Tuesday, 19 February 2019

ആർത്തവ വിരാമത്തിനു ശേഷം നിസ്ക്കാരം തുടങ്ങേണ്ടത് എപ്പോൾ



ആർത്തവ കാലം സാദാരണയിൽ ആറോ എയോ ദിവസങ്ങളും കൂടിയാൽ പതിനഞ്ചു ദിവസവും ഏറ്റവും ചുരുങ്ങിയത് ഒരു ദിവസവുമാണ്. അതിനാൽ ഹൈള് നിന്നെന്ന് ഉറപ്പായത് മുതലാണ് അര്ഥവകാരി നിസ്കരിക്കേണ്ടത്. രക്തം കാണാതിരിക്കുകയും നിന്നോ ഇല്ലേ എന്ന് ഉറപ്പാവാതിരിക്കുകയും ചെയ്തത്, സാധാരണദിവസങ്ങള്‍ കഴിഞ്ഞ ശേഷമാണെങ്കില്‍ മുറിഞ്ഞതായി പരിഗണിക്കുകയും ശുദ്ധിയുടെ നിയമങ്ങള്‍ ബാധകമാവുകയും ചെയ്യും.

എന്നാല്‍, പതിവ് ദിവസങ്ങള്‍ക്ക് മുമ്പാണെങ്കില്‍ ഉറപ്പുവരുന്നതുവരെ കാത്തിരിക്കണം. അതേ സമയം, ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഏതെങ്കിലും നിസ്കാരത്തിന്റെ സമയത്താണ് ഹൈള് തുടങ്ങിയതെങ്കില്‍, ബാങ്ക് വിളിച്ച ശേഷം ഹൈള് തുടങ്ങുന്നതിന് മുമ്പായി വുദു ചെയ്യാനും ഫര്‍ള് നിസ്കരിക്കാനുമാവശ്യമായ സമയം ലഭിച്ചിട്ടുണ്ടെങ്കില്‍ ആ നിസ്കാരം നിര്‍ബന്ധമാണ്.

ആ നിസ്കാരം നിസ്കരിക്കുന്നതിന് മുമ്പായി ഹൈള് തുടങ്ങിയെങ്കില്‍, മുറിഞ്ഞ ശേഷം അത് ഖളാ വീട്ടേണ്ടതാണ്. ഉദാഹരണമായി, ഉച്ചക്ക് ഒരു മണിക്ക് (ളുഹ്റിന് ബാങ്ക് വിളിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞ്)ആണ് ഹൈള് തുടങ്ങിയതെങ്കില്‍, ആ ളുഹ്റ് നിസ്കാരം നിര്‍ബന്ധമാണ്. ഹൈള് തുടങ്ങുന്നതിന് മുമ്പായി അത് നിസ്കരിച്ചിട്ടില്ലെങ്കില്‍, ഹൈള് മുറിഞ്ഞ ശേഷം അത് ഖളാ വീട്ടേണ്ടതാണ്. ഹൈള് തുടങ്ങാന്‍ സാധ്യതയുള്ള ദിവസങ്ങളില്‍ നിസ്കാരത്തിന്റെ സമയം ആയ ഉടനെ നിസ്കരിക്കാന്‍ സ്ത്രീകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം, ഇത്തരത്തില്‍ ഖളാ ആകുന്നതാണ്,അത് ഏറെ കുറ്റകരവുമാണ്. ഹൈള് മുറിയുന്നേടത്തും ഇത് ശ്രദ്ധിക്കേണ്ടതാണ്.

മുറിഞ്ഞത് മുതല്‍ നിസ്കാരം നിര്‍ബന്ധമാണ്. അടുത്ത കുളിയുടെ സമയം ആകുന്നത് വരെ കാത്തിരിക്കാന്‍ പാടുള്ളതല്ല. ഉദാഹരണത്തിന്, മഗ്രിബിന്റെ സമയം ആയ ശേഷമാണ് ഹൈള് മുറിഞ്ഞതെങ്കില്‍, ഉടനെ കുളിച്ച് മഗ്രിബ് നിസ്കരിക്കേണ്ടതാണ്. കുളിക്കാന്‍ രാവിലെ വരെയോ മറ്റോ കാത്തിരിക്കാന്‍ പാടില്ല, അങ്ങനെ ചെയ്യുന്ന പക്ഷം മഗ്രിബും ഇശാഉം ഖളാ ആകുന്നതാണ്, അത് കുറ്റകരവുമാണ്.

ഒരു നിസ്കാരസമയത്ത് മുറിഞ്ഞ് ഉറപ്പുവരുത്താനായി അടുത്ത നിസ്കാരം വരെ കാത്തിരിക്കുകയും അടുത്ത നിസ്കാരസമയത്ത് ഉറപ്പാകുകയും ചെയ്താല്‍, ആദ്യനിസ്കാരം ഖളാ വീട്ടേണ്ടതാണ്. ഉദാഹരണം, ളുഹ്റിന്റെ സമയത്ത് രക്തം മുറിഞ്ഞു, ഇനിയും ഉണ്ടാവുമോ ഇല്ലേ എന്ന സംശയം ബാക്കിയായതിനാല്‍ അസ്റ് വരെ കാത്തിരുന്നു. അസ്റ് ആയിട്ടും ഉണ്ടാവാത്തതിനാല്‍ മുറിഞ്ഞു എന്ന് ഉറപ്പായി. അങ്ങനെ വന്നാല്‍ ഹൈള് മുറിഞ്ഞത് ളുഹ്റിന്റെ സമയത്താണെന്നതിനാല്‍ ളുഹ്റ് കൂടി നിര്‍ബന്ധമാണ്, അത് അസ്റിന്റെ സമയത്ത് ഖളാ വീട്ടേണ്ടതാണ്.

മാത്രമല്ല, ഹൈള് മുറിയുന്നത് അസര്‍ നിസ്കാരത്തിന്‍റെ സമയത്താണെങ്കില്‍ ളുഹ്റ് നിസ്കാരവും ഖളാഅ് വീട്ടണം എന്നാണ് പ്രബലാഭിപ്രായം, അതുപോലെ തന്നെ ഇശാഇന്‍റെ സമയത്താണ് ഹൈള് മുറിഞ്ഞതെങ്കില്‍ മഗ്‍രിബ് നിസ്കാരവും കൂടി ഖളാഅ് വീട്ടണം. ഇതിന് കാരണമായി ഫുഖഹാക്കള്‍ പറയുന്നത്, ജംഅ് ആക്കുമ്പോള്‍ ളുഹ്റിന് അസറിന്‍റെ സമയവും, മഗ്‍രിബിന് ഇശാഇന്‍റെ സമയവും കൂടി വിശാലാര്‍ത്ഥത്തില്‍ ലഭിക്കുന്നു എന്നതാണ്.

No comments:

Post a Comment