്പെട്ട വസ്തു തിരിച്ച് കിട്ടാനാണെങ്കില്‍ അത് തിരിച്ചുകിട്ടും. മരണാസന്നനായവന്റെ സമീപത്ത് വെച്ചോതിയാല്‍ മയ്യിത്തിന് മരണവേദന കുറയും. രോഗി ഓതിയാല്‍ രോഗം സുഖപ്പെടും എന്നല്ല യാസീന്‍ ഏതൊരാവശ്യത്തിന് വേണ്ടിയാണോ ഓതിയത് ആ ആവശ്യം നിറവേറുക തന്നെ ചെയ്യും…”“ (റൂഹുല്‍ ബയാന്‍).


പ്രധാന ഉദ്ദേശ്യങ്ങള്‍ സഫലമാകാന്‍ നാല്‍പത്തിയൊന്ന് യാസീന്‍ ഓതി ദുആ ചെയ്യുന്നത് വളരെയധികം ഫലപ്രദമാണ്. ഏത് പ്രയാസകരമായ ലക്ഷ്യവും പൂര്‍ത്തിയായിക്കിട്ടാന്‍ സൂറത്ത് യാസീന്‍ നാല്‍പത്തിയൊന്ന് തവണ ഓതുന്നതിന്റെ ഫലപ്രാപ്തി അത്ഭുതകരവും പരീക്ഷിച്ചറിഞ്ഞതാണെന്നും വ്യക്തമാക്കിയ ശേഷം പണ്ഡിതന്മാര്‍ അതിന്റെ രൂപം വിവരിക്കുന്നതിങ്ങനെയാണ്.

ഒരു വെള്ളിയാഴ്ച ജുമുഅ നിസ്കാരം കഴിഞ്ഞ ശേഷം സൂറത്ത് യാസീന്‍ ഓതുന്നത് ആരംഭിക്കുക. പിന്നീട് സൗകര്യംപോലെ, സമയവും സന്ദര്‍ഭവുമനുസരിച്ച് ഒരാഴ്ചക്കുള്ളിലായി നല്‍പ്പത് യാസീന്‍ പൂര്‍ത്തിയാക്കുക. അടുത്ത വെള്ളിയാഴ്ച സ്വുബ്ഹി നിസ്കാരത്തിന്റെ അര മണിക്കൂര്‍ മുന്പെഴുന്നേറ്റ് (അത്താഴ സമയത്ത്) ബാക്കി ഒന്നുകൂടി ഓതി പൂര്‍ത്തിയാക്കി ഉദ്ദ്യേം പറഞ്ഞ് അല്ലാഹുവിനോട് ദുആ ചെയ്യുക. മുറാദുകള്‍ ഹാസ്വിലാകുമെന്നുറപ്പ് (അല്‍ ഫവാഇദ്).


അധികാരികളെ ഭയപ്പെടുമ്പോള്‍

അധികാരികളെ ഭയപ്പെടുമ്പോഴും അവരില്‍നിന്ന് എളുപ്പത്തില്‍ കാര്യങ്ങള്‍ സാധിച്ച് കിട്ടാനും യാസീന്‍ ഓതുന്നത് വളരെ നല്ലതാണ്. പ്രമുഖ ഉത്തരേന്ത്യന്‍ പണ്ഡിതനും ആയിരത്തിലധികം ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ ഇമാം അഹ്മദ് റസാഖാന്‍ ബറേല്‍വി(റ) പറയുന്നു: “”ഏതെങ്കിലും ആവശ്യത്തിനായി അമീര്‍മാരുടെയോ ഉന്നതാധികാരികളുടെയോ അടുത്തേക്ക് പോകുംമുമ്പ് യാസീന്‍ സൂറത്ത് ഇരുപത്തിയഞ്ച് പ്രാവശ്യം ഓതുക. കഴിയാത്തവര്‍ ഒരു തവണയെങ്കിലും ഓതുക. എങ്കില്‍ എളുപ്പത്തില്‍ കാര്യങ്ങള്‍ സാധിച്ചുകിട്ടുന്നതാണ്.”


ഇമാം അബുല്‍ ഹസനുശ്ശാദുലി(റ) പറയുന്നു: “”അക്രമികളേയും ധിക്കാരികളെയും സമീപിക്കേണ്ടിവരുമ്പോള്‍ യാസീന്‍ സൂറത്ത് ഓതുക. ഓതിയശേഷം താഴെ പറയുന്ന പ്രാര്‍ത്ഥന നിര്‍വഹിക്കുക. അവരുടെ ഭാഗത്ത് നിന്ന് തൃപ്തികരമല്ലാത്ത ഒന്നും സംഭവിക്കില്ല.


ശത്രുക്കളെ ഭയപ്പെടുന്നവര്‍ യാസീന്‍ സൂറത്ത് ഏഴ് പ്രാവശ്യം ഓതുക. ഭയം മാറി സമാധാനം കൈവരും. അല്ലാമാ ഫഖ്രി(റ) പറയുന്നു: “”ശത്രുക്കളുടെ ശല്യവും ദോഷവും ഭയപ്പെടുന്നവന് നല്ലൊരു പരിഹാരമാണ് യാസീന്‍. ഏഴ് ദിവസം തുടര്‍ച്ചയായി ഓരോ തവണ വീതം ശത്രുദോഷം തടയാനെന്ന് മനസ്സില്‍ വിചാരിച്ച് ഓതുക. ശത്രുവില്‍ നിന്നുണ്ടാവുന്ന എല്ലാ വിഷമങ്ങളില്‍ നിന്നും അല്ലാഹു സംരക്ഷണം നല്‍കും.”


സാമ്പത്തിക പുരോഗതി കൈവരിക്കാന്‍


സാമ്പത്തിക ക്ലേശമനുഭവിക്കുന്നവര്‍ സ്വുബ്ഹി നിസ്കാരശേഷം യാസീന്‍ പതിവാക്കുക. അല്ലാഹു സമ്പത്ത് മാത്രമല്ല ഇസ്സത്തും അല്ലാഹു നല്‍കുമെന്ന് പണ്ഡിതന്മാര്‍. ഇമാം അഹ്മദ്(റ) പറയുന്നു: “”സ്വുബ്ഹിക്ക് ശേഷം പതിവായി യാസീന്‍ ഓതി വന്നാല്‍ അവന് വളരെപ്പെട്ടെന്ന് എ്വെര്യങ്ങളും സ്ഥാനമാനങ്ങളും വന്നുചേരും. ഇസ്സത്തും സമ്പത്തും വര്‍ധിക്കും. പിശാചില്‍നിന്നും ആപത്തുകളില്‍ നിന്നും സംരക്ഷിക്കപ്പെടും”“ (ഫളാഇലുല്‍ ഖുര്‍ആന്‍).

അല്ലാഹു ഓതിയ സൂറത്ത്

അല്ലാഹു പാരായണം ചെയ്യുകയും മലക്കുകള്‍ ശ്രവിക്കുകയും ചെയ്ത സൂറത്തുകളിലൊന്നാണ് യാസീന്‍.

നബി(സ്വ) തങ്ങള്‍ പറയുന്നു: “”നിശ്ചയം അല്ലാഹു, ആദംനബിയെ സൃഷ്ടിക്കുന്നതിന് എത്രയോ വര്‍ഷം മുമ്പ് തന്നെ യാസീന്‍ സൂറത്തും ത്വാഹാ സൂറത്തും പാരായണം ചെയ്തു. അത് കേട്ടപ്പോള്‍ മലക്കുകള്‍ പറഞ്ഞു: “”ഈ സൂറത്തുകള്‍ അവതരിപ്പിച്ച് കിട്ടുന്ന സമൂഹത്തിനാണ് സര്‍വ മംഗങ്ങളും. ഇത് പാരായണം ചെയ്യുന്ന നാവുകള്‍ക്കാണ് എല്ലാ ഭാവുകങ്ങളും. ഇത് മനഃപാഠമാക്കുന്ന ഹൃദയങ്ങള്‍ക്കാണ് എല്ലാ ആശംസകളും”“ (റൂഹുല്‍ ബയാന്‍)


പ്രസവം എളുപ്പമാവാന്‍

അബൂഖിലാബ(റ) പറയുന്നു: “”യാസീന്‍ സൂറത്ത് ആരെങ്കിലും പാരായണം ചെയ്താല്‍ അവന്റെ ദോഷങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. ഭക്ഷണം കുറവ് വന്നേക്കുമോ എന്ന് ഭയപ്പെടുമ്പോള്‍ അതിനടുത്ത് വെച്ച് യാസീന്‍ പാരായണം ചെയ്താല്‍ അതില്‍ ബര്‍കത്ത് കാണാവുന്നതാണ്. പ്രസവം പ്രയാസമായ ഘട്ടത്തില്‍ ഗര്‍ഭിണിയുടെ സമീപത്ത് വെച്ച് ഓതുന്നപക്ഷം എളുപ്പത്തില്‍ പ്രസവിക്കുന്നതാണ്”“ (തഫ്സീര്‍ ദുര്‍റുല്‍ മന്‍സൂര്‍).


പരലോകത്ത് ശഫാഅത്ത് ലഭിക്കാന്‍:

യാസീന്‍ സൂറത്ത് പതിവായി ഓതിവരുന്നവര്‍ക്ക് പരലോകത്ത് അത് അല്ലാഹുവിന്റെ മുമ്പില്‍ ശുപാര്‍ശ പറയുമെന്നും എണ്ണമറ്റ ജനങ്ങള്‍ക്ക് അതിന്റെ ഗുണം ലഭിക്കുമെന്നും ഹദീസില്‍ വന്നിട്ടുണ്ട്.

ആഇശാ ബീവി(റ) നിവേദനം: നബി(സ്വ) തങ്ങള്‍ പറഞ്ഞു: “”അല്ലാഹുവിന്റെ ഗ്രന്ഥമായ ഖുര്‍ആനില്‍ “അസീസ” (അന്തസുറ്റത്) എന്ന് പേരുള്ള ഒരു അധ്യായമുണ്ട്. അത് പാരായണം ചെയ്തവനെ പരലോകത്ത് “ശരീഫ്”എന്നാണ് വിളിക്കപ്പെടുക. അത് ഓതിവന്നവര്‍ക്ക് ആ സൂറത്ത് ശുപാര്‍ശ ചെയ്യും. റബീഅ, മുള്വര്‍ എന്നീ ഗോത്രങ്ങളെക്കാളധികം അവരുണ്ടായിരുന്നാലും ശരി. ആ സൂറത്തിന്റെ പേരാണ് യാസീന്‍. (മദീനയിലെ അംഗസംഖ്യ കൂടിയ രണ്ട് ഗോത്രങ്ങളാണ് മുള്വര്‍, റബീഅ എന്നീ ഗോത്രങ്ങള്‍) (തഫ്സീറുല്‍ ഖുര്‍ത്വുബി).


മരണവേദന ലഘൂകരിക്കും

മരണം ആസന്നമായവരുടെയടുത്ത് യാസീന്‍ സൂറത്ത് പാരായണം ചെയ്യാന്‍ നബി(സ്വ) തങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. നബി(സ്വ) പറയുന്നു: “”നിങ്ങള്‍ മരണാസന്നനായ വ്യക്തിയുടെ അടുക്കല്‍ വെച്ച് സൂറത്ത് യാസീന്‍ ഓതുക. കാരണം യാസീന്‍ സൂറത്ത് ഓതപ്പെടുന്ന മയ്യിത്തിന് മരണവേദന ലഘൂകരിക്കപ്പെടും”“ (അബൂദാവൂദ്, തഫ്സീറുല്‍ ഖുര്‍ത്വുബി).

മഅ്ഖല്‍ ബ്നു യസാര്‍(റ) നിവേദനം: നബി(സ്വ) പറയുന്നു: “”അല്ലാഹുവിന്റെ തൃപ്തിയാഗ്രഹിച്ച് ഒരാള്‍ സൂറത്ത് യാസീന്‍ പാരായണം ചെയ്താല്‍ അവന്റെ മുന്‍കഴിഞ്ഞ പാപങ്ങള്‍ അല്ലാഹു പൊറുത്ത് കൊടുക്കും. ഈ സൂറത്ത് മരണം ആസന്നമായവരുടെയടുക്കല്‍ വെച്ച് നിങ്ങള്‍ പാരായണം ചെയ്യുക”“ (ബൈഹഖി).

ഇതിന്റെ യുക്തിയെക്കുറിച്ച് പണ്ഡിതന്മാര്‍ പറയുന്നു: “”മരണം അടുത്തെത്തുമ്പോള്‍ സ്വാഭാവികമായും മനുഷ്യന്റെ ശക്തി ക്ഷയിക്കും. അവയവങ്ങള്‍ ദുര്‍ബലമാവും. പക്ഷെ ഹൃദയം പൂര്‍ണമായി അല്ലാഹുവിലേക്ക് തിരിയും. ആ സന്ദര്‍ഭത്തില്‍ ഈ സൂറത്ത് പാരായണം ചെയ്താല്‍ അവന്റെ മനസ്സിന് ബലം വര്‍ധിക്കും. ഹൃദയം ഈമാന്‍ കൊണ്ട് പ്രഭാപൂരിതമാവും. കൂടാതെ റഹ്മത്തിന്റെ മലക്കുകളുടെ അനുഗൃഹീത സാന്നിധ്യവും ലഭിക്കും. മനുഷ്യന്റെ ഖല്‍ബും ഖുര്‍ആന്റെ ഖല്‍ബും പരസ്പരം ബന്ധപ്പെടുന്ന ഒരു സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യും!”“ (റൂഹുല്‍ ബയാന്‍).

ഇമാം ഇസ്മാഈല്‍ അല്‍ഹിഖി(റ) പറയുന്നു: നബി(സ്വ) തങ്ങള്‍ പറഞ്ഞതായി എനിക്ക് വിവരം ലഭിച്ചു. “”മരണാസന്നനായ ഒരാളുടെയടുക്കല്‍ വെച്ച് യാസീന്‍ പാരായണം ചെയ്യപ്പെട്ടാല്‍ മരണത്തിന്റെ മാലാഖ അസ്റാഈല്‍(അ) റൂഹ് പിടിക്കാനെത്തുമ്പോള്‍ യാസീനിന്റെ ഓരോ ഹര്‍ഫിനനുസരിച്ചും പത്ത് റഹ്മത്തിന്റെ മലക്കുകള്‍ വീതം ഇറങ്ങും. അവര്‍ അവന് മുമ്പില്‍ അണിയണിയായി നില്‍പുറപ്പിക്കുകയും അവന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യും. മാത്രമല്ല, ആ മലക്കുകള്‍ അവന്റെ ജനാസയെ അനുഗമിക്കുകയും അവന്റെ മേലിലുള്ള മയ്യിത്ത് നിസ്കാരത്തില്‍ പങ്കുകൊള്ളുകയും ചെയ്യും. മറവ് ചെയ്യുന്ന സ്ഥലത്തും അവരുടെ സാന്നിധ്യമുണ്ടാകും.”“

മാത്രമല്ല, മരണ വെപ്രാളത്തിനിടയില്‍ മയ്യിത്തിനരികില്‍ വെച്ച് യാസീന്‍ ഓതപ്പെട്ടാല്‍ ദാഹം തീര്‍ന്നവനായാണ് അവന്‍ മരണപ്പെടുക. ഒരു സമുദ്രം മൊത്തം കുടിച്ച് തീര്‍ക്കാനുള്ള ദാഹമുണ്ടാകുന്ന സമയമാണത്. സ്വര്‍ഗീയ പാനീയം അവന് കുടിപ്പിക്കപ്പെടുന്നതാണ് കാരണം (റൂഹുല്‍ ബയാന്‍).


ഓതുന്നവന് മഗ്ഫിറത്ത്, കേള്‍ക്കുന്നവന് രക്ഷ:

ചെയ്തുപോയ പാപങ്ങള്‍ പൊറുക്കപ്പെടാനും തെറ്റുകളില്‍ നിന്ന് സംരക്ഷണം ലഭിക്കാനും യാസീന്‍ സൂറത്ത് നല്ലൊരു മാര്‍ഗമാണ്. അബൂഹുറൈറ(റ) നിവേദനം: നബി(സ്വ) തങ്ങള്‍ പറയുന്നതായി ഞാന്‍ കേട്ടു: “”ആരെങ്കിലുമൊരാള്‍ വെള്ളിയാഴ്ച രാവ് സൂറത്ത് യാസീന്‍ ഓതിയാല്‍ അവന്‍ എല്ലാ പാപങ്ങളില്‍ നിന്നും മോചിതനാവും”“ (തഫ്സീറുല്‍ ഖുര്‍ത്വുബി).

ഓതുന്നവര്‍ക്ക് മാത്രമല്ല, യാസീന്‍ സൂറത്ത് കേള്‍ക്കുന്നവര്‍ക്ക് പോലും പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് ഹദീസില്‍ കാണാം. ഖുര്‍ആന്‍ ഓതുന്നതുപോലെ പുണ്യമുള്ളതാണ് ഖുര്‍ആന്‍ കേള്‍ക്കുന്നതും.
ആഇശാ ബീവി(റ) നിവേദനം: നബി(സ്വ) തങ്ങള്‍ പറഞ്ഞു: “”തീര്‍ച്ചയായും ഖുര്‍ആനില്‍ ഒരധ്യായമുണ്ട്. ഓതുന്നവന് ആ സൂറത്ത് ശുപാര്‍ശ ചെയ്യും. കേള്‍ക്കുന്നവര്‍ക്ക് പാപമോചനവും രക്ഷയും ലഭിക്കും, തൗറാത്തില്‍ പ്രസ്തുത സൂറത്തിന്റെ പേര് “മുഅമ്മ”എന്നാണ്.

നബി(സ്വ) തങ്ങള്‍ ഇത്രയും പറഞ്ഞപ്പോള്‍ ഒരു സ്വഹാബി സംശയം ചോദിച്ചു: “”നബിയേ! “മുഅമ്മ”എന്ന് വെച്ചാല്‍ എന്താണ്?
അവിടുന്ന് വിശദീകരിച്ചു: “”രണ്ട് ലോകത്തെയും എല്ലാ ഗുണങ്ങളും ഉള്‍ക്കൊള്ളുന്നത് എന്നര്‍ത്ഥം. അതിന് പുറമെ ദാഫിഅഃ എന്നും ശാഫിഅഃ എന്നും ഖാള്വിയഃ എന്നും യാസീന്‍ സൂറത്തിന് പേരുണ്ട്. ദാഫിഅഃ എന്നാല്‍ എല്ലാ വിപത്തുകളും തടയുന്നത് എന്നും ഖാളിയഃ എന്നാല്‍ എല്ലാ ആവശ്യങ്ങളും പൂര്‍ത്തിയാക്കുന്നത് എന്നും ശാഫിഅഃ എന്നാല്‍ ഓതിയവര്‍ക്ക് പരലോകത്ത് ശുപാര്‍ശ പറയുന്നത് എന്നുമാണ് താല്‍പര്യം”“ (ഖുര്‍ത്വുബി).

മനഃസമാധാനത്തിന്, സംതൃപ്തിക്ക്

ടെന്‍ഷനുകള്‍ വര്‍ധിച്ച് വരുന്ന ലോകത്ത് എപ്പോഴും മനഃസംതൃപ്തി ലഭിക്കാന്‍ യാസീന്‍ സൂറത്ത് ഓതിയാല്‍ മതിയെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. “”ആരെങ്കിലുമൊരാള്‍ പകലിന്റെ ആദ്യത്തില്‍ (സ്വുബ്ഹി നിസ്കാര ശേഷം) യാസീന്‍ സൂറത്ത് ഓതിയാല്‍ അന്ന് വൈകുന്നേരം വരെ അവന്റെ ഹൃദയം സന്തോഷത്തിലായിരിക്കും. വൈകുന്നേരം (മഗ്രിബിന് ശേഷം) ഓതിയാല്‍ പിറ്റേന്ന് രാവിലെ വരെയും തഥൈവ.”“ഈ ആശയം സൂചിപ്പിക്കുന്ന ഒരു ഹദീസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് (അല്‍ ഫവാഇദ്, ദാരിമി).

പ്രശ്നങ്ങളിലും പ്രയാസങ്ങളിലും പെട്ട് ഉഴലുമ്പോള്‍ സ്വസ്ഥതയും മനഃസമാധാനവും ലഭിക്കാന്‍ പണ്ഡിതന്മാര്‍ നിര്‍ദേശിക്കുന്ന മറ്റൊരു മാര്‍ഗമിങ്ങനെയാണ്. പൂര്‍ണമായി വുളൂ ചെയ്ത് ശുദ്ധിയുള്ള വസ്ത്രങ്ങള്‍ ധരിച്ച് സൂറത്ത് യാസീന്‍ പാരായണം ചെയ്യുക 58ാം ആയത്ത് (സലാമുന്‍ ഖൗലന്‍ മിന്‍ റബ്ബിര്‍റഹീം) എത്തുമ്പോള്‍ അത് ഇരുപത്തിയെട്ട് തവണ ആവര്‍ത്തിക്കുക. പിന്നീട് ബാക്കി ഓതി പൂര്‍ത്തിയാക്കുക. ഏത് പ്രയാസവും നീങ്ങി മനഃസമാധാനം കൈവരും”“ (അല്‍ ഫവാഇദ്).

മനഃപാഠമാക്കല്‍, പതിവാക്കല്‍

യാസീന്‍ സൂറത്ത് മനഃപാഠമാക്കാന്‍ നബി(സ്വ) തങ്ങള്‍ പ്രത്യേകം പ്രോല്‍സാഹനം നല്‍കിയിട്ടുണ്ട്. ഇബ്നു അബ്ബാസ്(റ) നിവേദനം. നബി(സ്വ) തങ്ങള്‍ പറഞ്ഞു: “”എന്റെ സമുദായത്തിലെ ഓരോ വ്യക്തിയുടെയും ഹൃദയത്തില്‍ യാസീന്‍ ഉണ്ടാവണമെന്ന് ഞാനാശിക്കുന്നു”“ (ഇബ്നുകസീര്‍).
മതപഠനത്തിന്റെ പ്രാഥമിക തലത്തില്‍ തന്നെ സൂറത്ത് യാസീന്‍ മനഃപാഠമാക്കാന്‍ വിദ്യാര്‍ത്ഥികളോട് അധ്യാപകര്‍ ആവശ്യപ്പെടുന്നതും ഇതുകൊണ്ടുതന്നെയാണ്.

യാസീന്‍ പതിവാക്കിയാല്‍ പാപമോചനവും ശഹീദിന്റെ പ്രതിഫലവും ലഭിക്കുന്നതാണ്. ഹസ്റത്ത് ജുന്‍ദുബ്(റ) പറയുന്നു: “”രാത്രിയില്‍ യാസീനോതുന്നത് പതിവാക്കിയാല്‍ നേരം പുലരുമ്പോഴേക്ക് അവന്റെ പാപങ്ങള്‍ പൊറുക്കപ്പെട്ട് കഴിഞ്ഞിരിക്കും”“ (ഇബ്നു കസീര്‍).

അനസ്(റ) നിവേദനം: നബി(സ്വ) തങ്ങള്‍ പറഞ്ഞു: “”ആരെങ്കിലും എല്ലാ രാത്രിയിലും യാസീനോതുന്നത് പതിവാക്കുകയും പിന്നീടവന്‍ മരണപ്പെടുകയും ചെയ്താല്‍ രക്തസാക്ഷിയായാണവന്‍ മരണപ്പെട്ടത്. രക്തസാക്ഷിയുടെ പ്രതിഫലം തന്നെ അവന് ലഭിക്കുന്നതാണ്”“ (ത്വബ്റാനി).

സൂറത്ത് യാസീന്‍ പതിവാക്കുന്നവന്റെ എല്ലാ പ്രയാസങ്ങളും തീരുമെന്നും ഉദ്ദേശ്യങ്ങള്‍ പൂര്‍ത്തിയാകുമെന്നും ഹദീസില്‍ വന്നിട്ടുണ്ട്. അത്വാഅ്(റ) പറയുന്നു: നബി(സ്വ) തങ്ങള്‍ പറഞ്ഞതായി എനിക്ക് വിവരം ലഭിച്ചു: “”ഒരാള്‍ ദിവസംതോറും യാസീന്‍ ഓതിവരുന്നതായാല്‍ അവന്റെ എല്ലാ ആവശ്യങ്ങളും നിറവേറുന്നതാണ്. ഏര്‍പ്പാടുകളില്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിക്കുകയും ചെയ്യും”“ (ദാരിമി).

ഖബര്‍ സിയാറത്തിന്റെ അവസരത്തില്‍ യാസീന്‍ ഓതുന്നത് വളരെ പുണ്യമുള്ളതാണ്. ഓതുന്നവനും ഖബറാളിക്കും ഒരുപോലെ പ്രതിഫലം കിട്ടുന്ന കാര്യമാണത്. അനസ്(റ) നിവേദനം. നബി(സ്വ) തങ്ങള്‍ പറഞ്ഞു: “”നിങ്ങളിലൊരാള്‍ ഖബ്ര്‍സ്ഥാനില്‍ പ്രവേശിക്കുകയും എന്നിട്ട് സൂറത്ത് യാസീന്‍ ഓതി ഖബറാളികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്താല്‍ അല്ലാഹു ആ ഖബ്റാളികളുടെ പ്രയാസങ്ങള്‍ ലഘൂകരിക്കും. ആ ഖബ്ര്‍ സ്ഥാനില്‍ അന്ത്യവിശ്രമം കൊള്ളുന്ന വിശ്വാസികളുടെ എണ്ണമനുസരിച്ച് ഓതിയവന് നന്മകള്‍ എഴുതപ്പെടുകയും ചെയ്യും”“ (ഖുര്‍ത്വുബി).

No comments:

Post a Comment