എല്ലാ മദ്‌ഹബുകളും ഖുർആൻ ഹദീസുകളുടെ അടിസ്ഥാനത്തിൽ ക്രോഡീകരിക്കപ്പെട്ടതാണെന്ന് വരുമ്പോൾ എല്ലാ മദ്ഹബുകളും കൂട്ടിക്കലർത്തി അമൽ ചെയ്യാമല്ലോ അതെല്ലാം ഹദീസുകൾ തന്നെയല്ലേ ? ഒരു മദ്ഹബ് അനുസരിച്ച് അമൽ ചെയ്യണമെന്ന് നിർബന്ധം കാണിക്കുന്നത് എന്തിനാണ് ?
ഖുർആൻ,ഹദീസ്, ഉസൂലുകൾ തുടങ്ങി ദീനി വിജ്ഞാനത്തിന്റെ സർവ്വ മേഖലകളിലും അഗാധമായ പാണ്ഡിത്യം നേടി അവയിൽ നിന്ന് മസ്‌അലകൾ ഗവേഷണം ചെയ്ത് മനസ്സിലാക്കാൻ സാധിക്കാത്ത (മുജ്തഹിദ് മുത് ലഖ് അല്ലാത്ത) എല്ലാവർക്കും ഏതെങ്കിലും ഒരു മദ്ഹബിലെ ഇമാമിനെ തഖ്ലീദ് (പിന്തുടരൽ) ചെയ്യൽ നിർബന്ധമാണ്. എന്ന് മാത്രമല്ല എല്ലാ മസ്അലകളിലും ആ ഇമാമിന്റെ മദ്ഹബിലെ മുഫ്താ ബിഹി (പ്രബലാഭിപ്രായം ) അനുസരിച്ച് തന്നെ അമൽ ചെയ്യൽ നിർബന്ധമാണ്.
ഒരേസമയം നാലു ഇമാമുകളെയും പിന്തുടരൽ സാധ്യമല്ല. അതിന്റെ കാരണം ശാഖാപരമായ അധിക വിഷയങ്ങളിലും നാല് മദ്‌ഹബുകൾക്കിടയിലും അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളതിനാൽ ഒരേ സമയം നാലു പേരെയും പിന്തുടരുക അസാധ്യമാണ്. അതുകൊണ്ട് ഒരു ഇമാമിനെ തഖ്ലീദ് (പിന്തുടരൽ) നിർബന്ധമാണ്. കാരണം ഒരു സാധാരണ വ്യക്തിക്ക് അഥവാ മതനിയമങ്ങളുടെ വിശദമായ ആഖ്യാനം കണ്ടെത്താനുള്ള കഴിവില്ലാത്തവന് ഏതു വിഷയത്തിലും ഏതു ഇമാമിന്റെ അഭിപ്രായം തന്നിഷ്ടമാകുന്നുവോ അതിനെ പിന്തുടരാനുള്ള അവകാശം നൽകിയാൽ അവൻ ദീനിന്റെ അനുസരണയല്ല മറിച്ച് സ്വന്തം ഇഷ്ടത്തിന്റെയും നാഫ്സിന്റെയും അനുസരണയായി മാറും. അതിന്റെ ഫലമായി അവൻ തനിക്കിഷ്ടമുള്ള വിഷയങ്ങളിൽ തനിക്കനുകൂലമായ അഭിപ്രായം തിരഞ്ഞെടുക്കും അങ്ങനെ ദീൻ ദീനായി നിലനിൽക്കാതെ ഒരു കളിപ്പാട്ടമായി മാറിപ്പോകുന്നതാണ്.
ലളിതമായ ഉദാഹരണം
ഒരു വ്യക്തി വുളു ചെയ്തു. വുളു കഴിഞ്ഞതിന് ശേഷം അവന്റെ ശരീരത്തിൽനിന്ന് രക്തം പുറത്തുവന്നു. അപ്പോൾ ഒരാൾ പറഞ്ഞു. നിന്റെ വുളു മുറിഞ്ഞു. അതിന് അവൻ മറുപടി നൽകി. ഈ വിഷയത്തിൽ ഞാൻ ശാഫിഈ മദ്ഹബ് സ്വീകരിക്കുന്നു. കാരണം അവരുടെ അഭിപ്രായത്തിൽ രക്തം പുറത്തുവരുന്നത് കൊണ്ട് വുളു മുറിയില്ല. അൽപ്പം കഴിഞ്ഞ് അവൻ ഭാര്യയെ തൊട്ടു. അപ്പോൾ ഒരാൾ പറഞ്ഞു: ഇമാം ശാഫിഈ (റ) യുടെ അഭിപ്രായത്തിൽ ഭാര്യയെ തൊട്ടാൽ വുളു മുറിയും. അതിന് അവൻ മറുപടി പറഞ്ഞു: ഈ വിഷയത്തിൽ ഞാൻ ഹനഫി മദ്ഹബ് സ്വീകരിക്കുന്നു. കാരണം അവരുടെ അഭിപ്രായത്തിൽ ഭാര്യയെ തൊട്ടാൽ വുളു മുറിയില്ല.ഇപ്പോൾ അയാൾ അതേ വുളുവിൽ നിസ്കാരം നിർവഹിച്ചാൽ ഇമാം ശാഫിഈ (റ) യുടെയും ഇമാം അബൂ ഹനീഫ (റ) യുടെയും അഭിപ്രായപ്രകാരം ആ നിസ്കാരം ശരിയാകില്ല. എന്നാൽ അവൻ തന്റെ ഇഷ്ടം അനുസരിച്ച് വിചാരിക്കും എന്റെ നമസ്കാരം ശരിയായി.
ഇങ്ങനെ ദീൻ ഒരാളുടെ ഇഷ്ടാനുസരണം മാറ്റിമറിക്കപ്പെട്ടാൽ ദീൻ ഒരു കളിപ്പാട്ടമായി മാറും (അല്ലാഹു നമ്മെ രക്ഷിക്കുമാറാകട്ടെ). അങ്ങനെ ഏതു വിഷയത്തിലും സ്വന്തം ഇഷ്ടത്തിന് അനുയോജ്യമായ മദ്ഹബ് പിന്തുടരുന്നത് അല്ലാഹുവിന്റെ താല്പര്യം അല്ല ഉദ്ദേശിക്കുന്നത് മറിച്ച് നഫ്സിന്റെ താല്പര്യ സംരക്ഷിക്കലാണ്. അല്ലാഹുവിന്റെ തൃപ്തി അല്ല മറിച്ച് അവന്റെ നഫ്സിന്റെ ആഗ്രഹ പൂർത്തീകരണമാണ് ഇവിടെ ദീൻ കൊണ്ട് അല്ലാഹു എന്താണ് ഉദ്ദേശിക്കുന്നത് അതിന്റെ വിപരീത ഫലമാണ് ഉണ്ടാകുന്നത്.
ഉത്തമകാലഘട്ടത്തിൽ
സ്വഹാബാക്കളിൽ ചിലർക്ക് ചിലരുടേതായ അഭിപ്രായങ്ങളെയും ഫത്വകളെയും അനുസരിച്ച് പ്രവർത്തിക്കാറുണ്ടായിരുന്നു. സ്വഹീഹ് ബുഖാരിയിലെ ഒരു ഹദീസ് അതിനുദാഹരണമാണ് മദീനയിലെ ചിലർ അബ്ദുല്ലാഹ് ഇബ്ന് അബ്ബാസ് (റ) യോട് ചോദിച്ചു. ഒരു സ്ത്രീ തവാഫ്-ഇ-സിയാറത്ത് (ഹജ്ജിലെ പ്രധാന തവാഫ്) കഴിഞ്ഞ് ഹൈള് തുടങ്ങുകയാണെങ്കിൽ അവൾ തവാഫ്-ഇ-വദാഅ് ചെയ്യാതെ വീട്ടിലേക്കു മടങ്ങാമോ? അബ്ദുല്ലാഹ് ഇബ്ന് അബ്ബാസ് (റ) മറുപടി നൽകി: അവൾക്ക് മടങ്ങാം.
അതുകേട്ട് മദീനക്കാർ പറഞ്ഞു: ഞങ്ങൾ നിങ്ങളുടെ ഫത്വയെ പിന്തുടർന്ന് സൈദ് ഇബ്ന് സാബിത്ത് (റ) യുടെ ഫത്വയെ വിട്ടേക്കാൻ കഴിയില്ല. ഇതിൽ നിന്ന് മനസ്സിലാക്കാം മദീനയിലെ സ്വഹാബികൾ സൈദ് ഇബ്ന് സാബിത്ത് (റ)യുടെ അഭിപ്രായത്തെയും ഫത്വയെയും അനുസരിച്ച് പ്രവർത്തിക്കാറുണ്ടായിരുന്നു.
നമുക്കുള്ള മാതൃക
പ്രഗൽഭരും പ്രശസ്തരായ മഹാന്മാരായ ഹദീസ് പണ്ഡിതന്മാരും ഫിഖ്ഹ് പണ്ഡിതന്മാരും നാലു ഇമാമുമാരിൽ ഒരാളുടെ മദ്ഹബ് അനുസരിച്ചാണ് പ്രവർത്തിച്ചിരുന്നത്. അതിലാണ് അവർ സുരക്ഷയും സമാധാനവും മനസ്സിലാക്കിയത്.
ഇമാം അബൂ യൂസുഫ് (റ) ഇമാം മുഹമ്മദ് (റ) ഇമാം ത്വഹാവി (റ) ഇമാം ശംസുൽ അഇമ്മ ഹൽവാനി (റ) ഇമാം ഫഖ്റുൽ ഇസ്ലാം ബസ്ദവി (റ) ഇമാം അബുൽ ഹസൻ കർഖി (റ) എന്നിവരെല്ലാം മഹാനായ മുഹദ്ദിസ്മാരും ഫുഖഹാക്കളും ആയിരുന്നു. ഇവർ എല്ലാവരും ഹസ്രത് ഇമാം അബൂ ഹനീഫ (റ)യെ തഖ്ലീദ് ചെയ്യുന്നവരും അവരുടെ മദ്ഹബിനെ പിന്തുടരുന്നവരുമായിരുന്നു.
ഇമാം തിർമിദി (റ) ഇബ്ന് ഹജർ അസ്ഖലാനി (റ) ഇമാം നവവി (റ) ഇമാം ഗസ്സാലി (റ) ഇമാം സുയൂഥ്വി(റ) തുടങ്ങിയവർ ഇമാം ഷാഫി (റ) യുടെ മദ്ഹബിനെ പിന്തുടർന്നവരായിരുന്നു.
ഇമാം അബൂദാവൂദ് (റ) ഇമാം നസാഈ (റ)യും ഹസ്രത് ഇമാം അഹ് മദ് ബിൻ ഹൻബൽ (റ)യുടെ മദ്ഹബിനെ പിന്തുടർന്നവരായിരുന്നു.
ഇബ്ന് അബ്ദുല്‍ ബര്‍ അല്‍-മാലികി (റ) വലിയൊരു ഫഖീഹും മുഹദ്ദിസും ആയിരുന്നിട്ടും ഇമാം മാലിക് (റ) യെ പിന്തുടരുന്നവരായിരുന്നു. ഹദീസും ഫിഖ്ഹും നമുക്ക് എത്തിച്ചു തന്ന ഇതേ ഇമാമീങ്ങൾ തന്നെയാണ് ഒരു മദ്ഹബിനെ തന്നെ പിന്തുടരണമെന്നും നമ്മെ പഠിപ്പിച്ചത്.
ഇൽമിന്റെ സമുദ്രങ്ങളായ ഫുഖഹാക്കളും മുഹദ്ദിസീങ്ങളും ഒരു ഇമാമിനെ അനുസരിച്ച് തങ്ങളെ ഇമാമുകളുടെ അനുയായികളായി കണക്കാക്കുമ്പോൾ ഇമാമീങ്ങളെ പിന്തുടരുന്ന വിഷയത്തിൽ നാം അവരെക്കാൾ മേലെആയവരെന്നോ സ്വതന്ത്രരെന്നോ കരുതാൻ എങ്ങനെ സാധിക്കും ? ഇഷ്ടാനുസരണം ദീനിനെ മാറ്റി മറിച്ച് സ്വന്തം നഫ്സിനെ പിന്തുടരുന്നത് ആഖിറം നഷ്ടമാകാൻ കാരണമായിത്തീരും.
അതിനാലാൽ ഒരു ഇമാമിനെ തഖ്‌ലീദ് സ്വീകരിക്കുകയും ആ മദ്ഹബിനെ പൂർണ്ണമായും അംഗീകരിച്ച് അതിൽ ഉറച്ചുനില്ക്കുകയും ചെയ്യേണ്ടത് നിർബന്ധവും അത്യാവശ്യവുമാണ്.
ആനയെ കണ്ട ഗൈർ മുഖല്ലിദുകൾ
ഖുർആനും ഹദീസും പഠിച്ച് അമൽ ചെയ്യണം.അത്യാകർഷകമായ ഒരു അഭിപ്രായമാണ്. കാരണം നബി ﷺ തങ്ങൾ കൽപ്പിച്ചത് ഖുർആനും ഹദീസും മുറുകെ പിടിക്കാനാണ്.
അങ്ങനെ എങ്കിൽ മലയാളിയായ ഒരാൾക്ക് കുറഞ്ഞത് 40 വയസ്സങ്കിലും ആകാതെ രണ്ടു റകഅത് നിസ്കാരം നിർവഹിക്കാൻ സാധിക്കില്ല.
കാരണം അറബി ഭാഷ സംസാരിക്കുന്ന നാട്ടിൽ അറബി സാഹിത്യത്തിൽ പരിജ്ഞാനമുള്ള കുടുംബത്തിൽ ജനിച്ച ഇമാം ഷാഫിഈ (റ) അറബി ഭാഷ പഠിക്കാൻ വേണ്ടി 20 വർഷങ്ങൾ പ്രത്യേകം ചിലവഴിച്ചിട്ടുണ്ട് (തഹ്ദീബുൽ ആസ്മാ വല്ലുഗാത് ).
ഒരാൾ അറബി പഠിച്ച് ഖുർആൻ ഹദീസ് അതിന്റെ ബാഹ്യ ആന്തരിക അർത്ഥങ്ങൾ വിവിധങ്ങളായ വിജ്ഞാന മേഖലകൾ പഠിച്ചു വരുമ്പോഴേക്കും 40 വയസ്സ് മതിയാകുമോ എന്നാണ് സംശയം.
ഖുർആൻ ഹദീസ് അനുസരിച്ച് അമൽ ചെയ്യണം എന്നാൽ അത് പഠിച്ചവർ നമുക്ക് മനസ്സിലാക്കി തരുന്നതനുസരിച്ച് അമൽ ചെയ്യണമെന്നതാണ്.
عن عكرمة: أن أهل المدينة سألوا ابن عباس رضي الله عنهما عن امرأة طافت ثم حاضت، قال لهم: تَنْفُر، قالوا: لا نأخذ بِقَولِكَ وَنَدَع قَولَ زَيْد، قال: إذا قَدِمتم المدينة فَسْلُوا، فقدموا المدينة فسألوا، فكان فيمن سألوا أم سليم، فذكرت حديث صفية.
رواه خالد وقتادة عن عكرمة. رواه البخاري (كتاب الحج، باب إذا حاضت المرءة بعد ما أفاضت، ج:2، ص:180، رقم:1758، ط:دار طوق النجاة)
"ويجب علينا أن نعتقد أن الأئمة الأربعة والسفيانين والأوزاعي وداود الظاهري وإسحاق بن راهويه وسائر الأئمة على هُدى، ولا التفات لمن تَكَلَّم فيهم بما هم بريئون منه، والصحيح وفاقًا للجمهور أن المصيب في الفروع واحد، ولله تعالى فيما حكم عليه أمارة، وأن المجتهد كُلِّف بإصابته، وأن مخطئه لا يُؤْثَم بل يُؤجر، فمن أصاب فله أجران، ومن أخطأ فله أجر نعم، إن قصر المجتهد أثم اتفاقًا، وعلى غير المجتهد أن يُقَلِّد مَذْهَبًا معينًا."
(فیض القدیر حرف الهمزۃ، ج:1، ص:209، رقم:288، المکتبة التجاریة)
"إن هذه المذاهب الأربعة المدونة المُحرَّرة قد اجتمعت الأمة، أو من يُعْتَدُّ به منها على جواز تَقْلِيدها إلى يومنا هذا، وفي ذلك من المصالح ما لا يخفى، لا سيما في هذه الأيام التي قَصُرَت فيها الهمم جدًا، واشْرَبَت النفوس الهَوَى، وأعجب كل ذي رأي برأيه."
(حجة الله البالغة، ج:1، ص:154، ط: مكتبة حجاز)
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment