Tuesday 26 February 2019

മുഹർറം പത്തിനു ഭക്ഷണ വിശാലത



മുഹർറം പത്തിന്റെ നാളിൽ ( ആശുറാ) ഭാര്യമക്കൾക്ക് ഭക്ഷണാതികളിൽ വിശാലമാക്കിക്കൊടുക്കൽ അജ്ഞാതമല്ലാത്ത സുന്നത്താണെന്നു നമ്മുടെ നാട്ടിൽ ഒാതിവരുന്ന നുബാത്തിയ്യ ഖുതുബയിലുണ്ടല്ലോ.( വത്തൗസിഅത്തു ഫീഹി....) എന്നാൽ ഇത് അടിസ്ഥാനരഹിതമാണെന്നും ശിയാക്കളുടെ ജല്പനമാണെന്നും ചിലർ പറയുന്നു.അങ്ങനെയെങ്കിൽ ഈ അബദ്ധജഡിലമായ വിശ്വാസമാണോ ശ്രോതാക്കൾക്ക് അറബിയറിയിെല്ലങ്കിലും ഖതീബുമാർ പള്ളി മിമ്പറുകളിൽ കയറി വിളിച്ചു പറയുന്നത്.?! ഇത് തിരുത്തേണ്ടതല്ലേ.? അതല്ലെങ്കിൽ മേൽ പ്രകാരം ഒരു ഭക്ഷണവിശാലതയുടെ സുന്നത്ത് ഫിഖ്ഹിന്റെ കിതാബുകളിലെവിടെങ്കിലും തെളിയിക്കാമോ.?

ആശുറാ നാളിൽ തന്റെ ആശ്രിതർക്ക് ഭക്ഷണ വിശാലത നല്കൽ സുന്നത്താണെന്നും ആ വർഷം മുഴുക്കെ അള്ളാഹുവിൽ നിന്ന് ഭക്ഷണ വിശാലത ലഭിക്കാനാണ് ഇതെന്നും ഇമാം കുർദി തന്റെ അൽഹവാശിൽ മദനിയ്യ: ( 2 - 131) യിൽ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്.ഹസനായ ( പ്രമാണയോഗ്യം) ഹദീസിൽ അങ്ങനെയുണ്ടന്നും അദ്ദേഹം സമർത്ഥിച്ചിട്ടുണ്ട്.

ഇതു സംബന്ധിച്ച ഹദീസുകളെല്ലാം ഇബ്നുൽ ജൗസി മൗളൂഅ് ( പ്രമാണിക്കാൻ പറ്റാത്തത്) എന്നു വിധി കല്പിച്ചിട്ടുണ്ടെങ്കിലും അതു ശുദ്ധ പിഴവാണെന്നു പ്രസിദ്ധ ഹദീസ് നിരൂപകനായ അസ്സെനുൽ ഇറാഖീ (റ) പ്രസ്താവിച്ചിട്ടുണ്ട്. ഇബ്നു നാസിറുദ്ദീൻ എന്ന മുഹദ്ദിസും ഇറാഖിയും അവയിൽ പല ഹദീസുകളും സ്വഹീഹാണെന്നു തന്നെ സമർത്ഥിച്ചിട്ടുണ്ട്. ഇനി ഹദീസുകളെല്ലാം ളഈഫാണെന്നു വന്നാലും നിവേദക പരമ്പര ( സനദ്) ചിലത് ചിലതിനെ ശക്തിപ്പെടുത്തുമെന്നതു കൊണ്ട് അത്തരം ഹദീസുകൾ പ്രമാണയോഗ്യമാണെന്നതു സുവിദിതമാണല്ലോ. ശർവാനി 3 - 455 നോക്കുക.

ഇവ്വിധം അടിസ്ഥാനമുള്ളതുകൊണ്ടാണ് ഇബ്നുനുബാത്തതൽ മിസ് രി (റ) യുടെ ഖുതുബയിലെ പ്രശ്നത്തിലുന്നയിച്ച വാക്യം അറബു ഭാഷ തിരിയുന്ന ഖതീബുമാർ പള്ളി മിമ്പറുകളിൽ നിന്നുകൊണ്ടു തന്നെ ഉറക്കെ പ്രഖ്യാപിക്കുന്നത്.ശ്രോതാക്കൾ അറബു പഠിക്കാത്തതു കൊണ്ട് ഖതീബുമാരെന്തു ചെയ്യാൻ.!! അതിനാൽ അതു തിരുത്തേണ്ടതല്ല.തുടരേണ്ടതാണ്.

No comments:

Post a Comment