Wednesday, 8 October 2025

ഖുത്വുബയുടെ_തുടർച്ചയും_ദീർഘപ്രാർത്ഥനയും


ഖുത്ബക്കും ജുമുഅനിസ്കാരത്തിനുമിടയിൽ, അനിവാര്യമായിവേണ്ട മുവാലാത്, പൊതുവെ നമ്മുടെ നാടുകളിലെ പള്ളികളിൽ പാലിക്കപ്പെടുന്നുണ്ടോ?

اللهمّ اغفر للمؤمنين والمؤمنات 

എന്ന ദുആതൊട്ടുതന്നെ മുവാലാത്തിന്റെ സമയം പരിഗണിക്കണമെന്നല്ലേ ബിഗ്‌യ അടിവരയിടുന്നത്.ഇതു സംബന്ധിച്ചുള്ള വിശദീകരണം പ്രതീക്ഷിക്കുന്നു.


ഖുത്ബകൾക്കിടയിലും  ഖുതുബകളുടെ നിർബന്ധഘടകങ്ങൾക്കിടയിലും, ഖുത്ബകൾക്കും നിസ്ക്കാരത്തിനും ഇടയിലും ദീർഘമായ ഇടവേള ഇല്ലാതിരിക്കണമെന്ന് നിർബന്ധവ്യവസ്ഥയുണ്ട്. നിർബന്ധകാര്യങ്ങൾ മാത്രം ചെയ്തു ഏറ്റവും ചുരുങ്ങിയ രീതിയിൽ  രണ്ടു റക്അത് നിസ്കരിക്കാൻ ആവശ്യമായ സമയം ഇടവേളകളായി വരാതിരിക്കുകയാണ് ഇതിന്റെ മാനദണ്ഡം. 

എന്നാൽ  നിർബന്ധഘടകങ്ങളുടെ  ഇടയിൽ ആ ഘടകങ്ങളുടെ ഭാഗമായിവരുന്ന കാര്യങ്ങളെ അപകടകരമായ വിടവുകളായി പരിഗണിക്കുന്നില്ല. അഥവാ, ഇരു ഖുത്ബകളുടെയും നിർബന്ധഘടകമാണ് ‘വസിയ്യത്തും ബി തക്വവല്ലാഹ് ‘  (ആളുകളെ ഭക്തിയിൽ ജീവിക്കാനുള്ള നിർദ്ദേശം) അതിന് ഏതെങ്കിലും പദങ്ങൾ പറയുന്നതോടെ ആ നിർബന്ധകാര്യം അവിടെ അവസാനിക്കും.അതിന്റെ അനുബന്ധമായി പറയുന്ന ഹദീസുകൾ,ഗുണപാഠമുള്ള ചരിത്രസത്യങ്ങൾ  തുടങ്ങിയവ ഐച്ഛിക കാര്യങ്ങൾ എത്ര നീണ്ടാലും ഖുതുബയുടെ തുടർച്ചയെ ദോഷകരമായി ബാധിക്കില്ല. 

അതുപോലെ, പൂർണതയുള്ള ഒരു ആശയം ഗ്രഹിപ്പിക്കുന്ന ഖുർആൻ വചനം പാരായണം ചെയ്യുന്നതും ഖുതുബയുടെ അനിവാര്യ ഘടകമാണ്. എന്നാൽ ഒരാൾ ദീർഘമായ ഒരു സൂറത്തു തന്നെ ഓതിഎന്നു സങ്കൽപ്പിക്കുക.  നിർബന്ധഭാഗം കഴിഞ്ഞതു മുതലുള്ളത് ഐഛ്വികമാണെങ്കിലും തുടർച്ചയ്ക്ക് ഭംഗം വരുത്തുന്നതല്ല. സൂറത്തുൽ ‘ഖാഫ്’ എല്ലാ ജുമുഅ ഖുതുബകളിലും ഓതൽ സുന്നതുണ്ട്. (നിഹായ:2/315).നിർബന്ധമായ ഭാഗവും കഴിഞ്ഞ് എത്ര ദൈർഘ്യമുണ്ട് അതു തീരുമ്പോഴേക്ക് എന്നു ഊഹിക്കാവുന്നതേയുള്ളൂ.

ഇമാം ഇബ്നു ഹജർ (തുഹ്ഫ: 2/457)ഖുതുബയുടെ അനിവാര്യഘടകങ്ങളുടെ  അനുബന്ധങ്ങൾ തുടർച്ചയ്ക്കു ഭംഗംവരുത്തില്ലെന്നു വ്യക്തമായി പറഞ്ഞവരാണ്.

അപ്പോൾ സത്യവിശ്വാസികൾക്കു വേണ്ടിയുള്ള പ്രാർത്ഥന തുടുങ്ങിയതു മുതലല്ല, അവസാനിച്ചതിന്റെയും നിസ്കാരത്തിൽ പ്രവേശിക്കുന്നത്തിന്റെയും ഇടയിലാണ് രണ്ടു റക്അത്  നിസ്കരിക്കാൻ ആവശ്യമായ ഇടവേള വരാതിരിക്കേണ്ടതുള്ളൂ എന്നു വ്യക്തമാണ്. 

എന്നാൽ ഭരണാധികാരികൾക്കുള്ള പ്രാർത്ഥന നടത്തുന്നുണ്ടെങ്കിൽ ദീർഘിക്കാതെ ശ്രദ്ദിക്കണമെന്നും അല്ലാത്തപക്ഷം നിർബന്ധമായ തുടർച്ചയ്ക്കു ഭംഗംവരുമെന്നും മറ്റൊരിടത്ത് തുഹ്ഫ (2/450) ഖാളി ഹുസൈൻ,ഇമാം അദ്റഈ എന്നിവരെ ഉദ്ധരിച്ചു പറഞ്ഞതിൽ നിന്നും  ഭരണാധികരുടെ വാഴ്ത്തുപാട്ടും അവർക്കായുള്ള പ്രത്യേക പ്രാർത്ഥനയും ചുരുക്കിയില്ലെങ്കിൽ തുടർച്ച നഷ്ടപ്പെടുമെന്നു വ്യക്തമാണ്.

ഇനി ചോദ്യത്തിൽ പരാമർശിച്ച ബിഗ്യയുടെ പ്രസ്താവനയിലേക്ക് വരാം. അല്ലാമതു സഈദ് ബാഅശൻ (ബുഷ്റൽ കരീം,പു. 394) നെ ഉദ്ധരിച്ച് ബിഗ്യ (2/300) യിൽ വന്ന പരാമർശം അതിന്റെ ബാഹ്യമായ അർത്ഥത്തിൽ വായിച്ചാൽ, പ്രാർഥനയുടെ ആദ്യഭാഗം മുതൽ നിസ്ക്കാരത്തിന്റെ പ്രവേശം  വരെയുള്ള ഭാഗങ്ങൾ ദീർഘ ഇടവേളയായി കണക്കാക്കുമെന്ന് വരും. 

എന്നാൽ, സ്വഹാബാക്കൾ,ഇസ്ലാമിക ഭരണാധികാരികൾ  എന്നിവർക്കുളള  പ്രാർത്ഥന നിർബന്ധകാര്യങ്ങളിൽ പെടാത്തതിനാൽ അതു ദീർഘിച്ചാൽ തുടർച്ചയ്ക്കു ഭംഗം വരുത്തുമെന്നതിനു ന്യായമുണ്ടെങ്കിലും സത്യവിശ്വാസികൾക്കു പൊതുവേയുള്ള പ്രാർഥനയുടെ ഏറ്റവും ചുരുങ്ങിയ ഭാഗം ഒഴിച്ചുള്ളതു മുതൽ തുടർച്ചയ്ക്കു ഭംഗം വരുത്തുന്ന കാര്യങ്ങളാണെന്ന് മദ്ഹബ് അനുസരിച്ചു പറയാൻ നിർവ്വാഹമില്ല. കാരണം ബാഅശൻ (റ) തെളിവായി പറഞ്ഞ തുഹ്ഫ: (2/457) യിൽ  ഖ്വിറാഅത്തിലെ ദൈർഘ്യം അപകകാരമല്ലെന്നാണ് സൂചിപ്പിക്കുന്നത്.  സുന്നതായ കാര്യങ്ങൾ പൊതുവെ തുടർച്ചമുറിക്കുമെന്ന  സാമാന്യവത്ക്കരണത്തിൽ നിന്നാണു  മേൽവിധി  വരുന്നത്. എന്നാൽ നിർബന്ധഘടകങ്ങളുടെ അനുബന്ധ കാര്യങ്ങൾ തുടർച്ചയ്ക്കു ഭീഷണിയല്ലെന്നു അതെപുറത്തിൽ  തുഹ്ഫയിൽ പറഞ്ഞിരിക്കെ  ‘ബുഷ്ര ‘യുടെ നിരീക്ഷണം ന്യായമല്ലെന്നു ഗ്രഹിക്കണം. സത്യവിശ്വാസികൾകുള്ള സവിശേഷമായുള്ള പ്രാർത്ഥന (ഭരണാധികാരികൾക്കുള്ളതല്ല) ഖുത്വുബയുടെ സ്തംഭങ്ങളിൽ ഒന്നായതിനാൽ നിർബന്ധഭാഗം കഴിഞ്ഞതിന്ശേഷമുള്ളത് സുന്നത്തായി കണക്കാണുന്നത് പോലെയല്ല ഭരണാധികാരികൾക്കുമുള്ള പ്രാർത്ഥന ഖുതുബുബയുടെ ഭാഗമല്ല എന്ന വ്യത്യാസം തുഹ്ഫയുടെ പ്രകടമായ നിലപാടുതന്നെയാണ് മദ്ഹബിൽ പ്രബലം എന്നകാര്യത്തിനു അടിവരയിടുന്നുണ്ട് 

والله أعلم


ഇസ്മാഈൽ_അഹ്സനി_പുളിഞ്ഞാൽ

No comments:

Post a Comment