Wednesday, 8 October 2025

നഗ്നനായി ഉറങ്ങണോ?

 

വിവസ്ത്രനായി ഉറങ്ങുന്നതാണോ അഭികാമ്യം?  നഗ്നനായി ഉറങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ  ഒരു പരാമർശം കാണാനിടയായി.നിജസ്ഥിതി പറഞ്ഞുതരാമോ?

നഗ്നത മറക്കാതെ ഉറങ്ങാൻ ഇസ്ലാം നിർദേശിക്കുന്നില്ല.ചോദ്യത്തിൽ സൂചിപ്പിച്ച പ്രയോഗങ്ങൾ ചിലകർമ്മശാസ്ത്ര ഗ്രന്ഥങ്ങളിലുണ്ട്. നിഹായ(2/31)അതിനൊരു ഉദാഹരണമാണ്. എന്നാൽ അത്തരം കൃതികളുടെ പരാമർശം അതിന്റെ ബാഹ്യമായ ആശയം ഉദ്ദേശിച്ചല്ലെന്ന് വേണം മനസ്സിലാക്കാൻ.

നിഹായയുടെ വരികൾ ഇങ്ങനെ വായിക്കാം;

“ولو نام في ثوبه فكثر فيه دم البراغيث التحق بما يقتله منها عمدا لمخالفته السنة من العري عند النوم، ذكره ابن العماد بحثا، وهو محمول على عدم احتياجه للنوم فيه، وإلا عفي عنه”

("ഒരു വ്യക്തി തൻ്റെ വസ്ത്രത്തിൽ കിടന്നുറങ്ങുമ്പോൾ, അതിൽ ധാരാളം ചെള്ള് രക്തം പുരണ്ടാൽ, അത് മനഃപൂർവം കൊല്ലുന്നതിന് തുല്യമാണ്. കാരണം, നഗ്നനായി ഉറങ്ങുക എന്ന പ്രവാചകചര്യക്ക് (സുന്നത്ത്) അയാൾ വിരുദ്ധമായി പ്രവർത്തിച്ചു. ഇത് ഇബ്നുൽ ഇമാദ് ഒരു ചർച്ചയായി ഉന്നയിച്ചതാണ്. അദ്ദേഹത്തിൻ്റെ അഭിപ്രായം, വസ്ത്രം ധരിച്ച് ഉറങ്ങേണ്ട ആവശ്യമില്ലാത്ത സാഹചര്യത്തിൽ മാത്രം ഇത് ബാധകമാണ്. എന്നാൽ, വസ്ത്രം ധരിച്ച് ഉറങ്ങേണ്ട ആവശ്യം വന്നാൽ അത് മാപ്പ് നൽകപ്പെടും." (നിഹായ:2/31).

ഇബ്നു ഹജറിൽ ഹൈതമി ‘ഈആബി’ലും ഇമാം ദമീരി അന്നജ്മുൽ വഹാജി (7/36) ലും സമാനമായ ആശയം പറഞ്ഞതു കാണാം.

ഇവിടെ, വിവസ്ത്രനായി ഉറങ്ങുന്നതാണ്  നബിചര്യ എന്ന പ്രയോഗമാണ് സംശയമുണ്ടാക്കുന്നതെന്ന് വ്യക്തമാണ്. എന്നാൽ, വിജനമായ സ്ഥലങ്ങളിൽ പോലും അനാവശ്യമായി ഉഗ്രനഗ്നത (പുരുഷന്മാർ ഉമ്മറവും പിന്നാമ്പുറവും, സ്ത്രീകൾ മുട്ടിനും പൊക്കിളിനും ഇടയിലുള്ള ഭാഗം) പ്രദർശിപ്പിക്കുന്നത് ഹറാമാണെന്ന ഇമാമുകളുടെ മൊഴികളി (തുഹ്ഫ:,2/110,നിഹായ :2/6) ൽ നിന്നു തന്നെ നടെ സൂചിപ്പിച്ച ഉദ്ധരണികളുടെ ബാഹ്യവായന തെറ്റാണെന്നു മനസിലാക്കാം.

പകരം, ഉണർന്നിരിക്കുമ്പോൾ ധരിക്കാറുള്ള വസ്ത്രം ഉറങ്ങുന്ന വേളയിൽ അഴിച്ചുവെച്ച്  മറ്റൊരു തുണികൊണ്ട് നഗ്നത യുൾപ്പെടെയുള്ള ശരീരഭാഗങ്ങൾ മറച്ചു ഉറങ്ങുന്നതാണ് ശരിയായ രീതി എന്നുമാത്രമാണ് ഇതിന്റെ ഉദ്ദേശ്യം. കാരണം,  ഉറങ്ങുമ്പോൾ ധരിച്ചവസ്ത്രം കൊതുക്, മൂട്ട തുടങ്ങിയ ജീവികളുടെ ശല്യമുള്ളയിടങ്ങളിൽ അവ കടിച്ചസ്ഥലങ്ങളിൽ മാന്തി രക്തം പൊട്ടി മലിനമാകാനും,അതുതന്നെ ഉണർന്നിരിക്കുമ്പോൾ ധരിച്ചു നിസ്കരിക്കാൻ ഇടയാവുകയും ചെയ്യും. അതു ഒഴിവാക്കുകയാണു പ്രധാനം. 

ഇക്കാര്യം ഇമാം ഗത്തീബു ശിർബീനി (മുഗ്നി:4/218 )യുടെ മൊഴികളിൽ നിന്നു വ്യക്തമാണ്.

മുഗ്നിയുടെ വരികൾ; 

“فائدة: أفاد السبكي عن أبي عبد الله بن الحاج، وكان رجلا صالحا عالما أنه كان يذكر أنه يكره النوم في الثياب، وأن السنة العرى عند النوم أي ويتغطى بثيابه أو بغيرها”

(സ്വാതികനും പണ്ഡിതനുമായിരുന്ന അബൂ അബ്ദുല്ലാഹ് ഇബ്നുൽ ഹാജിൽ നിന്ന് സുബ്കി ഒരു കാര്യം ഉദ്ധരിക്കുന്നുണ്ട്; വസ്ത്രം ധരിച്ച് ഉറങ്ങുന്നത് കറാഹത്താണ്, ഉറങ്ങുമ്പോൾ നഗ്നനായി കിടക്കുന്നതാണ്  സുന്നത്തെന്നും എന്നും അദ്ദേഹം പറയാറുണ്ടായിരുന്നു. 

അഥവാ പിന്നീട് സ്വന്തം വസ്ത്രം കൊണ്ടോ മറ്റെന്തെങ്കിലും ഉപയോഗിച്ചോ ശരീരം മറയ്ക്കുക).

സമാനമായ , ‘ഈആബി’ന്റെ  പ്രയോഗം സംബന്ധിയായി ശൈഖ്  മുഹമ്മദുൽ അഹ്ദൽ (മരണം ഹി. 1352) നോട് ചോദിക്കപ്പെട്ടപ്പോൾ  സമാനമായ വ്യാഖ്യാനം പറഞ്ഞതായി സയ്യിദുൽ ബക്രി (ഇആനതു ത്വാലിബീൻ 4/80) ഉദ്ധരിച്ചതും കാണാം.


ഇസ്മാഈൽ_അഹ്സനി_പുളിഞ്ഞാൽ

No comments:

Post a Comment