Monday 15 January 2024

ഇന്നത്തെ നമ്മുടെ മുസ്ലിയാക്കന്മാർ തലേക്കെട്ടു കെട്ടുന്നത് സിക്കുകാർ കെട്ടുന്നതുപോലെ



ഇന്നത്തെ നമ്മുടെ മുസ്ലിയാക്കന്മാർ തലേക്കെട്ടു കെട്ടുന്നത് സിക്കുകാർ കെട്ടുന്നതുപോലെ നെറ്റി കാണാതെയാണ്. നമസ്കാരത്തിൽ നെറ്റിയുടെ മുക്കാൽഭാഗം പുറത്തു കാണണമെന്നാണ് എന്റെ അറിവ്. നെറ്റിയുടെ മുകൾഭാഗം സുജൂദ് ചെയ്യുമ്പോൾ നിലത്തു മുട്ടാതെ തലേക്കെട്ടിന്മേൽ സുജൂദ് ചെയ്താൽ ആ സുജൂദ് സ്വഹീഹാകുമോ? അതുകൊണ്ട് എങ്ങനെ തലേക്കെട്ട് കെട്ടണമെന്ന് ഒരു വിശദീകരണം? 


തലേക്കെട്ടിന്റെ വണ്ണ-വലുപ്പവും അതിന്റെ ആകൃതിയുമെല്ലാം ഓരോ പ്രദേശത്തും അതതു കാലത്ത് തന്നെപ്പോലുള്ളവർ ചെയ്യുന്ന സമ്പ്രദായമനുസരിച്ചാണു നടത്തേണ്ടത്. പ്രദേശത്തെ മുസ്ലിയാർമാർ നാടന്മാരുടെയോ നാടന്മാർ മുസ്ലിയാർമാരുടെയോ രീതിയിൽ അനുയോജ്യമല്ലാത്ത വിധം തലപ്പാവു ധരിക്കരുത്. അങ്ങനെ ധരിക്കുന്നത് ഓരോ വിഭാഗത്തിന്റെയും മാനവിക മാനത്തിന്(മുറുവ്വത്ത്) ഉലച്ചിലുണ്ടാക്കും. പൊതുവിൽ അതിന്റെ വിധി കറാഹത്താണ്. തുഹ്ഫ: 3-36. നമ്മുടെ പ്രദേശങ്ങളിലെ മുസ്‌ലിയാർമാർ അവർക്കനുയോജ്യമല്ലാത്ത വിധം സിക്കുകാരുടെയോ മറ്റോ തലപ്പാവിൻ്റെ വേഷമണിയുന്നത് ശരിയല്ലെന്ന് ഇതിൽ നിന്നു മനസ്സിലാക്കാമല്ലോ. എന്നാൽ, സുജൂദിൽ നിസ്‌കരിക്കുന്ന സ്ഥലത്ത് നെറ്റിയുടെ അല്പഭാഗം മറയില്ലാതെ ചേർത്തു വയ്ക്കലാണു നിർബ്ബന്ധമാകുന്നത്. നെറ്റിയുടെ മുകൾ ഭാഗം തന്നെ നിലത്തു മുട്ടണമെന്നോ മുക്കാൽഭാഗവും പുറത്തു കാണണമെന്നോ സുജൂദിനു നിബന്ധനയില്ല. നെറ്റിയുടെ അല്പഭാഗവും നിലത്തു തട്ടാതെ തലപ്പാവിൻ്റെ മേൽ മാത്രമായി സുജൂദ് ചെയ്താലാണ് സുജൂദ് സാധുവല്ലാതെ വരുക. അതേസമയം തലപ്പാവു കൊണ്ടോ മറ്റോ മറയാതെ നെറ്റിത്തടം മുഴുവൻ സുജൂദിൽ നിലത്തു വയ്ക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അല്‌പം കൊണ്ടു മാത്രം മതിയാക്കൽ കറാഹത്തുമാണ്. തുഹ്ഫ: ശർവാനി സഹിതം: 2-69,70 

(മൗലാനാ നജീബ്‌ ഉസ്‌താദ്‌ മമ്പാട് - പ്രശ്നോത്തരം: |  2014 ഫെബ്രുവരി )



No comments:

Post a Comment