Saturday 23 February 2019

ബിലാലിബ്നു റബാഹ് (റ)








കൊടുംവേനലിന്റെ  കടുത്ത  വെയിലില്‍  ചുട്ടു പഴുത്ത  മണലാരണ്യത്തില്‍  നഗ്നനായി മലര്‍ത്തിക്കിടത്തി നെഞ്ചത്തു പൊള്ളുന്ന പാറക്കല്ലുവച്ചു കാലുകളിലും കൈകളിലും കഴുത്തിലും കയര്‍കെട്ടി അങ്ങോട്ടും ഇങ്ങോട്ടും വലിച്ച് അവര്‍ ബിലാലിനെ പീഡിപ്പിച്ചുകൊണ്ടിരുന്നു. ഖുറൈശി കുലദൈവങ്ങളെ ഉപേക്ഷിച്ചു മുഹമ്മദ് നബി(സ) പറഞ്ഞുകൊടുത്ത യഥാര്‍ഥ ദൈവത്തില്‍ വിശ്വസിച്ചു എന്നതായിരുന്നു ആ മര്‍ദ്ദകര്‍ക്കു ബിലാലിനെതിരേ ആരോപിക്കാനുണ്ടായിരുന്ന അപരാധം.


ലോകചരിത്രത്തില്‍ ഒരു മഹാവിസ്മയമായിത്തീര്‍ന്ന ബിലാലുബ്നു റബാഹ് ഒരു അബ്സീനിയക്കാരനായാണു ജനിച്ചത്; കറുത്ത വര്‍ഗത്തില്‍പ്പെട്ട ഒരു ആഫ്രിക്കന്‍ നീഗ്രോ. ആരോ പിടിച്ചുകൊണ്ടുവന്ന് അറബി പ്രമാണിമാര്‍ക്കു വിറ്റ അടിമകളുടെ കൂട്ടത്തില്‍പ്പെട്ടതായിരുന്നു ബിലാലിന്റെ മാതാവ്. മക്കയിലെ പ്രമുഖമായ ജുമുഹ് ഗോത്രക്കാരായിരുന്നു ബിലാലിന്റെയും മാതാവിന്റെയും മുതലാളിമാര്‍. യാതൊരു മനുഷ്യാവകാശവും ദാസന്മാര്‍ക്ക് അനുവദിച്ചു കൊടുക്കാത്ത ഉമയ്യത്തുബ്നു ഖലഫ് ആയിരുന്നു ഗോത്രനേതാവ്. അയാളുടെ കീഴില്‍ മൃഗങ്ങളേക്കാള്‍ കഷ്ടമായ രീതിയില്‍ പീഡിതജീവിതം നയിച്ചുകൊണ്ടിരിക്കേയാണു മുഹമ്മദ് എന്ന പ്രവാചകനെക്കുറിച്ചു ബിലാല്‍ അറിയാനിടയായത്.


പ്രവാചകനെക്കുറിച്ചു കിട്ടാവുന്ന വിവരങ്ങളെല്ലാം  ബിലാല്‍ സൂക്ഷ്മമായി ശേഖരിച്ചിരുന്നു.  ഗോത്രയജമാനന്മാരും കൂട്ടുകാരും അവരുടെ സന്ദര്‍ശകരും മുഹമ്മദ് നബി (സ)യെക്കുറിച്ചു വെറുപ്പും വിദ്വേഷവും കലര്‍ന്ന സ്വരത്തില്‍ സംസാരിക്കുന്നതു ബിലാല്‍ പലപ്പോഴും ശ്രദ്ധിച്ചിരുന്നു.  അതിനിടയിലും അവര്‍ നബി (സ)യുടെ സത്യസന്ധത, സല്‍സ്വഭാവം, വിവേകം തുടങ്ങിയവയെക്കുറിച്ചു പുകഴ്ത്തിപ്പറഞ്ഞതു ബിലാലിനെ അതിശയിപ്പിച്ചു.


ഒടുവില്‍ ഒരുദിനം മുഹമ്മദ്നബി(സ)യെ നേരിട്ടു കാണാന്‍തന്നെ തീരുമാനിച്ച ബിലാല്‍ പ്രവാചകസന്നിധിയിലെത്തി. പ്രവാചകന്‍ പറഞ്ഞതെല്ലാം ബോധ്യംവന്ന ബിലാല്‍ ഉടന്‍തന്നെ ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. വിഷയം നാട്ടില്‍ പാട്ടാവാന്‍ ഏറെ നാളൊന്നും വേണ്ടിവന്നില്ല. ധനത്തിന്റെയും ആഭിജാത്യത്തിന്റെയും പേരില്‍ പൊങ്ങച്ചം നിനച്ചു നടന്നിരുന്ന ജുമുഹ് ഗോത്ര മേലാളന്മാര്‍ക്കു ബിലാലിന്റെ ഇസ്ലാംസ്വീകരണം സഹിക്കാവുന്നതിനപ്പുറമായിരുന്നു. അവര്‍ മുഹമ്മദിനെ എല്ലാ നിലയ്ക്കും എതിര്‍ക്കുമ്പോള്‍ അവരുടെ ഒരു ദാസന്‍ മുഹമ്മദിന്റെ അനുയായിയാവുക, ആ അപമാനത്തില്‍നിന്നു മോചനം ലഭിക്കാന്‍ ബിലാലിനെ പിന്തിരിപ്പിച്ചേ തീരൂ. അതിനു കഴിയില്ലെന്നു മനസ്സിലായപ്പോള്‍ അവര്‍ ക്രൂരമായ മര്‍ദ്ദനമുറകള്‍ അഴിച്ചുവിട്ടു. പകല്‍ മുഴുവന്‍ മരുഭൂമിയിലെ ചുട്ടുപഴുത്ത മണലില്‍, രാത്രിയായാല്‍ കഴുത്തില്‍ കയറുകെട്ടി കുട്ടികളെക്കൊണ്ടു തെരുവീഥിയിലൂടെ വലിച്ചിഴപ്പിക്കും. അപ്പോഴൊക്കെ ബിലാല്‍ "അഹദ്, അഹദ്'' (അല്ലാഹു ഏകന്‍) എന്നു മാത്രം ഉരുവിട്ടുകൊണ്ടിരുന്നു. മര്‍ദ്ദകര്‍ക്കു മടുക്കുമ്പോള്‍ അവര്‍ ബിലാലിനോടു പറയും: "എന്റെ റബ്ബ് ലാത്തയും ഉസ്സയുമാണെന്നു പറഞ്ഞാല്‍, ബിലാല്‍, ഞങ്ങള്‍ താങ്കളെ വിട്ടയയ്ക്കാം.'' പക്ഷേ, "അഹദ്'' എന്നതായിരുന്നു അപ്പോഴും ബിലാലിന്റെ മറുപടി. ഒരിക്കല്‍, ഉമയ്യത്തു ബിന്‍ ഖലഫിന്റെ മുന്നില്‍വച്ചു മര്‍ദ്ദകരുടെ ആവശ്യം ബിലാല്‍ ശക്തമായി നിഷേധിച്ചുകൊണ്ട് അഹദ് എന്ന് ഉച്ചത്തില്‍ രണ്ടുമൂന്നു പ്രാവശ്യം വിളിച്ചപ്പോള്‍ അയാള്‍ ബിലാലിനെ ആഞ്ഞുചവിട്ടി, എന്നിട്ട് അലറിക്കൊണ്ടു പറഞ്ഞു:


"ഈ നശിച്ച അടിമ നമ്മളെ വല്ലാത്ത അപകടത്തിലാണു വീഴ്ത്തിയത്. ലാത്തയും ഉസ്സയുംതന്നെ സത്യം, ഇവനെ ഞാന്‍ അടിമകള്‍ക്കും ഉടമകള്‍ക്കും ഒരു പാഠമാക്കുകതന്നെ ചെയ്യും.'' അതിനു ബിലാല്‍ "അഹദ്'' എന്നുതന്നെ മറുപടി പറഞ്ഞു.


ഇടതടവില്ലാതെ അങ്ങനെ മര്‍ദ്ദനം നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ അതുകാണാനിടയായ അബൂബക്കര്‍ ബിലാലിനെ യജമാനനായ ഉമയ്യത്ത്ബ്നു ഖലഫില്‍നിന്നു പണം കൊടുത്തു മോചിപ്പിക്കാന്‍ തയ്യാറായി. ബിലാലിന്റെ കാര്യത്തില്‍ ഏറെ വിഷമിച്ചുനിന്ന ഉമയ്യത്തിന് അബൂബക്കറിന്റെ നിര്‍ദേശം സ്വീകാര്യമായി. സ്വര്‍ണനാണയങ്ങള്‍ കൊടുത്ത് അബൂബക്കര്‍ ബിലാലുമായി തിരിക്കുമ്പോള്‍ ഉമയ്യത്ത് പറഞ്ഞു: "ഒരു സ്വര്‍ണനാണയമേ തരൂ എന്നു താങ്കള്‍ ശഠിച്ചിരുന്നെങ്കില്‍പ്പോലും ഞാനവനെ താങ്കള്‍ക്കു വില്‍ക്കാതിരിക്കുമായിരുന്നില്ല.'' ആ പരാമര്‍ശത്തില്‍ ബിലാലിന്റെ അന്തസ്സിനെ കുത്തുന്ന ദുസ്സൂചനകള്‍ ഉണ്െടന്നു തോന്നിയ അബൂബക്കര്‍ തിരിച്ചടിച്ചു: "നിങ്ങള്‍ നൂറു സ്വര്‍ണനാണയങ്ങള്‍ വേണമെന്നു ശഠിച്ചിരുന്നെങ്കില്‍ ഞാനതു നല്‍കുമായിരുന്നു.''

അങ്ങനെ കഷ്ടപ്പാടുകള്‍ക്കു ശേഷം ബിലാല്‍ സ്വതന്ത്രനായ മുസ്ലിമായി. പ്രവാചകന്റെ അടുത്ത അനുയായികളിലൊരാളായി. മദീനയില്‍ കാലുറപ്പിച്ച നവമുസ്ലിം സമൂഹത്തിന്റെ നമസ്കാരത്തിനു ബാങ്ക് നിയമമായപ്പോള്‍ ഇസ്ലാമിലെ ആദ്യത്തെ മുഅദ്ദിനായി പ്രവാചകന്‍ നിയമിച്ചതു ബിലാലിനെയായിരുന്നു. കര്‍ണാനന്ദകരമായ ബിലാലിന്റെ ബാങ്കൊലികള്‍ സത്യവിശ്വാസികളെ കുറച്ചൊന്നുമല്ല ആവേശഭരിതരാക്കിയത്. ബിലാല്‍ ആദ്യമായി ഉയര്‍ത്തിയ അഹദ് എന്ന വാക്യമായിരുന്നു ബദ്ര്‍ യുദ്ധക്കളത്തിലെ മുദ്രാവാക്യമായി പ്രവാചകന്‍ തിരഞ്ഞെടുത്തത്.


ഖുറൈശികളും മുസ്ലിംകളും ബദ്റില്‍ ഏറ്റുമുട്ടുമ്പോള്‍ മുസ്ലിം ഭാഗത്തുനിന്ന് അഹദ്, അഹദ് എന്ന് ഉച്ചത്തില്‍ മുഴങ്ങിക്കൊണ്ടിരുന്നു. ഖുറൈശിപ്പടയില്‍ ബിലാലിന്റെ പഴയ മുതലാളി ഉമയ്യത്ത് ഉണ്ടായിരുന്നു. മക്കയിലെ മരുഭൂമിയില്‍ കുഴിച്ചുമൂടാന്‍ താന്‍ ശ്രമിച്ച ആ ആപ്തവാക്യം ഇന്ന് ഒരു സമൂഹത്തിന്റെ മുഴുവന്‍ മുദ്രാവാക്യമായി മാറിയിരിക്കുന്നുവെന്നുകണ്ട ഉമയ്യത്ത് അതിലൂടെ തന്റെ അന്ത്യവും ഭയപ്പെട്ടിരുന്നു. ഉമയ്യത്ത് ഭയപ്പെട്ടതുപോലെത്തന്നെ സംഭവിച്ചു. ഖുറൈശിപ്രമുഖര്‍ ഓരോന്നായി പോര്‍ക്കളത്തില്‍ കാലിടറി വീണുകൊണ്േടയിരുന്നു. ഉമയ്യത്തിന്റെ ഊഴം എത്തിയപ്പോള്‍ അയാള്‍ അഭയംതേടി അബ്ദുറഹ്മാന്‍ ബിന്‍ ഔഫിനെ സമീപിച്ചു. പക്ഷേ, അതൊരു വിഫലശ്രമമായിരുന്നു. ബിലാലിന്റെ ശക്തമായ ഇടപെടലും ആഹ്വാനവും ഉണ്ടായപ്പോള്‍ ഒരു സംഘം മുസ്ലിം പടയാളികള്‍ ഓടിയെത്തി. ഉമയ്യത്തും അയാളുടെ മകനും വാളുകള്‍ക്കിരയായി. അപ്പോഴും ബദ്റിന്റെ താഴ്വരയില്‍ അഹദ് എന്ന് ഉച്ചത്തില്‍ മുഴങ്ങിക്കൊണ്ടിരുന്നു.

കാലം മുന്നോട്ടുനീങ്ങി. അങ്ങനെ, മക്കാ വിമോചന ദിനം വന്നു. അതും ഒരു റമദാനിലായിരുന്നു. പ്രവാചകനും പതിനായിരത്തിലധികം വരുന്ന അനുയായികളും ജേതാക്കളായി പരിശുദ്ധ മക്കയില്‍ പ്രവേശിച്ചു. കഅ്ബയിലേക്കു കടക്കാന്‍ പ്രവാചകനോടൊപ്പം ബിലാലുമുണ്ടായിരുന്നു. അവിടെയുള്ള ശിലാവിഗ്രഹങ്ങളും ചിത്രീകരണങ്ങളും പുറത്തേക്കെറിയാന്‍ പ്രവാചകന്‍ കല്‍പ്പിച്ചു. പ്രവാചകന്‍ ബിലാലിന്റെ നേരെ നോക്കി. കഅ്ബയുടെ മുകളില്‍ക്കയറി ബാങ്ക് വിളിക്കാന്‍ ബിലാലിനോടു നിര്‍ദേശിച്ചു. ശ്രുതിമധുരമായ ആ ബാങ്കുവിളികേട്ട പരസഹസ്രം അതേറ്റുപറഞ്ഞു. പ്രവാചകന്‍ അന്നു ബിലാലിനു നല്‍കിയ ആ പദവി ഇസ്ലാമിക മാനവിക സങ്കല്‍പ്പത്തിലെ സമത്വ വിഭാവനയുടെ മഹാപ്രകടനമായിരുന്നു.


പ്രവാചകന്റെകൂടെ എല്ലാ യുദ്ധങ്ങളിലും ബിലാല്‍ പങ്കെടുത്തിരുന്നു. അവസാനംവരെ അല്ലാഹുവിന്റെ മാര്‍ഗത്തിലെ ഒരു സജീവ മുജാഹിദായിരിക്കാനാണു ബിലാല്‍ ആഗ്രഹിച്ചത്. പ്രവാചകന്റെ വിയോഗാനന്തരം ഖലീഫാ അബൂബക്കറിനോടു ബിലാല്‍ അനുവാദം വാങ്ങി സിറിയയിലേക്കു പോയെന്നാണു പ്രബലമായ അഭിപ്രായം. പ്രവാചകന്റെ വിയോഗാനന്തരം മദീനയില്‍നിന്നു ബാങ്കുവിളിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. ബാങ്കില്‍ പ്രവാചകന്റെ പേരുപറയുമ്പോള്‍ ബിലാലിന്റെ കണ്ഠം ഇടറുകയും കണ്ണുകള്‍ നിറയുകയും ശബ്ദം നിലച്ചുപോവുകയും ചെയ്യുമായിരുന്നു എന്നു റിപോര്‍ട്ടുകള്‍ പറയുന്നു. ഖലീഫാ ഉമറിന്റെ സിറിയന്‍ സന്ദര്‍ശനകാലത്ത് അദ്ദേഹത്തിന്റെ അഭ്യര്‍ഥന മാനിച്ചു ബിലാല്‍ ഒരിക്കല്‍കൂടി ബാങ്കുവിളിച്ചപ്പോള്‍ എല്ലാവരും കരഞ്ഞു. കൂടുതല്‍ കരഞ്ഞതു ഖലീഫയായിരുന്നു.


അന്ത്യശ്വാസംവരെ ധീരയോദ്ധാവായിരുന്ന ബിലാലിനോട് ഒരിക്കല്‍ പ്രവാചകന്‍(സ) പറയുകയുണ്ടായി, "ബിലാലേ, താങ്കളുടെ കാലൊച്ച ഞാന്‍ സ്വര്‍ഗത്തില്‍ നിന്നു ശ്രവിച്ചു'' എന്ന്. ആ വാക്ക് ബിലാലിനുള്ള സ്വര്‍ഗവാഗ്ദാനമായിരുന്നു. എല്ലാ മനുഷ്യര്‍ക്കും എല്ലാ അനുഭവങ്ങളും അനുഗ്രഹങ്ങളായിരിക്കില്ല. പക്ഷേ, സത്യവിശ്വാസിക്ക് എല്ലാ അനുഭവങ്ങളും ഒടുവില്‍ അനുഗ്രഹങ്ങളായിരിക്കും എന്നാണ് അല്ലാഹു പഠിപ്പിക്കുന്നത്. അതിനാലാണു നന്മയില്‍ നന്ദി കാണിക്കുകയും തിന്മയില്‍ ക്ഷമ പാലിക്കുകയും ചെയ്യാന്‍ പ്രവാചകന്‍ പഠിപ്പിച്ചത്. ബിലാലിനെപ്പോലെ ധാരാളം പീഡനങ്ങളും തിക്താനുഭവങ്ങളും ജീവിതത്തിലുണ്ടായ അനുഗൃഹീത പുണ്യാത്മാക്കളുടെ കഥകള്‍ ഖുര്‍ആനിലും അല്ലാഹു ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അല്ലാഹുവില്‍ വിശ്വസിച്ചും അവന്റെ മാര്‍ഗത്തില്‍ ഉറച്ചുനിന്നും പ്രതിബന്ധങ്ങളെ അതിജയിക്കാന്‍ ശ്രമിക്കുമ്പോള്‍ സത്യവിശ്വാസികള്‍ക്ക് അനുഭവങ്ങളെല്ലാം അനുഗ്രഹങ്ങളാകുന്നത് അല്ലാഹുവിന്റെ നടപടിക്രമത്തിന്റെ ഭാഗമാണ്. സത്യവിശ്വാസവീഥിയിലെ വിഷമങ്ങള്‍ വേഷംമാറി വരുന്ന അനുഗ്രഹങ്ങളാണെന്നു ശഹീദ് സയ്യിദ് ഖുതുബ് ഒരിക്കല്‍ പറയുകയുണ്ടായി. അതു തിരിച്ചറിയാന്‍ കഴിയുക എന്നതാണു ശാന്തമായ ജീവിതത്തിനു മാറ്റു കൂട്ടുന്നത്.


ഇനി ബിലാൽ (റ) ജീവിത ചരിത്രത്തിലേക്ക് കടക്കാം

റബാഹ് 





വിശാലമായ മരുഭൂമി നിശയുടെ ആലസ്യത്തിൽ നിന്ന് മെല്ലെ ഉണരുകയാണ് കിഴക്കൻ ചക്രവാളത്തിൽ നേർത്ത പ്രകാശം പരന്നു ഒട്ടകങ്ങൾ ഉറക്കം വിട്ടുണർന്നു കഴിഞ്ഞു കിഴക്കൻ മലകൾക്കിടയിലൂടെ നേർത്ത വെളിച്ചം മണൽപരപ്പിൽ ചിതറിവീണു

ഒരുപകലിന്റെ പിറവി .റബാഹ് ഉണർന്നിട്ട് നേരം വളരെയായി വെട്ടം വീഴുംവരെ ഉറങ്ങാൻ അടിമക്ക് അവകാശമില്ല രാത്രി വളരെ വൈകുംവരെ കഠിനമായ ജോലിയാണ് എത്ര വൈകിക്കിടന്നാലും നേരത്തെ ഉണരണം

ഈ ശരീരം യജമാനനുള്ളതാണ് പണിയെടുക്കുക അത് മാത്രമാണ് തന്റെ ജീവിതലക്ഷ്യം വിശ്രമം തനിക്കു പറഞ്ഞിട്ടില്ല പാതിരാത്രികഴിയുമ്പോൾ ശരീരം ക്ഷിണിച്ചു തളർന്നു വീഴും ബോധമില്ലാത്ത ഉറക്കം അതിരാവിലെ ഞെട്ടിയുണരും പണി തുടങ്ങും കഠിനമായി ജോലി
അറിയാതെ ഒന്നുറങ്ങിപ്പോയാലോ?

ചാട്ടവാറിന്റെ അടി

യജമാനന്റെ കൈക്ക് എത്ര ശക്തിയുണ്ടെന്ന് അപ്പോളറിയാം കൈയുടെ ബലം പോലിരിക്കും അടിയുടെ ഊക്ക്

ഇത് റബാഹിന്റെ മാത്രം കഥയല്ല എല്ലാ അടിമകളുടെയും കഥയാണിത് ഈ മക്കാപട്ടണത്തിൽ എന്തുമാത്രം അടിമകളുണ്ട് പുറം നാടുകളിൽ നിന്ന് വിലക്ക് വാങ്ങിക്കൊണ്ട് വന്ന അടിമകൾ കാലികളെപ്പോലെ വിലക്കു വാങ്ങി നിർത്തുന്നു ജോലി ചെയ്യിക്കാൻ

പേരിനൽപം വസ്ത്രം , ശരീരം മുഴുവൻ മറയില്ല.
കൊടും തണുപ്പിൽ പുതക്കാനൊരു നല്ല പുതപ്പുപോലും കാണില്ല മുതലാളിമാർ ഉപേക്ഷിച്ച പഴകിക്കീറിയ പുതപ്പുകളാണ് കിട്ടുക

വല്ലപ്പോഴും കിട്ടുന്ന ആഹാരം .ആഹാരം അങ്ങോട്ടു ചോദിക്കാൻ അവകാശമില്ല.

കിട്ടുമ്പോൾ കഴിക്കാം വസ്ത്രം കിട്ടിയാൽ ധരിക്കാം വിശ്രമം വളരെ പരിമിതം

യജമാനന്മാരിൽ കരുണയുള്ളവർ കുറവാണ് ഏറെയും ക്രൂരന്മാരാണ് എത്ര അധ്വാനിച്ചാലും കണ്ട ഭാവമില്ല കുറ്റങ്ങൾ അടിച്ചേൽപിക്കും ചാട്ടവാർകൊണ്ടടിക്കും ശരീരത്തിൽ പാടുകളുണ്ടാവും തൊലി പൊട്ടും ചോര പൊടിയും നീര് കെട്ടും വേദനകൊണ്ട് പുളയും ഉറങ്ങാനാവില്ല ആരും അത് കാണാനില്ല സഹാതാപമില്ല അടിമ അതൊക്കെ അനുഭവിക്കേണ്ടവനാണ് എന്തൊക്കെ സംഭവിച്ചാലും പണി ചെയ്തോളണം

റബാഹ് ഓർത്തുനോക്കി

ഇന്ന് എന്തെല്ലാം പണികൾ ചെയ്തു തീർക്കണം ഒട്ടകങ്ങളുടെ പരിചരണം ഒരുപാട് ഒട്ടകങ്ങൾ അവയുടെ പരിചരണം ദീർഘനേരത്തെ ജോലിയാണ്
വീട്ടിലെന്തുമാത്രം പണികൾ വേറെ കിടക്കുന്നു യജമാനൻ ഏല്പിക്കുന്ന പ്രത്യേക ജോലികൾ

മക്കയിലെ ബനൂജുമഹ് ഗോത്രം പേരെടുത്ത നേതാക്കന്മാരുടെ ഗോത്രം ഗോത്ര നേതാക്കന്മാരിൽ ഒരാളുടെ പേര് പറയാം

ഉമയ്യത്ത് ബ്നു ഖലഫ്

മക്കയിലെ പ്രബലന്മാരിൽ ഒരുവൻ ധനികൻ ധിക്കാരികളിൽ വമ്പൻ അവന്റെ കൂട്ടുകാർ ആരൊക്കെയാണെന്ന് കേൾക്കണോ?
അബൂജഹൽ, ഉത്ബത്ത് ബ്ന് റബീഅഃ , ശൈബത്തുബ്നു റബീഅഃ , ഉഖ്ബതുബ്നു അബീ മുഈത്വ്, അബൂസുഫ് യാൻ.....

മക്കയിലെ ധീര കേസരികളെല്ലാം അവന്റെ കൂട്ടുകാർ മദ്യസദസ്സുകളിൽ അവരാണ് മുമ്പന്മാർ പെൺപിടുത്തത്തിലും മിടുക്കന്മാർ യുദ്ധരംഗത്തും വീരന്മാർ പൊതുവേദികളിലും അവർ തന്നെ നായകന്മാർ സമൂഹം എങ്ങോട്ട് സഞ്ചരിക്കണമെന്ന് അവർ തീരുമാനിക്കും ക്രൂരനായ ഉമയ്യത്ത് ബ്നു ഖലഫ്
അവന്റെ ഭവനത്തിലെ അടിമയാണ് റബാഹ്

ധിക്കാരികളായ നേതാക്കൾ ഉമയ്യത്തിന്റെ ഭവനത്തിൽ ഒത്തുകൂടാറുണ്ട് രാത്രിയിലാണ് ഒത്തുചേരൽ മദ്യപാനമാണ് മുഖ്യ അജണ്ട ആരാണ് മദ്യം വിളമ്പേണ്ടത് ?

സുന്ദരികളായ അടിമപ്പെൺകുട്ടികൾ തീറ്റയും കുടിയും പാട്ടും നൃത്തവും
തമാശ പറച്ചിലും പൊട്ടിച്ചിരികളും അശ്ലിലച്ചുവയുള്ള കമന്റുകൾ

എല്ലാം റബാഹിന് പതിവു കാഴ്ചകൾ

സൽക്കാര ദിവസങ്ങളിൽ റബാഹിന് ജോലികൾ കാണും എല്ലാം ക്ഷമയോടെ ചെയ്യണം മദ്യസൽക്കാരവും , ആടലും , പാടലും തീരുമ്പോൾ പാതിരാത്രി കഴിയും എല്ലാം കഴിഞ്ഞിട്ടുവേണം റബാഹിന് തല ചായ്ക്കാൻ

ഉമയ്യത്ത് ബ്നു ഖലഫിന് ധാരാളം അടിമകളുണ്ട് ആണുങ്ങളും, പെണ്ണുങ്ങളും കുട്ടികളുമുണ്ട് റബാഹ് അവരിൽ ഒരാൾ മാത്രം

ആടുമാടുകൾ അന്തസിന്റെ ചിഹ്നമാണ്, ഒട്ടകങ്ങൾ പ്രതാപത്തിന്റെ പ്രതീകമാണ്.

അടിമകളും അങ്ങനെ തന്നെ അടിമകളുടെ എണ്ണം പറച്ചിൽ ഒരന്തസാണ് നീഗ്രോ വർഗക്കാരായ അടിമകൾ മക്കയിൽ അവരുടെ എണ്ണം വളരെയാണ് അവർക്കിടയിൽ വിവാഹം നടക്കുന്നു മക്കളുണ്ടാവുന്നു വിവാഹം നിശ്ചയിക്കുന്നത് യജമാനൻ തന്നെ.

മക്കളുണ്ടായാൽ അതും യജമാനന്റെ സ്വത്തായി കണക്കാക്കപ്പെടും

ആയിരക്കണക്കായ അടിമകൾ മരുഭൂമിയിൽ വിയർപ്പൊഴക്കി കഠിനാധ്വാനം ചെയ്തു ജീവിക്കുന്നു യൗവ്വനം പിന്നിടുന്നതോടെ ആരോഗ്യം നശിച്ചു രോഗികളാവുന്നു പിന്നെ കാലയവനികക്കുള്ളിൽ മറയുന്നു അങ്ങനെ കടന്നുപോയ അടിമകളെയൊന്നും കാലം ഓർക്കാറേയില്ല അങ്ങനെയൊരാൾ ജീവിച്ചതും മരിച്ചതും ആര് ശ്രദ്ധിക്കാൻ

റബാഹ് നെടുവീർപ്പിട്ടു

താനെന്തിന് ഇങ്ങനെയൊക്കെ ചിന്തിക്കുന്നു അടിമയുടെ ബുദ്ധി യജമാനനന്റെ ക്ഷേമത്തെക്കുറിച്ചു മാത്രം ചിന്തിക്കാനുള്ളതാണ് സ്വന്തം കാര്യം ചിന്തിക്കാനുള്ളതല്ല സ്വന്തം എന്നൊന്നില്ല എല്ലാം യജമാനൻ തീരുമാനിക്കും

സൂര്യൻ കിഴക്കൻ മലകൾക്കിടയിലൂടെ എത്തിനോക്കുന്നു വെയിൽ പടരുന്നു റബാഹ് ഒട്ടകങ്ങൾക്കൊപ്പം നിൽക്കുന്നു അവയുടെ പരിചരണം അതിൽ നിന്നാണ് തുടക്കം


ഹമാമത്ത് 






നല്ല പേര്, പേര് പോലെത്തന്നെ ആളും അഴകുള്ള മാടപ്രാവ് യജമാനന്റെ ഭവനത്തിൽ എത്രയോ അടിമപ്പെൺക്കൊടിമാരുണ്ട് അവരുടെ കൂട്ടത്തിലെ മാടപ്രാവാണ് ഹമാമത്ത് നീഗ്രോ വർഗക്കാരി തന്നെ നല്ല കറുപ്പുനിറം കറുപ്പിനുമുണ്ടല്ലോ ഒരഴക്.

നന്നായി ജോലി ചെയ്യും അവളുടെ കരങ്ങളുടെ ചലന വേഗതക്കു തന്നെ എന്തൊരഴകാണ് ഭംഗിയുള്ള ചലനങ്ങൾ

ഹമാമത്ത് എപ്പോഴാണ് തന്റെ മനസിലേക്ക് കയറിവന്നത്? റബാഹ് ചിന്തിച്ചുനോക്കി

യജമാനൻ അവളുടെ പേര് പറഞ്ഞപ്പോഴായിരിക്കും അതോ അതിന് മുമ്പോ?
അതിന് മുമ്പ് പലപ്പോഴും കണ്ടിട്ടുണ്ട് അത്രതന്നെ ഈ വലിയ വീട്ടിൽ ഒന്നു കാണുന്നത് തന്നെ ബുദ്ധിമുട്ടാണ് എപ്പോഴും ആൾക്കൂട്ടം തിരക്ക്

യജമാനന് തന്നോട് പ്രത്യേകിച്ചു വിരോധമൊന്നുമില്ല നന്നായി പണിയടുക്കുകയല്ലേ

ഒരു ദിവസം യജമാനൻ വിളിച്ചു
റബാഹ്....ഇവിടെ വാ.....

ജോലി നിർത്തി റബാഹ് ഓടിയെത്തി ആദരവോടെ നിന്നു

'റബാഹ് നിനക്കൊരു വിവാഹം കഴിക്കണ്ടേ?'

ചോദ്യം കേട്ട് ഞെട്ടിപ്പോയി സംസാരത്തിലെ മാർദ്ദവമാണ് ഞെട്ടിച്ചത് മിനുസമുള്ള വാക്കുകൾ

യജമാനന് ഇങ്ങനെയും സംസാരിക്കാനറിയാമോ?

വിവാഹം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് യജമാനനാണ് തനിക്ക് പറയാനെന്തവാകശം

വിവാഹം കഴിച്ചാൽ കുട്ടികളുണ്ടാവും യജമാനന് അടിമകളുടെ എണ്ണം കൂടും ആടുമാടുകൾ പെറ്റ് പെരുകുന്നത് യജമാനന്മാർക്ക് വളരെ ഇഷ്ടമാണ് അതുപോലെ അടിമകൾ പെറ്റ് പെരുകുന്നതും ഇഷ്ടമാണ് തന്നെ കൊണ്ട് വിവാഹം ചെയ്യിക്കാനൊരുങ്ങുന്നതും ആ ലക്ഷ്യത്തോടെയാണ്

ആരാണാവോ യജമാനൻ കണ്ടുവെച്ച വധു.

റബാഹ് ഒന്നും ഉരിയാടിയില്ല അനുസരണയുള്ള അടിമകൾ അങ്ങനെയാണ്

'എടാ... റബാഹ് '

ഓ....

നിനക്ക് ഞാൻ കണ്ടു വെച്ച പെണ്ണ് ഏതാണെന്നറിയുമോ?

ഇല്ല

എന്നാൽ കേട്ടോളൂ ....ഹമാമത്ത്

റബാഹിന്റെ മനസ്സിൽ കൊള്ളിയാൻ വീശി എന്താണ് താൻ കേട്ടത് ?

വിശ്വാസം വരുന്നില്ല താൻ വിവാഹിതനാവുക
ഹമാമത്ത് തന്റെ ഭാര്യയാവുക മനസ് പെരുമ്പറ കൊട്ടുന്നു

'ങാ.... പോയ്ക്കോ... അതും ഓർത്തോണ്ട് നടക്കേണ്ട പണിയെടുത്തോ നന്നായിട്ട്

യജമാനന്റെ കല്പന റബാഹ് പിന്നോട്ട് നടന്നു പിൻവാങ്ങി മേലാകെ കോരിത്തരിക്കുന്നു പുതിയ ഉണർവോടെ ജോലി തുടർന്നു

ദിവസങ്ങൾ കടന്നു പോയി

യജമാനൻ തന്നെ വിവാഹക്കാര്യം പ്രഖ്യാപിച്ചു

ചൂടുള്ള വാർത്ത പരന്നു തീയ്യതി നിശ്ചയിച്ചത് യജമാനൻ തന്നെ

റബാഹിന്റെ ബന്ധുക്കൾ പല വീടുകളിൽ ജോലി ചെയ്യുന്നു ഹമാമത്തിന്റെ കുറെ ബന്ധുക്കളുമുണ്ട് അവരോക്കെ വന്നു ചേർന്നു ചെറിയൊരു സദസ്സ് ആചാര പ്രകാരം വിവാഹം വിവാഹം നടന്നു ഉമയ്യത്ത് ബ്നു ഖലഫ് സദ്യ നൽകി അടിമകൾ പിരിച്ചു പോയി

ഹമാമത്ത് എന്ന കറുത്ത പെൺകുട്ടി റബാഹിന്റെ ജീവിതപങ്കാളിയായിത്തീർന്നു. യുവഹൃദയങ്ങൾ കുളിരണിഞ്ഞു യജമാനൻ അവർക്ക് പാർക്കാൻ ഒരു കുടിൽ നൽകി ദമ്പതികൾക്ക് അന്തിയുറങ്ങാനൊരു ചെറ്റക്കുടിൽ

ഹമാമത്ത് കുടിലും പരിസരവും അടിച്ചുവാരി വൃത്തിയാക്കി റബാഹ് ചുമരും മേൽപ്പുരയും മോഡി പിടിപ്പിച്ചു ചെറുതെങ്കിലും ഭംഗിയുള്ള കൂര

എല്ലാം യജമാനന്റെ കരുണ അദ്ദേഹം കൂര തരാനും പൊളിച്ചെറിയാനും അധികാരമുള്ള ആളാണ്

പകലന്തിയോളം യജമാനന്റെ ഭവനത്തിൽ തന്നെയാണ് ജോലി അടുക്കളപ്പണികൾ ചെയ്യുന്നതിന്നിടയിൽ അടിമപ്പെണ്ണുങ്ങൾ ഹമാമത്തിനെ പലതും പറഞ്ഞു കളിയാക്കി

പുതിയ പെണ്ണല്ലേ നാണിച്ചു തല താഴ്ത്തും കറുത്ത ചുണ്ടുകളിൽ പുഞ്ചിരി വിടരും നേർത്ത മനോഹരമായ ദന്തനിരകൾ ചിരിക്കുമ്പോൾ അത് കാണാൻ നല്ല ചന്തം അടിമപ്പെണ്ണുങ്ങൾക്ക് ലഭിക്കുന്ന അമൂല്യ നിമിഷങ്ങൾ ഇത്തരം സന്തോഷവേളകൾ അപ്പോൾ കണ്ണുകൾ തിളങ്ങും മുഖം വികസിക്കും മനസ് നിറയെ സന്തോഷത്തിന്റെ അലകൾ അപ്പോഴും കൈകൾ നിർത്താതെ പണിയെടുക്കുന്നുണ്ടാവും എങ്ങനെയുണ്ടെടീ നിന്റെ ഭർത്താവ്
ഹമാമത്തിന്റെ അഴകുള്ള ശബ്ദം ഒഴുകിവരുന്നു

'നല്ല ആളാണ് വല്ലാത്ത സ്നേഹം മനസിലെപ്പോഴും എന്നെക്കുറിച്ചുള്ള ചിന്തയാണത്രെ എന്നെ ഭാര്യയായി കിട്ടിയത് വലിയ ഭാഗ്യമാണെന്ന് പറയും '

അപ്പോൾ നീയെന്ത് പറയും ?

നിങ്ങളെ ഭർത്താവായി കിട്ടിയത് എന്റെ ഭാഗ്യമാണെന്ന് ഞാൻ പറയും

അതെ അതായിരുന്നു അവരുടെ ദാമ്പത്യം പരസ്പരം സ്നേഹം വിശ്വാസം മതിപ്പ് സ്നേഹത്തിന്റെ സാഗരം അലയടിക്കുകയായിരുന്നു ആ കുടിലിൽ കഠിനമായ ജോലികൾ ചെയ്തു തളരുമ്പോഴും മനസിലെ സ്നേഹം അവർക്ക് കരുത്ത് നൽകി.

കാലം ഏറെ കഴിഞ്ഞില്ല ആ സന്തോഷവാർത്ത എല്ലാവരുമറിഞ്ഞു

ഹമാമത്ത് ഗർഭിണിയായി .

പ്രസവം നടക്കട്ടെ യജമാനന് ഒരടിമയെ സൗജന്യമായി ലഭിക്കുകയല്ലേ ഗർഭിണിയായ വിവരം യജമാനനെ അറിയിക്കണം അതാണ് നടപ്പ് അറിയിച്ചു ഉമയ്യത്തിന് സന്തോഷമായി.

മാസം തികഞ്ഞു ഹമാമത്ത് പ്രസവിച്ചു ആൺകുഞ്ഞ് സന്തോഷത്തിന്റെ അലയലികളുയർന്നു കുഞ്ഞിന് പേരിട്ടു ബിലാൽ അതെ, ബിലാലുബ്നു റബാഹ്- റബാഹിന്റെ മകൻ ബിലാൽ


അന്ത്യയാത്ര 





ആൺകുട്ടി പിറക്കുന്നത് അഭിമാനമായി കരുതുന്ന കാലം പെൺകുട്ടിയുടെ പിറവി മാനക്കേടായി കാണുന്ന കാലം അക്കാലത്താണ് റബാഹിന് ആൺകുഞ്ഞ് പിറന്നത്

അടിമക്ക് ആൺകുട്ടി പിറന്നു ഗോത്രത്തിലായിരുന്നെങ്കിൽ ഉത്സവം തന്നെ നടക്കുമായിരുന്നു പ്രസവം നടന്നെങ്കിലും അധികനാൾ വിശ്രമിക്കാനൊന്നും ഹമാമക്ക് പറ്റിയില്ല കഠിനമായ ജോലികൾ കാത്തുകിടക്കുകയല്ലേ
നേരം കിട്ടുമ്പോഴെല്ലാം കുഞ്ഞിന്റെ അടുക്കൽ ഓടിയെത്തും എടുത്തു ഓമനിക്കും മുലകൊടുക്കും

കുഞ്ഞ് വളർന്നു വരികയാണ് മെലിഞ്ഞ ശരീരപ്രകൃതി ഉമ്മായുടെ മധുര ശബ്ദത്തിലുള്ള താരാട്ട് അത് കേട്ടാണുറങ്ങുന്നത് കുട്ടി വളർന്നു ഓടിച്ചാടി നടക്കാൻ തുടങ്ങി കരുത്തുള്ള ശരീരം

യജമാനൻ കുട്ടിയുടെ വളർച്ച ശ്രദ്ധിക്കുന്നു ബാല്യദശ പ്രാപിച്ചാൽ എന്തെങ്കിലും പണി കൊടുക്കാം അത്രയും കാലം ഓടി നടക്കട്ടെ

'കുട്ടിക്ക് നല്ല ആഹാരം കൊടുക്കണം '

യജമാനന്റെ ഉപദേശം

സ്നേഹപ്രകടനമാണെന്ന് തോന്നിപ്പോകും

അല്ല കുട്ടിക്ക് നല്ല കരുത്തുണ്ടാവണം എന്നാലേ നല്ലവണ്ണം പണിയെടുപ്പിക്കാൻ പറ്റൂ

ശൈശവം പിന്നിട്ടു ബാലനായി

ഉമ്മയ്യത്ത് ബ്നു ഖലഫ് ഊറിച്ചിരിച്ചു. ഈ പ്രായത്തിൽ ഒരടിമക്കുട്ടിയെ കിട്ടണമെങ്കിൽ എത്ര വിലകൊടുക്കണം

ഇതാ ബിലാൽ... തനിക്ക് സൗജന്യമായി കിട്ടിയ അടിമക്കുട്ടി ഇവൻ നല്ലൊരു മുതൽ തന്നെയാണ് ഉമയ്യത്ത് ബിലാലിനെ വിളിച്ചു

'ഇവിടെ.... വാടാ....'

ഓടിയെത്തി വിനയത്തോടെ നിന്നു എന്തൊക്കെയോ ചോദിച്ചു കുട്ടി മറുപടി നൽകി

എല്ലാം യജമാനന്റെ പരിശീലനം നല്ല അടിമയായി വളർത്തിക്കൊണ്ട് വരികയാണ് ബിലാലിനെ

റബാഹ്

റബാഹിന്ന് പഴയത് പോലെ ഭാരിച്ച ജോലികൾ ചെയ്യാനാവുന്നില്ല ചെയ്താൽ വല്ലാത്തൊരു തളർച്ച രാത്രിയായാൽ പെട്ടെന്നുറങ്ങിപ്പോവും എന്തൊരു ക്ഷീണമാണിത്

ഹമാമത്ത് ആകാംക്ഷയോടെ ഭർത്താവിന്റെ മുഖത്തേക്ക് നോക്കി ഭർത്താവിന് എന്തോ രോഗം ബാധിച്ചതാണോ? പലർക്കും രോഗം വരാറുണ്ട് വൈദ്യന്മാർ പരിശോധിക്കും മരുന്നുകൾ നൽകും

റബാഹിനെ വൈദ്യർ കണ്ടു പരിശോധിച്ചു മരുന്നുകൾ നൽകി വിശ്രമം വേണം

റബാഹ് പൊന്നുമോനെ ചേർത്തു പിടിച്ചു കവിളിൽ ചുംബിച്ചു എന്റെ പൊന്നുമോൻ.

റബ്ബേ... ഈ മോനെ കണ്ട് കൊതിതീർന്നിട്ടില്ല ലാളിച്ചു മതിയായിട്ടില്ല

എന്റെ ഹമാമത്ത് സ്നേഹിക്കാൻ മാത്രമറിയുന്ന പെണ്ണാണവൾ പടച്ചവനേ... അവളെ നീ വിധവയാക്കരുതേ.... തമ്പുരാനേ... ഈ പൊന്നുമോനെ നീ യത്തീമാക്കല്ലേ...

എന്റെ ശരീരം വല്ലാതെ തളർന്നിരിക്കുന്നു ശക്തിയെല്ലാം ചോർന്നു പോയിരിക്കുന്നു

ബനൂജുമഹ് ഗോത്രം ആ ഗോത്രത്തിന്റെ അടിമയാണ് താൻ എന്റെ മാതാപിതാക്കളും അടിമകളായിരുന്നു അടിമകളുടെ പരമ്പര തന്റെ കുട്ടിക്കാലത്ത് ഉമ്മ ഒരുപാട് കഥകൾ പറഞ്ഞു തന്നിട്ടുണ്ട് ക്രൂര മർദ്ദനങ്ങളുടെ കഥകൾ

പീഡനങ്ങളുടെ കഥകൾ ആ കഥകൾ കേട്ടാണ് വളർന്നത് കേട്ടതെല്ലാം പിന്നീട് അനുഭവങ്ങളായി മാറി കഷ്ടപ്പാടുകളുടെ ലോകം കണ്ണീരിന്റെ ലോകം ആ ലോകത്തെ വിശേഷങ്ങളറിയാൻ ആരും ശ്രമിക്കാറില്ല എന്തെല്ലാം അനുഭവങ്ങൾ പറഞ്ഞാൽ തീരാത്ത കാര്യങ്ങൾ

പരന്നു കിടക്കുന്ന മരുഭൂമി വെയിലിൽ വെന്ത് നീറുന്ന മണൽ കാട് അതുപോലെയാണ് അടിമയുടെ ജീവിതം കാലികളെക്കാൾ മോശമായ സാഹചര്യം ഒടുവിൽ ഹമാമത്തിനെ കിട്ടി നിലയില്ലാക്കയത്തിൽ മുങ്ങിപ്പോയവന് കയർതുമ്പ് കിട്ടിയതുപോലെ ആശ്വാസമായി പറഞ്ഞറിയിക്കാനാവാത്ത ആശ്വാസം ബിലാൽ പിറന്നപ്പോൾ സന്തോഷമായി പടച്ചവനേ...ഈ സന്തോഷം ഏറെ നാൾ ഇതാസ്വദിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല

ഹമാമത്ത് ഉറങ്ങിയില്ല ഊണു കഴിച്ചില്ല ഭർത്താവിനെ നന്നായി പരിചരിച്ചു ഒടുവിൽ മരണത്തിന്റെ നിഴൽ പരന്നു ആത്മാവ് പിടിക്കുന്ന മലക്ക് വന്നു അടിമകൾ ദുഃഖവാർത്തയറിഞ്ഞു

റബാഹ് മരണപ്പെട്ടു

സ്നേഹമുള്ളവനായിരുന്നു കഠിന യാതനകൾ സഹിച്ചിട്ടുണ്ട്. ഒടുവിൽ ഹമാമത്തിനെ കിട്ടി ബിലാലിനെ കിട്ടി അന്ത്യകാലം സന്തോഷകരമായിരുന്നു

ഒരു ജീവിതം കടന്നു പോയി എത്ര അടിമകൾ മരിച്ചു പോയിരിക്കുന്നു അവരുടെ നാമങ്ങൾ ആര് ഓർമ്മിക്കാൻ ഹമാമത്ത് ഖൽബ് നീറിക്കരഞ്ഞു ഒരുപാട് കണ്ണുനീർത്തുള്ളികൾ ഒഴുകിപ്പോയി കൊച്ചു ബിലാലിനെ മാറോട് ചേർത്തു പിടിച്ചു

ആരൊക്കെയോ വന്നു കൂടി അടിമകളുടെ ശേഷക്രിയകൾ തുടങ്ങി കുളിപ്പിച്ചു തുണിയിൽ പൊതിഞ്ഞു മയ്യിത്ത് കട്ടിലിൽ കിടത്തി കട്ടിലുയർത്തി മരുഭൂമിയിലൂടെ വിലാപ യാത്ര നീങ്ങി

കണ്ണുനീർ തുള്ളികൾക്കിടയിലൂടെ ഹമാമത്ത് ആ കാഴ്ച കണ്ടു പ്രിയപ്പെട്ടവനെ കൊണ്ടു പോവുന്നു

പ്രിയപ്പെട്ട റബാഹ്

ഈ കുഞ്ഞുമോനെ സമ്മാനിച്ചിട്ട് നിങ്ങൾ പോവുകയാണോ? ഇനിയൊരു മടക്കമുണ്ടോ?

ഇനിയൊരു കാഴ്ചയുണ്ടോ?

ഹമാമത്ത് നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു


കുട്ടിക്കാലം  - ഉമയ്യത്ത് ബ്നു ഖലഫ്





ധിക്കാരിയായ ഗോത്രത്തലവൻ റബാഹിന്റെ മരണം അയാളിൽ സമ്മിശ്ര പ്രതികരണമുണ്ടാക്കി ദുഃഖം, നിരാശ, കോപം ആത്മാർത്ഥമായി ജോലി ചെയ്യുന്ന അടിമയായിരുന്നു അവന്റെ മരണം ഒരു നഷ്ടം തന്നെയാണ് തനിക്കാണ് നഷ്ടം ആ നഷ്ടബോധം ദുഃഖവും നിരാശയും സമ്മാനിച്ചു മരിക്കാൻ മാത്രം പ്രായമായിരുന്നെങ്കിൽ എങ്കിൽ എന്തെല്ലാം നേട്ടങ്ങൾ കൈവരിക്കാമായിരുന്നു ഇനി അവന്റെ ജോലികൾ ആര് ചെയ്യും?
അങ്ങിനെ ചിന്തിച്ചപ്പോൾ കോപം വന്നു
അവന്റെ മകനുണ്ടല്ലോ ബിലാൽ വളർന്നു വരട്ടെ, നഷ്ടം നികത്താം

നാളുകൾ ഒഴുകിക്കൊണ്ടിരുന്നു ബിലാൽ വളരുകയാണ് നല്ല പ്രസരിപ്പുള്ള കുട്ടി മുറ്റത്തൊക്കെ ഓടി നടക്കും സമപ്രായക്കാരോടൊപ്പം കളിക്കും

ഉമയ്യത്തിന്റെ മനസ്സിൽ ചിന്തകൾ ചിറകടിച്ചു അയാൾ ഉച്ചത്തിൽ വിളിച്ചു
ബിലാൽ...

ഓ....

ഇവിടെ വാടാ....

ഓടിവന്നു യജമാനന്റെ മുന്നിൽ വിനയത്തോടെ നിന്നു

ഈത്തപ്പഴത്തിന്റെ കെട്ടാണത് നീ കണ്ടോ?

ബിലാൽ യജമാനൻ ചൂണ്ടിക്കാണിച്ച സ്ഥലത്തേക്ക് നോക്കി ഈത്തപ്പഴത്തിന്റെ കുറെ കെട്ടുകൾ

'അതിൽ നിന്ന് ഒരു കെട്ടെടുത്ത് അകത്ത് കൊണ്ട് വെക്കൂ...വേഗമാവട്ടെ'

കൊച്ചു ബിലാൽ ഞെട്ടി

തന്നെകൊണ്ടാവാത്ത പണിയാണത്

യജമാനന്റെ കൽപനയാണ് അനുസരിച്ചേ പറ്റൂ പോയി കെട്ടു പിടിച്ചു നോക്കി അനങ്ങുന്നില്ല

അടിമകളെ നോക്കി യജമാനൻ കൽപിച്ചു

'പിടിച്ചു തലയിൽ വെച്ചു കൊടുക്ക് '

ഒരടിമ വന്നു ഈത്തപ്പഴത്തിന്റെ കെട്ട് പൊക്കി കെട്ട് ബിലാലിന്റെ തലയിൽ വെച്ചു നടക്കാനാവുന്നില്ല

'നടക്കെടാ.... എന്താ പ്രയാസം? യജമാനൻ ശബ്ദമുയർത്തി പേടിച്ചു പോയി
വേവിച്ചു വേവിച്ചു നടന്നു അകത്തെത്തി എങ്ങനെയോ കെട്ട് താഴെയിട്ടു

അതൊരു പരീക്ഷണം

ഭാരം ചുമക്കാനാവുമോ എന്ന് നോക്കിയതാണ് അന്ന് മുതൽ കൊച്ചു ബിലാൽ യജമാനന്റെ ചുമട്ടുകാരനായി കൊച്ചു ബിലാൽ വലിയ ചുമടുമായി വിഷമിച്ചു നടക്കുന്നത് കാണുമ്പോൾ ഹമാമത്തിന്റെ മനസ്സിടറും കണ്ണുകൾ നിറയും ദുഃഖം പ്രകടപ്പിക്കാൻ അവകാശമില്ല എല്ലാം മനസ്സിലൊതുക്കും

ഒരുദിവസം ഉമയ്യത്തു ബ്നു ഖലഫ് ചാട്ടവാർ ചുഴറ്റിക്കൊണ്ട് വന്നു എല്ലാ അടിമകളും ഇതിന്റെ ചൂടറിയണം അടിമകൾക്ക് ചാട്ടവാറടി നിർബന്ധമാണ് കുറ്റം ചെയ്തില്ലെങ്കിലും അടിക്കണം അടിക്കുകയെന്നത് യജമാനന്റെ അവകാശമാണ്

ആ അവകാശം ഇടക്കെങ്കിലും വിനിയോഗിക്കണം അല്ലെങ്കിൽ പിന്നെ അവകാശം കൊണ്ടെന്ത് കാര്യം ?

ബിലാൽ വളർന്നു വരികയാണ് അവന്ന് ഇന്നുവരെ ചാട്ടവാറടി കൊടുത്തിട്ടില്ല വൈകിപ്പോയി ഇനിയും വൈകിച്ചുകൂടാ ഇന്നുതന്നെ ചുട്ട അടി കൊടുക്കണം ചാട്ടവാറടി തന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന് അവൻ മനസ്സിലാക്കണമല്ലോ

ചുമടും താങ്ങി വരികയാണ് കൊച്ചു ബിലാൽ

ഉമയ്യത്തിന്റെ ശബ്ദമുയർന്നു

'എന്താടാ ഇത്ര പതുക്കെ നടക്കുന്നത് ഒന്നു വേഗത്തിൽ നടക്കെടാ....'

ചാട്ടവാർ ആഞ്ഞു പതിച്ചു

കൊച്ചു ബിലാൽ വേദനകൊണ്ട് പുളഞ്ഞു കരഞ്ഞുപോയി കരഞ്ഞുകൊണ്ട് ഭാരം ചുമന്നു വേദനയോടെ നടന്നു ചുമട് താഴെയിട്ടു

എന്തെടാ കരയുന്നോ?

വീണ്ടും അടി പിന്നെ തെറി വിളിച്ചു വൃത്തികെട്ട പദങ്ങൾ വിളിച്ചു പറഞ്ഞു

ഹമാമത്ത് ഓമന മകന്റെ മുഖത്തേക്ക് നോക്കി അവളുടെ ഖൽബ് പിടഞ്ഞു നിഷ്കളങ്കനായ കുട്ടി ഒരു തെറ്റും ചെയ്തില്ല എന്നിട്ടും ഇത്ര നിഷ്ഠൂരമായി ശിക്ഷിച്ചല്ലോ എന്തൊരു തെറിവിളി

എന്തും ചെയ്യും? ഒന്നും ചെയ്യാനില്ല സഹിക്കുക തന്നെ എല്ലാം സഹിക്കേണ്ടവരാണല്ലോ അടിമകൾ

ആരും സമീപത്തില്ലാത്ത നിമിഷത്തിൽ ഹമാമത്ത് മകന്റെ സമീപം ഓടിയെത്തി കണ്ണീർ തുടച്ചു കൊടുത്തു അടികൊണ്ട പാടുകളിൽ വെള്ളം കൊണ്ട് തടവിക്കൊടുത്തു ആശ്വസിപ്പിച്ചു അവന്റെ വാടിയ മുഖം കാണാൻ കഴിയുന്നില്ല എപ്പോഴും പ്രസരിപ്പോടെ നിൽക്കണം അതാണാഗ്രഹം അടിമപ്പെണ്ണിന്റെ ആഗ്രഹം എങ്ങനെ നടക്കാൻ

യജമാനനും വീട്ടുകാർക്കും പ്രത്യേകതരം ഭക്ഷണമാണ് മികച്ച രീതിയിൽ പാകം ചെയ്തത് അടിമകൾക്കും ജോലിക്കാർക്കും താഴ്ന്നതരം ഭക്ഷണമാണ് നൽകുക

വിശന്നൊട്ടിയ വയറുള്ള മനുഷ്യർക്ക് ഏത് ഭക്ഷണവും രുചിയേറിയതാണ് അവരത് ആർത്തിയോടെ കഴിക്കും വിശപ്പടങ്ങുക അതാണ് പ്രശ്നം നിലവാരം നോക്കാറേയില്ല

ബിലാൽ വളരുകയാണ് നീളം കൂടിവരുന്നു മെലിഞ്ഞ ശരീര പ്രകൃതി ഇടതൂർന്ന തലമുടി നിബിഡമായ ചുരുണ്ട മുടി എപ്പോഴും നല്ല പ്രസരിപ്പ് ചിലപ്പോൾ ബിലാലിനെ ആട്ടിൻപറ്റത്തിന്റെ കൂടെ മലഞ്ചരുവിലേക്ക് വിടും

സ്വതന്ത്രമായ ലോകം അതിരുകളില്ലാത്ത ആകാശം മേഞ്ഞു നടക്കുന്ന മേഘങ്ങൾ അവ നോക്കിയിരുന്നു ബിലാൽ പാട്ടുപാടി ഇളം കാറ്റ് ഒഴുകിവന്നു ബാലനായ ബിലാലിനെ തഴുകി മറ്റ് ഇയന്മാർ ആശ്ചര്യപ്പെട്ടുനിന്നു

ബിലാൽ നീ എത്ര നന്നായി പാട്ട് പാടുന്നു എത്ര മധുരമായ ശബ്ദം

നീ... ദാവൂദ് നബി (അ) യുടെ മധുര ശബ്ദത്തെ ഓർമിപ്പിക്കുന്നവനല്ലോ ദാവൂദ് (അ) സബൂർ പാരായണം തുടങ്ങിയാൽ മൃഗങ്ങളും പക്ഷികളും നിശ്ചലരായി നിന്നു ശ്രദ്ധിക്കും പർവ്വതങ്ങളും സസ്യങ്ങളും വൃക്ഷങ്ങളും ശ്രദ്ധിച്ചു കേൾക്കും

ഓ... ബിലാൽ.... എത്ര മനോഹരമായ ശബ്ദം

പാടിക്കോളൂ പ്രകൃതി കുളിരണിയട്ടെ


കൂട്ടുകാർ 



എന്താണാ ശബ്ദം?

എത്ര മധുരമായ ശബ്ദം നല്ലൊരു പാട്ട് ആരാണ് പാട്ട് പാടുന്നത് ഈ ശബ്ദം പരിചയമില്ലല്ലോ എത്രയോ രാത്രികളിൽ ഇവിടെ മദ്യസൽക്കാരങ്ങൾ നടന്നിട്ടുണ്ട് സൽക്കാര വേളകളിൽ പാട്ടുകാർ പാടും നർത്തകികൾ നൃത്തമാടും ആണുങ്ങളും പെണ്ണുങ്ങളും പാടാറുണ്ട് പാതിരാത്രിവരെ പാടും പാടിപ്പാടി തളരും അവരുടെ സ്വരങ്ങൾ തനിക്ക് തിരിച്ചറിയാനാവും ഈ കേൾക്കുന്ന പാട്ട് മറ്റാരോ പാടുന്നതാണ് എത്ര ഹൃദ്യം ഈ രാഗം

ഉമയ്യത്ത് ബ്നു ഖലഫ് എഴുന്നേറ്റു പതുങ്ങിപ്പതുങ്ങി നടന്നു ശബ്ദം കേൾക്കുന്ന ഭാഗത്തേക്ക് നടന്നു

പഴകിയ വസ്ത്രങ്ങൾ ധരിച്ച മെലിഞ്ഞൊട്ടിയ ചെറുപ്പക്കാരൻ ആ ചെറുപ്പക്കാരൻ പാടുന്നു പരിസരം മറന്നു പാടുന്നു ആരാണവൻ? അടുത്തേക്കു ചെന്നു ആര് ? ഇവനോ? റബാഹിന്റെ മകൻ ബിലാൽ

ഉമയ്യത്ത് അതിശയംകൊണ്ട് വാ പൊളിച്ചു നിന്നുപോയി പാടിത്തീർന്നു യജമാനൻ വിളിച്ചു 'ബിലാൽ '

ബിലാൽ ഭയപ്പാടോടെ ഓടിവന്നു

മുമ്പിൽ നിന്നു ഉമയ്യത്ത് ചിരിച്ചു

ബിലാലിന് ആശ്വാസമായി തെറ്റ് ചെയ്ത ചെയ്ത കുറ്റവാളിയെപ്പോലെ നിൽക്കുകയായിരുന്നു ബിലാൽ

നീ ഇത്ര നന്നായി പാട്ടു പാടുമെന്ന് ഞാനറിഞ്ഞിരുന്നില്ല ഞാനൊന്ന് കേൾക്കട്ടെ, നല്ലൊരു പാട്ട് പാടൂ

ബിലാൽ ആദ്യം മടിച്ചുനിന്നു യജമാനന്റെ മുമ്പിൽ പാടുകയോ? മര്യാദകേടാവില്ലേ പിന്നെ ധൈര്യം സംഭരിച്ചു പാടിത്തുടങ്ങി മധുര ഗീതത്തിന്റെ ഈരടികൾ

കേട്ടവരെല്ലാം വന്നുകൂടി നല്ലൊരു സദസ്സായി കേൾവിക്കാരുടെ മനസ്സിന്റെ അടിത്തട്ടിലേക്ക് വരികൾ ഇറങ്ങിച്ചെന്നു മനസ്സുകൾ ഗാനത്തിൽ ലയിച്ചു അനുഭൂതിയുടെ ലോകത്തേക്ക് സദസ്സ് നയിക്കപ്പെട്ടു

പാടിത്തീർന്നു

എല്ലാവരും വിസ്മയിച്ചു നിന്നുപോയി

'നമ്മുടെ മദ്യസൽക്കാര സദസ്സിൽ ബിലാൽ പാട്ട് പാടുന്നതാണ് ഉമയ്യത്തുബ്നു ഖലഫ് പ്രഖ്യാപിച്ചു

ബിലാലിനെ അടിമകൾ അതിശയത്തോടെ നോക്കി

ഹമാമത്തിനെ അഭിനന്ദിച്ചു

ദിവസങ്ങൾ കടന്നു പോയി

ഉമയ്യത്തുബ്നു ഖലഫിന് തന്റെ അടിമയുടെ പേരിൽ അഭിമാനം തോന്നി ഖബീലയുടെ നേതാക്കളുടെ സദസ്സിൽ തന്റെ അടിമ പാട്ട് പാടട്ടെ അത് തനിക്കൊരു അന്തസ്സാണ്

സദസ്സിന്റെ മുമ്പിൽ വരാൻ പറ്റുന്ന വസ്ത്രം വേണം ബിലാലിന് നല്ല വസ്ത്രങ്ങൾ വാങ്ങിക്കൊടുത്തു ബിലാലിന്റെ ഭക്ഷണം മാറ്റി ഉമയ്യത്തും കുടുംബവും കഴിക്കുന്ന ഭക്ഷണം ബിലാലിനും നൽകി ബിലാലിന്റെ ജീവിതത്തിലെ മാറ്റം

മദ്യസൽക്കാര സദസ്സ് നിശ്ചയിക്കപ്പെട്ടു ബിലാൽ ധാരാളം പാട്ടുകൾ പാടിപ്പഠിച്ചു

നിശ്ചിത ദിവസമായി സന്ധ്യയോടെ അതിഥികൾ വന്നു തുടങ്ങി അഹങ്കാരികളായ നേതാക്കളുടെ കൂട്ടം എല്ലാവരുമെത്തി ആഹാരം വിളമ്പി നുരയുന്ന മദ്യം വിളമ്പി തീറ്റയും കുടിയും പൊട്ടിച്ചിരികൾ

ബിലാൽ സദസ്സിലെത്തി ആകർഷകമായി വസ്ത്രം ധരിച്ച ചെറുപ്പക്കാരൻ പാട്ടു പാടാൻ തുടങ്ങി സദസ്സ് നിശ്ചലമായി എന്തൊരു നാദം

പാടിത്തീർന്നപ്പോൾ ഒരു നേതാവ് മദ്യലഹരിയിൽ പറഞ്ഞു
ഒരു പാട്ട് കൂടി പാടൂ

ബിലാൽ വീണ്ടും പാടി

ഒന്ന് തീരുമ്പോൾ മറ്റൊന്ന് ബിലാൽ തളർന്നു വിശ്രമിക്കണം

പാടൂ... ഇനിയും പാടൂ.... ഒരു നേതാവ് അലസമായി പറഞ്ഞു വീണ്ടും പാടി ഇനി വയ്യ

പാടാൻ തുടങ്ങിയിട്ട് നേരമെത്രയായി പാതിരാത്രി കഴിഞ്ഞു

എന്താ നിർത്തി കളഞ്ഞത് പാടൂ -ഒരു നേതാവ് ചൊടിച്ചു

വീണ്ടും പാടി

നേതാക്കൾ പലരും ഉറക്കം തുടങ്ങി ഉണർന്നിരിക്കുന്നവർ പാടാൻ നിർബന്ധിക്കുന്നു

സ്വയം ഇടർച്ചയായി ചുമ വന്നു തറയിലിരുന്നുപോയി എന്തൊരു പരീക്ഷണം

ഗോത്രത്തലവന്മാർക്ക് പാട്ട് കേൾക്കണമെന്ന് തോന്നുമ്പോൾ ബിലാലിനെ വിളിക്കും പാടിപ്പാടിത്തളർന്നാലും നിർത്താൻ സമ്മതിക്കില്ല ഗാനാലാപനം വലിയൊരു ശിക്ഷ പോലെയായി പറ്റില്ലെന്ന് പറയാൻ പറ്റില്ല അടിമക്കു അതിനുള്ള യോഗ്യതയില്ല

തളർന്നു വീണ മകനെ ആശ്വസിപ്പിക്കാൻ കഴിയാതെ ഹമാമത്ത് വിഷമിച്ചു

കാര്യബോധവും ബുദ്ധിശക്തിയുമുള്ള യുവാവാണ് ബിലാൽ അവന്റെ ബുദ്ധിയും കഴിവും കൂടുതലായി പ്രയോജനപ്പെടുത്തണം അതിനെന്ത് വഴി?

ഉമയ്യത്ത് ഉറക്കെ ചിന്തിച്ചു

കച്ചവടസംഘം പുറപ്പെടാനുള്ള ദിവസം അടുത്തു വരുന്നു ഉമയ്യത്തിന്റെ കുറെ ഒട്ടകങ്ങൾ ചരക്കുമായി ശാമിലേക്ക് പുറപ്പെടുന്നു ഇത്തവണ കച്ചവട സംഘത്തിന്റെ മാനേജരായി ബിലാലിനെ അയച്ചാലോ?

ഉമയ്യത്ത് നന്നായി ചിന്തിച്ചു ഒരു പരീക്ഷണം നടത്താം

'ബിലാൽ.... ഇത്തവണ നീയാണ് എന്റെ കച്ചവട സംഘത്തെ ശാമിലേക്ക് നയിക്കുന്നത് നന്നായി അധ്വാനിക്കുക എപ്പോഴും വിശ്വസ്ഥനായിരിക്കണം '

ബിലാൽ കച്ചവട സംഘത്തെ നയിക്കുന്നു

വാർത്ത പരന്നു ഹമാമത്ത് മകനെ കെട്ടിപ്പിടിച്ചു സന്തോഷം പ്രകടിപിപ്പിച്ചു

ഇപ്പോൾ കൂടുതൽ സ്വാതന്ത്ര്യമുണ്ട് മക്കയിലെ തെരുവീഥികളിൽ പോവാം അങ്ങാടിയിൽ വെച്ചു കൂട്ടുകാരനെ കണ്ടു അബൂബക്കർ തനിക്കേറ്റവും ഇഷ്ടപ്പെട്ട കൂട്ടുകാരൻ പല സായാഹ്നങ്ങളിലും അവർ സന്ധിക്കും സംസാരിക്കും സ്നേഹം പങ്കവെക്കും

അബൂബക്കർ ഉന്നത തറവാട്ടുകാരൻ ബിലാൽ ഒരു അടിമ ആ അകൽച്ച അവർക്കിടയിലില്ല കളിക്കൂട്ടുകാർ എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കും പുതുമയുള്ള വാർത്തകളാണ് അബൂബക്കർ പറയുക ബിലാൽ കൗതുകത്തോടെ കേട്ടിരിക്കും

ശാം യാത്ര

ഒന്നിച്ചുള്ള യാത്ര പാട്ടുപാടാം ഉല്ലസിക്കാം അബൂബക്കറും ബിലാലും ഒന്നിച്ചുള്ള യാത്ര അതെത്ര ഫലപ്രദമായിരിക്കും കൂട്ടുകാർ യാത്രയെക്കുറിച്ചോർത്തു സന്തോഷം പങ്കിട്ടു


അല്ലാഹുവിന്റെ റസൂൽ (സ)



നൂറുകണക്കായ ഒട്ടകങ്ങൾ അവയുടെ മുതുകിൽ ഭാരം കയറ്റപ്പെട്ടു കഅ്ബാലയത്തിനു സമീപം ജനങ്ങൾ തടിച്ചുകൂടി
ബനൂജുമഹ് ഗോത്രക്കാരുടെ ഖാഫില പുറപ്പെടുന്ന ദിവസം ഉമയ്യത്ത് ബ്നു ഖലഫിന്റെ ഒട്ടകങ്ങളുടെ ചുമതലക്കാരൻ ബിലാൽ ആകുന്നു

മറ്റ് പല ഗോത്രക്കാരും യാത്രാസംഘത്തെ അയക്കുന്നുണ്ട് മക്കക്കാർ യാത്രാ സംഘത്തിന് മംഗളം നേർന്നു ഒട്ടകസംഘം നീങ്ങിത്തുടങ്ങി വിശാലമായ ഒരു ഭൂമിയിലെ യാത്രാ റൂട്ടിലൂടെ അവർ യാത്രയായി ചിലപ്പോൾ ഒട്ടകപ്പുറത്ത് കയറും ചിലപ്പോൾ ഇറങ്ങി ഒട്ടകത്തോടൊപ്പം നടക്കും

ബിലാലിന്റെ കൂടെ ഒരു സംഘം യാത്ര ചെയ്യുന്നുണ്ട് മണിക്കൂറുകളോളം ഒരേ യാത്ര പിന്നൊരു വിശ്രമം വെള്ളം കുടിക്കും ആഹാരം കഴിക്കും ചെറിയ മയക്കം വീണ്ടും യാത്ര ഈ വിശ്രമ വേളകളിൽ കൂട്ടുകാർ ഒന്നിക്കും

അബൂബക്കറും ബിലാലും കുടുംബ കാര്യങ്ങൾ സംസാരിക്കും മക്കയിലെ സാമൂഹിക പ്രശ്നങ്ങൾ സംസാരിക്കും ഗോത്രത്തലവന്മാരുടെ അനീതികൾ
വെളുത്ത സുമുഖനായ അബൂബക്കർ ,കറുത്തവർഗ്ഗക്കാരൻ ബിലാൽ
വർണം അവർക്കിടയിൽ വിടവ് സൃഷ്ടിച്ചില്ല മനസ്സുകൾ ഒരുപോലെ രണ്ടും വിനയാന്വിതർ ഉദാരമതികൾ.

അബൂബക്കർ ധനികനാണ് ബിലാൽ അടിമയാണ് ധനം അവർക്കിടയിൽ അകലം സൃഷ്ടിച്ചില്ല .അവർ മനസ്സു കൊണ്ടടുത്തു. സ്വഭാവ ഗുണങ്ങൾ അവരെ ഉറ്റ ചാങ്ങാതിമാരാക്കി .നിർമ്മലമായ സ്നേഹം പരസ്പര വിശ്വാസം പരസ്പര ബഹുമാനം വല്ലാത്ത ദയ ഒന്നിച്ചു ഭക്ഷണം വിശ്രമം വീണ്ടും യാത്ര.

ശാമിലെത്തി ലോക പ്രസിദ്ധമായ മാർക്കറ്റ് പല രാജ്യക്കാരുടെ സംഗമസ്ഥലം മികച്ച കച്ചവടക്കാർ സ്വർണ നാണയങ്ങളുമായി വരുന്നു നിരത്തിവെച്ച ചരക്കുകൾ.

ചരക്കിന്റെ ഗുണമേന്മ നോക്കും വില പറയും വില പേശൽ നടക്കും പിന്നെ വില ഉറപ്പിക്കും സാധനങ്ങൾ കൈമാറുന്നു കൈ നിറയെ സ്വർണ നാണയങ്ങൾ ലഭിക്കുന്നു.

കച്ചവടക്കാർ പലതരക്കാരാണ് ചില്ലറ തരികിടകൾ ചിലരൊക്കെ ഒപ്പിക്കും ചില മായം ചേർക്കലുകൾ നടക്കും അളത്തത്തിലും തൂക്കത്തിലും വ്യത്യാസം അബൂബക്കർ വിശ്വസ്ഥനായ കച്ചവടക്കാരനാണ് പറഞ്ഞ വാക്കിന് വിലയുണ്ട് ഗുണമേന്മ വാക്കിൽ നിന്നു മനസ്സിലാക്കാം ചരക്ക് പരിശോധിക്കേണ്ടതില്ല

അതൊക്കെ എല്ലാവർക്കുമറിയാം തനിക്കും അങ്ങനെയായിത്തീരണം ബിലാൽ കരുതി.

കൃത്യമായ അളവ്, കൃത്യമായ വില സത്യസന്ധമായ കച്ചവടം കച്ചവടത്തിൽ ബർക്കത്തുണ്ടായി. മികച്ച ലാഭം കിട്ടി ബിലാൽ സ്വർണ നാണയങ്ങൾ സഞ്ചിയിലാക്കി കെട്ടിവെച്ചു അബൂബക്കറിനു കിട്ടിയ പണം അദ്ദേഹത്തിനുള്ളതാണ്. ബിലാലിന് കിട്ടിയ പണം യജമാനനുള്ളതാണ് മക്കയിലേക്കു വേണ്ട സാധനങ്ങളൊക്കെ വാങ്ങി

ധാന്യങ്ങൾ, എണ്ണ, വസ്ത്രം, മരുന്നുകൾ, ആഭരണങ്ങൾ, ആയുധങ്ങൾ, പാത്രങ്ങൾ, സുഗന്ധ വസ്തുക്കൾ....

അങ്ങനെ വേണ്ടതെല്ലാം വാങ്ങി മടക്കയാത്ര ദിനരാത്രങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു മക്കയെത്താൻ കൊതിയായി രാത്രികളിൽ ബിലാൽ പാട്ടുപാടും സഹയാത്രക്കാർ കേട്ടാസ്വദിക്കും യാത്രാക്ഷീണം മറക്കും.

അകലെ മക്കായിലെ മലനിരകൾ കണ്ടുതുടങ്ങി പുലർക്കാലത്തണുപ്പിലെ മന്ദമാരുതന് മക്കായുടെ മണം മക്കക്കാർ കഅ്ബാലയത്തിനു സമീപം തടിച്ചു കൂടി ഖാഫിലക്ക് സ്വികരണം.

ബനൂ ജുമഹ് ഗോത്രക്കാർ വന്നു ബിലാലിനെയും കൂട്ടരെയും സ്വീകരിച്ചു മറ്റു ഗോത്രക്കാർ അവരുടെ സംഘങ്ങളെ സ്വീകരിച്ചു ബിലാൽ പണസഞ്ചി ഉമയ്യത്തുബ്നു ഖലഫിനെ ഏൽപ്പിച്ചു. കൊണ്ടുവന്ന സാധനങ്ങളും ഏൽപിച്ചു.

വിശദമായ കണക്കും ബോധിപ്പിച്ചു മക്കയിൽ നിന്ന് കൊണ്ടുപോയ സാധനങ്ങൾ അതിനു കിട്ടിയ വില മക്കയിലേക്കു വാങ്ങിയ സാധനങ്ങൾ അവയുടെ വില.

എന്നിട്ടും പണം ബാക്കി നല്ലൊരു തുക ഉമയ്യത്തിന്റെ ഖൽബ് കോരിത്തരിച്ചു എന്തൊരു ലാഭം.

ബിലാൽ മിടുക്കനാണ് ബുദ്ധിമാനാണ് വിശ്വസ്ഥനാണ് ഒരു നാണയത്തിന് പോലും വ്യത്യാസം കാണുന്നില്ല.

ഇനിയുള്ള യാത്രാസംഘങ്ങളെ ബിലാൽ തന്നെ നയിക്കട്ടെ അടിമയാണെങ്കിലും മികച്ച കഴിവുള്ളവനാണ്.

വീണ്ടും വീണ്ടും മദ്യ സദസ്സുകൾ പാതിരാത്രിവരെ പാടേണ്ടിവന്നു പാടിപ്പാടി തളർന്നുപോയി അങ്ങനെ എത്രയെത്ര രാവുകൾ എത്രയെത്ര കച്ചവട യാത്രകൾ.

ഉമയ്യത്ത് തടിച്ചു കൊഴുത്തു. ഓരോ കച്ചവട യാത്ര കഴിയുമ്പോഴും ഉമയ്യത്തിന്റെ സമ്പത്ത് വളർന്നു വന്നു.

ബിലാലിന് ഒന്നുമില്ല അടിമക്ക് സമ്പാദ്യം പറഞ്ഞിട്ടില്ലല്ലോ. ഒരു കച്ചവട യാത്ര കൂട്ടുകാർ ഒന്നിച്ചു കൂടി. അബൂബക്കറും ബിലാലും അബൂബക്കർ സ്വകാര്യം പറഞ്ഞു.

'ബിലാൽ..... ഞാനൊരു കാര്യം പറയട്ടെയോ?

പറഞ്ഞോളൂ എന്റെ സമ്മതമെന്തിന്?

വേണം ഇതത്ര ഗൗരവമുള്ള കാര്യമാണ്

പറയൂ കേൾക്കട്ടെ

'എന്നാൽ കേട്ടോളൂ ..... അല്ലാഹു ഏകനാകുന്നു'

അതെനിക്കറിയുന്ന കാര്യമല്ലേ?

നിനക്കറിയാത്ത ഒരു കാര്യമുണ്ട്

എന്താണത് കേൾക്കട്ടെ, പറയൂ....
ബിലാലിന്റെ വാക്കുകളിൽ ആകാംക്ഷ

സ്നേഹിതന്റെ നാക്കിൽ നിന്ന് ഒരു വാചകം ഉതിർന്നുവീണു ബിലാൽ സ്തബ്ധനായിപ്പോയി ആ വാചകം ഇതായിരുന്നു

'മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു'




കൂട്ടുകാരൻ വാചാലമായി സംസാരിച്ചു ബിലാൽ എല്ലാം ശ്രദ്ധയോടെ കേട്ടു അല്ലാഹു ഏകനാകുന്നു അവന് പങ്കുകാരില്ല അവനാണ് സൃഷ്ടാവ് ആകാശ-ഭൂമികൾ അവൻ പടച്ചു സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പടച്ചത് അവനാണ് സൃഷ്ടാവായ റബ്ബിനെ അനുസരിക്കണം അവനാണ് വെള്ളം തരുന്നത് അവൻ വായു തരുന്നു എല്ലാ സൗകര്യങ്ങളും തരുന്നു നാം അവനോട് നന്ദിയുള്ളവരായിരിക്കണം

ബിലാൽ എല്ലാം കേട്ടു വിശ്വസിച്ചു.

ജനങ്ങളെ സന്മാർഗ്ഗത്തിലേക്ക് നയിക്കാൻ കാലാകാലങ്ങളിൽ അല്ലാഹു നബിമാരെ അയക്കുന്നു അങ്ങനെ അയക്കപ്പെട്ട നബിമാരിൽ അവസാനത്തെ ആളാണ് അൽഅമീൻ ഇനിയൊരു നബിയില്ല.

ബിലാൽ..... താങ്കൾ സാക്ഷ്യം വഹിക്കുക.

അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും , മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണെന്നും സാക്ഷ്യം വഹിക്കുക.

നമുക്ക് നബിയെ കാണാം എന്നിട്ട് താങ്കളുടെ സത്യസാക്ഷ്യം വെളിവാക്കാം.

ബിലാൽ ശാന്തനായി ചിന്തിച്ചു.

താൻ പരിചയപ്പെട്ട മനുഷ്യരിൽ ഏറ്റവും യോഗ്യൻ അബൂബക്കർ ആകുന്നു സത്യം മാത്രം പറയുന്നവൻ അബൂബക്കർ പറഞ്ഞതെല്ലാം ഞാൻ വിശ്വസിക്കുന്നു.

യാത്ര കഴിഞ്ഞു വന്നു കൂട്ടുകാരനോടൊപ്പം നടന്നു.

അൽഅമീൻ അവരെ സ്വീകരിച്ചു.

ദാറുൽ അർഖം





എത്ര ചെറിയ വീട് എന്തൊരു ലാളിത്യം ഇസ്ലാം മതം സ്വീകരിച്ച ചിലരെ കണ്ടു.

'അല്ലാഹു അല്ലാതെ ഒരു ഇലാഹ് ഇല്ലെന്നും, മുഹമ്മദ് അവന്റെ റസൂലാണെന്നും ഞാനിതാ സാക്ഷ്യം വഹിച്ചു കൊള്ളുന്നു '

ബിലാൽ മുസ്ലിംമായി അക്കാര്യം രഹസ്യമാക്കി വെക്കാൻ നബി (സ) ഉപദേശിച്ചു.

ബിലാലിന്റെ ചിന്തകളിൽ പുതിയ വെളിച്ചം അൽ-അമീൻ
മക്കായിലെ തെരുവോരങ്ങളിൽ എത്രയോ തവണ കണ്ടിട്ടുണ്ട് എന്തൊക്കെയോ സവിശേഷതകളുള്ളആളാണെന്ന് തോന്നിയിട്ടുണ്ട് കാണാനെന്തൊരഴക്.

കണ്ണുകൾ, പുരികങ്ങൾ, നെറ്റി, മുടി, മൂക്ക്, കവിളുകൾ , കഴുത്ത്, വസ്ത്രം, ചെരിപ്പ് എല്ലാം താൻ ശ്രദ്ധിച്ചിട്ടുണ്ട്.

കാണുംതോറും സ്നേഹവും ആദരവും കൂടിക്കൂടിവരും സംസാരത്തിന് വല്ലാത്തൊരു വശ്യത സത്യം മാത്രമേ പറയുള്ളൂ. അത് മക്കക്കാർക്കറിയാം മക്കക്കാരിൽ ഏറ്റവും വിശ്വസ്ഥൻ അങ്ങനെ കിട്ടിയ പേരാണ് അൽ അമീൻ.

തന്റെ യജമാനൻ ഉമയ്യത്ത് ബ്നു ഖലഫ് യജമാനൻ പലപ്പോഴും അൽ അമീനെ വാഴ്ത്തി പറയുന്നത് കേട്ടിട്ടുണ്ട് സത്യം മാത്രം പറയും.

വിനോദത്തിനുവേണ്ടിയിട്ടുപോലും കളവ് പറയില്ല വിശ്വസ്ഥനാണ്.

യജമാനന് ഇപ്പോൾ സ്വരം മാറിയിട്ടുണ്ട് ഒരു മതിപ്പുമില്ലാതെ സംസാരിക്കുന്നു

'മുഹമ്മദ് എന്താണ് പറയുന്നത്? അവൻ നബിയാണെന്നോ?
അവൻ അല്ലാഹുവിന്റെ നബിയാണോ? അല്ലാഹുവിന് വേറെ ആരെയും കിട്ടിയില്ലേ നബിയാക്കാൻ? അഹങ്കാരിയാണവൻ അവന്റെ അഹങ്കാരം നിർത്തണം മേലിൽ അവനിത് പറയരുത് '

ബിലാൽ എല്ലാം കേൾക്കുന്നു ഒന്നും പറഞ്ഞില്ല ഉമയ്യത്തിന്റെ കോപം ദിവസം ചൊല്ലുംതോറും വർദ്ധിച്ചു വരികയാണ്.

നേതാക്കളെല്ലാം ഉമയ്യത്തിന്റെ വീട്ടിൽ ഒരുമിച്ചുകൂടി ഒച്ചയും ബഹളവുമായി.

മുഹമ്മദ് ലാത്തയെ തള്ളിപ്പറയുന്നു ഉസ്സയെയും മനാത്തയെയും അവഹേളിച്ചു നമ്മുടെ ദൈവങ്ങളോട് ഒട്ടും ബഹുമാനമില്ല കാണാത്ത ദൈവത്തെപ്പറ്റിയാണവൻ പറയുന്നത്. വിടരുത് അവനെ നല്ല പാഠം പഠിപ്പിക്കണം. അവനെ ആരെങ്കിലും കാണാൻ പോവുന്നുണ്ടോ എന്ന് നോക്കണം. ഏതോ അടിമകൾ വിശ്വസിച്ചു എന്നു കേട്ടു. അടിമകളുടെ ചലനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. മുഹമ്മദിന്റെ കൂടെ കൂടിയവരെ മടക്കിക്കൊണ്ടുവരണം.

ബിലാൽ (റ) എല്ലാം കേൾക്കുന്നു മനസ്സിലാക്കുന്നു നാട്ടിലെന്തൊക്കെയോ നടക്കാൻ പോവുന്നു എല്ലാം കാണുന്നവൻ അല്ലാഹു അവൻ നിശ്ചയിക്കുന്നത് നടക്കും അവൻ തന്നെ തുണ.

ബിലാൽ (റ) പകൽ മുഴുവൻ ജോലിയെടുത്തു രാത്രിയും ജോലി തന്നെ പാതിരാവാറായപ്പോഴാണ് ഒന്നു കിടന്നത് നന്നായൊന്നുറങ്ങണം ക്ഷീണം തീരണം കിടന്നപ്പോൾ മനസ്സിലെന്താണ് തെളിഞ്ഞത്?

അൽ അമീന്റെ സുന്ദര മുഖം.

അല്ലാഹുവിന്റെ റസൂലേ

അങ്ങേക്ക് അല്ലാഹുവിന്റെ ഗുണവും രക്ഷയും ഉണ്ടാവട്ടെ.

എന്തൊക്കെയാണ് ഇന്നാട്ടുകാർ അങ്ങയെപ്പറ്റി പറയുന്നത് വിശ്വസ്ഥനെന്നു വിളിച്ചു നടന്നവർ ഇപ്പോൾ അങ്ങയെ കള്ളനെന്ന് വിളിക്കുന്നു.

സത്യമതപ്രബോധനം ബലം പ്രയോഗിച്ചു തടുക്കുമെന്നവർ പറയുന്നു. അങ്ങ് അന്ത്യപ്രവാചകനാണെന്ന സത്യം അവർ അംഗീകരിക്കുന്നില്ല.അവരതിനെ എതിർക്കും അങ്ങയെ പിൻപറ്റിയവരെ മർദ്ദിക്കും പീഢിപ്പിക്കും.

നബിയേ അങ്ങയെ കാണാൻ കൊതിയായി എങ്ങനെ വന്നു കാണും?

അങ്ങയെ കാണാൻ വരുന്നവരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട് പിടികൂടിയാൽ എന്തും സംഭവിക്കാം തൽക്കാലം അങ്ങോട്ട് വരാതിരിക്കുന്നതാണ് നല്ലത് പക്ഷേ, വരാതിരിക്കാനാവില്ല.

നബിയേ എനിക്ക് അങ്ങയെ കാണണം ആ മുഖം ദർശിക്കണം ഞാൻ വരും നേരം വെളുക്കട്ടെ.

വന്നാൽ ചാരന്മാരുടെ കണ്ണിൽ പെടും പിന്നെന്തൊക്കെയാണ് സംഭവിക്കുക വിരുദ്ധ വികാരങ്ങൾ ബിലാലിനെ പിടികൂടി പോവണോ? വേണ്ടയോ? അങ്ങയെ കാണണം കണ്ടേ മതിയാവൂ എനിക്ക് അങ്ങയെ കണ്ടിട്ട് മതിവന്നിട്ടില്ല.

ചില ദിവസങ്ങൾ കടന്നു പോയി.

ശത്രുക്കൾക്ക് എന്തോ സംശയം തോന്നി ബിലാൽ ഇസ്ലാം മതം സ്വീകരിച്ചുവോ?
ഗോത്രനേതാക്കൾ സംശയിച്ചു നിൽക്കുമ്പോൾ ബിലാൽ (റ) ശക്തനായ മുഅ്മിനായിത്തീരുന്നു.


പീഢനങ്ങൾ 




എന്താണ് കേൾക്കുന്നത്?

ഞെട്ടിക്കുന്ന വാർത്തകൾ ക്രൂര മർദ്ദനത്തിന്റെ വാർത്തകൾ എന്റെ റബ്ബ് അല്ലാഹുവാണെന്ന് പറയുന്നത് കുറ്റമോ? മുഹമ്മദ് അല്ലാഹുവിന്റെ നബിയാണെന്ന് പറയുന്നത് അപരാധമോ?

ഉമയ്യത്തിന്റെ മുഖത്തെക്ക് നോക്കി എന്തൊരു ഗൗരവം പിശാചിനെപ്പോലെയുണ്ട്.

ബിലാൽ.....

അലറുംപോലെയുള്ള വിളി

ബിലാൽ ഓടിച്ചെന്നു വിനയത്തോടെ നിന്നു.

ഞാൻ ചിലതൊക്കെ കേട്ടു കേട്ടത് ശരിയാണോ എന്നറിയണം അതിനാണ് വിളിച്ചത്.

ചിലരൊക്കെ മുഹമ്മദിനെ കാണാൻ പോവുന്നുണ്ട് നീ പോയിരുന്നോ?

ഒന്നും പറഞ്ഞില്ല.

'ങാ.... നീ ബുദ്ധിയുള്ളവനാണ് അബദ്ധമൊന്നും കാണിക്കില്ലെന്നറിയാം എന്നാലും പറയുകയാണ് നീ അവനെ കണ്ടെന്നോ മറ്റോ കേട്ടാൽ....'

പിന്നെ നിന്നെ ഞാൻ ജീവനോടെ വെച്ചേക്കില്ല.

ഗൗരവം നിറഞ്ഞ മുന്നറിയിപ്പ്.

ബിലാൽ (റ) ചിന്താധീനനായി.

നബി(സ) യെ കാണാനുള്ള മോഹം മനസ്സിൽ വളർന്നു ആരും കാണാതെ പോയിക്കണ്ടു കുറച്ചു നേരം സംസാരിച്ചു വിശുദ്ധ ഖുർആൻ വചനങ്ങൾ ഓതിക്കേട്ടു.

കേട്ടത് പഠിച്ചു കാണാതെ പഠിച്ചു രഹസ്യമായി മടങ്ങി പിന്നെയും പിന്നെയും പോയി വിശുദ്ധ ഖുർആൻ വചനങ്ങൾ പഠിച്ചു പഠിച്ചത് ആരും കേൾക്കാതെ ഓതിക്കൊണ്ടിരുന്നു ആരും കാണാതെ മടങ്ങിപ്പോയി.

ഇപ്പോൾ മനസ്സ് വല്ലാതെ കൊതിക്കുന്നു ആ സന്നിധിയിലെത്താൻ ആ വചനങ്ങൾ കേൾക്കാൻ പിന്നെയും പോയി.

ആരോ അത് കണ്ടുപിടിച്ചു പാർത്തും പതുങ്ങിയുമുള്ള പോക്ക് കാതുകളിൽ നിന്ന് കാതുകളിലേക്ക് വാർത്ത ഒഴുകി ഉമയ്യത്തിന്റെ ചെവിയിലുമെത്തി.

ബിലാൽ..... ഇടിവെട്ടുംപോലുള്ള വിളി നീ മുഹമ്മദിനെ കാണാൻ പോയിരുന്നോ?

പോയിരുന്നു.

ങാ....ഹാ ..... എന്നിട്ടെന്തുണ്ടായി.

അല്ലാഹു അല്ലാതെ ഒരു ആരാധ്യനില്ലെന്നും മുഹമ്മദ് അവന്റെ നബിയാണെന്നും ഞാൻ സാക്ഷ്യം വഹിച്ചു.

ഉമയ്യത്തിന്റെ ബലമേറിയ കൈ ഉയർന്നു ബിലാലിന്റെ കവിളിൽ ആഞ്ഞുപതിച്ചു.

വേദനകൊണ്ട് പുളഞ്ഞുപോയി.

'അല്ലാഹു അഹദ് '

ബിലാലിൽ നിന്ന് പുറപ്പെട്ട വാക്കുകൾ

'മേലാൽ നീ അവനെ കാണരുത് ആ വിശ്വാസം നീ ഉപേക്ഷിക്കണം നമുക്കു നമ്മുടെ മതം അത് മതി മുഹമ്മദുമായി നിനക്കൊരു ബന്ധവും പാടില്ല മനസ്സിലായോ?'

'അല്ലാഹു അഹദ് '

ഇവൻ പിന്നെയും അല്ലാഹു അഹദ് എന്നാണല്ലോ പറയുന്നത് നീ നേരെയാകുമോ എന്ന് ഞാനൊന്നു നോക്കട്ടെ.

പിന്നെ വന്നത് കിങ്കരന്മാരാണ്

അബൂജഹൽ, ഉത്ബത്തുബ്നു റബീഅ, ശൈബത്തുബ്നു റബീഅ, ഉഖ്ബത്തുബ്നു അബീ മുഈത്വ്, അബൂസു ഫ് യാൻ, പിന്നെ കുറെ മല്ലന്മാരും

'നന്ദികെട്ട അടിമ ഇവന്റെ കാര്യം ഞാൻ നിങ്ങൾക്കു വിട്ടുതരുന്നു ' ഉമയ്യത്ത് ഉറക്കെ പറഞ്ഞു.

അവർ ചോദ്യം ചെയ്യാൻ തുടങ്ങി എല്ലാ ചോദ്യത്തിനും ഒരേ മറുപടി അല്ലാഹു അഹദ്.

മാറിമാറി അടിക്കാൻ തുടങ്ങി.

മർദ്ദനം ക്രൂരമായി ചവിട്ടും , തൊഴിയും , പീഢനം പലവിധം തളർന്നു തളർന്ന ശബ്ദം അല്ലാഹു അഹദ്.

യജമാനന്മാരും അടിമകളും,അവർ തമ്മിലുള്ള അന്തരം അതാണിവിടെ കാണുന്നത്.

നബി (സ) തങ്ങളുടെ മുമ്പിൽ വന്നുനിന്ന ആ നിമിഷങ്ങളെക്കുറിച്ചോർത്തു.

അല്ലാഹുവിന്റെ സൃഷ്ടികൾ,ആദം സന്തതികൾ എല്ലാവരും സഹോദരങ്ങൾ ഒരാളെ അക്രമിക്കാൻ മറ്റൊരാൾക്കവകാശമില്ല. എല്ലാ അക്രമികളും വിചാരണ ചെയ്യപ്പെടും വിചാരണയുടെ ദിനം വരും.

ഈ അക്രമവും അന്ന് ചോദ്യം ചെയ്യപ്പെടും അല്ലാഹുവേ ക്ഷമിക്കാൻ കഴിവ് തരേണമേ.

ബിലാൽ (റ)വിനെ പട്ടിണിക്കിട്ടു വിശന്നു പൊരിഞ്ഞു ദാഹിച്ചു വലഞ്ഞു ഒരിറ്റ് വെള്ളം നൽകിയില്ല.

ലാത്തയെ വിളിക്കൂ....ഉസ്സയെ വിളിക്കൂ.....

നിനക്ക് വെള്ളം തരാം ഭക്ഷണം തരാം

അല്ലാഹു അഹദ്.

വെയിൽ കത്തിപ്പടരുന്ന മരുഭൂമി എന്തൊരു ചൂട് ബിലാലിന്റെ കൈകാലുകൾ ബന്ധിച്ചു വസ്ത്രങ്ങൾ ഉരിഞ്ഞുമാറ്റി പതക്കുന്ന മണൽക്കാട്ടിൽ നഗ്നമായ ശരീരം വലിച്ചിട്ടു ചൂട് കത്തിപ്പടരുന്നു തൊലി കരിയുന്നു.

മർദ്ദകന്മാരുടെ അട്ടഹാസം

ലാത്തയെ വിളിക്കൂ.....ഉസ്സയെ വിളിക്കൂ....

അല്ലാഹു അഹദ്...അഹദ്...അഹദ്....

വലിയ പാറക്കല്ല് വലിച്ചു കൊണ്ടുവന്നു കുറെപേർ ചേർന്നു വലിച്ചിട്ടു നീങ്ങാൻ പ്രയാസം എല്ലാവരും കൂടി വലിച്ചുപൊക്കി ബിലാലിന്റെ നെഞ്ചിൽ വെച്ചു.

എന്തൊരു ഭാരം ശ്വാസമയക്കാൻ പറ്റുന്നില്ല ശക്തി ചോർന്നുപോവുകയാണ് ഈ നിലയിൽ ഏറെ നേരം തുടരാനാവില്ല ശ്വാസം നിലച്ചുപോകും മരിക്കട്ടെ രക്തസാക്ഷിയാവട്ടെ ഈമാൻ കൈവെടിയില്ല അഹദ്.... അഹദ്...

ഉമയ്യത്ത് ബ്നു ഖലഫ് ക്ഷീണിച്ചു തന്നെ അടിമ പരാജയപ്പെടുത്തിയിരിക്കുന്നു. ഇവനെ കൈവെടിയുന്നതാണ് നല്ലത് പക്ഷെ, എങ്ങനെ?
വെറുക്കപ്പെട്ട അടിമ.

ആരോ ഒരാൾ നടന്നുവരുന്നുണ്ടല്ലോ ?

ധൃതിയിലാണല്ലോ വരവ്.

പലരും വന്നു കൂടിയിട്ടുണ്ട് വാർത്ത നാടാകെ പരന്നിട്ടുണ്ട് എല്ലാവരും കാഴ്ച കാണുകയാണ്.

അടിമ അനുസരിക്കുമെന്നാണ് പ്രതീക്ഷിച്ചത് അനുസരിക്കുന്ന ലക്ഷണമില്ല അവൻ സ്വന്തം വിശ്വാസത്തിൽ ഉറച്ചു നിൽക്കുകയാണ് മരിച്ചാലും വിശ്വാസം കൈവെടിയില്ല എന്തൊരു വാശി, എന്തൊരു ദൃഢത.

വരുന്നത് അബൂബക്കർ ആണല്ലോ വിവരം കേട്ടറിഞ്ഞ് വരികയായിരിക്കും മുഹമ്മദിന്റെ ആളാണ് വരട്ടെ വന്ന് കാണട്ടെ,കൺ നിറയെ കണ്ടോട്ടെ

മോചനം 




അബൂബക്കർ (റ) അടുത്തെത്തി തന്റെ സ്നേഹിതനെ നോക്കി എന്തൊരു ദയനീയ അവസ്ഥ കൊടും ക്രൂരത

എന്റെ സംരക്ഷകൻ അല്ലാഹുവാണ് എന്നു പറഞ്ഞതിന്റെ പേരിൽ നിങ്ങൾ ഈ മനുഷ്യനെ കൊല്ലുകയാണോ

അബൂബക്കർ (റ) രോഷത്തോടെ ചോദിച്ചു

ഹേ....ഉമയ്യത്ത് നിങ്ങളുടെ അടിമയാണല്ലോ ഇത് നിങ്ങളിതിനെ വിൽക്കാൻ തയ്യാറുണ്ടോ?

'വിൽക്കാൻ തയ്യാറുണ്ട് '

ഉമയ്യത്ത് എന്തോ ഒരാവേശത്തോടെ വിളിച്ചു പറഞ്ഞു

എത്ര വില വെണം?

അബൂബക്കർ (റ) ഗൗരവത്തോടെ ചോദിച്ചു

ഉമയ്യത്ത് ആവേശത്തോടെ വിളിച്ചു പറഞ്ഞു

ഹംസ അവാഖ്(അഞ്ച് ഊഖിയ)

അഞ്ച് സ്വർണം

അബൂബക്കർ (റ) അഞ്ച് ഊഖിയ കൊടുത്തു ബിലാലിനെ വിലക്കുവാങ്ങി.

നെഞ്ചിലെ പാറക്കല്ല് നീക്കി പിടിച്ചെഴുന്നേൽപിച്ചു നിൽക്കാനും നടക്കാനും വയ്യ

വസ്ത്രം ധരിപ്പിച്ചു വെള്ളം കുടിപ്പിച്ചു.

അബൂബക്കർ (റ) കൈ പിടിച്ചു മെല്ലെ നടത്തിച്ചു നടന്നു നീങ്ങിയപ്പോൾ ഉമയ്യത്ത് പരിഹാസ സ്വരത്തിൽ വിളിച്ചു പറഞ്ഞു.

അബൂബക്കർ നിങ്ങൾ ഒരു സ്വർണനാണയം തരാമെന്ന് പറഞ്ഞാൽപോലും ഞാനിവനെ നിങ്ങൾക്ക് വിൽക്കുമായിരുന്നു.

അബൂബക്കർ (റ) അതേ ആവേശത്തിൽ തന്നെ മറുപടി നൽകി അതിങ്ങനെയായിരുന്നു

'നിങ്ങൾ നൂറ് ഊഖിയ സ്വർണം ചോദിച്ചിരുന്നെങ്കിൽ ഞാനത് തന്ന് അവനെ വിലക്ക് വാങ്ങുമായിരുന്നു '

ഉമയ്യത്തിന് ഒന്നും പറയാൻ കഴിഞ്ഞില്ല ഉത്തരം മുട്ടിപ്പോയി.

കൂട്ടുകാർ രണ്ടുപേരും നടന്നു പോയി.

അർഖം(റ)വിന്റെ വീട്ടിലാണ് നബി (സ) ഉള്ളത് ആ വീട് ലക്ഷ്യമാക്കിയാണ് നടക്കുന്നത് ശരീരം നിറയെ അടിയുടെ പാടുകൾ ചവിട്ടിച്ചതച്ച ശരീരം വല്ലാത്ത നീറ്റൽ സന്ധികളിൽ വേദന.

നബി (സ) അവരെ സ്വീകരിച്ചു അവിടെയുള്ളവർ ചുറ്റും കൂടി അബൂബക്കർ (റ) ഇങ്ങനെ പ്രഖ്യാപിച്ചു.

'അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി ഞാൻ ബിലാലിനെ സ്വതന്ത്രനാക്കുന്നു'

കേട്ടുനിന്നവർ അല്ലാഹുവിനെ വാഴ്ത്തി.

വല്ലാത്തൊരു സൽക്കർമ്മം തന്നെ ബിലാലിന് സ്വാതന്ത്ര്യം നൽകപ്പെട്ടു ഇന്ന് മുതൽ ബിലാൽ (റ) അടിമയല്ല സ്വതന്ത്രനാണ് ബിലാൽ (റ) നബി (സ)യുടെ തൊട്ടടുത്തു തന്നെയുണ്ട് പുണ്യറസൂലിനെ കണ്ടു കൊണ്ടിരിക്കാം വിശുദ്ധ ഖുർആൻ വചനങ്ങൾ കേട്ടുകൊണ്ടിരിക്കാം ദീനുൽ ഇസ്ലാമിന്റെ സേവനത്തിനുള്ളതാണ് ഇനിയുള്ള ജീവിതം കടന്നു പോയ ഇന്നലെകളെ കുറിച്ചോർത്തു ധിക്കാരികളായ ഗോത്രനായകന്മാരുടെ മദ്യസൽക്കാര സദസ്സുകൾ അവരെ രസിപ്പിക്കാൻ പാതിരാത്രി കഴിയുംവരെ പാടിയിട്ടുണ്ട് തൊണ്ട വേദനിച്ചിട്ടും പാട്ട് നിർത്താൻ സമ്മതിച്ചില്ല.

എന്തിനു വേണ്ടി?

കള്ളു കുടിയന്മാരുടെ രസത്തിനുവേണ്ടി താനെന്ത് നേടി? ഒന്നുമില്ല

അല്ലാഹുവേ , നിനക്ക് സ്തുതി.

ആ ഗതികെട്ട ജീവിതത്തിൽ നിന്ന് നീ എനിക്ക് മോചനം നൽകിയല്ലോ.

പുണ്യറസൂൽ ഇതാ തൊട്ടടുത്തുണ്ട് കാരുണ്യത്തിന്റെ കടലാണിത് ആ കടലിൽ നിന്ന് ഒരു കൈക്കുമ്പിൾ ലഭിച്ചാൽ ഞാൻ സൗഭാഗ്യവാനായി.

ഒരു കൈക്കുമ്പിളല്ല ആവോളം ആസ്വദിക്കാം ഇസ്ലാമിന്റെ ആദ്യകാല സേവകൻ ത്യാഗികളുടെ നേതാവ്.

ബിലാൽ (റ) സഹിച്ച ത്യാഗം എക്കാലവും ഓർമ്മിക്കപ്പെടും സ്വരരാഗം ഇനി പാട്ടിനല്ല.

വിശുദ്ധ ഖുർആൻ പാരായണത്തിന് ഖുർആൻ വചനങ്ങൾ മനഃപാഠമാക്കുക വീണ്ടും വീണ്ടും പാരായണം ചെയ്യുക ബിലാൽ (റ) അതൊരു ചര്യയാക്കി

അല്ലാഹുവിനെക്കുറിച്ചും അവന്റെ പ്രവാചകനെക്കുറിച്ചുമുള്ള ചിന്തകളാണ് മനസ്സ് നിറയെ പഴയ ജീവിതസ്മരണകൾ അകന്നകന്നുപോയി.

ഇസ്ലാം മതത്തിലേക്ക് ചിലരൊക്കെ കടന്നു വരുന്നു അവരെയൊക്കെ ബിലാൽ (റ) ആദരവോടെ സ്വാഗതം ചെയ്യുന്നു.

വിനീതനായ ബിലാൽ (റ) ഇന്നലെവരെ താനൊരു അടിമയായിരുന്നു ആ ഓർമ്മ ഒരിക്കലും വിട്ടകന്നുപോയില്ല.

പിൽക്കാലത്ത് ഉമർ(റ) ബിലാൽ (റ) വരുന്നത് കാണുമ്പോൾ പറയുമായിരുന്നു : നമ്മുടെ നേതാവ് വരുന്നു.

നീഗ്രോവംശജനെ പരസ്യമായി നേതാവെന്ന് വിളിക്കുന്നു ഉമർ (റ) അബൂബക്കർ സിദ്ദീഖ് (റ)വിനെയും ഉമർ (റ) നേതാവ് എന്നാണ് വിളിച്ചിരുന്നത്.

നേതാക്കളായ കൂട്ടുകാർ.

ഒരു നേതാവ് മറ്റേ നേതാവിനെ വിലക്കു വാങ്ങി മോചിപ്പിച്ചു ഇക്കാര്യം സൂചിപ്പിക്കുമ്പോൾ ഉമർ (റ) ഇങ്ങനെയാണ് പറയുക:

'അബൂബക്കർ (റ) നമ്മുടെ നേതാവാണ് നമ്മുടെ നേതാവിനെ മോചിപ്പിച്ച നേതാവ് '

പ്രമുഖ സ്വഹാബികൾ ബിലാൽ (റ) വിനെ നേതാവെന്ന് വിളിച്ചു ഒരു കാലത്ത് ഗോത്രത്തലവന്മാരുടെ പാതിരാ നേരത്തെ മദ്യസൽകാര സദസ്സുകളിൽ പാട്ടു പാടിയിരുന്ന തന്നെയാണോ ഇവർ നേതാവെന്ന് വിളിക്കുന്നത്.

സർവ്വശക്തനായ അല്ലാഹു തന്റെ പദവി എത്ര ഉയർത്തിത്തന്നു അവനെ എത്ര സ്തുതിച്ചാലും മതിയാവില്ല.

പീഢന കഥകൾ ഓരോ പ്രഭാതത്തിലും കേട്ടുകൊണ്ടിരിക്കുന്നു ഉമയ്യത്ത് പീഢന കഥകളിലെ നായകൻ അബൂജഹലിനൊപ്പം നിൽക്കുന്ന ക്രൂരൻ കാലം കടന്നു പോയി പീഢനം കുറഞ്ഞില്ല.

ഒടുവിൽ നബി (സ) അനുയായികൾക്ക് നാടുവിടാൻ കൽപന നൽകി യസ്രിബിലേക്ക് പോവുക പിറന്ന നാടിനോട് യാത്ര പറഞ്ഞു പ്രിയപ്പെട്ടവരോട് വിടചൊല്ലി വളരെ രഹസ്യമായി നാടുവിട്ടു മഹത്തായ ഹിജ്റ.

നബി (സ) അബൂബക്കർ (റ)വിനോടൊപ്പം യസ്രിബിലെത്തി വമ്പിച്ച സ്വീകരണം യസ്രിബിന്റെ പേര് മാറി 'മദീനത്തുന്നബി' ആയി ബിലാൽ (റ) ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു.

ഖുറൈശികളുടെ മർദ്ദനം പേടിക്കണ്ടല്ലോ മദീന രോഗം നൽകി. പലർക്കും പനി പിടിച്ചു ബിലാൽ (റ) രോഗം ബാധിച്ചു കിടപ്പിലായി അവശതയോടെ ബിലാൽ (റ) അന്നൊരു പാട്ടു പാടി മക്കയെക്കുറിച്ചൊരു ശോകഗാനം.



മസ്ജിദുന്നബവി അവിടെ ധാരാളമാളുകൾ നിസ്കാരത്തിനെത്തുന്നു അഞ്ചു നേരത്തെ നിസ്കാരം നിർബന്ധമാക്കപ്പെട്ടിട്ടുണ്ട് അഞ്ചു തവണ  നിസ്കരിക്കണം. നിസ്കാര സമയമായി എന്നെങ്ങിനെ അറിയും? ജനങ്ങളെ അതറിയിക്കണം അതിന്നൊരു സംവിധാനം വേണം അതിനെക്കുറിച്ചു ചർച്ചകൾ പലതു നടന്നു.

കുഴൽ വിളിക്കാം,ചെണ്ട കൊട്ടാം,വിളിച്ചു പറയാം, തീയിടാം,കൊടി ഉയർത്താം .

പല അഭിപ്രായങ്ങൾ

ഇതൊന്നും നടപ്പിലായില്ല പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട് ഒരു രാത്രിയിൽ അബ്ദുല്ലാഹിബ്നു സഅലബത്ത് (റ) ഒരു സ്വപ്നം കണ്ടു ഉമർ (റ)വും സ്വപ്നം കണ്ടു അബ്ദുല്ലാഹിബ്നു സൈദിൽ അൻസ്വാരി(റ) സ്വപ്നം കണ്ടതായും റിപ്പോർട്ടുണ്ട്

അബ്ദുല്ലാഹിബ്നു സഅലബത്ത് (റ) രാവിലെ നബി (സ) തങ്ങളെ കാണാൻ വന്നു ബാങ്കിന്റെ വചനങ്ങൾ സ്വപ്നം കണ്ടതായി അറിയിച്ചു വചനങ്ങൾ കേൾപ്പിച്ചു

'ഈ വചനങ്ങൾ ബിലാലിനെ പഠിപ്പിക്കൂ നല്ല ശബ്ദമുളള ആളാണ് ബിലാൽ ബിലാൽ ബാങ്ക് വിളിക്കട്ടെ'

നബി(സ) നിർദ്ദേശിച്ചു

ബിലാൽ (റ) ബാങ്കിന്റെ വചനങ്ങൾ പഠിച്ചു നിസ്കാര സമയമായി ഉയർന്ന സ്ഥലത്ത് കയറിനിന്ന് ബിലാൽ (റ) ഉച്ചത്തിൽ ബാങ്ക് വിളിച്ചു മദീനാ പട്ടണം കോരിത്തരിച്ചു നിന്നുപോയി.

അല്ലാഹു അക്ബർ....അല്ലാഹു അക്ബർ .....
അല്ലാഹു അക്ബർ.....അല്ലാഹു അക്ബർ.......

അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്
അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്

അശ്ഹദു അന്ന മുഹമ്മദ റസൂലുല്ലാഹ്
അശ്ഹദു അന്ന മുഹമ്മദ റസൂലുല്ലാഹ്

ഹയ്യ അലാസ്വലാത്ത് ഹയ്യ അലസ്വലാത്ത്

ഹയ്യ അലൽഫലാഹ് ഹയ്യ അലൽഫലാഹ്

അല്ലാഹു അക്ബർ അല്ലാഹു അക്ബർ

ലാഇലാഹ ഇല്ലല്ലാഹ്

മുസ്ലിംകൾ ഈ വചനങ്ങൾ കേട്ട് പുളകമണിഞ്ഞു അതിലെ ഓരോ വാക്കും മനസ്സിലേക്കിറങ്ങിച്ചെന്നു വീണ്ടും വീണ്ടും കേൾക്കാൻ മോഹം.

ബിലാൽ (റ) അങ്ങനെ ആദ്യത്തെ മുഅദ്ദിനായിത്തീർന്നു. ഇസ്ലാമിക ചരിത്രത്തിന് മറക്കാനാവാത്ത മഹാപുരുഷൻ. നബി (സ) തങ്ങളുടെ പ്രിയപ്പെട്ട മുഅദ്ദിൻ സുന്ദരമായ ശബ്ദത്തിലുള്ള ബാങ്ക് വിളി ദിവസേന അഞ്ച് നേരം മുഴങ്ങാൻ തുടങ്ങി. ആയിരങ്ങൾ അത് കേൾക്കാൻ കാത്തിരുന്നു അവർ ബിലാലിന്റെ ശബ്ദത്തിന് കാതോർത്തു. ആ ശബ്ദം അവരുടെ ജീവിതത്തിന്റെ ഭാഗമായിത്തീർന്നു. കാലം നീങ്ങുകയാണ് ഇസ്ലാം കരുത്തു നേടി വരികയാണ്. അപ്പോഴാണ് യുദ്ധത്തിന്റെ കാഹളം കേട്ടത് ബദർയുദ്ധം

റമളാൻ നോമ്പ് ഫർളാക്കപ്പെട്ട കൊല്ലം ഒരു മാസത്തെ നോമ്പെടുക്കണം സ്വഹാബികൾക്ക് പരിശീലനകാലം ബിലാൽ (റ) നോമ്പെടുത്തുകൊണ്ടിരിക്കുന്നു വേണ്ടത്ര ഭക്ഷണ പാനീയങ്ങളില്ല.

ദാരിദ്ര്യം പല്ലിളിച്ചു കാണിക്കുന്നു. അതിന്നിടയിലാണ് റമളാൻ വന്നത്. അത്താഴത്തിന്റെ കാര്യം കമ്മി. നോമ്പു തുറക്കാനും കാര്യമായിട്ടൊന്നുമില്ല. കിട്ടുന്നത് കഴിക്കും അതുകൊണ്ട് തൃപ്തിപ്പെടും അതിന്നിടയിലാണ് ബദറിന്റെ ശബ്ദം.

റമളാൻ പതിനാറ് മുസ്ലികൾ ബദറിലെത്തി ആവേശപൂർവ്വം ബിലാൽ (റ)വും എത്തി നാളെ യുദ്ധം നബി (സ) സ്വഹാബികൾക്ക് വിലപ്പെട്ട നിർദ്ദേശങ്ങൾ നൽകി യുദ്ധം തുടങ്ങിയാൽ പെട്ടെന്ന് പിരിമുറുകും പരസ്പരം തിരിച്ചറിയാൻ കഴിയാതെവരും അപ്പോൾ മുസ്ലിംകളെല്ലാം 'അഹദ്.....അഹദ്..... എന്ന് പറഞ്ഞു കൊണ്ടിരിക്കും

അഹദ്....അഹദ്....

ഏറ്റവും അനുയോജ്യമായ പദം സകലർക്കും സുപരിചിതം മർദ്ദനം മുറുകിയ ദിവസങ്ങളിൽ ബിലാൽ (റ) പറഞ്ഞു കൊണ്ടിരുന്ന വചനം.

പലരും പറഞ്ഞു പരിശീലിക്കുകയാണ്

അഹദ്....അഹദ്....അഹദ്....

ബിലാലിന്റെ സ്മരണകൾ തുടിച്ചു നിൽക്കുന്ന വാക്കുകൾ.

നേരം പുലർന്നു നബി (സ) തങ്ങൾ സൈന്യത്തെ അണിയൊപ്പിച്ചു നിർത്തി ആയുധങ്ങൾ നൽകി യുദ്ധം തുടങ്ങി ആഞ്ഞു വീശീ മുന്നേറി.
ബിലാൽ (റ) ശത്രു നിരയിലേക്ക് നോക്കി മക്കായുടെ കരൾത്തുടിപ്പുകളായ നേതാക്കൾ എല്ലാവരും എത്തിയിട്ടുണ്ട്.

അബൂജഹൽ, ഉത്ത്ബത്ത്, ശൈബത്ത്, വലീദ് പിന്നെ നിരവധി പേർ

അതാ പടവാൾ വീശിവരുന്ന ഉറ്റ സുഹൃത്തുക്കൾ

ഉമയ്യത്ത് ബ്നു ഖലഫ് ,ഉഖ്ബത്ത് ബ്നു അബീ മുഈത്വ്

ബിലാലിനെ പീഡിപ്പിച്ചു വശം കെടുത്താൻ ഉമയ്യത്തിനെ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരുന്നത് ഉഖ്ബത്ത് ആയിരുന്നു. ബദ്റിലേക്ക് ഉമയ്യത്തിനെ നിർബന്ധിച്ചു കൊണ്ട് വന്നതും ഉഖ്ബത്ത് തന്നെ.

ഉമയ്യത്ത് യുദ്ധഫണ്ടിലേക്ക് സംഭാവന നൽകി യുദ്ധത്തിനു പോരാതെ വീട്ടിൽ നിൽക്കുകയായിരുന്നു. ഇതറിഞ്ഞ് ഉഖ്ബത്ത് വീട്ടിലെത്തി സുഗന്ധം പുകയ്ക്കുന്ന ഒരു പാത്രവും കൂടെയുണ്ടായിരുന്നു ഉഖ്ബത്ത് പരിഹാസപൂർവ്വം ഇങ്ങനെ പറഞ്ഞു: 'ഉമയ്യത്ത് ഇതാ സ്ത്രീകൾ സുഗന്ധദ്രവ്യങ്ങൾ പുകയ്ക്കുന്ന പാത്രം ഇതിൽ സുഗന്ധം പുകച്ച് ചൂടുംകൊണ്ട് നിങ്ങളിവിടെ ഇരിന്നോളൂ നിങ്ങളൊരു സ്ത്രീയാണ് '

പരിഹാസം കുറിക്കുകൊണ്ടു സ്ത്രീകളാണ് യുദ്ധത്തിൽ പങ്കെടുക്കാതെ വീട്ടിലിരിക്കുക അക്കൂട്ടത്തിലാണ് ഉമയ്യത്ത്.

സഹിക്കാൻ വയ്യാത്ത പരിഹാസം

ഉമയ്യത്ത് ചാടിയെണീറ്റു യുദ്ധ വസ്ത്രങ്ങൾ ധരിച്ചു ആയുധമേന്തി പുറപ്പെട്ടു.

ഉമയ്യത്തും ഉഖ്ബത്തും രണ്ടുപേരും പോർക്കളത്തിലുണ്ട്. നബി (സ) തങ്ങളെ വധിക്കുക ഇസ്ലാം മതത്തെ തുടച്ചു നീക്കുക ഇതാണ് ശത്രുക്കളുടെ പരിപാടി എത്രയും വേഗം അത് നിർവ്വഹിച്ചു മടങ്ങിപ്പോകാം.


ഉമയ്യത്ത് പരിസരം മറന്ന് പൊരുതുകയാണ് പലരേയും വെട്ടുന്നുണ്ട് അപ്പോൾ ആ ശബ്ദം കേട്ടു അഹദ്....അഹദ്...

ങേ.... പണ്ട് തന്റെ അടിമ മുഴക്കിയ ശബ്ദം ഇന്നത് ഒരു സമൂഹം
ഏറ്റെടുത്തിരിക്കുകയാണോ ?

ധീരമായ മുന്നേറ്റം എന്തൊരു അച്ചടക്കമുള്ള സൈന്യം ഉമയ്യത്ത് ആഞ്ഞു വെട്ടി മുന്നേറാൻ നോക്കുന്നുണ്ട് പക്ഷെ, ഫലിക്കുന്നില്ല. പട്ടിണിപ്പാവങ്ങളുടെ സൈന്യമാണ് പെട്ടെന്ന് തുടച്ചു നീക്കിക്കളയാമെന്നാണ് കരുതിയത്. വിചാരിച്ചതുപോലെ എളുപ്പമല്ല എന്താ അട്ടഹാസം കേൾക്കുന്നത്? ആരൊക്കെയോ എന്തൊക്കെയോ വിളിച്ചു പറയുന്നു

അല്ലാഹു അക്ബർ
അല്ലാഹു അക്ബർ

അബൂജഹൽ വെട്ടേറ്റു വീണു. ഉമയ്യത്ത് ഞെട്ടിപ്പോയി എന്താണ് താൻ കേട്ടത് അബൂജഹൽ വീണെന്നോ? എവിടെ? എങ്ങനെ? ഏറെക്കഴിയുംമുമ്പെ വാർത്ത സത്യമെന്ന് ബോധ്യമായി.

വീണ്ടും ആഹ്ലാദസ്വരം ഉത്ബത്ത് വധിക്കപ്പെട്ടു, ശൈബത്ത് വധിക്കപ്പെട്ടു. ഓരോ നേതാക്കളുടെയും പേര് വിളിച്ചു പറയുന്നു ഓടി രക്ഷപ്പെടുക ആരോ നിർദ്ദേശം നൽകി. പിന്നെ നെട്ടോട്ടം കൊണ്ടുവന്ന സാധനങ്ങൾ വലിച്ചെറിഞ്ഞു ഓട്ടത്തിന് വേഗത കിട്ടാൻ വേണ്ടി ചരക്കുകൾ വലിച്ചെറിഞ്ഞു ജീവനും കൊണ്ടോടുകയാണ് ചിലർ.

ചിലർ പൊരുതുന്നു പോരാട്ടം അവസാനിച്ചില്ല ഉമയ്യത്ത് ഓടി രക്ഷപ്പെടാൻ നോക്കി ഒരു പഴുതും കാണുന്നില്ല രക്ഷപ്പെടാനെന്ത് വഴി?

അതാ നിൽക്കുന്നു അബ്ദുറഹ്മാനുബ്നു ഔഫ് തന്റെ പഴയകാല കൂട്ടുകാരൻ

'എനിക്ക് അഭയം തരൂ'

ഉമയ്യത്ത് കെഞ്ചിപ്പറഞ്ഞു അബ്ദുറഹ്മാനുബ്നു ഔഫ്(റ) ഉമയ്യത്തിന് അഭയം നൽകാമെന്നേറ്റു.

അപ്പോഴാണ് ഉമയ്യത്ത് ആ കാഴ്ച കണ്ടത് ബിലാൽ (റ) ഊരിപ്പിടിച്ച വാളുമായി മുമ്പിൽ നിൽക്കുന്നു പേടിച്ചു പോയി.

അബ്ദുറഹ്മാനുബ്നു ഔഫ്(റ) പറഞ്ഞു :ഞാനിവന് അഭയം നൽകിയിരിക്കുകയാണ് അതിന് യുദ്ധം അവസാനിച്ചിട്ടില്ല അവന്റെ വാൾ കണ്ടോ? അതിലെ രക്തം കണ്ടോ? മുസ്ലിം രക്തമാണത് ബിലാലിന്റെ ശബ്ദമുയർന്നു.

അല്ലാഹുവിന്റെ സഹായികളേ ഓടിവരിക ഇസ്ലാമിന്റെ ശത്രു ഇതാ നിൽക്കുന്നു. അവൻ രക്ഷപ്പെട്ടാൽ ഞാൻ രക്ഷപ്പെടുകയില്ല. ഒരുകൂട്ടം മുസ്ലിം സൈനികർ ഓടിയെത്തി കൊടും ക്രൂരനായ ഉമയ്യത്തിനെ ബിലാൽ (റ) നേരിട്ടു ഉമയ്യത്ത് വധിക്കപ്പെട്ടു.

കൂട്ടുകാരൻ ഉഖ്ബത്ത് മർദ്ദനങ്ങൾക്ക് നേതൃത്വം നൽകിയ ക്രൂരൻ അതാ വീടുകിടക്കുന്നു. കൂട്ടുകാർ ഒരേ യുദ്ധത്തിൽ വധിക്കപ്പെട്ടു വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന ഉമയ്യത്തിനെ പ്രേരിപ്പിച്ചു കൊണ്ടു വന്നത് ഉഖ്ബത്തായിരുന്നു.

ഉഖ്ബത്ത് കൊണ്ടു വന്നു ബിലാലിന്റെ വാളിനു മുമ്പിൽ നിർത്തുകയായിരുന്നു.

മക്കായുടെ കരൾക്കഷ്ണങ്ങൾ മരിച്ചു വീണു. ബദർ അവരുടെ പതന വേദിയായി. മക്ക ദുഃഖമൂകമായി. വീരശുജായികളായ ബദരീങ്ങൾ വാഴ്ത്തപ്പെട്ടു. ബന്ദികൾ ഊഹിക്കാനാവാത്ത കാര്യം മക്കായുടെ നായകരിൽ പലരും ഇതാ ബന്ദികളായിരിക്കുന്നു. ഇവരുടെ പൗരുഷം നാണിച്ചു
മുസ്ലിംകളുടെ തടവുകാരായി ജീവിക്കേണ്ടിവന്നു മുസ്ലിംകളെ അടുത്തറിയാൻ അവസരം കിട്ടി ഇസ്ലാമിന്റെ മഹത്വമറിഞ്ഞു.

നബി (സ)യും സ്വഹാബികളും മദീനയിലെത്തി മസ്ജിദുന്നബവിയിൽ ബിലാൽ (റ)വിന്റെ ഇമ്പമുള്ള ബാങ്ക് വീണ്ടും മുഴങ്ങി കേട്ടവർ കുളിരണിഞ്ഞു നിന്നുപോയി.

കാലം പിന്നെയും ഒഴുകി കണക്കില്ലാത്ത ജനം ഇസ്ലാമിലേക്ക് ഒഴുകിവന്നുകൊണ്ടിരിക്കുന്നു.

'മക്കയിലേക്കു പോവണം '

നബി (സ)യുടെ പ്രഖ്യാപനം സ്വഹാബികൾ ആവേശഭരിതരായി ആയിരങ്ങളുടെ അകമ്പടിയോടെ പുറപ്പെടുകയാണ് മലഞ്ചെരുവുകളിലൂടെ ആ വലിയ സംഘം സഞ്ചരിച്ചു.

മലമുകളിലിരുന്ന് മക്കക്കാർ മുസ്ലിംകളുടെ ആഗമനം നോക്കിക്കണ്ടു.

ഒട്ടകപ്പുറത്തിരിക്കുന്ന നായകൻ വിനയാന്വിതനായി തലയും താഴ്ത്തിയിരിക്കുന്നു. എന്തുമാത്രം അനുയായികൾ അല്ലാഹുവിനെ വാഴ്ത്തിക്കൊണ്ടവർ കടന്നുവരുന്നു നേരെ കഅബാലയത്തിലേക്ക്.

ബിലാൽ (റ)ചുറ്റും നോക്കി വർഷങ്ങൾക്കപ്പുറത്തേക്ക് ഓർമ്മകൾ പറന്നുപോവുന്നു തന്റെ കുട്ടിക്കാലം കടന്നു പോയത് ഈ മണൽഭൂമിയിലാണ് സുപരിചിതമായ പ്രദേശം ഓടിക്കളിച്ചു നടന്ന പ്രദേശങ്ങൾ താൻ ജനിച്ചതിവിടെയാണ് ഈ പുണ്യ മക്കയിൽ ഇതാണെന്റെ ജന്മഗേഹം.

അതാ നിൽക്കുന്നു കഅ്ബാലയം ഉമയ്യത്തുബ്നു ഖലഫിന്റെ കച്ചവട സംഘത്തെ നയിച്ച് കൊണ്ട് താൻ ശാമിലേക്ക് പുറപ്പെട്ടത് ഇവിടെ വെച്ചായിരുന്നു. എത്രയോ സന്ധ്യകളിൽ കൂട്ടുകാരൻ അബൂബക്കർ (റ) വിനെ അന്വേഷിച്ചു നടന്നത് ഇവിടെയായിരുന്നു.

കൂട്ടുകാരനെ കണ്ടെത്തുമ്പോൾ എന്തൊരു സന്തോഷമായിരുന്നു തങ്ങളുടെ ഒത്തുചേരലുകൾക്കും നീണ്ട സംഭാഷണങ്ങൾക്കും ഈ മണൽത്തരികൾ സാക്ഷിയാണ്.

ഒടുവിൽ ക്രൂര മർദ്ദനത്തിന്റെ നാളുകൾ നീണ്ടുനിന്ന പീഡനങ്ങൾ കഴുത്തിൽ കയറിട്ട് ശത്രുക്കൾ  തന്നെ പിടിച്ചു വലിച്ചു കൊണ്ട് നടന്നത് ഈ തെരുവുകളിലൂടെയായിരുന്നു. എത്ര നിസ്സാരമായ അവസ്ഥ ഇന്നോ ? അല്ലാഹു ആ അവസ്ഥ മാറ്റി.

നിസ്കാര സമയമാവുമ്പോൾ ബാങ്ക് വിളിക്കുന്നത് ഈ ബിലാൽ ആയിരിക്കും താൻ വിളിക്കുന്ന വചനങ്ങൾ മക്കാ പട്ടണം ഏറ്റു ചൊല്ലും റബ്ബേ...നീ തന്ന ദറജ
നിനക്കാണ് സകല സ്തുതിയും.

മക്കക്കാർ നോക്കിനിൽക്കുകയാണ് ആകാംക്ഷയോടെ എന്തൊക്കെയാണ് നടക്കാൻ പോവുന്നത് നബി(സ) തങ്ങൾ ബിലാലിനോടൊപ്പം കഅബയിൽ പ്രവേശിച്ചു. ആദ്യം കണ്ട ശിലാപ്രതിഷ്ഠയിലേക്ക് സൂക്ഷിച്ചു നോക്കി
ഇബ്റാഹീം നബി (അ) അമ്പുകൊണ്ട് ശകുനം നോക്കുന്നത് ചിത്രീകരിച്ചിരിക്കുകയാണ്.

നബി (സ) തങ്ങൾക്ക് കോപം വന്നു. ഇപ്രകാരം പറഞ്ഞു: ഇബ്റാഹീം(അ) അമ്പുകൊണ്ട് ശകുനം നോക്കിയിട്ടില്ല. ഇബ്റാഹീം ജൂതനോ ക്രൈസ്തവനോ അല്ല സത്യ മാർഗ്ഗം സ്വീകരിച്ച മുസ്ലിംമായിരുന്നു. അദ്ദേഹം ബഹുദൈവാരാധകരിൽ പെട്ടവനുമല്ല.

വിഗ്രഹങ്ങളെല്ലാം എടുത്തുമാറ്റി കഅബാലയം ശുദ്ധീകരിച്ചു നിസ്കാരത്തിന് സമയമായി നബി(സ)യുടെ കൽപന പ്രകാരം കഅബയുടെ മുകളിൽ നിന്ന് ബിലാൽ (റ) ബാങ്ക് വിളിച്ചു.

അല്ലാഹു അക്ബർ അല്ലാഹു അക്ബർ

മക്ക നിശ്ചലമായി ഒരാളും ഒന്നും ഉരിയാടുന്നില്ല. മുശ്രിക്കുകൾ ശ്രദ്ധയോടെ കേൾക്കുന്നു മുസ്ലിംകൾ വചനങ്ങൾ ഏറ്റ് ചൊല്ലുന്നു മലകളിൽ ബാങ്ക് പ്രതിധ്വനിച്ചു തൗഹീദിന്റെ ശബ്ദം മുഴങ്ങി എല്ലാവരും കേട്ടു ഒതുങ്ങി മറുശബ്ദമില്ല.

മക്കക്കാർ ഓർത്തു. ബിലാലിന്റെ പദവി, ഉമയ്യത്തിന്റെ മർദ്ദനമേറ്റ് കിടന്ന ബിലാൽ ഇന്ന് ആയിരങ്ങൾ ആദരവോടെ ആ ശബ്ദത്തിന് കാതോർക്കുന്നു.

നിശ്ചിത ദിവസങ്ങൾ കഴിഞ്ഞു മുസ്ലിം സംഘം മടങ്ങുകയാണ്. ബിലാൽ (റ) നബി (സ) യുടെ തൊട്ടു പിന്നിലുണ്ട് പ്രിയപ്പെട്ട മക്കാ പട്ടണമേ പോയിവരട്ടെ മക്ക ജയിച്ചടക്കിയിരിക്കുന്നു കഅബാലയം ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു ഇനിയിവിടെ നിസ്കാരം നടക്കും എല്ലാ സൽക്കർമ്മങ്ങൾക്കും തുടക്കമായി

ഗോത്രങ്ങൾ കൂട്ടംകൂട്ടമായി ഇസ്ലാമിലേക്ക് വരുന്നു വിജയങ്ങളുടെ മുന്നേറ്റം

നബി (സ)യോടൊപ്പം എല്ലാ യുദ്ധങ്ങളിലും ബിലാൽ (റ) പങ്കെടുത്തു എല്ലാ പ്രധാന സംഭവങ്ങളിലും കൂടെ നിന്നു.

മനസ്സു നിറയെ നബിയോടുള്ള (സ) സ്നേഹം നബിയില്ലാത്ത മദീന അങ്ങനെയൊന്ന് സങ്കൽപിക്കാനേ കഴിഞ്ഞില്ല.

നബി(സ) തങ്ങൾക്ക് രോഗം പിടിപെട്ടു. പള്ളിയിലേക്ക് വരാൻ പറ്റാതെയായി അബൂബക്കർ സിദ്ദീഖ് (റ) നിസ്കാരത്തിന് നേതൃത്വം നൽകി

ബിലാലിന്റെ മനസ്സിടറിപ്പോയി സഹിക്കാനാവാത്ത ദുഃഖം ഇതെന്തുപറ്റിപ്പോയി ഇങ്ങനെ ഒരനുഭവം മുമ്പുണ്ടായിട്ടില്ലല്ലോ.

ദുഃഖം നിറഞ്ഞ ദിവസങ്ങൾ കടന്നുപോയി ഇടനെഞ്ച് തകർക്കുന്ന വാർത്ത പുറത്തു വന്നു നബി (സ) തങ്ങൾ വഫാത്തായിരിക്കുന്നു ശക്തനായ ബിലാൽ(റ) തളർന്നുപോയി.

ധീരകേസരികളെല്ലാം തളർന്നു പോയ ദിവസം തന്റെ സ്നേഹിതൻ അബൂബക്കർ (റ) കർമ്മബോധത്തോടെ രംഗത്ത് നിറഞ്ഞു നിന്നു
കരച്ചിൽ നിർത്തുക കണ്ണീരൊപ്പുക ധീരമായി സാഹചര്യങ്ങളെ നേരിടുക.

അബൂബക്കർ (റ)വിന്റെ ധീരമായ നേതൃത്വം കാര്യങ്ങൾ നിയന്ത്രണവിധേയമാക്കി.



നബി (സ) തങ്ങൾ കൺമുമ്പിൽ നിന്നു മറഞ്ഞു. റൗളാ ശരീഫിലേക്ക് നോക്കാൻ കഴിയുന്നില്ല മനസ്സ് പിടിയിലൊതുങ്ങുന്നില്ല ബിലാൽ (റ) വിന്റെ തളർച്ച തീർന്നില്ല നബി(സ)യെ കാണാതെ ജീവിക്കാൻ വയ്യ

വയ്യ മദീനയിൽ കഴിയാനാവില്ല ഇനി ബാങ്ക് വിളിക്കാൻ വയ്യ നബി(സ) തങ്ങൾക്കുവേണ്ടി ഇത്രനാളും ബാങ്ക് വിളിച്ചു ഇനി മറ്റൊരാൾക്കുവേണ്ടി വിളിക്കാനാവില്ല.

മദീന വിടണം ഇനിയിവിടെ നിന്നുകൂടാ. എങ്ങോട്ട് പോവും? അതിർത്തി പ്രദേശങ്ങളിൽ യുദ്ധം നടക്കുന്നുണ്ട്. അത് വളരെ ദൂരെയാണ് അങ്ങോട്ട് പോവാം സൈന്യത്തോടൊപ്പം ചേരാം ശത്രുക്കളോട് പടപൊരുതാം പൊരുതിപ്പൊരുതി രക്തസാക്ഷിയാവാം അതാണ് നല്ലത് അങ്ങനെ തന്നെ.

ഖലീഫയോട് സമ്മതം ചോദിക്കാം ഖലീഫയുടെ സമീപത്തേക്ക് നടന്നു. മനസ്സ് നിറയെ പഴയകാല ഓർമ്മകൾ ഒരു ദിവസം പോലും വേർപിരിഞ്ഞിരിക്കാൻ കഴിയാത്ത കൂട്ടുകാരായിരുന്നു ഇനി വേർപിരിയാം. കൂട്ടുകാരൻ മദീനയിലിരിക്കട്ടെ തനിക്ക് അകലേക്ക് പോവാം വിദൂര ദിക്കിലേക്ക് ഖലീഫയുടെ മുമ്പിലെത്തി സലാം ചൊല്ലി തന്റെ തീരുമാനം അറിയിച്ചു ഖലീഫയുടെ പ്രതികരണം ഇങ്ങനെ:

'ബിലാൽ താങ്കൾ മദീന വിട്ട് പോവരുത് ഞങ്ങൾക്ക് ബാങ്ക് കൊടുക്കാൻ പിന്നാരാണുള്ളത് '

നബി (സ)ക്ക് ശേഷം ബാങ്ക് വിളിക്കാൻ എന്നെക്കൊണ്ടാവില്ല എന്നെ പോകാൻ അനുവദിക്കുക

'താങ്കളെ പോവാൻ അനുവദിക്കില്ല'

'ഞാനൊരു അടിമയായിരുന്നു താങ്കളാണെന്നെ വിലക്ക് വാങ്ങി സ്വതന്ത്രനാക്കിയത് താങ്കളെന്നെ സ്വതന്ത്രനാക്കിയത് താങ്കളുടെ ആവശ്യത്തിനുവേണ്ടിയാണോ? എങ്കിൽ ഞാനിവിടെ നിൽക്കാം താങ്കളെന്നെ സ്വതന്ത്രനാക്കിയത് അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചാണെങ്കിൽ എന്നെ വിട്ടയക്കുക'

ആ പ്രസ്താവനക്കു മുമ്പിൽ ഖലീഫ ഉത്തരം മുട്ടിപ്പോയി
താങ്കളുടെ ആഗ്രഹം നടക്കട്ടെ ഞാനെതിർക്കുന്നില്ല താങ്കൾക്കു പോകാം

ഖലീഫ പോകാൻ സമ്മതം നൽകി

ബിലാൽ (റ)സലാം ചൊല്ലി

ഖലീഫ സലാം മടക്കി കൈപിടിച്ചു ആലിംഗനം നാല് കണ്ണുകളും നിറഞ്ഞു പോയി നീണ്ട കാലത്തേക്കുള്ള വേർപാട്.

റൗളയിലെത്തി മനസ്സ് നിയന്ത്രണത്തിൽ കിട്ടുന്നില്ല ഓർമ്മകൾ പ്രവഹിക്കുകയാണ് ദുആ ഇരന്നു സലാം ചൊല്ലിയപ്പോൾ പൊട്ടിക്കരഞ്ഞുപോയി. വഴിയിലേക്കിറങ്ങി ധൃതിയിൽ നടന്നു മരുഭൂമിയിലൂടെ ബിലാൽ (റ)വിനെയും വഹിച്ചുകൊണ്ട് ഒട്ടകം നീങ്ങി നോക്കെത്താ ദൂരത്തേക്ക്

മദീനാ പള്ളിയിൽ നിന്ന് ബാങ്ക് ഉയർന്നു മറ്റൊരു മുഅദ്ദിന്റെ ശബ്ദം കാലം ചെല്ലുംതോറും ശബ്ദം മാറിക്കൊണ്ടിരിക്കും

എന്നാൽ ബിലാൽ (റ) ഓർമ്മകളിൽ ജീവിക്കും ആ ശബ്ദം ആരും മറക്കില്ല ഓരോ ബാങ്കും പ്രഥമ മുഅദ്ദിനെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും.


യർമൂക്ക് വിജയം 

മദീനയിൽ നിന്ന് അതിർത്തി പ്രദേശങ്ങളുടെ സംരക്ഷണത്തിനായി പതിനായിരക്കണക്കായ സൈനികരാണ് എത്തിയത് സഹായ സൈന്യത്തെ പല ഘട്ടങ്ങളിലായി അയച്ചു സുരക്ഷാഭീഷണി പല ഭാഗങ്ങളിലുമുണ്ട് സൈന്യം പല ഭാഗങ്ങളായി പല ദിക്കുകളിലേക്ക് സഞ്ചരിച്ചു

യൂറോപ്യൻ ശക്തികളാണ് ശത്രുക്കൾ ക്രൈസ്തവ രാഷ്ട്രങ്ങളുടെ ലക്ഷക്കണക്കായ സൈന്യം

ചരിത്രപ്രസിദ്ധമായ ഹിംസ് പട്ടണത്തിലാണ് മുസ്ലിം സൈന്യം തമ്പടിച്ചിരിക്കുന്നത് സൈന്യാധിപൻ അബൂ ഉബൈദ(റ) ശത്രുക്കൾ ആഞ്ഞടിക്കാൻ ഒരുങ്ങിനിൽക്കുകയാണ്

ഈ ഘട്ടത്തിൽ എന്ത് ചെയ്യണമെന്ന് ചർച്ച ചെയ്യുകയാണ് സൈന്യാധിപനും അനുയായികളും മുസ്ലിം സൈന്യം തമ്പടിച്ചിരിക്കുന്ന രണ്ടു പ്രധാന കേന്ദ്രങ്ങൾ ഡമസ്കസും ഫലസ്തീനുമാണ്

ഖാലിദ് ബ്നുൽ വലീദ്(റ)
അംറുബ്നുൽ ആസ്വ്(റ)
ഇവരാണ് സൈന്യാധിപന്മാർ

ഹിംസിലെ മുസ്ലിം സൈന്യം കൂടിയാലോചന നടത്തി ശത്രുക്കളുമായി ഏറ്റുമുട്ടുന്നത് തൽക്കാലം അപകടകരമാണെന്ന് മനസ്സിലാക്കി പെട്ടെന്ന് അവർ ഹിംസ് വിട്ടു ഡമസ്കസിലേക്കു നീങ്ങി

മുസ്ലിം സൈന്യം കേന്ദ്രീകരിച്ച പ്രധാനപ്പെട്ട മൂന്നു പ്രദേശങ്ങൾ ഇവയായിരുന്നു ഷീസർ, ഹമാത്, ബഅ്ലബക്ക് അവിടങ്ങളിലെ സൈനികരും ഡമസ്കസിലെത്തി

ഹിംസിൽ നേരത്തെ മുസ്ലിംകളും ക്രൈസ്തവരും തമ്മിൽ ഉഗ്ര യുദ്ധം നടക്കുകയും മുസ്ലിംകൾ വിജയിക്കുകയും ചെയ്തതാണ് മറു ഭാഗം ശക്തിപ്രാപിച്ചപ്പോഴാണ് മുസ്ലിം സൈന്യം ഹിംസിൽ നിന്ന് പിൻവാങ്ങിയത് ഷീസർ, ഹമാത്, ബഅ്ലബക്ക് പ്രദേശങ്ങളുടെ സ്ഥിതിയും അങ്ങനെത്തന്നെ

ശത്രുസൈന്യം സർവ്വ സജ്ജീകരണങ്ങളുമായി മുസ്ലിംകളെ തകർക്കാൻ ഒരുങ്ങുകയാണ്

ഇതിന്നിടയിലാണ് ഒന്നാം ഖലീഫ അബൂബക്കർ സിദ്ദീഖ് (റ) വഫാത്തായത് ഡമസ്കസിൽ തമ്പടിച്ച സൈന്യത്തിൽ ബിലാൽ (റ)വും ഉണ്ട് സ്നേഹിതന്റെ മരണത്തിൽ വളരെ ദുഃഖിതനായി

രണ്ടാം ഖലീഫയായി ഉമറുൽ ഫാറൂഖ് (റ) തിരഞ്ഞെടുക്കപ്പെട്ടതായി വാർത്ത വന്നു വലിയ ആശ്വാസവും സന്തോഷവും തോന്നി ഉമറുൽ ഫാറൂഖ് (റ) അതിർത്തി പ്രദേശങ്ങളിലെ കാര്യങ്ങൾക്ക് വലിയ പരിഗണന നൽകി അവർക്ക് ശക്തി കൂട്ടണം

ഒരു സഹായ സൈന്യത്തെ സജ്ജമാക്കി സൈദുബ്നു ആമിർ(റ) സേനാനായകനായി നിയമിക്കപ്പെട്ടു ഈ സൈന്യം ഉടനെത്തന്നെ ഡമസ്കസിലേക്ക് പുറപ്പെട്ടു

ശത്രുക്കളുടെ സന്നാഹങ്ങൾ ഭയാനകമാണെന്ന് കാണിച്ചു കൊണ്ട് ഡമസ്കസിൽ നിന്ന് സൈന്യാധിപൻ ഖലീഫക്ക് കത്ത് കൊടുത്തയച്ചു കത്ത് മദീനയിൽ വായിച്ചു ചർച്ച ചെയ്യപ്പെട്ടു ഖലീഫ ഇങ്ങനെ മറുപടി അയച്ചു

'എതിരാളികൾ ധൂമപടലങ്ങൾ പോലെയാണ് നിങ്ങൾ നന്നായൊന്ന് ഊതിയാൽ ധൂമപടലങ്ങൾ പറന്നു പോകും'

ഒരേ ഘട്ടത്തിൽ പല സംഭവങ്ങൾ നടക്കുന്നു

അബൂ ഉബൈദയും സംഘവും ഡമസ്കസിൽ നിന്ന് പുറപ്പെട്ട് യർമൂഖിൽ വന്ന് തമ്പടിക്കുന്നു

സൈയ്ദുബ്നു ആമിറിന്റെ നേതൃത്വത്തിലുള്ള സഹായ സൈന്യം യർമൂഖിലെത്തുന്നു

ഖലീഫയുടെ കത്തുമായി ദൂതൻ യർമൂക്കിലെത്തുന്നു ഈ ഒത്തുചേരൽ മുസ്ലിം സൈന്യത്തെ ആവേശം കൊള്ളിച്ചു

ശത്രുക്കൾ ധൂമപടലങ്ങൾ അവരെ തകർക്കാൻ പ്രയാസമില്ല വലതു ഭാഗത്തും ഇടതു ഭാഗത്തും നിലയുറപ്പിക്കേണ്ട സൈന്യത്തെ നിശ്ചയിച്ചു

വലതു ഭാഗത്തെ സൈന്യത്തെ മുആദുബ്നു ജബൽ(റ) നയിക്കും ഇടതു ഭാഗത്തെ സൈന്യത്തെ നയിക്കുന്നത് ഖബ്ബാത്ത് ബ്നു അതീമ(റ) കാലാൾപ്പടയെ നയിക്കുന്നത് ഹാശിം ഇബ്നു ഉത്ബ(റ) ബിലാൽ (റ) ധീരയോദ്ധവായി രംഗത്തുണ്ട്

രണ്ട് ലക്ഷം സൈനികരുടെ ശത്രുസേന മുമ്പോട്ട് നീങ്ങിവരുന്നു യർമൂക്ക് യുദ്ധം അതിശക്തമായിരുന്നു ഖാലിദ്(റ), അബൂ ഉബൈദ(റ) എന്നിവരുടെ ബുദ്ധിപൂർവ്വമായ നീക്കങ്ങൾ ആരെയും അതിശയം കൊള്ളിക്കും

ഹിറാക്ലിയസ് ചക്രവർത്തിയുടെ വൻ സൈന്യത്തെ പരാജയപ്പെടുത്താൻ ലോകത്ത് ഒരു ശക്തിയില്ല അതാണ് അവരുടെ വിശ്വാസം

യുദ്ധം നടക്കുമ്പോൾ ഹിറാക്ലിയസ് അന്താക്കിയായിലാണുള്ളത് തന്റെ സൈന്യത്തിന്റെ വിജയവാർത്തക്കു കാത്തിരിക്കുകയാണ് മുസ്ലിം സൈന്യം വിജയിച്ചുവെന്ന വാർത്തയാണ് അദ്ദേഹം കേട്ടത്
മുസ്ലിംകൾ തന്നെ പിടികൂടും അതിന് മുമ്പെ സ്ഥലം വിടാം കോൺസ്റ്റാണ്ടിനോപ്പിളിലേക്ക് പോവാം

സിറിയ ഐശ്വര്യത്തിന്റെ കളിത്തൊട്ടിൽ പച്ചപിടിച്ച കൃഷിയിടങ്ങൾ പഴങ്ങൾ വിളയുന്ന തോട്ടങ്ങൾ പാഞ്ഞൊഴുകുന്ന അരുവികൾ എല്ലാം കൈവിട്ടുപോയി മുസ്ലിംകൾ കൈവശമാക്കി ഇനിയൊരിക്കലും തനിക്കത് തിരിച്ചു കിട്ടില്ല ഹിറാക്ലിയസ് ദുഃഖത്തോടെ സിറിയയോട് യാത്ര പറഞ്ഞു ഐശ്വര്യം നിറഞ്ഞ വലിയൊരു ഭൂപ്രദേശം മുസ്ലിംകൾക്ക് സ്വന്തമായി

ഈ വിജയം ഖലീഫ ഉമർ (റ)വിനെ സന്തോഷം കൊള്ളിച്ചു അല്ലാഹുവിനെ ദീർഘനേരം വാഴ്ത്തിക്കൊണ്ടിരുന്നു

അബൂ ഉബൈദയും ഒരു സൈനിക വിഭാഗവും ഹിംസിലേക്ക് തന്നെ പോയി വിജയം അവരെ കാത്തിരിക്കുകയായിരുന്നു

ഖാലിദുബ്നു വലീദ് ഹലബ് (അലപ്പോ) എന്ന പ്രദേശത്തേക്ക് മർച്ച് ചെയ്തു

ബൈസാന്റിയക്കാർ ഖാലിദിനെയും സൈന്യത്തെയും നശിപ്പിക്കാൻ പദ്ധതിയിട്ട് കാത്തിരിക്കുകയാണ് ഖാലിദ് സൈന്യവുമായി നഗരമധ്യത്തിൽ പ്രത്യക്ഷപ്പെട്ടു ക്രൈസ്തവ ലോകത്തെ അമ്പരിപ്പിച്ചു റോമൻ സൈന്യം പ്രതിരോധിക്കാനാവാതെ പിന്തിരിഞ്ഞോടി അന്താക്കിയായിൽ അഭയം തേടി കോട്ടയിൽ കയറി വാതിലടച്ചു ഖാലിദ്(റ) ഇങ്ങനെ വിളിച്ചു പറഞ്ഞു: നിങ്ങൾ കാർമേഘത്തിൽ പോയി ഒളിച്ചാലും അല്ലാഹു ഞങ്ങളെ അവിടെ എത്തിക്കും അല്ലെങ്കിൽ നിങ്ങളെ ഞങ്ങളുടെ മുമ്പിൽ കൊണ്ടുവന്നിക്കും

അതികം താമസിയാതെ അബൂ ഉബൈദയും എത്തി തദ്ദേശിയരെ ഇസ്ലാമിലേക്കു ക്ഷണിച്ചു ഭൂരിപക്ഷം പേരും ഇസ്ലാം മതം സ്വീകരിച്ചു ഇതറിഞ്ഞ് ഖലീഫ വളരെ സന്തുഷ്ഠനായി ക്രൈസ്തവരുമായി സന്ധിചെയ്തു

അന്താക്കിയ സീസറിന്റെ പ്രസിദ്ധമായ താവളം കോൺസ്റ്റാണ്ടിനോപ്പിളിനോട് സാമീപ്യമുള്ള പട്ടണം അന്താക്കിയായുടെ ചുറ്റുമതിൽ ആരെയും അമ്പരിപ്പിക്കും പർവ്വതം പോലുള്ള മതിൽ അതിനു സമീപം വരെ മുസ്ലിം സൈന്യം എത്തി




ശക്തമായ യുദ്ധം ബുദ്ധിപരമായ നീക്കങ്ങൾ അന്താക്കിയ അധീനപ്പെടുത്തി യൂറോപ്പ് ഞെട്ടി വിറച്ചു.

മരുഭൂമിയിൽ ഒട്ടകത്തിന്റെ മൂക്കു കയറും പിടിച്ചു നടന്ന കാട്ടറബികൾ ഡമസ്കസും, ഹിംസും പിടിച്ചടക്കുകയോ? അന്താക്കിയ അധീനപ്പെടുത്തുകയോ?

ഹിരാക്ലിയസ് ചക്രവർത്തി കോൺസ്റ്റാണ്ടിനോപ്പിളിലെ കൊട്ടാരത്തിലെത്തി റോമാ സൈന്യത്തിലെ എഴുപതിനായിരത്തിലേറെ യോദ്ധാക്കൾ വധിക്കപ്പെട്ടിട്ടുണ്ട്.

സാധാരണക്കാർക്ക് വിമോചനത്തിന്റെ കാലമായി മേലാളന്മാരുടെ പീഡനം അവസാനിച്ചു സാധാരണക്കാർക്കു സ്വാതന്ത്ര്യം ലഭിച്ചു.

മുസ്ലിം ഭരണം വന്നത് അവർക്കനുഗ്രഹമായി പടിഞ്ഞാറൻ ക്രൈസ്തവരുടെ സ്വപ്നഭൂമിയായ സിറിയയിൽ ഇസ്ലാം മതം പ്രചരിച്ചു ശാന്തി, സമാധാനം , സാഹോദര്യം, സ്വാതന്ത്ര്യം.... ഇവയെല്ലാം ജനങ്ങൾ അനുഭവിച്ചു.

അംറ് ബ്നുൽ ആസ്വ്(റ) ഫലസ്തീനിലേക്ക് പട നയിച്ചു അതി ശക്തമായ ശത്രു സൈന്യത്തെ പരാജയപ്പെടുത്തി.

ബൈത്തുൽ മുഖദ്ദസ് പിടിച്ചടക്കാൻ വേണ്ടി വളരെയേറെ സാഹസിക ശ്രമങ്ങൾ നടത്തേണ്ടിവന്നിട്ടുണ്ട് മുസ്ലിം സൈന്യത്തിന്റെ പൊടുന്നനെയുള്ള നടപടികൾക്കും അമ്പരപ്പിക്കുന്ന ധീരതക്കും മുമ്പിൽ ക്രൈസ്തവർ പതറിപ്പോയി അവർ സന്ധിക്ക് അപേക്ഷിച്ചു

'നിങ്ങളുടെ നേതാവായ ഖലീഫ ഉമർ നേരിട്ട് വന്നു സന്ധി വ്യവസ്ഥകൾ എഴുതണമെന്ന് ഞങ്ങളാവശ്യപ്പെടുന്നു '

ക്രൈസ്തവ നേതൃത്വം അറിയിച്ചു

അബൂ ഉബൈദ ഇക്കാര്യം അറിയിച്ചുകൊണ്ട് മദീനയിലേക്ക് കത്തയച്ചു തല മുതിർന്ന സ്വഹാബികൾ കത്ത് വായിച്ചു ചർച്ച ചെയ്തു

മദീനയിൽ നിന്ന് വളരെ അകലെയുള്ള സ്ഥലമാണ് ഫലസ്തീൻ ശക്തരായ ശത്രുക്കളുടെ മധ്യത്തിലൂടെ യാത്ര ചെയ്യണം ഭരണാധികാരി മദീന വിടുന്നത് ഭരണത്തെ ബാധിക്കും

ഇങ്ങിനെയൊക്കെയുള്ള അഭിപ്രായങ്ങൾ ഉയർന്നു വന്നു അലി(റ) ഇങ്ങനെ അഭിപ്രായപ്പെട്ടു

ബൈത്തുൽ മുഖദ്ദസ് നമ്മുടെ ആദ്യ ഖിബ്ലയാണ് പല നബിമാരുടെയും അന്ത്യവിശ്രമ കേന്ദ്രമാണ് ഖലീഫ അവിടെ സന്ദർശനം നടത്തണം അത് മുസ്ലിംകൾക്ക് ആത്മവിശ്വാസവും ധൈര്യവും വർദ്ധിപ്പിക്കും

ഉമർ (റ) ആ അഭിപ്രായം സ്വീകരിച്ചു

അലി(റ) വിനെ മദീനയിൽ തന്റെ പ്രതിനിയായി നിയോഗിച്ചു

ഏതാനും സഹയാത്രികരോടൊപ്പം ഉമർ (റ) പുറപ്പെട്ടു സുദീർഘമായ യാത്രയാണ് ഒരു ഭരണാധികാരിയുടെ ആഢംബരപൂർവ്വമായ യാത്രയല്ല ഒരു സാധാരണക്കാരന്റെ യാത്ര ഒരു പാത്രം വെള്ളം ഒരു പാത്രത്തിൽ കാരക്ക കീറിത്തുന്നിയ ഉടുപ്പുകൾ അറേബ്യൻ ദാരിദ്ര്യം വിളിച്ചോതുന്ന വസ്ത്രം ആഢംബരങ്ങളുടെ നാട്ടിലേക്കാണ് പോവുന്നത് അന്നാട്ടുകാർ ഉമർ (റ)വിനെ കുറച്ചു ധാരാളം കേട്ടിട്ടുണ്ട് പ്രജാക്ഷേമ തൽപ്പരനായ ഭരണാധികാരി

സാധാരണക്കാർക്ക് ഖലീഫയെ കാണാൻ തിടുക്കമായി സ്വേഛാധിപതികളുടെ ഭരണത്തിൽ നിന്ന് തങ്ങളെ മോചിപ്പിച്ച വിമോചകനാണദ്ദേഹം ക്രൈസ്തവ മേലധ്യക്ഷന്മാരും കാത്തിരിക്കുകയാണ് ഖലീഫയുടെ വിശാല മനസ്കതയും ഭരണ പരിഷ്കാരങ്ങളും അവരും കേട്ടറിഞ്ഞിട്ടുണ്ട്

ബിലാൽ (റ)വിന്റെ മനസ്സ് നിറയെ സന്തോഷം തന്റെ നേതാവ് വരികയാണ് അത്ഭുതകരമായ നേട്ടങ്ങൾ കാണാൻ തന്നെ എത്രയോ തവണ നേതാവ് എന്നു വിളിച്ചിട്ടുണ്ട്

'അബൂബക്കർ നമ്മുടെ നേതാവാണ് നമ്മുടെ നേതാവിനെ മോചിപ്പിച്ച നേതാവ് '
അത് കേൾക്കുമ്പോൾ വിനയത്തോടെ ബിലാൽ (റ) പറയും

'ഞാനൊരു നീഗ്രോ വംശജൻ ഇന്നലെവരെ അടിമയായിരുന്നു '

ആദ്യത്തെ മുഅദ്ദിൻ എല്ലാവരും തന്നെ ആദരിക്കുന്നു ബാങ്ക് വിളി നിർത്തിയിട്ട് കൊല്ലങ്ങളായി ഇനി വിളിക്കാൻ വയ്യ.

അതിർത്തി പ്രദേശങ്ങളിൽ വമ്പിച്ച യുദ്ധങ്ങളാണ് നടന്നത് അതിൽ പങ്കെടുക്കാൻ കഴിഞ്ഞത് മഹാഭാഗ്യം.

അമീറുൽ മുഅ്മിനീനെ സ്വീകരിക്കാൻ അബൂ ഉബൈദയും സംഘവും പുറപ്പെട്ടു വഴിയിൽ വെച്ച് അവർ കണ്ടുമുട്ടി ഉമർ (റ)വിന്റെ വസ്ത്രങ്ങളും യാത്രാ സജ്ജീകരണങ്ങളും കണ്ടപ്പോൾ അവർക്ക് വിഷമം തോന്നി

ക്രൈസ്തവ നേതാക്കൾ വിലകൂടിയ വസ്ത്രങ്ങൾ ധരിച്ചാണ് ഖലീഫയെ സ്വീകരിക്കാനെത്തുക ഖലീഫ ഫഖീറിനെപ്പോലെ ചെന്നാൽ അവർക്കെന്ത് തോന്നും ധരിച്ചിരിക്കുന്നത് കമ്പിളി വസ്ത്രം പതിനാല് സ്ഥലത്ത് കണ്ടംവെച്ചു തുന്നിയിട്ടുണ്ട് കീറിപ്പറിഞ്ഞ വസ്ത്രം നല്ലൊരു കുതിരയെയും വിലകൂടിയ വസ്ത്രങ്ങളും കൊണ്ടുവന്നു

'അമീറുൽ മുഅ്മിനീൻ ഈ വേഷം ഇന്നാട്ടിലേക്ക് പറ്റിയതല്ല അത് മാറ്റി ഈ പുതിയ വസ്ത്രം ധരിച്ചാലും '

ഖലീഫക്ക് കാര്യം മനസ്സിലായി

ഖലീഫയുടെ ഗൗരവം നിറഞ്ഞ ഉപദേശം

'സഹോദരന്മാരേ അല്ലാഹു നമ്മെ പ്രതാപവാന്മാരാക്കിയത് ഇസ്ലാമിലൂടെയാണ് നമുക്ക് അന്തസ് നടിക്കാൻ അത് മതി പഴയ കാലം മറക്കരുത് നിങ്ങൾ ജനങ്ങളിലേറ്റവും നിന്ദ്യരും ദുർബ്ബലരുമായിരുന്നു പിന്നീട് അല്ലാഹുവാണ് നിങ്ങളുടെ അന്തസ്സ് ഉയർത്തിയത് ഹിംസും , അന്താക്കിയയും , ഫലസ്തീനും , അവൻ നിങ്ങൾക്ക് അധീനപ്പെടുത്തിത്തന്നു നിങ്ങൾ കുതിരയിലും , വസ്ത്രത്തിലും , മറ്റ് ആഢംബരങ്ങളിലും അന്തസ്സ് നടിക്കാൻ തുടങ്ങിയാൽ അല്ലാഹു നിങ്ങളെ പഴയ അവസ്ഥയിലേക്ക് മടക്കും , സൂക്ഷിക്കുക '

കേട്ടുനിന്നവർ നടുങ്ങുപ്പോയി ആർക്കും ഒന്നും പറയാനില്ല.

പാതിരിയച്ചന്മാരും ഫലസ്തീൻ നേതാക്കളും അവരുടെ ഏറ്റവും മുന്തിയ വസ്ത്രം ധരിച്ച് എല്ലാ പ്രതാപവും പ്രകടിപ്പിച്ചു കൊണ്ടാണ് ഖലീഫയെ സ്വീകരിക്കാൻ ഒരുങ്ങിനിൽക്കുന്നത്

പാത്രിയർക്കീസ് സ്വഫർനിയൂസും , നഗരമുഖ്യന്മാരും മുമ്പോട്ടിറങ്ങിവന്നു അവർക്കു പിന്നിൽ ആയിരങ്ങൾ കൗതുകത്തോടെ തടിച്ചു കൂടി നിന്നു

ഖലീഫ ഉമറുൽ ഫാറൂഖ് (റ) കടന്നു വരുന്നു അദ്ദേഹത്തിന്റെ അസാമാന്യമായ ലാളിത്യവും വിനയവും എല്ലാവരെയും അത്ഭുതപ്പെടുത്തി

പേര് കേൾക്കുമ്പോൾ ലോകം നടുങ്ങുന്ന മഹാചക്രവർത്തിയുടെ വേഷവിധാനം ഇതോ?


വളരെ ഹൃദ്യമായിരുന്നു ആ കൂടിക്കാഴ്ച സന്ധിവ്യവസ്ഥകളെഴുതി പരസ്പര ബഹുമാനത്തോടെ ഭരണ കാര്യങ്ങൾ സംസാരിച്ചു ജനക്ഷേമ പദ്ധതികൾ ഖലീഫ അവയെക്കുറിച്ചു സംസാരിച്ചു എന്തുമാത്രം ആശയങ്ങൾ ആ മനസ്സിനുള്ളിൽ കേട്ടറിഞ്ഞതിനെക്കാളും വലിയ മഹാൻ സഫർ നിയൂസ് ഖലീഫയെ ബൈത്തുൽ മുഖദ്ദസിലേക്കു നയിച്ചു ബൈത്തുൽ മുഖദ്ദസിന്റെ താക്കോൽ നൽകി

'ഈ താക്കോൽ ഏറ്റുവാങ്ങുന്ന വ്യക്തിയെക്കുറിച്ചു ഞങ്ങൾക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ അടയാളങ്ങൾ പറയപ്പെട്ടിട്ടുണ്ട് അവയെല്ലാം നിങ്ങളിൽ ഞങ്ങൾ കാണുന്നുണ്ട് '

ദാവൂദ് (അ) നിസ്കരിച്ച സ്ഥലം ഉമർ (റ) അവിടെ പോയി നിസ്കരിച്ചു അല്ലാഹുവിന് സ്തുതി അൽഹംദുലില്ലാഹ് ദീർഘനേരം ദുആ ഇരന്നു ചർച്ചയിലെത്തി ക്രൈസ്തവ നേതാക്കളുമായി പല കാര്യങ്ങളെ കുറിച്ചും സംസാരിച്ചു ഇസ്ലാമിനെ പരചയപ്പെടുത്തി അതിന്നിടയിൽ ളുഹർ നിസ്കാരത്തിന് സമയമായി

'ഞങ്ങളുടെ ചർച്ചിൽ വെച്ചു തന്നെ നിസ്കരിക്കാം '

'വേണ്ട ഞാൻ പുറത്തുപോയി നിസ്കരിക്കാം '

അകലേക്ക് നടന്നു പോയി നിലത്ത് മുണ്ട് വിരിച്ചു നിസ്കരിച്ചു

ഉമർ (റ) പറഞ്ഞു: ഞാൻ ചർച്ചിൽ വെച്ചു നിസ്കരിച്ചാൽ, പിന്നീടൊരു കാലത്ത് ഞാൻ നിസ്കരിച്ച സ്ഥലത്തിനുവേണ്ടി എന്റെ പിൻഗാമികൾ അവകാശവാദമുന്നയിച്ചേക്കാം'

ആ സാധ്യത ഇല്ലായ്മ ചെയ്തു

ഉമറുൽ ഫാറൂഖ് (റ) അനുയായികളുടെ മധ്യത്തിലേക്കിറങ്ങി ജനങ്ങളുടെ പ്രിയപ്പെട്ട ജനനായകൻ ഒട്ടനേകം വിശേഷങ്ങൾ പറയാനുണ്ട് ബിലാൽ (റ) അവരുടെ കൂട്ടത്തിൽ തന്നെയുണ്ട് അനുയായികൾ ഖലീഫയോട് ഒരാവശ്യം ബോധിപ്പിച്ചു

ഖലീഫ അവർകളേ നിസ്കാര സമയമായിരിക്കുന്നു ബാങ്ക് വിളിക്കണം നമ്മുടെ പ്രിയങ്കരനായ ബിലാൽ നമ്മോടൊപ്പമുണ്ട് അദ്ദേഹത്തിന്റെ ബാങ്ക് കേട്ടിട്ട് കൊല്ലങ്ങളായി ഇപ്പോഴത്തെ നമസ്കാരത്തിന്റെ ബാങ്ക് അദ്ദേഹം കൊടുക്കട്ടെ അമീറുൽ മുഅ്മിനീൻ ബിലാലിനോട് ആവശ്യപ്പെട്ടാലും'

ഉമറുൽ ഫാറൂഖിനും ബിലാലിന്റെ ബാങ്ക് കേൾക്കാൻ വലിയ ആഗ്രഹം നിസ്കാരത്തിന് സമയമായിരിക്കുന്നു താങ്കൾ ബാങ്ക് വിളിക്കൂ'

'അമീറുൽ മുഅ്മിനീൻ അക്കാര്യം മാത്രം പറയരുത് എനിക്ക് ബാങ്ക് കൊടുക്കാൻ കഴിയില്ല നിർബന്ധിക്കരുത് '

'ബിലാൽ.... ഞങ്ങളുടെയൊക്കെ ആഗ്രഹമാണ് താങ്കൾ ബാങ്ക് വിളിക്കൂ'

സ്നേഹപൂർവ്വമായ നിർബന്ധം നിർബന്ധത്തിന് വഴങ്ങേണ്ടിവന്നു നിസ്കാര സമയമായി ബിലാൽ (റ) ബാങ്ക് വിളിക്കാൻ തുടങ്ങി ബിലാലിന്റെ ശബ്ദം ആയിരക്കണക്കായ സ്വഹാബികൾ ആവേശഭരിതരായി പോയ കാലം തിരിച്ചു വന്നതുപോലെ തോന്നി
നബി (സ) ജീവിച്ചിരിക്കുന്ന കാലം ആ സുന്ദര വദനം കണ്ടുകൊണ്ടിരിക്കാം ആ ശബ്ദം കേൾക്കാം അക്കാലത്ത് ജീവിച്ചിരിക്കുകയാണെന്ന് തോന്നിപ്പോയി

അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ
അശ്ഹദു അല്ലാഇലാഹ ഇല്ലല്ലാഹ് അശ്ഹദു അല്ലാഇലാഹ ഇല്ലല്ലാഹ്
അശ്ഹദു അന്ന......

ഗദ്ഗദം വാക്കുകളെ തടഞ്ഞു നബി (സ)യുടെ പേര് പറയാൻ ഒരു വിധത്തിലും കഴിയുന്നില്ല

'അശ്ഹദു അന്ന....' പറയുമ്പോഴേക്കും ബിലാൽ (റ) പൊട്ടിക്കരഞ്ഞുപോയി അതോടെ എല്ലാവരും പൊട്ടിപ്പൊട്ടി കരഞ്ഞു ആർക്കും നിയന്ത്രിക്കാനാവുന്നില്ല

ചിലർ ഖലീഫയെ നോക്കി ശക്തനായ ഉമർ ഫാറൂഖ് (റ) അവർകളെ ആ മഹാൻ ഒരു ചെറിയ കുട്ടിയെപ്പോലെ വാവിട്ടു കരയുകയാണ്

പ്രവാച സ്നേഹത്തിന്റെ പരിശുദ്ധി പ്രവാചകരുടെ പേര് കേട്ടാൽ ഓർമ്മകൾ കൂലംകുത്തി ഒഴുകും പിന്നെ പിടിച്ചു നിൽക്കാനാവില്ല

ബിലാൽ (റ) തളർന്ന് ഇരുന്നുപോയി ചരിത്രം മറക്കാത്ത നിമിഷങ്ങൾ പലസ്തീനിലെ മണൽത്തരികൾ കോരിത്തരിച്ചുപോയി ഖലീഫ കുറെ നാളുകൾ അവരോടൊപ്പം താമസിച്ചു ഇനിയും ഇസ്ലാമിന്റെ പ്രകാശമെത്താത്ത നിരവധി പ്രദേശങ്ങളുണ്ട് അവിടേക്ക് പോവണം ഇസ്ലാമിന്റെ വെളിച്ചം അവിടെ എത്തിക്കണം

ഖലീഫ മദീനയിലേക്ക് മടങ്ങുകയാണ് ബിലാലിനെ വിളിച്ചു യാത്ര പറഞ്ഞു സലാം ചൊല്ലി ബിലാൽ (റ) കരഞ്ഞു

ഖലീഫ പോവുകയാണ് നബി (സ) തങ്ങൾ അന്ത്യവിശ്രമം കൊള്ളുന്ന പട്ടണത്തിലേക്കാണ് പോവുന്നത് ഓർമ്മകൾ വിടരുമ്പോൾ കരച്ചിലടങ്ങുന്നില്ല

'ബിലാൽ സ്വർഗ്ഗാവകാശിയാണ് '

നബി (സ)യുടെ വാക്കുകൾ ഓർമ്മ വരുന്നു അതോർത്തപ്പോൾ എങ്ങനെ പിടിച്ചു നിൽക്കാനാവും ?

ഒരിക്കൽ നബി (സ) ചോദിച്ചു
ബിലാൽ.... സ്വർഗത്തിൽ നിങ്ങളുടെ ചെരിപ്പിന്റെ ശബ്ദം ഞാൻ കേട്ടു നിങ്ങളെന്തോ കാര്യമായ ഇബാദത്ത് ചെയ്യുന്നുണ്ട് ജനങ്ങൾ കാണാതെ അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി നിങ്ങൾ നിർവ്വഹിക്കുന്ന സൽക്കർമ്മം എന്താണ്?

ബിലാൽ (റ) വിനയത്തോടെ മറുപടി നൽകി

'വുളൂ എടുക്കുമ്പോഴൊക്കെ ഞാൻ രണ്ട് റക്അത്ത് സുന്നത്ത് നിസ്കരിക്കാറുണ്ട് '

അല്ലാഹുവിനുവേണ്ടി നിർവ്വഹിക്കുന്ന ഈ സൽക്കർമ്മം അദ്ദേഹത്തെ വമ്പിച്ച പ്രതിഫലത്തിന് അർഹനാക്കി

മസ്ജിദുന്നബവിയിൽ ഒരുമിച്ചിരുന്നു നബി (സ) തങ്ങളുടെ ഉപദേശങ്ങൾ കേട്ടിരുന്ന പതിനായിരക്കണക്കായ സ്വഹാബികൾ അവർ ഇസ്ലാം മത പ്രചരണത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചേർന്നു

അവരുടെ ത്യാഗങ്ങൾക്ക് ഭൂമി സാക്ഷി ജീവിത സുഖങ്ങൾ മുഴുവൻ ദീനിനുവേണ്ടി മാറ്റിവെച്ചവരാണവർ ബിലാൽ (റ) അവരിലൊരാൾ ത്യാഗ നിർഭരമായ ജീവിതം അന്ത്യംവരെ അങ്ങനെ തന്നെ

ഖലീഫ ഉമർ (റ)വിന്റെ ഫലസ്തീൻ സന്ദർശനം ഇസ്ലാമിക ചരിത്രത്തിലെ മഹാസംഭവമായി രേഖപ്പെട്ടു പിൽക്കാല മുസ്ലിം മുന്നേറ്റങ്ങൾക്കത് ആവേശം പകർന്നു


ദാരിയാ ഗ്രാമത്തിലെ ഖബർ





ഇസ്ലാമിന്റെ മുന്നേറ്റം തടസ്സമില്ലാതെ തുടരുകയാണ് എല്ലാ വൻകരകളിലും അതെത്തിച്ചേരും സ്വഹാബികൾ കടൽ വഴിയും കര വഴിയും സഞ്ചരിക്കുന്നു വിദൂര ദിക്കുകളിൽ ഇസ്ലാമിന്റെ പ്രകാശമെത്തിക്കുവാൻ
ബിലാൽ (റ) കടന്നുപോന്ന മാർഗ്ഗത്തിലേക്കു തിരിഞ്ഞു നോക്കി

നീഗ്രോ അടിമയായി ജനിച്ചു ഉമയ്യത്തിന്റെ വേലക്കാരനായിത്തീർന്നു ജീവിതം അവിടെ അവസാനിച്ചിരുന്നുവെങ്കിൽ? തന്നെ ആരും ഓർക്കുമായിരുന്നില്ല അല്ലാഹു തന്നെ അനുഗ്രഹിച്ചു ഇസ്ലാമിന്റെ പ്രകാശം നൽകി അനുഗ്രഹിച്ചു ഇവിടെവരെയെത്തി കഴിഞ്ഞതൊന്നും മറക്കാനാവില്ല നബി (സ) തങ്ങൾ പൊതു മുതൽ സ്വരൂപിച്ചു
ബൈത്തുൽമാൽ അതിന്റെ ആദ്യത്തെ ചുമതലക്കാരൻ താനായിരുന്നു

നബി (സ) യുടെ വഫാത്ത് തന്റെ ജീവിതത്തെ ആട്ടിയുലച്ച സംഭവം പിന്നെ ബാങ്ക് വിളിക്കാൻ ശക്തിയില്ലാതെയായി മദീനയിൽ നിൽക്കാനും വയ്യ അങ്ങനെ നാടുവിട്ടു അതിർത്തി പ്രദേശങ്ങളിൽ വന്നു എത്രയെത്ര യുദ്ധങ്ങൾ കാലമെത്ര കടന്നുപോയി

ഒരു രാത്രി ബിലാൽ (റ) ശാന്തമായുറങ്ങുന്നു ഒരു സ്വപ്നം വിടരുന്നു നബി (സ) വരുന്നു സംസാരിക്കുന്നു എന്തൊരനുഭൂതി പക്ഷെ നീണ്ടുനിന്നില്ല ബിലാൽ (റ) ഉണർന്നുപോയി വല്ലാത്ത ദുഃഖം തോന്നി കുറച്ചു നേരം കൂടി കണ്ടുകൊണ്ടിരിക്കാൻ കഴിഞ്ഞില്ലല്ലോ

സ്വപ്നം ചിന്താകുലനാക്കി റൗളാശരീഫ് ഓർമ്മ വന്നു മദീന പട്ടണം ഓർമ്മവന്നു നബി (സ) തന്നെ വിളിച്ചതല്ലേ മദീനയിലേക്ക് ഒന്നു പോയിവരാം മനസ്സ് വല്ലാതെ തുടിച്ചു ദീർഘ യാത്ര മദീനയിലെ സ്നേഹിതന്മാരുടെ മുഖങ്ങൾ ഓരോന്നായി മനസ്സിൽ തെളിയുന്നു അലി(റ), മക്കളായ ഹസൻ (റ), ഹുസൈൻ (റ) ഇവരെയൊക്കെ കണ്ടിട്ടെത്ര കാലമായി യാത്ര കരുതിയതോടെ അവരെയൊക്കെ കാണാനുള്ള ആഗ്രഹം വർദ്ധിച്ചു

ബിലാൽ(റ) വരികയാണ് ദിനരാത്രങ്ങൾ മാറിമാറി വന്നു ഒരു നാൾ ബിലാൽ (റ) റൗളാ ശരീഫിലെത്തി ഖബർ കണ്ടതും പൊട്ടിക്കരയാൻ തുടങ്ങി

നിർത്താതെ കരച്ചിൽ തന്നെ ലോകാനുഗ്രഹിയായ പ്രവാചകർ അന്ത്യവിശ്രമം കൊള്ളുന്നു തൊട്ടടുത്തു തന്നെ പ്രിയപ്പെട്ട അബൂബക്കർ (റ) എങ്ങനെ കരയാതിരിക്കും ഇരുവർക്കും സലാം ചൊല്ലി ദുആ ഇരന്നു

ഇതാര്? ആളുകൾ അതിശയത്തോടെ നോക്കി മദീനയെ കോരിത്തരിപ്പിച്ച മുഅദ്ദിൻ ഇതാ വീണ്ടും എത്തിയിരിക്കുന്നു

അലി(റ) ഓടിയെത്തി ബിലാൽ (റ)വിനെ അതിഥിയായി സ്വീകരിച്ചു കഴിഞ്ഞു

വീട്ടിൽ വിരുന്നൊരുക്കി ബിലാൽ (റ ) എത്തി കുട്ടികൾക്കെന്തൊരു സന്തോഷം ഹസൻ (റ), ഹുസൈൻ (റ)

ബിലാൽ (റ) അതിർത്തി പ്രദേശത്തെ വിശേഷങ്ങൾ കുട്ടികൾക്കു പറഞ്ഞു കൊടുത്തു കഥ കേൾക്കുന്ന കൗതുകത്തോടെ അവർ കേട്ടു കൊണ്ടിരുന്നു കുട്ടികൾ സ്നേഹപൂർവ്വം ഇങ്ങനെ നിർബന്ധിച്ചു

'ഞങ്ങൾക്കൊരു ബാങ്ക് കേൾക്കണം '

'വേണ്ട മക്കളേ...' ബിലാൽ (റ) ഒഴിഞ്ഞുമാറി

ഒരിക്കൽ മതി...ഒരിക്കൽ മാത്രം

മക്കളുടെ ആവശ്യം തട്ടിക്കളയാൻ പറ്റുമോ? നബി (സ) തങ്ങളുടെ പേരക്കുട്ടികളല്ലേ? സമ്മതിക്കേണ്ടിവന്നു നാളെ രാവിലെ സുബ്ഹിക്ക് ബാങ്ക് കൊടുക്കാം

കുട്ടികൾക്ക് സന്തോഷമായി

നാളത്തെ പ്രഭാതം മദീനാ പട്ടണം കോരിത്തരിക്കും ചിലരൊക്കെ വിവരമറിഞ്ഞു അവർക്കാവേശമായി

അത്താഴം കഴിച്ചു ബിലാൽ (റ) വിരിപ്പ് നിവർത്തി കിടന്നു ഉറക്കം വരുന്നില്ല യാത്രാ ക്ഷീണം നന്നായുണ്ട് എന്നിട്ടും ഓർമ്മകൾ ഉറക്കിനെ അകറ്റിനിർത്തുന്നു

പ്രിയപ്പെട്ട മദീനാ....
ഞങ്ങളിവിടേക്ക് ഹിജ്റ വന്നു ഇവിടത്തെ കാലാവസ്ഥ ഞങ്ങൾക്കു പറ്റിയില്ല ഞങ്ങൾ രോഗികളായി പ്രിയപ്പെട്ട മക്കയെ ഓർത്തു വിലപിച്ചു അന്ന് നബി (സ) നടത്തിയ പ്രാർത്ഥന ഇപ്പോഴും കാതിൽ മുഴങ്ങുന്നു

അല്ലാഹുവേ മദീനയെ ഞങ്ങൾക്ക് പ്രിയപ്പെട്ടതാക്കേണമേ മക്കയെപ്പോലെ പ്രിയപ്പെട്ടതാക്കേണമേ ഇവിടത്തെ മുദ്ദിലും സ്വാഇലും ബർക്കത്ത് ചൊരിയേണമേ

മദീന ഞങ്ങൾക്ക് പ്രിയപ്പെട്ടതായിത്തീർന്നു മുദ്ദ് , സ്വാഅ് എന്നിവ അളവു പാത്രങ്ങളാണ് അവയിലെ ബർക്കത്ത് കാരണം ഭക്ഷണ ക്ഷാമം തീർന്നു അങ്ങനെ എന്തെല്ലാം ഓർമ്മകൾ നേർത്ത ഉറക്കം കിട്ടി പിന്നെ ഉണർന്നു വുളൂ എടുത്തു വന്നു
ബാങ്കിനു സമയമായി ബിലാൽ (റ) ബാങ്ക് തുടങ്ങി

അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ അശ്ഹദു അല്ലാഇലാഹ ഇല്ലല്ലാഹ് അശ്ഹദു അല്ലാഇലാഹ ഇല്ലല്ലാഹ്

മദീന കോരിത്തരിച്ചു ബിലാലിന്റെ ശബ്ദം അവർ തിരിച്ചറിഞ്ഞു നബി (സ) തങ്ങളുടെ ജീവിത കാലം ഓർമ്മം വന്നു ആ ഓർമ്മയിൽ അവർ പള്ളിയിലേക്കോടി

അശ്ഹദു അന്ന.... അവിടന്നങ്ങോട്ട് പറയാൻ കഴിയുന്നില്ല ഒരു പൊട്ടിക്കരച്ചിൽ മദീനയാകെ വിതുമ്പിപ്പോയി ദുഃഖം അണപൊട്ടിയൊഴുകി കരഞ്ഞുതീരുംപോലെയായി ബാങ്ക് വിളി ബിലാൽ (റ) തളർന്നു
മസ്ജിദ് നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടം സുബ്ഹി നിസ്കാരം കഴിഞ്ഞു

ബിലാലിനെ ഒരു നോക്കു കാണാൻ വൻ തിരക്ക് പുതിയ തലമുറ ആദ്യമായി കാണുകയാണ്

വയ്യ..... ഇവിടെ തങ്ങാൻ വയ്യ മടങ്ങാം ബിലാൽ (റ) ഡമസ്കസിലേക്കു മടങ്ങിപ്പോയി ഡമസ്കസിന്റെ സമീപത്തുള്ള മനോഹരമായ ഗ്രാമം ദാരിയാ ഗ്രാമം അവിടെ ഒരു കൊച്ചു വീട് അതിൽ ബിലാൽ (റ) താമസിച്ചു കുറച്ചു കാലം കഴിഞ്ഞപ്പോൾ രോഗം ബാധിച്ചു ശരീരം ക്ഷീണിച്ചു അവശതയായി പിന്നെ ശാന്തമായ മരണം ദാരിയാ ഗ്രാമത്തിലെ ഖബർ അനുഗ്രഹീതനായ സ്വഹാബിവര്യൻ ബിലാലുബ്നു റബാഹ് (റ) അന്ത്യവിശ്രമം കൊള്ളുന്നു.

*********************************************************************************

കടപ്പാട് : ഈ ലേഖനം അലി അഷ്‌കർ ഉസ്താദിന്റെ ഫേസ്ബുക് പേജിൽ നിന്നും എടുത്തതാണ് . അദ്ധേഹത്തിന്റെ ആഗ്രഹപ്രകാരം ഷെയർ ചെയ്യുന്നവർ പേരും നമ്പറും നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ഉള്ളത് കൊണ്ട് ആ ഉസ്താദിന്റെ ഫേസ്ബുക് പേജും , മൊബൈൽ നമ്പറും ഇവിടെ കൊടുക്കുന്നു . 

https://www.facebook.com/ALI-Ashkar-598105610263884/

📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣

No comments:

Post a Comment