മസ്ജിദുകൾ നിർമ്മിക്കുന്നതും അവ നിസ്കാരവും മറ്റു ആരാധനകൾ കൊണ്ടു പരിപാലിക്കുന്നതും പുണ്യകരമായി കാണുന്ന ഇസ്ലാം അലങ്കരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നില്ല.
പള്ളിനിർമ്മാണങ്ങളിൽ മോഡിക്കു പ്രാധാന്യം കൽപ്പിക്കുന്നതിനെയും അലങ്കരിക്കുന്നതിനെയും നിരുത്സാഹപ്പെടുത്തുന്ന ഹദീസ് വചനങ്ങൾ (സുനനു അബീദാവൂദ്, ക്രമനമ്പർ:446,സ്വഹീഹു ഇബ്നി ഹബ്ബാൻ 1615 ) നിരവധിയുണ്ട്. ജൂതക്രിസ്ത്യാനികളെ പോലെ ആരാധനാലയങ്ങൾ അലങ്കരിക്കുന്ന (മോശം പ്രവണത) നിങ്ങൾ പിൽക്കാലത്ത് പിന്തുടരുമെന്ന് സയ്യിദുനാ ഇബ്നു അബ്ബാസ് (റ) പറഞ്ഞതായി അബൂ ദാവൂദ് (430) നിവേദനം ചെയ്യുന്നുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ മസ്ജിദുകളെ അമിതമായി അലങ്കരിക്കുന്നത് പൊതുവെ പണ്ഡിതലോകത്ത് നല്ലതല്ലാത്ത പ്രവണതയായി വിലയിരുത്തപ്പെട്ടിട്ടുണ്ട്.
ചുമരുകളിൽ ഖുർആൻ വചനങ്ങൾ ഉല്ലേഖനം ചെയ്യുന്ന നടപടിയെ ഇസ്ലാമിക കർമ്മശാസ്ത്രം നല്ലതല്ലാത്ത അത്യാചാരമായിട്ടാണ് കാണുന്നത്. (അൽ ഫത്ഹുൽ മുബീൻ /477, അൽഫതാവൽ ഹദീസിയ്യ:പു.109 കാണുക)
പള്ളിച്ചുമരുകളിലും മറ്റും ഖുർആൻ വരികൾ കോറിയിടിന്നത് കറാഹത്താണെന്ന് ഇമാം ഖത്വീബു ശിർബീനി (മുഗ്നിൽ മുഹ്താജ് 1/152) രേഖപ്പെടുത്തുന്നുണ്ട്. ഖുർആൻ വചനങ്ങൾ പോലെ തന്നെ അസ്മാഉൽ ഹുസ്നയും കോറിയിടുന്നത് കറാഹത്താണെന്ന് ഇമാം നവവി (ശർഹുൽ മുഹദബ് 2/70) വ്യക്തമാക്കിയിട്ടുണ്ട്.
ഖുർആൻ ഉല്ലേഖനംചെയ്യപ്പെട്ട ചുമരുകൾ തൂണുകൾ എന്നിവ പൊളിക്കുന്നത് കറാഹതാണെന്നും ഇമാമുകൾ
(അസ്നൽ മാത്വലിബ് 1/62, മുഗ്നി 1/152) രേഖപ്പെടുത്തിയത് കാണാം.
മസ്ജിദുകളിൽ വരുത്തുന്ന അലങ്കാരപ്പണികൾ, കൊത്തുപണികൾ, തുടങ്ങിയ ഏതു വിധത്തിലുമുള്ള മോഡി കൂട്ടലുകളും കറാഹത്താണെന്ന് ഇമാം നവവി (ശർഹുൽ മുഹദബ് 2/180) രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ നിസ്കരിക്കുന്നവരുടെ ശ്രദ്ധതിരിച്ചുവിടുന്ന തരത്തിലുള്ള മോഡിക്കൂട്ടലുകളാണ് മോശം കാര്യമെന്നും അല്ലാതെ ഭംഗി വരുത്തുന്നത് കറാഹത്തിന്റെ പരിധിയിൽ പെടില്ലെന്നും ഇമാം സുബ്കി (ഫതാവസുബ്കി, പു. 276-277) നിരീക്ഷിക്കുന്നുണ്ട്.
സഹോദര മദ്ഹബുകളുടെ നിലപാടു കൂടെ പരിശോധിക്കാം;
കിബ്ലയുടെ ഭാഗത്ത് നടത്തുന്ന അലങ്കാര പണികൾ കറാഹത്തും അല്ലാത്തത് കറാഹത്ത് അല്ലെങ്കിലും അതിന് മുടക്കുന്ന പണം പാവങ്ങൾക്കു ദാനംചെയ്യുന്നതാണ് നല്ലതെന്നുമാണ് ഹനഫീ മദ്ഹബിൽ പ്രബലം (അദ്ദുർറുൽ മുഖ്താർ ഇബ്നു ആബിദീൻ സഹിതം 1/658 കാണുക).
പള്ളിയുടെ നിർമ്മാണം മനോഹരമാക്കുന്നത് പുണ്യകരമാണെന്നും എന്നാൽ നിസ്കരിക്കുന്നവരുടെ ശ്രദ്ധതെട്ടിക്കുമെന്നതിനാൽ ഖിബ്ലയുടെ ഭാഗത്ത് നടത്തുന്ന അലങ്കാര പണികളും ഖുർആൻ എഴുത്തുകളും കറാഹത്താണെന്നുമാണ് മാലികീ പണ്ഡിതരുടെ പക്ഷം (മവാഹിബുൽ ജലീൽ 1/551) .
സാധാരണ ഗതിയിൽ നിസ്കരിക്കുന്നവരുടെ ഭക്തിയെ ബാധിക്കുന്ന തരത്തിലുള്ള ഏതു തരം ചിത്രപ്പണികളും അലങ്കാരങ്ങളും എഴുത്തുകുത്തുകളും കറാഹത്താണെന്നും അത് വഖുഫു സ്വത്തിൽ നിന്നാണെങ്കിൽ ഹറാമാണെന്നുമാണ് ഹമ്പലീ മദ്ഹബ് (കശാഫുൽ കിനാഅ് 2/366).
ഇസ്മാഈൽ_അഹ്സനി_പുളിഞ്ഞാൽ, മക്കത്തുൽ_മുകർരമ
No comments:
Post a Comment