ഇന്ന് പള്ളികളിലും മറ്റും വ്യാപകമായി കാണുന്ന പ്രവണതയാണ് കസേര നിസ്കാരം. ബുദ്ധിമുട്ടില്ലാതെ നടക്കാനും ഇരിക്കാനും കഴിവുള്ളവരും കസേരയിൽ ഇരുന്ന് നിസ്കരിക്കൽ സ്ഥിരം കാഴ്ചയാണ്.
കഴിവുള്ളവർ നിൽക്കൽ നിസ്കാരത്തിന്റെ രണ്ടാമത്തെ ഫർളാണ്. തക്കതായ കാരണം കൂടാതെ ഇരുന്ന് നിസ്കരിച്ചാൽ നിസ്കാരം ശരിയാവുകയില്ല.എഴുന്നേറ്റു നിന്നാൽ തലകറക്കം അനുഭവപ്പെടുകയും വീഴാനുള്ള സാധ്യതയുള്ളവർ നിലവിലുള്ള രോഗം വർദ്ധിക്കുമെന്നോ വഷളാകുമെന്നോ സുഖം പ്രാപിക്കാൻ കാലതാമസം വരുത്തുമെന്നോ ഭയപ്പെടുന്നവർ,കാലുറക്കാത്തവർ, നിൽക്കുമ്പോൾ മുറിവിൽ നിന്ന് രക്തം ഒലിക്കുക,മൂത്രവാർച്ച പോലെയുള്ള കാര്യങ്ങൾ നിർത്തം മൂലം കഠിനമായ വേദന അനുഭവപ്പെടുന്നവർ തുടങ്ങിയവർക്ക് മുൻ അനുഭവത്തിന്റെയോ വിശ്വസിയായ വിദഗ്ധ ഡോക്ടറുടെ വാക്കിന്റെയോ അടിസ്ഥാനത്തിൽ ഇരുന്നു നിസ്കരിക്കൽ അനുവദനീയമാണ്. ഒരു ചെറിയ ബുദ്ധിമുട്ട് അല്ലെങ്കിൽ ആശങ്ക കാരണം മാത്രം കൊണ്ട് നിർത്തം ഉപേക്ഷിക്കൽ അനുവദനീയമല്ല.(ഹിന്ദിയ്യ 136/1)
അല്പസമയം നിൽക്കാൻ കഴിയുന്നവർ കഴിയുന്നത്ര സമയം നിൽക്കണം. പിന്നീട് ഇരിക്കുകയും ചെയ്യാം. തക്ബീറത്തുൽ ഇഹ്റാം ചെയ്യുന്നതിനോ ഒരു ആയത്ത് ഓതുന്നതിനോ മതിയായ സമയം മാത്രമേ വടിയിൽ ഊന്നിയാലും ചാരിയാലും താങ്ങിയാലും നിൽക്കാൻ കഴിയുകയുള്ളൂ എങ്കിലും അത്രയും സമയം നിൽക്കൽ നിർബന്ധമാണ്.ഏതിലെങ്കിലും വസ്തുവിൽ ചാരി നിൽക്കാൻ കഴിയുമെങ്കിൽ അതിന്റെ പിന്തുണയോടെ നിൽക്കേണ്ടണ്.(റദ്ദ് അൽ-മുഹ്താർ 565/2)
ഒരാൾക്ക് റുകൂഉം സുജൂദും കഴിയാതെ വരികയും നിൽക്കാൻ സാധിക്കുമെങ്കിൽ നിൽക്കണം.കാരണം നിൽക്കൽ നിസ്കാരത്തിന്റെ ഒരു തുടർച്ചയായ ഫർളാണ്. ഒരാൾക്ക് ചെയ്യാൻ കഴിയുന്ന ഭാഗം ഉപേക്ഷിക്കുന്നത് അനുയോജ്യമല്ല.
ഇരിക്കൽ അനുവദനീയമായ മുകളിൽ പറഞ്ഞ രൂപങ്ങളിൽ സൗകര്യപ്രദമായി ഇരിക്കുക എന്ന നിലയിൽ കസേരയിൽ ഇരുന്നാൽ സുജൂദ് പൂർത്തിയാക്കാൻ കഴിയുന്നവർ കസേരയിൽ നിന്ന് എഴുന്നേറ്റ് സുജൂദ് നിർവഹിക്കേണ്ടത്. അല്ലെങ്കിൽ നിലത്ത് തന്നെ ഇരിക്കണം. നിലത്ത് ഇരുന്നാലും നെറ്റിവെച്ച് സുജൂദ് ചെയ്യാൻ കഴിയാത്തവർക്ക് കസേരയിൽ ഇരുന്ന് തന്നെ തലകുനിച്ച് സുജൂദ് നിർവഹിച്ചാൽ മതിയാകും. (അഹ്സനുൽ ഫതാവാ 4/51)
കസേരയിലിരുന്നുള്ള നിസ്കാരത്തിന്റെ വിഷയത്തിൽ ജനങ്ങൾ അങ്ങേയറ്റം അലസത കാണിക്കുന്നു. മറ്റുള്ളവരോടൊപ്പം ദീർഘമായ സമയം പല കാര്യങ്ങൾക്കും വേണ്ടി നിൽക്കുന്നവർ നിസ്കരിക്കാൻ കസേര ഉപയോഗിക്കുന്നു. ഇത് ഒരിക്കലും അനുവദനീയമല്ല.(ഫതാവാ സ്സിറാജിയ്യ 113)
കസേരയിൽ ഇരുന്നു നിസ്കരിക്കുന്നയാൾ നിൽക്കുന്ന നമസ്കാരക്കാരുടെ കുതികാൽ നിരപ്പായ വിധത്തിൽ കസേര വയ്ക്കണം. അയാൾ ഇരിക്കുമ്പോൾ അയാളുടെ തോള് മറ്റ് നമസ്കാരക്കാരുടെ തോളുകളോട് തുല്യമായിരിക്കും. കസേരയുടെ മുൻകാലുകൾ നിരകളിലാണെങ്കിൽ പിന്നിൽ നിൽക്കുന്ന നമസ്കാരക്കാർക്ക് അസൗകര്യമുണ്ടാകുന്നു.സഫിന്റെ മധ്യത്തിലേക്കാൾ ഒരറ്റത്തിൽ കസേര വയ്ക്കുന്നതാണ് ഉചിതം. (ഫതാവ ദാറുൽ ഉലൂം)
ഫർള് നിസ്കാരങ്ങൾ, ജുമുഅ, വിത്ർ, പെരുന്നാൾ നിസ്കാരങ്ങൾ, സുബഹിയുടെ സുന്നത് നിസ്കാരം മുതലായ നമസ്കാരങ്ങൾ ഒഴികെ മറ്റ് സുന്നത് നമസ്കാരങ്ങളിൽ കഴിവുണ്ടെങ്കിലും ഇരുന്നു നമസ്കരിക്കൽ അനുവദനീയമാണ്. എല്ലാ നിസ്കാരങ്ങളും നിന്ന് നിസ്കരിക്കൽ വളരെ ശ്രേഷ്ഠവും പ്രതിഫലവുമുള്ളതാണ്. അതുകൊണ്ടായിട്ടും ഇരുന്നു നമസ്കരിക്കൽ പകുതി പ്രതിഫലം ലഭിക്കുന്നതിന് കാരണമാകും.
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment