അഞ്ചു വഖ്ത് നിസ്കാരങ്ങളിൽ ഓതൽ സുന്നത്തുള്ള സൂറത്തുകൾ എന്നു തലവാചകം നൽകി കൊണ്ട് ഫർളു നിസ്കാരങ്ങളിൽ ഓരോ ദിവസത്തിലും ഓതേണ്ട നിർണിത സൂറത്തുകൾ വിവരിച്ചുകൊണ്ടുള്ള അറിയിപ്പുകൾ വാട്സാപ്പിൽ പ്രചരിക്കുന്നുണ്ട്.ഓരോ ദിവസത്തിലും അഞ്ചു വഖ്തിലും ഓതൽ സുന്നത്തായി നിർണിത സൂറത്തുകൾ ശാഫിഈ മദ്ഹബിൽ സ്ഥിരപ്പെട്ടിട്ടുണ്ടോ?
അഞ്ചു വക് 'ത് നിസ്കാരത്തിലും നിർണിത സൂറത്ത് ഓതൽ സുന്നത്തുള്ളതായി ശാഫിഈ മദ്ഹബിൽ സ്ഥിരപ്പെട്ടിട്ടില്ല.അതിനാൽ വാട്സാപ്പിൽ സന്ദേശത്തിലുള്ള പലതും മദ്ഹബിനു എതിരാണ്.
ശൈഖ് ബാഫഖീഹ് (റ) പ്രസ്താവിക്കുന്നു:-
لم أقف في كتب الحديث والفقه والتصوف على ندب سور مخصوصة في الصلوات الخمس وغيرها سوى ما ذكروا في مغرب ليلة الجمعة وعشائها وصبحها وصلاة الجمعة من السور المشهورة وفي ليلة السبت من ندب المعوذتين
അഞ്ചു വഖ്ത് നിസ്കാരത്തിലും മറ്റു നിസ്കാരങ്ങളിലും നിർണിത സൂറത്തുകൾ ഓതൽ സുന്നത്തുള്ളതായി ഹദീസിൻ്റെയോ ഫിഖ്ഹിൻ്റെയോ തസ്വവ്വുഫിൻ്റെയോ കിതാബുകളിൽ ഞാൻ കണ്ടിട്ടില്ല.വെള്ളിയാഴ്ച രാത്രിയിലെ മഗ്'രിബിലും ഇശാഇലും വെള്ളിയാഴ്ച സുബ്ഹിലും ശനിയാഴ്ച മഗ്'രി ബിലും ഓതൽ സുന്നത്തായി വന്ന പ്രസിദ്ധ സൂറത്തുകൾ ഒഴികെ. ( ബിഗ് യ)
നിസ്കാരത്തിൽ സൂറത്തുകൾ ഓതുമ്പോൾ ( പ്രത്യേകം ഓതൽ സുന്നത്തുള്ളതായി മദ്ഹബിൽ സ്ഥിരപ്പെട്ടത് ഒഴികെ) ഖുർആനിലെ തർത്തീബും മുവാലാത്തും ശ്രദ്ധിക്കൽ പൊതുവെ സുന്നത്താണ്. ഈ സുന്നത്തിനു എതിരാണ് വാട്സാപ്പിൽ പ്രചരിക്കുന്ന പലതും.(അതു നോക്കുന്നവർക്ക് ബോധ്യപ്പെടും.)
വെള്ളി, ശനി ദിവസങ്ങളിലെ മഗ്'രിബിൽ പ്രത്യേക സൂറത്തുകൾ സുന്നത്തുള്ളതായി നമ്മുടെ ഇമാമുകൾ പ്രസ്താവിച്ചിട്ടുണ്ട്. മറ്റു ദിവസങ്ങളിലെ മഗ്'രിബുകളിൽ നിർണിത സൂറത്തുകൾ സുന്നത്തുള്ളതായി സ്ഥിരപ്പെട്ടതു കാണുന്നില്ല. ചില സൂഫികൾക്ക് അവർ തിരഞ്ഞെടുത്ത പതിവുകളുണ്ടായിരുന്നു .
ചില നിസ്കാരങ്ങളിൽ നിർണിത സൂറത്തുകൾ ഓതൽ സുന്നത്തുള്ളതായി വന്നിട്ടുണ്ട്. അതു വിവരിക്കാം
വെള്ളിയാഴ്ച സുബ്ഹ്
സമയം വിശാലമാണെങ്കിൽ വെള്ളിയാഴ്ച സുബ്ഹിലെ ആദ്യ റക്അത്തിൽ سورة السجدة യും രണ്ടാം റക്അത്തിൽ سورة الإنسان ഓതൽ സുന്നത്തുണ്ട്. സമയം വിശാലമല്ലെങ്കിൽ ചെറിയ സുറത്തുകളാണ് ഓതേണ്ടത്.(തുഹ്ഫ: 2/ 256)
വെള്ളിയാഴ്ച രാവിൽ
വെള്ളിയാഴ്ച രാവിൽ മഗ്'രിബിൽ ആദ്യ റക്അത്തിൽ الكافرون സൂറത്തും രണ്ടാം റക്അത്തിൽ الإخلاص സൂറത്തും ഓതൽ സുന്നത്തുണ്ട്. (ഫത്ഹുൽ മുഈൻ)
ശനിയാഴ്ച രാവിൽ
ശനിയാഴ്ച രാവിൽ മഗ്'രിബിലെ ഒന്നാം റക്അത്തിൽ سورة الفلق രണ്ടാം റക്അത്തിൽ سورة الناس എന്നിവ ഓതൽ സുന്നത്തുണ്ട്.(ബിഗ് യ , ഇർശാദ്)
മറ്റു ദിവസങ്ങളിലെ മഗ് രിബിൽ പ്രത്യേക , നിർണിത സൂറത്ത് ഓതൽ സുന്നത്തുള്ളതായി സ്ഥിരപ്പെട്ടിട്ടില്ല.
ജുമുഅ: നിസ്കാരം
ജുമുഅ: നിസ്കാരത്തിലെ ആദ്യ റക്അത്തിൽ سورة الجمعةയും രണ്ടിൽ سورة المنافقونയും അല്ലെങ്കിൽ ആദ്യ റക്അത്തിൽ سبح സൂറത്തും രണ്ടിൽ ഹൽ അതാക സൂറത്തും ഓതൽ സുന്നത്തുണ്ട്.
ജുമുഅ: യിൽ ഓതൽ സുന്നത്തുള്ള സൂറത്തുകൾ തന്നെയാണ് ജുമുഅയുടെ ഇശാഇലെ ആദ്യ രണ്ടു റക്അത്തിലും സുന്നത്തുള്ളത്.
വെള്ളിയാഴ്ച സുബ്ഹിൽ സബ്ബിഹ്സ്മ
ഇമാം ഖൽയൂബി (റ) വിവരിക്കുന്നു: വെള്ളിയാഴ്ച സുബ്ഹിൽ سورة السجدةയും سورة الإنسان ഓതുന്നില്ലെങ്കിൽ സബ്ബിഹ്സമയും ഹൽ അതാകയും ഓതണം , അല്ലെങ്കിൽ കാഫിറൂനയും ഇഖ്ലാസും ഓതണം ( ഖൽയൂബി: 1/154)
ഇമാം ഖൽയൂബി (റ) വിവരിച്ചത് മറ്റു ചില ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചിട്ടുമുണ്ട്.
ഇമാം ഖൽയൂബി (റ)വിനെ അനുകരിച്ചാണ് ഇന്നു സാർവ്വത്രികമായി വെള്ളിയാഴ്ച സുബ്ഹിൽ سبح സൂറത്തും ഹൽ അതാകയും ഓതുന്നത്. അല്ലാതെ നമ്മുടെ മദ്ഹബിൽ അതു സുന്നത്തൊന്നുമില്ല .
ഇമാം ഖൽയൂബി (റ) വിൻ്റെ മുമ്പ് ഒരാളും അതു പറഞ്ഞത് കണ്ടിട്ടില്ല. ഇമാം ഖൽയൂബി (റ) പതിനൊന്നാം നൂറ്റാണ്ടിലെ പണ്ഡിതനാണ്. വഫാത്ത്:ഹിജ്റ:1069`
ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര
No comments:
Post a Comment