Monday 20 April 2020

സുൽത്താനുൽ ആരിഫീൻ അഹ്മദുൽ കബീർ രിഫാഈ (റ)







ബത്വാഇഹ് പ്രദേശത്തെ ഉമ്മു അബീദ എന്ന ചെറിയ ഗ്രാമത്തിലാണ് ശൈഖ് അഹ്മദുൽ കബീർ അർരിഫാഈ (റ) ജന്മം കൊണ്ടത്...

ലോകമെങ്ങും പരന്നു കിടക്കുന്ന രിഫാഇയ്യ ത്വരീഖത്തിന്റെ സ്ഥാപക ഗുരു. നൂറ്റാണ്ടുകളായി ലോക മുസ്‌ലിംകൾ ആദരിച്ചു വരുന്ന ആത്മീയ നേതാവ്. ആത്മീയ ജ്ഞാനികളുടെ ചക്രവർത്തി [സുൽത്വാനുൽ ആരിഫീൻ] എന്നു പ്രസിദ്ധനായ പണ്ഡിത പ്രമുഖൻ. അല്ലാഹുﷻവിന്റെ സമീപസ്ഥരായ ഇഷ്ടദാസന്മാരിൽ വിശിഷ്ടൻ...


ഉമ്മു അബീദയിലെ ഹസൻ എന്ന ഉൾപ്രദേശത്താണ് ശൈഖ് രിഫാഈ (റ) ജനിച്ചത്. സമുന്നത പണ്ഡിതനും ഖാരിഉമായിരുന്ന അബുൽ ഹസൻ അലി (റ) വായിരുന്നു പിതാവ്. മാതാവിന്റെ പേര് ഉമ്മുൽ ഫള്ൽ ഫാത്വിമ അൻസ്വാരിയ്യ (റ) എന്നായിരുന്നു. ആത്മീയ ഗുരുവായിരുന്ന ശൈഖ് മൻസ്വൂറുസ്സാഹിദ് (റ) വിന്റെ സഹോദരിയായിരുന്നു അവർ...

ഹിജ്‌റ വർഷം 500 മുഹർറം മാസത്തിലാണ് ശൈഖ് രിഫാഈ (റ) ഭൂജാതനായത്. ഇമാം സുബ്കി, ഇബ്നു ഖാളി ഷുഹ്ബ (റ) എന്നിവർ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. അല്ലാമാ സൈനുദ്ദീൻ ഉമറുൽ വർദി (റ) വിന്റെ ഫത്ഹുൽ മുബീനിലും ഇതേ അഭിപ്രായമാണുള്ളത്...
[ത്വബഖാത്തു ശാഫിഇയ്യത്തിൽ കുബ്റ 6/23, അന്നുജുമുസ്സാഹിറ 6/92]

എന്നാൽ ശൈഖ് അബൂബക്കർ അൽ അദ്നിയുടെ അന്നജ്മുസ്സാഈ, ശൈഖ് അഹ്മദ് ബ്നു ഇബ്റാഹീം അൽ ഫാറൂസി (റ) യുടെ അന്നഫഹത്തുൽ മിസ്ക്കിയ്യ എന്നീ ഗ്രന്ഥങ്ങളിൽ കാണുന്നത് പ്രകാരം ശൈഖ് (റ) ജനിച്ചത് ഹി : 512 റജബ് മാസം 15 നായിരുന്നുവെന്നാണ്...[അൽ ബുർഹാനുൽ മുഅയ്യദ് : 8]


ശൈഖ് രിഫാഈ (റ) ജനിക്കുമ്പോൾ തന്നെ അത്ഭുതകരമായ അവസ്ഥയിലായിരുന്നു. ശൈഖ് അലിയ്യുസ്സൂരി (റ) ശൈഖ് ഇമാദുദ്ദീൻ സിൻകി (റ) യിൽ നിന്ന് ഉദ്ധരിക്കുന്നു : ശൈഖ് അഹ്മദുൽ കബീർ അർരിഫാഈ (റ) ഭൂമുഖത്ത് പിറന്നപ്പോൾ നിസ്കരിക്കുന്നയാൾ വെക്കുന്നത് പോലെ വലത് കൈ നെഞ്ചിന് താഴെയാണ് വെച്ചിരുന്നത്. ഇടത് കൈ തന്റെ ഗുഹ്യസ്ഥാനത്തും. ഈ സംഭവം ബന്ധപ്പെട്ടവർ ശൈഖ് മൻസ്വൂറുസ്സാഹിദ് (റ) വിനെ അറിയിച്ചപ്പോൾ അവിടുന്ന് കുട്ടിയുടെ ഇടത് കൈ വേർപ്പെടുത്തി നോക്കാൻ പറഞ്ഞു..!!

അത് പ്രകാരം ബന്ധുക്കൾ വേർപെടുത്തി നോക്കിയെങ്കിലും കുട്ടി കൈ വീണ്ടും ഗുഹ്യ സ്ഥാനത്ത് തന്നെ വെച്ചു. ഈ വിവരം വീണ്ടും മൻസ്വൂറുസ്സാഹിദ് (റ) വിനെ അറിയിച്ചപ്പോൾ അവിടുത്തെ പ്രതികരണം ഇങ്ങനെയായിരുന്നു

الحمد لله الذي أظهر في بيتنا نور الهدى المحمدي

"അൽഹംദുലില്ലാഹില്ലദീ അള്ഹറ ഫീ ബയ്തിനാ നൂറൽ ഹുദൽ മുഹമ്മദിയ്യി " മുഹമ്മദീയ പ്രകാശം (ﷺ) ഞങ്ങളുടെ വീട്ടിൽ പ്രകടമാക്കിയ അല്ലാഹുﷻവിന് സർവ്വ സ്തുതിയും... [അർറൗളുന്നാളിർ : 18]

പലപ്പോഴും കുട്ടി ചുണ്ടനക്കുന്നതും എന്തൊക്കെയോ ഉരുവിടുന്നതും മനസ്സിലാക്കിയ ബന്ധുക്കൾ അത് ശൈഖ് മൻസ്വൂറുസ്സാഹിദ് (റ) വിനോട് പറഞ്ഞു. സസൂക്ഷ്മം നിരീക്ഷിച്ചാൽ കുട്ടി എന്താണ് ചൊല്ലുന്നത് എന്ന് കേൾക്കാമെന്നായിരുന്നു ശൈഖ് മൻസ്വൂറുസ്സാഹിദ് (റ) വിന്റെ പ്രതികരണം. അങ്ങനെ കുട്ടി എന്താണ് ചൊല്ലുന്നത് എന്ന് അവർ സശ്രദ്ധം വീക്ഷിച്ചു. അപ്പോൾ...

سبحان الذي صوركم وأحسن صوركم

സുബ്ഹാനല്ലദീ സ്വവ്വറകും വ അഹ്സന സ്വുവറകും എന്ന ദിക്റായിരുന്നു കുട്ടി ചൊല്ലിക്കൊണ്ടിരുന്നത്. ശൈഖ് ഹുലൈലുബ്നു അബ്ദുല്ലാഹിൽ വാസിത്വി (റ) യെ തൊട്ട് ഉദ്ധരിക്കപ്പെടുന്നു : ശൈഖ് അഹ്മദുൽ കബീർ (റ) തങ്ങൾ മുല കുടിക്കുമ്പോൾ വലതു മുല മാത്രമാണ് കുടിച്ചിരുന്നത്. ഇടത് മുല കുടിച്ചിരുന്നില്ല...[അർറൗളുന്നാളിർ :19]

പിതാവായ ശൈഖ് അലി (റ) വിന്റെ ചരിത്രം തന്റെ പിതാക്കന്മാരിലൊരാളായ ഹസനുൽ രിഫാഇയ്യിൽ മക്കിയ്യ (റ) എന്ന മഹാത്മാവുമായി ബന്ധപ്പെട്ടു കിടക്കുന്നു. വിശുദ്ധ മക്കയിൽ താമസിക്കുകയായിരുന്ന ഹസനുൽ രിഫാഇയ്യ (റ) ഹിജ്റ 317 ൽ ഉൻദുലുസിലെ ഇഷ്ബീലിയയിലേക്ക് താമസം മാറ്റി. അന്നു മക്കയിലുണ്ടായ ചില അനാരോഗ്യകരമായ സംഭവ വികാസങ്ങളായിരുന്നു കാരണം...

ഇഷ്ബീലിയയിലെത്തിയ മഹാനവർകൾക്ക് ഊഷ്മള സ്വീകരണം ലഭിച്ചു. നല്ലൊരു പണ്ഡിതനും സുവിനീതനുമായിരുന്ന ശൈഖവർകളുടെ വ്യക്തി വൈശിഷ്ട്യവും പാണ്ഡിത്യവും മത തൽപരരായ ഉൻദുലൂസ് മുസ്‌ലിംകളെ ഹഠാദാകർഷിച്ചു...

ഉൻദുലുസ് അന്ന് അലയടിച്ചുയരുന്ന വിജ്ഞാന സാഗരമാണ്. ഈ വൈജ്ഞാനിക മുന്നേറ്റത്തിന് കരുത്തേകാൻ ഒരു മഹാ മനീഷി കൂടി എത്തിച്ചേർന്നിരിക്കുന്നെന്ന വാർത്ത ആഹ്ലാദാരങ്ങളോടെയാണ് ഉൻദുലുസുകാർ ശ്രവിച്ചത്. നാടെങ്ങും ശൈഖ് ഹസനു രിഫാഈ (റ) വിന്റെ കീർത്തി വ്യാപിച്ചു. അദ്ദേഹത്തിൽ നിന്ന് ജ്ഞാനം സ്വീകരിക്കാൻ വിവിധ ഭാഗങ്ങളിൽ നിന്ന് വിദ്യാന്വേഷികൾ പ്രവഹിക്കാൻ തുടങ്ങി...

ശൈഖ് ഹസനു രിഫാഈ (റ) വിന്റെ പിൻമുറക്കാരെല്ലാം പണ്ഡിതന്മാരായിരുന്നു. ദീനീ വിജ്ഞാനത്തിൽ ഉന്നതിയിലെത്തിയ മഹാന്മാരുടെ കുടുംബമായിത്തീർന്നു അദ്ദേഹത്തിന്റെ കുടുംബം. ആ കുടുംബ പരമ്പര പണ്ഡിത മഹത്തുക്കൾക്ക് ജന്മം നൽകിക്കൊണ്ടേയിരുന്നു...

കുറേ കാലത്തിന് ശേഷം, ആ പരമ്പരയിലെ ശൈഖ് യഹ് യ (റ) പിതൃഭൂമിയായ മക്കയിലേക്ക് യാത്ര തിരിച്ചു. മക്കയിലെത്തിയ മഹാനവർകൾ പരിശുദ്ധ ഹജ്ജും ഉംറയും നിർവ്വഹിച്ചു. അൽപകാലം അവിടെ നിന്ന ശേഷം ഇറാഖിലെ ബസറയിലേക്ക് പോയി. മത വിജ്ഞാന രംഗത്ത് ആവുന്ന സേവനങ്ങൾ ചെയ്ത് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു മഹാനവർകളുടെ ഉദ്ദേശ്യം. ഹിജ്‌റ വർഷം 450 ൽ ആയിരുന്നു ഈ യാത്രയും വാസമുറപ്പിക്കലും...

ബസറയിലെ ജീവിതകാലത്ത് ശൈഖ് യഹ് യ (റ) പല മഹാന്മാരുമായും ആത്മബന്ധം സ്ഥാപിച്ചു. അറിയപ്പെട്ട പണ്ഡിതന്മാരും സ്വൂഫികളുമെല്ലാം അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളായി. അങ്ങനെയാണ് മഹാനവർകൾ ബസറയിലെ പ്രമുഖ പണ്ഡിതനായിരുന്ന അബൂ സഈദുന്നജ്ജാറിന്റെ പുത്രി അൽമാ അൽ അൻസ്വാരിയ്യ (റ) എന്ന മഹതിയെ വിവാഹം ചെയ്യാനിടയായത്. ഈ വിശുദ്ധ ബന്ധത്തിലാണ് ശൈഖ് രിഫാഈ (റ) വിന്റെ അനുഗ്രഹീത പിതാവ് ശൈഖ് അബുൽ ഹസൻ അലി (റ) ജനിക്കുന്നത്. ഹിജ്‌റ 456 ൽ പിതാവായ ശൈഖ് യഹ് യ  (റ) വഫാത്തായി..!!

പിതാവിന്റെ വിയോഗാനന്തരം മാതുലന്റെ സംരക്ഷണത്തിലാണ് അബുൽ ഹസൻ അലി (റ) വളർന്നത്. സാഹചര്യം സൃഷ്ടിച്ച വിലങ്ങുതടികൾ തട്ടിമാറ്റി ശൈഖ് അലി (റ) ഉന്നത ജ്ഞാനം നേടാൻ നിരന്തര ശ്രമങ്ങളിൽ ഏർപ്പെട്ടു. വിശുദ്ധ ഖുർആൻ ഹൃദയംഗമമായി പാരായണം ചെയ്യുമായിരുന്ന മഹാനവർകൾ വളരെ പെട്ടെന്ന് ഖുർആൻ തീർത്തും ഹൃദിസ്ഥമാക്കി. വിവിധ ജ്ഞാന ശാഖകളിൽ നൈപുണ്യം നേടിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

 അധ്യാത്മിക ജ്ഞാനത്തിന്റെ ശിലോച്ചയങ്ങൾ കീഴടക്കിയ ശൈഖ് അലി (റ) ശൈഖ് സയ്യിദ് ഹസനുബ്നു സയ്യിദ് മുഹമ്മദ് ഹസ്ല അൽ മക്കി (റ) എന്ന മഹാന്റെ ആത്മീയ ശിക്ഷണത്തിലാണ് വളർന്നത്. മഹാനിൽ നിന്ന് തന്നെയാണ് ഖിർഖ സ്വീകരിച്ചതും. തന്റെ മാതുലനും ബത്വാഇഹിലെ വിശ്രൂത പണ്ഡിതനുമായിരുന്ന ശൈഖ് യഹ് യന്നജ്ജാരി (റ) യിൽ നിന്ന് വിവിധ വിജ്ഞാനങ്ങളിൽ വിപുലമായ വ്യുൽപത്തി നേടി. അവിടുത്തെ മാഹാത്മ്യം ഗ്രഹിച്ച പല പണ്ഡിതരും അവിടുന്ന് വിലായത്തിന്റെ പദവിയിലെത്തിയതായി പ്രഖ്യാപിച്ചു. ശൈഖ് അഹ്മദുൽ കബീർ രിഫാഈ (റ) വിനെ പോലെ പിതാവും സുൽത്വാനുൽ ആരിഫീൻ എന്നു വിളിക്കപ്പെട്ടിരുന്നു...

 ശൈഖ് അലി (റ) വിന്റെ കുടുംബം പിൽക്കാലത്ത് ബത്വാഇഹിലെ ഉമ്മു അബീദയിലേക്ക് താമസം മാറ്റി. അവിടെ വെച്ച് ഹിജ്റ 497 ൽ അദ്ദേഹം വിവാഹിതനായി. മാതുലനും ഗുരുവുമായ ശൈഖ് യഹ് യന്നജ്ജാരി (റ) യുടെ പുത്രിയായിരുന്നു വധുവായ ഉമ്മുൽ ഫള്ൽ ഫാത്വിമ നജ്ജാരിയ്യ അൻസ്വരിയ്യ. ശൈഖ് അഹ്മദുൽ കബീർ രിഫാഈ (റ) ഉൾപ്പടെ നാലു സന്താനങ്ങളായിരുന്നു അവർക്ക്...

സയ്യിദ് ഉസ്മാൻ, സയ്യിദ് ഇസ്മാഈൽ, സയ്യിദഃ സിത്തുന്നബ് എന്നിവരാണ് മറ്റുള്ളവർ. സയ്യിദ് ഉസ്മാൻ, സയ്യിദ് ഇസ്മാഈൽ എന്നിവരുടെ മക്കളാണ് സയ്യിദ് അഹ്മദു ബ്നു ഇസ്മാഈൽ, സയ്യിദ് ഫറജ് ബ്നു ഉസ്മാൻ, സയ്യിദ് മുബാറക് തുടങ്ങിയവർ...

ഏക പുത്രിയെ ശൈഖ് യഹ് യ (റ) യുടെ സഹോദരപുത്രനായ സൈഫുദ്ദീൻ ഉസ്മാൻ എന്ന മഹാനാണ് വിവാഹം ചെയ്തത്. സയ്യിദ് അഹ്മദുൽ കബീർ രിഫാഈ (റ) വിന് ശേഷം രിഫാഈ ത്വരീഖത്തിന്റെ ഖലീഫമാരായിരുന്നത് ഇവരുടെ മക്കളായ സയ്യിദ് അബ്ദു റഹീം, സയ്യിദ് അലി (റ) എന്നിവരായിരുന്നു...

ശൈഖ് രിഫാഈ(റ)വിന്റെ മാതാവായ ഉമ്മുൽ ഫള്ൽ ഫാത്വിമ അൻസ്വാരിയ്യ (റ) അധ്യാത്മിക ഗുരുവായിരുന്ന ശൈഖ് മൻസ്വൂറുസ്സാഹിദ് (റ) വിന്റെ സഹോദരിയാണെന്ന് നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. ആ മഹതിയുടെ ശ്രേഷ്ഠത ഏറ്റവുമധികം മനസ്സിലാക്കിയതും ശൈഖ് മൻസ്വൂറുസ്സാഹിദ് (റ) തന്നെയായിരുന്നു...

ആത്മീയ സാന്ദ്രമായ ചുറ്റുപാടിൽ ജനിച്ചു വളർന്ന ഫാത്വിമ (റ) ചെറുപ്പത്തിലേ ഇബാദത്തിലും ദിക്റിലുമായി ജീവിതാനന്ദം കണ്ടെത്തിയിരുന്നു. തന്റെ സഹോദരിയിലൂടെ അല്ലാഹു ﷻ ഒരു യുഗപുരുഷനെ നൽകുന്നുവെന്ന് മുൻകൂട്ടി അറിഞ്ഞ ശൈഖ് മൻസ്വൂർ (റ) സഹോദരിയെ ബഹുമാനിക്കുകയും മറ്റുള്ളവരോട് ബഹുമാനിക്കാൻ കൽപ്പിക്കുകയും ചെയ്യുമായിരുന്നു...


ആ കാലഘട്ടത്തിലെ സ്ത്രീകളുടെ നേതാവാണ് മഹതി ഫാത്വിമ (റ) യെന്ന് ശൈഖ് മൻസ്വൂർ (റ) പറഞ്ഞു. ശൈഖ് രിഫാഈ (റ) വിന്റെ ആഗമനം മുൻകൂട്ടി കണ്ടു കൊണ്ടായിരുന്നു ആ പ്രഖ്യാപനം. പ്രവർത്തന സൂക്ഷ്മതയും സ്വഭാവ വൈമല്യവും നിറഞ്ഞു നിന്ന ഫാത്വിമ (റ) യുടെ ജീവിതം ഭൗതിക വിരക്തിയിൽ അടിസ്ഥാപിതമായിരുന്നു...

 സുന്നത്ത് നോമ്പുകളിലും സുന്നത്ത് നിസ്കാരങ്ങളിലും കണിശത പുലർത്തിയിരുന്ന മഹതി തന്റെ മാതൃകാ ജീവിതത്തിലൂടെ മറ്റുള്ളവരിൽ നന്മയിലേക്ക് ആഗ്രഹം ജനിപ്പിച്ചു. കുടുംബത്തിന്റെ ആധ്യാത്മിക പാരമ്പര്യത്തിൽ അവരും കണ്ണിയായി...[ഖിലാദത്തുൽ ജവാഹിർ]

ജീവിത സായാഹ്നത്തിൽ ശൈഖ് രിഫാഈ (റ) വിന്റെ മാതാവ് ഫാത്വിമാ (റ) രോഗബാധിതയായി. ഇത് ഉമ്മയുടെ അവസാന രോഗമാണെന്ന് മനസ്സിലാക്കിയ ശൈഖ് രിഫാഈ (റ) ഉമ്മയുടെ ഒരു സൈഡിൽ ഇരുന്നു. തുടർന്ന് ഉമ്മയോട് പറഞ്ഞു : എന്റെ ഉമ്മാ, മരണം സത്യമാണ്..! മകന്റെ അപ്രതീക്ഷിതമായ വാക്കിൽ നിന്ന് എന്തോ സൂചന ലഭിച്ചപോലെ ആ അധരം പ്രതിവചിച്ചു : മോനേ, ഇനി ഞാനെന്ത് ചെയ്യണം..! തൽസമയം ശൈഖ് രിഫാഈ (റ) വിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു : ഉമ്മാ, നിങ്ങൾ ശഹാദത്ത് കലിമ ചൊല്ലുക. മകന്റെ നിർദ്ദേശ പ്രകാരം ആ മാതാവ് ശഹാദത്ത് കലിമ ചൊല്ലിയതും ആത്മാവ് വേർപിരിഞ്ഞ് യാത്രയായതും ഒപ്പമായിരുന്നു...(അർറൗളുന്നളീർ : 27)



ആശീർവാദങ്ങൾ...

1) ശൈഖ് അബൂ മുഹമ്മദ് ശംബകി (റ)

ശൈഖ് രിഫാഈ (റ) വിന്റെ മാതുലനായ ശൈഖ് മൻസ്വൂർ (റ) വിന്റെ ഗുരുവര്യനും പ്രസ്തുത കാലത്തെ കാമിലായ ശൈഖുമായിരുന്ന ശൈഖ് അബൂ മുഹമ്മദ് ശംബകി (റ) ശൈഖ് രിഫാഈ (റ) വിന്റെ ജന്മത്തെ കുറിച്ച് മുൻകൂട്ടി വിവരമറിയിക്കപ്പെട്ടവരിൽ പ്രമുഖനാണ്. ശൈഖ് രിഫാഈ (റ) വിന്റെ മാതാവുമായി ശംബകി (റ) വിന് കുടുംബ ബന്ധമുണ്ടായിരുന്നു. പതിനായിരക്കണക്കിന് ശിഷ്യന്മാർ വിജ്ഞാനം നുകരുന്ന മഹാനവർകളുടെ സദസ്സിൽ തബർറുക്കിനും ദുആ ചെയ്യിക്കാനുമായി ശൈഖ് (റ) വിന്റെ മാതാവും പോവാറുണ്ടായിരുന്നു. ഇസ്‌ലാമികമായ പരിപൂർണ്ണ ചിട്ടവട്ടങ്ങളോടെയാണ് പോകാറുള്ളത്. രാജാക്കന്മാരും മറ്റു പ്രമുഖ വ്യക്തികളുമൊക്കെ ശൈഖ് ശംബകി (റ) വിനെ സന്ദർശിക്കുക പതിവുണ്ടെങ്കിലും അവർക്കാർക്കും സാധാരണയിൽ കവിഞ്ഞ ഒരു സ്ഥാനവും അവിടെ കൽപ്പിക്കപ്പെട്ടിരുന്നില്ല...

ഇതിനെതിരായി ശൈഖ് രിഫാഈ (റ) വിന്റെ മാതാവ് സന്ദർശിക്കാൻ വരുമ്പോഴെല്ലാം ശൈഖ് ശംബകി (റ) ഇരുന്നിടത്തു നിന്നെഴുന്നേൽക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്യുമായിരുന്നു. പലപ്പോഴായി ഇതിന് ദൃക്സാക്ഷികളായ ശിഷ്യന്മാർ ശൈഖവർകളോട് കാരണമന്വേഷിച്ചു ..! ഇലാഹീ സാമീപ്യം കൊണ്ടനുഗ്രഹീതനായ ഒരു പുണ്യ പുരുഷന്റെ മാതാവാണവർ. വരും കാലത്ത് ആധ്യാത്മിക ലോകത്തിന്റെ നിയന്ത്രണമേറ്റെടുക്കാൻ പോവുന്ന ആ മഹാനോടുള്ള ബഹുമാനം കൊണ്ടാണ് ഞാൻ എഴുന്നേറ്റ് നിൽക്കുന്നത് എന്നായിരുന്നു മഹാനവർകളുടെ മറുപടി... [ഖിലാദത്തുൽ ജവാഹിർ : 25]


2)ശൈഖ് നസ്റുൽ ഹംദാനി (റ)

ശൈഖ് നസ്റുൽ ഹംദാനി (റ) വിന്റെ സദസ്സിൽ ബത്വാഇഹിലെ ഹുസൈൻ ഗ്രാമവാസിയായ ഒരാൾ ഒരിക്കൽ വന്നു സലാം പറഞ്ഞു. അവിടുന്ന് അൽപനേരം ശൈഖ് നസ്ർ (റ) വുമായി സംസാരിക്കാനായി ഇരുന്നു. അപ്പോൾ ശൈഖവർകൾ അദ്ദേഹത്തോട് പറഞ്ഞു : താങ്കളുടെ നാടിന്റെ ഭാഗത്തായി ഒരു അസാധാരണ പുരുഷൻ വെളിവായിരിക്കുന്നല്ലോ..! തന്റെ നാടിനടുത്ത് അങ്ങനെയൊരാൾ ജനിച്ചതായി താൻ അറിഞ്ഞില്ലല്ലോയെന്ന് ആ മനുഷ്യൻ അമ്പരപ്പോടെ പ്രതികരിച്ചു..!!

 അപ്പോൾ ശൈഖ് (റ) പറഞ്ഞു : അതായത്, അദ്ദേഹം ഉടൻ ഭൂജാതനാവും. ഉമ്മു അബീദയിൽ അദ്ദേഹത്തെ തേടി ആയിരങ്ങൾ ഒഴുകിയെത്തും. മഹാന്മാർ പോലും അദ്ദേഹത്തിന് ശിരസ്സ് താഴ്ത്തി കൊടുക്കും. ഞാൻ അദ്ദേഹത്തിന്റെ കാലത്തായിരുന്നുവെങ്കിൽ..! എനിക്ക് ഒരു ദിവസമെങ്കിലും ആ മഹാനോട് സഹവസിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ..! അവിടുത്തെ സേവകനാവാനും അതുവഴി ലോകർക്ക് മുമ്പിൽ അഭിമാനിക്കാനും ഞാനിഷ്ടപ്പെടുന്നു...(ഖിലാദത്തുൽ ജവാഹിർ)

ശൈഖ് ശംബകി(റ)വിന്റെ ശിഷ്യനും ശൈഖ് രിഫാഈ(റ)വിന്റെ മാതുലനും ഗുരുവുമായ ശൈഖ് മൻസ്വൂറുസ്സാഹിദ് (റ) തന്റെ സഹോദരിക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞിനെ സംബന്ധിച്ച് നേരത്തെ അറിഞ്ഞിരുന്നു. ബത്വാഇഹ് മേഖലയിലെ ഉയർന്ന ശൈഖായിരുന്ന ശൈഖ് മൻസ്വൂറുസ്സാഹിദ് (റ) ആയിരുന്നു ശൈഖ് രിഫാഈ (റ) വിനെ വളർത്തിയതും ആത്മീയ ലോകത്തേക്ക് കൈപിടിച്ചുയർത്തിയതും. അവിടുന്ന് ദിഖ്ല എന്ന ഗ്രാമത്തിലാണ് താമസിച്ചിരുന്നത്...

ഭൗതിക പരിത്യാഗി എന്നർത്ഥമുള്ള സാഹിദ് എന്ന അറബി പദം അവിടുത്തെ പേരിന്റെ ഭാഗമായി കഴിഞ്ഞിരുന്നു. ദുആക്ക് ഉത്തരം ലഭിക്കുന്ന പ്രത്യേകാനുമതിയുള്ള വ്യക്തിയായിരുന്നു ശൈഖ് മൻസ്വൂർ (റ) എന്നും അസാധാരണ നോട്ടത്തിലൂടെ അല്ലാഹുﷻവിന്റെ സമ്മത പ്രകാരം താനുദ്ദേശിക്കുന്നത് ചെയ്യാൻ അവിടുത്തേക്ക് കഴിഞ്ഞിരുന്നുവെന്നും ശൈഖ് അലിയ്യു ബ്നുൽ ഹൈതമി പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്. തിരു നബി ﷺ തങ്ങളിൽ നിന്ന് സ്വപ്ന ദർശന രൂപത്തിലാണ് ശൈഖ് മൻസ്വൂർ (റ) തന്റെ സഹോദരിക്ക് ജനിക്കാനിരിക്കുന്ന മഹാത്മാവിനെ കുറിച്ച് മനസ്സിലാക്കിയത്...

സ്വപ്നത്തിൽ നബി ﷺ അവിടുത്തോട് പറഞ്ഞു : " ഓ മൻസ്വൂർ, സന്തോഷിച്ചു കൊള്ളുക... താങ്കളുടെ സഹോദരിക്ക് 40 ദിവസത്തിനകം ഒരു കുഞ്ഞ് ജനിക്കും. അദ്ദേഹത്തിന്റെ പേർ അഹ്മദുർരിഫാഈ എന്നായിരിക്കും. ഞാൻ അമ്പിയാക്കളുടെ നേതാവായത് പോലെ അദ്ദേഹം ഔലിയാക്കളുടെ നേതാവായിരിക്കും. കുഞ്ഞ് വളർന്ന് പക്വതയെത്തിയാൽ ശൈഖ് അലിയ്യുൽ ഖാരി വാസ്വിതി (റ) വിന്റെ ദർസിൽ കൊണ്ടുപോയി ചേർക്കണം. കുഞ്ഞിനെ തികഞ്ഞ ശ്രദ്ധയോടെ വളർത്തുക. തീരെ അശ്രദ്ധ വരുത്തരുത് " ഹബീബായ നബി ﷺ തങ്ങളുടെ നിർദ്ദേശാനുസരണം പ്രവർത്തിക്കാമെന്ന് ശൈഖ് മൻസ്വൂർ (റ) പ്രതിവചിച്ചു...[അൽ ബുർഹാനുൽ മുഅയ്യദ് : 7]

കാലങ്ങൾക്ക് ശേഷം ദിഖ്ലയിൽ വെച്ച് ഹിജ്റ 540 ലാണ് ശൈഖ് മൻസ്വൂറുസ്സാഹിദ് (റ) വഫാത്തായത്. അവിടുത്തെ ഖബറിടത്തിനു പ്രത്യേകം സിയാറത്ത് ഖാന നിർമ്മിച്ചിരുന്നു...[ഖിലാദത്തുൽ ജവാഹിർ]

ശൈഖ് രിഫാഈ (റ) വിന്റെ മഹാ നിയോഗത്തെ കുറിച്ച് ശൈഖ് അഹ്മദ് ബ്നു ഖമീസ്, ശൈഖ് മൻസ്വൂറുസ്സാഹിദിന്റെ അമ്മാവൻ ശൈഖ് അബൂബക്കർ (റ) തുടങ്ങിയവർ നേരത്തെ തന്നെ പ്രവചിച്ചിട്ടുണ്ട്...


ബാല്യ കാലം...


അസാധാരണ സംഗതികളും അത്ഭുതങ്ങളും നിറഞ്ഞു നിന്നതായിരുന്നു ശൈഖ് രിഫാഈ (റ) വിന്റെ ബാല്യ ജീവിതം. മഹാനവർകൾ തൊട്ടിലിൽ വെച്ച് തന്നെ സംസാരിച്ചതും തസ്ബീഹ് ചൊല്ലിയതും മാതാവ് കേട്ടു. തന്റെ മകൻ അത്ഭുങ്ങളായ ഒരുപാട് കഴിവുകളുള്ളവനാണെന്ന് അവർക്ക് ആദ്യമേ മനസ്സിലായി. പ്രസവിച്ച വർഷം റമളാൻ വരെ മുലപ്പാൽ കുടിച്ചു കൊണ്ടിരുന്ന കുഞ്ഞ് റമളാൻ പിറന്നതോടെ പെട്ടെന്ന് കുടിക്കാതായി. ശൈശവത്തിലേ റമളാനിൽ അന്നപാനീയങ്ങൾ ഒഴിവാക്കിയ ആ കുഞ്ഞ് മഹാന്മാർക്കിടയിൽ ചർച്ചാവിഷയമായി...

കൂട്ടുകാരായ സമപ്രായക്കാരെല്ലാം കളിച്ചു തിമർത്തു നടക്കുമ്പോൾ ആധ്യാത്മികതയിലേക്ക് തിരിഞ്ഞ മനസ്സുമായി സ്വസ്ഥമായി ഇബാദത്തു ചെയ്യുകയായിരുന്നു ബാലനായ രിഫാഈ (റ). മഹത്തുക്കളുള്ളയിടങ്ങളിലും വിജ്ഞാന സദസ്സുകളിലും പോയി ഇരിക്കും. അവരോട് സംസാരിക്കുകയും കാര്യങ്ങൾ ഗ്രഹിക്കുകയും ചെയ്യും. ഈ വേറിട്ട ബാലനിലെ ആധ്യാത്മിക നേതാവിനെ അതു വരെ തിരിച്ചറിയാതിരുന്നവർക്കും അദ്ദേഹത്തെ അടുത്തു പഠിക്കാൻ ഇത് വഴിയൊരുക്കി. മഹാനവർകളിൽ വിലായത്തിന്റെ പ്രഭ ഉണ്ടെന്നു പ്രഖ്യാപിച്ച പണ്ഡിതന്മാർ നിരവധിയായിരുന്നു...

ശൈഖ് രിഫാഈ (റ) ചെറുപ്പത്തിൽ ഏതാനും സമപ്രായക്കാരോടൊത്ത് നിൽക്കുമ്പോൾ അത് വഴി ഒരു സംഘം പുണ്യപുരുഷന്മാർ കടന്നു വന്നു. യാദൃശ്ചികമായി ശൈഖ് രിഫാഈ (റ) വിനെ കണ്ട അവർ പൊടുന്നനെ നിന്നു. അവിടുത്തെ തന്നെ നിർന്നിമേഷരായി നോക്കി ഒരേ നിൽപ്പ്. അൽപം കഴിഞ്ഞപ്പോൾ അവരിൽ ഒരാൾ പറഞ്ഞു...

لا إله إلا اللّٰه محمد رسول اللّٰه

"പുണ്യ വൃക്ഷം പ്രത്യക്ഷമായിരിക്കുന്നു. അതു കേട്ട മറ്റൊരാൾ : അതിന്റെ നിഴൽ നമുക്ക് അനുഭവപ്പെടാൻ അധികം വൈകില്ല. പ്രയോജനം വ്യാപിക്കും. തുടർന്ന് താമസിയാതെ അവരിൽ നിന്ന് അത്ഭുതങ്ങൾ പുറപ്പെടും. അവിടുത്തെ മഹത്വം വർദ്ധിക്കും. ധാരാളം ശിഷ്യ ജനങ്ങൾ അദ്ദേഹത്തെ തേടിയെത്തും. അവരുടെ കവാടങ്ങൾ ലക്ഷക്കണക്കിനാളുകൾക്കായി തുറക്കപ്പെടും " എന്നിങ്ങനെയുള്ള ആശീർവാദ വചസ്സുകളിലൂടെ അവരുടെ സംഭാഷണം നീണ്ടുപോയി... ഈ അനുഗ്രഹാശിരസ്സുകൾ നൽകിയ ശേഷം അവരെല്ലാം തിരിച്ചുപോയി...
[ഖിലാദത്തുൽ ജവാഹിർ : 33]



മാതുലനായ ശൈഖ് മൻസ്വൂർ (റ) വായിരുന്നു ശൈഖ് രിഫാഈ (റ) വിന്റെയും മാതാവിന്റേയും ജീവിതച്ചിലവുകൾ നിവർത്തിച്ചിരുന്നത്. ശൈഖ് രിഫാഈ (റ) വിന്റെ പ്രഥമ ഗുരുവും അവിടുന്ന് തന്നെയായിരുന്നു...

ഹബീബായ നബി ﷺ തങ്ങളിൽ നിന്ന് സ്വപ്നത്തിലൂടെ ലഭിച്ച നിർദ്ദേശം അനുസരിച്ച് ശൈഖ് അഹ്മദ് (റ) വിന് ഉന്നത വിദ്യാഭ്യാസം നൽകണമെന്ന് ശൈഖ് മൻസ്വൂർ (റ) തീരുമാനിച്ചു. നബി ﷺ തങ്ങളുടെ നിർദ്ദേശ പ്രകാരം തന്നെ ബസ്വറയിലെ വിശ്രുത ഖാരിഉം പണ്ഡിതനുമായിരുന്ന ശൈഖ് അബുൽ ഫള്ൽ അലിയ്യുൽ ഖാരി വാസ്വിത്വി (റ) യുടെ ദർസിൽ ശൈഖ് രിഫാഈ (റ) വിനെ ചേർത്തു...

മിടുക്കനായ വിദ്യാർത്ഥിയായിരുന്നു ശൈഖ് അഹ്മദ് രിഫാഈ (റ). വളരെ പെട്ടെന്ന് തന്നെ മഹാനവർകൾ ഖുർആൻ മുഴുവൻ ഹൃദിസ്ഥമാക്കി. ഖുർആൻ പാരായണ ശാസ്ത്രം, കർമ ശാസ്ത്രം, തത്വ ശാസ്ത്രം തുടങ്ങിയ മിക്ക വിജ്ഞാന ശാഖകളിലും കുറഞ്ഞ കാലം കൊണ്ട് സഹപാഠികളേക്കാൾ മുൻ പന്തിയിലെത്തി. പഠന കാലത്ത് തന്നെ ശാഫിഈ കർമ ശാസ്ത്രത്തിന്റെ കിതാബുത്തൻബീഹ് ഹൃദിസ്ഥമാക്കിയിരുന്നു.


മറ്റൊരു കർമ്മ ശാസ്ത്ര വിശാരദനായ ശൈഖ് അബുല്ലൈസ് (റ) വിന്റെ സദസ്സിലും കൂടെക്കൂടെ പോയി അവിടുന്ന് വിദ്യ വിപുലപ്പെടുത്തുമായിരുന്നു. തീർത്തും ഭൗതിക വിരക്തിയിലധിഷ്ടിതമായ ജീവിതത്തിനുടമയായിരുന്നു മഹാനവർകൾ. ശൈഖ് അബൂബക്കർ അൽ വാസ്വിത്വി, ശൈഖ് അബ്ദുൽ മലിക്കുൽ ഖർനൂബി (റ) തുടങ്ങിയവരും അവിടുത്തെ ഗുരുക്കന്മാരിൽ പെടുന്നു...

തന്റെ ശിഷ്യന്റെ ബുദ്ധിപരവും ആധ്യാത്മികവുമായ പ്രത്യേകതകൾ ശൈഖ് അലിയ്യുൽ വാസ്വിത്വി (റ) നന്നായി മനസ്സിലാക്കിയിരുന്നു. ശൈഖ് അലിയ്യുൽ ഖാരി (റ) ഒരിക്കൽ പറഞ്ഞു : ഞങ്ങൾ പേരിന് മാത്രമാണ് അദ്ദേഹത്തിന് ശൈഖാകുന്നത്. യഥാർത്ഥത്തിൽ അദ്ദേഹം ഞങ്ങളുടെ ശൈഖാണ്...[തദ്കിറ : 151]


ശൈഖ് അലിയ്യുൽ ഖാരി (റ) വിന് തന്റെ ശിഷ്യനെ സംബന്ധിച്ചുണ്ടായിരുന്ന ബോധ്യത്തിന് ഉപോൽബലകമായ ഒരു സംഭവം മഹാനായ ഇമാം യാഫിഈ (റ) റൗളുറയാഹീനിൽ ഉദ്ധരിക്കുന്നുണ്ട്. ശൈഖ് അലിയ്യുൽ ഖാരി (റ) വിന്റെ കൂടെ ശൈഖ് രിഫാഈ (റ) ഖുർആൻ പഠിച്ചു കൊണ്ടിരുന്ന കാലത്താണത്...

ഒരിക്കൽ ഒരാൾ ശൈഖിനേയും ശിഷ്യന്മാരേയും വീട്ടിലേക്ക് ക്ഷണിച്ചു. പ്രമുഖരായ പല ഖാരിഉകളും മശാഇഖുമാരും പ്രസ്തുത സദ്യയ്ക്ക് ക്ഷണിക്കപ്പെട്ടിരുന്നു. ഭക്ഷണ സാധനങ്ങൾ നിരന്നു. എല്ലാവരും ഭക്ഷണം കഴിക്കാൻ തുടങ്ങുകയായിരുന്നു. അതിനിടെ അവിടെ കടന്നു വന്ന ഒരു മനുഷ്യൻ ആത്മീയത ചാലിച്ച കീർത്തനങ്ങളാലപിക്കാനും ദഫ് മുട്ടാനും തുടങ്ങി. മശാഇഖുമാരുടെ ചെരിപ്പുകൾ വെച്ച ഭാഗത്ത് തന്റെ ഗുരുവിന്റെ ചെരിപ്പിനടുത്താണ് ശൈഖ് രിഫാഈ (റ) ഇരുന്നിരുന്നത്...

പ്രകീർത്തന രാഗങ്ങൾ സദസ്സിനെ പിടിച്ചിരുത്തി. സദസ്സ് മുഴുവൻ ആത്മീയാനുരാഗത്തിൽ ലയിച്ചു ചേർന്നിരിക്കേ ശൈഖ് രിഫാഈ (റ) പെട്ടെന്ന് എഴുന്നേറ്റ് ചെന്ന് അയാളിൽ നിന്ന് ദഫ് പിടിച്ചു വാങ്ങി പൊട്ടിച്ച് വലിച്ചെറിഞ്ഞു. ധാരാളം പ്രമുഖരുള്ള ആ സദസ്സിൽ ആ ചെറിയ കുട്ടിയായ രിഫാഈ (റ) വിന്റെ ചെയ്തി പലർക്കും ഇഷ്ടപ്പെട്ടില്ല..!! അവർ രിഫാഈ (റ) വിന്റെ ഗുരുനാഥനായ ശൈഖ് അലി (റ) വിനോട് അമർഷത്തോടെ പറഞ്ഞു : ഇതൊരു ചെറിയ കുട്ടിയാണ്. ഒരു ബാലനോട് ഇത്തരമൊരു പെരുമാറ്റത്തിന് വിശദീകരണം തേടുന്നതിൽ അർത്ഥമില്ല. അതിനാൽ കുട്ടിയെ കൊണ്ടു വന്ന താങ്കളാണ് ഉത്തരവാദി. നിങ്ങൾ വേണ്ടതു ചെയ്യണം...

കുട്ടിയാണല്ലോ ചെയ്തത്. അതുകൊണ്ട് നിങ്ങൾ അവനോട് തന്നെ ചോദിക്കുക. അവൻ മറുപടി പറയട്ടെ. അവൻ പ്രതിവചിക്കുന്നില്ലെങ്കിൽ ഞാൻ ഉത്തരവാദിത്വം ഏൽക്കാം. ശൈഖ് അലി (റ) പ്രതികരിച്ചു. അവർ ബാലനായ രിഫാഈ (റ) വിനെ വിളിച്ച് കാരണമന്വേഷിച്ചു...

ദഫുകാരൻ കീർത്തനം ആലപിച്ചപ്പോൾ അയാളുടെ മനസ്സിലെന്താണുണ്ടായിരുന്നത് എന്ന് അന്വേഷിച്ചു വരാനായിരുന്നു ബാലനായിരുന്ന രിഫാഈ (റ) വിന്റെ മറുപടി..! അവർ ദഫുകാരനെ വിളിച്ചു വരുത്തി. എന്താണ് അയാൾ മനസ്സിൽ കരുതിയിരുന്നത് എന്ന് ചോദിച്ചു. അയാളുടെ പ്രതികരണം ഇങ്ങനെയായിരുന്നു...

"ഞാൻ ഇന്നലെ മദ്യപാനികളായ ചില ആളുകളുടെയടുത്ത് എത്തിപ്പെട്ടിരുന്നു. അവർ കുടിച്ച് ലക്ക് കെട്ട് ആടുന്നത് ഞാൻ കണ്ടു. ഈ മഹാന്മാർ ആധ്യാത്മികതയിൽ ലയിച്ച് ആടിയപ്പോൾ ഇവർ ഇന്നലെ കണ്ട ആളുകളെ പോലെയുണ്ട് എന്ന് എനിക്ക് തോന്നിപ്പോയി. ആ നിമിഷത്തിലാണ് കുട്ടി എന്റെ കയ്യിൽ നിന്ന് ദഫ് തട്ടിപ്പറിച്ച് വലിച്ചെറിഞ്ഞത്..!!"

പാട്ടുകാരന്റെ പ്രതികരണം സദസ്സിനെ അത്ഭുതപ്പെടുത്തി. സദസ്സിലുണ്ടായിരുന്ന മഹാന്മാർ മുഴുവൻ ശൈഖ് രിഫാഈ (റ) തങ്ങളുടെ കൈപിടിച്ചു ചുംബിച്ച് ബറക്കത്തെടുത്തു. ശൈഖവർകളെ തെറ്റിദ്ധരിച്ചവർ അവിടത്തോട് മാപ്പപേക്ഷിക്കുകയും ചെയ്തു...(റൗളുറയാഹീൻ)


ആത്മീയ ലോകത്തെ ഉന്നത മഹാത്മാക്കളുടെ കുടുംബത്തിൽ ആത്മീയത നിറഞ്ഞ അന്തരീക്ഷത്തിൽ ജനിച്ചു വളർന്നുവെന്നതിലുപരി ആത്മീയ വിഷയങ്ങളിൽ ചെറുപ്പത്തിൽ തന്നെ ഉൽക്കടമായ താൽപര്യമുള്ള ആളായിരുന്നു ശൈഖ് അഹ്മദുൽ കബീർ രിഫാഈ (റ). വിനോദങ്ങളിൽ നിന്നും ബഹളങ്ങളിൽ നിന്നും അകന്ന് പുണ്യ പ്രഭാവന്മാരുടെ സദസ്സുകളിൽ ചെന്ന് ദുആ ചെയ്യിക്കുന്നതിലും ബറകത്തെടുക്കുന്നതിലുമായിരുന്നു മഹാനവർകളുടെ ശ്രദ്ധ. അധികം സംസാരിക്കാറില്ലായിരുന്നു. മഹാന്മാരോടുള്ള സഹവാസത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്നു...

ശൈഖ് (റ) വിന്റെ ആദ്യ ആത്മീയ ഗുരുക്കൾ ശൈഖ് മൻസ്വൂറു സ്സാഹിദ് (റ), ശൈഖ് അലിയ്യുൽ വാസിത്വി (റ) വും തന്നെയായിരുന്നു. രണ്ടു പേരിൽ നിന്നും ശൈഖ് രിഫാഈ (റ) ഖിർഖ [സ്ഥാന വസ്ത്രം] സ്വീകരിച്ചിട്ടുണ്ട്. ഇടക്കിടെ മഹാന്മാരെ പോയി കണ്ട് ഉപദേശം തേടും. ശൈഖ് അബ്ദുൽ മലിക്കിൽ ഖർനൂബി (റ) വിനെ വർഷത്തിലൊരിക്കൽ എങ്കിലും സന്ദർശിക്കുകയും ദുആ ചെയ്യിക്കുകയും മഹാനവർകളുടെ പതിവായിരുന്നു...[ഉമ്മുൽ ബറാഹീൻ]


ഒരിക്കൽ ശൈഖ് രിഫാഈ (റ) ശൈഖ് ഖർനൂബി (റ) വിൽ നിന്ന് ഉപദേശം തേടിയപ്പോൾ ശൈഖ് ഖർനൂബി (റ) പറഞ്ഞു : മോനേ, ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം..!

" അഹ്മദേ, തിരിഞ്ഞു നോക്കുന്നവൻ ലക്ഷ്യത്തിലെത്തില്ല. സംശയാലു വിജയിക്കില്ല. സമയം നഷ്ടപ്പെടുന്നത് മനസ്സിലാക്കാത്തവന്റെ മുഴുവൻ സമയവും നഷ്ടം " ... അല്ലാഹുﷻവിലേക്ക് അടുക്കാൻ വെമ്പുന്ന മനസ്സുമായി വന്ന തനിക്ക് ലഭിച്ച ആ അമൂല്യ ഉപദേശങ്ങൾ ശൈഖ് രിഫാഈ (റ) ഒരു വർഷക്കാലം ഉരുവിട്ട് നടന്നു. അടുത്ത വർഷം ഖർനൂബി (റ) വിന്റെ സദസ്സിൽ ചെന്ന് വീണ്ടും ഉപദേശം തേടി...

അപ്പോൾ ശൈഖ് ഖർനൂബി (റ) പറഞ്ഞു കൊടുത്തു : ബുദ്ധിമാന്മാർക്ക് വിവരക്കേടും വൈദ്യന്മാർക്ക് രോഗവും സ്നേഹിതന്മാർക്ക് പിണക്കവും എത്രമേൽ മോശം... അടുത്ത ഒരു വർഷക്കാലം മുഴുവൻ ശൈഖ് രിഫാഈ (റ)  ഈ വാക്യങ്ങൾ ഉരുവിട്ടു കൊണ്ടേയിരുന്നു. ആത്മ ജ്ഞാനം തേടിയുള്ള യാത്രകളിലെല്ലാം മഹാനവർകൾ ഈ വചനങ്ങൾ ചൊല്ലിപ്പറഞ്ഞു നടന്നു. അടുത്ത വർഷം, മൂന്നാം പ്രാവശ്യവും ശൈഖ് ഖർനൂബി (റ) വിനെ സന്ദർശിച്ചപ്പോൾ, ഇനി താങ്കൾ ഉപദേശം തേടി ഇവിടെ വരേണ്ടതില്ലെന്നും താങ്കൾ ആത്മീയോന്നതി കൈവരിച്ചിരിക്കുന്നെന്നും ശൈഖ് ഖർനൂബി (റ) അവിടുത്തെ അറിയിച്ചു...[ഖിലാദത്ത് : 146]

ഹിജ്റ 539 ൽ ശൈഖ് രിഫാഈ (റ) വിനെ മൻസ്വൂർ (റ) വാസിത്വിൽ നിന്ന് ഉമ്മു അബീദയിലേക്ക് വിളിച്ചു വരുത്തി. ശൈഖ് മൻസ്വൂറുസ്സാഹിദ് (റ) വഫാതാവുന്നതിന് ഒരു കൊല്ലം മുമ്പായിരുന്നു ഇത്. അന്ന് അവിടെ വെച്ച് ശൈഖ് മൻസ്വൂർ (റ) അവിടുത്തേക്ക് ഖിലാഫത്ത് നൽകി. രിയാളഃയിലും മുജാഹദയിലും മുഴുകി നിരന്തര പരിശീലനങ്ങൾ കൊണ്ട് ശരീരവും മനസ്സും പാകപ്പെടുത്തി എടുക്കുകയായിരുന്ന ശൈഖ് രിഫാഈ (റ) വിന് അന്ന് പ്രായം 28 വയസ്സ് ആവുന്നതേയുണ്ടായിരുന്നുള്ളൂ...

ബസ്വറയിലെയും വാസിത്വിലെയും ശൈഖുമാരോടും ആധ്യാത്മിക തൽപരരോടും ശൈഖ് മൻസ്വൂർ (റ) ശൈഖ് രിഫാഈ (റ) വിനെ ആദരിക്കണമെന്നും അംഗീകരിക്കണമെന്നും നിർദ്ദേശിച്ചു. അങ്ങനെ ശൈഖവർകൾ ഉമ്മു അബീദയിൽ പർണശാലയും ദർസും ഒന്നിച്ചു നടത്തി. വിജ്ഞാന കൗതുകികളും ആത്മീയ വിഷയങ്ങളിൽ താൽപര്യമുള്ളവരുമായ ജനലക്ഷങ്ങൾ അങ്ങോട്ടൊഴുകി. മഹാനായ സയ്യിദുൽ ഖൗം ഖിള്ർ നബി (അ) മിന്റെ ആത്മീയ ശിക്ഷണവും ശൈഖ് രിഫാഈ (റ) വിന് ലഭിച്ചതായി ചരിത്രം പറയുന്നു...

ശൈഖ് സ്വഫിയുദ്ദീനിർരിഫാഈ (റ) ഉദ്ധരിക്കുന്നു : മഹാനായ സയ്യിദുൽ ഖൗം ഖിള്ർ നബി (അ) മിൽ നിന്ന് 12 വർഷക്കാലം ശൈഖ് രിഫാഈ (റ) ജ്ഞാനം അഭ്യസിച്ചിട്ടുണ്ട്. 12 വർഷം പൂർത്തിയായപ്പോൾ ശൈഖ് രിഫാഈ (റ) ഒരശരീരി കേട്ടു : "ഓ ഇബ്നു രിഫാഈ, താങ്കൾ ദുർമാർഗ്ഗികളെ സന്മാർഗത്തിലേക്ക് ക്ഷണിക്കുക. താങ്കൾ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുക. അവരോട് സൽസ്വഭാവത്തോടെ വർത്തിക്കുക " ഇത് കേട്ട ശൈഖ് രിഫാഈ (റ) അല്ലാഹുﷻവിലേക്ക് വിനയാന്വിതനായി പ്രാർത്ഥനാ നിരതനായി...

റബ്ബേ, ഞാൻ ദുർബലനും അശക്തനും മിസ്കീനുമാണ്, നിന്റെ റബ്ബാനിയ്യായ ജ്ഞാനം ലഭിക്കാൻ എനിക്ക് ഉൽക്കടമായ ആശയുണ്ട്..! അപ്പോൾ രണ്ടാമതും ഒരു ഇലാഹിയ്യായ അശരീരി:

"ഓ ഇബ്നുർരിഫാഈ, താങ്കളുടെ രക്ഷിതാവിൽ നിന്ന് ജ്ഞാനത്തിന്റെയും ഇലാഹിയ്യായ ഹിക്മത്തിന്റെയും പാനിയം സ്വീകരിക്കുക..! അല്ലാഹു അവന്റെ പ്രത്യേകമായ അനുഗ്രഹ പ്രകാരം താങ്കൾക്ക് അവ്വലീങ്ങളുടെയും ആഖിരീങ്ങളുടെയും വൈജ്ഞാനിക രഹസ്യങ്ങൾ തുറന്ന് തന്നിരിക്കുന്നു. താങ്കളുടെ പിതാമഹനായ നബി ﷺ തങ്ങൾ മുഖേനയാണത്. താങ്കളുടെ രക്ഷിതാവിന്റെ ഗുണവും കാരുണ്യവും ധർമ്മവും താങ്കൾ തേടുക. റബ്ബാനിയ്യായ ജ്ഞാനം കൊണ്ട് ഹ്യദയ രോഗികളെ ചികിത്സിക്കുക..."

ഇത് കേട്ട ശൈഖ് (റ) വിനെ അഗാധമായ ഇലാഹീ പ്രേമം പുളകമണിയിച്ചു. ശൈഖ് രിഫാഈ (റ) ജനമധ്യത്തിലേക്കിറങ്ങി...

അവർക്ക് ആദ്ധ്യാത്മിക ജ്ഞാനം പകർന്ന് നൽകാൻ തുടങ്ങി. ശൈഖ് രിഫാഈ (റ) വിന്റെ വിലായത്ത് കൂടുതൽ പ്രകടമായതോടെ ഭൂമുഖം ഒന്നടങ്കം രോമാഞ്ചം കൊണ്ടു. ബസ്വറയിലെ ഭരണാധികാരിയും സഹഭരണാധികാരികളും ശൈഖ് രിഫാഈ (റ) വിന്റെ സന്നിധിയിൽ എത്തി വിജ്ഞാനം നുകർന്നു. അവർ അവിടുത്തെ ശിഷ്യരായി മാറി. എല്ലായിടത്തും അല്ലാഹു ﷻ ആ പ്രകാശം പ്രകടമാക്കി. പ്രത്യക്ഷമായ ആദ്ധ്യാത്മ-സേവന പ്രവർത്തനങ്ങൾക്കൊപ്പം ശൈഖ് രിഫാഈ (റ) അല്ലാഹുﷻവിൽ ലയിച്ചു. എല്ലാം റബ്ബിന് വേണ്ടി ത്യജിച്ചു. അവനിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ജീവിതാവസാനം വരെ ഇബാദത്തുകളിൽ സജീവ ശ്രദ്ധ വെച്ചുപുലർത്തി...(അർറൗളുന്നളീർ : 33)



തന്റെയടുക്കൽ ജ്ഞാന സമ്പാദനത്തിനായി വരുന്നവരോട് വിശുദ്ധ ഖുർആനും തിരു സുന്നത്തും പൂർണ്ണമായി അനുധാവനം ചെയ്യാനും നവനിർമ്മിതികളെ അകറ്റി നിർത്താനുമാണ് ശൈഖ് (റ) ആവശ്യപ്പെടാറുള്ളത്. മത വിജ്ഞാനത്തെ അതിയായ ഗൗരവത്തിലെടുക്കുകയും, പണ്ഡിതരെയും മതത്തിന്റെ ആളുകളെയും ബഹുമാനിക്കാൻ കൽപ്പിക്കുകയും ചെയ്യുമായിരുന്നു. തിരു നബി ﷺ തങ്ങളുടെ ശരീഅത്തനുസരിച്ച് പ്രവർത്തിക്കുന്നവരാണ് യഥാർത്ഥ പണ്ഡിതർ. അവർ തന്നെയാണ് യഥാർത്ഥ ഔലിയാക്കളും മുർശിദുകളും മഹാൻ പറഞ്ഞു...


ഗുരു നാഥന്മാരുടെ പരമ്പര


ശൈഖ് മൻസ്വൂറുൽ ബത്വാഇഹി (റ) മുഖേന

1 - ശൈഖ് മൻസ്വൂർ (റ)

2 - പിതാവ് ശൈഖ് യഹ് യൽ അൻസ്വാരി (റ)

3 - പിതാവ് ശൈഖ് അബൂബക്കർ മൂസൽ അൻസ്വാരി (റ)

4 - ശൈഖ് ജുനൈദുൽ ബഗ്ദാദി (റ)

5 - ശൈഖ് അൽ സിർറിസ്സുഖ്ത്തി (റ)

6 - ശൈഖ് മഅ്റൂഫുൽ കർഖി (റ)

7 - ശൈഖ് ദാവൂദു ത്വാഈ (റ)

8 - ശൈഖ് ഹബീബുൽ അജമി (റ)

9 - ശൈഖ് ഹസനുൽ ബസ്വരി (റ)

10 - അമീറുൽ മുഅ്മിനീൻ സയ്യിദിനാ അലി (റ)

11 - സയ്യിദുനാ റസൂലുല്ലാഹി ﷺ


ശൈഖ് അലിയ്യുൽ ഖാരി അൽ വാസിത്വി  (റ) മുഖേന

1 - ശൈഖ് അലിയ്യുൽ ഖാരി (റ)

2 - അബുൽ ഫള്ൽ ശൈഖ് മുഹമ്മദ് ബ്നു കാമത്വ് (റ)

3 - ശൈഖ് അബൂ ബക്കർ അശ്ശിബ് ലി (റ)

4 - ശൈഖ് ജുനൈദുൽ ബഗ്ദാദി (റ)

5 - ശൈഖ് സിർറി സ്സുഖ്ത്തി (റ)

6 - ശൈഖ് മഅ്റൂഫുൽ കർഖി (റ)

7 - ശൈഖ് ദാവൂദു ത്വാഈ (റ)

8 - ശൈഖ് ഹബീബുൽ അജമി (റ)

9 - ശൈഖ് ഹസനുൽ ബസ്വരി (റ)

10 - സയ്യിദിനാ അലി (റ)

11 - ത്വാഹാ റസൂലുല്ലാഹി ﷺ                   [അർ റൗളുന്നളീർ : 30,31]


ഖിലാഫത്ത്...


മരുമകനായ ശൈഖ് അഹ്മദ് രിഫാഈ (റ) വിന്റെ ഔന്നത്യം നേരിട്ട് മനസ്സിലാക്കി തന്നെയായിരുന്നു ആധ്യാത്മിക കാര്യങ്ങളിലെ തന്റെ ശേഷക്കാരനാവുന്നതിനുള്ള ഖിലാഫത്ത് ശൈഖ് രിഫാഈ (റ) വിന് നൽകാൻ ശൈഖ് മൻസ്വൂറുസ്സാഹിദ് (റ) തീരുമാനിച്ചത്. തന്റെ മക്കളേക്കാളും മറ്റു ശിഷ്യരേക്കാളും അതിനു യോഗ്യൻ ശൈഖ് രിഫാഈ (റ) തന്നെയാണെന്ന് അനുഭവങ്ങൾ മഹാനവർകൾക്ക് ബോധ്യപ്പെടുത്തി കൊടുത്തു. ഒരിക്കൽ ശൈഖവർകളും ശിഷ്യന്മാരും മജ്ലിസിൽ ഇരിക്കുകയായിരുന്നു. ശിഷ്യന്മാർ പുതിയ കാര്യങ്ങൾ ചോദിച്ചു പഠിക്കുകയും ശൈഖവർകൾ അവരുടെ സംശയങ്ങൾ നിവർത്തിക്കുകയുമായിരുന്നു...

അതിനിടെ ശൈഖ് മൻസ്വൂർ (റ) പെട്ടെന്ന് എഴുന്നേറ്റു. ഭൂമിയിലേക്ക് കൈ ഒന്നു ചൂണ്ടുകയും ഉടനെ ബോധം നഷ്ടമാവുകയും ചെയ്തു. ശിഷ്യന്മാർ പരിഭ്രമചിത്തരായി. അൽപ നേരത്തിനു ശേഷം ശൈഖവർകൾക്ക് ബോധം തിരിച്ചു കിട്ടി. അവർ മഹാനവർകളോട് പ്രസ്തുത സംഭവത്തിന്റെ രഹസ്യം ആരാഞ്ഞു... ശൈഖവർകൾ പറഞ്ഞു : നിങ്ങൾ ഗൗരവമേറിയ ഒരു വിഷയമാണ് ചോദിക്കുന്നത്. അറിഞ്ഞു കൊള്ളുക, സയ്യിദ് അഹ്മദിനെ (റ) അല്ലാഹു ﷻ അത്യുന്നത പദവിയിലേക്ക് ഉയർത്തിയിരിക്കുന്നു. കിഴക്ക് മുതൽ പടിഞ്ഞാറ് വരെ അവർ ശൈഖ് കബീർ ആയിരിക്കും. ആത്മീയ നേത്യത്വം അവരിലെത്തിച്ചേരും ജനങ്ങൾക്ക് അവർ ഒരു അവലംബ കേന്ദ്രമായി മാറും...

കാര്യങ്ങൾ ഇങ്ങനെയെല്ലാമായിരുന്നെങ്കിലും ശൈഖ് മൻസ്വൂർ (റ) ശൈഖ് രിഫാഈ (റ) വിന് ഖിലാഫത്ത് നൽകിയ കാര്യം മറ്റുള്ളവർ മനസ്സിലാക്കിയിരുന്നില്ല. ശൈഖ് മൻസ്വൂർ (റ) വിന് പ്രായം കൂടി വരികയാണ്. ദിഖ്ലയിലെ ആയിരക്കണക്കിന് ശിഷ്യന്മാർ മനോവ്യഥയിലായിരുന്നു. ശൈഖവർകൾക്ക് ശേഷം ആര് എന്ന കാര്യത്തിൽ അവർക്ക് തീർച്ചയുമില്ല. താനായിരിക്കും ശൈഖിന്റെ ഖലീഫ എന്ന് ഓരോരുത്തരും കരുതി. ആയിടക്ക് ഒരു പാവം മനുഷ്യൻ പർണശാലയിലെത്തി. അയാളെ ആരും കാര്യമായി ഗൗനിച്ചിരുന്നില്ല. അദ്ദേഹം ഒരിക്കൽ പ്രസ്താവിച്ചു : ശൈഖ് മൻസ്വൂർ തങ്ങളുടെ പിൻഗാമിയാരെന്ന് ഞാൻ പറയാം, ആ അർഹത ശൈഖ് അഹ്മദിനാണ് (റ)...

ഇതു കേട്ട പലരും താങ്കൾക്കതെങ്ങനെ തീർത്തു പറയാനാവും..! എന്താണതിന് തെളിവ് എന്നെല്ലാം ചോദിക്കാൻ തുടങ്ങി... വേണമെങ്കിൽ നമുക്ക് ശൈഖ് മൻസ്വൂർ (റ) വിനോട് തന്നെ ചോദിക്കാം
മഹാനവർകളുടെ വാക്കാണല്ലോ അന്തിമം എന്ന് ആ മനുഷ്യൻ പ്രത്യുത്തരം നൽകി. അദ്ദേഹം തുടർന്നു : ഞാൻ ഭൂമുഖത്ത് നിരവധി സ്ഥലങ്ങൾ പരിശോധനാ വിധേയമാക്കി. അവയിൽ നിന്നെല്ലാം വേർതിരിഞ്ഞൊരു മുഖം ഞാൻ ഉമ്മു അബീദക്ക് കാണുന്നു...

പറവകളും ജന്തുക്കളും ആ പ്രദേശം ലക്ഷ്യമാക്കി നീങ്ങി കൊണ്ടിരിക്കുന്നു. ഇതെല്ലാം ഉമ്മു അബീദ ഗ്രാമത്തിന്റെയും ശൈഖ് രിഫാഈ (റ) വിന്റെയും മഹത്വമാണ് വിളിച്ചറിയിക്കുന്നത്. അതു കൊണ്ടാണ് ഞാനങ്ങനെ പറഞ്ഞത്. അവർ അവസാനം ശൈഖ് മൻസ്വൂർ (റ) വിന്റെയടുക്കൽ തന്നെ എത്തി വിഷയം അവതരിപ്പിച്ചു. കേട്ടപ്പോൾ ശൈഖ് (റ) ആ മനുഷ്യനെ ചൂണ്ടികാണിക്കുകയും അയാൾ പറഞ്ഞതാണ് ശരി എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതോടെ ശൈഖ് മൻസ്വൂറുൽ ബത്വാഇഹിയുടെ ഖലീഫ ശൈഖ് രിഫാഈ (റ) ആയിരിക്കുമെന്ന് പുറം ലോകമറിഞ്ഞു...(ഖിലാദത്ത് : 36)


ശൈഖ് (റ) വിനെ ഖലീഫയാക്കാൻ നിശ്ചയിച്ചതോടെ സഹോദരി പുത്രനേക്കാൾ യോഗ്യത സ്വപുത്രന്മാർക്കാണെന്നും അതിനാൽ ശൈഖ് മൻസ്വൂർ (റ) തങ്ങളുടെ മക്കളിൽ ആരെങ്കിലും ഒരാളെ ഖലീഫയാക്കണമെന്നും കുടുംബത്തിൽ നിന്ന് നിർദ്ദേശമുയർന്നു. ശൈഖ് മൻസ്വൂർ (റ) വിന് അത് സ്വീകാര്യമായില്ല...

കുടുംബാംഗങ്ങൾക്ക് കാര്യം മനസ്സിലാക്കി കൊടുക്കാൻ മഹാനവർകൾ തീരുമാനിച്ചു. തന്റെ സന്താനങ്ങളെയും മറ്റു ബന്ധപ്പെട്ടവരെയും ശൈഖ് രിഫാഈ (റ) വിനെയും മഹാനവർകൾ ഒരു ദിവസം വിളിച്ചു കൂട്ടി. ഓരോരുത്തർക്കും ഓരോ കോഴിയും ഓരോ കത്തിയും നൽകാൻ കൽപ്പിച്ചു. എന്നിട്ടു പറഞ്ഞു : ഓരോരുത്തരും തന്റെ കോഴിയെയും കൊണ്ട് ഒരാളുടെയും കണ്ണിൽ പെടാതെ ആരുമില്ലാത്ത പ്രദേശത്ത് പോകണം അവിടെ വെച്ച് കോഴിയെ അറുത്ത് തിരിച്ചു വരിക..! മഹാനവർകളുടെ നിർദ്ദേശം ശിരസാവഹിച്ച് ഓരോരുത്തരും വിജനപ്രദേശം തേടി യാത്രയായി...

എല്ലാവരും അധികം വൈകാതെ അറുത്ത കോഴിയുമായി തിരിച്ചെത്തി. ഒരാളൊഴികെ. അത് രിഫാഈ (റ) വായിരുന്നു. ശൈഖവർകളുടെ കോഴി ജീവനോടെ കയ്യിലുണ്ടായിരുന്നു. നിർദ്ദേശത്തിന് വിരുദ്ധമായി ജീവനുള്ള കോഴിയുമായി വന്ന രിഫാഈ (റ) വിനോട് ശൈഖ് മൻസ്വൂർ (റ) ചോദിച്ചു : ഓ അഹ്മദ്, നീയെന്തേ നിന്റെ കോഴിയെ അറുത്തില്ലേ..? ശൈഖ് രിഫാഈ (റ) ഭവ്യതയോടെ പറഞ്ഞു : സയ്യിദവർകളെ, ആരുമില്ലാത്തിടത്ത് പോയി ഒരാളുടെയും കണ്ണിൽപെടാതെ അറവ് നടത്താനാണല്ലോ അങ്ങ് നിർദ്ദേശിച്ചത്..!
എന്നാൽ, പരമാധികാരിയായ അല്ലാഹുﷻവിന്റെ ദൃഷ്ടിയിൽ നിന്നകന്ന ഒരു സ്ഥലവും എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. അവന്റെ നിതാന്തശ്രദ്ധയും നിരീക്ഷണവുമില്ലാത്ത ഒരു തുണ്ടു ഭൂമി പോലും ഞാൻ കണ്ടില്ല..."

ശക്തമായ ഇലാഹീ ബോധത്തിന്റെയും വ്യക്തി വൈശിഷ്ട്യത്തിന്റെയും നിദർശനമായ ഈ വാക്കുകൾ കേട്ടതോടെ കുടുംബാംഗങ്ങൾക്കും ശൈഖ് രിഫാഈ (റ) വിനെ മനസ്സിലായി. ശൈഖ് മൻസ്വൂർ (റ) കുടുംബക്കാരോട് പറഞ്ഞു : അല്ലാഹു ﷻ അവന്റെ അഭീഷ്ടക്കാരെ ഇഷ്ടപ്പെടുന്നു. നിങ്ങൾ നിങ്ങളുടെയും...

ഇതേ ആവശ്യാർത്ഥം തന്നെ മറ്റൊരു വേളയിൽ ശൈഖ് മൻസ്വൂർ (റ) മേൽ സംഭവത്തിലെ വ്യക്തികളെയെല്ലാം ഒന്നു കൂടി വിളിച്ചു കൂട്ടി. ഓരോരുത്തർക്കും ഓരോ കത്തി നൽകി അൽപം ചെടികൾ മുറിച്ചു കൊണ്ടുവരാൻ നിർദ്ദേശിച്ചു...!! എല്ലാവരും തോട്ടത്തിലേക്ക് ചെന്നു. ശൈഖവർകളുടെ സന്താനങ്ങൾ ചെടിത്തലപ്പുകളുമായും ശൈഖ് രിഫാഈ (റ) വെറുംകയ്യോടെയുമാണ് വന്നത്. ശൈഖ് മൻസ്വൂർ (റ) സഹോദരീ പുത്രനോട് വിശദീകരണം ആവശ്യപ്പെട്ടു. ഞാൻ മുറിക്കാൻ ചെല്ലുമ്പോഴെല്ലാം ചെടികൾ തസ്ബീഹ് ചൊല്ലി കൊണ്ടിരിക്കുകയാണ്. തസ്ബീഹീനോടുള്ള ആദരവു നിമിത്തമാണ് ഞാൻ ചെടി മുറിക്കാതിരുന്നത് എന്നായിരുന്നു രിഫാഈ (റ) വിന്റെ മറുപടി...


മറ്റൊരിക്കൽ ശൈഖ് മൻസ്വൂർ (റ) തന്റെ മകനെയും ശൈഖ് രിഫാഈ (റ) വിനെയും മത്സ്യം പിടിക്കാൻ പറഞ്ഞയച്ചു. ശൈഖവർകളുടെ മകൻ മത്സ്യവുമായി വന്നപ്പോൾ ശൈഖ് രിഫാഈ (റ) വന്നത് വെറും കയ്യോടെയായിരുന്നു. എന്തുകൊണ്ട് നീ മത്സ്യം പിടിച്ചില്ല..! എന്ന ശൈഖ് (റ) വിന്റെ ചോദ്യത്തിന് ഞാൻ അവയെ പിടിക്കാർ ഒരുങ്ങുമ്പോഴെല്ലാം അവ ദിക്ർ ചൊല്ലുന്നതായി കണ്ടു എന്നായിരുന്നു ശൈഖ് രിഫാഈ (റ) വിന്റെ മറുപടി. ഇത്രയും മതിയായിരുന്നു ശൈഖ് മൻസ്വൂർ (റ) വിന്റെ കുടുംബങ്ങൾക്ക് കാര്യം മനസ്സിലാക്കാൻ...

അല്ലാഹുﷻവിന്റെ പരിഗണന ശൈഖ് അഹ്മദുൽ കബീർ അർരിഫാഈ (റ) വിനാണ് കൂടുതൽ ലഭിച്ചിരിക്കുന്നതെന്ന് കുടുംബത്തെ ബോധ്യപ്പെടുത്താൻ ശൈഖ് മൻസ്വൂർ (റ) നടത്തിയ മേൽ പരീക്ഷണങ്ങൾക്ക് കഴിഞ്ഞു. അങ്ങനെ ശൈഖ് മൻസ്വൂർ (റ) വിന്റെ തീരുമാനങ്ങൾ ബന്ധപ്പെട്ടവരെല്ലാം അംഗീകരിക്കുകയും ചെയ്തു...[ഖിലാദത്തുൽ ജവാഹിർ, റൗളുന്നളീർ : 22,23,24,25]



ഉത്തരവാദിത്വ ബോധവും ക്ഷമാശീലവും നന്നായി ഉള്ള ആ സ്നേഹ സമ്പന്നന് ആത്മീയ ജീവിതം ഭർതൃപദവിക്ക് തടസ്സമായി തോന്നിയിരുന്നില്ല. ഭൗതിക മേഖലകളിൽ നിന്നകന്ന് കഴിഞ്ഞിട്ട് കൂടി ക്ഷമിക്കേണ്ടിടത്ത് ക്ഷമിച്ചും കരുണ വേണ്ടിടത്ത് കരുണ കാണിച്ചും സ്നേഹം പകരേണ്ടിടത്ത് സ്നേഹം പകർന്നും ശൈഖ് രിഫാഈ (റ) അവരെ നേരിലൂടെ മുന്നോട്ട് കൊണ്ടു പോയി. അവിടുത്തെ സന്താന പരമ്പര വെളിച്ചം കാണിച്ചു കൊടുത്ത മഹാന്മാരുടേതായിരുന്നു...


ശൈഖ് രിഫാഈ (റ) ആദ്യമായി വിവാഹം ചെയ്തത് തന്റെ ശൈഖായ അബൂ ബക്കർ വാസിത്വി (റ) വിന്റെ മകളായ ഖദീജ അൻസ്വാരിയ്യ (റ) യെയാണ്. ആ ബന്ധത്തിൽ സയ്യിദത്ത് ഫാത്വിമ (റ), സയ്യിദത്ത് സൈനബ് (റ) എന്നീ പുത്രിമാർ ജനിച്ചു. നീണ്ട കാലത്തെ ദാമ്പത്യജീവിതത്തിനു അന്ത്യം കുറിച്ചു കൊണ്ട് ഹിജ്‌റ : 553 ൽ പ്രസ്തുത ഭാര്യ പരലോകം പുൽകി. അതിനു ശേഷം അവരുടെ സഹോദരിയായ സയ്യിദ റാബിഅ (റ) യെ ശൈഖവർകൾ കല്യാണം കഴിച്ചു. അവർ സയ്യിദ് സ്വാലിഹ് ഖുത്വുബുദ്ദീൻ എന്ന പുത്രന് ജന്മം നൽകി. ഹിജ്റ 612 ലാണ് അവർ ഇഹലോക വാസം വെടിഞ്ഞത്...


പിതാവിന്റെ മാർഗ്ഗേ തന്നെയായിരുന്നു സയ്യിദ് ഖുത്വുബുദ്ദീൻ (റ) വിന്റെയും ചലനം. ചെറുപ്പത്തിൽ തന്നെ ഖുർആൻ ഹൃദിസ്ഥമാക്കി. ഖുർആനു ശേഷം കർമശാസ്ത്രവും പഠിച്ചു. ബഹുമാനപ്പെട്ടവർ ഭംഗിയുറ്റ കൈയെഴുത്തിന്റെ ഉടമയായിരുന്നു. ധർമ്മിഷ്ഠനും സൽസ്വഭാവിയുമായിരുന്നു. തന്റെ പിതാവിന്റെ സാന്നിധ്യത്തിൽ ഇമാം നിൽക്കുകയും പീഠത്തിൽ കയറി പ്രസംഗിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. മഹാനവർകൾക്ക് അധിക കാലം ജീവിച്ചിരിക്കാൻ വിധിയുണ്ടായിരുന്നില്ല. പിതാവിന്റെ ജീവിത കാലത്ത് തന്നെ സയ്യിദ് സ്വാലിഹ് ഖുത്വുബുദ്ദീൻ (റ)  മരണപ്പെട്ടു പോയി...

മഹാനവർകൾ മരിക്കുന്നതിന് മുമ്പായി ശൈഖ് രിഫാഈ (റ) ശിഷ്യന്മാരോട് പറഞ്ഞു : സഹോദരങ്ങളെ, എന്റെ മകൻ സ്വാലിഹ് മരണപ്പെട്ടിരിക്കുന്നു. നിരവധി തവണ ഇതു തന്നെ ആവർത്തിച്ച ശൈഖവർകൾ ഇത് പറയുമ്പോഴെല്ലാം വിതുമ്പികൊണ്ടിരുന്നു. ശൈഖ് സ്വാലിഹ് ഖുത്വുബുദ്ദീൻ (റ) വിന്റെ വഫാതിന് ശേഷം രിഫാഈ (റ) തങ്ങൾ പറഞ്ഞു : ശൈഖ് അസ്സാസ്സിന്റെയും ശൈഖ് മഹ്ബൂബിന്റെയും പദവിയെത്തിച്ചാണ് എന്റെ മകൻ പിരിഞ്ഞു പോയത്. പിതാമഹനായ ശൈഖ് യഹ് യന്നജ്ജാരി (റ) വിന്റെ ഖുബ്ബയിൽ തന്നെയാണ് ശൈഖ് സ്വാലിഹ് ഖുത്വുബുദ്ദീൻ (റ) വിനെയും ബബറടക്കിയത്. മഹാനവർകളുടെ ദറജ അല്ലാഹു ﷻ ഉയർത്തി കൊടുക്കട്ടെ...
ആമീൻ യാ റബ്ബൽ ആലമീൻ.


സയ്യിദ് ഖുത്വുബുദ്ദീൻ (റ) വിന് പുറമെ സയ്യിദ് ഖാസിം, സയ്യിദ് ഇബ്റാഹീം, സയ്യിദ് അബ്ദുൽ മുഹ്സിൻ (റ) തുടങ്ങി ചില ആൺകുട്ടികളെ കൂടി ചില ഗ്രന്ഥങ്ങൾ പരിചയപ്പെടുത്തുന്നുണ്ട്. പക്ഷെ അവർ ഏതു ഭാര്യയുടെ മക്കൾ എന്ന് വ്യക്തമല്ല. ഏതായാലും ശൈഖ് (റ) വിന്റെ ആൺകുട്ടികൾ അവിടുത്തെ ജീവിത കാലത്ത് വഫാതായിട്ടുണ്ട് എന്നാണ് ചരിത്രം പറയുന്നത്...[അൽ മജാലിലിസുർരിഫാഇയ്യ : 28, തദ്കിറ]


ശൈഖ് രിഫാഈ (റ) വിന്റെ മകളായ സൈനബ് എന്നവരെ ശൈഖ് (റ) തന്റെ സഹോദരീ പുത്രനായ സയ്യിദ് അബ്ദുറഹീം ബ്നു ഉസ്മാൻ (റ) വിന് വിവാഹം ചെയ്തു കൊടുത്തു. അവർക്ക് 6 ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമുണ്ടായിരുന്നു. സയ്യിദ് ശംസുദ്ദീൻ മുഹമ്മദ്, ഖുത്വുബുദ്ദീൻ അഹ്മദ്, അബുൽ ഹസൻ അലി, ഇസ്സുദ്ദീൻ അഹ്മദ്, അബ്ദുൽ ഹസൻ  അബ്ദുൽ മുഹ്സിൻ, അഹ്മദ് സ്വയാദ്, സയ്യിദത്ത് ആഇശ, സയ്യിദത്ത് ഫാത്വിമ (റ) എന്നിവരായിരുന്നു അവർ...

ശൈഖ് തങ്ങളുടെ മറ്റൊരു മകളായ സയ്യിദത്ത് ഫാത്വിമ (റ) എന്നവരെ സഹോദരീ പുത്രൻ തന്നെയായ സയ്യിദ് അലി ബ്നു ഉസ്മാൻ (റ) വിവാഹം ചെയ്തു. ആ ബന്ധത്തിൽ പിറന്ന മക്കളാണ് ശൈഖ് മുഹ് യിദ്ദീൻ അൽ അഅ്സബ്, സയ്യിദ് നജ്മുദ്ദീൻ (റ) എന്നിവർ...

ശൈഖ് (റ) വിന്റെ പേരമക്കളെല്ലാവരും വലിയ്യുകളായിരുന്നു. തന്റെ പെൺകുട്ടികളുടെ സന്താന പരമ്പരകളിലൂടെയാണ് ശൈഖവർകളുടെ ത്വരീഖത്ത് കടന്നു വന്നത്. ഇറാഖിലും ഈജിപ്തിലും സിറിയയിലുമെല്ലാം ആ പരമ്പര വ്യാപിച്ചിരുന്നു. അവരുടെ പേരുകളും വിവരണങ്ങളും ചരിത്ര ഗ്രന്ഥങ്ങളിൽ കാണാം. അവർ വഴി തന്നെ നമ്മുടെ രാജ്യത്തും ഈ വിശുദ്ധ സരണി എത്തിച്ചേർന്നു...


ഹബീബായ നബി ﷺ തങ്ങളുടെ പാരമ്പര്യവും പൈതൃകവും ശൈഖ് രിഫാഈ (റ) തങ്ങളുടെ ജീവിതത്തിൽ മുഴുക്കെയും പ്രകാശിതമായിരുന്നു. നബി ﷺ തങ്ങളെ അനുധാവനം ചെയ്യുന്നതിൽ സദാ ബദ്ധശ്രദ്ധനായിരുന്നു. അവിടുന്ന് നിഷ്കളങ്ക പ്രകൃതത്തിനുടമയായിരുന്നു...

ശൈഖ് മക്കിയ്യുൽ വാസിത്വി (റ) പറയുന്നു : ഞാൻ ഒരു രാത്രി ശൈഖ് രിഫാഈ (റ) വിനൊപ്പം ഉമ്മു അബീദയിൽ താമസിച്ചു. ആ ഒരൊറ്റ രാത്രിയിൽ മാത്രം നബി ﷺ തങ്ങളുടെ പാവന സ്വഭാവങ്ങളിൽ നിന്ന് നാൽപ്പതോളം എണ്ണം ഞാൻ ശൈഖ് രിഫാഈ (റ) വിൽ കണ്ടു..[ഖിലാദത്തുൽ ജവാഹിർ]


കുടുംബ ബന്ധങ്ങൾ പുലർത്തുക, രഹസ്യങ്ങൾ സൂക്ഷിച്ച് വെക്കുക, കരാർ പാലിക്കുക, മുസ്ലിംകൾക്ക് വേണ്ടി പ്രാർത്ഥിക്കുക , എതിർത്തവർക്ക് ഗുണം ചെയ്യുക, ആക്രമിച്ചവർക്ക് മാപ്പ് നൽകി വിട്ടയക്കുക, വിശന്നവന് ഭക്ഷണം നൽകുക, അഗതികൾക്ക് വസ്ത്രം നൽകുക, രോഗികളെ സന്ദർശിക്കുക, മയ്യിത്ത് പരിപാലിക്കുക, സാധുക്കളെ സ്നേഹിക്കുകയും അവരോട് സഹവസിക്കുകയും സ്നേഹപൂർവ്വം പെരുമാറുകയും ചെയ്യുക, ഭൗതികതയിൽ വിരക്തി പ്രകടിപ്പിക്കുക, എല്ലാ ജീവജാലങ്ങളോടും കരുണാപൂർവ്വം പെരുമാറുക, പള്ളി പോലുള്ള വിശുദ്ധ സ്ഥലങ്ങൾ അടിച്ചു വാരി വൃത്തിയാക്കുക, ജനങ്ങളുടെ സുഖ ദുഃഖങ്ങളിൽ പങ്കു ചേരുക, തുടങ്ങിയവ ആ മഹദ് ജീവിതത്തിലെ ഏതാനും സൽസ്വഭാവങ്ങളാണ്... ചെറിയവരെയും വലിയവരെയും ആദരപൂർവ്വം യാ സയ്യിദീ എന്നു വിളിക്കുക അവരുടെ പ്രകൃതമായിരുന്നു...[ഖിലാദത്ത്]


വഴിയിലൂടെ നടന്നു പോകുമ്പോൾ ഇടതും വലതും തിരിഞ്ഞു നോക്കില്ല. മുൻഭാഗത്തേക്ക് നോക്കി തല അൽപം ചെരിച്ചു പിടിച്ചാണ് നടന്നിരുന്നത്. ഗംഭീരം എന്നാൽ വിനയാന്വിതം ഇതായിരുന്നു ആ നടത്തത്തിന്റെ പ്രത്യേകത. മതപരമായി അഭികാമ്യമല്ലാത്ത കാര്യങ്ങളിൽ ഏർപ്പെടുന്നവരെ ഉപദേശിക്കണമെന്നുണ്ടെങ്കിൽ ആളുകൾക്കിടയിൽ വെച്ച് നേർക്കുനേർ പറഞ്ഞ് അപമാനിക്കുന്നതിനു പകരം ചർച്ചകളിലൂടെ തെര്യപ്പെടുത്തുകയായിരുന്നു മഹാനവർകളുടെ ശൈലി...

തന്റെ ഒരു നിമിഷം പോലും അല്ലാഹുﷻവിന്റെ മാർഗ്ഗത്തിലല്ലാതെ നഷ്ടപ്പെട്ടുകൂടാ എന്ന നിർബന്ധ ബുദ്ധിയുണ്ടായിരുന്നു ശൈഖ് (റ) തങ്ങൾക്ക്. സ്ഥിരമായി വുളൂഅ്‌ ഉണ്ടായിരിക്കും. യാത്രയാവട്ടെ അല്ലാതിരിക്കട്ടെ... ഏതു പള്ളിയിൽ കയറിയാലും 2 റക്അത്ത് നിസ്കരിക്കും. നടന്നു പോകുമ്പോൾ പാതയിൽ കാണുന്ന വൃത്തിഹീനമായ വസ്തുക്കൾ അവിടുത്തെ കൈകൾ കൊണ്ട് എടുത്തു മാറ്റുമായിരുന്നു...

ഏത് ആജ്ഞയും ശിരസ്സാവഹിക്കാൻ തയ്യാറായി എണ്ണമറ്റ ശിഷ്യന്മാർ ഉണ്ടായിരുന്നിട്ടും, ശൈഖ് (റ) ആരെകൊണ്ടും നിർബന്ധിച്ച് സേവനങ്ങൾ ചെയ്യിച്ചിരുന്നില്ല. അങ്ങാടിയിൽ പോയി മത്സ്യവും മറ്റും സ്വന്തമായാണ് വാങ്ങി കൊണ്ട് വന്നിരുന്നത്. ഞാൻ തന്നെ സേവകനാണ് സേവകന് എന്തിന് മറ്റൊരു സേവകൻ..? എന്നായിരുന്നു മഹാനവർകളുടെ ഭാഷ്യം...

ഏത് നാട്ടിലെത്തിയാലും ആ നാട്ടിലെ ഏറ്റവും പാവപ്പെട്ട വ്യക്തിയുടെ ഭവനത്തിലാണ് ശൈഖ് (റ) താമസിക്കുക. പണക്കാരുടെ മുഖത്ത് നോക്കുക പോലുമരുതെന്ന് അവർ ശിഷ്യഗണങ്ങളെ ഉപദേശിച്ചിരുന്നു. ഹൃദയനാശമുണ്ടാകുമെന്നാണ് അതിന് കാരണം പറഞ്ഞത്. സദസ്സ് കൂടിയിരിക്കുമ്പോൾ ഭൗതിക കാര്യങ്ങൾ സംസാരിക്കുന്നതിന് ആർക്കും അനുവാദമുണ്ടായിരുന്നില്ല. ഒരു സ്ഥലത്തോ വീട്ടിലോ ശൈഖ് തങ്ങൾ ഇറങ്ങി താമസിച്ചെന്നാൽ ആ സ്ഥലം വളരെ പവിത്രമാണെന്ന് അവർ മനസ്സിലാക്കിയിരുന്നു. ഇത്തരം വേളകളിൽ ആളുകൾ കൈ ചുംബിക്കാനായി വരുമെങ്കിലും വിനയാന്വിതനായ ശൈഖവർകൾ അതിന് സമ്മതിച്ചിരുന്നില്ല...

ഇസ്ലാമികമായ ചിഹ്നങ്ങളോടും മതത്തിന്റെ ആളുകളോടും അതിരറ്റ സ്നേഹവും ബഹുമാനവുമാണ് മഹാനവർകൾ പ്രകടിപ്പിച്ചിരുന്നത്. കഅ്ബാ ശരീഫിനോടുള്ള ആദരവിന് ഭംഗം വരുമെന്ന് കരുതി ഖിബ്ലക്ക് മഹാനവർകൾ പിന്നിടാറില്ലായിരുന്നു. മുസ്ലിംകളായ ചെറുപ്പക്കാരെ പ്രത്യേകം ആദരിക്കുകയും അവരോട് സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യും. ശൈഖ് (റ) പറയും : ഈ യുവത്വത്തെ അല്ലാഹു ﷻ ആദരിച്ചിരിക്കുന്നു..."


അന്യ മതസ്ഥരോട് ആദരവോടെയാണ് ശൈഖ് (റ) പെരുമാറിയിരുന്നത്. അവരെ അവരുടെ ആശയങ്ങൾക്കനുസരിച്ച് ജീവിക്കാൻ അനുവദിക്കുകയും അതിന് വേണ്ടത് ചെയ്തു കൊടുക്കുകയും ചെയ്തു. ശൈഖവർകളുടെ ഈ വിശാല മനസ്സ് വായിച്ച പലരും സത്യമത വിശ്വാസികളായത് ചരിത്രത്തിൽ കാണാം...

രിഫാഈ (റ) ഒരേ സമയം രണ്ട് തരം ആഹാര സാധനങ്ങൾ കഴിക്കുമായിരുന്നില്ല. ഭക്ഷണം കഴിച്ചിരുന്നത് തന്നെ വളരെ കുറച്ചായിരുന്നു. കൂടുതൽ ഭക്ഷണം സുഖലോലുപനാക്കി ഉറക്കുമെന്നല്ലാതെ എനിക്കെന്താണ് അതു കൊണ്ട് ഗുണം എന്നാണ് മഹാനവർകൾ ചോദിച്ചിരുന്നത്...

വയർ നിറച്ചു ഭക്ഷണം കഴിക്കാൻ വകയില്ലാത്തവർ എത്രയോ ഗ്രാമങ്ങളിലുണ്ട്. ആ യാഥാർത്ഥ്യങ്ങൾ അറിഞ്ഞു കൊണ്ട് ഞാൻ വയർ നിറച്ച് ഭക്ഷിച്ചാൽ അല്ലാഹു ﷻ എന്നെ ചോദ്യം ചെയ്യും. അല്ലാഹു ﷻ എന്നെ ശിക്ഷിച്ചേക്കും എന്ന് ശൈഖ് (റ) പറയുമായിരുന്നു...

ഒരു ദിവസം ഭക്ഷണം കൊണ്ടു വന്നപ്പോൾ മഹാനവർകൾ പറഞ്ഞു : ദുനിയാവ് വന്നു. ഭക്ഷണം കഴിക്കുന്നത് ഭൗതിക പ്രേമമാവുമോ..? അപ്പോൾ ശിഷ്യന്മാർക്ക് സംശയം. അല്ലാഹുﷻവിനെ ഓർക്കുന്നതിന് വിഘ്നമാവുന്നതെന്തും ഭൗതിക പ്രേമമാവുമെന്നായിരുന്നു ശൈഖ് (റ) വിന്റെ മറുപടി. ഭക്ഷണം കഴിച്ച പാത്രം അവിടുന്ന് സ്വയം കഴുകുകയും കഴുകിയ വെള്ളം കുടിക്കുകയും ചെയ്യുമായിരുന്നു...[ഖിലാദത്ത്]


ശൈഖ് (റ) വിന്റെ സേവകനായിരുന്ന ഒരു മഹാൻ പറയുന്നു : ഞാൻ ശൈഖ് (റ) വിന് വർഷങ്ങളോളം സേവനം ചെയ്തു. ഇക്കാലയളവിനുള്ളിൽ തന്റെയടുക്കൽ എന്തെങ്കിലും ആവശ്യവുമായി വരുന്ന ആരെയും ശൈഖവർകൾ മടക്കി അയച്ചിരുന്നില്ല. പരിചയമുള്ളവർക്കും ഇല്ലാത്തവർക്കുമെല്ലാം സലാം ചൊല്ലിയിരുന്നു. ഞാൻ ചെയ്ത ഒരു പ്രവർത്തനത്തെയും മഹാനവർകൾ ആക്ഷേപിച്ചിട്ടില്ല. ചെയ്ത കാര്യങ്ങളെ കുറിച്ച് നീ എന്തിന് അതു ചെയ്തുവെന്നോ, ചെയ്യാത്തതിനെ കുറിച്ച് നീ എന്തു കൊണ്ട് അങ്ങനെ ചെയ്തില്ല എന്നോ ചോദിച്ചിട്ടില്ല. എന്തെങ്കിലും പ്രശ്നത്തിൽ എന്നെ ശകാരിച്ചിട്ടുമില്ല...[ഖിലാദത്ത് : 54]


തന്റെ ഗ്രാമമായ ഉമ്മു അബീദയിൽ നിന്ന് പുറത്തുപോകുമ്പോൾ കൂടെ ഒരു കയർ കരുതുക ശൈഖവർകളുടെ സ്വഭാവമായിരുന്നു. തിരിച്ചു വരുമ്പോൾ ആ കയറിൽ നിറയെ വിറക് കെട്ടിക്കൊണ്ട് വരികയും തന്റെ നാട്ടിലെ ആശ്രയരഹിതർക്കും വിധവകൾക്കും അത് വിതരണം ചെയ്യുകയും ചെയ്യുമായിരുന്നു. വളരെ പതുക്കെയാണ് ശൈഖ് (റ) സംസാരിച്ചിരുന്നത്. അതും ആവശ്യമുള്ള കാര്യങ്ങൾക്ക് മാത്രം.

അല്ലാഹുﷻവിലുള്ള ഭയം നിമിത്തം അവർ സദാ ചിന്താധീനനായിരുന്നു. ഇനി കുറഞ്ഞ സമയമേ ബാക്കിയുള്ളൂ ശൈഖ്  (റ) പറയുമായിരുന്നു. നമസ്കാര സമയമായാൽ ഭൗതിക വിഷയങ്ങളുമായി പിന്നെ ബന്ധപ്പെടുമായിരുന്നില്ല. ഒരിക്കൽ ഭാര്യയോട് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. അപ്പോൾ ബാങ്ക് വിളിക്കുന്നത് കേൾക്കാനിടയായി. ഉടനെ ശൈഖ് (റ) പറഞ്ഞു : അല്ലാഹുﷻവിന് നിർവ്വഹിക്കേണ്ട ബാധ്യതയ്ക്ക് സമയമായി. ശരീരത്തിന്റെ ബാധ്യത ഈ പ്രാധാന്യമർഹിക്കുന്നില്ല. നിസ്കാരത്തിൽ നിന്നാൽ അല്ലാഹുﷻവോടുള്ള ഭയഭക്തി മൂലം ശൈഖവർകളുടെ മുഖം നിറം മാറുമായിരുന്നുവെന്ന് ശിഷ്യന്മാർ രേഖപ്പെടുത്തുന്നു. സുബ്ഹ് നിസ്കരിച്ചു കഴിഞ്ഞാൽ ളുഹാ വരെ അവിടെ തന്നെയിരുന്ന് കരയുകയും പ്രാർത്ഥിക്കുകയും ചെയ്യും. സൂറത്തുൽ ഫാതിഹ മഹാനവർകൾ ധാരാളമായി ഓതാറുണ്ടായിരുന്നു...[ഖിലാദത്ത്]


ഒരു ദിവസം ശൈഖവർകൾ നടന്നു പോകുന്ന വഴിക്ക് കുറേ കുട്ടികൾ ഇരുന്ന് തർക്കിക്കുന്നത് കണ്ടു. ശൈഖ് (റ) സൗമ്യമായി പ്രശ്നം ആരായുകയും അവരെ പറഞ്ഞ് ശരിയാക്കി വഴക്ക് തീർക്കുകയും ചെയ്തു. അതിൽ ഒരുവനോട് നീ ആരുടെ മകനാണ് എന്ന് ശൈഖ് (റ) ചോദിച്ചു... അത് അറിഞ്ഞത് കൊണ്ട് താങ്കൾക്കെന്ത് കാര്യം എന്നായിരുന്നു അവന്റെ പ്രത്യുത്തരം. ശൈഖ് രിഫാഈ (റ) തങ്ങളെ തിരിച്ചറിയാതെ പറഞ്ഞതാണ് ആ കുട്ടി. ശൈഖവർകൾ ലവലേശം ക്ഷോപിച്ചില്ല. കുഞ്ഞേ, നീ പറഞ്ഞത് ശരിയാണ്. നിനക്ക് അല്ലാഹു ﷻ പ്രതിഫലം നൽകട്ടെ... ശൈഖവർകൾ നടന്നു നീങ്ങി. ഏതൊരു മനുഷ്യനും സ്വാഭാവികമായി പൊട്ടിത്തെറിച്ച് പോവുന്ന ഘട്ടത്തിൽ അക്ഷോഭ്യനായി ആത്മ സംയമനത്തോടെ സംസാരിക്കാൻ മഹാന്മാർക്കേ കഴിയൂ.

സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടു പോയ രോഗികൾക്ക് അവരുടെ നിലവാരത്തിലേക്ക് ഇറങ്ങിച്ചെന്നാണ് ശൈഖ് (റ) സാന്ത്വനമേകിയിരുന്നത്. കുഷ്ഠം, വെള്ളപ്പാണ്ട് തുടങ്ങിയ വ്യാധികളുമായി ജനങ്ങളാൽ അകറ്റപ്പെട്ടവരെ ആത്മീയ ലോകത്തിന്റെ ആചാര്യൻ ശുശ്രൂഷിക്കുകയും അവരോട് ക്ഷമ ഉപദേശിക്കുകയും ചെയ്തു. ശൈഖ് (റ) തന്നെ അവരുടെ വസ്ത്രം അലക്കി കൊടുക്കുകയും ചെയ്തു.

ശൈഖ് മൻസ്വൂറുൽ ഖർനൂബി (റ) പറയുന്നു : ശൈഖ് രിഫാഈ (റ) പകൽ ഒരു പ്രാവശ്യവും രാത്രി ഒരു പ്രാവശ്യവും ഖുർആൻ ഓതി തീർക്കുമായിരുന്നു. അവിടുത്തെ ജീവിതകാലം മുഴുവനും പതിവ് ഇതായിരുന്നു...

 സയ്യിദ് ഇമാദുദ്ദീനുസ്സിൻകി (റ) പറയുന്നു : 12 വർഷം ഞാൻ ശൈഖ് (റ) വിന് സേവനം ചെയ്തു. അതിനിടെ ഒരിക്കൽ പോലും അവിടുന്ന് രാത്രി ഉറങ്ങുന്നത് ഞാൻ കണ്ടിട്ടില്ല... സ്വൽപ്പമെങ്കിലും ഉറങ്ങിയിരുന്നത് ളുഹാക്ക് ശേഷം ളുഹ്റിന് മുമ്പായിരുന്നു...[അർറൗളുന്നളീർ : 32,33]


ശൈഖ് രിഫാഈ (റ) ഖുർആൻ പാരായണത്തിലും ദിക്റുകളിലും സ്വലാത്തിലും വളരെയധികം ശ്രദ്ധവെച്ചു പുലർത്തിയിരുന്നു. അവിടുത്തേക്ക് പതിവായ വിർദുകളും ദിക്റുകളുമുണ്ടായിരുന്നു. പല പ്രമുഖരും അവ ക്രോഡീകരിച്ചിട്ടുണ്ട്. അൽ അഹ്സാബുർരിഫാഇയ്യഃ, അൽസിർറുൽ മസ്വൂൻ, കിതാബു സ്സയ്റി വൽ മസാഈ ഫീ അഹ്സാബി, ഔറാദിസ്സയ്യിദിൽ ഗൗസിർരിഫാഈ എന്നിവ ശൈഖ് (റ) വിന്റെ വിർദുകൾ മാത്രം ക്രോഡീകരിച്ചവയാണ്...

*اللّٰهمّ صل على سيدنا محمّد النّبي الأمي الطاهر الزكي صلاة تحل بها العقدة وتفك بها الكرب وعلى آله وصحبه وسلم

എന്ന സ്വലാത്തായിരുന്നു ശൈഖ് രിഫാഈ (റ) പതിവാക്കിയിരുന്ന സ്വലാത്ത്. അഞ്ച് വഖ്ത് നിസ്കാരത്തിന്റെ ശേഷവും അവിടുന്ന് നടത്തിയിരുന്ന പ്രത്യേക ദുആ കിതാബു സ്സയ്റി വൽ മസാഈ എന്ന ഗ്രന്ഥത്തിൽ ഉദ്ധരിക്കുന്നു...

اللّٰهم إني أسئلك من النعمة تمامها ومن العصمة دوامها ومن الرحمة شمولها ومن العافية حصولها

ومن العيش ارغده ومن العمر اسعده ومن الاحسان أتمه ومن الأنعام أعمه ومن الفضل أعذبه ومن اللطف انفعه

اللّٰهم كن لنا ولا تكن علينا - اللّٰهم اختم بالسعادة آجالنا وحقق بالزيادة آمالنا واصبب سجال عفوك على ذنوبنا ومن علينا باصلاح عيوبنا

واجعل التقوى زادنا وفى دينك اجتهادنا وعليك توكّلنا واعتمادنا والى رضوانك معادنا ، اللّٰهم ثبتنا على نهج الاستقامة واعذنا

فى الدنيا من موجبات اندامة يوم القيامة اللّٰهم خفف عنا ثقل ا لاوزار وارزقنا عيشة الأبرار واكفنا واصوف عناشر الأشرار

وأعتق رقابنا ورقاب آبائنا وأمهاتنا واخواننا من النار ، يا عزيز يا غفار يا كريم يا ستار يا حليم يا جبار يا اللّٰه يا اللّٰه

اللّٰهم ارنى الحق حقا وارزقنى اتباعه وارنى الباطل باطلا وارزقنى اجتنابه ولا تجعل على متشابها فاتبع الهوى

اللّٰهم انى أعوذ بك ان اموت فى طلب الدنيا برحمتك يا ارحم الراحمين ، وصلى اللّٰه على سيدنا محمد وآله وصحبه اجمعين ، والحمد لله رب العالمين


ശൈഖ് രിഫാഈ (റ) ദിവസവും 1000 പ്രാവശ്യം ചൊല്ലിയിരുന്ന ദിക്ർ


لا اله إلا انت سبحانك إنى كنت من الظالمين عملت سوء ظلمات نفسي واسرفت في أمري ولا يغفر الذنوب الا انت فاغفرلى انك انت التواب الرحيم يا حي يا قيوم لا اله الا انت

ഏറ്റവുമധികം അനുഗ്രഹിക്കപ്പെട്ടവർ അവിടുത്തെ ശിഷ്യജനങ്ങൾ തന്നെ. ആത്മീയോപദേശങ്ങൾക്കും ശീലനങ്ങൾക്കും പുറമേ മനസ്സ് നിറയെ സ്നേഹവും അനുഭാവവും ആദരവും. കൈയിലുള്ള സാധനങ്ങളെല്ലാം അവർക്ക് ഓഹരി ചെയ്തു കൊടുക്കും. ശിഷ്യന്മാരെ ജമാഅത്തിനോ ജുമുഅക്കോ കണ്ടില്ലെങ്കിൽ കാരണമന്വേഷിക്കും. ഏതെങ്കിലും ശിഷ്യൻ ആരെയെങ്കിലും അസഭ്യം പറഞ്ഞാൽ അവനെ ശകാരിക്കുകയും മാപ്പു പറയുന്നത് വരെ അവനുമായി ബന്ധപ്പെടുന്നതിൽ നിന്ന് മറ്റുള്ളവരെ തടയുകയും ചെയ്തിരുന്നു...

ശിഷ്യന്മാർക്ക് എന്തെങ്കിലും വിഷമതകൾ വരുന്നത് ശൈഖവർകൾക്ക് വലിയ മനോവേദനയായിരുന്നു. രോഗികളായ ശിഷ്യന്മാരെ ശൈഖ് (റ) സന്ദർശിക്കുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യും. ഒരിക്കൽ ശൈഖവർകൾ ശിഷ്യനായ ശൈഖ് യഅ്ഖൂബ് (റ) വിനോട് പറഞ്ഞു : യഅ്ഖൂബേ, അല്ലാഹുﷻവാണ്.., എന്റെ ശിഷ്യന്മാർക്ക് ആന്തരികമോ ബാഹ്യമോ ആയ എന്തു പ്രയാസമുണ്ടായാലും അതിന്റെ വേദന ഞാൻ എന്റെ ഇടനെഞ്ചിൽ അനുഭവിക്കുന്നു...

ഭൗതികമായ താൽപര്യങ്ങൾക്കും നൈമിഷിക നേട്ടങ്ങൾക്കും ഉപരിയാണ് മഹാന്മാരുടെ ചിന്തകൾ പോവുക. അല്ലാഹുﷻവിൽ നിന്ന് ശാശ്വതമായി ലഭിക്കാനിരിക്കുന്ന സ്നേഹാനുഗ്രഹങ്ങൾക്ക് വേണ്ടി ഭൗതികമായ സമ്പത്തും ആഡംബരങ്ങളും വേണ്ടെന്ന് വെച്ച് തികഞ്ഞ ആത്മീയ വഴിയിലൂടെ സ്വജീവിതം കാണിച്ചു കൊടുത്ത മഹാനവർകൾക്കെതിരെ ചിലരെല്ലാം വന്ന് ശൈഖവർകളുടെ ഉടമസ്ഥതയിലുള്ള സാധനങ്ങൾ തങ്ങളുടേതാണെന്ന് വാദിക്കുകയും, ശൈഖവർകൾ അതു വക വെച്ചു കൊടുക്കുകയും ചെയ്യും. ഇങ്ങനെ ചില സ്വത്തെല്ലാം അന്യാധീനപ്പെട്ടു പോയി. പക്ഷെ ഇതിനൊരു മറുവശം കൂടിയുണ്ട്. ശൈഖ് (റ) വിന്റെ ഈ പരിത്യാഗ മനസ്ഥിതിയെ കുറിച്ച് കൂടുതൽ ചിന്തിച്ച ധാരാളം പേർ ആത്മീയ മേഖലയിലേക്ക് തിരിയുന്നതിന് ഇത് നിമിത്തമായി.

ബനൂ സ്വൈറഫി എന്ന കുടുംബം ഹമാമിയ കോടതിയിൽ ശൈഖ് (റ) വിനെതിരിൽ പരാതി നൽകി. ശൈഖ് (റ) വിന്റെ ഭൂമി യഥാർത്ഥത്തിൽ അവരുടേതാണെന്നും അവ തിരിച്ചു കിട്ടണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം. കോടതി ശൈഖവർകളെ വിളിപ്പിച്ചു. പരാതിക്കാരും എത്തിയിട്ടുണ്ട്. വിചാരണ ആരംഭിച്ചു...

ന്യായാധിപൻ അന്യായക്കാരനോട് : എന്താണ് നിങ്ങൾക്ക് ശൈഖ് അഹ്മദിനെ കുറിച്ചുള്ള പരാതി..?

അന്യായക്കാരൻ : ശൈഖ് അഹ്മദ് കൈവശം വച്ചിരിക്കുന്ന ഭൂമി ഞങ്ങളുടേതാണ്.

ന്യായാധിപൻ ശൈഖിനോട് : താങ്കൾക്കെന്താണ് പറയാനുള്ളത്..?

ശൈഖ് (റ) : അവർ പറയുന്നത് ശരി തന്നെയാണ്. അതാണ് യാഥാർത്ഥ്യം.

അന്യായക്കാരൻ : ഞങ്ങളുടെ മറ്റൊരു സ്ഥലം കൂടി ശൈഖ് അഹ്മദ് കൈവശം വെച്ചിട്ടുണ്ട്.

ശൈഖ് (റ) : അവർ പറയുന്നതൊക്കെ സത്യം തന്നെ. അവർ പറയുന്ന ഭൂമിയൊക്കെ അവരുടേതാണ്.

ശൈഖ് (റ) തീരെ എതിർക്കുന്നില്ലെന്ന് കണ്ട ന്യായാധിപൻ അന്യായക്കാരനോട് : കാര്യം ഇങ്ങനെയായിരിക്കെ നിങ്ങൾ പരാതിയുമായി ഇവിടെ വരേണ്ട കാര്യമെന്ത്..?!

 അതിന് ശൈഖ് (റ) വാണ് മറുപടി പറഞ്ഞത് : "നശ്വരമായ, ശവതുല്യമായ ഭൂമിക്ക് വേണ്ടി തർക്കിക്കാൻ ഞാനില്ല. അല്ലാഹു ﷻ സത്യം, അവർ ഞാൻ താമസിക്കുന്ന ഭവനത്തിന് തന്നെ അവകാശമുന്നയിച്ചാലും അത് നൽകാൻ ഞാൻ തയ്യാറാണ്..."

ആ വാക്കുകൾ കൊള്ളേണ്ടിടത്ത് കൊണ്ടു. ശൈഖ് (റ) വിന്റെ ലൗകിക വർജ്ജനം കണ്ട ബനു സ്വൈറഫിക്കാർ മഹാനവർകളോട് മാപ്പപേക്ഷിക്കുകയും അവകാശവാദം ഉപേക്ഷിക്കുകയും ചെയ്തു.[ഖിലാദത്ത് : 134]




ശൈഖവർകളുടെ സദസ്സിൽ ഒരു അനാഥ ബാലൻ സ്ഥിരമായി വരുമായിരുന്നു. ദിക്ർ മജ്ലിസിലും വയളിന്റെ സദസ്സിലുമൊക്കെ ആ ബാലൻ എപ്പോഴും പങ്കെടുക്കാറുണ്ട്. ആ കുട്ടി ആവശ്യപ്പെടുന്ന സാധനങ്ങളൊക്കെ നൽകുക ശൈഖ് (റ) പതിവാക്കിയിരുന്നു. അവനു വേണ്ട ഭക്ഷണവും കളിപ്പാട്ടവുമെല്ലാം ചോദിക്കും മുമ്പേ നൽകിയിരിക്കും. സമസൃഷ്ടികളോടുള്ള ഉദാത്തമായ ഈ സ്നേഹമാണ് ശൈഖവർകളെ ഇത്രയേറെ ഉയർത്തിയതെന്ന് പല സമകാലികരും പറഞ്ഞിട്ടുണ്ട്...

ഒരു ദിവസം മഹാനവർകൾ ശിഷ്യരുടെ കൂടെ ഇരിക്കുമ്പോൾ ശൈഖവർകളെ അറിയുന്ന ഒരു ബാലൻ കടന്നു വന്നു...

തനിക്ക് കളിക്കാൻ കളിക്കോപ്പ് വേണമെന്ന് പറഞ്ഞു..! ഇവിടെ അൽപം കാരക്കയും റൊട്ടിയുമല്ലാതെ ഒന്നുമില്ലല്ലോ മോനേ, അതു നീ ഇഷ്ടം പോലെ കഴിച്ചോളൂ എന്ന് ശൈഖ് (റ) അവനോട് പ്രതികരിച്ചു. അതോടെ കുട്ടി കരച്ചിലായി. കുഞ്ഞിന്റെ കണ്ണീര് കണ്ട് ശൈഖ് (റ) ഉടനെ ശിഷ്യന്മാരെ വിട്ട് അങ്ങാടിയിൽ നിന്ന് കളിപ്പാട്ടം വരുത്തി. അത് അവനു നൽകി. ആ കുട്ടി എന്നും അതുമായി കളിക്കുകയും ശൈഖ് (റ) പറയുന്ന സ്ഥലത്ത് അത് സൂക്ഷിച്ചു വെക്കുകയും ചെയ്യുമായിരുന്നു...


മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്യുക, അവരുടെ സന്തോഷത്തിൽ ആനന്ദം കണ്ടെത്തുക ഇതായിരുന്നു മഹാനവർകളുടെ രീതി. ഒരിക്കൽ മുഹമ്മദ് ബ്നുൽ മുൻകദിർ (റ) ശൈഖ് രിഫാഈ (റ) വിനോട് ചോദിച്ചു. അങ്ങ് ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് എന്ത് ചെയ്യാനാണ്..?  "വിശ്വാസികൾക്ക് സന്തോഷം പകരാൻ" എന്നതായിരുന്നു മറുപടി... "സൃഷ്ടികളോടുള്ള സ്നേഹവും വാത്സല്യവും സൃഷ്ടാവിലേക്ക് അടുപ്പിക്കും " മഹാനവർകൾ പറയുമായിരുന്നു...

ഉമ്മു അബീദ ഗ്രാമത്തിൽ മാരകമായ വ്രണങ്ങൾ ബാധിച്ച ഒരു പട്ടിയുണ്ടായിരുന്നു. കഠിനമായ രോഗപീഡ മൂലം ആ സാധു ജീവിയുടെ ശരീരം തൊലിയുരിഞ്ഞ് പൊട്ടിയൊലിക്കുന്നുണ്ടായിരുന്നു. കാഴ്ച ശക്തി പാടെ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. അസഹ്യമായ ദുർഗന്ധം കാരണം അനുകമ്പയുള്ളവർ പോലും അതിനടുത്തേക്ക് തിരിഞ്ഞു നോക്കിയിരുന്നില്ല. നടക്കാൻ പോലുമാവാതെ ആ തെരുവു പട്ടി അങ്ങനെ കഴിഞ്ഞു. അറപ്പുളവാക്കുന്ന ആ ദൃശ്യം കണ്ണിന് അരോചകമായി തോന്നിയ ആരൊക്കെയോ ചേർന്ന് അതിനെ ഒരു വിധം വലിച്ചിഴച്ച് ഗ്രാമത്തിന് വെളിയിൽ കൊണ്ടുപോയിട്ടു..!!

അപ്പോഴാണ് ശൈഖ് (റ) വിവരമറിയുന്നത്. മഹാനവർകളുടെ ഉള്ള് വല്ലാതെ വേദനിച്ചു. സങ്കടമുള്ള ഹൃദയവുമായി മഹാനവർകൾ മരുന്നും ഭക്ഷണവുമെടുത്ത് ആ ജീവിയുടെ അടുത്തെത്തി. ഭക്ഷണം നൽകി. മരുന്നു വെച്ചുകെട്ടി. വേണ്ട പരിചരണങ്ങളെല്ലാം നടത്തി. വെയിൽ കൊള്ളുന്നത് അതിന്റെ ശരീരത്തിന് ഹാനികരമാകുമെന്ന് മനസ്സിലാക്കിയ മഹാനവർകൾ അതിന് വേണ്ടി ഒരു ചെറിയ കൂടാരം കെട്ടി അതിനെ അതിൽ പാർപ്പിച്ചു. നാൽപ്പത് ദിവസം അതിനെ പരിപാലിച്ചു. വെള്ളം ചൂടാക്കി അതിനെ കുളിപ്പിച്ചു വൃത്തിയാക്കി...

മരുന്നും ഭക്ഷണവും പരിചരണവും ലഭിച്ചതോടെ പട്ടിയുടെ ആരോഗ്യം മെച്ചപ്പെട്ടു. വ്രണങ്ങൾ ഉണങ്ങുകയും ശരീരം മൃദുലമാവുകയും ചെയ്തു. ശൈഖ് രിഫാഈ (റ) തങ്ങൾ നാട്ടിൽ തിരിച്ചെത്തിയപ്പോൾ ഒരു പട്ടിക്ക് വേണ്ടി ഇത്രത്തോളം ത്യാഗം ചെയ്യേണ്ടതുണ്ടോ എന്നായി ബന്ധപ്പെട്ടവർ...

 വിചാരണ നാളിൽ ഇതിന്റെ പേരിൽ അല്ലാഹു ﷻ എന്നെ ശിക്ഷിക്കുമോ എന്ന് ഞാൻ ഭയക്കുന്നു. നീ എന്ത് കൊണ്ട് ആ ജീവിയോട് കരുണ കാണിച്ചില്ല. നിനക്ക് അസുഖം പിടിക്കുന്ന സ്ഥിതി എന്ത് കൊണ്ട് ഭയന്നില്ല. എന്ന് അല്ലാഹു ﷻ ചോദിച്ചേക്കും എന്നായിരുന്നു ശൈഖ് (റ) വിന്റെ പ്രതിവചനം...
 [ഖിലാദത്തുൽ ജവാഹിർ, നൂറുൽ അബ്സ്വാർ]


ഒരിക്കൽ ശൈഖ് (റ) വിന്റെ ഒരു ശിഷ്യൻ മജ്ലിസിലേക്ക് ഒരു കുരുവിയുമായി വന്നു. അതിന്റെ കാലുകൾ ചരടു കൊണ്ട് മുറുകെ കെട്ടിയിരുന്നു. ആ കുരുവി ശക്തമായ വേദന അനുഭവിക്കുന്നുണ്ടെന്ന് കണ്ടാലറിയാം. ശൈഖ് (റ) ശിഷ്യനോട് അതിനെ കെട്ടഴിച്ചുവിടാൻ നിർദ്ദേശിച്ചു. ശിഷ്യൻ സമ്മതിച്ചില്ല. കുരുവി തന്റെ ഉടമസ്ഥതയിലുള്ളതാണ്. ഉസ്താദിന് വേണമെങ്കിൽ അതിനെ വിലക്ക് വാങ്ങി സ്വതന്ത്രമാക്കാമല്ലോ..? അൽപ്പം ധിക്കാരപരമെന്നു തോന്നാവുന്ന ആ വാക്കുകൾ കേട്ടിട്ടും ശൈഖ് (റ) ഉടനെ സമ്മതിക്കുകയാണുണ്ടായത്. എന്തു വില വേണ്ടി വരും..?


കൗതുകകരമായിരുന്നു ശിഷ്യൻ ആവശ്യപ്പെട്ട വില : സ്വർഗ്ഗീയ ലോകത്ത് എനിക്ക് അങ്ങയുടെ സന്തത സഹചാരിയാവണം. എനിക്ക് സ്വിറാത്വ് മുറിച്ചു കടക്കാൻ കഴിയണം. എങ്കിൽ അങ്ങനെയാവട്ടെ എന്നായി ശൈഖ് (റ) ഈ ആവശ്യങ്ങൾ ഉറപ്പു തരുന്നതായി കരാർ ചെയ്യണമെന്ന് കൂടി ശിഷ്യൻ ആവശ്യപ്പെട്ടപ്പോൾ ആ സാധു ജീവിയുടെ മോചനത്തിനായി അത് ചെയ്യാനും ശൈഖ് (റ) തയ്യാറായി...

ഒരു വെള്ളിയാഴ്ച്ച ദിവസം ശൈഖ് (റ) അൽപമൊന്നുറങ്ങിപ്പോയി. തൽസമയം ഒരു പൂച്ച വന്ന് ശൈഖ് (റ) വിന്റെ കുപ്പായ കൈക്ക് മുകളിലായി കയറി കിടപ്പായി. ശൈഖ് (റ) ഉണർന്നപ്പോൾ പൂച്ചയെ കണ്ടു. അത് ശാന്തമായി ഉറങ്ങുകയാണ്. ശൈഖവർകൾക്ക് കുപ്പായം വലിച്ചെടുക്കാൻ മനസ്സു വന്നില്ല. മഹാനവർകൾ ഒരു കത്രിക കൊണ്ടു വരാൻ പറഞ്ഞു. പൂച്ചയെ ഉണർത്താതെ അതു കിടന്നതിന് ചുറ്റുമുള്ള ഭാഗങ്ങൾ വെട്ടി മാറ്റി മുറിഞ്ഞ കുപ്പായവുമിട്ടാണ് മഹാനവർകൾ അന്ന് പള്ളിയിലേക്ക് പോയത്. തിരിച്ചു വന്നപ്പോൾ പൂച്ച സ്ഥലം വിട്ടിരുന്നു. പൂച്ച കിടന്നിരുന്ന തുണിയെടുത്ത് ശൈഖ് (റ) അത് യഥാസ്ഥാനത്ത് തുന്നിപ്പിടിപ്പിച്ചു. ഒരു പൂച്ചക്ക് വേണ്ടി ഇങ്ങനെ കുപ്പായം കീറേണ്ടിയിരുന്നോ എന്ന് ഭാര്യ ചോദിച്ചപ്പോൾ അതിൽ അനൗചിത്യമൊന്നുമില്ലെന്നും നന്മ മാത്രമേയുള്ളുവെന്നുമായിരുന്നു ശൈഖ്  (റ) വിന്റെ മറുപടി...[ത്വബഖാത്ത് : 6/23]


ശൈഖ് രിഫാഈ (റ) വിന്റെ ശിഷ്യന്മാരിൽപ്പെട്ട ശൈഖ് മിഖ്ദാം (റ) പറയുന്നു : ഞാനും മറ്റൊരു ശിഷ്യനും കൂടി ഒരു പ്രഭാതത്തിൽ സുബ്ഹി നിസ്കരിക്കാൻ പുറപ്പെട്ടു. ശക്തമായ തണുപ്പ് കാരണം ഏറെ ക്ലേശമനുഭവിക്കുന്ന കാലമായിരുന്നു അത്. ഞങ്ങൾ ചെന്നപ്പോഴേക്ക് ശൈഖ് (റ) വുളൂഅ്‌ എടുത്ത് കഴിഞ്ഞിരുന്നു. എങ്കിലും വുളൂഅ്‌ എടുത്ത സ്ഥലത്ത് തന്നെ ഒരേ നിൽപ്പ് നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഞങ്ങൾ വുളൂഅ്‌ എടുത്ത് കയറി. നിസ്കാരത്തിന് ശൈഖ് (റ) വരുന്നത് കാത്തു നിന്നു. മഹാനവർകൾ വരുന്നത് കണ്ടില്ല...

കുറേ കഴിഞ്ഞിട്ടും കാണാതായപ്പോൾ ഞങ്ങൾ ചെന്നു നോക്കി. അപ്പോൾ മഹാനവർകൾ അനങ്ങാതെ നിൽക്കുകയാണ്. കൈകൾ നീട്ടിപ്പിടിച്ചിരിക്കുന്നു. അമ്പരപ്പോടെയും കൗതുകത്തോടെയും ഞങ്ങൾ അടുത്തേക്ക് ചെന്നപ്പോൾ ചോര കുടിച്ചു വീർത്ത ഒരു കൊതുകുണ്ട് ശൈഖവർകളുടെ കൈക്കു മേൽ ഇരിക്കുന്നു. ഞങ്ങളുടെ ചലനം കണ്ട് ആ പ്രാണി പാറിപ്പോയി. ആ ജീവിയെ ശല്യപ്പെടുത്താതെ അതിനുള്ള ഭക്ഷണം അനുവദിച്ചു കൊടുക്കുകയായിരുന്നു ശൈഖ് രിഫാഈ (റ).


സഹനം സംയമനം


ശൈഖ് തങ്ങളും ശിഷ്യന്മാരും ഒരു യാത്രയിലാണ്. ഹമാമിയ്യ എന്നു പേരായ ഒരു സ്ഥലത്തെത്തിയപ്പോൾ എതിർ ഭാഗത്ത് നിന്ന് ഒരു സംഘം വരുന്നത് കണ്ടു. ശൈഖ് അത്വീഖുസ്സാലിം (റ) എന്ന മഹാനും സഹജരുമായിരുന്നു അത്. അവർ അടുത്തെത്തിയപ്പോൾ ശൈഖവർകൾ വാഹനത്തിൽ നിന്നിറങ്ങി ശിഷ്യന്മാരോടായി പറഞ്ഞു : അദ്ദേഹം എന്ത് പറഞ്ഞാലും നിങ്ങൾ അത് സഹിക്കണം. അദ്ദേഹം എന്നെ ചീത്ത വിളിക്കുകയോ അടിക്കുകയോ ചെയ്താൽ പോലും നിങ്ങൾ ഒന്നും പ്രതികരിക്കരുത്..! അപ്പോഴേക്കും അത്വീഖുസ്സാലിം (റ) വും സംഘവും ഇങ്ങെത്തിക്കഴിഞ്ഞിരുന്നു...

ശൈഖ് രിഫാഈ (റ) അദ്ദേഹത്തെ ആദരപൂർവ്വം സ്വീകരിച്ചു. പക്ഷേ അദ്ദേഹം ശൈഖ് (റ) വിനെ ചീത്ത വിളിക്കുകയാണ് ചെയ്തത്. അതു കേട്ട ശൈഖ് തങ്ങൾ തിരിച്ചൊന്നും പറയാതെ വിനയപുരസ്സരം തല താഴ്ത്തി നിന്നു. അൽപം കഴിഞ്ഞപ്പോൾ ശൈഖ് (റ) വിനയാന്വിതനായി അദ്ദേഹത്തോട് പറഞ്ഞു : ഞാൻ ആര്..! എനിക്കെന്ത് സ്ഥാനമാണുള്ളത്..! താങ്കളെന്തിനു എന്നോട് ദേഷ്യപ്പെടുന്നു..! ഞാൻ താങ്കളുടെ ഒരു സേവകൻ മാത്രമാണ്. ശൈഖ് (റ) വിന്റെ നിഷ്കളങ്ക സംസാരം കേട്ടപ്പോൾ മഹാനവർകൾ വാഹനപ്പുറത്ത് നിന്നിറങ്ങി. എന്നിട്ടു പ്രസ്താവിച്ചു...

താങ്കളെ പരീക്ഷിക്കാൻ ഇനി ഒരു തന്ത്രവും എനിക്ക് ബാക്കിയില്ല. താങ്കളിൽ ഒരു ഭാവമാറ്റമുണ്ടാക്കുന്നതിന് വേണ്ടി ഞാൻ എത്ര കഠിനാദ്ധ്വാനം ചെയ്തു. പക്ഷെ ഒന്നും ഫലിക്കുന്നില്ല. പിന്നീട് ശൈഖ് അത്വീഖ് (റ) ശൈഖ് രിഫാഈ (റ) വിന്റെ മാഹാത്മ്യം പ്രകീർത്തിച്ചു ഒരുപാട് സംസാരിച്ചു. ശൈഖ് തങ്ങൾക്കും അവിടുത്തെ സന്താന പരമ്പരക്കും ഒരുപാട് ആദരങ്ങൾ കൈവരുമെന്ന് മഹാനവർകൾ പറഞ്ഞു. എന്നാൽ ഇതൊക്കെ പറഞ്ഞിട്ടും ശൈഖ് രിഫാഈ  (റ) വിന്റെ മുഖത്ത് ഒരു ഭാവമാറ്റവും കണ്ടില്ല. പിന്നീട് അത്വീഖ് (റ) ശൈഖ് രിഫാഈ (റ) വിനെ ആലിംഗനം ചെയ്തു. അവർ പരസ്പരം കൈകൊടുത്ത് പിരിഞ്ഞു...[ഖിലാദത്ത്]


ശൈഖ് രിഫാഈ (റ) വിനെ ഉമ്മു അബീദക്കാരനായ ഒരാൾ വന്ന് വളരെ കാര്യമായി ഒരു സദ്യ ഒരുക്കിയിട്ടുണ്ടെന്നും ശൈഖവർകൾകളോട് വീട്ടിൽ വരണമെന്നും അറിയിച്ചു. ശൈഖവർകൾ ആ ക്ഷണം സ്വീകരിച്ച് അയാളുടെ വീട് ലക്ഷ്യമായി പോയി. വീടിനടുത്തെത്തിയപ്പോൾ അയാൾ ഇറങ്ങി വന്ന് ശൈഖ് തങ്ങളോട് തിരിച്ചു പോകാൻ ആവശ്യപ്പെടുകയും ഇനി ഇങ്ങോട്ട് വരരുതെന്ന് പറയുകയും ചെയ്തു. രിഫാഈ (റ) തങ്ങളാകട്ടെ യാതൊരു ഭാവഭേദവുമില്ലാതെ മടങ്ങിപ്പോന്നു. സംഗതി അവിടം കൊണ്ടും തീർന്നില്ല. അയാൾ പിന്നെയും ഇതേ പോലെ വന്ന് വീട്ടിലേക്ക് വരണമെന്നപേക്ഷിച്ചു. മുമ്പത്തെ അനുഭവമുണ്ടായിട്ടും ക്ഷണം സ്വീകരിച്ച് ശൈഖ് തങ്ങൾ പോയി. എന്നാൽ മുമ്പ് സംഭവിച്ചത് പോലെ തന്നെ പിന്നെയും ആവർത്തിച്ചു. അയാൾ ശൈഖ് തങ്ങളെ അപമാനിച്ചു വിട്ടു...


മൂന്നാം പ്രാവശ്യവും ശൈഖ് (റ) തങ്ങളെ ക്ഷണിക്കാൻ അയാൾക്ക് ധൈര്യം തോന്നി. രിഫാഈ (റ) വിന്റെ അസാമാന്യ ക്ഷമ ആ ക്ഷണം സ്വീകരിക്കാനുള്ള സന്മനസ്സ് കാണിക്കുകയും ചെയ്തു. ഈ പ്രാവശ്യം ശൈഖ് തങ്ങളെ അത്യാദരപൂർവ്വം സ്വീകരിച്ചിരുത്തിയ ഗൃഹനാഥൻ അതിയായ വിനയത്തോടെ പറഞ്ഞു : ഗുരോ, എന്നിൽ നിന്ന് അരുതായ്മകൾ സംഭവിച്ചു പോയിരിക്കുന്നു. ഞാൻ അല്ലാഹുﷻവിനോട് പൊറുക്കലിനെ തേടിക്കൊണ്ടിരിക്കുന്നു. അങ്ങ് പ്രവേശിച്ചിരിക്കുന്ന പാതയിൽ പ്രവേശിച്ച മറ്റൊരാളെയും ഞാൻ കണ്ടിട്ടില്ല ഗുരോ. അത് സാരമാക്കേണ്ട എല്ലാം നല്ലതിന് മാത്രം എന്നായിരുന്നു ശൈഖ് (റ) തങ്ങളുടെ പ്രതിവചനം...
[ഖിലാദത്തുൽ ജവാഹിർ]



ഒരിക്കൽ രണ്ട് ശിഷ്യന്മാർ തമ്മിൽ എന്തോ പ്രശ്നത്തിന് ഒരിക്കൽ കശപിശയുണ്ടായി. തർക്കം മൂത്ത് പാതിരാ വരെ നീണ്ടു. അതിനിടെ ശൈഖ് (റ) കടന്നു വരുന്നത് കണ്ട ശിഷ്യന്മാർ തൽക്കാലം അടങ്ങി. രണ്ടു പേരും അവനവന്റെ നിശ്ചിത സ്ഥാനങ്ങളിൽ പോയുറങ്ങുകയും ചെയ്തു. അവരിൽ ഒരാൾ കിടന്നിരുന്നത് ശൈഖ് തങ്ങളുടെ ഏതാണ്ട് അടുത്തായിരുന്നു. അപരൻ കുറച്ചപ്പുറത്തും. സുബ്ഹിന് മുമ്പ് ശൈഖ് (റ) വുളൂഅ്‌ എടുക്കാൻ എഴുന്നേറ്റു. അപ്പുറത്ത് കിടന്നിരുന്ന ശിഷ്യൻ കരുതിയത് തന്റെ പ്രതിയോഗിയാണ് എഴുന്നേറ്റിരിക്കുന്നത് എന്നാണ്...

ഇരുട്ട് കാരണം അദ്ദേഹം ആളെ വ്യക്തമായി തിരിച്ചറിഞ്ഞിരുന്നില്ല. ശൈഖ് തങ്ങൾ വുളൂഅ്‌ എടുത്ത് നടന്നു നീങ്ങിയതേയുള്ളൂ ആ ശിഷ്യൻ അവിടുത്തേക്ക് മേൽ ചാടി വീണു. അയാൾ ശൈഖ് (റ) വിനെ അടിക്കുകയും ഇടിക്കുകയും ചവിട്ടുകയും ചെയ്തു കൊണ്ടിരുന്നു. മർദ്ദനത്തിന്റെ ആഘാതത്തിൽ ശൈഖവർകൾ നിലത്തു വീണു പോയി. മഹാനവർകൾക്ക് കാര്യം മനസ്സിലായെങ്കിലും ഒന്നും മിണ്ടിയില്ല. അപ്പോൾ യഥാർത്ഥ പ്രതിയോഗിയായ ആൾ കടന്നു വരുന്നത് കണ്ടു. വരുന്നത് ശൈഖ് തങ്ങൾ ആയിരിക്കുമെന്ന് കരുതി ശിഷ്യൻ സലാം പറഞ്ഞു. സലാം മടക്കിയ ശബ്ദം കേട്ടപ്പോൾ മാത്രമാണ് അത് തന്റെ എതിരാളിയാണെന്നും താൻ ആക്രമിച്ചതും മർദ്ദിച്ചതുമെല്ലാം ആദരണീയനായ തന്റെ ഗുരുവര്യനെയാണെന്നും ശിഷ്യന് മനസ്സിലായത്...

നടുങ്ങിപ്പോയ ശിഷ്യൻ മോഹലസ്യപ്പെട്ടു വീണു. രിഫാഈ (റ) ചെന്ന് അയാളെ പിടിച്ചെഴുന്നേൽപ്പിച്ചു. ബോധം തെളിഞ്ഞപ്പോൾ അയാളെ സമാധാനിപ്പിച്ചു കൊണ്ട് തങ്ങൾ പറഞ്ഞു : മോനേ, എല്ലാം നന്മകൾ മാത്രമാണ്. നമുക്ക് പ്രതിഫലം ലഭിച്ചു. നിനക്ക് അല്ലാഹു ﷻ പ്രതിഫലം നൽകുമാറാകട്ടെ. ശിഷ്യന്റെ ഭയം മാറുന്നത് വരെ ശൈഖ് തങ്ങൾ അയാളെ ഉപദേശിക്കുകയും സാന്ത്വനപ്പെടുത്തുകയും ചെയ്തു. ശൈഖ് (റ) പറഞ്ഞു : മോനേ, നീ എന്നെ അടിച്ചപ്പോൾ തന്നെ ഞാൻ നിനക്ക് വേണ്ടി അല്ലാഹുﷻവോട് മാപ്പപേക്ഷിച്ചിരുന്നു. ആ ശിഷ്യൻ പിന്നീട് കുറച്ച് കാലമേ ജീവിച്ചിരുന്നുള്ളൂ. ശൈഖ് (റ) തന്നെ അദ്ദേഹത്തിന്റെ മയ്യിത്ത് സംസ്കരണത്തിന് നേതൃത്വം നൽകി...


മറ്റൊരു സംഭവം ഇങ്ങനെ : ഒരു റമളാനിൽ ഉമ്മു അബീദ ഗ്രാമവാസിയായ ഒരു വ്യക്തി ശൈഖ് രിഫാഈ (റ) വിനെ നോമ്പു തുറക്ക് ക്ഷണിച്ചു. അതിയായ ചൂടുള്ള കാലത്തായിരുന്നു ആ റമളാൻ മാസം. ശൈഖ് (റ) വിന് സാധാരണ സുന്നത്തുകൾക്ക് പുറമേ രണ്ട് റക്അത്ത് കൂടി നിസ്കരിക്കുന്ന പതിവുണ്ടായിരുന്നു. അയാളുടെ ധൃതി കാരണം അന്ന് ആ നിസ്കാരം നിർവ്വഹിക്കുന്നതിന് മുമ്പേ നോമ്പുതുറക്ക് പോകാൻ ശൈഖ് (റ) നിർബന്ധിതനായി. വീട്ടിലെത്തിയപ്പോൾ വീട്ടുകാരൻ വീടിനുള്ളിലേക്ക് പോയി. അയാൾ തിരിച്ചു വന്ന് ഇരിക്കാൻ പറയുന്നതും കാത്ത് അതിഥി വാതിൽക്കൽ നിൽപ്പായി. ശൈഖ് (റ) തങ്ങൾക്കിരിക്കാൻ ഇരിപ്പിടവും കഴിക്കാൻ ഭക്ഷണവും തയ്യാറാക്കാൻ അകത്തു പോയ ഗൃഹനാഥൻ യഥാർത്ഥത്തിൽ സ്വയം മറന്നു പോകുകയായിരുന്നു...


കാര്യങ്ങളൊന്നുമറിയാതെ വീട്ടുകാരുമായി സംസാരിച്ച് അയാൾ ശൈഖ് തങ്ങളെ പറ്റിയും ക്ഷണിച്ചതിനെ പറ്റിയുമെല്ലാം പാടെ മറന്നു പോയി. നേരമായപ്പോൾ കുടുംബസമേതം നോമ്പുതുറന്നു. അൽപമൊന്നു വിശ്രമിച്ചു. പിന്നീട് ഇശാ നിസ്കാരത്തിന് പള്ളിയിലേക്ക് പോകാമെന്ന് കരുതി പുറത്തിറങ്ങിയപ്പോഴാണ് അയാൾ അന്ധാളിച്ചു പോയത്. താൻ ക്ഷണിച്ചു കൊണ്ടു വന്ന രിഫാഈ ശൈഖ് (റ) അതാ വാതിലിനടുത്ത് വന്നപടി നിൽക്കുന്നു. കുറ്റ ബോധവും മനോവിഭ്രാന്തിയും മൂലം അയാൾ കുറച്ച് നേരം എന്ത് ചെയ്യണമെന്നറിയാതെ നിന്നു പോയി. ശൈഖ് (റ) വിനെ എങ്ങനെ കാര്യം ബോധ്യപ്പെടുത്തണമെന്ന അങ്കലാപ്പിലായിരുന്നു അയാൾ. ശൈഖ് (റ) അയാളെ സമാധാനിപ്പിച്ചു. നമുക്ക് ഇശാ നിസ്കാരത്തിന് ശേഷം തിരിച്ചു വന്ന് ഭക്ഷണം കഴിക്കാം എന്ന് ശൈഖ് (റ) തന്നെ നിർദ്ദേശിച്ചപ്പോഴാണ് അയാളുടെ മനസ്സ് തണുത്തത്...


ഒരിക്കൽ നൂറ്റി എഴുപതോളം വരുന്ന ഒരു സംഘം അസൂയാലുക്കൾ ശൈഖ് (റ) വിനെ പരീക്ഷിക്കാൻ വേണ്ടി ഉമ്മു അബീദയിലെത്തി. അവർ ശൈഖ് (റ) വിന്റെ സന്നിധിയിൽ കടന്നപാടെ അവർക്ക് ഭക്ഷണം നൽകാൻ ശൈഖ് (റ) തന്റെ ഖാദിമുകൾക്ക് നിർദ്ദേശം നൽകി. ശേഷം ശൈഖ് (റ) ആകാശത്തേക്ക് കണ്ണുയർത്തി അല്ലാഹുﷻവിനോട് പ്രാർത്ഥനയിലായി : റബ്ബേ, നീ മാത്രം തുണയുള്ള നിന്റെ ഔലിയാഇനെ സഹായിച്ച് നിന്റെ ഖുദ്റത്ത് നീ പ്രകടിപ്പിക്കണം..! തൽസമയം പ്രത്യുത്തരം വന്നു : ഓ അബുസ്സ്വഫാ, താങ്കളുടെ രക്ഷിതാവിന്റെ പ്രവർത്തനം കണ്ടു കൊള്ളുക..."


ശൈഖ് (റ) അവരോട് ബിസ്മി ചൊല്ലി ഭക്ഷണം കഴിക്കാൻ പറഞ്ഞു. അവർ ബിസ്മി ചൊല്ലി സുപ്രയിലേക്ക് കൈ നീട്ടേണ്ട താമസം സുപ്ര ഒന്നടങ്കം അന്തരീക്ഷത്തിലേക്ക് ഉയർന്നു. അവർക്ക് ഭക്ഷണത്തിലേക്ക് കൈ എത്താത്ത അത്രയും ഉയർന്നു. അല്ലാഹുﷻവിന്റെ ഖുദ്റത്തും അവന്റെ വലിയ്യിലുള്ള അല്ലാഹുﷻവിന്റെ നിയന്ത്രണവും കണ്ട അവർ അത്ഭുതപ്പെട്ടു. വിരലുകൾ കടിച്ചു ലജ്ജിച്ചു തലതാഴ്ത്തി. തങ്ങളുടെ ദുർലക്ഷ്യം പരാജയപ്പെട്ടു. അവർ ശൈഖ്  (റ) വിന്റെ കാൽക്കൽ വീണു. അവിടുത്തെ കാലുകൾ ചുംബിച്ചു. അവിടുത്തെ മുമ്പിൽ അവർ തൗബ ചെയ്തു ശൈഖ് (റ) വിന്റെ അനുയായികളായി മാറി...[അർറൗളുന്നളീർ : 43]


ഒരു രാത്രി ശൈഖ് രിഫാഈ (റ) മജ്ലിസിൽ നിന്ന് പുറത്തേക്ക് വരുന്നു. പുറത്തിറങ്ങിയ ശൈഖ് (റ) തങ്ങൾ പശുക്കളുടെ ആലയിൽ നിന്ന് ഒരു ശബ്ദം കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ പശുക്കളെ മോഷ്ടിക്കാൻ വേണ്ടി വന്ന ഒരാൾ. ശൈഖ് (റ) വിനെ കണ്ട കള്ളൻ ആകെ പരിഭ്രമചിത്തനായി. ലക്ഷ്യം പാളിയതിന് പുറമെ താൻ ഉടൻ പിടിയിലാവുമെന്ന് അയാൾ ഉറപ്പിച്ചു. പേടിച്ചു വിറച്ചു നിൽക്കുന്ന അയാളുടെയടുത്ത് ശൈഖ് (റ) എത്തി...


അയാൾക്ക് ഓടാൻ പോലും ധൈര്യം വന്നില്ല. ശൈഖ് തങ്ങൾ ശാന്തമായി പറഞ്ഞു : "നിനക്കു പ്രയാസമുണ്ടായെങ്കിൽ ക്ഷമിക്കണം മോനെ, നീ ജീവിതനിവൃത്തിക്ക് വകയില്ലാത്തവനാണെന്ന് തോന്നുന്നു. അതു കൊണ്ടായിരിക്കുമല്ലോ ഇത്തരം ഒരു പ്രവർത്തനത്തിന് നീ മുതിർന്നത്. ഈ പശുക്കൾ ഇവിടുത്തെ സാധുക്കൾക്കുള്ളതാണ്. നീ അവയിൽ നിന്ന് പശുക്കളെ കൊണ്ടു പോകരുത്. നീ എന്റെ കൂടെ പോന്നോളൂ. നിന്റെ വിഷമതകൾ പരിഹരിക്കാനുള്ള മാർഗ്ഗം ഞാൻ കാണിച്ചു തരാം..."


ശൈഖ് (റ) മുന്നിലും മോഷ്ടാവ് പിന്നിലുമായി നടന്നു. ശൈഖവർകളുടെ പൗത്രനായ ഇബ്റാഹീം ബ്നു അഅ്സബ് പോറ്റി വളർത്തിയിരുന്ന ഒരു പശുവിന്റെയടുത്തേക്കാണ് അവർ പോയത്. പശു ശൈഖ് (റ) വിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു. ശൈഖ് തങ്ങൾ മോഷ്ടാവിനോട് പശുവിനെ അഴിച്ചു കൊണ്ടുപോകാൻ നിർദ്ദേശിച്ചു. അത്ഭുതവും സ്വാഭാവികമായ സങ്കോചവും കാരണം അയാൾ നിന്നു പരുങ്ങി. ശൈഖ് (റ) വീണ്ടും നിർദ്ദേശിച്ചപ്പോൾ അയാൾ പശുവിനെ അഴിച്ചെടുത്തു. അയാൾ മുന്നിലും പശുവിനെ തെളിച്ച് ശൈഖ് (റ) പിന്നിലുമായി നടത്തം തുടങ്ങി...


ഉമ്മു അബീദ ഗ്രാമവും പിന്നിട്ട് അവർ അയൽ പ്രദേശമായ ഖർനാത്തയിൽ എത്തി. ഖർനാത്തൻ വീഥികളിലൂടെ നടന്ന് ഖർനാത്ത അങ്ങാടിയിലെത്തിയപ്പോൾ ശൈഖ് (റ) പിന്നീട് പോകേണ്ട വഴി കാണിച്ചു കൊടുത്തുകൊണ്ടു പറഞ്ഞു : "ഇനി നീ സ്വന്തമായി പോകണം. അങ്ങനെ ദിഖ്ലാ ടൗണിലെത്തുക. അവിടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വ്യാപാര സംഘങ്ങൾ വരും. അവിടെ ഇത് വിറ്റ് കിട്ടുന്ന പണം നിന്റെയും കുടുംബത്തിന്റെയും ചിലവിന് ഉപയോഗപ്പെടുത്തുക..."

ശൈഖ് (റ) ഉമ്മു അബീദയിൽ തിരിച്ചെത്തി. മോഷ്ടാവ് പറഞ്ഞതു പ്രകാരം ചെയ്തുവെങ്കിലും അതിനിടെ അയാളുടെ മനസ്സിന്റെ സ്വസ്ഥത നഷ്ടമായിക്കഴിഞ്ഞിരുന്നു. ഒരു നികൃതിക്ക് വേണ്ടി വന്നവനെ സമൃദ്ധിയായി സൽക്കരിച്ചു വിട്ട ശൈഖ് (റ) വിന്റെ വ്യക്തിത്വം അയാളെ ആകർഷിച്ചു. ശിക്ഷിക്കുന്നതിന് പകരം ആശ്വസിപ്പിക്കുന്ന ഇദ്ദേഹം അസാധാരണൻ തന്നെ. അയാൾ വീണ്ടും ശൈഖ് (റ) വിന്റെ മജ്ലിസിൽ തന്നെ എത്തി. അയാളുടെ മനസ്സ് ഇതിനോടകം മാറിയിരുന്നു. പശ്ചാത്താപ വിവശനായി കഴിഞ്ഞിരുന്നു...[ഖിലാദത്ത് : 55]


മറ്റൊരു സംഭവം : ശൈഖ് (റ) സുബ്ഹി നിസ്കരിക്കാൻ പോവുകയാണ്. വഴിമദ്ധ്യേ ഒരു അക്രമിയായ യഹൂദി ശൈഖ് അവർകൾക്ക് നേരെ ചാടിവീണു. ശൈഖ് (റ) വിന്റെ ശിഷ്യരാരെങ്കിലുമായിരിക്കുമെന്നും അവരുടെ നിസ്കാരം മുടക്കാമെന്നും നിനച്ചാണ് അയാൾ ഈ സാഹസത്തിനൊരുങ്ങിയത്. നേരം ഇരുട്ടായിരുന്നു അയാൾ ശൈഖ് (റ) വിനെ പൊതിരെ തല്ലി. ശൈഖ് തങ്ങൾ മുന്നോട്ട് പോയികൊണ്ടിരുന്നു. മുന്നോട്ട് നീങ്ങുംതോറും അയാൾ ഉപദ്രവം ശക്തിപ്പെടുത്തി. അയാൾക്ക് ഇപ്പോഴും ആളെ വ്യക്തമായിട്ടില്ല. ശൈഖവർകൾക്ക് പോകാൻ സാധിക്കുന്നില്ല. നേരം കുറേശ്ശെ വെളുത്ത് തുടങ്ങി. ഇപ്പോൾ മുഖത്തോട് മുഖം നോക്കിയാൽ ആളെ മനസ്സിലാവും. താൻ അടിച്ചതും പ്രഹരിച്ചതുമെല്ലാം രിഫാഈ ശൈഖ് (റ) വിനെയായിരുന്നെന്ന് മനസ്സിലായ യഹൂദി നടുങ്ങിത്തരിച്ച് മോഹാലസ്യപ്പെട്ട് വീണു പോയി..!


ശൈഖ് (റ) അവനെ പിടിച്ചെഴുന്നേൽപ്പിച്ച് വേണ്ട ശുശ്രൂഷകൾ നൽകി. ബോധം തെളിഞ്ഞപ്പോൾ അവനെ സമാശ്വസിപ്പിച്ചു. ബോധം നഷ്ടപ്പെടാൻ ഇടയായതിന് ശൈഖ് തങ്ങൾ അയാളോട് മാപ്പ് ചോദിച്ചു. ശൈഖ് (റ) പറഞ്ഞു : "സുഹൃത്തെ, കഴിഞ്ഞതൊന്നും ചിന്തിക്കാതെ വീട്ടിൽ പൊയ്ക്കൊള്ളുക.. താങ്കൾ എന്നെ ഉപദ്രവിച്ച വിവരം എന്റെ സഹോദരങ്ങൾ അറിഞ്ഞാൽ അത് അവരെ വിഷമിപ്പിക്കും. അവർ അറിയും മുമ്പേ താങ്കൾ വീട്ടിലേക്ക് പോവുക..." യഹൂദി ഉടനെ വീട്ടിലേക്ക് മടങ്ങി. ശൈഖ്  (റ) പള്ളിയിലേക്കും പോയി. ജനങ്ങൾ നിസ്കരിക്കാൻ ശൈഖവർകളെ കാത്തിരിക്കുകയായിരുന്നു...


നിസ്കാരവും ദുആയും കഴിഞ്ഞ് ശൈഖ്  (റ) പർണശാലയിലെ ഭക്ഷ്യ സൂക്ഷിപ്പുകാരനെ വിളിച്ച് പ്രസ്തുത യഹൂദിക്കും കുടുംബത്തിനും വേണ്ട ഭക്ഷണ സാധനങ്ങൾ അയാളുടെ വീട്ടിലെത്തിച്ച് കൊടുക്കാൻ കൽപ്പിച്ചു. കൽപ്പന പ്രകാരം ബന്ധപ്പെട്ടവർ സാധനങ്ങൾ യഹൂദിയുടെ വീട്ടിലെത്തിച്ചു കൊടുത്തു. ശൈഖ് രിഫാഈ (റ) തന്നയച്ചതാണെന്ന് പറഞ്ഞു. അപ്പോഴാണ് നടന്ന സംഭവങ്ങൾ യഹൂദി തന്റെ കുടുംബത്തിനു വിശദീകരിച്ചു കൊടുക്കുന്നത്. വിവരങ്ങളറിഞ്ഞപ്പോൾ അവർക്ക് അതിശയമായി..!!

കുടുംബത്തിന്റെ അഭിപ്രായപ്രകാരം അവർ ശൈഖ് (റ) തങ്ങളുടെ സദസ്സിൽ ചെന്ന് ഇസ്‌ലാം സ്വീകരിച്ചു. ഒരു പുതിയ ജീവിതത്തിന് നാന്ദി കുറിച്ചു...
[ഖിലാദത്ത് : 134]

ശൈഖ് (റ) വിന്റെ പ്രസംഗോപദേശങ്ങൾ ശ്രവിക്കുന്നതിനു ദൂരെ ദിക്കുകളിൽ നിന്ന് പോലും പതിനായിരങ്ങൾ ഒഴുകിയെത്തുമായിരുന്നു...

മഹാനായ ഇമാം ശഅ്റാനി (റ) ലവാഖിഹുൽ അൻവാർ എന്ന ഗ്രന്ഥത്തിൽ എഴുതുന്നു :

പ്രസംഗത്തിന് വേണ്ടി പീഠത്തിൽ കയറി ഇരുന്നുകൊണ്ടാണ് അവിടുന്ന് പ്രഭാഷണം നടത്തിയിരുന്നത്. പരിസര പ്രദേശങ്ങളിൽ ഉള്ളവരും ദൂരവാസികളും മഹാനവർകളുടെ പ്രഭാഷണം ഒരുപോലെ കേട്ടിരുന്നു. ഉമ്മു അബീദയുടെ പരിസര ഗ്രാമങ്ങളിലുള്ളവർ ശൈഖ് (റ) വിന്റെ പ്രസംഗം കേൾക്കാനായി വീടുകളുടെ മട്ടുപ്പാവുകളിൽ കയറി ചെവിയോർക്കുമായിരുന്നു. കേൾവി ശേഷിയില്ലാത്തവർ പോലും ആ പ്രസംഗങ്ങൾ കേൾക്കുമായിരുന്നു. പണ്ഡിതന്മാർ പ്രസ്തുത സദസ്സിൽ വരികയും ഉപദേശം കേൾക്കുകയും ചെയ്തുവന്നു...

ചിലർ തങ്ങളുടെ മടിത്തട്ടുകൾ വിരിച്ചു വയ്ക്കും. പ്രസംഗം കഴിഞ്ഞാൽ അവ നെഞ്ചിലേക്ക് ചേർത്തമർത്തും. അങ്ങനെ അവർ വീട്ടിലെത്തിയാൽ ശൈഖ് (റ) പറഞ്ഞ കാര്യങ്ങൾ അതേപടി കുടുംബത്തിനും മറ്റും പറഞ്ഞു കൊടുക്കുമായിരുന്നു. മണിക്കൂറുകൾക്ക് മുമ്പ് കേട്ടത് സ്വൽപം പോലും അവർ മറക്കാറുണ്ടായിരുന്നില്ല. ഇത് മഹാനവർകളുടെ കറാമത്ത് കൂടിയായിരുന്നു...

ശൈഖ് അബൂ സകരിയ്യാ യഹ് യ ബ്നു ശൈഖ് യൂസുഫ് അസ്ഖലാനി (റ) പറയുന്നു : ഞാനൊരിക്കൽ ശൈഖ് രിഫാഈ (റ) വിനെ സന്ദർശിക്കാൻ പോയി. തൽസമയം പ്രസംഗം ശ്രവിക്കുന്നതിനായി അവിടെ അനേകം ആളുകൾ ഒരുമിച്ച് കൂടിയിരുന്നു. അതിൽ പണ്ഡിതന്മാരും ഭരണാധികാരികളും മശാഇഖുമാരും സാധാരണക്കാരുമെല്ലാമുണ്ട്...

അവർക്ക് ഭക്ഷണമുൾപ്പടെ എല്ലാ സൗകര്യങ്ങളും അവിടെ ഏർപ്പെടുത്തിയിരുന്നു. ളുഹ്റിന് ശേഷമാണ് മഹാനവർകൾ പ്രസംഗ പീഠത്തിൽ കയറുക. ഒരു വ്യാഴാഴ്ച്ച ശൈഖ് (റ) പീഠത്തിൽ കയറി. വാസിത്വിലെ പ്രമുഖ പ്രഭാഷകരും ഇറാഖിലെ ഒരു സംഘം പണ്ഡിതന്മാരും സദസ്സിലുണ്ട്. പലരും ശൈഖ് (റ) വിനോട് ചോദ്യങ്ങൾ ചോദിക്കുന്നു. ചിലർ തഫ്സീറിൽ നിന്നാണ് ചോദിക്കുന്നത്. മറ്റു ചിലർ ഹദീസിൽ നിന്ന്. വേറെ ചിലർ ഫിഖ്ഹിൽ നിന്ന്. തർക്ക ശാസ്ത്രത്തിൽ നിന്നും, നിദാന ശാസ്ത്രത്തിൽ നിന്നും ചോദിക്കുന്നവരുമുണ്ട്. ഞാൻ ഇവിടെയുള്ള സമയം തന്നെ നൂറോളം ചോദ്യങ്ങൾക്ക് ശൈഖ് (റ) മറുപടി പറഞ്ഞു...

നിരന്തര പ്രവർത്തനങ്ങൾക്കിടയിലും മഹാനവർകളുടെ മുഖത്ത് അശേഷം ക്ഷീണം കണ്ടില്ല. എന്നിരുന്നാലും ശൈഖ് (റ) വിനെ ഇങ്ങനെ ചോദിച്ച് ബുദ്ധിമുട്ടിക്കുന്നത് എന്നെ വേദനിപ്പിച്ചു.  "ഇനിയെങ്കിലും നിങ്ങൾക്കൊന്നു നിർത്തിക്കൂടെ..! ക്രോഢീകൃതമായ ഏതു വിജ്ഞാന ശാഖയിൽ നിന്ന് നിങ്ങൾ ചോദിച്ചാലും ശൈഖ് (റ) മറുപടി പറയും..." ഞാൻ അവരോടായി പറഞ്ഞു. അതു കേട്ട ശൈഖ് (റ) ഒന്നു പുഞ്ചിരിച്ചു. ശേഷം എന്നോട് പറഞ്ഞു : അബൂ സകരിയ്യാ, അവർക്ക് എന്നോട് ചോദിക്കാനുള്ളതെല്ലാം ഞാൻ പോകും മുമ്പ് ചോദിച്ചുകൊള്ളട്ടെ..! ഭൗതിക ലോകം നശ്വരമാണ്. അല്ലാഹുവാണ് جل جلاله അവസ്ഥകൾ മാറ്റി മറിക്കുന്നവൻ. ഈ വാക്കുകൾ കേട്ട് എന്തോ സൂചന ലഭിച്ചപോലെ സദസ്സ് ദുസ്സഹ വേദനയിൽ ഇളകി മറിഞ്ഞു. സദസ്സിലാകെ ഏങ്ങലടികൾ അലയടിച്ചു. ധാരാളം ക്രിസ്തീയരും യഹൂദരും ആ സദസ്സിൽ വച്ച് സത്യവിശ്വാസം ഉൾക്കൊണ്ടു. പശ്ചാത്താപ മനസ്സുമായി വന്നവർ നാൽപതിനായിരത്തോളം വരും...
[അൽ മആരിഫുൽ മുഹമ്മദിയ്യ : 45 ഉദ്ധരണം തദ്കിറ : 45]


ശൈഖ് രിഫാഈ (റ) ആദ്യം ദർസ് നടത്തിയത് വാസിത്വിലായിരുന്നു. ശൈഖ് അലിയ്യുൽ ഖാരി അൽ വാസിത്വി (റ) വിന്റെ ദർസിൽ നിന്ന് ഇജാസത്ത് നേടിയ ഉടനെയായിരുന്നു ഇത്. നീണ്ട 27 വർഷങ്ങളാണ് വിജ്ഞാന സേവനവുമായി ശൈഖ് (റ) വാസിത്വിൽ കഴിഞ്ഞത്. പിന്നീട് തന്റെ അമ്മാവനും ഗുരുനാഥനുമായ ശൈഖ് മൻസ്വൂറുൽ ബത്വാഇഹി (റ) ആവശ്യപ്പെട്ടതനുസരിച്ച് മഹാനവർകൾ മാതൃ ഗ്രാമമായ ഉമ്മു അബീദയിൽ എത്തി. ഉമ്മു അബീദയിലെ പർണശാലയിൽ ശൈഖ് മൻസ്വൂറുൽ ബത്വാഇഹി (റ) വിന്റെ പിൻഗാമിയായി മഹാനവർകൾ ശേഷകാലം മുഴുവൻ ദർസും മാർഗ്ഗദൾശനവും സമുദായ സേവനവുമായി കഴിഞ്ഞു കൂടി. ഒരു കാലത്ത് വാസിത്വിയിലേക്കൊഴുകിയിരുന്ന വിദ്യാർത്ഥികൾ അന്നു മുതൽക്ക് ഉമ്മു അബീദയിലേക്ക് അനുസ്യൂതം വരാൻ തുടങ്ങി...


പ്രത്യേകമായ ഒരു ശൈലിയിലായിരുന്നു ശൈഖ് രിഫാഈ (റ) ദർസ് നടത്തിയിരുന്നതെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രന്ഥങ്ങളിലെ സങ്കീർണ്ണ ഉദ്ധരണികൾ ശിഷ്യന്മാരെ യഥാവിധി മനസ്സിലാക്കിപ്പിച്ച് കൊടുക്കുകയും, പ്രധാനപ്പെട്ട യാതൊന്നും വിട്ടുകളയാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുമായിരുന്നു. ലക്ഷ്യങ്ങൾ നിരത്തി തെളിയിക്കേണ്ടിടങ്ങളിൽ വ്യക്തമായ തെളിവുകൾ അവതരിപ്പിച്ച് തന്റെ മദ്ഹബും തന്റെ അഭിപ്രായവും പ്രബലമാണെന്ന് തെളിയിച്ചു കൊടുക്കുമായിരുന്നു...

ശിഷ്യന്മാരുമായി ഹൃദയപൂർവ്വകമായ ആത്മ ബന്ധമായിരുന്നു മഹാനവർകൾ പുലർത്തിയിരുന്നത്. മഹാനവർകൾ അവരെയും അവർ മഹാനവർകളെയും സ്നേഹിക്കുകയും സേവിക്കുകയും സഹായിക്കുകയും ചെയ്തു. ശൈഖ് (റ) അവരുടെ തെറ്റുകൾ ക്ഷമിക്കുകയും എപ്പോഴും ഗുണദോഷിക്കുകയും ചെയ്യുമായിരുന്നു...


ശൈഖ് യഅ്ഖൂബ് (റ) പറയുന്നു : ഞാൻ ഒരു ദിവസം ളുഹ്റ് ബാങ്ക് വിളിച്ചതിന് ശേഷം അതേ സ്ഥലത്ത് തന്നെ ഇരിക്കുകയായിരുന്നു. അപ്പോൾ ശൈഖ് (റ) എന്നെ വിളിച്ചു. ഞാൻ വിളി കേട്ടു. എന്നോട് ശൈഖ് (റ) താഴേക്ക് ഇറങ്ങി വരാൻ പറഞ്ഞു. ഞാൻ ഇറങ്ങി വന്നു ശൈഖ് (റ) വിന്റെ അരികിലെത്തി. അവിടുന്ന് അകത്തെ പള്ളിയിൽ മിഹ്റാബിനടുത്തായി ഇരിക്കുകയായിരുന്നു. മഹാനവർകളുടെ കയ്യിൽ കൊതുകിനേക്കാൾ ചെറിയ ഒരു ജീവിയുണ്ട്. തീരെ ചെറുതായതിനാൽ അതിന്റെ അവയവങ്ങളൊന്നും വേർതിരിഞ്ഞ് മനസ്സിലാകുമായിരുന്നില്ല...

ശൈഖ് (റ) എന്നോട് പറഞ്ഞു : യഅ്ഖൂബ്, ഇതിനെ നോക്കൂ..! ഞാൻ ആ ജീവിയെ സൂക്ഷ്മമായി നോക്കി. എനിക്ക് വല്ലാത്ത അത്ഭുതം തോന്നി. അതിന്റെ രൂപഘടന എന്റെ ജിജ്ഞാസ വർദ്ധിപ്പിച്ചു. ഞാൻ ശൈഖ് (റ) വിനോട് ചോദിച്ചു : ശൈഖവർകളെ, ഈ ചെറിയ ജീവിയെ സൃഷ്ടിക്കുന്നത് കൊണ്ടുള്ള അല്ലാഹുﷻവിന്റെ ഉദ്ദേശ്യം എന്താണ്..? ഇത് കൊണ്ട് എന്താണ് ഉപകാരം..?

അല്ലാഹുﷻവിന്റെ സൃഷ്ടികർമ്മത്തെ ചോദ്യം ചെയ്തത് ശൈഖ് (റ) വിന് ഇഷ്ടമായില്ല. യഅ്ഖൂബ്, അല്ലാഹുﷻവിനോട് മാപ്പപേക്ഷിക്കുക. ഇസ്തിഗ്ഫാർ ചെയ്യുക. ശൈഖ് (റ) കൽപ്പിച്ചു. പിന്നീട് അതിന്റെ സൃഷ്ടിക്ക് പിന്നിലെ രഹസ്യങ്ങൾ ശൈഖ് (റ) ശൈഖ് യഅ്ഖൂബ് (റ) വിന് വിവരിച്ചു കൊടുത്തു...[ഖിലാദത്ത്]


മദീനത്തുൽ ഇൽമി വൽ ഉലമാ (വിജ്ഞാനത്തിന്റെയും ജ്ഞാനികളുടെയും നഗരം) എന്നറിയപ്പെടുന്ന വാസിത്വിൽ നിന്ന് ഉമ്മു അബീദയിലേക്ക് ദർസ് മാറിയിട്ടും, രിഫാഈ ശൈഖ് (റ) വിന്റെ വിശ്രൂതതക്ക് യാതൊരു കുറവും വന്നിരുന്നില്ല. വാസിത്വിൽ എന്ന പോലെ ഉമ്മു അബീദയിലും മഹാനവർകളുടെ ദർസ് ശ്രവിക്കാനും കാര്യങ്ങൾ പഠിക്കാനുമായി അനേകം പൊതു ജനങ്ങൾ വരുമായിരുന്നു...

വിവിധ ദിക്കുകളിൽ നിന്ന് വലിയ പണ്ഡിതന്മാരും മശാഇഖുമാരും വരെ അവിടുത്തെ സദസ്സിൽ ജ്ഞാന വൈപുല്യാർത്ഥം എത്തിച്ചേരുമായിരുന്നുവെന്ന് സയ്യിദ് ഫഖീറുല്ലാഹ് ശാഹ് രിഫാഈ, സയ്യിദ് ഇസ്സുദ്ദീൻ അഹ്മദ് (റ) എന്നിവരിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. തന്റെ വിജ്ഞാന വൈപുല്യം കാരണമാണ് ജനങ്ങൾ മഹാനവർകളെ കബീർ എന്നു ചേർത്ത് ശൈഖ് അഹ്മദുൽ കബീർ (റ) എന്നു വിളിച്ചാദരിക്കാൻ തുടങ്ങിയതെന്ന് ഇത്തരുണത്തിൽ സ്മരണീയമത്രെ...[റുമൂസുൽ ഫുഖറാഅ് : 52]

ത്വരീഖത്തിൽ ചേരാനായി തന്റെ പർണശാലയിൽ എത്തുന്നവരോട് മഹാനവർകൾ പ്രഥമമായി ആവശ്യപ്പെട്ടിരുന്നത് ദീനീ വിജ്ഞാനം കരസ്ഥമാക്കാനായിരുന്നു. ആരാധനാ സംബന്ധിയായ ജ്ഞാനങ്ങളിൽ മഹാനവർകൾ പ്രത്യേക താൽപര്യമെടുത്തിരുന്നു. ശൈഖ് (റ) തന്റെ സമകാലികരായ ആത്മീയ നേതാക്കന്മാരോടും ഖലീഫമാരോടും പറഞ്ഞു : ആധ്യാത്മിക സരണി തേടിയെത്തുന്നവർക്ക് നിങ്ങൾ ആദ്യം മത വിശ്വാസ സംബന്ധിയായ വിജ്ഞാനം പഠിപ്പിക്കണം. വിശ്വാസം ആധ്യാത്മികതയിലേക്കുള്ള ഗോവണിയാണ്...[തദ്കിറ : 11]


പതിനായിരക്കണിക്കിന് പേർക്ക് ശൈഖ്  (റ) വിന്റെ പർണശാലയിൽ ഭക്ഷണ-താമസ സൗകര്യങ്ങൾ ഒരുക്കിയിരുന്നത് അത്ഭുതകരമായിരുന്നു. ഉമ്മു അബീദയിൽ ഒരുക്കിയിരുന്ന സൗകര്യങ്ങളെ ശൈഖ് ജലാലുദ്ദീൻ സിബ്ത് ജൗസി (റ) വിനെ പോലുള്ളവർ ശൈഖ് രിഫാഈ (റ) വിന്റെ കറാമത്തുകളിലാണ് പെടുത്തിയിരിക്കുന്നത്.


ശൈഖ് രിഫാഈ (റ) ഒരു അതുല്യ ഗ്രന്ഥ രചയിതാവ് കൂടിയായിരുന്നു. സയ്യിദ് മഹ്മൂദ് സാംറാഈ (റ) രേഖപ്പെടുത്തുന്നു : ബൗദ്ധിക ബൗദ്ധികേതര വിജ്ഞാനങ്ങളിൽ തന്റെ കാലഘട്ടത്തിലെ ജ്യോതിസ്സായിരുന്ന ശൈഖ് (റ) രചനാ രംഗത്ത് തന്റെ വൈഭവം തെളിയിച്ചു. ഖുർആൻ വ്യാഖ്യാനം, ഹദീസ്, കർമ്മശാസ്ത്രം, വിശ്വാസ ശാസ്ത്രം, ആത്മജ്ഞാനം, തത്വശാസ്ത്രം തുടങ്ങിയ എണ്ണമറ്റ വിജ്ഞാന ശാഖകളിൽ ശൈഖ് (റ) രചന നടത്തിയിട്ടുണ്ട്. അവ അവിടുത്തെ ശിഷ്യന്മാർ പഠിച്ചും പകർത്തിയും ഉപയോഗപ്പെടുത്തിയിരുന്നു...

ശൈഖ് സാംറാ ഈ (റ) എഴുതുന്നു : ഈ ഗ്രന്ഥങ്ങളിൽ മിക്കതും താർത്താരികളുടെ ആക്രമണത്തിൽ നശിക്കുകയോ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗ്രന്ഥാലയങ്ങളിൽ സ്ഥാനം പിടിക്കുകയോ ചെയ്തിട്ടുണ്ട്...
[തദ്കിറ ഹസ്റത്ത് രിഫാഈ : 11]

 ശൈഖ് ഫഖീറുല്ലാഹ് രിഫാഈ (റ) എഴുതുന്നു : തന്റെ രചനകളിലൂടെ അദ്ദേഹം സമുദായത്തിന് വളരെയധികം ഗുണം ചെയ്തു. നിരുപമനായ ജ്ഞാനപ്രചാരകനായിരുന്നു അദ്ദേഹം. ശൈഖ് (റ) വിന്റെ രചനകൾ ചെറുതും വലുതുമായി 662 ഓളം വരും. അവയിൽ കൂടുതലും ഇന്ന് ലഭ്യമല്ല...[തദ്കിറ : 13]


രിഫാഈ ശൈഖ് (റ) വിന്റെ ഏതാനും ഗ്രന്ഥങ്ങളെ ഉമർ രിളാ മുഅ്ജമുൽ മുഅല്ലിഫീൻ വാ : 2/52 ലും അൽ ബുർഹാനുൽ മുഅയ്യിദിലും പരിചയപ്പെടുത്തിയിട്ടുണ്ട്...


സയ്യിദ് മുസ്ത്വഫാ രിഫാഈ (റ) തന്റെ തദ്കിറയിൽ ശൈഖ് രിഫാഈ (റ) വിന്റെ രചനകൾ സംബന്ധിയായി നൽകിയ വിവരണം കാണുക...


1  അൽ ബഹ്ജ: ശൈഖ് അബൂ ഇസ്ഹാഖുശ്ശീറാസി (റ) യുടെ കിതാബു തൻബീഹിന്റെ വ്യാഖ്യാന ഗ്രന്ഥമാണിത്. വിദ്യാർത്ഥിയായിരിക്കെ ശൈഖ് അലിയ്യുൽ വാസിത്വി (റ) വിൽ നിന്നാണ് ശൈഖ് തൻബീഹ് പഠിച്ചത്. ഈ ഗ്രന്ഥം ശൈഖ് (റ) മനഃപാഠമാക്കായിരുന്നെന്ന് ഇബ്നു കസീർ അൽ ബിദായത്തു വന്നിഹായയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആറ് വാള്യങ്ങളായിട്ടാണ് ശൈഖ് (റ) വ്യാഖ്യാനം പൂർത്തീകരിച്ചത്. സയ്യിദ് മുഹ്മൂദ് സാംറാഈ (റ) രേഖപ്പെടുത്തി : താർത്താരികളുടെ ബഗ്ദാദ് ആക്രമണത്തിൽ ഈ മഹത്തായ ഗ്രന്ഥം നഷ്ടമായി...[തദ്കിറ : 14]

2 -അന്നിളാമുൽ ഖാസ് ലി അഹ്ലിൽ ഇഖ്തിസാസ്, ആത്മജ്ഞാനം ചർച്ച ചെയ്യുന്ന പ്രൗഢമായ ഗ്രന്ഥം. ഒരു പ്രബോധകന്റെ ശൈലിയാണ് വിവരണം. ഹിജ്റ 1313 ൽ ഈജിപ്തിൽ നിന്ന് ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പിന്നീട് പലപ്പോഴായി പലയിടങ്ങളിൽ നിന്നും പ്രസിദ്ധീകരിച്ചു. ലഖ്നോ ദാറുൽ ഉലൂം നദ് വത്തുൽ ഉലമാ ലൈബ്രറിയിൽ ഇതിന്റെ ഒരു കോപ്പി ഉണ്ടത്രെ. ജനാബ് സയ്യിദ് മഹ്മൂദ് സാംറാഈ (റ) ഇതു പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്.

3 - അത്ത്വാരിഖു ഇലല്ലാഹ്.

4 - അൽ അഖാഇദുർരിഫാഇയ്യ.

5 -തഫ്സീറു സൂറത്തിൽ ഖദ്ർ, ഈ മൂന്നു ഗ്രന്ഥങ്ങളും ആധ്യാത്മിക ജ്ഞാനം. വിശ്വാസം എന്നിവ ചർച്ച ചെയ്യുന്നു.

6 - അസ്സ്വിറാത്വുൽ മുസ്തഖീം ഫീ തഫ്സീരി ബിസ്മില്ലാഹി ർറഹ്മാനിർറഹീം.

7 - ഇൽമു തഫ്സീർ, ഖുർആൻ വ്യാഖ്യാനവും അതു സംബന്ധമായ ചർച്ചകളുമാണ് ഈ രണ്ടു ഗ്രന്ഥങ്ങളുടെയും ഉള്ളടക്കം.

8 -അർരിവായ, ഹബീബായ നബി ﷺ തങ്ങളുടെ ഹദീസുകളെ സംബന്ധിച്ചുള്ളതാണ് ഈ ഗ്രന്ഥം.

9 അൽ ഹികമുർരിഫാഇയ്യ: ആധ്യാത്മിക ജ്ഞാനം തന്നെയാണ് ഈ ഗ്രന്ഥത്തിന്റെയും ചർച്ചാ വിഷയം. യുക്തിപൂർവകവും ഉപദേശപൂർണ്ണവുമായ ഗ്രന്ഥം. ശൈഖ് മുരീദുമാരുടെ മര്യാദകളും ചട്ടങ്ങളും പ്രതിപാദിക്കുന്നു. ശൈഖ് മഹ്മൂദ് സാംറാഈ (റ) ഇതിനു വ്യാഖ്യാനമെഴുതി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ ഗ്രന്ഥത്തിന് വിവിധ ഭാഷകളിൽ പതിപ്പുകളിറങ്ങിയിട്ടുണ്ട്. ഉറുദു പരിഭാഷ ലാഹോറിൽ നിന്നാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

10  ഹാലത്തു അഹ്ലിൽ ഹഖീഖത്തി മഅല്ലാഹ്, ആത്മ ജ്ഞാന സംബന്ധിയായ മറ്റൊരു ഗ്രന്ഥം. തന്റെ ശൈഖുമാരിൽ നിന്നും ഉസ്താദുമാരിൽ നിന്നും കേട്ട ആധ്യാത്മിക വിഷയകമായ ഹദീസുകളിൽ നാൽപ്പതെണ്ണം പ്രത്യേകം തിരഞ്ഞെടുത്ത് അവയ്ക്ക് വ്യാഖ്യാനമെഴുതിയിരിക്കുന്നു.

11 -അൽ അഹ്സാബുർരിഫാഇയ്യ:

12 -അസ് സിർറുൽ മസ്വൂൻ, ശൈഖ് (റ) വിന്റെ ദിക്റുകളുടെ സമാഹാരമാണ് ഈ ഗ്രന്ഥങ്ങൾ. രിഫാഈ (റ) പതിവായി ചൊല്ലിയിരുന്ന 663 ദിക്റുകളാണ് ഇവയിൽ ഉൾപ്പെട്ടിരിക്കുന്നത്.

13 -അൽ ബുർഹാനുൽ മുഅയ്യദ് - ശൈഖ് (റ) വിന്റെ പ്രധാന പ്രഭാഷണങ്ങളുടെ സമാഹാരം. ശിഷ്യ പ്രമുഖൻ ഷറഫുദ്ദീനു ബ്നു അബ്ദു സമീഅ് (റ) ക്രോഡീകരിച്ചത്. ഗ്രന്ഥകാരൻ എന്നതിന് പുറമെ സാഹിത്യരംഗത്ത് അതുല്യമായ സേവനങ്ങൾ ശൈഖ് (റ) വിന്റേതായുണ്ട്. ശൈഖ് തങ്ങൾ നല്ലൊരു അറബി കവി കൂടിയായിരുന്നു എന്ന് ചരിത്രം പറയുന്നു.


ശൈഖ് ഖാളി ഇബ്നു ഷുഹ്ബ (റ) വിൽ നിന്ന് ഉദ്ധരിക്കപ്പെടുന്നു : ശൈഖ് (റ) നല്ല കവിതകൾ എഴുതിയിട്ടുണ്ട്...[തദ്കിറ : 60]


ഇബ്നുൽ (റ) വിനെ ഉദ്ധരിച്ച് ഇമാം ഖാസിമു ബ്നുൽ ഹാജ് (റ) ഉമ്മുൽ ബറാഹീൻ എന്ന ഗ്രന്ഥത്തിൽ എഴുതുന്നു : ഞങ്ങളുടെ കൂട്ടത്തിൽ ശൈഖ് അബ്ദുറഹ്മാൻ ത്വഫ്സൂൻജി (റ) വിന്റെ ശിഷ്യന്മാരിൽ പെട്ട ഒരു സ്വാലിഹായ മനുഷ്യൻ ഉണ്ടായിരുന്നു. ഭൗതിക പരിത്യാഗിയും, ആരാധനാ നിർഭരമായ ജീവിതത്തിനുടമയും, അതീവ സൂക്ഷ്മതയുള്ളയാളുമായിരുന്നു അദ്ദേഹം...


അദ്ദേഹം ഒരു നാൾ ഞങ്ങളോട് പറഞ്ഞു : ഇന്നലെ രാത്രി ഞാൻ അത്ഭുതകരമായ ഒരു സ്വപ്നം കണ്ടു. എങ്കിൽ അതു വിശദീകരിക്കണമെന്നായി ഞങ്ങൾ. അദ്ദേഹം വിശദീകരിക്കാൻ തുടങ്ങി...


ഒരുപാട് വാഹനങ്ങൾ നമ്മുടെ ഗ്രാമത്തിലേക്ക് വരുന്നത് ഞാൻ കണ്ടു. ഓരോ വാഹനത്തിലും ഓരോ പതാകയുണ്ട്. വാഹനങ്ങൾ ഗ്രാമത്തിലെത്തി നിന്നു. അതിൽ നിന്ന് ചിലയാളുകൾ ഇറങ്ങി വന്നു. അവരിൽ ചിലർ ഗ്രാമവാസികളിൽ നിന്ന് ഒന്നോ രണ്ടോ ആളുകളെ വീതം തങ്ങളുടെ വാഹനത്തിൽ കയറ്റി. വേറെ ചിലർ അഞ്ച് ആളുകളെ വീതം കയറ്റി. മറ്റു ചിലർ പത്ത്, വേറേ ചിലയാളുകൾ ഇരുപത് എന്നിങ്ങനെ കുറേ ആളുകളെ താന്താങ്ങളുടെ വാഹനങ്ങളിൽ കയറ്റി അവർ പോയി. പിന്നീടും ഓരോ വാഹനങ്ങൾ വരികയും ഇതേ പ്രക്രിയ ആവർത്തിക്കുകയും ചെയ്തു കൊണ്ടിരുന്നു. അവസാനം ഒരു വലിയ വാഹനം വന്നു...


വളരെ വിശാലവും നയന മനോഹരവുമായിരുന്നു ആ വാഹനം. മറ്റു വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി അതിൽ രണ്ട് പതാകകളുണ്ട്. വാഹനത്തിന്റെ മുൻവശത്തായി ഒരു മഹാൻ ഇരിപ്പുണ്ട്. മഹാനവർകൾ കാൽമുട്ടിൽ തല വെച്ചാണിരിക്കുന്നത്. തല ഉയർത്തുന്നേയില്ല. എല്ലാ വാഹനങ്ങളും പോയ്ക്കഴിഞ്ഞപ്പോൾ മഹാനവർകളുടെ വാഹനം മുന്നോട്ട് വന്നു. അതിൽ നിന്നു കുറേപേർ ഇറങ്ങി വന്ന് ഗ്രാമത്തിലുള്ള വലിയവരെയും ചെറിയവരെയും പുരുഷന്മാരേയും സ്ത്രീകളെയും തുടങ്ങി എല്ലാവരെയും ആ വാഹനത്തിലേക്ക് കയറ്റി. എത്രയാളുകൾ കയറിയിട്ടും ആ വാഹനം നിറഞ്ഞില്ല. ആ വാഹനം നമ്മുടെ ഗ്രാമം വിട്ടു. അടുത്ത ഗ്രാമം ലക്ഷ്യമാക്കി നീങ്ങാൻ തുടങ്ങി...


ഈ ദ്യശ്യങ്ങളെല്ലാം കണ്ടു നിന്ന എനിക്ക് വല്ലാത്ത പരിഭ്രമം തോന്നി. ഞാൻ അടുത്തുണ്ടായിരുന്ന ഒരാളോട് വിവരങ്ങൾ തിരക്കി. നിങ്ങൾ അവരെയൊന്നും അറിയില്ലേ എന്നു അയാൾ എന്നോട് ചോദിച്ചു... അറിയില്ലെന്ന് പറഞ്ഞപ്പോൾ അയാൾ വിശദീകരിക്കാൻ തുടങ്ങി. ചെറിയ വാഹനങ്ങളിൽ വന്നവർ വിവിധ മശാഇഖുമാരാണ്. അവർ തങ്ങളുടെ ശിഷ്യന്മാരെ കൂട്ടാൻ വന്നതാണ്. വലിയ വാഹനം ശൈഖ് അഹ്മദുൽ കബീർ രിഫാഈ (റ) വിന്റെതാണ്. മറ്റുള്ള മശാഇഖുമാരെല്ലാം തങ്ങളുദ്ദേശിച്ചവരെ മാത്രം കൊണ്ടു പോയപ്പോൾ ശൈഖ് (റ) ഗ്രാമത്തിൽ ശേഷിച്ച മുഴുവൻ മനുഷ്യരെയും ജീവികളെയും കൊണ്ടുപോയി. എല്ലാ ന്യൂനർക്കും പൂർത്തീകരണമാണ് ഞാൻ എന്നു ശൈഖ് (റ) പറഞ്ഞത് താങ്കൾ കേട്ടിട്ടില്ലേ...
[ഖിലാദത്തുൽ ജവാഹിർ]


ശൈഖ് രിഫാഈ (റ) ബസ്വറയിലെ സമുദ്ര തീരത്തു കൂടി നടന്നു പോകുമ്പോൾ മത്സ്യങ്ങൾ അവിടുത്തെ കണ്ട് തുള്ളിച്ചാടുമായിരുന്നത്രെ... ഒരു സിംഹം ശൈഖ് (റ) വുമായി സംസാരിച്ചിട്ടുള്ളതായി ശൈഖ് ഹസനു ന്നഖീബ് എന്ന രിഫാഈ (റ) വിന്റെ ശിഷ്യനെ ഉദ്ധരിച്ച് ഖിലാദത്തുൽ ജവാഹിറിൽ രേഖപ്പെടുത്തിയിട്ടുണ്ട്...


യാ ശൈഖ് തങ്ങളുടെ പർണശാലയിൽ ഹൗളിലേക്കുള്ള വെള്ളം വലിച്ചിരുന്ന കാളയെ ഈ സിംഹം കൊന്നു തിന്നുകയായിരുന്നുവെന്ന് വിവരണത്തിൽ കാണുന്നു. കാളയെ നോക്കിയിരുന്നയാൾ ഓടി രക്ഷപ്പെട്ട് ശൈഖ് (റ) വിനോട് കാര്യം പറഞ്ഞു. അവസാനം ശൈഖ് തങ്ങളുടെ കൽപ്പന പ്രകാരം കാള ചെയ്തിരുന്ന ജോലി സിംഹം ഏറ്റെടുത്തുവെന്നും തുടർന്ന് രേഖപ്പെടുത്തിയിട്ടുണ്ട്...[ഖിലാദത്ത് : 93]


ശൈഖ് അബൂ യൂസുഫ് ബദ്റാൻ ബ്നു മൻസ്വൂറുൽ അൻസാരി (റ) പറയുന്നു : ശൈഖ് തഖിയുദ്ദീൻ അലിയ്യുബ്നുൽ മുബാറക് (റ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ശൈഖ് അഹ്മദ് (റ) ഒരിക്കൽ കടൽത്തീരത്ത് ഇരുന്നു. ശിഷ്യന്മാർ ചുറ്റും ഇരിക്കുന്നുണ്ടായിരുന്നു. അപ്പോൾ ശൈഖ് തങ്ങൾ പറഞ്ഞു : നമുക്ക് ഇപ്പോൾ ചുട്ട മത്സ്യം കിട്ടിയിരുന്നെങ്കിൽ..?


ശൈഖ് (റ) ഇത് ഉരുവിടേണ്ട താമസം. വിവിധ മത്സ്യങ്ങൾ സമുദ്രത്തിൽ നിന്ന് കരയിലേക്ക് എടുത്തുചാടി. മുമ്പൊന്നും കാണാത്ത വിധം മത്സ്യങ്ങളാണ് തീരത്തോട് അടുത്തു വന്നത്. ശൈഖ് തങ്ങൾ പറഞ്ഞു : ഈ മത്സ്യങ്ങളെല്ലാം ഞാൻ അവയെ ഭുജിക്കണമെന്നാണ് എന്നോട് ആവശ്യപ്പെടുന്നത്..!

ശൈഖ് (റ) വിന്റെ കൂടെയുണ്ടായിരുന്നവർ കുറേ മത്സ്യങ്ങളെ പിടിച്ചു. അവ ചുട്ടെടുത്തു. അവർ വേണ്ടുവോളം ഭക്ഷിച്ചു. പാത്രത്തിൽ കുറേ തലയും മുള്ളും വാലും മാത്രം ശേഷിച്ചു. അങ്ങനെയിരിക്കവെ ഒരാൾ ശൈഖ് തങ്ങളോട് ചോദിച്ചു : അല്ലാഹുﷻവിന്റെ സ്ഥിര സാമീപ്യം നേടിയ ആളുടെ പ്രത്യേകതയെന്താണ്..?


അല്ലാഹുﷻവിന്റെ സൃഷ്ടികളിൽ കൈകാര്യ കർത്തൃത്വത്തിന് അവസരം നൽകുക എന്നതാണത്. ശൈഖ് (റ) പ്രത്യുത്തരം നൽകി. അയാൾ അതിനൊരു ദൃഷ്ടാന്തം ആവശ്യപ്പെട്ടു. ശൈഖ് തങ്ങൾ മത്സ്യാവശിഷ്ടങ്ങളിലേക്ക് കൈ ചൂണ്ടി പറഞ്ഞു : "മീനുകളേ, അല്ലാഹുﷻവിന്റെ അനുമതി പ്രകാരം നിങ്ങൾ എഴുന്നേറ്റ് പോകുക " ഉടനെ തന്നെ മത്സ്യങ്ങളെല്ലാം പൂർവ്വാവസ്ഥ പ്രാപിച്ച് സമുദ്രത്തിലേക്ക് ചാടി അവ വെള്ളത്തിൽ മറഞ്ഞു...[അൽ ബുർഹാനുൽ മുഅയ്യദ് : 10]


നേർ സാക്ഷ്യങ്ങൾ


സമകാലീനരും പിൻഗാമികളുമായ ധാരാളം മഹാരഥന്മാർ സുൽത്വാനുൽ ആരിഫീൻ തങ്ങളുടെ മാഹാത്മ്യങ്ങൾ എണ്ണിപ്പറഞ്ഞിട്ടുണ്ട്. ശൈഖ് (റ) വിന്റെ കാലക്കാരനായ ശൈഖ് അബ്ദുസ്സമീഅ് ഹാശിമി അൽ വാസിത്വി (റ) പറയുന്നു : സയ്യിദ് അഹ്മദ് (റ) അല്ലാഹുﷻവിന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ട ഒരു ദൃഷ്ടാന്തവും ഹബീബായ നബി ﷺ തങ്ങളുടെ മുഅ്ജിസത്തുകളിൽ പെട്ട ഒരു മുഅ്ജിസത്തുമായിരുന്നു. വിശുദ്ധ ഖുർആനും തിരു സുന്നത്തുമായിരുന്നു മഹാനവർകളുടെ മാർഗ്ഗം. വാചകങ്ങൾക്കപ്പുറം പ്രവർത്തന പഥത്തിൽ കൊണ്ടുവരുന്ന ആളായിരുന്നു ശൈഖ് (റ). അവരെ കണ്ടാൽ മുൻഗാമികളെ മുഴുവൻ കണ്ടതുപോലെയായി...[അൽ മആരിഫുൽ മുഹമ്മദിയ്യ]


ശൈഖ് അബൂ ഷുജാഅ് ശാഫിഈ (റ) പറയുന്നു : ശൈഖ് (റ) ഉയർന്ന ദൃഷ്ടാന്തവും ഉയർന്ന പർവ്വതവുമായിരുന്നു. കർമ്മ ശാസ്ത്രത്തിലും ഹദീസിലും തഫ്സീറിലും വലിയ വിജ്ഞാനിയായിരുന്നു...


അല്ലാമാ താജുദ്ദീനുസ്സുബ്കി (റ) പറയുന്നു : ഭൗതിക പരിത്യാഗിയായ ശൈഖ് അഹ്മദ് (റ) അല്ലാഹുﷻവിന്റെ ആരിഫീങ്ങളായ ഔലിയാക്കളിൽ ഒരാളും, കഠിനാദ്ധ്വാനം ചെയ്ത മഹാന്മാരിൽ ഒരു വ്യക്തിയുമാണ്. മഹത്തായ കറാമത്തുകൾ അവരിൽ നിന്ന് ഉണ്ടായിട്ടുണ്ട്...[ഖിലാദത്ത്]


അല്ലാമാ അബ്ദുൽ വഹാബുശ്ശഅ്റാനി (റ) പറയുന്നു : അധ്യാത്മജ്ഞാനത്തിന്റെ നേതൃത്വം ശൈഖ് രിഫാഈ (റ) വിലാണ് എത്തിച്ചേർന്നത്. മഹാന്മാരുടെ അവസ്ഥകൾ വിശദീകരിക്കുന്നതിലും അവരുടെ പദവികളെ കുറിച്ച് വ്യക്തമായി വിശദീകരിക്കുന്നതിലും ശൈഖ് (റ) നിരുപമൻ തന്നെ. ബത്വാഇഹിലെ മുരീദുമാരെ സംസ്കരിച്ചെടുത്ത് അദ്ദേഹം വിശ്രൂതനായി. അസംഖ്യം ശിഷ്യഗണങ്ങൾ അദ്ദേഹത്തിൽ നിന്ന് ജ്ഞാനം സ്വീകരിച്ച് പുറത്തിറങ്ങി..."

അല്ലാമാ സൈനുദ്ദീൻ ഉമറുബ്നുൽ വർദി (റ) പറയുന്നു : ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയുള്ള മഹാനായിരുന്നു അദ്ദേഹം. വലിയൊരു ശിഷ്യ സമ്പത്തിന്റെ ഉടമയുമാണ്..."

ഇമാം ശാഫിഈ (റ) പറയുന്നു : വിനയത്തിലും, ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നതിലും, വിനീത സംസാരത്തിലും, ലാളിത്യത്തിലും, ആത്മശുദ്ധിയിലും അദ്ദേഹം നിസ്തുലനായിരുന്നു..."

ശൈഖ് അബ്ദുൽ ഗനിയ്യുന്നാബൽസി അൽ ഖാദിരി (റ) പ്രകീർത്തന കവിതയിൽ : താങ്കളുടെ മുഖത്തേക്ക് നോക്കുന്നവരെ അത്ഭുതപ്പെടുത്തും വിധം മുഖത്തിന്റെ വിവിധ ഭാഗങ്ങളിൽ തിരു നബി ﷺ തങ്ങളുടെ പ്രകാശം വെളിവായിരിക്കുന്നു. മറ്റു മഹാന്മാരിലെല്ലാവരിലുമായി പരന്നു കിടക്കുന്ന നബി ﷺ തങ്ങളുടെ ചര്യകൾ മുഴുവൻ അങ്ങയിൽ സമാഹ്യതമായിരിക്കുന്നു..."

അബുൽ ഹുദസ്സ്വയ്യാദി (റ) പറയുന്നു : അബുൽ അബ്ബാസ് അഹ്മദുർരിഫാഈ (റ) അതിയായ മഹത്വവും നിരുപമമായ ആദരവും ഉള്ള വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ പദവി അവാച്യവും അവസ്ഥ വിവരണാതീതവുമാണ്...

വെള്ളപ്പാണ്ടുകാർ, കുഷ്ഠരോഗികൾ എന്നിവരെ ചികിത്സിച്ച് ഭേദപ്പെടുത്തുന്നതിലും അല്ലാഹുﷻവിന്റെ അനുമതി പ്രകാരം മരിച്ചവരെ ജീവിപ്പിക്കുന്നതിലും അറിയപ്പെട്ട നാലുപേരിൽ ഒരാളാണവർ...

കഠിന പ്രയത്‌ന ശാലിയായിരുന്നു. അദ്ദേഹത്തിന് അസംഖ്യം ശിഷ്യന്മാരുമുണ്ടായിരുന്നു...


അഹ്മദ് ബ്നു ജലാൽ (റ) പറയുന്നു : ശൈഖ് രിഫാഈ (റ) കർമ്മ ശാസ്ത്ര പണ്ഡിതനും ഉന്നതനായ ഖാരിഉമായിരുന്നു. ഖുർആൻ പാരായണത്തിൽ മഹാനവർകൾക്ക് പ്രത്യേക പാടവമുണ്ടായിരുന്നു. വലിയൊരു ഹദീസ് പണ്ഡിതൻ കൂടിയായിരുന്നു ശൈഖ് (റ). അദ്ദേഹത്തിന് ഉന്നതമായ പരമ്പരകളും ഇജാസത്തുകളും ഉണ്ട്...

ശൈഖ് തഖിയുദ്ദീനുൽ വാസിത്വി (റ) പറയുന്നു : ഖുത്വുബുൽ അഖ്ത്വാബ് ശൈഖ് അബ്ദുൽ ഖാദർ ജീലാനി (റ) ശൈഖ് രിഫാഈ (റ) വിനെ പ്രകീർത്തിച്ചു പറഞ്ഞു. എന്നിട്ട് ഇങ്ങനെ തുടർന്നു : "ഹേ മനുഷ്യാ, ആ മഹാത്മാവിനെ അറിയാൻ ആർക്കും കഴിയില്ല. ആര് വിശേഷണം പറഞ്ഞാലും അവിടുത്തെ യഥാർത്ഥ വിശേഷണം മനസ്സിലാക്കാൻ കഴിയില്ല..."


രിഫാഈ ശൈഖ് (റ) വിന്റെ ശിഷ്യനായ ശൈഖ് ഇബ്റാഹീമുൽ അഅ്സബ് (റ) പറയുന്നു : "ശൈഖ് തങ്ങൾ സ്വയം പർണശാലയും പള്ളിയും അടിച്ചു വാരാറുണ്ടായിരുന്നു. വെളുത്ത തുകൽ കൊണ്ടായിരുന്നു ശൈഖ് (റ) വിന്റെ ചെരിപ്പുകൾ. കഷ്ണം വെച്ച വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. രോഗികളോടും വിശന്നവരോടും മാറാവ്യാധി ബാധിച്ചവരോടുമൊപ്പം മഹാനവർകൾ ഭക്ഷണം കഴിക്കുമായിരുന്നു. സൽസ്വഭാവിയും മാന്യനുമായിരുന്ന ശൈഖ് (റ) അവിടുത്തെ കുടുംബ ബന്ധങ്ങൾ നല്ല നിലക്ക് പുലർത്തിപ്പോന്നു..."

ശൈഖ് അബൂ മുൻദിറുൽ മുഹ്തദാറജി (റ) പറയുന്നു : "എനിക്കൊരിക്കലും ആ മഹാനുഭാവന്റെ മഹത്വം വിശദീകരിക്കാൻ കഴിയില്ല. തനിക്ക് ഒരു പദവിയും മഹത്വവും കൽപ്പിക്കാത്തവരും സ്വശരീരത്തിന് ഭൗതിക സുഖങ്ങൾ തീരെ നൽകാത്തവരുമായ ഒരു മഹാനെ ഞാൻ എങ്ങനെ വർണ്ണിക്കും..! അല്ലാഹുﷻവിന്റെ അടുക്കൽ പദവി വർദ്ധിക്കുംതോറും അവിടുത്തെ വിനയവും ലാളിത്യവും വർദ്ധിക്കുമായിരുന്നു..."

ശൈഖ് ഇബ്റാഹീമുൽ ഫാറൂസി (റ) തന്റെ സദസ്സിൽ മഹാന്മാരുടെ മാഹാത്മ്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ശൈഖ് രിഫാഈ (റ) ഒഴികെയുള്ള എല്ലാ മഹാന്മാരെ കുറിച്ച് പറയുമ്പോഴും അദ്ദേഹം ശൈഖ് എന്നു ചേർത്തു വിളിച്ചു. ശൈഖ് രിഫാഈ (റ) വിനെ സംബന്ധിച്ച് പറയുമ്പോൾ ശൈഖുനാ സയ്യിദീ അഹ്മദ് എന്നും പറഞ്ഞു. ഈ വേർതിരിവിനെതിരെ സദസ്സിൽ നിന്ന് ചോദ്യമുയർന്നു. ശൈഖ് മൻസ്വൂർ (റ) അടക്കമുള്ള മഹാന്മാരെ കുറിച്ചെല്ലാം താങ്കൾ ശൈഖ് എന്നു മാത്രവും ശൈഖ് രിഫാഈ (റ) വിനെ കുറിച്ച് ശൈഖുനാ സയ്യിദീ അഹ്മദ് എന്നും ചേർക്കുന്നുവല്ലോ.. എല്ലാവരും മഹാന്മാരല്ലേ..! പിന്നെന്താണീ വിവേചനം..?
നിരവധി മരിച്ചവരെ അല്ലാഹുﷻവിന്റെ അനുമതി പ്രകാരം ജീവിപ്പിച്ച മഹാനാണ് ശൈഖ് രിഫാഈ (റ). അവരെ ഞാൻ എങ്ങനെ പ്രത്യേകം ആദരിക്കാതിരിക്കും എന്നായിരുന്നു മറുപടി...[ഖിലാദത്ത്]


ശൈഖ് അഹ്മദു ബ്നു ജലാൽ ഇലാഉസ്സ്വദയിൽ എഴുതി : പല മഹാന്മാർ സ്വപ്നത്തിൽ ഹബീബായ നബി ﷺ തങ്ങൾ ശൈഖ് തങ്ങളെ പുകഴ്ത്തി പറയുന്നതായി കണ്ടു. നബി ﷺ പറയുകയാണ് : "ശൈഖ് രിഫാഈ (റ) ആത്മീയ ലോകത്തെ പുതുമാരനാണ്. അദ്ദേഹത്തോട് ആയിരങ്ങൾ പിന്തുടരുകയും അതു വഴി അവർ അല്ലാഹുﷻവിനെ പ്രാപിക്കുകയും ചെയ്യും..."


ശൈഖ് ഇമാദുദ്ദീനു സ്സിൻകി (റ) പറഞ്ഞതായി ശൈഖ് അലിയ്യുസ്സുരി (റ) ഉദ്ധരിക്കുന്നു : ശൈഖ് അഹ്മദുൽ കബീർ രിഫാഈ (റ) ഉമ്മയുടെ ഗർഭാശയത്തിൽ വെച്ച് തന്നെ സംസാരിച്ചിട്ടുണ്ട്...


ഒരിക്കൽ ഗർഭാശയത്തിൽ നിന്ന് ഉമ്മ കേൾക്കുന്ന ശബ്ദത്തിൽ അവിടുന്ന് പറഞ്ഞു : ഉമ്മാ, നിങ്ങൾക്ക് സലാം. മകൻ സലാം പറയുന്നത് കേട്ട മഹതി സലാം മടക്കി മകനോട് ചോദിച്ചു : മോനേ എന്താണ് നിങ്ങളുടെ പേര്..! തൽസമയം ഗർഭാശയത്തിൽ നിന്ന് പ്രത്യുത്തരം നൽകി. എന്റെ പേര് അഹ്മദ് എന്നാണ്. തുടർന്ന് ശൈഖ് തങ്ങളുടെ ചോദ്യം : പ്രിയ മാതാവേ അവിടുന്ന് അല്ലാഹുﷻവിൽ നിന്ന് എന്താണ് ആവശ്യപ്പെടുന്നത്..! ഉമ്മ പറഞ്ഞു : എന്റെ ആവശ്യം അല്ലാഹുﷻവിന്റെ [റഹ്മത്ത്] കാരുണ്യമാണ്...


ഉടൻ ശൈഖ് തങ്ങൾ പ്രതിവചിച്ചു : "അല്ലാഹുﷻവിന്റെ റഹ്മത്ത് ലഭിക്കാനുള്ള മാർഗ്ഗങ്ങൾ ഏഴെണ്ണമുണ്ട്...

1) - സ്വിദ്ഖുൽ യഖീനോട് (സത്യ സന്ധമായ വിശ്വാസ ദാർഢ്യത) കൂടെയുള്ള ശരിയായ കരുത്ത്.

2) - അഞ്ച് വഖ്ത് നിസ്കാരം അനുഷ്ഠിക്കൽ.

3) - സാധുക്കൾക്ക് ഗുണങ്ങൾ ചെയ്തു കൊടുക്കൽ.

4) - ഇതര സൃഷ്ടികളെ വഞ്ചിക്കലിൽ നിന്ന് ഹൃദയം ശുദ്ധമാവുക.

5) - പരദൂഷണത്തിൽ നിന്ന് നാവ് സൂക്ഷിക്കൽ.

6) -ഹറാം കൈവെടിയൽ.

7) -അന്യരിലേക്കുള്ള നോട്ടത്തെ തൊട്ട് മനസ്സ് സംരക്ഷിക്കൽ.


ഗർഭസ്ഥ ശിശുവിന്റെ വിശദീകരണം ആ മഹതിയെ അത്ഭുതപ്പെടുത്തി. മഹതി പറഞ്ഞു : ഈസാ നബി (അ) നെ പോലെ വയറ്റിൽ നിന്ന് സംസാരിക്കുന്ന കുട്ടി. അത്ഭുതം തന്നെ..!!


അപ്പോഴാണ് ശൈഖ് (റ) വിന്റെ അമ്മാവൻ ശൈഖ് മൻസ്വൂറുസ്സാഹിദ് (റ) അവിടേക്ക് കടന്നു വന്നത്. ശൈഖ് മൻസ്വൂറുസ്സാഹിദ് (റ) തന്റെ സഹോദരിയോട് പറഞ്ഞു : "പ്രിയ സഹോദരീ, നിങ്ങളുടെ വയറ്റിൽ നിന്ന് സംസാരിക്കുന്ന ഈ കുട്ടി ലോകത്തെ മശാഇഖുമാരുടെ ശൈഖാണ്. അവിടുത്തെ വിലായത്തിന്റെ വെളിച്ചം കൊണ്ട് ലോകം മുഴുക്കെ പ്രകാശിക്കും. ആ പുണ്യ പ്രഭാവൻ കാരണത്താൽ മലക്കുകൾ ആകാശ ലോകത്തും സ്വാലിഹീങ്ങൾ ഭൂമിയിലും സന്തോഷിക്കും. ദുർവൃത്തരും പിശാചുക്കളും പരിഭ്രമചിത്തരാകും. അവിടുത്തെ പ്രകാശം എല്ലാ ഔലിയാക്കളെയും പൊതിയും. അസൂയാലുക്കൾ അവരുടെ കുതന്ത്രങ്ങളാൽ തന്നെ തകർന്നടിയും. അവിടുത്തേക്ക് അല്ലാഹു ﷻ ഉന്നത വിജയം പ്രധാനം ചെയ്യും. സഹോദരീ, നിങ്ങളുടെ മകന്റെ കാര്യത്തിൽ സന്തോഷിച്ചു കൊള്ളുക..."


ശൈഖ് തങ്ങളുടെ ശിഷ്യന്മാരിലൊരാളായ അൽ ഹാജ് അബുൽ കിറാം (റ) പലപ്പോഴും ശൈഖ് (റ) വിനെ സന്ദർശിക്കണമെന്ന് വിചാരിച്ചിരുന്നു. അങ്ങനെ ഒരിക്കൽ ശൈഖ് തങ്ങളുടെ അടുത്തേക്ക് പുറപ്പെട്ടു. വഴിയിൽ വെച്ച് അദ്ദേഹത്തിന് ചില വിഷമതകളുണ്ടായി. കാല് വേദനിക്കാൻ തുടങ്ങുകയും, വേദന തുടയെല്ല് വരെ എത്തുകയും ചെയ്തു. വേദന ശക്തമായി. ശൈഖ് തങ്ങളുടെ അടുത്തെത്തി ശിഷ്യന്റെ മുഖത്തേക്ക് നോക്കിയപ്പോൾ തന്നെ ശൈഖ് (റ) വിന് ശിഷ്യൻ അനുഭവിച്ച വിഷമതകൾ ബോധ്യമായി. തുടർന്ന് ശൈഖ് (റ) ശിഷ്യനെ ഒന്നു നോക്കി. ശൈഖ് തങ്ങൾ നോക്കിയതോടെ അദ്ദേഹത്തിന്റെ വേദനകൾ പാടെ മാറി.


അബ്ദുല്ലാഹ് ഗ്രാമത്തിലെ ശൈഖ് മക്കിയ്യ് എന്ന മഹാൻ ശൈഖ് തങ്ങളുടെ ശിഷ്യനായിരുന്നു. ഉമ്മു അബീദയിൽ വന്ന് തൗബ ചെയ്ത് ശൈഖ് തങ്ങൾക്ക് ശിഷ്യപ്പെട്ടതു മുതൽ അദ്ദേഹം പർണ ശാലയിൽ തന്നെയായിരുന്നു താമസം. കുറേക്കാലം അങ്ങനെ കഴിഞ്ഞു. അതിനിടെ ഒരു നാൾ തന്റെ കുടുംബത്തെ പോയിക്കാണണമെന്ന് അദ്ദേഹത്തിന് ഉൽക്കടമായ ആഗ്രഹം ജനിച്ചു. പിറ്റേ ദിവസം രാവിലെ പതിവുപോലെ മജ്ലിസിൽ ചെന്നപ്പോൾ ശൈഖ് (റ) ചോദിച്ചു : ഓ മക്കിയ്യ, എപ്പോഴാണ് അബ്ദുല്ലാ ഗ്രാമത്തിൽ പോകുന്നത്..? ശൈഖ് മക്കിയ്യിന് അത്ഭുതമായി..."



ദരിദ്രനായ രിഫാഈ (റ) വിന്റെ ഒരു ശിഷ്യൻ ഒരിക്കൽ ഗുരുവിനെയും മറ്റും വീട്ടിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് അദ്ദേഹത്തിന്റെ വീട്ടിലെത്തി. ശൈഖ് തങ്ങൾക്കും കൂടെയുള്ളവർക്കും വിഭവങ്ങളൊന്നും ഒരുക്കിയിരുന്നില്ല. അതിനു മാത്രമുള്ള സാമ്പത്തിക കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നില്ല. വിഭവങ്ങളൊന്നുമൊരുക്കാതെ ശൈഖ് (റ) വിനെ ക്ഷണിച്ചു വരുത്തിയതിൽ കൂടെ വന്ന പലർക്കും അതൃപ്തി തോന്നി. അവർ ചോദിച്ചു : താങ്കൾ എന്തിനാണ് ശൈഖ് തങ്ങളെ ക്ഷണിച്ചു വരുത്തിയത്..? അദ്ദേഹം പറഞ്ഞു : ശൈഖ് (റ) വിന്റെ കാരണത്താൽ അല്ലാഹു ﷻ ബറകത്ത് ചെയ്യാനും അതു വഴി നമുക്ക് വിഭവങ്ങളൊരുക്കാനും വേണ്ടി..! ശൈഖ് തങ്ങൾ കുറച്ച് നേരം ആ വീട്ടിൽ ചിലവഴിച്ച് യാത്ര പറഞ്ഞിറങ്ങി...


പിന്നീടങ്ങോട്ട് ആ ശിഷ്യന് സാമ്പത്തികമായി അതിയായ പുരോഗതി ലഭിച്ചു. അത് ശൈഖ് (റ) വിന്റെ മഹത്വത്തിന്റെ ഫലമായിരുന്നു.


ശൈഖ് (റ) തങ്ങളുടെ സഹോദരീ പുത്രൻ അബ്ദുൽ ഹസൻ സയ്യിദ് അലിയിൽ നിന്ന് നിവേദനം : അദ്ദേഹം പറയുന്നു. ഞാൻ അമ്മാവന്റെ റൂമിനു പുറത്ത് വാതിലിനടുത്തായി ഇരിക്കുകയായിരുന്നു. റൂമിൽ ശൈഖ് (റ) മാത്രമാണുള്ളത്. അങ്ങനെയിരിക്കെ റൂമിനുള്ളിൽ നിന്ന് ഞാൻ ഒരു ശബ്ദം കേട്ടു. നോക്കുമ്പോൾ എനിക്ക് മുൻപരിചയമില്ലാത്ത ഒരാൾ. അവർ  രണ്ടുപേരും ദീർഘനേരം സംസാരിച്ചു കൊണ്ടിരുന്നു. വളരെ വൈകാതെ അദ്ദേഹം ശൈഖ് (റ) വിന്റെ റൂമിൽ നിന്ന് അപ്രത്യക്ഷനാവുകയും ചെയ്തു. ഇതു കണ്ട ഞാൻ അമ്മാവന്റെ മുറിയിലെത്തി...

മഹാനവർകളോട് ആരായിരുന്നു അയാൾ എന്നു ചോദിച്ചു. നീ അദ്ദേഹത്തെ കണ്ടോ..? ശൈഖ് തങ്ങൾ എന്നോടാരാഞ്ഞു. ഞാൻ കണ്ടെന്ന് പറഞ്ഞു. ശൈഖ് തങ്ങൾ പറഞ്ഞു : വലിയ മഹാനാണദ്ദേഹം. അദ്ദേഹത്തെ കൊണ്ടാണ് അല്ലാഹു ﷻ ബഹ്റുൽ മുഹീത്വ് മേഖല കാക്കുന്നത്. പ്രത്യേക മഹത്വങ്ങളുള്ള നാലു മഹാന്മാരിൽ ഒരാളാണദ്ദേഹം. പക്ഷെ മൂന്ന് ദിവസങ്ങളായി അല്ലാഹുﷻവും അദ്ദേഹവുമായുള്ള ബന്ധം കുറഞ്ഞിരിക്കുകയാണ്. അക്കാര്യം അദ്ദേഹം അറിയില്ല...

ശൈഖവർകളേ എന്താണ് അല്ലാഹു ﷻ അദ്ദേഹവുമായുള്ള ബന്ധത്തെ ബാധിച്ചത്..! ഞാൻ ചോദിച്ചു. മഹാനവർകൾ വിശദീകരിച്ചു തുടങ്ങി : അദ്ദേഹം ബഹ്റുൽ മുഹീത്വിലെ ഒരു ദ്വീപിൽ താമസിക്കുന്നു. മൂന്ന് ദിവസങ്ങളായി അവിടെ ശക്തമായ മഴ വർഷിച്ചുകൊണ്ടിരിക്കുകയാണ്. ശക്തമായ മഴ കാരണം ദ്വീപിലെ പ്രദേശങ്ങളെല്ലാം വെള്ളം നിറഞ്ഞു. അപ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ ഈ മഴ വൻകരയിലായിരുന്നെങ്കിൽ എന്നു തോന്നിപ്പോയി. തനിക്ക് തോന്നിയത് അനുചിതമായെന്ന് പിന്നീട് മനസ്സിലാക്കിയ അദ്ദേഹം അപ്പോൾ തന്നെ ഇസ്തിഗ്ഫാർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതാണ് അല്ലാഹുﷻവിനും അദ്ദേഹത്തിനുമിടയിലുള്ള ബന്ധത്തെ ബാധിച്ചത്...

ഞാൻ ചോദിച്ചു : താങ്കൾ അദ്ദേഹത്തെ വിവരം അറിയിച്ചില്ലേ..? ഇല്ല, എനിക്കതിന് ലജ്ജ തോന്നി. അങ്ങ് എനിക്ക് സമ്മതം തരികയാണെങ്കിൽ ഞാൻ അറിയിച്ചുകൊള്ളാം. നീ അറിയിക്കുമോ ശൈഖ് തങ്ങൾ ചോദിച്ചു..!
അതെ... ഞാൻ പറഞ്ഞു. എങ്കിൽ നീ തല താഴ്ത്തിയിരിക്ക്. ഞാൻ തല താഴ്ത്തിയിരുന്നു. പിന്നീട് ഞാനൊരു ശബ്ദം കേട്ടു. അലീ, നീ തല ഉയർത്തിക്കൊൾക..  ഞാൻ തല ഉയർത്തി നോക്കി. അപ്പോൾ ഞാൻ ബഹ്റുൽ മുഹീത്വിലെ ദ്വീപിൽ എത്തിയിരുന്നു. എനിക്ക് പരിഭ്രമം തോന്നി. ഞാൻ ആ ദ്വീപിൽ നടക്കാൻ തുടങ്ങി. അപ്പോൾ ഞാൻ മഹാനവർകളെ കണ്ടു മുട്ടി...


മഹാനവർകളോട് സലാം ചൊല്ലി. ശൈഖ് രിഫാഈ (റ) പറഞ്ഞ കാര്യങ്ങൾ മഹാനവർകളെ തെര്യപ്പെടുത്തി. അതു മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ മഹാനവർകൾ എന്നോട് പറഞ്ഞു : ഞാൻ നിർദ്ദേശിക്കുന്ന കാര്യങ്ങൾ നിങ്ങൾ നിർബന്ധമായും പ്രവർത്തിക്കണം.
ഞാൻ സമ്മതിച്ചു. മഹാനവർകൾ പറഞ്ഞു : ഇതാ ഈ തുണി എന്റെ പിരടിയിൽ പിടിക്കുക. എന്നിട്ട് നിങ്ങൾ എന്നെ വലിക്കണം. അല്ലാഹുവിനെ ചോദ്യം ചെയ്യുന്നവർക്കുള്ള പ്രതിഫലമാണിത്. എന്ന് നിങ്ങൾ വിളിച്ചു പറയുകയും ചെയ്യണം..!!

ഞാൻ മഹാനവർകൾ നിർദ്ദേശിച്ചത് പോലെ ചെയ്യാൻ തുടങ്ങി. അപ്പോൾ ഒരു അശരീരി കേട്ടു : ഓ അലി, അദ്ദേഹത്തെ വലിക്കരുത്. ആകാശത്തെ മലക്കുകൾ മുഴുവൻ അദ്ദേഹത്തിന് വേണ്ടി മാപ്പ് ചോദിക്കുകയാണ്‌. "ഞാൻ ഇത്രയും കേട്ടു. പിന്നെ എന്റെ ബോധം നഷ്ടപ്പെട്ടു. ബോധം തെളിഞ്ഞപ്പോൾ ഞാൻ ശൈഖ് (റ) വിന്റെ റൂമിൽ..!! ഞാൻ എങ്ങനെ പോയെന്നോ, എങ്ങനെ തിരിച്ചു വന്നു എന്നോ എനിക്കറിയില്ല..[ഖിലാദത്ത് : 69]


ശൈഖ് രിഫാഈ (റ) വിന്റെ മഹത്വം ശരിയാംവണ്ണം മനസ്സിലാക്കുന്നതിന് മുമ്പ് ശൈഖ് തങ്ങളെ അപവദിക്കാനും പരീക്ഷിക്കാനും ചിലയാളുകൾ ശ്രമിച്ചിരുന്നു...

ബഗ്ദാദിലെ ചില വ്യക്തികൾ ചേർന്ന് ഭരണാധികാരിയെ സ്വാധീനിച്ച് ശൈഖ് തങ്ങളെ പരീക്ഷിക്കാനൊരുങ്ങി. അവർ ഒരാളെ കാര്യങ്ങൾ ധരിപ്പിച്ച് ശൈഖ് (റ) വിന്റെ സദസ്സിലേക്ക് പറഞ്ഞയച്ചു. അയാൾ വശം മദ്യം നിറച്ച പാത്രങ്ങൾ നൽകി അവ ശൈഖ് തങ്ങൾക്ക് കൈമാറണമെന്ന് നിർദ്ദേശിച്ചിരുന്നു. അയാൾ പറഞ്ഞപടി അനുസരിച്ച് ഉമ്മു അബീദയിലേക്ക് പുറപ്പെട്ടു. അയാളുടെ വലത് കണ്ണിന് കാഴ്ചയുണ്ടായിരുന്നില്ല...

തന്റെ ലക്ഷ്യം തേടി അയാൾ ശൈഖ് (റ) വിന്റെ മജ്ലിസിലെത്തി. എന്തെങ്കിലും ഇങ്ങോട്ട് പറയുന്നതിന് മുമ്പേ ശൈഖ് തങ്ങൾ അദ്ദേഹത്തോട് ചോദിച്ചു...
ബഗ്ദാദിൽ നിന്നല്ലേ..?

അതേ, അയാൾ പ്രതിവചിച്ചു...

ബഗ്ദാദിൽ ചിലയാളുകൾ എനിക്കെതിരിൽ അപവാദപ്രചരണം നടത്തുന്നുണ്ടല്ലോ.. എന്തിനാണവർ താങ്കളെ ഇങ്ങോട്ട് പറഞ്ഞയച്ചത്.. അവർ എനിക്ക് തന്നയച്ച ഹദ് യ എവിടെ..?

ശൈഖ് തങ്ങളുടെ ചോദ്യശരങ്ങൾക്ക് മുന്നിൽ തന്നെ അയാളുടെ പകുതി ജീവൻ പോയി. അയാൾ തന്റെ കൈയ്യിലുണ്ടായിരുന്ന രണ്ടു പാത്രങ്ങളും ഭയാശങ്കയോടെ ശൈഖവർകൾക്കു മുന്നിൽ വെച്ചു. ശൈഖ് (റ) തന്റെ തൃക്കരങ്ങൾ കൊണ്ട് ആ പാത്രങ്ങൾ തുറന്നു. അതിൽ നിന്ന് അൽപം പാനീയം കോരിയെടുത്ത ശേഷം ആഗതനോട് കുടിക്കാൻ ആവശ്യപ്പെട്ടു. പാത്രത്തിൽ എന്താണുള്ളതെന്ന് അയാൾക്കറിയാം. അയാൾ കുടിക്കാൻ വിസമ്മതിച്ചു...

ശൈഖ് (റ) വിട്ടില്ല. കൊണ്ടു വന്ന സാധനത്തിൽ നിന്ന് ആഗതൻ അൽപം പാനം ചെയ്തേ തീരൂ എന്ന് ശൈഖ് തങ്ങൾ നിർബന്ധം പിടിച്ചു. ഗത്യന്തരമില്ലാതെ അയാൾ പാനപാത്രം വാങ്ങി കുടിച്ചു...

അയാൾ അത്ഭുതപ്പെട്ടു പോയി. താൻ കൊണ്ടു വന്ന മദ്യം മധുരമുള്ള നറുതേനായി മാറിയിരിക്കുന്നു. ശൈഖ് തങ്ങൾ സദസ്യരെക്കൊണ്ടെല്ലാം അയാൾ കൊണ്ടു വന്ന പാനീയം കുടിപ്പിച്ചു. എന്നിട്ട് പറഞ്ഞു : ഈ പാത്രത്തിൽ മദ്യമായിരുന്നുവെങ്കിൽ അതു കുടിക്കാൻ ഞാനൊരിക്കലും കൽപ്പിക്കുമായിരുന്നില്ല. അല്ലാഹു ﷻ വെറുക്കുന്നത് ഈ സദസ്സിലേക്ക് കൊണ്ടുവരുന്നത് അവൻ മുടക്കുക തന്നെ ചെയ്യും. സദസ്യരായ ആളുകളെല്ലാം അവർ തന്നയച്ച പാനീയം മതിവരുവോളം കുടിക്കുന്നത് കണ്ട ബഗ്ദാദിൽ നിന്നു വന്ന ആ മനുഷ്യന് അതിയായ ലജ്ജ തോന്നി. അയാൾ ശൈഖ് (റ) വിന്റെ കാൽപ്പാദങ്ങൾ ചുംബിച്ച് മാപ്പു തേടി. രിഫാഈ ത്വരീഖത്തിൽ പ്രവേശനമഭ്യർത്ഥിച്ചു...


ശൈഖ് തങ്ങൾ അയാളെ ശിഷ്യനായി സ്വീകരിച്ചു... ശൈഖ് (റ) അയാളുടെ അന്ധത ബാധിച്ച കണ്ണിനെ പതുക്കെ തടവി. അതോടെ ആ കണ്ണുകളുടെ അന്ധത നീങ്ങിക്കിട്ടി... അയാൾക്ക് ശൈഖ് (റ) വിന്റെ പ്രഭാവവും മഹത്വവും മനസ്സിലാക്കാൻ ഈ സംഭവം ഉപകരിച്ചു. തുടർന്ന് ശേഷകാലം മജ്ലിസിലെ സേവകനായി കഴിഞ്ഞു കൂടാൻ അയാൾ തീരുമാനമെടുത്തു.

ശൈഖ് രിഫാഈ (റ) വിന്റെ പ്രമുഖ ശിഷ്യനായ ശൈഖ് ഉമറുൽ ഫാറൂസിയുടെ മകനായിരുന്നു ശൈഖ് മുഹ്യിദ്ദീൻ ഇബ്റാഹീം. ശൈഖ് തങ്ങളുടെ ജീവിത കാലത്ത് മുഹ്യിദ്ദീൻ ചെറിയ ബാലനാണ്. പിതാവായ ശൈഖ് ഫാറൂസി ശൈഖ് തങ്ങളുടെ ദുആക്കും ബറകത്തിനും വേണ്ടി ഒരു നാൾ മകനെ മജ്ലിസിൽ കൊണ്ടു വന്നു. അപ്പോൾ ശൈഖ് മുഹ്യിദ്ദീന്റെ മുഖത്ത് നോക്കി ശൈഖ് (റ) ഇപ്രകാരം പ്രവചിച്ചു : ഓ ഇബ്റാഹീം, നിന്റെ നേതൃത്വത്തിൽ ജ്ഞാന സദസ്സുകൾ സംഘടിപ്പിക്കപ്പെടും. നിനക്കെതിരെ ഒരു ശത്രുവിന്റെ കരവും ഉയരില്ല.  തിർയാഖുൽ മുഹിബ്ബീൻ എന്ന ഗ്രന്ഥത്തിൽ ശൈഖ് തഖിയുദ്ദീൻ ഇബ്നു അബ്ദിൽ മുൻഇം പറയുന്നു : പിൽക്കാലത്ത് ശൈഖ് മുഹ്യിദ്ദീൻ ഇബ്റാഹീമിന്റെ ജീവിതം മാതൃകാപരവും അനുകരണീയവുമായി മാറി. തന്റെ വ്യതിരിക്ത വ്യക്തി പ്രഭാവത്തിലൂടെ അദ്ദേഹം സാധാരണക്കാർക്കിടയിലും സർവ്വാംഗീകൃതനായി. ശൈഖ് രിഫാഈ (റ) വിന്റെ പ്രവചനം അതേപടി പുലർന്നു...[ഖിലാദത്ത് : 80]


ശൈഖ് ഉമറുൽ ഫാറൂസി (റ) വിനോട് ശൈഖ് രിഫാഈ (റ) പറഞ്ഞു : നീ വിവിധ രാജ്യങ്ങളിൽ പോയി മതപ്രബോധന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും, ജനസഹസ്രങ്ങൾ നിന്റെ ഉപദേശങ്ങൾക്കായി ഉറക്കമിളച്ചിരിക്കുകയും ചെയ്യുന്ന ഒരവസരം വരും. അന്ന് നീ എന്നെ ഓർക്കുക...

പിൽക്കാലത്ത് ശൈഖ് ഉമർ (റ) പ്രബോധനാർത്ഥം വിവിധ രാജ്യങ്ങൾ സന്ദർശിച്ചു. മഹാനവർകളുടെ വേദികളിൽ ജനലക്ഷങ്ങൾ സംഗമിച്ചു. പ്രഭാഷണങ്ങൾ പലപ്പോഴും സുബ്ഹി വരെ നീളാറുണ്ടായിരുന്നു. എന്നിട്ടുപോലും സദസ്സ് സമാധാനപരമായി പ്രസംഗം ശ്രവിച്ചുകൊണ്ടിരുന്നു...

അപ്പോൾ ശൈഖ് ഉമറുൽ ഫാറൂസി (റ) വിന് ശൈഖ് രിഫാഈ (റ) പറഞ്ഞ കാര്യങ്ങൾ ഓർമ്മ വന്നു. ശൈഖ് (റ) തന്നെ ഓർക്കാൻ കൽപ്പിച്ച സമയമാണിതെന്നും അദ്ദേഹത്തിന് മനസ്സിലായി. ശൈഖ് ഉമറുൽ ഫാറൂസി (റ) തന്റെ സദസ്സിന് സുൽത്വാനുൽ ആരിഫീൻ ശൈഖ് അഹ്മദുൽ കബീറുർരിഫാഈ (റ) വിനെ കുറിച്ചും അവിടുത്തെ മഹനീയ ജീവിതത്തെ കുറിച്ചും വിശദീകരിച്ചു കൊടുത്തു. ശൈഖ് രിഫാഈ (റ) മുൻകൂട്ടി നടത്തിയ ഈ പ്രവചനവും ശൈഖ് ഉമറുൽ ഫാറൂസി  (റ) പരാമർശിച്ചു. ഇത്രയും പറഞ്ഞപ്പോൾ അതിൽ നിന്ന് പ്രചോദിതനായി ധാരാളം പേർ പരിശുദ്ധ ഇസ്‌ലാമിലേക്ക് കടന്നു വരികയുണ്ടായി... അൽ ഹംദുലില്ലാഹ്...

ശൈഖ് ജൗഹറുൽ യമാനി (റ) പറയുന്നു : ഇബാദത്തിന് വേണ്ടി ശൈഖ് രിഫാഈ (റ) അവിടുത്തെ പർണശാലയിൽ പ്രത്യേകമായ ഒരു ഖുബ്ബ നിർമ്മിച്ചിരുന്നു. അതിൽ മിഹ്റാബുണ്ടാക്കുന്ന സമയത്ത് അത് നിർമ്മിച്ചിരുന്ന ജോലിക്കാരന് മിഹ്റാബ് ഖിബ്‌ലയിലേക്ക് അഭിമുഖമായി തന്നെയാണോ എന്ന സംശയം തോന്നി. അയാൾ ശൈഖ് രിഫാഈ (റ) വിനോട് പറഞ്ഞു : ഓ ശൈഖ് തങ്ങളേ, ഈ മിഹ്റാബ് ഖിബ്‌ലയുടെ ഭാഗത്തേക്കല്ല എന്നാണ് മനസ്സിലാകുന്നത്...

ഉടനെ ശൈഖ് രിഫാഈ (റ) മിഹ്റാബിലേക്ക് ഒന്ന് നോക്കി. എന്നിട്ട് ജോലിക്കാരനോട് പറഞ്ഞു : എന്റെ അരികിലേക്ക് വരൂ. അയാൾ ശൈഖ് (റ) വിന്റെ സമീപത്തെത്തിയപ്പോൾ ശൈഖ് (റ) പറഞ്ഞു : അങ്ങോട്ട് നോക്കൂ... അയാൾ നോക്കുമ്പോൾ വിശുദ്ധ കഅ്ബാ ശരീഫ് തന്റെ കൺമുമ്പിൽ കാണുന്നു. മിഹ്റാബ് കഅ്ബയുടെ നേരെയാണ് നിൽക്കുന്നത്. ഒരൽപം പോലും വ്യതിയാനമില്ല. ഈ രംഗം കണ്ട ആ ജോലിക്കാരൻ അപ്പോൾ തന്നെ ശൈഖ് (റ) വിന്റെ കാൽക്കൽ വീണ് അവിടുത്തെ കാലുകൾ ചുംബിച്ചു പശ്ചാത്തപിച്ചു...[അർറൗളുന്നളീർ : 17]


പ്രഭാഷണങ്ങളിലൂടെ .


ജനസഹസ്രങ്ങളെ പിടിച്ചിരുത്തിയിരുന്ന ശൈഖ് രിഫാഈ (റ) വിന്റെ പ്രഭാഷണങ്ങൾ അമൂല്യ ജ്ഞാനങ്ങൾ കൊണ്ടനുഗ്രഹീതമായിരുന്നു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി ശൈഖ് രിഫാഈ (റ) നടത്തിയ പ്രഭാഷണങ്ങൾ ശൈഖ് (റ) വിന്റെ ശിഷ്യ പ്രമുഖരിലൊരാളായ ശറഫുദ്ദീൻ ബിൻ അബ്ദുസ്സമീഉൽ ഹാശിമി അൽ വാസിത്വി (റ) തന്റെ അൽബുർഹാനുൽ മുഅയ്യദ് എന്ന പേരിൽ ക്രോഡീകരിച്ചിട്ടുണ്ട് ഏതാനും ഭാഗങ്ങൾ...

സ്നേഹിതന്മാരേ, അല്ലാഹുﷻവിന്റെ മാർഗ്ഗം ഉദ്ദേശിക്കുന്നവർക്കുള്ള പ്രഥമ കാൽവെപ്പ് ഭൗതിക പരിത്യാഗമാണ്. ഭൗതിക വിരക്തിയുടെ അടിത്തറ ഭയഭക്തിയാണ്. ഇവ ലഭിക്കുന്നത് ദ്വിലോകങ്ങളുടെയും നേതാവായ മുഹമ്മദുർറസൂലുല്ലാഹി ﷺ യെ അനുധാവനം ചെയ്യുന്നതിലൂടെയാണ്.
നമ്മുടെ കർമ്മങ്ങൾ നന്മയാകുന്നതും തിന്മയാകുന്നതുമെല്ലാം ഉദ്ദേശ്യത്തിന്റെ (നിയ്യത്ത്) അടിസ്ഥാനത്തിലാണ്.
അല്ലാഹുﷻവിന് വേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങളിൽ നിങ്ങൾക്ക് നല്ല നിയ്യത്ത് ഉണ്ടായിരിക്കണം. നിഖില ചലനങ്ങളിലും നിശ്ചതയിലും അല്ലാഹുﷻവിനെ നാം ഭയപ്പെടേണ്ടതുണ്ട്...

സഹോദരങ്ങളേ, ഭൗതികതയെ കുറിച്ച് ഞാൻ നിങ്ങളെ ഭയപ്പെടുത്തി അറിയിക്കുന്നു. അശ്രദ്ധ നാം കൈവെടിയുക. ഭൗതിക സുഖങ്ങൾ ഒഴിവാക്കി പരമോന്നതനായ അല്ലാഹുﷻവിനെ തേടുക. സൃഷ്ടികളെ ഒഴിവാക്കുന്നവന് സൃഷ്ടാവിനെ കണ്ടെത്താൻ കഴിയും. നിങ്ങൾ ഇഛിക്കുന്നതിനെ ഒഴിവാക്കുന്നതാണ് അഭികാമ്യം. നിങ്ങളുടെ ലക്ഷ്യം ഏകീകരിക്കുക. അല്ലാഹുﷻവിന്റെ ഏകത്വം (തൗഹീദ്) എന്ന ആ ലക്ഷ്യത്തിൽ ഊന്നി പ്രവർത്തിക്കുമ്പോൾ നിങ്ങളുടെ ഉദ്ദിഷ്ട കാര്യങ്ങൾ സഫലമാകും...

അല്ലാഹുﷻവിനെ വരിച്ചവന് എല്ലാം നേടാൻ കഴിയും. അല്ലാഹുﷻവിനെ തിരസ്കരിച്ചവന് എല്ലാം നഷ്ടവുമായിരിക്കും...

സുഹൃത്തുക്കളെ.., അല്ലാഹുﷻവിനെ സ്മരിക്കുന്നവർ അവന്റെ ആളുകളാണ്. അവർ അവന്റെ പ്രകാശത്തിന്മേലാണ്. അവർക്ക് മനഃസമാധാനമുണ്ട്. ശത്രുവിൽ നിന്ന് സംരക്ഷണമുണ്ട്. അല്ലാഹുﷻവിനെ സ്മരിക്കൽ ആത്മാവിന്റെ ഭക്ഷണമാണ്. അവനെ പുകഴ്ത്തൽ ആത്മാവിന്റെ പാനീയവുമാണ്. നിങ്ങൾ സംതൃപ്തി ലഭിക്കാത്ത കാര്യങ്ങളിൽ മുഴുകി സമയം നഷ്ടമാക്കരുത്. നിങ്ങളുടെ ഓരോ ശ്വാസവും എണ്ണപ്പെടുന്നുണ്ട്. സമയവും ഹൃദയവും നിങ്ങൾ സൂക്ഷിക്കുക. അവ രണ്ടും വളരെ വിലപ്പെട്ടതാണ്. തിന്മകൾ ഹൃദയത്തെ കറുപ്പിക്കുകയും അന്ധമാക്കുകയും ചെയ്യും...


സഹോദരങ്ങളേ, നിങ്ങളിൽ പണ്ഡിതന്മാരും മഹോന്നതരുമുണ്ട്. നിങ്ങളിൽ പലർക്കും പ്രഭാഷണവേദികളും ദർസുകളുമുണ്ട്. നിങ്ങൾ ജനങ്ങൾക്ക് മത കാര്യങ്ങൾ അഭ്യസിപ്പിക്കാറും അവരെ ബോധവൽക്കരിക്കാറുമുണ്ട്. നിങ്ങൾ അരിപ്പ പോലെയാകരുത്. നല്ല പൊടി അതിന്റെ ദ്വാരത്തിലൂടെ പുറത്തു പോകും. അതിൽ ശേഷിക്കുന്നതോ അൽപം നുറുങ്ങുകൾ മാത്രവും..! അതുപോലെ നിങ്ങൾ ജനങ്ങൾക്ക് നല്ല ജ്ഞാനങ്ങൾ പകർന്നു നൽകുന്നു. അതേ സമയം നിങ്ങളുടെ ഹൃദയത്തിൽ നികൃതികൾ നിറഞ്ഞു നിൽക്കുന്നു. നിങ്ങൾ ജനങ്ങളോട് നന്മ കൊണ്ട് കൽപ്പിക്കുകയും നിങ്ങളുടെ ശരീരത്തെ മറക്കുകയുമാണോ എന്ന ഖുർആനിക വചനം നിങ്ങൾ ചിന്തിക്കുക..!

ആധ്യാത്മിക പുരുഷന്മാരെ ബഹുമാനിക്കുന്നതു പോലെ പണ്ഡിതന്മാരെയും നിങ്ങൾ മാനിക്കുക. അവർ ശരീഅത്തിന്റെ അനന്തരക്കാരാണ്. മതവിധികളുടെ വാഹകരുമാണ്. ശറഇന്നെതിരായ ഒരു പ്രവർത്തനവും ഫലം ചെയ്യില്ല. ശരീഅത്തില്ലാത്ത ത്വരീഖത്തുകൾ അഞ്ഞൂറ് വർഷം ആരാധിച്ചാലും അത് അവനിലേക്ക് തന്നെ മടക്കപ്പെടുന്നത് മാത്രമായിരിക്കും ഫലം. അവനെ അല്ലാഹു ﷻ മുഖവിലക്കെടുക്കില്ല. പണ്ഡിതന്മാരോടുള്ള ബാധ്യത വിസ്മരിക്കപ്പെടുന്നത് നിങ്ങൾ സൂക്ഷിക്കുക. അവരെ കുറിച്ച് സദ്ഭാവന വെച്ചു പുലർത്തുക. പഠിച്ചതനുസരിച്ച് പ്രവർത്തിക്കുന്ന ഭയഭക്തിയുള്ള പണ്ഡിതർ തന്നെയാണ് യഥാർത്ഥ ഔലിയാക്കൾ. അറിവുള്ള കാര്യങ്ങൾ പ്രവർത്തിക്കുന്നവന് അറിവില്ലാത്ത കാര്യങ്ങൾ അനന്തരമായി നൽകുമെന്ന് ഹബീബായ നബി ﷺ പഠിപ്പിച്ചിട്ടുണ്ട്. പണ്ഡിതന്മാർ പ്രവാചകന്മാരുടെ അനന്തരക്കാരാണെന്നും നബി ﷺ അരുളിയിട്ടുണ്ട്...

സഹോദരങ്ങളേ, നിങ്ങൾ പണ്ഡിതന്മാരോടും ദീക്ഷകവര്യരോടും സഹവസിക്കുക. സഹവാസത്തിലൂടെ നിരവധി മാറ്റങ്ങൾ വരുത്താൻ സാധിക്കും. എട്ടു വിഭാഗങ്ങളോട് സഹവസിക്കുന്നവർക്ക് അല്ലാഹുﷻ8 കാര്യങ്ങൾ വർദ്ധിപ്പിച്ചു കൊടുക്കും എന്ന് ഹദീസിൽ വന്നിട്ടുണ്ട്...


▪️ഭരണാധികാരികളോട് സഹവസിക്കുന്നവർക്ക് അഹങ്കാരവും ഹൃദയകാഠിന്യവും വർദ്ധിക്കും.

▪️പണക്കാരോട് സഹവസിക്കുന്നവന് ദൗതികതയോടും ഭൗതിക വസ്തുക്കളോടും ആഗ്രഹം വർദ്ധിക്കും.

▪️സാധുക്കളോട് സഹവസിക്കുന്നവന് കിട്ടിയതു കൊണ്ട് തൃപ്തിപ്പെടാനുള്ള കഴിവ് അല്ലാഹു ﷻ വർദ്ധിപ്പിച്ചു നൽകും.

▪️കട്ടികളോട് സഹവസിക്കുന്നവർക്ക് അല്ലാഹു ﷻ കളിയും വിനോദവും വർദ്ധിപ്പിച്ചു കൊടുക്കും.

▪️സത്രീകളോട് സഹവസിക്കുന്നവർക്ക് അജ്ഞതയും വികാരവും വർദ്ധിപ്പിക്കും.

▪️മഹാന്മാരോട് സഹവസിക്കുന്നവർക്ക് അല്ലാഹുﷻവിന് വഴിപ്പെടുന്നതിലുള്ള ആഗ്രഹം അവൻ വർദ്ധിപ്പിക്കും.

▪️പണ്ഡിതന്മാരോട് സഹവസിക്കുന്നവർക്ക് അറിവും സൂക്ഷ്മതയും വർദ്ധിപ്പിച്ചു കൊടുക്കും.

▪️തെമ്മാടികളോട് സഹവസിക്കുന്നവർക്ക് പാപവും തൗബ പിന്തിച്ചിടാനുള്ള മാനസികാവസ്ഥയും വർദ്ധിപ്പിക്കും.


സഹോദരങ്ങളേ, അല്ലാഹുﷻവിലേക്കുള്ള സഞ്ചാരം പരദേശത്തേക്കുള്ള സഞ്ചാരം പോലെയാണ്. കയറ്റവും ഇറക്കവും താഴ്ന്ന കുന്നിൻ പ്രദേശങ്ങളും താണ്ടേണ്ടി വരും. നേർക്കുനേർ ഉള്ളതും വളഞ്ഞതുമായ വഴികൾ പിന്നീടേണ്ടി വരും. പർവ്വതങ്ങളും താഴ് വരകളും മരുഭൂമികളും ജനസാന്ദ്ര പ്രദേശങ്ങളും കടന്നു പോയിട്ടാവും അവന്റെ ഉദ്ദിഷ്ട സ്ഥലം പ്രാപിക്കുക. ഈ പ്രയാണത്തിൽ വഴിമധ്യേ യാത്ര അവസാനിപ്പിച്ചാൽ ലക്ഷ്യസ്ഥാനത്തെത്താനാവില്ല. അതുപോലെ പ്രതികൂലാനുകൂല സാഹചര്യങ്ങൾ ഇടവിട്ട് അനുഭവപ്പെടുമ്പോഴും അവ തരണം ചെയ്യുന്നവനേ ലക്ഷ്യം എത്തിപ്പിടിക്കാൻ കഴിയൂ.


സഹോദരങ്ങളേ.., പുത്തൻ ചിന്താധാരകളെ നിങ്ങൾ സൂക്ഷിക്കുക. ദീനിൽ പെടാത്ത കാര്യങ്ങളെ പുതുതായി ഉണ്ടാക്കിയാൽ അവ തള്ളപ്പെടേണ്ടതാണ് എന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്. സത്യവും സൽസ്വഭാവവും നാം ജീവിത രീതിയാക്കുക. ജഡേച്ഛകളെ വെടിയുക. ശറഇന്റെ പരിധിക്കുള്ളിൽ നിന്ന് പ്രവർത്തിക്കുക. നബി ﷺ തങ്ങളുടെ അധ്യാപനങ്ങൾ പൂർണ്ണ മനസ്സോടെ സ്വീകരിച്ച് അവിടുന്ന് നിരോധിച്ചവ ഉപേക്ഷിക്കുക. സൃഷ്ടാവിന്റെയും സൃഷ്ടികളുടെയും മേൽ നിങ്ങൾ കള്ളം പറയരുത്. കൽപനാ നിരോധനങ്ങൾക്കനുസൃതമായി ജീവിക്കുകയും വിനയവും ലാളിത്യവും ജീവിത വഴിയാക്കുകയും ചെയ്യുക...


സ്നേഹിതന്മാരേ.., നബിﷺതങ്ങളുടെ കാര്യത്തിൽ നാം പ്രത്യേക ശ്രദ്ധ വെക്കേണ്ടതുണ്ട്. സൃഷ്ടാവിന്റെയും സൃഷ്ടികളുടെയും ഇടയിലുള്ള മധ്യവർത്തിയാണവിടു ന്ന് (ﷺ). സൃഷ്ടികളിൽ സമ്പൂർണ്ണരും അല്ലാഹുﷻവിന്റെ ഹബീബും അടിമയുമാണ് അവിടുന്ന് (ﷺ). നമ്മുടെ നബിﷺതങ്ങളുടെ പ്രവാചകത്വം വഫാത്തിനു ശേഷവും ശേഷിക്കുന്നുണ്ട്. അവിടുത്തെ ഏറ്റവും വലിയ മുഅ്ജിസത്ത് ഇന്നും നമ്മോടൊപ്പമുണ്ട്. വിശുദ്ധ ഖുർആനാണത്. ഖുർആനു സമാനമായ മറ്റൊന്നു കൊണ്ടു വരാൻ മനുഷ്യ-ജിന്നു വർഗ്ഗങ്ങൾ ഒരുമിച്ചുകൂടിയാലും കഴിയുകയില്ല എന്ന ഖുർആനിക വചനം ശ്രദ്ധേയമാണ്.


നബിﷺതങ്ങളുടെ വചസ്സുകൾ തള്ളിക്കളയുന്നവർ വിശുദ്ധ ഖുർആനെ തള്ളിക്കളയുന്നവനെ പോലെയാണ്. അല്ലാഹുﷻവിലും അവന്റെ ഗ്രന്ഥത്തിലും അവന്റെ പ്രവാചകൻ ﷺ കൊണ്ടുവന്ന എല്ലാ കാര്യത്തിലും നാം വിശ്വസിക്കുന്നു. സ്വഹാബത്തിനെ നാം സ്നേഹിക്കേണ്ടതുണ്ട്. അവരുടെ മഹത്വങ്ങൾ പ്രകീർത്തിച്ച് ബറകത്ത് എടുക്കേണ്ടതുണ്ട്. അവരുടെ സ്വഭാവങ്ങൾ നാം അനുകരിക്കണം...


നിങ്ങൾ അല്ലാഹുﷻവിന്റെ ഔലിയാക്കളോട് ചേരുക. അല്ലാഹുﷻവിന്റെ ഔലിയാക്കൾക്ക് ഭയമോ ദുഃഖമോ ഇല്ല. അവർ വിശ്വസിച്ചവരും ഭയഭക്തിയുള്ളവരുമാണ്. അല്ലാഹു ﷻ സ്നേഹിച്ചവരെ നിങ്ങൾ എതിർക്കരുത്. തന്റെ വലിയ്യിനെ എതിർക്കുന്നവരോട് അവൻ യുദ്ധം പ്രഖ്യാപിച്ചിട്ടുണ്ട്. തന്റെ സ്നേഹ പ്രജകളായ ഔലിയാക്കളെ ശത്രുക്കളിൽ നിന്ന് അവൻ കാക്കുകയും ആദരിക്കുകയും ചെയ്യും. നിങ്ങൾ ഔലിയാക്കളെ സ്നേഹിക്കുക. അവരിലേക്ക് അടുക്കുക. എങ്കിൽ നിങ്ങൾക്ക് ബറകത്ത് ലഭിക്കും. അവർ അല്ലാഹുﷻവിന്റെ കൂട്ടരാണ്. നിശ്ചയം അല്ലാഹുﷻവിന്റെ കൂട്ടർ വിജയിച്ചവരാണ്...


സ്വശരീരം നശിക്കുമെന്നുറപ്പുള്ളവൻ, അല്ലാഹു ﷻ മാത്രമേ ശേഷിക്കൂ എന്നും ഉറപ്പുള്ളവൻ, സ്വശരീരത്തെ ഭൗതികതയിൽ നിന്നകറ്റണം. രക്ഷിതാവിന്റെ ഉന്നത സ്ഥാനത്തെ ഭയപ്പെട്ട് ജഡേച്ഛകൾ കയ്യൊഴിക്കുന്നവർക്ക് സ്വർഗ്ഗമാണ് അഭയസ്ഥാനമെന്നു ഖുർആൻ പറഞ്ഞിട്ടുണ്ട്. അതിനാൽ മുൻഗാമികളുടെ പാഥേയം നിങ്ങൾ ജീവിത പാതയാക്കുക. വിനയത്തോടെ നിങ്ങൾ അല്ലാഹുﷻവിനെ സമീപിക്കുക. നാമേവരും പരലോകത്തേക്ക് നീങ്ങേണ്ടവരാണ്. ഖബർ ജീവിതം നമുക്ക് ഒരു അനിവാര്യതയാണ്. സ്വൽപമെങ്കിലും ഗുണം ചെയ്തവർ അത് അനുഭവിക്കും. തിന്മയാണെങ്കിൽ അതും. ഭയഭക്തിയുള്ളവരാണ് രക്ഷപ്പെടുന്നവർ...

കൂട്ടുകാരെ വിട്ടു പിരിയുന്നതും ശത്രുക്കളെ കൂട്ടുപിടിക്കേണ്ടി വരുന്നതും വളരെ വിഷമകരം തന്നെ. അതിനാൽ നിങ്ങൾ നികൃതികൾ കയ്യൊഴിയുക. എങ്കിലേ ഖബറിൽ കൂട്ടിന് സുകൃതങ്ങളുണ്ടാകൂ... ഖബറിൽ കൂട്ടിന് സൽപ്രവർത്തനങ്ങളല്ലാതെ ഒന്നും ഉണ്ടാകില്ല... സഹോദരന്മാരേ, ഭൗതിക ഭരണാധികാരികളുടെയും പ്രമാണികളുടെയും ഭംഗിയും മറ്റും നിങ്ങളെ അത്ഭുതപ്പെടുത്തുന്നുവെങ്കിൽ നിങ്ങൾ ഖബറിൽ പോയി നോക്കുക. നിങ്ങളുടെയും അവരുടെയും പിതാക്കളും മറ്റും മണ്ണിനടിയിലല്ലേ..! ആർക്കാണ് സൗഖ്യമുള്ളത്, ആരെല്ലാമാണ് ശിക്ഷയനുഭവിക്കുന്നത് എന്ന് അല്ലാഹു ﷻ മാത്രമേ അറിയൂ... നിങ്ങളും അവരെപ്പോലെ ആയിത്തീരേണ്ടവരല്ലേ..!!

ലക്ഷങ്ങളെ ആത്മീയോച്ചിയിലേക്കുയർത്തി നിരുപമ വൈജ്ഞാനിക വിപ്ലവത്തിന് നേതൃത്വം വഹിച്ച് സമൂഹത്തിന്റെ ഹൃദയാന്തരങ്ങളിൽ സ്ഥാനം നേടിയ അശ്ശൈഖ് അഹ്മദുൽ കബീറുർരിഫാഈ (റ) ഹിജ്റാബ്ദം 578 ജമാദുൽ ഊലാ 12 ന് വ്യാഴാഴ്ച്ച ളുഹ്റിന്റെ സമയം വഫാത്തായി. അവിടുന്ന് തന്റെ നാഥനിലേക്ക് തന്നെ മടങ്ങി...[വഫയാത്തുൽ അഅ്യാർ : 1/172]

ശൈഖ് രിഫാഈ (റ) വിന്റെ വഫാത്തിനു നിമിത്തമായ അസുഖം ഉദര സംബന്ധമായതായിരുന്നു ...  [ത്വബഖാത്തുൽ ഔലിയാഅ് : 1/98]


ശൈഖ് ജൗഹറുൽ യമാനി (റ) പറയുന്നു : രോഗമൊന്നുമില്ലാത്ത സമയത്ത് തന്നെ തന്റെ വഫാത്തിന്റെ സമയത്തെ കുറിച്ച് ശൈഖ് (റ) പറഞ്ഞിരുന്നു. രോഗം കലശലായപ്പോൾ ശൈഖ് തങ്ങൾ വുളുവെടുത്ത് രണ്ട് റക്അത്ത് നിസ്കരിച്ചു. ശേഷം ശഹാദത്ത് കലിമ ചൊല്ലി അവിടുന്ന് തന്റെ രക്ഷിതാവിങ്കലേക്ക് മടങ്ങി. അവിടുന്ന് മരണപ്പെട്ടപ്പോൾ മുമ്പ് ഞങ്ങൾക്ക് പരിചയം പോലുമില്ലാത്ത 7 ശുഭവസ്ത്രധാരികളെ ഞങ്ങൾ കണ്ടു. അവർ ശൈഖ് (റ) വിനെ കുളിപ്പിക്കുവാനും അവിടുത്തെ തിരു ശരീരം വഹിക്കുവാനുമെല്ലാം വളരെ ഭയഭക്തിയോടെ നേതൃത്വം വഹിച്ചു. ജനാസ നിസ്കാരത്തിന് ശേഷം ഞങ്ങൾ അവരെ കണ്ടില്ല...

ശൈഖ് (റ) വിന്റെ ജനാസയെ മുമ്പൊന്നും ഞങ്ങൾ കാണാത്ത വിധം പച്ച പക്ഷികൾ നാല് ഭാഗത്ത് നിന്നും ബറകത്തെടുക്കാൻ വേണ്ടി വലയം ചെയ്തിരുന്നു. ഇത് കണ്ട ജനങ്ങൾ അത്ഭുതപ്പെട്ടു. ഈ സംഭവത്തിന് സാക്ഷികളായ എഴുന്നൂറോളം ജൂതന്മാരും ആയിരത്തോളം ക്രിസ്ത്യാനികളും ഇസ്‌ലാം ആശ്ലേഷിച്ചു. ശൈഖ് (റ) വിനെ അവിടുത്തെ മഖ്ബറയിൽ വെച്ചപ്പോൾ അവിടുന്ന് മിൻഹാ ഖലഖ്നാകും... എന്ന വചനം ചൊല്ലുന്നതായി സന്നിഹിതർ കേട്ടു. അവിടുത്തെ ഖബറിൽ നിന്ന് സുഗന്ധം അടിച്ചു വീശാൻ തുടങ്ങി...[അർറൗളുന്നളീർ : 70,71]


അവിടുത്തെ ജനാസ നിസ്കാരത്തിൽ ലക്ഷക്കണക്കിന് പേർ പങ്കുകൊണ്ടു. പിതാമഹനായ യഹ് യന്നജ്ജാരി (റ) വിന്റെ ഖബ്റിന്നടുത്ത് ഉമ്മു അബീദയിലാണ് അവിടുത്തെ ഖബറടക്കിയത്. വഫാത്ത് അടുത്ത സമയത്ത് ഏതാനും ശിഷ്യമാർ ശൈഖ് (റ) വിനോട് ഉപദേശം തേടി. ശൈഖ് തങ്ങൾ എപ്പോഴും ഓർമ്മിക്കാവുന്ന ഒരു വചനം പറഞ്ഞു കൊടുത്തു ഇതാണാ വചനം : നന്മ ചെയ്യുന്നവനിലേക്ക് തന്നെ ആ നന്മ മുന്നിട്ടു വരും. തിന്മ ചെയ്യുന്നവൻ ഖേദിക്കും...


രിഫാഇയ്യ ത്വരീഖത്ത്


ശൈഖ് രിഫാഈ (റ) നേതൃത്വം നൽകിയ അധ്യാത്മ സരണി പിൽക്കാലത്ത് അത്ത്വരീഖത്തുർരിഫാഇയ്യ, അത്ത്വരീഖത്തുൽ ബത്വാഇഹിയ്യ, അത്ത്വരീഖത്തുൽ അഹ്മദിയ്യ എന്നീ നാമങ്ങളിൽ പ്രസിദ്ധമായി. ഈ സരണിയെ പിന്തുടർന്നവർ രിഫാഇയ്യത്ത്, ബത്വാഇഹിയ്യത്ത്, അഹ്മദിയ്യത്ത് എന്നീ പേരുകളിൽ അറിയപ്പെടുന്നു...


മുസ്‌ലിംകളിൽ ഗണ്യമായൊരു വിഭാഗം ശൈഖ് രിഫാഈ (റ) വിൽ നിന്ന് ശൈഖുമാർ മുഖേന ലഭിച്ച പ്രസ്തുത സരണി അംഗീകരിച്ച് ജീവിച്ചു. ജീവിച്ചു കൊണ്ടിരിക്കുന്നു. ശൈഖ് രിഫാഈ (റ) വഫാത്തായതിന് ശേഷം അവിടുത്തെ ജാമാതാവും സഹോദരീ പുത്രനും പണ്ഡിതനുമായിരുന്ന സയ്യിദ് അലിയ്യു ബ്നു ഉസ്മാൻ (റ) രിഫാഇയ്യ ത്വരീഖത്തിന്റെ ഖലീഫയായി സ്ഥാനമേറ്റെടുത്തു. ശൈഖ് രിഫാഈ (റ) വിന്റെ മകളായ ഫാത്വിമ (റ) യെയാണ് മഹാനവർകൾ വിവാഹം ചെയ്തിരുന്നത്...

ശൈഖ് സയ്യിദ് അലിയ്യ് (റ) വിന് മഹതി ഫാത്വിമാ ബീവി (റ) യിൽ നിന്ന് സയ്യിദ് മുഹ്യദ്ദീൻ ഇബ്റാഹീം അഅ്സബ് (റ), സയ്യിദ് നജ്മുദ്ദീൻ (റ) എന്നീ മക്കൾ ജനിച്ചു. ഫാത്വിമാ ബീവി (റ) വഫാത്തായപ്പോൾ മഹാനവർകൾ മുഹമ്മദ് ബ്നുൽ ഖാസിമിയ്യ എന്ന പ്രമുഖന്റെ മകൾ നഫീസ എന്ന മഹതിയെ വിവാഹം കഴിച്ചു. ആ ബന്ധത്തിൽ 4 പെൺകുട്ടികളും രണ്ട് ആൺകുട്ടികളും ഉണ്ടായിരുന്നു.


സയ്യിദ് അലിയ്യു ബ്നു ഉസ്മാൻ (റ) തന്റെ കാലത്തെ ഖുത്വുബായാണ് അറിയപ്പെട്ടത്. അമ്മാവനും ഗുരുവര്യനുമായ ശൈഖ് രിഫാഈ (റ) നടന്നു നീങ്ങിയ പാന്ഥാവിലൂടെ മഹാനവർകളും നടന്നു. ജീവിത കാലത്ത് ശൈഖ് അലി (റ) വിനെ പ്രത്യേകം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ശൈഖ് രിഫാഈ (റ) അദ്ദേഹത്തെ ബഹുമാനിക്കാൻ മറ്റുള്ളവരോട് കൽപ്പിക്കുമായിരുന്നു. മറ്റുള്ളവരെയെല്ലാം സയ്യിദ് എന്നു വിളിച്ചിരുന്നപ്പോൾ സയ്യിദ് അലിയ്യിനെ മാത്രം (റ) ശൈഖ് അലിയ്യ് എന്നു ശൈഖ് തങ്ങൾ സംബോധനം ചെയ്തു. തന്റെ പിൻഗാമിയാരെന്ന സൂചനയായിരുന്നു അത്...

പിന്നീട് ശൈഖ് (റ) ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.


ശൈഖ് രിഫാഈ (റ) വിന്റെ മരണശേഷം സയ്യിദ് അലിയ്യ് (റ)  അവർകളാണ് ഖിലാഫത്ത് ഏറ്റെടുത്തത്. ബഹുമാനപ്പെട്ടവർ 5 വർഷക്കാലം ഖിലാഫത്ത് നിർവ്വഹിച്ചു...

ശൈഖ് രിഫാഈ (റ) തങ്ങളുടെ ശിഷ്യന്മാരോട് ഏറെ ആദരവും സ്നേഹവുമായിരുന്നു ശൈഖ് അലിയ്യ് (റ) തങ്ങൾക്ക്. ഹിജ്‌റ : 584 സഫർ 21 ബുധനാഴ്ച്ച ളുഹ്റിന് മുമ്പായി ആ വിശുദ്ധ ജീവിതം പൊലിഞ്ഞു. ഫമുദ്ദീൻ എന്ന സ്ഥലത്ത് വെച്ചായിരുന്നു വഫാത്ത്. ശൈഖ് രിഫാഈ (റ) തങ്ങൾ ജീവിച്ചിരിക്കുമ്പോൾ നിർദ്ദേശിച്ചതനുസരിച്ച് അദ്ദേഹത്തിന്റെ മയ്യിത്ത് അവിടെ നിന്ന് ഉമ്മു അബീദയിലെത്തിച്ച് ശൈഖ് (റ) വിന്റെ ഖബറിനരികെ മറവ് ചെയ്തു.

ശൈഖ് സയ്യിദ് അലിയ്യ് (റ) വിന് ശേഷം സഹോദരൻ സയ്യിദ് അബ്ദു റഹീം (റ) ആണ് ഖിലാഫത്ത് ഏറ്റെടുത്തത്. വിനയാന്വിതനും ലളിത ജീവിതത്തിന്റെ ഉടമയുമായിരുന്നു അവിടുന്ന്. പാവങ്ങളെയും വിധവകളെയും സ്നേഹിച്ചിരുന്നു. ശൈഖ് രിഫാഈ (റ) തങ്ങൾക്ക് അദ്ദേഹത്തോട് വലിയ താൽപര്യമായിരുന്നു. ശൈഖ് തങ്ങൾ ഒരിക്കൽ അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു : നിന്റെ സഹോദരന്മാർ എവിടെ എന്താവശ്യത്തിനു പോയാലും എനിക്ക് ഭയമില്ല. നീ എവിടെയെങ്കിലും എന്തെങ്കിലും ആവശ്യത്തിന് പോകുന്നത് എനിക്ക് ഭയമാണ്. കാരണം, ആ പ്രദേശത്തുകാർ നിന്റെ ആവശ്യം നിറവേറ്റിയാൽ അവർ വിജയിച്ചു. ഇല്ലെങ്കിൽ അവർക്ക് നാശം തന്നെ..!





ധാരാളം കറാമത്തുകൾ വെളിപ്പെടുത്തിയ വ്യക്തി കൂടിയായിരുന്നു മഹാനവർകൾ. ഒരു വരൾച്ചക്കാലത്ത് ശൈഖ് അബ്ദു റഹീം (റ) ഒരു യവത്തോട്ടത്തിലൂടെ നടന്നു പോവുകയായിരുന്നു. മഴ ലഭിക്കാത്തത് മൂലം യവച്ചെടികളെല്ലാം മഞ്ഞ കളറായി മാറിയിരിക്കുന്നു. ഇതു കണ്ട ശൈഖ് (റ) ഭൂമിയിലേക്ക് നോക്കി എന്നിട്ട് പറഞ്ഞു : എന്നെ വാഹനത്തിൽ നിന്ന് ഇറക്കൂ.. അവർ ശൈഖ് തങ്ങളെ ഇറക്കി. അവർ കൃഷിക്കിടയിലൂടെ നടന്നു. പിന്നീട് ചില പദ്യങ്ങൾ ചൊല്ലിയ ശേഷം യാത്ര തുടർന്നു. പിന്നെ മഴ പെയ്തു... ശക്തമായ മഴ... ദിവസങ്ങളോളം നീണ്ടു നിന്നു. മഴ കാരണം ജനങ്ങൾ പുറത്തിറങ്ങാൻ പോലും പ്രയാസപ്പെട്ടു. അങ്ങനെ അവർ ശൈഖ് അബ്ദു റഹീം (റ) വിനോട് തന്നെ പരാതി പറഞ്ഞു. അവിടുന്ന് ദുആ ചെയ്തു. മഴ ശമിക്കുകയും ചെയ്തു...[ഖിലാദത്ത്]


22 വർഷം ശൈഖ് അബ്ദുറഹീം (റ) ഖിലാഫത്ത് നടത്തി. പ്രസ്തുത കാലയളവിൽ പ്രസ്താവ്യമായ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഹിജ്‌റ 604 ശവ്വാൽ 5 ബുധനാഴ്ച്ച പ്രഭാതത്തിൽ ആ പൊൻതാരകവും അസ്തമിച്ചു. സയ്യിദ് അബ്ദുറഹീം (റ) വിനെ തുടർന്ന് ശൈഖ് സയ്യിദ് അലിയ്യ് (റ) വിന്റെ പുത്രനും പ്രമുഖ പണ്ഡിതനുമായിരുന്ന ശൈഖ് മുഹ്യിദ്ദീൻ ഇബ്റാഹീമുൽ അഅ്സബ് (റ) രിഫാഇയ്യ ത്വരീഖത്തിന്റെ ഖലീഫയായി വന്നു. ആധ്യാത്മികതയുടെ ഉച്ചിയിൽ സഞ്ചരിച്ചിരുന്ന മഹാനവർകൾ അല്ലാഹുﷻവിലുള്ള ഭയവും ലജ്ജയും കാരണം 40 വർഷക്കാലം ആകാശത്തേക്ക് നോക്കുക പോലും ഉണ്ടായിരുന്നില്ലത്രെ...

സയ്യിദ് അഹ്മദുസ്സ്വയാദ് അർരിഫാഈ (റ), അബുൽ ഹസൻ അലി അർരിഫാഈ (റ), അഹ്മദ് നജ്മുദ്ദീൻ അൽ അഖ്ളർ അർരിഫാഈ (റ) തുടങ്ങിയ മഹാരഥന്മാർ പിൽക്കാലത്ത് മഹത്തായ ഈ സരണിക്ക് നേതൃത്വം നൽകി. രിഫാഇയ്യ ത്വരീഖത്ത് മഹാനായ ജുനൈദുൽ ബഗ്ദാദി (റ) വിലേക്കാണ് എത്തിച്ചേരുന്നതെന്ന് സയ്യിദ് അബുൽ ഹുദസ്സ്വയ്യാദി ഖിലാദത്തുൽ ജവാഹിറിൽ എഴുതുന്നു. ഖുർആനിലും സുന്നത്തിലും അധിഷ്ഠിതമായിരുന്നു രിഫാഈ സരണി.

ലക്ഷക്കണക്കിന് ആളുകൾ ആദ്യകാലത്ത് അതിന്റെ അനുയായികളായുണ്ടായിരുന്നു. രിഫാഇയ്യ ത്വരീഖത്തിനെ കുറിച്ച് മാത്രം അബുൽ ഹുദസ്സ്വയ്യാദി അവർകൾ അത്ത്വരീഖത്തുർരിഫാഇയ്യ എന്ന പേരിൽ ഒരു ഗ്രന്ഥമെഴുതിയിട്ടുണ്ട്.

ശൈഖ് സ്വയ്യാദി (റ) അത്ത്വരീഖത്തുർരിഫാഇയ്യ എന്ന കൃതിയിൽ എഴുതുന്നു. ശൈഖ് രിഫാഈ (റ) പറഞ്ഞു : നീ വിശുദ്ധ ഖുർആൻ പിൻപറ്റുക. അതിനെ പ്രവർത്തന പഥത്തിൽ കൊണ്ടുവരിക. എങ്കിൽ വിജയിക്കാൻ കഴിയും. വിശുദ്ധ ഖുർആനിൽ സ്വേഷ്ടം അഭിപ്രായം പറയലിനെ കരുതിയിരിക്കുക. ഞാൻ നിസ്കരിക്കുന്നത് നിങ്ങൾ എങ്ങനെ കണ്ടുവോ അതുപോലെ നിങ്ങൾ നിസ്കരിക്കുക എന്നാണ് നബി ﷺ പഠിപ്പിച്ചിട്ടുള്ളത്. നീ നിന്റേതായ വിശദീകരണവും വ്യാഖ്യാനവും അവലംബിക്കരുത്. അതു പിഴച്ചുപോകാൻ കാരണമാകും. നീ തിരു നബി ﷺ തങ്ങളെ തുടർന്ന് അവിടുത്തെ ചര്യ അനുധാവനം ചെയ്യുക...  [തദ്കിറാ ഹസ്റത്ത് രിഫാഈ : 28]

സയ്യിദ് ഇസ്സുദ്ദീൻ അഹ്മദ് കിതാബ് അൽ മആരിഫിൽ മുഹമ്മദിയ്യയിൽ എഴുതുന്നു : വിശുദ്ധ ഖുർആനും തിരു സുന്നത്തും പൂർവ്വികരുടെ ചര്യയും പൂർണ്ണമായി അനുധാവനം ചെയ്യാൻ ശൈഖ് (റ) കൽപ്പിച്ചു...[തദ്കിറ : 30]


ഇൽമിനെയും ആലിമീങ്ങളെയും ബഹുമാനിക്കാൻ ശൈഖ് (റ) കൽപ്പിച്ചിരുന്നു. നബിﷺതങ്ങളുടെ ശരീഅത്ത് അനുസരിച്ച് പ്രവർത്തിക്കുന്നവരാണ് യഥാർത്ഥ ഔലിയാക്കൾ എന്ന് ശൈഖ് (റ) പറഞ്ഞു...
[അൽ മആരിഫുൽ മുഹമ്മദിയ്യ]


രിഫാഇയ്യ ത്വരീഖത്തിനെ അനുധാവനം ചെയ്ത മഹാന്മാർ അത്ഭുതകരമായ പല കറാമത്തുകളും പ്രകടിപ്പിച്ചിരുന്നു. ശൈഖ് (റ) വിന്റെ ശിക്ഷണത്തിലൂടെയും ആത്മീയ നിയന്ത്രണത്തിലൂടെയും വളർന്ന ഔലിയാക്കളുടേതായിരുന്നല്ലോ ആ പരമ്പര. പല അമുസ്‌ലിംകളും ഇസ്‌ലാമിക പ്രവേശനത്തിന് നിമിത്തമായ പ്രസ്തുത കറാമത്തുകൾ ഗ്രന്ഥങ്ങളിൽ ലിഖിതപ്പെട്ടു കിടക്കുന്നു. കത്തിയാളുന്ന തീയിൽ ഇറങ്ങുക, പാമ്പുകളുമായി ഇടപഴകുക, ഹിംസ്രജന്തുക്കളുടെ പുറത്ത് സവാരി ചെയ്യുക, വിഷം കഴിച്ച് ഒന്നും സംഭവിക്കാതിരിക്കുക.. തുടങ്ങിയ ധാരാളം കറാമത്തുകൾ അത്ത്വാഇഫത്തുർരിഫാഇയ്യയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇബ്നു ഖലികാന്റെ വഫയാത്തുൽ അഅ്യാനിൽ ഇത് പ്രതിപാദിച്ചതായി കാണാം...[വഫയാത്തുൽ അഅ്യാൻ : 1/173]


 ശൈഖ് രിഫാഈ (റ) വിന്റെ ചില ഉപദേശങ്ങൾ നോക്കുക

1) ആഹാരത്തോടുള്ള ആദരവ് കുറച്ച് കാണിക്കൽ അനുഗ്രഹം ചെയ്ത അല്ലാഹുﷻവിന്റെ അനുഗ്രഹത്തെ നിഷേധിക്കലാണ്. അതിനാൽ ഭക്ഷ്യവസ്തുക്കൾക്ക് ആദരവ് കൽപ്പിക്കുക. ഭക്ഷണം കഴിക്കുമ്പോൾ വീണു പോകുന്നവ പെറുക്കിയെടുക്കുക.

2) അല്ലാഹുﷻവിന്റെ അനുഗ്രഹത്തെ ബഹുമാനിക്കുന്നത് അല്ലാഹുﷻവിനെ ബഹുമാനിക്കലാണ്.

3) ശൈഖില്ലാത്തവന്റെ ശൈഖ് പിശാചാകുന്നു.

4) അല്ലാഹു ﷻ തന്റെ അടിമക്ക് ഗുണം ചെയ്യാൻ ഉദ്ദേശിച്ചാൽ, ഭൗതിക ലോകത്തോടും അതിന്റെ ആളുകളോടും അവനു ദേഷ്യമാക്കി തീർക്കും. പാരത്രിക ലോകത്തോടും അതിന്റെ ആളുകളോടും അവനു സ്നേഹമാക്കി തീർക്കും.

5) നിങ്ങൾ ജനങ്ങൾക്ക് ഗുണം ചെയ്ത് അവരെ നന്നാക്കുക. ജനങ്ങൾക്കിടയിൽ നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനെയും ആളുകളെ പരസ്പരം ഇളക്കി വിടുന്നതിനെയും കരുതിയിരിക്കുക.

6) ഭൗതിക പരിത്യാഗമാണ് ശ്ലാഘനീയമായ പദവികളുടെയും സംതൃപ്തമായ അവസ്ഥകളുടെയും അടിത്തറ. അല്ലാഹുﷻവിനെ ലക്ഷ്യം വെക്കുന്നവരുടെ ആദ്യ കാൽവെപ്പാണത്. തന്റെ അടിത്തറ ഭൗതിക പരിത്യാഗത്തിൽ സ്ഥാപിച്ചിട്ടില്ലാത്തവന് ശേഷമുള്ള ഒരു സംഗതിയും ശരിയായി വരില്ല.

7) ഫുഖറാക്കളാണ് ജനങ്ങളിൽ ഏറ്റവും ശ്രേഷ്ഠർ. കാരണം, ഫഖ്റ് മുർസലുകളുടെ വസ്ത്രമത്രേ.

8) എന്റെ പ്രവർത്തനങ്ങൾ കൊണ്ട് ഉപകാരം സിദ്ധിക്കാത്തവൻ എന്റെ വചനങ്ങൾ കൊണ്ട് ഉപകാരം നേടുകയില്ല.

9) നമ്മുടെ സരണി മൂന്ന് കാര്യങ്ങൾക്കു മേൽ സ്ഥാപിതമാണ്. നാം ചോദിക്കില്ല. ചോദിച്ചവനെ മടക്കില്ല. നാം എടുത്തു സൂക്ഷിച്ചു വെക്കാറില്ല.

10) ശൈഖ് (റ) പുത്രനായ സ്വാലിഹിനോട് പറഞ്ഞു : നീ എന്റെ പ്രവർത്തനങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്നില്ലെങ്കിൽ ഞാൻ നിനക്ക് പിതാവല്ല. നീ എനിക്ക് മകനുമല്ല.

11) ഒരാൾക്കും ഹൃദയ നൈർമല്യം ലഭിക്കുകയില്ല. അവന്റെ മനസ്സിൽ മോശമായ എന്തെങ്കിലും സംഗതിയോ, ഏതെങ്കിലും മുഅ്മിനിനോട് വിദ്വേഷമോ ശേഷിക്കാതിരിക്കുന്നത് വരെ.

12) ഉൾക്കാഴ്ച്ചയുടെ ദൃഷ്ടിയോടെ നീ നോക്കിയാൽ സർവ്വം നശ്വരമാണെന്ന യാഥാർത്ഥ്യം നിനക്ക് കാണാനായി. എല്ലാം നശ്വരമാണെന്ന് നിനക്ക് ഉത്തമ ബോധ്യം വന്നാൽ നീ എല്ലാം ഉപേക്ഷിച്ചു.

13) യഥാർത്ഥ ബുദ്ധി നീ സ്വന്തമാക്കിയിട്ടുണ്ടെങ്കിൽ നീ ദുനിയാവിലേക്ക് ചായ് വ് കാണിക്കില്ല. അതു തന്നിലേക്ക് ചാഞ്ഞാലും..! കാരണം അത് വഞ്ചകിയും തനി കളളിയുമാണ്. തന്റെ ആളുകളെ നോക്കി അത് പരിഹസിച്ചു ചിരിക്കും. അതിനെതിരിൽ വല്ലവനും ചായ് വ് കാണിച്ചാൽ അവൻ രക്ഷപ്പെട്ടു. അതിനു നേരെ വല്ലവനും ചായ് വ് കാണിച്ചാൽ അവൻ അതിൽ നശിച്ചടഞ്ഞു.

14) ആത്മീയ ജ്ഞാനികൾ മനസ്സിലാക്കിയ അതേ പോലെ ലോകമെങ്ങാനും സർവ്വലോക രക്ഷിതാവിനെ ശരിയായ രീതിയിൽ മനസ്സിലാക്കിയിരുന്നെങ്കിൽ, ഭൗതിക ജീവിത കാര്യങ്ങളിൽ നിന്നും അതിന്റെ സ്ഥിതിഗതികളിൽ നിന്നും അവർ പരിപൂർണ്ണമായും വിട്ടുനിൽക്കുമായിരുന്നു.

മഹാനവർകളുടെ ചരിത്രം ഇവിടെ അവസാനിക്കുന്നു...


ഈ ചരിത്രം നിങ്ങൾക്ക് മുമ്പിൽ എത്താൻ കാരണക്കാരായ എല്ലാവർക്കും വേണ്ടി, നിങ്ങളുടെ വിലപ്പെട്ട ദുആ കളിൽ ഉൾപ്പെടുത്തണം എന്നു വസ്വിയ്യത്ത് ചെയ്യുന്നു.


No comments:

Post a Comment