Tuesday 16 January 2024

മുല കുടി ബന്ധം ഇസ്ലാമിൽ

 

മുലകുടി ബന്ധം ഉണ്ടെന്നു സമ്മതിക്കൽ സ്ഥിരപ്പെടാൻ എത്ര സാക്ഷികൾ വേണം?

ഉ: മുലകുടി ബന്ധത്തെ കുറിച്ചുള്ള സ്വയം സമ്മതിക്കൽ, നീതിമാന്മാരായ രണ്ടു പുരുഷന്മാർ മൂലം സ്ഥിരപ്പെടും (ഫത്ഹുൽ മുഈൻ, പേജ്: 351).

രണ്ടു പേർ തമ്മിൽ മുലകുടി ബന്ധമുണ്ടെന്നു ഒരു സ്ത്രീ മാത്രം സാക്ഷി നിന്നാലോ?

ഉ: അത് സ്വീകാര്യമല്ല . അതേ സമയം അവൾ പറയുന്നത് സത്യമാണെന്നു വിശ്വസിക്കുന്നുവെങ്കിൽ അവളുടെ വാക്ക് സ്വീകരിക്കൽ അവനു നിർബന്ധമാണ് (ഫത്ഹുൽ മുഈൻ, പേജ്: 351).

മുല കൊടുത്ത സ്ത്രീയുടെ ഭർത്താവിനു മറ്റു ഭാര്യയിൽ ജനിച്ച സന്താനങ്ങളും മുല കുടിച്ച കുട്ടിയും തമ്മിൽ മുലകുടി ബന്ധം സ്ഥിരപ്പെടുമോ?

ഉ: സ്ഥിരപ്പെടും. അവർ സഹോദരങ്ങളായി മാറുമല്ലോ.

അമുസ്‌ലിം സ്ത്രീയുടെ മുലപ്പാൽ മുസ്‌ലിം കുട്ടിക്ക് കുടിപ്പിക്കാൻ പാടുണ്ടോ? പിന്നീട് ആ അമുസ്‌ലിം സ്ത്രീ മുസ്‌ലിമായാൽ അവരുമായുള്ള വിവാഹബന്ധം പാടുണ്ടോ?

ഉ: അമുസ്‌ലിം സ്ത്രീയുടെ മുലപ്പാൽ മുസ്‌ലിം കുട്ടിക്ക് കുടിപ്പിക്കുന്നതിൽ വിരോധമൊന്നുമില്ലെങ്കിലും കഴിയുന്നതും സ്വാലിഹത്തായ സ്ത്രീകളുടെ മുലപ്പാലാണ് കുടിപ്പിക്കേണ്ടത്. ആ സ്ത്രീയുമായി മുലകുടി ബന്ധമുള്ളതുകൊണ്ട് അവളെയും അവളുടെ മുല കുടിച്ചതു കാരണം മുലകുടി ബന്ധം സിദ്ധിച്ച മറ്റു സ്ത്രീകളെയും അവർ മുസ്‌ലിമായാലും അവനു വിവാഹം ചെയ്യാൻ പാടില്ല.

ഒരു അന്യ സ്ത്രീ ഒരു ആൺകുട്ടിക്ക് മുല കൊടുത്തു. ആ സ്ത്രീ തന്നെ മറ്റൊരു പെൺകുട്ടിക്കും മുല കൊടുത്തു. എന്നാൽ ആ പെൺകുട്ടിയുടെ അനുജത്തിയെ മേൽ പറഞ്ഞ ആൺകുട്ടിക്ക് വിവാഹം കഴിക്കാൻ പറ്റുമോ?

ഉ: വിവാഹം കഴിക്കുന്നതിനു വിരോധമില്ല.

ഭാര്യയുടെ മുലപ്പാൽ ഭർത്താവിന്റെ വായയിലായാൽ എന്തു ചെയ്യും?

ഉ: അവനു തുപ്പുകയോ ഇറക്കുകയോ ചെയ്യാം. ഭാര്യയുടെ മുലപ്പാൽ മനഃപൂർവം കുടിക്കാൻ പറ്റും.

ഒരാളുടെ ആദ്യഭാര്യ അവന്റെ ചെറിയ രണ്ടാം ഭാര്യക്ക് മുല കൊടുത്തു. എന്നാൽ അവരുടെ നികാഹിന്റെ സ്ഥിതി എന്ത്?

ഉ: മുലകുടി ബന്ധം സ്ഥിരപ്പെടുന്നവിധം രണ്ടാം ഭാര്യ ആദ്യ ഭാര്യയുടെ മുല കുടിക്കുന്നത് ആദ്യഭാര്യയുമായി ഭർത്താവ് സംയോഗത്തിലേർപ്പെട്ട ശേഷമാണെങ്കിൽ രണ്ടു ഭാര്യമാരുടെയും വിവാഹബന്ധം മുറിഞ്ഞുപോകുന്നതും സംയോഗത്തിനു മുമ്പാകുമ്പോൾ ആദ്യ ഭാര്യയുടെ മുലപ്പാൽ പ്രസ്തുത ഭർത്താവിലേക്ക് ചേർക്കപ്പെടുന്നതല്ലെങ്കിൽ ആദ്യഭാര്യയുമായുള്ള വിവാഹബന്ധം മാത്രം മുറിയുന്നതാണ്. ഭർത്താവിലേക്കു തന്നെ ചേർക്കപ്പെടുന്നതാണെങ്കിൽ സംയോഗത്തിനു ശേഷമെന്ന പോലെ രണ്ടുപേരുടെയും വിവാഹബന്ധം മുറിയുന്നതാണ് (തുഹ്ഫ, 8/294).

ഒരു സ്ത്രീയുടെ സ്തനങ്ങൾക്കു ‘നീർവീക്കം’ വന്നപ്പോൾ അവളുടെ കുട്ടിക്ക് മറ്റൊരു സ്ത്രീയുടെ മുലപ്പാൽ കറന്നെടുത്തു ഒരാഴ്ചക്കാലം കൊടുത്തു. ഇതുകൊണ്ടു അവർ തമ്മിൽ മുലകുടി ബന്ധം സ്ഥിരപ്പെടുമോ?

ഉ: സ്ഥിരപ്പെടും. അഞ്ചു പ്രാവശ്യം ഇപ്രകാരം മുലയൂട്ടപ്പെട്ടാൽ കുട്ടിയും പ്രസ്തുത സ്ത്രീയും തമ്മിൽ മാതൃബന്ധം സ്ഥിരപ്പെടും (തുഹ്ഫ: 8/284, 285).

ഒരാൾ ഒരു സ്ത്രീയുടെ മുല കുടിച്ചാൽ ആ സ്ത്രീയും മുല കുടിച്ച ആളിന്റെ മക്കളും തമ്മിൽ തൊട്ടാൽ വുളൂ മുറിയുമോ? മുല കൊടുത്ത സ്ത്രീയുടെ മക്കളും മുല കുടിച്ചയാളിന്റെ മക്കളും വിവാഹബന്ധത്തിലേർപ്പെടാമോ?*

ഉ:മുലകുടി ബന്ധം സ്ഥിരപ്പെടുംവിധം ഒരു സ്ത്രീയുടെ മുല കുടിച്ചയാളുടെ മക്കൾ ആ സ്ത്രീയുടെ മകന്റെ മക്കളാണല്ലോ. അവർ ആ സ്ത്രീയെ (പിതാവിന്റെ ഉമ്മയെ) തൊട്ടാൽ വുളൂ മുറിയുകയില്ല. മുല കൊടുത്ത സ്ത്രീയുടെ മക്കൾ കുടിച്ചയാളുടെ മക്കൾക്കു പിതൃസഹോദരന്മാരും പിതൃസഹോദരിമാരുമായിരിക്കും. അതിനാൽ അവരുമായി നികാഹു ബന്ധത്തിൽ ഏർപെടാവുന്നതല്ല (ഫത്ഹുൽ മുഈൻ, പേജ്: 349).

മുസ്‌ലിമും അമുസ്‌ലിമും പരസ്പരം കുടുബബന്ധം സ്ഥിരപ്പെടുമ്പോലെ മുലകുടിബന്ധം സ്ഥിരപ്പെടുമോ?

ഉ: സ്ഥിരപ്പെടും (ശർഹു ബാഫള്ൽ: 1/72).

ഒരാൾ ഒരു സ്ത്രീയെ വിവാഹം ചെയ്തതിൽ ഒരാൺകുട്ടി ജനിച്ചു. പിന്നീട് വിവാഹമോചനം ചെയ്യപ്പെട്ട ആ സ്ത്രീക്ക് അവിഹിത ബന്ധത്തിൽ ഒരു പെൺകുഞ്ഞ് ജനിച്ചു. എന്നാൽ ആ ആൺകുട്ടിയും പെൺകുട്ടിയും തമ്മിലുള്ള ബന്ധം എങ്ങനെ?

ഉ: പ്രസ്തുത ആൺകുട്ടിയും പെൺകുട്ടിയും ഉമ്മയൊത്ത സഹോദരനും സഹോദരിയുമാണ്. അവർ തമ്മിൽ വിവാഹബന്ധത്തിൽ ഏർപ്പെടൽ പാടില്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഫിഖ്ഹിന്റെ മിക്ക ഗ്രന്ഥങ്ങളിൽ നിന്നും ഇതു ഗ്രഹിക്കാം.

മുലകുടി ബന്ധം എങ്ങനെ സ്ഥിരപ്പെടും?

ഉ: ചുരുങ്ങിയതു ഒമ്പതു വയസു പ്രായമുള്ള സ്ത്രീ രണ്ടു വയസ്സിൽ താഴെയുള്ള കുട്ടിക്ക് ഇടവിട്ട് അഞ്ചു പ്രാവശ്യം മുലപ്പാൽ നൽകുമ്പോഴാണ് മുലകുടി ബന്ധമുണ്ടാകുന്നത്. പുരുഷ ബന്ധം കൂടാതെത്തന്നെ ഒമ്പതു വയസ്സ് പ്രായമുള്ള സ്ത്രീക്ക് പാൽ ഉണ്ടായാലും ഇതേ വിധിയാണുള്ളത്. മുല കുടിക്കുന്ന കുട്ടിയുടെ ഉള്ളിൽ ഓരോ തവണയും പാൽ എത്തിച്ചേരൽ നിർബന്ധമാണ് (തുഹ്ഫ: 8/288).

മുലപ്പാലിനോടുകൂടെ മറ്റെന്തെങ്കിലും കലർത്തിക്കൊടുത്താലോ?

ഉ: മറ്റെന്തെങ്കിലും കലർത്തിക്കൊടുത്താലും പരിഗണിക്കും. പാൽ കൊണ്ട് പാൽകട്ടിയോ മറ്റു ആഹാരങ്ങളോ ഉണ്ടാക്കി കുട്ടിക്കു നൽകിയാലും മുലകുടി ബന്ധമുണ്ടാകും. പക്ഷേ, പാൽ നൽകുന്നതിനുള്ള നിയമങ്ങൾ ഇവിടെയും പാലിക്കണം. മുലയിൽ നിന്നു തന്നെ കുടിക്കണമെന്നില്ല. കറന്നെടുത്തതു കൊടുത്താലും മതി. ഒരു സമയത്ത് സ്ത്രീയിൽ നിന്നു പാൽ കറന്നെടുത്ത് അഞ്ചു പ്രാവശ്യം അതു കുട്ടിയെ കുടിപ്പിക്കുകയോ അഞ്ചു തവണ കറന്നെടുത്ത പാൽ ഒരു പ്രാവശ്യം കുടിപ്പിക്കുകയോ ചെയ്താലും ഒരു പ്രാവശ്യമായാണു പരിഗണിക്കുക (തുഹ്ഫ: 8/290).

കുട്ടി സ്തനം വായിൽ നിന്നു ഒഴിവാക്കി പിന്തിരിഞ്ഞശേഷം വീണ്ടും മുലപ്പാൽ കുടിച്ചു. എങ്കിൽ എത്ര തവണയായി പരിഗണിക്കും?

ഉ: രണ്ടു തവണയായി പരിഗണിക്കും. അതുപോലെത്തന്നെ മുലയൂട്ടുന്നവൾ പിന്തിരിപ്പിക്കുകയും സ്തനം തന്നെ വീണ്ടും മുലപ്പാൽ കൊടുത്താലും രണ്ടു തവണയായി പരിഗണിക്കും. നേരിയ ഉറക്കം, കളി മുതലായവ നിമിത്തം ശിശു മുലകുടി മുറിച്ചു ഉടനെത്തന്നെ അതിലേക്ക് മടങ്ങുക, സ്തനം വായിൽ നിന്നൊഴിവാക്കാതെ ദീർഘനേരം ഉറങ്ങുകയോ കളിക്കുകയോ ചെയ്യുക, ഒരു മുല വിട്ട് മറ്റേ മുലയിലേക്ക് അവൾ മാറ്റുക, നേരിയ ജോലി നിർവഹണത്തിനുവേണ്ടി അവൾ ഹ്രസ്വനേരം മുലകുടി മുറിച്ചു വീണ്ടും കൊടുക്കുക എന്നീ രൂപങ്ങളിൽ ഒന്നിലധികം പ്രാവശ്യം കുടിച്ചതായി പരിഗണിക്കില്ല (തുഹ്ഫ: 8/289).

മുൻദ്വാരം, ചെവി തുടങ്ങിയവയിലൂടെ പാൽ പ്രവേശിപ്പിച്ചാലോ?

ഉ :അതു പരിഗണിക്കില്ല. അതുപോലെത്തന്നെ സിറിഞ്ച് പോലെയുള്ളതുകൊണ്ട് പിൻദ്വാരത്തിലൂടെ പാൽ കടത്തിവിട്ടാലും മുലകുടി ബന്ധമുണ്ടാകില്ല. ഇവിടെയൊന്നും ഉള്ളിലേക്ക് പാൽ എത്തിയതായി പരിഗണിക്കില്ല. ഈ പറഞ്ഞതിൽ നിന്നുതന്നെ നോമ്പു മുറിയുന്ന ഉള്ള് ഇവിടെ ഉദ്ദേശ്യമല്ലെന്നു ബോധ്യപ്പെട്ടു (തുഹ്ഫ: 8/287).

മൂക്കിലൂടെ പാൽ ഉറ്റിച്ചാലോ?

ഉ: മൂക്കിലൂടെ ഒഴിച്ച പാൽ മസ്തിഷ്കത്തിലെത്തിയാൽ മുലകുടി ബന്ധം സ്ഥിരപ്പെടും (തുഹ്ഫ: 8/287).

അഞ്ചു പ്രാവശ്യമായി രണ്ടു സ്ത്രീകളിൽ നിന്നെടുത്ത പാൽ കലർത്തി അഞ്ചു പ്രാവശ്യം ഒരു കുട്ടിക്കു നൽകിയാലോ?

ഉ: ആ രണ്ടു സ്ത്രീകളും കുട്ടിയുടെ മാതാവാകും. ഒരു സ്ത്രീയിൽ നിന്നു നാലു പ്രാവശ്യം കറന്നെടുത്ത പാലും മറ്റൊരു സ്ത്രീയിൽ നിന്നു അഞ്ചു പ്രാവശ്യം കറന്നെടുത്ത പാലും തമ്മിൽ കലർത്തി അഞ്ചു പ്രാവശ്യം ഒരു കുട്ടിക്കു നൽകിയാൽ ആ കുട്ടിയുടെ മാതാവ് അഞ്ചു പ്രാവശ്യം പാൽ കറന്നെടുക്കപ്പെട്ടവൾ മാത്രമാണ്. അഞ്ചു പ്രാവശ്യം മുലയിൽ നിന്നു പാൽ കറന്നെടുത്തതും അഞ്ചു തവണ രണ്ടു വയസ്സിൽ താഴെയുള്ള കുട്ടിയുടെ ഉള്ളിൽ അതു പ്രവേശിച്ചതും സംശയാതീതമായിരിക്കണം (തുഹ്ഫ: 8/290).

തങ്ങൾ രണ്ടാളുടെ ഇടയിൽ മുലകുടി മുഖേന സഹോദര ബന്ധമുണ്ടെന്നു വിവാഹം നടക്കുംമുമ്പ് ഒരു സ്ത്രീയും പുരുഷനും സമ്മതിച്ചു, ശേഷം ആ വാദത്തിൽ നിന്നു പിൻമാറിയാലോ?

ഉ:അവർ സമ്മതിച്ചതിനു സാധ്യതയുണ്ടെങ്കിൽ അവർ തമ്മിൽ വിവാഹം നിഷിദ്ധമാണ് (ഫത്ഹുൽ മുഈൻ, പേജ്: 350).

വിവാഹത്തിനു ശേഷമാണ് ഇപ്രകാരം സമ്മതിച്ചതെങ്കിലോ?

ഉ: നികാഹ് ബാത്വിലാകും. അതിനാൽ അവരെ ഉടനടി വേർപ്പെടുത്തേണ്ടതാണ് (ഫത്ഹുൽ മുഈൻ, പേജ്: 355).

പുരുഷൻ സമ്മതിക്കുകയും സ്ത്രീ നിഷേധിക്കുകയും ചെയ്താലോ?

ഉ: അവന്റെ കാര്യത്തിൽ അവന്റെ വാക്ക് വാസ്തവമാക്കി രണ്ടാളെയും വേർപ്പെടുത്തണം (ഫത്ഹുൽ മുഈൻ, പേജ്: 350).

ഇനി സ്ത്രീ സമ്മതിക്കുകയും പുരുഷൻ നിഷേധിക്കുകയും ചെയ്താലോ?

ഉ: അവനെ തന്റെ വരനായി നിജപ്പെടുത്തിക്കൊണ്ട് വിവാഹത്തിനു അവൾ അനുവാദം നൽകുകയോ സംയോഗത്തിനു അവൾ അവനു വഴങ്ങിക്കൊടുക്കുകയോ ചെയ്തതിനു ശേഷമാണ് അവൾ പ്രസ്തുത വാദം സമ്മതിച്ചതെങ്കിൽ സ്വീകരിക്കില്ല. ഇങ്ങനെയൊന്നും ഉണ്ടായിട്ടില്ലെങ്കിൽ അവളെ സത്യം ചെയ്യിപ്പിച്ച് വാസ്തവമാക്കണം (ഫത്ഹുൽ മുഈൻ, പേജ്: 350).

സാക്ഷി മുഖേന മുലകുടി ബന്ധം സ്ഥിരപ്പെടുമോ?

ഉ: അതെ, ഒരു പുരുഷനും രണ്ടു സ്ത്രീകളും സാക്ഷി നിന്നാൽ മതി. അല്ലെങ്കിൽ നാലു സ്ത്രീകൾ സാക്ഷി നിൽക്കണം. സാക്ഷിമൊഴിയിൽ ഏതു പ്രായത്തിൽ മുലകൊടുത്തുവെന്നും എത്ര തവണ കൊടുത്തുവെന്നും തവണകൾ വിട്ടുപിരിഞ്ഞതായിരുന്നുവെന്നും ഓരോ തവണയിലും പാൽ കുട്ടിയുടെ വയറ്റിലെത്തിയിട്ടുണ്ടെന്നും പറയൽ നിർബന്ധമാണ്. കുട്ടിയുടെ വായിൽ പാൽ ചുരക്കുന്നതും അവനതു വിഴുങ്ങുന്നതും കീഴ്പോട്ടിറക്കുന്നതും കാണൽ കൊണ്ടും കുട്ടി മുല ഈമ്പുക, തൊണ്ട അനക്കുക മുതലായ സൂചനകൾ കാണൽ കൊണ്ടും പാൽ കുട്ടിയുടെ വയറ്റിലെത്തിയിട്ടുണ്ടെന്നു മനസ്സിലാക്കാം (ഫത്ഹുൽ മുഈൻ, പേജ്: 350).

മുലകുടി ബന്ധം മുഖേന വിവാഹം നിഷിദ്ധമായവർ ആരെല്ലാം?

തറവാടു ബന്ധം മൂലം വിവാഹം നിഷിദ്ധമായ ഏഴു വിഭാഗം മുലകുടി ബന്ധത്തിലൂടെയും നിഷിദ്ധമാകും (ഫത്ഹുൽ മുഈൻ, പേജ്: 341).

പ്രസ്തുത ഏഴു വിഭാഗത്തിനെ വിശദീകരിക്കാമോ?

അതേ, ഹ്രസ്വമായി വിവരിക്കാം.

1) മുലകുടി ബന്ധത്തിലെ മാതാവ്. നിനക്ക് (പുരുഷന്) മുല തന്നവൾ, അവൾക്ക് മുല നൽകിയവർ, രക്തബന്ധത്തിലൂടെയുള്ള നിന്റെ മാതാവിനോ പിതാവിനോ മുല കൊടുത്തവൾ, നിനക്ക് മുലയൂട്ടിയവളുടെ മാതാക്കൾ, നീ കുടിച്ച പാലിനു ഉത്തരവാദിയായവന്റെ (നിനക്കു മുല തന്നവളുടെ ഭർത്താവ്) മാതാക്കൾ, അവനു മുല കൊടുത്തവൾ തുടങ്ങിയവരെല്ലാം മാതാക്കളാണ്. നിനക്കു മുല തന്നവളല്ലാത്ത എല്ലാ വിഭാഗത്തിലും മാധ്യമത്തോടെയും അല്ലാതെയും സാധ്യതയുള്ളതുകൊണ്ട് പതിനൊന്നു രൂപത്തിലുള്ള ഉമ്മമാരെ മുലകുടി ബന്ധത്തിലൂടെ മനസ്സിലാക്കാം.

2) മുലകുടി ബന്ധത്തിലെ മകൾ. നീ മുഖേനയുണ്ടായ പാൽ കുടിച്ചവളും അവളുടെ മകളും നിന്റെ രക്ത-മുലകുടി ബന്ധത്തിലുള്ള മകളുടെ പാൽ കുടിച്ചവളും അവളുടെ മകളും നിന്റെ പ്രസ്തുത ബന്ധങ്ങളിലുള്ള മകൻ മുഖേനയുണ്ടായ പാൽ കുടിച്ചവളും അവളുടെ മകളും കൂടി ഈ ഇനത്തിൽ പത്തു രൂപത്തിലുള്ള മക്കൾ ഉൾപ്പെടുന്നു

3) മുലകുടി ബന്ധത്തിലെ സഹോദരി. നിന്റെ രക്ത-മുലകുടി ബന്ധത്തിലുള്ള മാതാവിന്റെ മുല കുടിച്ചവൾ, പ്രസ്തുത ബന്ധത്തിലുള്ള പിതാവു മുഖേനയുണ്ടായ പാൽ കുടിച്ചവൾ, മുലകുടി ബന്ധത്തിലുള്ള മാതാവിന്റെ രക്തബന്ധത്തിലുള്ള മകൾ, മുലകുടി ബന്ധത്തിലുള്ള പിതാവിന്റെ രക്തബന്ധത്തിലുള്ള മകൾ എന്നിവർ ചേർന്ന് ആറു രൂപത്തിലുള്ള സഹോദരികൾ ഉണ്ടാകുന്നു.

4,5) മുലകുടി ബന്ധത്തിലുള്ള സഹോദര സഹോദരിയുടെ മകൾ. മുലകുടി ബന്ധത്തിലുള്ള പിതാവിന്റെയും മാതാവിന്റെയും രണ്ടിലൊരു ബന്ധത്തിലുള്ള മകന്റെയും മകളുടെയും പ്രസ്തുത രണ്ടു ബന്ധങ്ങളിലൂടെയുള്ള മകൾ (എത കീഴ്പോട്ട് പോയാലും) നിന്റെ മേൽ വിവാഹം നിഷിദ്ധമാണ്.

സഹോദരന്റെ എട്ടുവിധം പെൺമക്കളും സഹോദരിയുടെ എട്ടുവിധം പെൺമക്കളും ചേർന്നു ഇതിൽ ആകെ പതിനാറു പേർ ഉൾപ്പെടുന്നു. അപ്രകാരം പിതാവും മാതാവും ഒത്തതോ മാതാവോ പിതാവോ മാത്രം ഒത്തതോ ആയ സഹോദരിയുടെ മുല കുടിച്ചവൾ, അവളുടെ രണ്ടിലൊരു ബന്ധത്തിലുള്ള മകൾ (എത്ര കീഴ്പോട്ട് പോയാലും) മൂന്നു രൂപത്തിലുള്ള സഹോദരൻ മുഖേനയുണ്ടായ പാൽ കുടിച്ചവൾ, അവളുടെ രണ്ടിലൊരു ബന്ധത്തിലുള്ള മകൾ എന്നിവരും നിഷിദ്ധമാണ്. ഇതിൽ പതിനെട്ടുവിധം മക്കൾ നിഷിദ്ധമായിവരുന്നു.

നിന്റെ ഉമ്മയുടെ മുലകുടിച്ചവന്റെയും കുടിച്ചവളുടെയും ഇരു ബന്ധങ്ങളിലുമുള്ള മകളും നിന്റെ പിതാവ് കാരണത്താലുണ്ടായ പാൽ കുടിച്ചവന്റെയും കുടിച്ചവളുടെയും ഇരു ബന്ധത്തിലുമുള്ള മകളും നിനക്ക് വിവാഹം നിഷിദ്ധമാണ്. ഇതിൽ സഹോദരന്റെ മക്കൾ നാലും സഹോദരിയുടെ മക്കൾ നാലും ചേർന്നു എട്ടുപേർ ഉൾപ്പെടുന്നു.

ചുരുക്കത്തിൽ മുലകുടി ബന്ധത്തിലുള്ള സഹോദര സഹോദരിയുടെ മക്കൾ നാൽപ്പത്തിരണ്ടായി. സഹോദരന്റെ മക്കൾ ഇരുപത്തി ഒന്ന്. സഹോദരിയുടെ മക്കൾ ഇരുപത്തി ഒന്ന്. 21+21=42.

6) മുലകുടി ബന്ധത്തിലുള്ള അമ്മായി (പിതൃസഹോദരി). നീ കുടിച്ച പാലിനു കാരണക്കാരനായ രണ്ടിലൊരു ബന്ധത്തിലുള്ള സഹോദരി, അവന്റെ രണ്ടിലൊരു ബന്ധത്തിലുള്ള അകന്നതോ അടുത്തതോ ആയ പിതാവിന്റെ പ്രസ്തുത ബന്ധങ്ങളിലുള്ള സഹോദരി, മുല നൽകിയവളുടെ രണ്ടിലൊരു ബന്ധത്തിലുള്ള അകന്നതോ അടുത്തതോ ആയ പിതാവിന്റെ പ്രസ്തുത ബന്ധങ്ങളിലുള്ള സഹോദരി എന്നിവർ ചേർന്നു ഇതിൽ പത്തു അമ്മായികൾ ഉൾപ്പെടുന്നു.

7) മുലകുടി ബന്ധത്തിലുള്ള എളയുമ്മ, മൂത്തുമ്മ (മാതൃ സഹോദരി). നിനക്കു മുലയൂട്ടിയവളുടെ ഇരുബന്ധങ്ങളിലുള്ള സഹോദരി, നിനക്ക് മുലയൂട്ടിയവളുടെ ഇരുബന്ധങ്ങളിലുള്ള അകന്നതോ അടുത്തതോ ആയ മാതാവിന്റെ പ്രസ്തുത ബന്ധങ്ങളിലുള്ള സഹോദരി, നീ കുടിച്ച പാലിനു കാരണമായവന്റെ രണ്ടിലൊരു ബന്ധങ്ങളിലുള്ള അകന്നതോ അടുത്തതോ ആയ മാതാവിന്റെ പ്രസ്തുത ബന്ധങ്ങളിലുള്ള സഹോദരി എന്നീ പത്തു രൂപത്തിലുള്ള എളയുമ്മ-മൂത്തുമ്മമാർ നിഷിദ്ധമാണ്.

ഇപ്പോൾ വിവരിച്ച ഏഴു വിഭാഗവും പുരുഷനെ അപേക്ഷിച്ചു മുലകുടി ബന്ധം മൂലം നിഷിദ്ധമായവരാണ്. ചുരുക്കത്തിൽ മുലകുടി ബന്ധത്തിൽ 89 വിഭാഗം വിവാഹബന്ധം നിഷിദ്ധമായവരാണ്. ഉമ്മ: 11+ മകൾ: 10+ സഹോദരി: 6+ സഹോദര സഹോദരിയുടെ പെൺമക്കൾ: 42+ അമ്മായി: 10+ എളയുമ്മ-മൂത്തുമ്മ: 10=89. ഈ 89 വിഭാഗവും തറവാടുബന്ധത്തിലുള്ള 7 വിഭാഗത്തെയും വിവാഹം കഴിക്കൽ നിഷിദ്ധമാണ്. ഇവരെ തൊട്ടാൽ വുളൂ മുറിയില്ല.

(എം.എ.ജലീൽ സഖാഫി പുല്ലാര)


മുലപ്പാൽ ബാങ്ക് കേരളത്തിലും പ്രവർത്തനമാരംഭിക്കുന്നു എന്ന് പത്ര റിപ്പോർട്ടുകൾ കണ്ടു. ഇത്തരം സ്ഥാപനങ്ങളിൽ നിന്നും കുഞ്ഞുങ്ങൾ മുലപ്പാൽ സ്വീകരിക്കുന്നതിന്‍റെ ഇസ്‌ലാമിക വിധി എന്താണ്?, ഇവിടെ നിന്നും മുലപ്പാൽ സ്വീകരിക്കുന്നതിലൂടെ മുലകുടി ബന്ധം സ്ഥിരപ്പെടുമോ?

മറുപടി നൽകിയത്   മുബാറക് ഹുദവി അങ്ങാടിപ്പുറം.

മിൽക്ക് ബേങ്ക് ഇന്ന് പലയിടത്തും പ്രവര്ത്തിക്കുന്നുണ്ട്. മറ്റു കുട്ടികള്ക്ക് സ്വന്തം മുലപ്പാല്‍ ദാനമായോ പ്രതിഫലം വാങ്ങിയോ നല്കുക എന്ന ഇതിന്റെ ഏറ്റവും അടിസ്ഥാനമായ ആശയം പണ്ട് കാലം മുതലേ നിലവിലുണ്ട്. ബാബിലോണിയന് സംസ്കാരത്തിന്റെ സൂചികയായ കോഡ് ഓഫ് ഹെമുറാബിയില് വരെ ഇതേ കുറിച്ച് പരാമർശമുണ്ടത്രെ. 1909 ലാണ് മിൽക് ബേങ്ക് എന്ന ആശയത്തിന് തുടക്കം കുറിക്കുന്നത്. ലോകാരോഗ്യ സംഘടന വരെ പിന്തുണച്ച ഈ പദ്ധതി 2005 ല് തന്നെ 30ലേറെ രാഷ്ട്രങ്ങളില് നിലവില് വന്നിട്ടുണ്ട്. കേരളത്തിലും ഇത് തുടക്കം കുറിക്കുകയാണെന്ന വിവരം ഇയ്യിടെയായി പല മാധ്യമങ്ങളിലും കാണാനിടയായി.

വിവാഹം വരെ നിഷിദ്ധമാവുന്ന ബന്ധങ്ങൾക്ക് മുലകുടിയും കാരണമാണെന്നതിനാല്, ഇതേ തുടർന്ന് വരുന്ന കർമ്മശാസ്ത്ര നിയമങ്ങളെന്തെല്ലാമാണ് എന്ന് നമുക്ക് പരിശോധിക്കാം. 

ആദ്യമായി മുല കുടിയിലൂടെ ബന്ധം സ്ഥിരപ്പെടാനുള്ള നിബന്ധനകൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. ഒരു സ്ത്രീയുടെ മുലപ്പാല്‍ 2 വയസ് തികയാത്ത കുഞ്ഞിന്‍റെ ആമാശയത്തിലേക്ക് അഞ്ച് പ്രാവശ്യം എത്തിയെന്ന് ഉറപ്പാകുമ്പോഴാണ് മുലകുടിബന്ധം സ്ഥിരപ്പെടുന്നത് (ഫത്ഹുല്‍മുഈന്‍).

വായ വേർപെടുത്താതെ, ഒറ്റ പ്രാവശ്യം കുറേ നേരം മുല കുടിച്ചാലും അത് ഒരു പ്രാവശ്യമായേ പരിഗണിക്കൂ. എന്നാല്‍, കുടിച്ച് വായ എടുത്താല്, അത് ഒരു തുള്ളിയാണെങ്കിലും കുഞ്ഞിന്‍റെ വയറ്റിലെത്തിയാല് അത് ഒരു പ്രാവശ്യം കുടിച്ചതായി പരിഗണിക്കപ്പെടുന്നതുമാണ്.

സത്രീയുടെ മുലപ്പാല്‍ നേരിട്ട് കുടിക്കുന്നത് പോലെത്തന്നെ, പുറത്തെടുത്ത ശേഷം മറ്റുള്ളവയോട് കലര്‍ത്തിയോ പാല്‍ക്കട്ടിയാക്കിയോ അരിച്ചെടുത്തോ കുഞ്ഞിന് നല്‍കിയാലും മുലകുടിബന്ധം സ്ഥിരപ്പെടുന്നതാണ്.

എന്നാല്‍, ഒരു സ്ത്രീയുടെ മുലപ്പാല്‍ അഞ്ച് പ്രാവശ്യം കുഞ്ഞിന്‍റെ വയറ്റിലെത്തിയെന്ന് ഉറപ്പായാല്‍ മാത്രമേ മുലകുടിബന്ധം സ്ഥിരപ്പെടുകയുളളൂ. ഊഹം കൊണ്ടോ സംശയം കൊണ്ടോ സാധ്യത കൊണ്ടോ മുലകുടിബന്ധം സ്ഥിരപ്പെടില്ല (ഇആനത് 3-334, തുഹ്ഫ&ശര്‍വാനീ 8-334).

ഒരു വീട്ടില്‍ ഒരുപാട് സ്ത്രീകള്‍ ഒരുമിച്ച് കൂടുമ്പോള്‍ പലരും  അവരുടേതല്ലാത്ത മറ്റു കുട്ടികള്‍ക്കും മുലകൊടുക്കുന്ന പതിവുണ്ട്. സത്രീകള്‍ക്ക് അവര്‍ മുലകൊടുത്തത് അറിവുണ്ട്താനും. എങ്കിലും അഞ്ച് പ്രാവശ്യം കുടിച്ചതായി ഉറപ്പാവാത്ത സാഹചര്യത്തില്‍ അത് മേല്‍പറഞ്ഞ സംശയത്തില്‍ പെടുന്നതാണ്, അത് കൊണ്ട് മാത്രം മുലകുടിബന്ധം സ്ഥിരപ്പെടുകയുമില്ല. (ശര്‍വാനീ 8-334)

ഇനി നമുക്ക് മില്ക് ബേങ്കിന്റെ പ്രവര്ത്തന രീതികളൊന്ന് നോക്കാം. വിവിധ അമ്മമാർ സംഭാവന ചെയ്യുന്ന മുലപ്പാൽ ശേഖരിച്ച്, ആവശ്യമായ പരിശോധനകൾ നടത്തി , വിതരണം ചെയ്യുന്ന ഒരു സേവനമാണ് ഹ്യൂമൻ മിൽക്ക് ബാങ്ക് അല്ലെങ്കിൽ മുലപ്പാൽ ബാങ്ക് എന്ന പേരിലറിയപ്പെടുന്നത്. 

പാൽ ദാനം ചെയ്യാൻ തയ്യാറാകുന്ന അമ്മമാർ രക്തപരിശോധനയ്ക്ക് വിധേയരായി എച്ച്.ഐ.വി, ലുക്കേമിയ, ഹെപ്പറ്റെറ്റിസ് ബി, ഹെപ്പറ്റെറ്റിസ് സി, സിഫിലിസ് തുടങ്ങിയ രോഗങ്ങളില്‍ നിന്ന് മുക്തരാണെന്ന് ഉറപ്പ് വരുത്തിയ ശേഷം പാൽ ശേഖരണം, സംഭരണം, വിതരണം എന്നിവയാണ് മുലപ്പാല്‍ ബാങ്ക് വഴി നടത്തപ്പെടുന്നത്.

പാസ്ചുറൈസേഷന്റെ ഭാഗമായി, 3 മുതൽ 5 വരെ ദാതാക്കളിൽ നിന്നുള്ള പാൽ ഒരുമിച്ച് കലർത്താറാണ് ഇതിലെ രീതി. ഓരോ അമ്മമാരുടെ പാലും, പോഷകഘടകങ്ങള്, കൊഴുപ്പ് തന്മാത്രകള് തുടങ്ങിയ ചേരുവകളില് വ്യത്യസ്തമായിരിക്കുമെന്നതിനാല്, കുട്ടികളെ അത്തരം വ്യത്യാസങ്ങള് ബാധിക്കാതിരിക്കാനാണത്രെ ഇങ്ങനെ ചെയ്യുന്നത്. സാധാരണ രീതിയിൽ, മുലപ്പാൽ ആരിൽ നിന്ന് ലഭിച്ചു, ആർക്ക് കൊടുത്തു എന്ന വിവരം ബേങ്ക് അധികൃതര് പരസ്യപ്പെടുത്തുകയോ കൈമാറുകയോ ചെയ്യാറില്ല.

പ്രസവിക്കപ്പെട്ട കുഞ്ഞിന്‍റെ മാതാവിന് പാല്‍ നല്‍കാന്‍ കഴിയാതാവുമ്പോഴോ ആരോഗ്യപ്രശ്ണങ്ങളുണ്ടാവുമ്പോഴോ കുഞ്ഞിന്‍റെ ആരോഗ്യകുഴപ്പങ്ങള്‍ കാരണമോ ഒക്കെയാണ് മുലപ്പാല്‍ ബാങ്കിനെ ആശ്രയിക്കേണ്ടിവരാറുള്ളത്. അത് കൊണ്ട് തന്നെ, ഇത്തരം സ്ഥാപനങ്ങളിൽ  നിന്നും കുഞ്ഞുങ്ങൾ മുലപ്പാൽ സ്വീകരിക്കുന്നതിന് ഇസ്‌ലാമികമായി വിലക്കൊന്നും കാണുന്നില്ലെന്ന് ആദ്യമേ പറയട്ടെ.

ഇത്തരം മുലകുടിയിലൂടെ മുലകുടി ബന്ധം സ്ഥിരപ്പെടുമോ എന്നതാണ് അടുത്ത കാര്യം. മുലപ്പാല്‍ ബാങ്കില്‍ നിന്നും പാല്‍ കുടിച്ച കുട്ടി, ഏതെങ്കിലും ഒരു സ്തീയുടെ മുലപ്പാല്‍ അഞ്ച് പ്രാവശ്യം കുടിച്ചിട്ടുണ്ട് എന്ന് നൂറ് ശതമാനം ഉറപ്പ് ലഭിക്കുന്ന പക്ഷം, ആ സ്ത്രീയുമായി കുട്ടിക്ക് മുലകുടി ബന്ധം സ്ഥാപിതമാവുമെന്ന് മേല്പറഞ്ഞതില് നിന്ന് മനസ്സിലാക്കാമല്ലോ. അങ്ങനെ സ്ഥാപിതമായാല് ആ സ്ത്രീ കുട്ടിയുടെ മുലകുടി ബന്ധത്തിലൂടെയുള്ള ഉമ്മയായും ആ മുലപ്പാലിന്റെ ഉത്തരവാദിയായ ഭര്ത്താവ് കുട്ടിയുടെ ഉപ്പയായും അവരുടെ മക്കള് സഹോദരങ്ങളായുമെല്ലാം പരിഗണിക്കപ്പെടുന്നതാണ്. 

എന്നാല് അതേ സമയം, ഇത്തരം ഉറപ്പ് ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് നിലവിലെ ബേങ്കുകളുടെ പ്രവര്ത്തനരീതികള് നോക്കുമ്പോള് മനസ്സിലാകുന്നത്. അത് കൊണ്ട് തന്നെ, അത്തരം സാഹചര്യങ്ങളില്‍ മുലകുടിബന്ധം സ്ഥിരപ്പെടില്ല എന്ന് പറയേണ്ടിവരും. 

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.


No comments:

Post a Comment