Friday, 15 August 2025

തഹജ്ജുദ് നിസ്കാരം ഒരു പഠനം

 

ബുദ്ധിമുണ്ട് സഹിച്ച് ഉറക്കിനെ തട്ടിമാറ്റുക എന്നാണ് തഹജ്ജുദ് [ تهجد ] എന്ന പദത്തിൻ്റെ ഭാഷാർത്ഥം. എന്നാൽ ഇസ്'ലാമിക ശരീഅത്തിൽ തഹജ്ജുദ് നിസ്കാരം എന്നു പറയുന്നത് ഇശാ നിസ്കാരം നിർവ്വഹിച്ച് ഉറങ്ങുകയും പിന്നീട് ഉണർന്ന ശേഷം സുബ്ഹിൻ്റ സമയം പ്രവേശിക്കും മുമ്പ് നിർവ്വഹിക്കുകയും ചെയ്യുന്ന നിസ്കാരത്തിനാണ്

പ്രസ്തുത സമയത്ത് ഏതു നിസ്കാരം നിർവ്വഹിച്ചാലും അതിലൂടെ തഹജ്ജുദ് ലഭിക്കും. തഹജ്ജുദ് എന്ന സുന്നത്ത് പ്രത്യേകം നിസ്കരിക്കലാണ് ഏറ്റം പുണ്യം എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.തഹജ്ജുദ് നിസ്കാരം ചുരുങ്ങിയത് രണ്ടു റക്അത്താണ്. അധികരിച്ച എണ്ണത്തിന് പരിധിയില്ല, എത്ര റക്അത്തും നിസ്കരിക്കാം. ഒരു റക്അത്ത് നിസ്കരിച്ചാലും തഹജ്ജുദായി പരിഗണിക്കുമെന്ന് ചില ഗ്രന്ഥങ്ങളിലുണ്ട്.

ഈ നിസ്കാരം പതിവാക്കിയവർക്ക് അകാരണമായി അതു ഉപേക്ഷിക്കൽ കറാഹത്താണ്. മഗ്'രിബും ഇശാഉം മുന്തിച്ചു ജംആക്കുന്നവർക്ക് മഗ്'രിബിൻ്റെ സമയത്ത് ഇശാ നിസ്കരിച്ച് ഉറങ്ങി ഉണർന്നാൽ ഇശാഇൻ്റെ സമയം പ്രവേശിക്കും മുമ്പ് തന്നെ തഹജ്ജുദ് നിസ്കരിക്കാം. 

ഇശാഇൻ്റെ സമയം പ്രവേശിച്ച ശേഷം ഉറങ്ങി ഉണർന്ന ശേഷം രാത്രി ഏതു നിസ്കാരം നിർവ്വഹിച്ചലും ആ നിസ്കാരത്തിലൂടെ തഹജ്ജുദ് ലഭിക്കുമെന്ന് പറഞ്ഞല്ലോ. ആ വേളയിൽ തഹജ്ജുദിൻ്റെ നിയ്യത്ത് ഇല്ലെങ്കിലും അതിൻ്റെ പുണ്യം ലഭിക്കുമെന്നാണ് ഇമാം റംലി (റ) യുടെയും മറ്റും വീക്ഷണം. എന്നാൽ പ്രതിഫലം കിട്ടണമെങ്കിൽ തഹജ്ജുദിൻ്റെ നിയ്യത്തും കൂടി വേണമെന്നാണ് ഇമാം ഇബ്നു ഹജർ (റ) വിൻ്റെ വീക്ഷണം.

തഹജ്ജുദ് വിവരിക്കുന്നിടത്ത് ചില ഗ്രന്ഥങ്ങളിൽ സുന്നത്ത് നിസ്കരിക്കൽ എന്നു പറയുന്നത് സാധാരണ രീതി പരിഗണിച്ചു കൊണ്ടാണ്. അല്ലാതെ മറ്റു നിസ്കാരത്തിൻ്റെ കൂടെ ലഭിക്കില്ല എന്ന നിലയ്ക്കല്ല. 

ഇശാ നിസ്കരിച്ച് ഉറങ്ങി ഉണർന്നു ഏതെങ്കിലും നിസ്കാരം ഖളാ വീട്ടിയാലും അതിലൂടെ തഹജ്ജുദ് ലഭിക്കും ( ശർവാനി: 2/ 245)

ഇശാഇൻ്റെ സമയം പ്രവേശിച്ച ശേഷം ഉറങ്ങി ഉണർന്നു പിന്നെ ഇശാ നിസ്കരിച്ചാലും തഹജ്ജുദ് നിസ്കരിക്കാം .തഹജ്ജുദ് നിസ്കരിക്കുന്നവർക്ക് ളുഹ്ർ ബാങ്കിൻ്റെ മുമ്പ് അല്പ സമയം ഉറങ്ങൽ സുന്നത്താണ്. ''ഖയ്ലൂലത്ത് '' എന്നാണിതിന് പേര് ഈ ഉറക്കം നോമ്പുകാരൻ്റെ അത്താഴം പോലെയാണ് ( തുഹ്ഫ:245)

ഉറക്കം, മറവി എന്നീ കാരണം കൂടാതെ ഫർളു നിസ്കാരം ഖളാ ആക്കിയവർ അതു മുഴുവനും ഖളാ വീട്ടാതെ തഹജ്ജുദ് നിസ്കാരം അടക്കം എല്ലാ സുന്നത്തു നിസ്കാരങ്ങളും മയ്യിത്ത് നിസ്കാരവും നിർവ്വഹിക്കൽ കുറ്റകരമാണ്, ഹറാമാണ് ( ഫത്ഹുൽ മുഈൻ, തർശീഹ് ) 

اﻟﺘﻬﺠﺪ ﻟﻐﺔ ﺩﻓﻊ اﻟﻨﻮﻡ ﺑﺎﻟﺘﻜﻠﻒ، ﻭاﺻﻄﻼﺣﺎ ﺻﻼﺓ ﺑﻌﺪ ﻓﻌﻞ اﻟﻌﺸﺎء ﻭﻟﻮ ﻣﺠﻤﻮﻋﺔ ﻣﻊ اﻟﻤﻐﺮﺏ ﺟﻤﻊ ﺗﻘﺪﻳﻢ ﻭﺑﻌﺪ ﻧﻮﻡ ﻭﻟﻮ ﻛﺎﻥ اﻟﻨﻮﻡ ﻗﺒﻞ ﻭﻗﺖ اﻟﻌﺸﺎء ﺳﻮاء ﻛﺎﻧﺖ ﺗﻠﻚ اﻟﺼﻼﺓ ﻧﻔﻼ ﺭاﺗﺒﺎ ﺃﻭ ﻏﻴﺮﻩ ﻋﻠﻰ ﻣﺎ ﺫﻛﺮﻩ ﻏﻴﺮﻩ ﻭﻣﻨﻪ ﺳﻨﺔ اﻟﻌﺸﺎء، ﻭاﻟﻨﻔﻞ اﻟﻤﻄﻠﻖ، ﻭاﻟﻮﺗﺮ ﺃﻭ ﻓﺮﺿﺎ ﻗﻀﺎء ﺃﻭ ﻧﺬﺭا ﻓﺘﻘﻴﻴﺪﻩ ﺑﺎﻟﻨﻔﻞ ﺟﺮﻱ ﻋﻠﻰ اﻟﻐﺎﻟﺐ*.( شرواني 2 / 245)



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര



No comments:

Post a Comment