Tuesday 7 April 2020

രക്തസാക്ഷി മരിക്കുന്നില്ല

 

ഉഹ്ദിന്റെ രണാങ്കണത്തിൽ നിലയുറപ്പിച്ച ഒരു ധീരകേസരി അന്ത്യാഭിലാഷം പോലെ തന്റെ മകനോട് പറഞ്ഞു:

‘ഇന്ന് ഈ ഉഹ്ദിന്റെ താഴ്വരയിൽ വെച്ച് ഞാൻ രക്തസാക്ഷിത്വം വരിക്കും, മുസ്ലിംകളിൽ നിന്ന് ഉഹ്ദിലെ ആദ്യ ശഹീദ് ഞാനായിരിക്കും. അല്ലാഹു സത്യം, പ്രവാചകന് ശേഷം ഈ ലോകത്ത് എനിക്ക് ഏറ്റവും പ്രിയപ്പെട്ടവൻ നീയാണ് മോനേ. അതിനാൽ ഉപ്പയുടെ സാമ്പത്തിക ബാധ്യതകളെല്ലാം തീർക്കണം. നിന്റെ സഹോദരങ്ങളോട് നല്ല നിലയിൽ വർത്തിക്കുകയും ചെയ്യുക.’

സത്യപ്രസ്ഥാനത്തിനും പ്രവാചകർക്കും വേണ്ടി സ്വയം സമർപ്പിച്ച ബനൂസലമ ഗോത്രത്തിലെ ധീരയോദ്ധാവ് അബ്ദില്ലാഹിബ്നു അംറ് എന്ന അബൂജാബിർ(റ) ആണ് ഈ പിതാവ്. രണ്ടാം അഖബ ഉടമ്പടിയിൽ തിരുദൂതരുമായി കരാറിലേർപ്പെട്ട എഴുപതു പേരിൽ ഒരാൾ. അന്ന് അവരിൽ നിന്നും നബി(സ്വ) തെരഞ്ഞെടുത്ത ഗോത്ര നായകന്മാരിൽ അദ്ദേഹവും ബനൂസലമയെ പ്രതിനിധീകരിച്ചു. മദീനയിലെത്തി തിരുദൂതരുടെ സന്തത സഹചാരിയായി ജീവിച്ചു. ബദ്റിലും പങ്കെടുത്തു.

നബി(സ്വ)യുടെ നിർദേശാനുസാരം പർവത മുകളിൽ നിലയുറപ്പിച്ചിരുന്ന അന്പെയ്ത്തുകാർ യുദ്ധത്തിന്റെ ആദ്യഘട്ടം വിജയിച്ചപ്പോൾ പ്രവാചകാജ്ഞ ലഭിക്കാതെ താഴോട്ടിറങ്ങി. അവസരം ഉപയോഗപ്പെടുത്തിയ ശത്രുക്കൾ മുസ്ലിം സൈന്യത്തിനു മേൽ പ്രത്യാക്രമണം നടത്തി. അങ്ങനെ ഉഹ്ദ് ദൗർഭാഗ്യത്തിന്റെ ചരിത്രമെഴുതി. ആ ആപദ്ഘട്ടത്തിൽ അബ്ദുല്ലാഹിബ്നു അംറ്(റ) ഘോരമായി പടപൊരുതി അദ്ദേഹത്തിന്റെ പ്രവചനം പോലെ തന്റെ അന്തിമ സമരമായി ഉഹ്ദ് മാറി.

യുദ്ധം അവസാനിച്ചു. മുശ്രിക്കുകൾക്ക് ബദ്റിനു പ്രതികാരം ചെയ്ത സംതൃപ്തി. യുദ്ധക്കളത്തിൽ ജാബിർ(റ) തന്റെ വന്ദ്യപിതാവിനെ പരതുകയായിരുന്നു. ശത്രുക്കൾ വികൃതമാക്കിയ പിതൃശരീരം അദ്ദേഹത്തിന്റെ ദൃഷ്ടിയിൽപ്പെട്ടു. ജാബിറും കുടുംബാംഗങ്ങളും അതുകണ്ടു നടുങ്ങി. തേങ്ങിത്തേങ്ങി കരഞ്ഞു.

‘നിങ്ങൾ കരഞ്ഞാലുമില്ലെങ്കിലും റബ്ബിന്റെ ഇഷ്ടദാസന്മാരായ മാലാഖകൾ അബ്ദുല്ലാഹിബ്നു അംറിന് നിഴലിട്ടുകൊണ്ടിരിക്കുന്നു…’

കുടുംബത്തിന്റെ വേപഥു കണ്ടു തിരുനബി(സ്വ) ഓർമപ്പെടുത്തി.

ശഹീദായവരെ തെരഞ്ഞുകൊണ്ടിരുന്ന ബന്ധുക്കളിൽ അബ്ദുല്ലാ(റ)യുടെ പത്നിയുമുണ്ടായിരുന്നു. മഹതി തന്റെ ഭർത്താവിന്റെയും സഹോദരന്റെയും ജനാസ ഒട്ടകപ്പുറത്ത് കയറ്റി പ്രവാചക നഗരിയിലേക്ക് യാത്ര തിരിക്കാൻ ഏർപ്പാടുകൾ ചെയ്തുകൊണ്ടിരിക്കവെ ഉഹ്ദിലെ രക്തസാക്ഷികളെ അവർ മരിച്ചു വീണിടത്തു തന്നെ മറവ് ചെയ്യണമെന്ന് പ്രവാചകരുടെ വിളിയാളം വന്നെത്തി. അതോടെ അവരാ ശ്രമം ഉപേക്ഷിച്ചു.

നബി(സ്വ)യുടെ കൽപനപ്രകാരം, മൃതിയടഞ്ഞവരെയെല്ലാം അവിടെത്തന്നെ മറവ് ചെയ്തു. അബ്ദുല്ലാഹിബ്നു അംറ്(റ)നെയും സമകാലികനും സുഹൃത്തുമായിരുന്ന അംറുബ്നുൽ ജമൂഹ്(റ)യെയും ഒരേ ഖബ്റിൽ മറമാടാൻ തിരുനബി(സ്വ) ആജ്ഞാപിച്ചു.

അങ്ങനെ ജീവിതത്തിൽ വഴിപിരിയാത്തവർക്ക് ഒരേ ഖബ്റിൽ അന്ത്യവിശ്രമമൊരുക്കി. ഹിജ്റ മൂന്ന് ശവ്വാൽ പതിനഞ്ചിനായിരുന്നു ഉഹ്ദ് യുദ്ധം നടന്നത്.

നബി(സ്വ) പിന്നീടൊരിക്കൽ അബ്ദുല്ലാഹിബ്നു അംറിന്റെ പുത്രൻ ജാബിർ(റ)നോട് പറഞ്ഞു: ‘അല്ലാഹു ഒരിക്കലും ഒരാളോടും മറയില്ലാതെ സംസാരിച്ചിട്ടില്ല. എന്നാൽ നിന്റെ പിതാവ് അബ്ദുല്ലയോട് മരണാനന്തരം റബ്ബ് അഭിമുഖമായി തന്നെ സംസാരിച്ചിരിക്കുന്നു. അതെന്താണെന്നറിയേണ്ടേ..?’

തിരുനബി(സ്വ) തുടർന്നു. അല്ലാഹു നിന്റെ ഉപ്പയോടു പറഞ്ഞു: ‘എന്റെ ദാസാ, നിനക്ക് വേണ്ടത് ചോദിച്ചോളൂ, നിറവേറ്റാം’

നാഥാ, എനിക്ക് ഐഹിക ലോകത്തേക്ക് തന്നെ മടങ്ങിപ്പോകണം. എന്നിട്ട് നിന്റെ മാർഗത്തിൽ ഒന്നുകൂടി രക്തസാക്ഷിത്വം വരിക്കണം’ അദ്ദേഹം പറഞ്ഞു.

മരണപ്പെട്ടവർ ഒരിക്കലും ഐഹിക ജീവിതത്തിലേക്ക് തിരിച്ചുപോയിക്കൂടാ എന്നത് അനിഷേധ്യമാണ്. അതിനാൽ മറ്റു വല്ലതും ആവശ്യപ്പെടൂ’

‘എങ്കിൽ പാരത്രിക ലോകത്തെ എന്റെ സന്തോഷകരമായ ജീവിതത്തെക്കുറിച്ച് എന്റെ പിൻഗാമികൾക്ക് അറിയിച്ചുകൊടുത്താലും.’

ഇതേ തുടർന്ന് ഖുർആൻ അവതരിച്ചു: ‘ദൈവിക സരണിയിൽ വധിക്കപ്പെട്ടവരെക്കുറിച്ച് മരണപ്പെട്ടു പോയവരെന്ന് നിങ്ങൾ പറയരുത്. വാസ്തവത്തിൽ അവർ ജീവിച്ചിരിക്കുന്നവരാകുന്നു. തങ്ങളുടെ രക്ഷിതാവിങ്കൽ അവർക്ക് വിഭവങ്ങൾ ലഭിക്കുന്നുണ്ട്. അല്ലാഹു അവർക്കേകിയ അനുഗ്രഹങ്ങളിൽ അവർ സന്തുഷ്ടരാകുന്നു. തങ്ങൾക്കു പിന്നിൽ ഇഹലോകത്ത് അവശേഷിച്ചവരും ഇനിയും തങ്ങളോടൊപ്പം എത്തിച്ചേർന്നിട്ടില്ലാ ത്തവരുമായ സത്യവിശ്വാസികൾ ഒട്ടും ഭയപ്പെടാനോ ദുഃഖിക്കാനോ സംഗതിയാകുന്നതല്ല എന്നോർത്ത് മനഃസമാധാനമുള്ളവരുമാകുന്നു’ (3/169,170).

ചെറിയൊരു കാരക്കത്തോട്ടം മാത്രമേ അബ്ദുല്ല(റ)ന് സ്വന്തമായി ഉണ്ടായിരുന്നുള്ളൂ. പക്ഷേ, വരുമാനത്തേക്കാൾ വലിയ സാമ്പത്തിക ബാധ്യത നിലനിൽക്കെയാണ് മഹാൻ ശഹീദാകുന്നത്. മകൻ പിതാവിന്റെ കടബാധ്യത ഏറ്റെടുക്കുകയുണ്ടായി.

ജാബിർ(റ) വിളവെടുപ്പ് നടത്തി ലഭ്യമായ കാരക്കകൾ ഒരിടത്തു കൂട്ടിവെച്ചു. കടക്കാരെയെല്ലാം വിവരമറിയിച്ചു. കടക്കാരെ കണ്ട് അദ്ദേഹം ഖിന്നനായി. കാരണം, കടം വീട്ടാൻ അതു തികയില്ല. അദ്ദേഹം കടക്കാരോട് പറഞ്ഞു: വിവാഹപ്രായമെത്തിയ സഹോദരിമാരുണ്ടെനിക്ക്. എങ്കിലും കാരക്കയിൽ നിന്നും ഒന്നും വീട്ടിൽ കൊണ്ടുപോവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പിതാവിന്റെ കടം വീട്ടണമെന്ന മോഹമേ എന്റെ മനസ്സിലുള്ളൂ. പക്ഷേ, ഇത് കടം തീർക്കാൻ പര്യാപ്തമല്ല.

ജാബിർ(റ) പ്രശ്നപരിഹാരത്തിനായി തിരുസന്നിധിയിലെത്തി. തന്റെ പരിതാപകരമായ അവസ്ഥ വിവരിച്ചു.

കാരുണ്യവാനായ പ്രവാചകർ(സ്വ) ജാബിർ(റ)ന്റെ കൂടെ ചെന്നു. കാരക്ക കൂന്പാരത്തിനു മുകളിൽ കയറിയിരിപ്പായി. കടക്കാരോടെല്ലാം കിട്ടാനുള്ള വിഹിതം വാങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. എല്ലാവരും വന്നു തങ്ങളുടെ വിഹിതം വാങ്ങി തിരിച്ചുപോയി. അവസാനത്തെയാളുടെയും കടം വീട്ടി. അവിടുത്തെ മുഅ്ജിസത്തു മുഖേനയുള്ള മഹാദ്ഭുതമായിരുന്നു അവിടെ നടന്നത്.

ജാബിർ(റ)നും കുടുംബത്തിനും പിതാവിന്റെ സാമ്പത്തിക ബാധ്യത തീർക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമായി. നബി(സ്വ)യുടെ അമാനുഷികത നേരിട്ടനുഭവിച്ച ജാബിർ(റ) പറയുന്നു: ‘തിരുദൂതർ(സ്വ) കയറിയിരുന്ന ആ കാരക്ക കൂന്പാരത്തിൽ നിന്നും ഒരെണ്ണം പോലും കുറഞ്ഞിരുന്നില്ല. ബാധ്യതകളാവട്ടെ എല്ലാവരുടെതും തീർക്കുകയും ചെയ്തു. പറിച്ചെടുത്ത അത്രയും കാരക്കയുമായാണ് ഒടുവിൽ ഞാൻ വീട്ടിൽ പോയത്’ (ബുഖാരി /390).

ഉഹ്ദ് യുദ്ധത്തിൽ രക്തസാക്ഷികളായ അബ്ദുല്ലാഹിബ്നു അംറ്(റ), അംറുബ്നുൽ ജമൂഹ്(റ) എന്നിവരെ ഒരേ ഖബ്റിലായിരുന്നുവല്ലോ മറമാടിയത്. ആ ഖബറിടം വെള്ളം ഒലിക്കുന്നിടത്തായതു കാരണം മാറ്റി ഖബറടക്കാൻ വേണ്ടി വർഷങ്ങൾ കഴിഞ്ഞ് തുറന്നുനോക്കിയപ്പോൾ ഇന്നലെ മറമാടിയതുപോലെ ഒരു മാറ്റവുമില്ലാതെ കാണപ്പെട്ടു. അവരിലൊരാൾ മുറിവു പറ്റിയ സ്ഥലം കൈകൊണ്ട് അമർത്തിപ്പിടിച്ചായിരുന്നു ശഹീദായത്. അങ്ങനെതന്നെ മറവുചെയ്തിരുന്നു. ഖബ്ർ മാറ്റാൻ വേണ്ടി ജനാസ പുറത്തെടുത്ത സമയം ആ മുറിവിൽ നിന്ന് കൈ നീക്കിയപ്പോൾ രക്തം ചീറ്റാൻ തുടങ്ങി. കൈ തൽസ്ഥാനത്തു വെച്ചപ്പോൾ അതു നിൽക്കുകയും ചെയ്തു. അങ്ങനെ പുതിയ സ്ഥലത്തേക്ക് മാറ്റി മറവു ചെയ്തു.

(മജ്മഉസ്സവാഇദ് 9/315, ഹയാതുസ്വാലിഹീൻ 373)


ടിടിഎ ഫൈസി പൊഴുതന

No comments:

Post a Comment