Friday 17 April 2020

സൽസ്വഭാവത്തിന്റെ മഹത്വവും , മഹാന്മാരുടെ സത്‌സ്വഭാവവും






മുത്ത്‌നബി(സ്വ): സത് സ്വഭാവത്തിന്റെ സമ്പൂര്‍ണ്ണ നേതാവ്

അബൂ അബ്ദില്ലാഹിൽ ജുദലി എന്നവര്‍ ആയിശാ ബീവിയുടെ അടുക്കല്‍ ചെന്ന് ഹബീബായ നബിതങ്ങളുടെ സ്വഭാവത്തെ കുറിച്ചു തിരക്കി. മഹതി പറഞ്ഞു:

അല്ലാഹുവിന്റെ റസൂല്‍ വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും മോശം ചെയ്യുന്ന ആളല്ല. മനഃപൂര്‍വ്വം മോശത്തരം ഉണ്ടാക്കുന്ന ആളുമല്ല. (നബി തങ്ങള്‍ക്ക് മോശമായ സ്വഭാവം സൃഷ്ടിപ്പിലുമില്ല, നേടിയെടുത്തിട്ടുമില്ല). ആരെങ്കിലും ഇങ്ങോട്ട് മോശമായി ചെയ്താല്‍ തിരിച്ചു അങ്ങോട്ടു മോശം ചെയ്യാതെ നന്മ ചെയ്യും. എന്നല്ല അവിടുന്ന് മനസ്സു കൊണ്ട് വിട്ടുവീഴ്ച ചെയ്യുകയും പ്രത്യക്ഷത്തില്‍ മോശം ചെയ്ത ആളില്‍ നിന്നു വിട്ടുനില്‍ക്കുകയും ചെയ്യും.

(مسند اسحق بن راهويه )

അല്ലാഹു തആല പറയുന്നു: നബിയെ, അങ്ങ് മഹത്തായ സ്വഭാവത്തിന്റെ മേലിലാണ്. (സൂറത്തുല്‍ ഖലം 4)

ഇതിനെ വിശദീകരിച്ച് റാസി ഇമാം പറയുന്നു, മേലിലാണ് എന്നത് കൊണ്ട് അല്ലാഹു ഉദ്ദേശിച്ചത്,  നബി(സ്വ) എല്ലാ സത് സ്വഭാവത്തിന്റെയും മുകളിലാണ് എന്നതിന്റെ സൂചനയാണ്. (ത്ഫ്‌സീറു റാസി)


സഅ്ദു ബ്‌നു ഹിശാം എന്നവര്‍ ആയിശാ ബീവിയോട്, നബി(സ്വ)യുടെ സ്വഭാവത്തെ കുറിച്ചു തിരക്കി. നീ ഖുര്‍ആന്‍ പാരായണം ചെയ്യാറില്ലേ? എന്നായിരുന്നു ആയിശാ ബീവിയുടെ പ്രതികരണം. അതെ എന്നു ശരിവെച്ചപ്പോള്‍ ആയിശാ ബീവി പറഞ്ഞു: നബി(സ്വ)യുടെ സ്വഭാവം ഖുര്‍ആനായിരുന്നു. (സ്വഹീഹ് മുസ്‌ലിം)

ഗസ്സ്വാലി ഇമാം പറയുന്നു: സത് സ്വഭാവമുണ്ടോ എന്നറിയുന്നത് മറ്റുള്ളവര്‍ ബുദ്ധിമുട്ടിക്കുമ്പോള്‍ ക്ഷമിക്കുന്നുണ്ടോ എന്നു നോക്കിയാണ്. ആരെങ്കിലും മറ്റുള്ളവരുടെ സ്വഭാവ മോശത്തിനെ പറ്റി ആവലാതി പറഞ്ഞാല്‍, ഈ ആവലാതി പറഞ്ഞവന്റെ സ്വഭാവം മോശമാണെന്നാണതറിയിക്കുന്നത്. കാരണം, സത് സ്വഭാവമെന്നത് മറ്റുള്ളവരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ബുദ്ധിമുട്ടിനെ സഹിക്കലാണല്ലോ അതിവനുണ്ടായില്ല.

ശേഷം ഗസ്സ്വാലി ഇമാം ഒരു ഹദീസ് പറഞ്ഞു: ( സ്വഹീഹുല്‍ ബുഖാരിയില്‍ വന്ന ഹദീസ്). ഒരിക്കല്‍ നബി(സ്വ) നടന്നു നീങ്ങുകയാണ്. കൂടെ അനസ്(റ)ഉം ഉണ്ട്. അങ്ങനെയിരിക്കെ ഒരു അഅ്‌റാബി നബി(സ്വ)തങ്ങളെ കണ്ടുമുട്ടി. നബി(സ്വ)യുടെ ശരീരത്തിലുണ്ടായിരുന്ന വക്ക് പരുക്കനായ നജ്‌റാനി പുതപ്പ് അദ്ദേഹം  ശക്തിയായി വലിച്ചു.അന്നേരം അനസ്(റ) ആ ശറഫാക്കപ്പെട്ട കഴുത്തിലേക്ക് നോക്കിയപ്പോള്‍ ആ ശക്തമായ വലിയുടെ കാരണത്താല്‍ അവിടെ അടയാളം കണ്ടു. ശേഷം അയാള്‍ മുത്ത്‌നബി(സ്വ)യോട് ചോദിച്ചു:  അല്ലാഹു നിങ്ങള്‍ക്ക് തന്ന സമ്പത്തില്‍ നിന്ന് എനിക്ക് നല്‍കൂ.. ഇതുകേട്ട് നബി(സ്വ) അയാളോട് ചിരിച്ചു. എന്നിട്ട് അയാൾക്ക്  കൊടുക്കാന്‍ വേണ്ടി കല്‍പ്പിക്കുകയും ചെയ്തു.
(ഇഹ് യാ ഉലൂമിദ്ധീന്‍)


അഹ് നഫ് ബ്‌നു ഖൈസ്

അഹ് നഫ് ബ്‌നു ഖൈസ് എന്ന മഹാനെ ഒരാള്‍ ചീത്ത പറഞ്ഞു. മഹാനവര്‍കള്‍ അതിനു ഒരു മറുപടിയും കൊടുത്തില്ല. എന്നിട്ടും അയാള്‍ മഹാനവര്‍കളെ പിന്തുടര്‍ന്ന് ചീത്ത പറഞ്ഞു കൊണ്ടേയിരുന്നു. തന്റെ വീട്ടിന്റെ അടുത്ത് എത്താനായപ്പോള്‍ മഹാനവര്‍കള്‍ അവിടെ നിന്നു. എന്നിട്ട് അയാളോട് പറഞ്ഞു: നിനക്ക് ഇനി പറയാന്‍ ബാക്കി വല്ലതും ഉണ്ടെങ്കില്‍ ഇപ്പോള്‍ പറഞ്ഞോ. എന്റെ കുടുംബത്തിൽ വിവരമില്ലാത്തവരുണ്ട്. അവര്‍ നിന്നെ വെച്ചേക്കില്ല. (ഇഹ് യാ ഉലൂമിദ്ധീന്‍)


അബൂദര്‍റ്(റ)

അബൂദര്‍റ്(റ) ഒരു ഹൗളില്‍ നിന്ന് തന്റെ ഒട്ടകത്തിന് വെള്ളം കുടിപ്പിക്കുയാണ്. ആ സമയത്താണ് ഒരാൾ അദ്ദേഹത്തിന്റെ ഒട്ടകത്തെ ഹൗളിലേക്ക് ഉളരിപ്പിച്ചത്. അന്നേരം ആ ഹൗളിന് ക്ഷതമേറ്റു. ഇത് അബൂദര്‍റ്(റ)നെ ദേഷ്യം പിടിപ്പിച്ചു. മഹാനവര്‍കള്‍ ഇരുന്നു. പിന്നീട് ചെരിഞ്ഞ് കിടന്നു. കാരണം തിരക്കിയപ്പോള്‍ മഹാനവര്‍കള്‍ പറഞ്ഞു: ദേഷ്യം പിടിക്കുമ്പോള്‍ ഇരിക്കാനും എന്നിട്ടും മാറിയലില്ലെങ്കില്‍ കിടക്കാനും നബി(സ്വ) ഞങ്ങളോട് കല്‍പ്പിച്ചിട്ടുണ്ട്.
(അവലംബം: രിസാലത്തുല്‍ ഖുശൈരിയ്യ)


ഉവൈസുല്‍ ഖറനി(റ)

മഹാനരായ ഉവൈസുല്‍ ഖറനി(റ)വിനെ ചെറിയ കുട്ടികള്‍ കണ്ടാല്‍ കല്ലെടുത്ത് എറിയുമായിരുന്നു. അന്നേരം മഹാനവര്‍കള്‍ പറയുമായിരുന്നു, നിങ്ങള്‍ക്ക് എന്നെ എറിഞ്ഞേ പറ്റൂ എന്നുണ്ടെങ്കില്‍ ചെറിയ കല്ലുകള്‍ കൊണ്ട് എറിഞ്ഞോളീ..വലിയ കല്ലുകൊണ്ട് എറിഞ്ഞാല്‍ കാലിനു പരിക്ക് പറ്റി എനിക്ക് നിസ്‌കാരം തടസ്സമാകും..(രിസാലത്തുല്‍ ഖുശൈരിയ)


മാലിക്ബ്‌നു ദീനാര്‍(റ)

മാലിക്ബ്‌നു ദീനാര്‍(റ)വിനോട് ഒരു പെണ്ണ് പറഞ്ഞു: ഓ, ലോകമാന്യാ.. മഹാനവര്‍കള്‍ വിനയാന്വിതനായി പറഞ്ഞു: ബസ്വറക്കാര്‍ക്ക് അറിയാത്ത പേര് ഈ പെണ്ണിന് കിട്ടിയല്ലോ..(ഫൈളുല്‍ ഖദീര്‍)


മഅ്‌റൂഫുല്‍ കര്‍ഹി(റ)

മഅ്‌റൂഫുല്‍ കര്‍ഹി(റ) ടൈഗ്രീസ് നദിയിലേക്ക് വുളൂഅ് എടുക്കാന്‍ വേണ്ടി ഇറങ്ങി. ആ സന്ദര്‍ഭത്തില്‍ കൂടെ ഉണ്ടായിരുന്ന മുസ്ഹഫും പുതപ്പും നദിക്കരികില്‍ വെച്ചിരുന്നു. ഒരു പെണ്ണ് വന്ന് അത് രണ്ടും എടുത്തു കൊണ്ടു പോയി. മഅ്‌റൂഫുല്‍ കര്‍ഹി(റ) അവളുടെ പിന്നാലെ ചെന്ന് പറഞ്ഞു: ഞാന്‍ മഅ്‌റൂഫാണ്, നീ പേടിക്കേണ്ട നിനക്ക് ഖുര്‍ആന്‍ ഓതുന്ന മകനുണ്ടോ, അവള്‍ പറഞ്ഞു: ഇല്ല . മഹാനവര്‍കള്‍ വീണ്ടും ചോദിച്ചു: നിനക്ക് ഭര്‍ത്താവുണ്ടോ?അവള്‍ പറഞ്ഞു: ഇല്ല. മഹാനവര്‍കള്‍ പറയുകയാണ്, എന്നാല്‍ മുസ്വ്ഹഫ് ഇങ്ങോട്ട് തരൂ, പുതപ്പ് നീ എടുത്തോ?
(الرسالة القشيرية )


ഹുസൈന്‍(റ)ന്റെ മകന്റെ സത് സ്വഭാവം

ഹുസൈന്‍(റ)ന്റെ മകന്‍ അലിയ് (റ) എന്നവര്‍ക്ക് നിസ്‌കരിക്കാന്‍ വുളൂഅ് എടുക്കാന്‍ വേണ്ടി ഒരു സ്ത്രീ കിണ്ടിയില്‍ വെള്ളം ഒഴിച്ചു കൊടുക്കുകയാണ്. ആ സമയത്ത് ആ സ്ത്രീയില്‍ നിന്നും കിണ്ടി മഹാനവര്‍കളുടെ മുഖത്ത് വീണു മുറിവ് പറ്റി. മഹാനവര്‍കള്‍ തലഉയര്‍ത്തി ആ സ്ത്രീയെ ഒന്നു നോക്കി. സ്ത്രീ പറഞ്ഞു:

അല്ലാഹു തആല പറയുന്നു: കോപം ഒതുക്കി വെക്കുന്നവർ ( നല്ല ആളുകൾ ). മഹാനവര്‍കള്‍ പറഞ്ഞു: ഞാന്‍ കോപം ഒതുക്കി .സ്ത്രീ വീണ്ടും പറഞ്ഞു: ജനങ്ങളെ തൊട്ട് മാപ്പ് ചെയ്യുന്നവര്‍(ഖുര്‍ആന്‍). മഹാനവര്‍കള്‍ പറഞ്ഞു: നിനക്ക് അല്ലാഹു മാപ്പ് ചെയ്തിരിക്കുന്നു. സ്ത്രീ വീണ്ടും പറഞ്ഞു: നന്മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടും(ഖുര്‍ആന്‍). മഹാനവര്‍കള്‍ പറഞ്ഞു: നീ പോയ്‌ക്കോ നിന്നെ ഞാന്‍ സ്വതന്ത്രയാക്കിയിരിക്കുന്നു.


അബൂ ഉസ്മാനുല്‍ ഹിയരി (റ)

ഒരിക്കല്‍ മഹാനവര്‍കള്‍ ഒരു വഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു. ആ സമയത്താണ് ഒരു കൊട്ട വെണ്ണീര് അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് ആരോ ഇട്ടത്.

മഹാനവര്‍കള്‍ വാഹനത്തില്‍ നിന്നിറങ്ങി ഒന്നും മിണ്ടാതെ ശരീരത്തില്‍ നിന്നും വെണ്ണീരു തട്ടി കളഞ്ഞു. ഇതു കണ്ട ചിലര്‍, വെണ്ണീരിട്ടവര്‍ക്കെതിരില്‍ പ്രതികരിക്കാത്തതിന്റെ കാരണം തിരക്കി. മഹാനവര്‍കള്‍ പറഞ്ഞു: തലയില്‍ തീ ഇടപ്പെടേണ്ട ആളുടെ ശരീരത്തില്‍ വെണ്ണീരു കൊണ്ട് മതിയാക്കിയാല്‍  ദേഷ്യം പിടിക്കല്‍ അവന് യോജിച്ചതല്ലല്ലോ?
( فيض القدير / المناوي )


ഒരിക്കല്‍ മഹാനവര്‍കളെ ഒരാള്‍ ഒരു സദ്യയിലേക്ക് ക്ഷണിച്ചു. അയാള്‍ മഹാനവര്‍കളെ പരീക്ഷിക്കാന്‍ വേണ്ടിയായിരുന്നു അത്. മഹാനവര്‍കള്‍ തന്റെ വീട്ടിലെത്തിയപ്പോള്‍ അയാള്‍ പറഞ്ഞു:  ഇന്ന് എനിക്ക് നിങ്ങളെ സത്കരിക്കാന്‍ സാധിക്കൂല. മഹാനവര്‍കള്‍ മടങ്ങി പോകുന്ന സന്ദര്‍ഭത്തില്‍ വീണ്ടും ആ വീട്ടുകാര്‍ തിരിച്ചു വിളിച്ചു. വീണ്ടും നേരത്തെ പറഞ്ഞ പ്രകാരം സത്കരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞ് മടക്കി.ഇങ്ങനെ  മൂന്നല്ല നാലല്ല പല പ്രാവശ്യം അബൂ ഉസ്മാനവരെ തിരിച്ചു വിളിച്ചു മടക്കി വിട്ടു. അപ്പോഴൊന്നും മഹാനവര്‍കള്‍ക്ക് ഒരു മാറ്റവും സംഭവിച്ചില്ല. ഇതു കണ്ട് ആ വീട്ടുകാരന്‍ കാലിൽ വീണ്  മാപ്പ് ചോദിച്ചു കൊണ്ട് പറഞ്ഞു: ഞാന്‍ അങ്ങയെ പരീക്ഷിച്ചതാണ്, അങ്ങയുടെ സ്വഭാവം വല്ലാത്ത സ്വഭാവം തന്നെയാണല്ലോ..? തന്റെ സ്വഭാവ മഹിമയില്‍ യാതൊരു കിബ്‌റും ഇല്ലാതെ മഹാനവര്‍കള്‍ പറഞ്ഞു: എന്റെ സ്വഭാവം നല്ലതൊന്നുമല്ല.. അത് നായയുടെ സ്വഭാവമാണ്.. നായനെ ക്ഷണിച്ചാല്‍ അതുവരും അതിനെ ആട്ടിയാല്‍ അത് പോകും..
[ إحياء علوم الدين - الغزالي ]



ഇബ്രാഹീമ് ബ്‌നു അദ്ഹം(റ)

സത് സ്വഭാവത്തിന്റെ ഉദാത്തമായ മാതൃക വരച്ചവരായിരുന്നു ഇബ്‌റാഹീമ് ബ്‌നു അദ്ഹം(റ). പരിത്യാഗിയായിരുന്ന മഹാനവര്‍കളുടെ സ്ഥാനമാനങ്ങള്‍ അറിഞ്ഞും അറിയാതെയും പലരും ഉപദ്രവിച്ചിട്ടുണ്ട്. എന്നിട്ടും യാതൊരു ഗര്‍വ്വും ഇല്ലാതെ അതു അതേ പടി ഏറ്റുവാങ്ങി സഹനത്തിന്റെ പ്രതീകമായി മാറുന്നതായി ചരിത്രത്തിലുടെനീളം നാം വായിച്ചിട്ടുണ്ടാവണം. ഇബ്നു അദ്ഹം തങ്ങളുടെ സത് സ്വഭാവങ്ങള്‍ പരിചയപ്പെടാം..


തന്നെ അടിച്ചയാള്‍ക്ക് വേണ്ടി സ്വര്‍ഗം ചോദിക്കുന്നു..!!

ഇബ്‌റാഹീമ് ബ്‌നു അദ്ഹം(റ)  ഏതോ ഒരു മരുഭൂമിയിലേക്ക് പുറപ്പെടുകയാണ്. ആ സന്ദര്‍ഭത്തില്‍ ഒരു പട്ടാളക്കാരന്‍ വന്ന് ബില്‍ഡിംഗുകള്‍ ഉള്ള സ്ഥലം(ജനവാസം) എവിടെ ആണെന്ന് തിരക്കി. മഹാനവര്‍കള്‍ ഖബ്‌റുകളിലേക്ക് ചൂണ്ടി കാണിച്ചു.ദേഷ്യം പിടിച്ച അയാള്‍ ഇബ്‌റാഹീമ് ബ്‌നു അദ്ഹം(റ)ന്റെ തലക്കടിച്ചു. പട്ടാളക്കാരന്‍ ഈ വിഷയം തന്റെ കൂട്ടുകാരോട് പറഞ്ഞപ്പോള്‍ അടിക്കപ്പെട്ട ആള്‍ ഖുറാസാനിലെ പരിത്യാഗിയായ ഇബ്‌റാഹിമ് ബ്‌നു അദ്ഹം(റ) ആണെന്നവര്‍ പറഞ്ഞു.പട്ടാളക്കാരന്‍ അദ്ദേഹത്തോട് മാപ്പു പറയാനെത്തി.  ഇബ്നു അദ്ഹം തങ്ങള്‍ പറഞ്ഞു: നീ എന്നെ അടിച്ച സമയത്ത് നിനക്ക് വേണ്ടി ഞാന്‍ സ്വര്‍ഗം ചോദിച്ചിരുന്നു. അത്ഭുതത്തോടെ പട്ടാളക്കാരന്‍ കാരണം തിരക്കി.  ഇബ്നു അദ്ഹം(റ)  പറഞ്ഞു: നിന്നില്‍ നിന്ന് എനിക്ക് ലഭിച്ചത് ഖൈറാണ് അതുകൊണ്ട് എന്നില്‍ നിന്നും നിനക്ക് ഖൈര്‍ ലഭിക്കാനാണ് ഞാന്‍ സ്വര്‍ഗം ചോദിച്ചത്.
(الرسالة القشيرية )

ദുനിയാവിലെ 2 സന്തോഷങ്ങള്‍

ഇബ്‌റാഹീമ്ബ്‌നു അദ്ഹം(റ)നോട് ആരോ ചോദിച്ചു: നിങ്ങള്‍ ദുനിയാവില്‍ നിന്ന് വല്ലപ്പോഴും സന്തോഷിച്ചിട്ടുണ്ടോ? ഇബ്നു അദ്ഹം(റ) തങ്ങള്‍ പറഞ്ഞു: അതെ..രണ്ടു തവണ. ഒന്ന് ഞാന്‍ ഇരിക്കുന്ന സമയം ഒരാള്‍ എന്റെ തലയിലേക്ക് മൂത്രമൊഴിച്ചപ്പോള്‍  , മറ്റൊന്ന് ഞാന്‍ ഇരിക്കുന്ന സമയത്ത് ഒരാള്‍ എന്നെ അടിച്ചപ്പോള്‍..
الرسالة القشيرية )


ചാട്ടവാറടിക്ക് വേണ്ടി തലതാഴ്ത്തി കൊടുക്കുന്നു..!

ഇബ്രാഹീമ് ബ്‌നു അദ്ഹം(റ) ഒരിക്കല്‍ ഒരു മുന്തിരിതോട്ടം കാവൽ നിൽക്കുകയായിരുന്നു . അപ്പോഴാണ് അതിലൂടെ ഒരു പട്ടാളക്കാരന്‍ വന്നത്.അദ്ദേഹം ഇബ്നു അദ്ഹ (റ)നോട് മുന്തിരി തരാന്‍ ആവശ്യപ്പെട്ടു. ഇതില്‍ നിന്നെടുക്കാന്‍ ഇൗ തോട്ടത്തിന്റെ മുതലാളി എനിക്ക് സമ്മതം തന്നിട്ടില്ലെന്ന് ഇബ്നു അദ്ഹം(റ) അതിനോട് പ്രതികരിച്ചപ്പോള്‍ അദ്ദേഹം ചാട്ടവാറെടുത്തു.എന്നിട്ട് അതുകൊണ്ട് തലക്കടിക്കാന്‍ തുടങ്ങി. ഇബ്നു അദ്ഹം(റ) ഒട്ടും കൂശാതെ തല താഴ്ത്തി കൊടുത്തു കൊണ്ട് പറഞ്ഞു: അല്ലാഹുവിന് ഒരുപാട് തെറ്റുകള്‍ ചെയ്ത തലയാണ്.. അടിക്ക് തലക്ക് . അയാള്‍ അശക്തനായി,  അടി നിറുത്തി അയാള്‍ അവിടെ നിന്ന് തടിയൂരി.
(الرسالة القشيرية )


ജുനൈദ്(റ)

മഹാനരായ  ജുനൈദ്(റ) ജുമുഅക്ക് വേണ്ടി പുറപ്പെട്ട സമയത്ത് കുറച്ച് ആളുകള്‍ മത്സ്യം കഴുകിയ വെള്ളം തലയിലൊഴിച്ചു. തലയിലൂടെ ശരീരത്തിന്റെ അടിഭാഗം വരെ ആ വെള്ളം പരന്നു. ചിരിച്ചു കൊണ്ട് മഹാനവര്‍കള്‍ പ്രതികരിച്ചു: തീക്ക് അര്‍ഹനായ എനിക്ക് വെള്ളം കൊണ്ട് മതിയാക്കിയല്ലോ.. അതു കൊണ്ട് ദേഷ്യം പിടിക്കാന്‍ ഞാന്‍ യോഗ്യനല്ലല്ലോ? ഇതും പറഞ്ഞ് മഹാനവര്‍കള്‍ സൗമ്യമായി തന്റെ വീട്ടില്‍ ചെന്ന് ഭാര്യയുടെ വസ്ത്രം വാങ്ങിയാണ് നിസ്‌കരിച്ചത്.
(لواقح الأنوار القدسية في العهود المحمدية / الشعراني )



ഇമാം ഷാഫി (റഹ്)

ഇമാം ശഅറാനി രേഖപ്പെടുത്തുന്നു : മഹാനരായ ശാഫി ഇമാം സത് സ്വഭാവം കൊണ്ട് പ്രസിദ്ധിയാര്‍ജ്ജിച്ച വരായിരുന്നു. 

അവിടുത്തോട് അസൂയ ഉള്ളവര്‍ മഹാനവര്‍കളെ ദേഷ്യം പിടിപ്പിക്കാന്‍ ഒരു സംഗതിയൊപ്പിച്ചു. പക്ഷെ, ശാഫി ഇമാമിന്റെ സത് സ്വഭാവത്തിനു മുമ്പില്‍ അവര്‍ മുട്ടുമടക്കി. അതേ കുറിച്ച് പറയാം,        

ശാഫിഇമാമിന്റെ  അസൂയക്കാര്‍ ഒരു ദിവസം തുന്നല്‍ക്കാരന് കൈകൂലി കൊടുത്തിട്ട് ശാഫി ഇമാമിന്റെ വലതു കയ്യിന്റെ കഫിനെ ഇടുങ്ങിയ രൂപത്തിലും,  ഇടതു കയ്യിന്റെ കഫിനെ വിശാലമാക്കാനും പറഞ്ഞു. കുപ്പായം കിട്ടിയപ്പോള്‍ ശാഫി ഇമാം തുന്നല്‍ക്കാരനെ അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു: വലതു കഫ് ഇടുങ്ങിയത് കൊണ്ട് എനിക്ക് എഴുതാന്‍ സുഖമായി, ഇടക്കിടക്ക് കുപ്പായ കൈ കയറ്റി വെക്കേണ്ടല്ലോ.. ഇടതു കൈ വിശാലമാക്കിയത് കൊണ്ട് എനിക്ക് കിതാബ് ചുമക്കാനും കഴിയുന്നുണ്ട്..അല്ലാഹു നിനക്ക് ഖൈറിനെ പ്രതിഫലം നല്‍കട്ടെ,

ശാഫി ഇമാം പറഞ്ഞതായി കാണാം, ഒരാളെ ദേഷ്യം പിടിപ്പിച്ചാല്‍ ദേഷ്യം പിടിച്ചില്ലെങ്കില്‍ അവന്‍ കഴുതയാണ്.  ഒരാളെ തൃപ്തിപ്പെടുത്തിയാല്‍ അയാള്‍ തൃപ്തിപ്പെട്ടില്ലെങ്കില്‍ അയാള്‍ ശൈത്വാന്‍ ആണ്.

ഈ പറഞ്ഞത് അല്ലാഹുവിന്  വേണ്ടി ദേഷ്യം പിടിപ്പിച്ചാല്‍ പിടിച്ചില്ലെങ്കില്‍ കഴുതയാണെന്നാണ് . പരിപൂര്‍ണ്ണരായ ആളുകള്‍  സ്വന്തത്തിനു വേണ്ടി ദേഷ്യം പിടിക്കുകയില്ല.

അവലംബം*لواقح الأنوار القدسية / الشعراني  )


സത് സ്വഭാവമുള്ളവനേ നല്ല നേതാവാകാനാകൂ

സുഫ് യാനു സൗരി(റ), നബി(സ്വ)യുടെ പേരമകനായ ജഅ്ഫര്‍ ബ്‌നു സ്വാദിഖ് തങ്ങളുടെ അടുത്ത് ചെന്നു പറഞ്ഞു: "ഓ, അല്ലാഹുവിന്റെ റസൂലിന്റെ മകനേ, എനിക്ക് വല്ല സദുപദേശം നല്‍കിയാലും.." മഹാനവര്‍കള്‍ പറഞ്ഞു: "ഓ, സുഫ് യാനേ, പച്ചക്കള്ളം പറയുന്നവന് മാന്യതയില്ല, അസൂയക്കാരന് റാഹത്തില്ല, മടിയന് സ്‌നേഹിതനില്ല, ദുഃസ്വഭാവിക്ക് നേതൃത്വമില്ല.."


വീണ്ടും സുഫ് യാനു സൗരി ഉപദേശം തേടി. മഹാനവര്‍കള്‍ പറഞ്ഞു: "ഓ, സുഫ് യാനേ.. അല്ലാഹു ഹറാമാക്കിയ കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കൂ..എങ്കില്‍ നീ ആബിറാകുന്നതാണ്(സ്വിറാത്ത് പാലം വിട്ടു കടക്കാൻ കഴിയുന്നതാണ്). അല്ലാഹു നിനക്ക് വീതിച്ചു തരുന്നതിനെ പൊരുത്തപ്പെട്ടാല്‍ നീ പരിപൂർണ്ണ മുസ്ലിമാകും. ജനങ്ങളോട് നീ ഏതു രൂപത്തിലാണോ  സഹവസിക്കാൻ ഇഷ്ടപ്പെടുന്നതെങ്കില്‍ അതേ രീതിയില്‍ നീയും അവരോട് സഹവസിക്കൂ..എന്നാല്‍ നീയൊരു പരിപൂർണ്ണ മുഅ്മിനാകും. തെമ്മാടിയോട് നീ സഹവസിക്കല്ലേ, അങ്ങനെ സഹവസിച്ചാല്‍ അവന്റെ തെമ്മാടിത്തരം നീയും പഠിക്കും. അല്ലാഹുവിനെ ഭയപ്പെടുന്നവരോട്  നിന്റെ കാര്യത്തിൽ ചര്‍ച്ച ചെയ്യൂ.."


സുഫ് യാനു സൗരി(റ) ഉപദേശം തേടി, മഹാനവര്‍കള്‍ വീണ്ടും പറഞ്ഞു: "കുടുംബം ഇല്ലാതെ പ്രതാപം കിട്ടണമെന്നു ഉദ്ദേശിക്കുന്നുവെങ്കില്‍ അധികാരമില്ലാതെ ഗാംഭീര്യം കിട്ടണമെന്ന് നീ ഉദ്ദേശിക്കുന്നുവെങ്കില്‍ അല്ലാഹുവിന് തെറ്റ് ചെയ്യാതെ അവനെ വഴിപ്പെടൂ."


പിന്നെയും ഉപദേശം പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ മഹാനവര്‍കള്‍ വീണ്ടും വാചാലമായി:"മൂന്ന് കാര്യങ്ങളെ കൊണ്ട് എന്റെ ബാപ്പ എന്നെ അദബ് പഠിപ്പിച്ചിട്ടുണ്ട്. ആരെങ്കിലും മോശപ്പെട്ട കൂട്ടുകാരനോട് സഹവസിച്ചാല്‍ അവന്‍ രക്ഷപ്പെടുകയില്ല, ആരെങ്കിലും മോശമായ സ്ഥലങ്ങളില്‍ കടന്നാല്‍ അവനെ തെറ്റിദ്ധരിക്കപ്പെടും ആര്‍ക്കെങ്കിലും നാവിനെ പിടിച്ചു നിര്‍ത്താന്‍ കഴിയില്ലെങ്കില്‍ അവന്‍ ഖേദിക്കേണ്ടിവരും."

(الزواجر / ابن حجر الهيتمي )


സത് സ്വഭാവം: ആഖിറത്തിന്റെ പണ്ഡിതന്മാരുടെ അടയാളം

5 സ്വഭാവങ്ങള്‍ ആഖിറത്തിന്റെ പണ്ഡിതന്മാരുടെ അടയാളങ്ങളില്‍ പെട്ടതാണ്. ആ അഞ്ചു കാര്യങ്ങളും ഖുര്‍ആനിലെ അഞ്ച് ആയത്തില്‍ നിന്ന് മനസ്സിലാക്കപ്പെട്ടതാണ്.

1. ഭയം (സൂറത്തുൽ ഫാത്വിര്‍ 28)
2. ഭക്തി (ആലു ഇംറാന്‍ 199)
3. വിനയം (അല്‍ ഹിജ് ര്‍ 88)
4. സത് സ്വഭാവം ( ആലു ഇംറാന്‍ 159)
5. സുഹ്ദ്/പരിത്യാഗം-ദുനിയാവിനേക്കാള്‍ ആഖിറത്തിനെ തെരഞ്ഞെടുക്കുക (അല്‍ ഖസ്വസ്വ് 80)    _(ഇഹ് യാ ഉലൂമിദ്ധീന്‍)_


സത് സ്വഭാവത്തിന്റെ മഹത്വങ്ങള്‍

അത്വാഅ്(റ) പറയുന്നു: സത് സ്വഭാവം കൊണ്ടല്ലാതെ ഒരാളും ഉന്നത സ്ഥാനം കൈവരിച്ചിട്ടില്ല. സത് സ്വഭാവത്തിന്റെ പരിപൂര്‍ണ്ണത നബി(സ്വ) അല്ലാതെ മറ്റൊരാളും എത്തിച്ചിട്ടില്ല.(ഇഹ് യാ ഉലൂമിദ്ധീന്‍)

ജുനൈദുല്‍ ബഗ്ദാദി(റ) പറയുന്നു: ഇല്‍മും അമലും കുറവാണെങ്കിലും നാലുകാര്യങ്ങള്‍ ഒരാളിലുണ്ടായാല്‍ അയളെ ഉന്നത സ്ഥാനത്തേക്കുയര്‍ത്തും. ഇവകളെ കൊണ്ടാണ് ഈമാന്‍ പരിപൂര്‍ണ്ണമാകുന്നത്.

1. സഹനം
2. താഴ്മ
3. ദാനധര്‍മ്മം
4. സത് സ്വഭാവം
(ഇഹ് യാ ഉലൂമിദ്ധീന്‍)


ആയിഷാബീവി(റ)നെ ഉദ്ധരിച്ച് പറയുന്ന ഹദീസ്, നബി(സ്വ) പറഞ്ഞു: സത് സ്വഭാവം എന്നുള്ളത് മനുഷ്യരുടെ ഇടയിലൂടെ നടക്കുന്ന ഒരു മനുഷ്യനായിരുന്നെങ്കില്‍ അത് സ്വാലിഹായ മനുഷ്യനായിരിക്കും.

مكارم الأخلاق / الخراءطي )

നബി(സ്വ) പറഞ്ഞു: സൂര്യന്‍(ചൂട്) ഉറച്ച് നില്‍ക്കുന്ന വെള്ളത്തെ ഉരുക്കി കളയുന്നത് പോലെ സത് സ്വഭാവം തെറ്റു കുറ്റങ്ങളെ ഉരുക്കി കളയും.

(مكارم الأخلاق /الخراءطي)


ലുഖ്മാനുല്‍ ഹകീം തങ്ങളുടെ മകന്‍ മഹാനവര്‍കളോട് ചോദിക്കുകയാണ്: ഓ, ബാപ്പാ.. മനുഷ്യരില്‍ നിന്ന് ഏറ്റവും ഖൈറായ കാര്യമേതാണ്? മഹാനവര്‍കള്‍ പറഞ്ഞു: ദീന്‍. പിന്നെയും മകന്‍ ചോദിച്ചു: അതു രണ്ടണ്ണണമാണെങ്കിലോ? മഹാനവര്‍കള്‍ പറഞ്ഞു: ദീനും മുതലും. വീണ്ടും മകന്‍ ചോദിച്ചു: മൂന്നാണെങ്കിലോ? മഹാനവര്‍കള്‍ പറഞ്ഞു: ദീനും മുതലും ലജ്ജയും. വീണ്ടും ചോദിച്ചു: നാലാണെങ്കിലോ?പറഞ്ഞു: ദീനും മുതലും ലജ്ജയും *സത് സ്വഭാവവും*. പിന്നെയും മകന്‍ ചോദിച്ചു: 5 ആണെങ്കിലോ? മഹാനവര്‍കള്‍ പറഞ്ഞു: ദീനും മുതലും ലജ്ജയും സത് സ്വഭാവവും ധര്‍മ്മം ചെയ്യലും. മകന്‍, ആറാണെങ്കിലോ എന്ന് ചോദിച്ചപ്പോള്‍ ലുഖ്മാനുല്‍ ഹകീം തങ്ങള്‍ പറഞ്ഞു: ഓ, കുഞ്ഞ് മോനെ, ഈ അഞ്ച് കാര്യങ്ങള്‍ ഒരാള്‍ ഒരുമിച്ച് കൂട്ടിയാല്‍ അവന്‍ മുത്വഖിയാണ്, മാത്രമല്ല അല്ലാഹു അവനെ ഏറ്റെടുക്കുകയും ശൈത്വാനില്‍ നിന്ന് ഒഴിവായവനുമാകും.
(ഇഹ് യാ ഉലൂമിദ്ധീന്‍)


സത് സ്വഭാവി: ഇബ് ലീസിന്റെ ശത്രു..!!

ഇബ് ലീസിന്റെ ശത്രുക്കളില്‍ അവന്‍ തന്നെ പരിചയപ്പെടുത്തിയ 15 പേരില്‍ സത് സ്വഭാവമുള്ള മുഅ്മിന്‍ ഉള്ളതായി കാണാം,

വഹ്ബ് ബ്‌നു മുനബ്ബിഹ് എവര്‍ പറയുന്നു:അല്ലാഹു തആല ഇബ് ലീസിനോട് പറഞ്ഞു: "നീ മുഹമ്മദ് നബി(സ്വ)യുടെ അടുത്തേക്ക് പോകൂ.. എന്നിട്ട് മുഹമ്മദ് നബി(സ്വ) നിന്നോട് ചോദിക്കുന്നതിനൊക്കെ മറുപടി പറയൂ." ഇബ് ലീസ് ഒരു കിളവന്റെ കോലത്തില്‍ നബി(സ്വ)യുടെ സന്നിധിയില്‍ എത്തി. അവന്റെ കയ്യില്‍ ഒരു വടിയുമുണ്ട്. 

നബി(സ്വ) ചോദിച്ചു:  "നീ ആരാണ് ?" അവന്‍ പറഞ്ഞു: "ഞാന്‍ ഇബ് ലീസാണ്." "എന്താണ് നിന്റെ വരവിന്റെ ഉദ്ദേശം?"-നബി(സ്വ) ചോദിച്ചു: ഇബ് ലീസ് പറഞ്ഞു: "എന്നെ അല്ലാഹു പറഞ്ഞയച്ചതാണ്, നിങ്ങള്‍ ചോദിക്കുന്നതിനൊക്കെ മറുപടി പറയാനും പറഞ്ഞിട്ടുണ്ട്." നബി(സ്വ) ചോദിച്ചു: "എന്റെ ഉമ്മത്തില്‍ നിന്നും നിനക്ക് ശത്രുക്കളായിട്ട് എത്രയാളുകളുണ്ട്?" 

ഇബ് ലീസ് പറഞ്ഞു: "15 പേര്‍." ശേഷം ഇബ് ലീസ് അവര്‍ ആരൊക്കെയാണെന്ന് പറയാന്‍ തുടങ്ങി. 

"ആദ്യത്തെത് നിങ്ങള്‍ തന്നെയാണ്, പിന്നീട് നീതിമാനായ ഭരണാധികാരി, താഴ്മയുള്ള മുതലാളി, സത്യം മാത്രം പറയുന്ന കച്ചവടക്കാരന്‍,നല്ല ഭയഭക്തിയുള്ള പണ്ഡിതന്‍, സത് ഉപേദശം ചെയ്യുന്ന മുഅ്മിന്‍, ഹൃദയം ലോലമായ മുഅ്മിന്‍, തൗബയുടെ മേല്‍ സ്ഥിരമായ വ്യക്തി, ഹറാമിനെ സൂക്ഷിക്കുന്ന വ്യക്തി, ശുദ്ധിയുടെ മേല്‍ നിത്യമാകുന്ന മുഅ്മിന്‍, ധാരാളം സ്വദഖ ചെയ്യുന്ന മുഅ്മിന്‍, ജനങ്ങളോട് കൂടെ സത് സ്വഭാവമുള്ള മുഅ്മിന്‍, ജനങ്ങള്‍ക്ക് ഉപകാരം ചെയ്യുന്ന മുഅ്മിന്‍, ഖുര്‍ആന്‍ പഠിക്കുകയും അതിന്റെ മേല്‍ നിലകൊള്ളുകയും ചെയ്യുന്ന വ്യക്തി,ജനങ്ങള്‍ ഉറങ്ങുന്ന സമയത്ത് രാത്രി എഴുന്നേറ്റ് നിസ്കരിക്കുന്ന വ്യക്തി.. (ഇങ്ങനെ 15 പേര്‍)"

നബി(സ്വ) വീണ്ടും ചോദിച്ചു: "എന്റെ ഉമ്മത്തില്‍ നിന്ന് നിന്റെ കൂട്ടുകാരായി എത്ര പേരുണ്ട്?" ഇബ് ലീസ് വാചാലമായി: "പത്ത് പേര്‍, (അവര്‍) അക്രമിയായ ഭരണാധികാരി, അഹങ്കാരിയായ മുതലാളി, വഞ്ചകനായ കച്ചവടക്കാരന്‍, കള്ളുകുടിയന്‍,ഏഷണിക്കാരൻ, ലോകമാന്യമുള്ളവൻ, യതീമിന്റെ സമ്പത്ത് ഭക്ഷിക്കുന്നവൻ, സകാത്ത് കൊടുക്കാത്തവൻ, ദുൻയവിയായ കാര്യത്തെ ദീർഘമായി കൊതിക്കുന്നവൻ (എന്നിവരാണ്)."  (റൂഹുൽ ബയാൻ) 


സത് സ്വഭാവം: ഖൈറിലുള്ള ബറകത്ത്

ഹുദൈബിയയില്‍ പങ്കെടുത്ത റാഫിഅ് ബ്‌നു മകീസ് എന്നവര്‍ ഉദ്ധരിക്കുന്ന ഹദീസ്, നബി(സ്വ) പറയുന്നു: "സത് സ്വഭാവം വളര്‍മയാണ് (ഖൈറിലുള്ള ബറകത്താണ്). മോശപ്പെട്ട സ്വഭാവം ബറകത്തിന്റെ വിപരീതമാണ്. ഗുണം ചെയ്യല്‍ കാരണമായി വയസ്സില്‍ ബറകത്ത് ലഭിക്കുകയും സ്വദഖ ചെയ്യല്‍ കാരണമായി മോശപ്പെട്ട മരണത്തെ തടയുന്നതുമാണ്."
( مسند أحمد )


അബൂ ഹുറൈറ(റ)വില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസ്,
നബി(സ്വ) പറയുന്നു: അല്ലാഹു തആല ഇബ്രാഹീം നബിയിലേക്ക് വഹ് യ് അറിയിച്ച് കൊണ്ട് പറഞ്ഞു: ഓ, എന്റെ ഖലീലേ..

അമുസ്ലിംകളോടാണെങ്കിലും നിങ്ങളുടെ സ്വഭാവം നിങ്ങള്‍ നന്നാക്കണം. എങ്കില്‍ അല്ലാഹുവിന്റെ മുത്തഖീങ്ങളുടെ പട്ടികയില്‍ നിങ്ങള്‍ പെടും. കാരണം സത് സ്വഭാവമുള്ളവര്‍ക്ക് ഞാന്‍ അര്‍ശിന്റെ തണലിട്ട് കൊടുക്കുമെന്നും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുമെന്നും ഞാനുമായുള്ള ബന്ധം വളരെ അടുപ്പത്തിലായിരിക്കുമെന്നും കാലെകൂട്ടി തീരുമാനിച്ചതാണ്.
المعجم الكبير  / الإمام الطبراني)

അബൂ ഹുറൈറ(റ)വില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസ്, നബി(സ്വ)യോട് ഒരാള്‍ ചോദിച്ചു: ജനങ്ങളെ ഏറ്റവും കൂടുതല്‍ സ്വര്‍ഗത്തില്‍ കടത്തുന്ന കാര്യമെന്താണ്? നബി(സ്വ) പറഞ്ഞു: അല്ലാഹുവിന് തഖ് വ ചെയ്യലും സത് സ്വഭാവവും. ജനങ്ങളെ ഏറ്റവും കൂടുതല്‍ നരകത്തില്‍ കടത്തുന്ന കാര്യമെന്താണ്? എന്ന് ചോദിച്ചപ്പോള്‍ നബി(സ്വ) പറഞ്ഞു: വായയും ഗുഹിയ സ്ഥാനവുമാണ് (അവ സൂക്ഷിക്കാത്തവരാണ്)
( سنن الترمذي )


സത് സ്വഭാവം: ആഖിറത്തിലേക്കുള്ള മുതല്‍കൂട്ട്

അബുദര്‍ദാഅ്(റ) ഉദ്ധരിക്കുന്ന ഹദീസ്, നബി(സ്വ) പറഞ്ഞു:  "ഖിയാമത്ത് നാളില്‍ മുഅ്മിനിന്റെ തുലാസില്‍ സത് സ്വഭാവത്തേക്കാള്‍ ഏറ്റവും കനം തൂങ്ങുന്ന  മറ്റൊന്നില്ല."
(صحيح ابن حبان)

ജാബിര്‍(റ)ഉദ്ധരിക്കുന്ന ഹദീസ്, നബി(സ്വ) പറയുന്നു:
"എനിക്ക് ഏറ്റവും പ്രിയപ്പെട്ട ആളും ഖിയാമത്ത് നാളില്‍ എന്റെ മജ്‌ലിസില്‍ ഏറ്റവും അടുത്തിരിക്കുന്നതും നിങ്ങളില്‍ വെച്ച് ഏറ്റവും സത് സ്വഭാവമുള്ളവരാണ്."
( سنن الترمذي)



സത് സ്വഭാവം: സ്വര്‍ഗത്തിലേക്കുള്ള കടിഞ്ഞാണ്‍

അബൂ മൂസല്‍ അശ്അരി എന്നവര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസ്, നബി(സ്വ) പറയുന്നു: സത് സ്വഭാവം അല്ലാഹുവിന്റെ റഹ്മത്തില്‍ നിന്നുള്ള കടിഞ്ഞാണ് ആണ്. സത് സ്വഭാവമുള്ളവന്റെ മൂക്കില്‍ ആ കടിഞ്ഞാണുണ്ടാകും. അതിന്റെ അറ്റം മലക്കുകളുടെ കരങ്ങളിലായിരിക്കും. അവര്‍ ഖൈറിലേക്കവനെ വലിച്ചു കൊണ്ടു പോകും. ആ ഖൈറുകള്‍ അവനെ സ്വര്‍ഗത്തിലേക്കും വലിച്ചു കൊണ്ടു പോകും.

എന്നാല്‍ ദുഃസ്വഭാവം അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്നുള്ള കടിഞ്ഞാണാണ്. ദുഃസ്വഭാവമുവള്ളവന്റെ മൂക്കില്‍ ആ കടിഞ്ഞാണുണ്ടാകും. അതിന്റെ അറ്റം ശൈത്വാന്റെ കരങ്ങളിലായിരിക്കും.അവന്‍ ശര്‍റിലേക്ക് അവനെ വലിച്ചു കൊണ്ടു പോകും. ആ ശര്‍റുകള്‍  അവനെ നരകത്തിലേക്കും വലിച്ചു കൊണ്ടു പോകും.
( شعب الإيمان / الإمام البيهقي )



കടപ്പാട് : അബൂബക്കർ അഹ്സനി പറപ്പൂർ

No comments:

Post a Comment