വിശുദ്ധ റമളാനിൽ മൂന്നു പത്തുകളിലായി യഥാക്രമം اَللهُمَّ ارْحَمْنِي يَا اَرْحَمَ الرَّاحِمِين
اللهُمَّ اغْفِرْ لِي ذُنُوبِي يَا رَبَّ الْعَالَمِين
اللهُمَّ أَعْتِقْنِي مِنَ النَّارِ وَأَدْخِلْنِي الْجَنَّةَ يَا رَبَّ الْعَالَمِينَ
എന്നീ പ്രാർത്ഥനകൾ നിസ്കാരാനന്തരം ഇമാം ചൊല്ലിക്കൊടുക്കുന്ന ഒരു പതിവ് നമ്മുടെ നാടുകളിലുണ്ടല്ലോ. നിസ്കാര ശേഷം അങ്ങനെ ചൊല്ലൽ പ്രത്യേകം സുന്നത്തുണ്ടോ?
ഇല്ല , നിസ്കാര ശേഷം പ്രത്യേകം സുന്നത്തുള്ള പ്രാർത്ഥനാ പദങ്ങൾ എന്ന നിലയ്ക്കല്ല പ്രസ്തുത പ്രാർത്ഥന നിർവ്വഹിക്കുന്നത്. പ്രത്യുത പുണ്യറമളാനിൽ പാപമോചനം ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നതിൻ്റെ ഭാഗമായാണ്.
നിസ്കാര ശേഷം പ്രാർത്ഥന സുന്നത്താണല്ലോ. ആ സുന്നത്തിൽ പ്രസ്തുത പ്രാർത്ഥനയും ഉൾപ്പെടും. പ്രസ്തുത പ്രാർത്ഥന പദങ്ങൾ റമളാൻ മുപ്പത് ദിനരാത്രങ്ങളിൽ മാത്രമല്ല പന്ത്രണ്ടു മാസവും എപ്പോഴും ചൊല്ലാൻ പറ്റുന്നവയാണ്.
പ്രസ്തുത പ്രാർത്ഥനാ പദങ്ങൾ കൊണ്ട് റമളാനിൽ പ്രാർത്ഥിക്കണമെന്ന് ഖുർആനിലോ ഹദീസിലോ ഫിഖ്ഹിൻ്റെ ഗ്രന്ഥങ്ങളിലോ വന്നതായി കാണുന്നില്ല .
ഇവയിലൊന്നും ഇല്ലെങ്കിലും പ്രാർത്ഥിക്കുന്നതിന് വിരോധമില്ല. നല്ലതാണ്. പ്രതിഫലാർഹമാണ്. കാരണം, അർത്ഥസമ്പൂർണമായ പ്രാർത്ഥനാ വാക്യങ്ങളാണ്. നാം പ്രാർത്ഥിക്കുന്ന പദങ്ങൾ തന്നെ പ്രമാണങ്ങളിൽ വരണമെന്ന നിയമമില്ല .
എന്നാൽ റമളാനിൽ പ്രാർത്ഥിക്കൽ പ്രത്യേകം സുന്നത്തുള്ളത് എന്ന വിശ്വാസം ഉണ്ടാവരുത്. അക്കാര്യം ശ്രദ്ധിക്കണം .
ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര
No comments:
Post a Comment