Friday 26 January 2024

ഞങ്ങളുടെ പള്ളിയിൽ വെള്ളിയാഴ്ച ജുമുഅക്ക് ഇഖാമത്ത് കൊടുത്ത ശേഷം ഇമാം നിസ്കാരത്തിന് മുൻപ് സ്വഫ് ശരിയാക്കണമെന്നും മൊബൈൽ ഓഫാക്കണമെന്നും പറഞ്ഞ ശേഷം അല്ലാഹു നമുക്കെല്ലം ബർക്കത്ത് ചെയ്യട്ടെ എന്നും പറയാറുണ്ട്. ഇതിൻ്റെ വിധി എന്താണ് ?

 

ഇടയിൽ വിടവ് ഇല്ലാത്ത വിധം അടുത്തടുത്ത് ചേർന്ന് നിൽക്കാനും തോളോട് തോൾ ചേർന്ന് നേരെ നിൽക്കാനും ജമാഅത്ത് നിസ്കാരത്തിന് ഹാജരായ വരോട് ഇമാമ് കൽപ്പിക്കേണ്ടതാണ്. (അദ്ദുർറുൽ മുഖ്താർ 1/612). 

ഇമാം ഖുതുബ നിർവഹിക്കാനായി പുറപ്പെട്ടാൽ നിസ്കാരം, ഖുർആൻ പാരായണം, തസ്ബീഹ്, സലാം പറയൽ, സലാം മടക്കൽ, തുമ്മി ഹമ്ദ് പറഞ്ഞവരോട് യർഹമകല്ലാഹ് പറയൽ, മറ്റ് സംസാരങ്ങൾ എല്ലാം ജനങ്ങൾ ഒഴിവാക്കേണ്ടതാണ്. ഖുതുബക്കും നിസ്കാരത്തിനുമിടയിലും ഇതൊക്കെ പാടില്ലാത്തതാണ്. (അൽ ജൗഹറത്തുന്നയ്യിറ 1/285). നന്മ കൽപ്പിക്കലും തിന്മ തടയലും വരെ ഈ സമയത്ത് ഹറാമാണ്. (ഹാമിശു ല്ലുബാബ് പേ:55). സ്വഫ്ഫ് ശരിയാക്കാൻ പറയുന്നതും മൊബൈൽ ഓഫാക്കാൻ പറയുന്നതും  നന്മ കൽപ്പിക്കുന്നതിന്റെ ഭാഗമാണല്ലോ. ആയതിനാൽ ഇത് സാധാരണ നിസ്കാരങ്ങളുടെ ജമാഅത്തുകളിൽ ചെയ്യേണ്ടതാണെന്നും ജുമുഅ നിസ്കാരത്തിൽ പാടില്ലെന്നും മുകൾ വിശദീകരണത്തിൽ നിന്ന് മനസ്സിലാവുന്നു.

എന്നാൽ ഖുത്തുബ നിർവഹിച്ചുകൊണ്ടിരിക്കുമ്പോൾ മാത്രമേ ഇതൊക്കെ പാടില്ലായ്കയുള്ളെന്നും  ഖുതുബയുടെയും നിസ്കാരത്തിന്റെയും ഇടയിൽ കുഴപ്പമില്ലെന്നുമാണ് ഇമാം അബൂ യൂസുഫ്(റ), ഇമാം മുഹമ്മദ്(റ) എന്നിവരുടെ അഭിപ്രായം. (അൽ ജൗഹറത്തുന്നയ്യിറ 1/285).

No comments:

Post a Comment