Tuesday 2 January 2024

സ്വലാഹുദ്ധീൻ അയ്യൂബി (റ)



ആയിരക്കണക്കിന് പോരാളികളെയും ഭരണാധികാരികളെയും ഇസ്ലാമിക ലോകം സംഭാവന ചെയ്തിട്ടുണ്ട്. അവരിൽ സ്വഭാവ മഹിമകൊണ്ടും സൽകർമ്മങ്ങൾകൊണ്ടും ഭരണ നൈപുണ്യംകൊണ്ടും വ്യത്യസ്‌തമായിരുന്നു സ്വലാഹുദ്ദീൻ അയ്യൂബി (റ)...

അതുല്യമായ ഈമാനിക ബോധമാണ് ചരിത്രത്തിൽ സ്വലാഹുദ്ധീൻ അയ്യൂബിയെ (റ) യെ ഒരു വെള്ളിനക്ഷത്രമാക്കിയത്. ജമാഅത്ത് നിസ്ക‌ാരം നിർവഹിക്കുകയും ഖുർആൻ പാരായണം കേൾക്കാൻ ഏറെ ഇഷ്ടപ്പെടുകയും ചെയ്ത‌ിരുന്നു അദ്ദേഹം. ഖുർആൻ പാരായണം കേട്ടാൽ അദ്ദേഹത്തിന്റെ നയനങ്ങൾ നിറഞ്ഞൊഴുകുമായിരുന്നു എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു.

അല്ലാഹുവിൻ്റെ ചിഹ്നങ്ങളെ അത്യധികം ആദരിക്കുകയും തൻ്റെ സർവ്വവും അവനിലർപ്പിച്ചും സലാഹുദ്ധീൻ അയ്യൂബി (റ) തൻ്റെ ജീവിതം നയിച്ചു.

ഖുദ്സിൻ്റെ രാഷ്ട്രീയപരവും മതപരവുമായ വൈദേശികവും തദ്ദേശീയവുമായ വെല്ലുവിളികളെ മനക്കരുത്തോടെ നേരിട്ട് വിജയം വരിച്ച ആ മഹാവ്യക്തിത്വത്തെ വിസ്‌മരിക്കാൻ നമുക്കാവില്ല.

ജീവിതത്തിൽ വിശ്രമമെന്തന്നറിയാതെ നിരന്തര യാത്രകളും പോരാട്ടങ്ങളും കൊണ്ട് സംഭവബഹുലമായിത്തീർന്ന ആ ജീവിതകഥ മുസ്ലിം ലോകത്തിന് എക്കാലവും പ്രചോദനവും ആവേശവുമാണ്.     

കാലങ്ങളോളം ക്രിസ്ത്യാനികളുടെ അധീനതയിലായിരുന്ന ബൈത്തുൽ മുഖദ്ദസിനെ ഈമാൻ എന്ന വജ്രായുധം കൊണ്ടു ജീവാർപ്പണം നടത്തി കീഴടക്കുക വഴി ലോക മുസ്ലിം ഉമ്മത്തിന് യശസ്സും അന്തസ്സും തിരികെ തന്നു സുൽത്താൻ സലാഹുദ്ധീൻ അയ്യൂബി (റ) എന്ന ധീര യോദ്ധാവ്. കരുണയുടെയും ഉദാരതയുടെയും നിത്യപ്രതീകമായിരിക്കെ തന്നെ ധീരനും കരുത്തനുമായിരുന്ന പോരാളിയായിരുന്നു അദ്ദേഹം.

രാജാക്കന്മാരുടെ അനാവശ്യ പ്രൗഡിയും, ഗാംഭീര്യവും, ധൂർത്തും, ആഡംബരവും വെടിഞ്ഞ അദ്ദേഹം യഥാർത്ഥ ജനസേവകനായി ലാളിത്യത്തോടെ ഭരണം നടത്തി.

പലസ്തീൻ ചരിത്രകാരൻ ഡോ.താരിഖ് സുവൈദാൻ അദ്ദേഹത്തെ കുറിച്ച് എഴുതിയത് "സുന്ദരമായ സ്വഭാവത്തിന്റെയും സുഗന്ധവാഹിയായ സംസ്കാരത്തിന്റെയും ഉടമ" എന്നായിരുന്നു.

ആ മഹാൻ തന്റെ മകന്ന് നൽകിയ ഉപദേശം ഇങ്ങനെയായിരുന്നു. "അല്ലാഹു ﷻ വിനെ സൂക്ഷിച്ചു ജീവിക്കുക. അതാകുന്നു സകല കാര്യങ്ങളുടെയും മുഖ്യമായ അംശം. രക്തം ചിന്തുന്നതും രക്തം പുരളുന്നതും സൂക്ഷിക്കണം. കാരണം കൂടാതെയും സംശയത്തിന്റെ പേരിലും ആരെയും വധിക്കരുത്. പ്രജകളുടെ ഹൃദയങ്ങൾക്ക് രക്ഷ നൽകണം. അവരുടെ മേലുള്ള അല്ലാഹു ﷻ വിന്റെയും എന്റെയും കാര്യസ്ഥനാണ് നീ. ജനങ്ങൾക്കും നിനക്കുമിടയിലുള്ള അവകാശ ബാധ്യതകൾ സൂക്ഷിക്കുക. ജനങ്ങളുടെ തൃപ്തിയില്ലാതെ അല്ലാഹു ﷻ പൊറുത്തുതരികയില്ല."

ആ ത്യാഗോജ്വലമായ ചരിത്രം ലോകാവസാനം വരെയുള്ള ജനങ്ങളെ ഏറെ ചിന്തിപ്പിക്കുന്നതും ജീവിതത്തിൽ പകർത്തേണ്ടുന്നതുമായ ഒരു അധ്യയമാണ്. ആനുകാലിക സംഭവങ്ങളും ഖുദ്സിന്റെ നിലവിളിയും ആ പഴയ സുവർണ്ണകാലത്തേയും ഈ മഹാന്റെ ജീവിത ചരിത്രത്തിലേക്കും നമ്മേ കൊണ്ടുപോവുന്നു.


ചരിത്രം നമുക്ക് പാഠമാകുന്നു

കാലത്തിന്റെ അനുസൃതമായ പ്രയാണത്തിൽ തേഞ്ഞുമാഞ്ഞു പോകാത്ത കാൽപ്പാടുകളും വിസ്മരിക്കാൻ കഴിയാത്ത സംഭവവികാസങ്ങളും ചരിത്രമെന്ന കണ്ണാടിയിലൂടെ നോക്കിക്കാണാൻ മനുഷ്യരായ നമുക്ക് കഴിയുന്നു.

രേഖപ്പെടുത്തപ്പെട്ട ചരിത്രസത്യങ്ങളിലേയ്ക്ക് ചിന്തയും

പഠനവും കടന്നുചെല്ലുമ്പോൾ ആദിമ മനുഷ്യനും പ്രഥമ പ്രവാചകനുമായ ഹസ്റത്ത് ആദംനബി (അ) മുതൽ അന്ത്യ പ്രവാചകൻ മുഹമ്മദ് നബിﷺവരെയുള്ള പ്രവാചക പരമ്പരയുടെ കണ്ണികളിൽ സദ് വൃത്തരും നിഷ്കാമകർമ്മികളുമായ അനേകമനേകം മഹാത്മാക്കളുടെ ചരിത്രങ്ങൾ നമ്മെ ചിന്തിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു.

അന്ത്യപ്രവാചകർക്കു (ﷺ) ശേഷം ഇരുപത്തിയൊന്നാം നൂറ്റാണ്ടുവരെയുള്ള മുസ്ലിം ലോകത്തിന്റെ വേലിയേറ്റങ്ങളുടെയും ഇറക്കങ്ങളുടെയും കഥ ചരിത്രവിദ്യാർത്ഥികളെ രോമാഞ്ചമണിയിക്കുന്നു. ഇസ്ലാമിക സമൂഹത്തിനെതിരെ ഉയർന്നുവന്ന ശത്രുക്കളുടെ ഉത്ഥനപതനങ്ങളുടെ കഥ ഭാവിയെക്കുറിച്ചൊരു ഉറച്ച തീരുമാനത്തിലെത്തിച്ചേരാൻ നമ്മെ പ്രേരിപ്പിക്കുന്നു. ചരിത്ര പഠനത്തിൽ ചിന്തിക്കുന്നവർക്ക് പാഠങ്ങളുണ്ട് എന്നാണല്ലോ വിശുദ്ധ ഖുർആൻ പറയുന്നത്.

അഖില ലോകങ്ങളുടെയും സൃഷ്ടിപ്പിന് നിമിത്തവും മാനവരാശിയുടെ സന്മാർഗ്ഗദർശനത്തിന് നിദാനവും വിശ്വാസികളുടെ ഹൃദയങ്ങളിൽ അണയാത്ത പ്രകാശവുമായ മഹാനായ അന്ത്യപ്രവാചകൻ മുഹമ്മദ് നബിﷺയുടെ ജനനവും മാതൃകാപരമായ ജീവിതവും അലംഘനീയമായ മരണവുമാണ് ചരിത്രത്തിൽ ഏറ്റവും ശ്രദ്ധേയവും അവിസ്മരണീയവുമായ സംഭവങ്ങളിലൊന്ന്.

മുഹമ്മദ് നബി ﷺ എന്ന മഹത്തായ നാമം മനുഷ്യരുടെയും മാലാഖമാരുടെയും പക്ഷി ഭൂത ജന്തു വർഗ്ഗങ്ങളുടെയും ആവേശമാണ്, അനുഗ്രഹമാണ്. ആ നാമം വാഴ്ത്തപ്പെടാത്ത ഒരു സെക്കന്റ് പോലും ഭൂമിയിൽ കഴിഞ്ഞുപോകുന്നില്ല. 

ഉരുണ്ട ഗോളമായി ഭൂമി സൃഷ്ടിക്കപ്പെട്ടതും സൂര്യചന്ദ്രാദി ഗോളങ്ങളുടെ ചലനങ്ങൾക്കനുസരിച്ച് മനുഷ്യരുടെ ആരാധനകൾ നിയന്ത്രിക്കപ്പെടുന്നതും ആ നാമം വാഴ്ത്തപ്പെടാൻ വേണ്ടിയാണ്. അല്ലാഹു ﷻ വിന്റെ പരിശുദ്ധനാമങ്ങൾ ഉച്ചരിക്കപ്പെടുന്നിടത്തോളം മുഹമ്മദ് നബിﷺയും സ്മരിക്കപ്പെടുന്നു.

പ്രവാചകന്റെ ﷺ പേർ കേൾക്കുമ്പോൾ ആവേശപൂർവ്വം സ്വലാത്ത് ചൊല്ലുന്ന ഒരു സമൂഹമാണു മുസ്ലിംകൾ. അല്ലാഹു ﷻ വിന്റെ സൃഷ്ടികളിൽ മുഹമ്മദ് നബിﷺക്കുമീതെ നിൽക്കാൻ ആരുമില്ല എന്നുചുരുക്കം. 

 ആ മഹത്തായ നിയോഗത്തിന് ലോകചരിത്രത്തിൽ ലഭിച്ച സ്വീകാര്യതയാണ് ആധുനിക ലോകത്തിൽ ഇസ്ലാമിക പ്രസ്ഥാനത്തിന് കരുത്തും ശക്തിയും പകരുന്നത്. മുഹമ്മദ് നബിﷺയുടെ ഉദയത്തോടെ, ഈസാ നബിയുമായി ബന്ധപ്പെടുത്തി ക്രിസ്തീയപാതിരിമാർ ലോകത്ത് പ്രചരിപ്പിച്ച അസംബന്ധങ്ങൾ തിരുത്തപ്പെടുകയായിരുന്നു.

സത്യത്തിൽ യേശുക്രിസ്തു (ഈസാനബി(അ)) മുഹമ്മദ് നബിﷺക്കു തൊട്ടുമുമ്പ് അല്ലാഹു ﷻ നിയോഗിച്ച പ്രവാചകനാണ്. ഏകദൈവ വിശ്വാസത്തിലേക്കും ധാർമ്മിക സനാതന മൂല്യങ്ങളിലേക്കും മനുഷ്യസമൂഹത്തെ നയിക്കാൻ നിയോഗിക്കപ്പെട്ട ലക്ഷത്തിൽപ്പരം വരുന്ന പ്രവാചകശൃംഖലയിലെ ഒരു കണ്ണി. 

അദ്ദേഹം പിതാവില്ലാതെ ജനിക്കുകയും തന്റെ ജന്മത്തിൽ സംശയം പ്രകടിപ്പിച്ചവരോട് തൊട്ടിലിൽ വെച്ച് സംസാരിക്കുകയും ചെയ്തു. മരിച്ച വരെ ജീവിപ്പിച്ചു കാണിച്ചുകൊടുത്തും മാറാരോഗങ്ങൾ സുഖമാക്കിക്കൊടുത്തും തന്റെ പ്രവാചകത്വവും ദൈവനിയോഗവും സത്യപ്പെടുത്തിയ മഹാനായ പ്രവാചകനാണദ്ദേഹം,

എന്നാൽ ദുഷ്ടന്മാരായ ജൂതസമൂഹം പിന്തിരിപ്പൻമാരുടെ സ്ഥാനമാണ് അദ്ദേഹത്തിന് നൽകിയത്. ഈസാനബി (അ)ന്റെ പ്രവാചകത്വമംഗീകരിച്ചാൽ തങ്ങളുടെ താൽപ്പര്യങ്ങളും സൗകര്യങ്ങളും നഷ്ടമാകുമെന്നു മനസ്സിലാക്കിയ അവർ നബിക്കെതിരെ തിരിയുകയായിരുന്നു.

യഹൂദന്മാരുടെ കോടതിയിൽ അവരുടെ നേതാവായ പെന്തയോസ് പിലാത്തോസിന്റെ സാന്നിദ്ധ്യത്തിൽ യേശുക്രിസ്തുവിനെ ക്രൂശിച്ചുകൊല്ലാൻ തീരുമാനിച്ചു. ആ പ്രവാചകനെ പിടിച്ചുകൊടുക്കുന്നവർക്ക് വലിയ പാരിതോഷികങ്ങളും അവർ പ്രഖ്യാപിച്ചു.

യേശുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരുടെ കൂട്ടത്തിൽ ഭൗതിക സമ്പത്തിൽ മാത്രം തൽപ്പരനായിരുന്ന ഒരാൾ -യൂദാസ്- അദ്ദേഹത്തെ ശ്രതുക്കൾക്ക് പിടിച്ചുകൊടുക്കാമെന്നേറ്റു. ജഗന്നിയന്താവ് ആ പ്രവാചകന് പ്രത്യേക സുരക്ഷനൽകി, ഈസാ നബി(അ)നെ അല്ലാഹു ﷻ ജീവനോടെ ആകാശത്തിലേക്കുയർത്തി.

ഈസാനബി(അ) ഇപ്പോൾ ആകാശ ലോകത്തിൽ ജീവിച്ചു കൊണ്ടിരിക്കുന്നു. ലോകാവസാനത്തോടെ അദ്ദേഹം ഭൂമിയിലേക്കിറങ്ങി വരികയും, വിവാഹം കഴിക്കുകയും, സന്താനങ്ങളുണ്ടാകുകയും, നാൽപ്പത് വർഷം ഇസ്ലാമിക ശരീഅത്ത് പ്രചരിപ്പിക്കുകയും, കുരിശു തകർക്കുകയും, ദജ്ജാലിനെ കൊല്ലുകയും, സാധാരണ മരണം വരിച്ച് പരിപാവന റൗളാ ശരീഫിന്നരികിൽ മറയടക്കപ്പെടുകയും ചെയ്യും...

അധികാര ദല്ലാളുകളിൽ നിന്ന് അപ്പത്തിന് കാശുവാങ്ങിയവർ യേശുക്രിസ്തുവിന്റെ പൊടിപോലും കണ്ടില്ല എന്നുള്ളതാണ് നേര്. 

ശിഷ്യന്മാരുടെ കൂട്ടത്തിൽ യേശുവിനോട് ഏറ്റവും രൂപസാദൃശ്യമുള്ള ഒരാളെ പിടിച്ച് അവർ കുരിശിൽ തറച്ചു. ഉള്ളൻകയ്യിലും മാറിലും ആണികൾ അടിച്ചുതാഴ്ത്തി. ഞാൻ യേശുവല്ലെന്നും എന്നെ കൊല്ലരുതെന്നും ആ പാവം കേണപേക്ഷിച്ചുവെങ്കിലും “യേശു നീ തന്നെയാണ്, നീ പണ്ടേ കളവുപറയുന്നവനാണെന്നു” പറഞ്ഞ് അയാളെ അവർ ക്രൂശിച്ചുകൊന്നു.

 ഈ സംഭവം വിശുദ്ധ ഖുർആൻ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.

“മർയമിന്റെ മകൻ ഈസയെന്ന ദൈവദൂതനെ ഞങ്ങൾ കൊന്നുവെന്ന് പറഞ്ഞുകൊണ്ട് അവർ അഭിശപ്തരായി. അവർ അദ്ദേഹത്തെ കൊല്ലുകയോ കൂശിക്കുകയോ ചെയ്തിട്ടില്ല. പക്ഷേ,അവർക്ക് രൂപ സാദൃശ്യം നൽകപ്പെട്ടു. അദ്ദേഹത്തെപ്പറ്റി ഭിന്നാഭിപ്രായമുള്ളവർ നിശ്ചയം, ഈ വിഷയത്തിൽ സംശയം വെച്ചുപുലർത്തുന്നവരാണ്. ഊഹത്തെ പിൻപറ്റുകയെന്നല്ലാതെ യാതൊരു അറിവും അതുസംബന്ധമായി അവർക്കില്ല. ഒരു കാര്യം ഉറപ്പ്, അവർ അദ്ദേഹത്തെ കൊന്നിട്ടില്ല.” (വിശുദ്ധ ഖുർആൻ 6:157)

യേശുവാണെന്ന് ധരിച്ച് ക്രൂശിച്ചശേഷം ജൂതന്മാർ ആ ശരീരം പരിശോധിച്ചു. മുഖം മാത്രം യേശുവിന്റേതുപോലെ അവർക്കുതോന്നി. ബാക്കി ശരീരഭാഗങ്ങൾക്ക് യാതൊരു സാദൃശ്യവും ഉണ്ടായിരുന്നില്ല. യേശുക്രിസ്തു കൊല്ലപ്പെട്ടുവെന്ന് തെറ്റിദ്ധരിച്ച ക്രിസ്ത്യാനികളും ജൂതന്മാരും കടുത്ത അപരാധമാണ് പിൽക്കാലത്ത് ആ മഹാന്റെ പേരിൽ പ്രചരിപ്പിച്ചത്. 

യേശുക്രിസ്തു കുരിശിൽ മരിച്ചുവെന്ന് വിശ്വസിക്കാൻ യോഗ്യമായ ഒരു തെളിവും ലഭ്യമല്ല. യേശുക്രിസ്തുവിനെ പിടികൂടിയപ്പോൾ കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടുവെന്നാണ് എല്ലാ ബൈബിളുകളും പറയുന്നത്.

ആരും കാണാത്ത ഒരു സംഭവത്തെ ഊഹം വെച്ച് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർ കാര്യങ്ങളുടെ യുക്തിഭദ്രതയെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നതാണ് അത്ഭുതം..!!

യേശു ദൈവത്തിന്റെ പുത്രനാണെന്നും മാനവരുടെ പാപംപേറി അദ്ദേഹം കുരിശിൽ മരിച്ചുവെന്നും പ്രചരിപ്പിക്കുന്ന ക്രിസ്തീയ പുരോഹിതന്മാർ തങ്ങളുടെ മതത്തിന്റെ ഈ അടിസ്ഥാന പ്രമാണങ്ങളുടെ യാഥാർത്ഥ്യത്തെപ്പറ്റി ബോധവാന്മാരാകുന്നില്ല.

ഇവരുടെ ചരിത്രപ്രകാരം ശത്രുക്കൾ കുരിശിൽ തറച്ചു കൊല്ലുമ്പോൾ പിതാവിനോട് കരുണക്കായി കേഴുന്ന പുത്രനോട് ആ പിതാവ് അൽപംപോലും കനിയുന്നില്ല. പ്രതിസന്ധി ഘട്ടത്തിൽ സ്വന്തം മകനും പ്രവാചകനുമായവനെ സഹായിക്കാൻ കഴിയാത്തവൻ എന്ത് ദൈവം എന്നിവർ ആലോചിക്കുന്നില്ല.

യേശുവിന്റെ ശിഷ്യൻ മത്തായി പറയട്ടെ: “ഏകദേശം ഒമ്പതുമണി നേരത്തു യേശു ഏലീ ഏലീ ലമ്മാ ശബക്താനീ എന്ന് ഉറക്കെ നിലവിളിച്ചു. എന്റെ ദൈവമേ, എന്റെ ദൈവമേ, നീയെന്നെ കൈവിട്ടതെന്ത്, എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നു നിൽക്കുന്നതെന്ത്?" (മത്തായി 27-46 സങ്കീർത്തനം 22-1)

മുഴുവൻ മനുഷ്യക്കുഞ്ഞാടുകളുടെയും പാപഭാരവും വഹിച്ചു കൊണ്ടാണ് യേശു കൊല്ലപ്പെട്ടതെങ്കിൽ പിന്നെയെന്തിനു നിലവിളിക്കണം! ലോകാവസാനം വരെയുള്ള മനുഷ്യവർഗ്ഗത്തിന്റെ പാപച്ചുമടും വഹിച്ചു യേശുക്രിസ്തു കുരിശിൽ മരിച്ചുവെങ്കിൽ അദ്ദേഹത്തിന് ശേഷമുള്ള മനുഷ്യസമൂഹം ഇനിയെന്തിന് പേടിക്കണം..!!

കൊലയും കൊള്ളയും വ്യഭിചാരവും നടത്തി സുഖമായി കൂത്താടിയാലും ആ പാപഭാരം പേറാൻ ദൈവത്തിന്റെ സ്വന്തം പുത്രൻ പാപത്തിന്റെ ശമ്പളമാകുന്ന മരണം ഏറ്റുവാങ്ങിയെങ്കിൽ ആർക്കും എന്തും ചെയ്യാമെന്ന അവസ്ഥയല്ലേ വന്നുചേർന്നിരിക്കുന്നത്? 

ഇവിടെ ഒരു സംശയം കൂടി: അദ്ദേഹം ചുമക്കുന്നത് അദ്ദേഹത്തിന് മുമ്പ് ജീവിച്ചു മരിച്ചവരുടെ പാപമാണോ അല്ലെങ്കിൽ ശേഷമുള്ളവരുടേതാണോ..?

മാനുഷിക മൂല്യങ്ങളെ ചവിട്ടിമെതിക്കുകയും സാംസ്കാരിക ജീർണ്ണതയ്ക്ക് വളം വെക്കുകയും ലോകത്തെ അശാന്തിയിലേക്ക് തള്ളിവിടുകയും ചെയ്യുന്ന ഇത്തരം അബദ്ധധാരണകൾ പൗരോഹിത്യത്തിന്റെ ജൽപനങ്ങൾ മാത്രമാണ്.

ചരിത്രത്തിലേക്കു മടങ്ങാം: മുഹമ്മദ് നബി ﷺ ക്കു മുമ്പുള്ള എല്ലാ പ്രവാചകന്മാരെയും അവർക്ക് നൽകപ്പെട്ട വേദഗ്രന്ഥങ്ങളെയും മുഹമ്മദീയ ശരീഅത്ത് അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. 

അന്ത്യ പ്രവാചകന്റെ നിയോഗത്തോടെ അതിനുമുമ്പുള്ള എല്ലാ നിയമ വ്യവസ്ഥിതികളും ദുർബലമാക്കപ്പെട്ടിരിക്കുന്നു. മുഹമ്മദ് നബി ﷺ പ്രവാചകന്മാരുടെ നേതാവും അവരിലെ അവസാന കണ്ണിയുമാണ്. 

ഈസാ നബി (അ) അവസാന നാളിനോടടുത്ത് ഇറങ്ങിവന്നാൽ ഇസ്ലാം മതമാണ് പ്രബോധനം ചെയ്യുക, ക്രിസ്തുമതമല്ല. കാരണം സാർവ്വലൗകികവും സർവ്വാംഗീകൃതവുമായൊരു മാർഗ്ഗരേഖയാണ് മുഹമ്മദ് നബി ﷺ പ്രബോധനം ചെയ്തത്. ആ പരിശുദ്ധ വ്യക്തിത്വത്തോട് ഒപ്പം നിൽക്കുന്ന മറ്റൊരു വ്യക്തിത്വം ചരിത്രത്തിൽ കാണാനില്ല. സമ്പൂർണ്ണമായൊരു മാതൃക മുഹമ്മദ് നബി ﷺ യിൽ മാത്രമാണ് ലോകത്തിന് ദർശിക്കാൻ സാധിക്കുന്നത്.


ക്രിസ്തീയരുടെ ശത്രുത

ക്രിസ്തു ജനിച്ച് 571 വർഷം കഴിഞ്ഞാണ് മുഹമ്മദ് നബിﷺയുടെ ജനനം. ധാർമ്മിക മൂല്യങ്ങൾക്കും സദാചാര ചിന്തകൾക്കും ഒട്ടും വിലകൽപ്പിക്കാത്തൊരു സമൂഹത്തിൽ, ഭൂഗോളത്തിന്റെ മധ്യമെന്ന് പറയപ്പെടുന്ന പരിശുദ്ധ മക്കയിൽ, പാറകളും പർവ്വതങ്ങളും പരുപരുത്ത ഹൃദയമുള്ള മനുഷ്യരും നിറഞ്ഞ നാട്ടിൽ ഒരു പ്രകാശ ഗോപുരമായി മുഹമ്മദ് (ﷺ) നിയോഗിതനായി; ഭൂനിവാസികൾക്കെല്ലാം തുല്യയളവിൽ പ്രകാശം ലഭിക്കുന്നതിനുവേണ്ടി ഒരു വിളക്ക് കത്തിച്ചുവെച്ചതു പോലെ..!!

വളരെ പ്രസക്തമായ ഒരു കാലഘട്ടത്തിലായിരുന്നു മുഹമ്മദ് (ﷺ) യുടെ രംഗപ്രവേശം. ഈസാ നബി(അ)നു ശേഷം 500ൽപരം വർഷങ്ങൾ ലോകത്ത് പ്രവാചകന്മാരുണ്ടായിരുന്നില്ല. പെന്തക്കോസ് പിലാത്തോസിന്റെ വിധിയും യൂദാസിന്റെ ദുർവിധിയും കഴിഞ്ഞു യേശുശിഷ്യന്മാർ പലരും പലവഴിക്കായി. ഏകദൈവ വിശ്വാസത്തിന്റെ അസ്ഥിവാരത്തിൽ നിലനിൽക്കേണ്ട സമൂഹവ്യവസ്ഥിതിയെ അവരിൽ ചിലർ തകിടം മറിച്ചു. 

യേശുവിനെ ശത്രുക്കൾ പിടിച്ചുകൊണ്ടുപോയ നേരം ഓടിയൊളിച്ച ശിഷ്യന്മാർ അദ്ദേഹത്തിന്റെ അന്ത്യനിമിഷങ്ങളെക്കുറിച്ച് പലരൂപത്തിൽ കഥകളുണ്ടാക്കി. അദ്ദേഹത്തിന്റെ തിരുമൊഴികളിൽ ചിലത് പൂഴ്ത്തിവെച്ചു. 

തനിക്ക് ശേഷം കുഞ്ഞാടുകളെ നേരായ മാർഗ്ഗത്തിൽ വഴിനടത്താൻ നിയോഗിക്കപ്പെടുന്ന അന്ത്യ പ്രവാചകനെക്കുറിച്ചും അദ്ദേഹത്തിന്റെ നാമഗുണവിശേഷത്തെക്കുറിച്ചും വ്യക്തമായി യേശു അവരോട് പറഞ്ഞിരുന്നു. യേശുവിനെ സ്നേഹിക്കുന്നവർ ചെയ്യേണ്ടിയിരുന്നത് അദ്ദേഹത്തിന്റെ കൽപ്പന ശിരസാവഹിച്ച് മുഹമ്മദ് നബിﷺയിൽ വിശ്വസിക്കുകയും ആ വഴികാട്ടിയുടെ കാൽപ്പാദങ്ങൾ പിന്തുടരുകയുമായിരുന്നു.

പക്ഷ, ക്രിസ്തുമത വിശ്വാസികളെന്ന് പറഞ്ഞുനടക്കുന്നവരിൽ പലരും യേശുവിന്റെ കൽപ്പനകൾ സ്വീകരിച്ചില്ല. പഴയതും പുതിയതുമായ നിയമങ്ങൾ (തൗറാത്തും-ഇഞ്ചീലും) അവർ പല ഭേദഗതികൾക്കും വിധേയമാക്കി. സത്യത്തോട് പുറംതിരിഞ്ഞു നിന്ന ആ സമൂഹത്തിന്റെ ഉള്ളിലിരിപ്പ് വിശുദ്ധ ഖുർആൻ പരാമർശിക്കുന്നത് കാണുക;

“ജൂതരുടെയും ക്രൈസ്തവരുടെയും മാർഗ്ഗം താങ്കൾ പിന്തുടർന്നാലല്ലാതെ ഒരിക്കലും അവർ താങ്കളെപറ്റി സംതൃപ്തരാവുകയില്ല. അല്ലാഹുവിന്റെ മാർഗ്ഗദർശനമാണ് യഥാർത്ഥ മർഗ്ഗദർശനമെന്ന് അവരോട് പറയുക. താങ്കൾക്ക് സത്യജ്ഞാനം വന്നുകിട്ടിയശേഷം അവരുടെ ഇച്ഛകളെ പിൻപറ്റുന്നതായാൽ പിന്നെ നിങ്ങളെ രക്ഷിക്കാൻ അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് ഒരു രക്ഷകനും സഹായിയും ഉണ്ടാകുന്നതല്ല.” (1:120)

മുഹമ്മദ് നബിﷺയുടെ ജനനവും ജീവിതവും കണ്ടറിഞ്ഞ സത്യക്രിസ്ത്യാനികൾ പലരും ഇസ്ലാം മതം സ്വീകരിച്ചു. ദുരഭിമാനവും പലരെയും അവരെ തെറ്റായ മാർഗ്ഗത്തിൽ കൊണ്ടെത്തിച്ചു.

മുഹമ്മദ് നബിﷺയോടും ഇസ്ലാംമതത്തോടുമുള്ള ജൂത, ക്രിസ്ത്യാനികളുടെ ഒടുങ്ങാത്ത പകയും അസൂയയും അവരെ എന്തും പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നു. ഇസ്ലാം മതത്തിന്റെ ഉന്മൂല നാശമാണ് സ്വന്തം മതത്തിന്റെ പുരോഗതിയായി അവർ കാണുന്നത്.

ക്രിസ്തുമതാശയങ്ങളുടെ സത്യസന്ധത ബുദ്ധിപരമായി തെളിയിക്കുന്നതിന് ഒരു കാലത്തും ക്രിസ്ത്യാനികൾ ശ്രമിച്ചിട്ടില്ല.അതിനു കഴിയില്ലെന്ന് പലപ്പോഴും അവർ സമ്മതിക്കുകകൂടി ചെയ്തിട്ടുണ്ട്. 

ഫാദർ അലവി എഴുതുന്നു: “ഈസാ നബിയെ ദൈവപുത്രനാണെന്നു പറയുവാനുള്ള കാരണങ്ങളെ പറ്റി വിശദീകരിപ്പാൻ ക്രിസ്ത്യാനികൾക്കു പലപ്പോഴും സാധിക്കുന്നില്ല എന്നതു സത്യമാണ്. ദൈവപുത്രനെന്നു പറയുമ്പോൾ വിശുദ്ധ ഇഞ്ചീൽ എന്തർത്ഥമാക്കുന്നു എന്നു മനസ്സിലാക്കുവാൻ മുസ്ലിം സുഹൃത്തുക്കളും ശ്രമിക്കാറില്ലായെന്നത് വാസ്തവമാണ്. അല്ലാഹു ﷻ ഈസാ മസീഹിന് നൽകിയ 'പുത്രൻ' എന്ന പേരിന്റെ യഥാർത്ഥ അർത്ഥം മനസ്സിലാക്കിയിരുന്നുവെങ്കിൽ മുഹമ്മദ് നബി ﷺ പോലും ആ പേരിനെ സ്വീകരിച്ച് അദ്ദേഹത്തെ സേവിക്കുമായിരുന്നേനെ.” (ദൈവത്തിന്പുത്രനോ? പേജ്: 8 കെ.കെ. അലവി)

ക്രിസ്ത്യാനികളുടെ ഉള്ളിലിരിപ്പും വിശുദ്ധ ഖുർആൻ പരാമർശവും എന്തുമാത്രം യോജിക്കുന്നുവെന്ന് ശ്രദ്ധിക്കുക. എന്താണ് ക്രിസ്തീയർക്ക് ഇങ്ങനെ ഒരു ദുരാഗ്രഹമുണ്ടാകാനുള്ള കാരണം..?

മുഹമ്മദ് നബിﷺയുടെ പ്രവാചകത്വത്തിലും ഇസ്ലാമിക ശരീഅത്തിന്റെ സാർവ്വലൗകികതയിലും സന്ദേഹപ്പെടാൻ മാത്രം അവരുടെ കയ്യിലെന്തുണ്ട്? ഈവിധം സ്വതന്ത്രമായി ഒന്നു ചിന്തിക്കാൻ പോലും അവർക്കു കഴിയുന്നില്ല...

എ.ഡി. 611 ൽ മുഹമ്മദ് നബിﷺക്ക് പ്രവാചകത്വം ലഭിച്ചു. ഏക ദൈവ വിശ്വാസത്തിലധിഷ്ഠിതമായ സാർവ്വലൗകികവും സാർവ്വജനീനവുമായ ഒരു വ്യവസ്ഥിതിയാണ് മുഹമ്മദ് നബി ﷺ ലോകത്തിന് മുന്നിൽ സമർപ്പിച്ചത്.

ത്യാഗപൂർണ്ണമായ അവിശ്രമപരിശ്രമത്തിലൂടെ മുഹമ്മദ് നബി ﷺ തന്റെ ദൗത്യനിർവഹണത്തിന്നിറങ്ങി. ബുദ്ധിയുള്ളവർ മുഹമ്മദ് നബിﷺയിൽ രക്ഷയും അന്ത്യപ്രവാചകത്വവും കണ്ടു. ലോകം ഇസ്ലാമിലേക്കടുത്തു. പക്ഷേ, ക്രിസ്ത്യാനികൾക്കിത് ദഹിച്ചില്ല. അവരായിരുന്നു ഇസ്ലാമിന്റെ വളർച്ചയിൽ ഏറ്റവും വലിയ അസൂയാലുക്കൾ. 

യേശുക്രിസ്തുവിനെ ക്രൂശിച്ചുകൊല്ലാൻ വട്ടംകൂട്ടിയ ജൂതന്മാരെപ്പോലും ഇസ്ലാമിനെതിരെ അവർ കൂട്ടുപിടിച്ചു. യേശു ക്രൂശിക്കപ്പെട്ടുവെന്ന് പറയുന്ന മരക്കുരിശും കഴുത്തിൽ തുക്കി മുപ്പതുവെള്ളിക്ക് യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് ആത്മഹത്യ ചെയ്ത കഥയും പറഞ്ഞ് സഹതാപതരംഗമുണ്ടാക്കി മതം വളർത്തുന്നവരുടെ എക്കാലത്തെയും കൂട്ട് ദുഷ്ടന്മാരായ ജൂതന്മാരായിരുന്നു.

മുപ്പത് വെള്ളിക്കാശിന് സ്വന്തം പ്രവാചകനെ ഒറ്റിക്കൊടുക്കാൻ മാത്രം വിലകെട്ടവനായി തീർന്ന ക്രിസ്തുമത ശിഷ്യന്റെ 'സ്നേഹം' ആ മതത്തിന്റെ പാപ്പരത്വത്തെ വ്യക്തമാക്കുന്നുണ്ട്. യേശുവിന്റെ രക്തത്തിന് അത്രയേ അവർ വിലകൽപിച്ചിരുന്നുള്ളൂ. 

മത്തായിയുടെ സുവിശേഷത്തിൽ യേശുവിനെ ഒറ്റിക്കൊടുക്കുന്നതും അനന്തരം കുരിശിലേറ്റുന്നതും വിവരിച്ചിട്ടുണ്ട്. സ്വന്തം പ്രവാചകനെതിരെ ഗുഡാലോചന നടത്തിയ ഒരു വിഭാഗം, ആ പ്രവാചകന്റെ പ്രവാചകത്വത്തേയോ, പരിശുദ്ധിയേയോ തെല്ലും വകവെച്ചുകൊടുക്കുന്നില്ല എന്ന് വ്യക്തമാകും. 

അസൂയയും അസഹിഷ്ണുതയും ആ മതവക്താക്കളുടെ കൂടെപിറപ്പാണെന്ന് ചരിത്രം തെളിയിക്കുന്നു. ഇസ്ലാം മതത്തിനും പ്രവാചക തിരുമേനിക്കുമെതിരെ ജൂത-ക്രിസ്ത്യൻ ലോബികൾ നടത്തിക്കൊണ്ടിരിക്കുന്ന നുണക്കഥകൾക്കും നിദാനം

ഈ അസഹിഷ്ണുത തന്നെ. മക്കവിട്ട് മദീനയിലഭയം തേടിയ പ്രവാചകരെ വകവരുത്താൻ മക്കാമുശ്രിക്കുകൾക്ക് ദുർബോധനം നൽകാൻ വരെ അവർ തയ്യാറായി. വ്യാജ പ്രവാചകവാദികളെയും വിഘടനവാദികളെയും പിന്തുണച്ച് ഇസ്ലാമിനെതിരെയുള്ള അസംതൃപ്തി പലപ്പോഴും അവർ പ്രകടമാക്കി. പല യുദ്ധക്കളങ്ങളിലും അവർ മുശ്രിക്കുകളോടൊപ്പം ഉണ്ടായിരുന്നു. 

പ്രവാചകരുടെ (ﷺ) വഫാത്തിന് ശേഷം ഭൂമിക്കടിയിലൂടെ തുരങ്കമുണ്ടാക്കി റൗളാശരീഫിൽ നിന്ന് ആ പുണ്യ ശരീരം തട്ടിയെടുക്കാൻ പോലും വിഫലശ്രമം നടത്തുകയുണ്ടായി.ഖുലഫാഉറാശിദുകളുടെ ഭരണകാലത്തും ശേഷവും അവർ മുസ്ലിംകളോട് നേരിട്ട് യുദ്ധം നടത്തി.

പക്ഷേ, അവരുടെ കുതന്ത്രങ്ങളൊന്നും ഫലിക്കുന്നില്ല. ഇസ്ലാം നബിﷺയുടെ കാലത്തുതന്നെ ലോകത്തിൽ തകർക്കപ്പെടാൻ കഴിയാത്ത ഒരു ശക്തിയായി മാറിയിരിക്കുന്നു. പടിപടിയായി പടർന്നുകയറിയ ഇസ്ലാം അറേബ്യൻ ഉപദ്വീപുകൾ കടന്നു. യൂറോപ്പിലും ആഫ്രിക്കയിലും പരന്നു...

അടിസ്ഥാനതത്വങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ട് ആരുമായും ആശയപരമായി സംവദിച്ചു ജയിക്കാൻ കഴിയുന്ന ഒരു മഹാപ്രസ്ഥാനമായി മാറിയ ഇസ്ലാമിന്റെ ആത്മീയവെളിച്ചം ലോകത്തിന്റെ ശേഷിക്കുന്ന ദിക്കുകളിലെത്തിക്കാൻ പതിനായിരക്കണക്കിന് ഉത്തമ അനുചരവൃന്ദത്തെ നിയോഗിച്ചുകൊണ്ടാണ് അന്ത്യപ്രവാചകൻ (ﷺ) ഭൗതിക ലോകത്ത് നിന്ന് വിടവാങ്ങിയത്...


മുഹമ്മദ് നബിﷺക്കുശേഷം

സ്വന്തം ജീവനിലുപരി മുഹമ്മദ് നബിﷺയെ സ്നേഹിക്കുന്നവരായിരുന്നു അവിടുത്തെ ശിഷ്യന്മാർ, യൂദാസ് യേശുവിനെ ചില്ലിക്കാശിനു ഒറ്റുകൊടുത്തത് പോലെ നബിﷺയുടെ ശിഷ്യന്മാർ ചെയ്തില്ല. 

നബിﷺയെ എതിർത്തു സംസാരിക്കാനോ ആ പരിശുദ്ധ വ്യക്തിത്വത്തോട് അനുയോജ്യമല്ലാത്ത ഒരു പദപ്രയോഗം നടത്താൻ പോലുമോ അവർ ആരെയും അനുവദിച്ചില്ല. മുഹമ്മദ് നബി ﷺ ആദരിക്കപ്പെടുന്നതു പോലെ ലോകത്തിലൊരു പ്രവാചകനും നേതാവും ആദരിക്കപ്പെടുന്നുമില്ല.

ശിഷ്യന്മാർ പ്രവാചകനെ (ﷺ) അതിരറ്റു സ്നേഹിക്കുകയും അവിടുത്തെ പാവനചര്യകൾ ഹൃദിസ്ഥമാക്കുകയും പവിത്രപാത പിന്തുടരുകയും ചെയ്തു.

അവരുടെ വ്യക്തിത്വം, കുടുംബം, സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങൾ തുടങ്ങി സർവ്വവും പ്രവാചകന്റെ (ﷺ) തീരുമാനമനുസരിച്ചാണ് നിയന്ത്രിക്കപ്പെട്ടിരുന്നത്. ഭൗതികതയും ആത്മീയതയും മതവും രാഷ്ട്രീയവും വേർപെടുത്താൻ കഴിയാത്ത വിധം അവർക്ക് പ്രവാചകൻ ﷺ പ്രയോഗരൂപത്തിൽ പഠിപ്പിച്ചുകൊടുത്തു.

ഇനിയൊരു നിയമനിർമ്മാണത്തിന്റെയോ പരിഷ്കരണത്തിന്റെയോ ആവശ്യമില്ലാത്തവിധം പരിശുദ്ധമതം സമ്പൂർണ്ണമായി ലോകത്ത് അവതരിപ്പിക്കപ്പെട്ടപ്പോൾ എ.ഡി. 631 ൽ 63-ാമത്തെ വയസ്സിൽ മുഹമ്മദ് നബി ﷺ വഫാത്തായി. 

പ്രവാചകന്റെ (ﷺ) ഭൗതിക വിയോഗം ഇസ്ലാമിക ചരിത്രത്തിലെ ഒരു മഹാസംഭവമാണ്. മുഹമ്മദ് നബി ﷺ മരണം വരിച്ചുവെന്ന വാർത്ത വളരെ പെട്ടെന്ന് മദീനയിൽ പരന്നു. സ്വഹാബികൾ അന്തംവിട്ടു നിന്നു. പലരും പകച്ചുപോയി. ചിലർക്കൊന്നും ആ വാർത്ത വിശ്വസിക്കാൻ കഴിഞ്ഞില്ല.

ആ സന്നിഗ്ദ്ധ ഘട്ടത്തിൽ പ്രവാചകന്റെ (ﷺ) ഇഷ്ടമിത്രവും പ്രഥമശിഷ്യനുമായ അബൂബക്കർ (റ) മദീനാ പള്ളിയിലെ മിമ്പറിൽ കയറി ഒരു പ്രസംഗം ചെയ്തു. അതിപ്രകാരമായിരുന്നു.

“സുഹൃത്തുക്കളേ, ആരെങ്കിലും മുഹമ്മദ് നബിﷺയെ ആരാധിച്ചിരുന്നുവെങ്കിൽ അദ്ദേഹം ഇതാ മരിച്ചുകഴിഞ്ഞിരിക്കുന്നു. ആരെങ്കിലും അല്ലാഹു ﷻ വിനെ ആരാധിക്കുന്നുവെങ്കിൽ അവൻ എന്നെന്നും ജീവിച്ചിരിക്കുന്നവനും ഒരിക്കലും മരിക്കാത്തവനുമാണ്.” 

തുടർന്ന് അദ്ദേഹം ഒരു ഖുർആൻ വാക്യം തെളിവായി ഉദ്ധരിച്ചു. “മുഹമ്മദ് (ﷺ) ഒരു പ്രവാചകൻ മാത്രമാണ്. അദ്ദേഹത്തിന് മുമ്പ് പല പ്രവാചകന്മാരും കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുകയാണെങ്കിൽ നിങ്ങൾ പിന്നിലേക്ക് തിരിച്ചുപോവുകയോ ആരെങ്കിലും പിന്തിരിഞ്ഞ് പോകുകയാണെങ്കിൽ അല്ലാഹുവിന് യാതൊരു ഉപദ്രവവും വരുത്താൻ അയാൾക്ക് കഴിയുകയില്ല. നന്ദിയുള്ളവർക്ക് തീർച്ചയായും അല്ലാഹു കൂലികൊടുക്കും.” (വി.ഖു. 3-114)

ഈ പ്രസംഗം ശ്രവിച്ചപ്പോൾ പ്രശ്നങ്ങളെ യാഥാർത്ഥ്യ ബോധത്തോടെ സമീപിക്കാൻ സ്വഹാബികൾക്ക് കഴിഞ്ഞു. നബിﷺയുടെ ഭൗതിക ശരീരം മറവു ചെയ്യുന്നതിനു മുമ്പ് തന്നെ ഇസ്ലാമിക രാജ്യങ്ങളുടെ അധിപനും മുസ്ലിം സമൂഹത്തിന്റെ നേതാവുമായി അബൂബക്കർ (റ) വിനെ അവർ തിരഞ്ഞെടുത്തു.

ഖലീഫയായി സ്ഥാനമേറ്റയുടനെ പലവിധ ആഭ്യന്തര പ്രശ്നങ്ങളും അബൂബക്കറിന് (റ) നേരിടേണ്ടിവന്നു. ഇസ്ലാമിനെ വേണ്ടതുപോലെ മനസ്സിലാക്കാത്ത പല പുതുവിശ്വാസികളും ഇസ്ലാമിൽ നിന്ന് പിന്തിരിഞ്ഞുപോയി. പരസ്യമായി ഇസ്ലാമിനോട് എതിർക്കാൻ കഴിയാതെയും എന്നാൽ പൂർണ്ണമായി ദീനിനെ ഉൾക്കൊള്ളാതെയും ഒതുങ്ങിക്കൂടിയിരുന്ന കപടവിശ്വാസികൾ സകാത്ത് നിഷേധവുമായി രംഗത്തുവന്നു. വിശുദ്ധ ഖുർആൻ ദുർവ്യാഖ്യാനം ചെയ്ത തങ്ങളുടെ ചെയ്തികൾക്ക് ന്യായീകരണങ്ങൾ കണ്ടെത്തി.

പക്ഷേ, ധീരനായ അബൂബക്കർ (റ) തന്റേടത്തോടെയും ധൈഷണികമായ നേതൃപാടവത്തോടെയും സമൂഹത്തെ മുന്നോട്ടുനയിച്ചു. എല്ലാ അപസ്വരങ്ങളും അമർച്ച ചെയ്തു. നിയമം തിരുത്താനോ, ഭീരുക്കളായി രംഗംവിടാനോ ആരെയും അനുവദിച്ചില്ല. ആടിയുലഞ്ഞ സമൂഹത്തെ ശരിയായ ദിശയിലേക്ക് നയിക്കുന്നതിൽ അദ്ദേഹം കാണിച്ച മനക്കരുത്തും തന്റേടവും സമൂഹത്തിനു പുതിയ ഒരുണർവും ഉത്തേജനവും നൽകി.

വിധ്വംസക പ്രവർത്തനങ്ങൾ വഴി ഇസ്ലാമിന്റെ വളർച്ച തടയാൻ യഹൂദികളും നസാറാക്കളും ആവുന്നതെല്ലാം ചെയ്തു. റോമിലും പേർഷ്യയിലും അസ്വസ്ഥരായി കഴിഞ്ഞുകൂടിയിരുന്ന ക്രിസ്ത്യാനികൾ സിറിയൻ അതിർത്തി പ്രദേശങ്ങളിൽ കുഴപ്പക്കാർക്ക് സഹായം എത്തിച്ചുകൊടുത്ത് മുസ്ലിംകൾക്കും ഭരണകൂടങ്ങൾക്കും തലവേദന സൃഷ്ടിച്ചു. 

പക്ഷേ, അബൂബക്കർ സിദ്ദീഖിന്റെ (റ) നേതൃത്വത്തിൽ മുസ്ലിം സൈന്യാധിപന്മാർ അറേബ്യൻ അർദ്ധദ്വീപുകളിലുടനീളം ജൈത്രയാത്ര നടത്തി.

ഐക്യവും ക്ഷേമവും ഭദ്രതയും കളിയാടുന്ന ഇസ്ലാമിക ഗവൺമെന്റ് ജനഹിതി നേടി മുന്നോട്ടുള്ള പ്രയാണം തുടർന്നു. ഒന്നാം ഖലീഫയുടെ കാലത്ത് തന്നെ പ്രമുഖ പേർഷ്യൻ രാജ്യങ്ങളായിരുന്ന ഇറാഖ്, ഹിറാഅ്, ഐനുത്തംറ് തുടങ്ങിയ രാജ്യങ്ങളിലും റോമൻ രാജ്യമായിരുന്ന സിറിയയിലും ഈജിപ്തിലും ഫലസ്തീനിലും ഇസ്ലാമിന്റെ സന്ദേശമെത്തി. 

പ്രവാചകന്റെ (ﷺ) വിയോഗം മൂലമുണ്ടായ പ്രയാസങ്ങൾ ഒരുവിധം അവസാനിച്ചുവരവെയാണ് ഹിജ്റ വർഷം 13 ജമാദുൽ ആഖിർ 22 ന് തിങ്കളാഴ്ച്ച അബൂബക്കർ (റ) വഫാത്തായത്. 2 വർഷവും മൂന്നുമാസവും 10 ദിവസവുമാണ് അദ്ദേഹം ഖിലാഫത്തിന്റെ ചുക്കാൻ പിടിച്ചിരുന്നത്.

ഭരണകാലം ഹ്രസ്വമെങ്കിലും ഇസ്ലാമിനും മുസ്ലിം സമൂഹത്തിനും കനപ്പെട്ട സംഭാവനകളാണ് അദ്ദേഹം അർപ്പിച്ചത്. ആഭ്യന്തരരംഗം ഭദ്രമാക്കുക, ഖുർആൻ ക്രോഡീകരിക്കുക, വിഘടനവാദത്തെ പിഴുതെറിയുക, വൻശക്തികളെ ഒതുക്കുക തുടങ്ങിയ ധീരമായ പലനടപടികളും അദ്ദേഹം കൈകൊണ്ടിരുന്നു. 

സിദ്ദീഖ്(റ)വിന് ശേഷം രണ്ടാം ഖലീഫയായി ഉമർബിൻ ഖത്താബ്(റ) അധികാരമേറ്റു. ക്രിസ്ത്യാനികളുടെ കയ്യിലായിരുന്ന ബൈത്തുൽ മുഖദ്ദസും പരിസരപ്രദേശങ്ങളും പരിപൂർണ്ണമായി ഇസ്ലാമിന് കീഴടങ്ങിയത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്. 

സമരങ്ങളുടെയും വിജയങ്ങളുടെയും നീണ്ടകഥയാണ് അദ്ദേഹത്തിന്റെ ഖിലാഫത്തിന് പറയാനുളളത്. ഉമറുൽ ഫാറൂഖിന്റെ (റ) നീതിയിൽ അധിഷ്ഠിതമായ ഭരണം എക്കാലത്തും പ്രശംസിക്കപ്പെട്ടതാണ്. അനേകമനേകം പരിഷ്കരണ പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ കാലത്തുണ്ടായി. പത്ത് വർഷവും ആറ് മാസവും നീണ്ടുനിന്ന ആ സുവർണ്ണകാലം ഇസ്ലാമിക ചരിത്രത്തിൽ ശ്രദ്ധേയമാണ്.

ഹിജ്റ 23 ദുൽഹജ്ജ് 30 ശനിയാഴ്ച അദ്ദേഹം ഒരു ക്രൈസ്തവ ജൂത ഗൂഢാലോചനയിലൂടെ വധിക്കപ്പെട്ടു. ഒരു പേർഷ്യൻ അടിമയായ ഫൈറൂസ് അബൂ ലുഅ്ലുഅത്ത് എന്ന മജൂസിയാണ് ഉമർ (റ) വിനെ കഠാരകൊണ്ട് കുത്തിയത്. ഇതിന് അയാളെ പ്രേരിപ്പിച്ചത് മദീനയിൽ നിന്നു പേർഷ്യയിലേക്ക് കുടിയേറിപ്പാർക്കേണ്ടിവന്ന ജൂത ക്രൈസ്തവ കുടുംബങ്ങളായിരുന്നു. 

ഉമറിന്റെ (റ) ഖിലാഫത്ത് കാലത്ത് അധികാരം നഷ്ടപ്പെട്ട ക്രിസ്ത്യാനികൾ നടപ്പിലാക്കിയ ഈ ക്രൂരമായ കൊലപാതകത്തിൽ പേർഷ്യൻ പടനായകനായിരുന്ന ഹുർമുസാനും ഹീറയിലെ ക്രിസ്ത്യൻ മേധാവിയായിരുന്ന ജൂഫൈനക്കും പങ്കുണ്ടായിരുന്നു. കുറ്റവിചാരണക്ക് ഹാജരാകുന്നതിന്മുമ്പ് ഉമറിന്റെ (റ) മകൻ ഉബൈദുല്ല ഇവരെ വധിച്ചു കളയുകയാണുണ്ടായത്. 

ഉമർ(റ)വിന്റെ ദുരന്തം ഇസ്ലാമിന്റെ നഷ്ടത്തിലുപരി ലോകത്തിന്റെ നഷ്ടമായിരുന്നു. നീതിയുടെ പര്യായമായി അറിയപ്പെട്ട ഉമർ (റ) ലോകാവസാനം വരെ ആ മഹൽഗുണത്തോടൊപ്പം പ്രശംസിക്കപ്പെടുകതന്നെ ചെയ്യും.

ഉമർ(റ)വിന്റെ വിയോഗം ഇസ്ലാമിനെ തളർത്തുമെന്ന് കണക്കു കൂട്ടിയ ക്രിസ്ത്യാനികൾക്ക് മൂന്നാം ഖലീഫ ഉസ്മാൻ ബിൻ അഫ്ഫാൻ(റ)വിന്റെ മുന്നേറ്റം കണ്ട് വിസ്മയിക്കേണ്ടിവന്നു. 

ഇസ്ലാമിക വിപ്ലവം കടൽതീരങ്ങൾ മറികടന്നു തുടങ്ങിയത് അദ്ദേഹത്തിന്റെ ഖിലാഫത്തോടെയാണ്, ആഫ്രിക്കൻ നാടുകളിലും സൈപ്രസ് തുടങ്ങിയ ദ്വീപുകളിലും ഇസ്ലാമിന്റെ വെളിച്ചമെത്തിക്കാനും ഒരുപാട് ഭരണപരിഷ്കാരങ്ങൾ നടപ്പിലാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

അവസരം കിട്ടുമ്പോഴൊക്കെ മുസ്ലിംകൾക്കിടയിൽ അനൈക്യവും കുഴപ്പവും കുത്തിപ്പൊക്കാൻ നോമ്പുനോറ്റു നടന്നിരുന്ന ജൂത ക്രിസ്ത്യാനികൾ അടവുമാറ്റിയത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്.

സൻആഇലെ ജൂതന്മാരുടെ കൂട്ടത്തിൽ ഇബ്നുസ്സൗദാത്ത് എന്ന ഒരു പുരോഹിതനുണ്ടായിരുന്നു. പുറമെ നിന്ന് ഇസ്ലാമിനെ എതിർക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ഇയാൾ ഉള്ളിൽ കയറിക്കൂടാൻ പരിപാടികൾ ആവിഷ്കരിച്ചു. ഇയാൾ ഇസ്ലാംമതം സ്വീകരിച്ചു. മുസ്ലിംകളെ സ്നേഹിച്ചു കൊല്ലുകയായിരുന്നു പരിപാടി.

മൂന്നാം ഖലീഫയായി അധികാരമേറ്റതിൽ അതൃപ്തിയുണ്ടായിരുന്ന ചിലയാളുകളെ പലതും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഇയാൾ പാട്ടിലാക്കി. ഖിലാഫത്ത് അലി(റ)വിന്ന്  മാത്രം അവകാശപ്പെട്ടതാണെന്നും ഉസ്മാൻ(റ)വിനെ ഖലീഫയായി അംഗീകരിക്കേണ്ടതില്ലെന്നും ഇയാൾ പ്രചരിപ്പിച്ചു. മുസ്ലിംകൾക്കിടയിൽ വിഭാഗീയതയുടെ വിത്തുമുളക്കുന്നത് ഈ സമയത്താണ്. 

നബിﷺതങ്ങളുടെ രണ്ട് പെൺമക്കളെ വിവാഹം ചെയ്യുകയും ദിന്നൂറൈൻ എന്ന അപരനാമത്തിൽ അറിയപ്പെടുകയും ചെയ്തിരുന്ന മഹാനായ ഈ ഖലീഫയും ശത്രുക്കളുടെ ഗൂഢാലോചനയിൽ കൊല്ലപ്പെടുകയാണുണ്ടായത്. 

ഹിജ്റ 23 മുതൽ 35 വരെ നീണ്ട 12 വർഷം അദ്ദേഹത്തിന്റെ മാതൃകാപരമായ ഭരണം ലോകത്ത് നടന്നു. അനേകം വിജയങ്ങൾ നേടുന്നതിൽ മൂന്നാം ഖലിഫ നിസ്സീമമായ പങ്കുവഹിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ മരണം ഒരാകസ്മിക സംഭവമായിരുന്നില്ലെന്നും ഇസ്ലാമിക സാമൂഹിക രംഗത്ത് അഭ്യന്തരമായ കുഴപ്പങ്ങൾ തലപൊക്കുന്നതിന്റെ മുന്നോടി ആയിരുന്നുവെന്നും തുടർക്കാല സംഭവങ്ങൾ തെളിയിക്കുന്നു.

നാലാമത്തെ ഖലീഫയായി അവരോധിക്കപ്പെട്ടത് അലിയ്യുബിൻ അബീത്വാലിബ് (റ) ആയിരുന്നു. പാണ്ഡിത്യം, ധീരത, ബുദ്ധിവൈഭവം, നീതിന്യായം തുടങ്ങിയ കാര്യങ്ങളിൽ അഗ്രേസരനായിരുന്ന അലി (റ) നബിﷺയുടെ പിതൃവ്യപുത്രനും ജാമാതാവുമാണ്.

കുട്ടിക്കാലത്ത് തന്നെ ഇസ്ലാംമതം വരിച്ച അലി (റ) നബിﷺയുടെ സംരക്ഷണത്തിൽ വളർന്നയാളാണ്. ഹിജ്റ 35 ദുൽഹജ് 15-ന് വെള്ളിയാഴ്ചയാണ് അദ്ദേഹം ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടത്. ഉസ്മാൻ (റ) വിന്റെ വധത്തിനു പിന്നിൽ പ്രവർത്തിച്ച ചില മുസ്ലിം സുഹൃത്തുക്കളുടെ അവിവേകവും നിരുത്തരവാദപരവുമായ പ്രവർത്തനങ്ങൾ കാരണം അലി (റ) വിന്റെ ഖിലാഫത്ത് കാലം വേണ്ടത്ര സമാധാനപരമായിരുന്നില്ല. 

അലി(റ)വിനെ ഖലീഫയായി അംഗീകരിക്കാൻ തെറ്റിദ്ധാരണ മൂലം കൂട്ടാക്കാതിരുന്ന ചിലർ കാരണം മുസ്ലിംകൾ പരസ്പരം ഏറ്റുമുട്ടേണ്ടിവന്ന അവസ്ഥയാണു വന്നുപെട്ടത്. ജമൽയുദ്ധവും സിഫ്ഫീൻ യുദ്ധവും ഇങ്ങനെ മുസ്ലിംകൾക്കിടയിലുണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങളായിരുന്നു. 

മുസ്ലിംകൾക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങളിൽ കടുംപിടുത്തം കൂടാതെ രമ്യമായ പരിഹാരം ആഗ്രഹിച്ചിരുന്ന അലി(റ)വിന് ഒരു വിഭാഗം തീവ്രവാദികളെയാണ് നേരിടേണ്ടി വന്നത്. എന്നും എവിടെയും തീവ്രവാദികൾ ലോകസമാധാനത്തിന് ഭീഷണിയായിരുന്നുവല്ലോ..?!

അബ്ദുറഹിമാൻ ബിൻ മുൽജിം എന്ന കൂഫക്കാരനായ ഒരു തീവ്രവാദിയുടെ കുത്തേറ്റുകൊണ്ട് നാലാം ഖലീഫയും രക്തസാക്ഷിയാവുകയാണുണ്ടായത്. അതോടുകൂടി ഒരു സുവർണ്ണകാലഘട്ടത്തിന്റെ അന്ത്യം കുറിക്കുകയായിരുന്നു...

അഞ്ചോളം വർഷക്കാലമാണ് അലി(റ) ഖലീഫയായിരുന്നത്. അദ്ദേഹത്തിന്റെ വഫാത്തിന് ശേഷം ഇസ്ലാമിക ചരിത്രത്തിലെ പുതിയ കാലഘട്ടം ആരംഭിക്കുന്നു. 


പുലരുന്ന പ്രവചനങ്ങൾ

അന്ത്യപ്രവാചകൻ മുഹമ്മദ് നബിﷺയുടെ ദീർഘദർശനം സാക്ഷാത്കരിച്ചുകൊണ്ട് യഥാക്രമം അബൂബക്കർ, ഉമർ, ഉസ്മാൻ,അലി(റ) എന്നീ മഹാരഥന്മാരുടെ മുപ്പത് വർഷത്തെ ഖിലാഫത്തിനു ശേഷം ഇസ്ലാമികരാഷ്ട്രങ്ങൾ രാജവാഴ്ചക്കും ദുഖകരമായ അധികാര വടംവലികൾക്കും വേദിയാവുകയുണ്ടായി.

ഹസ്റത്ത് സഫീന (റ) പറയുന്നു: നബിﷺതങ്ങൾ പറയുന്നത് ഞാൻ കേട്ടു: “ഖിലാഫത്ത് മുപ്പതു സംവൽസരമാകുന്നു.അനന്തരം അത് രാജവാഴ്ചയായി അധിപതിക്കും.” (തിർമുദി) 

ഖുലഫാഉറാശിദുകളുടെ മാതൃകാപരമായ ഖിലാഫത്തിനു ശേഷം ഹിജ്റ 41-ാം വർഷം എ.ഡി. 661 മെയ് 7 ന് ഹസ്റത്ത് മുആവിയ (റ) ആരംഭം കുറിച്ച ഉമവിയ്യാ ഖിലാഫത്ത് ഇസ്ലാമിക സമൂഹത്തെ നുള്ളിയും നോവിച്ചും തഴുകിയും തലോടിയും 91 വർഷവും 9 മാസവും നിലനിൽക്കുകയുണ്ടായി. 

ഉമവിയ്യാ ഭരണത്തിന്റെ സ്ഥാപകനായ മുആവിയ (റ) ക്രി, 680 ഏപ്രിൽ 7ന്, ഹിജ്റ 60 റജബ് 1 ന് പരലോകം പ്രാപിച്ചു. തുടർന്ന് മകൻ യസീദാണ് മുമ്പ് നിശ്ചയിച്ച പ്രകാരം ഭരണത്തിൽ വന്നത്. പ്രവാചകരുടെ (ﷺ) പേരമകൻ ഹുസൈൻ (റ) വും കുടുംബവും കർബലയിൽ വെച്ച് അതിദാരുണമാംവിധം കൊല്ലപ്പെട്ടത് യസീദിന്റെ ഭരണകാലത്തായിരുന്നു.

നേതൃത്വത്തിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളും അധികാര വടംവലികളുമാണ് കർബലായുദ്ധത്തിന് കാരണമായതെങ്കിലും അല്ലാഹു ﷻ വിന്റെ റസൂലിന്റെ (ﷺ) ഒരു പ്രവചനത്തിന്റെ പുലർച്ചകൂടിയായിരുന്നു കർബലാ സംഭവം.

ഒരിക്കൽ നബിﷺയുടെ അടുത്ത കുടുംബത്തിൽപ്പെട്ട ഉമ്മുൽ ഫള്ല് (റ) ചെന്ന് ഫാതിമാ ബീവി(റ)യുടെ ഹുസൈൻ എന്ന കുട്ടിയെ എടുത്ത് നബി ﷺ യുടെ മടിയിൽ വെച്ചുകൊടുത്തു. കുട്ടിയുടെ മുഖത്തേക്ക് നോക്കിയ പ്രവാചകന്റെ (ﷺ) കണ്ണുകൾ നിറഞ്ഞു. അവിടുന്ന് (ﷺ) ഇപ്രകാരം പറഞ്ഞു: “ഈ മകനെ എന്റെ സമുദായം വധിച്ചുകളയുമെന്ന് അല്ലാഹു ﷻ വിന്റെ ദൂതൻ ജിബ്രീൽ (അ) എന്നോട് പറഞ്ഞിരിക്കുന്നു.” (ബൈഹഖി)

ഈ ദീർഘദർശനത്തിന്റെ പുലർച്ചയാണ് ഹിജ്റ 61 മുഹർറം 10 ന് (ക്രിസ്താബ്ദം 680 ഒക്ടോബർ 10) കർബലയിൽ നടന്നത്. ഇരുവിഭാഗം മുസ്ലിം സൈന്യങ്ങൾ പരസ്പരം ഏറ്റുമുട്ടി. അവിടെവെച്ച് അല്ലാഹു ﷻ വിന്റെ റസൂലിന്റെ (ﷺ) കണ്ണിലുണ്ണിയായ ഹുസൈനും (റ) കൂട്ടുകാരും രക്തസാക്ഷികളായി...

ഖുലഫാഉറാശിദുകളുടെ കാലത്തിനു ശേഷം ഇസ്ലാമിക മുന്നേറ്റം വളരെ മന്ദഗതിയിലായി. വീണ്ടും അത് പഴയരൂപത്തിലാകാൻ കാലമേറെ കഴിയേണ്ടിവന്നു. ഉമവിയ്യാ ഖിലാഫത്തിലും ചരിത്രത്തിന് വിസ്മരിക്കാൻ കഴിയാത്ത യുഗപുരുഷന്മാർ അനേകമുണ്ട്.

അഞ്ചാം ഖലീഫ എന്ന പേരിൽ പ്രസിദ്ധനായ ഉമർബിൻ അബ്ദുൽ അസീസ് (റ), ഉമർ രണ്ടാമൻ എന്നറിയപ്പെടുന്നവിധം നീതിനടപ്പാക്കിയ മഹാനായ ഭരണാധികാരിയായിരുന്നു.

ഒരു നൂറ്റാണ്ടിന് ശേഷം ഉമവിയ്യാ ഖിലാഫത്ത് അവസാനിച്ചു. തുടർന്ന് അബ്ബാസിയ്യാ ഖിലാഫത്ത് ഭരണം നയിച്ചു. എ.ഡി, 749 ഒക്ടോബർ 30 ന് ആണ് അബുൽ അബ്ബാസ് അസ്സഫ്ഫാഹ് അബ്ബാസിയ്യാ ഖിലാഫത്തിന് അടിത്തറ പാകിയത്. പ്രഗത്ഭരും പ്രശസ്തരുമായ 37 ഭരണാധിപന്മാർ രാജ്യചക്രം തിരിച്ച അബ്ബാസിയ്യാ ഖിലാഫത്ത് സുദീർഘമായ 524 വർഷം അധികാര സോപാനങ്ങളിൽ വിലസുകയുണ്ടായി. 

അബ്ബാസിയ്യാ ഖിലാഫത്തും അന്ത്യപ്രവാചകരുടെ (ﷺ) പ്രവചനത്തിന്റെ സാക്ഷാത്കാരമായിരുന്നു. ജാബിർ ബിൻ അബ്ദുല്ല(റ) പറയുന്നു. ഒരിക്കൽ നബിﷺതങ്ങൾ ഇപ്രകാരം പ്രസ്താവിച്ചു: “അബ്ബാസിന്റെ സന്താനപരമ്പരയിൽ എന്റെ സമുദായത്തിന്റെ നായകന്മാരാകുന്ന രാജാക്കളുണ്ടാകും. അല്ലാഹു ﷻ അവർ മുഖേന ഇസ്ലാംമതത്തിന് അന്തസ്സ് നൽകും.” (ഹിൽയാ)

അബ്ബാസിയ്യാ ഭരണകൂടത്തിന്റെ സ്ഥാപകൻ സഫ് ഫാഹ് നബിﷺയുടെ പിതൃവ്യനായ അബ്ബാസ്(റ)വിന്റെ മൂന്നാമത്തെ പൗത്രനാണ്. ഇസ്ലാമിക സമൂഹത്തിന്റെ മതവിദ്യാഭ്യാസ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളെ തേജോമയമാക്കിയ അബ്ബാസിയ്യാ ഖിലാഫത്തിന്റെ അവസാനരംഗങ്ങൾ പലതും അതിദയനീയവും ദൗർഭാഗ്യകരവുമായിരുന്നു.

പിൽക്കാലത്ത് അധികാരവടംവലിയും കുതികാൽവെട്ടും നിമിത്തം പ്രവിശാലമായ ഇസ്ലാമിക സാമ്രാജ്യങ്ങൾ പലതും അബ്ബാസിയാ ഖലീഫമാരുടെ നിയന്ത്രണത്തിൽ നിന്ന് വിട്ടുപോയി..!!

പ്രബോധന പ്രവർത്തനങ്ങളും പ്രതിരോധമാർഗ്ഗങ്ങളുമില്ലാതെ മതാധിഷ്ഠിതമായ ഒരു ഭരണകൂടം നിലനിൽക്കാൻ പ്രയാസമാണല്ലോ..?!

പ്രവാചകരുടെയും (ﷺ) ഖുലഫാഉറാശിദുകളുടെയും കാലത്ത് ഭരണ സിരാകേന്ദ്രം മദീനാ മുനവ്വറയായിരുന്നുവെങ്കിൽ ഉമവികൾ അത് സിറിയൻ തലസ്ഥാനമായ ഡമസ്കസിലേക്ക് മാറ്റി സ്ഥാപിച്ചു. അബ്ബാസികൾക്ക് ഭരണം കിട്ടിയതോടെ അത് ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലേക്ക് പറിച്ചുനട്ടു.

ഉമറുൽ ഫാറൂഖിന്റെ (റ) ഖിലാഫത്തോടെ ഇസ്ലാമിക സാമ്രാജ്യങ്ങൾക്കുണ്ടായ കെട്ടുറപ്പും ഭദ്രതയും വളരെ ശക്തമായിരുന്നുവല്ലോ. ഇസ്ലാമിന്റെ ജൈത്രയാത്ര ആരെയും അസൂയപ്പെടുത്തും വിധമായിരുന്നു. 

3700 വർഷത്തെ രേഖപ്പെടുത്തപ്പെട്ട ചരിത്രപാരമ്പര്യമുള്ള ബൈത്തുൽ മുഖദ്ദസ് രക്തരഹിതവും സമാധാനപരവുമായ മാർഗ്ഗത്തിലൂടെ ഹിജ്റ 15-ൽ (എ.ഡി. 636-ൽ) ഉമർ(റ) ഇസ്ലാമികസാമാജ്യത്തിന് കീഴിൽ കൊണ്ടുവന്നു. 

അനുദിനം വികസിച്ചുകൊണ്ടിരുന്ന മുസ്ലിം ഭരണ പ്രദേശങ്ങളിലേക്കും ഭൂഖണ്ഡങ്ങളിൽ വേരുപിടിച്ചു വളർന്നു പന്തലിക്കുന്ന ഇസ്ലാമിക സാംസ്കാരിക നാഗരികതകളിലേക്കും അത്യധികം അസൂയയോടു കൂടിയാണ് ഇസ്ലാമിന്റെ ബദ്ധവൈരികൾ നോക്കിക്കൊണ്ടിരുന്നത്. 

ദിനേന വികസിച്ചുവരുന്ന മുസ്ലിം ജനസംഖ്യയും രാഷ്ട്രീയ പിന്തുണയും ചർച്ചുമേധാവികളെയും ക്രിസ്തീയ പുരോഹിതന്മാരെയും വല്ലാതെ അസ്വസ്ഥമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ജനകീയ അംഗീകാരവും ബുദ്ധിജീവികളുടെ പിന്തുണയും നഷ്ടപ്പെട്ട കുരിശുമതത്തിന്റെ അപ്പോസ്തലന്മാർ മുസ്ലിം രാജ്യങ്ങളിൽ കുഴപ്പമുണ്ടാക്കാനും മുസ്ലിം ഐക്യം തകർക്കാനും ഗൂഢമായ പല പദ്ധതികളും ആവിഷ്കരിച്ചു. അബ്ബാസിയ ഖിലാഫത്തിന്റെ ദുർബലത അവർ ശരിക്കും ഉപയോഗപ്പെടുത്തി.

കുപ്രസിദ്ധമായ കുരിശുയുദ്ധങ്ങളിൽ മുക്കാൽ ഭാഗവും അബ്ബാസിയ ഖിലാഫത്തിന്റെ അന്ത്യഘട്ടങ്ങളിലാണ് അരങ്ങേറിയത്. 

അബ്ബാസീ ഖലീഫ മുഅ്തസിം (ഹിജ്റ 218-27) നിലവിലുള്ള അറബി മുസ്ലിം സൈന്യത്തിനു പുറമെ തുർക്കിയിൽ നിന്നു പ്രത്യേകം തിരഞ്ഞെടുത്തവരെ ഉൾപ്പെടുത്തി ഒരു സ്വതന്ത്ര കൂലിപ്പട്ടാളം രൂപീകരിച്ചു. കാലക്രമേണ ഈ സമാന്തരപട്ടാളം ഒരു ബദൽശക്തിയായി രംഗത്തു വരികയും ഭരണകൂടത്തിന് കനത്ത വെല്ലുവിളി ഉയർത്തുകയും ചെയ്തു. മുഅ്തസിമിന് ശേഷം ഖലീഫയായ മകൻ മുതവക്കിലിനെ ഈ സമാന്തരസൈന്യം നിർദാക്ഷിണ്യം വധിക്കുകയുണ്ടായി.

പല അബ്ബാസീ ഖലീഫമാരും മുഅ്തസ് ലി ചിന്താഗതിക്കാരായിരുന്നു. തങ്ങളുടെ പിഴച്ച ചിന്തകൾക്ക് പ്രചാരം നൽകാത്ത പണ്ഡിതന്മാരെ ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത ഖലീഫമാരും കൂട്ടത്തിലുണ്ട്. 

ഒരേസമയം മതമേധാവികളും രാഷ്ട്ര നായകന്മാരുമായി ദീനിനും സമൂഹത്തിനും വിലപ്പെട്ട സംഭാവനകൾ അർപ്പിച്ച അബ്ബാസീ ഭരണാധികാരികളുടെ പിൻഗാമികൾ അധികാരത്തിലും ഭൗതിക സുഖാഡംബരങ്ങളിലും മുഴുകി. 

മുസ്ലിം ഖിലാഫത്ത് കേന്ദ്രങ്ങളിൽ നർത്തകികളും ഗായകസംഘങ്ങളും യഥേഷ്ടം കയറിയിറങ്ങി. മദ്യചഷകങ്ങൾ കൊട്ടാരസദ്യകളിലെ പ്രധാന വിഭവങ്ങളായി. ഖിലാഫത്ത് കേന്ദ്രങ്ങൾ ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിലും വൈദേശികാക്രമണങ്ങളിൽ നിന്ന് രാജ്യത്തെ രക്ഷിച്ച് ഇസ്ലാമിക താൽപര്യം നിലനിർത്തുന്നതിലും പരാജയപ്പെട്ടു. 

ജുമുഅ ഖുതുബകളിൽ പുകഴ്ത്തപ്പെടുകയും വിനിമയനാണയങ്ങളിൽ പേരടിക്കപ്പെടുകയും ചെയ്യുന്നതൊഴിച്ചാൽ പ്രത്യേക സ്ഥാനങ്ങളൊന്നും അവർക്കില്ലെന്ന സ്ഥിതി സംജാതമായി.

അബ്ബാസിയ ഖിലാഫത്തിന്റെ ശനിദശ തുടർന്നുകൊണ്ടിരിക്കെ നേരത്തെ പറഞ്ഞ തുർക്കിസലാജിക്കുകളും ബുവൈഹികൾ, ഫാതിമികൾ, അയ്യൂബികൾ തുടങ്ങിയവരും പ്രാദേശിക ഭരണങ്ങളിൽ പിടിമുറുക്കിത്തുടങ്ങി. ബുവൈഹികളും ഫാത്വിമികളും കടുത്ത ശിയാവിശ്വാസികളായിരുന്നുവെങ്കിൽ സലാജിക്കുകളും അയ്യുബികളും ഉറച്ച സുന്നീ ആദർശക്കാരായിരുന്നു. 

രാജ്യത്തുടനീളം വളർന്നുവന്ന സമാന്തരശക്തികളെ നിയന്ത്രിക്കാൻ പ്രാപ്തിയില്ലാതെ നാമമാത്ര അബ്ബാസിയ്യാഖിലാഫത്ത് ബാഗ്ദാദിൽ മാത്രം ഒതുങ്ങിയിരിക്കെ, ഹിജ്റ 462-ൽ ഈജിപ്തിലെ ഫാതിമിയ്യാ ഭരണത്തിനുകീഴിലായിരുന്ന സിറിയയും പരിസരപ്രദേശങ്ങളും സലാജിക്കുകൾ പിടിച്ചെടുത്തു. 

സൽജൂക്കികൾ ജനസ്വാധീനം നേടി മുസ്ലിം രാജ്യങ്ങളിൽ വേരുപിടിച്ചു വരികയായിരുന്നു. പല കുരിശുരാജ്യങ്ങൾക്കും വെല്ലുവിളിയുയർത്തി അവർ സധൈര്യം മുന്നോട്ടു നീങ്ങി. തങ്ങളുടെ രാജ്യം നഷ്ടപ്പെട്ട ഫാത്വിമികളാവട്ടെ സലാജിക്കുകളോട് പ്രതികാരം ചെയ്യാൻ കിസ്ത്യൻ പടയാളികളെ കൂട്ടുപിടിച്ച് കരാർ വരെ ഉണ്ടാക്കി.

പക്ഷേ, അവരുടെ ധാരണ പൂർത്തിയാക്കും മുമ്പ് ഹിജ്റ 671-ൽ ബൈത്തുൽ മുഖദ്ദസ് കൂടി ഫാത്വിമികളിൽ നിന്ന് സൽജൂക്കികൾ പിടിച്ചെടുത്തു. ജറുസലവും സിറിയയും നഷ്ടപ്പെട്ട ഫാത്വിമികളുടെ ഭരണം ഈജിപ്തിൽ മാത്രമായി ചുരുങ്ങി.

ബൈത്തുൽ മുഖദ്ദസും അതിലേക്കുള്ള വഴികളും സലാജിക്കുകളുടെ കയ്യിലായതോടെ ആ പരിശുദ്ധ ഭൂമിയിൽ വരുന്ന തീർത്ഥാടകർക്ക് ചില നിയന്ത്രണങ്ങളേർപ്പെടുത്തുവാൻ അവർ തയ്യാറായി. സുരക്ഷിതത്വകാരണങ്ങൾ പറഞ്ഞായിരുന്നു ഈ നടപടി.

ഫാത്വിമികളുടെ ഭരണകാലത്ത് ക്രിസ്ത്യൻ ഭക്തർ നിർഭയമായി ഖുദ്സിൽ തീർത്ഥാടനം നടത്തി തിരിച്ചുപോകുമായിരുന്നു. മുസ്ലിം ശക്തികൾ ഉയിർത്തെഴുന്നേൽക്കുകയും കുരിശുകാരുമായി ഇടക്കിടെ ഉരസൽ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയിലാണ് ബൈത്തുൽ മുഖദ്ദസിലെത്തുന്ന ക്രൈസ്തവ തീർത്ഥാടകർക്ക് സലാജിക്കുകൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഈ സംഭവം ക്രിസ്ത്യൻ സഭകളെ വല്ലാതെ അരിശം കൊള്ളിച്ചു.

ചരിത്രപരമായി അനേകം മഹത്വങ്ങൾ ഉൾക്കൊള്ളുന്ന ആ പരിശൂദ്ധഭൂമിയും ബൈത്തുൽ മുഖദ്ദസ് എന്ന പേരിൽ അറിയപ്പെടുന്ന അൽ അഖ്സാ പള്ളിയും മുസ്ലിംകളും യഹൂദികളും ക്രിസ്ത്യാനികളും ഏറെക്കാലമായി ഒരുപോലെ ആദരിക്കുന്ന സ്ഥലമാണ്. 

അന്ത്യപ്രവാചകരുടെ (ﷺ) നിയോഗത്തിന്റെ ആദ്യഘട്ടത്തിൽ മുസ്ലിംകളുടെ ഖിബ്ല അങ്ങോട്ടായിരുന്നു. 16 മാസക്കാലം നിസ്കാരത്തിൽ അങ്ങോട്ടാണ് തിരിഞ്ഞുനിന്നത്. മസ്ജിദുൽ അഖ്സായുടെ പരിസരം പതിനായിരക്കണക്കിന് അമ്പിയാക്കളുടെയും ഔലിയാക്കളുടെയും അന്ത്യവിശ്രമ സങ്കേതമായതിനാൽ അവിടം അനുഗ്രഹിക്കപ്പെട്ടതായി വിശുദ്ധ ഖുർആൻ തന്നെ സാക്ഷീകരിക്കുന്നുണ്ട്.

മുഹമ്മദ് നബിﷺയുടെ ആകാശാരോഹണം ഇവിടെ നിന്നായിരുന്നു. ഈസാനബി(അ)ന്റെ ജന്മസ്ഥലമായ ബത്ലഹേം ഈ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇങ്ങനെ അനേക വിശേഷണങ്ങൾക്ക് അർഹമായ ആ ഭൂമി കാലാകാലങ്ങളിൽ കൈവശം വെച്ചുപോരാൻ ക്രിസ്തീയരും ജൂതരും ശ്രമം നടത്തിയിട്ടുണ്ട്. 

കുപ്രസിദ്ധമായ കുരിശുയുദ്ധം തന്നെ ആ സ്ഥലം മുസ്ലിംകളിൽ നിന്ന് മോചിപ്പിക്കാൻ വേണ്ടിയായിരുന്നു.മസ്ജിദുൽ അഖ്സയും പരിസരവും മുസ്ലിംകളുടെ കയ്യിലായിരിക്കുമ്പോൾ തന്നെ മധ്യപൗരസ്ത്യ രാജ്യങ്ങളിൽ നിന്നു ക്രിസ്തീയരും മറ്റും അവിടേക്ക് സന്ദർശനത്തിനെത്താറുണ്ട്. മുസ്ലിം നേത്യത്വത്തിന്റെ ശക്തി ചോരുന്ന നേരം നോക്കി ഖുദ്സ് പിടിച്ചെടുക്കാനുള്ള ശ്രമം ക്രിസ്ത്യാനികൾ നടത്തുന്നുണ്ടെന്ന വിവരം നേരത്തെ തന്നെ സലാജിക്കുകൾക്കും അറിയാമായിരുന്നു. 

ഭീഷണമായ ഈ ഘട്ടത്തിലാണ് ജറുസലമിലേക്ക് വരുന്ന തീർത്ഥാടകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സലാജിക്കുകൾ തയ്യാറായത്.

യേശുക്രിസ്തുവിന്റെ ജന്മനാട്ടിലേക്കുള്ള തീർത്ഥയാത മതപരവും വൈകാരികവുമായ ഒരു പ്രശ്നമായി കണ്ടിരുന്ന ക്രിസ്ത്യാനികളെ ഈ നിയന്ത്രണം അരിശംകൊള്ളിച്ചുവെന്ന് പറഞ്ഞല്ലോ? 

ജീവിതമോക്ഷത്തിനും പാപങ്ങൾ പൊറുത്തുകിട്ടുന്നതിനുമുള്ള ഉപാധിയായി കണ്ടുവെച്ചിരുന്ന ആ സ്ഥലം മുസ്ലിംകളിൽ നിന്ന് മോചിപ്പിക്കേണ്ടത് അനിവാര്യമായി അവർ കണ്ടു. യേശുക്രിസ്തു ലോകജനതയുടെ പാപഭാരം പേറി കൽവറിക്കുന്നിലെ കുരിശിൽ ക്രൂശിക്കപ്പെട്ടുവെന്ന് അവർ വിശ്വസിക്കുന്ന ആ സ്ഥലം കൈവശമാക്കേണ്ടത് ക്രിസ്തുമതത്തിന്റെ നിലനിൽപ്പിന്റെ പ്രശ്നംകൂടിയായിരുന്നു. അതിന് അനുയോജ്യമായ അവസരം കാത്തിരിക്കുകയായിരുന്നു ചർച്ചുമേധാവികൾ. 

കടിപിടിമൂലം തകർന്നുകൊണ്ടിരുന്ന അബ്ബാസിയ്യാ ഖിലാഫത്തിനെ തകിടംമറിച്ചു മുസ്ലിം രാജ്യങ്ങളെ വരുതിയിൽ കൊണ്ടുവരണമെന്ന് നിനക്കുകയും അതിനായി കാത്തിരുന്ന നാളുകൾ വിളിപ്പാടകലെയെത്തി നിൽക്കുകയും ചെയ്യുമ്പോഴാണ് തുർക്കി പടയാളികളുടെ മുന്നേറ്റം കുരിശുമേധാവികളുടെ ഉറക്കം കെടുത്തുന്നത്.


കുരിശുയുദ്ധത്തിന്റെ കഥ

വിശുദ്ധ ഖുദ്സിന്റെ നിയന്ത്രണം സലാജിക്കുകളുടെ കയ്യിലായ ശേഷം 17 വർഷം കഴിഞ്ഞപ്പോൾ ഹിജ്റ 488-ൽ പശ്ചിമേഷ്യയിലെയും യൂറോപ്പിലെയും ക്രിസ്തീയ മേധാവികൾ മാർപ്പാപ്പയുടെ നേതൃത്വത്തിൽ ഫ്രാൻസിലെ ക്ലിയർമൗണ്ട് നഗരത്തിൽ വിപുലമായ ഒരു ചർച്ചാസമ്മേളനം വിളിച്ചുചേർത്തു. 

ബൈത്തുൽ മുഖദ്ദസിൽ തീർത്ഥാടനത്തിനെത്തുന്ന ക്രിസ്തീയ ഭക്തർക്ക് മുസ്ലിംകളിൽ നിന്ന് അക്രമങ്ങളും പീഡനങ്ങളും അനുഭവപ്പെടുന്നതായുള്ള വാർത്തകൾ ഹൃദയഭേദകമായി ആ സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടു. 

തുടർന്ന് യേശുവിന്റെ ജന്മസ്ഥലം മോചിപ്പിക്കാൻ മുസ്ലീംകൾക്കെതിരെ കുരിശുയുദ്ധത്തിന് സ്വയം സജ്ജരാകാൻ കിസ്ത്യാനികളോട് മാർപ്പാപ്പ ആഹ്വാനം ചെയ്തു. ജീവത്യാഗത്തിന്റെ പ്രതീകമെന്നോണം ഓരോ മരക്കുരിശുകൾ ഓരോ കിസ്ത്യാനിയുടെ കയ്യിലും അദ്ദേഹം കെട്ടിക്കൊടുത്തു. 

ഖുദ്സ് മോചിപ്പിക്കാൻ ത്യാഗം ചെയ്യുന്നവർക്ക് ഭൗതിക സമ്പത്തും അതോടൊപ്പം സ്വർഗ്ഗവും മാർപാപ്പ വാഗ്ദാനം ചെയ്തു. കുപസിദ്ധനായ പത്രോസ് സന്ന്യാസി യുറോപ്യൻ നാടുകളിലുടനീളം ചുറ്റിക്കറങ്ങി വേണ്ടുവോളം കിസ്ത്യൻ ഭക്തരെ യുദ്ധത്തിനു സജ്ജരാക്കി. ക്രൈസ്തവലോകത്തെ മുസ്ലികൾക്കെതിരെ ഇളക്കിവിട്ടു. മുസ്ലിംകളെ കാഫിറുകളായിട്ടാണ് അയാൾ പരിചയപ്പെടുത്തിയത്. അതോടെ ക്രിസ്ത്യാനികളുടെ അന്തരംഗങ്ങളിൽ മുസ്ലിം വിരോധം പതഞ്ഞുപൊങ്ങി. അങ്ങനെ ഒന്നാം കുരിശുയുദ്ധത്തിന്റെ പടപ്പുറപ്പാടുകൾ യൂറോപ്പിൽ തകൃതിയായി നടന്നു തുടങ്ങി.

ഏഷ്യാമൈനറിൽ ശക്തമായ മുസ്ലിം ഭരണകൂടങ്ങൾ സ്ഥാപിക്കുകയും യൂറോപ്പിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയും ചെയ്തിരുന്ന സൽജൂക്കി തുർക്കികളുടെ ശക്തരായ രണ്ട് നെടുംതൂണുകളായിരുന്ന സുൽത്താൻ മാലിക്ക്ഷായും സുൽത്താൻ തതീശും ഇതിനിടയിൽ വധിക്കപ്പെട്ടിരുന്നു. അക്കാരണത്താൽ സിറിയയിലും ഫലസ്തീനിലും സംഘടിത മുസ്ലിംശക്തിയുമായി മുന്നോട്ടു പോകാൻ സലാജിക്കുകളുടെ ശേഷിക്കുന്ന നേതൃത്വത്തിന് വേണ്ടതുപോലെ കഴിഞ്ഞില്ല. 

ഈ സന്ദിഗ്ധഘട്ടത്തിലാണ് ഹിജ്റ 496-ൽ എ.ഡി. 1099-ൽ മുസ്ലിം ലോകത്തിന് പരാജയം സമ്മാനിച്ച ഒന്നാം കുരിശുയുദ്ധം അരങ്ങേറുന്നത്. 

കുരിശുയുദ്ധത്തിന്റെ കഥ കണ്ണീരിന്റെയും വേദനയുടെയും കഥയാണ്. ഞെട്ടലോടെയല്ലാതെ ചരിത്രവിദ്യാർത്ഥികൾക്ക് ഇന്നും അത് കേൾക്കാൻ സാധ്യമല്ല. കഴുത്തിൽ കുരിശുമാലയണിഞ്ഞ് കൃത്രിമപ്പുഞ്ചിരിയും ആതുരസേവനവുമായി നടക്കുന്നവർ മനുഷ്യവർഗ്ഗത്തോട് ചെയ്ത തുല്യതയില്ലാത്ത ക്രൂരതയുടെ കഥയാണത്.

പത്തുലക്ഷത്തോളം വരുന്ന ക്രിസ്ത്യൻ സൈന്യം എ.ഡി. 1096 ആഗസ്റ്റ് 15 ന് യുദ്ധസന്നാഹങ്ങളുമായി പുറപ്പെട്ടു. യൂറോപ്യൻ രാജ്യങ്ങൾ ആവേശത്തള്ളിച്ചയിൽ ഇളകിമറിഞ്ഞു. പരസ്പരം പോരടിച്ചും കലഹിച്ചും നീങ്ങിയ ആ യുദ്ധസൈന്യം വഴിയിൽ കണ്ടവരെയൊന്നും വെറുതെവിട്ടില്ല. 

മുസ്ലിംകളെ നശിപ്പിക്കുക, ബൈത്തുൽ മുഖദ്ദസ് കൈക്കലാക്കുക എന്ന ലക്ഷ്യവുമായി പുറപ്പെട്ടവരിൽ കൂടുതലും ഫ്രഞ്ചുകാരായിരുന്നു. ചിലർ വഴിക്ക് വെച്ച് യുദ്ധമുന്നണിയിൽ നിന്ന് പിരിഞ്ഞു. മറ്റുചിലർ വഴിയിൽ കണ്ട പ്രദേശങ്ങളുടെ അധികാരം പിടിച്ചെടുത്തു.

വിശ്വചരിത്രാവലോകനത്തിൽ, ജവഹർലാൽ നെഹ്റു രേഖപ്പെടുത്തിയത് കാണുക: കുരിശുയുദ്ധത്തിന് ധാരാളം പ്രജകളെ കിട്ടി. അവരുടെ കൂട്ടത്തിൽ നല്ലവരും ഉദ്ദേശ്യശുദ്ധിയുള്ളവരും ഉണ്ടായിരുന്നു. എന്നാൽ നന്മയിൽ നിന്ന് എത്രയോ അകന്നവരായിരുന്നു അധികവും. ദൈവഭക്തന്മാരും മതവിശ്വാസികളും യാതൊരു മനഃചാഞ്ചല്യവും കൂടാതെ ഏത് മഹാപാതകവും ചെയ്യാൻ കെൽപ്പുള്ള സമുദായകീടങ്ങളും അടങ്ങിയ വിചിത്രമായൊരു കൂട്ടമായിരുന്നു അത്. 

തങ്ങളെ സംബന്ധിച്ചേടത്തോളം ഉത്കൃഷ്ടമായൊരു പ്രസ്ഥാനത്തെ സേവിക്കാനിറങ്ങിയ ഈ കുരിശുയോദ്ധാക്കൾ അഥവാ അവരിൽ വളരെ പേരെങ്കിലും അങ്ങേയറ്റം നീചവും ജുഗുപ്സാവഹവുമായ പല പാതകങ്ങളും പ്രവർത്തിച്ചു. കൊള്ളടയിക്കാനും ദുർവൃത്തിയിലേർപ്പെടാനുമുള്ള തിടുക്കത്തിൽ അവരിൽ പലർക്കും ഫലസ്തീനിന്റെ അടുത്തെങ്ങും എത്താൻ കഴിഞ്ഞില്ല. വഴിയിൽ കണ്ട ജൂതന്മാരെയെല്ലാം കൂട്ടക്കൊല ചെയ്യാൻ തുടങ്ങി ചിലർ. വേറെ ചിലർ സ്വന്തം ക്രൈസ്തവ സഹോദരന്മാരെ തന്നെ കശാപ്പ് ചെയ്തു. ഇവരുടെ ദുർനയങ്ങളും ക്രൗര്യവും കണ്ട് അമർഷം മൂത്ത്, അവർ കടന്നുപോയിരുന്ന ക്രൈസ്തവ രാജ്യങ്ങളിലെ തന്നെ കർഷകർ മുന്നിട്ടിറങ്ങി അവരെ ആട്ടിയോടിക്കുകയോ കൊന്നൊടുക്കുകയോ ചെയ്തു."

ഈ യാത്രയിൽ അൽ റുഹായുടെ അധികാരം ക്രൈസ്തവർക്ക് കിട്ടി ബോൽഡ് വൈൻ എന്നയാൾ അവിടെ രാജാവായി അധികാരമേറ്റു. തുടർന്ന് അന്താക്യയും അവർ പിടിച്ചെടുത്തു. 

1096-ൽ പുറപ്പെട്ട കുരിശുസൈന്യം ജറുസലമിലെത്തി ബൈത്തുൽ മുഖദ്ദസ് പിടിച്ചെടുക്കുമ്പോഴേക്ക് വർഷം മൂന്ന് കഴിഞ്ഞിരുന്നു. ചിന്നിച്ചിതറിയും കൊലചെയ്യപ്പെട്ടും കൂറുമാറിയും നശിച്ചുതീർന്ന കുരിശുസൈന്യം ജറുസലമിൽ കടക്കുമ്പോൾ വെറും നാൽപ്പതിനായിരമായി ചുരുങ്ങിയിരുന്നു.

അവർ ഉന്മത്തരായി അവിടെ പടയോട്ടം നടത്തി. പ്രതിരോധിക്കാൻ കഴിയാതെ മുസ്ലിംകൾ അന്തം വിട്ടുനിന്നു. ഖലീഫ ഉമർ(റ)വിന്റെ ഭരണകാലം മുതൽ 480-ൽ പരം വർഷം മുസ്ലിം ഭരണാധികാരികളാൽ പരിപാലിക്കപ്പെട്ട വിശുദ്ധ ഖുദ്സ് കുരിശുവാഹകർ പിടിച്ചെടുത്തു. 

എഴുപത്തിഅയ്യായിരത്തിൽപരം മുസ്ലിംകളെ അവർ കൂട്ടക്കൊലചെയ്തു. കുട്ടികളെ നിലത്തടിച്ചുകൊന്നു. മുസ്ലിം സ്ത്രീകളെ തിരഞ്ഞുപിടിച്ചു മാനഭംഗത്തിനും മൃഗീയവധത്തിനും ഇരയാക്കി. കുതിരകൾ രക്തപ്പുഴകളിൽ നീന്തി ബൈത്തുൽ മുഖദ്ദസിനുള്ളിൽ മുട്ടുവരെ രക്തം തളംകെട്ടിനിന്നു. 

സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശവാഹകരെന്ന് അവകാശപ്പെടുന്നവർ ചരിത്രത്തിൽ തുല്യതയില്ലാത്ത ക്രൂരമായ നരനായാട്ടാണ് ജറുസലമിൽ കാഴ്ചവെച്ചത്. തുടർന്ന് ഗോഡ് ഫ്രൈ ബൈത്തുൽ മുഖദ്ദസിലെ രാജാവായി.

ഒന്നാം കുരിശുയുദ്ധത്തോടെ നാലു മുസ്ലിംഭരണപ്രദേശങ്ങൾ ക്രിസ്ത്യാനികൾക്ക് കിട്ടി. ജറുസലം, അന്താക്കിയ, തൂനിസ്, അർറുഹാ എന്നിവയായിരുന്നു അത്. അങ്ങനെ പശ്ചിമേഷ്യയിലെ അധികാരവും സമ്പത്തും കൈക്കലാക്കുക, ബൈത്തുൽ മുഖദ്ദസ് മുസ്ലിംകളിൽ നിന്ന് മോചിപ്പിക്കുക, ഇസ്ലാമിന്റെ മുന്നേറ്റം തടയുക എന്നീ ലക്ഷ്യങ്ങളോടെ യൂറോപ്യൻ ചർച്ചുമേധാവികൾ ആസൂത്രണം ചെയ്ത ഒന്നാം കുരിശുയുദ്ധം ക്രിസ്ത്യാനികളുടെ താത്ക്കാലിക വിജയത്തിൽ കലാശിച്ചു.

അനൈക്യത്തിന്റെ തിക്തഫലം മുസ്ലിംകൾ ശരിക്കും അനുഭവിക്കുക തന്നെ ചെയ്തു. മുസ്ലിം പ്രദേശങ്ങളിലുള്ള ക്രൈസ്തവരുടെ അതിക്രമങ്ങളും ഭരണനഷ്ടവും ബൈത്തുൽ മുഖദ്ദസിലെ കുരിശുമേധാവിത്വവും ഇസ്ലാമിക താത്പര്യങ്ങൾ ഉള്ളവരുടെ മനസ്സാക്ഷിയെ വല്ലാതെ വേദനിപ്പിച്ചു. 

ചിന്നഭിന്നമായിപ്പോയ മുസ്ലിം ശക്തി സംഭരിച്ച് ശക്തമായ നേതൃത്വം നൽകി മുന്നോട്ടു പോകാനും നഷ്ടപ്രതാപങ്ങൾ വീണ്ടെടുക്കാനും കഴിവും തൗഫീഖുമുള്ള ഒരു നായകനുവേണ്ടി മുസ്ലിംലാകം ഉറ്റുനോക്കി. വീണ്ടും ഒരു ഉയർത്തെഴുന്നേൽപ്പിന് അബ്ബാസീ ഖലീഫമാരും സലാജിക്കുകളും ആവുംവിധം ശ്രമിച്ചെങ്കിലും ഒന്നിനും കഴിയാത്തവിധം അവരുടെ നട്ടെല്ല് തകർന്നിരുന്നു.

മഹാന്മാരായ ഖുലഫാഉറാശിദുകൾക്കും അഞ്ചാം ഖലീഫ ഉമർ ബിൻ അബ്ദുൽ അസീസിനും (റ) ശേഷം ഇസ്ലാമിക ലോകത്തിലേറ്റവും ആദരവുനേടിയ ഉന്നതനായ ഭരണാധികാരി സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബി (റ) വിന്റെ രംഗപ്രവേശം ഈ സാഹചര്യത്തിലാണുണ്ടായത്.

അദ്ദേഹത്തിന്റെ ജീവിതകഥയും ബൈത്തുൽ മുഖദ്ദിസിന്റെ മോചനത്തിനായുള്ള പടയോട്ടത്തിന്റെ കഥയും ഇസ്ലാമിക പ്രവർത്തകർക്കും പ്രസ്ഥാനബന്ധുക്കൾക്കും നവചൈതന്യവും കരുത്തും പകരാൻ മതിയായതാണ്.


കാലം കാത്തിരുന്ന ജനനം

ഹിജ്റ ആറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആദർ ബൈജാനിലെ (അസർ ബൈജാൻ) അജ്നദൈനിൽ ഒരു ദരിദ്ര മുസ്ലിം കുടുംബം താമസിച്ചിരുന്നു. കുർദു വംശജനായ ശാദിബിൻ മർവാനായിരുന്നു കുടുംബ നാഥൻ.

ക്ഷാമവും കഷ്ടപ്പാടുകളും നിറഞ്ഞ ആ പരിതസ്ഥിതിയിൽ ശാദിയുടെ കുടുംബം നിത്യജീവിതത്തിന് പോലും ക്ലേശിച്ചു. ജീവിത മാർഗ്ഗം വഴിമുട്ടുമെന്ന് കണ്ടപ്പോൾ ശാദി മർവാൻ കുടുംബസമേതം ബാഗ്ദാദിലേക്ക് പുറപ്പെട്ടു.

മുൻകാല സുഹൃത്തായിരുന്ന മുജാഹിദുദ്ദീൻ ബഹ്റസ് അപ്പോൾ ബാഗ്ദാദിലെ തക് രീത്തിൽ സലാജിക് ഭരണകൂടത്തിന്റെ ഗവർണറായി ജോലി ചെയ്തു വരികയായിരുന്നു. സുഹൃത്തിന്റെ സഹായം പ്രതീക്ഷിച്ചുകൊണ്ടാണ് ശാദിമർവാനും മക്കളും തക് രീത്തിലെത്തിയത്. മുജാഹിദുദ്ദീൻ ബഹസ് അവരെ ആദരപൂർവ്വം സ്വീകരിക്കുകയും ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. 

അങ്ങനെ സുഖസന്തോഷത്തോടെ അവർ തക് രീതിൽ താമസിച്ചുവരവെ ശാദിമർവാൻ രോഗബാധിതനാവുകയും മരണപ്പെടുകയും ചെയ്തു. പിതാവിന്റെ അപ്രതീക്ഷിതമായ വേർപാടോടെ അനാഥരായിത്തീർന്ന മക്കൾ നജ്മുദ്ദീൻ അയ്യൂബിയും അസദുദ്ദീനും ഉപജീവനത്തിന്നായി ഒരു കോട്ടയുടെ കാവൽജോലി ഏറ്റെടുത്തു. അതുവഴി ആ കുടുംബം തക് രീതിൽ വേരുപിടിച്ചുവന്നു.

ഇസ്ലാമിക ലോകത്ത് പല മാറ്റങ്ങളും സംഭവിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. അതിന്റെ പ്രതികരണങ്ങൾ തക് രീതിലും പ്രതിധ്വനിച്ചു. തക് രീത് തന്ത്രപ്രധാനമായ ഒരു സ്ഥലമായിരുന്നു. ബാഗ്ദാദിനും മൗസിലിനും ഇടക്കുള്ള പ്രദേശത്തിന്റെ അധികാരം നജ്മുദ്ദീൻ അയ്യൂബാണ് കുറച്ചുകാലം കയ്യാളിയിരുന്നത്.

ചില വിഷയങ്ങളിൽ നജ്മുദ്ദീൻ അയ്യൂബിന്റെ സമീപനങ്ങൾ ഗവർണർ ബഹ്റേസിന് തൃപ്തികരമല്ലാതായിത്തുടങ്ങി. ആ അതൃപ്തി വളർന്നു വലുതായിക്കൊണ്ടിരിക്കെ ബഹ്റേസിന്റെ ഉദ്യോഗസ്ഥന്മാരിൽപെട്ട ഒരാളുമായി അസദുദ്ദീൻശേർകുഹ് വാക്കേറ്റത്തിലേർപ്പെടുകയും അടിപിടിയിൽ ആ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും ചെയ്തു. അതോടെ തദ്ദേശീയരെല്ലാം നജ്മുദ്ദീൻ അയ്യൂബിനും അദ്ദേഹത്തിന്റെ സഹോദരനും എതിരെ ഇളകിപ്പുറപ്പെട്ടു...

അയ്യൂബിനെ സ്ഥാനഭ്രഷ്ടനാക്കണമെന്നു പറഞ്ഞ് ജനങ്ങൾ പ്രക്ഷോഭത്തിനിറങ്ങി.

അല്ലാഹു ﷻ വിന്റെ തീരുമാനം എന്ന് പറയട്ടെ, തങ്ങളെ സംരക്ഷിക്കുകയും പിതാവിന്റെ വേർപാടിന് ശേഷം ഒരുപാട് സഹായങ്ങൾ നൽകി സംരക്ഷിക്കുകയും ചെയ്ത് മുജാഹിദുദ്ദീൻ ബഹ്റേസുമായി അവർക്ക് വേർപിരിയേണ്ടിവന്നു. ജനങ്ങളുടെ പ്രക്ഷോഭം ശക്തമായപ്പോൾ കോട്ടയുടെ ഭരണം മറ്റാരെയെങ്കിലും ഏൽപ്പിച്ച് അവിടം വിട്ടു പൊയ്ക്കൊള്ളാൻ ബഹ്റേസ് കൽപ്പിക്കുകയാണുണ്ടായത്.

തക് രീത് പ്രദേശത്തോടും തദ്ദേശീയരോടും നജ്മുദ്ദീൻ അയ്യൂബിന് വളരെ സ്നേഹമായിരുന്നു. അവിടം വിട്ടുപോകാൻ അദ്ദേഹത്തിന് തീരെ താൽപര്യമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഭാര്യയാവട്ടെ, പൂർണ്ണ ഗർഭിണിയുമായിരുന്നു. എവിടെ അഭയം തേടും എന്നാലോചിച്ചുകൊണ്ടിരിക്കെ ആ ദിവസം രാത്രി തന്നെ തക് രീത്ത് വിടാൻ കൽപന വന്നു. 

എല്ലാം അല്ലാഹു ﷻ വിലർപ്പിച്ച് യാത്രക്കൊരുങ്ങിയപ്പോഴാണ് ഒരു ഭൃത്യൻ ഓടിവന്ന് ഭാര്യയുടെ പ്രസവ വാർത്ത അറിയിച്ചത്. അതൊരു ദുശ്ശകുനമായാണ് അയ്യൂബിന് തോന്നിയത്. പലരും അങ്ങനെ പറയുകയും ചെയ്തു. 

ആ കൈക്കുഞ്ഞിനെയും കയ്യിലേന്തി നജ്മുദ്ദീനും സഹോദരനും കുടുംബസമേതം അന്നുതന്നെ തക് രീത് വിട്ടു. എങ്ങോട്ടാണീ യാത്ര..?

അവർക്കൊരു ലക്ഷ്യബോധവുമുണ്ടായിരുന്നില്ല. ഇരുളിന്റെ മറവിൽ അവർ ദീർഘദൂരം നടന്നു. ആ കൊച്ചു യാത്രാസംഘത്തിൽ ഒരു ക്രിസ്ത്യൻവയോവൃദ്ധനും ഉണ്ടായിരുന്നു. നേരം പുലരാനടുത്തപ്പോൾ അവർ തളർന്ന മനസ്സുമായി ഒരിടത്ത് വിശ്രമിക്കാനിരുന്നു.

ഇനിയെങ്ങോട്ട് എന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ മാനസിക സംഘർഷത്തിന്റെ വേലിയേറ്റത്തിൽ നജ്മുദ്ദീൻ അയ്യൂബ് പലതും പുലമ്പാൻ തുടങ്ങി. ഇതിനിടക്ക് നവജാതശിശുവിന്റെ നിലക്കാത്ത നിലവിളിയും! ആ കുട്ടിയുടെ ജന്മത്തിൽ എന്തോ പന്തി കേടുള്ളതുപോലെ അയ്യൂബിനു തോന്നി. എങ്കിലും നേരത്തെ തീരുമാനിച്ചതനുസരിച്ച് കുട്ടിക്ക് അവർ സ്വലാഹുദ്ദീൻ യൂസുഫ് എന്ന് പേരിട്ടു. വഴിക്കുവെച്ച് കുട്ടിയെ കൊന്നുകളഞ്ഞാലോ എന്നുപോലും അയ്യൂബ് ചിന്തിച്ചുവത്രെ. 

അദ്ദേഹത്തിന്റെ പരാക്രമം കണ്ട ഭാര്യ കുഞ്ഞിന്റെ സുരക്ഷയിൽ ഏറെ ശ്രദ്ധ പുലർത്തി. അവസാനം എല്ലാവരും കൂടി അദ്ദേഹത്തെ സമാധാനിപ്പിച്ചു: "ഈ പ്രതിസന്ധി ഒരു വിജയത്തിന്റെ തുടക്കമായേക്കാം. മനുഷ്യൻ തിന്മയായി കാണുന്നത് അല്ലാഹു ﷻ നന്മയായി മാറ്റിയേക്കും. അതുകൊണ്ടു നമുക്കു സമാധാനിക്കാം.”

അവർ മൗസിലിനെ ലക്ഷ്യമാക്കി നീങ്ങി. പ്രസവിച്ചയുടൻ, വിശ്രമവും ശുശ്രൂഷയും ലഭിക്കുന്നതിന് മുമ്പുള്ള ഈ ദീർഘയാത ആ മാതാവിനും കുഞ്ഞിനും ഒരു പരീക്ഷണം തന്നെയായിരുന്നു. ജീവിതത്തിലെ ഏറ്റവും പ്രയാസം നിറഞ്ഞ ഒരു ഘട്ടമായിരുന്നു അപ്പോൾ അയ്യൂബിന്റെ കുടുംബത്തിന് വന്നുപെട്ടത്. അവസാനം അവർ മൗസിലിലെത്തി. 

ഹിജ്റ 531-ൽ (എ.ഡി. 1137) ജനിച്ച ഈ കുട്ടിയാണ് പിന്നീട് മുസ്ലിം ലോകത്തിന്റെ ആവേശമായിത്തീർന്ന സ്വലാഹുദ്ദീൻ അയ്യൂബി (റ)..!!

ഇസ്ലാമിക ലോകം കുരിശുപടക്കു മുമ്പിൽ മുട്ടുവിറച്ചു നിന്നപ്പോൾ വീരനായകനായി വന്ന് മോചനത്തിന്റെ വഴി തുറന്ന സ്വലാഹുദ്ദീൻ അയ്യൂബി (റ)...


അയ്യൂബി കുടുംബത്തിന്റെ മുന്നേറ്റങ്ങൾ

കൈക്കുഞ്ഞിനെയും കയ്യിലേന്തി അയ്യൂബികുടുംബം അഭയം പ്രാപിച്ചത് മൗസിലിലെ സൽജൂക്കുകളുടെ തന്നെ ഭരണാധികാരിയായിരുന്ന ഇമാദുദ്ദീൻ സങ്കിയുടെ അടുത്താണ്. അതിന് പല കാരണങ്ങളും ഉണ്ടായിരുന്നു...

ഇമാദുദ്ദീൻ മൗസിലിലെ സൈനിക ഗവർണ്ണറായിരിക്കുമ്പോൾ അബ്ബാസീ ഖലീഫയുമായി ഏറ്റുമുട്ടുകയുണ്ടായി. പരാജയപ്പെട്ടപ്പോൾ ഓടിപ്പോകേണ്ടി വന്നു. അന്നു ശത്രുക്കൾ പിന്തുടർന്നപ്പോൾ രക്ഷപ്പെടാൻ സഹായിച്ചത് തക് രീത്തിലെ കോട്ടയുടെ കാവൽക്കാരനായിരുന്ന നജ്മുദ്ദീൻ അയ്യൂബായിരുന്നു. ഈ വലിയ ഉപകാരം ഇമാദുദ്ദീൻ ഒരിക്കലും മറക്കാത്തതാണ്. 

പ്രതീക്ഷിച്ചതുപോലെ തന്നെ ഇമാദുദ്ദീൻ സങ്കി അയ്യൂബിനെയും കുടുംബത്തെയും സ്നേഹപൂർവം സ്വീകരിച്ചു. കർമ്മകുശലരായ നജ്മുദ്ദീൻ അയ്യൂബിനെയും അസദുദ്ദീൻ ശേർകൂഹിനെയും നല്ലപോലെ അറിയാമായിരുന്ന ഇമാദുദ്ദീന് അവരുടെ നേതൃശേഷിയിലും ആത്മാർത്ഥതയിലും മതിപ്പുണ്ടായിരുന്നു. 

നേരത്തെ അബ്ബാസിഖലീഫയോട് തോറ്റോടിയെങ്കിലും ഇമാദുദ്ദീൻ സങ്കി ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. അദ്ദേഹം നജ്മുദ്ദീൻ അയ്യൂബിനെ ബഅ്ലബക്കിന്റെ ഗവർണ്ണറായും അസദുദ്ദീൻ ശേർകൂഹിനെ ഉയർന്ന ഉദ്യോഗസ്ഥനായും നിയമിച്ചു. 

അക്കാലത്ത് മുസ്ലിം ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന ഭരണാധികാരിയായിരുന്നു ഇമാദുദ്ദീൻ സങ്കി, ഇറാഖിലും സിറിയയിലും അൽറുഹായിലും അദ്ദേഹം വ്യക്തമായ സ്വാധീനം നേടിയെടുത്തിരുന്നു. എന്നാൽ ആദർശപ്രതിബദ്ധതയും ഇസ്ലാമിക താൽപ്പര്യവും വളരെയേറെയുണ്ടായിരുന്ന ഇമാദുദ്ദീൻ ഹിജ്റ 541-ൽ (എ.ഡി.1146) അപ്രതീക്ഷിതമായി വധിക്കപ്പെട്ടു. 

കുരിശുപടയുടെ മുന്നേറ്റത്തിനെതിരെ വിശുദ്ധ ജിഹാദിന് തുടക്കം കുറിച്ച ഇമാദുദ്ദീനെ ശത്രുക്കൾ ഒരു ഗൂഢാലോചനയിൽ കൊലപ്പെടുത്തുകയായിരുന്നു. നീതിമാനും സത്യസന്ധനുമായിരുന്ന ഇമാദുദ്ദീൻ സങ്കി ഉന്നതമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലം കുരിശുയുദ്ധത്തിന് ശേഷം ഇസ്ലാമിക ലോകത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.

ഇമാദുദ്ദീൻ കൊല്ലപ്പെട്ടതിനു ശേഷം അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ സഫലമാക്കാനും സാമുദായിക ലക്ഷ്യവുമായി മുന്നോട്ടു പാകാനും പുത്രൻ നൂറുദ്ദീൻ മുഹ്മൂദ് രംഗത്തെത്തി. ഇമാദുദ്ദീൻ സങ്കിയുടെ വേർപാടുമൂലമുണ്ടായ ശൂന്യത നികത്താൻ നൂറുദ്ദീൻ മഹ്മൂദ് എന്തുകൊണ്ടും പ്രാപ്തനായിരുന്നു. 

അന്താക്യയിൽ നിന്ന് കുരിശുപടയെ ഓടിക്കാനും അവിടത്തെ ക്രിസ്ത്യൻ ഭരണം അവസാനിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ദിമിഷ്ഖിലായിരുന്നു അദ്ദേഹത്തിന്റെ ഭരണകേന്ദ്രം, കെട്ടുറപ്പും ഭദ്രതയുമുള്ള ഭരണമായിരുന്നു നൂറുദ്ദീന്റേത്. 

നജ്മുദ്ദീൻ അയ്യൂബും, അസദുദ്ദീൻ ശേർകൂഹും അദ്ദേഹത്തിന്റെ വലംകയ്യായി പ്രവർത്തിച്ചു. ഈജിപ്തിലേക്ക് പടനയിക്കാനും നൂറുദ്ദീന്റെ ഭരണപ്രദേശങ്ങൾ വികസിപ്പിക്കാനുമൊക്കെ അവർ അങ്ങേയറ്റത്തെ ത്യാഗം ചെയ്തവരാണ്. പർവ്വതസമാനമായ മനക്കരുത്തും ആകാശം മുട്ടിനിൽക്കുന്ന പ്രതീക്ഷകളുമായി നൂറുദ്ദീന് വളരെ മുന്നോട്ടു പോകാൻ കഴിഞ്ഞത് അയ്യൂബി കുടുംബത്തിന്റെ കലവറയില്ലാത്ത പിന്തുണകൊണ്ടായിരുന്നു. 

കാൽ നൂറ്റാണ്ടോളം കാലം ഇസ്ലാമിക സാമാജ്യങ്ങൾക്ക് വിലപ്പെട്ട സംഭാവനകൾ അർപ്പിച്ച നൂറുദ്ദീൻ മഹ്മൂദ് ഹിജ്റ 565-ൽ 56-ാം വയസ്സിൽ (എ.ഡി. 1174) ഇഹലോകവാസം വെടിഞ്ഞു. യുഗപുരുഷന്മാരുടെ കൂട്ടത്തിൽ നിർണ്ണായക സ്ഥാനം നേടിയ നൂറുദ്ദീന്റെ ഭരണകാലം മധ്യനൂറ്റാണ്ടിലെ അവിസ്മരണീയ ചരിത്രസംഭവമാണ്.

നജ്മുദ്ദീൻ അയ്യൂബിന്റെ മകൻ സ്വലാഹുദ്ദീൻ അയ്യൂബി (റ) ബഅ്ലബക്കിലാണു വളർന്നുവന്നത്. നൂറുദ്ദീൻ മഹ്മൂദിന്റെ ഭരണനൈപുണ്യവും യുദ്ധതന്ത്രങ്ങളും മനസ്സിലാക്കാനും അതിൽനിന്നാവേശമുൾക്കൊള്ളാനും സ്വലാഹുദ്ദീനു (റ) കഴിഞ്ഞു. അദ്ദേഹത്തിന്റെ ബാല്യകാല ജീവിതം എങ്ങനെയൊക്കെ ആയിരുന്നുവെന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിക്കാണുന്നില്ല. 

അസദുദ്ദീൻ ശേർകൂഹിന്റെ കൂടെ ആദ്യമായി സേനാനായകനായി രംഗത്തുവന്ന സ്വലാഹുദ്ദീന് (റ) യുദ്ധനൈപുണ്യവും ഭരണപാടവവുമെല്ലാം ലഭിച്ചത് നൂറുദ്ദീൻ മഹ്മൂദിൽ നിന്നാണെന്നു മനസ്സിലാക്കാവുന്നതാണ്.


ഫാത്വിമികളുടെ പതനം

സിറിയയിലും പരിസരങ്ങളിലും നൂറുദ്ദീൻ മഹ്മൂദിന്റെ മുന്നേറ്റം തുടർന്നുകൊണ്ടിരിക്കുമ്പോൾ ജറുസലമും ബൈത്തുൽ മുഖദ്ദസും ക്രിസ്ത്യൻ രാജാവ് അമൂരിയുടെ കൈയിലായിരുന്നു. ഈജിപ്തിലാവട്ടെ ശിആക്കളുടെ ഫാത്വിമി ഭരണകൂടവും. 

നാലാം ഖലീഫ അലിയ്യുബിൻ അബീത്വാലിബിന്റെ (റ) മകളായിരുന്ന ഫാത്വിമ എന്ന മഹതിയുടെ സന്താനപരമ്പരയിൽ പെട്ട ഉബൈദുല്ല എന്നയാളാണ് ഹിജ്റ 297-ൽ ഫാത്വിമിയ്യ ഭരണകൂടം സ്ഥാപിച്ചത്. അദ്ദേഹം മഹ്ദി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

ഉബൈദുല്ലായുടെ കാലശേഷം ഫാത്വിമി ഖലീഫമാർ ഉബൈദികൾ എന്ന പേരിൽ അറിയപ്പെട്ടു. 

 ഈജിപ്തിൽ മാത്രം 11 ഫാത്വിമീ ഖലീഫമാർ 210 വർഷം ഭരണം നടത്തിയിട്ടുണ്ട്. അവരിൽ ആദ്യത്തെയാൾ അൽമുഇസ്സു ലിദീനില്ലായും അവസാനത്തെയാൾ അൽ ആളിദുലിദീനില്ലായും ആയിരുന്നു. ആദ്യമായി ഫാത്വിമിഭരണകൂടം നിലവിൽ വന്നത് മൊറോക്കോയിലാണെന്നാണു ചരിത്രം.

ദുർബലമായ ഫാത്വിമി ഭരണകൂടത്തിനെതിരെ കുരിശുപടകൾ പലപ്പോഴും ഭീഷണി ഉയർത്തിയിരുന്നു. ഈജിപ്തിനെ അക്രമിക്കാൻ തക്കം പാർത്തിരുന്ന അമൂരിക്ക് നല്ലൊരവസരം വീണുകിട്ടി. 

ഫാത്വിമി ഭരണകൂടത്തിലെ രണ്ട് മന്ത്രിമാർ തമ്മിൽ ഒരേറ്റുമുട്ടൽ നടന്നു. കാരണക്കാരൻ ഖലീഫ അൽ ആളിദ് തന്നെയായിരുന്നു. ഒമ്പതാമത്തെ വയസ്സിൽ ഖിലാഫത്ത് ഏറ്റെടുത്ത അദ്ദേഹം ഭരണകാര്യങ്ങൾ കുട്ടിക്കളിപോലെയായിരുന്നു കണ്ടിരുന്നത്. 

നിസ്സാര കാര്യത്തിന് ഖലീഫ തന്റെ മന്ത്രിസഭയിലെ അബൂശുജാഅ് ശാവർ ബിൻ മുജീർ അസ്സഅ്ദിയെ പുറത്താക്കുകയും അദ്ദേഹത്തിന്റെ പ്രതിയോഗിയായ മൻസൂർ ബിൻസവാദിനെ മന്ത്രിയായി നിയമിക്കുകയും ചെയ്തു. 

ഈ നടപടിയിൽ ക്ഷുഭിതനായ അശാവർ ഖലീഫക്കും മൻസൂറിനുമെതിരെ യുദ്ധത്തിനൊരുങ്ങി. സ്ഥാനം നഷ്ടപ്പെട്ട് അയാൾ എന്തും ചെയ്യുമെന്നായപ്പോൾ ഖലീഫയും പുതിയമന്ത്രി മൻസൂറും ക്രിസ്ത്യൻ രാജാവ് അമൂരിയുടെയും ഫ്രഞ്ച് സൈന്യത്തിന്റെയും സഹായമഭ്യർത്ഥിച്ചു. 

അമൂരിയുടെ സഹായം തേടുന്നതിൽ മൻസൂറിന് വലിയ താൽപര്യം ഉണ്ടായിരുന്നില്ല. കാരണം ഈജിപ്തിലെ കാർഷിക വരുമാനത്തിന്റെ നല്ലൊരു ഭാഗം ആദ്യമേതന്നെ അവർക്ക് കൊടുക്കേണ്ടതുണ്ടായിരുന്നു. യുദ്ധത്തിൽ സഹായിക്കുക കൂടിയാവുമ്പോൾ മുഴുവൻ സമ്പത്തും അമൂരി കൊള്ളയടിക്കുകയും ഈജിപ്ത് ദരിദ്രമാവുകയും ചെയ്യുമെന്ന് പേടിയായിരുന്നു അയാൾക്ക്.

ഈ സാഹചര്യത്തിൽ ശാവർ ഈജിപ്തിലെ സംഭവങ്ങൾ വിശദീകരിച്ച് സിറിയൻ ഭരണാധികാരി നൂറുദ്ദീൻ മഹ്മൂദിന് കത്തെഴുതുകയും മൻസൂറുമായുള്ള യുദ്ധത്തിൽ സഹായിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തനിക്കു ഭരണം തിരിച്ചു കിട്ടുകയാണെങ്കിൽ ഈജിപ്തിലെ മൊത്തം വരുമാനത്തിന്റെ മൂന്നിലൊരു ഭാഗം നൂറുദ്ദീനു നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.

രാജ്യത്തെ രണ്ടു തുല്യശക്തികൾ പരസ്പരം പോരടിക്കുകയും ശത്രുരാജ്യം അതിൽ കക്ഷിചേരുകയും ചെയ്യുന്നതിലുള്ള അപകടം മനസ്സിലാക്കിയ നൂറുദ്ദീൻ മഹ്മൂദ് എന്ത് ചെയ്യണമെന്ന് ചർച്ച ചെയ്തു. അസദുദ്ദീൻ ശേർകൂഹ് നൂറുദ്ദീനെ ഈജിപ്തിൽ ഇടപെടാൻ ശക്തമായി പ്രേരിപ്പിച്ചു.

അങ്ങനെ നൂറുദ്ദീൻ മഹ്മൂദ് അസദുദ്ദീൻശേർക്കുഹിന്റെ നേതൃത്വത്തിൽ ഒരു സൈന്യത്തെ ഈജിപ്തിലേക്കയച്ചു. കൂടെ സ്വലാഹുദ്ദീൻ അയ്യൂബിയും (റ) ഉണ്ടായിരുന്നു. അന്ന് അദ്ദേഹത്തിന് 26 വയസ്സ് മാത്രമാണ് പ്രായം. അമൂരിയുടെ സൈന്യം ഈജിപ്തിലെത്തും മുമ്പ് തന്നെ അസദുദ്ദീൻ ശേർകൂഹിന്റെയും ശാവറിന്റെയും പട്ടാളം ഒന്നിച്ചുചേർന്ന് മൻസൂറിനോടേറ്റു മുട്ടുകയും അയാളെ വധിക്കുകയും ചെയ്തു. 

ശാവറിന് അധികാരം തിരിച്ചു കിട്ടി. അതോടെ ഈജിപ്തിലെ ആഭ്യന്തര കലാപത്തിന് താൽക്കാലിക ശാന്തി കൈവന്നെങ്കിലും അധികാരം കയ്യിലായപ്പോൾ ശാവർ നൂറുദ്ദീൻ മഹ്മൂദിനോട് ചെയ്ത വാഗ്ദാനം പാലിക്കാൻ കൂട്ടാക്കിയില്ല. അയാൾ നേരത്തെ ശത്രുവായിരുന്ന അമൂരിയുടെ സൈന്യത്തെ കൂട്ടുപിടിച്ച് നൂറുദ്ദീനെതിരെ രംഗത്തെത്തി. 

ഈ നന്ദികേട് നൂറുദ്ദീനെ വളരെയേറെ വേദനിപ്പിച്ചു. തിരിച്ചുപോന്ന അസദുദ്ദീനെയും സ്വലാഹുദ്ദീനെയും വീണ്ടും നൂറുദ്ദീൻ ഈജിപ്തിലേക്കയച്ചു. അവർ അവിടെ ചെന്ന് ബൽബീസ് കോട്ട ഉപരോധിക്കാൻ തുടങ്ങി. പക്ഷേ, അമൂരിയുടെ പിന്തുണയുള്ള ശാവറിനെ ഒറ്റയടിക്ക് പരാജയപ്പെടുത്താൻ അവർക്കു കഴിഞ്ഞില്ല. 

ഒടുവിൽ ഈജിപ്തിൽ നിന്ന് രണ്ടു വിദേശസൈന്യങ്ങളും പിന്മാറുകയെന്ന ഒരു ഉടമ്പടിയുണ്ടാക്കി. ഇരുവിഭാഗവും യുദ്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ശേർകൂഹും സ്വലാഹുദ്ദീനും സിറിയയിലേക്ക് മടങ്ങി.

ശാവർ നന്ദികേടാണ് ശേർകുഹിനോട് കാട്ടിയത്. സഹായം നൽകിയ കൈക്കു കടിച്ച ശാവറിനെ ഒതുക്കി നിർത്തേണ്ടത് നൂറുദ്ദീൻ മഹ്മൂദിന്റെ ലക്ഷ്യപ്രാപ്തിക്കനിവാര്യമായിരുന്നു. ഐക്യകരാറനുസരിച്ച് ശേർകുഹിന്റെ സൈന്യം സിറിയയിലേക്ക് തിരിച്ചപ്പോൾ അമൂരിയുടെ സൈന്യം ഈജിപ്തിൽ പിടിമുറുക്കുകയാണ് ചെയ്തത്. 

ഹിജ്റ: 564 (എ.ഡി. 1168) മുഹർറം മാസത്തിൽ അവർ ഫാത്വിമികളിൽ നിന്ന് അലക്സാണ്ട്റിയ പിടിച്ചെടുക്കുകയും കൈറോവിലും മറ്റു മുസ്ലിംകേന്ദ്രങ്ങളിലും നികുതി പിരിക്കാൻ ഓഫീസുകൾ തുറക്കുകയും ചെയ്തു. 

ഈ സമയം ഖലീഫ അൽ ആളിദ് നൂറുദ്ദീൻ മഹ്മൂദിന് നേരിട്ട് ഒരു കത്തെഴുതി. ഈജിപ്തിന്റെ പലഭാഗത്തും നിർത്തിയിരുന്ന അമൂരിയുടെ സൈന്യം ഈജിപ്ത് പിടിച്ചടക്കാൻ ഒരുങ്ങുന്നുവെന്നും സഹായിക്കണം എന്നുമായിരുന്നു കത്ത്.

അതു മാനിച്ച് അസദുദ്ദീന്റെയും സ്വലാഹുദ്ദിന്റെയും നേതൃത്വത്തിൽ സൈന്യം ഈജിപ്തിലേക്കു മാർച്ച് ചെയ്തു. ഹിജ്റ 564 റബീഉൽ അഖിറിൽ (1169 ജനുവരി) ജറുസലംരാജാവ് അമൂരിയെയും ഈജിപ്ത് പ്രധാനമന്ത്രി ശാവറിനെയും അവർ ഒരുമിച്ചു തോൽപ്പിച്ചു. 

ഈജിപ്തിന്റെ മണ്ണിൽ ഇസ്ലാമിന്റെ ശത്രുക്കൾക്ക് ചേക്കേറാൻ അവസരം കൊടുത്ത വഞ്ചകനായ ശാവർ ബിൻ മുജീറിനെ സ്വലാഹുദ്ദീൻ (റ) പിടികൂടി ഖലീഫയുടെ അനുമതി പ്രകാരം വധിക്കുകയുണ്ടായി. മൂന്ന് മാസത്തോളം കൊടുമ്പിരിക്കൊണ്ട യുദ്ധമാണ് അവിടെ ഉണ്ടായത്. കുരിശുസൈന്യം തോറ്റോടി.

തുടർന്ന് ഹിജ്റ 564 റബീഉൽ ആഖിർ 17 ന് (1169 ജനുവരി 18) അസദുദ്ദീൻ ഈജിപ്തിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റു. ഭരണകാര്യങ്ങളിൽ പിതൃവ്യനെ സഹായിക്കാൻ സ്വലാഹുദ്ദീനും (റ) രംഗത്തുണ്ടായിരുന്നു. കുരിശുപടയോട് അനേകം തവണ അവർ നേരിട്ടുപോരാടി. നൂറുദ്ദീൻ മഹ്മൂദിന്റെ കരങ്ങൾക്ക് ശക്തിപകർന്ന അസദുദ്ദീൻ ശേർകൂഹ് അധികാരത്തിലെത്തി രണ്ടുമാസങ്ങൾക്കുശേഷം രോഗബാധിതനാവുകയും സ്വഭാവികമരണം വരിക്കുകയും ചെയ്തു. 

സ്വലാഹുദ്ദീൻ അയ്യൂബിയുടെ (റ) രംഗപ്രവേശത്തിന് അവസരമൊരുങ്ങിയത് ഇതോടെയാണ്..

മുപ്പത്തിരണ്ടാമത്തെ വയസ്സിൽ ഈജിപ്തിന്റെ പ്രധാനമന്ത്രിയായി രംഗത്തുവന്ന സ്വലാഹുദ്ദീൻ അയ്യുബി (റ), പിന്നീട് അൽമലിക്കുന്നാസിർ എന്ന സ്ഥാനപ്പേരിലാണറിയപ്പെട്ടത്. 

 ഖുലഫാഉറാശിദുകൾക്കും ഉമർബിൻ അബ്ദുൽ അസീസിനും (റ) ശേഷം ഇസ്ലാമിക ലോകത്ത് ഏറ്റവും ആദരവു നേടിയ മഹോന്നതനായ ഭരണാധികാരിയാണ് സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബി (റ).


സ്വലാഹുദ്ദീൻ അയ്യൂബി(റ)വിന്റെ വിജയഗാഥ

പതിനായിരക്കണക്കിന് മുസ്ലിം ഭരണാധികാരികളിൽ നിന്നു വേറിട്ട വ്യക്തിത്വമായിരുന്ന സ്വലാഹുദ്ദീൻ അയ്യൂബി (റ) ഇസ്ലാമിക ലോകത്തെ വെള്ളിനക്ഷത്രമാണ്.

വഴികാട്ടിയായ നൂറുദ്ദീൻ മഹ്മൂദിൽ നിന്നും പിതാവ് നജ്മുദ്ദീൻ അയ്യൂബിൽ നിന്നും പിതൃവ്യൻ അസദുദ്ദീൻ ശേർകൂഹിൽ നിന്നും കണ്ടും കേട്ടും അനുഭവിച്ചും പഠിച്ച ഭരണരാഷ്ട്രീയ തന്ത്രങ്ങളും നൈസർഗ്ഗികമായി കിട്ടിയ നേതൃശേഷിയും സിരകളിൽ തിളക്കുന്ന ഈമാനികാവേശവും അദ്ദേഹത്തെ തികച്ചും വ്യത്യസ്തനാക്കി.

ആഭ്യന്തരവും വൈദേശികവുമായ വെല്ലുവിളികൾ ഒന്നിനു പിറകെ മറ്റൊന്നായി അദ്ദേഹത്തെ പിന്തുടർന്നെങ്കിലും അതെല്ലാം അദ്ദേഹം ചങ്കൂറ്റത്തോടെ നേരിട്ടു.

അസദുദ്ദീൻ ശേർകൂഹിന്റെ അധികാരാരോഹണവും രണ്ടുമാസവും അഞ്ചു ദിവസവും നീണ്ടുനിന്ന അദ്ദേഹത്തിന്റെ ഭരണവും പെട്ടെന്നുള്ള വേർപാടും തുടർന്ന് സ്വലാഹുദ്ദീൻ അയ്യൂബിയുടെ (റ) രംഗപ്രവേശവും അമൂരിരാജാവും കൂട്ടരും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയായിരുന്നു. 

അയ്യൂബിയുടെ ഭരണകാലത്ത് ചില പുകഞ്ഞകൊള്ളികൾ രാജ്യത്തെ ആഭ്യന്തരരംഗങ്ങളിൽ പല പ്രശ്നങ്ങളും സൃഷ്ടിച്ചിരുന്നു. ഈ അവസരം മുതലെടുത്ത് ജറുസലം രാജാവ് അമൂരി റോമക്കാരായ ക്രിസ്ത്യാനികളെ കൂട്ടുപിടിച്ച് ഈജിപ്ഷ്യൻ നഗരമായ ദിംയത് ഉപരോധിക്കാൻ ശ്രമിച്ചു.

ഉടനെ സ്വലാഹുദ്ദീൻ (റ), നൂറുദ്ദീൻ മഹ്മൂദിന്റെ സഹായം അഭ്യർത്ഥിച്ചു. ഉടൻ അദ്ദേഹം ദിമിഷ്ഖിൽ താമസിക്കുകയായിരുന്ന നജ്മുദ്ദീൻ അയ്യൂബിനെയും കുടുംബത്തെയും സഹായ സാമഗ്രികളോടൊപ്പം ഈജിപ്തിലേക്കയച്ചുകൊടുത്തു. പിതാവിനെയും കുടുംബത്തെയും കൂട്ടിനുകിട്ടിയ സ്വലാഹുദ്ദീന് (റ) കൂടുതൽ ഉത്സാഹമായി.

അദ്ദേഹം ഉടനെതന്നെ സൈന്യസജ്ജീകരണം നടത്തി ദിംയാത്തിൽ നിന്ന് കുരിശുപടയെ തുരത്തിയോടിച്ചു. രാജ്യത്ത് ദിനം തോറുമെന്നോണം പൊട്ടിമുളച്ചുകൊണ്ടിരിക്കുന്ന ആഭ്യന്തരപ്രശ്നങ്ങളെ അതിശക്തമായി അദ്ദേഹം നേരിട്ടു. അതോടെ ഭരണ രംഗം സുഗമമായി മുന്നോട്ടു നീങ്ങി. ഇടക്കിടെ ശല്യം ചെയ്തിരുന്ന മൂരിയെയും കൂട്ടുകാരെയും താൽക്കാലികമായെങ്കിലും മൂലക്കിരുത്തി.

ബാഗ്ദാദിലെ അബ്ബാസി ഖലീഫയെപ്പോലെതന്നെ ഈജിപ്തിലെ ഫാത്തിമിഖലീഫ അൽആളിദ് ലി ദീനില്ലായും വാർദ്ധക്യത്തിന്റെ ദൂർബലാവസ്ഥയിലായിരുന്നു. ശിആക്കളിലെ ഇസ്മാഈലി വിഭാഗത്തിൽപ്പെട്ട അദ്ദേഹത്തിന്റെ ഖിലാഫത്തിൽ സുന്നികളായ ഭൂരിപക്ഷത്തിനു മതിപ്പും താൽപര്യവും ഉണ്ടായിരുന്നില്ല. 

ഇസ്ലാമിന്റെ സാമൂഹിക താൽപര്യങ്ങളെക്കുറിച്ച് പഠിക്കുകയും ആനുകാലിക മുസ്ലിം പ്രശ്നങ്ങൾ വിലയിരുത്തുകയും ചെയ്ത സ്വലാഹുദീൻ (റ) സമൂഹത്തെ ആദർശപരമായി ഒന്നിപ്പിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചു ചിന്തിച്ചു. മാനസിക ഐക്യമാണ് മുസ്ലിം സമുദായത്തിന്റെ അഖണ്ഡതക്കും നിലനിൽപ്പിനും ആവശ്യമായിട്ടുള്ളതെന്ന് അദ്ദേഹം അനുഭവപാഠങ്ങളിലൂടെ മനസ്സിലാക്കി.

പതിറ്റാണ്ടുകളായി ഈജിപ്ത് ഭരിച്ചിരുന്ന ഫാതിമിഖിലാഫത്ത് സുന്നത്ത് ജമാഅത്തിന്റെ ആശയാദർശങ്ങളെ വളരെ ക്ഷീണിപ്പിച്ചിരുന്നു. തേഞ്ഞുമാഞ്ഞു പോയിക്കൊണ്ടിരിക്കുന്ന സുന്നി ആദർശത്തിന് പുതുജീവൻ പകരാനും ശിആക്കളെ സുന്നിവത്കരിക്കാനും സുന്നി വിരുദ്ധ ഭരണം അവസാനിപ്പിക്കാനും അനുകൂലമായ ഒരവസരത്തിന് വേണ്ടി അദ്ദേഹം കാത്തിരുന്നു. 

അന്യായമായ മാർഗ്ഗത്തിലൂടെ ലക്ഷ്യം നേടിയെടുക്കാൻ അദ്ദേഹം ഒരിക്കലും ഇഷ്ടപ്പെട്ടില്ല. ലക്ഷ്യം മാത്രമല്ല, അതു നേടാനുള്ള മാർഗ്ഗവും പരിശുദ്ധമാകണമെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു.

ഫാതിമി ഖലീഫയുടെയും അബ്ബാസി ഖലീഫയുടെയും പേരുകൾ വെള്ളിയാഴ്ച തോറും ജുമുഅ ഖുതുബകളിൽ പരാമർശിച്ചിരുന്നതിനാലാണ് ജനങ്ങൾ അവരെ ഓർത്തിരുന്നത്. യഥാർത്ഥത്തിൽ ഇവർക്കു ജനങ്ങൾക്കിടയിൽ യാതൊരു സ്വാധീനവും ഉണ്ടായിരുന്നില്ല. 

ഫാതിമിഖലീഫ രോഗബാധിതനായി പുറത്തിറങ്ങാതെ, തന്റെ രാജ്യത്ത് നടക്കുന്നതൊന്നും അറിയാതെ ഒതുങ്ങിക്കൂടുകയായിരുന്നു. രണ്ടു നൂറ്റാണ്ടിലേറെക്കാലം ലോകത്ത് നിലനിന്നിരുന്ന ഫാത്തിമിഖിലാഫത്ത് ഈജിപ്തിൽ അവസാനിച്ചതായി ഹിജ്റ 967-ൽ സ്വലാഹുദ്ദീൻ (റ) പരസ്യ പ്രഖ്യാപനം നടത്തി. ജുമുഅ ഖുതുബകളിൽ അബ്ബാസി ഖലീഫയുടെ പേരുമാത്രം പരാമർശിച്ചാൽ മതിയെന്ന് അദ്ദേഹം രാജ്യത്തെ എല്ലാ ഖത്വീബുമാരോടും ആജ്ഞാപിച്ചു.

അരാജകത്വം നിറഞ്ഞ ഫാത്വിമി ഖിലാഫത്ത് ഈജിപ്തിൽ ഔദ്യോഗികമായി അവസാനിപ്പിച്ച വിവരമറിഞ്ഞ് ബാഗ്ദാദിലെ അബ്ബാസി ഖലീഫയും സുന്നി വിശ്വാസികളും വളരെ സന്തോഷിച്ചു.

ഇസ്ലാമിക സമൂഹത്തെ ഏറെ തെറ്റിദ്ധരിപ്പിച്ച ഒരു പ്രസ്ഥാനത്തിന്റെ ഭരണപരമായ മേൽക്കോയ്മ താൽക്കാലികമായെങ്കിലും അവസാനിച്ചത് ഇസ്ലാമിക താൽപ്പര്യമുള്ളവരെ എങ്ങനെ സന്തോഷിപ്പിക്കാതിരിക്കും..!!

അബ്ബാസി ഖലീഫ മുസ്തളീഉ ബി അംരില്ലാ ഇതിന്റെ പേരിൽ സ്വലാഹുദ്ദീന് (റ) വളരെയേറെ പാരിതോഷികങ്ങൾ കൊടുത്തയച്ചു. ഇസ്ലാമിക രാജ്യങ്ങളിൽ ആഘോഷപ്രകടനങ്ങൾ നടന്നു. നാമമാത്രമായ ശിആക്കൾ ഒന്നും ചെയ്യാൻ കഴിയാതെ ഒതുങ്ങിക്കൂടേണ്ടിവന്നു. ഈജിപ്തിൽ ചിലയിടങ്ങളിൽ അവരിൽ ചിലർ കുഴപ്പമുണ്ടാക്കിയെങ്കിലും അവരെ അടിച്ചമർത്താനും അപസ്വരങ്ങൾ ഒതുക്കാനും സ്വലാഹുദ്ദീന് (റ) ഒരു പ്രയാസവും ഉണ്ടായില്ല.

നൂറുദ്ദീന്റെ മരണശേഷം സിറിയ അഭ്യന്തരകുഴപ്പത്തിലായി. അദ്ദേഹത്തിന്റെ ആശയാഭിലാഷങ്ങൾ നടപ്പിൽ വരുത്താൻ സിറിയയിൽ പ്രാപ്തരായ ആരുമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ സ്വലാഹുദ്ദീന്റെ (റ) ശ്രദ്ധ അങ്ങോട്ടായി. സിറിയയും തന്റെ അധികാര പരിധിയിൽ കൊണ്ടുവരേണ്ടത് ലക്ഷ്യപൂർത്തീകരണത്തിന് ആവശ്യമാണെന്ന് അദ്ദേഹം കണ്ടു. 

പക്ഷേ, കാര്യം എളുപ്പമായിരുന്നില്ല.

മാസങ്ങൾ നീണ്ടുനിന്ന സംവാദങ്ങൾക്കും ചില സംഘട്ടനങ്ങൾക്കും ശേഷം സിറിയയുടെ അധികാരം സ്വയം ഏറ്റെടുത്തുകൊണ്ട് അദ്ദേഹം പ്രഖ്യാപനം നടത്തി. 

പട്ടാളക്കാരുടെ കയ്യിലെ പാവയായിമാറിയിരുന്ന നൂറുദ്ദീന്റെ മകൻ അൽ മലീക്കുസ്വാലിഹിന്റെ നാമം നാണയത്തിൽ നിന്നും ജുമുഅ ഖുതുബകളിൽ നിന്നും നീക്കം ചെയ്തു. 

ചിലയിടങ്ങളിൽ പൊട്ടിപ്പുറപ്പെട്ട ലഹളകൾ ശക്തമായിത്തന്നെ നേരിട്ടു. കുഴപ്പക്കാരെ പിടികൂടി വധിച്ചുകളഞ്ഞു. നൂറുദ്ദീൻ മഹ്മൂദിന്റെ കുടുംബത്തോട് വളരെ ബഹുമാനത്തോടും ആദരവോടും കൂടിയാണ് സ്വലാഹുദ്ദീൻ (റ) പെരുമാറിയത്. അവർക്കാവശ്യമായതെല്ലാം കൊടുക്കുകയും അവരുടെ ക്ഷേമത്തിൽ പ്രത്യേകം താൽപ്പര്യമെടുക്കുകയും ചെയ്തു.

ഹിജ്റ 570 മുതൽ ഈജിപ്ത്, യമൻ, തുനീസ്, ഫലസ്തീൻ, സിറിയ എന്നിവിടങ്ങളിലെല്ലാം സുൽത്താനായി സ്വലാഹുദ്ദീൻ (റ) അവരോധിക്കപ്പെട്ടു. പൗരസ്ത്യരാജ്യത്തെ ഏറ്റവും വലിയ ഭരണാധികാരിയായി അദ്ദേഹം അംഗീകരിക്കപ്പെട്ടു. 

അപ്പോഴേക്കും ജറുസലം രാജാവ് അമൂരി മരണപ്പെട്ടുപോയിരുന്നു. അയാളുടെ മരണ ശേഷം ജറുസലമിന്റെ ഭരണഭാരമേറ്റെടുത്തത് കേവലം 13 വയസ് മാത്രം പ്രായമായ പുത്രൻ ബൽദവീനാണ്. അതോടെ അവിടെ അദ്യന്തരകുഴപ്പം തുടങ്ങി, അവസാനം അമൂരിയുടെ മകൾ സൈബലിന്റെ ഭർത്താവ് ഗായിലൗസിന്യൻ അധികാരം ഏറ്റെടുത്തു.

ഇതിൽ അസൂയപൂണ്ട ചില കുടുംബങ്ങളും, കുരിശുയോദ്ധാക്കളിൽ പ്രമുഖനും തുനിസിന്റെ ഭരണാധിപനുമായ റെമന്റ് മൂന്നാമനും, സ്വലാഹുദ്ദീനോട് (റ) അനുഭാവം പ്രകടിപ്പിച്ചുതുടങ്ങി.

കുരിശുകാർ ആശയക്കുഴപ്പത്തിൽ വട്ടം കറങ്ങുമ്പോൾ സ്വലാഹുദ്ദീൻ (റ) മുസ്ലിം രാജ്യങ്ങളെ ഒന്നിപ്പിക്കുന്ന തിരക്കിലായിരുന്നു. ബൈത്തുൽ മുഖദ്ദസ് മോചിപ്പിക്കാനുള്ള ആസൂത്രണങ്ങളുമായി അദ്ദേഹം വളരെയേറെ മുന്നോട്ടു പോയി. മുസ്ലിം ചെറുപ്പക്കാരിൽ ആശയും ആവേശവും ജനിപ്പിച്ചുകൊണ്ടദ്ദേഹം പ്രതീക്ഷയുണർത്തി.


ഹിത്തീനിലെ അത്ഭുതവിജയം

ഖുദ്സിന്റെ മോചനം ലക്ഷ്യമാക്കി സ്വലാഹുദ്ദീൻ (റ) തന്ത്രങ്ങൾ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈജിപ്തിന്റെയും സിറിയയുടെയും ഇടയ്ക്കുളള കർക്ക്, ശൗബക്ക് എന്ന രണ്ടു തന്ത്രപ്രധാന കോട്ടകൾ ശാത്തലൂൺ എന്ന കുരിശുവാഹകൻ പിടിച്ചെടുക്കുന്നത്.

ആ കോട്ടകൾക്കുളളിലിരുന്ന് അയാൾ മുസ്ലിം കച്ചവട സംഘങ്ങളെ ആക്രമിക്കുകയും അവരുടെ സമ്പത്ത് കൊള്ളയടിക്കുകയും പലരെയും തടവിലാക്കുകയും ചെയ്തു. കടുത്ത മുസ്ലിം വിരോധിയായിരുന്ന ശാത്ത്ലൂനിന്റെ ധിക്കാരങ്ങൾ രാജ്യസമാധാനത്തിന് തന്നെ ഭീഷണിയായി. 

ഹജ്ജിന് പോകുന്നവരെ കൊന്നൊടുക്കുകയും പരിശുദ്ധ മക്കയും മദീനക്കുമെതിരെ പടനയിക്കാൻ വട്ടം കൂട്ടുകയും ചെയ്ത ദുഷ്ടനാണ് കുപ്രസിദ്ധനായ ശാത്തൻ. അയാളുടെ ഭീഷണി അവസാനിപ്പിക്കാൻ സമാധാനപരമായ പല മാർഗ്ഗങ്ങളും സ്വലാഹുദ്ദീൻ (റ) അന്വേഷിച്ചെങ്കിലും ഒന്നും വിജയം കണ്ടില്ല.

ഒരു യുദ്ധത്തിലൂടെയല്ലാതെ ശാത്തനെ അമർച്ച ചെയ്യാൻ കഴിയില്ലെന്ന് ബോധ്യമായി. അവസാനം മുപ്പതിനായിരത്തോളം സൈനികരുമായി സുൽത്താൻ പുറപ്പെട്ടു..!!

ക്രിസ്ത്യാനികളാവട്ടെ അറുപതിനായിരത്തിലധികം സൈനികരുമായാണു രംഗത്തെത്തിയത്. ജറുസലേമിൽ യേശുക്രിസ്തുവിന്റെ ജന്മസ്ഥലമായ നസ്റേത്തിന്റെ അടുത്ത് ഗായി രാജാവും ശാത്തലൂനും പരിവാരങ്ങളും ക്യാമ്പടിച്ചു.

മുസ്ലിം ലോകത്തിന്റെ ഭാവി നിശ്ചയിക്കുന്ന ജീവൻമരണ പോരാട്ടത്തിനാണ് മുസ്ലിംകൾ പുറപ്പെടുന്നത്. ക്രിസ്ത്യാനികളും അവരുടെ നിലനിൽപ്പിന്റെ പ്രശ്നമായി ഈ യുദ്ധത്തെ കണ്ടു.

നൂറുദ്ദീന്റെയും അസദുദ്ദീന്റെയും നിരന്തരമായ ഭീഷണിയെ ചെറുത്ത് തോൽപ്പിക്കുന്നതിൽ വേണ്ടത്ര വിജയം കണ്ടിട്ടില്ലാത്ത ഈ കുരിശുസംഘം സ്വലാഹുദ്ദീന്റെ (റ) മുമ്പിൽ മുട്ടുമടക്കാതിരിക്കാനുള്ള പദ്ധതികളുമായി സുരക്ഷിതമായ ഒരു കോട്ടക്കുളളിൽ തമ്പടിച്ചു.

കോട്ട വളയാൻ വരുന്ന മുസ്ലിംകളെ തന്ത്രപരമായി നേരിടാനും സ്വന്തം സൈന്യത്തിന് കുഴപ്പമൊന്നും വരാതിരിക്കാനുമാണ് കോട്ടക്കുള്ളിൽ കയറിക്കൂടിയത്. 

കോട്ടക്കുളളിൽ വെച്ചുള്ള ശത്രുക്കളുടെ യുദ്ധം മുസ്ലിംകളുടെ പരാജയത്തിൽ കലാശിക്കും എന്ന് മനസ്സിലായ സ്വലാഹുദ്ദീൻ (റ) അവരെ പുറത്തിറക്കാൻ വേണ്ട അടവുകൾ പയറ്റി. ക്രിസ്ത്യൻ പട്ടാളം കോട്ടക്കുള്ളിൽ കഴിയവെ ക്രിസ്ത്യാനികളുടെ കൈവശമുണ്ടായിരുന്ന തബ്രിയാ പ്രദേശം അദ്ദേഹം പിടിച്ചെടുത്തു. 

അതോടെ ആ പ്രദേശത്തെ പല നസ്രാണി പ്രമുഖരും മുസ്ലിംപട്ടാളത്തിന്റെ കൈയ്യിൽ ബന്ദികളായി. എന്നിട്ടും ഗായിരാജാവും കൂട്ടരും പുറത്തിറങ്ങാൻ തയ്യാറായില്ല. ഗായിരാജാവിന്റെ ഈ നിസ്സംഗത ശാത്തലൂന് തീരെ ഇഷ്ടപ്പെട്ടില്ല. അദ്ദേഹം അവരോടു പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു.

അതോടെ കുരിശ് പടയ്ക്കിടയിൽ അഭിപ്രായ ഭിന്നത രൂക്ഷമായി; എന്ത് വന്നാലും പുറത്തിറങ്ങില്ലെന്ന് ഗായിരാജാവും ഇറങ്ങിയേ മതിയാവൂ എന്ന് ശാത്തനും. അവസാനം ഒരു മുസ്ലിം പട്ടാളക്കാരൻ കോട്ടക്കുള്ളിൽ നുഴഞ്ഞു കയറി രാജാവിന്റെ പ്രതിനിധിയെന്ന നാട്യത്തിൽ വിളംബരം ചെയ്തു: “എല്ലാവരും നാളെ യുദ്ധസന്നാഹത്തോടെ തബ്രിയായിലേക്ക് പുറപ്പെടുക.”

ഈ ഉത്തരവ് രാജാവിന്റെ കൽപ്പനപ്രകാരമാണെന്ന് തെറ്റിദ്ധരിച്ച കുരിശ് പട്ടാളം ഗത്യന്തരമില്ലാതെ പിറ്റേദിവസം രാവിലെ (1187 ജൂലൈ 3 ന്) തബ്രിയായിലേക്ക് മാർച്ച് ചെയ്തു. മുസ്ലിംസൈന്യം പ്രതീക്ഷിച്ചതും അതായിരുന്നു. കോട്ടക്കുളളിൽ ആവശ്യത്തിന് വെളളം പോലും ലഭിക്കാതെ കുരിശ്പട പറ്റെ തളർന്നിരുന്നു.

അങ്ങനെ ഹിജ്റ 582 റബീഉൽ ആഖിർ 14 ന് ശനിയാഴ്ച ഇരുവിഭാഗവും നിർണ്ണായകമായ ആ ഏറ്റുമുട്ടലിന് തുടക്കം കുറിച്ചു. യുദ്ധം തുടങ്ങി. പൊരിഞ്ഞ യുദ്ധം കാലാൾപടയുടെ തുരുതുരെയുള്ള അമ്പെയ്ത്ത് നേരത്തെ പ്രതീക്ഷിച്ചിരുന്ന മുസ്ലിം സൈന്യം

തൽക്കാലം ഒരു ഭാഗത്തേക്ക് പിൻവാങ്ങി. പിൻവാങ്ങുന്ന മുസ്ലിം സൈന്യത്തിന് നേരെ കുതിരപ്പടകൾ ചാടിവീണു. 

കാലാൾപ്പടയും കുതിരപ്പടയും ഇതോടെ രണ്ട് വിഭാഗമായി പിരിഞ്ഞു. വേർപെട്ട് നിൽക്കുന്ന കാലാൾപ്പടയ്ക്ക് നേരെ മുസ്ലിം സൈന്യം ഈറ്റപ്പുലികളെപ്പോലെ ചീറിയടുത്തു. മുസ്ലിം സൈന്യത്തിന്റെ അതിശക്തമായ മുന്നേറ്റത്തിൽ ഛിന്നഭിന്നമായ കുരിശ് പട ഹിത്തീൻ കുന്നിൻമുകളിലേക്ക് ഓടിക്കയറി. ദാഹിച്ചു വലഞ്ഞ അവർ പിന്നീട് യുദ്ധമുന്നണിയിലേക്ക് തിരിച്ചുവന്നതേയില്ല.

മുസ്ലിം സൈന്യം വിശ്രമിക്കാതെ പോരാടി, എണ്ണമറ്റ കുരിശ് പടയാളികൾ ഹിത്തീൻ താഴ് വരയിൽ മരിച്ചുവീണു. ഗായി രാജാവും കൂട്ടരും കുന്നിന് മുകളിൽ അഭയം പ്രാപിച്ചു. മുസ്ലിംകൾ കുന്നിൻമുകളിലേക്ക് കയറാതിരിക്കാൻ അവർ താഴ്‌വരയിൽ തീ കൊടുത്തു. ഒന്നാം കുരിശ് യുദ്ധത്തിൽ നിരപരാധികളായ എഴുപതിനായിരം മുസ്ലിംകളെ വെട്ടിനുറുക്കിയ കുരിശുപോരാളികൾക്കേറ്റ ഈ തിരിച്ചടി അതിഭയാനകമായിരുന്നു.

തീ പടരുന്ന താഴ്‌വരയിലൂടെ കുന്നിൻമുകളിലേക്ക് സ്വലാഹുദ്ദീനും (റ) കൂട്ടരും മുന്നേറി. അല്ലാഹു അക്ബർ! തക്ബീറിന്റെ അമരധ്വനിയിൽ ആവേശംകൊണ്ട് അവർ ശത്രുസൈന്യത്തെ വളഞ്ഞു.

ഗായിരാജാവും ശാത്തലൂൻ അർനാദും ബന്ദികളായി. ഇതോടെ കുരിശ്പട അതിദയനീയമായി പരാജയപ്പെട്ടു. അല്ലാഹു ﷻ വിന് നന്ദി രേഖപ്പെടുത്തി സ്വലാഹുദ്ദീൻ അയ്യൂബി (റ) ദീർഘനേരം സുജൂദിൽ കിടന്നു.

യുദ്ധം അവസാനിച്ചതിനു ശേഷം തടവുകാരെ മുഴുവനും സ്വലാഹുദ്ദീന് (റ) മുമ്പിൽ ഹാജരാക്കപ്പെട്ടു. അന്യായമായി ആയിരക്കണക്കിന് മുസ്ലിംകളെ തടവിൽ പാർപ്പിക്കുകയും പരിശുദ്ധമക്കക്കും മദീനക്കുമെതിരെ പട നയിക്കുകയും ചെയ്ത ശാത് ലൂണിനോട് ഇസ്ലാമിലേക്ക് വരാൻ സ്വലാഹുദ്ദീൻ (റ) ആവശ്യപ്പെട്ടു. അയാൾ ആ നിർദ്ദേശം പുഛിച്ചു തള്ളി. 

ശാത് ലൂൺ ചെയ്ത മഹാപാതകങ്ങൾക്ക് ശിക്ഷയായി സലാഹുദ്ദീൻ (റ) സ്വന്തം കൈകൊണ്ട് തന്നെ ആ ദുഷ്ടനെ കൊലപ്പെടുത്തി. പരിശുദ്ധ മക്കയിലേക്ക് പട നയിച്ച ശാത് ലൂണിനെ തന്റെ കൈയ്യിൽ കിട്ടിയാൽ കൊല്ലുമെന്ന് നേരത്തെ അദ്ദേഹം സത്യം ചെയ്തിരുന്നു.

ഗായി രാജാവും കൂട്ടരും ഈ രംഗം കണ്ട് പേടിച്ചു വിറച്ചു. എന്നാൽ അദ്ദേഹത്തെയും കൂട്ടുകാരെയും സ്വലാഹുദ്ദീൻ (റ) മാപ്പ് നൽകി വിട്ടയക്കുകയായിരുന്നു. ഇത് ഒരിക്കലും അവർ പ്രതീക്ഷിച്ചതായിരുന്നില്ല. കാരണം, കിട്ടിയ അവസരങ്ങളിലൊക്കെ അവർ മുസ്ലിംകളെ പരമാവധി പീഡിപ്പിച്ചിരുന്നു. 

ശത്രുവിനോട് മാന്യമായി പെരുമാറാൻ പഠിപ്പിച്ച ഒരു മതത്തിന്റെ നായകൻ ഇത്തരം സന്ദർഭങ്ങളിൽ പോലും ആ മതത്തിന്റെ ആദർശങ്ങളോട് കൂറ് പുലർത്തിയതിൽ ഗായിരാജാവിനും കൂട്ടർക്കും അത്ഭുതമായിരുന്നു.


ഖുദ്സിൽ നാട്ടിയ വിജയക്കൊടി

ഹിത്തീൻ യുദ്ധം കഴിഞ്ഞ ഉടനെ ഖുദ്സ്‌ മോചന ലക്ഷ്യവുമായി സ്വലാഹുദ്ദീനും (റ) അനുയായികളും പുറപ്പെട്ടു. സുൽത്താനോട് അൽപ്പം വിശ്രമിക്കാൻ ഗുണകാംക്ഷികൾ ഉപദേശിച്ചുവെങ്കിലും വിശുദ്ധ ബൈത്തുൽ മുഖദ്ദസ് മോചിപ്പിക്കുന്നതിനു മുമ്പ് വിശ്രമമില്ലെന്നു പറഞ്ഞ് സ്വലാഹുദ്ദീൻ (റ) ആ ഉപദേശം തള്ളിക്കളഞ്ഞു.

യഥാർത്ഥത്തിൽ ഭരണമേറ്റെടുത്തത് മുതൽ പ്രശ്നങ്ങളില്ലാത്ത ദിവസങ്ങളുണ്ടായിരുന്നില്ല. ചെറുതും വലുതുമായി അനേകം യുദ്ധങ്ങൾക്ക് നേതൃത്വം നൽകി സുൽത്താൻ ആകെ തളർന്നിരുന്നു.

ഹിത്തീൻ മലഞ്ചരുവിൽ നിന്ന് ഓടിരക്ഷപ്പെട്ട പലരും അവിടെ അഭയാർത്ഥികളായി കഴിഞ്ഞിരുന്നു. ആദ്യം അവർ ചെറുത്തുനിന്നെങ്കിലും പ്രയോജനമുണ്ടായില്ല.

തക്ബീർ ധ്വനികൾ മുഴക്കി,ചന്ദ്രക്കല മുദ്രണം ചെയ്ത പതാകയുമേന്തി മലവെള്ളപ്പാച്ചിൽ പോലെ പാഞ്ഞുവന്ന മുസ്ലിം സൈന്യത്തെ പ്രതിരോധിക്കാൻ കുരിശുകാവൽക്കാർക്ക് സാധ്യമായില്ല. അവർ ആയുധം വെച്ചു കീഴടങ്ങി. 

സ്വലാഹുദ്ദീനും (റ) കൂട്ടരും ഹിജ്റ 582 റജബ് ഇരുപത്തിഏഴിന് ഖുദ്സും പരിസരവും ജയിച്ചടക്കുക തന്നെ ചെയ്തു. അങ്ങനെ ആ പരിശുദ്ധ ഭവനം വീണ്ടും ഇസ്ലാമിന്റെ പതാകക്കു കീഴിൽവന്നു.

90 വർഷം മുമ്പ് മുസ്ലിം കരങ്ങളിൽ നിന്ന് നഷ്ടപ്പെട്ടുപോയ വിശുദ്ധ ഗേഹം..!! മുസ്ലിംകളുടെ ആദ്യഖിബ്ല..!! ആയിരക്കണക്കിന് അമ്പിയാക്കളുടെയും ഔലിയാക്കളുടെയും അന്ത്യവിശ്രമ സങ്കേതമായി അനുഗൃഹീതമായ ഭൂമി..!! മിഅ്റാജിന്റെ രാത്രിയിൽ മുൻ പ്രവാചകന്മാർക്ക് ജമാഅത്ത് നമസ്കാരത്തിന് അന്ത്യപ്രവാചകൻ ﷺ നേതൃത്വം വഹിച്ച പുണ്യഖുദ്സ് അവിടെ സ്വലാഹുദ്ദീനും (റ) സൈന്യവും ചെന്നുകയറിയപ്പോൾ തക്ബീറിന്റെയും തഹീലിന്റെയും മന്ത്രങ്ങളാൽ അന്തരീക്ഷം പ്രകമ്പിതമായി...

സ്വലാഹുദ്ദീനും (റ) സൈന്യവും ഖുദ്സിലേക്ക് മുന്നേറുന്ന വാർത്തയറിഞ്ഞ് വിദൂരദിക്കുകളിൽ നിന്നുപോലും പണ്ഡിതന്മാരും നേതാക്കളും പൊതുജനങ്ങളുമടക്കം വമ്പിച്ചൊരു ജനാവലി ഖുദ്സിലെത്തിയിരുന്നു.

അങ്ങനെ ഒന്നാംകുരിശുയുദ്ധം കഴിഞ്ഞ് ഒമ്പത് പതിറ്റാണ്ടുകൾക്ക് ശേഷം മസ്ജിദുൽ അഖ്സായിൽ വീണ്ടും ജുമുഅ നിസ്കാരം നടന്നു. സന്തോഷത്തിന്റെ ബാഷ്പകണങ്ങളാൽ നിറഞ്ഞ കണ്ണുകളുമായി അവർ റബ്ബിന് മുമ്പിൽ ശുക്റിന്റെ സുജൂദിൽ വീണു...

ഇസ്ലാമിന്റെ മാനംകാത്ത വീരനായകൻ സ്വലാഹുദ്ദീൻ അയ്യൂബിയുടെ (റ) അപദാനങ്ങൾ അന്തരീക്ഷത്തിൽ മുഖരിതമായി.

നജ്മുദ്ദീൻ അയ്യൂബും കുടുംബവും തക് രീത് വിട്ടോടുമ്പോൾ വാവിട്ടുകരഞ്ഞ ചോരപ്പൈതലിന്റെ മഹത്തായ ദൗത്യനിർവ്വഹണം കണ്ട് പകലോൻ പശ്ചിമ ചക്രവാളത്തിൽ മറയാൻ മടിച്ചുനിന്നു.

മുസ്ലിം ലോകം ആഹ്ലാദ ചിത്തരായി നിൽക്കുമ്പോൾ കുരിശു പടയാളികളിൽ ശേഷിച്ചവർ പേടിച്ചു വിറക്കുകയായിരുന്നു. ഖുദ്സ് ജേതാവിന്റെ പ്രതികാര നടപടി എന്തായിരിക്കുമെന്നോർത്ത് അവർ വ്യാകുലപ്പെട്ടു. 

മുസ്ലിം പട്ടാളക്കാർ തങ്ങളെ അക്രമിക്കുമോ..?സ്വലാഹുദ്ദീൻ (റ) കരുണ കാണിക്കുമോ..? 

ഒരിക്കലും സ്വന്തം ആദർശമല്ലാതെ പ്രാവർത്തികമാക്കിയിട്ടില്ലാത്ത കുരിശുപോരാളികൾ സ്വന്തം ജീവരക്ഷക്കായി കേണു കഴിഞ്ഞ നിമിഷം! അതെ!! അവസാനം അതു തന്നെ സംഭവിച്ചു. മക്കാ വിജയത്തിൽ പ്രവാചകരേഷ്ഠർ (ﷺ) പരാജിതരോട് കാണിച്ച അതേ നടപടി മാപ്പ്.! ഉദാരമായ മാപ്പ്..!!

എല്ലാ കുരിശുപോരാളികൾക്കും അദ്ദേഹം മാപ്പ് നൽകി. മുമ്പ് മുസ്ലിമിന്റെ രക്തപ്പുഴയിൽ കുരിശുവാഹകരുടെ കുതിരകൾ നീന്തിയെങ്കിൽ, എഴുപതിനായിരം മുസ്ലിംകളെ അതിദാരുണമായി കൂട്ടക്കൊല ചെയ്തതെങ്കിൽ, പതിനായിരം കുട്ടികളെ നിലത്തടിച്ചു കൊന്നെങ്കിൽ, അംഗനമാർ നിഷ്കരുണം മാനഭംഗപ്പെടുത്തപ്പെട്ടെങ്കിൽ അതെല്ലാം അഭിനവ ക്രിസ്തുമതത്തിന്റെ സംസ്കാരമായിരുന്നു. മുസ്ലിംകൾക്കങ്ങനെ ചെയ്യാനൊക്കില്ലല്ലോ..?!

ഒമ്പത് പതിറ്റാണ്ടു കാലം അസാധ്യമായതും ലോക മുസ്ലിംകൾ ആഗ്രഹിച്ചതുമായ ഖുദ്സ്മോചനം സാധ്യമാക്കിയ ചരിത്ര നായകൻ എന്നതിനെക്കാൾ സ്വലാഹുദ്ദീൻ അയ്യൂബിക്ക് (റ) ചരിത്രം നൽകുന്ന മഹത്വവും ബഹുമതിയും അദ്ദേഹം പരാജിതരോട് കാണിച്ച സ്നേഹത്തിനും അനുകമ്പക്കുമാണ്. 

സ്വലാഹുദ്ദീൻ (റ) അന്ന് വിചാരിച്ചിരുന്നെങ്കിൽ പൗരസ്ത്യ നാടുകളിൽ ഇന്ന് കുരിശ് വാഹകരുടെ പൊടിപോലും കാണില്ലായിരുന്നു. പക്ഷേ അദ്ദേഹമന്ന് ഇസ്ലാമിന്റെ അന്തസ്സുയർത്തിപ്പിടിച്ച് ശത്രുവിനെ സ്നേഹം കൊണ്ട് നേരിടുകയാണ് ചെയ്തത്. ക്രിസ്തീയ സമൂഹം സ്നേഹത്തിക്കുറിച്ചു പറയുകയല്ലാതെ അതൊരിക്കലും പ്രാവർത്തികമാക്കാറില്ല. സ്നേഹത്തിന്റെ കുത്തകയവകാശപ്പെടുന്നവർ മനസ്സിലാക്കേണ്ട കാര്യമാണിത്.

അല്ലാഹു ﷻ വിന്റെ മഹത്തായ അനുഗ്രഹത്താൽ ഈജിപ്തിൽ പ്രധാനമന്ത്രി സ്ഥാനമേൽക്കുമ്പോൾ മനസ്സിലാഗ്രഹിച്ച മൂന്ന് കാര്യങ്ങളും ഇതിനകം സ്വലാഹുദ്ദീൻ (റ) സാധിച്ചെടുത്തു.

ശിയാ ഭരണം അവസാനിപ്പിച്ച് അഹ്ലുസ്സുന്നത്തി വൽജമാഅത്തിന് ശക്തി പകരുക, ഛിന്നഭിന്നമായിക്കിടക്കുന്ന മുസ്ലിം രാജ്യങ്ങളെ ഏകോപിപ്പിക്കുക. 

വിശുദ്ധ ഖുദ്സ് ക്രിസ്ത്യാനികളിൽ നിന്ന് മോചിപ്പിക്കുക. പക്ഷ ഇതെല്ലാം സാധ്യമായിട്ടും സ്വലാഹുദ്ദീൻ അയ്യൂബി (റ) വിശ്രമിക്കാൻ സന്നദ്ധനായില്ല....


നവോത്ഥാന നായകൻ

മുസ്ലിം സമുദായത്തിന്റെ ആത്മീയവും ഭൗതികവുമായ ഉന്നമനത്തിനായി സ്വലാഹുദ്ദീൻ (റ) അനേകം പദ്ധതികൾ ആവിഷ്ക്കരിച്ചു. അന്തസ്സുളള ഒരു സമുദായത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന് അദ്ദേഹം കഠിനാദ്ധ്വാനം ചെയ്തു.

മഹാനായ സ്വലാഹുദ്ദീൻ (റ) ഉന്നതമായ സ്വഭാവവിശേഷണങ്ങളുടെ ഉടമയായിരുന്നു. രാത്രി സമയങ്ങളിൽ സുന്നത്ത് നിസ്കാരവും ഒഴിവ് സമയങ്ങളിൽ ഖുർആൻ പാരായണവും അദ്ദേഹത്തിന്റെ ചര്യയായിരുന്നു.

പണ്ഡിതൻമാരെ ഏറെ ആദരിച്ചിരുന്ന സ്വലാഹുദ്ദീൻ (റ) ആവശ്യമായതെല്ലാം അവരിൽ നിന്ന് പഠിച്ചു. ഹദീസ് പഠിക്കാനും മറ്റുളളവരിൽ നിന്നു ഖുർആൻ പാരായണം കേൾക്കാനും വലിയ താൽപര്യമായിരുന്നു സുൽത്വാന്. 

പരലോകത്തെ പരാമർശിക്കുന്ന ഖുർആൻ ആയത്തുകൾ കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ ഹൃദയം ലോലമാകുകയും കണ്ണുകൾ ജലാർദ്രമാകുകയും ചെയ്തിരുന്നു.

ഇസ്ലാമിക മൂല്യങ്ങളുടെ പുനരുത്ഥാനത്തിന് സുൽത്താൻ അയ്യൂബിക്ക് പ്രത്യേകമായ ചില പരിപാടികളുണ്ടായിരുന്നു. ഭരണവും കിരീടവും കൊണ്ട് മാത്രം ദീൻ നിലനിൽക്കില്ലെന്ന് കഴിഞ്ഞകാല അനുഭവങ്ങളിൽ നിന്ന് അദ്ദേഹം മനസ്സിലാക്കി, വിജ്ഞാനമാണ് ഇസ്ലാമിന്റെ ജീവനാഡിയെന്നും സമൂഹത്തിന്റെ അടിസ്ഥാനപുരോഗതി വിദ്യാഭ്യാസത്തെ ആശ്രയിച്ചാണുള്ളതെന്നും അദ്ദേഹം കണ്ടറിഞ്ഞു.

തദടിസ്ഥാനത്തിൽ വിജ്ഞാന പ്രചാരണ രംഗത്ത് അദ്ദേഹം അർപ്പിച്ച സേവനങ്ങൾ പിൽക്കാല മുസ്ലിംകൾക്ക് വലിയ ഉത്തേജനമേകി. നൈസർഗ്ഗിക  കലാവാസനകളുള്ളവരെ തിരഞ്ഞുപിടിച്ച് പ്രോത്സാഹനം നൽകുവാനും ബഹുമുഖ പ്രതിഭകളാക്കി മാറ്റാനും അയ്യൂബിഭരണകൂടം വളരെ യത്നിച്ചിട്ടുണ്ട്. 

കഴിവുറ്റ കവികളും പ്രസംഗകരും പണ്ഡിതന്മാരും, എഴുത്തുകാരും ബുദ്ധിജീവികളും ആ കാലത്ത് ഉയർന്നുവന്നു. എഴുത്തുകാർക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും സഹായങ്ങളും സമ്മാനങ്ങളും നൽകി പ്രോത്സാഹിപ്പിച്ചു.

ശാഫിഈ മദ്ഹബുകാരനായിരുന്ന സ്വലാഹുദ്ദീൻ അയ്യൂബി (റ) ശാഫിഈ മദ്ഹബിനു പ്രത്യകിച്ചും മറ്റു മദ്ഹബുകൾക്കും പൊതുവെയും വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. നാലു മദ്ഹബുകളുടെയും വളർച്ചക്കുവേണ്ടി പ്രത്യേക പഠനകേന്ദ്രങ്ങൾ സ്ഥാപിച്ചു.

ഇമാം ശാഫിഈ(റ)വിന്റെ മഖ്ബറക്കരികെ സ്ഥാപിച്ച അൽമദ്റസതു ശാഫിഇയ്യ അക്കാലത്തെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമായിരുന്നു.

ശിആ ഭരണകൂടം സ്ഥാപിച്ച ഈജിപ്തിലെ പ്രസിദ്ധമായ ജാമിഉൽ അസ്ഹർ സുന്നിവത്കരിച്ചതും ഈജിപ്തിൽ ശാഫിഈ മദ്ഹബിന് പ്രാമുഖ്യമുണ്ടായതും സ്വലാഹുദ്ദീൻ അയ്യൂബിയുടെ (റ) ഭണകാലത്തായിരുന്നു. 

ഒരു കാലത്ത് ഇസ്ലാമിന്റെ കളിത്തൊട്ടിലെന്ന് ഖ്യാതി നേടിയ അന്തലൂസിൽ നിന്ന് (സ്പെയിൽ) അനേകം വിജ്ഞാന കുതുകികളും പ്രതിഭകളും പ്രോത്സാഹനം തേടി സ്വലാഹുദ്ദീൻ അയ്യൂബിയുടെ (റ) അടുത്തെത്തിയിരുന്നു. വിശ്വപ്രതിഭകളായ ഇബ്നുൽ അറബി, മുഹമ്മദ്ബിൻ മാലിക്, ഇബ്നു ബൈത്താർ (റ) തുടങ്ങിയവർ അവരിൽ ചിലരാണ്. 

അധികാരവും സൗകര്യങ്ങളും വേണ്ടുവോളമുണ്ടായിട്ടും ഭൗതിക ജീവിതത്തിന്റെ ആഡംബരത്തിൽ സുൽത്താന് തീരെ താൽപ്പര്യമുണ്ടായിരുന്നില്ല. ഇസ്ലാമിക വേഷവിധാനങ്ങളിൽ അദ്ദേഹം താൽപര്യം കാണിക്കുകയും മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുകയും ചെയ്തു. താടിയും തലപ്പാവുമണിഞ്ഞ സുൽത്താന്റെ ഗാംഭീര്യമാർന്ന രൂപം അത്യാകർഷകമായിരുന്നു.

സച്ചരിതരായ പൗരാണികർ ജീവനും ജീവിതവും നൽകി വളർത്തിയെടുത്ത ഒരു മഹാപ്രസ്ഥാനത്തിന്റെ പിൻഗാമികൾ ഭൗതിക താൽപര്യങ്ങളിൽ സായൂജ്യം കണ്ടെത്തുന്നതിനോട് അദ്ദേഹത്തിന് തീരെ യോജിക്കാൻ കഴിഞ്ഞില്ല. 

സ്വന്തം പട്ടാളക്കാരോടൊരിക്കൽ അദ്ദേഹം പറഞ്ഞു: “മരണത്തോടുള്ള വെറുപ്പ് നിങ്ങളെ ദുർബലമാക്കും. ഭൗതിക സുഖാഢംബരങ്ങളോടുള്ള പ്രതിബദ്ധത നിങ്ങളെ നിസ്സാരന്മാരുമാക്കും.”

ഊർജ്ജ്വസ്വലനും ഉന്മേഷവാനുമായി സദാ കാണപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ പ്രചോദനം പൂർവ്വികരുടെ ചരിത്രമായിരുന്നു. ഒമ്പത് പതിറ്റാണ്ടു കാലം അൽഅഖ്സാ പള്ളിയും പരിസരവും ക്രിസ്ത്യാനികൾ തട്ടിയെടുത്തു കൈവശം വെച്ചത് മുസ്ലിം സമുദായത്തിന്റെ ദൗർബല്യം ചൂഷണം ചെയ്തുകൊണ്ടായിരുന്നുവെന്നും അതിനു പരിഹാരം അലസത കൈവെടിയുക മാത്രമാണെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു.

ഖലീഫ ഉമർ (റ) മുസ്ലിം സൈന്യത്തിന്റെ നായകനായി നിയമിച്ച അബൂഉബൈദത്തുൽ ജർറാഹി(റ)വിന്റെ പ്രവർത്തനഫലമായി ഇസ്ലാമിക രാജ്യങ്ങൾക്കുണ്ടായ വികാസവും അതിന്റെ പിന്നിലെ പ്രേരക ശക്തിയായ വിശ്വാസവും സ്വലാഹുദ്ദീനെ (റ) ഏറെ സ്വാധീനിച്ചിരുന്നു. 

ഉമറിന്റെ (റ) ഭരണകാലത്ത് അബൂഉബൈദ (റ) ശാമിലേക്ക് പടനയിച്ചു. ഹിംസ്, ഹുമാത്ത്, ജിബില്ല, നാബൽസ്, മഅർറ തുടങ്ങിയ അനേകം പ്രദേശങ്ങൾ ജയിച്ചടക്കിയ ശേഷം ജോർദ്ദാനിലെത്തി, ഈലിയായിലെ ഭരണധികാരിക്ക് ഇങ്ങനെ കത്തെഴുതി: 

“അല്ലാഹു ﷻ വിന്റെ ഏകത്വത്തിലും അന്ത്യപ്രവാചകൻ മുഹമ്മദ് നബിﷺയിലും നിങ്ങൾ വിശ്വസിക്കണം. ഭൗതികലോകം ക്ഷണികവും നശ്വരവുമാണെന്ന് മനസ്സിലാക്കണം. അന്ത്യദിനം വരാനിരിക്കുന്നു. മരണപ്പെട്ടവരെല്ലാം അന്ന് പൂനർജ്ജനിക്കും. കർമ്മങ്ങൾക്ക് അർഹമായ പ്രതിഫലം അന്ന് നൽകപ്പെടും. ഈ യാഥാർത്ഥ്യം അംഗീകരിക്കുകയാണെങ്കിൽ നിങ്ങൾ ഞങ്ങളുടെ സഹോദരങ്ങളാണ്. നിങ്ങളുടെ രക്തവും ധനവും അഭിമാനവും പവിത്രമായി ഞങ്ങൾ കണക്കാക്കും. അപ്പോൾ നാം നിങ്ങളുടെ ഗുണകാംക്ഷികളുമായിരിക്കും.ഞങ്ങളുടെ വിശ്വാസം നിങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നില്ല. നിങ്ങൾക്ക് നിങ്ങളുടെ മതവും ഞങ്ങൾക്ക് ഞങ്ങളുടെ മതവും വലുതാണ്. 

ഇസ്ലാമിക ഭരണകൂടത്തിന് കീഴിൽ നികുതിയടച്ച് നിങ്ങൾക്ക് ഇവിടെ ജീവിക്കാം, ഞങ്ങൾ നിങ്ങളെ സംരക്ഷിക്കും. ഇതൊന്നും നിങ്ങൾ സമ്മതിക്കാത്തപക്ഷം, പിന്നെ ഞങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്നത് മരണമാണ്. നിങ്ങളാണെങ്കിൽ മരണത്തെക്കാൾ ഇഷ്ടപ്പെടുന്നത് കളളും പന്നിമാംസവുമാണ്. ഒന്നുകിൽ ഇസ്ലാമിന്റെ വിജയം, അല്ലെങ്കിൽ ഞങ്ങളുടെ മരണം. ഈ രണ്ടിലൊന്ന് സാധിക്കാതെ ഞങ്ങൾ തിരിച്ചുപോകില്ല."

അബൂഉബൈദയുടെ (റ) വിന്റെ ഈ തീരുമാനത്തിനു മുന്നിൽ ഈലിയാ നിവാസികൾ പകച്ചുപോയി. തങ്ങൾ വിശ്വസിക്കുന്ന ആദർശം സത്യമാണെന്ന് ഉറപ്പില്ലാത്തവർക്കെങ്ങനെ മരിക്കാൻ സന്മനസ്സുണ്ടാകും? അവസാനം അവർ സന്ധിക്ക് തയ്യാറായി. 

ഉമർ (റ) നേരിട്ട് വന്നു തങ്ങൾക്ക് സംരക്ഷണം ഉറപ്പ് തന്നാൽ ഖുദ്സും പരിസരവും മുസ്ലിംകളെ ഏൽപ്പിക്കാമെന്നായി അവർ. ഈലിയക്കാരുടെ താൽപ്പര്യം അബൂഉബൈദ (റ) ഖലീഫ ഉമറിനെ (റ) അറിയിച്ചു.

വ്യവസ്ഥപ്രകാരം ഉമർ (റ) ഖുദ്സിലെത്തി. ഉമർ(റ)വിനെ സ്വീകരിക്കാൻ പല പ്രമുഖരും എത്തിയിരുന്നു. പാത്രിയാർക്കീസുമാരും മഹാപുരോഹിതൻമാരും അതിർത്തിയിൽ കാത്തുനിന്നിരുന്നു. സാധാരണക്കാരന്റെ വേഷത്തിൽ ഒരു കഴുതപ്പുറത്ത് എത്തിയ ഉമറിനെ (റ) കണ്ട് അവർക്ക് കുറ്റബോധവും അപകർഷതയും തോന്നി, കിരീടം ചൂടി സർവാഢംബരത്തോടെ വരുന്ന ഒരു ചക്രവർത്തിയെയായിരുന്നല്ലോ അവർ പ്രതീക്ഷിച്ചിരുന്നത്.

തക്ബീർ ധ്വനികളാൽ പ്രകമ്പിതമായ അന്തരീക്ഷത്തിൽ ബൈത്തുൽ മുഖദ്ദസിന്റെ കാവൽക്കാരൻ സഫർദോസ് പുരോഹിതൻ വിശുദ്ധ മന്ദിരത്തിന്റെ താക്കോൽ ഉമർന്റെ (റ) കരങ്ങളിൽ ഏൽപ്പിച്ചു. അപ്പോൾ അയാൾ അറിയാതെ കരഞ്ഞുപോയി, ലോകത്തിലെ വലിയ ശക്തികളിലൊന്ന്, കിസ്റായുടെയും കൈസറിന്റെയും സമുദായക്കാർ, ഖലീഫ ഉമറിന് (റ) മുമ്പിൽ പൊട്ടിക്കരയുന്ന ആ രംഗം ഒന്ന് ഓർത്ത് നോക്കൂ... ഈമാനികാവേശമുളളവർക്ക് രോമാഞ്ചം ഉണ്ടാക്കുന്ന മുഹൂർത്തമാണത്.

ഉമർ(റ)വും പരിവാരങ്ങളും ഖുദ്സിൽ കടന്നു. സഹോദര സമുദായമായ ക്രിസ്ത്യാനികൾക്ക് മഹാൻ സ്വന്തം കരങ്ങൾകൊണ്ട് അഭയപത്രമെഴുതിക്കൊടുത്തു. “ഈ വിശുദ്ധ ഭൂമിയിൽ ഒരു നസ്റാണിയും ഒരു മുസ്ലിമിനാൽ ആക്രമിക്കപ്പെടില്ല!" ചരിത്രത്താളുകളിൽ തങ്ക ലിപികളിൽ രേഖപ്പെടുത്തപ്പെട്ട ഈ അമാനത്താണ്, ഖുദ്സ് ജയിച്ചടക്കിയപ്പോൾ സ്വലാഹുദ്ദീൻ (റ) നിറവേറ്റിയത്. 

ഉമർ(റ)വിന്റെ തീരുമാനത്തിനെതിരായി സ്വലാഹുദ്ദീൻ (റ) എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ ഇന്ന് ക്രിസ്ത്യാനികളുടെ സ്ഥിതി എന്താകുമായിരുന്നു? കഴിഞ്ഞ കാലങ്ങളിലൊക്കെ മുസ്ലിം നേതാക്കൻമാരുടെ സഹതാപം ഒന്നുകൊണ്ട് മാത്രം പിടിച്ചുനിന്ന ആ സമൂഹം സ്വലാഹുദ്ദീന് (റ) ശേഷം മുസ്ലിം സമുദായത്തോട് ചെയ്ത വഞ്ചനക്കും ക്രൂരതക്കും കൈയ്യും കണക്കുമില്ല.

വിശ്വാസമാണ് അന്തസ്സിന്റെ കാതലെന്ന് കണ്ടെത്തിയ സ്വലാഹുദ്ദീൻ അയ്യൂബി(റ) തനിക്കു കൈവന്ന സൗഭാഗ്യങ്ങൾ അല്ലാഹുﷻവിന്റെ അമാനത്താണെന്ന് മനസ്സിലാക്കി. ഇസ്ലാമിന്റെ അന്തസ്സുയർത്താൻ പാടുപെട്ടു. ത്യാഗത്തിന്റെയും അർപ്പണ ബോധത്തിന്റെയും ആദർശസ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായ സ്വലാഹുദ്ദീന്റെ (റ) കഥകൾ ചരിത വിദ്യാർത്ഥികളെ ആവേശഭരിതരാക്കുക തന്നെ ചെയ്യും.

സ്വലാഹുദ്ദീൻ അയ്യൂബി (റ) ഉന്നതനായ ചിന്തകനും പ്രഗത്ഭനായ വാഗ്മിയും തികഞ്ഞ സൂഫിവര്യനുമായിരുന്നു. ഗനഘാംഭീര്യത്തോടെയുള്ള അദ്ദേഹത്തിന്റെ പ്രസംഗത്തിൽ പട്ടാളക്കാർ ഉന്മത്തരായിത്തീർന്നിരുന്നു. ഇസ്ലാമിക ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും അനിവാര്യതയും ആവശ്യകതയും സാമാന്യ ജനത്തെ ബോധ്യപ്പെടുത്താൻ പ്രസംഗമാണ് അദ്ദേഹം ആയുധമാക്കിയിരുന്നത്.

മറ്റുള്ളവരെക്കൊണ്ട് പണിയെടുപ്പിച്ച് ലാഭം സ്വന്തം വരവിൽ ചേർക്കാൻ ഒരിക്കലും അദ്ദേഹം ഇഷ്ട്ടപ്പെട്ടിരുന്നില്ല.ജീവിതത്തിൽ പ്രാവർത്തികമാക്കിയ കാര്യമേ മറ്റുളളവരോടദ്ദേഹം കൽപ്പിക്കാറുണ്ടായിരുന്നുളളു.

കർമ്മനിരതമായ ജീവിതമായിരുന്നു സ്വലാഹുദ്ദീൻ അയ്യൂബിയുടേത് (റ). പതിനേഴു വയസ്സ് മുതൽ രോഗബാധിതനാകുന്ന സമയം വരെ അദ്ദേഹം വിശ്രമമില്ലാതെ പോരാടി. അമ്പത്തിഏഴു വർഷമാണ് സുൽത്താൻ ജീവിച്ചത്. ഇതിൽ നീണ്ട നാൽപ്പത് വർഷവും അദ്ദേഹം കർമ്മനിരതനായിരുന്നു.

ഹിജ്റ 532ൽ സ്വലാഹുദ്ദീൻ (റ) ജനിക്കുമ്പോൾ അറബ് രാജ്യങ്ങളുടെ അവസ്ഥ ദയനീയമായിരുന്നു. ഛിന്നഭിന്നമായ മുസ്ലിം രാജ്യങ്ങളിൽ എണ്ണിയാലൊടുങ്ങാത്ത ഭരണാധിപന്മാർ. അവർക്കിടയിൽ കടിപിടിയും വഴക്കും വക്കാണവും. ഇതിനിടെ കഴുകനും കരടിയും വേണ്ടതെല്ലാം കൊത്തിവിഴുങ്ങുകയായിരുന്നു.

പിന്നീട് ഹിജ്റ 580 ആയപ്പോഴേയ്ക്കും ആ രാജ്യങ്ങളെല്ലാം ഒരൊറ്റ ഭരണാധികാരിക്ക് കീഴിൽ ഐക്യപ്പെടുന്നതാണ് നാം കാണുന്നത്. പ്രവിശാലമായ ഒരു സാമാജ്യത്തിന്റെ ചോദ്യം ചെയ്യപ്പെടാനാകാത്ത സുൽത്താനായി സ്വലാഹുദ്ദീൻ (റ) അധികാരത്തിലെത്തുന്നു.

അനുകൂലമായ സാഹചര്യത്തിലായിരുന്നില്ല ഇതൊന്നും അദ്ദേഹം നേടിയെടുത്തത്. മുസ്ലിം കച്ചവട സംഘങ്ങൾക്ക് സ്വൈരമായി യാത്ര ചെയ്യാനോ, വിശുദ്ധ ഹജ്ജ് കർമ്മത്തിന് പോലും നിർഭയരായി പുറപ്പെടാനോ കഴിയാത്ത വിധം ദുസ്സഹമായ ചുറ്റുപാടാണ് ഒന്നാം കുരിശ് യുദ്ധത്തിന് ശേഷം മുസ്ലിം സമൂഹത്തിന് അഭിമുഖീകരിക്കാനുണ്ടായിരുന്നത്. നിർഭയമായ ഒരു ജീവിതം ഈ ലോകത്ത് മുസ്ലിംകൾക്കുണ്ടാകുമോ എന്ന് പോലും ആശങ്കിച്ച ഒരു സന്ദർഭത്തിലാണ് വിജയം, അല്ലെങ്കിൽ മരണമെന്ന് മുദ്രാവാക്യവുമായി, സിരകളിൽ തിളക്കുന്ന ഈമാനികാവേശവുമായി സുൽത്താൻ രംഗത്തുവന്നത്.

ഈജിപ്തിൽ ഭരണാധികാരിയാവുകയും ഫാത്ത്വിമീ ഖലീഫ അൽ ആമിദ് ലിദീനില്ലാ മരണപ്പെടുകയും ചെയ്തപ്പോൾ രാജ്യത്തെ ജനങ്ങൾക്ക് സുഭിക്ഷമായി ജീവിക്കാനുള്ള സമ്പത്ത് ഖജനാവിലുണ്ടായിരുന്നു. അവിടത്തെ കാഴ്ച്ചവസ്തുക്കളും വിലപിടിപ്പുള്ള അലങ്കാര സാധനങ്ങളും അദ്ദേഹം ബാഗ്ദാദിലെ അബ്ബാസി ഖലീഫക്ക് നൽകി. 

മറ്റു സമ്പത്തുകളെല്ലാം രാജ്യത്തെ ദാരിദ്ര്യ നിർമ്മാർജനത്തിനും കെട്ടുറപ്പുള്ള സൈന്യത്തെ വാർത്തെടുക്കുന്നതിനുമായി വിനിയോഗിച്ചു. പത്തു വർഷം വിറ്റിട്ടും തീരാത്ത വിധം വിലപിടിപ്പുള്ള വസ്തുക്കൾ ഫാത്വിമി ഖലീഫയുടെ ഖജനാവിലുണ്ടായിരുന്നെന്ന് പറയപ്പെടുന്നു.

വലിയ ഒരു സാമാജ്യത്തിന്റെ അധിപനും എണ്ണിത്തീർക്കാൻ കഴിയാത്ത സമ്പത്തിന്റെ ഉടമയും ആയിരുന്നിട്ടു പോലും സ്വലാഹൂദ്ദീന്റെ (റ) ജീവിതത്തിൽ അഴിമതിയും സ്വജനപക്ഷപാതവും കണ്ടെത്താൻ ആർക്കും കഴിഞ്ഞില്ല. വഫാത്താകുമ്പോൾ അദ്ദേഹത്തിന്റെ സ്വന്തം ഉത്തരവാദിത്ത്വത്തിൽ ഒരു ദീനാർ മാത്രമാണുണ്ടായിരുന്നതത്രെ..!!


മാനവിക മൂല്യങ്ങളുടെ നായകൻ

സ്വലാഹുദ്ദീൻ അയ്യൂബിയുടെ (റ) കരുണയും ദയാദാക്ഷിണ്യവും ഏറെ പ്രസിദ്ധമാണ്. ഫാതിമിഖലീഫ അൽ ആളിദ് മരണപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ ഭാര്യമാരും മക്കളും കുടുംബാംഗങ്ങളുമായി 152 പേർ കൊട്ടാരത്തിലുണ്ടായിരുന്നു. അവർക്ക് മാന്യമായി ജീവിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുകയും അവരുടെ വിശ്വാസാചാരങ്ങൾക്കനുസൃതമായി തന്നെ അവസാനത്തെ ഖലീഫ ആൽആളിദ് ലിദീനില്ലയുടെ അന്ത്യകർമ്മങ്ങൾ നടത്താൻ അനുവദിക്കുകയും ചെയ്തു. 

ജനക്ഷേമകരമായ പ്രവർത്തനങ്ങൾ നടത്തി പ്രജകളുടെ പ്രീതി സമ്പാദിച്ച അദ്ദേഹത്തിന് തന്റെ ഭരണത്തിനു കീഴിൽ അന്യായമായി ആരും വേദനിക്കരുതെന്ന് നിർബന്ധമുണ്ടായിരുന്നു. 

സ്വലാഹുദ്ദീൻ അയ്യൂബിയുടെ (റ) എടുത്തു പറയത്തക്ക ദൗർബല്യം അദ്ദേഹത്തിന്റെ ദയയും സഹാനുഭൂതിയുമായിരുന്നു. ഏറ്റവും വലിയ ശത്രുവിനോടുപോലും വിട്ടു വീഴ്ച ചെയ്യാൻ അദ്ദേഹത്തിനൊരുമടിയും ഉണ്ടായിരുന്നില്ല.

ഖുദ്സ് കീഴടക്കിയപ്പോൾ പവിത്രമായ ആ മണ്ണിന്റെ പരിശുദ്ധിക്ക് കളങ്കം വരുത്തുന്ന യാതൊന്നും അവിടെ വെച്ച് ചെയ്യരുതെന്ന് തന്റെ പട്ടാളക്കാരോട് സുൽത്താൻ പ്രത്യേകം നിർദ്ദേശിച്ചിരുന്നു. ഈ നിശ്ചയ പ്രകാരം ഖുദ്സിലുണ്ടായിരുന്ന കുരിശുപടയുമായി ഒരു ഒത്തുതീർപ്പിലെത്താൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു.

പക്ഷേ, ഹിത്തീൻ താഴ് വരയിലുണ്ടായ അപമാനകരമായ പരാജയത്തിന്റെ വേദന തിന്നുന്ന നസ്റാനികൾ, ഖുദ്സിൽ വന്നിറങ്ങിയ സുൽത്താനോടും പരിവാരങ്ങളോടും സഹകരിക്കാൻ തയ്യാറായില്ല. അയ്യായിരത്തോളം മുസ്ലിംകളെ ബന്ദികളായി അവർ നേരത്തെ പിടിച്ചുവെച്ചിട്ടുണ്ടായിരുന്നു. 

അവരെ വിട്ടുതരാനും ഖുദ്സിൽ ആത്മരക്ഷാർത്ഥം ഒളിച്ചു പാർക്കുന്ന ശേഷിക്കുന്ന ഭരണാധികാരികളോടും കുരിശുനായകന്മാരോടും അവർക്കിഷ്ടമുള്ള പ്രദേശങ്ങളിലേയ്ക്ക് മാറിത്താമസിച്ചുകൊള്ളാനും ബൈത്തുൽ മുഖദ്ദസിന്റെ നായകത്വം മുസ്ലിംകളെ ഏൽപ്പിക്കാനും ആവശ്യപ്പെട്ടു കൊണ്ട് ഒരെഴുത്ത് സുൽത്താൻ അവർക്ക് കൈമാറി. 

ജേതാവിന്റെ ആജ്ഞാശൈലിക്ക് പകരം വിനയത്തിന്റെയും മാന്യതയുടെയും ശൈലിയാണ് സുൽത്താൻ സ്വീകരിച്ചത്.

കത്തിൽ സുൽത്താൻ ഇപ്രകാരം എഴുതി: “സഹോദര സമുദായത്തിന്റെ ആദരണീയരായ അധിപന്മാരേ, വിശുദ്ധ ബൈത്തുൽ മുഖദ്ദസിന്റെ പരിപാവനത്വവും അത് അല്ലാഹു ﷻ വിന്റെ ഭവനമാണെ യാഥാർത്ഥ്യവും ഞാൻ അംഗീകരിക്കുന്നു. ഈ പുണ്യഭൂമിയെ രക്തപങ്കിലമാക്കി അതിന്റെ പരിശുദ്ധിയെ കളങ്കപ്പെടുത്താൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. ഒരേറ്റുമുട്ടലിന് തയ്യാറാകാതെ നിങ്ങൾ ഈ പ്രദേശം വിട്ടുപോവുക. നിങ്ങൾക്കു താമസിക്കാൻ പര്യാപ്തമായ ഭൂമി മറ്റെവിടെയാണെങ്കിലും ഞാൻ നൽകാം. അല്ലെങ്കിൽ ഇസ്ലാമിക ഭരണകൂടത്തിന് നികുതി നൽകി സമാധാനപരമായി നിങ്ങൾക്കിവിടെ ജീവിക്കാം. കാലങ്ങളായി മുസ്ലിം സമുദായത്തിന് അവകാശപ്പെട്ട ഈ പുണ്യഭൂമി ഞങ്ങളെ തിരിച്ചേൽപ്പിക്കണം.”

സുൽത്താന്റെ ഈ സന്ദേശം അവരിൽ പലർക്കും ഇഷ്ടമായില്ല. അവർ കുഴപ്പം വിളിച്ചുവരുത്തുന്ന രൂപത്തിലാണ് പ്രതികരിച്ചത്.

മുസ്ലിം സൈന്യം തബരിയ്യായിൽ നിന്ന് ബന്ദികളായി പിടിച്ച റംലാ പ്രദേശത്തിന്റെ അമീർ ദീബല്യാനും മറ്റു ചില കുരിശു പ്രമുഖരും സുൽത്താന്റെ അടുക്കൽ വന്നു പറഞ്ഞു: “ഞങ്ങൾ കുടുംബസമേതം ടിപ്പൊളിയിലേക്കോ, സൂറിലേക്കോ പോകാൻ ആഗ്രഹിക്കുന്നു, ഖുദ്സിൽ പാർക്കുന്ന ഞങ്ങളുടെ ഭാര്യമാരെയും കുട്ടികളെയും കൂട്ടിവരാൻ ഒരു ദിവസമെങ്കിലും ഖുദ്സിൽ പ്രവേശിക്കാൻ അനുവദിക്കണം."

ഒരു ദിവസത്തിനുള്ളിൽ കുടുംബസമേതം ഖുദ്സിൽ നിന്ന് പുറത്തുപോകാമെന്ന വ്യവസ്ഥയോടെ ഖുദ്സിൽ കടന്ന ദീബല്യാൻ പക്ഷേ വ്യവസ്ഥ ലംഘിച്ചുകൊണ്ട് അവിടെയുണ്ടായിരുന്ന ക്രിസ്ത്യൻ മേധാവികളുമായി കൂടിയാലോചന നടത്തുകയാണ് ചെയ്തത്.

ദീബല്യാൻ കരാർ ലംഘിച്ചപ്പോൾ സുൽത്താന്റെ സൈന്യം ഖുദ്സ് പ്രദേശം വളഞ്ഞു. ദീബല്യാൻ താമസിക്കുന്ന ഖൈമയുടെ അരികിലെത്തി അയാളെ കയ്യോടെ പിടികൂടി, എത്രയും വേഗം ഖുദ്സ് വിട്ടുപോകാൻ പറഞ്ഞപ്പോൾ അയാൾ പറഞ്ഞതിപ്രകാരമാണ്:

“അല്ലയോ സുൽത്താൻ! ഈ പട്ടണത്തിൽ എണ്ണിയാലൊടുങ്ങാത്ത ജനങ്ങൾ താമസിക്കുന്നുണ്ട്. മുസ്ലിം പട്ടാളത്തിൽ നിന്ന് സുരക്ഷ ലഭിക്കുമോയെന്ന ഭീതിയിലാണവർ കഴിയുന്നത്. ഇനിയും ദീർഘകാലം ജീവിക്കാൻ ആഗ്രഹിക്കുകയും മരണത്തെ വെറുക്കുകയും ചെയ്യുന്നവരാണവരിലധികവും. ഞങ്ങളിപ്പോൾ മരണത്തെ മുഖാമുഖം കണ്ടിരിക്കുകയാണ്. മരിക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ലെന്നു വന്നാൽ ഞങ്ങളുടെ ഭാര്യമാരെയും കുട്ടികളെയും നിങ്ങൾക്കു ബന്ദികളാക്കാൻ വിട്ടുതരില്ല. അവരെ ഞങ്ങൾ തന്നെ ആദ്യം വധിച്ചുകളയും. മുഴുവൻ സമ്പത്തും ചരക്കുകളും നശിപ്പിച്ച ശേഷം വിശുദ്ധ സഖ്റ ഖുബ്ബയടക്കം ഞങ്ങൾ തകർത്തു തരിപ്പണമാക്കും. മുഴുവൻ മൃഗങ്ങളെയും ജീവജാലങ്ങളെയും ഞങ്ങൾ കൊന്നുകളയും. ഞങ്ങളിൽപ്പെട്ട ഒരാണിനെയോ, പെണ്ണിനെയോ കുട്ടിയെയോ ബന്ദിയായി പിടിക്കാനോ ഒരു ദിർഹമോ ദീനാറോ ഗനീമത്തായി എടുക്കാനോ നിങ്ങൾക്കു കഴിയില്ല. ഞങ്ങളുടെ കയ്യിലുള്ള അയ്യായിരത്തോളം മുസ്ലിം ബന്ദികളെ ഞങ്ങൾ കൊല്ലും. ബൈത്തുൽ മുഖദ്ദസിന്റെ പരിശുദ്ധി കളങ്കപ്പെടുത്തിയ ശേഷം ഞങ്ങൾ നിങ്ങളോട് തുറന്ന പോരാട്ടം നടത്തും. ഞങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടാൽ അതുപോലൊരാൾ നിങ്ങളിലും കൊല്ലപ്പെടും. അന്തസ്സുള്ള മരണം അവസാനമായിരിക്കും ഞങ്ങൾ വാങ്ങുന്നത്..."

ഈ വെല്ലുവിളി തികഞ്ഞ മാന്യതയോടെയാണ് സുൽത്താൻ നേരിട്ടത്. ഖുദ്സിൽ ഒരു ജീവി പോലും അക്രമിക്കപ്പെടാതെ ഇസ്ലാമിന്റെ അന്തസ്സു കാത്തുസൂക്ഷിക്കണമെന്ന് സുൽത്താന് നിർബന്ധമുണ്ടായിരുന്നു.

ഇസ്ലാമിക ഭരണ കൂടത്തിനു കീഴിൽ സമാധാനപരമായി ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക്, പുരുഷന് 10 ദീനാർ, സ്ത്രീക്ക് 5 ദീനാർ, കുട്ടിക്ക് 1 ദീനാർ എന്നീ ക്രമത്തിൽ നികുതിയടച്ച് ഖുദ്സിൽ താമസിക്കാൻ സുൽത്താൻ അനുവാദം നൽകി. നികുതിയടച്ച് ജീവിക്കാൻ തയ്യാറില്ലാത്തവർക്ക് അവരുടെ സമ്പത്തും കുടുംബവുമായി നാൽപത് ദിവസത്തിനുള്ളിൽ ട്രിപ്പോളി, സുവർ എന്നിവിടങ്ങളിലേക്ക് മാറിത്താമസിക്കാൻ ആവശ്യമായ സൗകര്യവും ചെയ്തുകൊടുത്തു.  

ആരും അക്രമിക്കപ്പെടുന്നില്ലെന്ന് കണ്ടപ്പോൾ ഫ്രഞ്ചു സൈന്യത്തിന് സന്തോഷമായി. അവർ അന്നുമുതൽ തന്നെ ഖുദ്സ് വിട്ടുപോകാൻ തുടങ്ങി. 

സുൽത്താനും പട്ടാളക്കാരും ഖുദ്സിനു പുറത്ത് സൈത്തൂൻ മലയുടെ മുകളിൽ കാവൽക്കാരായി നിന്നു. ജറുസലം രാജാവായിരുന്ന അമൂരി ഒന്നാമന്റെ വിധവ മേരിക്കും ദീബല്യാന്റെ ഭാര്യക്കും കൂട്ടു കുടുംബത്തിനും ട്രിപ്പോളിയിൽ എത്തുന്നതുവരെ സുരക്ഷയായി കാവൽക്കാരെയും സുൽത്താൻ പറഞ്ഞയച്ചുകൊടുത്തു.

മറ്റൊരു കൂട്ടം സ്ത്രീകൾ സുൽത്താന്റെ ഖൈമക്കുമുമ്പിൽ വന്നു പറഞ്ഞു: "പ്രഭോ! ഞങ്ങൾ എന്നെന്നേക്കുമായി ഈ പ്രദേശം വിട്ടു പോകുകയാണ്. നിങ്ങൾ ബന്ദികളായി പിടിച്ചു വെച്ചവരുടെ കൂട്ടത്തിൽ ഞങ്ങളുടെ ഭർത്താക്കളും മക്കളും ഉമ്മമാരുമെല്ലാമുണ്ട്, അവരില്ലാത്തൊരു ജീവിതം സങ്കൽപ്പിക്കാൻ പോലും ഞങ്ങൾക്കു കഴിയുന്നില്ല. ഈ ഭൂമിയിൽ ഞങ്ങളെ സംരക്ഷിക്കാൻ അവരല്ലാതെ മറ്റാരുമില്ല. അവരെ ഞങ്ങൾക്കു വിട്ടുതന്നാൽ ഞങ്ങളുടെ കഷ്ടപ്പാടുകൾ നീങ്ങിക്കിട്ടും. അങ്ങ് കനിയണം. അങ്ങയുടെ വലിയ ഒരു കാരുണ്യമായിരിക്കും അത്.

അബലകളായ ആ സ്ത്രീസമൂഹത്തിന്റെ തേങ്ങൽ കേട്ട് മനസ്സലിഞ്ഞ സുൽത്താൻ അവരുടെ ബന്ധുക്കളായ എല്ലാ ബന്ദികളെയും യാതൊരു പ്രതിഫലവും വാങ്ങാതെ വിട്ടുകൊടുത്തു. സംരക്ഷണമേറ്റെടുക്കാൻ ആരുമില്ലാത്തവർക്ക് ആവശ്യമായ സമ്പത്ത് നൽകി സന്തോഷിപ്പിക്കുകയും ചെയ്തു. 

ബന്ദികളുടെ കൂട്ടത്തിൽ ഫ്രഞ്ചുകാരിയായ ഒരു യുവതിയുണ്ടായിരുന്നു. അവൾ ആളിക്കത്തുന്ന പ്രതിഷേധവുമായി സുൽത്താന്റെ മുമ്പിൽ വന്നു പറഞ്ഞു: “ധിക്കാരിയും രക്തക്കൊതിയനുമായ സ്വലാഹുദ്ദീൻ, താങ്കൾ എന്റെ പിതാവിനെ കൊല്ലുകയും സഹോദരന്മാരെ ബന്ദികളാക്കുകയും ചെയ്തിരിക്കുന്നു. അക്രമിയായ താങ്കൾ എന്നെ സ്വതന്ത്രയാക്കി കൂടുതൽ ദ്രോഹിക്കാനാണോ ഉദ്ദേശിക്കുന്നത്..?”

ഈ പെണ്ണിന്റെ പൊട്ടിത്തെറിയിൽ സുൽത്താൻ യാതൊരു ഭാവഭേദവും പ്രകടിപ്പിച്ചില്ല. ബന്ദികളായ അവളുടെ സഹോദരന്മാരെ വിട്ടുകൊടുത്തുകൊണ്ട് സുൽത്താൻ പറഞ്ഞു: “നിന്റെ പിതാവ് വിശ്വസ്തരായ ഒരു വിഭാഗത്തിനെതിരെയുള്ള യുദ്ധത്തിലാണ് കൊല്ലപ്പെട്ടത്. അതിനു കാരണക്കാരൻ അദ്ദേഹം തന്നെയാണ്. നിന്റെ സംരക്ഷണത്തിനും സഹായത്തിനുമായി മാത്രം നിന്റെ സഹോദരന്മാരെ ഞാൻ വിട്ടുതരുന്നു. പ്രതികാരദാഹമില്ലാതെ നീ പോയിക്കൊള്ളുക."

അതുകേട്ട് സന്തോഷപൂർവ്വം തിരിച്ചുപോകുന്ന ആ പെണ്ണിനോട് സുൽത്താൻ ചോദിച്ചു: “നീ എങ്ങോട്ടാണ് പോകുന്നത്?

"എന്റെ നാട്ടിലേക്ക് "

“ഞങ്ങളെക്കുറിച്ചു നീ നിന്റെ നാട്ടുകാരോട് എന്തുപറയും..?''

“സത്യം മുസ്ലിംകളുടെയും ഇസ്ലാമിന്റെയും ഭാഗത്താണെന്ന് എനിക്ക് ബോധ്യമായി, അതു ഞാൻ എന്റെ നാട്ടുകാരോട് പറയും." അവൾ പറഞ്ഞു.

മൂന്നു മാസം മാത്രം പ്രായമായ ഒരു കുട്ടിയെ വിഭാന്തിക്കിടയിൽ കൈവിട്ടുപോയ ഒരു സ്ത്രീ ആർത്തു കരഞ്ഞുകൊണ്ട് സുൽത്താന്റെ അടുക്കൽ വന്നു. അവൾ തലയിലും മുഖത്തും മണ്ണുവാരിയിട്ടുകൊണ്ട് അലമുറയിടുന്നുണ്ടായിരുന്നു. കുട്ടി നഷ്ടപ്പെട്ട അവളുടെ വിഷമാവസ്ഥ കണ്ട് സുൽത്താൻ ഉടൻ ആ കുട്ടിയെ കണ്ടുപിടിക്കാൻ സൈന്യത്തോടാജ്ഞാപിച്ചു. കുറച്ചുകഴിഞ്ഞപ്പോഴേക്കും കുട്ടിയുമായി ഒരു പട്ടാളക്കാരൻ വന്നു. കുട്ടിയെ ആ സ്ത്രീക്ക് ഏൽപ്പിച്ചുകൊടുത്തുകൊണ്ട് സുൽത്താൻ പറഞ്ഞു: “ഞങ്ങൾ കാട്ടു മൃഗങ്ങളോ, ക്രൂരന്മാരോ അല്ല! ഉമ്മയും മക്കളും സ്നേഹവും മനുഷ്യത്വവുമുള്ള മനുഷ്യർ തന്നെയാണ്. ഞങ്ങളുടെ അവകാശങ്ങളും ഭൂമിയും തിരിച്ചു പിടിക്കുന്നു എന്നതല്ലാതെ മറ്റു ക്രൂരതകളൊന്നും ഞങ്ങൾ ചെയ്യുന്നില്ല."

ഖുദ്സ് മോചനത്തിന്റെ ദിവസം ക്രിസ്ത്യാനിയായ ഒരു വൃദ്ധൻ ഒരു മുസ്ലിം ചെറുപ്പക്കാരന്റെ കൈ പിടിച്ച് സുൽത്താന്റെ അടുക്കൽ വന്നു പറഞ്ഞു: “പ്രഭോ! ഞാൻ ഫ്രാൻസിലെ തൗലൂസ് പ്രദേശത്തുകാരനാണ്. കഴിഞ്ഞ ഇരുപത് വർഷമായി ഈ പട്ടണത്തിൽ താമസിക്കുന്നു. രണ്ടു വർഷം മുമ്പ് അസ്കലാനിൽ നിന്ന് ഒളിച്ചോടി വന്ന ഈ മുസ്ലിം ചെറുപ്പക്കാരനെ ഞാൻ അതിഥിയായി സ്വീകരിക്കുകയും അവന് എന്റെ വീട്ടിൽ അഭയം നൽകുകയും ചെയ്തു. 

ഇവന് ഉണ്ണാനും ഉറങ്ങാനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുകയും ഇവന്റെ രഹസ്യങ്ങൾ ഞാൻ മൂടിവെക്കുകയും ചെയ്തു. കുരിശുകാർക്ക് ഇവിടെ മേധാവിത്വമുണ്ടായിരുന്ന കാലത്ത് ഇയാളെ ഞാൻ സംരക്ഷിച്ചു. ഇപ്പോൾ നിങ്ങൾ ഖുദ്സ് കീഴടക്കുകയും കുരിശുകാർ ദയനീയമായി പരാജയപ്പെടുകയും ചെയ്തിരിക്കുന്നു. മാറിയ ചുറ്റുപാടിൽ ഇവൻ കഴിഞ്ഞതെല്ലാം മറക്കുകയും എന്നെ എന്റെ വീട്ടിൽ നിന്ന് ഇറക്കിവിടുകയും കയ്യൂക്ക് കാണിക്കുകയും ചെയ്യുന്നു. ഞാൻ ദുർബ്ബലനും ഇവൻ ശക്തനുമായി മാറിയിരിക്കുകയുമാണ്. അതിഥി, ആതിഥേയനെ വഞ്ചിക്കുന്ന ഈ സംസ്കാരം നിങ്ങളുടെ സമൂഹം അംഗീകരിക്കുന്നുണ്ടോ? ഇല്ലെങ്കിൽ ഇവനെ നിങ്ങൾ ശിക്ഷിക്കുമോ അതോ, മൗനം പാലിക്കുമോ..?"

സുൽത്താൻ അൽപ്പനേരം ചിന്തിച്ചിരുന്നു. തുടർന്ന് ആ വ്യദ്ധന്റെ വീടും സ്വത്തു മുഴുവനും മടക്കിക്കൊടുക്കാൻ ഉത്തരവിട്ടു. മുസ്ലിം ചെറുപ്പക്കാരനെ താൽക്കാലികമായി ജയിലിലടക്കാനും കൽപിച്ചു.

ഇങ്ങനെ ഖുദ്സ് മോചന സമയത്ത് സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബി (റ) കാണിച്ച നീതിയുടെയും ദയയുടെയും വിട്ടുവീഴ്ചയുടെയും അനേകം കഥകൾ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

സുൽത്താന്റെ ദയാദാക്ഷിണ്യത്തിൽ ദ്രോഹികളായ അനേകം കുരിശുവാഹകർ രക്ഷപ്പെട്ടിരുന്നു. ട്രിപ്പോളിയിലും അക്കയിലും സൂവറിലുമായി കഴിഞ്ഞുകൂടിയിരുന്ന അവർ വീണ്ടുമൊരു കുരിശു യുദ്ധത്തിന് തയ്യാറായി. 

ബൈത്തുൽ മുഖദ്ദസും പരിസരപ്രദേശങ്ങളും സുൽത്താന്റെ ശക്തമായ ഭരണത്തിൻകീഴിൽ ഇസ്ലാമിക നവോത്ഥാന പ്രവർത്തനങ്ങളിൽ മുഴുകിക്കൊണ്ടിരിക്കെ ക്രൈസ്തവ ലോകം ഒറ്റക്കെട്ടായി മൂന്നാം കുരിശുയുദ്ധത്തിന് പുറപ്പെട്ടു.

യൂറോപ്യൻ നാടുകളിലെ ഭരണാധികാരികൾ നേരിട്ടു പങ്കെടുത്ത ആ ഘോരയുദ്ധത്തെ നേരിടാൻ സ്വലാഹുദ്ദീൻ അയ്യൂബിയെന്ന (റ) ഒറ്റയാന്റെ നേതൃത്വത്തിൽ മുസ്ലിംസൈന്യത്തിന് ഒരു പ്രയാസവുമുണ്ടായില്ല.

മൂന്നാം കുരിശുയുദ്ധം അഞ്ചുവർഷം നീണ്ടുനിന്നു. പക്ഷേ ക്രിസ്ത്യാനികൾക്ക് നേട്ടമൊന്നുമുണ്ടായില്ല. ഒരിഞ്ചു ഭൂമിപോലും മുസ്ലിംകളിൽ നിന്ന് തിരിച്ചുപിടിക്കാൻ അവർക്ക് കഴിഞ്ഞില്ല. അവസാനം പ്രസിദ്ധമായ റംലാ ഉടമ്പടിയോടെ കുരിശു സൈന്യം പിൻ വാങ്ങുകയാണുണ്ടായത്. 

റോം, ഫ്രാൻസ്, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ പ്രധാനപ്പെട്ട നേതാക്കൾ നേതൃത്വം നൽകിയിട്ടും റിച്ചാർഡ്, ഫ്രെഡറിക് തുടങ്ങിയ പ്രസിദ്ധരായ സൈനിക മേധാവികൾ നയിച്ചിട്ടും, അഞ്ചുവർഷക്കാലം അനേകം പോരാളികളെ ബലികൊടുത്തിട്ടും നിരവധി സമ്പത്ത് ദുർവ്യയം ചെയ്തിട്ടും, യാഫാ തീരപ്രദേശത്ത് ഒരു കഷ്ണം മരുഭൂമി മാത്രമാണ് അവർക്ക് കിട്ടിയത്.


യുഗനായകന്റെ അന്ത്യം

സ്വലാഹുദ്ദീൻ അയ്യൂബി (റ) ജീവിതത്തിൽ വിശ്രമമെന്തെന്നറിഞ്ഞിരുന്നില്ല. നിരന്തര യാത്രകളും പോരാട്ടവും ഭരണ പ്രശ്നങ്ങളും അദ്ദേഹത്തെ വല്ലാതെ തളർത്തി. രോഗവും മരണവും ആ മഹാന്റെ പടിവാതിൽക്കലുമെത്തി...

ഹിജ്റ 589 സഫർ 14ന് മഹാൻ രോഗബാധിതനാവുകയും 27 ന് ബുധനാഴ്ച സുബ്ഹിക്ക് ശേഷം വഫാത്താവുകയും ചെയ്തു...

إناللّه وإنا اليه راجعون

സുൽത്താന്റെ അന്ത്യം മുസ്ലിം ലോകത്തിന് കനത്ത ആഘാതമായിരുന്നു. കുരിശുപടക്ക് ശ്വാസം വീണത് സുൽത്താന്റെ അന്ത്യ വാർത്ത അറിഞ്ഞപ്പോഴാണ്.

കാൽ നൂറ്റാണ്ടുകാലം ജൈത്രയാത്ര നടത്തിയ സുൽത്താന്റെ ജീവിതം പൂർണ്ണമായും ഇസ്ലാമിന്റെ അന്തസ്സുയർത്താനും സമുദായത്തിന്റെ നാനോന്മുഖമായ നവോത്ഥാനത്തിനും സമർപ്പിക്കപ്പെട്ടതായിരുന്നു. വ്യക്തിജീവിത പരിശുദ്ധിയിലും ഭരണ യുദ്ധനൈപുണിയിലും ഒരുപോലെ ശോഭിച്ച അദ്ദേഹത്തെപ്പോലൊരു നായകൻ പിന്നീട് സമുദായത്തിലുണ്ടായിട്ടില്ല.

സ്വലാഹുദ്ദീൻ അയ്യൂബി (റ) പതിനേഴു മക്കളെ പ്രതിനിധികളാക്കിക്കൊണ്ടാണ് ഈ ലോകത്തോട് വിടപറഞ്ഞത്. അൽ മലികുൽ അഫ്ളൽ നൂറുദ്ദീൻ അലി, അൽ മലികുൽ അസീസ് എന്ന പേരിൽ പ്രസിദ്ധനായ ഉമാമുദ്ദീൻ ഉസ്മാൻ, അൽ മലികുൽ ളാഹിർ എന്ന പേരിൽ അറിയപ്പെട്ട അബുൽ ഫത്ഹ് അൽ ഗാസി എന്നിവർ അവരിൽ പ്രമുഖരാണ്. 

അയ്യൂബിക്ക് ശേഷം നൂറുദ്ദീൻ അലി ദിമിഷ്ഖ്, ബൈത്തുൽ മുഖദ്ദസ്, പടിഞ്ഞാറൻ സിറിയ എന്നിവയുടെയും ഇമാമുദ്ദീൻ ഈജിപ്തിന്റെയും അബുൽ ഫത്ഹ് ഹെലപ്പോ, കിഴക്കൻ സിറിയ എന്നിവിടങ്ങളിലെയും ഭരണാധികാരികളായിരുന്നിട്ടുണ്ട്.

ഇലാഹീഭക്തനായ ഭരണാധികാരി

സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബി (റ) തന്റെ അന്ത്യവസ്വിയ്യത്തായി മൂത്തമകൻ അൽ മലികുൽ അഫ്ളലിന് എഴുതി:“മകനേ! നിന്നോട് ഞാൻ അല്ലാഹു ﷻ വിനെ സൂക്ഷിച്ചു ജീവിക്കാൻ വസ്വിയ്യത്ത് ചെയ്യുന്നു. തഖ് വ എല്ലാ നന്മകളുടെയും മൂലശിലയാണ്. അല്ലാഹു ﷻ കൽപ്പിച്ചതെല്ലാം ഞാൻ നിന്നോട് കൽപ്പിക്കുകയും അതാണ് വിജയത്തിന്റെ നിദാനമെന്ന് ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. ജനങ്ങളുടെ രക്തം സംരക്ഷിക്കപ്പെടേണ്ടതാണ്, രക്തക്കൊതിയന്മാർക്കു സമാധാനമുണ്ടാകില്ലെന്ന് പഠിച്ചിരിക്കുക. ഭരണീയരെ സൂക്ഷിക്കേണ്ടതും അവരുടെ പ്രാർത്ഥനയെ ഭയപ്പെടേണ്ടതുമാണ്. അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധവെക്കുക. നീ അല്ലാഹുﷻവിന്റെയും അവരുടെയും വിശ്വസ്തനായിരിക്കുക. ആരെയും വെറുക്കാതിരിക്കുക. മരണം ആർക്കും വരാതിരിക്കില്ല. ജനങ്ങളെ സൂക്ഷിക്കുക. ജനങ്ങളുടെ തൃപ്തിയോടെയല്ലാതെ ആർക്കും പാപമോചനം ലഭിക്കില്ല. പശ്ചാതാപം നിന്നെ പരിശുദ്ധനാക്കും. അല്ലാഹു ﷻ ഉന്നതനും മഹാനുമാകുന്നു."

സ്വലാഹുദ്ദീൻ അയ്യൂബിയെ (റ) നിയന്ത്രിച്ചിരുന്നത് പണ്ഡിതന്മാരായിരുന്നു. ഏത് ചെറിയ കാര്യത്തിനും മഹാൻ പണ്ഡിതന്മാരുടെ അഭിപ്രായവും ഉപദേശനിർദ്ദേശവും തേടിയിരുന്നു. തന്റെ വിജയരഹസ്യം തന്നെ പണ്ഡിതന്മാരുടെ ദുആ ബറക്കത്തായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. 

പണ്ഡിതന്മാരെ അതിരറ്റ് ബഹുമാനിച്ച സ്വലാഹുദ്ദീൻ (റ) അല്ലാഹുﷻവിന്റെ ഇഷ്ടദാസന്മാരിൽ ഉൾപ്പെടാൻ കൊതിച്ചു. കരഞ്ഞു കുതിർന്ന കണ്ണുമായി സുൽത്താൻ പ്രാർത്ഥിക്കുമ്പോൾ ഉടനെ ഉത്തരം ലഭിക്കുക പതിവായിരുന്നു. അദ്ദേഹം എന്നും മുസ്ലിം ലോകത്തിന്റെ രോമാഞ്ചമായിരുന്നു. മുസ്ലിം പ്രശ്നങ്ങൾ ചർച്ചചെയ്യപ്പെടുന്ന ഏത് സദസ്സിലും അദ്ദേഹം സ്മരിക്കപ്പെടും.

സ്വലാഹുദ്ദീന്റെ (റ) വഫാത്തിനു ശേഷം കുരിശുകാർ സടകുടഞ്ഞെഴുന്നേറ്റു. മുസ്ലിംകൾക്കിടയിൽ അനൈക്യത്തിന്റെ വിത്ത് വിതച്ചു. ഖുദ്സ് വീണ്ടും മുസ്ലിംകൾക്ക് നഷ്ടമായി. 

അൽ മലിക്കുൽ ആദിലിന്റെ നേതൃത്വത്തിൽ വീണ്ടും അത് തിരിച്ചുപിടിച്ചുവെങ്കിലും ജൂതമേധാവിത്വത്തിന്റെ കീഴിൽ ആ പുണ്യഭൂമി വീണ്ടും നഷ്ടമായത് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ്. 1948 മെയ് 12 നാണ് ഔദ്യോഗികമായി ഖുദ്സ് ജൂതന്മാർ പിടിച്ചടക്കിയത്.

കാലാകാലങ്ങളിൽ മുസ്ലിംകളുടെ കൈവശം നിൽക്കുകയും ഇടക്കിടക്ക് ക്രിസ്ത്യാനികൾ കയറിവരികയും ചെയ്ത ആ പുണ്യഭൂമിയെങ്ങനെ ജൂതന്മാർക്കു കിട്ടി..? അതൊരു വഞ്ചനയുടെ കഥയാണ്.!!

ക്രിസ്തുമതത്തിൽ വിശ്വാസമില്ലാത്ത അഭിനവ ക്രിസ്ത്യാനികൾ ചെയ്ത ക്രൂരമായ വഞ്ചന..!!


ഖുദ്സ് ജൂതരുടേതോ..?

പരിശുദ്ധ ബൈത്തുൽ മുഖദ്ദസിന്റെയും പരിസര പ്രദേശങ്ങളുടെയും പരിപാവനത്വവും പിന്തുടർച്ചാവകാശവും ജൂതന്മാർക്ക് ഒരിക്കലും അവകാശപ്പെടാൻ ന്യായമില്ല. 

യേശുക്രിസ്തുവിന്റെ 1800 വർഷങ്ങൾക്ക് മുമ്പാണ് ഖുദ്സിന്റെ രേഖപ്പെടുത്തപ്പെട്ട ചരിത്രം ആരംഭിക്കുന്നത്. ബി.സി. 1800 മുതൽ 1000 വരെ ഫലസ്തീനികളും കൻആനികളുമാണ് ആ പ്രദേശം ഭരിച്ചത്. 800 മുതൽ 587 വരെ സിറിയക്കാരും ഈജിപ്തകാരും ഭരിച്ചു. 587-ൽ ബാബിലോണികൾ ഈജിപ്ത്കാരിൽ നിന്നു ഖുദ്സിന്റെ ഭരണം തട്ടിയെടുത്തു. തുടർന്ന് 50 വർഷം ബാബിലികൾ ഭരണം നടത്തി. 

538 മുതൽ 332 വരെ 206 കൊല്ലം പേർഷ്യക്കാരാണ് ഖുദ്സ് ഭരിച്ചത്. 332 മുതൽ 191 വർഷം അലക്സാണ്ടർ ഭരണം നടത്തി. 141 മുതൽ 71 വർഷം അബ്റാനികളും ബി.സി. 70 മുതൽ എ.ഡി. 323 വരെ റോമാക്കാരുമായിരുന്നു ബൈത്തുൽ മുഖദ്ദസിന്റെ അധിപന്മാർ. 323 മുതൽ 614 വരെ ക്രിസ്ത്യാനികൾക്ക് ഖുദ്സ് ഭരിക്കാൻ അവസരം ലഭിച്ചു.

614-ൽ വീണ്ടും പേർഷ്യക്കാർ ഖുദ്സ് പിടിച്ചെടുത്തു. 14 കൊല്ലം അവർ കൈവശം വെച്ചു. 628 മുതൽ ബൈസാന്റിയൻ ക്രിസ്ത്യാനികളായിരുന്നു ഖുദ്സിന്റെ നായകർ. അവരിൽ നിന്നാണ് മഹാനായ രണ്ടാം ഖലീഫ ഉമറുൽ ഫാറൂഖ് (റ) 638-ൽ സമാധാനപരമായ ഒരന്തരീക്ഷത്തിൽ ആ പരിപാവനമായ സ്ഥലം ഇസ്ലാമിനു കീഴിൽ കൊണ്ടുവന്നത്. തുടർന്ന് 434 വർഷം അറേബ്യൻ മുസ്ലിം നേതാക്കളും 20 വർഷം സൽജുക് തുർക്കികളും (1072 മുതൽ 1092 വരെ) തുടർന്ന് 7 വർഷം അറബികളും ആ പുണ്യഭൂമി പരിപാലിച്ചു.

1099-ലാണ് ഒന്നാം കുരിശുയുദ്ധത്തിൽ കുരിശുവാഹകരായ ക്രിസ്ത്യാനികൾ അത് പിടിച്ചെടുത്തത്. അവരുടെ കിരാത ഭരണത്തിന് കീഴിൽ 88 വർഷം ഖുദ്സ് തേങ്ങിക്കരഞ്ഞു. 1187-ൽ മഹാനായ സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബി (റ) അത് മോചിപ്പിച്ചു. 46 വർഷം അത് മുസ്ലിംകൾക്കു കീഴൊതുങ്ങി. 1229 മുതൽ കുരിശുനായകൻ ഫെഡറികിന്റെ നേതൃത്വത്തിൽ 10 വർഷം കൂടി ക്രിസ്ത്യാനികൾ അവിടെ കഴിഞ്ഞുകൂടി. 

1239-ൽ അറബികൾ ഉയിർത്തെഴുന്നേറ്റു. തുടർന്ന് 1517 വരെ നീണ്ട 278 കൊല്ലം അവരും 1517 മുതൽ 1831 വരെ മുഹമ്മദലി മിസ്രിയും (10 കൊല്ലം) കൈവശം വെച്ച ശേഷം തുർക്കി ഭരണകൂടത്തിന് അത് വീണ്ടും കിഴൊതുങ്ങി. 76 വർഷം (1917) അവരുടെ ആധിപത്യത്തിൽ നിലകൊണ്ടു. 

1917 മുതൽ 1947 വരെ 30 വർഷം അത് ബ്രിട്ടീഷ് ആധിപത്യത്തിലായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം 19 വർഷം യഹൂദികളും ജോർദാൻകാരും ഖുദ്സിന്റെ ഭരണം പങ്കുവെച്ചു. 1967 ജൂൺ മാസത്തിലാണ് ഖുദ്സും പരിസരവും പൂർണ്ണമായി ജൂതന്മാർ പിടിച്ചടക്കിയത്.

ഖുദ്സ് എന്തുകൊണ്ട് ക്രിസ്ത്യാനികൾ ജൂതന്മാർക്ക് കൊടുത്തു. ആ പുണ്യഭൂമിയിൽ നിന്ന് മുസ്ലിംകളെ ആട്ടിപ്പായിക്കാനും അവരെ ഉന്മൂലനാശം വരുത്താനും ജൂതന്മാർക്ക് വേണ്ട എല്ലാ ഒത്താശകളും ചെയ്യാനും ക്രിസ്ത്യാനികൾ എന്തുകൊണ്ട് തയ്യാറാകുന്നു..?!

സ്വന്തം ദൈവത്തിന്റെ പുത്രനെ (?) കുരിശിൽ തറച്ചുകൊല്ലാൻ മിനക്കെട്ട് ഒരു വിഭാഗത്തിനു നേരെ ഇത്രയും വലിയ ഔദാര്യം എന്തുകൊണ്ട്? അത് മറ്റൊന്നുമല്ല. ഇസ്ലാമിന്റെ നാശം സാധ്യമായാലേ സാമ്രാജ്യത്വവും ക്രിസ്തുമത സിദ്ധാന്തങ്ങളും അടിച്ചേൽപ്പിക്കാൻ കഴിയൂ എന്ന ബോധ്യമാണതിനു കാരണം.അതിനുള്ള ശ്രമത്തിന് എല്ലാ സഹായങ്ങളും ക്രിസ്ത്യൻ മിഷിണറി ചെയ്തുകൊണ്ടിരിക്കുന്നു.

ബൈത്തുൽ മുഖദ്ദസിന്റെ 3700 വർഷത്തെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിൽ 1561 വർഷം ബഹു ദൈവവിശ്വാസികളും, 503 വർഷം യഹൂദികളും 430 വർഷം ക്രിസ്ത്യാനികളും അത് കൈവശം വെച്ചിട്ടുണ്ട്. ബാക്കി കാലങ്ങളിലൊക്കെ അത് മുസ്ലിംകളുടെ കൈവശമായിരുന്നു. 

ജൂതന്മാരുടെ കരാളഹസ്തങ്ങളിൽ ഞെരിഞ്ഞമരുന്ന ആ പുണ്യഭൂമിയുടെ തേങ്ങലുകൾ കേൾക്കാൻ ഭൗതിക സുഖത്തിന്റെ പറുദീസകളിൽ വിലസുന്ന ആധുനിക മുസ്ലിം നേതാക്കൾക്കു കഴിയില്ല. ഇസ്ലാം മത താൽപര്യവും ഈമാനികാവേശവുമുള്ള ഒരു ഉമറോ (റ) അയ്യൂബിയോ (റ) പിറവിയെടുക്കാത്ത കാലത്തോളം ഖുദ്സിന്റെ കണ്ണീർ നിലക്കുകയില്ല..!!

ബൈത്തുൽ മുഖദ്ദസിന്റെ അന്യാധീനതയിലും ജൂതന്മാർ അവിടെ ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരകൃത്യങ്ങളിലും മുസ്ലിം ലോകം തേങ്ങിക്കരയുകയാണ്. മഹാനായ സുൽത്താൻ സ്വലാഹുദ്ദീന്റെ (റ) ആത്മാവ് നൊമ്പരപ്പെടുകയാണ്. 

ആ പുണ്യ ഗേഹത്തിന്റെ പരിപാവനത്വം കാത്ത് സൂക്ഷിക്കാൻ മറ്റാരെക്കാളും കടപ്പെട്ടവരാണ് മുസ്ലിംകൾ. അമ്പിയാക്കളുടെയും സ്വഹാബികളുടെയും, ഔലിയാക്കൾ, ആരിഫുകൾ, പണ്ഡിതന്മാർ തുടങ്ങിയി ലക്ഷക്കണക്കിന് പരിശുദ്ധാത്മാക്കളുടെയും ഭൗതികവും ആത്മീയവുമായ സാന്നിദ്ധ്യംകൊണ്ട് അനുഗൃഹീതമായ ആ വിശുദ്ധ സ്ഥലം മുസ്ലീം ലോകത്തിന് തിരിച്ചു നൽകാതെ ലോകസമാധാനമെന്ന യാഥാർത്ഥ്യം പൂവണിയുകയില്ല.

പക്ഷേ മുസ്ലിം ലോകത്തിന് ഖുദ്സിന്റെ സംരക്ഷണാധികാരം ലഭ്യമാവാൻ ഇപ്പോൾ രൂപപ്പെട്ടുവരുന്ന ആധുനിക ലോകക്രമം ഒരിക്കലും സഹായകമല്ല. ഈമാനികാവേശവും സമുദായ താൽപ്പര്യവും കൈമുതലായുള്ള ഒരു നായകന്റെ അഭാവമാണ് ഇപ്പോൾ ജൂതക്രൈസ്തവ കൂട്ടുകെട്ടിന് ശക്തിപകരുന്നത്. ഇനിയുമൊരു സ്വലാഹുദ്ദീൻ അയ്യൂബിക്ക് (റ) ജന്മം നൽകാൻ ഈ സമുദായത്തിലെ ഉമ്മമാർക്ക് ഭാഗ്യമുണ്ടാകുമോ..?!

ജഗനിയന്താവേ; മഹാനായ സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബിയുടെ കർമ്മഫലം തവസ്സുലാക്കി നിന്നോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു: നാഥാ, ഇനിയുമൊരു സ്വലാഹുദ്ദീന് നീ ജന്മം നൽകേണമേ..! ഖുദ്സിന്റെ നൊമ്പരം നീ തീർക്കേണമേ..!!

സ്വലാഹുദ്ധീൻ അയ്യൂബി (റ) വിന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക  വിജയം പ്രദാനം ചെയ്യട്ടെ..,

ആമീൻ യാ റബ്ബൽ ആലമീൻ


ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...


No comments:

Post a Comment