റജബ് : ഭാഷാർത്ഥവും നാമകരണകാരണവും
"തർജീബ്" എന്ന അറബി മൂലപദത്തിൽ നിന്നാണ് റജബ് എന്ന പേര് നിഷ്പന്നമായിട്ടുള്ളത്. തർജീബ് എന്നതിന്റെ അർത്ഥം ബഹുമാനം നൽകുക മഹത്വപ്പെടുത്തുകഎന്നതാണ്. (ഇബ്നു കസീർ 7/195)
അറബികൾ ഈ മാസത്തെ പ്രത്യേകമായി ബഹുമാനിക്കുകയും, ഇതിൽ യുദ്ധവും സംഘർഷവും നിരോധിതമായി കണക്കാക്കുകയും ചെയ്തിരുന്നതിനാൽ ഈ മാസത്തിന് റജബ് എന്ന പേര് ലഭിച്ചു. (അത്തദ്വീൻ ഫീ അഖ്ബാരി ഖസ്വീൻ 1/165)
റജബ് മാസത്തെ ശഹ്റുൽ അസ്വം (شهر الأصم) എന്നും വിളിക്കാറുണ്ടായിരുന്നു.
അസം എന്നതിന്റെ അർത്ഥം ബധിരൻ എന്നാണ്. (ഫളാഇലുൽ ഔഖാത് ബൈഹഖി 4/83)
ഈ മാസത്തിൽ യുദ്ധവും കലഹവും ഇല്ലാതിരുന്നതിനാൽ ആയുധങ്ങളുടെ ശബ്ദം കേൾക്കാറില്ലായിരുന്നു.
പോരാട്ടശബ്ദങ്ങൾ കേൾക്കാത്ത അവസ്ഥ ബധിരതയെപ്പോലെ ആയതിനാൽ ഈ മാസത്തെ ശഹ്റുൽ അസം എന്ന് വിളിക്കപ്പെട്ടു. (അൽ ഹിദായ ഇലാ ബുലൂഗിന്നിഹായാ 3/1884)
ഹദീസുകളിൽ ഈ മാസത്തെ റജബ് മുളർ (رجب مضر) എന്ന് പരാമർശിച്ചിരിക്കുന്നു. (ബുഖാരി, മുസ്ലിം)
മുളർ എന്നത് അറബികളിലെ ഒരു പ്രമുഖ ഗോത്രത്തിന്റെ പേരാണ്.
ആ ഗോത്രക്കാർ റജബ് മാസത്തെ വളരെ അധികം ബഹുമാനിച്ചിരുന്നതിനാൽ അവരുടെ പേരോട് ചേർത്ത് ഈ മാസത്തെ “റജബ് മുളർ” എന്ന് വിളിക്കപ്പെട്ടു. (ലിസാനുൽ അറബ് 1/411)
നിരവധി പേരുകൾ റജബ് മാസത്തിന് പണ്ഡിതന്മാർ നൽകുന്നുണ്ട്. മൊത്തം 14 പേരുകൾ എന്നും 17 എന്നും പറയപ്പെട്ടിട്ടുണ്ട്. (ലത്വാഇഫുൽ മആരിഫ് 117)
റജബിന്റെ പവിത്രത
റജബ് മാസം അല്ലാഹു “അശ്ഹുറുൽ ഹുറും” (പവിത്രതയും മഹത്വവുമുള്ള മാസങ്ങൾ) ആയി പ്രഖ്യാപിച്ച നാല് മാസങ്ങളിൽ ഒന്നാണ്.
അല്ലാഹു തആലാ സൂറ തൗബയിൽ പറയുന്നു
തീർച്ചയായും അല്ലാഹുവിങ്കൽ മാസങ്ങളുടെ എണ്ണം, അവൻ ആകാശഭൂമികളെ പടച്ച അന്നുമുതൽ, അവന്റെ (വിധിയാകുന്ന) ഗ്രന്ഥത്തിൽ, പന്ത്രണ്ടു മാസങ്ങളാണ്. അവയിൽ നാലെണ്ണം പവിത്രമായതുണ്ട്. അതാകുന്നു നേരായ മതം. അതിനാൽ ആ മാസങ്ങളിൽ നിങ്ങൾ സ്വദേഹങ്ങളോട് തന്നെ അക്രമം കാണിക്കരുത്. (തൗബ: 36)
ഇതിന്റെ വിശദീകരണം അബൂ ബകറ (റ) യിൽ നിന്നുള്ള ഹദീസിൽ ഇപ്രകാരം വന്നിട്ടുണ്ട്. നബി ﷺ പറയുന്നു: നിശ്ചയമായും കാലം അല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ച ദിവസത്തെ മാതിരി തിരിഞ്ഞുവന്നിരിക്കുന്നു. ഒരു വര്‍ഷം പന്ത്രണ്ട് മാസമാകുന്നു. അതില്‍ നാലെണ്ണം പവിത്രമാക്കപ്പെട്ട മാസങ്ങളാണ്. അതില്‍ മൂന്നെണ്ണം തുടര്‍ച്ചയായി വരുന്ന മാസങ്ങളാണ്, (അതായത്) ദുല്‍ഖഅദ, ദുല്‍ഹിജ്ജ, മുഹര്‍റം എന്നിവ. ജുമാദക്കും ശഅബാനിനും ഇടയിലുള്ള മുളറിന്റെ റജബാണ്(നാലാമത്തേത്) (സ്വഹീഹുൽ ബുഖാരി)
ഈ മാസങ്ങളെ അശ്ഹുറുൽ ഹുറും എന്ന് വിളിക്കപ്പെടുന്നതിനുള്ള കാരണം:
ഈ മാസങ്ങളെ പവിത്രത (ഹുർമത്) മാസങ്ങൾ എന്ന് വിളിക്കുന്നത് രണ്ട് അർത്ഥങ്ങളിലൂടെയാണ്
1. ഈ മാസങ്ങളിൽ കൊലപാതകവും യുദ്ധവും നിരോധിതമായിരുന്നതിനാൽ
2. ഈ മാസങ്ങൾ അനുഗ്രഹീതവും ബഹുമാനിക്കപ്പെടേണ്ടതുമായ മാസങ്ങളായതിനാൽ
ഈ മാസങ്ങളിൽ ചെയ്യുന്ന ഇബാദത്തുകൾക്ക് കൂടുതൽ പ്രതിഫലം ലഭിക്കുന്നതാണ്.
എന്നാൽ ഈ രണ്ട് അർത്ഥങ്ങളിൽ ആദ്യത്തേതായ യുദ്ധനിരോധനവുമായി ബന്ധപ്പെട്ട ഹുക്മ് ഇസ്ലാമിക ശരീഅത്തിൽ പിന്നീട് നസ്ഖ് (റദ്ദാക്കൽ) ചെയ്യപ്പെട്ടു. അതേസമയം രണ്ടാമത്തേതായ ബഹുമാനവും ആദരവും പാലിക്കൽ
അതുപോലെ ഇബാദത്ത് ചെയ്യുന്നതിനുള്ള ശ്രേഷ്ഠത ഇന്നും നിലനിൽക്കുന്നതാണ്. (മആരിഫുൽ ഖുർആൻ 4/372)
റജബ് മാസം : ആരംഭ ദുആ
അനസ് (റ) ൽ നിന്ന് രിവായത് ചെയ്യപ്പെടുന്നു. റജബ് മാസം ആരംഭിക്കുമ്പോൾ നബി ﷺ ഇപ്രകാരം ദുആ ചെയ്യാറുണ്ടായിരുന്നു
اَللّٰهُمَّ بَارِكْ لَنَا فِيْ رَجَبٍ وَشَعْبَانَ وَبَلِّغْنَا رَمَضَانَ
അർത്ഥം: അല്ലാഹുവേ ഞങ്ങൾക്ക് റജബ് മാസത്തിലും ഷഅ്ബാൻ മാസത്തിലും അനുഗ്രഹം (ബറകത്ത്) നല്കേണമേ ഞങ്ങളെ റമദാൻ വരെ എത്തിക്കേണമേ.
(മുസ്നദ് അൽ-ബസ്സാർ 13/117, സവായിദുൽ മുസ്നദ് 4/180, അൽ മുഅ്ജമുൽ ഔസത് 4/18), ഷുഅബുൽ ഈമാൻ 5/348, ഫളായിലുൽ ഔഖാത്ത് 98, ഹില്യതുൽ ഔലിയാഅ് 6/269)
ഈ ഹദീസിനെക്കുറിച്ച് ചില മുഹദ്ദിസുകൾ വിമർശനം നടത്തിയിട്ടുണ്ടെന്നത് ശ്രദ്ധിക്കേണ്ടതാണ്.
ഈ ഹദീസിന്റെ സനദിൽ ഉള്ള “സായിദ ബിൻ അബീ റഖാദ്” എന്ന റാവിയെയും, അദ്ദേഹത്തിന്റെ ശൈഖായ “സിയാദ് ബിൻ അബ്ദുല്ലാഹ് അൽ-നമീരി” എന്നയാളെയും ളഈഫ് (ദുർബലർ) എന്ന് കണക്കാക്കിയിട്ടുണ്ട്. (മജ്മഉസ്സവായിദ് ഹൈസമി 2/375)
എന്നാൽ അല്ലാമ മുനാവി (റ) ഫൈളുൽ ഖദീറിൽ പറയുന്നത് ഇപ്രകാരമാണ്:
നബി ﷺ യിൽ നിന്ന് റജബ് മാസത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ച് ഉറപ്പായിട്ടുള്ള ഏക കാര്യം റജബ് ആരംഭിക്കുമ്പോൾ ഈ ദുആ ചെയ്തിരുന്നു.
اَللّٰهُمَّ بَارِكْ لَنَا فِيْ رَجَبٍ وَشَعْبَانَ وَبَلِّغْنَا رَمَضَانَ
ഇതൊഴികെ റജബ് മാസത്തിന്റെ പ്രത്യേക ശ്രേഷ്ഠതയെക്കുറിച്ച് മറ്റൊന്നും സ്ഥിരപ്പെട്ടിട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.(ഫൈളുൽ ഖദീർ 4/18)
ഇബ്നു ഹജർ ഹൈതമി (റ) റജബ് ആരംഭിക്കുമ്പോൾ ഈ ദുആ ഓതൽ സുന്നത്താണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.(ഇത്തിഹാഫു അഹ്ലിൽ ഇസ്ലാം 109)
ഇബ്നു റജബ് ഹൻബലി (റ) അതിനെ മുസ്തഹബ് എന്ന് പറഞ്ഞിരിക്കുന്നു.(ലത്വാഇഫുൽ മആരിഫ് 234)
ഈ രിവായത് മുഹദ്ദിസുകൾ ളഈഫായി കണക്കാക്കിയിട്ടുണ്ടെങ്കിലും ഫദാഇൽ അമാൽ (സദ്കർമ്മങ്ങളുടെ ശ്രേഷ്ഠതകൾ) സംബന്ധിച്ച വിഷയങ്ങളിൽ ഇത്തരത്തിലുള്ള ളഈഫ് ഹദീസുകളിൽ അമൽ ചെയ്യാവുന്നതാണ്. കൂടാതെ ഈ ദുആയുടെ വാചകങ്ങളും അർത്ഥവും ഷറഈ തേട്ടമാണ് അതുപോലെ മുൻഗാമികൾ ഇതനുസരിച്ച് അമൽ ചെയ്തിട്ടുമുണ്ട്. അതിനാൽ ഈ ദുആ ചെയ്യുന്നതിൽ ഏതെങ്കിലും കുറ്റമോ കുഴപ്പമൊ ഇല്ല. (തദ്ഖിറതുൽ മൗളൂആത്ത് അൽ ഫത്നി 117)
റജബ് മാസത്തിലെ നോമ്പ്
റജബ് മാസം മാത്രമല്ല മറ്റ് അശ്ഹുറുൽ ഹുറും (പവിത്ര മാസങ്ങൾ) കളിലും നഫ്ല് നോമ്പുകൾ പിടിക്കുന്നത് ശ്രേഷ്ഠതയുള്ള കാര്യമാണെന്ന് ഹദീസുകളിൽ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
മുജീബ അൽ ബാഹിലിയ്യ (റ) ഇപ്രകാരം രിവായത് ചെയ്യുന്നു. അദ്ദേഹം ഒരിക്കൽ നബി ﷺ സന്നിധിയിൽ എത്തി പിന്നെ മടങ്ങിപ്പോയി.
ഒരു വർഷത്തിന് ശേഷം വീണ്ടും വന്നു. ഈ കാലയളവിൽ അദ്ദേഹത്തിന്റെ ശരീരാവസ്ഥയും രൂപവും ഏറെ മാറിയിരുന്നു.
അദ്ദെഹം പറഞ്ഞു: യാ റസൂലല്ലാഹ് എന്നെ തങ്ങൾ തിരിച്ചറിയുന്നില്ലേ ? നബി ﷺ ചോദിച്ചു: നീ ആരാണ്? അദ്ദെഹം മറുപടി നൽകി. ഞാൻ ബാഹിലിയാണ്. കഴിഞ്ഞ വർഷവും ഞാൻ വന്നിരുന്നു. അപ്പോൾ നബി ﷺ പറഞ്ഞു: നിനക്കെന്താണ് സംഭവിച്ചത്? മുമ്പ് നല്ല ആരോഗ്യാവസ്ഥയിലായിരുന്നല്ലോ അദ്ദെഹം പറഞ്ഞു: തങ്ങളുടെ അടുക്കൽ നിന്ന് മടങ്ങിയതിന് ശേഷം, രാത്രിയിൽ മാത്രമാണ് ഞാൻ ഭക്ഷണം കഴിച്ചത്.
നബി ﷺ പറഞ്ഞു: നീ നിന്നെ തന്നെ എന്തിനാണ് ശിക്ഷയിൽ ആക്കിയത്?
പിന്നീട് നബി ﷺ അരുളിച്ചെയ്തു: ക്ഷമയുടെ മാസം (റമദാൻ) നോമ്പ് പിടിക്കുക, ഓരോ മാസവും ഒരു ദിവസം നോമ്പ് പിടിക്കുക. അദ്ദെഹം പറഞ്ഞു. ഇതിലും കൂടുതൽ ചെയ്യാൻ എനിക്ക് ശക്തിയുണ്ട്. നബി ﷺ പറഞ്ഞു. രണ്ട് ദിവസം നോമ്പ് പിടിക്കുക.
അദ്ദെഹം പറഞ്ഞു. അതിലും കൂടുതൽ ചെയ്യാൻ എനിക്ക് കഴിയും. നബി ﷺ പറഞ്ഞു. മൂന്ന് ദിവസം നോമ്പ് പിടിക്കുക. അദ്ദെഹം വീണ്ടും പറഞ്ഞു. ഇതിലും കൂടുതൽ പറഞ്ഞാലും. അപ്പോൾ നബി ﷺ പറഞ്ഞു. പവിത്ര മാസങ്ങളിൽ നോമ്പ് പിടിക്കുക
പിന്നെ (മറ്റു ദിവസങ്ങളിൽ) വിട്ടുകൊള്ളുക.
പവിത്ര മാസങ്ങളിൽ നോമ്പ് പിടിക്കുക
പിന്നെ (മറ്റു ദിവസങ്ങളിൽ) വിട്ടുകൊള്ളുക.
പവിത്ര മാസങ്ങളിൽ നോമ്പ് പിടിക്കുക
പിന്നെ (മറ്റു ദിവസങ്ങളിൽ) വിട്ടുകൊള്ളുക.
ഇത് പറഞ്ഞുകൊണ്ട് നബി ﷺ മൂന്ന് വിരലുകൾ ഉപയോഗിച്ച് ആദ്യം അടച്ചും പിന്നീട് തുറന്നും സൂചന നൽകി. (അബൂ ദാവൂദ്)
ഹദീസിൽ മൂന്ന് വിരലുകൾകൊണ്ട് സൂചന നൽകിയതിന്റെ അർത്ഥം സംബന്ധിച്ച്
മുഹദ്ദിസുകൾ വിവിധ വ്യാഖ്യാനങ്ങൾ നൽകിയിട്ടുണ്ട്
1. ചില മുഹദ്ദിസുകളുടെ അഭിപ്രായത്തിൽഈ സൂചനയുടെ അർത്ഥം ഇപ്രകാരമാണ് അശ്ഹുറുൽ ഹുറും മാസങ്ങളിൽ ആവശ്യത്തിനനുസരിച്ച് എത്ര ദിവസം വേണമെങ്കിലും നോമ്പ് പിടിക്കാം എന്നാൽ മൂന്ന് ദിവസം തുടർച്ചയായി നോമ്പ് പിടിച്ചാൽ ഒന്നോ രണ്ടോ ദിവസം ഇട വിട്ടിരിക്കണം.
2. മറ്റുചില മുഹദ്ദിസുകൾ ഈ സൂചനയുടെ അർത്ഥം പവിത്ര മാസങ്ങളിൽ മൂന്ന് ദിവസം നോമ്പ് പിടിക്കുക,മൂന്ന് ദിവസം വിട്ടിരിക്കണം, വീണ്ടും മൂന്ന് ദിവസം നോമ്പ്, വീണ്ടും മൂന്ന് ദിവസം വിട്ടിരിക്കുക ഇങ്ങനെ ആവർത്തിക്കണമെന്നാണ് പറഞ്ഞത്. ഈ വ്യാഖ്യാനം കൂടുതൽ ഉചിതവും ശക്തവുമാണെന്ന് അവർ അഭിപ്രായപ്പെട്ടു. (ഔനുൽ മഅ്ബൂദ് 8/58)
കർമ്മശാസ്ത്ര വിധി
അഷ്ഹുറുൽ ഹുറും പവിത്ര മാസങ്ങളിൽ പൊതുവെ നോമ്പ് മുസ്തഹബ്ബ് ആണെന്നതുപോലെ റജബ് മാസത്തിൽ നഫ്ല് നോമ്പുകൾ മുസ്തഹബ്ബാണെന്ന് വിധിച്ചിരിക്കുന്നു. (ഫതാവാ ആലംഗീരി 2/118, ഇംദാദുൽ ഫതാവാ 1/116)
റജബ് ആദ്യരാത്രി ദുആ
റജബ് മാസത്തിലെ ആദ്യ രാത്രിയുടെ ശ്രേഷ്ഠതയെക്കുറിച്ചുള്ള ഒരു റിവായത്ത് വന്നിട്ടുണ്ട്. റജബ് മാസത്തിലെ ആദ്യ രാത്രിയെക്കുറിച്ച് ഒരു ഹദീസ് ഉദ്ധരിക്കപ്പെടുന്നു: അഞ്ച് രാത്രികളുണ്ട് അവയിൽ ചെയ്യുന്ന ദുആകൾ നിരസിക്കപ്പെടുകയില്ല.അവയിൽ ഒന്നാണ് റജബ് മാസത്തിലെ ആദ്യ രാത്രി.
ഈ രിവായത്ത് വിശ്വസനീയമല്ലാത്ത ചില വഴികളിലൂടെ (സനദുകൾ) ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ അബ്ദുല്ലാഹ് ഇബ്നു ഉമർ (റ) യിൽ നിന്ന് മൗഖൂഫായി (സ്വഹാബിയുടെ വചനമായി) ഈ രിവായത്ത് സ്ഥിരപ്പെട്ടിട്ടുണ്ട്. അതുപോലെ ഈ സനദിലും മജ്ഹൂൽ (അപരിചിതനായ) ഒരു റാവി ഉണ്ടെങ്കിലും ഇമാം ശാഫിഈ (റ) ഈ രിവായത് സ്വീകരിച്ചിട്ടുണ്ടെന്ന് പണ്ഡിതർ പറഞ്ഞിട്ടുണ്ട്. (സുനനുൽ കുബ്റ ബൈഹഖി 3/445, മുസ്വന്നഫ് അബ്ദുറസ്സാഖ് 4/317)
റജബ് : ഇബാദത്തിന്റെ ശ്രേഷ്ഠതയും പാപത്തിന്റെ കാഠിന്യവും
റജബ് മാസത്തിലും മറ്റു പവിത്ര മാസങ്ങളിലുമുള്ള നന്മകൾ ചെയ്യുന്നത് മറ്റ് മാസങ്ങളേക്കാൾ കൂടുതൽ ശ്രേഷ്ഠമാണ്.അതുപോലെ ഈ മാസങ്ങളിൽ പാപങ്ങളും തിന്മകളും ചെയ്യുന്നത് മറ്റ് മാസങ്ങളെ അപേക്ഷിച്ച് കൂടുതൽ ഗുരുതരമായ പാപവുമാണ്.
മുഫ്തി മുഹമ്മദ് ശഫീഅ് സാഹിബ് (റ) എഴുതുന്നത് ഇപ്രകാരമാണ്: ഈ അനുഗ്രഹീത മാസങ്ങളിൽ ആരെങ്കിലും ഇബാദത്തിൽ ഏർപ്പെടുന്നുവെങ്കിൽ അവനു മറ്റു മാസങ്ങളിലും ഇബാദത്ത് ചെയ്യാനുള്ള തൗഫീഖ് ലഭിക്കും. ഈ മാസങ്ങളിൽ പാപങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ പരിശ്രമിക്കുന്നവന് വർഷത്തിലെ ശേഷിക്കുന്ന മാസങ്ങളിലും പാപങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് എളുപ്പമാകുന്നു. (മആരിഫുൽ ഖുർആൻ 4/372)
അതിനാൽ ഈ മാസങ്ങളിൽ ഇബാദത്ത് ചെയ്യുന്നതിനുംപാപങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതിനും ഉള്ള നൂർകളും ബറകത്തുകളും പ്രയോജനപ്പെടുത്തുന്നതിനായി ആത്മാർത്ഥമായ പരിശ്രമവും ശ്രദ്ധയും കാണിക്കേണ്ടതാണ്.
റജബിൽ നാം ജാഗ്രത കാണിക്കുക
നന്മകൾക്ക് ഉയർന്ന പ്രതിഫലം ലഭ്യമാകുന്ന ഈ മാസത്തിൽ അതിന്റെ ബഹുമാനവും മഹത്വവും കണക്കിലെടുത്ത്, പ്രത്യേകിച്ച് പാപങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും, ഇബാദത്തുകൾ ശരിയായ രീതിയിൽ നിർവ്വഹിക്കാനും ശ്രമിക്കേണ്ടതാണ്.
ഹനഫി മദ്ഹബിലെ ഒരു കിതാബിൽ പോലും റജബ് 27 നൊ മറ്റ് ഏതെങ്കിലും ദിവസമൊ പ്രത്യേക നോമ്പ് സുന്നതോ മുസ്തഹബ്ബോ ഉണ്ടെന്ന് കാണാൻ സാധിക്കില്ല. റജബ് മാസത്തിൽ പൊതുവെ നോമ്പ് പിടിക്കൽ മുസ്തഹബ്ബാണ്. എന്നാൽ ഏതെങ്കിലും ഒരു ദിവസത്തിൽ എന്തെങ്കിലും പ്രത്യേകത മനസ്സിലാക്കി നോമ്പനുഷ്‌ഠിക്കൽ അനുവദനീയമല്ല.
ഇബ്നു ഹജർ അസ്‌ഖലാനി (റ) പറയുന്നു.
റജബിന്റെ പ്രത്യേക മഹത്വമൊ റജബിലെ ഏതെങ്കിലും ഒരു പ്രത്യേക ദിവസത്തിലെ നോമ്പിന്റെ മഹത്വമൊ റജബിലെ ഏതെങ്കിലും പ്രത്യേക രാത്രിയിലെ ഖിയാമുല്ലൈലിന്റെ (രാത്രി നിസ്കാരം) മഹത്വമൊ സ്ഥിരപ്പെടുന്ന തരത്തിൽ തെളിവായി സ്വീകരിക്കാവുന്ന സഹീഹായ ഒരു ഹദീസും ലഭ്യമല്ല. (തബ്യീനുൽ അജബ് 23)
പവിത്രമായ റജബിൽ നന്മകൾക്ക് പ്രത്യേക പ്രതിഫലവും ദുആക്ക് സ്വീകാര്യതയും സ്ഥിരപ്പെട്ടിട്ടുണ്ടന്ന് പറയപ്പെട്ട വിശദീകരണങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാക്കാം. ധാരാളം അനാചാരങ്ങൾ റജബിൽ കാണാം. ദിവസങ്ങളെ പ്രത്യേകമാക്കി നിസ്കാരം, നോമ്പുകൾ, 27ന് നോമ്പ്, അറവ്,കുളി, മുൽക് ഓതൽ,ചില പ്രത്യേക ദിക്റുകൾ ദുആകൾ മുതലായവക്ക് ഹദീസുകളിൽ വന്നിട്ടുള്ള പൊതുവായ മഹത്വങ്ങൾക്ക് പുറമേ റജബുമായി ബന്ധപ്പെടുത്തി പ്രത്യേക പ്രതിഫലമൊ സുന്നത്തോ മുസ്തഹബ്ബോ ആയി കരുതി ചെയ്യലും അനുവദനീയമല്ല ബിദ്അത്താണ്. (കിഫായത്തുൽ മുഫ്തി 2/315, ഫതാവാ മഹ്മൂദിയ്യ 3/281, ഫതാവാ റഷീദിയ്യ 78)
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment