Sunday 21 January 2024

സ്വത്ത് ഓഹരി ചെയ്യണ്ട രൂപം വിവരിക്കാമോ ?

 

മരിച്ച ആളും അയാളുടെ ജീവിച്ചിരിക്കുന്ന അനന്തരാവകാശികളും ആരൊക്കെയാണെന്ന് പരിഗണിച്ചാണ് അനന്തരസ്വത്ത് വിഹിതിക്കേണ്ടത്. ഓരോ മയ്യിത്തിന്റേയും അവസ്ഥ ഈ വിഷയത്തിൽ വ്യത്യസ്തമായതിനാൽ ഓരോ മയ്യിത്തിന്റേയും അനന്തരസ്വത്ത് വിഹിതിക്കുന്നത് വ്യത്യസ്ത രൂപത്തിലാണ്. അനന്തരസ്വത്തിന്റെ

പകുതി, നാലിലൊന്ന്, എട്ടിലൊന്ന്, മൂന്നിലൊന്ന്, ആറിലൊന്ന്, മൂന്നിൽരണ്ട് എന്നിങ്ങനെ നിശ്ചിത വിഹിതങ്ങൾ ലഭിക്കുന്നവർ അനന്തരാവകാശികളിലുണ്ട്.

മകൾ, മകന്റെ മകൾ, മാതാവും പിതാവും ഒത്ത സഹോദരി, പിതാവ് ഒത്ത സഹോദരി, ഭർത്താവ് (മയ്യത്തിന് മക്കൾ ഇല്ലാതിരിക്കുമ്പോൾ) എന്നിവരാണ് ആണ് പകുതി ലഭിക്കുന്നവർ. മയ്യിത്തിന് മക്കളുണ്ടെങ്കിൽ ഭർത്താവിനും മയ്യിത്തിന് മക്കളില്ലെങ്കിൽ ഭാര്യക്കും(ഭാര്യമാർക്കും) നാലിൽ ഒന്നാണ് അവകാശം. മയ്യിത്തിന് മക്കളുണ്ടെങ്കിൽ എട്ടിലൊന്നാണ് ഭാര്യയുടെ(ഭാര്യമാരുടെ) അവകാശം. സ്വത്തിന്റെ പകുതി ലഭിക്കുന്നവരിൽ ഭർത്താവ് ഒഴികെയുള്ളവർ ഒന്നിലധികം പേരുണ്ടെങ്കിൽ(ഉദാ: രണ്ട് പെൺമക്കൾ) അവർക്ക് മൂന്നിൽ രണ്ടാണ് വിഹിതം. മയ്യിത്തിന് മക്കളോ മകന്റെ മക്കളോ സഹോദരീ സഹോദരങ്ങളിൽ നിന്ന് രണ്ടോ അതിലധികമോ ഇല്ലെങ്കിൽ മാതാവിന്റെ വിഹിതം മൂന്നിലൊന്നാണ്. മയ്യിത്തിന്റെ ഉമ്മ ഒത്ത സഹോദരങ്ങൾ രണ്ടോ അതിലധികമോ ഉണ്ടെങ്കിൽ അവർക്കും മൂന്നിൽ ഒന്നാണ് വിഹിതം. മയ്യിത്തിന് മക്കളുണ്ടെങ്കിൽ മാതാപിതാക്കൾക്കും മയ്യത്തിന് സഹോദരി സഹോദരങ്ങൾ ഉണ്ടെങ്കിൽ മാതാവിനും മയ്യിത്തിന് മക്കളോ മകന്റെ മക്കളോ ഉണ്ടെങ്കിൽ പിതാമഹനും പിതാമഹിക്കും മയ്യിത്തിന് ഒരു മകൾ ഉണ്ടെങ്കിൽ മകന്റെ പെൺമക്കൾക്കും ഉമ്മയും ബാപ്പയും ഒത്ത ഒരു സഹോദരിയോട് കൂടെ ബാപ്പ ഒത്ത സഹോദരിമാർക്കും ഉമ്മ ഒത്ത ഒരു സഹോദരിക്കും ആറിൽ ഒന്നാണ് വിഹിതം. (അല്ലുബാബ് പേ:759-761)

മുകളിൽ പറഞ്ഞ നിശ്ചിത വിഹിതത്തിന്റെ അവകാശികൾ ഉണ്ടെങ്കിൽ അവരുടെ വിഹിതം കഴിച്ച് ബാക്കിയുള്ളതും നിശ്ചിത വിഹിതത്തിന്റെ അവകാശികൾ ഇല്ലെങ്കിൽ അനന്തരസ്വത്ത് മുഴുവനും ആൺമക്കൾക്ക് തുല്യമായി  അവകാശപ്പെട്ടതാണ്. മയ്യിത്തിന് ആൺമക്കളും പെൺമക്കളും ഉണ്ടെങ്കിൽ നിശ്ചിതവിഹിതം കഴിച്ച് ബാക്കിയുള്ളത് അല്ലെങ്കിൽ മുഴുവൻ സ്വത്തും മകളുടെ ഇരട്ടി മകന് എന്ന നിലയിൽ ഓഹരി വെക്കണം. കൂടുതൽ വിശദീകരണങ്ങൾ ഓരോ മയ്യിത്തിന്റെ അവസ്ഥയ്ക്കനുസരിച്ച് പണ്ഡിതന്മാരോട് ചോദിച്ച് മനസ്സിലാക്കേണ്ടതാണ്.

No comments:

Post a Comment