Saturday 6 January 2024

എങ്ങനെയാണ് തയമ്മം ചെയ്യണ്ടത് ഒന്ന് വിശദീകരിക്കാമോ

 

മണ്ണ്, ചരൽ, കല്ല് തുടങ്ങിയ ഭൂമിയുടെ ഭാഗങ്ങളായ വസ്തുക്കളിൽ അടിച്ച് കൊണ്ടാണ് തയമ്മും ചെയ്യേണ്ടത്.

വള, വാച്ച്, മോതിരം തുടങ്ങി കൈയുടെ മുട്ടുവരെ ധരിച്ച വസ്തുക്കളും മാസ്ക് പോലെ മുഖത്ത് ധരിച്ച വസ്തുക്കളും ഊരിമാറ്റുക. തടകുമ്പോൾ തൊലിയിൽ സ്പർശിക്കുന്നതിന് തടസ്സമാകുന്ന മെഴുക്, മാവ്, പെയിന്റ് തുടങ്ങിയ വസ്തുക്കളും നീക്കം ചെയ്യുക.

അശുദ്ധിയിൽ നിന്ന് ശുദ്ധിയാക്കുന്നു, അശുദ്ധിയെ ഉയർത്തുന്നു, നിസ്കാരത്തെ ഹലാലാക്കുന്നതിന് തയമ്മും ചെയ്യുന്നു എന്ന് തുടങ്ങിയ ഏതെങ്കിലും ഒരു നിയ്യത്തോട് കൂടെ രണ്ട് കൈകൾ മണ്ണ് പോലുള്ള മുമ്പ് പറഞ്ഞ വസ്തുവിൽ അടിക്കുക. മുഖം നാല് അതിർത്തിയും ചേർത്ത് പൂർണ്ണമായും തടകുക. രണ്ട് പുരികത്തിന്റെ ഇട ഭാഗം, കണ്ണിന്റെ കുഴിഞ്ഞ വശങ്ങൾ, മൂക്കിന്റെയും വായയുടെയും ഇട ഭാഗം തുടങ്ങി മുഖത്തിന്റെ അതിർത്തിക്കകത്തുള്ള തൊലിയും രോമങ്ങളെ പുറംഭാഗവും പൂർണ്ണമായും തടകലിൽ ഉൾപ്പെടണം. രണ്ട് കയ്യിന്റേയും മദ്യ വിരൽ അഗ്രങ്ങൾ ചേർത്തുപിടിച്ച് രണ്ട് കൈകളും മുഖത്തിന് ഏറ്റവും മുകൾഭാഗത്ത് അമർത്തിവെച്ച് മുഖത്തിന്റെ എല്ലാ ഭാഗവും സ്പർശിക്കുന്ന രീതിയിൽ താഴോട്ട് തടകി പൂർത്തീകരിക്കാവുന്നതാണ്.

ശേഷം രണ്ട് കൈയും കൂട്ടി ഒന്നുകൂടി മണ്ണ് പോലുള്ള മുമ്പ് പറഞ്ഞ വസ്തുവിൽ അടിക്കുക. രണ്ട് കെെയ്യും വിരലുകളുടെ അഗ്രം മുതൽ മുട്ട് വരെ പൂർണ്ണമായും തൊലിയും രോമങ്ങളുടെ പുറംഭാഗവും തടകുകയാണ് വേണ്ടത്. ഇടത് കെെയ്യുടെ വിരൽ ഭാഗം വലതുകൈയ്യിന്റെ വിരലുകളുടെ പുറത്ത് അമർത്തിവെച്ച് മുട്ട് ഭാഗത്തേക്ക് ചലിപ്പിച്ച് അവിടെ എത്തുമ്പോൾ ഇടത് കെെയ്യ് ഉള്ളിലേക്ക് കറക്കി ഉള്ളൻ കൈയ്യ്  സ്പർശിക്കുന്ന രീതിയിൽ മുന്നോട്ട് തടകി തള്ളവിരലിന്റെ പുറത്തുകൂടി തടകി അവസാനിപ്പിക്കുക. വലതുകൈയ്യിന്റെ ഉൾ ഭാഗം മണ്ണിൽ അടിച്ചത് ആയതുകൊണ്ട് അവിടെ സ്പർശിക്കരുത്. ഇനി വലതു കൈ വിരൽ ഇടതു കെെയ്യ് വിരലുകളുടെ പുറത്ത് അമർത്തിവെച്ച് മുട്ടു ഭാഗത്തേക്ക് ചലിപ്പിച്ച് അവിടെ എത്തുമ്പോൾ കെെയ്യ് കറക്കി ഉള്ളം കൈയ്യ് സ്പർശിക്കുന്ന രീതിയിൽ മുന്നോട്ട് തടകി തള്ളവിരലിന്റെ പുറത്തുകൂടി തടകി അവസാനിപ്പിക്കുക. രണ്ട് ഉള്ളം കൈകൾ പരസ്പരം തടകുകയും വിരലുകൾ കോർത്ത് തടകുകയും ചെയ്യുക. വിരലുകളുടെ അഗ്രം മുതൽ മുട്ട് വരെയുള്ള എല്ലാ ഭാഗവും  തടകിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക.

(ഹാശിയതു ത്വഹ്ത്വാവീ പേ: 111-126)


No comments:

Post a Comment