Monday 25 February 2019

കെട്ടിടം പണിയാന്‍ പഴയ ഖബ്ര്‍ മാന്തിയാലോ



ഞങ്ങളുടെ ജുമുഅത്തു പള്ളിയോട് തൊട്ടുകിടക്കുന്ന സ്ഥലത്ത് പുരാതനകാലം മുതല്‍ക്കേ മുസ്ലിംകളുടെ മയ്യിത്ത് മറവ് ചെയ്യാറുണ്ട്.ഇപ്പോൾ മറവ് ചെയ്യല്‍ പതിവുമുണ്ട്.ഇപ്പോള്‍ പ്രസ്തുത ഖബ്റുകള്‍ മാന്തി ചില ഖബ്റുകളിലുള്ള എല്ലുകളും മറ്റും പെറുക്കിയെടുത്ത് വേറെ സ്ഥലത്ത് കുഴിച്ചുമൂടുകയും ചെയ്തിട്ടുണ്ട്. പള്ളിയോട് ചേർത്ത് കെട്ടിടം പണിയലാണ് അതിൻറെ ഉദ്ദേശ്യം.ഇത് ശാഫിഈ മദ്ഹബ് പ്രകാരം ജാഇസാകുമോ? ഖബ്ര്‍ സ്ഥാനത്ത് പണിത കെട്ടിടം പൊളിക്കേണ്ടതുണ്ടോ? നമസ്കരിക്കാൻ വേണ്ടി ആ കെട്ടിടം നിലനിര്‍ത്തല്‍ അനുവദനീയമാവുമോ?


ചോദ്യത്തിൽ പ്രസ്താവിച്ച സ്ഥലം മുസബ്ബലത്താണ്.മുസബ്ബലത്ത് എന്നാല്‍ നാട്ടുകാർ മറവുചെയ്യൽ പതിവാക്കിയ സ്ഥലമാണ്. അതിൻറെ അടിസ്ഥാനവും ദായകനും അറിയപ്പെടട്ടേ അറിയപ്പെടാതിരിക്കട്ടെ (തുഹ്ഫ: 3-198).

മുസബ്ബലത്തായ സ്ഥലത്ത് മറവ് ചെയ്ത മയ്യിത്ത് നുരുമ്പിയാലല്ലാതെ വേറെ മയ്യിത്ത് മറവ് ചെയ്യാൻ വേണ്ടി ഖബ്ർ മാന്താവുന്നതല്ല.നുരുമ്പുകയും ശേഷം മറവു ചെയ്യുകയും ചെയ്താൽ തന്നെ അതിന്‍റെ മുകളിൽ കെട്ടിടം മുതലായവ പണിയാൻ പാടില്ലാത്തതാണ്. മയ്യിത്ത് ജീർണിച്ച് മണ്ണായാൽ ഖബ്ർ മാന്തി മറവു ചെയ്യൽ അനുവദനീയമാണ്. പക്ഷേ, മുസബ്ബലത്തായിടത്ത് ഖബ്ര്‍ അണ്ടാതിപ്പ് (കെട്ടിടം പണിയല്‍ കൊണ്ടും മറ്റും) മുതലായവ പാടില്ലാത്തതാണ്. (തുഹ്ഫ:3-206). അങ്ങനെ മാന്തുമ്പോൾ ആദ്യത്തെ മയ്യിത്തിന്‍റെ എല്ലുകൾ കണ്ടാൽ ഉടനെ ആ ഖബ്ർ മണ്ണിട്ടു മൂടേണ്ടതാണ്. ഖബ്ർ മാന്തിക്കഴിഞ്ഞ ശേഷമാണ് എല്ലുകൾ കണ്ടതെങ്കിൽ ആ എല്ലുകൾ ഒരു ഭാഗത്ത് വെച്ച് പുതിയ മയ്യിത്ത് അതോടൊന്നിച്ച് മറവുചെയ്യൽ അനുവദനീയമാണ്.(ശര്‍വാനി: 3-206).

പഴയ ഖബ്ർ മാന്തിയ സ്ഥലത്തും പുതിയ ഖബ്റിന്‍റെ മുകളിലും നമസ്കരിക്കൽ കറാഹത്താണ്. ത്വാഹിറായ മഖ്ബറയിൽ നമസ്കരിക്കൽ കറാഹത്താണ്. മഖ്ബറ മാന്തിയതായി അറിയപ്പെടാതിരിക്കുകയോ മാന്തിയിട്ടുണ്ടെങ്കിൽ മുകളിൽ വിരിപ്പ് വിരിക്കുകയോ ചെയ്ത മഖ്ബറയെ സംബന്ധിച്ചാണ് ത്വാഹിറ് എന്ന് പറയുന്നത്. (തുഹ്ഫ: 2-167)

പഴയ ഖബ്ർ മാന്തിയ സ്ഥലത്തുണ്ടാക്കിയ കെട്ടിടം പൊളിച്ചു നീക്കൽ നിർബന്ധമാണ്. മുസബ്ബലിൽ പണിയപ്പെട്ട ഏതു കെട്ടിടവും പൊളിക്കപ്പെടേണ്ടതുമാണ്. (ഫതാവൽ കുബ്റാ: 3-277). മുസബ്ബലായ സ്ഥലത്ത് എടുക്കപ്പെട്ട കെട്ടിടങ്ങൾ പൊളിക്കപ്പെടേണ്ടതാണ്.(മിന്‍ഹാജ്:3-198). ആ പൊളിക്കൽ വുജൂബാണെന്ന് തുഹ്ഫയിലും പറഞ്ഞിട്ടുണ്ട്.

കറാഹത്ത് ചെയ്യാൻ വേണ്ടി (നമസ്കരിക്കാൻ വേണ്ടി) വുജൂബ് (കെട്ടിടം പൊളിക്കൽ) ഒഴിവാക്കൽ പാടുള്ളതല്ല.അതുകൊണ്ട് മുസബ്ബലത്തിലുണ്ടാക്കിയ ആ കെട്ടിടം നിലനിർത്താൻ പാടില്ലാത്തതാണ്.

മുഫ്തി: താജുല്‍ ഉലമാ സ്വദഖതുല്ലാഹ് മുസ്ലിയാര്‍.
(സമ്പൂര്‍ണ്ണ ഫതാവാ പേജ്: 318).

No comments:

Post a Comment