ഇശ്റാഖ് നിസ്‌കാരം എന്ന പേരിലറിയപ്പെടുന്ന സുന്നത്ത് നിസ്‌കാരവും ളുഹാ നിസ്‌കാരവും ഒന്നുതന്നെയാണെന്നാണ് ഇബ്‌നു അബ്ബാസ്(റ) അടക്കമുള്ള ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. വിശുദ്ധ ഖുര്‍ആനിലെ 38-ാം അധ്യായം 18-ാം സൂക്തത്തില്‍ പറയുന്ന 'യുസബ്ബിഹ്‌ന ബില്‍ അശിയ്യി വല്‍ ഇശ്‌റാഖ്' എന്നതിന്റെ താല്‍പര്യം ളുഹാ നിസ്‌കാരമാണെന്നാണ് ഇബ്‌നു അബ്ബാസ് (റ) വ്യാഖ്യാനിച്ചത്.മഹാൻ പറയുന്നു: ''ളുഹാ നിസ്‌കാരത്തെക്കുറിച്ച് ഞാന്‍ ഖുര്‍ആനില്‍ പലയിടങ്ങളിലും പരതി നോക്കി. അവസാനം മുകളില്‍ സൂചിപ്പിച്ച സൂക്തത്തില്‍ അതിലേക്ക് സൂചനയുള്ളതായി ഞാന്‍ കണ്ടെത്തി'' (തര്‍ശീഹ്).
ഇശ്റാഖ് നിസ്കാരവും ളുഹാ നിസ്കാരവും ഒന്നു തന്നെയാണ് എന്നാണു ഇമാം റംലി (റ)വിൻ്റെ വീക്ഷണം. ഈ വീക്ഷണമാണ് ശൈഖ് മഖ്ദൂം (റ) ഫത്ഹുൽ മുഈനിൽ രേഖപ്പെടുത്തിയത്.
ഇമാം ഗസാലി (റ) അടക്കമുള്ള ഒരു വിഭാഗം പണ്ഡിതന്മാര്‍ ളുഹാ നിസ്‌കാരവും ഇശ്‌റാഖ് നിസ്‌കാരവും വേറെ വേറെ സുന്നത്ത് നിസ്‌കാരങ്ങള്‍ തന്നെയാണെന്നാണ് അഭിപ്രായപ്പെട്ടത്
ഈ അഭിപ്രായമാണ് ഇമാം ഇബ്നു ഹജർ(റ)വിനുള്ളത്.(തുഹ്ഫ , ഫത്ഹുൽ അലിയ്യ് )
ഇശ്റാഖ് നിസ്കാരം ഒറ്റക്ക് തന്നെ ഒരു നിസ്കാരമാണ് എന്ന വീക്ഷണപ്രകാരം സൂര്യൻ ഉദിച്ചുയർന്ന സമയത്താണ് നിസ്കരിക്കേണ്ടത്. അതാണ്
ഇശ്റാഖ് നിസ്കാരത്തിൻ്റെ സമയം. അതു രണ്ടു റക്അത്താണ് (ശർവാനി: 2/ 231 ,ഇആനത്ത്) അതായത് സൂര്യൻ ഉദിച്ച് 20 മിനുറ്റ് കഴിയണ്ടന്നർത്ഥം. സമയം നിർണയിച്ച നിസ്കാരമാണന്നും അതിനാൽ പ്രസ്തുതസമയം നിസ്കരിക്കാമെന്നും ഫുഖഹാക്കൾ വിവരിച്ചിട്ടുണ്ട് (ശർവാനി 2 / 237)
എന്നാൽ സൂര്യൻ ഉദിച്ചുയർന്നു നിഷിദ്ധ സമയം (20 മിനുട്ട് )കഴിഞ്ഞതിനു ശേഷമാണ് ഇശ്റാഖ് നിസ്കാരം എന്നാണു ഇമാം ഇബ്നു ഹജർ(റ) വ്യക്തമാക്കിയത്.(തുഹ്ഫ: 2/ 237)
ളുഹാ സമയം അവസാനിക്കുന്നത് വരെ ഇശ്റാഖിൻ്റെ സമയം നീണ്ടു നിൽക്കാം എന്നു ചില ഫുഖഹാഅ് സാധ്യത പ്രകടിപ്പിച്ചിട്ടുണ്ട് (ശർവാനി: 2/237)
ഇമാം ശിഹാബുദ്ദീൻ റംലി (റ) വിവരിക്കുന്നു: ഇശ്റാഖ് നിസ്കാരവും ളുഹാനിസ്കാരവും ഒന്നു തന്നെയാണ് എന്നതാണ് പ്രബലം. എന്നാൽ ഇമാം ഗസാലി (റ) വിനോട് പിൻപറ്റി ഉബാബിൽ പറഞ്ഞ പ്രകാരം രണ്ടും രണ്ടു നിസ്കാരമാണ് . ആ അടിസ്ഥാനത്തിൽ ഇശ്റാഖ് നിസ്കാരം ഖളാ വീട്ടൽ സുന്നത്തുണ്ട് (ഫതാവാ റംലി: 1/220)
ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര
No comments:
Post a Comment