Friday, 24 October 2025

നിസ്കാരത്തിലെ സ്ത്രീ പുരുഷ വ്യത്യാസങ്ങൾ


സ്ത്രീകളുടെ നിസ്കാര രീതി പുരുഷന്മാരുടെ രീതിയിൽ നിന്ന് വ്യത്യസ്തമാണെന്ന് നിരവധി ഹദീസുകളും സഹാബാക്കളുടെയും താബിഈകളുടെയും ആഖ്യാനങ്ങളും തെളിയിക്കുന്നു.

ഈ വിഷയത്തിൽ മഹാന്മാരായ ഇമാമീങ്ങൾ ഏകാഭിപ്രായക്കാരാണ്. വിത്യാസങ്ങൾ പരിശോധിക്കാം.

തക്ബീറത്തുൽ ഇഹ്‌റാം

  • പുരുഷൻ: തക്ബീർ തഹ്‌രിമ ചൊല്ലുമ്പോൾ കൈകൾ ചെവി വരെ ഉയർത്തണം.
  • സ്ത്രീ: തക്ബീർ തഹ്‌രിമ ചൊല്ലുമ്പോൾ കൈകൾ തോൾവരെ മാത്രം ഉയർത്തണം.

കൈകെട്ടൽ

  • പുരുഷൻ: വലതു കൈയിലെ തള്ളവിരലും ചെറുവിരലും ഉപയോഗിച്ച് ഇടതു കൈയുടെ മണിബന്ധം പിടിച്ച് പൊക്കിളിന് താഴെ കെട്ടണം. ബാക്കി മൂന്ന് വിരലുകൾ മണിബന്ധത്തിന് മുകളിൽ വയ്ക്കണം.
  • സ്ത്രീ: ആദ്യം ഇടതു കൈ നെഞ്ചിൽ വയ്ക്കുകയും, അതിന്റെ മുകളിൽ വലതു കൈപ്പത്തി വയ്ക്കുകയും വേണം. പുരുഷന്മാരെപ്പോലെ വട്ടം പിടിക്കേണ്ടതില്ല.

റുകൂഅ്

  • പുരുഷൻ: തല, മുതുക്, പിൻഭാഗം എല്ലാം സമനിലയിലാകുന്ന തരത്തിൽ കുനിയണം
  • സ്ത്രീ: അല്പം മാത്രം കുനിയണം അതായത് രണ്ട് കൈകളും കാൽമുട്ടിൽ എത്തുന്നിടത്തോളം മാത്രം മുതുക് വളച്ചാൽ മതിയാകും. പുരുഷന്മാരെപ്പോലെ വളയരുത്.

റുകൂഇൽ കൈവെക്കൽ

  • പുരുഷൻ: വിരലുകൾ വിടർത്തി മുട്ടുകളിൽ ബലമായി പിടിക്കണം. കൈയിൽ ശക്തി ഉപയോഗിക്കണം.
  • സ്ത്രീ: വിരലുകൾ വിടർത്താതെ പരസ്പരം ചേർത്ത് മുട്ടിൽ വെക്കണം ശക്തിയായി പിടിക്കേണ്ടതില്ല. കാലുകൾ അല്പം വളഞ്ഞ നിലയിൽ നിർത്താം. പുരുഷന്മാരെപ്പോലെ പൂർണ്ണമായി നിവർത്തേണ്ടതില്ല.

  • പുരുഷൻ: റുകൂവിൽ ഇരു പാർശ്വങ്ങളിലേക്കും ശരീരവും തമ്മിൽ അകറ്റി വയ്ക്കണം
  • സ്ത്രീ: കൈകൾ ശരീരത്തോട് ചേർത്തുവയ്ക്കണം ശരീരം ഒതുക്കിയ നിലയിൽ ഇരിക്കണം.

സുജൂദ്

  • പുരുഷൻ: വയർ തുടകളിൽ നിന്നും, കൈകൾ കക്ഷികളിൽ നിന്നും അകറ്റണം. കൈമുട്ടുകളും കൈപ്പത്തികളും നിലത്ത് തൊടരുത്.
  • സ്ത്രീ: വയർ തുടയിലേക്കും, കൈകളുടെ ഭുജങ്ങൾ ഇരു പാർശ്വങ്ങളിലേക്കും, കൈമുട്ടുകൾ നിലത്തും ചേർത്ത് ഭൂമിയിലേക്ക് ചേർന്ന് സുജൂദ് ചെയ്യണം.

  • പുരുഷൻ: പാദങ്ങൾ നിവർത്തി നിർത്തി വിരലുകൾ ഖിബ്ലക്ക്‌ നേരെ ആക്കണം.
  • സ്ത്രീ: പാദങ്ങൾ നിവർത്താതെ രണ്ട് കാലുകളും വലതു ഭാഗത്തേക്ക്‌ ചരിച്ച് വയ്ക്കണം. (ഫതാവ ദാറുൽ ഉലൂം)

അത്തഹിയ്യാത്തിലെ ഇരുത്തം

  • പുരുഷൻ: ഇടതു കാൽ വിരിച്ച് അതിന്മേൽ ഇരിക്കുക.വലതു കാൽ പത്തി നിവർത്തി നിർത്തി വിരലുകൾ ഖിബ്ലക്ക്‌ നേരെ വെക്കുക.
  • സ്ത്രീ: ഇടതു നിതംബത്തിൽ ഇരുന്ന് രണ്ട് കാലുകളും വലതുവശത്തേക്ക് നീക്കി വെക്കണം. അങ്ങനെ വലതു തുട ഇടതു തുടയുടെ മുകളിലും വലതു കാൽപ്പാദം ഇടതുകാൽപാദത്തിന്റെ മുകളിലും.രണ്ട് കൈകളും തുടകളിൽ വയ്ക്കുക വിരലുകൾ വിടർത്താതെ വെക്കുക

ഈ രീതിയിൽ ഇരിക്കൽ അല്ലെങ്കിൽ സുജൂദ് ചെയ്യൽ ബുദ്ധിമുട്ടാണെങ്കിൽ അവൾക്ക് ഏറ്റവും എളുപ്പമുള്ള രീതിയിൽ ഇരിക്കാൻ അനുവാദമുണ്ട്. സാധിക്കുന്നവർ മുറപ്രകാരം ചെയ്യണം.

സ്ത്രീകൾ നിസ്കാരത്തിൽ ഒരു സമയത്തും ഉച്ചത്തിൽ ചൊല്ലാൻ അനുവാദമില്ല. താഴ്ന്ന ശബ്ദത്തിൽ ചൊല്ലണം.

സ്ത്രീകൾക്ക് ഒതുങ്ങിയ രൂപവും പുരുഷന്മാർക്ക് തുറന്ന രൂപവുമാണ് നിർദേശിക്കപ്പെട്ടിരിക്കുന്നത്.

അവലംബം : റദ്ദുൽ മുഹ്താർ, ബഹ്ഷ്തി സേവർ



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട 

1 comment:

  1. ഭർത്താവിൻ്റെ ഭാര്യ നിസ്ക്കരിക്കുമ്പോൾ ഭാര്യ ഏത് ഭാഗത്ത് നിൽക്കണം

    ReplyDelete