Friday 19 January 2024

ഖുനൂതിലെ സനാഅ് എങ്ങനെ നിർവ്വഹിക്കണം?

 

ഖുനൂതിലെ ഫ ഇന്നക തഖ്ളീ മുതൽ മഅ്മൂമുകൾ ഇമാമിനൊപ്പം പതുക്കെ ചൊല്ലുകയാണല്ലോ സുന്നത്ത്. ഈ ഭാഗം ഇമാം എങ്ങനെയാണ് ചോല്ലേണ്ടത്? പതുക്കെയാണെന്ന് ഒരു ഉസ്താദ് പറയുന്നു. അദ്ദേഹം ഓതുന്നതും അങ്ങനെത്തന്നെ. ഖുനൂത് ഇമാം ഉറക്കെയാക്കൽ സുന്നത്താണെന്ന ഇബാറത്തിനെ സംബന്ധിച്ച് അതു സനാഇന്റെ ഭാഗമല്ലാത്തതിനെ കുറിച്ചാണെന്നും അദ്ദേഹം പറയുന്നു. അതിന് അദ്ദേഹത്തിന് രേഖയൊന്നും ഇല്ലതാനും. സനാഉം ഉറക്കെയാക്കൽ സുന്നത്താണെന്നു വ്യക്തമായി പറഞ്ഞ ഇബാറത്തു ബുൽബുലിന്റെയടുക്കൽ ഉണ്ടെങ്കിൽ അറിയിച്ചു തന്നാലും. 

ഫാതിഹയും സൂറത്തും ഓതുന്ന അതേ ശബ്ദത്തിൽ തന്നെ ഖുനൂത് ഓതേണ്ടതുണ്ടോ? സനാഅ് ഉറക്കെയാക്കുന്ന ഉസ്താദുമാരും ഖിറാഅത്തിനേക്കാൾ ശബ്ദം കുറച്ചാണ് ഖുനൂത് ഓതുന്നതായി കേൾക്കാറുള്ളത്. അതിനും ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു. 



ഖുനൂത് അതിന്റെ പ്രാർത്ഥനാ ഭാഗവും പ്രകീർത്തന ഭാഗവുമടക്കം മുഴുക്കെ ഇമാം ഉറക്കെയാണു നിർവ്വഹിക്കേണ്ടത്. 'ഖുനൂത്തു കൊണ്ട് ഇമാം ജഹ്റാക്കണമെന്നാണു പ്രബലം' എന്ന് എല്ലാ കിതാബിലുമുള്ള വാക്യത്തിന്റെ ഉദ്ദേശ്യം ഇതു തന്നെയാണ്. ഖുനൂത് എന്നത് അല്ലാഹുമ്മഹ്ദിനീ  മുതൽ അസ്തഗ്ഫിറുക വഅതൂബു ഇലൈക് എന്നതു വരെയാണല്ലോ. ഇമാം ഇത് ഉറക്കെ നിർവ്വഹിക്കുമ്പോൾ മഅ്മൂം അതിലെ പ്രാർത്ഥനാ ഭാഗത്തിന് ആമീൻ ചൊല്ലുകയും പ്രകീർത്തനഭാഗം പതുക്കെ ചൊല്ലുകയോ ഇമാമിനെ ശ്രദ്ധാപൂർവ്വം കേട്ട് മൗനം പാലിക്കുകയോ അല്ലെങ്കിൽ അശ്ഹദു ( ഞാനതിനു സാക്ഷി) എന്നു പറഞ്ഞു കൂട്ടുകൂടുകയോ ആണു വേണ്ടതെന്നു തുടർന്നു പറയുന്നതിൽ നിന്ന് ഇക്കാര്യം വളരെ വ്യക്തമാകുകയും ചെയ്യും. (തുഹ്ഫ 2-67 നോക്കുക.)

ഖുനൂത് ഉറക്കെ ചൊല്ലുന്നത് ഖുർആൻ പാരായണം ഉറക്കെയാക്കുന്നതിനേക്കാൾ താഴെയാകേണ്ടതാണെന്ന് ഇമാം മാവർദിയും മറ്റും പ്രസ്താവിച്ചിട്ടുണ്ട്. എന്നാൽ, ഖുർആനോതിക്കഴിഞ്ഞ ശേഷം ഖുനൂത്തിനു മുമ്പായി മഅ്മൂമുകൾ വർദ്ധിച്ചിട്ടില്ലെങ്കിലാണ് ഇപ്പറഞ്ഞതെന്നും അവർ വർദ്ധിക്കുകയും അവരെ കേൾപ്പിക്കാൻ കുറച്ചു കൂടി ശബ്ദമുയർത്തൽ ആവശ്യമാവുകയും ചെയ്തതാൽ അങ്ങനെ വർദ്ധിപ്പിക്കൽ സുന്നത്താണെന്നും ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. (ശർവാനി 2-67 ജമൽ 1-373 എന്നിവ നോക്കുക).

മൗലാനാ നജീബ് ഉസ്താദ് മമ്പാട് - പ്രശ്നോത്തരം: ജനുവരി 2021

No comments:

Post a Comment