Thursday 23 April 2020

ഉവൈസുൽ ഖർനി (റ)






ആരാണ് ഉവൈസുൽ ഖർനി (റ) 

ഉവൈസുല് ഖറനി താബിഉകളിലെ പ്രധാനികളില്‍ പെട്ട മഹാനാണ്. അദ്ദേഹത്തിന്‍റെ പൂര്‍ണ്ണ നാമം അബൂ അംറ്, ഉവൈസ് ബ്നു ആമിറ് ബ്നി ജുസ്അ് ബ്നി മാലിക അല്‍ഖറനി അല്‍മുറാദി അല്‍യമാനി. അദ്ദേഹം സ്വഹാബിയാണെന്നഭിപ്രായമുണ്ടെങ്കിലും താബിആണെന്നതാണ് പ്രബലം. (ഹില്‍യതുല്‍ഔലിയാഅ്).

നബി (സ) തങ്ങളുടെ കാലഘട്ടത്തില്‍ തന്നെ ജീവിക്കുകയും ഇസ്‍ലാം സ്വീകരിക്കുകയും ചെയ്തെങ്കിലും നബി(സ)യെ കാണാന്‍ അദ്ദേഹത്തിനു ഭാഗ്യം ലഭിച്ചില്ല. നബി(സ) തങ്ങളെ അത്യധികം സ്നേഹിച്ചിരുന്ന അദ്ദേഹത്തിനു മാതാവിനെ ശുശ്രൂഷിക്കുന്നതില്‍ വ്യാപൃതനായതിനാല്‍ മദീനയിലേക്ക് യാത്രപോകുവാന്‍ സൌകര്യം ലഭിച്ചില്ല.

യമനില്‍ ജനിച്ചു. ഇമാം ദഹബി തന്‍റെ സിയറു അഅ്‍ലാമിന്നുബലാഅ് എന്ന ഗ്രന്ഥത്തില്‍ ഉവൈസുല്‍ ഖര്‍നി(റ)വിനെ പരിചയപ്പെടുത്തി തുടങ്ങുന്നത് തന്നെ ഇങ്ങനെയാണ്:“പരിത്യാഗിയായ അനുകരിക്കപ്പെടാന്‍ യോഗ്യനായ മഹാന്‍. തന്‍റെ കാലത്തെ താബിഉകളുടെ നേതാവ്. അല്ലാഹുവിന്‍റെ സൂക്ഷ്മാലുക്കളായ ഔലിയാക്കളിലൊരാള്. അവന്‍റെ ആത്മാര്‍ത്ഥ ദാസന്മാരില്‍ പെട്ടവര്‍......”

ഇമാം നവവി(റ) ശറഹു മുസ്‍ലിമില്‍ ഉവൈസുല്‍ ഖറനിയുടെ ശ്രേഷ്ഠതകള്‍ വിവരിക്കാനായി ഒരു അധ്യായം തന്നെ നീക്കി വെച്ചിട്ടുണ്ട്. ഇമാം ഹാകിം (റ) വിന്‍‍റെ മുസ്തദ്റകിലും ഇതു പോലെ ഒരുധ്യായം പ്രത്യേകമായിട്ടുണ്ട്. ഈ ഉമ്മത്തിന്‍‍റെ റാഹിബ് (പുരോഹിതന്‍) ആണദ്ദേഹമെന്ന് ഹാകിം(റ) പറയുകയും ചെയ്തു.

നബി(സ) പറഞ്ഞു: “താബിഉകളില്‍ ഏറ്റവും ഉത്തമന്‍ ഉവൈസ് എന്ന വ്യക്തിയാണ്. അദ്ദേഹത്തിനു വെള്ളപ്പാണ്ടുണ്ടായിരുന്നു. അല്ലാഹുവിനോട് ദുആ ചെയ്തു. പൊക്കിളിന്‍റെയവിടെ ഒരു നാണയ വലുപ്പത്തില്‍ ഒഴികെ ബാക്കിയെല്ലാം സുഖപ്പെട്ടു. അദ്ദഹത്തിനു യമനില്‍ തന്‍റെ ഉമ്മയല്ലാതെ മറ്റൊന്നുമില്ല. അദ്ദേഹത്തെ കണ്ടാല്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കാന്‍ അപേക്ഷിക്കണം. അദ്ദേഹം പ്രാര്‍ത്ഥിക്കുന്നതായിരിക്കും.” (മുസ്‍ലിം)

നബി(സ) തങ്ങള്‍ ഈ മഹാനെ കുറിച്ച് സ്വഹാബാക്കള്‍ക്ക് പറഞ്ഞു കൊടുത്തിട്ടുണ്ടായിരുന്നു. തദടിസ്ഥാനത്തില്‍ ഉമര്‍(റ) തന്‍റെ അടുക്കല്‍ യമന്‍ സംഘങ്ങള്‍ വരുമ്പോഴെല്ലാം അവരോടു ചോദിക്കുമായിരുന്നു: “നിങ്ങളില്‍ ഉവൈസ് ബ്ന് ആമിര്‍ എന്നൊരാളുണ്ടോ?”അങ്ങനെ ഒരു ദിനം ഉവൈസ് (റ) വിനെ ഉമര്‍ (റ) കണ്ടെത്തി. ഉമര്‍(റ) ചോദിച്ചു: താങ്കള്‍ ഉവൈസ് ബ്ന് ആമിറാണോ

ഉവൈസുല്‍ഖറനി (റ): അതേ

ഉമര്‍ (റ): മുറാദ് എന്ന ഗോത്രത്തിലെ ഖറനെന്ന വിഭാഗക്കാരനാണോ

ഉവൈസുല്‍ഖറനി (റ): അതേ

ഉമര്‍ (റ): താങ്കള്‍ക്ക് വെള്ളപ്പാണ്ടുണ്ടാവുകയും ഒരു ദിര്‍ഹമിന്‍റെയത്രയും ഒഴിച്ച് ബാക്കിയെല്ലാം സുഖപ്പെടുകയും ചെയ്തുവോ.

ഉവൈസുല്‍ഖറനി (റ): അതേ

ഉമര്‍ (റ): താങ്കള്‍ക്കു മാതാവുണ്ടോ

ഉവൈസുല്‍ഖറനി (റ): അതേ

ഉമര്‍ (റ): റസൂല്‍ (സ) ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടു ((യമനികളുടെ സഹായങ്ങള്‍ക്കൊപ്പം നിങ്ങളുടെയടുത്ത് ഉവൈസ് ബ്ന് ആമിര്‍ വരും. മുറാദിലെ ഖറന്‍ എന്ന ഗോത്രത്തില്‍ പെട്ടവനാണദ്ദേഹം. അദ്ദേഹത്തിനു വെള്ളപ്പാണ്ടുണ്ടായിരുന്നു. ഒരു ദിര്‍ഹമന്‍റെയത്രയൊഴികെ ബാക്കിയെല്ലാം സുഖപ്പെട്ടു. അദ്ദേഹത്തിനു ഒരു മാതാവുണ്ട്. ആ മാതാവിനോട് അദ്ദേഹം വളരെ ഗുണം ചെയ്യുന്നവനാണ്. അദ്ദേഹം അല്ലാഹുവിനെ സത്യം ചെയ്തു പറഞ്ഞാല്‍ അല്ലാഹു അത് നിറവേറ്റി കൊടുക്കും. നിങ്ങള്‍ക്കാവുമെങ്കില്‍ അദ്ദേഹത്തോട് നിങ്ങള്‍ക്ക് വേണ്ടി പൊറുക്കലിനു പ്രാര്‍ത്ഥിക്കാനപേക്ഷിക്കണം.)) അതിനാല്‍ എനിക്കു വേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കണം.

ഉവൈസ് (റ) ഉമര്‍(റ) വിനു വേണ്ടി പൊറുക്കലിനെ തേടി.

ഉമര്‍ (റ): താങ്കളെങ്ങോട്ടാണു പോകുന്നത്

ഉവൈസുല്‍ഖറനി (റ): കൂഫയിലേക്ക്

ഉമര്‍ (റ): അവിടത്തെ ഗവര്‍ണര്‍ക്ക് ഞാന്‍ കത്തെഴുതട്ടേ

ഉവൈസുല്‍ഖറനി (റ): ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടാതെ ജീവിക്കലാണെനിക്കേറ്റവുമിഷ്ടം.

അടുത്ത വര്‍ഷം ഹജ്ജ് വേളയില്‍ ഉമര്‍(റ) യമനിലെ ഒരു പ്രധാന വ്യക്തിയെ കണ്ടപ്പോള്‍ ഉവൈസ് (റ) വിനെ കുറിച്ചന്വേഷിച്ചു. ഉവൈസ് (റ) ദാരിദ്ര്യം പേറി വീട്ടില്‍ തന്നെ ചടഞ്ഞിരിക്കുന്നവെന്ന് ആ വ്യക്തി പറഞ്ഞു. ഉമര്‍ (റ) നബി(സ) ഉവൈസ്(റ) കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇദ്ദേഹത്തോടു പറഞ്ഞു. ഹജ്ജ് കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ ഇദ്ദേഹം നേരെ ഉവൈസ് (റ) വിനെ കാണുകയും ദുആ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഉവൈസ്(റ) പറഞ്ഞു:‘നിങ്ങള്‍ ഒരു നല്ല യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതല്ലേ ഉള്ളൂ. അതു കൊണ്ട് നിങ്ങളാണ് എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കേണ്ടത്.’ വീണ്ടും പ്രാര്‍ത്ഥനക്കായി നിര്‍ബന്ധിച്ചപ്പോള്‍ ഉവൈസ്(റ) ഈ വ്യക്തിയോടു ചോദിച്ചു:‘നിങ്ങള്‍ ഉമര്‍(റ)വിനെ കണ്ടുവോ?’ ആ വ്യക്തി ‘അതേ’ എന്നു പറഞ്ഞു. അപ്പോള്‍ ഉവൈസ്(റ) അദ്ദേഹത്തിനു വേണ്ടി ഇസ്തിഗ്ഫാര്‍ ചെയ്തു. ഈ സംഭവം അറിഞ്ഞ് ജനങ്ങള്‍ അദ്ദേഹത്തിനു പരിഗണ നല്‍കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം അവിടെ നിന്ന് സ്ഥലം വിടുകയാണുണ്ടായത്.

ഉമര്‍ (റ) യമനില്‍ നിന്നെത്തിയ ചിലരോട് തിരിച്ചു ചൊല്ലുമ്പോള്‍ ഉവൈസുല്‍ഖറനിക്ക് ഞാന്‍ സലാം പറഞ്ഞതായി അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. (ഇമാം ദഹബി). ((എന്‍റെ ഉമ്മത്തില്‍പെട്ടയാളുടെ ശഫാഅതു മൂലം ബനൂ തമീം ഗോത്രത്തിലുള്ളവരേക്കാളും ജനങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുക തന്നെ ചെയ്യും)) എന്ന തിര്‍മദി(റ) റിപോര്‍ട്ട് ചെയ്ത ഹദീസിലെ വ്യക്തി ഉവൈസ്(റ) ആണെന്ന് ഹസനുല്‍ബസ്വരി(റ) വിശദീകരിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്‍റെ മഹിമ വിശദമാക്കുന്ന വേറെയും ഹദീസുകളുണ്ട്. ((നാളെ നിങ്ങളുടെ കൂടെ ഒരു സ്വര്‍ഗാവകാശി നിസ്കരിക്കും. അത് ഉവൈസുല്‍ഖറനിയായിരിക്കും...)) എന്നത് അവയില്‍പെട്ടതാണ്.

ഉവൈസ്(റ) വളരെ സച്ചരിതനും ഭൌതിക പരിത്യാഗിയും ആയിരുന്നു. ജനങ്ങളില്‍ കാണുന്ന തെറ്റുകള്‍ അപ്പപ്പോള്‍ തിരുത്തുകയും ഗുണദോഷിക്കുകയും ചെയ്തിരുന്നതിനാല്‍ പൊതു ജനം അദ്ദേഹത്തെ ഭ്രാന്തനെന്നു മുദ്രകുത്തുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു. അസീര്‍ ബ്നു ജാബിര്‍ (റ) ഒരനുഭവം വിവരിക്കുന്നത് കാണുക.

കൂഫയില്‍ ഞങ്ങള്‍ക്ക് ഒരാള്‍ ഹദീസ് ചൊല്ലിത്തന്നിരുന്നു. ഹദീസ് പഠനം കഴിഞ്ഞാല്‍ അദ്ദേഹം പിരിഞ്ഞു പോകാന്‍ പറയുമായിരുന്നു. അപ്പോഴും ഒരു സംഘം അവിടത്തന്നെ നില്‍ക്കും. അവരിലൊരാള്‍ വേറെയൊരാളും പറയാത്ത ചിലത് സംസാരിക്കുന്നുണ്ടാകും. എനിക്കദ്ദേഹത്തോട് ഇഷ്ടമായിരുന്നു. ഒരു ദിവസം അദ്ദേഹത്തെ കണ്ടില്ല. ഞാനെന്‍റെ കൂട്ടുകാരോട് അദ്ദേഹത്തെ കുറിച്ചന്വേഷിച്ചു.‘നമ്മുടെ ഇന്നയിന്ന സദസ്സുകളിലെല്ലാം സന്നിഹതനാവുന്ന ആ മനുഷ്യനെ അറിയുമോ?’എന്നു ചോദിച്ചു. ഒരാള്‍ പറഞ്ഞു:‘എനിക്കദ്ദേഹത്തെയറിയാം. അദ്ദേഹം ഉവൈസുല്‍ഖറനിയാണ്.’ ഞാന്‍ ചോദിച്ചു:‘അദ്ദേഹത്തിന്‍റെ വീടറിയാമോ?’ അയാളറിയാമെന്നു പറഞ്ഞു. അങ്ങനെ അയാളുടെ കൂടെ ഞങ്ങളദ്ദേഹത്തിന്‍റെ വീട്ടിലെത്തി. ഞാന്‍ ചോദിച്ചു:‘എന്തു പറ്റി ഇന്ന് ഇവിടെ തന്നെ കൂടാന്‍?’. അദ്ദേഹം പറഞ്ഞു:‘നഗ്നത മറക്കാനൊന്നും ലഭിക്കാത്തതു കൊണ്ട്.’ അദ്ദേഹത്തിന്‍റെ കൂടെയുള്ളവര്‍ അദ്ദേഹത്തെ പരിഹസിക്കുകയും പ്രയാസപ്പെടുത്തുകയും ചെയ്യുമായിരുന്നു. ഞാന്‍ പറഞ്ഞു:‘ഇതാ ഈ മേല്‍വസ്ത്രമെടുത്തണിയൂ.’ അദ്ദേഹം പറഞ്ഞു:‘അങ്ങനെ നിങ്ങള്‍ പറയരുത്.’ ഇത് കണ്ടാലവരെന്നെ ഉപദ്രവിക്കും. പക്ഷേ, ഞാനദ്ദേഹത്തെ നിര്‍ബന്ധിച്ചു ധരിപ്പിച്ചു. അദ്ദേഹം പുറത്തിറങ്ങി. അപ്പോളവര്‍ പറഞ്ഞു:‘നോക്കൂ.. ആരെയോ പറ്റിച്ച് ഒരു മേല്‍ വസ്ത്രം സ്വന്തമാക്കിയിരിക്കുന്നു.’ ഇത് കേട്ട് അദ്ദേഹം തിരികെ വന്ന് അത് അഴിച്ചു വെച്ചു. ഞാന്‍ ചെന്നു അവരോടു പറഞ്ഞു: എന്താണീ മനുഷ്യനില്‍ നിന്ന് നങ്ങള്‍ക്കു വേണ്ടത്. നിങ്ങളദ്ദേഹത്തെ ഉപദ്രവിക്കുന്നുവല്ലോ. ചിലപ്പോള്‍ ഇദ്ദേഹത്തിനു വസ്ത്രമുണ്ടാവില്ല. മറ്റു ചിലപ്പോള്‍ വസ്ത്രം ലഭിക്കും. ഞാനവരെ ശരിക്കും പറഞ്ഞു. (ഹില്‍യതുല്‍ ഔലിയാഅ്)

ഉവൈസുല്‍ ഖറനിക്ക് ഇരുന്നാല്‍ നിലത്തു തട്ടുന്ന ഒരു തട്ടമുണ്ടായിരുന്നതായി സുഫ്‍യാനുസ്സൌറി(റ) ഉദ്ധരിക്കുന്നു. ഉവൈസ്(റ) പറയുമായിരുന്നത്രേ: അല്ലാഹുവേ, എല്ലാ വിശക്കുന്നവരുടേയും ഉടയാടയില്ലാത്തവരുടേയും കാര്യത്തില്‍ ഞാന്‍ നിന്നോടു ക്ഷമ ചോദിക്കുകയാണ്. കാരണം എന്‍റെയടുത്ത് എന്‍റെ ഈ മുതുകിലും വയറ്റിലുമുള്ളതല്ലാതെ മറ്റൊന്നുമില്ല. (മുസ്തദ്റക്)

ജനങ്ങളെ മുഴുവനും വധിച്ചിട്ടെന്നപോലെ അല്ലാഹുവിനെ ഭയപ്പെട്ടു ജീവിക്കണമെന്ന് അദ്ദേഹം പറയുമായിരുന്നു. (മുസ്തദ്റക്). വൈകുന്നേരമായാല്‍ അദ്ദേഹം പറയും ഇത് റുകൂഇന്‍റെ രാത്രിയാണ്. അന്ന് നേരം പുലരുവോളം റുകൂഇല്‍ തന്നെയായിരിക്കും. മറ്റൊരു ദിവസം പറയും ഇത് സുജൂദിന്‍റെ രാത്രിയാണ്. അന്ന് നേരം പുലരുവോളം സുജൂദില്‍ തന്നെയായിരിക്കും. അദ്ദേഹം വീട്ടില്‍ മിച്ചം വന്ന ഭക്ഷണവും വസ്ത്രവും മുഴുവന്‍ ദാനം ചെയ്യും. എന്നിട്ടു പറയും. അല്ലാഹുവേ, ആരെങ്കിലും പട്ടിണികിടന്നു മരണപ്പെട്ടാല്‍ അതിന്‍റെ പേരില്‍ എന്നെ നീ ശിക്ഷിക്കരുതേ. ആരെങ്കിലും നഗ്നനായിട്ടു മരണപ്പെട്ടാലും അതിനു എന്നെ നീ ശിക്ഷിക്കരുതേ. (ഹില്‍യതുല്‍ ഔലിയാഅ്).

മുറാദ് ഗോത്രക്കാരനായ ഒരാള്‍ ഒരിക്കല്‍ ഉവൈസുല്‍ഖറനി(റ)വിനെ സന്ദര്‍ശിച്ച് വിശേഷങ്ങള്‍ തിരക്കി. അദ്ദേഹം അല്ലാഹുവിനെ സ്തുതിച്ചു. കാലം എങ്ങനെ കടന്നു പോകുന്നുവെന്നദ്ദേഹത്തിന്‍റെ ചോദ്യത്തിനു ഉവൈസ്(റ) മറുപടി നല്‍കി: ‘രാവിലെയായാല്‍ വൈകുന്നേരമാവില്ലെന്നും വൈകുന്നേരമായാല്‍ പ്രഭാതത്തിലേക്കില്ലെന്നും ഭാവിക്കുന്ന ഒരു മനുഷ്യനു കാലത്തെ കുറിച്ചെന്തു പറയാനാണ്. അപ്പോഴേക്കും ചിലര്‍ക്ക് സ്വര്‍ഗം ലഭിക്കുന്നു. മറ്റു ചിലര്‍ക്ക് നരകവും. മുറാദിന്‍റെ പുത്രാ, ഈ മരണവും അതിനെ കുറിച്ചുള്ള ആലോചനയുമുണ്ടായാല്‍ മുഅ്മിന്ന് സന്തോഷമേ ഉണ്ടാവുകയില്ല. അവന് അല്ലാഹുവിനോടുള്ള ബാധ്യതകളെ കുറിച്ചു ബോധ്യമുണ്ടെങ്കില്‍ അവന്‍റെ സമ്പത്തില്‍ പിന്നെ സ്വര്‍ണ്ണമോ വെള്ളിയോ അവശേഷിക്കുകയില്ല. അവന്‍ സത്യമനുസരിച്ച് ജീവിച്ചാല്‍ പിന്നെ കൂട്ടുകാരുണ്ടാവുകയില്ല. (ഹാകിം).

സ്വിഫ്ഫീന്‍ യുദ്ധത്തില്‍ അലി(റ)വിനു വേണ്ടി യുദ്ധം ചെയ്ത് അദ്ദേഹം രക്ത സാക്ഷിയായി എന്നാണ് പ്രബലമായ അഭിപ്രായം. അദ്ദേഹത്തിനന്നു നാല്‍പ്പതില്‍ പരം മുറിവുകളേറ്റിരുന്നു. (സിയറു അഅ്‍ലാമിന്നുബലാഅ്). അസര്‍ബൈജാനിലെ ഒരു യുദ്ധത്തിലാണദ്ദേഹം ശഹീദായതെന്നും ചിലര്‍ പറയുന്നുണ്ട്. (ഹില്‍യതുല്‍ ഔലിയാഅ്)


ചരിത്രം ആരംഭം


ഔലിയാക്കളെയും മാശാഇഖുമാരെയും കേൾക്കുന്ന കാലം മുതലേ കേട്ടു പരിചയിച്ച നാമമാണ് ഉവൈസുൽ ഖറനി ആ നാമവും ചരിത്രവും കേട്ടമാത്രയിൽ തന്നെ നാമറിയാതെ നമ്മുടെ ഹൃത്തടത്തിൽ ആ വലിയ നാമം കൊത്തിവെക്കപ്പെടുന്നു എന്തെന്നറിയില്ല എല്ലാ സ്വൂഫീ സ്നേഹികൾക്കും ഉവൈസുൽ ഖറനി (റ) വിനോട് എന്തെന്നില്ലാത്ത പ്രത്യേകമായൊരു സ്നേഹമാണ്

ഏകാതിപഥികനായി ജീവിച്ച ഉവൈസുൽ ഖറനി (റ) വിൽ നാം കാണുന്നതും കേൾക്കുന്നതും ഭൗതിക വിരക്തതയുടെ ഉയർന്ന പാഠങ്ങളാണ് മറ്റൊരു സ്വൂഫീ ചരിത്രത്തിൽ നിന്നും എളുപ്പം ചികഞ്ഞു കിട്ടാത്ത സുഹ്ദും പാഠങ്ങളും ഉവൈസി ചരിത്രത്തിൽ തെളിഞ്ഞു നിൽക്കുന്നുണ്ട് മഹാനവർകളുടെ നാടും ദേശവുമെല്ലാം യമനാണ് 

യമൻ ഇസ്ലാമിക ചരിത്രത്തിൽ ഇടംപിടിച്ച പുണ്യവാന്മാരുടെ രാജ്യമാണ് ധാരാളം ഔലിയാക്കളും മശാഇഖുമാരും ജീവിച്ച നാടുകളാണ് യമൻ നാടുകൾ യമനിലെ തരീം, ഹള്ർ മൗത്ത് തുടങ്ങിയ നാടുകൾ സ്വൂഫീ കേന്ദ്രങ്ങളെ പോലെ അഹ്ലുബൈത്തിന്റെ നാടുകളുമാണ് യമനുമായി മലബാറിന് അഭേദ്യമായ ബന്ധങ്ങളുണ്ട്

ഉവൈസുൽ ഖറനി (റ) യമനിയായതിൽ യമനിയായ ഞാൻ അഭിമാനം കൊള്ളുന്നുവെന്ന് ഖുത്വുബായ ഇമാം യാഫിഈ(റ) പാടിയിട്ടുണ്ട് ഒരു മഹാനിലൂടെ ഒരു നാടും ദേശവും രാജ്യവും പ്രശസ്തമാവുമ്പോൾ ഞാനും ആ നാട്ടുകാരനെന്ന് പറയലിൽ മഹത്തുക്കളായ ഖുത്വുബുകൾ പോലും അഭിമാനം കൊണ്ടിരുന്നു .


ഖൈറുത്താബിഊൻ

തിരുനബി (സ) പറഞ്ഞു: 'തീർച്ചയായും താബിഈങ്ങളിലെ ഉത്തമന് ഉവൈസ് എന്നു പറയപ്പെടും ' സ്വഹീഹു മുസ്ലിംമിലെ ഹദീസാണിത് ഈ ഹദീസ് ഉദ്ദരിച്ചുകൊണ്ട് ഇമാം യാഫിഈ (റ) എഴുതുന്നു: ഉവൈസുൽ ഖറനി (റ) 'ഖൈറുത്താബിഈൻ' ആണെന്ന ഹദീസിലെ വാചകം വ്യക്തമാക്കുന്നുണ്ട് നിരുപാധികം മഹാൻ തന്നെയാണ് ഏറ്റവും ശ്രേഷ്ഠർ എന്ന് തീർച്ചയായും  പ്രത്യക്ഷ ഉലമാഇനേക്കാൾ മഹത്വം ബാത്വിനിയായ ഉലമാഇനാണെന്നും ഇതിൽ സ്പഷ്ടമാണ് (റൗളുർറയ്യാഹീൻ:150)

തിരുനബി (സ) യോടൊപ്പം ഈമാനിലായി അൽപ സമയമെങ്കിലും ഒരുമിച്ചുകൂടുകയും ഈമാനിലായി തന്നെ വഫാത്താവുകയും ചെയ്തവരാണ് സ്വഹാബികൾ (അൽ ഇസ്വാബ: 1/4, ശർഹുൽ മുസ്ലിം:1/35)

ഇമാം നവവി(റ) എഴുതുന്നു: സ്വഹാബിയോട് സഹവസിച്ചവരാണ് താബിഅ് സ്വഹാബിയെ കണ്ടുമുട്ടിയവർക്കും താബീഅ് എന്നു പറയുന്നു (അത്തഖ് രീബ് വത്തയ്സീർ: 381)

ഇമാം നവവി(റ) എഴുതുന്നു: സഈദ് ബ്നിൽ മുസയ്യബ് (റ) വാണ് താബിഈങ്ങളിൽ ഏറ്റവും ശ്രേഷ്ഠരെന്ന് ഇമാം അഹ്മദ് ബ്നു ഹമ്പൽ (റ)  പറഞ്ഞിട്ടുണ്ട് അബൂ അബ്ദില്ലാഹിബ്നു ഖഫീഫ് (റ) പറഞ്ഞു: മദീനക്കാർ താബിഈങ്ങളിൽ ഏറ്റവും ശ്രേഷ്ഠരായി പറയുന്നത് സഈദ്  ബ്നിൽ മുസയ്യബ് (റ) വിനെയും കൂഫക്കാർ ഉവൈസുൽ ഖറനി (റ) വിനെയും ബസ്വറക്കാർ ഹസനുൽ ബസ്വരി (റ) വിനെയുമാകുന്നു (അത്തഖ് രീബ് വത്തയ്സീർ: 385)

ഇമാം അഹ്മദ് ബ്നു ഹമ്പൽ (റ) സഈദ് ബ്നു മുസയ്യബ് (റ) വിനെ പരാമർശിച്ചത് ശർഇയ്യായ ഇൽമുകളിലാണ് അല്ലാഹുവിന്റെ അടുക്കൽ ഉത്തമർ എന്ന അർത്ഥത്തിലല്ല (ഉവൈസുൽ ഖറനി സയ്യിദുത്താബിഈൻ:34)

മാത്രമല്ല, ഇമാം അഹ്മദ് ബ്നു ഹമ്പൽ (റ) തന്റെ മുസ്നദിൽ ഉവൈസുൽ ഖറനി (റ)  ഖൈറുത്താബിഈൻ ആണെന്ന ഹദീസ് ഉദ്ധരിച്ചതായി കാണാവുന്നതാണ്

ഇമാം ശഅ്റാനി (റ) എഴുതുന്നു: ഉവൈസുൽ ഖറനി (റ) മാതാവിന്റെ ഖിദ്മത്തിലായതിനാൽ തിരുനബി (സ) യുമായി ഒരുമിച്ചു കൂടാനായിട്ടില്ല എന്നാൽ നിരവധി തവണ മുത്ത് റസൂൽ (സ) യെ ഉവൈസ് (റ) കണ്ടിരുന്നുവെന്നും ഉഹ്ദ് യുദ്ധത്തിൽ പങ്കെടുത്തിരുന്നുവെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് (ത്വബഖാത്തുൽ കുബ്റാ:1/27)

ഉവൈസുൽ ഖറനി (റ) വിന്റെ ഓമന നാമം അബൂ അംറ് എന്നും , പിതാവിന്റെ പേര് ആമിർ എന്നുമാകുന്നു മഹാനവർകളുടെ പൂർണനാമം ചരിത്രകാരൻ ദഹബി എഴുതിയത് കാണുക: അബൂ അംറ് ഉവൈസ് ബ്നു ആമിർ ബ്നു ജുസ്അ് ബ്നു മാലികുൽ ഖറനിയ്യിൽ മുറാദിയ്യിൽ യമനി എന്നാകുന്നു (സിയറു അഅ്ലാബിന്നുബലാഅ്:4/19)

പിതാക്കന്മാരുടെ നാമങ്ങൾ അൽപാൽപം വ്യത്യാസങ്ങൾ പരമ്പരകളിൽ കാണുന്നുണ്ട് ശിഹാബുദ്ദീൻ മുഹമ്മദുൽ ഉൻദുലുസി എഴുതിയത് കാണുക: അബൂ അംറ് ഉവൈസ് ബ്നു ആമിറു ബ്നു ഹർബ് ബ്നു ഉമറു ബ്നു സഅ്ദ് ബ്നു ഉമറു ബ്നു ഉസ്വ് വാനു ബ്നു ഖറനു ബ്നു നാഹിയ്യത്ത് ബ്നു മുറാദുൽ മൗസിൽ ഖറനി (അൽ അഖ്ദുൽ ഫരീദ്:2/53)

പരമ്പരയിൽ ഏറ്റക്കുറച്ചിലുകൾ കാണുന്നുണ്ടെങ്കിലും യമനികൾ സ്വഹീഹാക്കിയ പമ്പര ഇതാണ് ഉവൈസ് ബ്നു ആമിർ ബ്നു  ജുസ്അ് ബ്നു മാലിക് ബ്നു അംറ് ബ്നു സഅ്ദ് ബ്നു അംറ് ബ്നു ഹൗറാന് ബ്നു ഉസ്വ് വാന് ബ്നു ഖറന് ബ്നു റദ്മാന് ബ്നു വാഇല് ബ്നു ഗൗസ് ബ്നു ജീദാന് ബ്നു ഖുത്വന് ബ്നു അവീബ് ബ്നു സുഹൈറ് ബ്നു അയ്മന് ബ്നു സമീഅ് ബ്നു ഹമീർ (ഉവൈസുൽ ഖറനി സയ്യിദുത്താബിഈൻ: 27)

തിരുനബി (സ)  ഉവൈസുൽ ഖറനി (റ) വിനെ സംബന്ധിച്ച് ധാരാളം വിവരിച്ചു കൊടുത്തിട്ടുണ്ട് ഹദീസുകളിൽ മഹാനവർകളുടെ മഹാത്മ്യം വിളിച്ചോതുന്ന ധാരാളം മഹത്വങ്ങൾ ഉണ്ട് മുത്ത് നബി (സ) അവിടുത്തെ പരിശുദ്ധ നാവിലൂടെ 'ഉവൈസ് ' എന്നു പറഞ്ഞതാണ് അതിൽ അലി മഹാത്മ്യം .


ഉവൈസുൽ ഖറനി (റ) ഹദീസുകളിൽ

തിരുനബി (സ) പറഞ്ഞു: 'ഉവൈസുൽ ഖറനി (റ) താബിഈങ്ങളിലെ ഉത്തമരാണ് ' (ഹിൽയത്തുൽ ഔലിയാ: 2/86, സിയർ: 4/31)

തിരുനബി (സ) പറഞ്ഞു: 'ഉവൈസ് (റ) വിന്റെ രൂപത്തിൽ അല്ലാഹു ആയിരം മലക്കുകളെ സൃഷ്ടിക്കും, അവരോടൊപ്പം ഉവൈസ് പ്രകാശങ്ങളിൽ പ്രവേശിക്കും, പിന്നെ അവരോടൊപ്പം സ്വർഗത്തിൽ പ്രവേശിക്കും, അല്ലാഹു ഉദ്ദേശിച്ചവരല്ലാത്ത ഒരാളും മഹാനെ അറിയുകയില്ല '

ഇമാം ഫരീദുദ്ദീനുൽ അത്വാർ (റ) ഈ ഹദീസ് ഉദ്ധരിച്ച് എഴുതുന്നു: നിശ്ചയം ഉവൈസുൽ ഖറനി (റ) ഐഹിക ജീവിതത്തിൽ ജനങ്ങളിൽ നിന്ന് അപ്രത്യക്ഷനായി അല്ലാഹുവിന് ഇബാദത്ത് ചെയ്തു അതിനാൽ പാരത്രിക ലോകത്ത് മറ്റുള്ളവരിൽ നിന്ന് മഹാനവർകളെ മറയ്ക്കുവാൻ അല്ലാഹു ഉദ്ദേശിച്ചു (തദ്കിറത്തുൽ ഔലിയാ:48)

തിരുനബി (സ) പറഞ്ഞു: 'ഈ ഉമ്മത്തിൽ എന്റെ ഖലീൽ ഉവൈസുൽ ഖറനി (റ) ആകുന്നു' (ത്വബഖാത്തുൽ കുബ്റ: 6/163, ഇമാം ഇബ്നു സഅ്ദ് (റ) )

തിരുനബി (സ) പറഞ്ഞു: 'എന്റെ സമുദായത്തിലുണ്ട് ചിലർ, പള്ളിയിലേക്കോ നിസ്കാര സ്ഥലത്തേക്കോ വസ്ത്രമില്ലാത്തതിനാൽ അവർക്ക് പോവാനാവില്ല, ജനങ്ങളോട് ചോദിക്കാൻ അവരുടെ ഈമാൻ അവരെ തടയും ഉവൈസുൽ ഖറനിയും ഫുറാത്ത് ബ്നു ഹയ്യാനും അവരിൽപെട്ടതാണ് '(സിയാറു അഅ്ലാമിന്നു ബലാഅ്: 5/69)



ഉവൈസുൽ ഖറനി (റ) വിന്റെ ശഫാഅത്ത് 


ഇമാം നവവി(റ) എഴുതുന്നു: നബി (സ) പറഞ്ഞു: 'നിങ്ങളിൽ നിന്ന് ആരെങ്കിലും അദ്ദേഹത്തെ (ഉവൈസുൽ ഖറനി (റ) വിനെ) കണ്ടുമുട്ടിയാൽ അദ്ദേഹം നിങ്ങൾക്കുവേണ്ടി പൊറുക്കലിനെ തേടട്ടെ നബി (സ) ഉമർ (റ) വിനോട് പറഞ്ഞു: 'അദ്ദേഹത്തെകൊണ്ട് താങ്കൾക്ക് പൊറുക്കലിനെ തേടാൻ സാധിച്ചാൽ അങ്ങനെ ചെയ്യുക ' ഇത് ഉവൈസുൽ ഖറനി (റ) വിന്റെ പ്രത്യേക ബഹുമാനികുന്നു സജ്ജനങ്ങളിൽ നിന്ന് ദുആ ആവശ്യപ്പെട്ടാൽ സുന്നത്താണെന്ന് ഈ ഹദീസിലുണ്ട് (ശർഹു മുസ്ലിം: 16/311)

പാരത്രിക ലോകത്തുവെച്ച് നിരവധിയാളുകൾക്കുവേണ്ടി ഉവൈസുൽ ഖറനി (റ) ശഫാഅത്ത് ചെയ്യുമെന്ന് നബി (സ) പറഞ്ഞിട്ടുണ്ട് ചില ഹദീസുകൾ നമുക്കു നോക്കാം 

ദഹബീ എഴുതുന്നു: ഉമർ (റ)വിൽ നിന്നു നിവേദനം നബി (സ) പറഞ്ഞു: 'ഉവൈസിന്റെ ശഫാഅത്തു കാരണമായി റബീഅഃ മുളർ ഗോത്രത്തിലെ ആളുകൾ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ് '

ഇബ്നു അബിൽ ജദ്ആഅ് (റ) വിൽ നിന്ന് നിവേദനം നബി (സ) പറഞ്ഞു: എന്റെ സമുദായത്തിലെ ഒരാളുടെ (ഉവൈസുൽ ഖറനി (റ)) ശഫാഅത്ത് കാരണമായി ബനൂ തമീമിനേക്കാൾ കൂടുതൽ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ് (സിയാറു അഅ്ലാമിന്നു ബലാഅ്: 5/71)

ഇമാം ഇബ്നു സഅ്ദ് (റ) രേഖപ്പെടുത്തുന്നു: തിരുനബി (സ) പറഞ്ഞു: ഈ ഉമ്മത്തിൽ എന്റെ കൂട്ടുകാരൻ (ഖലീൽ) ഉവൈസുൽ ഖറനിയാകുന്നു ' ത്വബഖാത്തുൽ കുബ്റാ: 6/163)

മേൽ ഹദീസുകളിൽ നിന്നെല്ലാം ഉവൈസുൽ ഖറനി (റ) വിന്റെ പ്രത്യേക സ്ഥാനവും മഹത്വവും മനസ്സിലാക്കാം മഹാനവർകൾ ധാരാളം പേർക്ക് ശഫാഅത്തു ചെയ്യുമെന്ന് തിരുനബി (സ) യാണ് ഈ ഉമ്മത്തിന് പ്രത്യേകമായി പഠിപ്പിച്ചു കൊടുക്കുന്നത് 

അതുകൊണ്ടു തന്നെ ഉവൈസുൽ ഖറനി (റ) വിന്റെ ശഫാഅത്തിൽ പെടാൻ നാം ആവുന്നതും ശ്രമിക്കണം അത്തരം ശ്രമങ്ങളാണ് ഇന്നിന്റെ മക്കളായ നമ്മളിൽ നിന്നും ഉണ്ടാവേണ്ടത് കാരണം, പാരത്രിക വിജയം ഉറപ്പു വരുത്തുവാൻ മഹത്തുക്കളുടെ ശഫാഅത്ത് കൂടിയേ തീരൂ ഈയൊരു സദുദ്യമത്തിനാണ് ഇത്തരം മഹത്തുക്കളുമായി നാം ബന്ധം പുലർത്തേണ്ടത്

ഓരോ കാലഘട്ടത്തിലും ഉവൈസുമാരുണ്ടാവും അവരെ കണ്ടെത്താൻ കഠിനാദ്ധ്വാനമാണ് നമ്മളിൽ നിന്നുണ്ടാവേണ്ടത് ഉവൈസുൽ ഖറനി (റ) വിനെ പോലെ അവരും ശഫാഅത്തു ചെയ്യും ജീവിച്ചിരിക്കുന്ന അത്തരം ഉവൈസുമാരുടെ സന്നിധികളിൽ എത്തിച്ചേരുമ്പോഴാണ് ജീവിതത്തിന്റെ യഥാർത്ഥ വഴികളിൽ എത്തിച്ചേരാനാവുകയുള്ളൂ 

ചരിത്രപരമായി ഉവൈസുൽ ഖറനി (റ) വിന്റെ ജീവിതത്തെ സ്പർശിക്കുമ്പോൾ മഹാനവർകൾക്ക് വളരെ കുറച്ചു പേരുമായി മാത്രമേ ഭൗതിക ബന്ധങ്ങൾ കാണുന്നുള്ളൂ ആ ബന്ധങ്ങളത്രയും ആത്മീയ ബന്ധങ്ങളുമായിരുന്നു അപ്പോൾ എണ്ണമറ്റ ആളുകൾക്കു വേണ്ടി മഹാനവർകൾ ശഫാഅത്തു ചെയ്യുമെന്നത് ആർക്കുവേണ്ടിയായിരിക്കും?

നാം ചിന്തിക്കേണ്ട പരമപ്രധാനമായ കാര്യമാണിത് ജീവിതയാത്രയിൽ മഹത്തുക്കളുമായി നമ്മെ ബന്ധപ്പെടുത്തുന്നത് ആത്മീയ ബന്ധങ്ങളാണ് യഥാർത്ഥത്തിൽ ബന്ധം എന്നത് പാരത്രികമായി ഉപകാരം ലഭിക്കുന്നത് മഹാന്മാരുമായി ബന്ധപ്പെടുന്നതിലൂടെയാണ് ഈ ബന്ധത്തിന് അവരുടെ ജീവിതമെന്നോ വഫാത്തെന്നോ പ്രത്യേകമായൊരു ഉപാധിയില്ല ജീവിതവും വഫാത്തും അവർക്കു സമമാണെന്ന ഖുർആൻ സൂക്തം നമുക്കു എന്നും ആശ്വാസമാണ് കാരണം, വഫാത്തായവരുമായി നാം ആത്മീയ ബന്ധം സ്ഥാപിക്കാൻ ജീവിത കാലത്തെ ബന്ധം പോലെയാണല്ലോ.


തിരുനബി (സ) യുടെ വിവരണവും ഉമർ (റ) വിന്റെ അന്വേഷണവും 


തിരുനബി (സ) യിൽ നിന്ന് ഉവൈസുൽ ഖറനി (റ) വിന്റെ മഹത്വവും വർത്തമാനവും നേരിട്ടു ശ്രവിച്ച സ്വഹാബികൾക്ക്  മഹാനെ കാണുവാൻ ആഗ്രഹമുണ്ടായിരുന്നു ഉമർ (റ) വും അലി (റ) വും അവരെ കാണുമെന്ന് നേരത്തെ മുത്ത് നബി (സ) പറഞ്ഞിരുന്നതിനാൽ ഉമർ (റ) മഹാനരെ അന്വേഷിച്ചതും ചെന്നു കണ്ടതുമെല്ലാം ഗ്രന്ഥങ്ങളിൽ വിസ്തരിച്ചു തന്നെ കാണാം ഉഹ്ദിൽ നബി (സ) യുടെ മുൻപല്ല് പൊട്ടിയതറിഞ്ഞപ്പോൾ തന്റെ പല്ലും ഉവൈസ് (റ) പൊട്ടിച്ചു ആ മഹബ്ബത്തിനു മുന്നിൽ സ്വഹാബത്തു പോലും അമ്പരന്നിരിക്കാം

ഉസൈറുബ്നു അംറിൽ നിന്നും നിവേദനം: യമനികളിൽപ്പെട്ട അംദാദുകാർ ഉമറുബ്നുൽ ഖത്വാബ് (റ) വിന്റെ അരികിലെത്തിയാൽ മഹാൻ ചോദിക്കുമായിരുന്നു നിങ്ങളിൽ ഉവൈസ് ബ്നു ആമിർ ഉണ്ടോ? മഹാൻ ഉവൈസ് (റ) വിനെ സമീപിച്ചപ്പോൾ ചോദിച്ചു:

'നിങ്ങളാണോ ഉവൈസ് ബ്നു ആമിർ?'

അപ്പോൾ പറഞ്ഞു: 'അതെ, ഞാനാണ് ഉവൈസ് ' 

ഉമർ (റ) ചോദിച്ചു: 'നിങ്ങൾ ഖറനിലെ മുറാദിൽ പെട്ടവരാണോ?'

മഹാൻ പറഞ്ഞു: 'അതെ'

വീണ്ടും ചോദിച്ചു: 'നിങ്ങൾക്ക് വെള്ളപ്പാണ്ട് ഉണ്ടായിരുന്നില്ലേ? ഒരു ദിർഹമിന്റെയത്ര സ്ഥലത്തുള്ളതൊഴികെ ബേധമായില്ലേ'

മഹാൻ പറഞ്ഞു: 'അതെ' 

വീണ്ടും ചോദിച്ചു: 'നിങ്ങൾക്കൊരു മാതാവില്ലേ?'

മഹാൻ പറഞ്ഞു: 'അതെ'

ഉമർ (റ) പറഞ്ഞു: 'തിരുനബി (സ) പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്; 'മുറാദിൽ നിന്നുള്ള യമനികളിലായി അംദാദുകാരോടൊപ്പം ഉവൈസ് ബ്നു ആമിർ നിങ്ങളുടെ അടുത്തു വരും ആദ്ദേഹത്തിന് വെള്ളപ്പാണ്ട് ഉണ്ടായിരുന്നു ഒരു ദിർഹമിന്റെയത്ര സ്ഥലമൊഴികെ ബാക്കിയെല്ലാം ശിഫയായി അവർക്കൊരു ഉമ്മയുണ്ട് ആ ഉമ്മക്ക് മഹാൻ ഗുണവാനാണ് ഉവൈസ് അല്ലാഹുവിനോട് ആണയിട്ടൊരു കാര്യം പറഞ്ഞാൽ അല്ലാഹു അതു നിറവേറ്റിക്കൊടുക്കുന്നതാണ് അദ്ദേഹത്തെകൊണ്ട് താങ്കൾക്ക് പൊറുക്കലിനെ തേടിപ്പിക്കുവാൻ കഴിയുമെങ്കിൽ അങ്ങനെ ചെയ്യണം '

അപ്രകാരം ഉമർ (റ) മഹാനോട് പൊറുക്കലിനെ തേടാൻ ആവശ്യപ്പെട്ടു ഉവൈസ് (റ) ഉമർ (റ) വിനു വേണ്ടി പൊറുക്കലിനെ തേടുകയും ചെയ്തു

പിന്നീട് ഉമർ (റ) ചോദിച്ചു: 'താങ്കൾ എങ്ങോട്ടാണ് യാത്ര ഉദ്ദേശിക്കുന്നത്?'

മഹാൻ പറഞ്ഞു: കൂഫയിലേക്കാണെന്ന് ' 

എന്നാൽ അവിടുത്തെ ഗവർണറിലേക്ക് ഞാൻ ഒരു കത്ത് എഴുതിത്തരട്ടെയെന്നു ഉമർ (റ) ചോദിച്ചപ്പോൾ മഹാൻ അതു തിരസ്കരിച്ചു പറഞ്ഞു: ജനങ്ങളിൽ നിന്നകന്നു കഴിയാനാണ് ഞാൻ അങ്ങേയറ്റം ഇഷ്ടപ്പെടുന്നത് 

അടുത്ത വർഷം ഹജ്ജിനു വന്ന യമനികളിൽപ്പെട്ട ഒരാളോട് ഉമർ (റ) ഉവൈസുൽ ഖറനി (റ) വിനെപ്പറ്റി തിരിക്കിയിരുന്നുവെന്ന് ഇമാം മുസ്ലിം (റ) ഉദ്ധരിക്കുന്ന ഹദീസിൽ കാണാവുന്നതാണ്

ഒരിക്കൽ തിരുനബി (സ) സ്വഹാബത്തിനോടു പറഞ്ഞു: 'റബീഅഃ, മുളർ (ഗോത്രക്കാരുടെ) ആടുകളിലെ എണ്ണത്തിനനുസരിച്ച് ഖിയാമത്തുനാളിൽ അല്ലാഹു ശഫാഅത്തു ചെയ്യിപ്പിക്കുന്ന ഒരാളുണ്ട് എന്റെ സമുദായത്തിൽ'

അപ്പോൾ സ്വഹാബത്ത് ചോദിച്ചു: 'അല്ലാഹുവിന്റെ റസൂലേ, അത് ആരാണ്?'

തിരുനബി (സ) പറഞ്ഞു: 'അല്ലാഹുവിന്റെ അടിമകളിൽപ്പെട്ട ഒരടിമ'

സ്വഹാബത്ത് പേര് അന്വേഷിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: 'ഉവൈസ് '

തീരെ കേട്ട് പരിചയമില്ലാത്ത നാമമായതിനാൽ സ്വഹാബത്ത് ചോദിച്ചു: 'അദ്ദേഹം എവിടെയാണ്?' ഖറനിലാണെന്ന് തിരുനബി (സ) പറഞ്ഞപ്പോൾ സ്വഹാബികൾ അത്ഭുതസ്തബ്ധരായി എന്തുകൊണ്ടായിരിക്കും ഇത്രയും സ്ഥാനമഹത്വമുള്ളവർ തിരുസന്നിധിയിൽ വന്ന് സഹവാസം നേടാത്തതെന്ന് സ്വഹാബഃ കിറാം ചോദിച്ചപ്പോൾ രണ്ടു കാരണങ്ങളാണ് തങ്ങൾ അവർക്കു വിശദീകരിച്ചു കൊടുത്തത് ഒന്ന്, അവരുടെ പ്രത്യേക അവസ്ഥ മറ്റൊന്ന് ശർഇനോടുള്ള ആദരവ് ശർഇനോടുള്ള ആദരവ് എന്നാൽ കാഴ്ച നഷ്ടപ്പെട്ട വിശ്വാസിയായ തന്റെ മാതാവിനെ പരിചരിക്കലാണ് മാതാവിന്റെ കൈകാലുകൾക്ക് സ്വാധീനം കുറവാണ് പകലിൽ ഒട്ടകത്തെ മേയ്ച്ച് കിട്ടുന്ന പ്രതിഫലം കൊണ്ടാണ് ഇരുവരും ജീവിക്കുന്നത് 

ഈ അത്ഭുത വർത്തമാനം കേട്ട സ്വഹാബികൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഞങ്ങൾ ആ മഹാനെ കാണുമോ ഇല്ലയോ? തിരുനബി (സ) പറഞ്ഞു: അബൂബക്കർ അവരെ കാണുകയില്ല ഉമറും അലിയും കാണുന്നതാണ് നിങ്ങൾ അവരെ കണ്ടുമുട്ടിയാൽ അവർക്ക് എന്റെ സലാം പറയുക എന്റെ സമുദായത്തിനു വേണ്ടി ദുആ ചെയ്യാനും പറയുക

കാലചക്രം കറങ്ങി തിരുനബി (സ) യുടെ വഫാത്തിനു ശേഷം ഉമർ (റ) വിന് ഉവൈസുൽ ഖറനി (റ) വിനെ കാണാൻ അതിയായ ആഗ്രഹം ഉവൈസ് (റ) ആ കാലത്തെ ഖുത്വുബുസ്സമാനായിരുന്നു തിരുനബി (സ) യുടെ പ്രത്യേക നിർദേശമുള്ളതിനാൽ മഹാനുമായി ഒരുമിച്ചു കൂടാൻ ഉമർ (റ) , അലി (റ) എന്നിവർക്ക് നിർബന്ധവുമായിരുന്നു

ഒരിക്കൽ ഉമർ (റ) നജ്ദുകാരെ വിളിച്ചു ചോദിച്ചു: നിങ്ങളിൽ ആരെങ്കിലും ഖറൻകാരുണ്ടോ? ഉണ്ടെന്ന് പറഞ്ഞു: കുറച്ചാളുകൾ അമീറുൽ മുഅ്മിനീന്റെ അടക്കലേക്കു വന്നു അവരോട് ഖലീഫ ഉമർ (റ) ഉവൈസുൽ ഖറനിയെ സംബന്ധിച്ച് ചോദിച്ചപ്പോൾ അങ്ങനെയൊരാളെ ഞങ്ങൾ അറിയുകയില്ലായെന്നായിരുന്നു അവരുടെ മറുപടി ആരാലും ശ്രദ്ധിക്കപ്പെടാതെ ജീവിക്കുന്ന ആ മഹാമനീഷിയെ അപ്പോൾ അവർ ഓർത്തില്ല എങ്ങനെ ഓർക്കാനാവും കാരണം, യമനികൾ മഹാനെ ഭ്രാന്തൻ എന്നല്ലേ വിളിക്കാറുള്ളത്

അപ്പോഴാണ് അവരിൽപ്പെട്ട ചിലർ പറയുന്നത്: അമീറുൽ മുഅ്മിനീൻ അങ്ങ് അന്വേഷിക്കാൻ മാത്രമില്ലാത്ത ഒരു ഉവൈസ് ഉണ്ട് അദ്ദേഹം പ്രാകൃതനായ ഒരു ഭ്രാന്തനാണ് ഭൂമിയിൽ അറിയപ്പെടാത്തവരും അപരിചിതരുമായിരിക്കും ഉവൈസുൽ ഖറനിയെന്ന് നേരത്തെ തന്നെ തിരുനബി (സ) വ്യക്തമാക്കിയതിനാൽ തിരിച്ചറിയാൻ ഉമർ (റ) വിന് പ്രയാസപ്പെടേണ്ടി വന്നില്ല

ഉടനെ ഖലീഫ ചോദിച്ചു: 'ഞാൻ അവരെ തന്നെയാണ് അന്വേഷിക്കുന്നത് അവർ ഇപ്പോൾ എവിടെയാണുണ്ടാവുക?'

അദ്ദേഹം ഇപ്പോൾ വാദി  ഉറയിൽ കാണാം വൈകുന്നേരംവരെ ഒട്ടകത്തെ മേച്ച് അവിടെ ഉണ്ടാവും റൂമിലൊന്നും പ്രവേശിക്കുകയോ ആരെങ്കിലുമായി ബന്ധപ്പെടുകയോ ചെയ്യാറില്ല ജനങ്ങളോടൊപ്പം ഭക്ഷിക്കുകയോ സന്തോഷം പങ്കിടുകയോ ചെയ്യാറില്ല മറിച്ച്, ജനങ്ങൾ ചിരിക്കുമ്പോൾ കരയുകയും ജനങ്ങൾ കരയുമ്പോൾ ചിരിക്കുകയും ചെയ്യും

ഉടനെ തന്നെ ഉമർ (റ) അവരോടു പറഞ്ഞു: നിങ്ങൾ എനിക്ക് അവരെ അറിയിച്ചു തരൂ ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് പോകട്ടെയോ? അങ്ങനെ ഉമർ (റ), അലി (റ) എന്നിവർ ഉവൈസുൽ ഖറനി (റ) വിനെയും തേടി അവർ പറഞ്ഞതുപ്രകാരം വാദിഉറയിലേക്കു പുറപ്പെട്ടു വാദിഉറ അറഫയാണെന്നാണ് പറയപ്പെടുന്നത്

ഇരുവരും അറഫയിലെത്തിയപ്പോൾ ഉവൈസ് (റ) നിസ്കാരത്തിലായിരുന്നു ആളെത്തിയത് അറിഞ്ഞിട്ടാവും മഹാൻ നിസ്കാരം ലഘൂകരിച്ച് വേഗത്തിൽ സലാം വീട്ടി 

സലാം വീട്ടിയതിനു ശേഷം ഉമർ (റ) സലാം ചൊല്ലുകയും പേര് ആരായുകയും ചെയ്തു പേര് ചോദിച്ചപ്പോൾ 'അബ്ദുല്ലാ' എന്നായിരുന്നു ഉവൈസ് (റ) പറഞ്ഞത് അബ്ദുല്ലാ എന്നാൽ അല്ലാഹുവിന്റെ അടിമയാണല്ലോ അർത്ഥം കാര്യം മനസ്സിലാക്കിയ ഉമർ (റ) പറഞ്ഞു: നമ്മളെല്ലാവരും അല്ലാഹുവിന്റെ അബ്ദുകളാണ് താങ്കൾക്കു മാത്രം പ്രത്യേകമായൊരു നാമമുണ്ടല്ലോ അത് എന്താണ്?

അപ്പോൾ മഹാന്റെ ചുണ്ടുകൾ മന്ത്രിച്ചു; 'ഉവൈസ് ' ആ മഹത്വമേറിയ നാമം ശ്രവിച്ച ഉമർ (റ) പിന്നീട് ആവശ്യപ്പെട്ടത് തിരുദൂതർ (സ) ഓർമിച്ച വലതുകൈയ്യിലെ വെള്ളപ്പാണ്ട് കലയായിരുന്നു ഉവൈസ് (റ) അതും അവർക്കു മുന്നിൽ പ്രദർശിപ്പിച്ചു ശേഷം ഖലീഫ മഹാനെ ഉണർത്തിയത് തിരുനബി (സ) യുടെ സലാമും ദുആയുമായിരുന്നു ഇതു കേട്ടപ്പോൾ ഉവൈസ് (റ) പറഞ്ഞു: ഈ ഉമ്മത്തിലെ മുസ്ലിംകൾക്കു വേണ്ടി ദുആ ചെയ്യാൻ ഏറ്റവും ബന്ധപ്പെട്ടത് അങ്ങാണ് കാരണം, ഭൂമിയിലെ  ഏറ്റവും ഉത്തമർ അങ്ങാണ്

ഞാൻ മുഅ്മിനീങ്ങൾക്കു വേണ്ടി ദുആ ചെയ്യാറുണ്ട് എങ്കിലും മുത്തുനബി (സ) യുടെ വസ്വിയ്യത്തുള്ളത്തിനാൽ താങ്കൾ ദുആ ചെയ്തേ പറ്റുവെന്ന് ഉമർ (റ) പറഞ്ഞപ്പോൾ അത് എന്നെ പറ്റിയായിരിക്കില്ല, മറ്റാരെയെങ്കിലും സംബന്ധിച്ചായിരിക്കും പറഞ്ഞതെന്ന് ഉവൈസ് (റ) പറഞ്ഞു

അപ്പോൾ ഉമർ(റ) പറഞ്ഞു: തിരുനബി (സ) ഞങ്ങൾക്ക് അറിയിച്ചുതന്ന അടയാളങ്ങൾ ഞങ്ങൾക്ക് താങ്കളിൽ ദർശിക്കാൻ കഴിഞ്ഞതിനാൽ ആ ഉവൈസ് താങ്കൾ തന്നെയാണ് താങ്കൾക്കു തരുവാൻ വേണ്ടി തിരുദൂതർ (സ) ഞങ്ങളുടെ കൈവശം അവിടുത്തെ വസ്ത്രം തന്നേൽപിച്ചിട്ടുണ്ട് ഉമർ (റ) ആ തിരുവസ്ത്രം നൽകിയപ്പോൾ  ഉവൈസ് (റ) അതു സ്വീകരിക്കുകയും ഉമ്മത്തിനുവേണ്ടി ദുആ ചെയ്യുകയും ചെയ്തു 

ഉവൈസുൽ ഖറനി (റ) വിനെ കണ്ടത് ഉമർ (റ) വിൽ പരിവർത്തനങ്ങൾ സൃഷ്ടിച്ചു മഹാനവർകളുടെ താഴ്ന്നതരം വസ്ത്രവും ലോകരെയെല്ലാം തിരസ്കരിച്ചുള്ള ജീവിതവും  കണ്ട ഉമർ (റ) ചിന്തിച്ചു എന്റെ ഈ ഖിലാഫത്ത് ഒരു റൊട്ടിക്കഷ്ണത്തിനെങ്കിലും എന്നിൽ നിന്ന് ആരെങ്കിലും സ്വീകരിച്ചിരുന്നെങ്കിൽ അപ്പോൾ ഉവൈസുൽ ഖറനി (റ) പറഞ്ഞു ഉമർ ബുദ്ധി നഷ്ടപ്പെട്ടവനേ താങ്കളിൽ നിന്നും ഈ ഖിലാഫത്ത് വാങ്ങുകയുള്ളൂ കാരണം, ഇത് വിൽക്കുന്നതും വാങ്ങുന്നതുമല്ല അപ്പോൾ അവിടെ സന്നിഹിതനായിരുന്ന ഒരാൾ പറഞ്ഞു: ഉമർ നിങ്ങൾ ഈ ഖിലാഫത്ത് സ്വീകരിച്ചത് സിദ്ദീഖ് (റ) വിൽ നിന്നാണ് നിങ്ങളെങ്ങാനും ഇത് കൈവിട്ടാൽ മുസ്ലിംകൾക്ക് ധാരാളം നഷ്ടങ്ങൾ ഉണ്ടാകും നിങ്ങളുടെ ഒരു മണിക്കൂർ നേരത്തെ നീതി മറ്റുള്ളവരുടെ വർഷങ്ങളോളമുള്ള ഇബാദത്താണ്

പിന്നീട് ഉമർ (റ) ചോദിച്ചു: 'ഉവൈസ്, താങ്കളെന്തേ തിരുനബി (സ) യുടെ സന്നിധിയിൽ വരാതിരുന്നത്?' 

ഇതിനു മറുപടിയെന്നോണം മഹാനവർകളുടെ വാക്കുകൾ ലോകചരിത്രത്തിലെ എക്കാലത്തെയും അത്ഭുതമാകുന്നു ഉവൈസ് (റ) പറഞ്ഞു: 'നിങ്ങൾ തിരുനബി (സ) യെ കണ്ടിട്ടുണ്ടോ? അത്ഭുതം നിങ്ങൾ തിരുവദനം ദർശിച്ചിട്ടില്ല നിങ്ങൾ രണ്ടുപേരും മുത്തുനബി (സ) യുടെ മുഹിബ്ബീങ്ങളിൽ പെട്ടവരാണ് തിരുനബി (സ) യുടെ പല്ലു പൊട്ടിയപ്പോൾ നിങ്ങൾ പല്ലു പൊട്ടിച്ചോ? ഹബീബിനോട് യോജിച്ചുകൊണ്ട് ഞാൻ എന്റെ പല്ലു പൊട്ടിച്ചിട്ടുണ്ട്

അത്ഭുതമാകുന്ന വാക്കുകൾ കേട്ട് ഉമർ (റ) വും അലി (റ) വും സ്തംഭിച്ചുപോയി ഉവൈസുൽ ഖറനി (റ) വിന്റെ ആത്മീയ ലോകം ഉമർ (റ) വിന്റെ ചിന്തകൾക്കും അപ്പുറത്തായിരുന്നു കാലത്തിന്റെ ഖുത്വുബും ഗൗസുമായ ഉവൈസ് (റ) വുമായി ഉമർ (റ) സന്ധിച്ചതിൽ ലോകത്തിനു തന്നെ എക്കാലത്തും മാതൃകകളുണ്ട്

തീർച്ചയായും ഓരോ കാലത്തും ജീവിച്ചിരിക്കുന്ന ഖുത്വുബിനെയും ഗൗസിനെയും ആത്മീയതയുടെ  പറുദീസകളിൽ ആറാടുന്നവർ കണ്ടെത്തിയിരിക്കണം അവരുടെ സഹവാസം കരസ്ഥമാക്കിയിരിക്കണം അപ്പോൾ മാത്രമേ ആത്മീയതയുടെ ഉത്തുംഗ ശ്രേണിയിലേക്കുള്ള അടക്കപ്പെട്ട വാതിലുകൾ തുറക്കപ്പെടുകയുള്ളൂ എന്ന ആത്മീയ രഹസ്യം ഈ കൂടിക്കാഴ്ചകളിൽ ഒളിഞ്ഞിരിപ്പുണ്ട് 

ഉവൈസുൽ ഖറനി (റ) വിനെ സന്ദർശിക്കാൻ തിരുനബി (സ) വസ്വിയ്യത്ത് ചെയ്തത് കേവലം ഒരു കാണലിനുവേണ്ടി മാത്രമല്ല തിരുനബി (സ) യുടെ സഹവാസം കരസ്ഥമാക്കിയ സ്വഹാബി പ്രമുഖരിൽ പ്രമുഖന്മാരായ ഉമർ (റ), അലി (റ) വിന്റെ ഈ കൂടിക്കാഴ്ചകളും കേവലമൊരു കൂടിക്കാഴ്ച മാത്രമല്ല ആ  കാലഘട്ടത്തിലെ ഖുത്വുബും ഗൗസുമായ ഖൈറുത്താബിഈൻ ഉവൈസുൽ ഖറനി (റ) വിനെ സന്ദർശിക്കൽ ഉമർ (റ) വിനും അത്യാവശ്യമായിരുന്നു

സയ്യിദുൽ ഖൗം ഖിള്ർ (അ) മിനെ സന്ദർശിക്കുവാനും സഹവസിക്കുവാനും മൂസാനബി (അ) വിനോട് അല്ലാഹു കൽപിച്ചത് പരിശുദ്ധ ഖുർആനിൽ വ്യക്തമാണ് ഈ സംഭവം എല്ലാ ആഴ്ചയിലും പാരായണം ചെയ്യുന്നവരാണ് മുസ്ലിംകൾ സൂറത്തുൽ കഹ്ഫിലാണല്ലോ ഈ സംഭവം പറയുന്നത് പ്രസ്തുത സൂറത്ത് എല്ലാ വെള്ളിയാഴ്ചകളിലും പാരായണം സുന്നത്തുമാകുന്നു വെള്ളിയാഴ്ചയാണെങ്കിൽ ദിവസങ്ങളിൽ അതീവ ഉത്തമ ദിവസവും, ഉത്തമ ദിവസത്തിൽ ഉത്തമരുടെ മഹത്വവും മദ്ഹും നാം പാരായണം ചെയ്യുവാൻ തിരഞ്ഞെടുത്തത് അല്ലാഹുവും റസൂലുമാകുന്നു അതിനാൽ ഇതിലൊക്കെ വലിയ പാഠങ്ങളുണ്ട്

ഒരു ലക്ഷത്തിലധികം വരുന്ന അമ്പിയാക്കളിൽ ശ്രേഷ്ഠരാണ് മൂസാനബി (അ) ഉലുൽ അസ്മ് എന്ന പ്രത്യേകക്കാരിൽ മൂസാ നബി (അ) ഉണ്ട് അമ്പിയാക്കളിലെ പ്രത്യേക സ്ഥാനക്കാരാണവർ എന്നിട്ടും അവർ ഖിള്ർ (അ) നെ സന്ദർശിച്ചതിൽ വലിയ പാഠങ്ങളുള്ളതുപോലെ സ്വഹാബികളിൽ പ്രമുഖരും പ്രശസ്തരും അബൂബക്കർ സിദ്ദീഖ് (റ) വിനു ശേഷം ഈ ഉമ്മത്തിലെ ശ്രേഷ്ഠരുമായ ഉമർ (റ) ഉവൈസുൽ ഖറനി (റ) വിനെ സന്ദർശിച്ചതിലും നാം അനുസരിക്കേണ്ട വലിയ പാഠങ്ങളുണ്ട് ശ്രേഷ്ഠതയിൽ ഉവൈസുൽ ഖറനി (റ) വിനേക്കാൾ മഹത്വം ഉമർ (റ) വിനാണ് ഇമാം ഇബ്നു ഹജർ (റ) ഫതാവൽ ഹദീസിയ്യയിൽ രേഖപ്പെടുത്തുന്നത് കാണാം 

എനിക്കു വേണ്ടി താങ്കൾ ദുആ ചെയ്യണമെന്ന് ഉമർ (റ) പറഞ്ഞപ്പോൾ 'അല്ലാഹുവേ, സർ വിശ്വാസികൾക്കും വിശ്വാസിനികൾക്കും നീ പൊറുത്തു കൊടുക്കേണമേ' എന്ന് എല്ലാ നിസ്കാരത്തിലും ഞാൻ ദുആ ചെയ്യാറുണ്ടെന്ന് മഹാനവർകൾ പറഞ്ഞു

താങ്കളുടെ പര്യവസാനം നന്മയിലാണെങ്കിൽ ഈ ദുആ നിങ്ങൾക്കുമെത്തുന്നതാണ് അല്ലെങ്കിൽ എന്റെ സമയങ്ങൾ പാഴായിപ്പോകും ശേഷം ഉമർ (റ) മഹാനവർകളോട് വസ്വിയ്യത്തിനെ ചോദിക്കുകയും ഉമർ (റ) വിന് വസ്വിയ്യത്ത് നൽകുകയും ചെയ്തു ശേഷം അവരോട് മടങ്ങുവാൻ നിർദേശിച്ചു

ഇസ്ലാമിക സാമ്രാജ്യത്തിലെ ഭരണാധികാരിയായ അമീറുൽ മുഅ്മിനീൻ ഉമറുബ്നുൽ ഖത്വാബ് (റ) വും സയ്യിദുനാ അലിയ്യുബ്നി അബീത്വാലിബ് (റ) വും ഉവൈസുൽ ഖറനി (റ) വിനെ സന്ദർശിച്ചത് ജനങ്ങൾക്കിടയിൽ ചർച്ചയായി പ്രത്യേകിച്ചും ഖറൻ നിവാസികളും ഇതറിഞ്ഞു ആളുകൾ നിസാരപ്പെടുത്തുകയും കല്ലെറിയുകയും കളിയാക്കുകയും ഭ്രാന്തനെന്ന് വിളിച്ച് പരിഹസിക്കുകയും ചെയ്ത ഉവൈസ് (റ) ഇത്രയധികം മഹത്വമുണ്ടായിരുന്നുവെന്ന് അറിഞ്ഞപ്പോൾ ആളുകളെല്ലാം അത്ഭുതസ്തബ്ധരായി

തന്നെ ജനങ്ങൾ തിരിച്ചറിഞ്ഞെന്ന് മനസ്സിലാക്കിയ ഉവൈസുൽ ഖറനി (റ) അവരെയും വെടിഞ്ഞ് ഇറാഖിലെ കൂഫയിലേക്ക് പുറപ്പെട്ടു പിന്നീട് മഹാനും  സ്വൂഫിയുമായ ശൈഖ് ഹറമ്  ബ്നു ഹയ്യാൻ (റ) മാത്രമേ ഉവൈസ് (റ) വിനെ കണ്ടുമുട്ടി തിരിച്ചറിഞ്ഞിട്ടുള്ളൂ എന്നാണ് ചരിത്രം 

ഉവൈസുൽ ഖറനി (റ) വിന്റെ ദുആക്ക് ഉത്തരം ലഭിക്കുമെന്നും മഹാന്റെ ശഫാഅത്ത് സ്വീകരിക്കപ്പെടുമെന്നും അറിഞ്ഞപ്പോൾ ഉവൈസ് (റ) വിനെയും അന്വേഷിച്ച് മഹാൻ പുറപ്പെട്ടു എങ്ങനെയെങ്കിലും ഖൈറുത്താബിഈനെ കണ്ടെത്തണമെന്ന അതിയായ ആഗ്രഹത്തോടെ ഹറമ് (റ) കൂഫയിലെത്തി അന്വേഷണം ആരംഭിച്ചു ഒടുവിൽ യൂഫ്രട്ടീസ് നദിക്കരയിൽ വെച്ച് വുളൂ എടുക്കുന്ന ഉവൈസ് (റ) വിനെ മഹാൻ കണ്ടെത്തി 

അടയാളങ്ങളിൽനിന്ന് ഇത് ഉവൈസ് (റ) ആണെന്ന് മഹാൻ തിരിച്ചറിഞ്ഞു മെല്ലെ മെല്ലെ അടുത്തേക്ക് ചെന്നു എന്നിട്ട് സലാം ചൊല്ലി ഉവൈസ് (റ) സലാം മടക്കി ഹറമിനെക്കൊള്ളെയൊന്നു  നോക്കി കൈ ചുംബിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും വിസമ്മതിക്കുകയാണുണ്ടായത്

ഉവൈസിൽ ഖറനി (റ) വിനെ കണ്ടപ്പോൾ തന്നെ ശൈഖ് ഹറമ് ബ്നു ഹയ്യാൻ (റ) വിന്റെ ഹൃദയ്മൊന്നു വിങ്ങി മഹാനവർകൾ പൊട്ടിക്കരഞ്ഞു അല്ലെങ്കിലും ഹൃദയമുള്ളവർ ആ സ്വൂഫീ ഗുരുവിനെ കാണുമ്പോൾ തന്നെ വിങ്ങിപ്പൊട്ടും ഉമർ (റ) വിന്റെ അവസ്ഥയും മാനസാന്തരവും നാം കണ്ടില്ലേ അങ്ങനെയാണ് ആത്മീയ സ്വൂഫീ ഗുരുക്കന്മാർ അവരുടെ സന്നിധിയിൽ പാറ പോലെ ഉറച്ച ഏത് കഠിന ഹൃദയനും അൽപമെങ്കിലും കണ്ണീർ പൊഴിച്ചിരിക്കും

ഉവൈസ് (റ) വിന്റെ ചുണ്ടുകൾ മന്ത്രിച്ചു: 'ഹറമ് ബ്നു ഹയ്യാനെ, ആരാണ് താങ്കൾക്കെന്നെക്കുറിച്ച് അറിവു തന്നത്?'

അത്ഭുതം കൂറിക്കൊണ്ട് ഹറം (റ)  ചോദിച്ചു: 'എന്റെയും പിതാവിന്റെയും പേരുകൾ താങ്കൾ എങ്ങനെ അറിഞ്ഞു?'

ഉവൈസ് (റ) പറഞ്ഞു: 'അല്ലാഹുവാണ് എനിക്കറിയിച്ചു തന്നത് എന്റെ ആത്മാവ് താങ്കളുടെ ആത്മാവിനെ തിരിച്ചറിഞ്ഞു കാരണം, മുഅ്മിനീങ്ങളുടെ ആത്മാക്കൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും അറിയുന്നതാണ് '

ശേഷം ഹറമ് ബ്നു ഹയ്യാൻ (റ) തിരുനബി (സ) യിൽ നിന്ന് ശ്രവിച്ച ഹദീസ് പറഞ്ഞുതരാൻ ആവശ്യപ്പെട്ടപ്പോൾ ഞാൻ ഹബീബിനോട് സഹവസിച്ചില്ലെന്നായിരുന്നു ഉവൈസ് (റ) വിന്റെ മറുപടി എങ്കിലും തിരുനബി (സ) അല്ലാത്തവരിൽനിന്നും ഞാൻ ഹദീസ് ശ്രവിച്ചിട്ടുണ്ടെങ്കിലും പറയാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു പ്രതികരിച്ചത് 

താങ്കളിൽ നിന്ന് പരിശുദ്ധ ഖുർആനിലെ സൂക്തങ്ങൾ കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് ശൈഖ് ഹറം വ്യക്തമാക്കിയപ്പോൾ ഉവൈസ് (റ) അദ്ദേഹത്തിന്റെ കരം പിടിച്ച് അഊദ് ഓതി പൊട്ടിക്കരഞ്ഞു എന്നിട്ട് ജിന്നുകളെയും മനുഷ്യരെയും എന്നെ അറിഞ്ഞു ആരാധിക്കുവാൻ വേണ്ടി മാത്രമാണ് ഞാൻ സൃഷ്ടിച്ചതെന്ന അർത്ഥം വരുന്ന അദ്ദാരിയാത്ത് സൂറത്തിലെ അൻപത്തി ആറാമത്തെ സൂക്തം ഓതിക്കേൾപ്പിച്ചു ശേഷം ദുഖാൻ സൂറത്തിലെ മുപ്പത്തിയെട്ടു മുതൽ നാൽപത്തി രണ്ടുവരെയുള്ള സൂക്തങ്ങളും ഓതിക്കേൾപ്പിച്ചു

നശ്വരമായ ഐഹിക ജീവിതത്തിൽ മതിമറന്ന് സുഖിക്കാതെ പാരത്രിക വിജയം ലക്ഷ്യംവെച്ച് എല്ലാം അല്ലാഹുവിൽ അർപ്പിച്ച മഹാന്റെ ഉപദേശവും വസ്വിയ്യത്തും അങ്ങനെ തന്നെയായിരുന്നു  ഭൗതിക വിരക്ത അഥവാ സുഹ്ദിൽ ഉവൈസിൽ ഖറനി (റ) വിനെ മുൻകടക്കാൻ അക്കാലത്ത് ഒരാളും ഉണ്ടായിരുന്നില്ലയെന്നാതാണ് വലിയൊരു പ്രത്യേകത 

പിന്നീട് ഉവൈസ് (റ) ചോദിച്ചു: 'ഹറമ് ബ്നു ഹയ്യാനെ, താങ്കൾ എന്തിനാണ് എന്റെ അടുക്കലേക്ക് വന്നത്?'

മാനസിക സംതൃപ്തിയും ഹൃദയ സന്തോഷവുമാണ് താങ്കളെ കണ്ടെത്തിയാൽ ലഭിക്കുന്നതെന്ന് ശൈഖ് ഹറം പറഞ്ഞപ്പോൾ

'അല്ലാഹുവിനെ അറിഞ്ഞവർക്ക് എങ്ങനെയാണ് മറ്റൊന്നിനെക്കൊണ്ട് മാനസിക സംതൃപ്തി ലഭിക്കുകയെന്ന് ' ഉവൈസ് (റ) തിരിച്ചു ചോദിച്ചപ്പോൾ രക്ഷപ്പെടാൻ എനിക്ക് അങ്ങ് ഉപദേശം തരണമെന്ന് പറഞ്ഞപ്പോൾ ഉവൈസുൽ ഖറനി (റ) പറഞ്ഞു: 'മരണത്തെ താങ്കൾ താങ്കളുടെ തലയുടെ ചുവട്ടിലാക്കുക, തലയുടെ അടുത്താക്കുക'


ഉമർ (റ) വിന്റെ വഫാത്ത് ഇൽഹാമിലൂടെ അറിയുന്നു 

'ഞാൻ എവിടെ താമസിക്കണമെന്ന് അങ്ങ് പറയുക' യെന്ന് ശൈഖ് ഹറമ് ബ്നു ഹയ്യാൻ (റ) ചോദിച്ചപ്പോൾ ശൈഖ് ഉവൈസുൽ ഖറനി (റ) പറഞ്ഞു: 'ശാമിൽ താമസിക്കാം ' ശാമിൽ എനിക്കു ജീവിതം കഴിയാൻ എന്താണു മാർഗമെന്ന് തിരക്കിയപ്പോൾ ഭൗതിക വിരക്തതയുടെ ഉത്തുംഗ ശ്രേണിയിൽ വിരാചിക്കുന്നവരുടെ ഗുരുവായ ഉവൈസ് (റ) വിന് അത്ര താൽപര്യം തോന്നിയില്ല  'സംശയമുള്ള ഹൃദയങ്ങൾക്ക് ഉപദേശം ഫലിക്കില്ലെ ' ന്നായിരുന്നു മഹാന്റെ പ്രതികരണം

ശൈഖ് ഹറമ് ബ്നു ഹയ്യാൻ (റ) വീണ്ടും ഉപകാരപ്രദമായ വസ്വിയ്യത്ത് ആവശ്യപ്പെട്ടപ്പോൾ ശൈഖ് ഉവൈസുൽ ഖറനി (റ) പറഞ്ഞു: 'താങ്കളുടെ പിതാവ് ഹയ്യാൻ മരിച്ചു ആദം (അ) മും ഹവ്വാ (റ) യും വഫാത്തായി, മൂസബ്നു ഇംറാൻ നബി (അ) മും  വഫാത്തായി മുത്തുനബി (സ) യും വഫാത്തായി തിരുനബി (സ) യുടെ ഖലീഫയായ അബൂബക്കർ സിദ്ദീഖ് (റ) വും വഫാത്തായി എന്റെ സഹോദരൻ ഉമർ (റ) വഫാത്തായി

ഉമറുബ്നിൽ ഖത്വാബ് (റ) വിന്റെ ജീവിതകാലത്ത് ശൈഖ് ഹറമ് ബ്നു ഹയ്യാൻ (റ) ശൈഖ്   ഉവൈസുൽ ഖറനി (റ) വിനെ കാണാനെത്തുന്നത് ആ സമയംവരെ ഉമർ (റ)  വഫാത്തായ വിവരം മഹാനറിഞ്ഞിരുന്നില്ല എന്നാൽ ഇപ്പോൾ ഇതാ അമീറുൽ മുഅ്മിനീൻ വഫാത്തായെന്ന് ശൈഖവർകൾ പറയുന്നു തന്റെ അറിവുവെച്ച് ഹറമ് ബ്നു ഹയ്യാൻ (റ) പറഞ്ഞു: അങ്ങേക്ക് അല്ലാഹു കാരുണ്യം ചൊരിയട്ടെ ഉമർ (റ) വഫാത്തായിട്ടില്ല അപ്പോൾ ശൈഖ് ഉവൈസുൽ ഖറനി (റ) പറഞ്ഞു: 'ഉമർ (റ) വഫാത്തായെന്ന് അല്ലാഹു എനിക്ക് ഇൽഹാമിലൂടെ വിവരം അറിയിച്ചു തന്നതാണ് '

അമ്പിയാക്കൾക്ക് അല്ലാഹു വിവരങ്ങൾ നൽകിയത് വഹ്‌യിലൂടെയും  മറ്റുമാണ് അമ്പിയാക്കളുടെ അനന്തരക്കാരായ മശാഇഖുമാർക്കും ഖുത്വുബുകൾക്കും അല്ലാഹു വിവരങ്ങൾ നൽകുന്നതും അറിയിച്ചു കൊടുക്കുന്നതും ഇൽഹമിലൂടെയാണ് ഇൽഹാമും, കശ്ഫും, ഇൽമുൽ ഗൈബുമൊക്കെ അമ്പിയാക്കളുടെ അനന്തരർക്കു ഉണ്ടാവണം എങ്കിലേ അവർക്കു അനന്തരം ലഭിച്ചെന്ന് പറയാൻ പറ്റുകയുള്ളൂ

'അമ്പിയാക്കന്മാരുടെ അനന്തരക്കാർ അൽ ഉലമാ ആണെന്നാണ് ' തിരുനബി (സ) വ്യക്തമായി പറഞ്ഞത് കേവലം ഉലമാഅ് എന്നല്ല പറഞ്ഞത് അലിഫ് ലാമുള്ള ഉലമാഅ് എന്നാണ് പറഞ്ഞത് അമ്പിയാക്കന്മാർക്ക് മുഅ്ജിസത്തും കറാമത്തുമുള്ളതു പോലെ അനന്തരക്കാർക്ക് വിലായത്തും കറാമത്തും ഉണ്ടാവുമ്പോഴാണ് അൽ ഉലമാഇൽ പെടുക

ശേഷം ശൈഖ് ഉവൈസുൽ ഖറനി (റ) പറഞ്ഞു: 'യാ ഹറം, ഞാനും താങ്കളും മരിക്കുന്നവരിൽ പെട്ടവരാണ് പിന്നീട് തിരുനബി (സ) യുടെ മേൽ ശൈഖവർകൾ സ്വലാത്തു ചൊല്ലി ലഘുവായൊന്ന് ദുആ ചെയ്യുകയും ചെയ്തു വീണ്ടും പറഞ്ഞു: 'എനിക്ക് താങ്കളോടുള്ള വസ്വിയ്യത്ത് താങ്കൾ സജ്ജനങ്ങളുടെ മാർഗത്തിൽ ജീവിക്കണം, ഒരു സമയവും അല്ലാഹുവിനെയും വിട്ട് അശ്രദ്ധനാവരുത്, താങ്കൾ താങ്കളുടെ ആളുകളുടെ അടുത്തെത്തിയാൽ അവർക്ക്  നന്മ ഉപദേശിക്കുകയും വഅള് പറഞ്ഞ് കൊടുക്കുകയും വേണം അല്ലാഹുവിന്റെ സൃഷ്ടികളോട് ഉപദേശം ചെയ്യാതിരിക്കരുത് ഒരു നിലയ്ക്കും മഹത്തുക്കളോട് എതിരായി നിൽക്കരുത് അത് ഈമാൻ നഷ്ടപ്പെടാൻ കാരണമാകും ' 

ശൈഖ് ഉവൈസുൽ ഖറനി (റ) പറഞ്ഞു: 'ഹറമുബ്നു ഹയ്യാനെ, ഇന്നേ ദിവസത്തിനു ശേഷം ഞാൻ താങ്കളെയോ താങ്കൾ എന്നെയോ കാണുകയില്ല താങ്കളുടെ ദുആയിൽ എന്നെ മറന്നു പോകരുത് '

അങ്ങനെ അവർ രണ്ടുപേരും അവിടെവെച്ച് പിരിഞ്ഞു രണ്ടു പേരും കരഞ്ഞു ശൈഖ് ഉവൈസുൽ ഖറനി (റ) നടന്നു പോകുന്നതും നോക്കി നിറകണ്ണുകളോടെ ഹറമുബ്നു ഹയ്യാൻ (റ) അവിടെ നിന്നു വലിയൊരു മലയിലേക്ക് ശൈകവർകൾ കയറിമറഞ്ഞു പിന്നീടൊരിക്കലും ഹറമുബ്നു ഹയ്യാൻ (റ) മഹാനെ കണ്ടിട്ടില്ല അതുകൊണ്ടുതന്നെ പിന്നീടങ്ങോട്ടുള്ള അവസ്ഥകളെക്കുറിച്ചൊന്നും അറിയാൻ സാധിച്ചതുമില്ല

ഇമാം യാഫിഈ (റ) വും അലി (റ) വും ശൈഖ് ഉവൈസുൽ ഖറനി (റ) വിനെ സന്ദർശിച്ചതും സംസാരിച്ചതും രേഖപ്പെടുത്തിയതിൽ തന്റെ അവസ്ഥകളും തന്നെയും തിരിച്ചറിഞ്ഞ ഈ രണ്ടുപേരോടും നിങ്ങൾ ആരാണെന്ന് മഹാൻ ചോദിക്കുന്നുണ്ട് ജനങ്ങളുമായി തീരെ തന്നെ ഒരു നിലയ്ക്കും ശൈഖവർകൾക്കു ബന്ധമില്ലായിരുന്നുവെന്നതിന് ഇതൊക്കെ പ്രധാന തെളിവുകളാണ് തിരുനബി (സ) സ്വഹാബത്തിന് ശൈഖവർകളെ പറഞ്ഞു കൊടുത്തിട്ടില്ലായിരുന്നുവെങ്കിൽ ഉവൈസുൽ ഖറനി (റ) വിനെ ജനങ്ങളാരും അറിയുമായിരുന്നില്ല അങ്ങനെ ആരാരുമറിയാത്ത എത്രയെത്ര ഉവൈസുമാർ ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ടാവും .


ഉറക്കവും ഭക്ഷണവുമില്ലാത്ത ദിനരാത്രങ്ങൾ 

ശൈഖ് റബീഅ് പറയുന്നു: ഞാൻ ശൈഖ് ഉവൈസുൽ ഖറനി (റ) വിനെയും അന്വേഷിച്ച് യാത്രയായി ഒടുവിൽ ഞാൻ മഹാനവർകളെ കണ്ടു അവിടുന്ന് സുബ്ഹി നിസ്കരിക്കുകയായിരുന്നു സുബ്ഹി നിസ്കാരത്തിൽ നിന്ന് മഹാനവർകൾ സലാം വീട്ടിക്കഴിഞ്ഞാൽ ഞാൻ സംസാരിക്കാമെന്നു നിനച്ചതാ, എന്നാൽ മഹാൻ ഉടനെ ഔറാദുകളിലേക്ക് കടക്കുകയായിരുന്നു ഔറാദുകൾ കഴിഞ്ഞാൽ സംസാരിക്കാമല്ലോയെന്നു കരുതി തീരുംവരെ കാത്തിരുന്നു എന്നാൽ ഔറാദുകൾ കഴിഞ്ഞതിനു ശേഷം മഹാൻ ളുഹാ നിസ്കാരത്തിലേക്കു കടന്നു പിന്നീട് ളുഹർ നിസ്കാരമാകുന്നതു വരെ അവിടെ നിന്നും അനങ്ങിയിരുന്നില്ല 

പിന്നീട് ളുഹർ നിസ്കരിച്ചു അതിനുശേഷം എനിക്കൊന്നു സംസാരിക്കാനോ മറ്റോ ആയില്ല മഹാൻ വീണ്ടും അസ്വർ നിസ്കാരമാകുന്നതുവരെ ഇബാദത്തിൽ തന്നെ അസ്വർ നിസ്കരിച്ചതിനു ശേഷം മഗ്രിബാകുന്നതുവരെ ഇബാദത്തിൽ തന്നെ മഗ്രിബിനു ശേഷം ഇശാ വരെയും ഇശാക്ക് ശേഷം സുബ്ഹി വരെയും ഇബാദത്തിൽ തന്നെയായിരുന്നു ഞാൻ കാത്തിരിപ്പു തുടർന്നു അങ്ങനെ തുടർച്ചയായ മൂന്നു പകലുകളും രാത്രികളും ശൈഖവർകൾ ഇങ്ങനെ തന്നെയായിരുന്നു യാതൊരു മാറ്റവുമില്ലാതെ ആരാരുമായും ബന്ധങ്ങളില്ലാതെ ഇതാ ഇവിടെ ഒരത്ഭുത മഹാൻ 

ഈ മൂന്ന് ദിവസവും ആഹാരം കഴിക്കലോ തീരെ ഉറക്കമോ ശൈഖ് ഉവൈസുൽ ഖറനി (റ) വിന് ഉണ്ടായിരുന്നില്ല നാലാമത്തെ രാത്രിയായപ്പോൾ മഹാൻ അൽപമൊന്നു മയങ്ങി പെട്ടെന്ന് ഞെട്ടിയുണർന്ന് റബ്ബിനോടു പറഞ്ഞു: 'അല്ലാഹുവേ, ധാരാളം ഉറങ്ങുന്ന കണ്ണിൽനിന്നും, കൂടുതൽ ഭക്ഷിക്കുന്ന വയറിൽനിന്നും നിന്നോട് ഞാൻ കാവലിനെ തേടുന്നു '

ഈ മഹത്തായ വാക്കുകൾ  എനിക്കു ധാരളമായിരുന്നു ഇനി അധികം അവരെ വിഷമിപ്പിക്കരുതെന്നു തോന്നി ഞാൻ അവിടെ നിന്നു പുറപ്പെട്ടു.



റുകൂഇന്റെയും സുജൂദിന്റെയും രാത്രികൾ 

ശൈഖ് ഉവൈസുൽ ഖറനി (റ) തന്റെ ജീവിതത്തിലൊരിക്കലും ഉറങ്ങിയിട്ടില്ലായെന്നാണ് ചരിത്രം പറയുന്നത് ഓരോ രാത്രിയിലും ശൈഖ് പറയുമായിരുന്നു: 'ഈ രാത്രി നിറുത്തത്തിന്റെ രാത്രിയാണ് ' അന്ന് സുബ്ഹ് വരെ നിസ്കാരത്തിലെ നിറുത്തമായ ഖിയാമിലായിരിക്കും മറ്റേ രാത്രിയിൽ പറയും; 'ഇത് റുകൂഇന്റെ രാത്രിയാണെ'ന്ന് അന്ന് പ്രഭാതം വരെ റുകൂഇൽ തന്നെ പിന്നത്തെ രാത്രിയിൽ പറയും; 'ഇത് സുജൂദിന്റെ രാത്രിയാകുന്നു ' അന്ന് നേരം വെളിക്കുംവരെ സുജൂദിൽ തന്നെ  ഇങ്ങനെ എല്ലാ ഓരോ രാത്രിയിലും ഇബാദത്തിന്റെ ഏതെങ്കിലും ഒരിനവുമായി മഹാനവർകൾ കഴിഞ്ഞുകൂടുമായിരുന്നു 

എങ്ങനെയാണ് സുബ്ഹ് വരെ താങ്കൾക്ക് സുജൂദിലായിത്തന്നെ കഴിയാനാവുന്നതെന്ന് ഉവൈസുൽ ഖറനി (റ) വിനോട് ചോദിക്കപ്പെട്ടപ്പോൾ മഹാൻ പറഞ്ഞു: 'ഞാൻ സുജൂദിൽ 'സുബ്ഹാ റബ്ബിയൽ അഅ്ലാ' എന്ന് ഒരു പ്രാവശ്യം പറയുമ്പോഴേക്കും സുബ്ഹിയാകും'

നിസ്കാരത്തിലെ ഭക്തി എങ്ങനെയാണെന്ന് ഒരാൾ ഉവൈസുൽ ഖറനി (റ) വിനോട് ചോദിച്ചപ്പോൾ ശൈഖവർകൾ പറഞ്ഞു: 

'മൂർച്ചയേറിയ,കുന്തം കൊണ്ട് ശരീരത്തിൽ കുത്തിയാൽ പോലും അവൻ അറിയുകയില്ല '

ശൈഖ് ഉവൈസുൽ ഖറനി (റ) വിന്റെ വഴികളും സംസാരങ്ങളും സാധാരണ ലോകവുമായി തീരെ ബന്ധമില്ലാത്തതാണ് എല്ലാം അസാധാരണം തന്നെ കേവലം അസാധാരണമെന്ന് പറഞ്ഞാലും പോരാ കാരണം, സാധാരണയും അസാധാരണയും മനുഷ്യലോകവുമായി ബന്ധപ്പെട്ടതാണ് എന്നാൽ ശൈഖ് ഉവൈസുൽ ഖറനി (റ) വിന്റെ എല്ലാമെല്ലാം അതിനും അപ്പുറത്താണ് അതുകൊണ്ടാണ് സാധാരണക്കാർക്കും അസാധാരണക്കാർക്കും മഹാൻ പ്രിയങ്കരനായിത്തീർന്നത്

മലക്കുകളിൽ നിന്നും ജിന്നുകളിൽ നിന്നും വ്യത്യസ്തങ്ങളായ ലോകങ്ങളാണ് ഔലിയാക്കളുടേത് ഔലിയാക്കളിലെ അത്യുന്നതരാണ് ഖുത്വുബുകളും ഗൗസുകളും മശാഇഖന്മാരും അമ്പിയാക്കന്മാരുടെ അനന്തരവകാശികൾ യഥാർത്ഥത്തിൽ ഇവർ തന്നെയാണ് ഇവരിലൂടെ മാത്രമാണ് ലോകത്തിന്റെ നിലനിൽപു തന്നെ

മലക്കുകളുടെയും ജിന്നുകളുടെയുമൊക്കെ ലോകങ്ങൾ അറിയുന്നവരും അവിടങ്ങളിൽ ചെന്നെത്താൻ പറ്റുന്നവരും ഔലിയാക്കളിലുണ്ട് സാധാരണക്കാരനോ അസാധാരണക്കാരനോ ആയ ഒരു മനുഷ്യന് ഇതൊരിക്കലും സാധ്യമല്ല പിന്നെ ഇവർ ആരാണ്? എന്നു ചോദിച്ചാൽ അല്ലാഹുവിനു മാത്രം അറിയുന്ന പ്രത്യേക സൃഷ്ടികൾ എന്നു പറയാം 

അതുകൊണ്ടുതന്നെ ഔലിയാക്കളുടെ ചരിത്രങ്ങൾ കേൾക്കുമ്പോഴും വായിക്കുമ്പോഴും അനുഭവിക്കുമ്പോഴും മനസ്സിലാക്കുക, അവർ അല്ലാഹുവിന്റെ പ്രത്യേകക്കാരായ സൃഷ്ടികളാണ് നമ്മുടെ ബുദ്ധി കൊണ്ടോ നിയമങ്ങൾ കൊണ്ടോ വിലയിരുത്തേണ്ടവരല്ല അവർ മറിച്ച്, അവരെ നാം സ്നേഹിക്കുക, അനുസരിക്കുക ഇതാണ് നമ്മളിൽ നിന്നും ഉണ്ടാവേണ്ടത് ശൈഖ് ഉവൈസുൽ ഖറനി (റ) വിനെ നമക്കു സ്നേഹിക്കാം, അനുസരിക്കാം ആ ചരിത്രത്തിൽ നിന്ന് നമുക്ക് പാഠങ്ങൾ ഉൾക്കൊള്ളാം.


മജ്നൂൻ

അറബിയിൽ 'മജ്നൂൻ' എന്നതിന് 'ഭ്രാന്തൻ' എന്നാണർത്ഥമെങ്കിലും അമ്പിയാക്കളും ഔലിയാക്കളും സ്വജനതയിൽ നിന്നും എതിരാളികളിൽ നിന്നും അസഭ്യവാക്കുകളിലായി മജ്നൂൻ എന്ന് ധാരാളം കേട്ടിട്ടുണ്ട് എണ്ണി തിട്ടപ്പെടുത്താൻ സാധിക്കുന്നതിലുമപ്പുറം മഹാരഥന്മാരായ ഔലിയാക്കൾക്ക് ഇങ്ങനെ കേൾക്കേണ്ടി വന്നിട്ടുണ്ട് ഖൈറുത്താബിഈൻ ശൈഖ്  ഉവൈസുൽ ഖറനി (റ) വും സ്വജനതയിൽ നിന്ന് മജ്നൂൻ എന്ന് പല തവണ കേൾക്കേണ്ടി വന്നിട്ടുണ്ട്

ശൈഖ് ഉവൈസുൽ ഖറനി (റ) വിന്റെ മഹത്വങ്ങൾ തിരിച്ചറിയാത്ത കാലത്ത് സ്വന്തം നാട്ടുകാരും കുടുംബക്കാരും മഹാനവർകളെ നിസാരപ്പെടുത്തുകയും പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുമായിരുന്നു മജ്നൂൻ എന്നായിരുന്നു അവർ ശൈഖവർകളെ വിളിച്ചിരുന്നത് ചെറിയ കുട്ടികൾ കല്ലുകളെടുത്ത് എറിയുമായിരുന്നു

കുട്ടികൾ എറിയുമ്പോഴും താഴ്മയുടെ പ്രതീകവും സുഹ്ദിന്റ തൂണുമായ മഹാൻ പറയുമായിരുന്നു: 'കുട്ടികളെ എന്റെ കാൽ വളരെ നിർമലമാണ് അതുകൊണ്ട് നിങ്ങൾ എറിയുമ്പോൾ ചെറിയ കല്ലുകൾ കൊണ്ട് എറിയുക ചെറിയ കല്ലുകളെ കൊണ്ടാവുമ്പോൾ കാൽ പൊട്ടിപ്പോകിലല്ലോ  മാത്രമല്ല, ചെറിയ കല്ലുകളെ കൊണ്ടാകുമ്പോൾ രക്തം വരാതിരുന്നാൽ എനിക്ക് നിസ്കരിക്കാൻ പ്രയാസമാവില്ല വലിയ കല്ലുകളെ കൊണ്ട് എറിയുമ്പോൾ കാല് പൊട്ടുകയും രക്തം വരികയും ചെയ്താൽ നിസ്കരിക്കാനൊക്കെ പ്രയാസമായിത്തീരും അതിനാൽ നിങ്ങൾ ചെറിയ കല്ലുകളെകൊണ്ട് എറഞ്ഞോളൂ '

അപ്പോഴും എറിയരുതെന്ന് ഈ ലോകഗുരു പറഞ്ഞിരുന്നില്ല അതാണ് ഉവൈസുൽ ഖറനി (റ) വാക്കുകൾ കൊണ്ടോ എഴുത്തുകളെ കൊണ്ടോ  വരച്ചുകാട്ടാനാവുന്ന ജീവിതമല്ല ശൈഖവർകളുടേത്  ഏതു കഠിന ഹൃദയനെയും കണ്ണുനീർ കഴത്തിലാക്കുന്ന കാരുണ്യം വറ്റാത്ത കരുണയാണ് മഹാനവർകൾ 

നിരവധി മഹാരഥന്മാരെ സമൂഹവും കുടുംബവും ജനങ്ങളും 'ഭ്രാന്തൻ' എന്നു വിളിച്ചതായി ചരിത്രഗ്രന്ഥങ്ങളിൽ കാണാം ശൈഖ് ഉവൈസുൽ ഖറനി (റ), ശൈഖ് സഅ്ദൂൻ (റ), ശൈഖ് ബുഹ്ലൂൽ (റ) എന്നീ മഹത്തുക്കൾ അവരിൽ ചിലരാണ്

ശൈഖ് ഉവൈസുൽ ഖറനി (റ) വിന്റെ അയൽവാസി പറയുന്നുണ്ട്, ഞങ്ങൾ ഉവൈസിനെ സംബന്ധിച്ച് കരുതിയിരുന്നത് അദ്ദേഹം ഒരു ഭ്രാന്തനാണെന്നായിരുന്നു അങ്ങനെ കാലങ്ങൾ ഒരുപാട്  കഴിഞ്ഞതിനുശേഷമാണ് അവർ വലിയൊരു മഹാനാണെന്ന് ഞങ്ങൾ അറിയുന്നത് ഐഹിക ലോകത്ത് മഹാന് ഒന്നും ഉണ്ടായിരുന്നില്ല അവിടുന്ന് നോമ്പ് നോൽക്കും എന്നാൽ നോമ്പ് തുറക്കുവാൻ ഒന്നും ഉണ്ടാവുകയില്ല എന്നാൽ ആരെങ്കിലും എന്തെങ്കിലും കൊടുക്കുമോ? അതും ഇല്ല വല്ല കാരക്കയും കിട്ടിയാൽ നോമ്പു തുറക്കും

പരാതികളോ പരാധീനകളോ പരിഭവങ്ങളോ ഇല്ലാതെ ജീവീച്ച ലോക സ്വൂഫീ ഗുരുവായിരുന്നു ശൈഖ് ഉവൈസുൽ ഖറനി (റ) സുഹ്ദ് അഥവാ ഭൗതിക വിരക്തതയുടെ ഉത്തുംഗ ശ്രേണിയിലായിരുന്നു മഹാൻ വിരാചിച്ചിരുന്നത് അതുകൊണ്ടുതന്നെ ഉവൈസി സരണി സുഹ്ദിലായിരുന്നു സുഹ്ദിന് നിർവചനങ്ങൾ ഏറെയാണ് സുഹ്ദിന്റെ സഞ്ചാരമേഖലകൾ വ്യത്യസ്തവുമാണ് ഒരു ശൈഖിന്റെ സുഹ്ദിന്റെ രീതി മനസ്സിലാക്കി മശാഇഖുമാരെ അളക്കുവാനോ തീരുമാനം പറയാനോ മുതിരരുത് കാരണം സുഹ്ദിന്റെ രീതികൾ മശാഇഖുമാർക്കിടയിൽ തന്നെ വ്യത്യസ്തങ്ങളായ രീതിയിലും സ്വഭാവത്തിലുമാണ്
 

നായകളോടൊപ്പം ഭക്ഷണം കഴിച്ചത്

ശൈഖ് ഉവൈസുൽ ഖറനി (റ) വിന്റെ മഹത്വം ലോകമറിയുന്നത് ഉമർ (റ) വും, അലി (റ) വും അവരെ സന്ദർശിച്ചതിനു ശേഷമായിരുന്നു ആ സന്ദർശനമെങ്ങാനും ഇല്ലായിരുന്നുവെങ്കിൽ ആ മഹാ മനീഷിയെ കുറച്ച് ലോകം തന്നെ അറിയില്ലായിരുന്നു അതുകൊണ്ട് ഖലീഫമാരായ സ്വഹാബികൾ മഹാനവർകളെ സന്ദർശിക്കുന്നതിന് മുമ്പ് സമൂഹത്തിൽ യാതൊരു സ്ഥാനവും വിലയുമില്ലാത്ത ചരിത്രങ്ങളാണ് പറയാനുള്ളത് ഒരു നേരത്തെ ഭക്ഷണമോ അല്ലെങ്കിൽ ധരിക്കാൻ വസ്ത്രങ്ങളോ മഹാനവർകൾക്ക് ആരും നൽകാറില്ലായിരുന്നു പലപ്പോഴും ആളുകൾ ഭക്ഷണം കഴിക്കാൻ കയറാറുള്ള ഭോജനശാലയുടെ പിറകിൽ ആളുകൾ ഭക്ഷിച്ചതിന്റെ ബാക്കി കൊണ്ടിടാറുള്ള സ്ഥലത്ത് നായകളും മറ്റു ജന്തുക്കളും കാക്കയും പൂച്ചയും മറ്റുമൊക്കെയാണ് ഉണ്ടാവാറുള്ളത് 

എന്നാൽ ആ കൂട്ടത്തിൽ ഉവൈസുൽ ഖറനി (റ) വും ഉണ്ടായിരുന്നതായി ഇമാം യാഫിഈ (റ) എഴുതിയിട്ടുണ്ട് ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ കൊണ്ടിടുമ്പോൾ ഒരോരുത്തരും യുദ്ധകാല അന്തരീക്ഷത്തിലാണ് തങ്ങൾക്കുള്ളത് സ്വന്തമാക്കുക കുരയും കരച്ചിലും അലർച്ചയുമൊക്കെ അവിടെ സ്ഥിരം കാഴ്ചകളാണ് ആ കൂട്ടത്തിൽ തനിക്കുള്ളത് കാത്ത് ആ സ്വൂഫിവര്യനുമുണ്ടാകും ഒരിക്കൽ തന്റെ ഭാഗത്തേക്ക് നായ കുരച്ചു ചാടിയപ്പോൾ ഉവൈസ് (റ) നായയോടു പറഞ്ഞു: 'നിന്റെ അടുത്തുള്ളത് നീ ഭക്ഷിച്ചോ, എന്റെ അടുത്തുള്ളത് ഞാനും ഭക്ഷിക്കും സിറാത്വ് കടന്നാൽ നിന്നേക്കാൾ ഉത്തമൻ ഞാനാകുന്നു എനിക്ക് സിറാത്വ് കടക്കാൻ കഴിഞ്ഞില്ലെങ്കിൽ നീയാണ് എന്നേക്കാൾ ഉത്തമൻ'

നായയുമായി മനുഷ്യന് അഭേദ്യമായ ബന്ധങ്ങളുണ്ട് അതിനേക്കാൾ കൂടുതൽ ഇണക്കവുമുണ്ട് ഇണങ്ങിയാലും അക്രമിക്കുന്ന സ്വഭാവമാണ് മിക്ക ജന്തുക്കൾക്കുമുള്ളത് ആനയുടെ കാര്യം തന്നെ  നോക്കൂ, അതിനെ എല്ലാ നിലയ്ക്കും പരിചരിച്ച് പോറ്റിക്കൊണ്ടു നടക്കുന്ന പാപ്പാനെ അരിശം മൂത്താൽ ആന കുത്തിക്കൊലപ്പെടുത്തിയ കഥകൾക്ക് മലയാള നാട്ടിൽ പഞ്ഞമില്ല എന്നാൽ നായയുടെ കാര്യത്തിൽ അങ്ങനെയൊന്നു പറയാനാവില്ല സ്നേഹിച്ചാൽ എന്തും കൊടുക്കുന്ന ഒരു ജീവിയാണ് നായ മഹത്തുക്കളുടെ ചരിത്രങ്ങളിലും നായക്ക് കൂടുതൽ ഇടമുണ്ട്

പരിശുദ്ധ ഖുർആനിന്റെ മധ്യത്തിലാണ് സൂറത്തുൽ കഹ്ഫ് എല്ലാ വെള്ളിയാഴ്ചയും പാരായണം ചെയ്യൽ പ്രത്യേകം സുന്നത്തായ അൽകഹ്ഫ് സൂറത്തിൽ ഏഴ് ഔലിയാക്കളെ സ്നേഹിച്ച ഖിത്വ് മീർ എന്നൊരു നായയെ പ്രതിപാദിച്ചിട്ടുണ്ട് ഖിത്വ് മീർ ഈ ഔലിയാക്കളോടൊപ്പം യാത്ര ചെയ്തും അവരോട് സംസാരിച്ചതുമെല്ലാം ഇമാമുകൾ അവരുടെ ഗ്രന്ഥങ്ങളിൽ എഴുതിവെച്ചിട്ടുണ്ട്

സുൽത്വാനുൽ ആരിഫീൻ ശൈഖ് അഹ്മദുൽ കബീർ രിഫാഈ (റ) രോഗിയായ ഒരു നായയെ ദിവസങ്ങളോളം പരിചരിച്ചതായി അവിടുത്തെ ചരിത്രത്തിൽ കാണാം ആ നായയെ മഹാൻ കുളിപ്പിക്കുകയും വേണ്ട പരിചരണങ്ങൾ നൽകുകയും ചെയ്ത് രോഗത്തിൽ നിന്നും വിമുക്തനാക്കിയതായിട്ടു കാണാം ഇങ്ങനെ നായയെ പരിചരിച്ച ഔലിയാക്കൾ തസ്വവ്വുഫിൽ കാണാവുന്നതാണ് സാഹിദീങ്ങളിലുള്ള പല സ്വഭാവഗുണങ്ങളും നായയിൽ പ്രകടമാണ് .



മരണം എങ്ങനെ സന്തോഷം തരും

അമ്മാറ് ബ്നു യൂസുഫുള്ളബ് യ്യ് (റ) നിന്ന് നിവേദനം: ' താങ്കൾ എങ്ങനെയാണ് പ്രഭാതവും പ്രദോഷവുമാക്കുന്നതെന്ന് ഒരാൾ ഉവൈസുൽ ഖറനി (റ) വിനോട് ചോദിച്ചപ്പോൾ മഹാനവർകൾ പറഞ്ഞു: 'ഞാൻ അല്ലാഹുവിനെ പ്രിയം വെച്ച് പ്രഭാതമാക്കുന്നു അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് പ്രദോഷമാക്കുന്നു, പ്രഭാതമായാൽ പ്രദോഷമാകുന്നതിനെ കുറിച്ചും പ്രദോഷമായാൽ പ്രഭാതമാകുന്നതിനെ കുറിച്ചും ചിന്തിക്കാത്ത ഒരാളെക്കുറിച്ച് താങ്കൾ ചോദിക്കരുത്, മരണ ചിന്ത ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം സന്തോഷത്തിലായിക്കഴിയാൻ അനുവദിക്കില്ല നന്മകൊണ്ട് കൽപിക്കുകയും തിന്മകൊണ്ട് വിരോധിക്കുകയും ചെയ്യുന്ന ഒരു മുഅ്മിനിന് സുഹൃത്തുക്കളെ ഉണ്ടാക്കാനാവില്ല നന്മ കൽപിക്കുമ്പോൾ അവർ നമ്മെ ചീത്ത പറയും അങ്ങനെ ഒരു പറ്റം ഫാസിഖീങ്ങൾ നമ്മെ ആക്ഷേപിച്ചുകൊണ്ടേയിരിക്കും '

ഇമാം ശഅ്റാനി (റ) എഴുതുന്നു: ഒരാൾ വന്ന് ഉവൈസുൽ ഖറനി (റ) വിനോട് വസ്വിയ്യത്തായി ആവശ്യപ്പെട്ടപ്പോൾ മഹാൻ പറഞ്ഞു: 'അല്ലാഹുവിന്റെ കിതാബും തിരുനബി (സ) യുടെ സുന്നത്തും സ്വാലിഹീങ്ങളെയും നീ മുറുകെ പിടിക്കുക മരണ ചിന്ത നീ പതിവാക്കുക ഒരൽപ സമയമെങ്കിലും ആ ചിന്ത നിന്നിലില്ലാതിരിക്കരുത് എല്ലാവർക്കും നീ സദുപദേശം നൽകുക സജ്ജനങ്ങളുടെ മാർഗം നീ പിന്തുടരുക അതിനെതിരാവലിനെ നീ സൂക്ഷിച്ചുകൊള്ളുക അങ്ങനെ നീ എതിരായാൽ നീ അറിയാതെ നരകത്തിൽ പ്രവേശിക്കും '

മനുഷ്യ ജീവിത വിജയമെന്നു പറഞ്ഞാൽ പാരത്രിക വിജയമാണ് അതിന് ഐഹിക ലോകത്തെ വിശ്വാസങ്ങളും കർമങ്ങളുമാണ് പരിഗണിക്കുക ഐഹിക ജീവിത വിജയത്തിനുള്ള മാർഗമാണ് ശൈഖ് ഉവൈസുൽ ഖറനി (റ) ഊന്നിപ്പറയുന്നത് മരണ ചിന്ത അധികരിപ്പിക്കാൻ ഉമ്മത്തിനോട് തിരുനബി (സ) നിർദേശിച്ചതാണ് അതിനാൽ മരണചിന്ത അധികരിപ്പിക്കൽ സുന്നത്താണ് ആ ചിന്ത മർത്യനെ അപകടത്തിൽ നിന്നും രക്ഷപ്പെടുത്തും

സത്യമാർഗം കേവലം ഖുർആനും സുന്നത്തുമല്ല, മറിച്ച് കിതാബും സുന്നത്തും സജ്ജനങ്ങളുടെ മാർഗവുമാണെന്നാണ് ഉവൈസുൽ ഖറനി (റ) വിന്റെ വസ്വിയ്യത്ത് ശൈഖ് ഉവൈസുൽ ഖറനി (റ), ശൈഖ് ഹസനുൽ ബസ്വരി (റ) , ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) പോലോത്ത സദ് വൃത്തരായ സൂഫികളുടെ മാർഗമാണ് യഥാർത്ഥ ദീൻ ആ മാർഗമാണ് ശൈഖവർകൾ പറഞ്ഞ സച്ചരിതരുടെ സലണി ആ മാർഗത്തിനെതിരായാൽ നരക പ്രവേശനം ഉറപ്പാണെന്നുവരെ മഹാൻ നമ്മെ ഉദ്ബോധിപ്പിക്കുന്നുണ്ട്

ഗൗസുൽ അഅ്ളം ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ), ശൈഖ് അഹ്മദുൽ കബീർ രിഫാഈ (റ) , ശൈഖ് അഹ്മദുൽ ബദവി (റ) , ശൈഖ് ഇബ്റാഹീം  ദസൂഖി (റ), ശൈഖ് അബുൽ ഹസൻ ശാദുലി (റ), ശൈഖ് ബഹാഉദ്ദീൻ നഖ്ശബന്ധി (റ), ശൈഖ് ശിഹാബുദ്ദീൻ ഉമർ സുഹ്റവർദി (റ) , ശൈഖ് ഖാജാ മുഈനുദ്ദീൻ ചിശ്തി (റ), ശൈഖ് ഹമീദുദ്ദീൻ അബ്ദുൽ ഖാദിർ മീറാൻ നാഗൂരി (റ), ശൈഖ് അലവി മമ്പുറം (റ) പോലോത്തെ സ്വൂഫീ മഹാന്മാരെല്ലാം ശൈഖ് ഉവൈസുൽ ഖറനി (റ) വിന്റെ വഴിത്താരയിൽ സഞ്ചരിച്ചവരാണ്.


പ്രശസ്തിയെ വെറുക്കുന്നു ഞാൻ 

ഇമാം ശഅ്റാനി (റ) എഴുതുന്നു: ഒരു മുഹിബ്ബായ വ്യക്തി വന്നു പറഞ്ഞു: ഉവൈസുൽ ഖറനി (റ) വിനോട് കൂടെ ഇരിക്കാൻ ആഗ്രഹം പറഞ്ഞപ്പോൾ മഹാനവർകൾ പറഞ്ഞു: 'സഹോദരാ, ഇന്നേ ദിവസം മുതൽ താങ്കളെ ഞാൻ കാണുകയില്ല പ്രശസ്തിയെ ഞാൻ വെറുക്കുന്നു അപ്രശസ്തിയാണ് എനിക്ക് ഏറ്റവും ഇഷ്ടം ഈ ഐഹിക ലോകത്ത് ജനങ്ങളോടൊപ്പം കഴിയൽ എനിക്ക് ധാരാളം ദുഃഖമുള്ളതാകുന്നു എന്നെപ്പറ്റി നീ ചോദിക്കുകയോ അന്വേഷിക്കുകയോ ചെയ്യരുത് '

യഥാർത്ഥത്തിൽ മഹാന്മാരെ തേടിയിറങ്ങുന്നവരും അന്വേഷകരും മുഹിബ്ബീങ്ങളാണ് ശൈഖ് ഉവൈസുൽ ഖറനി (റ) വിനെ ഒന്നു കാണാൻ ഹറമ് ബ്നു ഹയ്യാൻ (റ) ഒരുപാട് ത്യാഗം ചെയ്തിട്ടുണ്ട് കൂടെ ആളുകളുണ്ടാവുന്നത് തീരെ ഇഷ്ടപ്പെടാത്ത ശൈഖവർകളെ പിന്നീട് പിരിയേണ്ടിവന്നത് ഹറമ് ബ്നു ഹയ്യാൻ (റ) വിനെ വല്ലാതെ വിഷമിപ്പിച്ചിരുന്നു പിന്നീട് അന്വേഷിച്ചെങ്കിലും ഉവൈസുൽ ഖറനി (റ) വിനെ കുറച്ച് യാതൊരു വിവരവും ആരിൽനിന്നും ലഭിച്ചിരുന്നില്ല എന്നാൽ എല്ലാ ആഴ്ചയിലും ഒന്നോ രണ്ടോ തവണ ഹറമ് ബ്നു ഹയ്യാൻ ഉവൈസുൽ ഖറനി (റ) വിനെ സ്വപ്നത്തിൽ ദർശിക്കുമായിരുന്നു

സ്വഹാബത്തിനെയും താബിഈങ്ങളെയും സ്വപ്നത്തിൽ ദർശിക്കുന്നത് കാണുന്നവന്റെ ദീനീ ചൈതന്യത്തെയാണ് അറിയിക്കുന്നതെന്ന് ഇമാം ഇബ്നു സീരീൻ (റ) എഴുതിയിട്ടുണ്ട് മുഹിബ്ബീങ്ങൾക്കുള്ള സന്തോഷമാണ് മഹ്ബൂബിനെ സ്വപ്നത്തിലെങ്കിലും ദർശിക്കൽ.



കപ്പൽ യാത്രയിൽ ഉവൈസുൽ ഖറനി (റ)

ധാരാളം കച്ചവടക്കാർ അവരുടെ കച്ചവടച്ചരക്കുകളുമായി കപ്പലിൽ യാത്ര ചെയ്യുകയാണ് ശക്തമായ കാറ്റിൽ കടൽ പ്രക്ഷുബ്ധമാവാൻ തുടങ്ങി കപ്പൽ ആടിയുലയാൻ തുടങ്ങിയപ്പോൾ യാത്രക്കാർ ഭയന്നു,വിറയ്ക്കാൻ തുടങ്ങി കരയാണെങ്കിൽ എവിടെയെങ്കിലും കയറാം കടലാണെങ്കിൽ അതിനും സാധ്യമല്ലല്ലോ എല്ലാവരും ഭയന്നു വിറക്കുമ്പോൾ കപ്പലിന്റെ ഒരു ഭാഗത്ത് ഒരാൾ മാത്രം ഇതൊന്നും അറിതാത്തതുപോലെ 

ശക്തമായ കാറ്റു കാരണം തിരമാലകൾ തകർന്നാടാൻ തുടങ്ങി ഒടുവിൽ കപ്പലിനകത്തേക്കും ജലപ്രവാഹം തുടങ്ങി എല്ലാവരും നശിക്കുമെന്നവർ ഉറപ്പിച്ചു മരണം മൂന്നിൽ കണ്ട നിമിഷങ്ങൾ അപ്പോൾ അതാ ആ,ഒരാൾ കപ്പലിൽ നിന്നും കടലിലേക്ക് ഇറങ്ങി നിൽക്കുന്നു എന്നിട്ട് വെള്ളത്തിന്റെ വെച്ച് നിസ്കരിക്കുന്നു  കണ്ടവർ അത്ഭുതപ്പെട്ട് ഉറക്കെ വിളിച്ചു പറഞ്ഞു അല്ലാഹുവിന്റെ വലിയ്യേ, ഞങ്ങളെ രക്ഷിക്കണേ എന്നാൽ മഹാൻ അതൊന്നും ശ്രദ്ധിച്ചില്ല അവർ വീണ്ടും വിളിച്ചു പറഞ്ഞു: 'നിങ്ങൾക്ക് ഇബാദത്തിന് ശക്തി പകർന്നുനൽകിയവനെ മുൻനിർത്തി ഞങ്ങൾ ചോദിക്കുന്നു ഞങ്ങളെ രക്ഷിക്കണേ, ഞങ്ങളെ സഹായിക്കണേ'

അപ്പോൾ ആ മഹാൻ ചോദിച്ചു: 'എന്താ വിഷയം?' അവർ പറഞ്ഞു: 'ശക്തമായ കാറ്റും തിരമാലകളും അങ്ങു കാണുന്നില്ലേ' ഇതുകേട്ട മഹാൻ പറഞ്ഞു: 'നിങ്ങളെല്ലാവരും അല്ലാഹുവിലേക്ക് അടുക്കുവീൻ' ഞങ്ങളെങ്ങനെയാ അല്ലാഹുവിലേക്ക് അടുക്കേണ്ടതെന്ന് അവർ ചോദിച്ചപ്പോൾ മഹാൻ പറഞ്ഞു: 'ദുൻയാവിനെ തിരസ്കരിച്ച് ബിസ്മില്ലായെന്നു ചൊല്ലി കപ്പലിൽ നിന്നും ഇങ്ങോട്ടു ഇറിങ്ങിപ്പോരൂ'

അങ്ങനെ ഓരോരുത്തരും മനസകങ്ങളിൽ നിന്നും ദുൻയാവിനെ മാറ്റിനിർത്തി കടലിലേക്ക് ഇറങ്ങിത്തുടങ്ങി ഖൽബിൽ നിന്നും ദുൻയാവിനെ മാറ്റിനിർത്തിയപ്പോൾ ശരീരം വെള്ളത്തിനു മുകളിൽ ആഴ്ന്നുപോവാതെ പാറയിൽ ചവിട്ടിയതുപോലെ നിൽക്കാൻ കഴിഞ്ഞു ഓരോരുത്തരായി എല്ലാവരും ഇറങ്ങി വെള്ളത്തിനു മുകളിലൂടെ നടന്ന് മഹാന്റെ അരികിലായി ചുറ്റും കൂടി ആ കപ്പലിൽ നൂറിലധികം പേരുണ്ടായിരുന്നു

കപ്പലിൽ വെള്ളം കയറിയപ്പോൾ കടലിനടയിലേക്ക് താഴ്ന്നുപോയി ആ നൂറുപേരുടെയും ജീവൻ തിരിച്ചു കിട്ടിയെങ്കിലും ജീവിക്കാനുള്ളത് ആ കപ്പലിലായിരുന്നു അതെല്ലാം നാമവശേഷമായി ആ മഹാൻ അവരോടെല്ലാവരോടുമായി പറഞ്ഞു: 'ദുൻയാവിന്റെ നാശത്തിൽ നിന്നും നിങ്ങൾ രക്ഷപ്പെട്ടിരിക്കുന്നു ഇനി നിങ്ങൾ പോയ്ക്കോളൂ' വെള്ളത്തിനു മുകളിൽ സ്വയം നിൽക്കാനും നടക്കാനും കഴിയുന്ന അവർക്ക് കരയണയാൻ പ്രയാസമില്ലല്ലോ

മരണത്തിൽ നിന്നും തങ്ങളെ രക്ഷപ്പെടുത്തിയ ഈ മഹാൻ ആരാണെന്നറിയാൻ അവർക്കൊക്കെ താൽപര്യമായി അവർ ചോദിച്ചു: അല്ലാഹുവിനെ മുൻനിർത്തി ഞങ്ങൾ ചോദിക്കുന്നു അങ്ങ് ആരാകുന്നു? ആ മഹാന്റെ ചുണ്ടുകൾ മന്ത്രിച്ചു: 'ഞാനാണ് ഉവൈസുൽ ഖറനി '

ആ നാമം കേട്ടപ്പോൾ അവർ പറഞ്ഞു: മിസ്വ് റുകാരൻ ഒരാൾ മദീനയിലെ പാവപ്പെട്ടവർക്ക് എത്തിച്ചു കൊടുക്കാൻ അയച്ച ധാരാളം സമ്പത്തുകൾ ആ കപ്പലിൽ ഉണ്ടായിരുന്നു മദീനായെന്നു കേട്ടപ്പോൾ ഉവൈസ് (റ) തരിച്ചുപോയി പുണ്യ നബി (സ) യുടെ നാട്ടുകാരാണവർ അപ്പോൾ മഹാൻ ചോദിച്ചു: 'ആ മുതലുകളെല്ലാം അല്ലാഹു നിങ്ങൾക്കു മടക്കിത്തന്നാൽ നിങ്ങൾ മദീനയിലെ പാവപ്പെട്ടവർക്ക് അതു വിതരണം ചെയ്യുമോ?

അതെയെന്നവർ പറഞ്ഞപ്പോൾ വെള്ളത്തിനു മുകളിൽ വെച്ച് രണ്ടു റക്അത്ത് നിസ്കരിച്ച ശേഷം ഉവൈസുൽ ഖറനി (റ) ചെറുതായിയൊന്നു ദുആ ചെയ്തു ഉടനെ തന്നെ മുങ്ങിയ കപ്പൽ അതാ പൊങ്ങിവരുന്നു അതിലുള്ളതൊന്നും നശിച്ചിട്ടില്ല അവരെല്ലാം ആ കപ്പലിൽ കയറി മദീനയിലേക്ക് യാത്രയായി ശേഷം മദീനയിൽ ആ സമ്പത്തെല്ലാം അവർ ചിലവഴിച്ചു എല്ലാവരുടെ സമ്പത്തും അവർ മദീനയിലെ സാധുക്കൾക്ക് നൽകി പിന്നെ മദീനയിൽ ഒരു ഫഖീറും ഉണ്ടായിട്ടില്ലത്രെ.


സയ്യിദുനാ അലി (റ) വിനോടൊപ്പം

സ്വഹാബികൾക്കിടയിലും താബിഈങ്ങൾക്കിടയിലും എന്നല്ല ലോകർക്കിടയിൽ എക്കാലത്തും അത്ഭുതമാണ് ശൈഖ് ഉവൈസുൽ ഖറനി (റ) ഖൈറുത്താബിഈൻ, സയ്യിദുത്താബിഈൻ, റഈസുത്താബിഈൻ, റഅ്സുത്താബിഈൻ എന്നീ സ്ഥാനനാമങ്ങളിലെല്ലാം മഹാൻ അറിയപ്പെടുന്നുണ്ട്

ശൈഖ് അബ്ദുല്ലാഹിബ്നു സലമത്ത് (റ) വിൽ നിന്നും നിവേദനം മഹാൻ പറയുന്നു: ഉമറുബ്നുൽ ഖത്വാബ് (റ) വിന്റെ കാലഘട്ടത്തിൽ ആദർബീജാനിൽ വെച്ച് ഞങ്ങൾ യുദ്ധം ചെയ്തിരുന്നു ഞങ്ങളോടൊപ്പം ഉവൈസുൽ ഖറനി (റ) വും ഉണ്ടായിരുന്നു മടക്കത്തിൽ മഹാനവർകൾ രോഗബാധിതനായി ഞങ്ങൾ മഹാനെ ചുമലിലേറ്റി നടന്നു എന്നാൽ കൂടുതൽ കഴിയാതെ അവർ വഫാത്തായി ഞങ്ങൾ യാത്രയിൽ അവിടെ ഇറങ്ങി അപ്പോൾ അതാ അവിടെ ഖബ്ർ കുഴിച്ചുവെക്കപ്പെട്ടിരിക്കുന്നു കുളിപ്പിക്കുവാനുള്ള വെള്ളവും കഫൻതുണിയും പഞ്ഞിയും എല്ലാം തയ്യാറാക്കപ്പെട്ടിരിക്കുന്നു

ഞങ്ങൾ മഹാനെ കുളിപ്പിച്ച് കഫൻ ചെയ്തു നിസ്കരിച്ചു അവിടെ മറമാടി തിരിച്ചു പോന്നു അപ്പോൾ ഞങ്ങളിൽ ചിലർ അഭിപ്രായപ്പെട്ടു: നമുക്ക് തിരിച്ചു ചെന്നു നോക്കിയാൽ ഖബ്ർ മനസ്സിലാക്കാമായിരുന്നു അങ്ങനെ ഞങ്ങൾ മഹാനവർകളെ മറമാടിയ സ്ഥലത്തേക്കു തന്നെ തിരിച്ചു നടന്നെങ്കിലും ആ  സ്ഥലത്തെവിടെയും ഒരു ഖബ്റോ മറമാടിയതിന്റെ അടയാളമോ കണ്ടെത്താൻ ഞങ്ങൾക്കു സാധിച്ചില്ല ഖബ്ർ അറിയാതെ ഞങ്ങൾക്കു മടങ്ങേണ്ടി വന്നു 

ശൈഖ് അബ്ദുർറഹ്മാൻ അബീ ലൈലാ (റ) പറയുന്നു: ഇമാം മൗലാ അലി (റ) വിന്റെ നേതൃത്വത്തിലായി നടന്ന സ്വിഫ്ഫീൻ യുദ്ധത്തിൽ അലിയാരെ പക്ഷത്തു ചേർന്ന് ഉവൈസുൽ ഖറനി (റ) യുദ്ധം ചെയ്തിരുന്നു ആ യുദ്ധത്തിലാണ് മഹാനവർകൾ ശഹീദായത്

സയ്യിദുനാ ഉമർ (റ) വിന്റെ കാലത്താണോ അതല്ല ഇമാം അലി (റ) വിന്റെ കാലത്താണോ ഉവൈസുൽ (റ) വഫാത്തായത് എന്നതിലേ അഭിപ്രായ വ്യത്യാസമുള്ളൂ മഹാനവർകളുടെ ഖബ്ർ കുഴിക്കപ്പെട്ട് വെച്ചതിലും മടങ്ങിച്ചെന്നപ്പോൾ ഖബ്ർ കാണാത്തതിലും അഭിപ്രായ വ്യത്യാസം ശ്രദ്ധയിൽ പെട്ടിട്ടില്ല മഹാനവർകളുടെ കഫൻതുണിയിൽ ഇതു  സ്വർഗത്തിൽ നിന്നുള്ളതാണെന്ന് എഴുതപ്പെട്ടിരുന്നു.



സ്വൂഫിസം ഉവൈസുൽ ഖറനി (റ) വിലൂടെ 

തസ്വവ്വുഫ് അഥവാ സ്വൂഫിസമാണ് ഇസ്ലാമിന്റെ യഥാർത്ഥ സരണി ഈ സമുദായം എഴുപതിലധികം വിഭാഗങ്ങളായി വഴിപിരിയുമെന്നും അതിൽ ഒന്നു മാത്രമേ ശരിയായ ദിശയിലുള്ളൂവെന്നും അത് ഞാനും എന്റെ സ്വഹാബത്തും നിലകൊണ്ട ജീവിത വിശ്വാസ കർമമാർഗമാണെന്നും തിരുനബി (സ) ഈ ഉമ്മത്തിനെ ഉണർത്തിയിട്ടുണ്ട് 

തിരുനബി (സ) യും സ്വഹാബത്തും ഉൾക്കൊണ്ടത് സ്വൂഫിസമായിരുന്നു അതുകൊണ്ടാണ് ഇമാം ശഅ്റാനി (റ) എഴുതിയത്; ശരീഅത്തിന്റെ കാതൽ സ്വൂഫിസമാണെന്ന് സ്വൂഫിസമില്ലാതെ ശരീഅത്തും ദീനുമില്ല കാരണം, സ്വൂഫിസത്തിന്റെ അടിസ്ഥാനം തന്നെ തിരുനബി (സ) യും സ്വഹാബത്തുമാകുന്നു

തിരുനബി (സ) തനിക്കു ശേഷം ശൈഖ് ഉവൈസുൽ ഖറനി (റ) വിനെ ചെന്നു കാണണമെന്ന് സ്വഹാബത്തിനോട് നിർദ്ദേശിക്കുകയായിരുന്നു അബൂബക്കർ സിദ്ദീഖ് (റ) അവരെ കാണുകയില്ലായെന്നും ഉമർ (റ), അലി (റ) എന്നിവർ അവരെ കാണുമെന്നും മറ്റും വ്യക്തമായി തന്നെ നിർദ്ദേശിക്കുകയായിരുന്നു

മഹത്തുക്കളെ ചെന്നു കാണലും ശിഷ്യത്വം സ്വീകരിക്കലും ഉപദേശം തേടലും സ്വഹാബികളുടെ ചര്യയായതുപോലെ സ്വൂഫികളുടെ ചര്യയും അപ്രകാരമാണ് ഉമർ (റ) വിന്റെ കാലത്തു ജീവിച്ച ആ കാലത്തെ ഖുത്വുബുസ്സമാനായിരുന്നു ഉവൈസുൽ ഖറനി (റ) കാലഘട്ടത്തിലെ ഖുത്വുബിനെയും ശൈഖിനെയും സന്ദർശിക്കൽ സ്വഹാബത്തിന്റെ കാലഘട്ടം മുതലെയുണ്ടായിരുന്നുവെന്നതിന് ഈ ചരിത്രം തന്നെ പ്രധാന രേഖയാണ് ഉവൈസിയ്യാ ത്വരീഖത്തിന്റെ ശൈഖായിരുന്നു  ഉവൈസുൽ ഖറനി (റ) വെന്ന് ശിഹാബുദ്ദീൻ അഹ്മദ് കോയ ശാലിയാത്തി (റ) തന്റെ ഫതാവൽ അസ്ഹരിയ്യയിൽ രേഖപ്പെടുത്തിയതായി കാണാം അപ്പോൾ സയ്യിദുനാ ഉമർ (റ) വും  സയ്യിദുനാ അലി (റ) വും സന്ദർശിച്ചത് ത്വരീഖത്തിന്റെ ശൈഖായ ഒരു മുറബ്ബിയെയായിരുന്നു

ഈ മാർഗം പിന്തുടർന്ന് ജീവിച്ചവരായിരുന്നു പിന്നീട് വന്ന ഇമാമുമാരും മശാഇഖുമാരുമൊക്കെ സ്വഹാബത്തിൽ ഉയർന്ന സ്ഥാനമുള്ള ഇമാം അലിയ്യുബ്നി അബീത്വാലിബ് (റ) സ്വൂഫിസത്തിന്റെ ഗുരുവാണ് ഖാദിരിയ്യാ, രിഫാഇയ്യ ത്വരീഖത്തടക്കം ധാരാളം സ്വൂഫീ സിൽസിലകൾ ചെന്നെത്തുന്നത് അലിയാരിലേക്കാണ് അബൂബക്കർ സിദ്ദീഖ് (റ) വിലേക്കാണ് ശൈഖ് ഖാജാ ബഹാഉദ്ദീൻ നഖ്ശബന്ദി (റ) വിന്റെ സിൽസില ചെന്നെത്തുന്നത് ഇങ്ങനെ സ്വഹാബത്തിലേക്ക് നേരിട്ട് ചെന്നെത്തുന്ന പരമ്പരകൾ സ്വൂഫികൾക്കു മാത്രമേയുള്ളൂ

കാരണം, സ്വൂഫിസം സഹവാസത്തിലൂടെ മാത്രമാണ് 'സ്വുഹ്ബത്ത് ' എന്നാണ് ഇതിനു പറയുക സ്വഹാബികൾക്ക് ആ നാമം ലഭിച്ചത് തിരുനബി (സ) യുടെ കൂടെയുള്ള സ്വുഹ്ബത്ത് കാരണമാണ് സ്വഹാബികൾ തിരുനബി (സ) യോട് സഹവസിച്ചപോലെ സ്വൂഫികളുമായി സഹവസിക്കുന്നവരാണ് അവരുടെ ശിഷ്യന്മാർ ഈ സഹവാസത്തിലൂടെ തന്നെ ജീവിച്ചവരായിരുന്നു മദ്ഹബിന്റെ ഇമാമുമാർ വരെ

ഇമാം യാഫാഈ (റ) എഴുതുന്നു: സ്വൂഫീ മശാഇഖുമാരിലെ പ്രധാനിയായ ശൈഖ് ഹാത്തമുൽ അസ്വമ്മ് (റ) വുമായി ഇമാം അഹ്മദ് ബ്നു ഹമ്പൽ (റ) ഒരിമിച്ചുകൂടാറുണ്ടായിരുന്നു ഇമാം ശൈഖവർകളുടെ സംസാരം ശ്രദ്ധാപൂർവം ശ്രവിക്കുകയായിരുന്നു

ഇമാം സംശയം ചോദിക്കുമ്പോൾ ശൈഖ് അതിനു മറുപടി നൽകുകയും ചെയ്യുമായിരുന്നു ആ ഉത്തരം ഇമാമിനെ സംബന്ധിച്ചിടത്തോളം വളരെ വലിയ സ്വീകാര്യമായിരുന്നു അന്നും ഇന്നുമൊക്കെ സച്ചരിതരായ പണ്ഡിത മഹത്തുക്കൾ സ്വൂഫികളിൽ വിശ്വസിക്കുകയും അവരെ സന്ദർശിക്കുകയും അവരുടെ മജ്ലിസുകളിൽ ചെന്നിരുന്ന് ബറകത്തെടുക്കുകയും ചെയ്യുമായിരുന്നു (റൗളുർറയ്യാഹീൻ: 23)

ഇമാം യാഫിഈ (റ) വീണ്ടും എഴുതുന്നു: ഇമാം സുഫ് യാനുസ്സൗരി (റ) ബീവി റാബിഅത്തുൽ അദവിയ്യാ (റ) വിന്റെ സന്നിധിയിൽ പോവാറുണ്ടായിരുന്നു ഇമാം ശാഫിഈ (റ) ശൈഖ് ശൈബാനുർറാഈ (റ) വിന്റെ കൂടെ ഇരിക്കാറുണ്ടായിരുന്നു (റൗളുർറയ്യാഹീൻ:23)

മദ്ഹബിന്റെ ഇമാമുകളായ ഇമാം സുഫ് യാനുസ്സൗരി (റ), ഇമാം ശാഫിഈ (റ), ഇമാം അഹ്മദ് ബ്നു ഹമ്പൽ (റ) തുടങ്ങിയവർ അവരുടെ കാലത്തുള്ള സ്വൂഫീവര്യന്മാരെ സന്ദർശിക്കുകയും ബറകത്തെടുക്കുകയും ചെയ്യുമായിരുന്നു തിരുനബി (സ) യുടെ നിർദേശാനുസരണം സ്വഹാബത്തിന്റെ കാലം മുതൽക്കെ തുടർന്നുപോന്ന ഈ ചര്യ എക്കാലത്തുമുള്ള മഹതി മഹാന്മാരിൽ കാണാവുന്നതാണ്

'ഞാനും എന്റെ സ്വഹാബത്തും നിലകൊണ്ട മാർഗമാണ് യഥാർത്ഥ പന്ഥാവ് അഥവാ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ സരണി' യെന്നു പറയുമ്പോൾ ആ മാർഗം കേവലം വിശ്വാസത്തിൽ മാത്രം ഒതുങ്ങുന്നതല്ല മറിച്ച് വിശ്വാസവും, കർമവും, ആത്മസംസ്കരണവുമെല്ലാം ഈ  വൃത്തത്തിൽ പെടുന്നതാണ്

ഗൗസുൽ അഅ്ളം ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ) എഴുതുന്നു: ഒരു മുഅ്മിനായ മനുഷ്യന് സുന്നത്ത് ജമാഅത്തിനെ പിൻപറ്റിക്കൊണ്ട് ജീവിക്കലാണ് നിർബന്ധം സുന്നത്ത് എന്നാൽ തിരുനബി (സ) യുടെ ചര്യയും ജമാഅത്ത് എന്നാൽ ഖുലഫാഉർറാശിദീങ്ങളായ സ്വഹാബത്തിന്റെ ചര്യയുമാണ് (അൽ ഗുൻയത്ത്:1/80)

അതുകൊണ്ടുതന്നെ സുന്നി എന്നാൽ വിശ്വാസപരമായും കർമപരമായും ആത്മീയമായും തിരുനബി (സ) യെയും സ്വഹാബത്തിനെയും പിൻപറ്റിയവരായിരിക്കണം കേവലം വിശ്വാസ സരണിയിലും കർമ മേഖലയിലും മാത്രം ഒതുങ്ങുന്നതല്ല സുന്നിസം മറിച്ച് ആത്മീയ സരണിയും അടങ്ങിയതാണ് സുന്നിസം അതുകൊണ്ടുതന്നെ സച്ചരിതരായ മഹത്തുക്കളെല്ലാം ഇവ മൂന്നും മുറുകെ പിടിച്ച് മുന്നേറുന്നവരായിരുന്നു

തിരുനബി (സ) യുമായുള്ള സ്വുഹ്ബത്തുകൊണ്ടു മാത്രമാണ് സ്വഹാബികളിൽ ആത്മീയത ഉണ്ടായത് സ്വഹാബികളുടെ ആദ്യകാല ജീവിത ചരിത്രങ്ങൾ വ്യത്യസ്തങ്ങളായിരുന്നു ഭൗതികതയിൽ മാത്രം ശ്രദ്ധ തിരിച്ച് അന്നത്തെ ജാഹിലിയ്യാ സംസ്കാരത്തെ പൂർണമായും ഉൾകൊണ്ട് ജീവിച്ചവരും അവരിലുണ്ട് മതപാഠശാലകളിൽ പോയി അറിവു നുകർന്നവരോ പ്രഭാഷണ സദസ്സുകളിൽ പങ്കെടുത്തവരോ അല്ലായിരുന്നു അവർ തിരുനബി (സ) യുടെ തസ്കിയത്തും തർബിയത്തുമാണ് അവരെ ലോകത്തെ ഏറ്റവും ഉത്തമ മാതൃകാ സമൂഹമാക്കി മാറ്റിയെടുത്തത്

ഈയൊരു തസ്കിയത്തും തർബിയത്തും നമുക്കു ലഭിക്കുന്നത് സ്വൂഫിയാക്കൾ മശാഇഖുമാരുമായുള്ള സഹവാസത്തിലൂടെയും അവരുമായുള്ള ആത്മീയ ബന്ധത്തിലൂടെയുമാണ് കാരണം, അമ്പിയാക്കളുടെ അനന്തരാവകാശികൾ യഥാർത്ഥത്തിൽ ഇവരാണ് തിരുനബി (സ) യുടെ തിരുഹള്റത്തിൽ ചെന്നിരിക്കാൻ കഴിയാത്തവർക്ക് ചെന്നിരിക്കാനും സഹവസിക്കാനുമുള്ള ഹള്റത്തുകളാണ് സ്വൂഫിയാക്കളുടെയും മശാഇഖുമാരുടെയും ഹള്റത്തുകൾ

ഇമാം ശഅ്റാനി (റ) എഴുതുന്നു: ഇമാം നവവി(റ) ഡമസ്കസിന്റെ പുറത്തേക്ക് തന്റെ ശൈഖായ ശൈഖ് യാസീനുബ്നു യൂസുഫുൽ മറാക്കിശി (റ) വിനെ സന്ദർശിക്കാൻ പോവാറുണ്ടായിരുന്നു ചില ചോദ്യങ്ങൾ ഇമാം ശൈഖിന് മുന്നിലവതരിപ്പിക്കുകയും അതിനു ശൈഖ് നൽകുന്ന മറുപടി ശ്രദ്ധാപൂർവം ശ്രവിക്കുകയും ചെയ്യുമായിരുന്നു സ്വൂഫിയാക്കൾക്ക് ശരീഅത്തിന്റെ രഹസ്യങ്ങൾ അറിയില്ലായിരുന്നുവെങ്കിൽ ഉന്നത പാണ്ഡിത്യമുള്ള ഇമാം നവവി(റ) തന്റെ ശൈഖിനോട് മതവിധികൾ തേടില്ലായിരുന്നു (അൽ അൻവാറുൽ ഖുദ്സിയ്യ:50)

നമ്മുടെ മലബാറിന്റെ മണ്ണിൽ ദീനീ ചൈതന്യം സൃഷ്ടിച്ചെടുത്തവർ സ്വൂഫീ ഗുരുക്കന്മാരാണ് അതിൽ പ്രധാനികളാണ് മഖ്ദൂമുമാർ മഖ്ദൂമുമാരിൽ പ്രധാനികളായ ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമനും രണ്ടാമനും സ്വൂഫീ സരണിയിലൂടെ മാത്രം സഞ്ചരിച്ചവരാണ്

മഖ്ദൂമുമാരുടെ ചരിത്രത്തിൽ നിന്ന് ഇങ്ങനെ കാണാം: മഖ്ദൂമുമാർ സ്വൂഫീ സരണിയിൽ പ്രവേശിച്ചവരും മശാഇഖുമാരെ പിന്തുടർന്നവരുമായിരുന്നു ശൈഖ് ഖുത്വുബുദ്ദീൻ ചിശ്തി (റ) വിന്റെ ശിഷ്യത്വം സ്വീകരിച്ച് മുരീദായ ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ (റ) വിന്റെ ശിഷ്യനും മുരീദുമായിരുന്നു വെളിയങ്കോട് കുഞ്ഞിമരക്കാർ ശഹീദ് (റ) നാടിന്റെ നാനാ ഭാഗത്തും സ്വൂഫിസത്തിലധിഷ്ഠിതമായ പ്രവർത്തനങ്ങളായിരുന്നു മഖ്ദൂം ഒന്നാമൻ കാഴ്ചവെച്ചത് മഹാൻ നടപ്പിൽ വരുത്തിയ പാഠ്യ പദ്ധതിയിലും തസ്വവ്വുഫ് ഗ്രന്ഥങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു പ്രത്യേകിച്ചും ഇമാം ഗസാലി (റ) വിന്റെ ഗ്രന്ഥങ്ങളോട് മഹാന് പ്രത്യേക താൽപര്യമായിരുന്നു ഇമാം ഗസാലി (റ) വിനോടുള്ള പ്രത്യേക താൽപര്യമാകാം ഒരു മകന് ഇമാമിന്റെ പേരു നൽകിയത് മുഹമ്മദ് ഗസാലിയെന്ന ആ മകനും വലിയ പണ്ഡിതനും സ്വൂഫിയുമായിരുന്നു ആ മകനിൽ പിറന്ന കുഞ്ഞാണല്ലോ ലോകതലത്തിൽ ശ്രദ്ധ നേടിയ ശൈഖ് സൈനുദ്ദീൻ മഖ്ദൂം സ്വഗീർ (റ)

ഖാദിരിയ്യാ ത്വരീഖത്തിന് കേരളത്തിൽ വ്യാപനം ഉണ്ടാക്കിയ മഹാനാണ് ശൈഖ് സൈനുദ്ദീൻ മഖ്ദൂം സ്വഗീർ (റ) ശൈഖ് അബുൽ ഹസൻ ബക് രി (റ) വിൽ ബൈഅത്ത് ചെയ്ത മഹാനവർകൾ ഒരു സ്വൂഫീ ഗുരുവായിരുന്നു

ഖുത്വുബുസ്സമാൻ മമ്പുറം തങ്ങളുടെ ശിഷ്യഗണങ്ങളിൽ പ്രധാനികളിൽ ഒരാളായ ഉമർ ഖാളിയെ കുറച്ച് മഹാന്റെ ചരിത്രത്തിൽ നിന്നു ഇങ്ങനെ കാണാം: ഫിഖ്ഹിൽ തലയെടുപ്പുള്ള പണ്ഡിതനായിരുന്നു ഉമർ ഖാളി (റ) മഹാന്റെ ഫിഖ്ഹ് പാണ്ഡിത്യം സർവരാലും പുകഴ്ത്തപ്പെട്ടതും അംഗീകരിക്കപ്പെട്ടതുമായിരുന്നു സമുദ്രസമാനമായ അറിവുണ്ടായിട്ടും ഉമർ ഖാളി (റ) ശൈഖിനെയും തേടിയുള്ള യാത്ര അവസാനിക്കുന്നത് ഖുത്വുബുസ്സമാൻ മമ്പുറം തങ്ങൾ (റ) വിന്റെ സവിധത്തിലാണ്

വെളിയങ്കോട് ഉമർഖാളി (റ) സാധാരണയായി മഞ്ചലിലോ കുതിരവണ്ടിയിലോ കാളവണ്ടിയിലോ കയറിയാണ് സഞ്ചരിച്ചിരുന്നത് വർഷംപ്രതി അഞ്ചും ആറും തവണ തന്റെ ശൈഖായ ഖുത്വുബുസ്സമാൻ  സയ്യിദ് അലവി തങ്ങൾ (റ) വിനെ ഖാളിയാർ സന്ദർശിക്കുമായിരുന്നു ശൈഖ് ജിഫ്റി (റ ) കോഴിക്കോട് മാളിയേക്കൽ ഭവനത്തിൽ വെച്ച് ഹിജ്റ 1222-ൽ വഫാത്തായപ്പോൾ ജനാസ സംസ്കരണ ചടങ്ങിൽ മമ്പുറം തങ്ങളോടൊപ്പം ഉമർ ഖാളിയും പങ്കെടുത്തിരുന്നു .


ഉവൈസുൽ ഖറനി (റ) വിന്റെ അറിവിന്റെ ലോകം 

അറിവിന്റെ അക്ഷയ ഖനികളാണ് സ്വൂഫി ഗുരുക്കന്മാരും മശാഇഖുമാരും അമ്പിയാക്കന്മാരുടെ അനന്തരക്കാരായ അവർക്കാണല്ലോ കൂടുതൽ അറിവുണ്ടാവേണ്ടത് എന്നാൽ പ്രത്യക്ഷമായി മതപാഠശാലകളിൽ പോയി  ഗൗസുൽ അഅ്ളം ശൈഖ് അബ്ദുൽ ഖാദിർ (റ) വിനെപ്പോലെ അറിവു നുകർന്നവരും പാഠശാലകളിൽ പോവാതെ ആത്മീയ മാർഗത്തിലൂടെ അറിവു നുകർന്നവരും സ്വൂഫികളിലുണ്ട് പാഠശാലകളിൽ പോയി അറിവുനുകർന്നാലും ശൈഖൂഖിയത്തിനും ഖുത്വുബാനിയ്യത്തിലും ആത്മീയ അറിവുകളാണ് നിർബന്ധമാകുന്നത് കേവലം ളാഹിരിയ്യായ ഇൽമുകൾ കൊണ്ടു മാത്രം എത്തിപ്പെടാൻ പറ്റിയ മേഖലകളല്ല ഖുത്വുബുമാരുടെയും ഇശാഇഖുമാരുടെയും ലോകം

താബിഈങ്ങളിലെ ഉത്തമരായ ഉവൈസുൽ ഖറനി (റ) വിനെ ഗൗസ്, ഖുത്വുബുസ്സമാൻ, ത്വരീഖത്തിന്റെ ശൈഖ് എന്നൊക്കെ തസ്വവ്വുഫ് ഗ്രന്ഥങ്ങളിൽ വിശേഷിപ്പിച്ചതായി കാണാവുന്നതാണ്

ശൈഖ് അഹ്മദ് ബ്നു മുബാറക് അൽ ഫാസി (റ) എഴുതുന്നു: എന്റെ ശൈഖായ ഖുത്വുബും ഗൗസുമായ ശൈഖ് അബ്ദുൽ അസീസ് ദുബ്ബാഗ് (റ) ചെറുപ്പം മുതലെ പാഠശാലകളിലോ ഇൽമിന്റെ മജ്ലിസുകളിലോ പോവാറില്ലായിരുന്നു എന്നാൽ അക്കാലത്തെ വലിയ പണ്ഡിതൻ പോലും അത്ഭുതപ്പെടുന്ന വിധമായിരുന്നു മഹാനവർകൾ ഇൽമ് പറയാറുണ്ടായിരുന്നത് ശൈഖവർകളുടെ സംസാരം കേട്ട് പണ്ഡിതർ പോലും സ്തംഭിച്ചുപോകുമായിരുന്നു 

ഇമാം ശാഫിഈ (റ) സന്ദർശിക്കാറുള്ള ശൈഖ് ശൈബാനുർറാഈ (റ) പാഠശാലകളിലോ ഇൽമിന്റെ സദസ്സുകളിലോ പോയി ഇൽമ് പഠിച്ചില്ലായിരുന്നുവെന്നത് ശൈഖവർകളുടെ ചരിത്രത്തിൽ കാണാവുന്നതാണ് എന്നാൽ ഇമാം ശാഫിഈ (റ) ശൈഖവർകളെ സന്ദർശിക്കുമായിരുന്നു സ്വൂഫികളെ സംബന്ധിച്ച് വേണ്ടത്ര അറിവില്ലാത്ത കാലത്ത് ഇമാം ശാഫിഈ (റ) വിന്റെ ശിഷ്യനായ ഇമാം അഹ്മദുബ്നു ഹമ്പൽ (റ) ശൈഖ് ശൈബാനുർറാഈ (റ) വിനെ താങ്കൾക്ക് അറിവു കുറവാണെന്ന് ഉണർത്താൻ തീരുമാനിച്ചു താങ്കൾ അതിനു മുതിരരുതെന്ന ഉസ്താദായ ഇമാം ശാഫിഈ (റ) പറഞ്ഞെങ്കിലും ഇമാം അഹ്മദ് (റ) ചോദ്യം ആരംഭിച്ചു: 'ഒരു ദിവസത്തെ അഞ്ച് വഖ്ത് നിസ്കാരത്തിലെ ഏതോ ഒരു നിസ്കാരം ഒരാൾക്കു മറന്നുപോയി ഏത് നിസ്കാരമാണ് മറന്നതെന്ന് ഓർമയില്ല എന്നാൽ അദ്ദേഹത്തിന് എന്താണ് നിർബന്ധം?'

കർമശാസ്ത്രത്തിനെ കീറിമുറിച്ചിട്ടുള്ള ചോദ്യമായിരുന്നു മുജ്തഹിദിനു മാത്രം കൈകാര്യം ചെയ്യാൻ പറ്റുന്ന മേഖലയിലെ ചോദ്യത്തിന് ഉമ്മിയ്യായ ശൈഖ് ശൈബാനുർറാഈ (റ) പെട്ടെന്നു തന്നെ മറുപടി നൽകി: 'അഹ്മദ്, അല്ലാഹുവിനെ തൊട്ട് അശ്രദ്ധനായ ഒരാളിൽ നിന്നേ ഇത് സംഭവിക്കുകയുള്ളൂ അവന് നിർബന്ധമായത് അശ്രദ്ധയിലാവാതിരിക്കാൻ അദബിലായി ജീവിക്കുകയെന്നതാണ് ശേഷം അഞ്ചു വഖ്തും മടക്കി നിസ്കരിക്കുകയും വേണം '

അപ്രതീക്ഷിതമായ രീതിയിൽ മറുപടി വന്നപ്പോൾ ഇമാം അഹ്മദ് ബ്നു ഹമ്പൽ (റ) ബോധരഹിതനായി ബോധം വീണ്ടെടുത്തപ്പോൾ ഇമാം ശാഫിഈ (റ) ചോദിച്ചു: 'ഞാൻ പറഞ്ഞില്ലായിരുന്നോ, അവരോടൊന്നും ചോദ്യം ചോദിക്കരുതെന്ന് '

ഇമാം അഹ്മദ് ബ്നു ഹമ്പൽ (റ) വിന് പത്തു ലക്ഷം ഹദീസുകൾ ഹൃദിസ്ഥമാണെന്നാണ് ഇമാം സുയൂത്വി (റ) തദ് രീബുർറാവിയിൽ രേഖപ്പെടുത്തിയത് അത്രയും ഇൽമുള്ള ഇമാം അഹ്മദ് (റ) പോലും പാഠശാലയിൽ പോയി ഇൽമ് നുകരാത്ത ശൈഖവർകളുടെ മറുപടി കേട്ട് ബോധരഹിതനായെങ്കിൽ ആരായിരിക്കണം ഈ ശൈഖ് ശൈബാനുർറാഈ (റ)

ഇത്തരുണത്തിൽ ചിന്തിക്കുമ്പോൾ ശൈഖ് ഉവൈസുൽ ഖറനി (റ) വിന്റെ ഇൽമിന്റെ സാമ്രാജ്യവും നമ്മെ അത്ഭുതപ്പെടുത്തും ശൈഖവർകളുടെ പാതയിലായി ഇലാഹിൽ നിന്ന് നേരിട്ട് ഇൽമ് ലഭിക്കുന്നവരാണ് ശൈഖ് ശൈബാനുർറാഈ (റ) വും ശൈഖ് അബ്ദുൽ അസീസ് ദുബ്ബാഗ് (റ) വും ഇത്തരം ധാരാളം മശാഇഖുമാരെ ചരിത്രങ്ങളിൽ കാണാൻ കഴിയും

ശൈഖ് ഉവൈസുൽ ഖറനി (റ) വിനെ ചരിത്രത്തിൽ നാം കണ്ടെത്തുന്നത് ഒട്ടകത്തെ മേയ്ക്കുന്നവരായിട്ടും ഭക്ഷണത്തിന് നായ്ക്കളോടൊപ്പം കാത്തുനിൽക്കുന്നവരായിട്ടുമൊക്കെയാണ് മശാഇഖുമാരായ സ്വൂഫികളുടെ വേഷമോ പ്രവർത്തന മേഖലയോ നോക്കി അവരെയൊന്നും തിരിച്ചറിയാനോ മനസ്സിലാക്കുവാനോ സാധ്യമല്ല ഇമാം നവവി(റ) വിന്റെ ശൈഖിനെ സംബന്ധിച്ച് കാണുക:

ഇമാം അബ്ദുൽ ഹയ്യ് ബ്നിൽ ഇമാദ് ഹമ്പലീ (റ) എഴുതുന്നു: ഇമാം നവവി(റ) വിനെ ചെറുപ്രായത്തിൽ കണ്ടമാത്രയിൽ ഇമാമിന്റെ ഭാവി മനസ്സിലാക്കുകയും അതു ഇമാമിന്റെ ഉസ്താദിനോട് പറയുകയും ചെയ്ത ശൈഖ് യാസീൻ യൂസൂഫുൽ മറാക്കിശി (റ) ഇമാമിനെ ആത്മീയ സോപാനത്തിലേക്ക് കൈപിടിച്ചുയർത്തി ജാബിയാ കവാടത്തിന് വെളിയിൽ ശൈഖവർകൾക്ക് കച്ചവടമുണ്ടായിരുന്നു നിരവധി കറാമത്തുകൾ മഹാനിൽനിന്നും പ്രകടമായിട്ടുണ്ട് എൺപത് വയസ്സുവരെ ജീവിച്ച ശൈഖവർകൾ ഇരുപതിലധികം തവണ ഹജ്ജ് നിർവഹിച്ചിട്ടുണ്ട് ഇമാം നവവി(റ) ശൈഖിനെ സന്ദർശിക്കുകയും വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്യാറുണ്ടായിരുന്നു ഹിജ്റ 687 ൽ റബീഉൽ അവ്വൽ മൂന്നിന് മഹാൻ വഫാത്തായി (ശദറാത്തുദ്ദഹബ്: 5/403)

മശാഇഖുമാർക്കു തന്നെ അവർ ഉദ്ദേശിച്ചവർക്ക് ഇൽമ് നൽകാനാവും മമ്പുറം തങ്ങൾ (റ) അറബി അക്ഷരങ്ങൾ മുതൽ തന്റെ മുരീദിന് ഇൽമ് പഠിപ്പിച്ചു കൊടുത്ത അത്ഭുത സംഭവം ചരിത്രത്തിൽ കാണാം

മർഹൂം പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ എഴുതുന്നു: മമ്പുറം തങ്ങളെ സംബന്ധിച്ച് ഉമർ ഖാളീ (റ) കേട്ടറിഞ്ഞപ്പോൾ വലിയ താൽപര്യം ജനിച്ചില്ല അങ്ങനെയിരിക്കെ തങ്ങളെയൊന്ന് പരീക്ഷിക്കാൻ ഉമർ ഖാളി (റ) മമ്പുറത്തെത്തി ഖാളിയാരുടെ ആഗമന ഉദ്ദേശ്യം അറിഞ്ഞ തങ്ങൾ അദ്ദേഹത്തിന്റെ മുഴുവൻ ഇൽമും ഊരിക്കളഞ്ഞു ഒരു ഇൽമുമില്ലാതായിത്തീർന്ന ഖാളിയാർക്ക് തങ്ങൾ അറബി അക്ഷരമാല എഴുതിക്കൊടുത്തു ഏഴു ദിവസം കൊണ്ട് പഠിപ്പിച്ചു കൊടുത്തു തനിക്കു പറ്റിയ അമളി തിരിച്ചറിഞ്ഞ ഖാളിയാർക്ക് മമ്പുറം തങ്ങളെ മഹത്വം മനസ്സിലാക്കാൻ സാധിച്ചതോടെ തൗബഃ ചെയ്തു തൗബഃ ചെയ്തതിനാൽ ഖാളിയാരുടെ മുഴുവൻ ഇൽമും തങ്ങൾ മടക്കിക്കൊടുത്തു അതിനേക്കാൾ കൂടുതലും നൽകി (അന്നഫഹാത്തുൽ ജലീല: 32)

ഈ സംഭവത്തോടെ മമ്പുറം തങ്ങൾ മുറബ്ബിയായ ശൈഖും ഖുത്വുബുമാണെന്നുമൊക്കെ ഉമർ ഖാളി (റ) വിന് മനസ്സിലായി തസ്വവ്വുഫിന്റെ തീച്ചുളയിലിട്ട് ഉമർ ഖാളി (റ) വിനെ മമ്പുറം തങ്ങൾ (റ) ആത്മീയതയുടെ ഉയർന്ന പദവിയിലെത്തിച്ചു മഹാനായ സയ്യിദ് അലവി തങ്ങൾ (റ) ഖാദിരിയ്യാ ത്വരീഖത്ത് ഉമർഖാളി (റ) വിന് നൽകുകയും ചെയ്തു.


ഉവൈസുൽ ഖറനി (റ) ഖിർഖഃയും 

സ്വൂഫികൾക്കിടയിൽ അറിയപ്പെട്ട ഒരു കാര്യമാണ് ശൈഖ് തന്റെ മുരീദിന് ഖിർഖഃ ധരിപ്പിക്കൽ ശൈഖ് തന്റെ മുരീദന്മാർക്ക് ധരിപ്പിക്കുന്ന വസ്ത്രമാണിത് ഖിർഖഃ ധരിപ്പിക്കൽ സ്വഹാബത്തിന്റെ ചര്യയിൽ പെട്ടതാണ് സ്വഹാബത്ത് അത് തിരുനബി (സ) യിൽ നിന്നാണ് പഠിച്ചത്

ഇമാം ശഅ്റാനി (റ) എഴുതുന്നു: മുരീദുമാർക്ക് ഖിർഖഃ ധരിപ്പിക്കലിന്റെ സനദ് ഹാഫിള് ബ്നു ഹജർ (റ) , ഹാഫിള് ളിയാഉദ്ദീനിൽ മഖ്ദസി (റ), ഹാഫിള് ബ്നു ജലാലുദ്ദീൻ സുയൂത്വി (റ) എന്നിവർ ഉദ്ദരിച്ചിട്ടുണ്ട്

ശൈഖ് ഹസനുൽ ബസ്വരി (റ) ശൈഖ് ഉവൈസുൽ ഖറനി (റ) വും അവരുടെ മുരീദുമാർക്ക് ഖിർഖഃ ധരിപ്പിച്ചു കൊടുത്തിട്ടുണ്ട് ശൈഖ് ഹസൻ ബസ്വരി (റ) പറയാറുണ്ടായിരുന്നു എന്നെ ഖിർഖഃ ധരിപ്പിച്ചത് സയ്യിദുനാ അലിയ്യ് ബ്നി അബീത്വാലിബ് (റ) വാണെന്ന് ശൈഖ് ഉവൈസുൽ ഖറനി (റ) പറയാറുണ്ടായിരുന്നു എനിക്ക് ഖിർഖഃ ധരിപ്പിച്ചത് സയ്യിദുനാ ഉമർബ്നിൽ ഖത്വാബ് (റ) വും ഇമാം അലിയ്യുബ്നി അബീത്വാലിബ് (റ) വും ആണെന്ന് ആ രണ്ടു സ്വഹാബിവര്യരും തിരുനബി (സ) യിൽ നിന്നും തിരുനബി (സ) ജിബ്രീൽ (അ) മിൽ നിന്നുമാകുന്നു (ഖവാഇദുസ്സൂഫിയ്യ:73)

ശൈഖ് ഉവൈസുൽ ഖറനി (റ) വിന്റെ ചരിത്രങ്ങൾ നമുക്ക് എത്രമാത്രമാണ് അറിവുകൾ നൽകുന്നത് സ്വൂഫീ ഗുരുവെന്ന് എല്ലാ അർത്ഥത്തിലും വിശേഷിപ്പിക്കാവുന്ന മഹാരഥനിൽ തസ്വവ്വുഫിന്റെ നിയമങ്ങളും നിർദ്ദേശങ്ങളുമാണുള്ളത്.


ഉവൈസിയ്യാ ത്വരീഖത്ത് 

കോഴിക്കോട് ജില്ലയിലെ ചാലിയത്ത് ജീവിച്ച പണ്ഡിതനും മഹാനുമായ ശൈഖ് ശിഹാബുദ്ദീൻ ശാലിയാത്തി (റ) തന്റെ ഫതാവൽ അസ്ഹരിയ്യയിൽ ഉവൈസിയ്യ ത്വരീഖത്തിന്റെ ശൈഖാണ് ശൈഖ് ഉവൈസുൽ ഖറനി (റ) വെന്ന് രേഖപ്പെടുത്തിയതായി കാണാവുന്നതാണ് തിരുനബി (സ) സ്വഹാബത്തിന് തസ്കിയത്തും തർബിയത്തും നൽകിയതുകൊണ്ടാണ് അവർ ഉന്നതീയരായിത്തീർന്നതും സ്വഹാബികളെ നക്ഷത്ര തുല്യരെന്നും അവരിൽ ആരെ പിൻപറ്റിയാലും നിങ്ങൾക്ക് സന്മാർഗത്തിലെത്താമെന്നും  പ്രസ്താവിച്ചത് ഇഹ്സാൻ എന്ന ഈ പ്രക്രിയ ലോകാവസാനം വരെ നിന്നെങ്കിൽ മാത്രമേ ദീനിന് നിലനിൽപുണ്ടാവുകയുള്ളൂ ഈ പ്രക്രിയ സ്വഹാബത്തിനു ശേഷം മശാഇഖുമാരിലൂടെയാണ് ലോകത്ത് നിലനിൽക്കുന്നത്

അതുകൊണ്ടുതന്നെ സ്വഹാബത്തിനു ശേഷം വന്ന താബിഉകൾ അവർക്കു ശേഷം വന്നവർ അന്നു മുതൽ ഇന്നേ വരെയുള്ളവർ മശാഇഖുമാരുമായും ബന്ധപ്പെട്ടുകൊണ്ടാണ് ജീവിച്ചിരുന്നത് അവരുമായി ബന്ധപ്പെടാത്ത ഒരു മഹാനും ലോകത്ത് കഴിഞ്ഞു പോയിട്ടില്ല മുജ്തഹിദീങ്ങളായ മദ്ഹബിന്റെ ഇമാമുകളും ഓരോ മദ്ഹബും തഖ്ലീദ് ചെയ്തു ജീവിക്കുന്ന ഇമാമുകളുമൊക്കെ അവരുടെ കാലത്തു ജീവിച്ച മശാഇഖുമാരുമായും ഖുത്വുബുമാരുമായൊക്കെ ആത്മീയ ബന്ധം സ്ഥാപിച്ചവരും അവരുടെ മജ്ലിസുകളിൽ പങ്കെടുത്തവരുമായിരുന്നു ദീനിന്റെ യഥാർത്ഥ വഴി നില നിൽക്കുന്നത് ഈ വിധമാണ്

ഇമാം അബൂഹനീഫ (റ), ഇമാം ശാഫിഈ (റ), ഇമാം സുഫ് യാനുസ്സൗരി (റ) , ഇമാം അഹ്മദ് ബ്നു ഹമ്പൽ (റ) , ഇമാം ഗസാലി (റ), ഇമാം നവവി(റ) , ഇമാം ഇബ്നു ഹജർ ഹൈതമി (റ), ഇമാം സൈനുദ്ദീൻ മഖ്ദൂം കബീർ (റ), ഇമാം സൈനുദ്ദീൻ മഖ്ദൂം സ്വഗീർ (റ) തുടങ്ങിയ മഹാന്മാരായ ഇമാമുകളെല്ലാം ആ കാലത്തു ജീവിച്ചിരുന്ന മശാഇഖുമാരുമായി ആത്മീയ ബന്ധം പുലർത്തിയത് അവരുടെ ചരിത്രങ്ങളിൽ തന്നെ സ്പഷ്ടവും വ്യക്തവുമാകുന്നു

അതുകൊണ്ടു തന്നെ ഇന്നും എന്നും ഈ പ്രക്രിയ തുടർന്നു കൊണ്ടേയിരിക്കും തസ്കിയത്തും തർബിയത്തും എന്നു അവസാനിക്കുന്നുവോ അന്നായിരിക്കും ലോകത്തിന്റെ അവസാനം

മലബാറിനെ സംബന്ധിച്ചിടത്തോളം നിരവധി മശാഇഖുമാരും ഖുത്വുബുകളും ജീവിച്ച നാടാണ് പ്രത്യക്ഷമായും അപ്രത്യക്ഷമായും അവർ ഈ മണ്ണിൽ ജീവിച്ച് തസ്കിയത്തും തർബിയത്തും നടത്തി അതു വഴിയാണ് മലബാറിലും തൊട്ടടുത്തുള്ള പ്രദേശങ്ങളിലും ദീനീ ചൈതന്യം നിലനിന്നതും

ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമനും രണ്ടാമനും ഇശാഇഖുമാരെ പിന്തുടർന്നവരായിരുന്നുവെന്ന് നേരത്തെ നാം കണ്ടു ആ പന്ഥാവ് തന്നെയാണ് പിന്നീട് വന്നവരും സ്വീകരിച്ചിരുന്നത് വെളിയങ്കോട് കുഞ്ഞിമരക്കാർ ശഹീദിന്റെ ആത്മീയ വീര്യവും ധൈര്യവും കേരളത്തിനു  മറക്കാനാവില്ല മഖ്ദൂമുമാരുടെ പൂർണ ശാലകളിൽ നിന്നും ലഭിച്ച ആത്മീയ ഊർജമാണ് മഹാനെ വീരശൂര യോദ്ധാവാക്കിയത്

മശാഇഖുമാരുടെയും സ്വൂഫിവര്യരുടെയും പ്രവർത്തനങ്ങൾ സമൂഹത്തിലെ എല്ലാ മേഖലയിലേക്കും എത്തിയിരുന്നു അലവിയ്യാ, ഖാദിരിയ്യാ ത്വരീഖത്തിന്റെ ശൈഖായിരുന്ന ഖുത്വുബുസ്സമാൻ മമ്പുറം തങ്ങൾ (റ) അക്കാലത്തെ ശൈഖും ഖുത്വുബുമായിരുന്നു അന്നത്തെ സാമൂഹിക സാംസ്കാരിക  മേഖലകളിലെല്ലാം തങ്ങൾ ശ്രദ്ധ പതിപ്പിച്ചിരുന്നു മതസൗഹാർദത്തിന് വലിയ കൽപിച്ച സ്വൂഫീ ഗുരുവായിരുന്നു മഹാനവർകൾ അന്നത്തെ മലബാറിന്റെ ആത്മീയ കേന്ദ്രം മമ്പുറം തന്നെയായിരുന്നു അതുകൊണ്ടാണ് വെളിയങ്കോട് ഉമർഖാളി (റ) അടക്കമുള്ള മഹത്തുക്കൾ ആ ഗുരു സന്നിധിയിൽ വന്ന് ആത്മീയ ശിഷ്യത്വം സ്വീകരിച്ച് തങ്ങളുടെ മുരീദുമാരായത്

മലബാറിൽ കോഴിക്കോടിന്റെ വിരിമാറിൽ ആത്മീയ പരിവർത്തനങ്ങൾ സൃഷ്ടിച്ച മശാഇഖുമാരും സ്വൂഫീവര്യരും ഏറെയാണ് ഇടിയങ്ങരയിലെ മാമുക്കോയ തങ്ങൾ എന്ന പേരിൽ അറിയപ്പെട്ട ശൈഖ് മുഹമ്മദ് ബ്നു അലാഉദ്ദീൻ ഹിംസ്വി (റ) വും, ശൈഖ് ജിഫ്രി (റ) വും അക്കാലത്തെ ഖുത്വുബുമാരായിരുന്നു കോഴിക്കോടിന്റെ ഹൃത്തടത്തിലായി ആ മശാഇഖുമാർ നടത്തിയ ആത്മീയ വേരോട്ടം ഇന്നും തുടരുകയാണ് ഖാദിരിയ്യാ, ചിശ്തിയ്യ ത്വരീഖത്തിന്റെ ശൈഖായിരുന്നു ശൈഖ് മാമുക്കോയ തങ്ങൾ (റ)

കൊണ്ടോട്ടിയിലും പരിസര പ്രദേശങ്ങളിലും ദീനീ പ്രവർത്തനം നടത്തിയ ആത്മീയ ഗുരുവാണ് ശൈഖ് മുഹമ്മദ് ശാഹ്അൽ ഖാദിരി (റ) വും ശിഷ്യന്മാരും മഹാനവർകളുടെ മകളുടെ മകനും ശൈഖുമായ ശൈഖ് ഇശ്തിയാഖ് ശാഹ് ഖാദിരി (റ) വുമായി ആത്മീയ ബന്ധം പുലർത്തിയ സ്വൂഫീ ശ്രേഷ്ഠരായിരുന്നു വെളിയങ്കോട് ഉമർഖാളി (റ) പേരുകേട്ട മഹാകവിയായിരുന്ന മോയിൻകുട്ടി വൈദ്യർ ശൈഖ് ഇശ്തിയാഖ് ശാഹ് ഖാദിരി (റ) വിന്റെ ആത്മീയ ശിഷ്യനും സ്വൂഫിയുമായിരുന്നു

ശാന്തി കേന്ദ്രങ്ങളും സമാധാനത്തിന്റെ ഗേഹങ്ങളുമായിരുന്നു മശാഇഖുമാരുടെയും സ്വൂഫീവര്യന്മാരുടെയും സാവിയകൾ അഥവാ ആത്മീയ കേന്ദ്രങ്ങൾ ശൈഖ് ഉവൈസുൽ ഖറനി (റ) വിന്റെ ചരിത്ര  ദർശനങ്ങൾ കേട്ടവർക്കും വായിച്ചവർക്കും ആ നാമം കേൾക്കുമ്പോൾ   തന്നെ ആത്മീയ സമാധാനമാണ് ലഭിക്കുന്നത് യഥാർത്ഥത്തിൽ നമുക്ക് ആവശ്യവും അതാണ് 

ശൈഖ് ഉവൈസുൽ ഖറനി (റ) നിലകൊണ്ട ആത്മീയ മാർഗമാണ് സ്വൂഫിസം മർത്യഹൃദയങ്ങളെ തസ്കിയത്തും തർബിയത്തും നൽകി സംസ്കരിച്ചെടുക്കുകയാണ് സ്വൂഫീ ഗുരുക്കന്മാരായ മശാഇഖുമാർ

ഇമാം ശഅ്റാനി (റ) എഴുതുന്നു: ത്വരീഖത്തിന്റെ മശാഇഖുമാരുടെ ഏകോപനമാണ് നിസ്കാരത്തിന്റെ സ്വീകാര്യതക്കു വേണ്ടി അല്ലാഹുവിന്റെ സന്നിധിയിലേക്ക് ഹൃദയസാന്നിധ്യം കൊണ്ട് പ്രവേശിക്കുവാൻ തടസ്സമാകുന്ന സ്വഭാവങ്ങൾ നീക്കം ചെയ്യുന്ന ഒരു ശൈഖ് മനുഷ്യനുണ്ടാവൽ അനിവാര്യമാണെന്നത് ആന്തരിക രോഗങ്ങളായ ഐഹിക സ്നേഹം, കിബ്റ്, അസൂയ, വലിയവനെന്ന ധാരണ, പൊങ്ങച്ചം, കാപട്യം പോലോത്തവയെല്ലാം ചികിത്സിക്കൽ നിർബന്ധമാണ് ഇതെല്ലാം നിഷിദ്ധമാണെന്നും ശിക്ഷയുണ്ടെന്നും ഹദീസുകളിൽ വന്നിട്ടുണ്ട് അതിനാൽ ഈ വിശേഷണങ്ങൾ നീക്കം ചെയ്യാനുതകുന്ന ശൈഖ് അത്യാവശ്യമാണ് (ലവാഖിഉൽ അൻവാരിൽ ഖുദ്സിയ്യ: 10)

ഇമാം ശഅ്റാനി (റ) തന്നെ വീണ്ടും എഴുതുന്നു: ആത്മാവിന്റെ കേടുപാടുകൾ നീങ്ങുവാനും ശർഇയ്യായ കൽപനക്ക് ആത്മാവ് വിധേയമാവാനും ഒരു ശൈഖ് മുഖാന്തരം ആത്മാവിനെ കടഞ്ഞെടുക്കൽ നിർബന്ധമാണെന്ന് ശരീഅത്തിന്റെയും ഹഖീഖത്തിന്റെയും പണ്ഡിതർ ഏകോപിച്ചതാണ് പ്രായപൂർത്തിയും ബുദ്ധിയുമുള്ളവർക്കെല്ലാം പൈശാചിക വിശേഷണങ്ങളിൽ നിന്നെല്ലാം ആന്തരികത്തെ ശുദ്ധീകരിക്കൽ നിർബന്ധമാണ് (അൽ അഖ്ലാഖുൽ മത്ബൂലിയ്യ: 1/119)

ഇമാം ശഅ്റാനി (റ) എഴുതുന്നു: ഇഖ്ലാസ്വിന്റെ സ്ഥാനത്തെത്തുവാൻ നിനക്ക് ഉദ്ദേശ്യമുണ്ടെങ്കിൽ സഹോദരാ, നീ ശൈഖിനെ തേടിക്കോ ദീർഘകാലം തേടുമ്പോൾ നിനക്ക് മനോവിഷമുണ്ടാവരുത് കാരണം, ചുവന്ന മാണിക്യക്കല്ല് കണ്ടെത്തുന്നതിനേക്കാൾ അധ്വാനമുണ്ടതിന് (ലവാഖിഉൽ അൻവാരിൽ ഖുദ്സിയ്യ:11)

സ്വൂഫീ ഗുരു ശൈഖ് ഉവൈസുൽ ഖറനി (റ) വിലൂടെ കേവലം ചരിത്രങ്ങൾ മാത്രമല്ല ആത്മീയതയുടെ വിഹായസ്സിലേക്കുള്ള വാതായനങ്ങൾ തുറന്നിടുകയാണിവിടെ ഇതാണ് നമ്മുടെ മാർഗം ആത്മസംസ്കരണത്തിലൂടെ മുന്നേറലാണ് വിശ്വാസിക്കു നിർബന്ധം അതിനാവട്ടെ നമ്മുടെ
ജീവിതങ്ങൾ

--------------------------------------------------------------------------------------------------------------------------



കടപ്പാട് : ഈ ലേഖനം അലി അഷ്‌കർ ഉസ്താദിന്റെ ഫേസ്ബുക് പേജിൽ നിന്നും എടുത്തതാണ് . അദ്ധേഹത്തിന്റെ ആഗ്രഹപ്രകാരം ഷെയർ ചെയ്യുന്നവർ പേരും നമ്പറും നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ഉള്ളത് കൊണ്ട് ആ ഉസ്താദിന്റെ ഫേസ്ബുക് പേജും , മൊബൈൽ നമ്പറും ഇവിടെ കൊടുക്കുന്നു . 

📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣
https://www.facebook.com/ALI-Ashkar-598105610263884/
 

  



No comments:

Post a Comment