Thursday, 17 July 2025

നിസ്കാര ശേഷം اللهم بارك لنا في رجب എന്ന പ്രാർത്ഥന

 

റജബ് മാസത്തിൽ പള്ളി ഇമാമുകൾ ഫർളു നിസ്കാര ശേഷം اللهم بارك لنا في رجب എന്ന പ്രാർത്ഥന നിർവ്വഹിക്കാറുണ്ടല്ലോ. തിരു നബി ﷺ നിസ്കാര ശേഷം അങ്ങനെ പ്രാർത്ഥിച്ചിട്ടുണ്ടോ?


നിസ്കാര ശേഷം പ്രസ്തുത പ്രാർത്ഥന തിരുനബി(സ്വ) നിർവ്വഹിച്ചതിന് ഒരൊറ്റ രേഖയും കാണുന്നില്ല. നിസ്കാര ശേഷം അതു പ്രാർത്ഥിക്കൽ പ്രത്യേകം സുന്നത്തൊന്നുമില്ല.പ്രത്യേകം സുന്നത്തുണ്ട് എന്ന നിലയ്ക്കല്ല പള്ളി ഇമാമുകൾ പ്രാർത്ഥിക്കുന്നത്.

റജബിൽ പ്രസ്തുത പ്രാർത്ഥന സുന്നത്തില്ലേ?

അതേ, റജബ് മാസപ്പിറവിക്ക് ശേഷം ചൊല്ലേണ്ട ദിക്റിനു ശേഷം പ്രസ്തുത പ്രാർത്ഥന ചൊല്ലൽ സുന്നത്തുണ്ട്. ( ഇത്ഹാഫ്: പേജ്: 109 )

ഈ വസ്തുത ഇമാം ഇബ്നു ഹജർ ഹൈതമീ (റ) പറയുന്നത് കാണുക:

ويسن لرؤية القمر أعوذ بالله من شر هذا الغاسق إذا وقب ويسن أن يقول في رجب اللهم بارك لنا في رجب وشعبان وبلغنا شهر رمضان

(ഇത്ഹാഫു അഹ്'ലിൽ ഇസ്'ലാം ബി ഖുസൂസിയ്യാത്തി സ്സിയാം : പേജ്: 109 )


ഫർളു നിസ്കാര ശേഷം പ്രസ്തത പ്രാർത്ഥന സുന്നത്തുണ്ടോ?

ഇല്ല, 



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

Tuesday, 15 July 2025

റജബ് മാസത്തിൽ വഫാത്തായ മഹാന്മാരിൽ ചിലർ

 

  1. താബിഉകളുടെ നേതാവ് ഇമാം ഹസനുൽ ബസ്വരി (റ) (ഹിജ്റ : 110 റജബ് പ്രഥമ രാത്രിയിലാണ് മഹാൻ വഫാതായത്.)
  2. സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ (റ) (പാണക്കാട്) റജബ് ഒന്നിനു വഫാത്ത്.
  3. ഹസ്രത്ത് ഖുത്ബുദ്ദീൻ മൗദൂദ് ചിശ്ത്തി (റ) - (സൂഫീ മണ്ഡലത്തിലെ വെള്ളിനക്ഷത്രമായ മഹാൻ റജബ് ഒന്നിനാണ് വഫാതായത്.)
  4. പ്രമുഖ താബിഈ പണ്ഡിതൻ ശൈഖ് ഉവൈസുൽ ഖറനി (റ) - പ്രവാചക പ്രേമിയായ മഹാനവർകൾ റജബ് മൂന്നിന്നാണ് വഫാതായത്.
  5. ഇമാം മുസ്'ലിം (റ) . സ്വഹീഹ് മുസ് 'ലിമിന്റെ രചയിതാവ് . റജബ് അഞ്ച് തിങ്കളാഴ്ച വഫാതായി .
  6. ഇന്ത്യയുടെ സുൽത്വാൽ ഖാജാ മുഈനുദ്ദീൻ ചിശ്തി അജ്മീർ (റ) -റജബ് ആറിനു വഫാത് .
  7. ശൈഖ് ശാഹ് നിസാമുദ്ദീൻ ബൽഖി ചിശ്ത്തി (റ) -സൂഫീ ലോകത്തെ മിന്നും താരം റജബ് എട്ടിനു വഫാത്ത്.
  8. ശൈഖ് ഫത്ഹുല്ലാഹിൽ ഖാദിരി ആംകോല (റ) -പ്രമുഖ ആരിഫ് ,വഫാത്ത് റജബ് എട്ട്.
  9. ശൈഖ് ശാഹ് മുഹിബില്ലാഹ് ചിശ്തി (റ) റജബ് ഒമ്പതിനു വഫാത്ത്.
  10. ശൈഖ് ശാഹ് ശരീഫ് സിന്ദനി ചിശ്തി (റ) റജബ് പത്തിന് വഫാത്ത്.
  11. ശൈഖ് ശാഹ് മുഹമ്മദ് ഹാമിദ് മക്കി (റ) -റജബ് പതിനൊന്നിനു വഫാത്ത്.
  12. അശ്ശൈഖ്, സുൽത്വാൻ കണ്യാല അബ്ദുല്ലാഹിൽ മൗല (റ) -റജബ് പതിനൊന്നിനു വെള്ളിയാഴ്ച രാവിൽ വഫാത്.
  13. പ്രമുഖ സ്വഹാബി അബ്ബാസ്(റ). -മുത്ത് നബിﷺയുടെ പിതൃവ്യനും റഈസുൽ മുഫസ്സിരീൻ ഇബ്നു അബ്ബാസ്(റ)വിന്റെ പിതാവുമായ മഹാൻ റജബ് പന്ത്രണ്ടിനു വഫാതായി. 
  14. പ്രമുഖ ഹദീസ് പണ്ഡിതൻ ഇമാം തുർമുദി (റ) റജബ് പതിമൂന് തിങ്കളാഴ്ച വഫാത്
  15. ഖാജാ ഗരീബ് ശാഹ് ചിശ്തി (റ) റജബ് പതിമൂന്നിനു വഫാത്ത്.
  16. ശൈഖ് കമാലുദ്ദീൻ ഹമദാനി (റ) റജബ് പതിമൂന്നിനു വഫാത്ത്.
  17. ശൈഖ് ശാഹ് മുഹമ്മദ് ജഹാംഗീർ ശാഹ് ചിശ്തി (റ) റജബ് പതിനഞ്ചിനു വഫാത്.
  18. ശൈഖ് മുഹമ്മദ് ബ്നു അലാഉദ്ദീൻ ഹിമ്മ സീ (റ) ( ഇടിയങ്ങര ശൈഖ് ) റജബ് പതിനാറിനു വഫാത്ത്.
  19. ശൈഖ് അലാഉദ്ദീൻ സിംനാനി(റ). റജബ് 22 ന് വഫാത് .
  20. ഖാതിമതുൽ മുഹഖ്ഖീൻ ഇമാം ഇബ്നു ഹജറിനിൽ ഹൈതമി(റ) - ശാഫിഈ മദ്ഹബിലെ മാസ്റ്റർ പീസ് ഗ്രന്ഥം തുഹ്ഫയുടെ രചയിതാവ്. -വഫാത്ത് : റജബ് ഇരുപത്തിമൂന്ന് തിങ്കൾ
  21. ശാഫിഈ മദ്ഹബിലെ മുഹർറിർ ഇമാം നവവി(റ) .റജബ് ഇരുപ്പത്തി നാലിനു വഫാതായി.
  22. ശൈഖുനാ ഇമാം മൂസൽ കാളിം (റ) റജബ് 25 ന് വഫാതായി.
  23. ശൈഖ് ശാഹ് അള്ദുദ്ദീൻ ചിശ്തി (റ) റജബ് 27 ന് വഫാതായി.
  24. സുൽത്വാനുൽ ആരിഫീൻ ജുനൈദുൽ ബഗ്ദാദി (റ) റജബ് 27 ന് വഫാതായി.
  25. ഇമാമുനശ്ശാഫിഈ (റ) റജബ് 29 വെള്ളിയാഴ്ച രാവിൽ വഫാത്ത്.

നാലു മദ്ഹബുകളുടെ ഇമാമുമാരിൽ നബി ﷺ കുടുംബത്തിൽ ജനിക്കാൻ ഭാഗ്യം ലഭിച്ചവർ. 

اللهم اجعلنا من الفائزين في الدارين بحقوق الأنبياء والأولياء



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

അല്ലാഹുമ്മ ബാരിക് ലനാ ഫീ റജബിൻ' എന്ന പ്രാർത്ഥന

 

അല്ലാഹുമ്മ ബാരിക് ലനാ ഫീ റജബിൻ വ ശഅ്ബാന വ ബല്ലിഗ്'നാ റമളാന” എന്ന പ്രാർത്ഥന ഹദീസിൽ വന്നതാണോ?

അതേ, നിരവധി ഹദീസ് ഗ്രന്ഥങ്ങളിലും മറ്റു ഗ്രന്ഥങ്ങളിലും പ്രസ്തുത ഹദീസ് കാണാം .

റജബ് മാസം സമാഗതമായാൽ ആ പ്രാർത്ഥന തിരുനബിﷺ നിർവ്വഹിച്ചിരുന്നു എന്ന് നിരവധി ഗ്രന്ഥങ്ങളിലുണ്ട്.

ചില ഗ്രന്ഥങ്ങൾ പറയാമോ?

പറയാം.

  1. ഇമാം അഹ്'മദ് (റ) വിൻ്റെ മുസ്നദ് [ 4/ 180 ] 
  2. ഇമാം ഇബ്നു സുന്നിയുടെ അമലുൽ യൗമി വല്ലയ്ല: [ 603 ]
  3. ഇമാം നവവി(റ)വിൻ്റെ അൽ അദ്കാർ [ 1/ 189 ] 
  4. നൂറുദ്ദീൻ ഹയ്സമിയുടെ മജ്മഉസ്സവാഇദ് [ 2/ 165 ]
  5. ഇമാം ത്വബറാനി (റ) വിൻ്റെ അദ്ദുആഅ് [ 1/ 284 ] 
  6. ഇമാം ത്വബറാനി (റ)വിൻ്റെ അൽ മുഅ്ജമുൽ ഔസത്ത് [ 4/ 189 ]
  7. ഇമാം അബൂ നുഎയ്മ് (റ) വിൻ്റെ ഹിൽയത്തുൽ ഔലിയാ [ 6/ 269
  8. ഇമാം സക്'യുദ്ദീൻ (റ) വിൻ്റെ അത്തർഗീബു വത്തർഹീബ് [ 1285 ]
  9. ഇമാം ഇസ്മാഈൽ അജ്ലൂനി(റ)വിൻ്റെ കശ്ഫുൽ കഫാ [ 1/ 213 ]
  10. ഇമാം ഇബ്നു ഹജർ ഹൈതമി(റ)വിൻ്റെ ഇത്ഹാഫ് [ പേജ്: 109 , 356 ]

പ്രസ്തുത ഹദീസ് സ്വഹീഹായ സനദ് [ പരമ്പര ] കൊണ്ട് സ്ഥിരപ്പെട്ടതാണോ?

അല്ല, ദുർബലമായ സനദ് കൊണ്ട് സ്ഥിരപ്പെട്ടതാണ്. ഇക്കാര്യം ഇമാം നവവി(റ) അദ്കാറിൽ [ 1/ 189 ] വ്യക്തമാക്കിയിട്ടുണ്ട്. 

വ്യത്യസ്ത പദങ്ങൾ കൊണ്ട് പ്രസ്തുത ഹദീസ് വന്നിട്ടുണ്ടോ ?

ഉണ്ട്. മൂന്നു രീതിയിൽ വന്നിട്ടുണ്ട്. അതു വിവരിക്കാം:

ഒന്ന്

 " اﻟﻠﻬﻢ ﺑﺎﺭﻙ ﻟﻨﺎ ﻓﻲ ﺭﺟﺐ ﻭﺷﻌﺒﺎﻥ ﻭﺑﻠﻐﻨﺎ ﺭﻣﻀﺎﻥ "

[ അദ്കാർ]

രണ്ട്

«اﻟﻠﻬﻢ ﺑﺎﺭﻙ ﻟﻨﺎ ﻓﻲ ﺭﺟﺐ ﻭﺷﻌﺒﺎﻥ، ﻭﺑﻠﻐﻨﺎ ﺷﻬﺮ ﺭﻣﻀﺎﻥ»

[ അമലുൽ യൗമി വല്ലയ്ല]

മൂന്ന്

 " اﻟﻠﻬﻢ ﺑﺎﺭﻙ ﻟﻨﺎ ﻓﻲ ﺭﺟﺐ ﻭﺷﻌﺒﺎﻥ، ﻭﺑﺎﺭﻙ ﻟﻨﺎ ﻓﻲ ﺭﻣﻀﺎﻥ

[മുസ്നദ് ]



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

പുതുമാസവും ആചാരങ്ങളും

 

ഒന്ന്

മാസം കാണുകയോ കണ്ടതായി വിവരം ലഭിക്കുകയോ ചെയ്താൽ 

اﻟﻠﻪ ﺃﻛﺒﺮ اﻟﻠﻬﻢ ﺃﻫﻠﻪ ﻋﻠﻴﻨﺎ ﺑﺎﻷﻣﻦ ﻭاﻹﻳﻤﺎﻥ ﻭاﻟﺴﻼﻣﺔ ﻭاﻹﺳﻼﻡ ﻭاﻟﺘﻮﻓﻴﻖ ﻟﻤﺎ ﺗﺤﺐ ﻭﺗﺮﺿﻰ، ﺭﺑﻨﺎ ﻭﺭﺑﻚ اﻟﻠﻪ، اﻟﻠﻪ ﺃﻛﺒﺮ ﻻ ﺣﻮﻝ ﻭﻻ ﻗﻮﺓ ﺇﻻ ﺑﺎﻟﻠﻪ، اﻟﻠﻬﻢ ﺇﻧﻲ ﺃﺳﺄﻟﻚ ﺧﻴﺮ ﻫﺬا اﻟﺸﻬﺮ ﻭﺃﻋﻮﺫ ﺑﻚ ﻣﻦ ﺷﺮ اﻟﻘﺪﺭ ﻭﺷﺮ اﻟﻤﺤﺸﺮ، ﻫﻼﻝ ﺧﻴﺮ ﻭﺭﺷﺪ، ﺁﻣﻨﺖ ﺑﺎﻟﺬﻱ ﺧﻠﻘﻚ،

എന്നു ചൊല്ലണം. അതു സുന്നത്താണ്.(ഏതു മാസമാണെങ്കിലും സുന്നത്തു തന്നെ)

രണ്ട്

പിന്നീട്

اﻟﺤﻤﺪ ﻟﻠﻪ اﻟﺬﻱ ﺫﻫﺐ ﺑﺸﻬﺮ جمادى الآخرة ﻭﺟﺎء ﺑﺸﻬﺮ رجب

എന്നു ചൊല്ലണം. (ഏതു മാസമാണെങ്കിലും ഇവ സുന്നത്താണ്. മാസത്തിൻ്റെ പേര് മാറ്റണമെന്ന് മാത്രം.  (നിഹായ :3/157)

മൂന്ന്

മാസപ്പിറവി കാണുകയോ കണ്ടതായി അറിയുകയോ ചെയ്താൽ തബാറക സൂറത്ത് പാരായണം ചെയ്യൽ സുന്നത്തുണ്ട്. (ശർവാനി: ഇആനത്ത് )

ഇമാം സുബ്കി (റ) പ്രസ്താവിക്കുന്നു: മാസത്തിലുള്ള ദിവസങ്ങളുടെ എണ്ണം പോലെ തബാറക സൂറത്തിലെ ആയത്തുകളുടെ എണ്ണവും മുപ്പതാണ്. പ്രസ്തുത സൂറത്ത് പരായണം ചെയ്യുന്നിടത്ത് സമാധാനം വർഷിക്കും. (ഇആനത്ത്: 2/ 248) ശർവാനി: 3/ 385)

മാസപ്പിറവി കാണാത്തവനു കണ്ടുവെന്നറിഞ്ഞാൽ പ്രസ്തുത കാര്യങ്ങൾ സുന്നത്തുണ്ട് (ശർവാനി :3/385)

നാല്

പുതു മാസത്തിനു ആശംസ നേരൽ. അതു സുന്നത്തുണ്ട്.(ശർവാനി: 3/56, തർശീഹ് പേജ്: 96)

تقبل الله منا ومنكم

എന്നു ആശംസ വാക്യമായി പറയാം. 

മറുപടിയായി

تقبل الله منكم. أحياكم الله لأمثاله كل عام وانتم بخير

എന്ന വാക്യം പറയാം. ഇതു സുന്നത്താണ് . (ബാജൂരി,ശർവാനി :3/56 )



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

പുരുഷന്മാർ താടി വടിക്കുന്നതിൻ്റെ ഇസ്'ലാമിക വിധി

 

താടി വടിക്കൽ കറാഹത്താണ്. ഇമാം റാഫിഈ (റ), ഇമാം നവവി(റ) എന്നിവർ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇതാണു ശാഫിഈ മദ്ഹബിലെ പ്രബല വീക്ഷണം . ( നിഹായ : 8/ 21 , ശർവാനി: 9/376)

`قال الشيخان يكره حلق اللحية` [ حاشية الشرواني : ٩ / ٣٧٦ ]

ഹറാം എന്നൊരു വീക്ഷണമുണ്ട്. അതു മദ്ഹബിൽ പ്രബലമല്ല_

ഉപേക്ഷിച്ചാൽ പ്രതിഫലം ഉള്ളതും പ്രവർത്തിച്ചാൽ ശിക്ഷയില്ലാത്തതുമാണ് കറാഹത്ത്.

`الكراهة ما يثاب على تركه ولا يعاقب على فعله`

ഫത്ഹുൽ മുഈൽ

ഫത്ഹുൽ മുഈനിൽ '' താടി വടിക്കൽ ഹറാമാകും''

`يحرم حلق اللحية`

എന്നു പറഞ്ഞതിനെ കുറിച്ച് തർശീഹ് പറയുന്നത് ഇങ്ങനെ: 

وعلى الكراهة جرى اﻟﻐﺰاﻟﻲ ﻭﺷﻴﺦ اﻹﺳﻼﻡ ﻭاﺑﻦ ﺣﺠﺮ ﻓﻲ اﻟﺘﺤﻔﺔ ﻭاﻟﺮﻣﻠﻲ ﻭاﻟﺨﻄﻴﺐ ﻭﻏﻴﺮﻫﻢ فما جرى عليه الشارح خلاف المعتمد ( ترشيح : ٢٠٧ )

താടി വടിക്കൽ ഹറാമാണെന്ന് ശൈഖ് മഖ്ദൂം (റ) പറഞ്ഞത് പ്രബല വീക്ഷണത്തിന് എതിരാണ്. ഇമാം ഇബ്നു ഹജർ(റ) തുഹ്ഫ: യിലും ഇമാം ഗസാലി (റ)വും ശൈഖുൽ ഇസ്'ലാം സകരിയ്യൽ അൻസ്വാരി (റ)വും ഇമാം റംലി (റ)വും ഇമാം ഖത്വീബുശ്ശിർബീനി (റ)വും മറ്റു പലരും താടി വടിക്കൽ കറാഹത്താണ് എന്നു വ്യക്തമാക്കിയിട്ടുണ്ട് ( തർശീഹ്: പേജ്: 207)

ഇക്കാര്യം ഇആനത്തിലും പറഞ്ഞിട്ടുണ്ട് (2/386)

സയ്യിദുൽ ബക്'രി (റ) വിവരിക്കുന്നു: ശൈഖ് മഖ്ദൂം (റ) താടി വടിക്കൽ ഹറാം എന്നു പറഞ്ഞത് ദുർബല വീക്ഷണമാണ്. അദ്ദേഹം അങ്ങനെ പറഞ്ഞത് തൻ്റെ ഗുരു ഇമാം ഇബ്നു ഹജർ(റ) ശർഹുൽ ഉബാബിൽ പറഞ്ഞത് പിൻപറ്റി കൊണ്ടാവാം. എന്നാൽ അതു തുഹ്ഫക്ക് എതിരാണ്. ഇബ്നു ഹജർ(റ)വിൻ്റെ ഗ്രന്ഥങ്ങൾ പരസ്പരം എതിരായാൽ തുഹ്ഫ: യെയാണ് മുന്തിക്കേണ്ടത്.( ഇആനത്ത്: 2/386)

സ്ത്രീകൾക്ക് താടി മുളച്ചാൽ

സ്ത്രീകൾക്കു താടി മുളച്ചാൽ അത് നീക്കൽ സുന്നത്താണ്. പറിച്ചു കൊണ്ടോ വടിച്ചു കൊണ്ടോ നീക്കാം .കാരണം സ്ത്രീകൾക്ക് താടി എന്നത് അഭംഗിയാണ് (തുഹ്ഫ: 1/205)

`يسن للمرأة نتف اللحية أو حلقها لأنها مثلة في حقها` [ تحفة : ١ / ٢٠٥ ]

താടി വടിക്കാതെ തിരുസുന്നത്ത് പിൻപറ്റാൻ നാഥൻ നമുക്ക് തൗഫീഖ് നൽകട്ടെ.


ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

ജനുവരി ഒന്നും നൈറൂസ് ആഘോഷവും

 

ജനുവരി ഒന്നിനു ന്യൂ ഇയർ ആഘോഷം മുസ്'ലിംകളുടെ ആഘോഷമല്ല. അതു ജാഹിലിയ്യാ ജനതയുടെ ആഘോഷമാണ്_

നബിﷺ മദീനയിലേക്ക് ഹിജ്റ: വന്ന സമയം നൈറൂസ് , മഹർജാൻ എന്നിങ്ങനെ രണ്ടു പേരിൽ അവിടെ രണ്ടു ആഘോഷമുണ്ടായിരുന്നു. ഈ ദിവസങ്ങളെ കുറിച്ചും അതിലവരുടെ ആഘോഷ രീതികളെ കുറിച്ചും നബിﷺ ചോദിച്ചറിഞ്ഞു. മദീനാ നിവാസികൾ പറഞ്ഞു. വിനോദങ്ങളായിരുന്നു ജാഹിലിയ്യാ കാലത്ത് ഞങ്ങൾ നടത്തിയിരുന്ന ആഘോഷം_

അപ്പോൾ തിരുനബിﷺ പറഞ്ഞു. അല്ലാഹു നിങ്ങൾക്ക് അവയേക്കാൾ മഹത്തായ രണ്ടു ദിനങ്ങൾ പകരം നൽകിയിരിക്കുന്നു. ബലി പെരുന്നാളും ചെറിയ പെരുന്നാളുമാണത്_ (അബൂദാവൂദ് ,മിർഖാത്ത് : 2/253)

അലി (റ)വിൻ്റെ സവിധത്തിൽ മധുര പലഹാരം കൊണ്ടുവരപ്പെട്ടപ്പോൾ ഇതെന്താണന്ന് അലി (റ) അന്വേഷിച്ചു. നൈറൂസിൻ്റെ പലഹാരമാണെന്നവർ മറുപടി പറഞ്ഞു. അപ്പോൾ അലി(റ) പ്രതികരിച്ചു .നമുക്കെന്നും നൈറൂസ് തന്നെ. മഹർജാനിലും ഇതുപോലെ പലഹാരം കൊണ്ടുവന്നപ്പോഴും നമുക്കെന്നും മഹർജാനല്ലേ എന്നായിരുന്നു അലി (റ)വിൻ്റെ മറുപടി_ (മിർഖാത്ത്)

അവരുടെ നൈറൂസ് ആഘോഷം ജനുവരി ഒന്നിന്നായിരുന്നു_.(മിർഖാത്ത്)

ന്യൂ ഇയർ ആഘോഷമായി അതിനവർ കണ്ടു_

ﻋﻦ ﺃﻧﺲ - ﺭﺿﻲ اﻟﻠﻪ ﻋﻨﻪ - ﻗﺎﻝ: «ﻗﺪﻡ اﻟﻨﺒﻲ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - اﻟﻤﺪﻳﻨﺔ، ﻭﻟﻬﻢ ﻳﻮﻣﺎﻥ ﻳﻠﻌﺒﻮﻥ ﻓﻴﻬﻤﺎ، ﻓﻘﺎﻝ: (ﻣﺎ ﻫﺬاﻥ اﻟﻴﻮﻣﺎﻥ) ؟ ﻗﺎﻟﻮا: ﻛﻨﺎ ﻧﻠﻌﺐ ﻓﻴﻬﻤﺎ ﻓﻲ اﻟﺠﺎﻫﻠﻴﺔ. ﻓﻘﺎﻝ ﺭﺳﻮﻝ اﻟﻠﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻗﺪ ﺃﺑﺪﻟﻜﻢ اﻟﻠﻪ ﺑﻬﻤﺎ ﺧﻴﺮا ﻣﻨﻬﻤﺎ: ﻳﻮﻡ اﻷﺿﺤﻰ، ﻭﻳﻮﻡ اﻟﻔﻄﺮ» ﺭﻭاﻩ ﺃﺑﻮ ﺩاﻭﺩ.

(ﻳﻮﻣﺎﻥ ﻳﻠﻌﺒﻮﻥ ﻓﻴﻬﻤﺎ) : ﻭﻫﻤﺎ: ﻳﻮﻡ اﻟﻨﻴﺮﻭﺯ، ﻭﻳﻮﻡ اﻝﻣﻬﺮﺟﺎﻥ. ﻛﺬا ﻗﺎﻟﻪ اﻟﺸﺮاﺡ. ﻭﻓﻲ اﻟﻘﺎﻣﻮﺱ: اﻟﻨﻴﺮﻭﺯ: ﺃﻭﻝ ﻳﻮﻡ اﻟﺴﻨﺔ ﻣﻌﺮﺏ ﻧﻮﺭﻭﺯ.

ﻗﺪﻡ ﺇﻟﻰ ﻋﻠﻲ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﺷﻲء ﻣﻦ اﻟﺤﻼﻭﻱ ﻓﺴﺄﻝ ﻋﻨﻪ ﻓﻘﺎﻟﻮا: ﻟﻠﻨﻴﺮﻭﺯ. ﻓﻘﺎﻝ: ﻧﻴﺮﻭﺯﻧﺎ ﻛﻞ ﻳﻮﻡ، ﻭﻓﻲ اﻝﻣﻬﺮﺟﺎﻥ ﻗﺎﻝ: ﻣﻬﺮﺟﺎﻥﻧﺎ ﻛﻞ ﻳﻮﻡ اﻩـ. ﻭاﻟﻨﻮﺭﻭﺯ ﻣﺸﻬﻮﺭ، ﻭﻫﻮ ﺃﻭﻝ ﻳﻮﻡ ﺗﺘﺤﻮﻝ اﻟﺸﻤﺲ ﻓﻴﻪ ﺇﻟﻰ ﺑﺮﺝ اﻟﺤﻤﻞ، ﻭﻫﻮ ﺃﻭﻝ اﻟﺴﻨﺔ اﻟﺸﻤﺴﻴﺔ، (مرقاة)

ന്യൂ ഇയർ ആഘോഷം ജാഹിലിയ്യത്തിൻ്റെ സംസ്കാരമാണ്. അതു മുസ്'ലിംകൾക്ക് ഭൂഷണമല്ല.`


ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

റജബ് മാസത്തിലെ പ്രഥമ രാവിന് കൂടുതൽ മഹത്വമുണ്ടോ?

 

അതേ, റജബ് മാസം പ്രഥമ രാവ് അതിപ്രധാനമാണ്. 

ഇമാം ശാഫിഈ (റ) പറയുന്നു: അഞ്ചു രാവുകളിൽ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുമെന്നത് എനിക്കു ലഭിച്ചിട്ടുണ്ട്. റജബ് പ്രഥമ രാവ്, വെളളിയാഴ്ച രാവ് , രണ്ടു പെരുന്നാൾ രാവ്, ബറാഅത്ത് രാവ് എന്നിവയാണത്. [ലത്വാഇഫുൽ മആരിഫ്: 137, ശർഹുൽ മുഹദ്ദബ്: 5/ 42,43] ഇമാം ഗസാലി (റ) പറയുന്നു: റജബ് പ്രഥമ രാവ് നന്മകളുടെ ഉത്സവ രാവാണ്. പ്രസ്തുത രാവിൽ ഇബാദത്തു കൊണ്ട് സജീവമാകൽ ശക്തമായ സുന്നത്താണ്. [ ഇഹ്'യാ: 1/361]

`أول ليلة من رجب موسم الخيرات`

ഇമാം റംലി (റ) പറയുന്നു: റജബ് പ്രഥമ രാവ് ഇബാദത്ത് കൊണ്ട് സജീവമാക്കൽ സുന്നത്താണ് [ നിഹായ : 2/397 ]

`يستحب إحياء ليلة أول رجب`

ഇമാം ഗസാലി (റ) പ്രസ്താവിക്കുന്നു: അല്ലാഹു ഒരു അടിമയെ ഇഷ്ടപ്പെട്ടാൽ മഹത്വമുള്ള സമയങ്ങളിൽ ഇബാദത്ത് ചെയ്യാൻ അവനു അല്ലാഹു അവസരം നൽകും. അല്ലാഹു ഒരു അടിമയെ വെറുത്താൽ മഹത്വ സമയങ്ങളിൽ മോശപ്പെട്ട കർമങ്ങളിൽ അവൻ സമയം ചെലവഴിക്കും. അതുമൂലം അവൻ്റെ ശിക്ഷ അല്ലാഹു ശക്തമാക്കും [ ഇഹ്'യാ: 1/ 188 ]

റജബ് ആദ്യ ദിനം നോമ്പ്

റജബ് മാസം മുഴുവനും നോമ്പ് സുന്നത്താണ്. [ അൽ മുഖദ്ദിമത്തുൽ ഹള്റമിയ്യ: 1/ 263 , ഫതാവൽ കുബ്റ: 2/ 67 ]

റജബ് ആദ്യ മൂന്നു ദിവസം നോമ്പ് സുന്നത്താണ് [ തുഹ്ഫ:2/ 456 ]

ഫർളു നോമ്പ് ഖളാ വീട്ടാനുള്ളവർ അതിൻ്റെ നിയ്യത്തോടെ സുന്നത്തു നോമ്പിൻ്റെ നിയ്യത്ത് വെച്ചാൽ ഒന്നിലധികം നോമ്പ് ലഭിക്കും [ ഫത്ഹുൽ മുഈൻ ] 

ഉദാ: 2025 ജനുവരി 2 വ്യാഴം റജബ് ഒന്നാണെങ്കിൽ 

  • ഫർളു നോമ്പ് ഖളാ വീട്ടൽ
  • റജബിലെ നോമ്പ്
  • വ്യാഴാഴ്ച നോമ്പ്
  • റജബ് പ്രഥമ ദിവസത്തെ നോമ്പ് ഇവയെല്ലാം കരുതാം.


ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

ജനുവരി ഒന്നിന് പുതുവത്സര ആശംസയോ

 

ജനുവരി ഒന്നിന് പുതുവത്സര ആശംസ സുന്നത്തുണ്ടോ?


ഇല്ല, നമ്മുടെ ശരീഅത്തിൽ വർഷം എന്നു പറയുനത് ഹിജ്റ: വർഷമാണ്. മാസം എന്നു പറയുന്നത് ഹിജ്റ : മാസമാണ്. 

അതു കൊണ്ടു തന്നെ പുതിയ , പുതിയ മാസങ്ങൾക്കും പുതുവർഷത്തിനും ആശംസ സുന്നത്താണ് എന്നു ഫുഖഹാക്കൾ വ്യക്തമാക്കിയത് ഹിജ്റ : മാസങ്ങളും വർഷവുമാണ്. അല്ലാതെ ക്രിസ്തുവർഷവും ക്രിസ്തു മാസങ്ങളും കൊല്ലവർഷവും കൊല്ല മാസങ്ങളുമല്ല. അതുപോലെ ശകവർഷവും ശകമാസങ്ങളുമല്ല.

ഇസ്'ലാമിക ആചാരങ്ങൾ ഹിജ്റ: വർഷവുമയി ബന്ധപ്പെട്ടതാണ്. 

സുന്നത്ത് എന്നത് ഒരു മത വിധിയാണ്. അതു ആരെങ്കിലും ഉണ്ടാക്കിയ മാസ, വർഷവുമായി ബന്ധപ്പെടുത്തരുത്.

ഹിജ്റ: യാടെ ഓരോ മാസത്തിനും ആശംസ സുന്നത്തുണ്ട്. രണ്ടു ദിവസം കഴിഞ്ഞാൽ റജബ് മാസം സമാഗതമാവും. അപ്പോൾ ആശംസ സുന്നത്തുണ്ട്. ഹിജ്റ: വർഷത്തിനും ആശംസ സുന്നത്തുണ്ട്. [തർശീഹ്: പേജ്: 96, ശർവാനി: 3/ 56 ]

 وتسن التهنئة بالعيد ونحوه من العام والشهر علي المعتمد مع المصافحة ان اتحد الجنس 

[ ശർവാനി: 3/ 56 ]

والتهنئة بالعيد والعام والشهر سنة

[ തർശീഹ്: പേജ്: 96 ]

വർഷം, മാസം എന്നു കാണുമ്പോഴേക്കും സർവ്വ വർങ്ങളും സർവ്വ മാസങ്ങളുമെന്ന് മനസ്സിലാക്കരുത്. ഹിജ്റ: വർഷവും ഹിജ്റ: മാസവുമാണ് എന്നു മനസ്സിലാക്കണം.

ആശംസ വാചകം

ഉദാ: تقبل الله منا ومنكم

മറുപടി : تَقَبَّلَ اللَّهُ مِنْكُمْ أَحْيَاكُمْ اللَّهُ لِأَمْثَالهِ كُلَّ عَامٍ وَأَنْتُمْ بِخَيْر 


ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

മയ്യിത്തു നിസ്കാരത്തിൽ അദാഅ് കരുതൽ

 

മയ്യിത്തു നിസ്കാരത്തിൻ്റെ നിയ്യത്തിൽ അദാഅ്, ഖളാഅ് എന്നിങ്ങനെ കരുതൽ സുന്നത്തുണ്ടോ?

മയ്യിത്തു നിസ്കാരം അദാഅ്, ഖളാഅ് എന്നിങ്ങനെ രണ്ടു വിധത്തിലില്ല. അതു കൊണ്ടു തന്നെ നിയ്യത്തിൽ അദാഅ് എന്നോ ഖളാഅ് എന്നോ കരുതരുതെന്നും സാധാ നിസ്കാരത്തിലെ അദാഅ്, ഖളാഅ് എന്ന ഉദ്ദേശ്യത്തിൽ മയ്യിത്തു നിസ്കാരത്തിൻ്റെ നിയ്യത്തിൽ അദാഅ് , ഖളാഅ് എന്നിങ്ങനെ കരുതിയാൽ ബാത്വിലാകുമെന്നും ഫുഖഹാഅ് വിവരിച്ചിട്ടുണ്ട്.[ തുഹ്ഫ: 3/ 133, നിഹായ : 2/' 469, ശർവാനി: 3/ 133. അലിയ്യുശ്ശബ്റാ മല്ലിസി: 2/ 469)

 ﻭﻻ ﻳﺘﺼﻮﺭ ﻫﺎﻫﻨﺎ ﻧﻴﺔ ﺃﺩاء ﻭﺿﺪﻩ ( تحفة : ٣ / ١٣٣, نهاية : ٢ / ٤٦٩)

ﺃﻱ ﻓﻠﻮ ﻧﻮﻯ اﻷﺩاء ﺃﻭ اﻟﻘﻀﺎء اﻟﺤﻘﻴﻘﻲ ﺑﻄﻠﺖ ﺑﺨﻼﻑ ﻣﺎ ﻟﻮ ﺃﻃﻠﻖ ﺃﻭ ﻧﻮﻯ اﻟﻤﻌﻨﻰ اﻟﻠﻐﻮﻱ ﻓﻼ ﺗﺒﻄﻞ ﻋ ﺷ ( حاشية النهاية : ٢ / ٤٦٩ , شرواني : ١ / ١٣٣)



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

മമ്പുറം തങ്ങൾ (റ)





ഇസ്ലാം മലബാറിലേക്ക്

പരിശുദ്ധമായ ദീനുൽ ഇസ്ലാം നബി (സ) യുടെ കാലത്തു തന്നെ നമ്മുടെ മലബാറിലെത്തിയിട്ടുണ്ടെന്നാണ് ചരിത്ര രേഖകളിൽ തെളിഞ്ഞു കാണുന്നത് അറബികൾക്ക് മലബാറുമായിട്ടുള്ള വ്യാപാര ബന്ധങ്ങൾ അതിന് ആക്കം കൂട്ടുകയും ചെയ്തു പെരുമാൾ രാജാക്കന്മാർ പരിശുദ്ധ ദീൻ വിശ്വസിച്ചതും മദീന സന്ദർശിച്ചതുമെല്ലാം ചരിത്ര രേഖകളാണ്  അതെല്ലാം കൃത്യമായി സൂക്ഷിക്കപ്പെട്ടിട്ടുണ്ട്.

മലബാറിൽ ഇസ്ലാം സ്വീകരിച്ച പെരുമാൾ രാജാക്കന്മാർ രണ്ടു പേരാണ് ബാണപ്പെരുമാളും , ചേരമാൻ പെരുമാളും നബി(സ) മക്കയിൽ വെച്ചു ചന്ദ്രനെ രണ്ടു പിളർപ്പാക്കിയ മുഅ്ജിസത്ത് മലബാറിൽ നിന്ന് നഗ്നനേത്രങ്ങൾ കൊണ്ട് ദർശിച്ച രാജാവാണ് ബാണപ്പെരുമാൾ താജുദ്ദീൻ എന്ന് പേര് സ്വീകരിച്ച മഹാന്റെ മഖ്ബറ സ്ഥിതിചെയ്യുന്നത് ശഹർമുകല്ലയിലാണ് ഇദ്ദേഹം നബി(സ) യെ നേരിൽ ദർശിച്ച സ്വഹാബിവര്യനാണ് 
മലബാറിലെ അവസാനത്തെ പെരുമാൾ ഭരണാധികാരിയായ ചേരുമാൻ പെരുമാൾ ശൈഖ് അലിയ്യുൽ കൂഫി(റ) മുഖേന ഇസ്ലാമിലേക്ക് കടന്നുവരികയും പിന്നീട് ഹജ്ജ് കർമത്തിനായി മക്കയിലേക്ക് പോവുകയും മടക്കയാത്രയിൽ ളിഫാറിൽവെച്ച് വഫാത്താവുകയും ചെയ്തു ഇദ്ദേഹത്തിന്റെ പേര് അബ്ദുർറഹ്മാൻ സാമിരി എന്നാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയത്.

കേരളത്തിൽ വന്ന അറബി സംഘങ്ങൾ വഴിയാണ് മലബാറിൽ ഇസ്ലാമിന്റെ വെളിച്ചമെത്തുന്നത് സിലോണിലെ ആദം മല പണ്ടുകാലം മുതലെ ഒരു തീർത്ഥാടന കേന്ദ്രമായിരുന്നു അറബികളടക്കം പല സഞ്ചാരികളും അവിടെ സന്ദർശിക്കൽ പതിവായിരുന്നു ആദംമല സന്ദർശിക്കാനെത്തുന്ന പലരും സ്വാഭാവികമായും മലബാറും സന്ദർശിക്കാറുണ്ടായിരുന്നു അറബികളിൽനിന്ന് കേട്ടറിഞ്ഞാണ് പെരുമാൾ രാജാക്കന്മാർ ഇസ്ലാമിലേക്ക് സന്തോഷത്തോടെ കടന്നുവരുന്നത് പെരുമാൾമാരുടെ ഇസ്ലാമികാശ്ലേഷണം നമുക്കൽപ്പം നോക്കാം.
 
റസൂൽ(സ) ഇസ്ലാമുമായി മക്കയിൽ അവതരിച്ച കാലത്ത് കേരളത്തിൽ ഭരണം നടത്തിയിരുന്നത് പെരുമാൾ ഭരണാധികാരികളായിരുന്നു കേരള ചരിത്രത്തിൽ നീണ്ട കാലം ഭരണം കൈയാളിയ ചുരുക്കം ഭരണകൂടങ്ങളിലൊന്നാണ് ഇത് കാസർഗോഡ് മുതൽ കന്യാകുമാരി വരെ സ്വാധീനം നേടാൻ അവർക്ക് സാധിച്ചു  രേഖകളുടെ അടിസ്ഥാനത്തിൽ ഇരുപത്തഞ്ച് പെരുമാക്കന്മാരാണ് കേരളം ഭരിച്ചത് പ്രബലാഭിപ്രായത്തിൽ നബി (സ) യുടെ കാലത്ത് കേരളം ഭരിച്ചിരുന്നത് ആദി രാജാ പെരുമാളിനും പാണ്ഡ്യരാജ പെരുമാളിനും ശേഷം വന്ന ശക്രോത്ത് പെരുമാൾ എന്ന ബാണപെരുമാളാണ് പന്ത്രണ്ട് വർഷമായിരുന്നു ഓരോ പെരുമാളിനും നിശ്ചയിക്കപ്പെട്ട ഭരണ കാലാവധി മൂന്ന് തവണ അധികാരത്തിലിരിക്കുകയും മുപ്പത്താറു വർഷം ഭരണം നടത്തുകയും ചെയ്ത ചേരമാൻ  പെരുമാളാണ് അവസാന പെരുമാൾ ഭരണാധികാരി ഇവർ രണ്ടുപേരുടെയും ഇസ്ലാമികാശ്ലേഷം ചരിത്ര പ്രസിദ്ധമാണ് ഒരാൾ നബി(സ) യുടെ കാലത്തും മറ്റൊരാൾ അനുയായികളുടെ കാലത്തുമായിരുന്നു മദീനാ സന്ദർശനം നടത്തിയത് 
നബി (സ) യുടെ മദീനയിലേക്കുള്ള ഹിജ്റക്കു ശേഷമാണ് അന്യദേശങ്ങളിൽ ഇസ്ലാം മതപ്രബോധനത്തിന് ഊന്നൽ നൽകുന്നത് മറ്റു അറേബ്യൻ പ്രദേശങ്ങളിൽ താമസിയാതെ ഇസ്ലാമിക സന്ദേശം പ്രചരിച്ചു തുടങ്ങി അന്ന് അറേബ്യ പ്രമുഖ വ്യാപാര കേന്ദ്രങ്ങളായിരുന്നു ഹള്റമൗത്തും , ബസ്വറയും , യമനും , സിലോണും, ഗുജറാത്തും, ചൈനയും , മലബാറും തുടങ്ങി വിവിധ സ്ഥലങ്ങളിലേക്ക് കച്ചവടാവശ്യാർത്ഥം അവിടെയുള്ള വ്യാപാരികൾ യാത്രകൾ നടത്തിയിരുന്നു തങ്ങൾ കടന്നുചെല്ലുന്ന പ്രദേശങ്ങളിലെല്ലാം ഇസ്ലാമിക സന്ദേശം പ്രചരിപ്പിക്കാനും അവർ മറന്നില്ല മലബാർ തീരത്ത് ഹിജ്റ ആദ്യദശകത്തിൽ തന്നെ ഇസ്ലാം കടന്നുവരുന്നത് അങ്ങനെയാണ് (ചേരമാൻ പെരുമാൾ:75) 

ശൈഖ് സഹ്റുദ്ദീനുബ്നു തഖിയുദ്ദീൻ(റ)വും രണ്ട് കൂട്ടാളികളുമാണ് നബി(സ)യുടെ കാലത്ത് ആദ്യമായി കേരളത്തിലെത്തുന്ന ഇസ്ലാമിക പ്രബോധക സംഘം ബുദ്ധരം ക്രൈസ്തവരും ഹൈന്ദവരും മുസ്ലിംകളും ഒരുപോലെ ആദരിച്ചിരുന്ന സിലോണിലെ ആദംമല സന്ദർശനവും അവിടെ മതപ്രചരണം നടത്തലുമായിരുന്നു അവരുടെ മുഖ്യലക്ഷ്യം സിലോണിലേക്കുള്ള യാത്രാമധ്യേ കപ്പൽ ഇടത്താവളമായിരുന്ന കൊടുങ്ങല്ലൂർ തീരത്തു നങ്കൂരമിട്ടു അപ്രതീക്ഷിതമായി വന്ന കാറ്റും കോളും നിമിത്തം ദിശമാറി സഞ്ചരിച്ച് അവിടെ എത്തിപ്പെട്ടതാണെന്നും അഭിപ്രായമുണ്ട് അന്നവിടെ ബാണപ്പെരുമാളായിരുന്നു ഭരണാധികാരി തുറമുഖത്ത് പുതിയ കപ്പൽ അണഞ്ഞിട്ടുണ്ടെന്നറിഞ്ഞപ്പോൾ രാജാവ് ദൂതനെ അയച്ച് അതിഥികളെ കൊട്ടാരത്തിലേക്ക് വരുത്തി ആരാണെന്നും എന്തിനു വന്നതാണെന്നും തിരക്കി അറേബ്യയിൽ അവതരിച്ച മുഹമ്മദ് നബി (സ) യുടെ അനുയായികളാണ് തങ്ങളെന്നും ഏകനായ അല്ലാഹുവിൽ അടിയുറച്ച് വിശ്വസിക്കുന്നവരാണെന്നും അവർ പ്രതികരിച്ചു ശൈഖ് സഹറുദ്ധീൻ(റ) നബി (സ)യുടെ അനുപമ വ്യക്തിത്വത്തെ കുറിച്ചും ഇസ്ലാമിന്റെ അനുഷ്ഠാന ശാസ്ത്രത്തെ കുറിച്ചും അദ്ദേഹത്തിനു വിവരിച്ചു കൊടുത്തു.
 
കേരളത്തിലെ ഇളകിമറിഞ്ഞ രാഷ്ട്രീയ മതാന്തരീക്ഷത്തിൽപെട്ട് ബാണപ്പെരുമാൾ അസ്വസ്ഥനായി കഴിഞ്ഞു കൂടിയിരുന്ന കാലമായിരുന്നു അത് വിശ്വാസത്തകർച്ച വലിയൊരു സാമൂഹിക പ്രശ്നമായി മാറിയിരുന്നു അല്ലെങ്കിലും ഏഴും എട്ടും നൂറ്റാണ്ടുകൾ പൊതുവെ ദക്ഷിണേന്ത്യയുടെ മതകീയ പാപ്പരത്തത്തിന്റെ ഘട്ടമായാണ് അറിയപ്പെടുന്നത് സമാധാന സന്ദേശവുമായി വല്ല കാരുണ്യ ഹസ്തവും നീണ്ടുവരികയാണെങ്കിൽ എല്ലാവരും തുറന്ന മനസ്സോടുകൂടി അതിനെ വരവേൽക്കാൻ തയ്യാറാകുമായിരുന്നു ഏഴാം നൂറ്റാണ്ട് ആയപ്പോഴേക്കും കേരളത്തിൽ ബുദ്ധമതവും ക്ഷയോന്മുഖമായിക്കഴിഞ്ഞിരുന്നുവെന്ന് ചൈനീസ് സഞ്ചാരി ഹുയാൻസാങ് രേഖപ്പെടുത്തുന്നു (പ്രാചീന കേരളവും മുസ്ലിം ആവിർഭാവവും:68).
 
ചുരുക്കത്തിൽ ആത്മീയ പാപ്പരത്തത്തിനു മുമ്പിൽ സമാധാനത്തിന്റെ കൈത്തിരി സ്വപ്നം കണ്ടിരിക്കുന്ന കാലത്താണ് ബാണപ്പെരുമാൾ അപ്രതീക്ഷിതമായി ശൈഖ് സഹറുദ്ദീൻ (റ)വിനെ കണ്ടുമുട്ടുന്നത്.
 
അറബ് ദേശങ്ങളിൽ പ്രത്യക്ഷപ്പെട്ട പുതിയൊരു മതത്തെയും പ്രവാചകനെയും കുറിച്ച് സഞ്ചാരികളായ ബുദ്ധരിൽ നിന്നും ക്രൈസ്തവരിൽ നിന്നും ഞാൻ കേട്ടിട്ടുണ്ടെന്നും എന്നാൽ അവരെ ആഴത്തിൽ മനസ്സിലാക്കാൻ  സാധിച്ചിട്ടില്ലെന്നും രാജാവ് ഓർമപ്പെടുത്തി ഇത് കേട്ടപ്പോൾ ശൈഖ് സഹറുദ്ദീൻ(റ) നബി(സ) യുടെ മുഅ്ജിസത്തായ ചന്ദ്രൻ പിളർന്ന സംഭവം രാജാവിനു മുമ്പിൽ അവതരിപ്പിച്ചു ഇത് രാജാവിനെ അത്ഭുതപ്പെടുത്തി അദ്ദേഹം താൻ ഈ സംഭവത്തിന് സാക്ഷിയായ ദിവസത്തിലെ ഫയലുകളെടുത്ത് പരിശോധിച്ചു അത്ഭുതം എല്ലാം ഒത്തു വന്നിരിക്കുന്നു എത്രയും പെട്ടെന്ന് മദീനയിലെത്തി നബി (സ)യെ നേരിൽ കാണാനും തന്റെ വിശ്വാസത്തെ അവർക്കു മുമ്പിൽ പ്രഖ്യാപിക്കാനും അദ്ദേഹം തീരുമാനിച്ചു ആദംമല സന്ദർശിച്ചു മടങ്ങുമ്പോൾ ഇതിലെ വരണമെന്നും അവരോടൊപ്പം അറബ്യയിലേക്ക് താനുമുണ്ടാകുമെന്നും ഈ കാര്യം വളരെ രഹസ്യമാക്കി വെക്കണമെന്നും അദ്ദേഹം അവരെ ഓർമ്മപ്പെടുത്തി (മലയാളത്തിലെ മാപ്പിളമാർ:18) 

ബാണപ്പെരുമാളിന്റെ പെട്ടെന്നുള്ള ഈ മതംമാറ്റത്തിന് ചരിത്രകാരന്മാർ മറ്റൊരു കാരണം കൂടി കണ്ടെത്തുന്നുണ്ട് ചൈനയിലേക്ക് ഇസ്ലാം മത പ്രചാരണാർത്ഥം പുറപ്പെട്ട ഒരു പണ്ഡിത സംഘം കുറിച്ച് കാലങ്ങൾക്ക് മുമ്പ് കൊടുങ്ങല്ലൂർ സന്ദർശിച്ചിരുന്നു അന്ന് അവരുമായി നടത്തിയ ചെറിയ സംവാദങ്ങൾ പെട്ടെന്ന് ഇസ്ലാം സ്വീകരിക്കുന്നതിന് രാജാവിനെ പാകപ്പെടുത്തുകയുണ്ടായി (പ്രാചീന കേരളവും മുസ്ലിം ആവിർഭാവവും:67)
 
സിലോണിൽ നിന്ന് സംഘം മടങ്ങിയെത്തിയതോടെ ഒരുക്കങ്ങൾ പൂർത്തിയാക്കി ബാണപ്പെരുമാളും മന്ത്രിമാരും യാത്ര ആരംഭിക്കുകയായിരുന്നു പുറപ്പെടുന്നതിന്റെ ഏകദേശം ഏഴുദിവസം മുമ്പ് മുതൽ അദ്ദേഹം പ്രജകളുമായി യാതൊരുവിധ ബന്ധവും പുലർത്തിയിരുന്നില്ല അതിനു മുമ്പുതന്നെ നൽകേണ്ടതെല്ലാം നൽകി അവരെ അകറ്റിനിർത്തി കേരളത്തിന്റെ തെക്കേ അറ്റമായ കന്യാകുമാരി മുതൽ വടക്കേ അറ്റമായ കാസർഗോഡ് വരെ അന്ന് അദ്ദേഹത്തിന്റെ കീഴിലായിരുന്നു അതുകൊണ്ടുതന്നെ ഭരണകാര്യങ്ങൾ പിൻഗാമികളെ ചുമതലപ്പെടുത്തിയതിന് ശേഷമാണ് അദ്ദേഹം യാത്രക്കുള്ള തയ്യാറെടുപ്പുകൾ നടത്തിയത് (ചേരമാൻ പെരുമാൾ:85)
  
യാത്രാമധ്യേ പെരുമാളും കൂട്ടരും പന്തലായനി കൊല്ലത്തും ധർമടത്തും എത്തി തന്റെ സഹോദരിമാരോട് യാത്ര പറഞ്ഞു പെരുമാൾ യാത്ര ആരംഭിച്ചതോടെ നാട്ടിൽ അദ്ദേഹത്തിനു വേണ്ടിയുള്ള അന്വേഷണങ്ങൾ ശക്തമായി കപ്പലിൽ അറബിക്കടലിന്റെ വിവിധ ഭാഗങ്ങളിലേക്ക് അന്വേഷണം വ്യാപിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല  
ഇമാം സൈനുദ്ദീൻ മഖ്ദൂം(റ) എഴുതുന്നു: വർഷങ്ങൾക്കു ശേഷം ഒരു സംഘം മുസ്ലിംകൾ സിലോണിലെ ആദംമലയിലെ കാൽപാട് സന്ദർശിക്കാൻ പോകുന്ന മധ്യേ കൊടുങ്ങല്ലൂരെത്തി ഒരു ശൈഖിന്റെ നേതൃത്വത്തിലായിരുന്നു യാത്ര വിവരമറിഞ്ഞ രാജാവ് അവരെ വിളിച്ച് സൽകരിച്ചു അവരെക്കുറിച്ചറിയുവാൻ രാജാവ് ജിജ്ഞാസുവായി മുഹമ്മദ് നബി (സ)യെ കുറിച്ചും ഇസ്ലാം മതത്തെ സംബന്ധിച്ചും ചന്ദ്രൻ പിളർന്ന അമാനുഷിക സംഭവവും ശൈഖ് വിവരിച്ചുകൊടുത്തു. 

വിവരണം കേട്ട രാജാവിന് നബി(സ) യുടെ സത്യസന്ധത ബോധ്യമായി അദ്ദേഹത്തിന്റെ ഹൃദയത്തിൽ നബി (സ)യോടുള്ള സ്നേഹം മൊട്ടിട്ടു കാലടി സന്ദർശിച്ച് മടങ്ങുമ്പോൾ തന്റെ അടുത്ത് വരണമെന്ന് ശൈഖിനെയും കൂടെയുള്ളവരെയും അറിയിച്ചു അവരുടെ കൂടെ അറേബ്യയിലേക്ക് പോകാനായിരുന്നു ഉദ്ദേശ്യം മലബാറുകാരോട് ഈ രഹസ്യം പറയരുതെന്ന് രാജാവ് പ്രത്യേകം ഓർമിപ്പിച്ചു 

അവർ സിലോണിലേക്ക് യാത്രയായി തിരിച്ചു വരുമ്പോൾ രാജാവിന്റെ അടുത്തുവന്നു ആരുമറിയാതെ യാത്രക്കുള്ള വാഹനമൊരുക്കാൻ രാജ് ശൈഖിനെ ഏർപ്പാടാക്കി തുറമുഖത്ത് വിദേശത്തുനിന്ന് അനേകം കപ്പലുകളുണ്ടായിരുന്നു അതിലൊരു കപ്പലുടമയോട് തന്നെയും ഒരു സംഘം സാധുക്കളെയും കപ്പലിൽ യാത്ര ചെയ്യാൻ അനുവദിക്കണമെന്ന് ശൈഖ് ആവശ്യപ്പെട്ടു സന്തോഷം കപ്പലുടമ അത് സ്വീകരിച്ചു നാട്ടിലെ ഉത്തരവാദിത്വങ്ങളെല്ലാം നിർവഹിച്ച ശേഷം രാജാവ് ശൈഖിനോടും സാധുക്കളോടും കൂടെ രാത്രി കപ്പലിൽ കയറി പുറപ്പെട്ടു (ത്ഹ്ഫത്തുൽ മുജാഹിദീൻ :42) 

എ.ഡി 628 (ഹിജ്റഃ ആറാം വർഷം)ലാണ് പെരുമാളും സംഘവും അറേബ്യയിലേക്ക് യാത്ര ആരംഭിച്ചത് ജിദ്ദ വഴി മദീനയിലെത്തുമ്പോൾ നബി(സ)ക്ക് 57 വയസ്സായിരുന്നു നബി (സ) അദ്ദേഹത്തെ ഹാർദ്ദവമായി സ്വീകരിക്കുകയും താജുദ്ദീൻ എന്ന് പേരിടുകയും ചെയ്തു നബി (സ) ക്ക് രാജാവ് ഇഞ്ചി കൊണ്ടുണ്ടാക്കിയ കേരളീയ വിഭവങ്ങൾ നൽകി പുതുതായി ലഭിച്ച വിശ്വാസത്തിന്റെയും ഹൃദയവെളിച്ചത്തിന്റെയും നിർവൃതിയിൽ അദ്ദേഹം തിരികെ യാത്ര ആരംഭിച്ചു പെരുമാളിനെയും കൂട്ടരെയും യമനിലെ രാജാവായ മാലികുബ്നു ഹബീബ് അദ്ദേഹത്തിന്റെ കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി സംഘം അവിടെ നാലു വർഷം താമസിച്ചു അതിനിടെ ഇസ്ലാമിക ആചാരങ്ങളും അനുഷ്ഠാനങ്ങളും പഠിക്കുകയും പരിശീലിക്കുകയും ഇക്കാലയളവിൽ മാലികുബ്നു ഹബീബിന്റെ സഹോദരിയുമായി വിവാഹം നടന്നു  

കുറെനാൾ അവരോടൊപ്പം അതിഥിയായി താമസിച്ചതിനൊടുവിൽ പെരുമാളിന് ഇസ്ലാം മതത്തിന്റെ ആശയപ്രചരണാർത്ഥം മലബാറിലേക്ക് തിരിക്കാനുള്ള ആഗ്രഹമുണ്ടായി താമസിയാതെ ഹബീബ് ബ്നു മാലികിനോടൊപ്പം യാത്ര തിരിച്ചു ശഹർമുകല്ല തുറ മുഖത്തെത്തിയ സംഘം അവിടെ വിശ്രമിക്കാനിറങ്ങി അവിടെവെച്ച് പെരുമാൾ രോഗബാധിതനായി രോഗം മൂർഛിച്ചപ്പോൾ മഹാൻ അവരോട് പറഞ്ഞു: ഞാൻ ഈ രോഗത്താൽ മരിച്ചാലും ഇന്ത്യയിലേക്കുള്ള നിങ്ങളുടെ യാത്ര മുടക്കരുത് ശേഷം അവർക്കൊരു കത്തെഴുതിക്കൊടുത്തു അങ്ങനെ മഹാനായ താജുദ്ദീൻ രാജാവ്(റ) ശഹർമുകല്ലയിൽവെച്ച് വഫാത്തായി മഹാനെ അവർ അവിടെ മറമാടുകയും ചെയ്തു.
   
രാജാവിന്റെ മരണം സംഘത്തെ അതീവ ദുഃഖത്തിലാക്കിയിരുന്നു ശേഷം വർഷങ്ങൾക്കു ശേഷമാണ് മാലിക്ബ്നു ദീനാർ(റ) വിന്റെ നേതൃത്വത്തിൽ അവർ യാത്ര പുറപ്പെടുന്നത് കൊടുങ്ങല്ലൂരിലെത്തിച്ചേർന്ന അവരെ ഭരണാധികാരി ഹാർദ്ദവമായി തന്നെ സ്വീകരിച്ചു എ.ഡി 642-643 കാലയളവിലായിരുന്നു ഇവരുടെ യാത്ര രാജാവ് അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു അങ്ങനെ അവരെ അവിടെ ഒരു പള്ളി നിർമിച്ചു ഇതാണ് കേരളത്തിലെ ആദ്യത്തെ മുസ്ലിം പള്ളി ഹിജ്റ 21, റജബ് 11 തിങ്കളാഴ്ചയായിരുന്നു ഈ സംഭവം ശേഷം കേരളത്തിൽ പല സ്ഥലങ്ങളിലായി ഇവർ പള്ളികൾ നിർമിച്ചു കൊടുങ്ങല്ലൂർ, കൊല്ലം, മാടായി, ബർകൂർ, മംഗലാപുരം, കാസർഗോഡ്, ശ്രീകണ്ഠപുരം, ധർമടം, പന്തലായനി, ചാലിയം തുടങ്ങിയവയാണ് ആ സ്ഥലങ്ങൾ ഇവരാണ് കേരളത്തിൽ പരസ്യമായ ഇസ്ലാമിക പ്രബോധനത്തിന് തുടക്കമിട്ടവർ പ്രബോധനത്തിനു ശേഷം മാലികുബ്നു ദീനാർ(റ) മടങ്ങുകയും ശഹർമുകല്ലയിൽവെച്ച് വഫാത്താവുകയും ചെയ്തു വെന്നാണ് തുഹ്ഫത്തുൽ മുജാഹിദീനിൽ രേഖപ്പെടുത്തിയത്.
  
അവസാനത്തെ പെരുമാൾ ഭരണാധികാരി ക്രിസ്തുവർഷം ഒമ്പതാം നൂറ്റാണ്ടിലാണ്  ഇസ്ലാമിലേക്ക് കടന്നുവന്നത് പൂർവോപരി മലബാർ തീരങ്ങളിൽ അറബികളും പണ്ഡിതരും വന്നുപോയിരുന്ന കാലമായിരുന്നു അത് ഭരണസംബന്ധമായ പ്രശ്നങ്ങളിൽ മനംനൊന്ത അദ്ദേഹം അധ്യാത്മിക ജീവിതത്തിന് വെമ്പൽകൊണ്ടു ആയിടെയാണ് കൂഫയിൽ നിന്നെത്തിയ ശൈഖ് അലിയെയും അനുയായികളെയും അദ്ദേഹം കണ്ടുമുട്ടുന്നത് അവരുമായി കൂടുതൽ അടുക്കുകയും ഇസ്ലാം ആശ്ലേഷിക്കുകയും ചെയ്തു അങ്ങനെ ക്രിസ്തുവർഷം 825- ൽ മക്കയിലേക്ക് യാത്രയായി അന്നുമുതലാണ് കൊല്ലവർഷം ആരംഭിക്കുന്നത് ഇക്കാര്യം മലബാർ മാന്വലിൽ വില്യം ലോഗൻ രേഖപ്പെടുത്തിയിട്ടുണ്ട് 
മലബാറിലെ അവസാനത്തെ രാജാവ് ചേരമാൻ പെരുമാൾ ആയിരുന്നു അറേബ്യയിലെ മക്കയിൽ കറുത്ത വാവിൻനാൾ രാത്രി പൂർണചന്ദ്രൻ ഉദിച്ചതായി ചേരമാൻ പെരുമാൾ ഒരു സ്വപ്നം കണ്ടു മധ്യാഹ്നമായപ്പോൾ പൂർണചന്ദ്രൻ രണ്ടായി പിളരുകയും ഒരു പാതി ആകാശ മധ്യത്തിൽ തന്നെ നിലകൊള്ളുകയും മറ്റേ പാതി അബൂ ഖുബൈസ് എന്ന കുന്നിൽ ചെരുവിൽ ഇറങ്ങിവരികയും ചെയ്തു ശേഷം രണ്ടു പാതികളും ഒന്നായി അസ്തമിച്ചു (മലബാർ മാന്വൽ:1/228) 

മക്കയിലെത്തി തന്റെ ആഗ്രഹങ്ങളെല്ലാം സഫലീകരിച്ച ഭരണാധികാരി ഹിജ്റ 212-ൽ ളിഫാറിൽ തിരിച്ചെത്തിയെന്നാണ് ചരിത്രം അബ്ദുർറഹ്മാൻ സാമിരി എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത് ഇക്കാര്യം ഗുണ്ടർട്ട് കേരളോൽപത്തിയിൽ ഇങ്ങനെ വിശദീകരിക്കുന്നു : പെരുമാൾ രാജ്യം അംശിച്ചുകൊടുത്തു കഴിഞ്ഞുവെന്നും അശുവിന് (ഹജ്ജിന്) പുറപ്പെടാറായെന്നും കേട്ട് പൂന്തുറക്കാരനും മങ്ങാട്ടുകാരനും പെരുമാൾ സവിധത്തിലെത്തി അപ്പോഴേക്കും രാജ്യം വേണ്ടപ്പെട്ടവർക്ക് വിഹിതിച്ചു കഴിഞ്ഞിരുന്നു കോഴി കൂവുന്ന ദേശവും ചുള്ളിക്കാടുമുണ്ട് രാജാവ് അരുളി അവരത് സ്വീകരിച്ചു അങ്ങനെ പെരുമാൾ വള്ളുവക്കോനാതിരിയെ കൂടെ നിർത്തി പൊൻകുന്നിൽ ശംഖിൽ വെള്ളം പകർന്ന് ശേഷിപ്പുണ്ടായിരുന്ന കോഴിക്കോടും ചുള്ളിക്കാടും അവർക്കു നൽകി നിങ്ങൾ ചത്തും കൊന്നും അടക്കിക്കൊൾകയെന്ന ആജ്ഞയും കൊടുത്തു പെരുമാൾ നേരത്തെത്തന്നെ മുസ്ലിംമായിരുന്നുവെന്നും , ഹജ്ജ് നിർവഹണത്തിനു വേണ്ടിയാണ് മക്കയിലേക്ക് പോയതെന്നും ഇതിൽ നിന്ന് മനസ്സിലാകുന്നു.
 
ഇമാം സൈനുദ്ദീൻ മഖ്ദൂം(റ) എഴുതുന്നു: രാജാവ് യാത്ര പോകുന്നതിന് മുമ്പ് അധികാരം അവകാശികൾക്ക് വിഭജിച്ച് നൽകിയത് മലബാറുകാർക്കിടയിൽ പ്രസിദ്ധമാണ് അധികാര വിഭജന സമയത്ത് സാമൂതിരി സ്ഥലത്തില്ലാത്തതിനാൽ അദ്ദേഹത്തിന് ഒന്നും ലഭിച്ചില്ല അദ്ദേഹം വൈകി വന്നപ്പോൾ രാജാവ് സ്വന്തം വാൾ അദ്ദേഹത്തിന് നൽകിക്കൊണ്ട് ആജ്ഞാപിച്ചു : ഇതുകൊണ്ട് അടരാടി അധികാരം കൈവശമാക്കുക രാജാവിന്റെ നിർദ്ദേശമനുസരിച്ച് സാമൂതിരി കോഴിക്കോട് കൈവശമാക്കി പിന്നീടവിടെ മുസ്ലിംകൾ താമസിക്കുകയും ചെയ്തു (തുഹ്ഫത്തുൽ മുജാഹിദീൻ: 46) 

ഗുണ്ടർട്ട് കേരളപ്പഴമയിൽ എഴുതുന്നു: ഇസ്ലാമിക ആശയങ്ങളിൽ വളരെ ആകൃഷ്ടനായിത്തീർന്ന അവസാനത്തെ പെരുമാളായ ചേരമാൻ പെരുമാൾ മുസ്ലിം ആകുകയും തന്റെ രാജ്യം ആശ്രിതർക്ക് വിട്ടുകൊടുത്ത് മക്കയിലേക്ക് പോവുകയും ചെയ്തു മടക്കയാത്രയിൽ അറേബ്യൻ തീരത്തുവെച്ച് അദ്ദേഹം മരണമടയുകയായിരുന്നു ചേരമാൻ പെരുമാൾ രാജ്യം പകുത്തു ബന്ധക്കാരിൽ വിഭജിച്ചതിന്റെ അടിസ്ഥാനത്തിലാണ് എ.ഡി 825-ൽ ആരംഭിച്ച കൊല്ലവർഷം ഉണ്ടായത്. നബി (സ)യുടെ കാലത്തുതന്നെ മലബാറിൽ പരിശുദ്ധ ദീനുൽ ഇസ്ലാം എത്തിയിട്ടുണ്ടെന്ന് ഈ ചരിത്ര ദർശനങ്ങളെല്ലാം വ്യക്തമാക്കിത്തരുന്നുണ്ട് 

യമനും കേരളവും

ഇസ്ലാമിക ചരിത്രത്തിൽ തല ഉയർത്തി നിൽക്കുന്ന രാജ്യങ്ങളിൽപെട്ട ഒരു രാജ്യമാണ് യമൻ നബി (സ) യമനിനെ സംബന്ധിച്ച് ബഹുമാനം പറഞ്ഞതായി ഹദീസുകളിൽ കാണാം നിരവധി ഔലിയാക്കളും സ്വാലിഹീങ്ങളും അധിവസിച്ച മണ്ണാണ് യമനിന്റേത്.

അഹ്ലുബൈത്തിന്റെയും ത്വരീഖത്തിന്റെയും മശാഇഖുമാരുടെയും കേന്ദ്രമാണ് യമൻ അതുകൊണ്ടുതന്നെ കേരളത്തിന് ഈ രണ്ട് നിലക്കും യമനുമായി അഭേദ്യ ബന്ധമുണ്ടെന്ന് ചരിത്രത്തിൽ കാണാം  

കേരളത്തിലെ ധാരാളം അഹ്ലുബൈത്തിന്റെയും സ്വൂഫി സരണികളുടെയും പരമ്പര യമനിലേക്കാണ് പോകുന്നത് നമുക്ക് യമനുമായുള്ള ബന്ധം ഈമാനിക ബന്ധമാണ് മഹാനായ ഖുത്വുബുസ്സമാൻ സയ്യിദ് അലവി തങ്ങൾ മമ്പുറം(റ) യമനിലാണ് മഹാൻ ജനിച്ചതും വളർന്നതും യമനിലെ തരീമിലാണ്.
 
യമനിലെ ഹള്റമൗത്തിലാണ് അഹ്ലുബൈത്തിന്റെ സിരാകേന്ദ്രം ഹള്റമൗത്തിലെ തരീമിൽ നിന്നാണ് കേരളത്തിലേക്ക് ആദ്യമായി അഹ്ലുബൈത്ത് എത്തിയത് ബുഖാരി തങ്ങന്മാർ ഒഴിച്ച് കേരളത്തിലെ അധിക തങ്ങന്മാരുടെയും പരമ്പര യമനിലേക്കാണ് ചെന്നുചേരുന്നത് ബുഖാരി തങ്ങന്മാരുടെ പരമ്പര റഷ്യയിലെ ബുഖാറയിലേക്കാണ് ചെന്നു ചേരുന്നത് നമ്മുടെ നാടുകളിൽ അഹ്ലുബൈത്തിനെ നാം 'തങ്ങന്മാർ' എന്നാണ് പറയാറുള്ളത് യമനിൽനിന്നും കേരളത്തിലെത്തിയ അഹ്ലുബൈത്തിന്റെ ഖബീലകളിൽ ചിലതാണ് ശിഹാബുദ്ദീൻ, ജിഫ്രി, ഹൈദ്റൂസ്, ബാഫഖീഹ്, അഹ്ദൽ, ജമലൈല്ലൈൽ, ബാ അലവി, മൗലദ്ദവീല തുടങ്ങിയവ ഇവരെ നമൊന്ന് പരിചയപ്പെടാം. 

ശിഹാബുദ്ദീൻ

ശിഹാബുദ്ദീൻ ഖബീലയിൽപെട്ട തങ്ങന്മാരെയാണ് നാം ശിഹാബ് തങ്ങന്മാർ എന്ന് പറയാറുള്ളത് ഹിജ്റ 887 -ൽ യമനിലെ ഹള്റമൗത്തിലെ തരീമിൽ ജനിച്ച പണ്ഡിതനാണ് സയ്യിദ് അഹ്മദ് ശിഹാബുദ്ദീൻ (റ) മഹാനവർകളിലേക്ക് ചേർത്തിയാണ് ഈ ഖബീലക്ക് ശിഹാബുദ്ദീൻ എന്ന് പറയുന്നത്. 

സയ്യിദ് അഹ്മദ് ശിഹാബുദ്ദീൻ (റ)വിന്റെ സന്താന പരമ്പരയിൽ പ്രസിദ്ധനാണ് സയ്യിദ് ശിഹാബുദ്ദീൻ അലിയ്യുൽ ഹള്റമി(റ) ഹിജ്റ 1159-ൽ യമനിൽ ജനിച്ച മഹാൻ മതപ്രബോധനാർത്ഥം ഹിജ്റ 1181-ൽ കേരളത്തിൽ വന്നു കോഴിക്കോട് കപ്പലിറങ്ങിയ മഹാൻ കുറച്ചുകാലം ശൈഖ് ജിഫ്രി(റ) വിനോടൊന്നിച്ച് താമസിച്ചശേഷം പ്രസിദ്ധ മുസ്ലിം കേന്ദ്രമായ വളപട്ടണത്തേക്ക് പോയി അറക്കൽ രാജകുടുംബത്തിൽനിന്ന് വിവാഹം കഴിച്ച് അവിടെ സ്ഥിരതാമസമാക്കി ഹിജ്റ 1212-ൽ അവിടെവെച്ച് വഫാത്തായി മഹാന്റെ മഖ്ബറ സ്ഥിതിചെയ്യുന്നത് കണ്ണൂർ വളപട്ടണം കക്കുളങ്ങര പള്ളിപരിസരത്താകുന്നു. 

അഹ്ദൽ

സയ്യിദുനാ ഇമാം ഹുസൈൻ (റ) വിന്റെ സന്താന പരമ്പരയിലെ പ്രധാനിയിണ് ഇമാം മൂസൽ കാളിം(റ) മഹാന്റെ മകൻ ഇമാം ഔൻ(റ) വിന്റെ സന്താന പരമ്പരയിലാണ് സയ്യിദ് അലിയ്യുൽ അഹ്ദൽ(റ) ജനിക്കുന്നത് മഹാനിലേക്ക് ചേർത്തിയാണ് അഹ്ദൽ  ഖബീലക്ക് ഈ പേർ വന്നത്.
 
സയ്യിദ് അബ്ദുറഹ്മാൻ അഹ്ദൽ(റ)വാണ് ആദ്യമായി യമനിലെ തരീമിൽനിന്നു കേരളത്തിലെത്തിയത് കോഴിക്കോട് കപ്പലിറങ്ങിയ മഹാൻ ഖുത്വുബുസ്സമാൻ മമ്പുറം തങ്ങൾ (റ)വുമായി അടുത്ത ബന്ധമുണ്ടായിരുന്നു കേരളത്തിൽ നിന്ന് വിവാഹം കഴിക്കുകയും സന്താനമുണ്ടാവുകയും ചെയ്തിട്ടുണ്ട് ശേഷം സ്വദേശത്തേക്ക് തന്നെ തിരിച്ചു പോയ മഹാൻ ഹിജ്റ 1298-ൽ ഹള്റമൗത്തിലെ 'മുഖാ' എന്ന സ്ഥലത്ത് വഫാത്തായി 

ബാ ഫഖീഹ്

സയ്യിദ് മുഹമ്മദ് മൗലാ ഐദീദ് (റ) മക്കളായ അലവി(റ) , അബ്ദുല്ല(റ), അബ്ദുറഹ്മാൻ (റ), അലി(റ) എന്നിവരുടെ സന്താന പരമ്പരയാണ് ബാഫഖീഹ് തങ്ങന്മാർ കേരളത്തിൽ  ബാഫഖി തങ്ങന്മാർ എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത്.   ബാഫഖീഹ് ഖബീലയിൽ നിന്ന് സയ്യിദ് അഹ്മദ് ബാഫഖീഹ്(റ) വാണ് യമനിൽനിന്ന് ആദ്യമായി കേരളത്തിൽ വന്നത് 

ജമലുല്ലൈൽ

അൽ ഫഖീഹുൽ മുഖദ്ദം(റ) മകൻ സയ്യിദ് അലവി(റ) വിന്റെ മകൻ സയ്യിദ് അബ്ദുല്ല (റ)വിന്റെ മകൻ സയ്യിദ് അഹ്മദ് (റ) വിന്റെ മകൻ സയ്യിദ് മുഹമ്മദ് (റ) വിന്റെ മകൻ സയ്യിദ് അലി(റ) വിന്റെ മകൻ സയ്യിദ് ഹസൻ തുറാബ്(റ) വിന്റെ മകൻ സയ്യിദ് മുഹമ്മദ് (റ)വിന്റെ മകൻ സയ്യിദ് ഹസൻ(റ) വിന്റെ മകൻ മുഹമ്മദ് (റ) എന്നിവരുടെയും സന്താന പരമ്പരയിൽ പെട്ടവരാണ് 'ജമലുല്ലൈൽ' എന്ന പേരിലായി അറിയപ്പെടുന്ന തങ്ങന്മാർ 
സയ്യിദ് ഖുത്വ് ബ് മുഹമ്മദ് ജമലുല്ലൈൽ (റ)വാണ് ഈ ഖബീലയിൽനിന്ന് ആദ്യമായി കേരളത്തിലെത്തിയത് കടലുണ്ടി നഗരം വലിയ പള്ളിയുടെ അടുത്താണ് മഹാന്റെ മഖ്ബറ സ്ഥിതിചെയ്യുന്നത് 

ഹൈദറൂസ്

സയ്യിദ് അബ്ദുറഹ്മാൻ സഖാഫ്(റ) വിന്റെ മകൻ സയ്യിദ് അബൂബക്കർ സക്റാൻ(റ)വിന്റെ മകൻ സയ്യിദ് അബ്ദുല്ല (റ)വിന്റെ സന്താന പരമ്പരയാണ് ഐദറൂസ് തങ്ങന്മാർ 
ഹിജ്റ 1099-ൽ ജനിച്ച സയ്യിദ് അബ്ദുറഹ്മാൻ അൽ ഐദറൂസി(റ) വാണ് ഈ ഖബീലയിൽനിന്ന് ആദ്യമായി കേരളത്തിലെത്തിയത് ഹ്ളറമൗത്തിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ മഹാൻ ഹിജ്റ 1115 -ൽ കോഴിക്കോട് കപ്പലിറങ്ങി പൊന്നാനിയിലെത്തി അവിടെ സ്ഥിരതാമസമാക്കി ഹിജ്റ 1164-ൽ ലോകത്തോട് വിടപറഞ്ഞു പൊന്നാനിയിലെ വലിയ ജാറം മഖാമിലാണ് മഹാന്റെ മഖ്ബറ സ്ഥിതിചെയ്യുന്നത് 
ഖുതുബുസ്സമാൻ സയ്യിദ് അലവി മൗലദ്ദവീല മമ്പുറം തങ്ങൾ (റ)വും യമനിലാണ് യമനിലെ തരീമിൽനിന്നാണ് തങ്ങൾ മലബാറിലെത്തുന്നത് തങ്ങളിലൂടെയും നമുക്ക് യമനുമായി നല്ല ബന്ധമാണ്. 

ഖുത്വുബുസ്സമാൻ സയ്യിദ് അലവി മൗലദ്ദവീലഃ(റ)

ഖുത്വുബുസ്സമാൻ സയ്യിദ് അലവി തങ്ങൾ (റ) ഹിജ്റ 1166 ദുൽഹിജ്ജ 23-ന് ശനിയാഴ്ച യമനിലെ തരീമിലാണ് ജനിക്കുന്നത് പിതാവ് സയ്യിദ് മുഹമ്മദ് ബ്ന് സഹ്ൽ മൗലദ്ദവീല(റ) മാതാവ് സയ്യിദത്തു ഫാത്വിമ (റ). യമനിലെ ഹള്റമൗത്തിലെ ചെറിയൊരു സ്ഥലമാണ് തരീം  സൂഫീ ചരിത്രങ്ങളിൽ സ്ഥലംപിടിച്ച പ്രദേശമാണ് തരീം തരീമിലെ ശ്രദ്ധേയമായ വ്യക്തിത്വങ്ങളായ സയ്യിദ് അഹ്മദ് ബ്നു സുലൈമാൻ (റ), സയ്യിദ് മുഹമ്മദ് ബ്നു അഹ്മദ് (റ) എന്നിവരുടെ പരമ്പരയിലായതുകൊണ്ട് തന്നെ തങ്ങളുടെ കുടുംബത്തിന് മറ്റുള്ളവരേക്കാൾ ആദരവും ബഹുമാനവും സമൂഹം കൽപിച്ചിരുന്നു.
 
സയ്യിദ് അലവി തങ്ങളുടെ പിതാവ് മൗലദ്ദവീല ഖബീലയും മാതാവ് ജിഫ്രി ഖബീലയുമാണ്  രണ്ടുപേരുടെയും പരമ്പര മഹാനായ അലിയ്യ് ബ്നു അബീത്വാലിബ് (റ) വിന്റെ മകനായ ഇമാം ഹുസൈൻ (റ)വിലേക്കാണ് ചെന്നുചേരുന്നത് തങ്ങളുടെ ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കൾ വഫാത്തായിരുന്നു പിന്നീട് മാതൃസഹോദരി സയ്യിദത്തു ഹാമിദ ബീവിയാണ് തങ്ങളെ പരിപാലിച്ച് പോറ്റിവളർത്തിയത്.
 
ചെറുപ്രായത്തിൽ തന്നെ സൽസ്വഭാവിയും അനുസരണയും പഠന താൽപര്യവുമുള്ള നല്ല വിശേഷണങ്ങൾ ഒത്തിണങ്ങിയ കുട്ടിയായിരുന്നു തങ്ങളവർകൾ ചെറുപ്പത്തിൽതന്നെ സ്ഫുടമായി അറബി സംസാരിക്കാൻ തങ്ങൾ പഠിച്ചു പിന്നീട് ഖുർആൻ മുഴുവൻ മനഃപാഠമാക്കിയ തങ്ങളെ ആളുകൾ ഹാഫിള് എന്നായിരുന്നു വിളിക്കാറ്.
 
തന്റെ മാതുലനായ സയ്യിദ്  ഹസൻ ജിഫിരി (റ) പ്രബോധനാർത്ഥം മലബാറിലേക്ക് പോയ വിവരം തന്റെ വളർത്തുമ്മയായ സയ്യിദത്തു ഹാമിദ ബീവിയിൽ നിന്നറിഞ്ഞതു മുതൽ മഹാനായ തങ്ങളവർകൾക്ക് മലബാറിലേക്ക് യാത്രതിരിക്കാൻ അതിയായ താൽപര്യമുണ്ടായി പ്രായപൂർത്തിയെത്തിക്കഴിഞ്ഞാൽ മലബാറിലേക്ക് യാത്ര തിരിക്കാൻ തങ്ങൾ തീരുമാനിച്ചിരുന്നു തന്റെ ആഗ്രഹം വളർത്തുമ്മയെ അറിയിച്ചപ്പോൾ അനുകൂലമായ പ്രതികരണമായിരുന്നു അവരിൽ നിന്ന് തങ്ങൾക്ക് ലഭിച്ചിരുന്നത് മലബാറിലേക്ക് പോകുന്ന കച്ചവടക്കാരുടെ കൂടെ അയക്കാമെന്നവർ തങ്ങൾക്ക് വാക്കുകൊടുത്തു. 

മൗലദ്ദവീലഃ ഖബീല

ഖുത്വുബുസ്സമാൻ സയ്യിദ് അലവി തങ്ങൾ (റ) മൗലദ്ദവീല ഖബീലയിൽ പെട്ടവരാണ് ബാ അലവി ഖബീലയുടെ ഒരു ശാഖയാണ് മൗലദ്ദവീല ഖബീല അലവി സാദാത്തുകളിൽപെട്ട സയ്യിദ് മുഹമ്മദ് മൗലദ്ദവീല(റ) വിലേക്ക് ചേർത്താണ് ഈ ഖബീലക്ക് മൗലദ്ദവീല എന്ന് വിളിക്കുന്നത് മൗലദ്ദവീല ഖബീലയെ കുറിച്ച് അറിയുന്നതിന് മുമ്പ് ബാ അലവി ഖബീലയെ കുറിച്ച് നാം അറിയണം.
 
മലബാറിന്റെ മത സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമറിയിച്ച മഹൽ വ്യക്തിത്വങ്ങളാണ് ബാ അലവി സാദാത്തുക്കൾ ഇസ്ലാമിക പ്രചാരണം ജീവിത വ്രതമാക്കിയെടുത്ത അവർ യമനിൽനിന്നാണ് കേരളത്തിൽ എത്തുന്നത് കൂടാതെ കോറമാണ്ടൽ തീരത്തെ കായൽപട്ടണം , കീളക്കര, രാമനാഥപുരം എന്നിവിടങ്ങളിലും അവർ താമസിച്ചു (മാപ്പിള മലബാർ:34) 

കേരളത്തിനു പുറമെ ഹൈദറാബാദ്, അഹ്മദാബാദ്, ബീജാപൂർ,സൂററ്റ്, ബറോഡ, കൊങ്കൺ തുടങ്ങിയ പ്രദേശങ്ങളിലുമവർ പ്രബോധന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് (മാപ്പിള മലബാർ:34) 

ഈജിപ്ത്, ശ്രീലങ്ക, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാഷ്ട്രങ്ങളിലും ബാ അലവി സാദാത്തുക്കൾ ഊർജ്ജസ്വലമായ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയിട്ടുണ്ട് 
നാലു ഖലീഫമാർക്ക് ശേഷം നബി (സ) യുടെ കുടുംബങ്ങൾക്ക് നിരവധി പീഡനങ്ങൾ സഹിക്കെണ്ടിവന്നു അമവീ- അബ്ബാസി കാലഘട്ടിലും ഇടക്കുവന്ന ഭരണകൂടങ്ങൾക്കും  കീഴിൽ അഹ്ലുബൈത്തിന് അനുഭവിക്കേണ്ടിവന്ന ദുരവസ്ഥ അവരെ യമനിലേക്ക് കുടിയേറാൻ പ്രേരിപ്പിച്ചു ശാന്തമായ ജീവിത ചുറ്റുപാടാണ് അവർ ആഗ്രഹിച്ചത് ബാ അലവി ഖബീലയുടെ മേധാവിയായ സയ്യിദ് അഹ്മദ് ബ്നു ഈസാ(റ) അങ്ങനെയാണ് ഹള്റമൗത്തിലേക്ക് കടന്നുവന്നത് മഹാൻ അവിടെവെച്ചുതന്നെ വഫാത്തായി.

പിന്നീട് മകൻ സയ്യിദ് ഉബൈദുല്ലാഹി(റ) വിലൂടെയാണ് ഈ പരമ്പര നിലനിന്നുപോന്നത് 
ലോകത്തിന്റെ നാനാഭാഗത്തേക്കും മതപ്രബോധനത്തിനു യാത്രതിരിച്ച ബാ അലവികൾ മലബാറിലുമെത്തി അതിലെ പ്രധാനിയായിരുന്നു സയ്യിദ് അലവി ഹാമിദ് ബാ അലവി (റ) ബാ അലവിയ്യാ ഖബീലയുടെ ഒരു ഉപശാഖയാണ് മൗലദ്ദവീല ഖബീല സയ്യിദ് മുഹമ്മദ് ബ്നു അലവി മൗലദ്ദവീല(റ)വിലേക്ക് ചേർത്തിയാണ് ഈ ഖബീലക്ക്  മൗലദ്ദവീല എന്ന പേർ വന്നത് ഈ ഖബീലയിൽ നിന്ന് ആദ്യമായി കേരളത്തിലെത്തിയത് മഹാനായ ഖുത്വുബുസ്സമാൻ മമ്പുറം തങ്ങളായിരുന്നു.
 
മഹാനായ സയ്യിദ് മുഹമ്മദ് മൗലദ്ദവീല(റ) 'ഫഖീഹുൽ മുഖദ്ദം' മുഹമ്മദ് ബ്നു അലി ബാ അലവി(റ)വിന്റെ മകൻ സയ്യിദ് അലവി(റ)വിന്റെ മകൻ സയ്യിദ് അലി(റ)വിന്റെ മകനാണ് ഫഖീഹുൽ മുഖദ്ദം മുഹമ്മദ് ബ്നു അലി ബാ അലവി(റ) ബാ അലവിയ്യ സാദാത്തുക്കളിൽ പ്രമുഖനും അലവിയ്യാ ത്വരീഖത്തിന്റെ ശൈഖുമാണ് ഖുത്വുബുസമാൻ മമ്പുറം തങ്ങൾ (റ) 
ഹിജ്റ 705 -ലായിരുന്നു സയ്യിദ് മുഹമ്മദ് മൗലദ്ദവീല (റ) ജനിച്ചത് യമനിൽ ഹള്റമൗത്തിന് കിഴക്കുള്ള ബബ്ജർ എന്ന പ്രദേശത്തായിരുന്നു മഹാൻ താമസിച്ചിരുന്നത് അതിനടുത്ത് യബ്ഹറുദ്ദവീല എന്ന പേരിൽ മറ്റൊരു പ്രദേശമുണ്ടായിരുന്നു മൗലാ എന്നാൽ മേധാവിയെന്നാണ് യബ്ഹറുദ്ദവീല എന്ന നാടിന്റെ മേധാവി എന്ന നിലക്കാണ് മഹാനെ മൗലദ്ദവീല എന്ന് വിളിക്കപ്പെട്ടത് ഹിജ്റ 765-ൽ മഹാൻ വഫാത്തായി തരീമിലെ സമ്പൽ മഖ്ബറയിലാണ് മഹാന്റെ ഖബ്ർ  സ്ഥിതിചെയ്യുന്നത് മമ്പുറം തങ്ങളുടെ പിതാവ് വഴിയുള്ള പരമ്പര താഴെ കൊടുക്കാം.
 
    ഖുത്വുബുസ്സമാൻ സയ്യിദ് അലവി മൗലദ്ദവീല മമ്പുറം(റ) 
    സയ്യിദ് മുഹമ്മദ് (റ)
    സയ്യിദ് സഹ്ൽ(റ) 
    സയ്യിദ് മുഹമ്മദ് (റ) 
    സയ്യിദ് അഹ്മദ് (റ) 
    സയ്യിദ് സുലൈമാൻ (റ) 
    സയ്യിദ് ഉമർ(റ)
    സയ്യിദ് മുഹമ്മദ് (റ) 
    സയ്യിദ് സഹ്ൽ(റ)
    സയ്യിദ് അബ്ദുറഹ്മാൻ മൗലാ ഖൈല (റ) 
    സയ്യിദ് അബ്ദുല്ല(റ) 
    സയ്യിദ് അലവി(റ) 
    സയ്യിദ് മുഹമ്മദ് മൗലദ്ദവീല (റ)
    സയ്യിദ് അലി(റ)  
    സയ്യിദ് അലവി (റ) 
    ഫഖീഹുൽ മുഖദ്ദം സയ്യിദ് മുഹമ്മദ് (റ) 
    സയ്യിദ് അലി(റ) 
    സയ്യിദ് മുഹമ്മദ് (റ) 
    സയ്യിദ് അലി(റ) 
    സയ്യിദ് അലവി(റ) 
    സയ്യിദ് മുഹമ്മദുൽ മർളിയ്യ്(റ) 
    സയ്യിദ് അലവി(റ) 
    സയ്യിദ് ഉബൈദുല്ല(റ) 
    സയ്യിദ് അഹ്മദുൽ മുഹാജിർ(റ) 
    സയ്യിദ് ഈസന്നഖീബ്(റ) 
    സയ്യിദ് മുഹമ്മദ് (റ) 
    സയ്യിദ് അലിയ്യുൽ ഉറൈളി(റ) 
    സയ്യിദ് ജഅ്ഫറുസ്വാദിഖ്(റ) 
    സയ്യിദ് മുഹമ്മദ് ബാഖിർ(റ)
    സയ്യിദ് അലി സൈനുൽ ആബിദീൻ (റ) 
    സയ്യിദുനാ ഇമാം ഹുസൈൻ (റ) 
    സയ്യദത്തുനാ ഫാത്വിമത്തുസ്സുഹ്റാഅ്(റ) 
    സയ്യിദുനാ മുഹമ്മദ് റസൂലുല്ലാഹി(സ) 

മലബാറിലേക്ക് 

ഖുത്വുബുസ്സമാൻ സയ്യിദ് അലവി തങ്ങൾ (റ) തന്റെ ആഗ്രഹം പോലെ മലബാറിലേക്ക് പുറപ്പെടാൻ തീരുമാനിച്ചു വളർത്തുമ്മയുടെയും മറ്റു കുടുംബക്കാരുടെയും സമ്മദത്തോടെ ശഹർ മുകല്ല തുറമുഖത്ത് നിന്ന് ചരക്കുകപ്പലിൽ മലബാറിലേക്ക് പുറപ്പെട്ടു അന്ന് തങ്ങൾക്ക് പതിനേഴ് വയസ്സായിരുന്നു പതിനഞ്ചാണെന്നും അഭിപ്രായമുണ്ട് ഹിജ്റ 1183 റമളാൻ 19-ന് തങ്ങൾ മവബാറിന്റെ തീരത്ത് കോഴിക്കോട് കപ്പലിറങ്ങി 
മഹാനായ തങ്ങളവർകൾ മലബാറിലെത്തുന്നതിന് മുമ്പേ അമ്മാവനായ സയ്യിദ് ഹസൻ ജിഫ്രി(റ) വഫാത്തായിരുന്നു  മഹാന്റെ മഖ്ബറ മമ്പുറം മഖാമിലാണ് കോഴിക്കോട് കപ്പലിറങ്ങിയ തങ്ങളെ ഏതാനും അറബി വ്യപാരികൾ മഹാനായ ശൈഖ് ജിഫ്രി (റ) വിന്റെ അടുക്കലെത്തിച്ചു.

മഹാനവർകൾ തങ്ങളെ ആദരപൂർവ്വം സ്വീകരിച്ചു കോഴിക്കോട്ടെ പ്രമാണിമാർക്കും കാരണവന്മാർക്കും പരിചയപ്പെടുത്തി കൊടുത്തു അന്ന് രാത്രി സ്വന്തം അന്ന് രാത്രി സ്വന്തം വീട്ടിൽ താമസിപ്പിക്കുകയും ഒരാടിനെ അറുത്ത് സദ്യ ഒരുക്കുകയും ചെയ്തു സ്വദേശമായ തരീമിലെ വർത്തമാനങ്ങളെല്ലാം ജിഫ്രി തങ്ങൾ ചോദിച്ചറിഞ്ഞു ശൈഖ് ജിഫ്രി (റ) യമനിലെ തരീമിലാണ് ജനിച്ചു വളർന്നത് മഹാനായ ശൈഖ് ജിഫ്രി (റ)വിനെക്കുറിച്ച് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടത് കാണുക.
 
ബാ അലവി കുടുംബത്തിലെ പ്രധാന ശ്രേണിയായ ജിഫ്രി ഖബീലയിൽ നിന്ന് കേരളത്തിലെത്തിയ പ്രഥമ പണ്ഡിതനാണ് സയ്യിദ് ശൈഖ് ജിഫ്രി (റ) മലബാറിന്റെ അധ്യാത്മിക ചരിത്രത്തിൽ ശ്രദ്ധേയമായ ഇടം കണ്ടെത്തിയ മഹാൻ മമ്പുറം തങ്ങളുടെ മാതുലനായിരുന്നു വിദ്യാഭ്യാസത്തിന്റെയും പാണ്ഡിത്യത്തിന്റെയും നേതൃത്വം മഖ്ദൂമുമാരിൽ നിക്ഷിപ്തമായിരുന്നുവെങ്കിൽ ആത്മീയ നേതൃത്വം ബാ അലവി സാദാത്തുകളിലേക്ക് മാറി (മാപ്പിള മലബാർ:58) 

സയ്യിദ് ശൈഖ് ജിഫ്രി (റ) ഹള്റമൗത്തിലെ തരീം എന്ന പ്രദേശത്ത് ഹിജ്റ 1139( എ.ഡി. 1726)ൽ ജനിച്ചു ഇമാം ഹുസൈൻ (റ)വിന്റെ മകനായ ഇമാം അലി സൈനുൽ ആബിദീൻ(റ) വിന്റെ സന്താന പരമ്പരയിൽ നബി(സ)യുടെ 29 മത്തെ മകനായ സയ്യിദ് മുഹമ്മദ് ജിഫ്രി (റ)വാണ് പിതാവ് ഖുർആൻ, ഹദീസ്, ഫിഖ്ഹ്, തസ്വവ്വുഫ്, അറബി ഭാഷാ സാഹിത്യം തുടങ്ങിയവയിൽ ചെറുപ്പകാലത്തുതന്നെ അവഗാഹം നേടി ആത്മീയ രംഗത്ത് സാത്വികരായ മശാഇഖുമാരുടെ തർബിയത്ത് ലഭിച്ചു ചെറുപ്രായത്തിൽ തന്നെ ശൈഖ് ജിഫ്രി (റ)വിന്റെ പിതാവ് മരണപ്പെട്ടിരുന്നു ജ്യേഷ്ഠനായിരുന്നു സംരക്ഷകനും പ്രധാന ഗുരുവര്യനും ഒമ്പത് വയസ്സായതോടെ വിവിധ നാടുകളിൽ ചുറ്റിസഞ്ചരിക്കാൻ അവസരമുണ്ടായി ഇരുപത് വയസ്സാകുന്നതിന് മുമ്പുതന്നെ ഏകദേശം എല്ലാ വിജ്ഞാന ശാഖകളിലും മഹാൻ അവഗാഹം നേടിയിരുന്നു 

അറേബ്യൻ നാടുകൾക്ക് മലബാറുമായി വിപുലമായ കച്ചവട ബന്ധങ്ങൾ നിലനിന്ന കാലമായിരുന്നു 18ആം നൂറ്റാണ്ട് വിശിഷ്യാ യമൻ, ബസ്വറ, സിറിയ, ഈജിപ്ത്, മസ്കറ്റ്, ഹളറമൗത്ത് തുടങ്ങിയവ സാമൂതിരി രാജാക്കന്മാരുടെ സഹകരണ മനോഭാവവും കേരള മുസ്ലിംകളുടെ സൗഹൃദ സമീപനങ്ങളും കച്ചവടക്കാരെ കേരളത്തിലേക്ക് കൂടുതൽ ആകർഷിച്ചു അറേബ്യൻ നാടുകളിൽ മലബാർ സമാധാനപൂർണമായ ജീവിതത്തിന് പര്യാപ്തമായ മണ്ണാണെന്ന് വിശ്രുതി നേടി പ്രബോധനയോഗ്യമായ കേരളത്തെക്കുറിച്ചുള്ള വാർത്തകൾ ശൈഖ് ജിഫ്രി (റ)വും കേട്ടറിഞ്ഞു ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങളിൽ മുഴുകിയിരുന്ന മഹാൻ കച്ചവട സംഘത്തോടൊപ്പം മലബാറിലേക്ക് യാത്ര തിരിച്ചു അന്ന് മഹാന് 20 വയസ്സായിരുന്നു 

കോഴിക്കോട്ടെത്തിയ മഹാനെ അന്നത്തെ ഖാളിയായ മുഹ്‌യദ്ദീനുബ്നു അബ്ദിസ്സലാമും മുസ്ലിം പ്രമുഖരും ചേർന്ന് ഹാർദ്ദമായി സ്വീകരിച്ചു സാമൂതിരിയുടെ കൊട്ടാരത്തിലേക്ക് ആനയിച്ചു ശൈഖിനെ സാമൂതിരി ആദരപൂർവം സ്വീകരിച്ചു മുസ്ലിംകൾക്ക് താങ്ങും തണലുമായി കോഴിക്കോട് സ്ഥിരതാമസമാക്കാൻ മാന വിക്രമൻ എന്ന സാമൂതിരി അദ്ദേഹത്തോട് ആവശ്യപ്പെട്ടു തനിക്കൊരു ഖബ്റിനുള്ള സ്ഥലം പൂർണവകാശത്തോടെ വിട്ടുതരികയാണെങ്കിൽ താൻ ഇവിടെ താമസിക്കാമെന്ന് ശൈഖ് ജിഫ്രി (റ) മറുപടി നൽകി ശൈഖിന്റെ മറുപടി സാമൂതിരിയെ സന്തുഷ്ടനാക്കി 

താമസിയാതെ ശൈഖിന് കുറ്റിച്ചിറയുടെ തെക്കുഭാഗത്തുള്ള 'മാളിയേക്കൽ' വീടും അതിനോട് ചേർന്ന ഏതാനും സ്ഥലവും വിട്ടുകൊടുത്തു ഈ വീടാണ് ഇന്ന് കോഴിക്കോട് 'ജിഫ്രി ഹൗസ് ' എന്ന പേരിൽ അറിയപ്പെടുന്നത് അക്കാലത്ത് രാജാവിന്റെ കോവിലകത്തുനിന്നും നോക്കിയാൽ ശൈഖിന്റെ വീട് കാണാമായിരുന്നു നിത്യാവശ്യങ്ങളുടെ നിർവഹണങ്ങൾക്കായി കല്ലായിക്ക് സമീപമുള്ള 'ആനമാട് ' എന്ന പ്രദേശത്തെ തെങ്ങിൻതോപ്പും സാമൂതിരി മഹാന് നൽകി ഖാളിയെപോലെ എല്ലാവിധ നികുതിയിൽ നിന്നും ശൈഖ് ജിഫ്രി (റ)വിനെയും ഒഴിവാക്കി വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ശൈഖ് ജിഫ്രി (റ) മലബാറിന്റെ ആത്മീയാചാര്യനായി അംഗീകരിക്കപ്പെട്ടു ജില്ലക്കകത്തും പുറത്തും മഹാനവർകളുടെ ഖ്യാതി പ്രചരിച്ചു ആത്മീയോപദേശങ്ങൾക്കായി നാനാഭാഗത്തു നിന്നും ആളുകൾ കോഴിക്കോട്ടേക്ക് ഒഴുകി ജാതിമത ഭേദമന്യേ ജനങ്ങൾ മഹാനെ ആദരിച്ചു 

തസ്വവ്വുഫ് അഥവാ സൂഫി മാർഗത്തിൽ ആത്മീയ ജീവിതം നയിക്കുന്ന മഹാരഥന്മാർ പലപ്പോഴും ആത്മീയ യാത്രകൾ നടത്താറുണ്ട് നാടുനീളെ ചുറ്റി സഞ്ചരിച്ചിട്ടുള്ള യാത്രയായിരിക്കും ചിലരുടേത് ശൈഖ് ജിഫ്രി (റ)വിലും ഇത്തരം യത്രകൾ ഉണ്ടായതായി നാം കണ്ടു എന്നാൽ മലബാറിൽ വന്നതിനു ശേഷവും മഹാൻ മക്ക, മദീന, ബൈത്തുൽ മുഖദ്ദസ് തുടങ്ങിയ സ്ഥലങ്ങൾ സഞ്ചരിച്ചു ഒരിക്കൽ ഹജ്ജിനു പോയ മഹാൻ അവിടെനിന്നും നേരെ ഹള്റമൗത്തിലേക്ക് തിരിച്ചു പിന്നീട് ജന്മദേശമായ തരീമിലേക്കും ദിവസങ്ങൾ തങ്ങിയശേഷം മലബാറിലേക്ക് തന്നെ വീണ്ടും യാത്ര തിരിച്ചു മൈസൂർ ഭരണാധികളായിരുന്ന ടിപ്പുസുൽത്താനും പിതാവ് ഹൈദറലി ഖാനും മഹാനുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു ശൈഖ് ജിഫ്രി (റ ) വിന് ടിപ്പുസുൽത്താൻ സമ്മാനിച്ചതാണ് കോഴിക്കോടിന്റെ ഹൗയഭാഗത്ത് ഇന്നുമുള്ള മാനാഞ്ചിറ കുളം 

മമ്പുറത്തേക്ക്

പിറ്റേന്ന് രാവിലെ തന്നെ ജിഫ്രി തങ്ങളും, അലവി തങ്ങളും കുതിരപ്പുറത്ത് മമ്പുറത്തേക്ക് യാത്രതിരിച്ചു പതിനൊന്ന് മണിയായപ്പോഴേക്കും അവർ മമ്പുറത്തെത്തി മഹാനായ സയ്യിദ് ഹസൻ ജിഫ്രി (റ) വിന്റെ മഖ്ബറ സിയാറത്തു ചെയ്തതിനുശേഷം  കുടുംബക്കാരുമായി സംസാരിച്ചു ജിഫ്രി തങ്ങൾ തങ്ങളെ അവിടെയുള്ള പ്രധാനികൾക്ക് പരിചയപ്പെടുത്തി തങ്ങളെ അവിടെ നിർത്തി ശൈഖ് ജിഫ്രി (റ) കോഴിക്കോട്ടേക്ക് തന്നെ തിരിച്ചു 
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്കടുത്ത കൊച്ചു പ്രദേശമാണ് മമ്പുറം ഈ പ്രദേശങ്ങൾ പണ്ടുമുതലേ മുസ്ലിം കേന്ദ്രങ്ങളായിരുന്നുവെന്നാണ് ചരിത്രം സയ്യിദ് അലവി തങ്ങൾ (റ) മമ്പുറത്ത് വരുന്നതിന് മുമ്പേ മഹാനായ സയ്യിദ് ഹസൻ ജിഫ്രി (റ) ഈ മേഖലയിൽ ആത്മീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു അതുകൊണ്ടുതന്നെ മമ്പുറം ഒരു ശ്രദ്ധാ കേന്ദ്രമായിത്തീർന്നു 
കനേഡിയൻ ചരിത്രകാരനായ എസ്.എഫ് ഡെയ്ൽ രേഖപ്പെടുത്തുന്നു: മുസ്ലിംകൾ കൈകളിലോ കാൽമുട്ടിലോ ചുംബനമർപ്പിക്കുന്ന 'തഖ്ബീൽ' സമ്പ്രദായം ആദരവിനുള്ള അടയാളമായി സ്വീകരിച്ചിരുന്നു ഇതോ സമാനമായതോ ആയ ചടങ്ങുകളായിരുന്നു മമ്പുറം തങ്ങളുടെയും തങ്ങളുടെ പുത്രന്മാരുടെയും ജീവിതകാലത്ത് വരുന്ന നിത്യസന്ദർശകരുടെ പ്രത്യേകത ഈ ചടങ്ങുകളുടെ പ്രത്യക്ഷ പ്രകടമായിരുന്നു താഴ്ന്ന ജാതിക്കാരനായ ജനങ്ങളുടെ മതപരിവർത്തനത്തിന് പ്രേരകമായത്  (മാപ്പിളാസ് ഓഫ് മലബാർ:14) 
മമ്പുറത്ത് സ്ഥിരതാമസമായതോടെ സയ്യിദ് അലവി തങ്ങൾ (റ) 'മമ്പുറം തങ്ങൾ ' എന്ന പേരിൽ അറിയപ്പെട്ടു തറമ്മൽ തങ്ങൾ എന്ന പേരിലും വിളിക്കപ്പെട്ടു തിരൂരങ്ങാടി പഴയ ജുമുഅത്തു പള്ളിയായിരുന്നു ഇക്കാലത്ത് ഈ ഭാഗത്ത് ഏറ്റവും പഴക്കമുള്ളതും പ്രധാനപ്പെട്ടതുമായ പള്ളി ജമാലുദ്ദീൻ മഖ്ദൂമി(ന.മ) ആയിരുന്നു അന്നവിടത്തെ ഖാളിസ്ഥാനം അലങ്കരിച്ചിരുന്നത് ജുമുഅ നിസ്കാരത്തിൽ ഖാളിയെ തുടർന്ന് നിസ്കരിച്ച തങ്ങൾ കൈ കഴിച്ച് മാറിനിന്ന് ളുഹർ നിസ്കരിച്ച സംഭവം ഇന്നും പ്രസിദ്ധമാണല്ലോ ഈ സംഭവത്തിനുശേഷം തങ്ങളുടെ മഹത്വം ജനങ്ങൾക്കിടയിൽ അറിയപ്പെടുകയും പൂർവോപരി സ്വീകാര്യത വർധിക്കുകയും ചെയ്തു 

വിവാഹം

ഖുത്വുബുസ്സമാൻ സയ്യിദ് അലവി തങ്ങളുടെ വിവാഹത്തിനു പിന്നിൽ വിസ്മയകരമായ  ഒരു സംഭവമുണ്ട് മമ്പുറത്ത് സർവരുടെയും നായകനായി വാണരുളിയ സയ്യിദ് ഹസൻ ജിഫ്രി (റ)വിന്റെ വസ്വിയ്യത്തായിരുന്നു ഇതിനു പിന്നിൽ രോഗബാധിതനായപ്പോൾ മഹാനവർകൾ തിരൂരങ്ങാടി ഖാളിയായ ജമാലുദ്ദീൻ മഖ്ദൂമിനെ അടുത്ത് വിളിച്ചു കൊണ്ട് പറഞ്ഞു: തരീമിൽ നിന്ന് ഒരു ചെറുപ്പക്കാരൻ നമ്മുടെ നാട്ടിൽ വരുന്നുണ്ട് ഞാൻ മരണപ്പെട്ടാൽ എന്റെ മകൾ ഫാത്വിമയെ അദ്ദേഹത്തിന് വിവാഹം ചെയ്തു കൊടുക്കണം (മാപ്പിള മലബാർ:117) 

താമസിയാതെ സയ്യിദ് ഹസൻ ജിഫ്രി (റ) വഫാത്തായി ഏറെ വർഷങ്ങൾ കഴിയാതെ തരീമിൽ നിന്ന് സയ്യിദ് അലവി തങ്ങൾ മമ്പുറത്തെത്തി ആദ്യ സംസാരത്തിൽ നിന്നുതന്നെ സയ്യിദ് ഹസൻ ജിഫ്രി (റ) വസ്വിയ്യത്ത് ചെയ്ത ആ  ചെറുപ്പക്കാരൻ ഇതാണെന്ന് ഖാളിയായ മഖ്ദൂമിക്ക് ബോധ്യപ്പെട്ടു പിന്നീട് വസ്വിയ്യത്ത് നിറവേറ്റുവാൻ ഖാളി ചിന്തിച്ചു നാട്ടിലെ പ്രമാണിമാരെയും പ്രധാനികളെയും വിളിച്ച് ചർച്ച ചെയ്തു ഹിജ്റ 1183 റബീഉൽ അവ്വൽ മാസത്തിൽ സയ്യിദ് അലവി തങ്ങൾക്ക് ഫാത്വിമ ബീവിയെ നികാഹ് ചെയ്തു കൊടുത്തു തങ്ങൾക്ക് പതിനേഴും ഫാത്വിമക്ക് പതിനഞ്ചും വയസ്സായിരുന്നു അപ്പോൾ നികാഹിന്റെ ഖുത്വുബ ഓതിയത് ശൈഖ് ജിഫ്രി (റ)വും നികാഹ് നടത്തിയത് ഖാളിയായ മഖ്ദൂമിയും.
 
നികാഹിനു ശേഷം തങ്ങൾ വലീമത്ത് അഥവാ നികാഹിന് ശേഷമുള്ള സദ്യ നടത്തിയ ശേഷം ചാക്കീരി അവറാൻ എന്ന അബ്ദുറഹ്മാനെ വിളിച്ച് എന്റെയും കുടുംബത്തിന്റെയും ചെലവ് താങ്കൾ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു  അദ്ദേഹം അതേറ്റെടുത്തു ഇന്നും മമ്പുറം തറമ്മൽ വീട് പുതുക്കി പണിയുന്നത് ഇദ്ദേഹത്തിന്റെ കുടുംബക്കാരാണ് 
 
വിവാഹം കഴിഞ്ഞ ഉടനെ തങ്ങൾ വധൂഗ്രഹത്തിലാണ് ഏതാനും നാളുകൾ താമസിച്ചത് പിന്നീട് മമ്പുറം പള്ളിക്ക് മുൻവശത്തുള്ള മാളിയേക്കൽ ഭവനത്തിലേക്ക്  മാറി വഫാത്തുവരെ അവിടെ തന്നെയാണ് തങ്ങൾ താമസിച്ചത് ഇന്നും ആ വീട് മമ്പുറത്തുണ്ട് അവിടെ തങ്ങളുടെ  കാൽപാദങ്ങൾ പതിഞ്ഞ ഒരു കല്ല് ഇപ്പോഴും കാണാം  
ഫാത്വിമ ബീവിയിൽ തങ്ങൾക്ക് രണ്ട് പെൺകുസുമങ്ങൾ വിരിഞ്ഞു ശരീഫ അലവിയ്യ എന്ന കുഞ്ഞ് ചെറുപ്പത്തിൽ തന്നെ മരിച്ചു ശേഷം ജനിച്ച രണ്ടാമത്തെ കുഞ്ഞിനും തങ്ങൾ ശരീഫ എന്നാണ് പേർ നൽകിയത് 

ഫാത്വിമ ബീവിയുടെ മരണാനന്തരം തങ്ങൾ കൊയിലാണ്ടിയിൽ നിന്നാണ് വിവാഹം ചെയ്തത് ആ ഭാര്യയുടെയും പേര് ഫാത്വിമ എന്നായിരുന്നു ഈ ഭാര്യയിലായി തങ്ങൾക്ക് ഒരു മകൻ പിറന്നു അതാണ് വിശ്വപ്രസിദ്ധ പണ്ഡിതനും ഗ്രന്ഥകാരനും മഹാനുമായ സയ്യിദ് ഫള്ൽ പൂക്കോയ തങ്ങൾ (റ) മക്കളിൽ  ആൺകുട്ടിയായി ഈയൊരു മകനെ തങ്ങൾക്കുള്ളൂ ഈ ഭാര്യയിൽ വേറെ മക്കളില്ല 

അമ്പതാമത്തെ വയസ്സിൽ താനൂരിലെ പൊൻമുണ്ടത്ത് നിന്ന് ആഇശ എന്നൊരു സ്ത്രീയെയും തങ്ങൾ വിവാഹം ചെയ്തിട്ടുണ്ട് രണ്ടാം ഭാര്യ ജീവിച്ചിരിക്കെയാണ് തങ്ങൾ ഈ വിവാഹം ചെയ്തത് ഇതിൽ തങ്ങൾക്ക് രണ്ട് പെൺകുട്ടികളാണ് ജനിച്ചത് ഫാത്വിമ, സ്വാലിഹ എന്നാണവരുടെ പേരുകൾ  

ഇന്തോനേഷ്യക്കാരിയായ ഡിലി ദേശക്കാരിയായ സ്വാലിഹയായിരുന്നു തങ്ങളുടെ നാലാമത്തെ ഭാര്യ തങ്ങളുടെ വഫാത്തുവേളയിൽ ഈ ഭാര്യ മാത്രമേ ജീവിച്ചിരുന്നുള്ളൂ 
മമ്പുറം തങ്ങളുടെ ആദ്യ ഭാര്യയായ ഫാത്വിമയുടെ പിതാവ് സയ്യിദ് ഹസൻ ജിഫ്രി (റ) ജിഫ്രി ഖബീലയിൽ നിന്ന് ശൈഖ് ജിഫ്രി (റ) ക്കു ശേഷം കേരളത്തിലെത്തിയ മറ്റൊരു പണ്ഡിതനാണ് ശൈഖ് ജിഫ്രി (റ)വിന്റെ ക്ഷണപ്രകാരം ഹിജ്റ 1168 - ലാണ് സയ്യിദ് ഹസൻ ജിഫ്രി (റ) കോഴിക്കോട്ടെത്തുന്നത് യമനിലെ ഹള്റമൗത്തിൽ ഹിജ്റ 1130 -ലായിരുന്നു ജനനം സയ്യിദ് ശൈഖാണ് പിതാവ് പ്രബോധന ലക്ഷ്യം വെച്ചായിരുന്നു മലബാറിലേക്കുള്ള യാത്ര ശൈഖ് ജിഫ്രി (റ)കോഴിക്കോട്ടെത്തി ഒമ്പത് വർഷം കഴിഞ്ഞതിന് ശേഷമായിരുന്നു ഇത് 
കോഴിക്കോട്ടെത്തി ചുരുങ്ങിയ ദിവസങ്ങൾ ശൈഖ് ജിഫ്രി(റ) വിനോടൊപ്പം തങ്ങി ശേഷം കൊയിലാണ്ടിയിലേക്ക് തിരിച്ചു 

അവിടെനിന്ന് സയ്യിദ് മുഹമ്മദ് ബ്നു ഹാമിദ്(റ)വിന്റെ ശിഷ്യത്വം സ്വീകരിച്ചു കുറഞ്ഞ ദിവസങ്ങൾ അവിടെ തങ്ങി പിന്നീട് ഉപരിപഠനാർത്ഥം പൊന്നാനിയിലേക്ക് തിരിച്ചു അന്ന് വൈജ്ഞാനിക പ്രസരണത്തിന് പേരുകേട്ട സ്ഥലമായിരുന്നു പൊന്നാനി വിദ്യാഭ്യാസത്തിന്റെ പുതിയ മേച്ചിൽ പുറങ്ങൾ തേടിയുള്ള യാത്രയിൽ പ്രസിദ്ധപണ്ഡിതനായ അബ്ദുറഹ്മാൻ ഐദറൂസ്(റ) കൂടെയുണ്ടായിരുന്നു 

പഠനം കഴിഞ്ഞതോടെ സയ്യിദ് ഹസൻ ജിഫ്രി (റ) മലബാറിനെക്കുറിച്ച് പഠിക്കുകയും ഭാഷയിൽ പരിജ്ഞാനം നേടുകയും ചെയ്തു ശേഷം പ്രബോധന രംഗത്തേക്കിറങ്ങി നല്ലൊരു പ്രഭാഷകനായിരുന്നു മഹാനവർകൾ (കേരള മുസ്ലിം ഡയറിക്ടറി: 3/240) 

പല നിലക്കും ബ്രിട്ടീഷുകാരുടെ ക്രൂരതകൾക്ക് പാത്രമായിരുന്ന മണ്ണായിരുന്നു അന്ന് തിരൂരങ്ങാടി ഒരു ധീരനായ നേതാവിന്റെ ആവശ്യം അന്നവർക്ക് ഉണ്ടായിരുന്നു ജനശ്രദ്ധ പിടിച്ചു പറ്റിയ അംഗീകൃത പണ്ഡിതനും സൂഫിയുമായ സയ്യിദ് ഹസൻ ജിഫ്രി (റ) വിന്റെ സേവനം ഈ നാടിന് ഏറെ ഗുണം ചെയ്യുമെന്ന് നാട്ടുപ്രമാണിമാർ മനസ്സിലാക്കി അങ്ങനെ തിരൂരങ്ങാടി ഖാളിയായിരുന്ന ജലാലുദ്ദീൻ മഖ്ദൂം തങ്ങളെ തിരൂരങ്ങാടിയിലേക്ക് കൊണ്ടു വന്നു തങ്ങൾ എത്തുന്ന സമയത്ത് അറബിത്തങ്ങൾ എന്ന പണ്ഡിതൻ അവിടെ പ്രഭാഷണങ്ങളും മറ്റു പ്രബോധന പ്രവർത്തനങ്ങളും നടത്തിയിരുന്നു (കേരള മുസ്ലിം ഡയറക്ടറി :3/240) 

ആദ്യകാലത്ത് തിരൂരങ്ങാടിയിലെ ചരിത്രപ്രസിദ്ധമായ ജുമുഅത്ത് പള്ളിയിലാണ് സയ്യിദ് ഹസൻ ജിഫ്രി (റ) താമസിച്ചിരുന്നത് പിന്നീട് തിരൂരങ്ങാടി പള്ളി പരിപാലകനായിരുന്ന കമ്മുമൊല്ല വലിയാക്കത്തൊടിക പുരയും പറമ്പും താമസിക്കാനായി തങ്ങൾക്ക് സൗജന്യമായി നൽകി കമ്മുമൊല്ല ഭക്തനും പണ്ഡിതനും തങ്ങളോട് വലിയ സ്നേഹവും ആദരവുമുള്ള ആളായിരുന്നു 

സയ്യിദ് ഹസൻ ജിഫ്രി (റ) വിവാഹം കഴിച്ചു കുറച്ചുകാലം വലിയാക്കത്തൊടുവിൽ താമസിച്ചശേഷം കുടുംബസമേതം കടലുണ്ടിപ്പുഴയുടെ വടക്കെ തീരമായ 'മമ്പുറം' എന്ന കൊച്ചു ഗ്രാമത്തിലേക്ക് മാറി മമ്പുറം അന്ന് തിരൂരങ്ങാടി മഹല്ലിൽ പെട്ടതായിരുന്നു 'തരീ' എന്നാണ് ആ സ്ഥലം അറിയപ്പെട്ടത് പിന്നീട് 'തറമ്മൽ' എന്നായി മാറി അവിടത്തെ പഴയ മാളിയേക്കൽ വീട്ടിലാണ് തങ്ങൾ താമസിച്ചിരുന്നത് ഫാത്വിമ എന്ന ഒരു മകൾ മാത്രമായിരുന്നു മഹാനുണ്ടായിരുന്നത് ഈ മകളെയാണല്ലോ മമ്പുറം തങ്ങൾ (റ) വിവാഹം ചെയ്തത്. 

ഹിജ്റ 1178(എ.ഡി 1764)ൽ മമ്പുറം പഴയ മാളിയേക്കൽ വീട്ടിൽ വെച്ച് സയ്യിദ് ഹസൻ ജിഫ്രി (റ)വഫാത്തായി മമ്പുറം മഖാമിലാണ് മഹാന്റെ ഖബ്ർ സ്ഥിതിചെയ്യുന്നത് 

മതസൗഹാർദ്ദത്തിന്റെ കാവലാൾ

മുസ്ലിംകളും മറ്റു മതക്കാരും തമ്മിൽ സൗഹാർദം കെട്ടിപ്പടുക്കുന്നതിലും അത് കാത്തുസൂക്ഷിക്കുന്നതിലും മഹാനായ മമ്പുറം സയ്യിദ് അലവി തങ്ങൾ (ഖ.സി) വലിയ സംഭാവനകൾ നൽകിയിട്ടുണ്ട് തങ്ങളുടെ മഹത്തായ ഈ ദർശനങ്ങൾ എക്കാലത്തും സ്മരിക്കപ്പെടുന്നതാണ് 

കെ.എൻ പണിക്കർ എഴുതുന്നു: ബ്രിട്ടീഷുകാർക്കെതിരെ ജിഹാദ് നടത്തുന്നതിന് സയ്യിദ് അലവി തങ്ങൾ ആഹ്വാനം ചെയ്തെങ്കിലും മറ്റു മതവിഭാഗക്കാരോട് അദ്ദേഹം അസഹിഷ്ണുവാണെന്ന് ഇത് കാണിക്കുന്നില്ല ഹൈന്ദവരുടെ ഇടയിൽ ധാരാളം സുഹൃത്തുക്കളും ആരാധകരുമുണ്ടായിരുന്ന ഇദ്ദേഹം മതഭ്രാന്തനായ ഒരു അറബിയാണെന്നുള്ള ഔദ്യോഗിക വീക്ഷണം സത്യത്തിനു നിരക്കുന്നതായി തോന്നുന്നില്ല ഹൈന്ദവരോട് ഇദ്ദേഹത്തിന് വിരോധമുണ്ടായിരുന്നതായി കാണിക്കുന്ന ഒരു തെളിവും ഇല്ല ഇതിനു വിരുദ്ധമായി തന്റെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിന് ഹൈന്ദവരെ നിയോഗിക്കുന്നതിൽ ഇദ്ദേഹം വിമുഖനല്ലായിരുന്നു എന്നു കാണുന്നുമുണ്ട് അദ്ദേഹത്തിന്റെ കാര്യസ്ഥൻ ഒരു ഹിന്ദുവായിരുന്നുതാനും (മലബാർ കലാപം പ്രഭുത്വത്തിനും രാജവാഴ്ചക്കുമെതിരെ:81) 

മാപ്പിള സമുദായത്തിൽ ഒരു നവോത്ഥാനവും പുനരുജ്ജീവനും ഉണ്ടാക്കുന്നതിന് രക്ഷ്യമിട്ടായിരുന്നു സയ്യിദ് അലവി തങ്ങളുടെ പാഠങ്ങൾ മതവിരോധികളുടെ ജിഹാദ് അദ്ദേഹം പ്രോത്സാഹിപ്പിച്ചില്ല മതാചാരങ്ങളുടെ ശുദ്ധീകരണവും മുസ്ലിംകളുടെ ഇടയിൽ ഐക്യദാർഢ്യവും സൃഷ്ടിക്കുക എന്നത് ഇതിൽ പ്രധാനമായിരുന്നു അദ്ദേഹം ജില്ലയിലുടനീളം സഞ്ചരിച്ച് മതപ്രഭാഷണങ്ങൾ നടത്തുകയും പുതിയ പള്ളികൾ സ്ഥാപിക്കുകയോ ജീർണിച്ചവ പുനരുദ്ധരിക്കുകയോ ചെയ്തു ഐക്യത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം ഇസ്ലാം മത നിയമങ്ങളെ കർശനമായി പാലിക്കാൻ ജനങ്ങളെ ഉൽബോധിപ്പിച്ചു സമുദായത്തിന്റെ ഉന്നമനത്തിന് ലൗകിക മോഹങ്ങളെ നിയന്ത്രിച്ച് ആത്മശുദ്ധീകരണം നടത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു  

അദ്ദേഹത്തിന്റെ പ്രബോധനം എന്തുതന്നെ ആയിരുന്നാലും ഇതര മതാനുയായികളെ വെറുക്കാൻ പ്രേരിപ്പിക്കുന്നവയായിരുന്നില്ല ലൗകിക തൃഷ്ണകളോട് യുദ്ധം ചെയ്യാൻ ആഹ്വാനം ചെയ്തതല്ലാതെ സമത്വത്തിന്റെ വിരോധികളോട് ജിഹാദ് നടത്താൻ അദ്ദേഹം ഒരിക്കലും ഉൽബോധിപ്പിച്ചിരുന്നില്ല (മലബാർ കലാപം: 812) 

സയ്യിദ് അലവി തങ്ങൾ (റ) മുസ്ലിംകൾക്കും ഹിന്ദുക്കൾക്കും ഇടയിൽ ശക്തിമത്തായ ഐക്യം സ്ഥാപിച്ചു പൊതുശത്രുക്കളായ ഇംഗ്ലീഷുകാരോട് സമരം ചെയ്യാൻ മഹാൻ നിരന്തരം ഉപദേശം നൽകി കോന്തുനായർ എന്ന അമുസ്ലിം മരണംവരെ തങ്ങളുടെ കാര്യസ്ഥനും ഗുമസ്തനുമായിരുന്നു തങ്ങൾ മരിക്കുന്നതിന് ഏതാനും വർഷങ്ങൾക്ക് മുമ്പാണ് കോന്തുനായർ മരണപ്പെട്ടത് അവശത അനുഭവിച്ചിരുന്ന മുസ്ലിം ഹിന്ദു സഹോദരങ്ങൾക്ക് തങ്ങൾ അളവറ്റ പണം സംഭാവന ചെയ്തിരുന്നു മുസ്ലിം ഹിന്ദു ഐക്യത്തിന് ഊന്നൽ നൽകിയായിരുന്നു മഹാനായ തങ്ങളുടെ ജീവിതം  
മുസ്ലിം ഹിന്ദു മതഭേദമന്യേ അനവധിയാളുകൾ ആവലാതി പറയാനായി തങ്ങളുടെ മുമ്പിൽ വന്നിരുന്നു ഓരോരുത്തരുടെയും പ്രശ്നങ്ങൾ ശ്രദ്ധാപൂർവം കേട്ടിരുന്ന തങ്ങൾ പരിഹാരവും ഒടുവിൽ ഭക്ഷണവും നൽകിയാണ് അവരെ തിരികെ അയച്ചിരുന്നത്   
മമ്പുറത്തിനടുത്ത് അധിവസിച്ചിരുന്ന ഒരു കുടുംബമാണ് നടത്തൊടി കുടുംബം 'വിൽക്കൂർപ്പന്മാർ' എന്നാണ് അവർ അറിയപ്പെട്ടിരുന്നത് 

വീടുകൾ തേച്ചുമിനുക്കൽ(തേപ്പിന്റെ ജോലി) ആയിരുന്നു അവരുടെ പരമ്പരാഗത തൊഴിൽ ഈ കുടുംബത്തിൽ നിന്ന് തങ്ങളുടെ കാലത്ത് ജീവിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന കുടുംബനാഥനാണ്  കോമൻ കുറുപ്പ് പേരുകേട്ട തേപ്പു ജോലിക്കാരനായിരുന്നു അദ്ദേഹം തങ്ങൾ തന്റെ തേപ്പ് ജോലികൾക്ക് പലപ്പോഴും അദ്ദേഹത്തെയാണത്രെ ക്ഷണിച്ചിരുന്നത് അദ്ദേഹത്തിന്റെ ജോലിയിൽ സംതൃപ്തനായിരുന്ന തങ്ങൾ ഒരിക്കൽ അദ്ദേഹത്തിന് ഒരു ഏലസ്സ് സമ്മാനിക്കുകയുണ്ടായി അദ്ദേഹത്തിന്റെ  പ്രതാപത്തെ കുറിക്കുന്നതായിരുന്നു ഈ പാരിതോഷികം തങ്ങൾക്കു ശേഷം ഒരു നൂറ്റാണ്ട് കാലം അവർ പരമ്പരാഗതമായി ഇത് കൈമാറിപ്പോന്നു അവരെ സംബന്ധിച്ചിടത്തോളം സുഭിക്ഷിതയുടെ കാലമായിരുന്നു അത് ശേഷം വീടിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് എപ്പോഴോ ഏലസ്സ് കൈമോശം പോയി അതോടെ അവരുടെ പ്രതാപത്തിന് മങ്ങലേൽക്കുകയായിരുന്നു  

എന്നാൽ ചില ചരിത്രകാരന്മാർ മഹാനായ തങ്ങളവർകളെ ഹിന്ദു വിരുദ്ധനായി ചിത്രീകരിക്കാൻ ബോധപൂർവം ഗൂഢമായ ശ്രമം നടത്തിയിട്ടുണ്ട് അവർക്കൊക്കെ ചിത്രകാരന്മാർ എന്നു പറയാം കാരണം ചരിത്രം ചരിത്രമായിത്തന്നെ രേഖപ്പെടുത്തുന്നവരാണ് ചരിത്രകാരന്മാർ 

ഖിള്ർ നബിയും മമ്പുറം തങ്ങളും

മഹാനായ സയ്യിദുൽ ഖൗം ഖിള്ർ നബി (അ)യുമായി ആത്മീയ ബന്ധമുള്ള മഹാനായിരുന്നു ഖുത്വുബുസ്സമാൻ സയ്യിദ് അലവി (റ) 
 
ആഴ്ചകളോളം മഹാൻ തനിച്ച് ഇബാദത്തിലായി കഴിഞ്ഞുകൂടും ചില സന്ദർഭങ്ങളിൽ ജനങ്ങളിൽ നിന്നകന്ന് വിജന പ്രദേശങ്ങളിൽ ഇബാദത്തിലായി കഴിഞ്ഞു കൂടും രിജാലുൽ ഗൈബുമായും ഖിള്ർ(അ)മുമായും മഹാൻ ഒരുമിച്ചുകൂടാറുണ്ടായിരുന്നു (അന്നഫഹാത്തുൽ ജലീല:14) 

ഇമാം നവവി(റ) എഴുതുന്നു: ഭൂരിപക്ഷം പണ്ഡിതന്മാരും പറഞ്ഞത് ഖിള്ർ(അ) നമുക്കിടയിൽ ജീവിച്ചിരിപ്പുണ്ടെന്നാണ് സ്വൂഫിയാക്കളും മഅ് രിഫത്തിന്റെ അഹ്ലുകാരും ഇതിൽ ഒരേ സ്വരക്കാരാണ് അവർ ഖിള്ർ(അ)മുമായി ഒരുമിച്ചു കൂടുകയും മഹാനിൽനിന്ന് ത്വരീഖത്ത് സ്വീകരിക്കുകയും സംശയ നിവാരണം നടത്തുകയും ചെയ്തിട്ടുണ്ട് ഇമാം ഇബ്നു സ്വലാഹ് (റ) പറഞ്ഞു: ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അടുക്കൽ ഖിള്ർ(അ) ജീവിച്ചിരിപ്പുണ്ടെന്ന അഭിപ്രായമാണുള്ളത് സാധാരണ ജനങ്ങൾ ഈ വിഷയത്തിൽ അവരുടെ കൂടെയാണ് (തഹ്ദീബുൽ അസ്മാഇ വല്ലുഗാത്ത്: 1/177) 

ഖുത്വുബുസ്സമാൻ

മഹാനായ സയ്യിദ് അലവി മൗലദ്ദവീല (റ)വിനെ 'ഖുത്വുബുസ്സമാൻ' എന്ന സ്ഥാനപ്പേരിലാണ് സുന്നിസമൂഹം വിളിച്ചു പോരുന്നത് അഖ്ത്വാബ് അഥവാ ഖുത്വുബുകൾ ഔലിയാക്കളിലെ ഉന്നതവിഭാഗമാണ്  

ഇമാം ശഅ്റാനി(റ) എഴുതുന്നു: സ്വഹാബത്തിനുശേഷം ഔലിയാക്കളിലെ ഉന്നതരാണ് ഖുത്വുബുകൾ (അൽ യവാഖീത്തുവൽ ജവാഹിർ: 2/78) 

ഒരു കാലഘട്ടത്തിൽ തന്നെ  ധാരാളം ഖുത്വുബുകൾ ഉണ്ടാവും ഒരു ഖുത്വുബേ ഒരു കാലഘട്ടത്തിൽ ഉണ്ടാവുകയുള്ളൂ എന്ന ധാരണ ശരിയല്ല 

ഇമാം ഇബ്നു അബ്ബാദ് (റ) എഴുതുന്നു: ശൈഖ് ശംസുദ്ദീനുബ്നു കതീല (റ) പറഞ്ഞു: ഞാൻ ഖുത്വുബിനെ സംബന്ധിച്ച് ശൈഖ് അബുൽ ഹസൻ ശാദുലി(റ) വിനോട് ചോദിച്ചപ്പോൾ മഹാൻ പറഞ്ഞു: ഖുത്വുബുകൾ ധാരാളമുണ്ട് (മഫാഖിറുൽ അലിയ്യ:17) 

മേൽ ഉദ്ധരണിയിൽനിന്നും ഖുത്വുബുകൾ ധാരാളമുണ്ടെന്ന് മനസ്സിലാക്കാം എന്നാൽ 'അൽ ഖുത്വുബ് ' ഒരാളാണ് ഒരു കാലഘട്ടത്തിൽ ഉണ്ടാവുക ഖുത്വുബുസ്സമാനിനേക്കാളും ഖുത്വുബുൽ ആലമിനേക്കാളും ഉയർന്ന പദവിയാണ് അൽ ഖുത്വുബിനുള്ളത് മഹാനായ മമ്പുറം തങ്ങൾ ഖുത്വുബുസ്സമാനാണെന്നാണറിയപ്പെട്ടത്  

ഖുത്വുബുസ്സമാൻ എന്നൊരു പദവി ഔലിയാക്കൾക്കുണ്ടെന്ന് തസ്വവ്വുഫിന്റെ ഗ്രന്ഥങ്ങളിൽ ധാരാളം കാണാം കാലഘട്ടത്തിന്റെ ഖുത്വുബ് എന്ന് ഖുത്വുബുസ്സമാൻ എന്ന വാക്കിന് അർത്ഥം പറയരുത് സമാൻ എന്നതിന് കാലഘട്ടം എന്നല്ല സ്വൂഫികളുടെ സാങ്കേതിക പ്രയോഗത്തിൽ അതുപോലെത്തന്നെയാണ് 'ഖുത്വുബുൽ ആലം' എന്നൊരു പദവി ഔലിയാക്കൾക്കുണ്ടെന്നും തസ്വവ്വുഫിന്റെ ഗ്രന്ഥങ്ങളിൽ കാണാം ലോകത്തിന്റെ ഖുത്വുബ് എന്ന് ഖുത്വുബുൽ ആലമിന് അർഥം പറയരുത് സ്വൂഫികളുടെ സാങ്കേതിക പ്രയോഗത്തിൽ ആലം എന്ന വാക്കിന് ലോകം എന്നല്ല ഇവിടെ അർത്ഥം അപ്പോൾ സമാനിന്റെ ഖുത്വുബ്, ആലമിന്റെ ഖുത്വുബ് എന്നൊക്കെ പറയാം 

അൽ ഖുത്വുബാണ് ഖുത്വുബുകളിലെ ഉയർന്ന സ്ഥാനം അൽ ഖുത്വുബിന്റെ  താഴെയാണ് ഖുത്വുബുസ്സമാൻ , ഖുത്വുബുൽ ആലം തുടങ്ങിയ സ്ഥാനങ്ങൾ അൽ ഖുത്വുബിനു തന്നെ അൽ ഗൗസ് എന്നും പറയും 

ഖുത്വുബുസ്സമാൻ , ഖുത്വുബുൽ  ആലം എന്ന സ്ഥാനം ഒരു വലിയ്യിനുണ്ടെന്നറിഞ്ഞാൽ ആ സ്ഥാനമേ ആ മഹാനുള്ളുവെന്ന് ധരിക്കരുത് ചിലപ്പോൾ അവർ  അതിലും ഉയർന്ന സ്ഥാനത്തെത്തിയിരിക്കും ജനങ്ങൾക്കിടയിൽ അറിയപ്പെടൽ അതിലും താഴ്ന്ന സ്ഥാനം കൊണ്ടായിരിക്കും 

ചുരുക്കത്തിൽ മഹാനായ മമ്പുറം തങ്ങൾ ഖുത്വുബുസ്സമാൻ എന്ന സ്ഥാനപ്പേരിലാണ് അറിയപ്പെടുന്നത് അവർ അതിലും ഉയർന്ന സ്ഥാനത്ത് എത്തിയോ ഇല്ലേയെന്ന് ഔലിയാക്കളിലെ ലോകത്തുള്ളവർക്കാണറിയുക അല്ലാഹു അഅ്ലം 

മമ്പുറം തങ്ങളുടെ ത്വരീഖത്ത് 

അലവിയ്യാ ത്വരീഖത്ത്

ഖുത്വുബുസ്സമാൻ സയ്യിദ് അലവി മൗലദ്ദവീല (റ) അലവിയ്യാ ത്വരീഖത്തുകാരനാണ് ബാ അലവി ത്വരീഖത്തെന്നും ഇതിനെ പറയാറുണ്ട് ശൈഖ് ജിഫ്രി (റ), ശൈഖ് ഹസൻ ജിഫ്രി (റ)തുടങ്ങിയവരും അലവിയ്യാ ത്വരീഖത്തുകാരാണ് പൊതുവെ ബാ അലവി സാദാത്തുക്കൾ അലവിയ്യാ ത്വരിഖത്തുകാരും പ്രചാരകരുമായിരുന്നു 

ശൈഖ് ഫഖീഹുൽ മുഖദ്ദം മുഹമ്മദ് ബ്നു അലി ബാ അലവി(റ) വാണ് അലവിയ്യാ ത്വരീഖത്തിന്റെ ശൈഖ് നമ്മുടെ ഹദ്ദാദിന്റെ രചയിതാവായ ശൈഖ് അബ്ദുല്ലാഹിബ്നു അലവിയ്യിൽ ഹദ്ദാദ്(റ) അലവിയ്യാ ത്വരീഖത്തുകാരനാണ് യമൻ നാടുകളിലും ബാ അലവി സാദാത്തുക്കളുടെ കേന്ദ്രങ്ങളിലും ഈ ത്വരീഖത്തിനാണ് കൂടുതൽ പ്രചാരം 
ബാ അലവി ത്വരീഖത്താണ് സയ്യിദ് അലവി തങ്ങൾ (റ) പിന്തുടർന്നിരുന്നത് ഇത് ഖാദിരിയ്യ ത്വരീഖത്തിന്റെ ശാഖയാണ് ശൈഖ് ജീലാനി(റ) വിന്റെ ശിഷ്യന്മാരായ ബാ അലവി കുടുംബമാണ് ഇതിന് പ്രചാരം നൽകിയത് അതുകൊണ്ടുതന്നെ സയ്യിദ് അലവി തങ്ങൾ (റ) ഒരേ സമയം ഖാദിരിയും ബാ അലവിയുമായിരുന്നു (സ്വൂഫി മാർഗം: 140) 

മമ്പുറം തങ്ങൾ (റ) ത്വരീഖത്ത് പലർക്കും നൽകിയിരുന്നുവെന്നാണ് ചരിത്രം മഹാനായ വെളിയങ്കോട് ഉമർ ഖാളി (റ ) മമ്പുറം തങ്ങളുടെ  മുരീദുമാരിൽ പ്രമുഖനാണ് ചരിത്രകാരൻ എഴുതിയത് കാണുക: ഖാദിരിയ്യാ ത്വരീഖത്തിന്റെ ശൈഖായിരുന്നു സയ്യിദ് അലവി തങ്ങൾ (റ) അനവധി മുരീദുമാരും ശിഷ്യഗണങ്ങളുമുണ്ടായിരുന്നു ബൈത്താൻ മുസ്ലിയാർ (റ), അവുക്കോയ മുസ്ലിയാർ(റ), ഖുസയ്യ് ഹാജി, മകൻ ഫള്ൽ പൂക്കോയ തങ്ങൾ (റ) തുടങ്ങിയവർ തങ്ങളിൽ നിന്ന് ബൈഅത്ത് സ്വീകരിച്ച പ്രധാനികളാണ് ഹിജ്റ 1200 കളിൽ ജീവിച്ച മമ്പാട് സയ്യിദ് അബ്ദുൽ ഖാദിർ തങ്ങൾ (റ) മമ്പുറത്തു വന്ന് ഖാദിരിയ്യാ ത്വരീഖത്ത് സ്വീകരിച്ചതായി ചരിത്രത്തിലുണ്ട് ഇതുപോലെ അന്ന് ജീവിച്ചിരുന്ന ആത്മീയ ബോധമുള്ള മുസ്ലിംകളിൽ ഭൂരിഭാഗവും സയ്യിദ് അലവി തങ്ങൾ (റ) വിന്റെ ആത്മീയ ശിക്ഷണത്തിൽ കഴിയുന്നവരായിരുന്നു 

അന്നത്തെ പ്രഗത്ഭ പണ്ഡിതനും ആത്മീയാചാര്യനുമായിരുന്ന വെളിയങ്കോട് ഉമർഖാളി(റ) പോലും മമ്പുറം തങ്ങളുടെ ആത്മീയ നിയന്ത്രണത്തിലാണ് ജീവിച്ചിരുന്നത് 
എ.ഡി 1800-ന്റെ ആദ്യദശകങ്ങളിൽ അധിനിവേശം വിശുദ്ധസമരവുമായി മുന്നോട്ടു വന്ന പല യോദ്ധാക്കൾക്കും മമ്പുറം തങ്ങളുമായി ത്വരീഖത്ത് ബന്ധമുണ്ടായിരുന്നതായി ചരിത്രത്തിൽ കാണാൻ കഴിയുന്നുണ്ട് ചിലർ തങ്ങളുടെ ശിഷ്യന്മാരുമായാണ് ആത്മീയ ബന്ധം പുലർത്തിയിരുന്നത് ഉണ്ണിമൂസ, ചെമ്പൻ പോക്കർ, അത്തൻ ഗുരുക്കൾ, ഐദ്രോസ് കുട്ടി , പുലത്ത് ചെക്കുമൂപ്പൻ  തുടങ്ങിയവയെല്ലാം മമ്പുറം തങ്ങളുടെ ശിഷ്യന്മാരായിരുന്നു നസ്വാറാക്കൾക്കെതിരെയാണ് ഇവരുടെ പോരാട്ടമെന്ന് മമ്പുറം തങ്ങൾ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു അതുകൊണ്ടുതന്നെ ഇവരുടെ മരണം തങ്ങളെ അഗാധ ദുഃഖത്തിലാഴ്ത്തി 

മുരീദുകൾ

ഖുത്വുബുസ്സമാൻ സയ്യിദ് അലവി (റ) അലവിയ്യാ, ഖാദിരിയ്യാ ത്വരീഖത്തിന്റെ ശൈഖായിരുന്നുവെന്ന് നാം അറിഞ്ഞു തർബിയ്യത്തിന്റെ ശൈഖായിരുന്ന മമ്പുറം തങ്ങളിൽനിന്ന് നിരവധി പേർ ത്വരീഖത്ത് സ്വീകരിച്ചിട്ടുണ്ടെന്ന് മുകളിൽ നാം കണ്ടു അതിൽ പ്രധാനി ഫഖീഹും(കർമശാസ്ത്ര പണ്ഡിതൻ) സ്വൂഫിയും ഗ്രന്ഥകാരനുമായ വെളിയങ്കോട്  ഉമർഖാളി(റ) ആയിരുന്നു  

വെളിയങ്കോട്ട് ഉമർഖാളി(റ)

മഹാനായ ഉമർഖാളി(റ)വിന്റെ ശൈഖായ ഖുത്വുബുസ്സമാൻ അലവി തങ്ങൾ (റ)വിൽ നിന്ന് ഖാദിരിയ്യാ ത്വരീഖത്താണ് മഹാൻ സ്വീകരിച്ചത് പ്രസ്തുത സംഭവം ഇങ്ങനെ നോക്കൂ: 
വെളിയങ്കോട് ഉമർഖാളി(റ)വിന്റെ ഉസ്താദും ആത്മീയ ഗുരുവുമായ ശൈഖ് മമ്മിക്കുട്ടി ഖാളി(റ) വിന്റെ വഫാത്തിനുശേഷം പല മഹത്തുക്കളുമായും ബന്ധപ്പെട്ടു ജീവിച്ചു അങ്ങനെ ഖുത്വുബുസ്സമാൻ മമ്പുറം തങ്ങളെ കേൾക്കാനിടയായി തങ്ങളുടെ സന്നിധിയിൽ ഖാളിയാർ എത്തിയപ്പോൾ തങ്ങൾ ശിഷ്യന്മാരോട് പറഞ്ഞു: ഇതാ വന്നിരിക്കുന്നു കാഞ്ഞിരക്കായയിൽ തേൻ നിറച്ച വ്യക്തി  ഇതുകേട്ട ഉമർഖാളി(റ) കരഞ്ഞുകൊണ്ട് പറഞ്ഞു അങ്ങ് എന്താണ് പറയുന്നത്? 

തങ്ങൾ പറഞ്ഞു: അതോ ധാരാളം അറിവിന്റെ മധു നീ ജ്ഞാനസമുദ്രത്തിൽ നിന്ന് കോരിക്കുടിച്ചു പക്ഷെ , നിന്റെ ശരീരം ഇപ്പോഴും ദുർമേദസ് നീങ്ങിയിട്ടില്ല അത് നീക്കീകഴിയുന്നതിന് മുമ്പേ നിന്റെ ഗുരു വഫാത്തായി ഇതുകേട്ട ഖാളിയാർ പറഞ്ഞു: ആ ദുർമേദസ് അങ്ങ് നീക്കി എന്നെ സ്ഫുടം ചെയ്തെടുക്കണം ഞാനിതാ എന്നെ നിങ്ങൾക്ക് സമർപ്പിക്കുന്നു അങ്ങനെ ഖുത്വുബുസ്സമാൻ തങ്ങളെ ഖാളിയാർ ഖാദിരിയ്യാ ത്വരീഖത്തിലായി ബൈഅത്ത് ചെയ്തു  

പകൽ മുഴുവനും നോമ്പിലായും രാത്രി മുഴുവൻ ഉറങ്ങാതെ നിസ്കാരത്തിലായും ഉമർഖാളി(റ) കൊല്ലങ്ങളോളം കഴിഞ്ഞു കൂടി (ഉമർഖാളി ജീവചരിത്രം:40) 
അല്ലാഹുവിന്റെ ഔലിയാക്കളിൽ പ്രസിദ്ധനായ ഉമർഖാളി (റ) 1775-ൽ ഖാളിയാരകത്ത് കാക്കുത്തറയിൽ ആലിമുസ്ല്യാരുടെ മകനായി വെളിയങ്കോട്ട് ജനിച്ചു പൊന്നാനി പണ്ഡിതന്മാരിൽനിന്ന് ഇൽമ് സമ്പാദിച്ചു പിതാവിനു ശേഷം വെളിയങ്കോട് ഖാളിയായി സ്ഥാനമേറ്റു പിന്നീടാണ് മമ്പുറം തങ്ങളുമായി ബന്ധപ്പെടുന്നതും ത്വരീഖത്ത് സ്വീകരിക്കുന്നതും തികഞ്ഞ ബ്രിട്ടീഷ് വിരോധിയായിരുന്നു മഹാനവർകൾ 
കെ.എൻ പണിക്കർ എഴുതുന്നു: മതപരമായ വിഷയങ്ങളിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ഉമർഖാളി(റ)വിന്റെ താൽപര്യങ്ങൾ ബ്രിട്ടീഷുകാരുടെ അമിതമായ നികുതി ചുമത്തലിൽ രോഷാകുലനായ മഹാൻ നികുതി അടക്കുന്നത് ബഹിഷ്കരിക്കാൻ കർഷകരോട് ആഹ്വാനം ചെയ്തിരുന്നു ബ്രിട്ടീഷ് ഗവൺമെന്റിനെതിരെ പല ഫത് വകളും ഇറക്കിയിട്ടുണ്ട് (മലബാർ കലാപം: 80) 

നികുതി നിഷേധത്തിലൂടെ ബ്രിട്ടീഷുകാരോട് പ്രതികരിക്കുക എന്ന രീതീശാസ്ത്രം മോഹൻദാസ് കരംചന്ദ് ഗാന്ധിക്കു മുമ്പേ നടപ്പിൽ വരുത്തിയത് മഹാനായ വെളിയങ്കോട് ഉമർഖാളി(റ) ആകുന്നു മഹാന്റെ ഇത്തരം സമീപനങ്ങൾ ബ്രിട്ടീഷുകാർക്ക് വല്ലാത്ത തലവേദന ഉണ്ടാക്കി 

ഹിജ്റ 1273 ദുൽഹജ്ജ് 23-ന് വെള്ളിയാഴ്ച മഹാനായ ഉമർഖാളി(റ) വഫാത്തായി മഹാൻ വസ്വിയ്യത്തു ചെയ്തതു പ്രകാരം ജുമുഅക്കു ശേഷം വെളിയങ്കോട് ജുമുഅത്തു പള്ളിക്കു മുമ്പിൽ ഒരുക്കിയ ഖബ്റിൽ മഹാനെ മറവു ചെയ്തു  

ആവുക്കോയ മുസ്ലിയാർ(റ)

ഖുത്വുബുസ്സമാൻ സയ്യിദ് അലവി തങ്ങൾ (റ) വിൽ നിന്ന് ത്വരീഖത്ത് സ്വീകരിച്ച തങ്ങളുടെ മുരീദാണ് അബൂബക്കർ കോയ എന്ന അവുക്കോയ മുസ്ലിയാർ(റ) ഹിജ്റ 1222-ൽ പരപ്പനങ്ങാടിയിൽ ജനിച്ചു പണ്ഡിതനും പ്രമുഖനുമായ ഹിശാമു എന്ന സിയാമു മരക്കാരാണ് പിതാവ് പൊന്നാന്നി വലിയ ജുമുഅത്തു പള്ളിയിൽ വെച്ച് ഉപരിപഠനം അല്ലമാ അഹ്മദുൽ മഖ്ദൂം (റ)ആയിരുന്നു ഗുരുവര്യൻ ശേഷം കണ്ണൂർ പുറത്തിയിൽ അല്ലമാ മുഹമ്മദുൽ ഹമദാനി(റ) വിന്റെ ശിഷ്യത്വം സ്വീകരിച്ചു വളപട്ടണം ഖാളി സയ്യിദ് മുഹമ്മദ് ബലാഫത്തനി, ഉമർഖാളി(റ) എന്നിവർ ഉസ്താദുമാരാണ് 

താനൂർ വലിയകുളങ്ങര, തിരൂരങ്ങാടി നടുവിലെ പള്ളി, പരപ്പനങ്ങാടി പനയത്തിൽ പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ മുദർരിസായി സേവനം ചെയ്തു
  
അനേകം ശിഷ്യഗണങ്ങളുണ്ടായിരുന്ന മഹാനവർകൾ ഹിജ്റ 1255-ലും ഹജ്ജ് നിർവഹിച്ചു അതിനിടയിൽ ശൈഖ് ഇബ്റാഹീമുൽ ബാജൂരി(റ), അല്ലാമാ അബ്ദുൽ ഹമീദ് ശർവാനി(റ). അല്ലാമാ മുഹാജിർ റഹ്മത്തുല്ലാഹിൽ കീറാനവി(റ), അല്ലാമാ അഹ്മദ് സൈനീ ദഹ്ലാൻ(റ) തുടങ്ങിയ ധാരാളം മഹത്തുക്കളുമായി ബന്ധം സ്ഥാപിച്ചു 

ചെറുപ്പകാലം മുതലെ സയ്യിദ് അലവി തങ്ങൾ (റ)വുമായി ബന്ധമുണ്ടായിരുന്നു അതുകൊണ്ടുതന്നെ തങ്ങളെ ശിക്ഷണത്തിലും തർബിയ്യത്തിലുമാണ് വളർന്നത്  
അഗാധ പണ്ഡിതനും സ്വൂഫിവര്യനുമായ അവുക്കോയ മുസ്ല്യാർ(റ) ഒരു സാഹിത്യകാരൻ കൂടിയായിരുന്നു അനേകം സാഹിത്യ സൃഷ്ടികൾ അറബി ഭാഷയിൽ രചന നടത്തി അഖീദഃ അഥവാ വിശ്വാസശാസ്ത്രം വിവരിക്കുന്ന വാജിബാത്ത്, ശൈഖ് ഉമറുൽ ഖാഹിരി(റ)വിന്റെ അല്ലഫൽ അലിഫ് എന്ന മദ്ഹുർറസൂൽ കാവ്യത്തിന്റെ വ്യാഖ്യാനം, അല്ലാഹുവിന്റെ സ്വിഫാത്തുകൾ വിവരിക്കുന്ന ഇശ്റൂന സ്വിഫത്ത് തുടങ്ങിയവ അവയിൽ ചിലതാണ്  
ഹിജ്റ 1292-ൽ അവുക്കോയ മുസ്ല്യാർ 70മത്തെ വയസ്സിൽ വഫാത്തായി മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി കടപ്പുറത്ത് സ്വന്തമായി നിർമിച്ച പള്ളിപ്പരിസരത്താണ് മഹാന്റെ ഖബ്ർ സ്ഥിതിചെയ്യുന്നത് 

ബൈത്താൻ മുസ്ലിയാർ(റ)

ഖുത്വുബുസ്സമാൻ മമ്പുറം തങ്ങളിൽ നിന്ന് ത്വരീഖത്ത് സ്വീകരിച്ച മഹാനാണ് പയ്യനാട് ബൈത്താൻ മുസ്ലിയാർ(റ) വടക്കെ മലബാറിലെ കാഞ്ഞിരോട് സ്വദേശിയാണ് പണ്ഡിതനായിരുന്ന മഹാൻ കുടുംബസമേതം പയ്യനാട്ടേക്ക് താമസം മാറ്റുകയായിരുന്നു  
എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന മഹാനവർകൾ ഹിജ്റ 1267-ൽ  വഫാത്തായി പയ്യനാട് ജുമുഅത്തു പള്ളിയുടെ കിഴക്കു ഭാഗത്താണ് ഖബ്ർ സ്ഥിതിചെയ്യുന്നത്

ചാലിലകത്ത് ഖുസ്വയ്യ് ഹാജി(റ)

ഖുത്വുബുസ്സമാൻ മമ്പുറം തങ്ങൾ (റ)വിൽ നിന്ന് ത്വരീഖത്ത് സ്വീകരിച്ച പണ്ഡിതനാണ് ചാലിലകത്ത് ഖുസ്വയ്യ് ഹാജി(റ) തിരൂരങ്ങാടിയിലാണ് ജനനം തിരൂരങ്ങാടി നടുവിലെ പള്ളിയിൽ മുദർരിസായി സേവനം ചെയ്തിട്ടുണ്ട് 

മമ്പുറം തങ്ങളുമായി അഭേദ്യ ബന്ധത്തിലായിരുന്നു ഖുസ്വയ്യ് ഹാജി മലബാറിലെ പൗരനേതാക്കൾക്ക് തങ്ങൾ അയച്ചിരുന്ന കത്തുകളും ഫത് വകളുമെല്ലാം എഴുതിയിരുന്നത് ഹാജിയാരായിരുന്നു കാതിബ് (എഴുത്തുകാരൻ) എന്ന പേരിലാണ് മഹാൻ അന്ന് അറിയപ്പെട്ടിരുന്നത് പല കാര്യങ്ങളും തങ്ങളവർകൾ കാത്തിബുമായി കൂടിയാലോചിക്കാറുണ്ടായിരുന്നു അതുകൊണ്ടുതന്നെ 'റൗഈസുശ്ശൂറാ' (കൂടിയാലോചനയുടെ നേതാവ്) എന്ന പേരിലാണ് പലപ്പോഴും തങ്ങൾ അദ്ദേഹത്തെ അഭിസംബോധന ചെയ്തിരുന്നത് ഹിജ്റ 1280-ൽ മഹാൻ വഫാത്തായി 

സയ്യിദ് അബ്ദുൽഖാദിർ അഹ്ദൽ (റ)

ഖുത്വുബുസ്സമാൻ മമ്പുറം തങ്ങൾ (റ) വിൽ നിന്ന് ഖാദിരിയ്യാ ത്വരീഖത്ത് സ്വീകരിച്ച മഹാനാണ് മമ്പാട് സയ്യിദ് അബ്ദുൽ ഖാദിർ അഹ്ദൽ(റ) വെളിയങ്കോട് ഉമർഖാളി(റ) ഉസ്താദാണ്
ഹിജ്റ 1241-ൽ മഞ്ചേരിക്കടുത്ത പയ്യനാട് ജനിച്ചു ബൈത്താൻ അബ്ദുല്ല മുസ്ലിയാരിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി ശേഷം പൊന്നാനിയിൽ പോയി അഹ്മദുൽ മഖ്ദൂം(റ)വിന്റെ ശിഷ്യത്വം സ്വീകരിച്ചു മമ്പുറം തങ്ങളുടെ അവസാന കാലങ്ങളിലാണ് സയ്യിദ് അബ്ദുൽ ഖാദിർ അഹ്ദൽ(റ) ആത്മീയ ബന്ധം ആരംഭിച്ചത് 

മഞ്ചേരി മേലാക്കം പള്ളി, മമ്പാട് പഴയ ജുമുഅത്ത് പള്ളി എന്നിവിടങ്ങളിൽ ഖാളിയായും മുദർരിസായും സേവനം ചെയ്തിട്ടുണ്ട് ഹിജ്റ 1329 ശവ്വാലിൽ വഫാത്തായി മമ്പാട് ജുമുഅത്ത് പള്ളി പരിസരത്താണ് ഖബ്ർ സ്ഥിതിചെയ്യുന്നത് 

ഖാളി സൈനുദ്ദീൻ മഖ്ദൂം (റ)

ഖുത്വുബുസ്സമാൻ മമ്പുറം തങ്ങൾ (റ) വിൽ നിന്ന് ത്വരീഖത്ത് സ്വീകരിച്ച മഹാനാണ് സൈനുദ്ദീൻ മഖ്ദൂം(റ) ഹിജ്റ 1229-ൽ ജനിച്ചു തിരൂരങ്ങാടി ജുമുഅത്തു പള്ളിയിൽ ഖാളിയും മുദർരിസായും സേവനം ചെയ്തിട്ടുണ്ട് 

മമ്പുറം തങ്ങളുടെ മകനായ സയ്യിദ് ഫള്ൽ പൂക്കോയ തങ്ങളുടെ ഉസ്താദാണ് ഹിജ്റ 1299-ൽ വഫാത്തായി തിരൂരങ്ങാടി ജുമുഅത്ത് പള്ളിയുടെ പരിസരത്താണ് മഹാന്റെ ഖബ്ർ സ്ഥിതിചെയ്യുന്നത് 

ഖാളി കുഞ്ഞഹ്മദ് മുസ്ലിയാർ(റ)
➖➖➖➖➖➖➖➖➖➖
ഖുത്വുബുസ്സമാൻ മമ്പുറം തങ്ങളിൽനിന്ന് ത്വരീഖത്ത് വാങ്ങിയ ഖാളി കുഞ്ഞഹ്മദ് മുസ്ലിയാർ(റ) ഹിജ്റ 1218-ൽ ഓടക്കൽ പണ്ഡിത കുടുംബത്തിൽ ജനിച്ചു ഉജ്ജ്വല വാഗ്മിയായിരുന്നു  
സയ്യിദ് അലവി തങ്ങളെക്കുറിച്ച് കേട്ടറിഞ്ഞ മഹാൻ മമ്പുറത്ത് വന്നു തങ്ങളിൽനിന്ന് ത്വരീഖത്തും ഇജാസത്തും കരസ്ഥമാക്കി കാലങ്ങളോളം മറ്റത്തൂർ ഖാളിയായി സേവനം ചെയ്തു വേറെയും നാൽപതോളം മഹല്ലുകൾ മഹാനു കീഴിലുണ്ടായിരുന്നു ഹിജ്റ 1313-ൽ വഫാത്തായി 


ഖുത്വുബുസ്സമാൻ മമ്പുറം തങ്ങൾ (റ)വിൽ നിന്ന് ത്വരീഖത്ത് വാങ്ങിയ മഹാനാണ് കുഴിപ്പുറം ഖാളിയും മുദർരിസുമായ കുഞ്ഞഹ്മദ് മുസ്ലിയാർ(റ) 

അനേകം പണ്ഡിതരെ വാർത്തെടുക്കുകയും സമൂഹത്തിന് ആത്മീയ നേതൃത്വം നൽകുകയും ചെയ്ത കുഞ്ഞഹ്മദ് മുസ്ലിയാർ (റ) ഹിജ്റ 1288-ൽ വഫാത്തായി കുഴിപ്പുറം ജുമുഅത്ത് പള്ളി അങ്കണത്തിലാണ് മഹാന്റെ ഖബ്ർ സ്ഥിതിചെയ്യുന്നത് 

ഏലിക്കുന്ന് കുഞ്ഞഹ്മദ് മുസ്ലിയാർ (റ)

ഖുത്വുബുസ്സമാൻ മമ്പുറം തങ്ങൾ (റ) വിൽ നിന്ന് ഖാദിരിയ്യാ ത്വരീഖത്ത് സ്വീകരിച്ച മഹാനാണ് കർമശാസ്ത്ര പണ്ഡിതനും (ഫഖീഹ്) അറിയപ്പെട്ട മുഫ്തിയുമായ കുഞ്ഞഹ്മദ് മുസ്ലിയാർ (റ) ആലിമുസ്ലിയാരുടെ ഉപ്പാപ്പയുടെ അനുജനാണ്  ഹിജ്റ 1290-ൽ മഹാൻ വഫാത്തായി മേലാത്ത് പള്ളാപ്പരിസരത്താണ് ഖബ്ർ സ്ഥിതിചെയ്യുന്നത് 

മുരീദുമാരെ ത്വരീഖത്തിലൂടെ തർബിയ്യത്തു ചെയ്ത മുറബ്ബിയായ ശൈഖാണ് ഖുത്വുബുസ്സമാൻ സയ്യിദ് അലവി മൗലദ്ദവീല (റ)  അൽ ഖുത്വുബ് അൽ ഗൗസ് എന്നൊക്കെയാണ് മമ്പുറം തങ്ങളെ മഹാനായ പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിലായാർ (റ) തന്റെ അന്നഫഹാത്തുൽ ജലീലയിൽ വിശേഷിപ്പിച്ചത് ഇതേ വിശേഷണം മിൻഹത്തുൽ ഖവിയ്യിലും കാണാം 

അൽ ഖുത്വുബും അൽ ഗൗസുമൊക്കെ ഔലിയാ ശൃംഖലയിലെ ഉന്നത സ്ഥാനങ്ങളാണ് ആത്മീയ ലോകത്തെ ഔലിയാ ചക്രവർത്തിയാണ് ഖുത്വുബുസ്സമാൻ സയ്യിദ് അലവി മൗലദ്ദവീല (റ) 

കറാമത്തുകൾ

അല്ലാഹുവിന്റെ ഔലിയാക്കൾക്കുണ്ടാകുന്ന അസാധാരണ സംഭവങ്ങൾക്കാണ് കറാമത്തുകൾ എന്നു പറയുന്നത് വലിയ്യല്ലാത്തവരിൽ നിന്നുണ്ടാവുന്ന അസാധാരണ സംഭവങ്ങൾക്ക് കറാമത്ത് എന്നു പറയാറില്ല അസാധാരണ സംഭവങ്ങളെ വിവിധ തരങ്ങളിലായി ഇമാമുകൾ എണ്ണിയിട്ടുണ്ട് 

നബിമാരിൽ നിന്നുണ്ടാവുന്ന അസാധാരണ സംഭവങ്ങൾക്ക് മുഅ്ജിസത്തെന്നും നുബുവ്വത്തിനു മുമ്പുള്ള അസാധാരണ സംഭവത്തിന് ഇർഹാസ് എന്നുമാണ് പറയുക വലിയ്യിൽ നിന്നുള്ള അസാധാരണ സംഭവങ്ങൾക്ക് കറാമത്തെന്നും വലിയ്യല്ലാത്ത വിശ്വാസിയിൽ നിന്ന് സംഭവിക്കുന്ന അസാധാരണ സംഭവങ്ങൾക്ക് മഊനത്ത് എന്നുമാണ് പറയുക അസാധാരണ സംഭവങ്ങൾ ഇനുയുമുണ്ട് 

ഇമാം സഅ്ദുദ്ദീൻ തഫ്താസാനി(റ) എഴുതുന്നു: അല്ലാഹുവിനെയും അവന്റെ വിശേഷണങ്ങളെയും കഴിവിന്റെ പരമാവധി അറിഞ്ഞവനും നന്മയിലായി കഴിയുന്നവനും തിന്മകളെ തിരസ്കരിച്ചവനും ഭൗതിക രസത്തിൽ മുഖം കുത്തുന്നതിൽനിന്ന് തിരിഞ്ഞു കളഞ്ഞവനുമാണ് വലിയ്യ് വലിയ്യിൽ നിന്നുണ്ടാവുന്ന അസാധാരണ സംഭവങ്ങൾക്കാണ് കറാമത്ത് എന്നു പറയുക (ശർഹുൽ അഖാഇദ്: 145) 

ഖുത്വുബുസ്സമാൻ മമ്പുറം തങ്ങളിൽ  നിന്ന്  ധാരാളം കറാമത്തുകൾ പ്രകടമായിട്ടുണ്ട് അവയിൽ ചിലത് നമുക്ക് അടുത്ത ഭാഗത്തിൽ ഇൻശാഅല്ലാഹ് 

വൻമരം കടപുഴകിയപ്പോൾ

മദീനാ മുനവ്വറയിലെ മുഫ്തി ശൈഖ് ഉമറുൽ ബർറ്(റ) എഴുതുന്നു: ഒരു ദിവസം തങ്ങൾ വീട്ടിലുണ്ടായിരിക്കെ ശക്തമായ കാറ്റടിച്ചു തങ്ങളുടെ വീടിന്റെ പിറകുവശത്ത് ഒരു വൻമരമുണ്ടായിരുന്നു അതിന്റെ ചുറ്റുഭാഗത്തായി ധാരാളം മരങ്ങളുമുണ്ടായിരുന്നു ശക്തമായ കാറ്റിൽ ആ വൻവൃക്ഷം കടപുഴകി ചുറ്റുഭാഗത്തുള്ള മരങ്ങളിലേക്ക് വീണു തങ്ങളുടെ വീടിന്റെ മുകളിലേക്കായി ആ വൻമരം പതിക്കുന്ന രൂപത്തിലായിരുന്നു കിടപ്പ് 
തങ്ങളുടെ വീട് മേഞ്ഞ വീടായിരുന്നു ഈ സമയം തങ്ങൾ വീട്ടിൽ ഇരിക്കുകയായിരുന്നു ഇരിപ്പിടത്തിൽനിന്ന് അനങ്ങാതെ തങ്ങൾ ഉറക്കെ അട്ടഹസിച്ചുകൊണ്ട് തന്റെ കാലുകൊണ്ട് ചുമരിൽ ഒരു ചവിട്ടുകൊടുത്തു ഉടനെതന്നെ പ്രസ്തുത മരം എതിർദിശയിലേക്ക് മറിഞ്ഞു വീണു മരങ്ങൾ കാരണം വീടിന് ഒന്നും സംഭവിച്ചില്ല  (മിൻഹത്തുൽ ബഖീ: 12)

പെൺകുട്ടി ആൺകുട്ടിയാകുന്നു

മർഹൂം പാങ്ങിൽ അഹ്മദ്കുട്ടി മുസ്ലിയാർ (റ)എഴുതുന്നു : ഒരിക്കൽ ഒരാൾ വന്ന് തങ്ങളോടു പറഞ്ഞു: എനിക്ക് ഒരാൺകുട്ടിയുണ്ടാവാൻ തങ്ങൾ ദുആ ചെയ്യണം ആ സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ ഗർഭിണിയായിരുന്നു തങ്ങൾ അദ്ദേഹത്തിനു വേണ്ടി ദുആ ചെയ്തു തങ്ങൾ പറഞ്ഞു: ഇൻശാഅല്ലാഹ്, നിന്റെ ഭാര്യ ആൺകുട്ടിയെ പ്രസവിക്കും 

എന്നാൽ അദ്ദേഹത്തിന്റെ ഭാര്യ പ്രസവിച്ചത് പെൺകുട്ടിയെയായിരുന്നു ഉടനെ അദ്ദേഹം ചെന്ന് തങ്ങളോട് വിവരം പറഞ്ഞു തങ്ങൾ പറഞ്ഞു: അത് ആൺകുട്ടിയാണ് തിരിച്ചു പോയ പ്രസ്തുത വ്യക്തി ചെന്നുനോക്കുമ്പോൾ കണ്ടത് ആൺകുട്ടിയെയാണ് (അന്നഫഹാത്തുൽ ജലീല:17)

കിബ്റിനുള്ള ശിക്ഷ

ഒരിക്കൽ തങ്ങൾ കോഴിക്കോട് അങ്ങാടിയിലൂടെ സഞ്ചരിക്കുകയായിരുന്നു അപ്പോൾ വഴിയിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ഭരണാധിപനോട് തങ്ങൾ ചോദിച്ചു: നിങ്ങൾ ആരാണ്? എന്താണ് പേര്? ഇതുകേട്ട ഭരണാധിപൻ കിബ്റോടുകൂടി പറഞ്ഞു: ഞാൻ ഭരണാധിപനാണ് എന്റെ പേര് ബൈൽ എന്നാകുന്നു ബൈൽ എന്നാൽ സൂര്യൻ എന്നാകുന്നു 

കാര്യം മനസ്സിലായ തങ്ങളവർകൾ അദ്ദേഹത്തോട് പറഞ്ഞു: നീ ബൈലാണെങ്കിൽ ഞാൻ തിയ്യാകുന്നു അങ്ങനെ ഭരണാധിപൻ വീട്ടിലെത്തിയപ്പോൾ അദ്ദേഹവും വീടും അഗ്നിക്കിരയായി കരിഞ്ഞപ്പോൾ വീടിന്റെ ചുമരുകൾ മാത്രം അവശേഷിച്ചു (അന്നഫഹാത്തുൽ ജലീല: 18) 

ആഴക്കടലിലും സഹായം

കടൽ യാത്രക്കിടെ കപ്പൽ തകർന്നപ്പോൾ ആഴക്കടലിൽ നിന്ന് തങ്ങളോട് സഹായം തേടി ഉടനെ ഒരു തൃക്കരത്തിന്റെ സ്പർശനം അദ്ദേഹത്തിന് അനുഭവപ്പെട്ടു അങ്ങനെ അദ്ദേഹം ഏഴ് ദിവസത്തിനുശേഷം കരയിലെത്തി രക്ഷപ്രാപിച്ചു 

ഉടനെ തങ്ങളെ ചെന്ന് കണ്ട് അവിടുത്തെ തൃക്കം ചുംബിച്ചുകൊണ്ട് പറഞ്ഞു: ഈ കരത്തിന്റെ സ്പർശനമാണ് ഞാനറിഞ്ഞത് (മിൻഹത്തുൽ ഖവീ:16) 

സിയാറത്തിന് മാൻപേടയും

ഒരുകൂട്ടം ആളുകൾ തങ്ങളെ സിയാറത്ത് ചെയ്യാൻ പുറപ്പെട്ടപ്പോൾ ഒരുകൂട്ടം മാൻപേടയെ അവർ കണ്ടുമുട്ടി അപ്പോൾ കൂട്ടത്തിൽ പെട്ട ഒരാൾ ഉറക്കെ വിളിച്ചു പറഞ്ഞു: നിങ്ങളിൽ നിന്നാരെങ്കിലും അൽഗൗസിനെ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ഞങ്ങളോടൊപ്പം വരട്ടെ 

അപ്പോൾ അവരോടൊപ്പം തങ്ങളെ സന്ദർശിക്കാൻ ഒരു വലിയ മാൻ പുറപ്പെട്ടു അവർ തങ്ങളുടെ വീട്ടിലെത്തിച്ചേർന്നപ്പോൾ , മാൻ പുറത്തിരുന്നു , തങ്ങളുടെ തിരുവദനവും പ്രതീക്ഷിച്ച് അവർ തങ്ങളുടെ അരികിൽ ചെന്ന് സംഭവം വിവരിച്ചു കൊടുത്തു എല്ലാം കേട്ട തങ്ങളവർകൾ പുഞ്ചിരിച്ചു (അന്നഫഹാത്തുൽ ജലീല: 18) 

നസ്റാണിക്കു കിട്ടിയ ശിക്ഷ

ഒരിക്കൽ തങ്ങളോട് യുദ്ധം ചെയ്യാൻ ഒരു നസ്റാണി സൈന്യത്തെ സജ്ജീകരിച്ചു സൈന്യം മമ്പുറത്തിനടുത്തെത്തിയപ്പോൾ സൈന്യത്തിലെ അമീർ മരിച്ചു വീണു ഇതുകണ്ട ബാക്കിയുള്ളവർ അപകടം മനസ്സിലാക്കി തങ്ങളോട് യുദ്ധത്തിന് നിൽക്കാതെ മടങ്ങിപ്പോയി 

നസ്റാണിക്ക് വീണ്ടും ശിക്ഷ

നസ്റാണി തന്നെ തന്റെ പ്രിയങ്കരനായ ഒരാളെ ഒരെഴുത്തും കൊണ്ട് തങ്ങളുടെ അരികിലേക്കയച്ചു  തങ്ങളുടെ അടുക്കൽ കാര്യം മൂടിവെക്കാൻ അയാൾ രഹസ്യമായി പറയുകയും ചെയ്തു  

അങ്ങനെ തങ്ങളുടെ അടുക്കൽ എത്തിയപ്പോൾ തങ്ങൾ നസ്റാണിയോട് പറഞ്ഞു: എണീക്കെടാ ഭ്രാന്താ ഉടനെത്തന്നെ അയാൾ തന്റെ സ്വന്തം വസ്ത്രങ്ങൾ വലിച്ചുകീറാൻ തുടങ്ങി, ഒരു ഭ്രാന്തനെപ്പോലെ 

കടൽയാത്രക്കാരെ രക്ഷിക്കുന്നു 

രണ്ടുപേർ കടൽയാത്രക്ക് തങ്ങളോട് സമ്മതം ചോദിച്ചു തങ്ങൾ അവർക്ക് സമ്മതം നൽകുകയും ചെയ്തു തങ്ങൾക്കവർ ഒരു വസ്ത്രം സമ്മാനിക്കുകയും ചെയ്തു അങ്ങനെ അവർ യാത്രയായി യാത്രക്കിടയിൽ ശക്തമായ കാറ്റിൽ കപ്പലിന് വിള്ളൽ പ്രത്യക്ഷപ്പെട്ടു മരണം മുന്നിൽ  കണ്ട അവർ മമ്പുറം തങ്ങളോട് സഹായം തേടി 

അത്ഭുതമെന്ന് പറയട്ടെ, കപ്പലിന്റെ ദ്വാരം അടഞ്ഞുപോയി കപ്പൽ രക്ഷപ്പെട്ടു അങ്ങനെ അവർ അവരുടെ നാട്ടിലെത്തിയപ്പോൾ കപ്പൽ പരിശോധിച്ചപ്പോൾ പ്രസ്തുത ദ്വാരം മമ്പുറം തങ്ങൾക്ക് കൊടുത്ത വസ്ത്രംകൊണ്ട് അടയ്ക്കപ്പെട്ടതായി അവർ കണ്ടു 

കൊലയാളി തെങ്ങ് തന്നെ

ഖുത്വുബുസ്സമാൻ തങ്ങളുടെ കാലത്ത് രണ്ടുപേർ ശത്രുതയിലായിരുന്നു അങ്ങനെയിരിക്കെ ഒരാളുടെ മകൻ മറ്റേയാളുടെ തോട്ടത്തിൽ പ്രവേശിച്ചു അപ്പോൾ തേങ്ങ തലയിൽ വീണ് തർക്ഷണം കുട്ടി മരിച്ചു പ്രസ്തുത കുട്ടിയുടെ പിതാവ് തോട്ടക്കാരനും ശത്രുവായ വ്യക്തിയാണ് കൊലയാളിയെന്ന് പറഞ്ഞു ഭരണാധിപന്റെ അടുക്കൽ പരാതി നൽകി  
എന്നാൽ തന്റെ മേൽ പരാതി കൊടുത്തതറിഞ്ഞ് തോട്ടക്കാരൻ ഖുത്വുബുസ്സമാൻ മമ്പുറംതങ്ങളുടെ അടുക്കൽ അഭയം തേടിയെത്തി തങ്ങൾ പരാതിക്കാരനെ വിളിപ്പിച്ചെങ്കിലും അദ്ദേഹം വരാൻ കൂട്ടാക്കിയില്ല പിന്നീടൊരു ദിവസം അദ്ദേഹം തങ്ങളുടെ അടുക്കൽ വന്നു അദ്ദേഹത്തെ കണ്ടപ്പോൾ തങ്ങളുടെ അവസ്ഥ മാറി തങ്ങൾ ശബ്ദത്തിൽ മൂന്നു തവണ വിളിച്ചു പറഞ്ഞു: കൊലയാളിയെ തന്നെ വധിക്കാനാണ് വിധി ജനങ്ങൾ നോക്കിനിൽക്കെ പ്രസ്തുത തെങ്ങ് കഷ്ണം കഷ്ണങ്ങളായി കടപുഴകി വീണു 

ശിഫ തങ്ങളുടെ ദുആയിൽ

ഏതെങ്കിലും നാട്ടിൽ മാറാവ്യാധി മാരക രോഗമുണ്ടായാൽ ആ നാട്ടുകാർ തങ്ങളുടെ അടുക്കൽ വന്ന് പരാതി ബോധിപ്പിച്ചാൽ ഖുത്വുബുസ്സമാൻ തങ്ങൾ അവർക്കു വേണ്ടി ദുആ ചെയ്യുമായിരുന്നു അപ്പോൾ തന്നെ ആ രോഗം ആ നാട്ടിൽ നിന്ന് ഉയർന്നുപോകുമായിരുന്നു 
ഔലിയാക്കളിൽനിന്ന് ജീവിതകാലത്ത് സംഭവിച്ച കറാമത്തുകൾ വഫാത്തിനു ശേഷവും ഉണ്ടാവുമെന്നാണ് അഹ്ലുസ്സുന്നത്തിവൽ ജമാഅത്തിന്റെ വിശ്വാസം അതിനാൽ ഇപ്പോഴും ഇത്തരം ആവലാതികൾ ബോധിപ്പിക്കാൻ നമുക്ക് മമ്പുറം മഖാമിലേക്ക് പോവാം 

മഹാവിപത്ത് ഉയരുന്നു

മലബാറിൽനിന്നു തന്നെ ഒരിക്കൽ നാലാളുകൾ തങ്ങളുടെ നാട്ടിലിറങ്ങിയ മാരകരോഗം നീങ്ങിക്കിട്ടുവാൻ ആവലാതിയുമായി ഖുത്വുബുസ്സമാൻ തങ്ങളുടെ  സന്നിധിയിലെത്തി തങ്ങളുടെ ഇരു കാലുകളും പിടിച്ച് അവർ അവരുടെ ആവലാതി തങ്ങളെ ബോധിപ്പിച്ചു  
അപ്പോൾ തങ്ങളുടെ അടുത്ത് മഹാനായ അബ്ദുല്ലാഹിബ്നു ഉമർ അലവിയും ഉണ്ടായിരുന്നു കാര്യം എന്തെന്ന് മഹാൻ തങ്ങളോടന്വേഷിച്ചു തങ്ങൾ പറഞ്ഞു: ഇവരുടെ നാട്ടിലിറങ്ങിയ മാരകരോകം നീങ്ങിക്കിട്ടുവാൻ വേണ്ടി എന്നോട് സഹായം തേടിയിരിക്കുകയാണ് 
എന്നാൽ ഇവർ നാട്ടിലെത്തിയപ്പോൾ ആ രോഗം ആ നാട്ടിൽ നിന്നും ഉയർന്നുപോകുന്നതാണ് ഇതുകേട്ട ഇവർ നാട്ടിലേക്ക് തിരിച്ചു പോയി തങ്ങൾ പറഞ്ഞുതുപോലെ രോഗം ആ  നാട്ടിൽ നിന്നും ഉയർന്നു പോയി 

പുഴമീൻ രഹസ്യം

ഒരു വർഷം മമ്പുറം നിവാസികൾക്ക് പകർച്ചവ്യാധി രോഗം ആളുകൾക്ക് പിടിപെട്ടു  പ്രസ്തുത പകർച്ചവ്യാധിയിൽ ഖുത്വുബുസ്സമാൻ തങ്ങളുടെ വീട്ടുകാരും പേടിച്ചു തങ്ങൾ അവരോടു പറഞ്ഞു: നിങ്ങൾ ഭയപ്പെടേണ്ട, നിശ്ചയമായും നിങ്ങൾക്ക് വലിയ മുസ്വീബത്ത് എത്തിയിട്ടുണ്ട്, നിങ്ങളെനിക്ക് പൊരിച്ച പുഴമീൻ തരിക 

തങ്ങൾ പറഞ്ഞതുപോലെ അവർ പുഴമീൻ നൽകി തങ്ങൾ പുഴമീൻ ഭക്ഷിച്ചു ഉടനെത്തന്നെ തങ്ങളുടെ ശരീരത്തിൽ ആ മാറാ വ്യാധിയായ മാരകരോഗത്തിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു മൂന്നു മണിക്കൂർ നേരം അങ്ങനെത്തന്നെ പിന്നീട് പ്രസ്തുത അടയാളങ്ങൾ തങ്ങളിൽനിന്ന് അപ്രത്യക്ഷമായി ഇതോടെ ആ മാരകരോഗം ആ നാട്ടിൽ നിന്നുതന്നെ തുടച്ചുനീക്കപ്പെട്ടു 

സ്വുബ്ഹി നിസ്കാരം മസ്ജിദുന്നബവിയിൽ 

മദീനയിലെ പള്ളിയാണ് മസ്ജിദുന്നബി ഹബീബായ മുത്ത് നബി (സ) യുടെ റൗളാശരീഫ് അവിടെയാണ് സ്ഥിതിചെയ്യുന്നത് മഹാനായ ഖുത്വുബുസ്സമാൻ മമ്പുറം തങ്ങൾ എല്ലാ വെള്ളിയാഴ്ച സ്വുബ്ഹിയും മസ്ജിദുന്നബവിയിൽ വെച്ചായിരുന്നു നിസ്കരിക്കാറുള്ളത് എന്നിട്ട് തന്റെ മുരീദായ സയ്യിദ് അബ്ദുല്ലാഹിബ്നു മുഹമ്മദുബ്നു ഹുസൈൻ ഫഖീഹിന്റെ അടുക്കലും എത്തുമായിരുന്നു (അന്നഫഹാത്തുൽ ജലീല: 22) 

അക്രമികൾക്കുള്ള ശിക്ഷ

അക്രമകാരികളായ് ആരെങ്കിലും ഒരാൾ അക്രമം കാണിച്ചെന്ന് തങ്ങളോടു വന്നു പറഞ്ഞാൽ തങ്ങൾ അവനെ വിളിപ്പിക്കുമായിരുന്നു അവൻ  വന്നില്ലെങ്കിൽ ഇന്നാലിന്ന ഭാഗത്തേക്ക് വെടിവെക്കാൻ തങ്ങൾ കൽപിക്കുമായിരുന്നു ഉടനെത്തന്നെ ആ അക്രമി മരിക്കുമായിരുന്നു  

ചിലപ്പോൾ ഖുത്വുബുസ്സമാൻ തങ്ങളവർകൾ രാത്രിയിലോ  പകലിലോ ചില നിശ്ചിത ഭാഗങ്ങളിലേക്ക് വെടിയുതിർക്കാൻ  പറയുമായിരുന്നു ആരും പരാതിയുമായി എത്തിയില്ലെങ്കിലും ഇങ്ങനെ ചെയ്യുമായിരുന്നു 

സിഹ്റന്മാർക്കുള്ള ശിക്ഷ

ഒരു രാത്രി ഖുത്വുബുസ്സമാൻ തങ്ങളവർകൾ തന്റെ ഭൃത്യനെ വിളിച്ചു ഒരു ദിവസം കൊണ്ട് സഞ്ചരിച്ചാലെത്തുന്ന വിദൂര ദിക്കിലേക്ക് രണ്ട് വെടിയുതിർക്കാൻ പറഞ്ഞു ഭൃത്യൻ അപ്രകാരം രണ്ട് വെടിയുതിർത്തുന്നു 

വിദൂര ദിക്കിലുള്ള രണ്ട് സാഹിരീങ്ങൾക്കായിരുന്നു ആ വെടിയേറ്റത് അവർ രണ്ടുപേരും തങ്ങളുടെ വീടുനു നേരെ മാരണം (സിഹ്ർ) ചെയ്യുകയായിരുന്നു പ്രസ്തുത രാത്രിയിൽ വെടിയേറ്റ അവർ ജനങ്ങൾക്കിടയിൽ മരിച്ചുവീണു 

മക്കയിൽവെച്ച തൊപ്പി മമ്പുറത്ത്

മക്കക്കാരനായ ശൈഖ് അബ്ദുർറസൂൽ എന്ന മഹാൻ ഹജ്ജിൽ അറഫയിൽ നിന്നതിനുശേഷം സ്വഫാ മർവയിൽ സഅ് യ് ചെ യ്യാൻ പുറപ്പെട്ടു സഅ് യിനു ശേഷം മുടി നീക്കുന്ന അവസരത്തിൽ തന്റെ തൊപ്പി ഊരി അവിടെ വെച്ചു മുടി നീക്കിയതിനു ശേഷം ഊരിവെച്ച തൊപ്പി കാൺമാനില്ല 

പിന്നീട് കുറച്ചു ദിവസങ്ങൾക്കു ശേഷം മലബാറിൽനിന്ന് ഒരാൾ അദ്ദേഹത്തിന്റെ അടുത്തു വന്നു കാണാതായ ആ തൊപ്പി നൽകിക്കൊണ്ട് പറഞ്ഞു: ഞാൻ ഗൗസിനോട് (ഖുത്വുബുസ്സമാൻ മമ്പുറം തങ്ങൾ) ഹജ്ജിന് സമ്മതം ചോദിക്കാൻ ചെന്നപ്പോൾ എനിക്ക് ഈ തൊപ്പി നൽകി കൊണ്ട് തങ്ങൾ പറഞ്ഞു: നീ മക്കയിലെത്തിയാൽ ശൈഖ് അബ്ദുർറസൂലിനോട് എന്റെ സലാം പറയുകയും ഈ തൊപ്പി അദ്ദേഹത്തിന് കൊടുക്കുകയും ചെയ്യുക. ഈ കറമാത്ത് നേരിൽ ദർശിച്ച ശൈഖ് അബ്ദുർറസൂൽ അത്ഭുതപ്പെട്ടുപോയി (അന്നഫഹാത്തുൽ ജലീല: 23) 

മക്കയിൽ വെച്ച് ഹജ്ജ് നിർവഹിച്ച ഒരാൾ മലബാറിലെത്തണമെങ്കിൽ അക്കാലത്ത് മാസങ്ങൾ തന്നെ വേണം മക്കയിൽ വെച്ച് കാണാതായ തൊപ്പി ദിവസങ്ങൾക്കുള്ളിൽ മക്കയിലെത്തൽ ഒരത്ഭുതം തന്നെയാണ് അതുകൊണ്ടാണ് ശൈഖ് അബ്ദുർറസൂൽ അത്ഭുതപ്പെട്ടത് 

തസ്ബീഹ് മാലയിലെ രഹസ്യം

ഒരുകൂട്ടം ആളുകൾ ഹജ്ജിനു പോവാനുദ്ദേശിച്ചു ഖുത്വുബുസ്സമാൻ തങ്ങളുടെ അടുത്തു വന്നു ഹജ്ജിനു സമ്മതം ചോദിച്ചു തങ്ങൾ അവരോടു പറഞ്ഞു: നിങ്ങൾക്ക് ഈ വർഷം ഹജ്ജ് ഞാൻ കാണുന്നില്ലല്ലോ മറിച്ച് നിങ്ങൾക്ക് അടുത്ത വർഷമാണ് ഹജ്ജുള്ളത് എന്നാൽ സൗഘക്കാരുടെ നേതാവ് ഹജ്ജിനു പോവാൻ തന്നെ ശഠിച്ചു അപ്പോൾ തങ്ങൾ പറഞ്ഞു: പോകൂ , ഹജ്ജും അറഫയുമില്ലാതെ മടങ്ങാം 

അങ്ങനെ അവർ യാത്രയായി ശക്തമായ കാറ്റ് കാരണം അവർക്ക് കടൽയാത്ര പ്രയാസമായി അറഫ കഴിയുന്നതുവരെ അവർക്ക് മക്കയിലെത്താൻ കഴിഞ്ഞില്ല അങ്ങനെ ഹജ്ജില്ലാതെ നിരാശയായി അവർക്ക് മടങ്ങേണ്ടിവന്നു 

അടുത്ത വർഷമായപ്പോൾ സംഘത്തലവൻ തങ്ങളുടെ അടുത്തു വന്നു ഹജ്ജിന് യാത്രാനുമതി തേടി തങ്ങൾ സമ്മതം നൽകി  കയ്യിലുള്ള തസ്ബീഹ് മാല അദ്ദേഹത്തിന് നൽകിക്കൊണ്ട് പറഞ്ഞു: നീ ഹറമിലെത്തിയാൽ മഖാം ഇബ്റാഹീമിന്റെ അടുക്കൽ വരണം അവിടെ ഞാനുണ്ടാവും അപ്പോൾ ഈ തസ്ബീഹ് മാല എനിക്കു തരണം 
അങ്ങനെ അദ്ദേഹം ഹറമിലെത്തിയപ്പോൾ മഖാം ഇബ്റാഹീമിന്റെ അടുക്കൽ തങ്ങളെ കാണാൻ കഴിഞ്ഞു  എന്നാൽ അപ്പോൾ തങ്ങളെ അടുക്കലേക്കെത്താൻ അദ്ദേഹത്തിനു കഴിഞ്ഞില്ല പിന്നീട് ചില രാത്രികളിൽ  തങ്ങളെ അവിടെ കാണാനിടയായി ആ തസ്ബീഹ് മാല തങ്ങൾക്കദ്ദേഹം കൈമാറി 

അങ്ങനെ ഹജ്ജ് കഴിഞ്ഞ് തിരിച്ചെത്തിയ അദ്ദേഹം തങ്ങളെ കാണാൻ ചെന്നു എന്നാൽ തങ്ങൾ ആ വർഷം ഹജ്ജിന് പോയിരുന്നില്ല ആ സമയങ്ങളിലൊക്കെത്തന്നെ നാട്ടിൽ തന്നെയുണ്ടായിരുന്നുവെന്നാണ് അദ്ദേഹത്തിന് നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരം തങ്ങളെ സന്ദർശിക്കാൻ ചെന്ന അദ്ദേഹത്തിന് തങ്ങളെ കയ്യിൽ ആ തസ്ബീഹ് മാല കാണാൻ സാധിച്ചു 

തങ്ങൾ മമ്പുറത്തായിരിക്കെതന്നെ ഹജ്ജിനും പോയിരുന്നുവെന്നാണ് ഈ സംഭവത്തിൽനിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് ഒരേ സമയം രണ്ട് സ്ഥലത്ത് തങ്ങൾ ഉണ്ടായിരുന്നുവെന്ന് സാരം മഹാന്മാരായ നിരവധി ഔലിയാക്കളിൽനിന്ന് ഇത്തരം കറാമത്തുകൾ പ്രകടമായതായി സ്വൂഫി ചരിത്രങ്ങളിൽ കാണാം മഹാനായ ശൈഖുനാ സി.എം വലിയുല്ലാഹി (റ) യിൽ നിന്നും ഇത്തരം കറാമത്തുകൾ പ്രകടമായിട്ടുണ്ട്

കരാർ ലംഘിച്ചതിന്റെ ശിക്ഷ

ചെമ്മൻകടവിലെ ഒരു പണക്കാരിയായ സ്ത്രീ എല്ലാ വർഷവും ഇത്ര കണക്ക് അരി നൽകാമെന്ന് ഖുത്വുബുസ്സമാൻ തങ്ങളോട് കരാർ ചെയ്തു അങ്ങനെ അവളുടെ പേര് രജിസ്റ്ററിൽ രേഖപ്പെടുത്തപ്പെട്ടു വർഷങ്ങളോളം തങ്ങളവർകൾക്ക് കരാർ പ്രകാരം അവർ ഇത്ര കണക്ക് അരി കൊടുത്തു കൊണ്ടിരുന്നു 

പിന്നീടവൾ കരാർ പാലിച്ചില്ല കൊടുത്തു കൊണ്ടിരുന്ന അരി അവൾ തന്നെ നിർത്തലാക്കി വിവരമറിഞ്ഞ തങ്ങൾ ഭൃത്യനെ അരി വാങ്ങുവാൻ അവളുടെ അടുത്തേക്കയച്ചു എന്നാൽ കരാറിനെ അവൾ എതിർത്തു അങ്ങനെ കരാറില്ല എന്നായിരുന്നു അവളുടെ ഭാഷ്യം ഭൃത്യൻ വിവരം തങ്ങളെ ധരിപ്പിച്ചു അവളുടെ പേരും വിലാസവും രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്യാൻ തങ്ങൾ ഭൃത്യനോടാവശ്യപ്പെട്ടു ഭൃത്യൻ അപ്രകാരം തന്നെ ചെയ്തു 

രജിസ്റ്ററിൽ നിന്ന് പേരും വിലാസവും നീക്കിയതോടെ അവൾ പരമ ദരിദ്രയായിത്തീർന്നു അതോടെ അവളുടെ അവസ്ഥ ആകെ മാറി മഹാന്മാരായ ഔലിയാക്കളോട് ശത്രുത കാണിച്ചാൽ അല്ലാഹു അവരോട് യുദ്ധം പ്രഖ്യാപിച്ചുവെന്ന തിരുവചനം നാം എപ്പോഴും ഓർക്കണം 

ഖാളിയുടെ നിസ്കാരം

ഖുത്വുബുസ്സമാൻ തങ്ങളവർകൾ ജമാഅത്തിനു പങ്കെടുക്കാത്തിനെ അന്നത്തെ തിരൂരങ്ങാടി ഖാളി വിമർശിച്ചു അങ്ങനെയിരിക്കെ ഒരു ദിവസം വെള്ളിയാഴ്ച തങ്ങൾ ജുമുഅത്തു പള്ളിയിൽ ജുമുഅക്ക് സന്നിഹിതരായി തങ്ങളെ വിമർശിച്ച  ഖാളിയായിരുന്നു ഖുത്വുബ ഓതിയിരുന്നത് ഖാളിയെ തുടർന്നു നിസ്കരിച്ച തങ്ങൾ നിസ്കാരത്തിനിടയിൽ ഖാളിയെയും വിട്ടുപിരിഞ്ഞ് ഒഴിഞ്ഞ സ്ഥലത്തേക്ക് മാറി ളുഹ്ർ നിസ്കരിച്ചു 
ഈ സംഭവം ജനങ്ങൾക്കിടയിൽ സംസാരമായി നാട്ടിലെ ചില പണ്ഡിതർ തങ്ങളുടെ അടുക്കൽ ചെന്ന് വിവരം ബോധിപ്പിച്ചു തങ്ങൾ അവരോടു പറഞ്ഞു: നിസ്കാരത്തിൽ കറവപ്പശുവിന്റെ പിന്നാലെ പോവുന്നവരുടെ പിന്നിലായി നമ്മൾ നിസ്കരിക്കുകയില്ല  
അവർ ഖാളിയുടെ അരികിൽ ചെന്ന് സംഭവം പറഞ്ഞു ഇതു കേട്ട ഖാളി പറഞ്ഞു: തങ്ങൾ പറഞ്ഞത് ശരിയാണ് എന്റെ ഭാര്യ രോഗിയാണ് രോഗിയായ ഭാര്യക്ക് ചികിത്സക്ക് എല്ലാ ദിവസവും പാലു വേണം അങ്ങനെ ധാരാളം പാല് കിട്ടുന്ന ഒരു പശു  ജുമുഅക്ക് വരുന്ന ഒരാളുടെ അടുക്കലുണ്ടെന്നറിയാൻ കഴിഞ്ഞു ഖുത്വുബക്കിടയിൽ ഞാനയാളെ കണ്ടു നിസ്കാരത്തിനു ശേഷം അദ്ദേഹത്തോട് പാലന്വേഷിക്കാനും ഞാൻ മനസ്സിലുറച്ചു  
നിസ്കാരത്തിന് കൈ കെട്ടിയതുമുതൽ എന്റെ മനസ്സിൽ അതു തന്നെയായിരുന്നു ചിന്ത എന്നെ കാണാതെ അദ്ദേഹം പോയ്ക്കളയുമോ എന്നായിരുന്നു എന്റെ പേടി ഈ ചിന്തയിൽ തന്നെയായിരുന്നു നിസ്കാരം മുഴുവനും ഞാൻ ഖാളിയിൽ നിന്ന് ഈ വിവരണം കേട്ടപ്പോൾ അവർക്ക് തങ്ങളുടെ മഹത്വം മനസ്സിലായി 

ഖുത്വുബുസ്സമാൻ മമ്പുറത്തും ആദം മലയിലും 

സിലോണിലെ ആദം മലയിൽ ഒരു മഹാൻ ജീവിച്ചിരുന്നു ഒരിക്കൽ ഖുത്വുബുസ്സമാൻ തങ്ങളവർകൾ ദൂതൻ വഴി ആ മഹാന് ഒരു കത്ത് കൊടുത്തയച്ചു ദൂതൻ കത്തുമായി ആദം മലയിലെത്തിയപ്പോൾ മഹാനായ തങ്ങളവർകൾ അവിടെ ഉണ്ടായിരുന്നു മഹാന്റെ മറുപടിയുമായി ദൂതൻ തിരിച്ച് മമ്പുറത്തെത്തിയപ്പോൾ തങ്ങൾ മമ്പുറത്തുണ്ട് അത്ഭുതസ്തപ്തനായ ദൂതനോട് തങ്ങൾ പറഞ്ഞു: ഞാൻ എല്ലായിടത്തുമുണ്ടാകും 
ഒരേ സമയം ഒന്നിലധികം സ്ഥലത്ത് തങ്ങളെ ദർശിച്ച ധാരാളം സംഭവങ്ങളുണ്ട് ഖുത്വുബുസ്സമാൻ സയ്യിദ് അലവി  തങ്ങൾ (റ) ആത്മീയ ലോകത്തെ ഉത്തുംഗ ശ്രേണിയിൽ വിരാചിച്ച അത്ഭുത മഹാമനീഷിയാകുന്നു

മൂത്രവാർച്ചയുടെ മരുന്ന്

ഒരിക്കൽ ഒരു വ്യക്തി തങ്ങളുടെ സന്നിധിയിൽ വന്ന് മൂത്ര വാർച്ചയുടെ വിഷമം പറഞ്ഞു തങ്ങളദ്ദേഹത്തോട് പറഞ്ഞു: പശുക്കൂട്ടത്തിനിടയിൽ ചെന്ന് മൂത്രമൊഴിക്കാൻ തങ്ങൾ പറഞ്ഞപോലെ അദ്ദേഹം ചെയ്തു, രോഗം മാറുകയും ചെയ്തു  

പരിഹാസത്തിനുള്ള ശിക്ഷ

ഒരിക്കൽ തങ്ങളവർകൾ തനിച്ച് മറ്റത്തൂരിലേക്ക് യാത്രചെയ്യുകയായിരുന്നു വഴിമദ്ധ്യേ ഒരാളോട് വഴി അന്വേഷിച്ചു അയാൾ പരിഹാസ സ്വരത്തിൽ പറഞ്ഞു: വഴി മൂക്കിന് നേരെയാകുന്നു തങ്ങളോട് പരിഹാസത്തിൽ സംസാരിച്ച ഈ കാരണം കൊണ്ട് മരണംവരെ അയാൾ മറ്റൊന്നും സംസാരിക്കാനാവാതെ ഈയൊരുവാക്കു മാത്രം സംസാരിച്ചുകൊണ്ടിരുന്നു. ഔലിയാക്കളെ പരിഹസിച്ചാലുള്ള ശിക്ഷ കഠിനമാണെന്ന് നാം മനസ്സിലാക്കണം ഇത്തരം സംഭവങ്ങളും കറാമത്തുകളും നമുക്കുള്ള നേർവഴിയാണ് 

ദരിദ്രനെ ആട്ടിയോടിച്ചതിന്റെ ശിക്ഷ

പണക്കാരനായ മാഹിൻ അദ്ദേഹത്തിന്റെ വീട്ടിലെ കല്യാണത്തിനുവേണ്ടി തങ്ങളുടെ പാചകപാത്രം വായ്പയായി ചോദിച്ചു മാഹിന് നാല് വീടുകളുണ്ടായിരുന്നു പാത്രത്തോടൊപ്പം സദ്യയുണ്ണാൻ ഒരു ദരിദ്രനെയും തങ്ങൾ പറഞ്ഞയച്ചിരുന്നു സദ്യ സമയം അദ്ദേഹം ഉറങ്ങിപ്പോയതിനാൽ ഭക്ഷണം കഴിക്കാനായില്ല മാഹിനോ പരിചാരകരോ അദ്ദേഹത്തെ അറിഞ്ഞിരുന്നില്ല
 
ഉറക്കിൽ നിന്നുണർന്ന അദ്ദേഹം അവരോട് ഭക്ഷണം ആവശ്യപ്പെട്ടു അപ്പോഴേക്കും കല്യാണം കഴിഞ്ഞിരുന്നു അവർ ആ ദരിദ്രന് ഭക്ഷണം കൊടുക്കാതെ ആട്ടിയോടിച്ചു അദ്ദേഹം തങ്ങളെ അരികിൽ ചെന്ന് സങ്കടം ബോധിപ്പിച്ചു നാല് വെടി പൊട്ടിക്കാൻ തങ്ങൾ പറഞ്ഞു അപ്രകാരം ചെയ്തു അതോടെ മാഹിന്റെ നാലു വീടുകളും തകർന്നുപോയി അതോടെ അയാൾ നിന്യനും ദരിദ്രനുമായിത്തീർന്നു 

ഒരു ദിവസം രണ്ട് ജുമുഅഃ 

കാനഞ്ചേരിയിൽ അബൂബക്കർ എന്ന ഒരു വലിയ്യ് ജീവിച്ചിരുന്നു തന്റെ അവസ്ഥ മറ്റുള്ളവരിൽനിന്ന് മറച്ചുവെച്ചതിനാൽ മഹാൻ വലിയ്യാണെന്ന് ആർക്കും അറിയില്ലായിരുന്നു ആടുമാടുകളെ മേയ്ച്ചും കുട്ടിയെപോലെ സ്ത്രീകൾക്ക് ഖിദ്മത്തെടുത്തും അദ്ദേഹം ജീവിച്ചു അദ്ദേഹം വിഡ്ഢിയായ ഒരു ദരിദ്രനാണെന്നായിരുന്നു നാട്ടുകാർ മനസ്സിലാക്കിയത് 
ഒരിക്കൽ കാനഞ്ചേരി ജുമുഅത്തു പള്ളിയിൽ മമ്പുറം തങ്ങൾ (റ) ജുമുഅക്കു വന്നു അന്നത്തെ ജുമുഅക്ക് അബൂബക്കറും ഉണ്ടായിരുന്നു ജുമുഅഃ നിസ്കാരം കഴിഞ്ഞപ്പോൾ തങ്ങൾ വളരെ ഉച്ചത്തിൽ ചോദിച്ചു: നിങ്ങളുടെ കൂട്ടത്തിൽ നിന്ന് നമ്മോടൊപ്പം രണ്ട് ജുമുഅക്ക് പങ്കെടുത്തവർ ആരാകുന്നു ? 

രണ്ട് ജുമുഅകൊണ്ട് തങ്ങൾ ഉദ്ദേശിച്ചത് ബൈത്തുൽ മുഖദ്ദസിലെയും കാനഞ്ചേരിയിലെയും ജുമുഅയായിരുന്നു  മൂന്നു തവണ തങ്ങൾ ഉറക്കെ ഇങ്ങനെ ചോദിച്ചപ്പോൾ ഞാൻ എന്ന് അബൂബക്കർ ഉത്തരം നൽകി
  
പ്രസ്തുത സംഭവത്തോടെ അബൂബക്കറിന്റെ മഹത്വം ജനങ്ങൾക്ക് മനസ്സിലായി ഈ സംഭവത്തിനുശേഷം അബൂബക്കറിനെ നാട്ടുകാർ കണ്ടിട്ടില്ല മഹാൻ എങ്ങോ പോയ്മറിഞ്ഞു ശൈഖ് അബൂബക്കർ കാനഞ്ചേരി (റ) വിന്റെ ബറകത്തുകൊണ്ട് അല്ലാഹു നമ്മെ ഇരുവീട്ടിലും രക്ഷപ്പെടുത്തട്ടെ ആമീൻ  

മേൽ സംഭവത്തിൽനിന്ന് നമുക്ക് ഒരുപാട് പാഠങ്ങൾ ഉണ്ട് അല്ലാഹുവിനെ അറിയുന്നതിനേക്കാൾ പ്രയാസമാണ് വലിയ്യിനെ അറിയ്യൽ എന്ന ശൈഖ് അബുൽ അബ്ബാസിൽ മർസി(റ) വിന്റെ വാചകം ഇവിടെ ശ്രദ്ധേയമാകുന്നു 

ഭാര്യയുടെ ആഗ്രഹം

ഖുത്വുബുസ്സമാൻ അസ്സയ്യിദ് അലവി തങ്ങൾ (റ) വിന്റെ കാലത്ത് വെട്ടത്തു പുതിയങ്ങാടിയിൽ ജീവിച്ച വലിയ മഹാനാണ് യാഹൂ(റ)

ഒരിക്കൽ തങ്ങളുടെ ഭാര്യ സ്വാലിഹക്ക് ശൈഖ് യാഹു(റ) വിനെ കാണാൻ ആഗ്രഹം തങ്ങളോട് വിവിരം പറഞ്ഞു തങ്ങൾ വിരിന്നൊരുക്കാൻ ഭാര്യയോട് കൽപിച്ചു ഭാര്യ സദ്യയൊരുക്കി

പൊടിപുരണ്ട വസ്ത്രങ്ങളും ജഢപിടിച്ച മുടികളുമായി ശൈഖ് യാഹൂം(റ) എത്തി മഹാന്റെ രൂപം കണ്ടപ്പോൾ ഭാര്യക്ക് എന്തോ ഒരു അതൃപ്തി തങ്ങൾ ഭാര്യയോട് പറഞ്ഞു: പിറകിൽ വലതു ഭാഗത്തേക്ക് നോക്കുക ഭാര്യ നോക്കി തൽക്ഷണം മഹതി ബോധരഹിതയായി ബോധം തെളിഞ്ഞപ്പോൾ മഹതി പറഞ്ഞു: പുത്തൻ വസ്ത്രം ധരിച്ച് മഹാൻ കുതിരസവാരി നടത്തുന്നത് ഞാൻ കണ്ടു 

മരിച്ച ഭാര്യയെ ജീവിപ്പിക്കുന്നു

അഖ്ത്വാബീങ്ങളായ ഔലിയാക്കളിൽ പ്രകടമായിക്കാണുന്ന കറാമത്താണ് മരിച്ചവരെ ജീവിപ്പിക്കൽ ഈ കറാമത്ത് നമ്മുടെ മലബാറുകാരനായ മമ്പുറം തങ്ങളിൽ നിന്നും പ്രകടമായിട്ടുണ്ട് 

തങ്ങളുടെ കൊയിലാണ്ടിയിലുള്ള ഭാര്യ രോഗിയാണെന്ന് തങ്ങളോട് ദൂതൻ വന്ന് വിവരം പറഞ്ഞു എന്നാൽ രോഗിയായ ഭാര്യയെ സന്ദർശിക്കാൻ തങ്ങൾക്കു സൗകര്യപ്പെട്ടിട്ടില്ല പിന്നീട് ദൂതൻ വരുന്നത് തങ്ങളുടെ ഭാര്യ ഫാത്വിമയുടെ മരണവാർത്തയുമായിട്ടാണ് മരണത്തിന് മുമ്പ് ഭാര്യയെ സന്ദർശിക്കാത്തതിൽ നാട്ടുകാർ തങ്ങളെ കുറ്റപ്പെടുത്തി 
അങ്ങനെ തങ്ങൾ ഭാര്യയുടെ മയ്യിത്തിനരികിലെത്തി മയ്യിത്തായ ഭാര്യയോട് പറഞ്ഞു: 
ഇന്നാലിന്ന കാര്യങ്ങൾ എന്നിൽ ഉണ്ടായിരിക്കെ നീ മരിക്കുകയോ? എണീക്കൂ... തങ്ങൾ ഈ വാക്ക് പറഞ്ഞ ഉടനെ താമസം കൂടാതെ മരിച്ച ഭാര്യയിൽ ജീവൻ തുടിച്ചു ഭാര്യ എണീറ്റു പിന്നീടവർ മമ്പുറത്തേക്ക് പോയി മയ്യിത്തിന്റെ വാസന ഭാര്യയുടെ ശരീരത്തിലുണ്ടായിരുന്നു 
മഹതി തങ്ങളോട് ആവലാതി പറഞ്ഞു: തങ്ങൾ പനിനീർ വെള്ളം ഉപയോഗിക്കാൻ പറഞ്ഞു പിന്നീട് എന്നെന്നും അവരിൽനിന്ന് പനിനീർ സുഗന്ധം പരന്നു  

പിന്നീടാണ് ഈ ഭാര്യയിൽ തങ്ങൾക്ക് ഒരാൺകുട്ടി ജനിക്കുന്നത് സയ്യിദ് ഫള്ൽ പൂക്കോയ തങ്ങൾ (റ) എന്നപേരിൽ ആ മകൻ പ്രസിദ്ധനായി 

ഈയൊരാൺകുട്ടി മാത്രമേ തങ്ങൾക്കുള്ളൂ പ്രസ്തുത പനിനീർ സുഗന്ധം ഈ മകനിലുമുണ്ടായിരുന്നു അതിനാലാണത്രെ ഈ കുട്ടിക്ക് 'ഫൂക്കോയ' എന്ന ചെല്ലപ്പേര് നൽകിയത് 

എന്റെ കണ്ണ് എപ്പോഴും ലൗഹിൽ 

'എൻ കണ്ണ് എപ്പോഴും ലൗഹിൽ അതെന്നോവർ' ഖാളി മുഹമ്മദ് (റ) രചിച്ച മുഹ്‌യദ്ദീൻ മാലയിൽ കാണാം ഖുത്വുബുൽ അഖ്ത്വാബ് ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ) വിന്റെ കറാമത്തായി എണ്ണിയത് മഹാനവർകൾ ലൗഹുൽ മഹ്ഫൂള് നോക്കി ഇൽമു പറയുമായിരുന്നു 

കഴിഞ്ഞതും ഇപ്പോൾ നടക്കുന്നതും വരാൻ പോകുന്നതുമായ കാര്യങ്ങൾ ലൗഹിൽ ഉണ്ട് മഹാനായ ഖുത്വുബുസ്സമാൻ സയ്യിദ് അലവി തങ്ങളും ഈ പട്ടികയിൽ സ്ഥാനം പിടിച്ച വലിയ്യായിരുന്നു 

പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ എഴുതുന്നു: സയ്യിദ് അലവി തങ്ങൾ (റ) ജനങ്ങളുടെ ഹൃദയങ്ങളിലുള്ളതും ലൗഹിലുള്ളതും കഴിഞ്ഞതും വരാനിരിക്കുന്നതുമായ കാര്യങ്ങൾ പറയുമായിരുന്നു (അന്നഫഹാത്തുൽ ജലീല:28) 

ബ്രിട്ടീഷുകാർ ഇന്ത്യ വിടും 

മഹാനായ ഖുത്വുബുസ്സമാൻ മമ്പുറം തങ്ങൾ തികഞ്ഞ ബ്രിട്ടീഷ് വിരോധിയായിരുന്നു തന്റെ മുരീദായ ഉമർഖാളിയും ഈ പാതയിൽ തന്നെയായിരുന്നു 

പ്രധാനികളായ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരിൽ പലരും തങ്ങളെ സന്ദർശിക്കാനായി ഇടക്കിടെ മമ്പുറത്ത് വരാറുണ്ടായിരുന്നു ഗവൺമെന്റ് ഉദ്യോഗസ്ഥരുമായി അഭിമുഖ സംഭാഷണം നടത്താൻ താൻ ഇഷ്ടപ്പെടുന്നില്ലെന്ന് പറഞ്ഞ് തങ്ങൾ എല്ലാ പാശ്ചാത്യൻ സന്ദർശകരെയും തിരിച്ചയക്കുകയാണ് ചെയ്തിരുന്നത് 

ഒരിക്കൽ തന്റെ സുഹൃത്തുക്കളിൽ പെട്ട ചിലയാളുകൾ ബ്രിട്ടീഷുകാർ ഇന്ത്യ വിടുമോ എന്ന് തങ്ങളോട് ചോദിക്കുകയുണ്ടായി പരാജയം സ്വപ്നത്തിൽ പോലും കാണാൻ കഴിയാത്ത വിധം ബ്രിട്ടീഷുകാർ കുതിപ്പ് നടത്തിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു അത് മഹാനായ തങ്ങളവർകൾ ദീർഘ നേരത്തെ ആലോചനക്ക് ശേഷം പറഞ്ഞു:  ഇന്ത്യയിൽ ചങ്ങല വലിക്കുകയും മുറത്തിൽ നെല്ല് ചിക്കുകയും  ചെയ്യുന്ന കാലം വരും അന്ന് ബ്രിട്ടീഷുകാർ രാജ്യം വിടുന്നതാണ് 

1800- കളുടെ തുടക്കത്തിൽ ഇത്തരമൊരു പ്രവചനത്തിന്റെ അർത്ഥതലങ്ങൾ ഒരാൾക്കും തന്നെ മനസ്സിലായിരുന്നില്ല 1947 കാലഘട്ടങ്ങൾക്കു ശേഷം ഇന്ത്യ സാക്ഷിയായ ചില വസ്തുതകളിലേക്കായിരുന്നു ഇതിന്റെ സൂചന അത് പഠിക്കുകയും ചേർത്തു വായ്ക്കുകയും ചെയ്യുമ്പോഴാണ് ഇതിന്റെ അർത്ഥവ്യാപ്തി വ്യക്തമാവുന്നത് 
ഇവിടെ ഇന്ത്യയിൽ ചങ്ങല വലിക്കുമെന്നതിന്റെ വിവക്ഷ രാജ്യം വിഭജിക്കപ്പെടുമെന്നും സർവേ നടത്തപ്പെടുമെന്നുമാണ് മുറത്തിൽ നെല്ല് ചിക്കുമെന്നത് ഇന്ത്യാ രാജ്യം നേരിടുന്ന ദാരിദ്ര്യത്തെയും ഭക്ഷണ ദൗർഭല്യതയെയുമാണ് കുറിക്കുന്നത് അക്കാലത്ത് അങ്ങനെ ഒരു അവസ്ഥാവിശേഷം വന്നുപെട്ടിരുന്നുവെന്നത് വസ്തുതയാണ് ദാരിദ്ര്യ നിർമാർജനത്തിനായി ഭക്ഷണ വിതരണം നടത്താൻ റേഷൻ സംവിധാനം കടന്നുവരുന്നതും ഇത്തരുണത്തിലാണെന്ന വസ്തുത ചേർത്തു വായിക്കേണ്ടതാണ്
 
ബ്രിട്ടീഷുകാർക്കെതിരെ ശക്തവും തീവ്രവുമായ സമീപനങ്ങളാണ് തങ്ങളവർകൾ സ്വീകരിച്ചത് തനിമയാർന്ന ഇസ്ലാമിക പാരമ്പര്യത്തിലൂടെ മുന്നോട്ട് പോയിരുന്ന കേരളക്കരയിൽ സാംസ്കാരിക സാമ്രാജ്യത്വം വഴി അട്ടിമറി  ആഗ്രഹിച്ച പാശ്ചാത്യൻ സ്വപ്നങ്ങളെ ചെറുത്തുതോൽപിക്കാൻ തങ്ങൾ പദ്ധതികൾ ആവിഷ്കരിച്ചു ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പതാക വാഹകരും വക്താക്കളുമായിരുന്ന ജന്മിമാരുടെ അതിക്രമങ്ങളെ ശക്തമായി അപലപിക്കുകയും അവരെ സംരക്ഷിക്കുന്ന വെള്ളപ്പട്ടാളത്തെ തുരത്തുന്നതിന് മുസ്ലിം-ഹിന്ദു ഐക്യം അനിവാര്യമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു  
കെ.എം പണിക്കർ എഴുതുന്നു: മാപ്പിളമാരുടെ ബ്രിട്ടീഷ് വിരുദ്ധമനോഭാവം വികസിപ്പിക്കുന്നതിൽ ഒരു പ്രധാനപ്പെട്ട പങ്ക് സയ്യിദ് അലവി തങ്ങൾ വഹിക്കുകയുണ്ടായി 

ബ്രിട്ടീഷുകാർ സ്ഥാപിച്ച രാഷ്ട്രീയ-ഭരണ വ്യവസ്ഥയോട് തന്റെ സുഹൃത്ത്  ഉമർഖാളിയെപ്പോലെ അദ്ദേഹവും പ്രതികരിച്ചു പക്ഷെ ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ സമീപനം അൽപംകൂടി മതനിഷ്ഠമായിരുന്നു ബ്രിട്ടീഷുകാർക്കെതിരെ അന്ത്യംവരെ പോരാടുകയെന്നുണർത്തിച്ച് 'സൈഫുൽ ബത്താർ' എന്ന പേരിൽ അദ്ദേഹം ഇറക്കിയ ലഘു ലേഖ ഇത് ശരിക്കും വ്യക്തമാക്കുന്നുണ്ട് (മലബാർ കലാപം പ്രഭുത്വത്തിനും രാജവാഴ്ചക്കുമെതിരെ :81)  

മുറബ്ബിയായ ശൈഖു തന്നെ

ഖുത്വുബുസ്സമാൻ സയ്യിദ് അലവി തങ്ങൾ (റ) മുറബ്ബിയായ ശൈഖും ഖുത്വുബും ഗൗസുമാകുന്നു അലവിയ്യാ, ഖാദിരിയ്യാ എന്നീ ത്വരീഖത്തുകളുടെ ശൈഖായ തങ്ങളുടെ ചില മുരീദുമാരെ നേരത്തെ പറഞ്ഞിട്ടുണ്ട്  

എന്നാൽ ഖുത്വുബുസ്സമാൻ മമ്പുറം തങ്ങളെ സംബന്ധിച്ചും ചിലർ അജ്ഞത വെച്ചുപുലർത്തുന്നുണ്ട് തങ്ങളെ സംബന്ധിച്ച് വേണ്ടവിധം പഠിക്കാത്തതാണ് അവരുടെ അജ്ഞാതക്കു കാരണം 

സയ്യിദ് അലവി തങ്ങൾ (റ)വിന്റെ കറാമത്തുകളായി നാം എണ്ണുന്ന പല സംഭവങ്ങളും തങ്ങളുടെ ആത്മീയ ലോകത്തെ ഉന്നത പദവികൾക്ക് ശക്തി പകരുന്നതാണ് ആകാശം, ഭൂമി, ലൗഹ്, അർശ്, കുർസിയ്യ് തുടങ്ങി അല്ലാഹുവിന്റെ അധികാര പരിധിയിൽപെട്ട വസ്തുക്കളെ ആ മഹത്വത്തോടെത്തന്നെ തങ്ങളവർകൾ മനസ്സിലാക്കി അല്ലാഹു നൽകുന്ന കഴിവിന്റെ അടിസ്ഥാനത്തിൽ പല കാര്യങ്ങളും പ്രവചിക്കാനും ദീർഘവീക്ഷണത്തോടെ പ്രസ്താവിക്കാനും തങ്ങൾക്ക് കഴിഞ്ഞിരുന്നു അല്ലാഹുവുമായുള്ള സാമീപ്യത്തിന്റെ ആഴം കാരണം ലൗഹിൽ നോക്കി കാര്യങ്ങൾ വായിക്കാനുള്ള കഴിവ് വരെ തങ്ങൾ സ്വായത്തമാക്കി 
തന്നെ സമീപിക്കുന്ന ആളുകളുടെ മനസ് വായിക്കുക തങ്ങളുടെ ജീവിതത്തിൽ സാധാരണമായിരുന്നു നാട്ടിലെ കള്ളന്മാരെയും കുറ്റിവാളികളെയും അപകടകാരികളെയും തങ്ങൾ എളുപ്പത്തിൽ കണ്ടെത്തി  

മമ്പുറത്തിൽ ജീവിക്കുമ്പോൾ തന്നെ യമനിലെ തന്റെ കുടുംബക്കാരെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും ആരും പറയാതെത്തന്നെ തങ്ങൾ അറിഞ്ഞിരുന്നു ഒരിക്കൽ ഹള്റമൗത്തിലെ ഒരു വീടിന് തീ പിടിച്ചപ്പോൾ മമ്പുറത്തെ ഹൗളിൽ നിന്ന് വെള്ളം തേവിയത് അതുകൊണ്ടാണ് 

മറ്റൊരിക്കൽ തന്റെ പിതൃവ്യപുത്രൻ ഹസനുബ്ൻ സഹ്ലുമായി സംസാരിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് സയ്യിദ് അലവി തങ്ങൾ (റ) ഇങ്ങനെ പറഞ്ഞു: സയ്യിദ് അഹ്മദ് ജിഫ്രി വല്ലാത്തൊരു പണ്ഡിതനാണ് അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ കാലങ്ങൾക്കു ശേഷം ഹസനുബ്നു സഹ്ലിനു കാര്യം പിടികിട്ടി ആ നിമിഷത്തിലായിരുന്നു സയ്യിദ് അഹ്മദ് ജിഫ്രി (റ) മരണപ്പെട്ടത് 

സയ്യിദ് അലവി തങ്ങൾ (റ) വിന്റെ ബോധമണ്ഡലം മലബാറിലെന്നതിലപ്പുറം ലോകം മുഴുവൻ സഞ്ചരിക്കുകയായിരുന്നു എന്നതിന് വ്യക്തമായ തെളിവാണിത് 

താനൂർക്കാരന് പണം ബംഗാളിൽനിന്ന്

ഖുത്വുബുസ്സമാൻ സയ്യിദ് അലവി തങ്ങൾ മമ്പുറം (റ) വിന്റെ വിശാല ബന്ധങ്ങളും പരദേശ പരിചയങ്ങളും കുറിക്കുന്ന ധാരാളം സംഭവങ്ങളുണ്ട് അവയുടെ പ്രാധാന്യവും സ്ഥലബന്ധങ്ങളും കാല പരിസരങ്ങളും ആഴത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട് ആത്മീയ യാത്രകളുടെയും നിരീക്ഷണങ്ങളുടെയും വിപുലമായ സാധ്യതകളിലേക്കാണ് ഇവ വിരൽ ചൂണ്ടുന്നത് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ മാത്രമല്ല, വിവിധ രാഷ്ട്രങ്ങളിൽ വരെ തങ്ങളവർകളുടെ സ്വാധീനം പ്രകടമായതായി ചരിത്രമുണ്ട് താനൂർ നിവാസിയായിരുന്ന പങ്കിയാറങ്ങാന്റെകത്ത് മുഹമ്മദ് ഹാജിയുടെ അനുഭവം കാണുക : 

പെൺകുട്ടികളെ വിവാഹം ചെയ്ത് അയക്കാൻ കഴിവില്ലാത്ത ഒരു ദരിദ്രനായിരുന്നു അദ്ദേഹം സയ്യിദ് അലവി തങ്ങൾ (റ)വിനോട് വന്ന് വിവരം പറഞ്ഞപ്പോൾ ബംഗാളിൽ പോവണമെന്നായിരുന്നു നിർദ്ദേശം യാത്രക്കുള്ള സാമഗ്രികളും തങ്ങൾ നൽകി 
ബോംബെ വഴിയായിരുന്നു യാത്ര യാത്രാമധ്യേ ബോംബൈയിലെത്തിയപ്പോൾ മുഹമ്മദ് ഹാജി മമ്പുറം തങ്ങളെ കണ്ടുമുട്ടി ഒടുവിൽ ബംഗാളിൽ യാത്രയവസാനിച്ചു അവിടെ തങ്ങൾ നിർദ്ദേശിച്ചിരുന്ന ജാർമുഹമ്മദിനെ അന്വേഷിച്ചു കണ്ടെത്തി ചിത്തഭ്രമം കാരണം വിഷമമനുഭവിക്കുന്ന ആളായിരുന്നു അദ്ദേഹം തങ്ങൾ കൊടുത്തയച്ച പഞ്ചസാരയിൽനിന്ന് അൽപം ഹാജി അദ്ദേഹത്തിനു നൽകി അത് തിന്നതോടെ അദ്ദേഹത്തിന്റെ രോഗം മാറി 

സന്തോഷഭരിതനായ ജാർ മുഹമ്മദ് ഹാജിക്ക് വേണ്ടുവോളം പണം നൽകി ഹാജി സന്തോഷത്തോടെ മലബാറിലേക്ക് തിരിക്കുകയും ചെയ്തു. ഈ സംഭവത്തിൽ ഉത്തരം ലഭിക്കാത്ത നിരവധി ചോദ്യങ്ങളുണ്ട് എങ്ങനെ തങ്ങളവർകൾക്ക് ബംഗാളിലെ ജാർ മുഹമ്മദിനെക്കുറിച്ച് വിവരം കിട്ടി? എന്തിന് അദ്ദേഹത്തിന്റെ നന്മക്കു വേണ്ടി യത്നിച്ചു? എങ്ങനെ, എന്തിന് ബോംബെയിൽ വന്നു? ഇത്യാദി ചോദ്യങ്ങൾക്കെല്ലാം ഭൗതികമായി ഉത്തരം കാണുക പ്രയാസമാണ് അതോടൊപ്പം തന്നെ ഈ സംഭവത്തിൽ രണ്ടുപേരുടെയും പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കപ്പെടുന്നു ഇതിൽനിന്ന് സയ്യിദ് അലവി തങ്ങളുടെ പ്രവർത്തന ലോകത്തിന്റെ വിശാലത മനസ്സിലാക്കാൻ സാധിക്കും 

അറബിയുടെ ഖബ്ർ

യമനിയായിരുന്നത് കൊണ്ടുതന്നെ സ്വാഭാവികമായും അറബി ഭാഷയിൽ പ്രാവീണ്യമുള്ളവരായിരുന്നു മഹാനായ ഖുത്വുബുസ്സമാൻ മമ്പുറം തങ്ങൾ (റ) അതുകൊണ്ടുതന്നെ അന്യനാട്ടുകാരുമായി ആശയവിനിമയം നടത്താൻ തങ്ങൾക്കു കഴിഞ്ഞു അറബികൾ വരെ ആത്മീയ ദാഹം തീർക്കാൻ അവിടെയെത്തിയിരുന്നു 
ഒരിക്കൽ ഒരു അറബി മമ്പുറം വസതിയിൽ വെച്ച് മരണപ്പെട്ടു ശക്തമായ മഴക്കാലമായിരുന്നു അത് അനുചരന്മാർ ഖബ്ർ കുഴിച്ചെങ്കിലും വെള്ളം ഉറവയെടുക്കുന്നു പ്രശ്നം തങ്ങളുടെ അടുക്കലെത്തിയപ്പോൾ ഒരു സ്ഥലം നിർദ്ദേശിച്ചു അവിടെ ഖബ്ർ കുഴിച്ചപ്പോൾ വെള്ളമുണ്ടായിരുന്നില്ല ഒടുവിൽ അറബിയെ അവിടെ ആ ഖബ്റിൽ മറമാടി 

ഉഖൈൽ എന്ന പേരിടണം

വിശ്വാസിയുടെ വീക്ഷണത്തിൽ എല്ലാറ്റിന്റെയും കേന്ദ്രമായി പരിഗണിക്കുന്ന ഇടം മക്കയും കഅ്ബയുമാണല്ലോ ലോകത്തെ മൊത്തം വീക്ഷിക്കാൻ ഇവിടെനിന്ന് സാധിക്കും ഖുത്വുബുസ്സമാൻ മമ്പുറം തങ്ങളുടെ ആത്മീയ സാന്നിധ്യം സദാ ഈ ഭാഗങ്ങളിൽ ഉണ്ടായിരുന്നുവെന്നതിന് ധാരാളം തെളിവുകളുണ്ട് 

തങ്ങളവർകൾ ഒരിക്കൽ അബ്ദുല്ല എന്ന് പേരുള്ള ഒരു പണ്ഡിതനോട് ഇങ്ങനെ ഉപദേശിക്കുകയുണ്ടായി : ഇന്ന് മക്കയിൽ ഉഖൈലുബ്നു യഹ്‌യ എന്ന ഒരു പണ്ഡിതൻ മരിച്ചിരിക്കുന്നു താങ്കളുടെ ഭാര്യ ഗർഭിണിയാണല്ലോ അവൾ ഒരാൺകുഞ്ഞിന് ജന്മം നൽകും അവന് ഉഖൈൽ എന്ന് പേരിടണം ഭാര്യ പ്രസവിച്ചപ്പോൾ തങ്ങളുടെ പ്രവചനംപോലെ ഒരാൺകുഞ്ഞിനെ പ്രസവിച്ചു ഉഖൈൽ എന്ന് പേരിടുകയും ചെയ്തു 
നമ്മുടെ കുട്ടികൾക്ക് നല്ല പേരിടാൻ നാം സന്നദ്ധത കാണിക്കണം പ്രത്യേകിച്ചും മഹാന്മാരുടെയും മഹതികളുടെയും പേരുകൾ അവരുടെ ബറകത്ത് ഉദ്ദേശിച്ച് കുട്ടകൾക്കിടണം ഇത്തരം കാര്യങ്ങളിൽ ഒരിക്കലും നാം പുറകോട്ടടിക്കരുത് മഹാന്മാരെയും മഹതികളെയും സ്മരിക്കുകയും ഓർക്കുകയും ചെയ്യുന്നവർ സുന്നികൾ മാത്രമാണ്  
പിഴച്ചവരും പിഴപ്പിക്കുന്നവരുമായ ബിദഇകൾ എക്കാലത്തും മഹാന്മാർക്കെതിരിലാകുന്നു അവരിൽ ഒരിക്കലും ഒരു കാലത്തും മഹാന്മാരില്ല മഹാന്മാരുടെ നോട്ടവും അവർക്കില്ല 

മമ്പുറത്തിരുന്നു മക്കയിൽ വിധിക്കുന്നു

ഖുത്വുബുസ്സമാൻ മമ്പുറം തങ്ങളുടെ കാലത്ത് മക്കയിലെ ഭരണാധികാരി ഹറമിൽവെച്ച് ഒരു നല്ല മനുഷ്യനെ കൊല്ലുകയുണ്ടായി ഹറമിൽവെച്ച് രക്തം ചിന്താൻ പാടില്ലെന്ന ശരീഅത്തിന്റെ നിയമം കാറ്റിൽ പറത്തിയായിരുന്നു ഈ കൊല 
തത്സമയം തന്നെ തങ്ങളവർകൾ ഇതറിഞ്ഞു ശർഇനു വിരുദ്ധമായി പ്രവർത്തിച്ചവനെ ഉടനെ സ്ഥാനഭ്രഷ്ടനാക്കുക തങ്ങൾ വിളിച്ചു പറഞ്ഞു മമ്പുറത്തെ ശിഷ്യന്മാർക്ക് കാര്യം പിടികിട്ടിയില്ല പിന്നീടാണ് മക്കയിലെ കൊലയെക്കുറിച്ചും ഭരണമാറ്റത്തെക്കുറിച്ചുമെല്ലാം അവർ അറിഞ്ഞത് 

കള്ളൻ കപ്പലിൽ തന്നെ

ഒരിക്കൽ സയ്യിദ് അലവി തങ്ങൾ (റ)വിന്റെ അടുത്ത് വന്ന് ഒരാൾ തന്റെ വീട്ടു സാമഗ്രികൾ കളവ് പോയിട്ടുണ്ടെന്ന് പറഞ്ഞു പക്ഷേ മൂന്ന് ദിവസത്തോളം തങ്ങൾ അദ്ദേഹത്തോട് ഇവ്വിഷയകമായി യാതൊന്നും പ്രതികരിച്ചില്ല അദ്ദേഹം  ഈ ദിവസങ്ങളിൽ മമ്പുറത്ത് തന്നെ കഴിച്ചു കൂട്ടി 

മൂന്നാമത്തെ ദിവസം വയർ വേദനിക്കുന്നു , പ്രാർത്ഥിക്കണം എന്ന് പറഞ്ഞ് മറ്റൊരാൾ കടന്നു വന്നു തങ്ങൾ ഒന്നാമത്തെ വ്യക്തിയെ വിളിച്ച് ആഗതനെ ഏൽപിച്ച് പറഞ്ഞു: നീ ഇയാളെ വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകുക നിന്റെ വയർ വേദന ശിഫയാകുന്നതാണ് 

വീട്ടിലെത്തിയപ്പോൾ തന്റെ നഷ്ടപ്പെട്ട സാധനങ്ങളെല്ലാം അവിടെയുണ്ട് അയാൾക്കത് തിരിച്ചു കൊടുത്തപ്പോൾ രോഗം ശിഫയാകുകയും ചെയ്തു 

ഇവിടെ തങ്ങൾ സ്വീകരിച്ച സമീപനങ്ങൾ ശ്രദ്ധേയമാണ് വരാനിരിക്കുന്ന ഒരു സംഭവത്തെ ദീർഘദർശനം നടത്തി  അതിനുവേണ്ടി മൂന്ന് ദിവസത്തോളം കക്ഷിയെ വീട്ടിൽ നിർത്തി കുറ്റവാളിയെ തിരിച്ചറിഞ്ഞു അയാളെ പിടിച്ചു ശിക്ഷിക്കുന്നതിനു പകരം അയാൾ ഇഷ്ടപ്പെടുന്ന മാർഗത്തിൽ രണ്ടാളുടെയും പ്രശ്നങ്ങൾ പരിഹരിച്ചു കുറ്റവാളിക്ക് ജാളിത്യ സമ്മതിക്കുക വഴി തെറ്റിൽനിന്ന് അകന്നുനിൽക്കാൻ പ്രേരണയുമുണ്ടായി 

എല്ലാ സാധനവും ഇവിടെ വരും

മഹാനായ ഖുത്വുബുസ്സമാൻ മമ്പുറം തങ്ങൾ (റ) ഒരിക്കൽ തന്റെ പ്രധാന സുഹൃത്തുക്കളെ കൂടെ കൂട്ടി പ്രഭാതത്തിൽ തന്നെ യാത്ര തുടങ്ങി ഖമീസ് ധരിച്ച് കൈയിൽ ഒരു വടിയും പിടിച്ചായിരുന്നു യാത്ര  തിരൂരങ്ങാടിയിൽ നിന്നു സഞ്ചരിച്ച് കൽപകഞ്ചേരിയിലെത്തി അന്ന് മുസ്ലിംകൾ കൂട്ടത്തോടെ താമസിക്കുന്ന ഒരു സ്ഥലമായിരുന്നു അത് അവിടത്തെ പ്രധാന മുസ്ലിം തറവാടായിരുന്നു മണ്ടായപ്പുറം തറവാട് അഹ്മദ് കുട്ടി മൂപ്പനായിരുന്നു കാരണവർ സയ്യിദ് അലവി തങ്ങൾ (റ) നേരിട്ട് കയറിച്ചെന്നത് ആ വീട്ടിലേക്കാണ് അഹ്മദ് കുട്ടി മൂപ്പനും കാര്യസ്ഥന്മാരും സ്വകാര്യ മുറിയിലിരുന്ന് ചുതുരംഗം കളിക്കുകയായിരുന്നു വീട്ടിലെത്തിയ ചെറുപ്പക്കാരനെ ഭൃത്യന്മാർ ഊഷ്മളമായി സ്വീകരിച്ചു ഭക്ഷണങ്ങൾ നൽകി അഹ്മദ് കുട്ടി മൂപ്പനും സംഘവും അപ്പോഴും കളി തുടർന്നുകൊണ്ടേയിരുന്നു 

സമയം ഇഴഞ്ഞു നീങ്ങി ളുഹ്റ് നിസ്കരിക്കാൻ സമയമായി തങ്ങൾ നിസ്കരിച്ചു വന്നു അവർ കളി അവസാനിപ്പിക്കുന്ന യാതൊരു ലക്ഷണവുമില്ല മണിക്കൂറുകൾ കഴിഞ്ഞു പള്ളിയിൽ നിന്ന് അസ്വറ് ബാങ്കിന്റെ ശബ്ദമുയർന്നു സയ്യിദ് അലവി തങ്ങൾ (റ) നിസ്കാരത്തിനുള്ള ഒരുക്കങ്ങൾ നടത്തി അദ്ദേഹം നിസ്കരിച്ചു വന്നപ്പോഴും സംഘം കളി തുടരുകയാണ് തങ്ങൾക്കിത് സഹിക്കാനായില്ല 

തങ്ങൾ തന്റെ കൈയിലുണ്ടായിരുന്ന വടികൊണ്ട് മൂപ്പനെ ശക്തമായി അടിച്ചു ഇത് മൂപ്പന്റെ അനുയായികളെ രോഷാകുലരാക്കി അവർ തങ്ങളെ പിടിച്ചുകെട്ടാനായി മുന്നോട്ടു വന്നു അതു കണ്ട മൂപ്പൻ അവരോട് പറഞ്ഞു: വേണ്ട , അവരെ ഒന്നും ചെയ്യരുത് നമ്മുടെ വീട്ടിൽ കയറി എന്നെ അടിക്കാൻ ധൈര്യം കാണിച്ച ഇദ്ദേഹം സാധാരണക്കാരനല്ല നമ്മുടെ പ്രവർത്തനങ്ങളിൽ വല്ല തെറ്റും കണ്ടതിനാലായിരിക്കും അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത് 
ശേഷം മൂപ്പൻ സയ്യിദ് അലവി തങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: ഈ നാട്ടിലെ ഏറ്റവും വലിയ ജന്മിയും സമുദായ നേതാവുമാണ് ഞാൻ എന്ന കാര്യം നിങ്ങൾ അറിഞ്ഞിട്ടുണ്ടായിരിക്കും 

നിങ്ങൾ ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഞാൻ ക്ഷണിക്കാതെ ഇവിടെ കയറിവന്നു എന്റെ വീട്ടുകാർ നിങ്ങളെ ആദരപൂർവം സ്വീകരിക്കുകയും സൽകരിക്കുകയും ചെയ്തു അതേസമയം ഞാൻ ഇന്നാട്ടിലെ പൗരപ്രധാനികളുമായി ചതുരംഗം കളിക്കുമ്പോൾ അങ്ങ് പെട്ടെന്ന് കയറിവന്ന് എന്നെ അടിച്ചു ഇതിന്റെ കാരണം എനിക്ക് മനസ്സിലായില്ല , പറഞ്ഞു തരണം 

തങ്ങൾ പറഞ്ഞു: ഞാൻ ഇവിടെ വന്നിട്ട് സമയം ഏറെയായി അതിനിടയിൽ ളുഹ്റ് നിസ്കാരത്തിനും അസ്വറ് നിസ്കാരത്തിനുമുള്ള സമയം കഴിഞ്ഞു പോയി പക്ഷെ, നിങ്ങളെല്ലാവരും നിസ്കരിക്കാതെ കളി തുടരുകയായിരുന്നു സമയത്തിൽ നിസ്കരിക്കാനുള്ള സന്മനസ്സ് നിങ്ങൾക്കുണ്ടായില്ല നിസ്കാരം ഉപേക്ഷിക്കുന്നത് ശിക്ഷാർഹമാണ് ഒരാൾ തിന്മ പ്രവർത്തിക്കുന്നത് കണ്ടാൽ അദ്ദേഹത്തെ ബലമായി നന്മയിലേക്ക് കൊണ്ടുവരണം ഞാൻ നിങ്ങളെ ഉണർത്താൻ വേണ്ടിയാണ് അടിച്ചത് നിങ്ങൾ കൃത്യസമയത്ത് നിസ്കരിച്ചാൽ മറ്റുള്ളവരും നിങ്ങളെ അനുഗമിക്കും അത് ഈ നാട്ടിലെ ഇസ്ലാമിക ഉണർവിനും ഉത്തേജനത്തിനും കാരണമായിത്തീരും  
ഇത്രയും പറഞ്ഞ് തങ്ങളവർകൾ കൽപകഞ്ചേരിയിൽ നിന്ന് മമ്പുറത്തേക്ക് യാത്രതിരിച്ചു അപ്പോഴേക്കും തങ്ങൾ പണക്കാരനായ മണ്ടായപ്പുറം മൂപ്പനെ അടിച്ചവിവരം നാടുനീളെ പ്രചരിച്ചുകഴിഞ്ഞിരുന്നു 

തങ്ങൾ വീട്ടിലെത്തി അവിടെ  ഭാര്യ തങ്ങളെയും കാത്ത് നിൽക്കുകയായിരുന്നു ഭാര്യ ചോദിച്ചു: രാവിലെ പോയിട്ട് നമുക്ക് ഭക്ഷിക്കാൻ ഒന്നും കിട്ടിയില്ലേ? തങ്ങൾ പറഞ്ഞു: എല്ലാ 
സാധനവും ഇവിടെ വരും 

മണ്ടായപ്പുറം മൂപ്പന് തങ്ങളെ ശരിക്കും മനസ്സിലായിരുന്നു തന്നെ തിരിച്ചറിയുകയും സന്മാർഗത്തിലേക്ക് വഴിനടത്തുകയും ചെയ്ത തങ്ങൾക്ക് എന്തെങ്കിലും ഒരു സമ്മാനം കൊടുക്കണമെന്നദ്ദേഹം തീരുമാനിച്ചു താമസിയാതെ അരിയും പച്ചക്കറിയുമായി ഒരു തോണി നിറയെ സാധനങ്ങൾ മമ്പുറത്ത് എത്തിച്ചു കൊടുത്തു  

ചൂട്ടിന്റെ പിന്നിലെ രഹസ്യം

കൊച്ചിയിൽ നിന്ന് പുറപ്പെട്ട ഒരു ധനികന്റെ കപ്പൽ നിറയെ കച്ചവടച്ചരക്കുകളുമായി അറബിക്കടലിലൂടെ വിദേശ രാഷ്ട്രങ്ങളിലേക്ക് നീങ്ങുകയാണ് ഇതറിഞ്ഞ സയ്യിദ് അലവി തങ്ങൾ (റ) തന്റെ ആത്മമിത്രവും പാറക്കടവ് ഖാളിയുമായിരുന്ന വലിയ അബ്ദുൽ ഖാദിർ തങ്ങളോട് കുറച്ച് ചൂട്ടുകൾ കെട്ടി സൂക്ഷിക്കുവാൻ പറഞ്ഞു അഞ്ചു മാസങ്ങൾ കഴിഞ്ഞു പോയി അതിനിടെ ഒരിക്കൽ സയ്യിദ് അലവി തങ്ങൾ (റ) അദ്ദേഹത്തോട് ചൂട്ടുകൾ കൊണ്ടു വരാൻ കൽപിച്ചു അദ്ദേഹം ചൂട്ടുകൾ കൊണ്ടുവന്നു തങ്ങൾ മറ്റൊരാളെ വിളിച്ചു ഇവ ഓരോന്നായി കത്തിച്ച് തെങ്ങിന്ന് മുകളിൽ കയറി ഉയരത്തിൽ മിന്നാനായി കൽപിച്ചു കാലങ്ങളോളം ഇതിനു പിന്നിലെ രഹസ്യം ഒരാൾക്കും മനസ്സിലായില്ല 

അങ്ങനെയിരിക്കെയാണ് ഒരിക്കൽ ധനികനായ ഒരാൾ ധാരാളം വിലയേറിയ ചരക്കുകളുമായി സയ്യിദ് അലവി തങ്ങൾ (റ) വിന്റെ സന്നിധിയിലെത്തിയത് അയാൾ വളരെ ആദരവോടെ തങ്ങളോട് പറഞ്ഞു: പ്രിയപ്പെട്ടവരേ, ഞങ്ങളുടെ കപ്പൽ വലിയ ചരക്കുകളോടെ വിദേശത്തേക്ക് പോവുകയായിരുന്നു ഉൾക്കടലിലെത്തിയപ്പോൾ ശക്തമായ കാറ്റും കോളും വന്ന് ഞങ്ങൾക്ക് കപ്പൽ നിയന്ത്രിക്കാൻ സാധിക്കാതെയായി തിരമാലകളിൽ പെട്ട് കപ്പൽ ആടിയുലഞ്ഞു ഭയന്നുപോയ ഞങ്ങൾക്കു മുമ്പിൽ രക്ഷക്കായി യാതൊരു വഴിയുമുണ്ടായിരുന്നില്ല പെട്ടെന്നാണ് ചരക്കുകളെല്ലാം ഇവിടേക്ക് സംഭാവന ചെയ്യുക എന്ന ചിന്ത വന്നത് ഉടനടി ഞങ്ങൾ അത് ചെയ്തു അത്ഭുതമെന്നു പറയട്ടെ, ദൂരെ ഉയരത്തിൽ നിന്ന് ഒരു വെളിച്ചം പ്രത്യക്ഷമായി അതോടെ ഞങ്ങൾ ദിശ തിരിച്ചറിഞ്ഞു ആ ഭാഗത്തേക്ക് സഞ്ചരിച്ചു അങ്ങനെ രക്ഷപ്പെട്ട് വന്നതാണ് അതിനാൽ ഈ സംഭാവനകൾ അങ്ങ് സ്വീകരിക്കുക 

സയ്യിദ് അലവി തങ്ങൾ (റ) എല്ലാ സമ്മാനങ്ങളും സന്തോഷത്തോടെ സ്വീകരിച്ചു തന്നെ തേടിയെത്തിയ നിർധനരും നിസ്സഹായരുമായ ആളുകൾക്കായി അവ വിതരണം ചെയ്തു 
തനിക്കു കിട്ടുന്നതെല്ലാം പാവങ്ങൾക്ക് ഹദ് യ ചെയ്യുന്ന മഹത്തായ സ്വഭാവം തങ്ങൾക്കുണ്ടായിരുന്നു ഒരിക്കൽ ഭക്ഷണത്തിനായി ഇരുന്നപ്പോൾ കൂട്ടത്തിൽ തന്റെ പ്രധാന സേവകരിലൊരാളായ പുതുപ്പറമ്പിൽ കുഞ്ഞാലിയുമുണ്ട് വലിയ അരികൊണ്ടുണ്ടാക്കിയ കഞ്ഞിയാണ് തങ്ങൾ കുടിച്ചു കൊണ്ടിരുന്നത് ഇതുകണ്ടപ്പോൾ കുഞ്ഞാലിക്ക് മനോവിഷമം തോന്നി അദ്ദേഹം സ്വവസതിയിൽ പോയി ഒരു ചാക്ക് കുറിയ അരി ഉൾപ്പെടെ മൂന്ന് ചാക്ക് അരി മമ്പുറത്ത് കൊണ്ടുവന്നു കൊടുത്തു കുറിയ അരി തങ്ങൾക്ക് കഞ്ഞിവെക്കാൻ പ്രത്യേകമായി നൽകിയതായിരുന്നു 
അടുത്ത ദിവസം കുഞ്ഞാലി വീണ്ടും മമ്പുറത്ത് വന്ന് തങ്ങളോടൊപ്പം ഭക്ഷണം കഴിക്കാനായി ഇരുന്നു അന്നും വലിയ അരികൊണ്ടുള്ള കഞ്ഞിയാണ് തങ്ങൾ കുടിച്ചത് താൻ കൊടുത്തയച്ച മൂന്ന് ചാക്ക് അരിയും അന്നുതന്നെ തങ്ങളവർകൾ ദാനം ചെയ്തു കഴിഞ്ഞിരുന്നു എന്ന കാര്യം കുഞ്ഞാലിക്ക് അപ്പോഴാണ് മനസ്സിലായത് 

മമ്പുറം തങ്ങളുടെ ബ്രിട്ടീഷ് വിരോധം

വൈദേശികാധിപത്യത്തിനെതിരെയുള്ള ചെറുത്തുനിൽപ് മതപരമായ കൃത്യനിർവഹണത്തിന്റെ ഭാഗം കൂടിയായിരുന്നു മുസ്ലിംകൾക്ക് അക്രമകാരികളായ ഭരണാധികാരികൾക്കെതിരെയുള്ള നീക്കങ്ങൾ നീതിയുടെയും പുണ്യത്തിന്റെയും ഭാഗമായിരുന്നു അതിനാൽതന്നെ മുസ്ലിംകൾക്ക് ഇവ്വിഷയകമായി നേതൃത്വം നൽകാൻ മമ്പുറം തങ്ങൾ (റ) തന്റെ ബാധ്യതയായി കണ്ടു സമരാഹ്വാനങ്ങളിലൊക്കെയും മഹാൻ ഉയർത്തിപ്പിടിച്ചത് ഇതേ ആശയമായിരുന്നു 

വൈദേശികാധിപത്യം അടിസ്ഥാനപരമായി ഇസ്ലാമിന്റെ രാഷ്ട്രീയ വീക്ഷണങ്ങൾക്കെതിരല്ലെങ്കിലും പ്രജകളോട് അക്രമം കാണിക്കുകയും തദ്ദേശീയരെ ദുരതക്കടലിലാഴ്ത്തി ഇവിടത്തെ വിഭവങ്ങളും ഉൽപന്നങ്ങളും കൊള്ളയടിച്ച് സ്വന്തം നാട്ടിലേക്ക് കടത്തുകയും ജനങ്ങളെ അടിമകളാക്കുകയും പരസ്പരം ഭിന്നിപ്പിച്ച് സൗഹാർദപരമായ അന്തരീക്ഷം തകർക്കുകയും ചെയ്യുന്ന ഭരണകൂട വ്യവസ്ഥയെ എതിർക്കേണ്ടത് ശക്തിയും ചങ്കുറ്റവുമുള്ള ഏതൊരു വിശ്വാസിയുടെയും ബാധ്യതയാണ് ബ്രിട്ടീഷ് ഭരണകൂടത്തെ ആഗോളതലത്തിൽ തകർക്കുന്ന ഒരു സമരമുന്നേറ്റത്തിന് ഒരുങ്ങാതെ തദ്ദേശീയമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് ഖുത്വുബുസ്സമാൻ സയ്യിദ് അലവി തങ്ങൾ (റ) ശ്രമിച്ചത് 

ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളെ ജിഹാദ് എന്നാണ് തങ്ങൾ വിശേഷിപ്പിച്ചത് ഇവ്വിഷയകമായുള്ള ഫത് വകളിലും ജുമുഅ ഖുത്വുബകളിലുമെല്ലാം മഹാനവർകൾ ജിഹാദിന് തയ്യാറാവാൻ മുസ്ലിം സമൂഹത്തോട് ആഹ്വാനം ചെയ്തിരുന്നു 

മതത്തിന്റെയും സമൂഹത്തിന്റെയും അല്ലാഹുവിന്റെയും ശത്രുക്കളോട് നടത്തുന്ന സമരങ്ങളെ വിശുദ്ധ യുദ്ധമായി തന്നെയാണ് തങ്ങൾ കണ്ടത് പീഡിപ്പിക്കപ്പെടുമ്പോൾ പ്രതിരോധിക്കേണ്ടത് അനിവാര്യമാണെന്നും പ്രതിരോധ ശ്രമങ്ങൾക്കിടയിൽ മരണപ്പെട്ടാൽ ശഹീദാണെന്നും തങ്ങൾ പ്രഖ്യാപിച്ചു ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക്ക് കൂടുതൽ ജനപിന്തുണയും പങ്കാളിത്തവുമുണ്ടാവാൻ ഈ പ്രഖ്യാപനങ്ങൾ വഴിയൊരുക്കി ശഹീദാവാനുള്ള അടങ്ങാത്ത മോഹവുമായി യുവാക്കളും വയോധികരും കൊച്ചുബാലന്മാർ വരെ സമരരംഗത്തേക്കിറങ്ങി 

സമരരംഗത്തേക്കിറങ്ങാൻ സയ്യിദ് അലവി തങ്ങളെ പ്രേരിപ്പിച്ച മറ്റൊരു പ്രധാന ഘടകമായിരുന്നു ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ക്രിസ്തീയ പ്രബോധന പ്രചാരണ പ്രവർത്തനങ്ങൾ നാടിന്റെ വിവിധ ഭാഗങ്ങൾ ക്രിസ്തീയ പുരോഹിതരുടെ നേതൃത്വത്തിൽ നടന്നിരുന്ന മതപരിവർത്തനങ്ങൾ പൂർണമായും ഭരണ കൂടത്തിന്റെ അറിവോടെയും സഹായത്തോടെയുമായിരുന്നു ഒരു കൈയിൽ വാളും മറുകൈയിൽ ബൈബിളുമായാണ് ബ്രിട്ടീഷുകാർ ഇന്ത്യയിലേക്ക് വന്നതെന്ന് ഇവ്വിഷയകമായി ചരിത്രകാരന്മാർ പറയാറുണ്ട് (Historiography with special reference to India p:121) 

ഇവാഞ്ചലിക്കുകൾ എന്ന പേരിൽ അറിയപ്പെടുന്ന ക്രിസ്തീയ മിഷണറിമാർ നടത്തിയ  മതപരിവർത്തനങ്ങൾ മമ്പുറം തങ്ങളെ ഏറെ പ്രകോപിപ്പിച്ചിരുന്നു ജനങ്ങളുടെ പട്ടിണി , ദാരിദ്ര്യം തുടങ്ങിയ ദൗർബല്യങ്ങൾ ചൂഷണം ചെയ്ത് പിഴച്ച വഴികളിലേക്ക് ജനങ്ങളെ ആനയിക്കുന്നതിനെതിരെ മഹാനവർകൾ ജാഗരൂകരായി രംഗത്തിറങ്ങുകയായിരുന്നു നസ്രാണി എന്നാണ് തങ്ങൾ ബ്രിട്ടീഷുകാരെ വിശേഷിപ്പിച്ചത് വൈദേശിക ചൂഷണങ്ങൾക്കു പുറമെ മതത്തിനു മേലുള്ള കടന്നുകയറ്റം കൂടിയതോടെ തങ്ങളുടെ ബ്രിട്ടീഷ് വിരോധത്തിന്റെ മൂർച്ച വർധിക്കുകയായിരുന്നു  

ബ്രിട്ടീഷ് ഭരണകൂടം മുസ്ലിം സമൂഹത്തോട് സ്വീകരിച്ചിരുന്ന നിഷേധാത്മക നിലപാടും മമ്പുറം തങ്ങളെ ചൊടിപ്പിച്ചു മുസ്ലിംകൾക്ക് മാത്രം പ്രത്യേക നികുതികൾ ചുമത്തിയും കോടതികളിലും മറ്റും ഒറ്റപ്പെടുത്തിയും ഉദ്യോഗങ്ങളിൽ തീരെ നിയമിക്കാതെയുമൊക്കെ ബ്രിട്ടീഷുകാർ കാണിച്ചിരുന്ന വിവേചന നിലപാടുകൾ പൊതുവെ സമൂഹത്തിൽ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിരുന്നു സ്വന്തം സമൂഹം ഇത്രയധികം സ്വന്തം മണ്ണിൽ വൈദേശികളാൽ പീഡിപ്പിക്കപ്പെടുന്നത് ഒരു നേതാവിനും പൊറുക്കാനാവില്ല ഇങ്ങനെ പല കാരണങ്ങളാണ് മമ്പുറം തങ്ങളെ സമരവീഥികളിലിറങ്ങാൻ പ്രേരിപ്പിച്ചത് പെട്ടെന്നുള്ള വികാരമോ വിരോധമോ ഒന്നുമല്ല തങ്ങളെ മുന്നോട്ട് നയിച്ചത് മറിച്ച് നിലവിലെ ബ്രിട്ടീഷ് ക്രൂരതകൾ സ്വന്തം നാടിനും ജനതക്കും ഉണ്ടാക്കുന്ന വലിയ ബുദ്ധിമുട്ടുകളെ അതിജീവിക്കാനുള്ള നിരന്തര ശ്രമങ്ങളായിരുന്നു 

തങ്ങളുടെ പ്രവർത്തനങ്ങൾ ബ്രിട്ടീഷ് ഭരണകൂടത്തിന് വലിയ തലവേദനയായി പിന്നീടവർ ശ്രമിച്ചത് തങ്ങളെ തങ്ങളുടെ ചെൽപടിയിൽ നിർത്തുവാനുള്ള കുതന്ത്രം മെനയാനായിരുന്നു പല വാഗ്ദാനങ്ങളും തങ്ങൾക്കവർ നൽകിയെങ്കിലും അവയെല്ലാം പുല്ലുവില കൽപിച്ച് തള്ളിക്കളഞ്ഞു പ്രമുഖരായ പല ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരും തങ്ങളെ കാണാൻ പിന്നെയും മമ്പുറത്ത് നിരന്തരം വന്നിരുന്നുവെങ്കിലും തങ്ങളവർകൾ അവരെ കാണാൻ തീരെ കൂട്ടാക്കിയില്ല ഗവൺമെന്റ് ഉദ്യോഗസ്ഥന്മാരുമായി അഭിമുഖ സംഭാഷണം നടത്താൻ ഞാൻ ഇഷ്ടപ്പെടുന്നില്ല എന്നായിരുന്നു തങ്ങളുടെ പ്രതികരണം 

പ്രലോപനത്തിന്റെ വഴി നടപ്പാകില്ലെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാർ കലാപങ്ങളുടെ പേര് പറഞ്ഞ് തങ്ങളെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും പരാചയപ്പെടുകയായിരുന്നു ശക്തമായ ജനരോഷം ഭയന്ന് അവർ പിന്മാറുകയായിരുന്നു അതിൽ പരാചയപ്പെട്ട അവർ കുപ്രചരണങ്ങൾ അഴിച്ചുവിട്ടെങ്കിലും ഒന്നും തങ്ങളുടെ കാര്യത്തിൽ വിലപോയില്ല 
ബ്രിട്ടീഷ് വിരോധത്തിന്റെ വ്യക്തമായ ഉദാഹരണമാണ് 'സൈഫുൽ ബത്താർ' എന്ന കൃതി ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കിരാത നയങ്ങൾക്കെതിരെ ഈ കൃതിയിൽ തങ്ങൾ ആഞ്ഞടിക്കുന്നുണ്ട് എട്ടു ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇതിലെ ഉള്ളടക്കം മമ്പുറം തങ്ങളും അനുചരന്മാരും മുസ്ലിം മഹല്ലുകളിലേക്ക് രഹസ്യമായി അയച്ചിരുന്ന ഈ ഫത് വ ബ്രിട്ടീഷുകാർ കണ്ടെടുത്തു നശിപ്പിച്ചു 

സൈഫുൽ ബത്താർ കൈവശം വെക്കുന്നതും വായിക്കുന്നതും വിതരണം ചെയ്യുന്നതും ബ്രിട്ടീഷുകാർ കർശനമായി നിരോധിച്ചു പല വീടുകളിലും റെയ്ഡ് ചെയ്ത് കൃതിയുടെ കോപ്പികൾ കണ്ടുപിടിച്ച് നശിപ്പിച്ചു 

ബ്രിട്ടീഷുകാരോടുള്ള ശക്തമായ വിരോധവും കർക്കശ നിലപാടുകളുമാണ് ഈ കൃതിയിലുള്ളത് ബ്രിട്ടീഷ് എന്നു പറയുന്നതിന് പകരം നസ്രാണി എന്നാണ് അവരെ വിശേഷിപ്പിക്കുന്നത് ബുഖാരി, മുസ്ലിം, തുർമുദി, അബൂദാവൂദ്, നസാഈ, ഇബ്നുമാജ, മുസ്തദ്റക് എന്നീ ഹദീസ് ഗ്രന്ഥങ്ങളും ശാഫിഈ മദ്ഹബുകാരനായതിനാൽ മദ്ഹബിലെ ഗ്രന്ഥങ്ങളും ഈ കൃതിക്ക് ആധാരമാക്കിയത് ഇതിൽ തെളിഞ്ഞുകാണും ഇതിലെ എട്ടു ചോദ്യങ്ങളുടെയും കർത്താവ് സയ്യിദ് അബ്ദുല്ലാഹിബ്നു അബ്ദിൽ ബാരി(റ) ആകുന്നു മഹാൻ തങ്ങളുടെ സമകാലീനനും പണ്ഡിതശ്രേഷ്ഠനുമാണ് 

മമ്പുറം തങ്ങളുടെ കാലത്തെ കലാപങ്ങൾ

ബ്രിട്ടീഷുകാരുടെ മുസ്ലിം വിരോധം ശരിക്കു മനസ്സിലാക്കുകയും ശക്തമായി പോരാട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത മാഹാനാണ് ഖുത്വുബുസ്സമാൻ മമ്പുറം തങ്ങൾ (റ) പോർച്ചുഗീസുകാർ വളരെ പരസ്യമായിത്തന്നെ തങ്ങളുടെ മുസ്ലിം വിദ്വേഷം പ്രകടിപ്പിച്ചപ്പോൾ തന്ത്രപരമായി കരുക്കൾ നീക്കി മുസ്ലിംകളെ അടിച്ചമർത്തുക എന്നതായിരുന്നു ബ്രിട്ടീഷുകാരുടെ നയം യൂറോപ്പിൽ നടത്തി പരാജയപ്പെട്ട കുരിശുയുദ്ധത്തിന്റെ തുടർച്ചയായിരുന്നു പോർച്ചുഗീസുകാർ ചെന്നിടത്തെല്ലാം മുസ്ലിംകൾക്കെതിരെ അക്രമങ്ങൾ അഴിച്ചു വിട്ട് നടത്തിയിരുന്നത് ബ്രിട്ടീഷുകാരും അതുതന്നെ ആവർത്തിച്ചു (കേരള മുസ്ലിം ഡയറക്ടറി : 330) 

മുസ്ലിംകളെ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും അടിച്ചമർത്താൻ ബ്രിട്ടീഷുകാർ ആവുന്നത്ര ശ്രമിച്ചു 1767 മുതൽ കേരള മുസ്ലിം ജനതയുടെ ഓരോ  മിടിപ്പുകളും അറിഞ്ഞ മമ്പുറം തങ്ങൾ ബ്രിട്ടീഷുകാരുടെ നയങ്ങളിലെ മുസ്ലിം വിരോധം മനസ്സിലാക്കി പുറത്ത് മതസഹിഷ്ണുതയും സമഭാവനയും പ്രകടിപ്പിച്ച് കുതന്ത്രങ്ങളിലൂടെ മുസ്ലിം സമുദായത്തെ ഉന്മൂലനം ചെയ്യുകയെന്നതായിരുന്നു ബ്രിട്ടീഷ് നിലപാട് അവരുടെ ഓരോ പ്രവർത്തനങ്ങളെയും പരിഷ്കാര രീതികളെയും മുൻനിർത്തി തങ്ങളവർകൾ എല്ലാം വായിച്ചെടുത്തു 

ഭരണകൂടത്തിന്റെ കുതന്ത്രങ്ങൾ തിരിച്ചറിഞ്ഞ തങ്ങൾ തന്റെ വിപ്ലവവീര്യം ജനങ്ങളിലേക്ക് പകർന്നു നൽകാനും സമര വഴികളിലേക്ക് അവരെ ആനയിക്കാനും ശ്രദ്ധ പുലർത്തി ഇസ്ലാം അനുശാസിക്കുന്ന വിശുദ്ധ യുദ്ധങ്ങളിലേക്ക് മാപ്പിളമാരെ ക്ഷണിച്ചു കൊണ്ട് തങ്ങൾ രചിച്ച കൃതികൾ വിശ്വാസികൾ നെഞ്ചിലേറ്റി അതോടെ ബ്രിട്ടീഷ് അധികാര കേന്ദ്രങ്ങൾക്കെതിരെ മലബാറിന്റെ മുക്കുമൂലകളിൽ നിന്നു പ്രതിഷേധങ്ങൾ സമരരൂപത്തിൽ ബഹിർഗമിക്കാൻ തുടങ്ങി 

മുട്ടിച്ചിറ കലാപം

ഖുത്വുബുസ്സമാൻ മമ്പുറം തങ്ങളുടെ ആശിർവാദത്തോടെ നടന്ന കലാപമാണ് 1841-ൽ നടന്ന മുട്ടിച്ചിറ കലാപം മുട്ടിച്ചിറ കലാപത്തിനു മുമ്പായി 1817-ന് ശേഷം പ്രധാനമായും അഞ്ച് പ്രക്ഷോപങ്ങളാണ് നടന്നത് 1841 -ൽ ഏപ്രിൽ പള്ളിപ്പുറത്ത് നടന്ന പ്രക്ഷോപം വളരെ കിരാതമായ സൈനിക നടപടികളിലൂടെ ബ്രിട്ടീഷുകാർ അടിച്ചൊതുക്കുകയുണ്ടായി അതിനാൽ തന്നെ സമീപ ഭാവിയിൽ ഒരു കലാപം നടക്കാൻ ഒരു സാധ്യതയുമില്ലെന്നായിരുന്നു ബ്രിട്ടീഷുകാരുടെ കണക്കുകൂട്ടലുകൾ എന്നാൽ ആറാമാസത്തിനു ശേഷം നടന്ന മുട്ടിച്ചിറ കലാപം ആ ധാരണകളെയെല്ലാം തിരുത്തിയെഴുതി 

മമ്പുറം തങ്ങൾ എഴുതിയ സൈഫുൽ ബത്താർ അന്നത്തെ ജനസമൂഹത്തിനിടയിൽ വലിയ വിപ്ലവാവേശം വളർത്തി പല യോദ്ധാക്കളും കലാപത്തിന് മുമ്പ് മമ്പുറത്ത് വന്ന് തങ്ങളെ കണ്ട് അനുഗ്രഹം വാങ്ങാറുണ്ടായിരുന്നു തങ്ങൾ അവർക്കെല്ലാം ആശിർവാദങ്ങൾ നൽകി വിശുദ്ധ യുദ്ധത്തിനാണവർ പോകുന്നത്  എന്ന ഉറച്ച ധാരണയുണ്ടായിരുന്നു മഹാനവർകൾക്ക് 

കേരള മുസ്ലിം പോരാട്ട ചരിത്രത്തിൽ സവിശേഷ സ്ഥാനം വഹിക്കുന്ന സമരമാണ്  1841 നവംബറിൽ നടന്ന മുട്ടിച്ചിറ കലാപം മമ്പുറം തങ്ങളുടെ പ്രകടമായ എല്ലാ പിന്തുണയും ഈ യുദ്ധത്തിനുണ്ടായിരുന്നു പോരാളികൾക്ക് തന്നെക്കൊണ്ടാവുന്ന സർവ ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകാൻ മമ്പുറം തങ്ങൾ ശ്രദ്ധിച്ചിരുന്നു പള്ളിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കലാപത്തിലേക്ക് വഴിയൊരുക്കിയത് തോട്ടശ്ശേരി താച്ചു പണിക്കർ എന്ന നമ്പൂതിരിയുടെ നീതിരഹിതമായ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയും പക്ഷം പിടിക്കുകയും ചെയ്ത ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ നടപടികളായിരുന്നു കലാപത്തിന്റെ മൂലകാരണം മുസ്ലിംകളുടെ ആരാധനാലയമായ പള്ളി അധികാര ഡംഭിന്റെ മേലിൽ പിടിച്ചെടുക്കാനായിരുന്നു താച്ചു പണിക്കരുടെ ശ്രമം അതിന് താലൂക്കിലെ കോൽക്കാരനും ഇതര ഉദ്യോഗസ്ഥരും ബ്രിട്ടീഷ് മേലധികാരികളുടെ നിർദേശാനുസരണം എല്ലാ ഒത്താശകളും ചെയ്തു കൊടുത്തു പള്ളി പരിപാലകനും മേൽനോട്ടക്കാരനുമായ മൊയ്തീൻ കുട്ടിയെയും മറ്റുള്ളവരെയും അറസ്റ്റ് ചെയ്യാൻ അവർ പള്ളിയിലെത്തി ഇതിനെതിരെയുള്ള ചെറുത്തുനിൽപ്പാണ് കലാപത്തിലേക്ക് വഴിവെച്ചത് (മലബാർ കലാപം:88)

കലാപം നടക്കുന്നതിന് മുമ്പ്  ഇതിലുൾപ്പെട്ടിരുന്ന പതിനൊന്ന് പേരിലൊരാളായ പാത്തിൽ വലിയ കുഞ്ഞോലൻ തഹസിൽദാർക്ക് എഴുതിയ കുറിപ്പിൽ കലാപ കാരണം വിവരിക്കുന്നു തോട്ടശ്ശേരി താച്ചു പണിക്കർ താലൂക്ക് കച്ചേരിയിൽ ചെന്ന് തെറ്റായ ചില പരാതികൾ നൽകി താലൂക്ക് കച്ചേരിയിലെ മൂന്നിയൂർ ദേശത്ത് സ്ഥിതിചെയ്യുന്ന വെളിമുക്കിൽ താമസിക്കുന്ന ഞങ്ങൾ ഒമ്പത് പേരെ പിടിച്ചുവലിച്ച് കൊണ്ടുവരാൻ കൊല്ലപ്പെട്ട കോൽക്കാരൻ അച്യുതനെയും മറ്റു നാലഞ്ചു പേരെയും പറഞ്ഞയച്ചു നോമ്പ് ഇരുപത്തിയെട്ടിന് സൂര്യാസ്തമയത്തിന്റെ അര നാഴിക മുമ്പ് അച്യുതൻ പള്ളിയിലെത്തുകയും ചീത്ത വിളിക്കുകയും പുറത്തിറങ്ങിവരാൻ ആവശ്യപ്പെടുകയും ചെയ്തു അതുകേട്ട ഞങ്ങൾ നോമ്പ് തുറന്ന് കഞ്ഞികുടിച്ച ശേഷം വരാമെന്ന് പറഞ്ഞപ്പോൾ കോൽക്കാരനും പണിക്കരും വെളിമുക്ക് പള്ളിയുടെ ഉടമസ്ഥനായ മൊയ്തീൻ ഇക്കാക്കയുടെ വലതുകൈ പിടിച്ച് കിണറ്റിനടുത്തേക്ക് വലിച്ചിഴച്ച് കൊണ്ടു പോവുകയും അവശനായിരുന്ന അദ്ദേഹത്തെ വലീച്ചെണീപ്പിക്കുകയും ചെയ്തു താലൂക്ക് കച്ചേരിയിൽനിന്ന് പണിക്കർ മടങ്ങിവരാൻ ആയുധവുമായി കാത്തുനിന്ന ഞങ്ങൾ അപ്പോൾ ചെയ്യേണ്ടതെല്ലാം ചെയ്തു അതിനുശേഷം ഇന്നുവരെ പരാതിക്ക് പ്രോത്സാഹനം നൽകിയ തഹസിൽദാറെയും അട്ടക്കൽ കിട്ടുവിനെയും കൈയിൽ കിട്ടാൻ കാത്തിരിക്കുകയാണ് ഞങ്ങൾ (മലബാറിലെ സമരങ്ങളും വിപ്ലവങ്ങളും: 100) 

പ്രാർത്ഥനാവേളയിൽ തടസ്സമുണ്ടാക്കി മോശമായി പെരുമാറിയതിലുള്ള കോപം അടക്കവയ്യാതെ കോൽക്കാരൻ അച്യുതനെ അവർ കൊല്ലുകയാണ് ചെയ്തത് മുമ്പുള്ള ശത്രുതയും പ്രശ്നങ്ങളുടെ മുഴുവൻ അടിത്തറയും പണിക്കരാണെന്നുള്ള ഉറച്ച വിശ്വാസവും കാരണം അയാളെയും വകവരുത്തി ശേഷം സമീപത്തെ പള്ളിയിൽ കയറിയിരുന്നു അറസ്റ്റ് ചെയ്യാൻ വന്ന പോലീസുകാരെ നാട്ടുകാർ തുരത്തി ഓടിച്ചു സർക്കാറിനു മുന്നിൽ സ്വയം കീഴടങ്ങാൻ അവർ ഒട്ടും ഒരുക്കമായിരുന്നില്ല പിടികിട്ടിയാൽ എന്തുതന്നെയായാലും സർക്കാർ തങ്ങളെ തൂക്കിലേറ്റുമെന്നിരിക്കെ പൊരുതി ശഹീദായി മരിക്കാൻ അവർ പ്രതിജ്ഞ ചെയ്തു പോലീസുകാർ നിരാശരായി ഇളിഭ്യരായി മടങ്ങേണ്ടിവന്നപ്പോൾ ഭരണകൂടം പട്ടാളത്തെ ഇറക്കി പതിനൊന്ന് പേരെ നേരിടാനാണ് നാൽപതിലധികം വരുന്ന സൈനികരെ സർക്കാർ ഇറക്കിയത് അവർ പള്ളി ലക്ഷ്യമാക്കി നീങ്ങി അവരുമായി നടന്ന ഉഗ്ര പോരാട്ടത്തിൽ മാപ്പിള പോരാളികൾ പതിനൊന്നു പേരും ശഹീദായി ബ്രിട്ടീഷ് സൈനികരുടെ ആധുനിക തോക്കുകളെയും ആയുധങ്ങളെയും നേരിടാൻ മുസ്ലിം പടയാളികളുടെ കൈയിൽ കൊടുവാളുകളും പരിചകളും മാത്രമാണുണ്ടായിരുന്നത് 

ചേറൂർ കലാപം

ഖുത്വുബുസ്സമാൻ മമ്പുറം തങ്ങൾ (റ) നേരിട്ടു പങ്കെടുത്ത ഏക കലാപമാണ് ചേറൂർ കലാപം ആദ്യകാലത്ത് നടന്ന മാപ്പിള പോരാട്ടങ്ങളിൽ പ്രത്യേക  പ്രാധാന്യമർഹിക്കുന്ന ഒന്നാണിത് 1843 ഒക്ടോബർ 19 (ഹിജ്റ 1252 റമളാൻ 29) നാണ് കലാപം നടക്കുന്നത് തിരൂരങ്ങാടി, വെന്നിയൂർ, ചേറൂർ എന്നിവിടങ്ങളായിരുന്നു പ്രധാന കലാപ കേന്ദ്രങ്ങൾ ഒരു അമുസ്ലിം സ്ത്രീ ഇസ്ലാം സ്വീകരിച്ചതിനെ തുടർന്നുണ്ടായ ശബ്ദ കോലാഹലങ്ങളാണ് വലിയൊരു സമരത്തിന് വഴിയൊരുക്കിയതെന്നാണ് പ്രബലം (കേരള മുസ്ലിംകൾ പോരാട്ടത്തിന്റെ ചരിത്രം: 146) 

എന്നാൽ ഇതു മാത്രമായിരുന്നു കലാപത്തിനുള്ള കാരണമെന്ന് പറയാവതല്ല ജന്മിത്വത്തിനും ബ്രിട്ടീഷ് ആധിപത്യത്തിനുമെതിരെ ദുരിത ജീവിതം നയിക്കുന്ന ജനങ്ങളുടെ അന്തരങ്ങളിൽ അടിഞ്ഞുകൂടിയ വിദ്വേഷവും ശത്രുതയും പെട്ടെന്നുള്ളൊരു കാരണത്തിന്റെ പശ്ചാത്തലത്തിൽ പൊട്ടിയൊലിക്കുകയായിരുന്നു വെന്നതാണ് യാഥാർത്ഥ്യം 

കലാപത്തിന്റെ പെട്ടെന്നുള്ള കാരണമായി മുസ്ലിം പ്രാമാണിക ചരിത്രം രേഖപ്പെടുത്തുന്നതിങ്ങനെയാണ്: തിരൂരങ്ങാടി സമീപത്തുള്ള വെന്നിയൂരിൽ നിന്ന് മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളും മമ്പുറം തങ്ങളുടെ അടുത്ത് വന്ന് ഇസ്ലാം സ്വീകരിച്ചു ശഹാദത്തു കലിമ അവർക്കു ചൊല്ലിക്കൊടുത്ത ശേഷം അവരുടെ പഴയ പേരുകളെല്ലാം തങ്ങൾ മാറ്റി അഹ്മദ്, ഹുസൈൻ, സാലിം എന്നിവ പുരുഷന്മാർക്കും ആഇശ, ഖദീജ, ഹലീമ എന്നിവ സ്ത്രീകൾക്കും പേരിട്ടു സ്ത്രീകൾക്ക് മേൽക്കുപ്പായവും പുരുഷന്മാർക്ക് തൊപ്പിയും അണിയിച്ചു ഹിജ്റ 1252 റജബിലായിരുന്നു ഇവിടെ ഇസ്ലാം ആശ്ലേഷണം (അശ്ശുഹദാഉൽ ഹലിയ്യ ഫീ മനാഖിബിശ്ശുഹദാഇൽ ചേറൂരിയ്യ: 9) 

വെന്നിയൂരിലെയും സമീപ പ്രദേശങ്ങളിലെയും ജന്മിയായി അന്നുണ്ടായിരുന്നത് കാപ്പാട് കൃഷ്ണപ്പണിക്കരായിരുന്നു അയാളുടെ പാടത്ത് പണിയെടുക്കുന്ന തൊഴിലാളികളായിരുന്നു ഈ ആറുപേരും അതിനാൽ തന്നെ ഇവരുടെ ഇസ്ലാമാശ്ലേഷണം അദ്ദേഹത്തിന് ഒട്ടും സഹിച്ചില്ല പാടത്ത് പണിയെടുക്കുകയായിരുന്ന ഈ നവമുസ്ലിംകളുടെ അടുത്തെത്തി മേൽക്കുപ്പായങ്ങൾ അയാൾ ദേഷ്യം പിടിച്ച് വലിച്ചുകീറുകയും അവരെ അധിക്ഷേപിക്കുകയും ചെയ്തു എത്രയും പെട്ടെന്ന് പുതിയ മതം ഉപേക്ഷിച്ച് പഴയ ആചാരങ്ങളിലേക്ക് മടങ്ങാൻ നിർബന്ധിച്ചു (അശ്ശുഹദാഉൽ ഹലിയ്യ:11)  

ഇസ്ലാം സ്വീകരിച്ച സ്ത്രീകളിലൊരുത്തി അയിത്തമൊന്നും പാലിക്കാതെ കുപ്പായം കുപ്പായംധരിച്ച് ജന്മിയുടെ അടുത്ത് നിന്നപ്പോൾ കോപാകുലനായി പണിക്കർ അവളുടെ കുപ്പായം വലിച്ചുകീറുകയും ആക്ഷേപിക്കുകയും ചെയ്തു (കേരള മുസ്ലിംകൾ പോരാട്ടത്തിന്റെ ചരിത്രം:146) 

സംഭവമറിഞ്ഞ മമ്പുറം തങ്ങൾ (റ) ഏറെ ദുഃഖിതനായി തന്റെ പ്രവൃത്തിയെ കുറിച്ച് വീണ്ടുവിചാരമുണ്ടായപ്പോൾ താൻ ചെയ്തത് വലിയ  പാപമാണെന്നും മമ്പുറം തങ്ങളുപ്പാപ്പ ഇത് സഹിക്കില്ലെന്നും കൃഷ്ണപ്പണിക്കർക്ക് തിരിച്ചറിവുണ്ടായി എത്രയും പെട്ടെന്ന് അയാൾ മമ്പുറത്തെത്തി തങ്ങളെ കണ്ടു സംഭവത്തിന്റെ തീവ്രതയിൽ രോഷാകുലനായിരിക്കുകയായിരുന്നു തങ്ങൾ അപ്പോൾ അയാൾ പറഞ്ഞു: ഞാനങ്ങനെയൊന്നും ചെയ്തിട്ടില്ല ഇനിയൊരിക്കലും ചെയ്യുകയുമില്ല എല്ലാം എന്റെ അസൂയാലുക്കൾ കെട്ടിച്ചമച്ചുണ്ടാക്കിയ കെട്ടുകഥകളാണ് തങ്ങൾ എന്നെ തെറ്റുധരിക്കരുത് കൂടെ കൊണ്ടുവന്ന അനുയായികൾ ജന്മി പറഞ്ഞത് സത്യമാണെന്ന് സാക്ഷിനിന്നു തങ്ങൾ പറഞ്ഞു: ഛെ, ചെയ്തത് വളരെ മോശം പോരാത്തതിന് കള്ളവും പറയുന്നു തന്റെ തന്ത്രങ്ങളും അടവുകളും വിലപോവില്ലെന്ന് മനസ്സിലാക്കിയ അയാൾ തങ്ങളോട് മാപ്പപേക്ഷിച്ചു തങ്ങൾ പറഞ്ഞു: നീ ചെയ്തത് നീചകൃത്യമാണ് നിന്റെ അധികാരം അധികം നീണ്ടുനിൽക്കുകയില്ല നീ നിന്റെ തെറ്റിന് തക്ക ശിക്ഷ അനുഭവിക്കേണ്ടിവരും അയാൾ നിരാശനായി തിരിച്ചു പോയി അനുദിനം അയാളുടെ ശരീരവും ആരോഗ്യവും ക്ഷയിച്ചുകൊണ്ടിരുന്നു ഭരണകാര്യങ്ങളോ കൃഷി കാര്യങ്ങളോ ഒന്നും ശ്രദ്ധിക്കാനാവാത്ത സ്ഥിതി വന്നു (അശ്ശുഹദാഉൽ ഹലിയ്യ: 13,14) 

ബ്രിട്ടീഷ് ഗവൺമെന്റിന്റെ അധികാരി കൂടിയായിരുന്ന  അദ്ദേഹത്തിനെതിരെ മമ്പുറം തങ്ങൾക്കെതിരായുള്ള അവഹേളനത്തിനെതിരെ മാപ്പിളമാർ പരാതി നൽകി അതനുസരിച്ച് സർക്കാർ അധികാരി സ്ഥാനത്തുനിന്ന് അയാളെ നീക്കം ചെയ്തു മമ്പുറം തങ്ങളുടെ വാക്കുകൾ യാഥാർത്ഥ്യമാവുകയായിരുന്നു അവിടെ  

വാർത്താവിനിമയ മാധ്യമങ്ങളും ആശയ കൈമാറ്റ വഴികളും വളരെ വിരളമായിരുന്ന അക്കാലത്ത് ഓരോ വാർത്തയും ജനങ്ങൾ അറിഞ്ഞിരുന്നത് അങ്ങാടികളിൽ നിന്നും ചന്തകളിൽ നിന്നുമായിരുന്നു ദിവസങ്ങളെടുക്കുന്ന ഈ വിനിമയ മാർഗത്തിലൂടെയാണ് കപ്രാപ് കൃഷ്ണപ്പണിക്കരുടെ അവഹേളന വാർത്ത ഇതര നാടുകളിലെ മാപ്പിളമാരുടെ ചെവിയിലെത്തുന്നത് മലപ്പുറത്തിനടുത്തുള്ള പൊൻമളയിലേ ചില മുസ്ലിം യുവാക്കൾ വിവരമറിഞ്ഞ്, ഇസ്ലാമിനെയും മുസ്ലിംകളെയും അവഹേളിച്ച പണിക്കർക്കെതിരെ വെന്നിയൂറുകാർ യാതൊരു നടപടിയും കൈകൊണ്ടില്ലെന്നറിഞ്ഞപ്പോൾ ഈമാനികാവേശത്തോടെ പ്രഖ്യാപിച്ചു: നമ്മെ അവഹേളിച്ച ആ പിശാചിനെ വകവരുത്തിയിട്ടേ ഞങ്ങൾ അടങ്ങൂ (അശ്ശുഹദാഉൽ ഹലിയ്യ:17 ) 

കൂട്ടത്തിൽ കൂടുതൽ പ്രതാപിയും ജ്ഞാനിയുമായിരുന്ന പൂര്യാടൻ മുഹ്‌യിദ്ദീൻ എന്ന ആളായിരുന്നു സംഘത്തിന്റെ നേതാവ് പട്ടർക്കടവ് മാഹിന്റെ മകൻ ഹുസൈൻ മരക്കാർ മുഹ്‌യിദ്ദീൻ  , പൂന്തിരത്ത് ഇസ്മാഈൽ തുടങ്ങിയവർ അംഗങ്ങളായിരുന്നു 
വലിയൊരു ദൗത്യവുമായി ഇറങ്ങിത്തിരിച്ച അവർക്ക് നാട്ടുകാരെല്ലാം ചേർന്ന് വലിയ യാത്രയയപ്പ് നൽകിയിരുന്നു മമ്പുറം തങ്ങൾ (റ) വിന്റെ അടുത്തേക്കാണ് അവർ പോയത് തങ്ങളെ കണ്ട് വിവരം പറഞ്ഞു തങ്ങൾ പറഞ്ഞു: മതത്തിന്റെ ദൗത്യനിർവഹണവുമായി ഇറങ്ങിത്തിരിച്ച നിങ്ങൾക്ക് എന്റെ സർവ സഹായവുമുണ്ട് യാതൊരു താമസവും കൂടാതെ നിങ്ങൾ ലക്ഷ്യം പൂർത്തീകരിക്കാൻ ഇറങ്ങിത്തിരിക്കുക സസന്തോഷം എല്ലാ ആശിർവാദങ്ങളോടെയും അവർ അവിടെനിന്ന് ഇറങ്ങിത്തിരിച്ചു 
റമളാൻ 18-ന് രാത്രി വെന്നിയൂരിലെത്തിയ അവർ നെൽപാടങ്ങൾക്ക് സമീപത്തുള്ള കൃഷ്ണപ്പണിക്കരുടെ വീട് മനസ്സിലാക്കി അടുത്തുതന്നെയുള്ള കുറ്റിക്കാട്ടിൽ മറഞ്ഞിരുന്നു ചാരത്തുള്ള കുളത്തിലേക്ക് പണിക്കർ പതിവുപോലെ കുളിക്കാൻ പോവുന്ന അവസരത്തിൽ വകവരുത്താനായിരുന്നു അവരുടെ പദ്ധതി 

എന്നാൽ 8 ദിവസം കാത്തിരുന്നിട്ടും അവർക്ക് ലക്ഷ്യം കാണാനായില്ല ആ ദിവസങ്ങളിലൊന്നും അയാൾ അങ്ങോട്ട് കുളിക്കാൻ വന്നില്ല എന്നതു തന്നെയായിരുന്നു കാരണം റമളാൻ 26-ന് അയാൾ ആ വഴി വന്ന ഉടനെ ഇവർ അയാൾക്കു നേരെ ചാടിവീണ് വകവരുത്തി മറ്റുള്ളവർക്ക് ഒരു പാഠമെന്നോണം തലയറുത്തെടുത്ത് സമീപത്ത് വലിയൊരു കുന്തത്തിൽ നാട്ടിനിർത്തി അന്നേരം സ്വന്തം വീട്ടിലിരിക്കുകയായിരുന്ന ഖുത്വുബുസ്സമാൻ മമ്പുറം തങ്ങൾ (റ) കൂടെയുള്ളവർക്ക് സംഭവങ്ങളെല്ലാം സ്വന്തം കൺമുമ്പിൽ കാണുന്നതുപോലെ വിവരിച്ചു കൊടുത്തിരുന്നു അയാൾ കൊല്ലപ്പെട്ടപ്പോൾ തങ്ങൾ പറഞ്ഞു: നമ്മെ അവഹേളിച്ച ആ നീചന്റെ നിന്ദ്യമായ അന്ത്യം അല്ലാഹുവിന്റെ വിധിപോലെ ഇതാ നടന്നുകഴിഞ്ഞിരിക്കുന്നു 

കൃത്യത്തിനുശേഷം പോരാളികൾ അൽപനേരം ശത്രുക്കളെയും പ്രതീക്ഷിച്ച് അവിടെത്തന്നെ നിന്നു ആരും വരുന്നില്ലെന്ന് കണ്ടപ്പോൾ അവർതന്നെ ഒച്ചയിട്ട് ജനങ്ങളെ വിവരമറിയിക്കുകയും പണിക്കരുടെ അനുയായികളെ പോരിന് വിളിക്കുകയും ചെയ്തു പേടിച്ച് വിറച്ച് എല്ലാവരും സ്വന്തം വീടുകളിൽ വാതിലടച്ച് ഒതുങ്ങിക്കൂടിയിരുന്നതല്ലാതെ ആരും പുറത്ത് വന്നില്ല പോരാളികൾ ഒരിക്കൽ കൂടി വിളിച്ചു പറഞ്ഞു: പൊൻമള നിവാസികളായ ഞങ്ങളാണ് പണിക്കരെ കൊന്നത് ഇന്നാട്ടിലെ  ഒരാൾക്കും ഇതിൽ പങ്കില്ല ഇതിന്റെ പേരിൽ ഇവിടുത്തുകാരെ ഒരിക്കലും പീഡിപ്പിക്കരുത് 

പോർവിളികളുമായി അവർ പൊതുനിരത്തിലൂടെ സ്വന്തം നാടായ പൊൻമളയിലേക്ക് തിരിച്ചു വഴിമധ്യേ ശത്രുക്കളാരെങ്കിലും തങ്ങളെ എതിരിടാൻ വരുമെന്നായിരുന്നു അവരുടെ പ്രതീക്ഷ കണ്ടവർ കണ്ടവർ വഴിമാറി നടക്കുകയോ ഓളിച്ചോടുകയോ ചെയ്തതല്ലാതെ അവരെ സമീപിക്കാൻ പോലും ആരും തയ്യാറായില്ല 

നാട്ടിലെത്തിയ പോരാളികൾക്ക് വൻ സ്വീകരണം ലഭിക്കുകയുണ്ടായി സ്ഥിതിഗതികൾ വിലയിരുത്തുന്നതിനിടയിൽ കുന്നാഞ്ചേരി അലി ഹസൻ, ബുഖാരി എന്നീ രണ്ടുപേർ കൂടി അവരുടെ സംഘത്തിൽ ചേർന്നു വിശുദ്ധ യുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾ നടത്താൻ താൽപര്യം കാണിച്ചു അവരെ സ്വീകരിച്ച പോരാളികൾ അവരെയും കൂട്ടി മലപ്പുറത്തേക്ക് തിരിച്ചു ബഹുവന്ദ്യരായ സയ്യിദ് അബ്ദുർറഹ്മാനെന്ന അകത്തെ കോയത്തങ്ങളെ കണ്ട് അനുഗ്രഹം വാങ്ങുകയായിരുന്നു ലക്ഷ്യം പുതിയ മാളിയേക്കൽ എന്ന അദ്ദേഹത്തിന്റെ വസതിയിലെത്തിയ അവരെ തങ്ങൾ സന്തോഷത്തോടെ സ്വീകരിച്ചു വിശുദ്ധ യോദ്ധാക്കൾക്കും ശുഹദാക്കൾക്കും പരലോകത്ത് അല്ലാഹു വാഗ്ദാനം ചെയ്ത സൗഭാഗ്യത്തെക്കുറിച്ച് അവരെ ഓർമ്മപ്പെടുത്തി 

ശേഷം അവരോട് വുളൂഅ് ചെയ്തുവരാൻ പറഞ്ഞു വുളൂഅ് ചെയ്തെത്തിയ അവരെ അകത്തെ നിസ്കാര മുറിയിലേക്ക് കൊണ്ടുപോയി ഓരോരുത്തരുടെയും വാളുകൾ വാങ്ങിയ ശേഷം അവർക്കു തന്നെ നൽകി നല്ല നിയ്യത്തോടെ ലക്ഷ്യത്തിലേക്ക് നീങ്ങാൻ അവരോടു പറഞ്ഞു 

നാട്ടിലെത്തിയ അവരുടെ കൂടെ ഇസ്മാഈലിന്റെ മകൻ മൂസാ എന്നൊരാൾകൂടി ചേർന്നു ഉമ്മമാരോടും ഉപ്പമാരോടും ബന്ധുമിത്രാദികളോടും ഒരിക്കൽ കൂടി അനുവാദം ചോദിച്ച് മമ്പുറം തങ്ങളുടെ അടുത്തേക്കവർ പോയി തങ്ങൾ പറഞ്ഞു: നിങ്ങൾ ചേറൂരിലേക്ക് പോവുക അവിടെയാണ് ശത്രുക്കൾ കലാപത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നത് ശത്രുക്കളെ അവരുടെ കൂടാരത്തിൽ തന്നെ ചെന്ന് അക്രമിക്കുന്നതാണ് ധീരത 
തങ്ങളവർകളുടെ വാക്കുകൾ അക്ഷരംപ്രതി അനുസരിച്ച് അവർ ഉടൻ തന്നെ ചേറൂരിലേക്ക് പുറപ്പെട്ടു അവിടെയെത്തിയ അവർ കപ്രാട്ട് കൃഷ്ണപ്പണിക്കരുടെ കുടുംബവഴിയിൽപെട്ട രാവുപ്പണിക്കരുടെ വീട് തകർത്തു ശേഷം സമീപത്തുള്ള ഒരു ഒഴിഞ്ഞ വീട്ടിൽ മുകളിലെ നിലയിൽ കയറി തഹ് ലീലുകളും തക്ബീറുകളും ചൊല്ലിയും യുദ്ധത്തിനു വെല്ലുവിളിച്ചും അവർ അവിടെ കഴിച്ചുകൂട്ടി ഭയന്നു വിറച്ച ശത്രുക്കൾ നേരിട്ട് ഏറ്റുമുട്ടലിന് തയ്യാറായില്ല മറിച്ച് കോഴിക്കോട്ടെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് കത്തയച്ച് സൈന്യത്തെ അയക്കാൻ ആവശ്യപ്പെട്ടു പൊതുവെ മുസ്ലിം വിരോധിയായ പ്രധാന ഉദ്യോഗസ്ഥൻ മാപ്പിളമാരുമായി ഏറ്റുമുട്ടാൻ വലിയൊരു സൈന്യത്തെ ചേറൂരിലേക്കയച്ചു കനത്ത പട്ടാള സംഘത്തെയായിരുന്നു ബ്രിട്ടീഷുകാർ അയച്ചത് അവർ എഴുപതോളം  അംഗങ്ങളുണ്ടായിരുന്നു 

ഒക്ടോബർ 23 റമളാൻ 28-ന് വൈകിട്ടാണവർ ചേറൂരെത്തിയത് തൊട്ടടുത്ത ദിവസം ഒക്ടോബർ 24 റമളാൻ 29-ന് രാവിലെ യുദ്ധം ആരംഭിച്ചു മാപ്പിളമാർ വീട്ടിൽ നിന്ന് പുറത്തേക്ക് ചാടി വരുന്നത് കണ്ടപ്പോൾ ബ്രിട്ടീഷ് പട്ടാളം പേടിച്ച് പിന്തിരിഞ്ഞോടി വെറും ഏഴുപേരെ കണ്ടാണ് എഴുപത്പേർ സർവായുധങ്ങളുണ്ടായിട്ടും പിന്തിരിഞ്ഞോടിയത് ധൈര്യം സംഭരിച്ച് അവർ വീണ്ടും യുദ്ധത്തിന് തയ്യാറായി വീറോടെ പോരാടിയ മാപ്പിളമാരുടെ മുമ്പിൽ ബ്രിട്ടീഷ് പട്ടാളത്തിന്റെ ആധുനിക ഉപകരണങ്ങൾ മുഴുവനും ഒരു വേള നിശ്ചലമായി 

പട്ടാളത്തിൽപെട്ട പലരും ഇടക്കുവെച്ച് പിന്തിരിയുകയോ പിന്തിരിഞ്ഞോടുകയോ ചെയ്തു കനത്ത പോരാട്ടത്തിനൊടുവിൽ മാപ്പിളമാർ ഏഴുപേരും ശഹീദായി ബ്രിട്ടീഷ് സൈന്യത്തിൽ നിന്ന് ഒരു സുബേദാറും മൂന്ന് ശിപായിമാരും കൊല്ലപ്പെട്ടു ക്യാപ്റ്റൻ ലീഡർക്കും മറ്റു അഞ്ച് പട്ടാളക്കാർക്കും ഗുരുതരമായി പരിക്കേറ്റു (മലബാർ മാന്വൽ:65) 

മമ്പുറം തങ്ങൾ (റ) ഈ കലാപത്തിൽ നേരിട്ടു പങ്കെടുത്തിരുന്നുവെന്നാണ് പറയപ്പെടുന്നത് യുദ്ധത്തിനിടയിൽ വലതു തുടയിലേറ്റ വെടിയുണ്ടയുടെ മുറിവാണ് തങ്ങളുടെ വഫാത്തിനു കാരണായതെന്നും പറയപ്പെടുന്നു അതിനാൽ തങ്ങൾ ഒരു ശഹീദും കൂടിയാണ്  
ബ്രിട്ടീഷ് സൈന്യാധിപൻ ക്യാപ്റ്റൻ ലീഡർ തങ്ങളെ യുദ്ധഭൂമിയിൽ വെച്ചു കണ്ടിരുന്നു വേണ്ടത്ര ആയുധങ്ങളോ യുദ്ധ സന്നാഹങ്ങളോ ഇല്ലാത്ത ചെറിയൊരു സംഘത്തിനു മുമ്പിൽ സർവായുധങ്ങളും അംഗബലവുമെല്ലാമുള്ള തന്റെ സൈന്യം പിന്തിരിഞ്ഞോടാൻ ശ്രമിക്കുന്നതിന്റെ കാരണമന്വേഷിക്കുകയായിരുന്നു ലീഡർ യുദ്ധം ചെയ്യുന്ന ഏഴാളുകൾക്ക് പുറമെ മറ്റൊരാൾക്കൂടി ഇവരോടൊപ്പമുണ്ടെന്ന് അയാൾക്ക് ബോധ്യമായി ശത്രുക്കളുടെ കാഴ്ചയിൽ നിന്ന് മറഞ്ഞ് അദൃശ്യനായി യുദ്ധം ചെയ്യുന്ന ആ വ്യക്തിയെ തിരിച്ചറിയാൻ ലീഡർ പല ശ്രമങ്ങളും നടത്തി  

ഒരു കുന്നിൻ മുകളിൽ കയറി തന്റെ ബൈനോക്കുലറിലൂടെ യുദ്ധഭൂമി സസൂക്ഷ്മം ശത്രുനിരയിൽ വൻ നാശനഷ്ടങ്ങൾ വരുത്തി എല്ലാവരെയും പരിക്കുകളേൽപിച്ചും കൊന്നും മുന്നേറുന്ന ഒരാളെ കണ്ടു മമ്പുറം തങ്ങളായിരുന്നു അത് ഉടനെ ലീഡർ വെടിവെച്ചു തങ്ങളുടെ തുടയിലാണത് കൊണ്ടത് ഏഴുപേരും ശഹീദായി യുദ്ധം അവസാനിച്ചശേഷം ക്യാപ്റ്റൻ എട്ടാമനെ തിരയാൻ വലിയൊരു സംഘത്തെ വിട്ടെങ്കിലും അവർക്കാർക്കും തങ്ങളവർകളെ കണ്ടെത്താനായില്ല (അശ്ശുഹദാഉൽ ഹലിയ്യ:34) 

യുദ്ധശേഷം ഏഴുപേരുടെയും മയ്യിത്തുകൾ തിരൂരങ്ങാടിയിൽ കൊണ്ടുവന്ന് പോലീസ് ക്യാമ്പിന് സമീപത്തുള്ള ഗ്രൗണ്ടിൽ കൊണ്ടിട്ട് പരസ്യമായി പെട്രോളൊഴിച്ച് കത്തിക്കാനായിരുന്നു ബ്രിട്ടീഷുകാരുടെ പദ്ധതി പെട്രോളൊഴിച്ച് തീ കൊടുത്തിട്ടും മയ്യിത്തുകൾ കത്തിയില്ല പേടിച്ചരണ്ട ഉദ്യോഗസ്ഥർ മാപ്പിളമാരെ വിളിച്ച് മയ്യിത്തുകൾ അവരെ ഏൽപിച്ചു  

ശുഹദാക്കളുടെ മഖ്ബറ 

ശുഹദാക്കളുടെ മഖ്ബറയിലേക്കാണ് മുസ്ലിംകൾ സിയാറത്തിന് പോകുന്നത് ഗവൺമെന്റ് വിലക്കേർപ്പെടുത്തിയിരുന്നു അവരിൽനിന്ന് പ്രചോദനമുൾക്കൊണ്ട് ആരെങ്കിലും യുദ്ധപ്പുറപ്പാടുമായി രംഗത്ത് വന്നേക്കുമായിരുന്നു ബ്രിട്ടീഷുകാരുടെ ഭയം സിയാറത്തിന് വിലക്കുള്ളതിനാൽ മഖ്ബറ ആരും വരാതെ കാടുപിടിച്ചും പൊന്തകൾ കെട്ടിയും തിരിച്ചറിയാനാകാത്ത വിധമായിത്തീർന്നു കാലങ്ങൾക്ക് ശേഷം വിലക്ക് എടുത്തുമാറ്റപ്പെട്ടെങ്കിലും തെറ്റുധാരണമൂലം ജനങ്ങൾ ഖബ്റുകൾ ഇല്ലാത്ത മറ്റൊരു സ്ഥലത്തായിരുന്നു സിയാറത്ത് ചെയ്തിരുന്നത് 

തൃക്കളം സ്വദേശിയായ ഒരു കർഷകൻ കാളകളെ ഉപയോഗിച്ച് കൃഷിക്കായി നിലം ഉഴുതുകയുണ്ടായി യഥാർത്ഥ ഖബറുകളെ കുറിച്ചുള്ള അറിവ് ജനങ്ങളുടെ ഹൃദയത്തിൽ നിന്നുതന്നെ മാഞ്ഞുപോയതിനാൽ അയാൾക്കും ആ സ്ഥലത്തെക്കുറിച്ച് അറിയില്ലായിരുന്നു അപ്പോൾ ഭൂമിക്കിടയിൽ നിന്നു ഒരശരീരി കേൾക്കുകയുണ്ടായി 'ഏയ് മനുഷ്യാ, നീയെന്തിനാണ് ഞങ്ങളുടെ നെഞ്ചുകൾ വലിയ  ഇരുമ്പ് ദണ്ഡുകൾ ഉപയോഗിച്ച് കീറുന്നത് ഒഴിഞ്ഞു കിടക്കുന്ന പറമ്പാണ് യഥാർത്ഥത്തിൽ മഖ്ബറകളെന്ന് അതോടെ ജനങ്ങൾ തിരിച്ചറിഞ്ഞു അതോടെ അതിന് ചുറ്റും ചെറിയൊരു മതിൽ പണിത് സിയാറത്ത് അങ്ങോട്ടാക്കി തിരൂരങ്ങാടി ചെമ്മാടാണ് ഈ മഖ്ബറ സ്ഥിതിചെയ്യുന്നത് (അശ്ശുഹദാഉൽ ഹലിയ്യ:34) 

ചേറൂർ ശുഹദാക്കൾ ബ്രിട്ടീഷുകാരെ ഞെട്ടിച്ച ഈ കലാപത്തെ വില്യൺ ലോഗൻ മാന്വലിൽ വിവരിച്ചിട്ടുണ്ട് പ്രസ്തുത സംഭവം താഴെ ചേർക്കുന്നു 

എല്ലാവരും വീടിനു തൊട്ടടുത്തേക്ക് നീങ്ങി അകത്തുള്ള മാപ്പിളമാരെ ജീവനോടെ 
പിടിക്കുകയാണവരുടെ ആവശ്യം പക്ഷേ, അടുത്തു വരുംതോറും അവരുടെ ആഗ്രഹം കണ്ണാടിയിൽ പതിഞ്ഞ നിഴലെന്നോണം അപ്രത്യക്ഷമായി 

പല്ലക്കാർ രാമൻ വിളിച്ചുകൂവി: നിങ്ങൾ ഏഴുപേർ എന്തുകൊണ്ട് പുറത്തേക്ക് വരുന്നില്ല? അകത്തുള്ളവർ മറുപടിയായി വിളിച്ചു പറഞ്ഞു: അൽപമൊന്ന് ക്ഷമിക്ക് ഞങ്ങൾ നിസ്കരിച്ചോട്ടെ, എന്നിട്ടു വരാം സയ്യിദ് അലവി തങ്ങളുടെ ഉത്തരവു പ്രകാരമാണ് ഞങ്ങളിങ്ങനെ ചെയ്തത് ഞങ്ങളുടെ മതത്തിന് പറ്റിയ കളങ്കം തുടച്ചുകളയാൻ അതിനുശേഷം അല്ലാഹുവിന് സ്തുതിയായിരിക്കട്ടെ എന്നു ചൊല്ലിക്കൊണ്ട് ഏഴുപേരും തങ്ങളുടെ കൈത്തലം അന്യോന്യം മുത്തിക്കൊണ്ട് പുറത്തേക്കു വന്നു അതൊരു മഴയുള്ള ദിവസമായിരുന്നു തോക്കുകൾ അവർക്കുനേരെ തീ തുപ്പിയെങ്കിലും ലക്ഷ്യം പിഴച്ചു മാപ്പിളമാർ ശിപായികളുടെ നടുവിലേക്ക് പാഞ്ഞു കയറി ശിപായികൾ ജീവനുംകൊണ്ടോടി പുറത്ത് കൂട്ടംകൂടി നിൽക്കുന്ന ഒരാൾപോലും അവശേഷിച്ചില്ല വ്യാഘ്രം ഹുസൈന്റെ അടിയേറ്റും ബുഖാരിയുടെ ഇടിയേറ്റും ശത്രുക്കൾ കാല് മേലോട്ടും തല കീഴോട്ടുമായും ചങ്കു പൊട്ടിയും വീണുരുണ്ടു അലി ഹുസൈന്റെ വെട്ടേറ്റ് തല പോയവരും കൈ പോയവരും എത്രയാണെന്ന് എണ്ണി കണക്കാക്കാനാവില്ല അതുപോലെ മൂസാക്കുട്ടിയുടെ ശബ്ദം കേട്ട് നിലം പതിച്ചവരുടെയും സിംഹകുട്ടി മുഹ്‌യദ്ദീന്റെ കൈകൊണ്ട് മയ്യിത്തായവരുടെയും എണ്ണമെടുക്കാനും അസാധ്യം മാപ്പിളമാർ ശിപായിമാരോടു പറഞ്ഞു: ഞങ്ങളെ നേരിടാൻ വന്നവരല്ലേ നിങ്ങൾ പിന്നെ എന്താ പിൻതിരിഞ്ഞോടുന്നത്? 

മാപ്പിളമാരുടെ വാക്കുകൾ കേട്ടപ്പോൾ എല്ലാവരും നിന്നു കമ്പനി പട്ടാളം തോക്കുകൾ നിറച്ചു വിവിധ ഭാഗങ്ങളിൽ വെടിവെക്കാൻ തുടങ്ങി കാസിം സുബേദാർ ബുഖാരിയെ കടന്നുപിടിച്ചു ബക്കാറി ഊരിച്ചാടി കാസിമിനെ രണ്ടായി വെട്ടിനുറുക്കി അപ്പോൾ മുമ്പിലേക്ക് എടുത്തുചാടിയ ഒരു ഓഫീസറെയും വെട്ടി വീഴ്ത്തി ഇതിനുശേഷം മൂസക്കുട്ടി എട്ടുപേരെ കൊല്ലുകയും ഒമ്പത് പേരെ മുറിവേൽപ്പിക്കുകയും ചെയ്തു ഞങ്ങൾക്കു തൃപ്തിയായി ഞങ്ങളുടെ മതത്തിനു പറ്റിയ അപമാനം തുടച്ചുനീക്കിയിരിക്കുന്നു റെജിമെൻരിനു നേരെ അവർ വിളിച്ചു പറഞ്ഞു ഓടാൻ വരട്ടെ, ഞങ്ങളെല്ലാം കഠിനമായി പരിക്കു പറ്റിയവരാണ് ഞങ്ങൾക്കു നിങ്ങളോട് പോരടിക്കാൻ വയ്യ മടങ്ങിവന്നോളൂ ഞങ്ങളുടെ ജീവൻ എടുത്തോളൂ അപ്പോൾ പുൾടൂൺ ആക്കാർ വീണ്ടും വെടി ഉതിർത്തു അവരെ വധിച്ചുകളഞ്ഞു ഏഴുപേരും ശഹീദായി (മലബാർ മാന്വൽ :103-105)

വഫാത്ത്

ഹിജ്റ 1259-ഓടെ ഖുത്വുബുസ്സമാൻ മമ്പുറം തങ്ങൾ (റ) വിന് വാർദ്ധക്യസഹജമായ രോഗങ്ങൾ പിടിപെട്ടു ദിനം പ്രതി രോഗം ശക്തമാവുകയും കാലിന് വേദന അനുഭവപ്പെടുകയും ചെയ്തു ചെറൂർ പടയിൽ പങ്കെടുത്ത തങ്ങൾക്ക് ബ്രിട്ടീഷ് ലീഡറിൽ നിന്നേറ്റ വെടിയുടെ ആഘാതമായിരുന്നു അത് പക്ഷെ തങ്ങളത് പരസ്യപ്പെടുത്തിയിരുന്നില്ല 
മലബാറിലെ പ്രധാന വൈദ്യന്മാരിൽ പലരും മമ്പുറത്തെത്തി തങ്ങളെ പരിശോധിച്ചെങ്കിലും അവർക്കാർക്കും രോഗകാരണം പിടികിട്ടിയില്ല അങ്ങനെയിരിക്കെയാണ് പുത്തൂർ സ്വദേശി ചേലക്കോട് അഹ്മദ് കുട്ടി വൈദ്യൻ മമ്പുറത്തെത്തുന്നത് തങ്ങളെ പരിശോധിക്കേണ്ട താമസം അദ്ദേഹം പറഞ്ഞു: തങ്ങളുടെ ശരീരത്തിൽ ഉണങ്ങാത്ത ഒരു പച്ച മുറിവുണ്ട് അതാണ് ക്ഷീണത്തിന്റെ പ്രധാന കാരണം അത് ഉണങ്ങാൻ ഒരു കുഴമ്പ് തേച്ചുതരാം , എന്നാൽ ശമനം കാണും 

വൈദ്യന്റെ കഴിവ് തങ്ങളെ അത്ഭുതപ്പെടുത്തി തങ്ങൾ പറഞ്ഞു: താങ്കളാണ് വൈദ്യൻ പാലേരി വൈദ്യന്മാർ എന്നാണ് അദ്ദേഹത്തിന്റെ കുടുംബം അറിയപ്പെടുന്നത് കുഴമ്പ് തേച്ചെങ്കിലും താൽക്കാല പരിഹാരം എന്നല്ലാതെ പൂർണമായ ശമനമുണ്ടായില്ല നാൾക്കുനാൾ തങ്ങൾ ക്ഷീണിച്ചുകൊണ്ടേയിരുന്നു വാർത്ത മലബാറിൽ പടർന്നു ശിഷ്യരും പൗരപ്രധാനികളും പണ്ഡിതരും ഹിന്ദു നേതാക്കൾ വരെ മമ്പുറത്തേക്കൊഴുകി 
ഹിജ്റ 1260 (1845) മുഹർറം ഏഴിന് ഞായറാഴ്ച രാത്രി മഹാനായ ഖുത്വുബുസ്സമാൻ സയ്യിദ് അലവി മൗലദ്ദവീല (റ) വഫാത്തായി വഫാത്താകുമ്പോൾ തങ്ങൾക്ക് 94 വയസ്സുണ്ടായിരുന്നു 

വാർത്തയറിഞ്ഞ് വൻ ജനാവലി മമ്പുറത്തേക്ക് പ്രവഹിച്ചു ജനബാഹുല്യം കാരണം തവണകളായിട്ടാണ് ജനാസ നിസ്കാരം നിർവഹിച്ചത് ജനാസയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയന്ത്രിച്ചത് കാര്യസ്ഥനായിരുന്ന പുതുപ്പറമ്പിൽ കുഞ്ഞാലിയായിരുന്നു 

ഒന്നാമത്തെ നിസ്കാരത്തിന് മകൻ സയ്യിദ് ഫള്ൽ പൂക്കോയ തങ്ങൾ (റ) , രണ്ടാമത്തേതിന് പരപ്പനങ്ങാടി ഔക്കോയ മുസ്ലിയാർ (റ) ഉം ഇമാമത്ത് നിന്നു മുഹർറം 8 തിങ്കളാഴ്ച പകൽ സയ്യിദ് ഹസൻ ജിഫ്രി (റ) വിന്റെ മഖ്ബറക്കരികിൽ തങ്ങളെയും മറമാടി തങ്ങളുടെ വഫാത്തിന്റെ രണ്ടാം ദിവസമാണ് പണ്ഡിതനും സ്വൂഫിയും തങ്ങളുടെ പ്രധാന മുരീദുമായ വെളിയങ്കോട് ഉമർഖാളി(റ) വിവരമറിയുന്നത് വിവരമറിഞ്ഞ മഹാൻ മമ്പുറത്തെത്തി ഖബർ സിയാറത്തു ചെയ്തു 77 വർഷം മലബാറിന്റെ മണ്ണിൽ മർത്യമനങ്ങൾക്ക് താങ്ങും തണലുമായി ജീവിച്ച ആ മഹാമനീഷി ജനങ്ങളുടെ കൺമുമ്പിൽനിന്ന് മറഞ്ഞുവെന്നേയുള്ളൂ ഇന്നും എന്നും ജാതിമത ഭേദമന്യേ തങ്ങൾ ജനമനങ്ങളിൽ രാജാവായി തന്നെ ജീവിക്കുന്നു 

സയ്യിദ് ഫള്ൽ പൂക്കോയ തങ്ങൾ (റ)

ഖുത്വുബുസ്സമാൻ സയ്യിദ് അലവി തങ്ങൾ (റ) ആദ്യ ഭാര്യയുടെ വഫാത്തിനു ശേഷം കൊയിലാണ്ടിയിൽനിന്ന് വിവാഹം ചെയ്ത പ്രിയപത്നി ഫാത്വിമയിൽ ജനിച്ച മകനാണ് സയ്യിദ് ഫള്ൽ പൂക്കോയ മൗലദ്ദവീല(റ) ഹിജ്റ 1240-ലാണ് തങ്ങളുടെ ജനനം 

പ്രാഥമിക പഠനം 'പ്രസിദ്ധ പണ്ഡിതനും മമ്പുറം തങ്ങളുടെ മുരീദുമായ ചാലിലകത്ത് ഖുസ്വയ്യ് ഹാജിയിൽ നിന്നായിരുന്നു ശേഷം പരപ്പനങ്ങാടി ഔക്കോയ മുസ്ലിയാർ, ബൈത്താൻ  മുസ്ലിയാർ , വെളിയങ്കോട്ട് ഉമർഖാളി, കോഴിക്കോട് ഖാളി മുഹ്‌യദ്ദീൻ മുസ്ലിയാർ , തിരൂരങ്ങാടി ഖാളി സൈനുദ്ദീൻ മുസ്ലിയാർ തുടങ്ങിയവരിൽ നിന്ന് വിവിധ വിഷയങ്ങളിലായി അറിവു നേടി (മലബാറിലെ രത്നങ്ങൾ: 35) 

മമ്പുറം ജുമുഅത്ത് പള്ളി സ്ഥാപിച്ചത് ഫള്ൽ പൂക്കോയ തങ്ങളാണ് ആദ്യം അവിടെ ഒരു ചെറിയ നിസ്കാരപ്പള്ളിയാണ് ഉണ്ടായിരുന്നത് മമ്പുറം പള്ളിയിൽ ജുമുഅഃ ആരംഭിച്ചതും മഹാനായ തങ്ങളായിരുന്നു അറബിയിൽ തന്നെയായിരുന്നു തങ്ങൾ ഖുത്വുബ ഓതിയിരുന്നത് പ്രത്യേക ചിട്ടയോടുകൂടിയായിരുന്നു തങ്ങൾ ജീവിച്ചിരുന്നത് തങ്ങൾ പതിവായി ചൊല്ലിയിരുന്ന ദിക്റുകൾ പൂക്കോയ തങ്ങളുടെ റാത്തീബ് എന്ന പേരിൽ അറിയപ്പെടുന്നു 

ഖുത്വുബുസ്സമാൻ മമ്പുറം തങ്ങൾ (റ) വഫാത്താവുമ്പോൾ ഫള്ൽ പൂക്കോയ തങ്ങൾക്ക് ഇരുപതു വയസ്സായിരുന്നു ബ്രിട്ടീഷുകാരോടുള്ള നിലപാടിൽ പിതാവിനേക്കാൾ ഒരുപടി മുൻപന്തിയിലായിരുന്നു സയ്യിദ് ഫള്ൽ പൂക്കോയ തങ്ങൾ (റ) തങ്ങളുടെ ധീരമായ നിലപാടുകൾ ബ്രിട്ടീഷുകാരെ വല്ലാതെ ചൊടിപ്പിച്ചിരുന്നു തങ്ങളെ കീഴ്പ്പെടുത്താൻ അവർ പലതും ആവിഷ്കരിച്ചിരുന്നെങ്കിലും ഒന്നും വിലപോയില്ല അല്ലാഹുവിനെ മാത്രം ഭയപ്പെട്ട തങ്ങളുടെ മുന്നിൽ ബ്രിട്ടീഷുകാരുടെ കുതന്ത്രങ്ങളെല്ലാം നിഷ്ഫലമായിപ്പോയി 
ജന്മിത്വത്തിനെതിരെ മാപ്പിളമാർ നടത്തിയിരുന്ന കലാപങ്ങളിൽ ആവേശം പൂണ്ട് നിരവധി താഴ്ന്ന ജാതിക്കാർ ഇസ്ലാം സ്വീകരിക്കുകയും കലാപങ്ങളിൽ അണിചേരുകയും ചെയ്ത കാലമായിരുന്നു തങ്ങളുടെ കാലം സമരത്തെ വേണ്ടവിധത്തിൽ മുന്നോട്ട് നയിക്കാൻ ഫത് വകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ലഘുലേഖകളിലൂടെയും മുസ്ലിം സമൂഹത്തെ സയ്യിദ് ഫള്ൽ പൂക്കോയ തങ്ങൾ പ്രബുദ്ധമാക്കി (മാപ്പിള മലബാർ:61) 

മതംമാറിവന്ന ആളുകൾ മുസ്ലിംമായിക്കഴിഞ്ഞാൽ ഹൈന്ദവ ആചാരങ്ങൾ അനുവർത്തിക്കേണ്ടിവരുന്ന ഒരു സാഹചര്യമാണ് അന്ന് ഉണ്ടായിരുന്നത് പലരും അതിന് നിർബന്ധിതരാവുകയും ചെയ്തിരുന്നു സയ്യിദ് ഫള്ൽ പൂക്കോയ തങ്ങൾ ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും മുസ്ലിമാകുന്നതോടെ കൈവരുന്ന പ്രതാപവും ബഹുമാനവും പരിചയപ്പെടുത്തുകയും ചെയ്തു തികച്ചും ഇസ്ലാമികമായ ചുറ്റുപാടുകൾ സംജാതമാക്കുക എന്ന ലക്ഷ്യത്തോടെ തങ്ങൾ ചില വിധിപ്രഖ്യാപനങ്ങൾ തന്നെ നടത്തുകയുണ്ടായി 

(1) ജന്മികൾക്ക് മുമ്പിൽ പഞ്ചപുച്ഛമടക്കി ആചാരങ്ങൾ പാടില്ല 
(2) ജന്മികളുടെ ഉച്ചിഷ്ടം കഴിക്കുന്ന സമ്പ്രദായം നിർത്തിവെക്കണം 
(3) ജന്മികളോട് ദൈവതുല്യമായ സംബോധന പാടില്ല 
(4) വെള്ളിയാഴ്ച ദിവസം ആരാധനക്കുള്ളതാണ് അന്ന് ആരും നിലമുഴുതാൻ പോകരുത്
 
ഡോ.കെ.എൻ പണിക്കർ എഴുതുന്നു: സയ്യിദ് അലവിയുടെ പുത്രനും പിൻഗാമിയുമായ സയ്യിദ് ഫള്ൽ പൂക്കോയ തങ്ങൾ പിതാവ് തുടങ്ങിവെച്ച പാരമ്പര്യത്തെ വർധിത ഊർജത്തോടെ മുന്നോട്ട് നയിക്കുകയാണുണ്ടായത് ഇദ്ദേഹം മമ്പുറത്ത് സ്ഥാപിച്ച ജുമുഅത്ത് പള്ളി വളരെവേഗം മാപ്പിളമാരുടെ ഒരു പ്രധാന കേന്ദ്രമായി വളർന്നു എല്ലാ വെള്ളിയാഴ്ച കൂട്ടായ്മയിലും ഇദ്ദേഹം വായിച്ച ഖുത്വുബ ഇസ്ലാമിക വിരുദ്ധ പ്രവർത്തനങ്ങളെ നിഷ്ഠൂരമായി വിമർശിച്ചതോടൊപ്പം ഖുർആനെ അടിസ്ഥാനമാക്കി ജീവിതം നയിക്കാൻ മാപ്പിളമാരെ ഉൽബോധിപ്പിച്ചു ഈ ആശയങ്ങളെ ക്രോഡീകരിച്ച അദ്ദേഹം രചിച്ച പുസ്തകം വളരെ പ്രചാരം നേടുകയുണ്ടായി 

മാപ്പിളമാരുടെ സാമൂഹിക പെരുമാറ്റങ്ങളെ പ്രത്യേകിച്ച് ഹൈന്ദവവരുമായുള്ള സമ്പർക്കങ്ങളെ സംബന്ധിച്ച് ചില ഫത് വകൾ ഫള്ൽ പൂക്കോയ തങ്ങൾ ഇറക്കുകയുണ്ടായി ഇതിൽ മൂന്നെണ്ണം താഴ്ന്ന ജോലിക്കാരായ മാപ്പിളമാരുടെ സമീപനത്തിൽ വ്യതിയാനം ഉണ്ടാക്കിയത് ഹൈന്ദവരുടെ അസ്വസ്ഥത വർധിപ്പിച്ചതായി മലബാർ ജില്ലാ കലക്ടർ നിരീക്ഷിച്ചിട്ടുണ്ട് 

നായന്മാരെ തമ്പ്രാനെന്ന് മാപ്പിളമാർ സംബോധന ചെയ്യുന്നതും ധനിക ഹൈന്ദവർ ഉത്സ വേളകളിൽ പാകം ചെയ്യുന്ന ഭക്ഷണത്തിന്റെ ശേഷിപ്പ് പാവപ്പെട്ടവരായ മാപ്പിളമാർ സ്വീകരിക്കുന്നതും വെള്ളിയാഴ്ച ദിവസങ്ങൾ ആരാധന നടത്തുന്നതിന് പകരം കൃഷിപ്പണിയിലേർപ്പെടുന്നതുമാണ് ഫത് വകൾ വഴി പൂക്കോയ തങ്ങൾ വിലക്കിയത് താഴ്ന്ന ജാതിയിൽ നിന്നു പുതുതായി ഇസ്ലാം സ്വീകരിച്ചവരെ മതത്തിന്റെ ചട്ടക്കൂടിനുള്ളിലേക്ക് ഏകീകരിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു ഈ ഫത് വകൾ അടിമത്തം അവസാനിപ്പിച്ചതിനെ തുടർന്ന് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ശേഷവും മുമ്പും തുടർന്നു പോന്ന ആചാര രീതികൾ ഇവർ തുടർന്നു പോന്നു പാവപ്പെട്ടവരായ ഇക്കൂട്ടർ സവർണ ഹിന്ദുക്കളെ ആദരപൂർവം വണങ്ങുന്നതും ഭക്ഷണത്തിന്റെ ശേഷിപ്പ് പങ്കുവെക്കുന്നതും പതിവായിരുന്നു വെള്ളിയാഴ്ച നിസ്കാരങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി പള്ളിയിലെത്തുന്നതിന് പകരം കൃഷിപ്പണിയായ പഴയ ദിനചര്യയിൽ ഇവർ ഏർപ്പെട്ടിരുന്നു 

ഈയൊരു പശ്ചാത്തലത്തിൽ, തങ്ങൾ ഫത് വ ഇറക്കിയത് , പുതുതായി പരിവർത്തനം ചെയ്തെത്തിയവർക്ക് ഇസ്ലാം മതാനുഷ്ഠാനങ്ങളിൽ പരിശീലനം സിദ്ധിക്കാനും പുതിയ മതബോധം വളർത്താനും ഉദ്ദേശിച്ചായിരുന്നു എന്നുവേണം അനുമാനിക്കാൻ മറിച്ച് സ്റ്റീഫൻ ഡെയ്ലും രഞ്ജിത്ത് ഗുഹയും പറയുന്നതുപോലെ , മത വൈരമുണ്ടാക്കാൻ ഇതര വിഭാഗക്കാരെ പ്രകോപിപ്പിക്കാനുമായിരുന്നു എന്ന് കരുതാനുള്ള ന്യായം കാണുന്നില്ല 
മമ്പുറം തങ്ങന്മാരുടെ ഉൽബോധനങ്ങൾ മാപ്പിളമാരുടെ മത -സാംസ്കാരിക ജീവിതത്തിൽ വളരെ വലിയ സ്വാധീനം ചെലുത്തി ഇവർക്ക് അത്ഭുത ശക്തിയുണ്ടെന്നുള്ള പൊതുധാരണയിൽ നിന്നു രൂപംകൊണ്ട അമാനുഷിക ശക്തികളെ വിവരിക്കുന്ന ധാരാളം കഥകൾ നാട്ടിൻപുറങ്ങളിൽ പ്രചരിക്കുകയുണ്ടായി ഭാവി മുൻകൂട്ടി കാണുക, രോഗങ്ങളെ സൗഖ്യമാക്കുക , മോഷ്ടിക്കപ്പെട്ട വസ്തുക്കൾ കണ്ടെത്തുക, വരൾച്ചാ വേളയിൽ മഴ വർഷിക്കുക തുടങ്ങിയവയാണ് ഇവരെ ബന്ധപ്പെടുത്തി പ്രചരിച്ചിരുന്ന ദിവ്യശക്തികൾ 
സയ്യിദ് ഫള്ൽ പൂക്കോയ തങ്ങളെപ്പറ്റി എച്ച്.വി കൊണോലി പറയുകയുണ്ടായി: ദിവ്യശക്തിയുള്ള ഒരമാനുഷികനായാണ് ഗ്രാമീണർ തങ്ങളെ കണ്ടത് ഇദ്ദേഹം നടക്കുകയോ തുപ്പുകയോ ചെയ്ത മണ്ണിനെ വിശുദ്ധമായി കരുതുക അത്ഭുത ശക്തികളെപ്പറ്റി ധാരാളം കഥകൾ പ്രചരിപ്പിക്കുക തുടങ്ങിയവ ഇവർ ചെയ്തിരുന്നു ഇതിനു പുറമെ ഇദ്ദേഹത്തിന്റെ ആശിർവാദത്തെ അങ്ങേയറ്റം വിലമതിച്ചു (മലബാർ കലാപം പ്രബുദ്ധതക്കും രാജവാഴ്ചക്കുമെതിരെ:83) 

മമ്പുറം തങ്ങന്മാരെ കുറിച്ച് പ്രചരിച്ച അത്ഭുത കഥകൾ അവരുടെ കറാമത്തുകളാണ് കാരണം, ഔലിയാക്കളിൽ നിന്നുണ്ടാവുന്ന അസാധാരണ സംഭവങ്ങൾക്കാണ് കറാമത്തുകൾ എന്നു പറയുന്നത് 

വില്യം ലോഗൻ എഴുതുന്നു: സയ്യിദ് ഫള്ൽ പൂക്കോയ  തങ്ങളെ സർവനായകനായും ആത്മീയ മാർഗദർശിയായും ജനങ്ങൾ കണക്കാക്കിയിരുന്നു അദ്ദേഹത്തെ ഒരു നോക്കുകാണുവാനും അവരുടെ ആശിർവാദം വാങ്ങാനും വീട്ടിൽ എത്തിയിരുന്ന ആളുകൾ അനവധിയാണ് അദ്ദേഹം നടന്നുപോകുമ്പോൾ ചവിട്ടുന്ന മണ്ണ് വാരിയെടുക്കാൻ വരെ ഭക്തജനങ്ങൾ മുന്നോട്ടു വന്നിരുന്നു (മലബാർ മാന്വൽ:623) 

ഫള്ൽ തങ്ങളുടെ ബ്രിട്ടീഷ് വിരോധം

ഖുത്വുബുസ്സമാൻ മമ്പുറം തങ്ങളുടെ തനിപ്പകർപ്പായിരുന്നു ബ്രിട്ടീഷ് വിരോധത്തിൽ മകനായ സയ്യിദ് ഫള്ൽ പൂക്കോയ തങ്ങളും ബ്രിട്ടീഷുകാർക്കെതിരെ മമ്പുറം തങ്ങൾ രചിച്ച സൈഫുൽ ബത്താർ എന്ന കൃതിയെ സംബന്ധിച്ച് നേരത്തെ നാം മനസ്സിലാക്കി സയ്യിദ് സയ്യിദ് ഫള്ൽ തങ്ങൾ (റ) ബ്രിട്ടീഷുകാർക്കെതിരിൽ എഴുതിയ കൃതിയാണ് ഉദ്ദത്തുൽ ഉമറാ 
തിരൂരങ്ങാടി പള്ളിയിൽ വെള്ളിയാഴ്ച നടത്തിയിരുന്ന ജുമുഅ പ്രഭാഷണങ്ങളിൽ കാലികപ്രശ്നങ്ങൾ അവതരിപ്പിച്ചു കൊണ്ട് ബ്രിട്ടീഷുകാരോടും ജന്മിമാരോടും അവിരാമം പടപൊരുതാൻ അദ്ദേഹം നിരന്തരം ആഹ്വാനം ചെയ്തു കൊണ്ടിരുന്നു അപ്പോഴും തന്റെ പ്രഭാഷണങ്ങളിൽ മുസ്ലിം-ഹിന്ദു മതമൈത്രിക്ക് ഊന്നൽ നൽകിയിരുന്നു അദ്ദേഹം അടിമച്ചങ്ങല പൊട്ടിച്ചെറിയാൻ ജാതിമത ഭേദമന്യേ  ജനലക്ഷങ്ങൾ ഏകോപിതമായി മുന്നേറണമെന്ന് അദ്ദേഹം ഓർമപ്പെടുത്തി 

അദ്ദേഹം തയ്യാറാക്കിയ 'ഉദ്ദത്തുൽ ഉമറാ' എന്ന കൃതിയുടെ കോപ്പികൾ കേരളത്തിലെ എല്ലാ പ്രധാനപ്പെട്ട മഹല്ലുകളിലേക്കും അയച്ചു കൊടുത്തിരുന്നു സമുദായ നേതാക്കളെയും സാധാരണക്കാരായ മുസ്ലിംകളെയും ബ്രിട്ടീഷ് വിരുദ്ധ സമരത്തിന് തയ്യാറെടുക്കുവാൻ പ്രേരിപ്പിക്കുന്നതായിരുന്നു ഈ കൃതി (മാപ്പിള മലബാർ : 66)

നാട്ടിൽ നടന്നു കൊണ്ടിരിക്കുന്ന കലാപങ്ങൾക്കു കാരണം സയ്യിദ് ഫള്ൽ പൂക്കോയ തങ്ങളാണെന്നായിരുന്നു ബ്രിട്ടീഷുകാരുടെ കണ്ടെത്തൽ തങ്ങളെ നാടുകടത്താനായിരുന്നു അവരുടെ തീരുമാരം ഈ വാർത്ത നാടുനീളെ പ്രചരിച്ചിരുന്നു താൻ കാരണം നാട്ടിൽ രക്തച്ചൊരിച്ചിലുകൾ ഉണ്ടാവരുത് എന്ന ചിന്തയാണ് തങ്ങൾക്കുണ്ടായിരുന്നത് അതിനാൽ ഈ തീരുമാനത്തെ തങ്ങൾ എതിർത്തില്ല തന്റെ ജനതയറിയാതെ നാടുവിടാനായിരുന്നു തങ്ങളുടെ തീരുമാനം അവരറിഞ്ഞാൽ ഈ ഉദ്യമത്തിനവർ തടസ്സം നിൽക്കുമെന്ന് തങ്ങൾ മനസ്സിലാക്കിയിരിക്കണം കാര്യങ്ങളെല്ലാം ഓരോരുത്തരെയും ഏൽപ്പിച്ച് 57 അംഗ സംഘത്തോടൊപ്പം തങ്ങൾ രാത്രിയിൽ അറേബ്യയിലെക്ക് പരപ്പനങ്ങാടി കോയക്കുഞ്ഞി നഹയുടെ ചെറിയ വള്ളത്തിൽ യാത്രതിരിച്ചു തങ്ങൾ പോയതിനുശേഷം മലബാറിലെ സ്ഥിതി ഏറെ വഷളാവുകയാണുണ്ടായത് ഹിജ്റ 1318 -ൽ കോൺസ്റ്റാന്റിനോപ്പിളിൽവെച്ച് തങ്ങൾ വഫാത്തായി വഫാത്താകുമ്പോൾ 74 വയസ്സുണ്ടായിരുന്നു 


---------------------------------------------------------------------------------------------------
ഈ ചരിത്രം നമ്മിലേക്ക് എത്താൻ ആരൊക്കെ കാരണമായിട്ടുണ്ടോ അവർക്കെല്ലാം വേണ്ടി ദുആ വസിയ്യത്ത് ചെയ്യുന്നു.