Monday 20 April 2020

തറാവീഹ് : ജല്‍പ്പനവും മറുപടിയും




തറാവീഹ് നിസ്‌ക്കാരത്തെ സംബന്ധിച്ച് മുജാഹിദുകളുടെ ചോദ്യങ്ങൾക്കുള്ള മറുപടി

(1) ഇരുപത് റക്അത് തറാവീഹിനെകുറിച്ച് ഉമര്‍(റ) തന്നെ നല്ല ബിദ്അതെന്ന് പ്രസ്താവിച്ചു. അപ്പോള്‍ അത് ബിദ്അതല്ലേ?.

മറുപടി: ഉബയ്യുബ്നു കഅ്ബി(റ)ന്റെ നേതൃത്വത്തില്‍ തറാവീഹ് നിസ്കാരം സംഘടിപ്പിച്ചശേഷം ഇത് നല്ല ബിദ്അതെന്ന് ഉമര്‍(റ) പ്രസ്താവിച്ചത് റക്അതുകളുടെ എണ്ണത്തെ സംബന്ധിച്ചല്ല. പ്രത്യുത, ഒരു ഇമാമിന്റെ കീഴിലായി വിപുലമായൊരു ജമാഅത് സംഘടിപ്പിച്ചതിനെ സംബന്ധിച്ചാണ്.
ഇമാം ശഅ്റാനി(റ) പറയുന്നു: “നബി(സ്വ)യുടെ വഫാതിനു ശേഷവും ജനങ്ങള്‍ വിവിധ സംഘങ്ങളായിട്ടായിരുന്നു നിസ്കരിച്ചിരുന്നത്. ചിലര്‍ ജമാഅതായും മറ്റുചിലര്‍ തനിച്ചും. അപ്പോള്‍ ഉമര്‍(റ) പറഞ്ഞു. അല്ലാഹുവാണ് സത്യം. ഇവരെ ഒരു ഇമാമിന്റെ കീഴില്‍ സംഘടിപ്പിക്കുന്ന പക്ഷം അതായിരിക്കും നല്ലതെന്ന അഭിപ്രായം എനിക്കുണ്ട്. അങ്ങനെ ഉബയ്യുബ്നു കഅ്ബി(റ) ന്റെ നേതൃത്വത്തില്‍ ജനങ്ങളെ സംഘടിപ്പിച്ചു.” (ശഅ്റാനി(റ) യുടെ കശ്ഫുല്‍ ഗുമ്മ, 1/95)

ഔജസുല്‍ മസാലിക് 1/391ല്‍ പറയുന്നു: “ഇത് നല്ല ബിദ്അതെന്ന് പറഞ്ഞത് വിപുലമായ ജമാഅതിനെ കുറിച്ചാണ്. തറാവീഹ് നിസ്കാരത്തിനെ കുറിച്ചോ കേവലം തറാവീഹിലെ ജമാഅതിനെ കുറിച്ചോ അല്ല.”

ശൈഖ് മുഹമ്മദുല്‍ കൌസരി(റ) എഴുതുന്നു: “അപ്പോള്‍ ഉമര്‍(റ) പ്രവര്‍ത്തിച്ചത് ഒരു ഇമാമിന്റെ നേതൃത്വത്തില്‍ ജനങ്ങളെ സംഘടിപ്പിക്കുക മാത്രമാണ്. എന്നാല്‍ റക്അതുകളുടെ എണ്ണം പരമ്പരാഗതമായി കിട്ടിയ പ്രകാരം തന്നെ. അപ്പോള്‍ പിന്നെ തറാവീഹ് ഇരുപത് റക്അതാണെന്നതിനെ എതിര്‍ക്കാന്‍ വേണ്ടി ഇത് ചിലര്‍ ആധാരമാക്കുന്നത് ശരിയല്ല. ഉമര്‍(റ), ഉസ്മാന്‍(റ), അലി(റ) എന്നിവരുടെ കാലങ്ങളിലൊക്കെയും സ്വഹാബതിന്റെ അമലും ഇതു തന്നെയായിരുന്നു. അവരുടെ അടുത്ത് പ്രബലമായൊരു രേഖയില്ലാതെ ഈ എണ്ണത്തില്‍ അവര്‍ ഏകോപിക്കുക എന്നത് അതി വിദൂരമാണ്.” (കൌസരി (റ)യുടെ തഖ്വ്രീറതുബ്യീന്‍, പേജ് 98)
ഈ അടിസ്ഥാനത്തിലാണ് ശൈഖ് അബ്ദുല്‍ ഹഖ്വ് ദഹ്ലവി(റ) ഇപ്രകാരം പ്രസ്താവിച്ചത്: ‘നബി(സ്വ) ഇരുപത് റക്അത് നിസ്കരിച്ചതായി അവരുടെ അരികില്‍ സ്ഥിരപ്പെട്ടിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇബ്നു അബ്ബാസി(റ) ല്‍ നിന്നുള്ള ഒരു നിവേദനത്തില്‍ ഇങ്ങനെ വന്നിട്ടുമുണ്ട്. "ഉമര്‍(റ) തെരഞ്ഞെടുത്തതും അതുതന്നെ.” (തഅ്ലീഖ്വുസ്സബീഹ് 2/105).
.

(2) ഉബയ്യുബ്നു കഅ്ബി(റ)ന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട തറാവീഹ് നിസ്കാരത്തില്‍ ഉമര്‍(റ) പങ്കെടുത്തിട്ടില്ല. അതുകൊണ്ടു തന്നെ അവിടുന്ന് ആജ്ഞാപിച്ച എണ്ണത്തിലധികം റക്അതുകള്‍ അവര്‍ വര്‍ധിപ്പിച്ചിരിക്കാന്‍ സാധ്യതയുണ്ട്. പതിനൊന്ന് റക്അത് നിസ്കരിക്കുവാന്‍ ഉമര്‍(റ) ആജ്ഞാപിച്ചുവെന്ന റിപ്പോര്‍ട്ട് ഇതിനുപോല്‍ബലകമാണ്.


മറുപടി: പ്രസ്തു റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമാണെന്ന് നേരത്തെ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ ഉമര്‍(റ) പ്രസ്തുത നിസ്കാരത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് പറയുന്നത് അജ്ഞത മാത്രമാണ്. നൌഫലുബ്നു ഇയാസി(റ) ല്‍ നിന്ന് നിവേദനം: “അവര്‍ പറഞ്ഞു. ഉമര്‍(റ)വിന്റെ കാലത്ത് റമളാനില്‍ പള്ളിയില്‍വെച്ച് അവിടവിടങ്ങളിലായി പല സംഘങ്ങളായിട്ടായിരുന്നു ഞങ്ങള്‍ നിസ്കരിച്ചിരുന്നത്. ശബ്ദമാധുര്യമുള്ള ആളിലേക്കായിരിക്കും ജനങ്ങള്‍ ആകര്‍ഷിക്കുക. അപ്പോള്‍ ഉമര്‍(റ) ഇങ്ങനെ പറഞ്ഞു.  നിശ്ചയം ജനങ്ങള്‍ ഖുര്‍ആനിനെ രാഗമാക്കിയിരിക്കുന്നു. അല്ലാഹുവാണ് സത്യം. എനിക്ക് കഴിയുന്ന പക്ഷം ഞാനിതിന് മാറ്റം വരുത്തും. അങ്ങനെ അധികം താമസിച്ചില്ല, മൂന്ന് രാത്രികള്‍ പിന്നിട്ടപ്പോഴേക്കും ഉബയ്യുബ്നുകഅ്ബി(റ) നോട് നിസ്കരിക്കാനാജ്ഞാപിച്ചു. ജനങ്ങള്‍ക്ക് ഇമാമായി അവര്‍ നിസ്കരിച്ചു. ഉമര്‍(റ) പിന്‍ സ്വഫില്‍ നിന്നിരുന്നു. അവിടുന്നിപ്രകാരം പറഞ്ഞു. ഇത് ബിദ്അതാണെങ്കില്‍ ഇതു തന്നെയാണ് നല്ല ബിദ്അത്. (ത്വബഖാതു ഇബ്നി സഅ്ദ് 5/59).
ഇപ്രകാരം ഇമാം ബുഖാരി(റ) ഖല്‍ഖുല്‍ ഖുര്‍ആനിലും, ജഅ്ഫറുല്‍ ഫിര്‍യാബി(റ) തന്റെ സുനനിലും നിവേദനം ചെയ്തതായി കന്‍സുല്‍ ഉമ്മാല്‍ 4/283 ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഉമര്‍(റ)ന്റെ ആജ്ഞക്കെതിരായി ജനങ്ങള്‍ നിസ്കരിച്ചിരുന്നുവെന്ന് അനുമാനിക്കാന്‍ പോലും ഒരു മുസ്ലിമിനാകില്ല.


(3) ഉമര്‍(റ)വിന്റെ കാലത്ത് ജനങ്ങള്‍ ഇരുപത് റക്അത് നിസ്കരിച്ചിരുന്നുവെന്ന സാഇബുബ്നു യസീദി(റ)ല്‍നിന്ന് ബൈഹഖി(റ) ഉദ്ധരിച്ച ഹദീസ് ബലഹീനമാണ്. കാരണം അതിന്റെ നിവേദക പരമ്പരയില്‍ അബൂ അബ്ദില്ലാഹിബ്നു ഫന്‍ജവൈഹി(റ) എന്നൊരാളുണ്ട്. അദ്ദേഹത്തിന്റെ ചരിത്രമറിയപ്പെടുന്നില്ലെന്നും അതു കൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഹദീസ് രേഖയാക്കുന്നവര്‍ അദ്ദേഹം യോഗ്യനാണെന്ന് സ്ഥിരീകരിക്കേണ്ടതാണെന്നും തുഹ്ഫതുല്‍ അഹ്വദി 2/75ല്‍ പ്രസ്തവിച്ചിട്ടുണ്ട്.


മറുപടി: തുഹ്ഫതുല്‍ അഹ്വദിയുടെ രചയിതാവ് പുത്തന്‍ വാദിയായ അബ്ദുറഹ്മാന്‍ മുബാറക്ഫൂരി വേണ്ടത്ര നിരൂപണ ഗ്രന്ഥങ്ങള്‍ പരതിയിട്ടില്ലെന്ന് വ്യക്തം. ഹാഫിളുദ്ദഹബിയുടെ തദ്കിറതുല്‍ ഹുഫ്ഫാള് 3/1057 ല്‍ അബൂ അബ്ദില്ലാഹിബ്നു ഫന്‍ജവൈഹി (റ)യെ പരാമര്‍ശിച്ചിട്ടുണ്ട്. ഹിജ്റ 414 റബീഉല്‍ ആഖിറിലാണ് അദ്ദേഹത്തിന്റെ വിയോഗമുണ്ടായതെന്നും അദ്ദേഹം യോഗ്യനും ഗ്രന്ഥകാരനുമായിരുന്നുവെന്നും ഹാഫിള് ഇബ്നുല്‍ ഇമാദ്(റ) തന്റെ ശദറാത്തുദ്ദഹബ് 3/200 ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
ദഹബി പറയുന്നു: “ഇദ്ദേഹം യോഗ്യനും സത്യസന്ധനുമായിരുന്നു. നല്ല കയ്യെഴുത്ത് കാരനും ഗ്രന്ഥകാരനുമായ ഇദ്ദേഹം വെറുക്കപ്പെട്ട കുറേ റിപ്പോര്‍ട്ടുകളും ചെയ്തിട്ടുണ്ട്.” (ദഹബിയുടെ സിയറു അഅ്ലാമിന്നുബലാഅ് 17/384).

ചുരുക്കത്തില്‍ യോഗ്യനും സത്യസന്ധനുമായ അദ്ദേഹം വെറുക്കപ്പെട്ട ഹദീസ് റിപ്പോര്‍ട്ട് ചെയ്ത ആളായിപ്പോയി എന്നത് അയോഗ്യതയല്ല. ഇമാം ബുഖാരി(റ) യുടെ റിപ്പോര്‍ട്ടര്‍മാരില്‍ പോലും വെറുക്കപ്പെട്ട റിപ്പോര്‍ട്ടുകള്‍ ചെയ്തവരുണ്ട്. ഖാലിദുബ്നു മഖ്ലദ്(റ) ഇതിനുദാഹരണമാണ്. മീസാനുല്‍ ഇഅ്തിദാല്‍ 1/641 നോക്കുക. എന്നാല്‍ ബൈഹഖ്വി റിപ്പോര്‍ട്ട് ചെയ്ത ഈ ഹദീസ് ആ വെറുക്കപ്പെട്ട റിപ്പോര്‍ട്ടുകളില്‍ പ്പെട്ടതാണെന്ന് ഒരു പണ്ഢിതനും പറഞ്ഞിട്ടില്ല. മറിച്ച് ഹദീസ് റിപ്പോര്‍ട്ടര്‍മാരൊക്കെ ഇതിന്റെ പരമ്പര സ്വഹീഹാണെന്നാണ് പറഞ്ഞിട്ടുള്ളത്. ശര്‍ഹുല്‍ മുഹദ്ദബ് 4/32 നോക്കുക.

അബൂ അബ്ദില്ലാഹിബ്നു ഫന്‍ജവൈഹി(റ) അറിയപ്പെടാത്ത ആളാണെന്ന് പ്രസ്താവിച്ച പുത്തന്‍ വാദിയായ മുബാറക്ഫൂരിയുടെ ധാരണ താന്‍ പരിശോധിച്ച നിരൂപണ ഗ്രന്ഥങ്ങളിലൊന്നും കാണാത്ത വ്യക്തി മജ്ഹൂലാണെന്നാകും. മുബാറക് ഫൂരിയുടെ ജഹാലത്താണ് യഥാര്‍ത്ഥത്തില്‍ ഇവിടെ മനസ്സിലാക്കേണ്ടത്. മജ്ഹൂലാണെന്ന വാദം പൊളിഞ്ഞതോടെ അദ്ദേഹം അയോഗ്യനാണെന്നോ ഈ ഹദീസ് വെറുക്കപ്പെട്ടവയില്‍ പെട്ടതാണെന്നോ വാദിക്കാനുള്ള ശ്രമവും വിഫലമായി.


എന്നാല്‍ എല്ലാ അടവുകളും തകര്‍ന്നു തരിപ്പണമായപ്പോള്‍ ഒരു പുത്തന്‍ മൌലവി എഴുതുന്നത് കാണുക: “ഈ ഹദീസിന്റെ റിപ്പോര്‍ട്ടര്‍മാരുടെ പരമ്പരയില്‍ ഒരാളായ അബൂ അബ്ദുല്ലാഹി ബ്നു ഫന്‍ജവൈഹി അറിയപ്പെടാത്ത വ്യക്തിയാണെന്നും ഭൂരിപക്ഷം പണ്ഢിതന്മാരും അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞിരിക്കുകയാണെന്നും ഇബ്നുഹജറില്‍ അസ്ഖലാനി (റ) നുസ്ഹുതുന്നള്വ്ര്‍ ഫീ നുഖ്ബതില്‍ ഫിക്ര്‍ എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട്. പേജ് 71 (അല്‍ മനാര്‍ പേജ് 131, റമളാന്‍ സ്പെഷ്യല്‍ 1984)

കല്ലു വെച്ച നുണയാണിത്. ഇബ്നുഹജറി(റ) ന്റെ പ്രസ്തുത കിതാബിന്റെ എഴുപത്തിയൊന്നാം പേജില്‍ ഇതില്ലെന്നു മാത്രമല്ല, ആ ഗ്രന്ഥത്തില്‍ തന്നെ ഒരിടത്തും പ്രസ്തുത റിപ്പോര്‍ട്ടറെ പരാമര്‍ശിച്ചിട്ടേയില്ല, പരാമര്‍ശിക്കേണ്ട കാര്യവുമില്ല, കാരണം നിരൂപണ ഗ്രന്ഥമല്ല അത്. പ്രത്യുത ഹദീസ് നിദാന ശാസ്ത്രമായ ഉസ്വൂലുല്‍ ഹദീസിലെ ഗ്രന്ഥമാണത്. പക്ഷേ, ഇതുണ്ടോ പാവം മൌലവികള്‍ക്കറിയുക. എന്ന് മാത്രമല്ല, 150 ഓളം ഗ്രന്ഥങ്ങള്‍ രചിച്ച ഇബ്നുഹജര്‍(റ) അബൂ അബ്ദില്ലാഹിബ്നു ഫന്‍ജവൈഹി(റ) അയോഗ്യനാണെന്ന് തന്റെ ഒരു ഗ്രന്ഥത്തിലും പ്രസ്താവിച്ചതായോ, ഇബ്നുഹജരില്‍ അസ്ഖ്വലാനി(റ)യുടെ മുന്‍ഗാമികളിലോ പിന്‍ഗാമികളിലോ പെട്ട ഒരു ആധികാരിക പണ്ഢിതനും ഇദ്ദേഹം മജ്ഹൂലാണെന്നോ അയോഗ്യനാണെന്നോ പ്രസ്താവിച്ചതായോ തെളിയിക്കാന്‍ ഒരാള്‍ക്കും കഴിയില്ല.

താന്‍ നോക്കിയ നിരൂപണ ഗ്രന്ഥങ്ങളിലൊന്നും ഇദ്ദേഹത്തെ കാണുന്നില്ലെന്ന മുടന്തന്‍ ന്യായവും പറഞ്ഞ് ഇവരുടെ ആചാര്യനായ മുബാറക് ഫൂരി മാത്രമാണ് ഈ ആരോപണം ഉന്നയിച്ചത്. ഈ ന്യായം ശരിയാണെങ്കില്‍ ഒരു നിരൂപണ ഗ്രന്ഥത്തിലും മുബാറക് ഫൂരിയെ പരാമര്‍ശിച്ചതായി കാണാത്തത് കൊണ്ട് അദ്ദേഹം മജ്ഹൂലാണെന്നും എന്തു കൊണ്ട് വാദിച്ചു കൂടാ. അപ്പോള്‍ അബൂ അബ്ദില്ലാഹിബ്നു ഫന്‍ജവൈഹി(റ)യെ മജ്ഹൂലാക്കിയ വ്യക്തിയുടെ  ജഹാലത്തു വാക്കുകള്‍ക്ക് യാതൊരു പരിഗണനയുമില്ലെന്ന് സംക്ഷിപ്തം.....

No comments:

Post a Comment