Wednesday, 8 October 2025

കടബാധ്യതഉള്ളവർ കടം വീട്ടാതെ സംഭാവനകൾ നൽകുന്നതിന്റെ വിധിഎന്താണ്?

 

അല്ലാഹുവിനോ ﷻ മനുഷ്യർക്കോ ഉള്ള നിർബന്ധ സാമ്പത്തിക ബാധ്യതകൾ നിർവ്വഹിക്കുന്നതിനു മുൻപ് ഐച്ഛിക കാര്യങ്ങളിലേക്ക് പണം ചെലവഴിക്കുന്നത് ശരിയല്ല. 

അല്ലാഹുവിനോടുള്ള ﷻ കടങ്ങളുടെ മികച്ച ഉദാഹരണങ്ങളാണ് സകാത്ത്, ഹജ്ജ് ഉംറകൾ, വ്രതവീഴ്ച കാരണമുള്ള മുദ്ദ് തുടങ്ങിയവ. ഇത്തരം സാമ്പത്തിക ബാധ്യതയുള്ളവർക്കും മനുഷ്യരുമായി ബന്ധപ്പെട്ട കടബാധ്യതകൾ (ആശ്രിതർക്കുള്ള ചെലവു ഉൾപ്പെടെ) ഉള്ളവർക്കും ഈ ബാധ്യതകൾ തീർക്കാനുള്ള പ്രകടമായ മറ്റുവഴികൾ മുന്നിൽ തെളിയാത്ത കാലത്തോളം ഐച്ഛിക മാർഗ്ഗങ്ങളിലേക്ക് പണം ചെലവഴിക്കാൻ പാടില്ലാത്തതും കുറ്റകരവുമാണ്.

കിട്ടാനുള്ള കടം ഒഴിവാക്കികൊടുക്കുന്നതിനും സൗജന്യംചെയ്യുന്നതിന്റെ വിധിയാണ്.  (തുഹ്ഫ:7/181,നിഹായ: 6/175).

ഈ വിലക്കു ലംഘിച്ചു ഐച്ഛികമാർഗത്തിൽ ചെലവഴിച്ചാൽ അത് വാങ്ങുന്നവർക്ക് അത് അനുഭവിക്കാമെന്നാണു മദ്ഹബിൽ പ്രബലം (തുഹ്ഫ: 7/181, നിഹായ: 6/175).

അതേസമയം, നിർബന്ധകാര്യം പൂർത്തിയാക്കാതെ ഐച്ഛിക വഴികളിലേക്കു പണം ചെലവിടുന്നതു കുറ്റകരമായതു പോലെ അതു വാങ്ങുന്നത് നിയമവിരുദ്ധമാണെന്നും അതിനാൽ അതു വാങ്ങിയവർക്കു അനുവദനീയമാകില്ലെന്നും ശഠിച്ച അനേകം ഇമാമുകൾ തന്നെയുണ്ട്. 

ഇമാം ഇബ്നു സിയാദ് (വഫാത്ത് ഹി.975) അതിൽ പ്രമുഖനാണ്. ഇമാം ഇബ്നു ഹജർ, ശർഹുബാഫളുൽ (പു.), ഫത്ഹുൽ ജവാദ് (2/492), അൽ ഇംദാദ് (കയ്യെഴുത്ത് പ്രതി, പു. 60) എന്നീ ഗ്രന്ഥങ്ങളിൽ ഈ  നിലപാടു വെച്ചു പുലർത്തിയിരുന്നു. പിന്നീട് അതു തിരുത്തുകയും, ദാനംചെയ്യുന്നത് തെറ്റാണെങ്കിലും വാങ്ങുന്നവർക്ക് അത് അനുവദനീയമാകുമെന്നു സമർത്ഥിച്ചു  ‘ഖുർറത്തുൽ ഐൻ..’ എന്നപേരിൽ ഒരു ലഘുഗ്രന്ഥം തന്നെ എഴുതുകയും ചെയ്യുകയുണ്ടായി. 

ആഴത്തിലുള്ള വായനകൾക്കും പഠനമനനങ്ങൾക്കും ശേഷം നിലപാടുകളിൽ മാറ്റം വരുന്നതും ഏറ്റവും പ്രാമാണികവും നീതിയുക്തവും തന്റെ ആദ്യനിരീക്ഷണവും അല്ലെന്നു ബോധ്യപ്പെടുമ്പോൾ അതു ഉറക്കെ പറയാൻ പണ്ഡിതർ അമാന്തിക്കരുതെന്നും പൂർവ്വകാല ഇമാമുകളിൽ മാതൃകയുണ്ട്.



ഇസ്മാഈൽ_അഹ്സനി_പുളിഞ്ഞാൽ

No comments:

Post a Comment