തസ്ബീഹ് നിസ്കാരം റമളാനിൽ നിർവ്വഹിക്കുമ്പോൾ സുന്നത്തിൻ്റെ പ്രതിഫലമല്ല ലഭിക്കുന്നത് , പ്രത്യുത ഫർളിൻ്റെ പ്രതിഫലമാണ്.
ഏതു സുന്നത്തിനും റമളാനിൽ ഫർളിൻ്റെ പ്രതിഫലവും ഫർളിനു എഴുപത് ഫർളിൻ്റെ പ്രതിഫലവുമാണ് അല്ലാഹു നൽകുന്നത്. അതേ,
റമളാൻ പുണ്യങ്ങളുടെ പൂക്കാലമാണ്
തസ്ബീഹ് നിസ്കാരത്തിനു അറ്റമില്ലാത്ത പ്രതിഫലമുണ്ടെന്നു ഹദീസുകളുടെ വെളിച്ചത്തിൽ ഇമാമുകൾ വിവരിച്ചിട്ടുണ്ട്.
ചോദ്യോത്തര രീതിയിൽ മസ്അല വിവരിക്കാം.
തസ്ബീഹ് നിസ്കാരം ഏതു തരം സുന്നത്തു നിസ്കാരത്തിലാണ് ഉൾപ്പെടുക?
നിരുപാധിക സുന്നത്തു നിസ്കാരത്തിൽ
(النفل المطلق) ഇആനത്ത്: 1/301)
നിരുപാധിക സുന്നത്തു നിസ്കാരമെന്നാലെന്ത്?
കാരണം , സമയം എന്നിങ്ങനെ ഉപാധിയില്ലാത്തത് (ഇആനത്ത്: 1/301)
തസ്ബീഹ് നിസ്കാരം രാത്രിയിലും പകലും നിസ്കരിക്കാമോ?
അതേ ,നിസ്കരിക്കാം (ഇആനത്ത്: 1/301)
ചില നിസ്കാരങ്ങൾ നിർവ്വഹിക്കൽ കുറ്റമുള്ള സമയങ്ങളുണ്ടല്ലോ. അത്തരം സമയങ്ങളിൽ തസ്ബീഹ് നിസ്കാരം നിർവ്വഹിക്കാമോ?
പാടില്ല. നിഷിദ്ധമാണ്. തസ്ബീഹ് നിസ്കാരം നിരുപാധിക സുന്നത്തു നിസ്കാരമാണല്ലോ.നിരുപാധിക സുന്നത്തു നിസ്കാരങ്ങൾ (പിന്തിയ കാരണമുള്ള നിസ്കാരങ്ങളും)ചില സമയങ്ങളിൽ നിസ്കരിക്കൽ കുറ്റകരമാണ്. (ഇആനത്ത്: 1/143 , 301)
തസ്ബീഹ് നിസ്കാരം (മറ്റു നിരുപാധിക സുന്നത്തുകളും പിന്തിയ കാരണമുള്ള നിസ്കാരങ്ങളും) നിർവ്വഹിക്കാൻ പാടില്ലാത്ത സമയങ്ങൾ?
- സുബ്ഹ് നിസ്കാരശേഷം സൂര്യൻ ഉദിച്ചു ഒരു കുന്തത്തിൻ്റെ ഖദ്ർ (20 മിനുട്ട് ) ഉയരുന്നത് വരെ.
- അസ്ർ നിസ്കാര ശേഷം സൂര്യൻ അസ്തമിക്കുന്നതു വരെ.(ഈ വിവരിച്ച രണ്ടെണ്ണവും പ്രവർത്തിയുമായി ബന്ധപ്പെട്ടതാണ്)
- വെള്ളിയാഴ്ച ഒഴികെ സൂര്യൻ മധ്യത്തിലാകുന്ന സമയം.
- സൂര്യൻ ഉദിക്കുന്ന സമയം മുതൽ ഉദിച്ചു ഇരുപത് മിനുട്ടാകുന്നതുവരെ.(സുബ്ഹ് നിസ്കരിക്കാത്തവനു കുറ്റമുള്ള സമയം തുടങ്ങുന്നത് സൂര്യൻ ഉദിക്കലോടു കൂടിയാണ് )
- സൂര്യൻ മഞ്ഞ നിറമായതു മുതൽ സൂര്യൻ അസ്തമിക്കുന്നതു വരെ.(അസ്ർ നിസ്കരിക്കാത്തവനു കുറ്റമുള്ള സമയം തുടങ്ങുന്നത് സൂര്യൻ മഞ്ഞ നിറമാവലോടെയാണ് ) (ഈ മൂന്നണ്ണവും സമയവുമായി ബന്ധപ്പെട്ടതാണ്) (ഇആനത്ത്: 1/143)
നിസ്കരിക്കൽ കുറ്റമുള്ള സമയങ്ങളിൽ തസ്ബീഹ് നിസ്കാരം നിർവ്വഹിച്ചാൽ സ്വഹീഹാകുമോ?
ഇല്ല , സ്വഹീഹാവില്ല. മറ്റു നിരുപാധിക നിസ്കാരങ്ങളും പിന്തിയ കാരണമുള്ള നിസ്കാരങ്ങളും സാധുവാകില്ല. (ഇആനത്ത്: 1/143)
തസ്ബീഹ് നിസ്കാരം എത്ര റക്അത്താണ്?
നാലു റക്അത്ത്.(തുഹ്ഫ: 2/ 239)
നാലു റക്അത്ത് ഒരുമിച്ചു നിസ്കരിക്കാമോ?
അതേ , നിസ്കരിക്കൽ അനുവദനീയമാണ് . ഈ രണ്ടു റക്അത്തിൽ സലാം വീട്ടിയും നിസ്കരിക്കാം..(തുഹ്ഫ: 2/ 239)
ഏതു രൂപമാണു ഉത്തമം?
പകലിൽ നിസ്കരിക്കുകയാണെങ്കിൽ നാലു റക്അത്ത് ഒരുമിച്ചും രാത്രിയാണെങ്കിൽ ഈ രണ്ടു റക്അത്തിൽ സലാം വീട്ടിയും നിസ്കരിക്കലാണു ഏറ്റവും പുണ്യം ( നിഹായ :ശർവാനി 2/239)
തസ്ബീഹ് നിസ്കാരത്തിൽ എത്ര തവണ തസ്ബീന് ചൊല്ലണം?
മുന്നൂറ് (300 ) തവണ (തുഹ്ഫ: 2/ 239)
ഏതു തസ്ബീഹാണു ചൊല്ലേണ്ടത് ?
ഫുഖഹാക്കൾ ഇങ്ങനെ വിവരിക്കുന്നു.
سبحان الله والحمد لله ولاإله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم
എന്ന തസ്ബീഹ് .ഇതു ഒരു തവണയാണ്. ഇതു മുന്നൂറ് തവണ ചൊല്ലണം.
പ്രസ്തുത തസ്ബീഹുകൾ ഫർളാണോ?
ഫർളോ അബ്ആള് സുന്നത്തുകളോ അല്ല. ഹൈആത്ത് സുന്നത്തുകളാണ്.( ഇആ നത്ത്: 1/301)
തസ്ബീഹുകൾ ഒഴിവാക്കിയാൽ സഹ് വിൻ്റെ സുജൂദ് സുന്നത്തുണ്ടോ?
ഇല്ല. ഹൈആത്ത് സുന്നത്താണല്ലോ. (ഇആ നത്ത്: 1/301
തസ്ബീഹിൽ നിന്നു ചിലത് വിട്ടു പോയാൽ (300 പൂർത്തിയാവാതെ വന്നാൽ ) തസ്ബീഹ് നിസ്കാരത്തിൻ്റെ പ്രതിഫലം ലഭിക്കുമോ?
അടിസ്ഥാന സുന്നത്ത് ലഭിക്കും. തസ്ബീഹുകൾ മുഴുവനും ഒഴിവാക്കിയാൽ നിരുപാധിക സുന്നത്തു നിസ്കാരമായി പരിഗണിക്കും ( തസ്ബീഹ് നിസ്കാരമായി പരിഗണിക്കില്ല.) (ഇആനത്ത്: 1/301)
തസ്ബീഹ് നിസ്കാരം ഖളാ വീട്ടാമോ?
തസ്ബീഹ് നിസ്കാരത്തിനു പ്രത്യേക സമയം ഇല്ലാത്തതു കൊണ്ട് ഖളാഅ് ആവുകയെന്നത് തസ്ബീഹ് നിസ്കാരത്തിലില്ല . ഒരു ദിവസം തന്നെ പലതവണ നിസ്കരിക്കാം (നിഹായത്തു സൈൻ , ഇആനത്ത്: 1/301)
തസ്ബീഹ് നിസ്കാരം ജമാഅത്തായി നിർവ്വഹിക്കൽ സുന്നത്തുണ്ടോ?
ഇല്ല ,ജമാഅത്തായി നിർവ്വഹിക്കൽ സുന്നത്തില്ലാത്ത നിസ്കാരത്തിൽ പെട്ടതാണ് തസ്ബീഹ് നിസ്കാരം (ഫത്ഹുൽ മുഈൻ)
സുന്നത്ത് ഇല്ലെങ്കിലും ജമാഅത്തായി നിർവ്വഹിക്കാമോ?
നിർവ്വഹിക്കൽ അനുവദനീയമാണ് (ബിഗ് യ)
ജമാഅത്തായി നിർവ്വഹിക്കൽ പ്രതിഫലാർഹമാണോ?
മഅ്മൂമുകളെ പ്രേരിപ്പിക്കലും പഠിപ്പിക്കലും ലക്ഷ്യമാകുമ്പോൾ പ്രതിഫലാർഹമാണ് ( ബിഗ് യ)
ജമാഅത്തായി നിർവ്വഹിക്കൽ സുന്നത്താണെന്നു ജനം ധരിക്കുമെങ്കിലോ?
ധരിക്കാൻ കാരണമാകുമെങ്കിൽ ജമാഅത്തായി നിർവ്വഹിക്കൽ ഹറാമാകും.( ബിഗ് യ) (ജമാഅത്ത് സുന്നത്തില്ലാത്ത നിസ്കാരമാണെന്നു ഇമാം മഅ്മൂമുകളെ അറിയിച്ചാൽ മതി.)
റുകൂഇൽ സുന്നത്തുള്ള തസ്ബീഹുകൾ ഉപേക്ഷിച്ചതായി ഇഅ്തിദാലിൽ ഓർമ വന്നാൽ റുകൂഇലേക്ക് മടങ്ങാമോ?
മടങ്ങാവതല്ല.(ഫത്ഹുൽ മുഈൻ)
തസ്ബീഹ് നിസ്കാരത്തിലെ ഇസ്തിറാഹത്തിൻ്റെ* *ഇരുത്തത്തിൽ പത്തു തവണ തസ്ബീഹ് ചൊല്ലി അടുത്ത റക്അത്തിലേക്ക് ഉയരുമ്പോൾ തക്ബീർ ചൊല്ലൽ സുന്നത്തുണ്ടോ?
ഇല്ല . രണ്ടാം സുജൂദിൽ നിന്നു ഇസ്തിറാഹത്തിൻ്റെ ഇരുത്തത്തിലേക്ക് ഉയരുമ്പോഴാണ് തക്ബീർ സുന്നത്തുള്ളത്.
റുകൂഇലെ തസ്ബീഹുകൾ ഇഅ്തിദാലിൽ കൊണ്ടു വരാമോ?
പാടില്ല ,കൊണ്ടു വന്നാൽ നിസ്കാരം ബാത്വിലാകും . സുജൂദിൽ കൊണ്ടു വരാം.(ഇആനത്ത്: 1/301)
ചെറിയ ഫർളായതു കൊണ്ടാണോ നിസ്കാരം ബാത്വിലാകുന്നത്?
അതേ ,ചെറിയ ഫർളുകളും ഇസ്തി റാഹത്തിൻ്റെ ഇരുത്തവും അതിൽ ചൊല്ലേണ്ട ദിക്റുകൾ ചൊല്ലാതെ ദീർഘിപ്പിച്ചാലും കൂടുതൽ ദിക്റുകൾ ചൊല്ലി ദീർഘിപ്പിച്ചാലും നിസ്കാരം ബാത്വിലാകും .
ഇഅ്തിദാലും രണ്ടു സുജൂദിൻ്റെ ഇടയിലുള്ള ഇരുത്തവുമാണ് ചെറിയ ഫർളുകൾ .(ഇആനത്ത്: 1/301)
തസ്ബീഹ് നിസ്കാരത്തിൽ ഏതെല്ലാം സൂറത്തുകൾ ഓതലാണു സുന്നത്ത്?
ആദ്യ റക്അത്തിൽ അൽ ഹാകുമുത്തകാസുർ, രണ്ടിൽ വൽ അസ്വ് ർ, മൂന്നിൽ കാഫിറൂൻ ,നാലിൽ ഇഖ്ലാസ് എന്നീ സൂറത്തുകൾ (ഇആനത്ത് 1/301)
തസ്ബീഹ് നിസ്കാര രൂപം?
തസ്ബീഹ് നിസ്കാരം ഞാൻ നിസ്കരിക്കുന്നുവെന്ന നിയ്യത്തോടെ (أصلي صلاة التسبيح) തക്ബീറത്തുൽ ഇഹ്റാം ചൊല്ലുക .ശേഷം പ്രാരംഭ പ്രാർത്ഥന , പിന്നെ ഫാതിഹ: യും അൽ ഹാകുമുത്തകാസുർ സൂറത്തും ഓതിയ ശേഷം ഖിയാമിൽ പതിനഞ്ചു തവണ തസ്ബീഹ് ചൊലുക . പിന്നീട് റുകൂഇലും ഇഅ് തിദാലിലും രണ്ടു സുജൂദിലും രണ്ടു സുജൂദിൻ്റെ ഇടയിലുള്ള ഇരുത്തത്തിലും അവയിൽ ചൊല്ലേണ്ട ദിക്റുകൾക്ക് ശേഷം പത്ത് വീതവും ഇസ്തിറാഹത്തിൻ്റെ ഇരുത്തത്തിൽ പത്തു തവണയും തസ്ബീഹ് ചൊല്ലുക.(ഇപ്പോൾ തസ്ബീഹ് 75 തവണയാകും. )
രണ്ടാം റക്അത്തിലും ഇതേ പ്രകാരം ചെയ്യുക ഫാതിഹ ക്ക് ശേഷം വൽ അസ്ർ സൂറത്ത് ഓതണം. രണ്ടാം റക്അത്തിൽ ഇസ്തിറാ ഹത്തിൻ്റെ ഇരുത്തമില്ല. ആ സ്ഥാനത്ത് അത്തഹിയ്യാത്താണ്. അത്തഹിയാത്ത് ചൊല്ലും മുമ്പ് പത്ത് തവണ തസ്ബീഹ് ചൊല്ലുക (ഇപ്പോൾ തസ്ബീഹ് 150 തവണയാകും. )
അത്തഹിയാത്തും സ്വലാത്തുമെല്ലാം കഴിഞ്ഞ ശേഷം സലാം വീട്ടുക
സലാം വീട്ടാതെ മൂന്നാം റക്അത്തിലേക്ക് ഉയരുകയും ചെയ്യാം.
ആദ്യത്തെ രണ്ടു റക്അത്തിൽ തസ്ബീഹുകൾ ചൊല്ലിയ പോലെ മൂന്നും നാലും റക്അത്തുകളിലും ചൊല്ലി നിസ്കരിച്ചു സലാം വീട്ടുക. (അപ്പോൾ 300 തസ്ബീഹ് ആകും.
പ്രത്യേക ശ്രദ്ധയ്ക്ക്
ഇസ്തിറാഹത്തിൻ്റെ ഇരുത്തം വരുന്ന റക്അത്തുകളിൽ അതിലുള്ള പത്ത് തസ്ബീഹ് അതിൽ ചൊല്ലാതെ ഖിയാമിൽ ചൊല്ലൽ അനുവദനീയമാണ്. അപ്പോൾ ഖിറാഅത്തിൻ്റെ ശേഷം ചൊല്ലേണ്ട പതിനഞ്ച് തസ്ബീഹ് ഖിറാഅത്തിൻ്റെ മുമ്പും ഇസ്തിറാഹത്തിലെ പത്ത് തസ്ബീഹ് ഖിറാഅത്തിനു ശേഷവും കൊണ്ടുവരണം ( ഫത്ഹുൽ മുഈൻ) (ഇസ്തിറാഹത്തിലെ ഇരുത്തത്തിൽ അപ്പോൾ തസ്ബീഹ് ഉണ്ടാവില്ല.)
ചിലർ വെള്ളിയാഴ്ച രാവിൽ മാത്രം തസ്ബീഹ് നിസ്കാരം നിർവ്വഹിക്കാറുണ്ട്. എന്നാൽ അതു കറാഹത്താണെന്ന് കേൾക്കുന്നു. വസ്തുതയെന്ത്?
ആ കേട്ടത് ശരിയാണ്. വെള്ളിയാഴ്ച രാവിൽ മാത്രം സുന്നത്തു നിസ്കാരം കൊണ്ട് പ്രത്യേകമാക്കൽ കറാഹത്താണ്. തസ്ബീഹ് നിസ്കാരം മാത്രമല്ല, മറ്റു സുന്നത്തു നിസ്കാരം കൊണ്ട് പ്രത്യേകമാക്കലും കറാഹത്താണ്. നമ്മുടെ ഫുഖഹാക്കൾ ഹദീസിൻ്റെ വെളിച്ചത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട് (തുഹ്ഫ: 2/245,246, നിഹായ :2/132, ശർഹു ബാഫള്ൽ: 1/143)
നബിﷺപറയുന്നു: `لاتخصوا ليلة الجمعة بقيام من بين الليالي`
മറ്റു രാത്രികളിൽ നിന്നു വെള്ളിയാഴ്ച രാത്രി മാത്രം നിങ്ങൾ സുന്നത്തു നിസ്കാരം കൊണ്ട് പ്രത്യേകമാക്കരുത് (മുസ്'ലിം)
ﻭ ﻳﻜﺮﻩ ﺗﺨﺼﻴﺺ ﻟﻴﻠﺔ اﻟﺠﻤﻌﺔ ﺑﻘﻴﺎﻡ ﺃﻱ ﺻﻼﺓ ﻟﻠﻨﻬﻲ ﻋﻨﻪ ﻓﻲ ﺧﺒﺮ ﻣﺴﻠﻢ ( تحفة : ٢ / ٢٤٥ )
സ്വലാത്ത് കൊണ്ട് സജീവമാകൽ`
വെള്ളിയാഴ്ച രാത്രി സുന്നത്തു നിസ്കാരം കൊണ്ട് പ്രത്യേകമാകലാണ് കറാഹത്തുള്ളത് . മറ്റു പുണ്യകർമങ്ങൾ കൊണ്ട് പ്രത്യേകമാകൽ കറാഹത്തില്ല. മാത്രമല്ല, തിരുനബിﷺയുടെ മേൽ സ്വലാത്തും സലാമും കൊണ്ട് സജീവമാകൽ സുന്നത്താണ് ( നിഹായ : മുഗ്'നി, ശർവാനി: 2/ 246)
വെള്ളിയാഴ്ച രാവിൽ സൂറത്തുൽ കഹ്ഫ് പ്രത്യേകം സുന്നത്തുണ്ട് .
സുന്നത്തു നിസ്കാരം കറാഹത്താകാനുള്ള കാരണം
ശനിയാഴ്ച രാത്രി ജൂതരും ഞായറാഴ്ച രാത്രി ക്രിസ്ത്യാനികളും അവരുടെ കർമം കൊണ്ട് സജീവമാകുന്നുണ്ട്. അപ്പോൾ ഏറ്റവും പ്രധാന ഇബാദത്തായ നിസ്കാരം കൊണ്ട് വെള്ളിയാഴ്ച രാവിൽ പ്രത്യേകമാക്കുമ്പോൾ ജൂത- ക്രൈസ്തവരോട് തുല്യമാകലുണ്ട് ( ശർവാനി: 2/ 246)
വെള്ളിയാഴ്ച രാവ് പെരുന്നാൾ രാവായാൽ
പെരുന്നാൾ രാവ് സുന്നത്ത് നിസ്കാരം കൊണ്ട് സജീവമാക്കൽ സുന്നത്താണ്. ആ രാവ് വെളളിയാഴ്ച രാവായി ഒത്തു വന്നാലും ശരി.(നിഹായ : 2/397)
അപ്പോൾ പെരുന്നാൾ രാവ് എന്നതിനാണ് ഇവ്വിഷയത്തിൽ പരിഗണന.
ﻗﻮﻟﻪ: ﺃﻱ ﺻﻼﺓ) ﺃﻣﺎ ﺇﺣﻴﺎﺅﻫﺎ ﺑﻐﻴﺮ ﺻﻼﺓ ﻓﻐﻴﺮ ﻣﻜﺮﻭﻩ ﻛﻤﺎ ﺃﻓﺎﺩﻩ ﺷﻴﺨﻨﺎ اﻟﺸﻬﺎﺏ اﻟﺮﻣﻠﻲ ﻻ ﺳﻴﻤﺎ ﺑﺎﻟﺼﻼﺓ ﻭاﻟﺴﻼﻡ ﻋﻠﻴﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ -؛ ﻷﻥ ﺫﻟﻚ ﻣﻄﻠﻮﺏ ﻓﻴﻬﺎ ﻧﻬﺎﻳﺔ ﻭﻣﻐﻨﻲ ﺳﻢ ﻭﺷﻴﺨﻨﺎ ﻋﺒﺎﺭﺓ اﻟﻜﺮﺩﻱ ﻗﺎﻝ ﻓﻲ اﻹﻳﻌﺎﺏ ﺃﻣﺎ ﺇﺣﻴﺎﺅﻫﺎ ﺑﻐﻴﺮ ﺻﻼﺓ ﻓﻼ ﻳﻜﺮﻩ ﻛﻤﺎ ﺃﻓﻬﻤﻪ ﻛﻼﻡ اﻟﻤﺠﻤﻮﻉ ﻭﻏﻴﺮﻩ ﻭﻳﻮﺟﻪ ﺑﺄﻥ ﻓﻲ ﺗﺨﺼﻴﺼﻬﺎ ﺑﺎﻷﻓﻀﻞ ﻧﻮﻉ ﺗﺸﺒﻪ ﺑﺎﻟﻴﻬﻮﺩ، ﻭاﻟﻨﺼﺎﺭﻯ ﻓﻲ ﺇﺣﻴﺎء ﻟﻴﻠﺔ اﻟﺴﺒﺖ ﻭاﻷﺣﺪ. اﻩـ. ( شرواني ٢ / ٢٤٦ )
ﻭﻳﺴﺘﺤﺐ ﺇﺣﻴﺎء ﻟﻴﻠﺘﻲ اﻟﻌﻴﺪ ﺑﺎﻟﻌﺒﺎﺩﺓ ﻭﻟﻮ ﻛﺎﻧﺖ ﻟﻴﻠﺔ ﺟﻤﻌﺔ ﻣﻦ ﺻﻼﺓ ﻭﻏﻴﺮﻫﺎ ﻣﻦ اﻟﻌﺒﺎﺩاﺕ ﻟﺨﺒﺮ «ﻣﻦ ﺃﺣﻴﺎ ﻟﻴﻠﺔ اﻟﻌﻴﺪ ﻟﻢ ﻳﻤﺖ ﻗﻠﺒﻪ ﻳﻮﻡ ﺗﻤﻮﺕ اﻟﻘلوب ( نهاية : ٢ / ٣٩٧ )
ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര
No comments:
Post a Comment