Saturday, 26 July 2025

മറവിയുടെ സുജൂദും കാരണങ്ങളും

 

`നിസ്കാരത്തില്‍` മറവി കൊണ്ടോ മറ്റോ സംഭവിക്കുന്ന ചില കുറവുകള്‍ പരിഹരിക്കുന്നതിന് വേണ്ടി സലാം വീട്ടുന്നതിന് മുമ്പായി ചെയ്യുന്ന രണ്ട് സുജുദുകള്‍ക്കാണ് സഹ്‍വിന്‍റെ സുജൂദ് എന്ന് പറയുന്നത്. 

എല്ലാ കുറവുകളും ഈ സുജൂദ് കൊണ്ട് പരിഹരിക്കപ്പെടുകയില്ല.  ശാഫിഈ മദ്‍ഹബ് പ്രകാരം പ്രധാനമായും മൂന്ന് കാരണങ്ങള്‍ കൊണ്ടാണ് സഹ്‍വിന്‍റെ സുജൂദ് സുന്നത്താകുന്നത്.

ഒന്ന്, അബ്ആള് സുന്നത്തുകൾ ഒഴിവാക്കിയതിനു വേണ്ടി.

അതായത് ആദ്യത്തെ അത്തഹിയ്യാത്ത് പൂര്‍ണ്ണമായോ ഭാഗിമായോ ഒഴിവാക്കുക, അല്ലെങ്കില്‍ ആദ്യത്തെ അത്തഹിയ്യാത്തില്‍ നബിയുടെ പേരിലുള്ള സ്വലാത്ത് ഒഴിവാക്കുക, അല്ലെങ്കില്‍ നിസ്കാരത്തിന്‍റെ ഭാഗമായി വരുന്ന ഖുനൂത് (സുബ്ഹി നിസ്കാരത്തിലും റമളാനിലെ അവസാനത്തെ പകുതിയിലെ വിത്റിലുമുള്ള ഖുനൂത്) പൂര്‍ണ്ണമായോ ഭാഗികമായോ ഒഴിവാക്കുക, അല്ലെങ്കില്‍ പ്രസ്തുത ഖുനൂതില്‍ നബിയുടെ പേരിലുള്ള സ്വലാത്ത് ഒഴിവാക്കുക. ഇങ്ങനെ സംഭവിച്ചാല്‍ സഹ്‍വിന്‍റെ സുജൂദ് പ്രത്യേകം സുന്നത്തുണ്ട്. ഒഴിവാക്കിയത് മറന്നു കൊണ്ടാണെങ്കിലും മനപ്പൂര്‍വ്വമാണെങ്കിലും സുജൂദ് ചെയ്യല്‍ സുന്നതാണ്.

നിസ്കാരത്തിന്‍റെ ഭാഗമല്ലാത്ത നാസിലത്തിന്‍റെ ഖുനൂത് ഒഴിവാക്കിയാല്‍ സുജൂദ് ചെയ്യേണ്ടതില്ല, സുന്നത്തില്ലന്ന അറിവോട ബോധപൂർവ്വം ചെയ്താല്‍ നിസ്കാരം ബാഥിലാകുന്നതുമാണ്. [ ഫത്ഹുൽ മുഈൻ ]

രണ്ട്, നിസ്കാരത്തില്‍ മനപ്പൂര്‍വ്വം ചെയ്താല്‍ ബാഥിലാകുന്ന കാര്യം മറന്ന് ചെയ്യുക. 

ചെറിയ രീതിയിലുള്ള സംസാരം മറന്ന് ഉണ്ടാകും പോലെ, അല്ലെങ്കില്‍ ഫിഅ്‍ലിയ്യായ ഒരു ഫർളിനെ മറന്ന് അധികരിപ്പിക്കും പോലെ. ചെറിയ രീതീയിലുള്ള സംസാരം മനപ്പൂര്‍വ്വം ചെയ്താല്‍ നിസ്കാരം ബാഥിലാകും എന്നാല്‍ മറന്ന് ചെയ്താല്‍ ബാഥിലാകില്ല, പക്ഷേ ,അവന് സഹ്‍വിന്‍റെ സുജൂദ് സുന്നത്തുണ്ട്. അതു പോലെ തന്നെ ഒരാള്‍ റുകൂഓ, സുജൂദോ അനുവദിക്കപ്പെട്ടതിലുമപ്പുറം അധികരിപ്പിച്ചാല്‍ മനപ്പൂര്‍വ്വമാണെങ്കില്‍ നിസ്കാരം ബാഥിലാകുന്നതും. മറന്ന് കൊണ്ടാണെങ്കില്‍ ബാഥിലാകുന്നതുമല്ല, എങ്കിലും സഹ്‍വിന്‍റെ സുജൂദ് ചെയ്യല്‍ സുന്നത്താകുന്നതാണ്. 

എന്നാല്‍ നിസ്കാരത്തില്‍ മുഖം കൊണ്ട് തിരിഞ്ഞ് നോക്കല്‍ പോലെയുള്ള, മനപ്പൂര്‍വ്വം ചെയ്താലും മറന്നു ചെയ്താലും ബാഥിലാകാത്ത കാര്യങ്ങള്‍ ചെയ്താല്‍ സുജൂദ് സുന്നത്തില്ല.   

എന്നാൽ നിസ്കാരത്തില്‍ ചൊല്ലേണ്ട,  നിര്‍ബന്ധമോ സുന്നതോ ആയ സൂറതുകളും ദിക്റുകളും മറ്റും അതിന്‍റെ സ്ഥാനം തെറ്റി ചൊല്ലിയാല്‍, മനപ്പൂര്‍വ്വം ആണെങ്കില്‍ പോലും നിസ്കാരം ബാഥിലാകുന്നില്ലെങ്കിലും സഹ്‍വിന്‍റെ സുജൂദ് ചെയ്യല്‍ സുന്നതുണ്ട്.  തക്ബീറതുല്‍ ഇഹ്റാമും  സലാം വീട്ടലും ഇതില്‍ നിന്ന് വ്യത്യസ്തമാണ്.  അവ അസ്ഥാനത്ത് മനപ്പൂര്‍വ്വം ചൊല്ലിയാല്‍ നിസ്കാരം ബാഥിലാകുന്നതും മറന്ന് ചെയ്താല്‍ നിസ്കാരത്തിന് കുഴപ്പമില്ലെങ്കിലും സഹ്‍വിന്‍റെ സുജൂദ് ചെയ്യേണ്ടതുമാണ്.


മൂന്ന്, ഫിഅ്‍ലിയ്യായ ഒരു റുക്ന് (റുകൂഅ്, ഇഅ്തിദാല്‍, സുജൂദ്, ഇടയിലുള്ള ഇരുത്തം, അവസാനത്തെ അത്തഹിയ്യാതിനുള്ള ഇരുത്തം പോലുള്ളവ) ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന സംശയത്തോട് കൂടി ചെയ്യുക. ഇങ്ങനെ സംഭവിച്ചാല്‍ സഹ്‍വിന്‍റെ സുജൂദ് സുന്നത്തുണ്ട്. 

ഒരാള്‍ നിസ്കാരത്തിന്റെ റക്അതുകളുടെ എണ്ണത്തില്‍ സംശയിച്ചാല്‍ കുറഞ്ഞത് കൊണ്ട് പിടിക്കുകയും സഹ് വിൻ്റെ സുജൂദ് ചെയ്യുകയും വേണം.

നാല് റക്അതുകളുള്ള നിസ്കാരത്തില്‍ മൂന്നാമത്തെതാണോ നാലമത്തേതാണോ എന്ന് സംശയിച്ചാല്‍ മൂന്നാമത്തേതാണെന്ന് കരുതുകയും അങ്ങനെ നാല് റക്അതുകള്‍ പൂര്‍ത്തിയാക്കി സഹ്‍വിന്റെ സുജൂദ് ചെയ്യണം. നാലമെത്തേതാണോ അഞ്ചാമത്തേതാണോ എന്ന് സംശയിച്ചാല്‍ അവിടെ നാലമത്തേതാണെന്ന് പരിഗണിച്ച് നിസ്കാരം പൂര്‍ത്തിയാക്കുകയും സുജൂദ് ചെയ്യുകയും വേണം.

ഇമാമിന്റെ പിന്നില്‍ നിന്ന് നിസ്കരിക്കുന്ന മഅ്മൂം അയാളുടെ സ്വന്തം മറവിക്ക് വേണ്ടി സഹ്‍വിന്റെ സുജൂദ് ചെയ്യേണ്ടതില്ല. എന്നാല്‍ സഹ്‍വിന്‍റെ സുജൂദ് സുന്നത്താകുന്ന കാര്യം വല്ലതും ഇമാമിന്‍റെ പക്കലില്‍ നിന്നും ഉണ്ടായത് ശ്രദ്ധയില്‍ പെട്ടാല്‍, ഇമാം സുജൂദ് ചെയ്തില്ലെങ്കിലും മഅ്മൂമിന് സുജൂദ് സുന്നത്തുണ്ട്.

സാധരണ നിസകാരത്തിലുള്ളത് പോലെ, ഇടയില്‍ ഇരുത്തത്തോട് കൂടെയുള്ള രണ്ട് സുജൂദുകളാണ് സഹ്‍വിന്റെ സുജൂദുകളുടെയും രൂപം. സാധാരണ സുജൂദുകളില്‍ ചൊല്ലുന്ന ദിക്റ് തന്നെയാണ് ചൊല്ലേണ്ടത്. അതാണു പ്രബല വീക്ഷണം. എന്നാല്‍ 

(سُبْحَانَ مَنْ لاَ يَنَامُ وَلاَ يَسْهُو)

എന്നും ചെല്ലാവുന്നതാണ്. എന്നാൽ ഇതു പ്രബല വീക്ഷണമല്ല.

സഹ്‍വിന്റെ സുജൂദിനുള്ള സമയം നിസ്കാരത്തില്‍ നിന്നും സലാം വീട്ടുന്നതിന്‍റെ തൊട്ട് മുമ്പാണ്. ആരെങ്കിലും സുജൂദ് ചെയ്യാതെ മനപ്പൂര്‍വ്വം സലാം വീട്ടിയാല്‍ അവനിക്ക് ആ അവസരം നഷ്ടപ്പെടും. എന്നാല്‍ മറന്ന് സലാം വീട്ടിയാല്‍ കൂടുതല്‍ സമയം ആയിട്ടില്ലെങ്കില്‍ അയാള്‍ക്ക് സുജൂദ് ചെയ്ത് വീണ്ടും സലാം വീട്ടാവുന്നതാണ്.

സഹ്‍വിന്റെ സുജൂദ് സുന്നത്താണെന്നത് കൊണ്ട് തന്നെ അത് ചെയ്യാന്‍ മറക്കുകയോ മനപ്പൂര്‍വ്വം ഒഴിവാക്കുകയോ ചെയ്താല്‍ ഇമാമിനും തനിച്ചു നിസ്കരിക്കുന്നവനും നിസ്കാരത്തിന് തകരാറ് സംഭവിക്കുകയില്ല. 

മറവിയുടെ സുജൂദ് സുന്നത്തുള്ള ഇമാം അതു മറന്നു സലാം വീട്ടി. അങ്ങനെ പിന്നിലുള്ള മസ്ബൂഖ് ബാക്കി നിസ്കരിക്കാൻ എഴുനേറ്റു. പിന്നെ ഇമാം നിസ്കാരത്തിലേക്ക് മടങ്ങി മറവിയുടെ സുജൂദ് ചെയ്താൽ മസ്ബൂഖ് ഇമാമിനെ പിൻപറ്റൽ നിർബന്ധമാണ്. നിർത്തത്തിലുള്ള മസ്ബൂഖ് ഇരുത്തത്തിലേക്ക് മടങ്ങി, ഇരുന്ന ശേഷം ഇമാമിൻ്റെ കൂടെ മറവിയുടെ സുജൂദ് ചെയ്യണം. അതു നിർബന്ധമാണ്. [ മഅ്മൂമിനും സുജൂദ് നിർബന്ധമാണ്](ഫത്ഹുൽ മുഈൻ, ഇആനത്ത്: 1/241)

പിന്നീട് മസ്ബൂഖ് അവൻ്റെ നിസ്കാരത്തിൻ്റെ അവസാനത്തിൽ വീണ്ടും മറവിയുടെ സുജൂദ് ചെയ്യൽ സുന്നത്തുണ്ട്.

മഅ്മൂം ചുരുങ്ങിയ അത്തഹിയ്യാത്തും സ്വലാത്തും ചൊല്ലിത്തീരും മുമ്പ് തന്നെ ഇമാം സഹ്'വിൻ്റെ സുജൂദ് ചെയ്താൽ അത്തഹിയ്യാത്തും സ്വലാത്തും പൂർത്തിയാക്കാതെ ഇമാമിനോട് സുജൂദിൽ മഅ്മൂം പിൻപറ്റൽ നിർബന്ധമാണ്. അങ്ങനെ മറവിയുടെ സുജൂദിന് ശേഷം അത്തഹിയ്യാത്ത് പൂർത്തിയാക്കി സലാം വീട്ടണം . ഇമാം ഇബ്നു ഹജർ തുഹ്ഫ: യിൽ (2/ 197) പറഞ്ഞ വീക്ഷണമാണിത്. ഫത്ഹുൽ മുഈനിലും ( പേജ്: 88) ഇതുണ്ട്. 

എന്നാൽ ഇമാം റംലി (റ)വിൻ്റെ വീക്ഷണം ഇതിനെതിരാണ് .

'' ഇമാമിൻ്റെ കൂടെ മറവിയുടെ സുജൂദ് ചെയ്യരുത്. അത്തഹിയ്യാത്ത് സ്വലാത്ത് എന്നിവ പൂർത്തിയാക്കിയ ശേഷം മറവിയുടെ സുജൂദ് ചെയ്ത് സലാം വീട്ടണം'' എന്നാണ് ഇമാം റംലി (റ)വിൻ്റെ വീക്ഷണം ( നിഹായ :2/87)  

മഅ്മും സുജൂദ് ചെയ്യാതെ സലാം വീട്ടിയാൽ നിസ്കാരം ബാത്വിലാകും` ( ഇആനത്ത് 1/241)



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

No comments:

Post a Comment