ഖുർആൻ മുഴുവൻ മനഃപ്പാഠമാക്കുന്നത് സാമൂഹ്യബാധ്യതയാണ് (ഫത്താവൽ കുബ്രാ 1/37,നിഹായ: 3/27,മുഗ്നി 2/51,ഗായത്തുൽ ബയാൻ 1/23,അന്നജ്മുൽ വഹാജ് 9/292) വ്യക്തികൾക്കു സവിശേഷമായ പുണ്യകർമ്മവും.
കുട്ടികൾക്കു പ്രഥമമായി പഠിപ്പിക്കേണ്ടത് ഖുർആൻ മനഃപ്പാഠമാക്കാനാണെന്നും, പൗരാണികർ ഖുർആൻ ഹൃദിസ്ഥമാക്കാത്തവർക്കു ഹദീസോ ഫിഖ്ഹോ പഠിപ്പിക്കാൻ കൂട്ടാക്കിയിരുന്നില്ലെന്നും ഇമാം നവവി (ശർഹുൽ മുഹദ്ദബ് 1/38) എഴുതിയിട്ടുണ്ട്.
എന്നാൽ ഹൃദിസ്ഥമാക്കിയ ശേഷം ഖുർആൻ മറക്കുന്നത്, അല്ലെങ്കിൽ മറവിയിലേക്കു തള്ളിവിടുന്നത് കുറ്റകരമാണ്. വൻപാപങ്ങളിൽപെട്ടതാണെന്നു അഭിപ്രായപ്പെട്ടവരുമുണ്ട്. ഇമാം റാഫിഈ, (അശ്ശർഹുൽ കബീർ) നവവീ (റൗള: 11/223) അവരിൽ പ്രമുഖരാണ്. ഇമാം ഇബ്നുഹജറിൽ ഹൈതമി (റ) ‘സവാജിറി’ (1/199) ൽ വൻപാപങ്ങളുടെ പട്ടികയിൽ അറുപത്തി എട്ടാമത്തെ ക്രമനമ്പറായി, ഖുർആൻ മനഃപ്പാഠമാക്കിയ ശേഷം മറക്കാൻ ഇടയാക്കുന്നത് എണ്ണുന്നത് കാണാം.
അതെസമയം, അതു കുറ്റകരമാണെങ്കിലും ഉഗ്രപാപാപങ്ങളിൽ പ്പെടുത്താൻന്യാമില്ലെന്നാണ് മറ്റൊരു വിഭാഗം പണ്ഡിതരുടെ നിലപാട്.
നിഷിദ്ധമായ മറവി കൊണ്ടുള്ള വിവക്ഷ ഇമാം ഇബ്നു ഹജർ (ഫതാവൽ കുബ്രാ 1/36) വിശദീകരിക്കുന്നത് ഇങ്ങനെ സംഗ്രഹിക്കാം;
നിഷിദ്ധംമാകുന്ന ‘നിസ്സ്യാൻ’ ഒരാളുടെ മനസ്സിൽ മുഴുവനായും ഓർമ്മ നിന്നുപോയിട്ട്, അതിന് തിരിച്ചെടുക്കാൻ അതീവ ബുദ്ധിമുട്ടും കഠിന ശ്രമവും ആവശ്യമാകുന്ന രീതിയിൽ ആയിരിക്കണം.
അതെസമയം,
കേൾവിയോ ചിന്തനത്തിലൂടെയോ കുറഞസമയംകൊണ്ട് വീണ്ടും ഓർക്കാൻ കഴിയുന്ന നിലയിലുള്ള മറവി ‘സഹുവ്’(സാധാരണ ശൂന്യത/മറവി) മാത്രമാണ് അത് നിഷിദ്ധമായതല്ല.”
ഖുർആൻ ഹൃദിസ്ഥമാക്കിയ ശേഷം,മേൽ വിശദീകരിച്ച പ്രകാരം മറക്കുന്നത് തെറ്റാവുന്നത് തന്റെ അലസതയും ജാഗ്രതക്കുറവും കാരണം മനസ്സിൽ നിന്നു മായുമ്പോഴാണ്. അതെ സമയം കൃത്യമായ ഇടവേളകളിൽ ഓതിയും പാരായണം ശ്രദ്ധാപൂർവം ശ്രവിച്ചും ഖുർആനിനോട് നീതിപുലർത്തിയിട്ടും മറവിയിലേക്ക് വഴുതുന്നത് കുറ്റകരമല്ല (ഫത്താവാ റംലി 4/376, ഹാഷിയത്തു അസ്നൽ മത്വാലിബ് 4/343 കാണുക).
ഉപജീവനമാർഗമായ ജോലി ചെയ്യുന്നവർക്കും നിർബന്ധജ്ഞാനം അഭ്യസിക്കുന്നവർക്കും ജോലിക്കും പഠനത്തിനുമിടയിൽ ഓർമയിൽ നിന്നെടുത്തു നാവുകൊണ്ടോ മനസ്സിലോ ഓതുന്നതിനു തടസ്സമില്ലാത്തതിനാൽ ജോലിയുമായി വ്യാപൃതമാകുന്നത് മറവി കുറ്റം ഒഴിവാകാനുള്ള ന്യായകാരണമല്ലെന്നു ഇമാം ഇബ്നു ഹജർ (അസ്സവാജിർ 1/202, ഫതാവൽ കുബ്രാ 1/36 കാണുക) ശഠിച്ചത് ഗൗരവത്തിൽ കാണണം.
മറവിഭീതിയുള്ളവർ
ഭാവിയിൽ മറന്നുപോകുമെന്നു ഭീതിയുള്ളവർ ഖുർആൻ മനഃപ്പാഠമാക്കാതിരിക്കുകയല്ല പ്രത്യുത, പുണ്യകരമായ ഈ പ്രവൃത്തിക്കു സധീരം മുന്നിട്ടിറങ്ങുകയാണ് വേണ്ടത്.
തദ്വിഷയകമായ ഒരു ചോദ്യത്തിനു ഇമാം കുർദി (ഫത്താവൽ കുർദി,പു. 245) നൽകിയ മറുപടിയിൽ നിന്നും ഇതു വ്യക്തമാണ്.
والله أعلم
ഇസ്മാഈൽ_അഹ്സനി_പുളിഞ്ഞാൽ
No comments:
Post a Comment