Friday 26 January 2024

പള്ളികളിൽ മുൻകാലങ്ങളെ അപേക്ഷിച്ച് കസേരയിൽ ഇരുന്നുള്ള നിസ്കാരം അധികരിച്ചിരിക്കുന്നു. കസേരയിൽ ഇരുന്ന് നിസ്കരിക്കുന്നതിനുള്ള നിബന്ധനകൾ എന്തൊക്കെയാണ്?. ആർക്കാണ് ഇങ്ങനെ നിസ്കരിക്കാൻ പറ്റുന്നത്?

 

നിൽക്കാൻ കാല് ഉറക്കാത്ത രീതിയിലുള്ള രോഗമുള്ളവർ, നിൽക്കുന്നതിന് അസഹ്യമായ പ്രയാസമോ നിർത്തം കാരണമായി ശക്തമായ വേദനയോ തലകറക്കമോ ഉണ്ടാകുന്നവർ, മുൻ അനുഭവത്തിന്റെയോ വിശ്വാസിയായ ഒരു വിദഗ്ധ ഡോക്ടറുടെ വാക്കിന്റെയോ അടിസ്ഥാനത്തിൽ നിലവിലുള്ള രോഗം വർദ്ധിക്കുമെന്നോ രോഗശമനം വൈകുമെന്നോ  ഭയപ്പെടുന്നവർ, നിൽക്കുമ്പോൾ മുറിവിൽ നിന്ന് രക്തം ഒലിക്കുക, മൂത്രവാർച്ച ഉണ്ടാകുക പോലുള്ള കാര്യങ്ങൾ ഉണ്ടാകുന്നവരൊക്കെ ഇരുന്ന് നിസ്കരിക്കണം. മറ്റൊരാൾ താങ്ങി ഇരുത്തിയിട്ടോ തലയിണ പോലുള്ള എന്തെങ്കിലും ഒന്നിലേക്ക് ചാരിയിട്ടോ ആണ് ഇരിക്കാൻ കഴിയുന്നതെങ്കിൽ അങ്ങനെ ഇരുന്ന് തന്നെ നിസ്കരിക്കണം. ഇങ്ങനെ ഇരുന്ന് നിസ്കരിക്കുന്നവർക്ക് നെറ്റി നിലത്തുവച്ച് സുജൂദ് ചെയ്യാൻ കഴിയുമെങ്കിൽ അതും നിർബന്ധമാണ്. വടിയിൽ ഊന്നിയോ ചുമരിൽ ചാരിയോ നിസ്കാരത്തിൽ പൂർണ്ണമായും നിൽക്കാൻ കഴിയുന്നവർ അങ്ങനെ നിന്നാണ് നിസ്കരിക്കേണ്ടത്. ഈ രീതിയിൽ അല്പസമയം നിൽക്കാൻ കഴിയുന്നവർ കഴിയുന്നത്ര സമയം നിൽക്കണം. പിന്നീട് ഇരിക്കുകയും ചെയ്യാം. തക്ബീറത്തുൽ ഇഹ്റാം ചെയ്യുന്നതിനോ ഒരു ആയത്ത് ഓതുന്നതിനോ മതിയായ സമയം മാത്രമേ വടിയിൽ ഊന്നിയാലും ചാരിയാലും താങ്ങിയാലും നിൽക്കാൻ കഴിയുകയുള്ളൂ എങ്കിലും അത്രയും സമയം നിൽക്കൽ നിർബന്ധമാണ്. 

നിൽക്കാൻ കഴിവുള്ളവർ തന്നെ നിർത്തത്തിൽ നിന്ന് സുജൂദിലേക്ക് പോയി നെറ്റി നിലത്ത് വെച്ച് സുജൂദ് ചെയ്യാൻ കഴിയാത്തവർ ഇരുന്ന് നിസ്കരിക്കണം. നെറ്റി വെച്ച് സുജൂദ് പൂർത്തിയാക്കാൻ കഴിയുമെങ്കിൽ അങ്ങനെ ചെയ്യുകയും വേണം. ഇല്ലെങ്കിൽ റുകൂഇനെക്കാൾ അല്പം അധികം തലതാഴ്ത്തി കുനിഞ്ഞ് സുജൂദ് നിർവഹിക്കണം. ഇരുന്നാലും സുജൂദ് പൂർത്തിയാക്കാൻ കഴിയാത്ത ഇത്തരക്കാർക്ക് നിന്നും നിസ്കരിക്കാം. തലകുനിച്ച് ആംഗ്യം കാണിച്ച് സുജൂദ് നിർവഹിക്കണം. മുകളിൽ പറഞ്ഞ കാരണങ്ങളാൽ ഇരുന്ന് നമസ്കരിക്കുമ്പോൾ അവരവർക്ക് സൗകര്യപ്രദമായ രൂപത്തിൽ ഇരിക്കാവുന്നതാണ്. (റദ്ദുൽ മുഹ്താർ 2/102-105).

ഇരിക്കൽ അനുവദനീയമായ മുകളിൽ പറഞ്ഞ രൂപങ്ങളിൽ സൗകര്യപ്രദമായി ഇരിക്കുക എന്ന നിലയിൽ കസേരയിൽ ഇരുന്നാൽ സുജൂദ് പൂർത്തിയാക്കാൻ കഴിയുന്നവർ കസേരയിൽ നിന്ന് എഴുന്നേറ്റ് സുജൂദ് നിർവഹിക്കേണ്ടത്. അല്ലെങ്കിൽ നിലത്ത് തന്നെ ഇരിക്കണം. നിലത്ത് ഇരുന്നാലും നെറ്റിവെച്ച് സുജൂദ് ചെയ്യാൻ കഴിയാത്തവർക്ക് കസേരയിൽ ഇരുന്ന് തന്നെ തലകുനിച്ച് സുജൂദ് നിർവഹിച്ചാൽ മതിയാകും. (അഹ്സനുൽ ഫതാവാ 4/51, ഹാമിശുൽ ഫതാവാ സ്സിറാജിയ്യ പേ:113) 

കസേരയിലിരുന്നുള്ള നിസ്കാരത്തെ കുറിച്ച് ശെെഖ് മുഹമ്മദ് ഉസ്മാൻ ബസ്തവി എഴുതുന്നു: കസേരയിലിരുന്നുള്ള നിസ്കാരത്തിന്റെ വിഷയത്തിൽ ജനങ്ങൾ അങ്ങേയറ്റം അലസത കാണിക്കുന്നു. മറ്റുള്ളവരോടൊപ്പം ദീർഘമായ സമയം പല കാര്യങ്ങൾക്കും വേണ്ടി നിൽക്കുന്നവർ നിസ്കരിക്കാൻ കസേര ഉപയോഗിക്കുന്നു. ഇത് ഒരിക്കലും അനുവദനീയമല്ല. (ഹാമിശുൽ ഫതാവാ സ്സിറാജിയ്യ പേ:113)

No comments:

Post a Comment