Thursday, 31 July 2025

ത്വലാഖിൻ്റെ ഇദ്ദയിൽ ഭർത്താവിൻ്റെ മരണം

 

ഒരാൾ തൻ്റെ ഭാര്യയെ ഒരു ത്വലാഖ് ചൊല്ലി. അതിൻ്റെ പേരിൽ അവൾ ഇദ്ദ ആചരിച്ചുകൊണ്ടിരിക്കേ ഭർത്താവ് മരണപ്പെട്ടാൽ അവൾക്ക് ഭർത്താവിൻ്റെ സ്വത്തിൽ അവകാശമുണ്ടാകുമോ? അവളുടെ കുടുംബം ഭാര്യയുടെ അവകാശം കിട്ടണമെന്ന് വാദിക്കുന്നു. എന്നാൽ ത്വലാഖ് ചൊല്ലപ്പെട്ടത് കൊണ്ട് ഭാര്യയല്ലന്നും അനന്തര സ്വത്തിന് അവൾ അർഹതയല്ലന്നും ഭർത്താവിൻ്റെ കുടുംബം വാദിക്കുന്നു, ആരുടെ വാദമാണ് ശരി ?


ഭാര്യയുടെ കുടുംബത്തിൻ്റെ വാദമാണ് ശരി. ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലപ്പെട്ടതിൻ്റെ പേരിൽ ഇദ്ദ നിർബന്ധമായവൾക്ക് അവളുടെ ഇദ്ദയുടെ കാലത്ത് ഭർത്താവ് മരണപ്പെട്ടാൽ അദ്ദേഹത്തിൻ്റെ അനന്തര സ്വത്തിൽ അവൾക്ക് അവകാശം ഉണ്ട്. സ്വത്ത് ലഭിക്കുന്ന വിഷയത്തിൽ അവൾ ഭാര്യയെ പോലെയാണ്.( ഫത്ഹുൽ മുഈൻ, ഇആനത്ത്: 3/342 )

ഭർത്താവിന് മക്കളില്ലെങ്കിൽ നാലിലൊന്നും ഭർത്താവിന് മക്കളുണ്ടെങ്കിൽ എട്ടിലൊന്നുമാണ് ഭാര്യയുടെ അവകാശം. അപ്പോൾ പ്രസ്തുത ഭാര്യക്ക് ഭർത്താവിൻ്റെ കുടുംബം അവകാശം കൊടുക്കണം.

ഇനി , ഈ മസ്അലയിൽ ഇദ്ദക്കാലത്ത് ഭാര്യയാണ് മരിച്ചതെങ്കിൽ അവളുടെ സ്വത്തിൽ ഭർത്താവിനും അവകാശമുണ്ട്. ഭാര്യക്ക് മക്കളില്ലെങ്കിൽ സ്വത്തിൻ്റെ പകുതിയും മക്കളുണ്ടെങ്കിൽ നാലിലൊന്നുമാണ് ഭർത്താവിൻ്റെ അവകാശം .

സംഗ്രഹം

  1. ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലപ്പെട്ടവളുടെ ഭർത്താവ് അവളുടെ ഇദ്ദ കാലത്ത് മരണപ്പെട്ടാൽ ഭർത്താവിൻ്റെ സമ്പത്തിൽ അവൾക്ക് അവകാശമുണ്ട്.
  2. അവളുടെ ഇദ്ദ കാലത്ത് അവൾ മരിച്ചാൽ അവളുടെ സ്വത്തിൽ ഭർത്താവിനും അവകാശമുണ്ട്.

 ﻭﻫﻲ [ الرجعية ] ﻛﺎﻟﺰﻭﺟﺔ، ﺑﺪﻟﻴﻞ ﺻﺤﺔ اﻟﺘﻮاﺭﺙ ﺑﻴﻨﻬﻤﺎ ﻟﻮ ﻣﺎﺕ ﺃﺣﺪﻫﻤﺎ ﻓﻲ ﻫﺬﻩ اﻟﻌﺪﺓ [ اعانة الطالبين 3/342 ]



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര


No comments:

Post a Comment